ചിത്രീകരണം: ദേവപ്രകാശ്

ആഴമുള്ള ആഭ്യന്തരവിചാരണ

ഞങ്ങളുടെ മുന്നിൽ കൃത്യവും വിശാലവുമായ ശവക്കുഴി തയ്യാറാക്കപ്പെട്ടിരുന്നു. പട്ടാളക്കാർ ഞങ്ങൾ എൺപത്താറു പേരെയും എഴുന്നേൽപ്പിച്ച് വരിയായി നിർത്തി. ആ വരിയെ നടന്നുചെന്ന് ശവക്കുഴിയിലേക്കിറങ്ങാൻ അവർ പറഞ്ഞു.

ഒന്ന്

ഫ്രാൻസ് കാഫ്കയുടെ പ്രസിദ്ധമായ ഒരു നോവലിനും ഈ ചെറുകഥയ്ക്കും ഒരു യോജിപ്പും ഒരു വ്യത്യാസവുമുണ്ട്. അദ്ദേഹമെഴുതിയ നോവലിന്റെ തലക്കെട്ട് "വിചാരണ' എന്നാണ്. ഈ കഥയുടെ തലക്കെട്ട് "ആഴമുള്ള ആഭ്യന്തര വിചാരണ.' വ്യത്യാസമെന്തെന്നാൽ കാഫ്കയുടെ നായകന് ആദരണീയമായ ഒരു പേരില്ലായെങ്കിലും K എന്ന അക്ഷരമുപയോഗിച്ചെങ്കിലും കാഫ്ക അയാളെ അടയാളപ്പെടുത്തുന്നുണ്ട്. നമ്മുടെ നായകന് അതിനുപോലും വകയില്ല. നമുക്കിപ്പോൾ നേരെ കഥയിലേക്ക് പോകാം.

എൺപത്തഞ്ച് തലയോട്ടികളെയും കൂനകൂട്ടിയ മനുഷ്യാസ്ഥികൂടങ്ങളെയും കുഴിച്ചെടുക്കപ്പെട്ടതും ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പത്തെ ശവക്കുഴി കണ്ടെത്തിയതും മുതൽക്ക് ഈ കഥ തുടങ്ങുകയാണ്.

ജാഫ്‌നാ പട്ടണത്തിൽ നിന്ന് നാലു മൈൽ ദൂരെയാണ് മൺകുമ്പാൻ ഗ്രാമം. അവിടെത്തന്നെയാണ് ദ്വീപുപ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട കുടിവെള്ള വിതരണ കേന്ദ്രമുള്ളത്. കഴിഞ്ഞ വർഷം മാർച്ചു മാസത്തിൽ ആ കേന്ദ്രത്തിൽ നിന്ന് ഭൂമിക്കടിയിലൂടെ പൈപ്പുകളിട്ട് പുങ്കുടുദ്വീപിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്നതിനായുള്ള പദ്ധതിക്കുവേണ്ടി ജോലികളാരംഭിച്ചു. മൺകുമ്പാനിൽ നിന്ന് രണ്ടു മൈലുകൾ ദൂരത്തോളം പൈപ്പുകളിടാനായി നിലം കുഴിക്കുന്നത് വലിയ ശ്രമകരമായ കാര്യമല്ല. മൺകുമ്പാനിലെ മണൽ ഈർപ്പമുള്ളതും പൂവു പോലെയുള്ളതുമായ തരിമണലാണ്. വെള്ളത്തെ വെട്ടുന്നതുപോലെ നിലത്തെയും വെട്ടാൻ കഴിയും. എന്നാൽ രണ്ടു മൈലുകൾക്കപ്പുറം ഭൂമി കളിമണ്ണും ചുണ്ണാമ്പും കലർന്ന് കട്ടിയായ നിലമായി മാറും. ഭൂമിയെ കുഴിക്കുന്നതും പൈപ്പുകളിടുന്നതും കുറച്ച് ശ്രമകരമായ കാര്യം തന്നെയാണ്. ആ ഉറപ്പുള്ള നിലം തുടങ്ങുന്ന ഗ്രാമത്തിന്റെ പേര് ഊരിപ്പുലം എന്നാണ്.

ഊരിപ്പുലത്തിൽ കുടിവെള്ളവിതരണ നിർഗ്ഗമന സമിതിയുടെ പണിക്കാർ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് ഭൂമിയെ ആഴത്തിൽ കിളയ്ക്കാൻ തുടങ്ങിയപ്പോൾ എൺപത്തഞ്ച് മനുഷ്യ തലയോട്ടികളും അസ്ഥികൂടങ്ങളുമടങ്ങിയ ശവക്കുഴി കണ്ടെത്തി. ഉടനടിത്തന്നെ ഊറാത്തുറൈയിൽ നിന്ന് പോലീസുകാർ വന്ന് ശവക്കുഴിക്ക് ചുറ്റും മതിൽ തീർത്തുനിന്നു. പൊതുജനങ്ങളെയോ മാധ്യമപ്രവർത്തകരെയോ ശവക്കുഴിയുടെ അരികിലേക്ക് അനുവദിച്ചില്ല. പോലീസിന്റെ പ്രതിരോധത്തെ മറികടക്കാൻ ശ്രമിച്ച ഒരു തമിഴ് പാർലമെന്റംഗത്തെ പോലീസിലെ ഒരു കീഴുദ്യോഗസ്ഥൻ നെഞ്ചിൽ കൈവെച്ച് തള്ളിയത് അവിടെ വലിയൊരു ഉന്തുംതള്ളിനുമുള്ള സാഹചര്യമുണ്ടാക്കി. ശവക്കുഴിയെക്കുറിച്ചുള്ള വാർത്ത വെളിയിൽ പരന്നതും ശവക്കുഴി ലക്ഷ്യമാക്കി ദൂരദേശങ്ങളിൽ നിന്നെല്ലാം ഓടിവന്ന പൊതുജനത്തിന് നേർക്ക് അന്ന് വൈകുന്നേരം പോലീസുകാർ ചെറിയൊരു ലാത്തിയടി പ്രയോഗം നടത്തിയെന്ന വാർത്തകൾ വന്നിരുന്നു.

പോലീസുകാരാൽ പൂർണ്ണമായ ശ്രദ്ധയോടെ സംരക്ഷിക്കപ്പെട്ട ആ ശവക്കുഴി സ്ഥിതിചെയ്യുന്ന ഇടത്തേക്ക് പിറ്റേന്ന് രാവിലെ ജാഫ്‌നാ ജില്ലാ ന്യായാധിപനും പോസ്റ്റുമോർട്ടം വിദഗ്ധനും പുരാവസ്തുവകുപ്പ് അധികാരിയും പുരാവസ്തു ഗവേഷകനും ഉയർന്ന പോലീസുദ്യോഗസ്ഥരും വന്ന് അന്വേഷണം നടത്തി. എട്ട് മാസത്തെ അന്വേഷണത്തിനുശേഷവും ആ തലയോട്ടികൾ ആരുടേതെന്നും ആ മനുഷ്യശവക്കുഴി ഉണ്ടാക്കിയതാരെന്നതിനെയും ഈ സംഘത്തിന് കണ്ടുപിടിക്കാൻ സാധിച്ചില്ല.

കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന സംഘങ്ങളിൽപ്പെട്ടവർ "ഇത് പട്ടാളമുണ്ടാക്കിയ ശവക്കുഴിയായിരിക്കാം' എന്ന് അറിയിച്ചു. ഇനിയും ചില സംഘടനകൾ ഇത് വിടുതലൈ പുലികൾ ഉണ്ടാക്കിയ ശവക്കുഴിയായിരിക്കാമെന്ന് പറഞ്ഞു. എന്നാൽ രണ്ടു കൂട്ടരും പറഞ്ഞതിന് തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ല. ഒറ്റ തലയോട്ടിയിൽ പോലും വെടിയുണ്ടയേറ്റ പാടോ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട പാടോ ഇല്ലായിരുന്നു. ശവക്കുഴിയിൽ നിന്ന് ഒരൊറ്റ വെടിയുണ്ട പോലും കണ്ടെടുക്കപ്പെട്ടില്ല. അതിനാൽ ജാഫ്‌നാ ജില്ലാ കോടതിയിൽ ആ വിചാരണ അങ്ങനെത്തന്നെ നിർത്തിവെച്ചിരുന്നു. ആ കേസന്വേഷിച്ച ന്യായാധിപൻ വിരമിച്ചുപോവുകയും ചെയ്തു.

ഈ വർഷത്തിന്റെ ആരംഭത്തിൽ കനകസഭൈ ത്യാഗറാം എന്നൊരാൾ ജാഫ്‌നാ കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. മനുഷ്യശവക്കുഴി കണ്ടെടുക്കപ്പെട്ട ഊരിപ്പുലം ഗ്രാമവാസിയാണ് ത്യാഗറാം. യുദ്ധത്തിൽ ആ ഗ്രാമം തന്നെ നശിപ്പിക്കപ്പെട്ട ശേഷം ഫ്രാൻസിലേക്ക് കുടിയേറി ജീവിക്കുകയാണ്. ഊരിപ്പുലത്തിൽ മനുഷ്യശവക്കുഴി കണ്ടെത്തിയ വാർത്തയറിഞ്ഞ് അയാൾ ഫ്രാൻസിൽനിന്ന് ശ്രീലങ്കയിലേക്ക് വന്നിരുന്നു. കണ്ടുപിടിക്കപ്പെട്ട ശവക്കുഴിക്ക് അരികിലായി തറ നിരപ്പിൽ ഒരു കിണർ മണ്ണിട്ട് മൂടപ്പെട്ടു കിടക്കുന്നതായും ആ കിണറ്റിലും മനുഷ്യരെ അടക്കം ചെയ്തിരിക്കാമെന്നും കോടതിയിൽ സമർപ്പിച്ച അദ്ദേഹത്തിന്റെ നിവേദനത്തിലുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് ത്യാഗറാമിന്റെ മൂന്നു സഹോദരന്മാർ ഒരേ ദിവസം തന്നെ അപ്രത്യക്ഷരായിരുന്നു.
ജാഫ്‌നാ കോടതിയിലെ ന്യായാധിപന്മാരായ എം. ജെ. നല്ലൈനാഥന്റെയും എരംഗ ഗന്തേവത്തന്റെയും സമക്ഷത്ത് ആ ഹർജി വിചാരണയ്ക്ക് വന്നപ്പോൾ ന്യായാധിപന്മാർ അത് സ്വീകരിച്ചു. ആ കിണർ കുഴിച്ചു നോക്കാൻ അവർ ഉത്തരവിട്ടു. എന്നാൽ ജോലി നടന്നില്ല.

കിണർ കുഴിച്ചു തോണ്ടേണ്ട ജോലികൾ എന്തുകൊണ്ട് താമസിക്കുന്നുവെന്നു ചോദിച്ച് മറ്റൊരു ഹർജിയെ ത്യാഗാറാം കോടതിയിൽ സമർപ്പിച്ചു. ഈ ഹർജി വിചാരണയ്‌ക്കെടുത്തപ്പോൾ പരമാർശിക്കപ്പെടുന്ന കിണർ ഊരിപ്പുലം ഗ്രാമ വികസന സമിതിയാൽ പണികഴിപ്പിച്ച കിണറാണെന്നും ആ കിണർകുഴിച്ചുതോണ്ടാൻ ഗ്രാമ വികസന സമിതിയുടെ അനുമതി വേണമെന്നും ആ അനുമതി നേടാനായി ഗ്രാമ വികസന സമിതിയുടെ കാര്യാലയത്തെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും പോലീസ് കോടതിയിൽ വിശദീകരണം നൽകി.

പോലീസുകാരുടെ സമാധാനം പറച്ചിലിനെ ന്യായാധിപന്മാർ അംഗീകരിച്ചില്ല. ഗ്രാമ വികസന സമിതിയുടെ സമ്മതമില്ലാതെത്തന്നെ കിണർ കുഴിച്ചുതോണ്ടാനായി കോടതി പ്രത്യേകാനുമതി നൽകുന്നതായും ജോലികൾ പെട്ടെന്നുതന്നെ ആരംഭിക്കണമെന്നും ന്യായാധിപന്മാർ പോലീസുകാരോട് ഉത്തരവിട്ടു.
അതിനുശേഷം ജോലി നടക്കാത്തത്തിനാൽ ത്യാഗാറാം തന്റെ മൂന്നാമത്തെ ഹരജിയെ കോടതിയിൽ സമർപ്പിച്ചു. "മഴക്കാലമായതിനാൽ ജോലിയാരംഭിക്കാൻ സാധിച്ചില്ല' എന്ന് പോലീസ് വകുപ്പ് കോടതിയെ അറിയിച്ചു. ജോലികൾ തുടങ്ങാൻ ഏപ്രിൽ മാസത്തിൽ ഒരു ദിവസം നിശ്ചയിച്ചു.

തീരുമാനിക്കപ്പെട്ട ദിവസം പോസ്റ്റുമോർട്ടം വിദഗ്ധൻ ആകസ്മികമായി അവധിയിൽ പോയിരുന്നതിനാൽ ജോലി നടന്നില്ല. ത്യാഗാറാം തളരാതെ വീണ്ടുമൊരു ഹരജി സമർപ്പിച്ചു. ഇപ്രാവശ്യം സത്യത്തിൽ ദേഷ്യം വന്ന ന്യായാധിപന്മാർ പിറ്റേന്നു തന്നെ ബന്ധപ്പെട്ട പതിമൂന്നു വകുപ്പിലെ അധികാരികളെയും വിളിപ്പിച്ച് മെയ് പതിനഞ്ചാം തീയ്യതി തീർച്ചയായും തങ്ങളുടെ സമക്ഷത്തുവെച്ച് ആ കിണർ കുഴിച്ചു തോണ്ടണമെന്ന് ഉത്തരവിട്ടു.

ന്യായാധിപന്മാർ കിണറു കുഴിച്ചുതോണ്ടാൻ നിശ്ചയിച്ച ദിവസത്തിന് രണ്ടു നാളുകൾക്ക് മുമ്പ് ജാഫ്‌നായിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന ത്യാഗാറാമിനെ രഹസ്യപ്പോലീസുകാർ പിടികൂടി. ഈ കിണറു കുഴിച്ചുതോണ്ടുന്ന വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം ജാഫ്‌നാ പ്രസ്സ് ക്ലബ്ബിൽവെച്ച് പത്രസമ്മേളനം നടത്തി ചില കാര്യങ്ങൾ സംസാരിച്ചതിനെ പോലീസുകാർ വലിയ കുറ്റമായി കരുതി. നിയമപ്രകാരം ഇപ്പോൾ ഫ്രഞ്ചു പൗരനായ ത്യാഗാറാം ശ്രീലങ്കൻ രാഷ്ട്രീയവിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാരണം കാണിച്ച് അദ്ദേഹത്തെ ഉടനടിതന്നെ ഫ്രാൻസിലേക്ക് നാടുകടത്തി. ഈ വാർത്ത വലിയളവിൽ ആരും തിരിച്ചറിഞ്ഞില്ല. കവി വി.ഐ.എസ്. ജയപാലൻ മാത്രമാണ് ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവെച്ചത്. "ത്യാഗറാമിനെപ്പോലെത്തന്നെ എന്നെയും ശ്രീലങ്കൻ ഭരണകൂടം അറസ്റ്റു ചെയ്ത് നാടുകടത്തി. ഒരു വസന്തകാലത്തിൽ ഞങ്ങളുടെ മണ്ണിലെ ശവക്കുഴികളിൽ നിന്ന്‌ സൂര്യകാന്തിപ്പൂക്കൾ പൂത്തുമലർന്ന് എന്നെ വരവേൽക്കും' എന്നദ്ദേഹം ശുഭാപ്തിവിശ്വാസമുള്ള വരികൾ എഴുതിയിരുന്നു.

മെയ് പതിനഞ്ചാം തീയ്യതി രാവിലെ ന്യായാധിപന്മാരായ നല്ലൈനാഥനും എരംഗ ഗന്തേവത്തയും ഒരേ വണ്ടിയിൽ ജാഫ്‌നായിൽനിന്ന് പണ്ണൈപ്പാലം വഴി ഊരിപ്പുലം ലക്ഷ്യമാക്കി പുറപ്പെട്ടു. തങ്ങളുടെ ജോലിയെ തങ്ങൾ നിയമപരമായും ശരിയായും ചെയ്യുന്നുവെന്ന ബോധ്യത്തിൽ ഇരുവരും മുഴുകിയിരുന്നു. ഗന്തേവത്ത ഒരു നിമിഷം തന്റെ അരികിലിരുന്ന നല്ലൈനാഥന്റെ കൈ പിടിച്ച് മൃദുവായി അമർത്തി. "നമ്മൾ ആരെയും ഭയപ്പെടാതെ നീതിയുടെ പക്ഷത്ത് നിൽക്കാം, ധൈര്യമായിരിക്കുക' എന്നാണ് ഈ സൂചന അർഥമാക്കുന്നത്.

പരുത്തിത്തുറയിലെ പച്ചത്തമിഴനായ നല്ലൈനാഥനും ഉയനപുറാൻ അപ്പു പരമ്പരയിൽ പെട്ട സിംഹളനായ ഗന്തേവത്തയും വളരെ നാളത്തെ അടുത്ത സ്‌നേഹിതരാണ്. കൊളംബോയിലെ ലോ കോളേജിൽ ഒരുമിച്ച് പഠിക്കുകയും കൊളംബോ കോടതിയിൽ ഒരുമിച്ചുതന്നെ അഭിഭാഷകരായി പ്രവർത്തിക്കുകയും ചെയ്തവർ. ന്യായാധിപന്മാരായി ഒരേ ദിവസം നിയമിക്കപ്പെട്ടവർ. നാല്ലൈനാഥൻ എത്രത്തോളം പ്രാഗത്ഭ്യത്തോടെ സിംഹളം സംസാരിക്കുമോ അതേപോലെ ഗന്തേവത്തയും പ്രാഗത്ഭ്യത്തോടെ തമിഴ് സംസാരിക്കും. നല്ലൈനാഥൻ സ്ഥലംമാറ്റം കിട്ടി ജാഫ്‌നയിലേക്ക് വന്ന് ഒരേ മാസത്തിനുള്ളിൽ ഗന്തേവത്തയും സ്ഥലംമാറ്റം ലഭിച്ച് ജാഫ്‌നയിലേക്ക് വന്നെത്തി.

ന്യായാധിപന്മാർ സഞ്ചരിച്ച വാഹനം പണ്ണൈപ്പാലത്തിലൂടെ കടന്ന് മൺകുമ്പാൻ വഴി ഊരിപ്പുലത്തിലേക്ക് പ്രവേശിച്ചു. ഏകദേശം നാൽപതു വർഷങ്ങൾക്ക് ശേഷമാണ് നല്ലൈനാഥൻ ഊരിപ്പുലത്തേക്ക് വരുന്നത്. അദ്ദേഹം വന്നുപോയ കാലത്ത് പ്രതിഭാശാലിയായ ഒരു ചിത്രകാരൻ വരച്ചനെയ്തൽ നിലത്തിന്റെ ചിത്രം പോലെ കാണപ്പെട്ടിരുന്ന ഊരിപ്പുലം ഇപ്പോൾ വെറും പനങ്കാടായി കിടക്കുന്നു. ഒരു കാലത്ത് മനുഷ്യർ അവിടെ ജീവിച്ചിരുന്നുവെന്നതിന് ഇപ്പോഴുള്ള ഒരേയൊരു അടയാളം അവിടെ കടൽക്കരയോടു ചേർന്ന് ഇടിഞ്ഞുതകർന്നു കിടക്കുന്ന കുറിയ മതിലുള്ള വൈരവർ കോവിലാണ്. ആ കോവിലിലേക്ക് മൺകുമ്പാനിൽനിന്ന് ദിവസവും ആരോ ഒരാൾ വന്ന് വിളക്ക് തെളിയിച്ച് പോകുമായിരുന്നു. മനുഷ്യശവക്കുഴി കണ്ടെത്തി പോലീസുകാരും പട്ടാളവും രാത്രിപകലെന്നില്ലാതെ ഈ സ്ഥലത്തു തന്നെ ചുറ്റിക്കറങ്ങാൻ തുടങ്ങിയതിനു ശേഷം വൈരവർ കോവിലിലേക്ക് ഇപ്പോൾ ആരും തിരി തെളിയിക്കാൻ വരാറില്ല. കണ്ണുകളെ നെറ്റിയിലേക്ക് ഇറുക്കിക്കൊണ്ട് താൻ ഊരിപ്പുലത്തേക്ക് വന്നുപോയ ഓർമകളെ നല്ലൈനാഥൻ ഗന്തേവത്തയോട് പറയാൻ തുടങ്ങി. അദ്ദേഹം ജാഫ്‌നയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ കൂട്ടുകാരോടൊപ്പം ഇടയ്ക്കിടെ വെള്ളക്കടൽക്കരയിലേക്ക് കുളിക്കാൻ വരുമായിരുന്നു. വെള്ളക്കടൽക്കരയിലേക്ക് ഊരിപ്പുലം താണ്ടിയാണ് പോകേണ്ടത്. മൂന്നു ഭാഗത്തും ഇടതൂർന്ന പനങ്കാടുകളാലും തെക്കുഭാഗത്ത് കടലാലും ചുറ്റപ്പെട്ട് നടുവിൽ തനിച്ചു കിടക്കുന്ന ഗ്രാമാണ് ഊരിപ്പുലം. കൂവിലിലെ കള്ളിനെക്കാളും വീര്യം കൂടിയതെന്ന് ഊരിപ്പുലത്ത് ലഭിക്കുന്ന പനങ്കള്ള് പ്രസിദ്ധി പെറ്റിരുന്നു. വെള്ളക്കടൽക്കരയിലേക്ക് വരുമ്പോഴെല്ലാം നല്ലൈനാഥനും ചങ്ങാതിമാരും ഊരിപ്പുലത്തേക്ക് വന്ന് കള്ളു മൊത്തിക്കുടിച്ച് പോകുമായിരുന്നു. നല്ലൈനാഥൻ ഇളംവയസ്സിൽ തന്നെ ശോഷിച്ചിരുന്നതിനാൽ ശരീരം പുഷ്ടിപ്പെടുത്തുന്നതിനായി ശുദ്ധമായ പനങ്കള്ളിനെ മരുന്നുപോലെ പരോക്ഷമായി ധരിച്ചിരുന്നു.

നല്ലൈനാഥൻ വണ്ടിയിൽ നിന്നിറങ്ങി അവിടെയുണ്ടായിരുന്ന പനമരങ്ങളെ മെല്ലെ കണ്ണോടിച്ചു നോക്കി. ഉണങ്ങിയ കാവോലകളും പൂതലിച്ച മടലുകളുമായി ആ മരങ്ങളുണ്ടായിരുന്നു. കണ്ണെത്തുംദൂരത്തോളം മനുഷ്യരുടെ അനക്കമില്ല. മൊത്തം ഗ്രാമം തന്നെ ചിതറി കുടിയേറുകയാൽ അതൊരു കൈയ്യൊഴിഞ്ഞ സ്ഥലമായി മാറിയിരുന്നു.

കഴിഞ്ഞ വർഷം ശവക്കുഴിതോണ്ടിയപ്പോൾ നടന്ന കുഴപ്പങ്ങളെ കണക്കിലെടുത്ത് ഇപ്രാവശ്യം പോലീസ് വകുപ്പ് വളരെയേറെ സന്നാഹങ്ങൾ ഏർപ്പെടുത്തിയിരുന്നു. അവരറിയാതെ ഒരു പട്ടിക്ക് പോലും അകത്തു കടക്കാൻ സാധിക്കില്ല. കിണറു കുഴിച്ചു തോണ്ടുന്നതിന് രണ്ടു ദിവസം മുമ്പേ ഊരിപ്പുലത്തേക്ക് മാധ്യമപ്രവർത്തകരോ പൊതുജനങ്ങളോ പ്രവേശിക്കുന്നതിനെ പൂർണ്ണമായും വിലക്കിയിരുന്നു. ന്യായാധിപന്മാരും ഉദ്യോഗസ്ഥൻമാരും ഇരിക്കുന്നതിനായി കുഴിച്ചു തോണ്ടാനിരിക്കുന്ന കിണറ്റിനരികിൽ ചെറിയ ഒരു കൂടാരം കെട്ടി അതിനകത്ത് മേശയും കസേരകളും സജ്ജമാക്കിയിരുന്നു. കിണർ തോണ്ടുന്നതിനുള്ള ഉത്തരവ് ന്യായാധിപന്മാർ പുറപ്പെടുവിച്ചതും ജോലിക്കാർ യന്ത്രങ്ങളെ ചലിപ്പിച്ച് ദ്രുതഗതിയിൽ ജോലിയിലേർപ്പെട്ടു. അതൊരു പൊട്ടക്കിണർ. കിണറിനു മീതെയായി ഭൂനിരപ്പിൽ നിന്ന് മൂന്നടി ഉയരത്തിൽ ഷഡ്ഭുജാകൃതിയിലൊരു തടിച്ച ഭിത്തി അവിടെയുണ്ടായിരുന്നിരിക്കണമെന്ന്‌ സന്നിഹിതരായ വിദഗ്ധർ ന്യായാധിപന്മാരോട് തങ്ങളുടെ ഊഹം പ്രകടിപ്പിച്ചു. ആ അരമതിലിനെ തകർത്ത് കിണറ്റിനുള്ളിലേക്ക് തള്ളിയിട്ടുണ്ടായിരിക്കാം. അതിനു മീതെ ചേടി കലർന്ന കളിമണ്ണിട്ട് കിണറ്റിനെ ഭൂനിരപ്പ് വരെ മൂടിയിരുന്നു. കിണറിൽ നിറഞ്ഞിരുന്ന ചേടിയെയും കളിമണ്ണിനെയും യന്ത്രങ്ങൾ വളരെ വേഗത്തിൽ മാന്തിയെടുത്ത് നീക്കംചെയ്തു. ""ഉള്ളിലെന്തെങ്കിലും ഉണ്ടാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?'' മൂക്കുക്കണ്ണടയെ വൃത്തിയാക്കിക്കൊണ്ടിരുന്ന നല്ലൈനാഥനോട് പതിഞ്ഞ സ്വരത്തിൽ ഗന്തേവത്ത ചോദിച്ചു. ഒരല്പം ആലോചിച്ച നല്ലൈനാഥൻ, ""ഈ ദേശത്തിന്റെ കിടപ്പു കാണുമ്പോൾ മൊത്തം ദേശം തന്നെ ഈ കിണറ്റിലുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്'' എന്നു പറഞ്ഞു.
ഗന്തേവത്ത മെല്ലെ കൈനീട്ടി നല്ലൈനാഥന്റെ കൈ പിടിച്ച് മൃദുവായി അമർത്തി. അദ്ദേഹത്തിന്റെ മുഖം ഇരുണ്ടിരുന്നു. ശേഷം ""അവസാനിപ്പിക്കാൻ കഴിയാത്ത മറ്റൊരു കേസ് നമുക്കുവേണ്ടി ഈ കിണറിനുള്ളിൽ കാത്തുകിടക്കുന്നുണ്ടോ...'' എന്നു സ്വയം പിറുപിറുത്തുകൊണ്ടിരുന്നു.

വിദഗ്ധർ അതൊരു ആഴമില്ലാത്ത കിണറാണെന്ന് നേരത്തെ തന്നെ ഊഹം പ്രകടിപ്പിച്ചിരുന്നത് ശരിയായല്ലോ. ഇരുപത് അടിക്ക് കീഴെ അവശിഷ്ടങ്ങൾക്കുള്ളിൽ വിടവ് കാണപ്പെട്ടു. ഇടിച്ചു തള്ളപ്പെട്ടിരുന്ന കിണറിന്റെ ചുറ്റുഭിത്തി വിണ്ടുകീറിയ പാളികളായി ഒന്നിനു മീതെ ഒന്നായി തിരുകിക്കിടന്നിരുന്നു. അടരുകളെ യന്ത്രങ്ങൾ കോരിയെടുത്ത് വെളിയിലേക്കിട്ടപ്പോൾ താഴെ ജലനിരപ്പ് കാണപ്പെട്ടു. കിണറിന്റെ ഉൾഭാഗത്തെ ചുവരിൽ പായലുകൾ പടർന്ന് അവയ്ക്കിടയിൽ ചിലതരം ജലസസ്യങ്ങൾ വളർന്നിരുന്നു. യന്ത്രം ഒരു വലിയ സിമന്റ് പാളിയെ തൂക്കിയെടുത്തപ്പോൾ കിണറ്റിനുള്ളിൽ വ്യത്യസ്തമായ എന്തോ ഒന്ന് കിടക്കുന്നത് അറിയാനിടയായി.

നല്ലൈനാഥനും ഗന്തേവത്തയും കുഴിച്ചുതോണ്ടുന്ന ജോലിയെ നിർത്താൻ പറഞ്ഞു. മുകളിൽനിന്ന് കിണറ്റിനുള്ളിലേക്ക് തടിച്ച കയറുകൾ താഴ്ത്തി ദൃഢഗാത്രരായ രണ്ടു പേർ അവയിൽ പിടിച്ച് ഉള്ളിലേക്കിറങ്ങി. അവർ കയറിൽപിടിച്ചു തന്നെ ആഴത്തിൽനിന്ന് ഭയത്തോടെയും അമ്പരപ്പോടെയും അലറിവിളിച്ചു.
""ഇവിടെയൊരു മനുഷ്യൻ ജീവനോടെയിരിക്കുന്നു''
ഇതുകേട്ടതും ന്യായാധിപന്മാരുടെ വികാരമെന്തായിരുന്നു, പോസ്റ്റുമോർട്ടം വിദഗ്ധരുടെ പ്രതികരണമെന്തായിരുന്നു, പുരാവസ്തു വിദഗ്ധന്മാരുടെ ഊഹമെന്തായിരുന്നു, പോലീസുകാർക്കിടയിൽ ഉയർന്നുവന്ന മുറുമുറുപ്പുകളെന്തായിരുന്നു എന്നിവയെല്ലാം വിവരിക്കുക ഈ ചെറിയ കഥയിൽ പ്രധാനമല്ലായെന്നതിനാൽ കഥയുടെ ആദ്യപകുതിയെ ഇവിടെത്തന്നെ നിർത്തിവെച്ച് കഥയുടെ മറുപാതിയിലേക്ക് പോകാം.

രണ്ട്

നീളവും വീതിയുമുള്ള പലകയിൽ നാലു ബലമുള്ള കയറുകളെ കെട്ടി കിണറ്റിലേക്കിറക്കി ഉള്ളിലുള്ള മനുഷ്യനെ മുകളിലേക്ക് വലിച്ചെടുത്തപ്പോൾ ആകാശം ചുവന്ന് ഊരിപ്പുലത്തെ ഇരുൾ ആവരണം ചെയ്യാൻ തുടങ്ങിയിരുന്നു. കിണറ്റിനരികിലെ ന്യായാധിപന്മാരുടെ കൂടാരത്തിൽ ആ മനുഷ്യനെ ഒരു റബ്ബർ തടുക്കിൽ കിടത്തിയിരുന്നു. ആ മനുഷ്യനെ പരിശോധിച്ച ഡോക്ടർമാർ ആ മനുഷ്യൻ ഒരുവിധം ആരോഗ്യത്തോടെ തന്നെയിരിക്കുന്നുണ്ടെന്ന് അത്ഭുതത്തോടെ ന്യായാധിപന്മാരെ അറിയിച്ചു. നല്ലൈനാഥൻ മെല്ലെ ഗന്തേവത്തയുടെ കൈ പിടിച്ച് മൃദുവായി അമർത്തി. പിന്നീട് അദ്ദേഹമൊരു പോലീസുകാരനെ വിളിച്ച് ദൂരെയായി കാണപ്പെട്ടിരുന്ന വൈരവർ കോവിലിൽ വിളക്ക് തെളിയിച്ചു വരാൻ നിർദ്ദേശിച്ചു. ഒന്നും മിണ്ടാതെ കടൽക്കരയിലേക്ക് കണ്ണുംനട്ട് ഇരുളിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അവിടെയൊരുതിരി തെളിഞ്ഞതും ദീർഘമായൊരു നിശ്വാസം വിട്ടു. ആ കൂടാരത്തിന് വെളിയിൽ പോലീസുകാർ ഞെരുങ്ങിക്കൊണ്ട് മതിൽപോലെ വളഞ്ഞുനിന്നു. ഡോക്ടർമാരും പുരാവസ്തു വിദഗ്ധന്മാരും കൂടാരത്തിനു പുറത്ത് കസേരകളിൽ ഇരുന്നുകൊണ്ട് സിഗരറ്റ് വലിക്കാൻ തുടങ്ങി. കൂടാരത്തിനുള്ളിൽ ഒരുക്കിയിരുന്ന ഒരേയൊരു വിളക്കിന് കീഴെ ന്യായാധിപന്മാർ രണ്ടുപേരും ഇരുന്നിരുന്നു.
ജീവനോടെ കണ്ടെടുക്കപ്പെട്ട ആ മനുഷ്യൻ ഇപ്പോൾ പതിയെ എഴുന്നേറ്റ് ഇരുന്നു. നഗ്‌നമായിരുന്ന അയാളുടെ ദേഹത്തെ ഒരു പുതിയ വെളുത്ത തുണികൊണ്ട് ഡോക്ടർമാർ പുതച്ചിരുന്നു. അവൻ ദീർഘമായി നിശ്വാസത്തെ ഉള്ളിൽനിന്ന് വലിയ ശബ്ദത്തോടെ വെളിയിലേക്ക് പുറന്തള്ളിക്കൊണ്ടിരുന്നു. രോമങ്ങൾ നിറഞ്ഞ് ജഡ പിടിച്ച അവന്റെ കറുത്ത മുഖത്തിലുണ്ടായിരുന്ന കണ്ണുകൾ ആ ഇരുണ്ട വെളിച്ചത്തിൽ താറാമുട്ടകളെപ്പോലെ ഉരുണ്ടുകൊണ്ടിരുന്നു. തങ്ങൾ ആരാണെന്നും അവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ന്യായാധിപന്മാർ വ്യക്തമായി ആ മനുഷ്യനോട് വിവരിച്ച് ആ മനുഷ്യനെപ്പറ്റിയുള്ള തങ്ങളുടെ ന്യായവിചാരണ മെല്ലെ ആരംഭിച്ചു.""ആദ്യമായി, താങ്കളുടെ പേരെന്താണ്?''""അറിയില്ല സാർ''""താങ്കൾക്ക് പേരില്ലെ?''""പേരില്ലാതെ എങ്ങനെ ജീവിച്ചിരിക്കും? പല കാലമായി ആരും എന്നെ വിളിക്കാത്തതിനാൽ എന്റെ പേരിനെ ഞാൻ മറന്നുപോയിരിക്കുന്നു. എത്ര തീവ്രമായി ആലോചിച്ചിട്ടും എന്റെ പേര് ഓർമയിലേക്ക് വരുന്നേയില്ല''""താങ്കളുടെ മാതാപിതാക്കൾ''
""അമ്മയുടെ പേര് അന്നം. അച്ഛന്റെ പേര് ചെല്ലയ്യ. എന്റെ കൂടെപ്പിറപ്പുകളായി അഞ്ചു സഹോദരികളും ആറു സഹോദരന്മാരും. അവരെ ഞാൻ എപ്പോഴും ഓർമ്മിച്ചു കൊണ്ടേയിരുന്നതിനാൽ അവരുടെ ഒരാളുടെപേരുപോലും ഞാൻ മറന്നിട്ടില്ല.''""എത്ര കാലമായി താങ്കൾ ഈ കിണറ്റിൽ കഴിയുന്നു?''""അറിയില്ല സാർ''""ഈ കിണറ്റിലേക്ക് വന്നതെപ്പോഴാണെന്ന് ഓർമ്മയുണ്ടോ?''""വ്യക്തമായും ഓർമ്മയുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ് ആവണി മാസം ഇരുപത്തിരണ്ടാം തീയ്യതി ശനിയാഴ്ച. അന്നെന്റെ ഇരുപത്തിനാലാം പിറന്നാളായിരുന്നു. തലേന്ന് വൈകുന്നേരം തന്നെ എന്റെ അവസാനത്തെ സഹോദരി വെള്ള പലകക്കടലാസിൽ സ്വയം വരച്ചു തയ്യാറാക്കിയ പിറന്നാൾ ആശംസാപത്രം എനിക്കു സമ്മാനിച്ചിരുന്നു. അന്നു രാത്രി, അതായത് വെള്ളിയാഴ്ച രാത്രി ഞാൻ വൈരവർ കോവിലിൽ വിളക്ക് തെളിയിക്കാനായി ചെന്നപ്പോഴാണ് കെട്ടകാലം എന്നെ ചൂഴ്ന്നത്. ഞാൻ വെളിയിലുണ്ടായിരുന്നതു വരെ ഞാനാണ് വൈരവർ കോവിലിൽ ദിവസവും വിളക്ക് തെളിയിച്ചിരുന്നത്. പാരമ്പര്യമായി ഞങ്ങളുടെ കുടുംബമാണ് വൈരവന് വിളക്ക് തെളിയിച്ചു വരുന്നത്. എന്റെ മുതുമുത്തച്ഛൻ മുരുകേശായിരുന്നു വൈരവർ കോവിൽ സ്ഥാപിച്ചത്.'' ""ഇതെല്ലാം താങ്കൾക്ക് ഓർമയുണ്ട്. താങ്കളുടെ പേരാണ് താങ്കൾക്ക് ഓർമയില്ലാത്തത്?''""സാർ, ഞാൻ താങ്കളോട് മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോഴും എന്റെ പേരിനെ ഓർമ്മിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്''
ന്യായാധിപന്മാർക്ക് ചായ കൊണ്ടുവന്നു. ആ മനുഷ്യന് ചായ കൊടുത്തപ്പോൾ ചുണ്ടുകൾ കൂർപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി ഊതിയൂതി അയാൾ കുടിക്കാൻ തുടങ്ങി. ന്യായാധിപന്മാർ തുടർന്നു. ""താങ്കളെക്കുറിച്ചും താങ്കളെങ്ങനെയാണ് ഈ കിണറ്റിനുള്ളിലേക്കു വന്നതെന്നും ഞങ്ങളോട് വിശദമാക്കിയാലും. അതിനുമുമ്പ് ചായ മുഴുവനായും കുടിച്ചാലും''
ആ മനുഷ്യൻ മിച്ചമിരുന്ന ചായയുള്ള കോപ്പയെ താഴെ മണലിൽവെച്ച് തന്റെ കഥ പറയാൻ തുടങ്ങി. സത്യത്തിൽ അയാളുടെ കഥ അത്ര രസമുള്ളതല്ല. കേട്ടുകേട്ട് മുഷിപ്പുണ്ടാകുന്ന കഥയാണ്. എന്നാൽ ഒരു സാക്ഷ്യമെന്ന നിലക്ക് അവന്റെ കഥ ന്യായാധിപന്മാർക്കും നമുക്കും പ്രധാനപ്പെട്ടതാണ്:
""ഒരു ഈച്ച തന്റെ പേര് മറന്നതായ ഒരു ഉപാഖ്യാനത്തെ ഞാൻ എന്റെ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. അതുപോലെയുണ്ട് എന്റെ കഥ. ഞാൻ ഈ ഗ്രാമം വിട്ട് പുറത്തേക്ക് കൂടുതൽ പോയിട്ടില്ല. വെളിയിലേക്ക് പോയി വരുന്നതിന് സാഹചര്യവും ശരിയില്ലായിരുന്നു. പത്താം തരം വരെ പഠിച്ചിട്ടുണ്ട്. രണ്ടു തവണ പത്താം തര പരീക്ഷ എഴുതിയിട്ടും എട്ട് പാഠങ്ങളിലും തോറ്റുപോയി. എന്നെ മരമണ്ടനെന്ന് എന്റെ അനിയത്തിമാരും തിരുമടയനെന്ന് അച്ഛനും ശകാരിക്കും. "അവന്റെ കാര്യംപോക്കാണ്' എന്ന് അമ്മ പറയും. പണിയെടുക്കുന്നതിലോ കാശു സമ്പാദിക്കുന്നതിലോ എനിക്കും താല്പര്യമില്ലായിരുന്നു. എന്നാൽ ചെറുപ്പം മുതലേ ദൈവഭക്തിയും സാമൂഹ്യസേവനം ചെയ്യുന്നതിലുള്ള പങ്കാളിത്തം കൂടുതലായി തന്നെയുണ്ട്. തലമുറയായി വന്ന ശീലമായിരിക്കാമിത്. എന്റെ മുത്തച്ഛൻ കതിർകാമു പൊതുകാര്യങ്ങളിൽ കൂടുതലായി ഇടപെടുന്ന ആളായിരുന്നുവത്രെ. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് വെള്ളക്കടൽക്കരയിലേക്കുള്ള ചരൽപ്പാത ഉണ്ടായതെന്ന് പറയപ്പെടുന്നു. അതിനുമുമ്പ് ഊരിപ്പുലത്തേക്ക് പാതകളൊന്നും തന്നെയുണ്ടായിരുന്നില്ലത്രെ.

ഞാൻ മുന്നിട്ടു നിന്നാണ് ഊരിപ്പുലത്ത് "തിരുവള്ളുവർ വായനശാല' രൂപപ്പെടുത്തിയത്. അതൊരു ഓലക്കുടിലായിരുന്നുവെങ്കിലും ഒരേയൊരു പത്രം മാത്രമാണ് അവിടേക്ക് വരുത്തിച്ചിരുന്നതെങ്കിലും ആ വായനശാല യുവാക്കൾ ഒത്തുചേർന്ന് സംസാരിക്കാനുള്ള ഒരു കേന്ദ്രമായിരുന്നു. ഇന്ത്യൻ സേനയുടെ കാലത്ത് യുദ്ധം നടന്ന മൂന്നു മാസങ്ങളിൽ ദ്വീപു പ്രദേശത്തേക്ക് യാതൊരു ഭക്ഷണ സാധനങ്ങളും വന്നില്ല. എന്റെ നേതൃത്വത്തിൽ വായനശാലയിലെ യുവാക്കളാണ് ഗ്രാമത്തിൽ പൊതുവായി കഞ്ഞിവെച്ച് ജനങ്ങൾക്ക് വിതരണം ചെയ്തത്. വിദ്യാലയത്തിലെ കളിമത്സരവും വൈരവർ കോവിലിലെ വേൾവിത്തിരുവിഴായും സാമൂഹ്യസേവനവുമെല്ലാം ഞങ്ങൾ മുന്നിട്ടുനിന്നുകൊണ്ട് നടത്തി.
യുദ്ധം തുടങ്ങിയതിനുശേഷം ദിവസം ഒരു മൃതദേഹമെങ്കിലും ഊരിപ്പുലം കടൽക്കരയിൽ വന്നടിയും. ആ മൃതദേഹങ്ങൾ പല നാളുകളായി ഉപ്പുവെള്ളത്തിൽതന്നെ കുതിർന്നു കിടന്ന് കരയ്ക്കടിയുന്നതിനാൽ തടിച്ച് വെളുത്തു കിടക്കും. ചില മൃതദേഹങ്ങളിൽ വെടിയുണ്ടയേറ്റപാടുകളുണ്ടായിരിക്കും. കടൽക്കരയിൽ വലിയ ബലൂണുകൾ പോലെ ആ മൃതദേഹങ്ങൾ അടിഞ്ഞുകിടക്കും. തൊട്ടാൽ തൊട്ടവരുടെ കൈയ്യിൽ മാംസം പറിഞ്ഞുവരും. ആ മൃതദേഹം തമിഴന്റെയോ സിംഹളന്റെയോ ഇന്ത്യാക്കാരന്റെയോ എന്നെല്ലാം ആർക്കുമറിയില്ല. ആ മൃതദേഹങ്ങൾ മറവു ചെയ്യാൻ ആരും വരികയുമില്ല. "തിരുവള്ളുവർ വായനശാല'യിലെ യുവാക്കളാണ് ആ മൃതദേഹങ്ങൾ പൊക്കിയെടുത്തുചെന്ന് കടൽക്കരയിൽ കുഴിവെട്ടി അടക്കം ചെയ്തത്.

എൺപത്തിനാലാം ആണ്ടിൽ ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് രണ്ടു യുവാക്കൾ ഒരു ഇയക്കത്തിൽ ചേർന്നു. മഴക്കാലത്ത് ഇതാ ഈ കാണുന്ന കിണറ്റിൽ അവരുടെ ജഡങ്ങൾപ്രത്യക്ഷപ്പെട്ടു. അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നാർക്കുമറിയില്ല. എന്നാൽ അതിനുശേഷം ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ആരും ഇയക്കങ്ങളിലേക്ക് പോയി ചേർന്നിട്ടില്ല. ഈ ഭാഗത്ത് ഇയക്കങ്ങളുടെ പ്രവർത്തനവും വലിയ തോതിൽ ഇല്ലായിരുന്നു.

പട്ടാളത്തെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ് ആവണി മാസം വരെ അവർ ഊരിപ്പുലത്തേക്ക് വന്നിട്ടില്ല. നൂറു കുടിലുകളുള്ള കൊച്ചുഗ്രാമമാണല്ലോ ഇത്! ആവണി മാസം ഇരുപത്തിയൊന്നാം തീയ്യതി അതിരാവിലെ ദ്വീപു പ്രദേശത്തു മുഴുവനും പട്ടാളമിറങ്ങി. ഒരു ചെറിയ എതിർപ്പുമില്ലാതെ എല്ലാ ദിശകളിലേക്കും അവർ മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന വാർത്ത വന്നു. ഏതു ദിക്കുകളിലും ഓടിരക്ഷപ്പെടാൻ വഴിയില്ല. ജനങ്ങളെല്ലാവരും വീടുകൾ വിട്ട് ഓടിപ്പോയി പൊതുകെട്ടിടങ്ങളിൽ ഒത്തുചേർന്ന് കൂടിയിരുന്നു. ഊരിപ്പുലം മുഴുവനും ഗ്രാമത്തെ കാലിയാക്കി വെള്ളകടൽക്കരയിലേക്ക് ചെന്നു. അവിടെ ഗുരുബാബാദർഗ്ഗ വലിയ പള്ളിയുണ്ടല്ലോ... അവിടെയെല്ലാവരും ഒത്തുചേർന്നു. പട്ടാളം അവിടെ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ പട്ടാളം പള്ളിയിലേക്ക് ആക്രമണം നടത്തില്ലെന്ന വിശ്വാസത്തോടെയും ഞങ്ങൾ കഴിഞ്ഞു. പള്ളിക്കാര്യങ്ങളുമായി ബന്ധപ്പെട്ട മുതിർന്നവരും അങ്ങനെത്തന്നെയാണ് പറഞ്ഞത്. ഉച്ചയായിട്ടും പട്ടാളം അവിടേക്കുവരുമെന്ന സൂചനയൊന്നും തന്നെ അറിഞ്ഞിരുന്നില്ല. പട്ടാളം എവിടെയാണുള്ളതെന്ന വിവരമറിയാനുള്ള സൗകര്യവുമില്ല. പള്ളിയിലെ മുതിർന്നവരുടെ ഏർപ്പാടിൽ ഞങ്ങളെല്ലാവർക്കും ഉച്ചയൂണ് വലിയ വലിയ പാത്രങ്ങളിൽ പാചകം ചെയ്തു. അവിടെവെച്ചാണ് എന്റെ അവസാനത്തെ അനിയത്തി എനിക്ക് പിറന്നാൾ ആശംസാപത്രം വരച്ചു തന്നത്. പിറന്നാൾ ആശംസ പറയുന്നയളവിലേക്ക് വെെകുന്നേരത്തോടെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് വന്നിരുന്നു. ഈ രാത്രി പള്ളിയിൽ തങ്ങി രാവിലെത്തന്നെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാമെന്ന് ജനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
സൂര്യൻ അസ്തമിച്ച് ആകാശം ചുവക്കാൻ തുടങ്ങി. പള്ളിയിൽ മഗ്‌രിബ്‌ ബാങ്കിന്റെ വിളിയുയർന്നു. അതു കേട്ടതു മുതൽ എന്റെ വൈരവർ ഇന്ന് വിളക്കില്ലാതെ ഇരിക്കുകയാണല്ലോയെന്ന ഉത്കണ്ഠ എന്നെ പിടിച്ചുലക്കാൻ തുടങ്ങി. ഊരിപ്പുലത്തിന്റെ കാവൽ ദൈവം വെള്ളിയാഴ്ച ദിവസം അതും വിളക്കില്ലാതെ കഴിയുകയെന്നത് നാടിനു തന്നെ ആപത്താണെന്ന തോന്നൽ എന്നെ പിടികൂടിയതും ഞാൻ ആരോടും പറയാതെ മെല്ലെ അവിടെനിന്നു നീങ്ങി കടൽക്കര വഴിയിലൂടെ ഊരിപ്പുലത്തെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
കടൽക്കര നീളെ കൈതയും ഈന്തും പൊന്തക്കാടായി ഇടതൂർന്ന് കിടന്നിരുന്നതിനാൽ അവയ്ക്കിടയിലേക്ക് നുഴഞ്ഞ് പതുങ്ങിപ്പതുങ്ങി ശ്രദ്ധയോടെ നടന്നു. ദൂരെ പട്ടാളത്തിന്റെ അനക്കമെന്തെങ്കിലുമുണ്ടോയെന്ന്‌ നോക്കിനോക്കിയാണ് നടന്നത്. പൂർണ്ണമായും ഇരുൾ മൂടിയപ്പോൾ ഊരിപ്പുലത്തേക്ക് പ്രവേശിച്ച് ഞാൻ എന്റെ വീട്ടിലെത്തി. എണ്ണക്കുപ്പിയും തീപ്പെട്ടിയുമെടുത്തുകൊണ്ട് വെെരവർ കോവിലിനെ ലക്ഷ്യമാക്കി നടന്നു. യാതൊരു ആരവവുമില്ല. കടലിലേക്കിറങ്ങി കൈകാലുകൾ കഴുകിക്കൊണ്ട് വൈരവർ ശൂലത്തിന്റെ മുന്നിൽ വിളക്ക് തെളിയിച്ചു. ഒരു കുട്ടിച്ചുവരും ചെറിയ പീഠവും ഒറ്റ ശൂലവുമടങ്ങിയ ആ കോവിലിൽ തെളിയിക്കപ്പെട്ട ഒറ്റത്തിരിയിലെ വെളിച്ചത്തിൽ ഊരിപ്പുലം തന്നെ പ്രകാശിക്കുന്നതുപോലെ തോന്നി. മനസ്സിൽ വളരെയേറെ സമാധാനമുണ്ടായി. അപ്പോഴാണ് പട്ടാളക്കാരെ ഞാൻ കണ്ടത്. ഇരുട്ടിൽ ഒളിച്ചിരുന്ന അവർ ശബ്ദമുണ്ടാക്കാതെ വെളിച്ചത്തിലേക്ക് വന്നുനിന്നു. ഉടനടിത്തന്നെ മുതുകിന് പിറകിലായി കയറുകൊണ്ട് അവരെന്റെ കൈകളെ ബന്ധിച്ചു. എന്നെ അവർ നടത്തിച്ചു കൊണ്ടുവന്ന് ഈ കിണറ്റിനരികെ തറയിൽ ഇരുത്തി. അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല. ഞാൻ ഇവിടെനിന്ന് നോക്കിയപ്പോൾ വൈരവർ കോവിലിലെ തീനാളം ദൃശ്യമായി.
എനിക്ക് ചുറ്റും മനുഷ്യരൂപങ്ങളുടെ അനക്കങ്ങളും മർമ്മരങ്ങളും കേട്ടുകൊണ്ടേയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഇരുട്ടിലൂടെ നിരീക്ഷിച്ചു. ആ സ്ഥലം മുഴുവൻ പാട്ടാളക്കാരുള്ളതായി തോന്നി. ഒരു സൈനികൻ വന്ന് എന്നോട് വെള്ളം വേണോ എന്നു ചോദിച്ചു. വേണമെന്ന് പറഞ്ഞു. ഇതേ കിണറ്റിൽനിന്ന് വെള്ളംകോരി അയാൾ എന്റെ മേലെയൊഴിച്ചു. ഞാനൊരുമീനിനെപ്പോലെ വെള്ളത്തെ കുടിച്ചു. അയാളെന്നോട് കിടക്കാൻ പറഞ്ഞു. കൈകൾ പിറകിലായിബന്ധിച്ചിരുന്നതിനാൽ മലർന്നോ കമിഴ്‌ന്നോ കിടക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. ചെരിഞ്ഞു കിടന്നു. അവിടെനിന്ന് രക്ഷപ്പെടാൻ വഴിയുണ്ടോയെന്ന് നോക്കി. സാധ്യത തീരെയില്ല. എല്ലായിടത്തും ആളനക്കങ്ങളുടെ ശബ്ദവും സിംഹളത്തിൽ സംസാരിക്കുന്നതും കേട്ടു. ദൂരെനിന്ന്‌ കേട്ടുകൊണ്ടിരുന്ന വാഹനങ്ങളുടെ ഇരമ്പൽ പോകപ്പോകെ ഉയർന്നുവന്നു. കണ്ണുകളെ മൂടിക്കൊണ്ട് കിടന്നു. കണ്ണുകളെ മൂടിയതും പെട്ടെന്ന് എന്റെയുടൽ പ്രകാശിക്കുന്നതായി എനിക്ക് തോന്നി. ഞാൻ നേർത്ത വെളിച്ചമായി എന്നെ സങ്കല്പിച്ചു. വൈരവർക്കായി ഞാൻ കൊണ്ടുവന്ന തീപ്പൊരി എന്റെ ഹൃദയത്തിൽ ഒട്ടിച്ചേർന്ന് ആളിക്കത്തുന്നതായി അനുഭവപ്പെട്ടു. ആ മനോധൈര്യത്തോടെയാണ് രാത്രി ഞാൻ കഴിച്ചുകൂട്ടിയത്.

നേരം വെളുത്തപ്പോഴാണ് ഊരിപ്പുലം മുഴുവനായും രാത്രിയോട് രാത്രി പട്ടാളക്കാരാൽ നിറയ്ക്കപ്പെട്ടതായി അറിഞ്ഞത്. മെല്ലെ എഴുന്നേറ്റ് തറയിൽ ഇരുന്നുകൊണ്ട് ചുറ്റുമൊന്നു കണ്ണോടിച്ചു. എന്നെപ്പോലെത്തന്നെ മുതുകിന് പിന്നിൽ കൈകൾ ബന്ധിക്കപ്പെട്ട പല മനുഷ്യർ അവിടെ ഇരിക്കുന്നതായുംകിടക്കുന്നതായും കണ്ടു. പട്ടാളക്കാർ എന്നെ മാത്രമല്ല പിടിച്ചുവെച്ചിരിക്കുന്നതെന്ന് മനസിലായപ്പോൾ ഒരു തരത്തിലുള്ള ശാന്തത മനസിനെ വന്നണഞ്ഞു. പിടിച്ചുവെയ്ക്കപ്പെട്ട ഞങ്ങൾക്ക് ചുറ്റും ആയുധങ്ങളുമേന്തി പട്ടാളക്കാർ നിന്നിരുന്നുവെന്നല്ലാതെ അവർ ഞങ്ങളെ ഒന്നും ചെയ്തില്ല. ദിവസം മുഴുവനും വെള്ളമോ ഭക്ഷണമോ തരാത്തതിനെ ഒരു കുറവായി പറയാം. പട്ടാളക്കാർ പകൽ മുഴുവനും മണ്ടൈദ്വീപ്, മൺകുമ്പാൻ, അല്ലൈപ്പിട്ടി, വേലണൈ എന്നീ പ്രദേശങ്ങളിൽനിന്ന് മനുഷ്യരെ പിടിച്ച് ചെറിയ ചെറിയ സംഘങ്ങളായി നടത്തിച്ച് കൂട്ടിക്കൊണ്ടുവന്നു. എല്ലാ മനുഷ്യരുടെ കൈകളെയും മുതുകിന് പിറകിൽ കെട്ടിയിട്ടിരുന്നു. ഉച്ചയോടെ എന്റെ രണ്ട് അണ്ണന്മാരെയും മറ്റു ചിലരെയും പിടിച്ചുകൊണ്ടുവന്നു. അവരോടൊപ്പം പള്ളിയിലെ മുതിർന്ന ആളുകളുമുണ്ടായിരുന്നു.
ഞങ്ങൾ ഞങ്ങൾക്കിടയിൽതന്നെ പതിയെ സംസാരിച്ചു. ഞങ്ങൾ സംസാരിക്കുന്നതിനെ പട്ടാളക്കാർ വിലക്കിയില്ല. ഞങ്ങളെ ചോദ്യം ചെയ്തതിനുശേഷം മോചിപ്പിക്കുമെന്ന് ചിലർ പറഞ്ഞു. എല്ലാവരെയും കപ്പലിലേറ്റി "ബൂസാ' തടങ്കൽ പാളയത്തിലേക്ക് അയക്കാൻ പോവുകയാണെന്ന് മറ്റു ചിലരും പറഞ്ഞു.

മേലുദ്യോഗസ്ഥൻ ഞങ്ങളെ കാണാൻ വരുന്നതായി അറിയിച്ച് ഒൻപതു വരികളിൽ മുന്നിലും പിന്നിലുമായി പട്ടാളക്കാർ ഞങ്ങളെ ഇരുത്തിച്ചു. ഞങ്ങളെല്ലാവരും കൂടി എൺപത്താറു തടവുകാർ അവിടെയുണ്ടായിരുന്നു. മേലുദ്യോഗസ്ഥൻ വന്ന് ഞങ്ങളെ നോക്കി. അയാളുടെ മുഖത്ത് യാതൊരു ഉണർവുമില്ല. ഒരു മിനിറ്റ് നേരം മാത്രം ഞങ്ങളെ നോക്കിയിരുന്നിരിക്കണം. ശേഷം തിരിഞ്ഞുകൊണ്ട് കടൽക്കരയിലൂടെ അയാൾ നടന്നുപോയി. കുറച്ചു കഴിഞ്ഞ് ഞങ്ങളെ ലക്ഷ്യമാക്കി രണ്ട് മണ്ണുവാരി യന്ത്രങ്ങളെ പട്ടാളക്കാർ ഓടിച്ചുവരുന്നതായി കണ്ടു. ഞങ്ങളിരിക്കുന്ന സ്ഥലത്തുനിന്ന് അൽപം മാറി ചേടിയും കളിമണ്ണുമുള്ള നിലത്തെ മാന്തി വലിയൊരു കുഴിയുണ്ടാക്കാൻ തുടങ്ങി. പൊടിപടലം പനമരങ്ങളുടെ തലപ്പുകൾക്കും മീതെ പൊങ്ങി. യന്ത്രങ്ങളുടെ മുഴക്കം ചെവികളെ അടച്ചുകളഞ്ഞു. ഡീസൽ കത്തുമ്പോഴുണ്ടായ ഗന്ധവും പുകയും വെറും വയറ്റിൽ ഓക്കാനമുണ്ടാക്കി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങളെല്ലാവർക്കും മനസ്സിലായി.

വെളിച്ചം ഭൂമിയിലേക്ക് കുത്തനെ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ചക്രവാളത്തിലെ ചുവപ്പിനെ നോക്കി ഊഹിച്ചാൽ നേരം അപ്പോൾ ഏകദേശം വൈകുന്നേരം ആറുമണിക്ക് മുമ്പോ പിമ്പോ ആയിരുന്നിരിക്കണം. ഞങ്ങളുടെ മുന്നിൽ കൃത്യവും വിശാലവുമായ ശവക്കുഴി തയ്യാറാക്കപ്പെട്ടിരുന്നു. പട്ടാളക്കാർ ഞങ്ങൾ എൺപത്താറു പേരെയും എഴുന്നേൽപ്പിച്ച് വരിയായി നിർത്തി. ആ വരിയെ നടന്നുചെന്ന് ശവക്കുഴിയിലേക്കിറങ്ങാൻ അവർ പറഞ്ഞു. ആരിൽനിന്നും യാതൊരു എതിർസ്വരമോ നിഷേധമോ ഉയർന്നുവന്നില്ല. കരച്ചിൽ ശബ്ദം കേൾക്കുന്നുണ്ടോയെന്ന്‌ ചെവി കൂർപ്പിച്ച് കേട്ടു. കടലിന്റെ ഇരമ്പൽ മാത്രം കേൾക്കുന്നു. വരി മെല്ലെ ശവക്കുഴിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു.

എന്റെ അണ്ണന്മാർ മുന്നിലും പിന്നിലുമായി കുഴിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. അവർ ഇരുവരും എന്നെ തിരിഞ്ഞുനോക്കിക്കൊണ്ടേ കുഴിയിലേക്ക് ഇറങ്ങി. വരിയിൽ എനിക്കു പിന്നിലായി വന്നുകൊണ്ടിരുന്ന പള്ളിയിലെ മുതിർന്ന ആൾ അപ്പോൾ രാഗം മീട്ടി മന്ത്രിക്കാൻ തുടങ്ങി. തീർച്ചയായും അതദ്ദേഹം ശഹാദത്ത് കലിമ ചൊല്ലുന്നതാണ്. ഞാൻ ആ ശബ്ദത്തെ തന്നെ ചെവിയടുപ്പിച്ച് സൂക്ഷ്മമായി ശ്രവിച്ചു. അദ്ദേഹത്തിന്റെ സ്വരം പതിയെപ്പതിയെ ഉയർന്നുവരുന്നതായി തോന്നി. പെട്ടെന്ന് എന്റെ കാലുകൾ വരിയിൽനിന്ന് മാറി അനങ്ങാതെ നിന്നു. എന്നെ മറികടന്ന് ആ മുതിർന്ന മനുഷ്യൻ മുന്നോട്ട് നടന്നു. അദ്ദേഹത്തിന്റെ സ്വരം ഉപാസിച്ചുകൊണ്ടേയിരുന്നു.

വരിയിൽനിന്ന് മാറി നിന്ന എന്നെ ലക്ഷ്യമാക്കി ഒരു സൈനികൻ വേഗത്തിൽ നടന്നുവന്നു. അവന്റെ കണ്ണുകൾ എന്റെ കണ്ണുകളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. നല്ല ഉയരവും ചുരുണ്ട മുടിയുമുണ്ടായിരുന്ന അയാൾ രൂപസാദൃശ്യത്തിൽ എന്റെ ചെറിയ അണ്ണനെപ്പോലെത്തന്നെയുണ്ടായിരുന്നു. അയാൾ എന്റെയടുക്കലേക്ക് വന്നതും ഞാൻ പറഞ്ഞു:""വൈരവന് വിളക്ക് തെളിയിച്ച് ഞാൻ തിരികെയെത്താം...''
ഞാൻ പറഞ്ഞത് അവനു മനസ്സിലായില്ലെന്ന് തോന്നി. ഞാൻ വൈരവർ കോവിലിനെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. എന്നെയവൻ തടഞ്ഞില്ല. ഞാൻ മെല്ലെ നടന്ന് ഈ കിണറ്റിനരികിലേക്ക് വന്നു. തിരി തെളിയിക്കുന്നതിനു മുമ്പ് മുഖവും കൈകാലുകളും ശുചിയാക്കണം. കിണറ്റുവക്കിൽ ചില സൈനികർ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരോടു പറഞ്ഞു: "അല്പനേരം എന്റെ കൈകളെ അഴിച്ചുവിട്ടാലും. വൈരവർക്ക് വിളക്ക് വെച്ചു ഞാൻ തിരിച്ചു വരാം...'
ഒരു സൈനികൻ എന്റെ തലയെ മുറുകെപ്പിടിച്ചു. മറ്റൊരുത്തൻ എന്റെ കാലുകളെ പിടിച്ചു. അങ്ങനെത്തന്നെ എന്നെ പൊക്കിയെടുത്ത് കിണറ്റിലേക്ക് തള്ളി. ഞാൻ തപ്പിത്തടഞ്ഞ് എഴുന്നേറ്റുനിന്നു. കിണറ്റിനുള്ളിൽ എന്റെ മുഴങ്കാൽ വരെയാണ് വെള്ളമുണ്ടായിരുന്നത്. കിണറിലെ ഇരുട്ടിൽ മറഞ്ഞ് ഓരംചേർന്ന് ഒതുങ്ങി നിന്നുകൊണ്ട് വെളിയിൽ വെടിയൊച്ചകേൾക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചു. വെടിയൊച്ചയൊന്നും കേട്ടില്ല. യന്ത്രങ്ങൾ മുരണ്ടുകൊണ്ട് മുന്നിലേക്കുംപിന്നിലേക്കും നീങ്ങുന്ന ഇരമ്പലാണ്‌ കേട്ടുകൊണ്ടേയിരുന്നത്. പിന്നീട് ആ മുരൾച്ച എനിക്ക് വളരെയടുത്തു തന്നെ കേട്ടു. ഭൂമി മെല്ലെ കുലുങ്ങി. കിണറിന്റെ അരഭിത്തി ഇടിക്കപ്പെടുകയും പാളികളായി കിണറിനുള്ളിലേക്കിറങ്ങുകയും ചെയ്തു.''

നല്ലൈനാഥൻ മെല്ലെ ഗന്തേവത്തയുടെ കൈ പിടിച്ച് മൃദുവായി രണ്ടു പ്രാവശ്യം അമർത്തി. വെളുത്ത പുതപ്പിനാൽ പുതയ്ക്കപ്പെട്ട മനുഷ്യൻ കപ്പിൽനിന്ന് മിച്ചമുള്ള ചായയെ പതുക്കെ കഴിക്കാൻ തുടങ്ങി. നല്ലൈനാഥനും ഗന്തേവത്തയും ഏകദേശം ഒരു മണിക്കൂറോളം പതിഞ്ഞ സ്വരത്തിൽ പരസ്പരം ചർച്ച ചെയ്തു. പിന്നീട് കൂടാരത്തിന് പുറത്തേക്കു ചെന്ന് പോസ്റ്റുമോർട്ടം വിദഗ്ധനുമായും പോലീസുദ്യോഗസ്ഥനുമായും കൂടിയാലോചിച്ചു. അവർ വീണ്ടും കൂടാരത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ ആ മനുഷ്യന്റെ താറാമുട്ട കണ്ണുകൾ മുമ്പത്തെക്കാളും തിളങ്ങി പ്രകാശിക്കുന്നത് കണ്ടു. ""ഈ മനുഷ്യന്റെ ഉയിർ അവന്റെ കണ്ണുകളിലാണുള്ളത്'' എന്നു പറഞ്ഞു ഗന്തേവത്ത. ന്യായാധിപന്മാർ വീണ്ടും ഇരിപ്പിടങ്ങളിൽ ഇരുന്നു. ""താങ്കൾക്ക് താങ്കളുടെ പേര് കണ്ടുപിടിക്കാനായോ?''""ഇനിയും സാധിച്ചിട്ടില്ല സാർ''""ഇത്രയും കാലം മൂടപ്പെട്ട കിണറ്റിനുള്ളിൽ താങ്കൾ ജീവനോടെയുണ്ടായിരുന്നുവെന്നത് വലിയ അത്ഭുതമാണ്''""അവിടെ നിലം ചേർന്ന് കുറച്ചു വെള്ളം എങ്ങനെയാണോ കിടക്കുന്നത്, ചെടികളും പുഴുക്കളും കീടങ്ങളും എങ്ങനെയാണോ ഉള്ളത് അങ്ങനെത്തന്നെയാണ് ഞാനും കഴിഞ്ഞത്. അതിശയകരമായി ഒന്നുമില്ല''
ന്യായാധിപന്മാർ അല്പനേരത്തെ മൗനത്തിനുശേഷം വീണ്ടും സംസാരിക്കാൻ തുടങ്ങി. ""നാട്ടിൽ യുദ്ധത്തിന് അറുതി വന്ന് കൃത്യം എഴുവർഷമായി. യുദ്ധം നടന്ന കാലത്തു മുഴുവനും ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. പല ശവക്കുഴികൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും അന്യായം നടന്നിട്ടുണ്ട്. താങ്കൾ പറഞ്ഞതുപോലെ തമിഴനോ സിംഹളനോ അല്ലെങ്കിൽ ഇന്ത്യാക്കാരനോ എന്നറിയാത്ത മനുഷ്യാസ്ഥികൂടങ്ങൾ കുഴിച്ചുതോണ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കടന്നാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ സമാധാനം പുലർന്നിട്ടുള്ളത്. ഇത് വൈരം മറക്കുന്ന കാലമാണ്''
അടുത്ത ന്യായാധിപൻ തുടർന്നു:
""കണ്ടെടുക്കപ്പെടുന്ന ഈ ശവക്കുഴികൾ സംബന്ധിച്ച് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ വിചാരണകൾ ആവശ്യമെന്ന് അന്യരാജ്യങ്ങൾ എല്ലായ്‌പ്പോഴും നമ്മുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ നമ്മളാണെങ്കിൽ ആഭ്യന്തര വിചാരണകൾ മതിയെന്നാണ് പറയുന്നത്. ആഭ്യന്തര വിചാരണകൾ ആരംഭിക്കുകയും ചെയ്തു. ആ വിചാരണയുടെ ഭാഗമായാണ് ഈ കിണർതോണ്ടി താങ്കളെ കണ്ടെത്തിയത്. താങ്കൾ ഞങ്ങളുടെ മുമ്പിൽ നല്കിയ സാക്ഷ്യത്തെ പൂർണ്ണമായും ഞങ്ങൾ സ്വീകരിക്കുകയാണ്. എന്നാൽ താങ്കളുടെ സാക്ഷ്യംകൊണ്ട് ഈ നാടിനും ഈ നാട്ടുകാർക്കും എന്താണ് പ്രയോജനം? ഉണങ്ങിയ പുണ്ണിനെമാന്തിപ്പറിച്ച് ആരായുന്നതു പോലെയുണ്ട് താങ്കളുടെ സാക്ഷ്യം. മുറിവിനെ തോണ്ടിക്കൊണ്ടിരുന്നാൽ പുണ്ണ് എങ്ങനെയാണ് ഉണങ്ങുക? താങ്കളുടെ സാക്ഷ്യം പകയെ വളർത്തുകയല്ലാതെ സമാധാനത്തെയല്ല''
മറ്റേ ന്യായാധിപൻ വിധി പുറപ്പെടുവിച്ചു:""ഒത്തൊരുമയ്ക്കു വിലങ്ങുതടിയാകുന്ന യാതൊരു ശ്രമങ്ങളെയും ഞങ്ങൾ അനുവദിക്കുകയില്ല. എന്തിനുവേണ്ടിയും ഈ സമാധാനത്തെ നഷ്ടപ്പെടുത്താൻ ഞങ്ങൾ തയ്യാറല്ല. താങ്കൾ സാമൂഹ്യമായ ഉത്കണ്ഠ വെച്ചു പുലർത്തുന്ന ഒരാളെന്നും ജനങ്ങൾക്ക് സേവനം ചെയ്യുന്ന ഒരാളെന്നും പറഞ്ഞുവല്ലോ. അതിനാൽതന്നെ ഈ നാട്ടിലെ ഉത്തരവാദിത്തബോധമുള്ള പൗരനാണ് താങ്കളെന്ന് ഞങ്ങൾ കരുതുന്നു. സമാധാനത്തെ കാത്തുസൂക്ഷിക്കുകയെന്നത് താങ്കളുടെ കടമയാണ്!''
വിചാരണ അവസാനിച്ചതിന്റെ സൂചനയായി ന്യായാധിപന്മാർ എഴുന്നേറ്റുനിന്നു.
ശ്രദ്ധയോടു കൂടി പുറത്തേക്കേടുത്തതു പോലെത്തന്നെ ആ മനുഷ്യനെ ശ്രദ്ധയോടുകൂടി കിണറ്റിനുള്ളിലേക്ക് ഇറക്കുകയും കിണർ വീണ്ടും മൂടുകയും ചെയ്തു. കനകസഭൈത്യാഗാറാമിന്റെ ഹർജി ന്യായാധിപന്മാർ തള്ളുകയും ചെയ്തു.
രണ്ടു ന്യായാധിപന്മാരും ക്ഷീണത്തോടെയും മനപ്രയാസത്തോടെയും അവിടെനിന്ന് പുറപ്പെട്ടു. വണ്ടി രണ്ടു പേരെയും കയറ്റി പുറപ്പെട്ടപ്പോൾ ഒരു മിനിറ്റ് വണ്ടിയെ നിർത്താൻ പറഞ്ഞ നല്ലൈനാഥൻ അവിടെയുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ തന്റെയടുക്കലേക്ക് വിളിച്ച് ഒരു ഉത്തരവിറക്കി: ""ഊരിപ്പുലം വൈരവർക്ക് ഒരു ദിവസവും മുടങ്ങാതെ വിളക്ക് തെളിയിക്കണം''
ഗന്തേവത്ത മെല്ലെ നല്ലൈനാഥന്റെ കൈ പിടിച്ച് മൃദുവായി അമർത്തി. ▮


ഷോഭാശക്തി

യഥാർഥ പേര് ആന്തണിദാസൻ ജേശുദാസൻ. ശ്രീലങ്കൻ തമിഴ് എഴുത്തുകാരൻ, അഭിനേതാവ്. ആറുവർഷം എൽ.ടി.ടി.ഇയിൽ പ്രവർത്തിച്ച അദ്ദേഹം അഭിപ്രായവ്യത്യാസത്തെ തുടർന്ന് സംഘടന വിട്ടു. പിന്നീട് റെവല്യൂഷണറി കമ്യൂണിസ്റ്റ് ഓർഗനൈസഷന്റെ ഭാഗമായി. 1993ൽ ഫ്രാൻസിൽ രാഷ്ട്രീയാഭയം നേടി. 2015ലെ കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്‌കാരം ലഭിച്ച ദീപൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. ഗോറില്ല, മ് (നോവലുകൾ) എം. ജി. ആർ. കൊലൈവഴക്ക, കണ്ടിവീരൻ, മുഹ്‌മിൻ (കഥകൾ) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. സെങ്കടൽ, രൂബാ, ദി ലോയൽ മാൻ, ഫ്രൈഡേ ആൻഡ് ഫ്രൈഡേ തുടങ്ങിയ സിനിമികളിൽ അഭിനയിച്ചു.

എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments