ചിത്രീകരണം : ദേവപ്രകാശ്

Al combate, corred, bayameses! Que la patria os contempla orgullosa; No temáis una muerte gloriosa, Que morir por la patria es vivir. En cadenas vivir es vivir En afrenta y oprobio sumidos. Del clarín escuchad el sonido: A las armas, valientes, corred!

ഖാവ് വീരക്കുട്ടിയുടെ ഉടൽ മുഴുവനും രക്തം ആവേശത്തിൽ തിളച്ചു പൊങ്ങി. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പത്തെ അതേ രക്തയോട്ടം. അയാൾ ഉറക്കെ വിളിച്ചു പറയുന്നു.

""ബയോമാ ജനങ്ങളേ! യുദ്ധത്തിലേക്കോടി വരുവിൻ... ബയോമാ ജനങ്ങളേ! യുദ്ധത്തിലേക്കോടി വരുവിൻ..!''
സഖാവ് വീരക്കുട്ടിക്ക് "ഹോലാ' എന്ന വാക്കല്ലാതെ സ്പാനിഷിൽ മറ്റൊന്നും തന്നെയറിയില്ല. എന്നാലും ആ താളലയം അയാൾക്ക് പരിചയമുള്ളതാണ്. ആദ്യമായി അയാളുടെ കാതുകളിൽ വീണ പാളയത്തിലെ പാട്ട്.

ബയോമോ നഗരമദ്ധ്യത്തിൽ ആളുകൾ കൂടുന്നയിടത്ത്, കുതിരപ്പുറത്തിരുന്നുകൊണ്ട്, സ്പാനിഷ് ഏകാധിപത്യ ഭരണത്തിനെതിരെ വിപ്ലവത്തിൽ പങ്കെടുക്കാനായി ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ഈ പാട്ടിനെയാണ് വിപ്ലവകവി പെരുച്ചോ ഫിഗ്വേരേഡോ ഉറക്കെ പാടിയത്.
ക്യൂബയുടെ തലസ്ഥാനമായ ഹവാനയ്ക്ക് തെക്കുള്ള മതാൻസാസ് എന്ന ചെറുപട്ടണത്തിന്റെ അതിർത്തിയോട് തൊട്ടുകിടക്കുന്ന കരിമ്പ് തോട്ടത്തിനുള്ളിൽ, മുപ്പത് വർഷം മുമ്പത്തെ ആവേശം വീണ്ടും പിടികൂടിയ അവസ്ഥയിൽ സഖാവ് വീരക്കുട്ടി തന്റെ നില മറന്ന് പാടുകയാണ്.

""തായ്‌നാട് ഉങ്കളൈ
പെരുമൈയുടൻ പാർക്കിറത്.
പെരുമൈമികു മരണത്തുക്കു അഞ്ചാതീർകൾ.''
(തായ്‌നാട് നിങ്ങളെ അഭിമാനത്തോടെ നോക്കുന്നു.
മഹത്തരമായ മരണത്തെ ഭയപ്പെടരുത്)
മതാൻസാസ് കരിമ്പിൻ പാടത്തിനുള്ളിൽ നിന്നുകൊണ്ട് കരിമ്പ് വെട്ടുന്ന കമ്യൂണിസ്റ്റ് സഖാക്കൾ തങ്ങളെ സന്തോഷിപ്പിക്കാൻ പാടിക്കൊണ്ടിരിക്കുന്ന സ്പാനിഷ് പാട്ടിന്റെ തമിഴ് രൂപത്തെയാണ് താൻ പാളയത്തിൽ പാടിയിരുന്നതെന്നതിനെ താളം പിടിച്ചുകൊണ്ടിരിക്കെ സഖാവ് വീരക്കുട്ടി ഓർത്തെടുത്തു.

സ്ഥിതിസമത്വവാദത്തോട് ആഭിമുഖ്യം പുലർത്തിയ ഈഴനിലത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് ക്യൂബയായിരുന്നു മാതൃകാരാഷ്ട്രം. കാസ്ട്രോയാണ് ആദർശവാനായ തലവൻ. ചെ ഗുവരെയാണ് വഴികാട്ടി. സഖാവ് വീരക്കുട്ടിക്കും അങ്ങനെത്തന്നെയാണ്. ക്യൂബ സന്ദർശിക്കണമെന്നത് നാൽപത് വർഷമായുള്ള അയാളുടെ സ്വപ്നമാണ്.
അയാൾക്ക് എന്തൊക്കെയോ തോന്നി. ആവേശം അയാളെ ഇളക്കിമറിച്ചു. കരിമ്പ് പാടത്തിനുള്ളിൽ ചാടിച്ചാടി അയാൾ നടന്നു. കരിമ്പ് വെട്ടുന്നവരിൽനിന്ന് കത്തി വാങ്ങി വളരെ വേഗത്തിൽ കരിമ്പിന്റെ അടിഭാഗത്തെ വെട്ടിവീഴ്ത്തുകയും തണ്ടിനെ വെട്ടിയെറിയുകയും ചെയ്തു. വെട്ടിക്കൊണ്ടേ പാടുകയും ചെയ്തു.
""തായ്‌നാടിനു വേണ്ടി മരിക്കുകയെന്നാൽ
സത്യത്തിൽ,
ജീവിക്കുകയെന്നർത്ഥം.
വിലങ്ങുകളാൽ ബന്ധിക്കപ്പെട്ട് ജീവിക്കുകയെന്നാൽ,
ലജ്ജയിലും അപമാനത്തിലും മുങ്ങിക്കിടക്കുകയെന്നും''

സ്വന്തത്തെ അയാൾ വിപ്ലവകവി പെരുച്ചോയായിത്തന്നെ സങ്കല്പിച്ചു. എഴുപതുകളുടെ അവസാന വർഷങ്ങളിൽ സഖാവ് വീരക്കുട്ടി തമിഴ് ഈഴ വിമോചന പോരാട്ടത്തിൽ ഏർപ്പെടുവാൻ സ്വയം തീരുമാനിച്ചതിന് ശേഷം, എല്ലാ ഇയക്കങ്ങളുടെയും രാഷ്ട്രീയ യോഗങ്ങളിലും പങ്കെടുക്കുമായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആഹാരം, എല്ലാവർക്കും വീട്, എല്ലാവർക്കും ചികിത്സ. നാട്ടിലെ എല്ലാ വിഭവങ്ങളും തുല്യമായ രീതിയിൽ എല്ലാ ജനങ്ങൾക്കും വീതിച്ചു നല്കും. ക്യൂബ പോലെത്തന്നെ പ്രശോഭിക്കുന്ന ഈഴത്തിൽ ഇതുതന്നെയാണ് നടപ്പിലാക്കുക. ഇതാണ് നമ്മുടെ നയമെന്ന് സഖാവ് പത്മാനാഭ കനത്ത ശബ്ദത്തിൽ പറഞ്ഞത് സഖാവ് വീരക്കുട്ടിക്ക് വിശ്വാസമായിരുന്നു. അതിനാലാണ് സഖാവ് പത്മനാഭ ആരംഭിച്ച ഇയക്കത്തിൽ തുടക്കകാല അംഗമായി ചേർന്നത്.

രാഷ്ട്രീയാഭ്യാസത്തിനായും ആയുധപരിശീലനത്തിനായും തമിഴ്‌നാട്ടിലേക്ക് പോകാൻ മന്നാറിലെ പള്ളിക്കുട സെന്റ് ആന്റണി ചർച്ച് കടൽതീരത്തുനിന്ന് അയാൾ നൗകയിൽ കയറി. രാമനാഥപുരം ഇരുമേനി മുനിയാണ്ടി കോവിലിന് പിറകിലുള്ള കടലോരത്ത് നൗക അയാളെ ഇറക്കിവിട്ടതും, ആ കടൽതീരത്തുള്ള പനങ്കാട്ടിലെ ഇരുട്ടിൽനിന്നും അയാളെ വരവേറ്റ വ്യക്തിയായിരുന്നു സഖാവ് ഡഗ്ലസ് ദേവാനന്ദ.

ഉച്ചിപ്പുള്ളി ടൗണിലേക്ക് ചെന്നാലാണ് രാമനാഥപുരത്തേക്ക് പോയി പിന്നീട് അവിടെനിന്ന് പുതുക്കോട്ടയിലേക്ക് പോകാൻ സാധിക്കുക.
എന്തോ താൻ പിറന്നു വളർന്ന നാട്ടിലെപ്പോലെ യാതൊരു തടസ്സവുമില്ലാതെ രാമനാഥപുരം ഉച്ചിപ്പുള്ളി പനങ്കാട്ടിനുള്ളിൽ സഖാവ് ഡഗ്ലസ് മുന്നിലൂടെ നടന്നുകൊണ്ടിരുന്നു. സഖാവ് വീരക്കുട്ടി അയാളെ അനുഗമിച്ചു നടന്നു. മുന്നിൽക്കൂടി ചെല്ലുന്ന സഖാവ് ഡഗ്ലസ് ദേവാനന്ദ പാടിക്കൊണ്ടാണ് നടന്നു നീങ്ങിയിരുന്നത്.
""ഈഴജനങ്ങളേ യുദ്ധത്തിലേക്ക് ഓടിവരുവീൻ...! ഈഴജനങ്ങളേ യുദ്ധത്തിലേക്ക് ഓടിവരുവീൻ...!''
"സഖാവേ, താങ്കളും ചേർന്ന് പാടിക്കോളൂ...'
""തായ്‌നാട് നിങ്ങളെ അഭിമാനത്തോടെ നോക്കുന്നു.
മഹത്തരമായ മരണത്തെ ഭയപ്പെടരുത്''

സഖാവ് വീരക്കുട്ടിയും കൂടെച്ചേർന്ന് പാടി. ക്യൂബയുടെ വിപ്ലവഗാനത്തെയാണ് സഖാവ് ഡഗ്ലസ് പാടുന്നതെന്നും ബയോമോ എന്നയിടത്ത് ഈഴത്തെ പൊരുത്തി പാടുന്നതെന്നും അപ്പോൾ അയാൾക്ക് അറിയില്ലായിരുന്നു.
അത് എന്തു ബന്ധമാണെന്നറിയില്ല. അന്ന് രാമനാഥപുരം ഉച്ചിപ്പുള്ളി പനങ്കാട്ടിൽ തുടങ്ങിയ സൗഹൃദം ഇന്ന് ക്യൂബ വരെ നീണ്ടുകൊണ്ടേയിരിക്കുന്നു. എൺപതുകളുടെ പകുതിയിൽ അനേകമാളുകൾ ഈഴപ്പോരാട്ടം പരാജയത്തെ ആശ്ലേഷിക്കാൻ പോകുകയാണെന്നതിനെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ ബോധ്യപ്പെട്ടവരിലൊരാൾ സഖാവ് വീരക്കുട്ടിയായിരുന്നു.
അതിനാലാണ് അയാൾ കാനഡയിൽ രാഷ്ട്രീയാഭയം തേടിയത്. ടൊറാന്റോവിൽനിന്ന് കേവലം രണ്ടര മണിക്കൂർ വിമാനയാത്ര ചെയ്യാവുന്ന ദൂരത്തിലുള്ള ക്യൂബയിലേക്ക് പോകണമെന്ന ആഗ്രഹം അയാളിൽ ഉദിച്ചുയരുമ്പോഴെല്ലാം, ദീർഘവീക്ഷണമുള്ളതായ രാഷ്ട്രീയ സിദ്ധാന്തമില്ലാത്ത വിമോചന പ്രസ്ഥാന നേതാക്കളാൽ തോറ്റുപോയ ഈഴമെന്ന സ്വപ്നം അയാളെ അലട്ടും.

സഖാവ് പത്മനാഭ ഇയക്കക്കൊടിയെ രൂപപ്പെടുത്തുമ്പോളാകട്ടെ, ഇയക്കത്തിൽനിന്ന് പിരിഞ്ഞു പോയി സഖാവ് ഡഗ്ലസ് സ്വന്തമായി പാർട്ടിയുണ്ടാക്കുകയും അതിനുവേണ്ടി കൊടി ഉണ്ടാക്കുമ്പോളുമാകട്ടെ, സഖാവ് വീരക്കുട്ടി കൂടെത്തന്നെയുണ്ടായിരുന്നു. നക്ഷത്രം മുദ്രണം ചെയ്ത രണ്ടു പതാകകളിലും ക്യൂബൻ രാഷ്ട്രപതാകയുടെ ഛായ ഇരിക്കുംവിധം രൂപപ്പെടുത്തുന്നയളവിൽ ക്യൂബയുടെ തീവ്ര വിശ്വാസികൾ. കൊടിയിൽ മാത്രം ക്യൂബയെ അനുകരിച്ച് എന്തു ഫലം? ബയോമോയിലെ ജനങ്ങൾക്ക് ഫിഡൽ കാസ്ട്രോ നേടിക്കൊടുത്ത സോഷ്യലിസ്റ്റ് വിമോചനത്തെ ഈഴത്തിലെ ജനങ്ങൾക്ക് കൊടുത്തില്ലല്ലോ എന്ന അലട്ടൽ അയാളെ പിന്തുടർന്നുകൊണ്ടേയിരുന്നു.

വെയിൽ മൂർദ്ധന്യത്തിലേക്ക് കേറിക്കൊണ്ടിരുന്നു. പനമരത്തിന്റെ കുറവ് മാത്രമാണുള്ളത്. അതൊഴിച്ചാൽ ജാഫ്‌നയെപ്പോലെയാണ് ക്യൂബയും. കുറച്ച് പനന്തൈകൾ നട്ടുപിടിപ്പിച്ചാൽ തനി ജാഫ്‌നയായി മാറുമെന്ന് അയാൾ കരുതി. കരിമ്പിൻ തണ്ടുകളുടെ തണൽ ഇപ്പോൾ അയാൾക്ക് ആവശ്യമായിരുന്നു. വരമ്പ് പോലെയുണ്ടായിരുന്ന പുൽമേടിൽ ഇരുന്ന്, താൻ താമസിക്കുന്ന സുഖവാസ കേന്ദ്രത്തിൽനിന്ന് വാങ്ങിക്കൊണ്ടു വന്ന ബിയർ ടിന്നുകളെ തുറന്ന് ഗളഗളയെന്ന് കുടിച്ചു. അതിനുപുറമേ കുറച്ച് ബിയർ ടിന്നുകളെ കരിമ്പ് വെട്ടുന്നവർക്കും നല്കി. പുകവലി ശീലമില്ലാത്ത വ്യക്തിയാണയാൾ. എന്നാലും ക്യൂബയുടെ വിപ്ലവടയാളമായി വാങ്ങിവെച്ചിരുന്ന ചുരുട്ടിന് തീ കൊളുത്തി ആഞ്ഞുവലിച്ച് ഊതി.

""യുദ്ധകാഹളം കേൾക്കുവീൻ,
ധീരൻമാരേ യുദ്ധത്തിലേക്ക് ഓടിവരുവീൻ''
കരിമ്പ് വെട്ടുന്നവർക്ക് സഖാവ് വീരക്കുട്ടിയുടെ പ്രവൃത്തി വിചിത്രമായി തോന്നി. തങ്ങൾക്കുളിൽ അവർ കുശുകുശുത്തു. അയാളുടെ ഭാവവും മൊഴിയുമെല്ലാം അവർക്ക് ആശ്ചര്യമായിരുന്നു. "ഫിഡൽ കാസ്ട്രോ വാഴ്ക, ക്യൂബ വാഴ്ക' എന്നു മുഷ്ടി ചുരുട്ടിയുയർത്തിക്കൊണ്ട് തന്റെ ആവേശത്തെ വെളിപ്പെടുത്തി.
നൂറ്റിപതിനാറ് രാജ്യങ്ങൾ പങ്കെടുക്കുന്ന പതിനാലാം ചേരിചേരാ രാഷ്ട്രങ്ങളുടെ ഉച്ചകോടി ഹവാനയിൽ നടക്കാൻ പോകുന്നു. അമ്പത്തിയഞ്ച് രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ പങ്കെടുക്കുണ്ട്. ആ നേതാക്കന്മാരിൽ ശ്രീലങ്കൻ പ്രസിഡണ്ട് മഹീന്ദ രാജപക്‌സെയുമുണ്ട്. രാജപക്‌സെയോടൊപ്പം സഖാവ് ഡഗ്ലസ് ദേവാനന്ദയും ക്യൂബയിലേക്ക് വരുന്നുണ്ടെന്ന വാർത്തയറിഞ്ഞ ദിവസം തൊട്ട് സഖാവ് വീരക്കുട്ടിയുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്.

അങ്ങനെയൊരു ഉറക്കമില്ലാത്ത നാളിലാണ് തനിക്കും ക്യൂബയിലേക്ക് പോകണമെന്ന തീരുമാനത്തിൽ സഖാവ് വീരക്കുട്ടിയെത്തിയത്. അതു മാത്രമല്ല, സഖാവ് ഡഗ്ലസ് ദേവാനന്ദയോടൊപ്പം മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത് ക്യൂബ മുഴുവനും ചുറ്റിക്കാണണം. ഹവാനയുടെ കിഴക്ക് മുതൽ പടിഞ്ഞാറൻ ഗ്വാണ്ടനാമോ വരെ. മാതാൻസാസ്, വരദേരോ, കമഗുയെ, ലാസ് തുനാസ്, ബയോമോ, സാൻടിയാഗോ എന്നിങ്ങനെ നഗരത്തിലേക്കും ഗ്രാമത്തിലേക്കും പോകണം. ക്യൂബൻ ജനതയുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതത്തെക്കുറിച്ച് ചെഗുവേരയെപ്പോലെ തനിക്കും മോട്ടോർസൈക്കിൾ ഡയറിയെഴുതണമെന്ന അഭിലാഷവും അയാളുടെ തലയിൽ വിരിയാൻ തുടങ്ങി.
സഖാവ് വീരക്കുട്ടി കാനഡയിലാണ് ജീവിക്കുന്നതെങ്കിലും "ഈഴം പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി'യുടെ രണ്ടാം നിര നേതാവാണെന്നത് രഹസ്യമല്ല. തവിട്ടുപച്ച ഉടുപ്പുകൾ അപ്രത്യക്ഷമാകുന്നത് വരെയും ബൂട്ടുകളുടെ കാൽനട ശബ്ദം ഇല്ലാതാകുന്നതു വരെയും ശ്രീലങ്കയിലേക്ക് പോകില്ലെന്ന് പറയുന്നവരും - തമിഴ് ഈഴം മാത്രമാണ് നാടെന്ന് കരുതുന്നവരും - ഒന്നുകിൽ ഈഴം അല്ലെങ്കിൽ വീരമരണം എന്ന് വെച്ചുപുലർത്തുന്നവരും - എനിക്ക് നാടു തന്നെയില്ലെന്ന് പറയുന്നവരും എതെങ്കിലുമൊരു പാശ്ചാത്യരാജ്യത്തെ പൗരത്വം സ്വീകരിച്ച് വെച്ചിരിക്കുന്നതു പോലെ, സഖാവ് വീരക്കുട്ടിയും ഇരട്ട 'പാസ്‌പോർട്ടു'കാരനാണ്. ഒരു കനേഡിയൻ പൗരൻ. എന്നാലും ശ്രീലങ്കൻ പൗരത്വവും അയാൾക്കുണ്ട്. വർഷത്തിൽ ആറു മാസം ശ്രീലങ്കയിൽ പാർട്ടി പ്രവർത്തനത്തിനായി അയാൾ ചെലവിടും.

"സഖാവേ, മോട്ടോർസൈക്കിളിൽ ക്യൂബ മുഴുവനും നമ്മൾക്ക് ചുറ്റിക്കറങ്ങണം. സമ്മേളനം കഴിയുന്നതും താങ്കൾ എന്നോടൊപ്പം ചേരുന്നു. ഞാൻ അങ്ങോട്ട് വരാം. താങ്കളുടെ ജോലി കഴിയുന്നതും രണ്ടു പേരും ഒരാഴ്ച ക്യൂബ മുഴുവനും കറങ്ങാം.' തന്റെ ആഗ്രഹത്തെ സഖാവ് ഡഗ്ലസിനോട് പറഞ്ഞപ്പോൾ അയാൾക്കും അതിഷ്ടപ്പെട്ടു.

പോരാട്ടം ആരംഭിച്ച കാലങ്ങളിൽ ഇങ്ങനെ അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. പിന്നീട് പുലികളുടെ വധഭീഷണിയിൽതന്നെ രാഷ്ട്രീയജീവിതം ഓടിക്കൊണ്ടിരിക്കുന്നു. ഉച്ചകോടി അവസാനിച്ച് രാജപക്‌സെ ശ്രീലങ്കയിലേക്ക് മടങ്ങിപ്പോയ ശേഷം ക്യൂബയിൽ ചുറ്റിക്കറങ്ങുന്നത് സാധ്യമാണെന്ന് തോന്നി.
സമ്മേളനം കഴിഞ്ഞ് ഔദ്യോഗികമായ കൂടിക്കാഴ്ചകളെല്ലാം പൂർത്തിയാക്കിയ ശേഷം രണ്ടു സഖാക്കളും കണ്ടുമുട്ടി, ആസൂത്രണം ചെയ്ത പ്രകാരം മോട്ടോർസൈക്കിളിൽ ക്യൂബയിൽ ചുറ്റിക്കറങ്ങുകയെന്നു തന്നെ തീരുമാനിച്ചു. ചേരിചേരാ സമ്മേളനം നടക്കുന്നതിന് മൂന്നു ദിവസം മുമ്പേ സഖാവ് വീരക്കുട്ടി ടൊറൊന്റോയിൽ നിന്ന് ക്യൂബയിലേക്ക് പുറപ്പെട്ടുകളഞ്ഞു.

ക്യൂബയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ വരദേരോയിലെ താൻ താമസിക്കുന്ന സുഖവാസസ്ഥലത്തും അതിനെ ചുറ്റിക്കിടക്കുന്ന കടലോരങ്ങളിലും രണ്ടു ദിവസം കറങ്ങി. മൂന്നാം ദിവസം ഇരിപ്പുറച്ചില്ല. കുറച്ചു ബിയർ ടിന്നുകൾ വാങ്ങി തോൾസഞ്ചിയിലിട്ടുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ടു. ഒരു ടൗൺ ബസ്സിൽ കയറി. അതെവിടെയാണ് അവസാനം ചെന്നു നിൽക്കുന്നത്, അവിടെയിറങ്ങാമെന്ന് നിശ്ചയിച്ചു. വിചാരിച്ചതുപോലെ തന്നെ കരിമ്പ് പാടത്തിന്റെ നടുവിൽ നില്ക്കുന്നു. കരിമ്പിൻ തോട്ടത്തിലെ അനുഭവത്തെ സമ്പാദിച്ചുകൊണ്ട്, റേഷൻ സാധനങ്ങൾ നൽകുന്ന ലിബ്രേറ്റ കടയിലേക്ക് പോയി. ഗ്രാമത്തിലെ ചരക്ക് വിനിമയ ചന്തയിലേക്ക് ചെന്ന് തന്റെ പക്കലുണ്ടായിരുന്ന ബിയർ ടിന്നുകൾ നല്കി ചുരുട്ട് വാങ്ങി. പല വർഷങ്ങളായി ഒരേ മാതിരിയുള്ള മുതലാളിത്ത കോർപ്പറേറ്റ് മത്സര ജീവിതാനുഭവവുമായി ജീവിച്ചുകൊണ്ടിരുന്നയാൾക്ക് കമ്യൂണിസ്റ്റ് ജീവിതാനുഭവം പരമാനന്ദമായി തോന്നി. "സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ഈഴം' വിടരാതെ പോയതാലോചിച്ച് അയാൾക്ക് മനോവിഷമമുണ്ടായി.

സഖാവ് വീരക്കുട്ടി തന്റെ താമസ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. രാത്രിസമയത്തെ ആഘോഷത്തിനായി സുഖവാസകേന്ദ്രം തയ്യാറായിക്കൊണ്ടിരുന്നു. അതിൽ ശ്രദ്ധചെലുത്താതെ ഇന്നത്തെ അനുഭവത്തെ എഴുത്തുരൂപത്തിലേക്ക് പകർത്തണം. അവരുടെ മോട്ടോർസൈക്കിൾ ഡയറിക്ക് ഇന്നത്തെ അനുഭവമായിരിക്കും ആമുഖമെന്ന് കരുതി സന്തോഷത്തോടെ കതക് തുറന്നതും അയാൾ ഞെട്ടിപ്പോയി.

അയാളുടെ മുറി താറുമാറായിക്കിടക്കുന്നു. പെട്ടി തുറക്കപ്പെട്ട് എല്ലാ വസ്ത്രങ്ങളും വസ്തുക്കളും ചിതറിക്കിടന്നിരുന്നു. ഡ്രോയറുകൾ തുറന്നുതന്നെ കിടന്നിരുന്നു. കിടക്കയും മറിഞ്ഞുകിടന്നിരുന്നു. ഇത്രയും കാലം ക്യൂബയോടുണ്ടായിരുന്ന ബഹുമാനം ചില നിമിഷങ്ങൾക്കുളിൽ തന്നെ ഉടഞ്ഞുപോയി. കുറ്റങ്ങളോ മോഷണങ്ങളോയില്ലായെന്ന് കേട്ടതെല്ലാം കളവോ? പരിഭ്രാന്തിയോടെ ഓടിച്ചെന്ന് ലോക്കറിനെ നോക്കി. അതിന്റെ ചെറിയ കതകും തുറന്നു തന്നെയാണ് കിടന്നത്. സീയൂസി പെസോയും ഡോളറുകളും അങ്ങനെത്തന്നെ കിടപ്പുണ്ടായിരുന്നു. എന്നാൽ അയാളുടെ പാസ്‌പ്പോർട്ട് അവിടെ കാണാനില്ല. തങ്ങളെപ്പോലെ നിയമവിരുദ്ധമായി നാടുവിട്ട് പുറത്തു പോകാനായി, കമ്യൂണിസ്റ്റ് ജീവിതത്തോടും കാസ്‌ട്രോയോടുമുള്ള വെറുപ്പിനാൽ ക്യൂബക്കാർ കള്ളപ്പാസ്‌പോർട്ടുമായി നാടുവിട്ട് ഓടിപ്പോകാറുണ്ടെന്ന് അയാൾ കേട്ടിട്ടുണ്ട്. ഉത്കണ്ഠയോ കോപമോയെന്ന് അനുമാനിക്കാൻ പറ്റാത്ത മനോനിലയിലായിരുന്നു അയാൾ.
വേഗത്തിൽ താഴെയിറങ്ങി അയാൾ സ്വീകരണഹാളിലേക്ക് ചെന്നു. റിസപ്ഷനിസ്റ്റായ യുവതിയോട് ദേഷ്യപ്പെട്ടു. "എത്തരത്തിലുള്ള ഹോട്ടലാണ് നിങ്ങൾ നടത്തുന്നത്. എന്റെ മുറി തുറന്ന് ആരോ പാസ്‌പോർട്ട് മോഷ്ടിച്ചിട്ടുണ്ട്. ഇതാണോ ക്യൂബ? ഇങ്ങനെയൊരു മോശാനുഭവം നേരിടാനാണോ ഞാൻ കാനഡയിൽനിന്ന് ഇങ്ങോട്ടു വന്നത്. ഇനി എങ്ങനെയാണ് ഞാനെന്റെ നാട്ടിലേക്ക് തിരിച്ച് മടങ്ങുക?' തന്റെ ജീവിതകാലത്ത് അയാൾ ഇങ്ങനെ രോഷാകുലനായിട്ടില്ല.
സഖാവ് വീരക്കുട്ടിയുടെ ദേഷ്യത്തെ അവൾ കൈകൊണ്ടതായി തോന്നുന്നില്ല. അവളുടെ നോട്ടം മറ്റൊരിടത്ത് നിലയുറപ്പിച്ചിരുന്നു. അവളുടെ നോട്ടം പതിഞ്ഞ സ്ഥലത്ത് നിന്നിരുന്ന ഇരുവർ, സഖാവ് വീരക്കുട്ടിയുടെ അടുത്തേക്ക് വന്ന് ഇടതു ഭാഗത്തും വലതു ഭാഗത്തുമായി ഞെരിഞ്ഞ് നിന്നു. അവരിലൊരാൾ വളരെ പതിഞ്ഞ സ്വരത്തിൽ "യാതൊരു വിധ വിപരീതബുദ്ധിയും കാട്ടരുത്. പുറത്തു കാണുന്ന കറുത്ത വാഹനത്തിലേക്ക് കയറുക' എന്ന് പറഞ്ഞു.

സഖാവ് വീരക്കുട്ടിക്ക് ചിന്താശേഷി മെല്ലെ കുറഞ്ഞുവരുന്നതായി ബോധ്യപ്പെട്ടു. റഷ്യൻ നിർമ്മിതമായ ആ ലഡാ വണ്ടിയിൽ അയാൾ കയറി. ജീപ്പോ വാനോ അല്ല കാറോ? യാതൊരു രൂപത്തിനും ചേർന്ന ഒന്നായിരുന്നില്ല അത്.
അകത്തേക്ക് കയറിയതും കൈകളെ പിറകിലേക്ക് വലിച്ച് വിലങ്ങണിയിച്ച് ഇരുത്തിയപ്പോൾ അയാൾക്ക് മറുത്തൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അയാൾ ഞരങ്ങി. വയസ്സ് അമ്പത്തിയാറായി. ശരീരം തളരാൻ തുടങ്ങുന്ന സമയം. വരണ്ട തൊണ്ടയെ ഉമിനീരിറക്കി നനക്കാൻ ശ്രമിച്ചു.
"നിങ്ങൾ ആരാണ്?'
വാഹനത്തിന്റെ ഇരമ്പുന്ന ശബ്ദം മാത്രമാണ് കേട്ടത്.
"എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?'
വെളിച്ചമില്ലാത്ത തെരുവ്.
"എന്നോട് പറയാമോ?'
കൂരിരുട്ട്. വെളിച്ചമില്ലാത്ത തെരുവിൽ റഷ്യൻ നിർമ്മിതമായ ആ ലഡാ വണ്ടി കുതിച്ചു പാഞ്ഞു. മരണഭയം അയാളെ ചൂഴ്ന്നു. അയാളെ സംബന്ധിച്ച് മരണഭയം പുത്തരിയല്ല. അതിനെ ക്യൂബയിൽ അനുഭവിക്കുന്നതാണ് കൊടുംവേദനയായി തോന്നിയത്. മുമ്പ് അനുഭവിച്ച മരണഭയത്തിന്റെ ഓർമനിഴൽ അയാളുടെ കണ്ണുകളിലേക്കിറങ്ങി.

ശ്രീലങ്കൻ അന്വേഷണോദ്യോഗസ്ഥന്മാരുടെ ജീപ്പ് ശാന്തമായ തെരുവിലൂടെ ദ്രുതഗതിയിൽ ഓടിക്കൊണ്ടിരുന്നു. കൈകൾ വിലങ്ങുകളാൽ ബന്ധിക്കപ്പെട്ട സഖാവ് വീരക്കുട്ടി മരണഭയം പിടികൂടി വിറച്ചുകൊണ്ട് ജീപ്പിന്റെ തകരത്തറയിൽ വീണുകിടന്നു. ബൂട്ട്‌സ് ധരിച്ച കാലുകൾ അയാളെ തൊഴിച്ചുകൊണ്ടിരുന്നു

സംഘർഷത്തിന്റെ ഉച്ചാവസ്ഥയിലായിരുന്നു ജാഫ്‌ന. പൊന്നാലൈ ശ്രീ വരദരാജ പെരുമാൾ കോവിലിന് മുമ്പിൽവെച്ച് ജാഫ്ന മേയർ ദുരൈയപ്പയെ പ്രഭാകരൻ വെടിവെച്ചു കൊന്നു എന്ന വാർത്ത കാട്ടുതീ പോലെ പ്രചരിച്ചുകൊണ്ടിരുന്നു. പൊടിയന്മാർ1 ഒളിവിൽ പോകാൻ തുടങ്ങി. ഈ സമയത്ത് യുവാക്കൾ പോലീസിന്റെ കൈയ്യിൽ പെട്ടാൽ പീഡനം ഉറപ്പ്, അത് കഴിഞ്ഞ് വെലിക്കടയിലേക്കായിരിക്കും. മരണവും സംഭവിച്ചേക്കാം.

ശ്രീലങ്കൻ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ ക്രമീകരണത്താൽ ജാഫ്‌നയിലെ പല വിദ്യാർത്ഥികൾക്കും സർവകലാശാലയിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥ സംജാതമായിരുന്നു. അങ്ങനെ നിഷേധിക്കപ്പെട്ടവരിൽ ഒരാൾ വീരക്കുട്ടിയായിരുന്നു. വിദ്യാർത്ഥികൾ വിപ്ലവത്തിനായി തയ്യാറായിനിന്നു.

വീരക്കുട്ടി ട്യൂഷൻ കൊടുത്തുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് പൊടുന്നനെ കയറിയ ശ്രീലങ്കൻ അന്വേഷണോദ്യോഗസ്ഥന്മാർ അയാളെ വിലങ്ങണിയിച്ച് ഇരുട്ടിൽ നില്പുണ്ടായിരുന്ന ആ വാഹനത്തിലേക്ക് കയറ്റിയതും, തെരുവുവിളക്കുകൾ അണയ്ക്കപ്പെട്ടിരുന്ന പാതയിലൂടെ ആ ജീപ്പ് കുതിച്ചു. രണ്ടു ദിവസം മുമ്പ് ഇതേപോലെ പിടിച്ച് കൊണ്ടുപോകപ്പെട്ട അയാളുടെ സുഹൃത്ത് പുനിതൻ എവിടെയാണെന്നറിയില്ല. തന്നെ ഇവർ കൊന്നുകളയുമോ? അതിരാവിലെ അരാലി കവലയിലോ അല്ലെങ്കിൽ അല്ലൈപ്പിട്ടി കവലയിലോ തന്റെ ശരീരം വീശിയെറിയപ്പെട്ട് കിടക്കുമോ? മരണഭയം പിടികൂടിയാൽ തൊണ്ടയാണ് ആദ്യം വരണ്ടുണങ്ങുക.

റഷ്യൻ നിർമ്മിതമായ ആ ലഡാ വണ്ടി തെരുവു വിളക്കുകളില്ലാത്ത പാതയിലൂടെ മിതമായ വേഗതയിൽ എങ്ങോട്ടോ പോയിക്കൊണ്ടിരുന്നു. പകൽസമയത്ത് ഉള്ളിൽ ആവേശത്തുടിപ്പുണ്ടാക്കിയ കരിമ്പ് പാടങ്ങൾ പ്രേതക്കാടായി ഇപ്പോൾ തോന്നി.

"എനിക്ക് ദാഹം തോന്നുന്നു. അൽപം വെള്ളം തരുമോ?'

ഇരുട്ടും കൊടുഞ്ചൂടും മരണഭയത്തെ പിന്നെയും അധികരിപ്പിച്ചു.

"നിങ്ങളാരാണ്. എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?'

വീരക്കുട്ടിയുടെ ആ ചോദ്യത്തിനും അവർക്ക് പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വിശ്വാസമർപ്പിച്ച രാജ്യത്ത് ആരുമറിയാതെ തന്റെ ജീവിതമൊടുങ്ങാൻ പോകുന്നുവെന്നതിനെ അയാളുടെ മനസ്സ് വിശ്വസിക്കാൻ തുടങ്ങി. കൂറും വിശ്വസ്ഥതയും കാട്ടേണ്ടവരാൽ ഭയപ്പെടേണ്ടി വരികയെന്നത് മനുഷ്യത്വത്തിന്റെ പരാജയം തന്നെയല്ലേ. മനുഷ്യത്വം തോറ്റ നാളുകൾ ഓർമയുടെ അതിർത്തിയായി വീണ്ടും വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു.

ചോഴൻ ഗതാഗത സംഘത്തിന്റെ ആ ബസ്സ് ജനബാഹുല്യമുള്ള തെരുവിൽ ഇഴഞ്ഞുനീങ്ങികൊണ്ടിരുന്നു. വണ്ടിയിൽ നിറയെ തിങ്ങിഞെരുങ്ങിയ മനുഷ്യക്കൂട്ടം. വിയർപ്പിൽ മുങ്ങിക്കുളിച്ച സഖാവ് വീരക്കുട്ടി മരണഭീതിയുമായി ഇനിയെന്തു ചെയ്യണമെന്നറിയാതെ ജനക്കൂട്ടത്തിനുള്ളിൽ മരവിച്ച മനസ്സുമായി നിന്നിരുന്നു. മഹാമഹം കോവിലിന്റെ ഗോപുരം ദൃശ്യമായി. ദൈവവിശ്വാസമില്ലാത്തയാൾ. കൈകൂപ്പണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പേ ഗോപുരം അപ്രത്യക്ഷമായി. ആ ബസ്സിനുള്ളിലെ ശബ്ദകോലാഹലങ്ങളെക്കാളും അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദമാണ് ഉച്ചത്തിൽ കേട്ടത്. ചോഴൻ ഗതാഗത സംഘത്തിന്റെ ആ ബസ്സ് എങ്ങോട്ടാണ് പോകുന്നതെന്നുമറിയില്ല.

ചൂളൈമേട് സക്കരിയ കോളനിയിലാണ് "ഈഴ മക്കൾ സെയ്തി തൊടർബു നിലൈയം' ഉണ്ടായിരുന്നത്. സഖാവ് വീരക്കുട്ടിയായിരുന്നു ഓഫീസിന്റെ ചുമതലക്കാരൻ. ശ്രീലങ്കൻ സൈന്യത്തിന്റെ നിഷ്ഠൂരതയെയും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെക്കുറിച്ചുമുള്ള വാർത്തകൾ അയാളാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് നൽകുന്നത്. കുംഭകോണത്തെ ഓഫീസിൽനിന്ന് സഖാവ് പത്മനാഭ അയാൾക്കയച്ച കത്ത് വായിച്ചപ്പോൾ നടുങ്ങി."എല്ലാ വസ്തുക്കളെയും കേതീസിനെയേല്പിച്ച് കുംഭകോണത്തേക്ക് തിരിക്കുക' എന്നായിരുന്നു അതിലുണ്ടായിരുന്നത്. എല്ലാ വസ്തുക്കളെയും സഖാവ് കേതീസിനെയേല്പിച്ച് കുംഭകോണത്ത് ചെന്നപ്പോൾ സഖാവ് നാഭ അവിടെയില്ലായിരുന്നു.

"ഈഴത്തേക്ക് പോയിരിക്കുകയാണ്. ജാഫ്‌നയിൽ ഔദ്യോഗിക ജോലി തീർത്ത് ഏഴെട്ട് ദിവസങ്ങൾക്കുള്ളിൽ മടങ്ങി വരും.' അവിടെയുള്ളവർ പറഞ്ഞു.

" സഖാവേ, ഇയക്കത്തിൽനിന്ന് സഖാവ് നാഭ താങ്കളെ പുറത്താക്കിയിരിക്കുന്നു. ഡേവിഡ്‌സണുമായും അർപുതനുമായും നിങ്ങൾ ബന്ധം വെച്ചുപുലർത്തുന്നുണ്ടെന്ന് സംശയിക്കുന്നു' കുംഭകോണത്തെ ഒരു കമ്യൂണിസ്റ്റ് സഖാവാണ് ഇക്കാര്യം വീരക്കുട്ടി സഖാവിന്റെ കാതിൽ മന്ത്രിച്ച് പറഞ്ഞ് പോയത്. ഡേവിഡ്‌സണും അർപുതനും ഇയക്കത്തെ വിമർശിക്കുകയാണെന്നും ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ലക്ഷ്യത്തിൽനിന്ന് വ്യതിചലിച്ച് ഇയക്കം മറ്റൊരു ദിശയിലേക്ക് പോകുന്നുണ്ടെന്നെല്ലാം ലഘുലേഖകളച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെന്നും പത്മനാഭയ്‌ക്കെതിരായി പ്രവർത്തിച്ച് ഇയക്കത്തെ പിളർത്താൻ ശ്രമിക്കുകയാണെന്നും പറയുന്നത് സഖാവ് വീരക്കുട്ടിയും കേട്ടിട്ടുണ്ട്.

എന്നാൽ അയാൾക്കും അവർക്കും തമ്മിൽ യാതൊരു ബന്ധമില്ലെന്നാണ് അയാളുടെ വാദം. ഡേവിഡ്‌സണും അർപുതനും ഇയക്കത്തിന്റെ ബുദ്ധിജീവി വിഭാഗത്തിൽ പ്രവർത്തിക്കുന്നവരാണ്. വളരെ ചെറുപ്രായത്തിൽ തന്നെ ഈഴത്തിന്റെ വിമോചനത്തിനുവേണ്ടി കർമ്മനിരതരായവർ. യാതൊരു തരത്തിലുള്ള വിശദീകരണമോ വിചാരണയോ കൂടിയാലോചനയോ ഇല്ലാതെ കുറ്റാരോപണങ്ങളുമായി സ്ഥാനത്തുനിന്ന് നീക്കുന്നതിലും വിശ്വാസവഞ്ചകനെന്നും പറഞ്ഞ് കൊല്ലുന്നതിലും തമ്മിൽ എന്തു വ്യത്യാസം? സഖാവ് വീരക്കുട്ടി കഠിനമായി വിഷമിച്ചു. തന്നോടൊന്നും ചോദിക്കാതെ ഇയക്കത്തിൽനിന്ന് പുറത്താക്കിയത് അരാജകത്വമാണ്. സഖാവ് പത്മനാഭയോടുള്ള മുഴുവൻ വിശ്വാസവും ഉടഞ്ഞുപോയി. നാടും കുടുംബവും വിദ്യാഭ്യാസവുമെന്ന് എല്ലാറ്റിനെയും ഉപേക്ഷിച്ച് ഈഴജനളുടെ വിമോചനം മാത്രമാണ് പ്രധാനമെന്ന് കരുതി ഇയക്കത്തിൽ ചേർന്നത് തെറ്റായിപ്പോയോ എന്ന ചിന്ത ആദ്യമായി അയാളിലുണ്ടായി.

സഖാവ് പത്മനാഭ ശ്രീലങ്കയിൽനിന്ന് മടങ്ങിയെത്തുന്നതു വരെ കാത്തിരിക്കാൻ അയാൾ ഭയപ്പെട്ടു. പ്ലോട്ട് (PLOTE) പ്രാസ്ഥാനത്തിനുള്ളിൽ നടക്കുന്ന നരഹത്യകൾ വ്യാപകമായി ചർച്ച ചെയ്തുകൊണ്ടിരുന്ന കാലം. ചോദ്യം ചോദിക്കുന്നരും വിമർശിക്കുന്നവരും എതിരഭിപ്രായം പറയുന്നവരും നേതൃത്വത്തിനാൽ കൊലചെയ്യപ്പെട്ടുകൊണ്ടിരുന്നു. കുംഭകോണത്തിൽനിന്ന് കേൾവിദൂരത്താണ് ഒരത്തനാട്. തന്റെ ഇയക്കത്തിനുള്ളിലും അത് സംഭവിച്ചേക്കും. ഓഫീസിന് താഴെയുള്ള കൃഷ്ണ ബേക്കറിയിൽനിന്ന് കേക്ക് വേവുന്ന മണം എപ്പോഴും സുഗന്ധമായി വീശും. ഇപ്പോൾ അത് മനുഷ്യമാംസം വെന്തു നാറുന്നതുപോലെ അനുഭവപ്പെട്ടു.

മരണഭയം ഏതുനിമിഷം എവിടെനിന്ന് വെളിപ്പെടുമെന്നറിയില്ല. നിമിഷനേരത്തിൽ ശരീരത്തിൽനിന്ന് അഡ്രിനിൽ കിനിഞ്ഞു. സഖാവ് നാഭ വരുന്നതു വരെ അവിടെ നിൽക്കുന്നത് ബുദ്ധിമോശമാണെന്ന് കരുതിയ അയാൾ, മരണഭയം പിടികൂടിയതിനാൽ എങ്ങോട്ടു പോകണമെന്നറിയാതെയിരിക്കവെ എതിരെനിന്ന് ചോഴൻ ബസ്സ് വന്നതും അതിൽ കയറി അപ്രത്യക്ഷമായി.

കൂറും വിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്, രാഷ്ട്രീയമെന്നാൽ ശാസ്ത്രം. അപഗ്രഥനവും ദീർഘവീക്ഷണവും മാത്രമാണ് രാഷ്ട്രീയത്തിൽ നിലനിൽക്കുക. ആദർശസങ്കൽപം രാഷ്ട്രീയത്തിനെതിരാണ്. സഖാവ് വീരക്കുട്ടിക്ക് അത് മനസിലായോ എന്നറിയില്ല. അയാളുടെ രാഷ്ട്രീയവിശ്വാസങ്ങൾ തകർന്നുകളഞ്ഞതായിത്തന്നെ അയാൾ കരുതുന്നു.

ആ റഷ്യൻ നിർമ്മിതമായ ലഡാ വാഹനം ഇരുണ്ടയൊരു കെട്ടിടത്തിന്റെ മുമ്പിൽ നിന്നു. ആ കെട്ടിടത്തിന്റെ ചുറ്റിലും നിൽക്കുന്നത് തെങ്ങുകളാണോ പനമരങ്ങളാണോ എന്ന് നിശ്ചയമില്ല. തല വിരിച്ച് ഉയർന്നുനിൽക്കുന്ന പ്രേതങ്ങളെപ്പോലെ അനക്കമില്ലാതെ അവ നിലനിന്നിരുന്നു. കാറ്റിന്റെ ചലനമില്ല. ദൂരെയായിരിക്കണം കടൽ. ഭയങ്കര ചൂട്. ആ കെട്ടിടത്തിന്റെ അകത്തേക്ക് സഖാവ് വീരക്കുട്ടിയെ കൊണ്ടുപോയി. താഴ്ന്ന ആ കെട്ടിടത്തിൽ അവിടെയുമിവിടെയുമായി മേശയും കസേരയുമിട്ട് കമ്പ്യൂട്ടറിന് മുന്നിലിരുന്നുകൊണ്ട് മങ്ങിയ വെളിച്ചത്തിൽ ചിലർ ജോലിചെയ്യുന്നുണ്ടായിരുന്നു. ആരും ആരോടും ഒന്നും സംസാരിക്കുന്നില്ല. രണ്ട് മേശയ്ക്കപ്പുറത്ത് മൂന്നാമത്തെ മേശയുടെ മുമ്പിലുള്ള ആളുടെയടുത്തേക്ക് സഖാവ് വീരക്കുട്ടിയെ അവർ കൊണ്ടുചെന്നു. ആ മേശയുടെ മുമ്പിലുള്ളയാൾ ഈ മൂവരെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടായിരിക്കണം. തല നിവർത്താതെ കണ്ണുകൾ മാത്രം നിവർത്തി യാതൊരു വികാരവുമില്ലാതെ അയാൾ സഖാവ് വീരക്കുട്ടിയെ നോക്കി. നോട്ടഭാവത്തിന്റെ അർത്ഥത്തെ മനസിലാക്കാൻ സാധിക്കാത്ത തരത്തിലുള്ളയാളായിരുന്നു ആ വ്യക്തി. ആ മനുഷ്യന്റെ കൈയ്യിൽ സഖാവ് വീരക്കുട്ടിയുടെ കാണാതെപോയ പാസ്‌പ്പോർട്ടുമുണ്ടായിരുന്നു.

ഹോട്ടലിൽ കാണാതായ തന്റെ പാസ്‌പ്പോർട്ടെങ്ങനെയാണ് ഇയാളുടെ കൈയ്യിലേക്കെത്തിയത്? ഇവരൊക്കെയാരാണ്? സഖാവ് വീരക്കുട്ടിയെ കൊണ്ടുചെന്നവരുടെ കൈയ്യിൽ പാസ്‌പ്പോർട്ടും ചില ലക്കോട്ടുകളും ആ വ്യക്തി ഏൽപ്പിച്ചു.

ആ റഷ്യൻ നിർമ്മിതമായ ലഡാ വാഹനത്തിൽ സഖാവ് വീരക്കുട്ടിയെ വീണ്ടും കയറ്റി. കൈമുട്ട് രണ്ടും വഴുതി വീഴുംവിധം വേദനിച്ചു. കൂരിരുട്ടിനുള്ളിൽ മിതമായ വേഗതയിൽ ആ വാഹനമോടി. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്തിനുവേണ്ടിയെന്നും എന്തിനെ ലക്ഷ്യമാക്കിയെന്നും ചിന്തിക്കാൻ ശേഷിയില്ലാത്ത നിലയിലേക്ക് സഖാവ് വീരക്കുട്ടി പരിവർത്തനപ്പെട്ടിരുന്നു.

മരണഭയം അവസാനിക്കുന്നതും തലച്ചോറ് സ്വമേധയാ ചില പഴയ ഓർമ്മകളെ വീണ്ടെടുത്ത് വർത്തമാനകാലവുമായി കെട്ടുപിണയ്ക്കാൻ തുടങ്ങും.

സഖാവ് വീരക്കുട്ടിയെയും സഖാവ് ഡഗ്ലസ് ദേവാനന്ദയെയും കയറ്റിക്കൊണ്ട് റോയൽ കനേഡിയൻ പോലീസിന്റെ (RCMP) വാഹനം കുതിച്ചുകൊണ്ടിരുന്നു. എന്തിനാണതെന്ന് അപ്പോൾ അവർക്കറിയില്ലായിരുന്നു.

ചൂളൈമേടിലെ വെടിവെപ്പ് സംഭവത്തോടെ ഇയക്കത്തിൽനിന്ന് അകന്ന സഖാവ് ഡഗ്ലസ് ദേവാനന്ദ, ശ്രീലങ്കയിലേക്ക് ചെന്ന് പാർട്ടിയാരംഭിക്കുകയും മന്ത്രിയാവുകയും ചെയ്തിരുന്നു.

ഇയക്കത്താൽ അകറ്റപ്പെട്ടും നിഷേധിക്കപ്പെട്ടും പോരാട്ടത്താൽ മനംമടുത്ത് ഒതുങ്ങിക്കൊണ്ടും കാനഡയിലേക്ക് കുടിയേറിപ്പാർത്ത സഖാക്കളെ വീണ്ടും ഒന്നിച്ചുചേർക്കാനും തന്റെ പാർട്ടിയിൽ ചേർത്ത് വീണ്ടും പ്രവർത്തിക്കാനുമുള്ള ലക്ഷ്യവുമായി പഴയ സഖാക്കളെ അന്വേഷിച്ച് കാനഡയിലേക്ക് വന്ന സഖാവ് ഡഗ്ലസ് ദേവാനന്ദ, സഖാവ് വീരക്കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്.

കൂരിരുട്ട് ചൂഴുന്ന നവംബർ മാസം. കുളിരു കോരുന്നുണ്ടായിരുന്നു. സഖാക്കളെല്ലാം ചുറ്റിലുമിരിക്കെ, വീണ്ടും ഒന്നിച്ചുചേരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ പഴയ വീറ് ഒട്ടും കുറയാതെ സഖാവ് ഡഗ്ലസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ, വാതിലിൽ പടപടായെന്ന് ഇടിക്കുന്ന ശബ്ദം നടുക്കമുണ്ടാക്കി. കതക് തുറന്ന സഖാവ് വീരക്കുട്ടിക്ക് അതിലേറെ ഞെട്ടലുണ്ടായി. വീടിനെ വലയം ചെയ്ത് പോലീസുകാർ നില്പുണ്ടായിരുന്നു. തെരുവിൽ എല്ലായിടത്തും ചുവപ്പിലും നീലനിറത്തിലുമുള്ള ബീക്കൺ പ്രകാശിപ്പിച്ച് കറുത്ത പോലീസ് വാഹനങ്ങൾ നിറഞ്ഞുനിന്നിരുന്നു.

"ഇവിടെയാരാണ് വീരക്കുട്ടി?'പോലീസുദ്യോഗസ്ഥൻ ചോദിച്ചതും എന്തുകാര്യമെന്ന ഭാവത്തോടെ താൻ തന്നെയെന്നു പറഞ്ഞു.
"ശ്രീലങ്കയിലെ മന്ത്രി മിസ്റ്റർ ഡഗ്ലസ് ദേവാനന്ദ?'
"അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു. രണ്ടു പേരും ഞങ്ങളുടെയൊപ്പം വരിക'

പോലീസുദ്യോഗസ്ഥൻ ക്ഷണിച്ചതും മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. കറുത്ത നിറത്തിലുള്ള വാഹനത്തിൽ അവർ രണ്ടു പേരും കയറി. ടൊറൊന്റോയിലെ ഓരോ തെരുവുകളും സഖാവ് വീരക്കുട്ടിക്ക് മനഃപ്പാഠമാണ്. തങ്ങളെയും വഹിച്ചു കൊണ്ടുപോകുന്ന വാഹനം ഏതു ദിശയിലൂടെയും ഏതു തെരുവിലൂടെയുമാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നതിനെ നിരീക്ഷിക്കാൻ സാധിച്ചു. ഭയമില്ല, എന്നാലും എന്തിനാണ് തങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതെന്നുള്ള ഉത്കണ്ഠ ഉണ്ടാവുകതന്നെ ചെയ്തു. ടൊറാന്റോ വിമാനത്താവളത്തിനടുത്ത് അഡ്വെൽ റോഡിലുള്ള റോയൽ കനേഡിയൻ പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയ ഇരുവരെയും മേലുദ്യോഗസ്ഥന്റെ മുന്നിലിരുത്തി.

താനാണ് ടൊറാന്റോ പ്രദേശത്തിന്റെ ഉത്തരവാദിത്തമുള്ള അധികാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ സഖാവ് ഡഗ്ലസ് ദേവാനന്ദയെ നോക്കി സംസാരിക്കാനാരംഭിച്ചു.

"ശുക്ലാ എന്നു പേരുള്ള തമിഴ് പുലിയിലെ ഒരംഗം യൂറോപ്പിൽനിന്ന് കാനഡയിലേക്ക് നുഴഞ്ഞുകയറിയതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. കാനഡയിലുള്ള അവരുടെ എതിർചേരിയിലുള്ളവർ യൂറോപ്പിലെപ്പോലെത്തന്നെ കൊല്ലപ്പെട്ടേക്കാം. അതിനെ പ്രതിരോധിക്കാനായി ഞങ്ങൾ ജാഗ്രതയോടെയാണുള്ളത്. താങ്കൾ വിദേശരാജ്യത്തെ ഒരു മന്ത്രിയാണ്. താങ്കൾക്ക് സുരക്ഷ നൽകണമെന്ന് മുകളിൽനിന്നുള്ള ഉത്തരവുണ്ട്.'

"വധശ്രമത്തിൽനിന്ന് കൂടുതൽ തവണ രക്ഷപ്പെട്ടവർക്ക് ഒളിമ്പിക്ക് മത്സരത്തിൽ മെഡലുണ്ടെങ്കിൽ എനിക്കായിരിക്കും സ്വർണമെഡൽ ലഭിക്കുകയെന്ന് തമാശയായി ഫിഡൽ കാസ്ട്രോ പറയുമായിരുന്നു' എന്നു പറഞ്ഞ സഖാവ് ഡഗ്ലസ് "കാസ്‌ട്രോയ്ക്ക് സ്വർണമെഡലെങ്കിൽ എനിക്ക് വെള്ളിമെഡൽ' എന്ന് പരിഹാസ രൂപേണ പറഞ്ഞു. എന്നാൽ സഖാവ് വീരക്കുട്ടി അതിനെ രസിക്കുന്ന മാനസികാവസ്ഥയിലായിരുന്നില്ല.

ലോകത്തിന്റെ എതു മൂലയിലേക്ക് പോയതിനുശേഷവും പിന്തുടരുന്ന മരണഭയത്തെ വിട്ടൊഴിയാൻ സാധിച്ചില്ല. കാലം മുഴുവനും മരണഭയത്തെയും വഹിച്ച് അലയുന്ന ശപിക്കപ്പെട്ട തലമുറയായി പോയല്ലോയെന്ന കുറ്റബോധം സഖാവ് വീരക്കുട്ടിയ്ക്ക് മനോവിഷമമുണ്ടാക്കി.

ആ റഷ്യൻ നിർമിതമായ ലഡാ വണ്ടി ചലനം നിർത്തിയിരുന്നു. ചില നിമിഷനേരത്തേക്ക് ആരുംതന്നെ സംസാരിച്ചില്ല. സഖാവ് വീരക്കുട്ടിയുടെ ഹൃദയമിടിപ്പിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

അൽപസമയം കഴിഞ്ഞ് വാഹനത്തിന്റെ കതകു തുറന്ന് സഖാവ് വീരക്കുട്ടിയെ താഴെയിറക്കി. ഭീമമായ തുറസ്സ്. ചൂടുകാറ്റിനോടൊപ്പം പെട്രോൾ മണവും വീശി. ദൂരെ വരിവരിയായി നീലനിറത്തിൽ വെളിച്ചം പ്രകാശിച്ചു. അതേപോലെ മറുദിശയിൽ ചുവപ്പുനിറത്തിലും ജ്വലിച്ചു.

വിമാനത്തിന്റെ റൺവേ?അമ്പരപ്പോടെ തിരിഞ്ഞുനോക്കി. ഭീമാകാരനായ ഒരു വിമാനത്തിനടുത്താണ് താൻ ഇറങ്ങി നിൽക്കുന്നുവെന്നതിനെ അല്പനേരത്തിന് ശേഷമാണ് അയാൾ ബോധ്യപ്പെട്ടത്. അതും എയർ കാനഡയാണെന്ന കാര്യം അയാൾക്ക് മനസിലായതേയില്ല.

നേരത്തെതന്നെ അവരുടെ വരവും പ്രതീക്ഷിച്ചുകൊണ്ട് വൈമാനികനും മറ്റു ചിലരും വിമാനപ്പടിയരികിൽ നിൽക്കുന്നതിനെ സഖാവ് വീരക്കുട്ടി ശ്രദ്ധിച്ചിരുന്നുവോ എന്നറിയില്ല. സംഭവിക്കുന്നതെല്ലാം ഇനിയും അയാൾക്ക് വ്യക്തമല്ലായിരുന്നു.

വാഹനത്തിൽനിന്ന് ഇറക്കിയ അയാളെ നേരെ വിമാനത്തിനകത്തേക് കയറ്റി അയാളുടെ ഇരിപ്പിടത്തിലേക്ക് കൊണ്ടുചെന്നു. യാത്രക്കാരൊന്നുമില്ലാതെ വിമാനം കാലിയായി കിടന്നിരുന്നു. കൈവിലങ്ങഴിച്ച് സഖാവ് വീരക്കുട്ടിയുടെ പാസ്‌പ്പോർട്ടും മൂന്നു ലക്കോട്ടുകളും വൈമാനികനെ ഏൽപിച്ച അവർ ആ റഷ്യൻ നിർമ്മിതമായ ലഡാ വണ്ടിയിൽ കയറിപ്പോയി.

കനേഡിയൻ എമിഗ്രേഷൻ, എയർ കാനഡ, എയർ കാനഡ പൈലറ്റ് എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായി കൊടുത്ത ആ ലക്കോട്ടുകളിൽ തനിക്കുള്ളതിനെ തുറന്ന് വൈമാനികൻ വായിച്ചു. ആ എഴുത്തിലെ പ്രധാന ഭാഗം ഇങ്ങനെയായിരുന്നു:
"കനേഡിയൻ പൗരനായ ആന്റൺ മരിയാംപിള്ളൈ എന്ന ഈ വ്യക്തിയെ മൂന്നു ദിവസമായി തുടരെ നിരീക്ഷിച്ചതിൽനിന്ന് ഇയാളുടെ പെരുമാറ്റം മറ്റു വിനോദസഞ്ചാരികളിൽനിന്നൊക്കെ വ്യത്യസ്ഥമായിരുന്നു. ഇയാളൊരു അമേരിക്കൻ ചാരനാണെന്ന് ഞങ്ങൾ സംശയിക്കുന്നു. അമേരിക്കൻ ചാര ഏജൻസിയായ സി.ഐ.എ.യുടെ ""ഓപറേഷൻ മംഗൂസ്'' നടപടിയാണിത്. ഹിസ് എക്‌സലൻസി ഫിഡൽ കാസ്‌ട്രോയ്ക്ക് നേരെയുള്ള അറുനൂറ്റിമുപ്പത്തിയഞ്ചാം
വധശ്രമത്തിനുള്ള മുന്നൊരുക്കത്തെ പരാജയപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഈ വ്യക്തിയെ ക്യൂബയിൽനിന്ന് നാടുകടത്തുകയാണ്'

തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിനെ ഇനിയും ബോധ്യപ്പെടാത്തതും വിവരിക്കാൻ സാധിക്കാത്തതുമായ മാനസികാവസ്ഥയിൽ ""ക്യൂബ വീഴുകയാണെങ്കിൽ നമ്മളെല്ലാവരും വീഴും'' എന്ന പാബ്ലോ നെരൂദയുടെ കവിതാശകലത്തെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു സഖാവ് വീരക്കുട്ടി.

(ഇതോടെ ഈ കഥ ഇവിടെയവസാനിച്ചുവെന്ന് കരുതിയേക്കാം. ഞാനും അങ്ങനെത്തന്നെ അവസാനിപ്പിക്കാമെന്നാണ് വിചാരിച്ചത്)

എന്നാൽ...
che guevara está fumando un puro
എന്ന ഉപതലക്കെട്ട് നല്കി ഈ കഥ തുടരാൻ കാരണം ഇതുവരെ ഞാൻ നിങ്ങളോട് പറഞ്ഞ കഥയെ ഇനിയാണ് സഖാവ് വീരക്കുട്ടിയിൽനിന്ന് ഞാൻ കേൾക്കാൻ പോകുന്നത്. അതേ. അയാളെയും കൊണ്ട് ടൊറാന്റോയിലേക്ക് പറക്കാൻ പോകുന്ന AC2375 എന്ന വിമാനത്തിലാണ് ഞാനും ക്യൂബയിൽനിന്ന് കാനഡയിലേക്ക് പോകുന്നത്. ഇതാ, ഇനിയുള്ള ഒരു മണിക്കൂറിനുള്ളിൽ സഖാവ് വീരക്കുട്ടിയുടെ ഇരിപ്പിടത്തിന് തൊട്ടടുത്ത ഇരിപ്പിടത്തിലിരുന്നാണ് അയാൾ പറയുന്ന കഥയെ ഞാൻ കേൾക്കാൻ പോകുന്നത്.
ഹവാന അന്താരാഷ്ട്രവിമാനത്താവളം
ഒരാഴ്ചത്തെ അവധിയവസാനിപ്പിച്ച് ടൊറാന്റോയിലേക്ക് മടങ്ങാൻവേണ്ടി വിമാനത്തിനായി കാത്തുനിൽക്കുകയാണ്. ചുറുചുറുക്കോടെ തലങ്ങും വിലങ്ങും ഓടിക്കളിച്ചുകൊണ്ടിരുന്ന ഏകദേശം അഞ്ചുവയസ്സ് പ്രായമുള്ള സ്പാനിഷുകാരനായ ഒരു പയ്യൻ എന്റെ ശ്രദ്ധയെ തെറ്റിച്ചുകൊണ്ടിരുന്നു. ക്യൂബക്കാരനായ ആ പയ്യന്റെ കഴുത്തിലെ "ഓം'പതക്കമുള്ള സ്വർണമാല വളരെയേറെ ആശ്ചര്യമുണ്ടാക്കി.
ബോർഡിങ് വകുപ്പിന്റെ സന്ദർശക ഗാലറിയിൽ മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകൊച്ച് പിരിഞ്ഞുപോകുന്നതിന്റെ സങ്കടത്തിൽ സ്വയം പരിത്യാഗം ചെയ്തുകൊണ്ടിരുന്നു. അതിസുന്ദരിയെന്ന് പറയാൻ കഴിയില്ലെങ്കിലും സുന്ദരിയായിരുന്നു അവൾ. സിരിമാവോ കാലത്തെ സീത്തൈ2 എന്നു പറയുന്നുണ്ടല്ലോ, അത്തരമൊരു നീല തുണിയിൽ ഷെഡ്ഡിയോ ട്രൗസറോ എന്നു വേർതിരിച്ചറിയാൻ സാധിക്കാത്തതിനെ ഇടുപ്പിൽ ബന്ധിച്ചിരുന്നു. മാറിൽ മഞ്ഞനിറത്തിലുള്ള ബ്രായും ധരിച്ചിരുന്നു. ആ മഞ്ഞ ബ്രായിലെ പുഷ്പിച്ച ചെമ്പരത്തിപ്പൂക്കൾ കൂടുതൽ ഭംഗി നല്കി. അവളൊരു കലാഭിരുചിയുള്ളവളായിരിക്കണം. വാൽ വളച്ച് വായ തുറന്ന് തീ തുപ്പുന്ന ചീന വ്യാളിയെ മാറിൽ പച്ചകുത്തിയിരുന്നു. ഇണയുമായുള്ള വേഴ്ചയ്ക്ക് അത്യന്തം സഹായകരമാകും ആ വ്യാളി.

അവളും എന്റെ ശ്രദ്ധയെ തെറ്റിച്ചും ആകർഷിച്ചും കൊണ്ടിരുന്നു. പിന്നെയും കൂടുതൽ ആശ്ചര്യത്തെ അവൾ എന്റെയുള്ളിൽ തിരികൊളുത്തി. ക്യൂബാക്കാരിയായ ഒരു സ്പാനിഷ് യുവതിയുടെ കഴുത്തിൽ മുപ്പതു പവന്റെ താലിമാല തൂങ്ങിക്കിടക്കുന്നത് കണ്ടാൽ ആരാണ് അത്ഭുതത്തിന്റെ പരകോടിയിൽ ചെന്നുപെടാതിരിക്കുക? "ഓം' പതക്കം ധരിച്ച ആ പയ്യന്റെ അമ്മയായിരിക്കണമവൾ.
ഞാനവിടെയൊരു അബദ്ധക്കാഴ്ച കണ്ടുകൊണ്ടിരുന്നു.
പിരിഞ്ഞുപോകുന്നയാൾ സമാശ്വസിപ്പിക്കേ, അവൾ ഏങ്ങിയേങ്ങി കരഞ്ഞു. ഞാൻ കൂടെ വന്ന സുഹൃത്തുക്കളെ തേടി. വിനോദയാത്രയുടെ പരിസമാപ്തിയെന്ന നിലക്ക്, മറ്റു യാതൊരു ശ്രദ്ധയുമില്ലാതെ രമേശും കരുണയും വീണ്ടും മദ്യപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇനിയവർക്ക് മദ്യം നല്കരുതെന്ന് റെസ്റ്റോറന്റുകാരന് രാധിക നിർദ്ദേശം നൽകുന്നത് ദൂരക്കണ്ണാൽ ഞാൻ കണ്ടു.
അവർക്കൊരു രസകരമായ കാഴ്ച കാണിച്ചുകൊടുക്കാമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. വിമാനത്തിലേക്ക് കയറുന്നതിന് അരമണിക്കൂർ മുമ്പ് ഡ്യൂട്ടി ഫ്രീ കടയിൽ ചെന്ന് "ഹവാന ക്ലബ് റം'വാങ്ങുന്നതിനായി കറങ്ങിക്കൊണ്ടിരിക്കുമ്പോൾ പുറകിൽനിന്ന് "വണക്കം അണ്ണാ' എന്നൊരു തമിഴ് ശബ്ദം കേട്ടു. തിരിഞ്ഞുനോക്കി.
"അണ്ണനും ടൊറാന്റോവിലാണോ?'അയാൾ ചോദിച്ചു. ഞാൻ അതേയെന്നു പറയുന്നതിനു മുമ്പേ, "അവൻ എന്റെ മകനാണ്' എന്നു പറഞ്ഞു അയാൾ. ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നതിനെ അയാൾ ശ്രദ്ധിച്ചിട്ടുണ്ട്.
"താങ്കൾക്കും ഇവിടെ ക്യൂബയിൽ കുടുംബമുണ്ടോ?'
"ഛേ... ഛേ... കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം വിനോദയാത്രയ്ക്ക് വന്നതാണ്'
"നിങ്ങളെയെങ്ങനെയാണ് ഇവിടെ... ക്യൂബയിൽ കല്യാണം...?' ഞാൻ ചോദിച്ചു.
"അവധിക്ക് ഇടയ്ക്കിടെ ഇവിടേക്ക് വരും. അപ്പോൾ മുതലുള്ള പരിചയം. കനേഡിയൻ പൗരത്വം കിട്ടിയതിന് ശേഷം ഇവിടെ വന്ന് ഇവളെ കെട്ടി. പരിചയപ്പെട്ട് കെട്ടി വഞ്ചിച്ചുപോയി ശ്രീലങ്കക്കാരൻ. എല്ലാരും ഇങ്ങനെത്തന്നെയാണ് എന്ന് പറഞ്ഞാൽ നാടിനാണല്ലോ ദുഷ്പപേര്'എന്നു പറഞ്ഞ അയാളുടെ നല്ല മനസ്സ് എനിക്കേറെ ഇഷ്ടപ്പെട്ടു. അയാൾക്കെന്തായാലും പ്രായം നാൽപ്പത്തഞ്ച് കഴിഞ്ഞിട്ടുണ്ടാവും. കഷണ്ടിയും കുടവയറും അയാൾക്ക് വ്യത്യസ്ഥമായ ഒരഴകിനെ പ്രദാനം ചെയ്തിരുന്നു.
"ക്യൂബൻ പെൺകുട്ടിയെ കല്യാണം കഴിക്കാനായി വീട്ടുകാരുമായി താങ്കൾ ശണ്ഠ കൂടിയിട്ടുണ്ടാകുമല്ലേ?'
"ഛേ ഛേ.. അവർക്കാർക്കും ഇക്കാര്യമറിയില്ല. ഇത് എന്റെ സ്വന്തം താൽപര്യം. നാട്ടിൽ സ്‌കൂളിലേക്ക് പോകുമ്പോൾ കണ്ട സ്വന്തം ജാതിയിലുള്ള പെൺകുട്ടിയെ കാനഡയിലേക്ക് കൊണ്ടുവന്ന് വിവാഹം ചെയ്തു. കോളേജിലേക്ക് പോകുന്ന മകളെല്ലാം ടൊറാന്റോയിലുണ്ട്.' അയാളെന്തോ എളിമയോടെയാണ് അത് പറഞ്ഞത്. ഞാൻ ആശ്ചര്യപ്പെട്ടതിന് അയാളെന്തു ചെയ്യാനാണ്?
"ഹവാന ക്ലബ് റം' കുപ്പികളെ കൈരണ്ടിലും പിടിച്ചുകൊണ്ട് അയാളെനിക്ക് മുതുക് കാട്ടി ടൊറാന്റോയിലേക്ക് പോകാനിരിക്കുന്ന AC2375 വിമാനത്തെ ലക്ഷ്യമാക്കി നടന്നുനീങ്ങി.
അയാൾ ധരിച്ചിരുന്ന ചുകപ്പ് നിറത്തിലുള ഷർട്ടിന്റെ പിറകുവശത്ത്, ക്യൂബൻ വിപ്ലവം ജയിച്ച ആഹ്ലാദത്തിൽ -
"ചുരുട്ട് പുകച്ചുകൊണ്ടിരുന്നു സഖാവ് ചെ ഗുവേര'. ▮

പൊടിയന്മാർ - പൊതുവേ ഈഴപ്പോരാളികൾ അറിയപ്പെട്ടിരുന്നത് സീത്തൈ - പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ഭണ്ഡാരനായകെയുടെ കാലത്ത് പ്രാദേശികമായി ഉണ്ടാക്കിയിരുന്ന തുണിവസ്തുക്കൾ.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചക്രവർത്തി

കിഴക്കൻ ശ്രീലങ്കയിൽ ബട്ടിക്കളോവയിലെ തേത്താദ്വീപിൽ ജനനം. പതിനാറാം വയസ്സിൽ തമിഴ് ഈഴ വിമോചന പോരാട്ടത്തിൽ ചേർന്നു. പിന്നീട്​ പോരാട്ടത്തിൽ നിന്ന് പിന്മാറി കാനഡയിൽ രാഷ്ട്രീയാഭയം തേടി. പതിനഞ്ചുവർഷമായി എഴുത്തിൽ നിന്ന്​ വിട്ടുനിൽക്കുകയായിരുന്നു. "യുദ്ധത്തിൻ ഇരണ്ടാം ഭാഗം' എന്ന കഥാസമാഹാരവും "യുദ്ധസന്യാസം' എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കഥാസമാഹാരം ‘ചുരുട്ടു പുകൈത്തു കൊണ്ടിരുന്താർ തോഴർ ചെഗുവേര' ഉടൻ പ്രസിദ്ധീകരിക്കും.

Comments