ബാ. വെങ്കടേശൻ

"തേരിൽ ഉപവിഷ്ടനായവൻ കറങ്ങുന്ന രഥചക്രത്തിനുമുകളിൽ നിന്ന് താഴേക്ക് നോക്കുന്നതുപോലെ അവൻ രാപകലുകൾക്കും മീതെയിരുന്ന് താഴേക്ക് ദൃഷ്ടി പതിപ്പിക്കുന്നു. വാസ്തവത്തിൽ രാപകലുകളിൽനിന്ന് മുക്തനാകുവാൻ അറിയുന്നവന്റെ ആയുസ്സിനെ രാപകലുകൾ നശിപ്പിക്കുന്നില്ല'.ശതപഥ ബ്രാഹ്‌മണം II:3:3:12

മഴവീടിനുമുന്നിൽ വണ്ടികൾ നിന്നതും പരമശിവം പിള്ളയും ചിന്താമണിയും അവരവരുടെ കാലങ്ങളിൽനിന്ന് വെവ്വേറെയായി വെളിപ്പെട്ട് താഴെയിറങ്ങി. പറഞ്ഞുവെച്ചിരുന്നതുപോലെ മഴയും വന്നിരുന്നു. അവരെയവിടെ കൊണ്ടുവന്നുവിട്ട കൂടുവണ്ടികൾ കാഴ്ചയിൽനിന്ന് അകന്നപ്പോൾ മൺപാതയുടെ എതിർവശത്തുനിന്ന് അതു തന്റെ മുഴുവൻ ആകാരത്തെയും അറിയിച്ചവിധം അവരുടെ മുമ്പിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. സമചതുരത്തിലുള്ള പാറക്കല്ലുകൾ ഒന്നിനുമുകളിലൊന്നായി അടുക്കപ്പെട്ട് മാനംമുട്ടെ ഉയർന്നിരുന്ന ചാരുതയെയും അവയുടെ വിദഗ്ധമായ ആസൂത്രണത്താൽ ഉച്ചനേര വെളിച്ചത്തിന് പുതിയ അർത്ഥത്തെ പ്രദാനംചെയ്യുമ്പോലെ എട്ടുദിക്കുകളിലും ചിതറിക്കൊണ്ടിരുന്ന വർണ്ണങ്ങളെയും കണ്ണെത്തും ദൂരത്തോളം വ്യാപിച്ചിരുന്ന പൂന്തോട്ടത്തെയും കണ്ട് അവരിരുവരും തെല്ലുനേരം അമ്പരന്നു നിന്നു. അത് ഉറപ്പുള്ള കല്ലുകളാൽ നിർമ്മിച്ച വസ്തുവെന്നുതന്നെ ചിന്താമണിയാൽ വിശ്വസിക്കുവാൻ കഴിഞ്ഞില്ല.

കല്ലുകൾക്കുളളിൽ അവയുടെ ബലത്തെ അയവുവരുത്താതെത്തന്നെ പഞ്ഞിയുടെ മാർദ്ദവത്തെയും ലഘുത്വത്തെയും എങ്ങനെ നൽകാൻ കഴിഞ്ഞെന്ന് പരമശിവം പിള്ളയുടെ തൊഴിൽബുദ്ധിയും ആശ്ചര്യപ്പെട്ടു. പിൻഭാഗത്ത് വ്യാപിച്ചിരുന്ന ആകാശം കാഴ്ചയ്ക്കുള്ളിൽ അകപ്പെടുന്ന അതിരിനെ കണക്കാക്കി ആ അതിരുവരെ നിലാമുറ്റത്തെ വെളിപ്പുറത്തേക്ക് നീട്ടിയും ഇഴച്ചും യോജിപ്പിച്ചിരുന്ന രീതി ആകാശത്തെയും ആ വീടിന്റെ ഒരു അംഗമായി ഇണക്കിച്ചേർത്തിരുന്നു. ദിവസത്തിന്റെ കറക്കത്തെ വെളിപ്പെടുത്തുന്ന ഓറഞ്ച് ഊത ഇളംപ്പച്ച ചുവപ്പ് മഞ്ഞൾ കൂടാതെ കടുംനീല എന്നിങ്ങനെ ഏതു നിറമായിരുന്നാലും പുറംചുവർ അവയെ സ്വാംശീകരിച്ചുകൊണ്ട് ഉടൻതന്നെ അതിനു തക്കവണ്ണം തന്റെ നിറത്തെയും അനുരൂപപ്പെടുത്തുമെന്നത് അതിനെ കണ്ടമാത്രയിൽതന്നെ പരമശിവം പിള്ളയ്ക്ക് മനസ്സിലായി. മുഖപ്പിലേക്കും എതിരെ വിസ്തൃതമായിക്കിടക്കുന്ന മരക്കൂട്ടങ്ങളിലേക്കുമായി പറന്നുപറന്ന് മായപ്പാലമിട്ടുകൊണ്ടിരുന്ന പറവകളുടെ ചിലപ്പ് ആ അത്ഭുതത്തിന് വായില്ലാത്ത കുറവു മാത്രമാണല്ലോയെന്ന് അനന്യമായ ഒരു മൊഴിയെയും അതിനാൽ അന്തരീക്ഷത്തിന് പൂർണ്ണതയെയും പ്രദാനം ചെയ്തുകൊണ്ടിരുന്നു. മട്ടുപ്പാവിൽ ഭംഗിയോടെ വളർത്തപ്പെട്ടിരുന്ന മുത്തുപോലെ ചെറിയ ഇലകളുള്ള പടർക്കൊടിവർഗങ്ങൾ കൈവരികളിൽ പറ്റിപ്പിടിച്ചുകൊണ്ട് വിളിമ്പിലേക്ക് കയറി അവിടെനിന്ന് പുറത്തുകൂടി കവിഞ്ഞ് അടിത്തട്ട് ലക്ഷ്യമാക്കി ശറേന്ന് ഇറങ്ങിക്കൊണ്ടിരുന്നു. അവയുടെ നിബിഡതയ്ക്കുള്ളിൽ ചുവരുകൾ പതുങ്ങിയിരിക്കുന്നതിനാൽ ഭീമാകാരമായ ഒരു പുരാതന വൃക്ഷത്തിന്റെ ചായലിനെ കെട്ടിടം കൈവരിച്ചിരുന്നു. പുറംചുവരുകളുടെ ചെരിവിനോട് ചെരിവായി അതിനെ ബാധിക്കാത്തവിധം അവിടവിടെയായി സ്ഥാപിക്കപ്പെട്ടിരുന്ന പിറകളും കൂമ്പുകളും പീഠങ്ങളും ആ പച്ചപ്പരപ്പുമായി ഇണങ്ങിയിരിക്കുകയാൽ പറവകളുടെ ഭയവും ശങ്കയും തീർത്തും അകന്നുപോയിരുന്നു. കാലുകൾകൊണ്ട് കൂമ്പുകളിൽ അള്ളിപ്പിടിച്ച് ഇലയിടുക്കുകളിൽനിന്ന് കീടങ്ങളെ കൊത്തിപ്പറിക്കുന്ന ഉള്ളാൻകുരുവികളും വള്ളിത്തണ്ടുകളിൽ പറ്റിപ്പിടിച്ചിരുന്നുകൊണ്ട് ഊഞ്ഞാലാടുന്ന തത്തകളും ഉള്ളിൽ മറഞ്ഞുകിടക്കുന്ന പിറകളെ തേടിപ്പിടിച്ച് അവയ്ക്കുള്ളിൽ കൂടുകെട്ടിയിരിക്കുന്ന കുരുവികളും രാത്രി മുഴുവൻ അലഞ്ഞുതിരിഞ്ഞ ക്ഷീണം ഉറങ്ങിത്തീർക്കാനായി ബാക്കികിടക്കുന്ന പിറകളിൽ വന്നണഞ്ഞ മൂങ്ങകളും എവിടെയുമമരാൻ മനസ്സില്ലാതെ എല്ലാത്തിനെയും സന്ദേഹക്കണ്ണോടെ കണ്ടുകൊണ്ട് കൊക്കിക്കൊക്കിപ്പറന്നുകൊണ്ടിരിക്കുന്ന മൈനകളും കൂടാതെ കുയിലുകളും അണ്ണാന്മാരും ഇവയെല്ലാറ്റിനെയും അണച്ചുപിടിച്ചതുപോലെ പെയ്തുകൊണ്ടിരുന്ന മഴയും ആ പ്രദേശത്തെത്തന്നെ മറ്റൊരു ലോകത്തിന്റെ മൊഴിപോലെയാക്കി മാറ്റിയിരുന്നു. അവർ വന്നിറങ്ങിയപ്പോൾ ഭാരം കുറഞ്ഞ സന്തോഷത്തിൽ കൂടുവണ്ടികളിൽ പൂട്ടപ്പെട്ടിരുന്ന കുതിരകൾ തങ്ങളെ തെല്ലൊന്നു സ്വസ്ഥതപ്പെടുത്താനായി മുൻകാലുകളെ തറയിലടിച്ച് ചിനച്ചപ്പോൾ ആ ശബ്ദത്തിൽ, അത് നിസ്സാരമായിരുന്നുവെങ്കിലും വീടിന്റെ മുന്നിൽ തളംകെട്ടിയിരുന്ന നിശ്ശബ്ദതയിൽ വലിയ ആപത്ത് സംഭവിച്ച് ഇഴയടുപ്പത്തിന്റെ മൊത്തത്തിലുള്ള ലയത്തിനും ഭംഗം വന്നതുപോലെ നൂറുകണക്കിന് ചിറകുകൾ ഒരേ സമയത്ത് വശങ്ങളിൽനിന്ന് വിരിഞ്ഞു. ശപിക്കപ്പെട്ട രാക്ഷസനെപ്പോലെ വീട് തന്റെ സ്ഥൂലശരീരത്തെ പൂർണമായും അങ്ങനെത്തന്നെ അന്തരത്തിൽ ഉയർത്തി. അടിത്തളത്തിൽനിന്ന് മേൽത്തളംവരെ കല്ലുകൾ കൊടിവർഗങ്ങളോടൊപ്പം കുലുങ്ങി. ഭയവും അതൃപ്തിയും അറിയിച്ച് ഒച്ചയിട്ടു. തന്റെ ഇലകളെ പൊഴിച്ച് വീട് വെറുപ്പ് കാട്ടി. തങ്ങളുടെ കണ്മുന്നിൽനിന്ന് കെട്ടിടം പറന്ന് മറഞ്ഞുപോകുന്നതും പ്രതീക്ഷിച്ച് ഇരുവരും പരിഭ്രമിച്ചു നിന്നു. ക്ഷണനേരത്തേക്ക് ഭയവും ശകുനപ്പിഴയും അവരുടെ മുഖങ്ങളെ വിവർണ്ണമാക്കി. (പിള്ളയെ അണച്ചുപിടിക്കാൻ കൈകളുണ്ടായിരുന്നു. ഒറ്റയ്ക്ക് വന്ന ചിന്താമണിക്ക് സ്വയം ആശ്വസിപ്പിക്കേണ്ടിയിരുന്നു).

ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം

തങ്ങളുടെ മുന്നിൽ കെട്ടിടം കളിച്ചുകൊണ്ടിരുന്ന നാടകം തീരുന്നതുവരെ അവർ ക്ഷമയോടെ കാത്തുനിന്നു. പരിസരത്തിൽ വീണ്ടും കുതിരക്കുളമ്പടിയുടെ മാറ്റൊലിയടങ്ങി ശാന്തത കൈവരുന്നതുവരെ ആ വിചിത്രജീവി തന്റെ ഇരിപ്പിനു മീതെയുള്ള അസ്ഥിരതയിൽ നിലകൊള്ളാതെ വിഷമിച്ചുകൊണ്ടിരുന്നു. പിന്നീട് ഒരുവിധത്തിൽ പ്രതിഷേധമടങ്ങി സമാധാനം തിരികെ വന്നതായ സൂചനയുമായി സൗമ്യതയോടെ സ്വന്തത്തെ തന്റെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. പരമശിവം പിള്ളയും ചിന്താമണിയും താന്താങ്ങളുടെ കാലങ്ങളിലൂടെ നീങ്ങി വാതിൽപ്പടിയിലെത്തിച്ചേരാൻ വെളിപ്പുറമതിലിനും വീടിനുമിടയിലുള്ള പാതയെ കടക്കേണ്ടിവന്നപ്പോൾ മരങ്ങൾ മഴയെ തടുത്ത് മിതപ്പെടുത്തി അവരുടെ മുകളിൽ കുടയായ് ചൂടിയപോലെ അകത്തേക്ക് കൂട്ടിക്കൊണ്ടുചെന്നു. ഉമ്മറപ്പടിക്കരികിൽ ഉറപ്പിച്ചിരുന്ന വാഴത്തൈകളും പൂന്തോരണങ്ങളും ഇരുവരുടെ നെഞ്ചിടിപ്പിനെയും ശമിപ്പിച്ച് വരവേറ്റു. വാതിൽ തുറന്നതും അകത്തുള്ള വലിയ സ്വീകരണമുറിയിലും കതകിന് നേരെ എതിരെത്തന്നെ മുന്നറയിൽനിന്ന് ഉൾഭാഗത്തേക്കായി നീണ്ടുകിടന്ന നടപ്പാതയുടെ മറുതലയ്ക്കൽ ചതുരവടിവിൽ പണികഴിപ്പിച്ചിരുന്ന മുറ്റത്തും കാഴ്ച നിറഞ്ഞുനിന്നിരുന്നു. മുറ്റത്തിനു മുകളിലെ മുറ്റത്തിന്റെ അതേ അളവിലുള്ള തുറസ്സിലൂടെ മഴയും വെളിച്ചവും വീട്ടിനകത്തേക്ക് പെയ്തുകൊണ്ടിരിക്കുന്നതിനെ കാണാൻ കഴിഞ്ഞു. നന്നായി അലക്കിയ ഒരു മസ്ലിൻ തുണിവല തൂങ്ങിക്കിടക്കുന്നതിനു സമാനമായിരുന്നു അത്. മുറ്റത്തെ കേന്ദ്രപ്പെടുത്തിയാണ് വീടിന്റെ മൊത്തത്തിലുള്ള രൂപകല്പനയും തീരുമാനിച്ചിരിക്കുന്നെന്നതിനെ പരമശിവം പിള്ള കണ്ടമാത്രയിൽതന്നെ മനസ്സിലാക്കി. അതൊരു ആരോഗ്യകരമായ വളരെ പഴയ കെട്ടിടനിർമ്മാണരീതിയാണ്. വെള്ളക്കാരുടെ വരവിനുശേഷം പൊതുവായ കെട്ടിടനിർമ്മാണരീതിയിൽ മാറ്റം സംഭവിച്ച് മുന്നറയുടെ നിർമ്മിതിതന്നെ വീടിന്റെ മറ്റുഭാഗങ്ങളെ നിർണ്ണയിക്കുന്നതായ രീതി സംജാതമായിരുന്നു. അത് വീടിന്റെ ഓരോ നിലകളും അതാതിന്റെ ഉള്ളിൽ ഉൾക്കൊള്ളേണ്ടതായ അന്തർലീനമായിക്കിടക്കുന്ന സമതുലനാവസ്ഥയെയും കൂടാതെ ഉറപ്പിനെയും തളർത്തിക്കൊണ്ടിരിക്കും. മഴവീട്ടിൽ മുറ്റത്തോടുചേർന്ന് നാലുപുറങ്ങളിലുമായി അരികുകൾ പണിതിരിക്കുന്ന വരാന്തയുടെ മേൽവിതാനത്തിൽനിന്നുള്ള കഴുക്കോലുകൾ അതിനെച്ചുറ്റി വശങ്ങളിൽ രണ്ടെന്നവീതം നിർമ്മിക്കപ്പെട്ടിരുന്ന എട്ടുമുറികളുടെയും അകത്തിരിക്കുന്ന തൂണുകളെ അള്ളിപ്പിടിച്ചവിധം കുത്തിനിർത്തപ്പെട്ടിരുന്നു. മുറ്റത്തോടുചേർന്ന് വരാന്തയുടെ പുറംവക്കുകളിൽ വരിയായി നിർത്തപ്പെട്ടിരുന്ന മരത്തൂണുകൾ, മുറികൾക്കകത്തെ തൂണുകൾ താങ്ങിയിരുന്ന തൂക്കത്തെ സമപ്പെടുത്തുന്ന മുഖമായി ഈയറ്റത്ത് നിലകൊണ്ടിരുന്നു. മൗനം മിന്നിത്തിളങ്ങുന്ന കടുംതവിട്ടുനിറത്തിൽ മഴയും വെളിച്ചവും ഇഴചേരുന്ന മനോഹരമായ തുറസ്സിൽ കലരാൻ കഴിയാതെ അവ തപസ്സിലേക്കാണ്ടിറങ്ങിയിരുന്നു. മുറികളുടെ രൂപകല്പന മാത്രമല്ല മുറികൾക്കുളളിൽ ഉണ്ടായേക്കാവുന്ന ചെറുചലനത്തെപ്പോലും തീരുമാനിക്കുന്ന എടുപ്പും ചുമതലയും അവയുടെ കിടപ്പിൽ പ്രകാശിച്ചുകൊണ്ടിരുന്നു. വരാന്തയുടെ മേൽഭാഗത്തെ പുതച്ചുമൂടിയിരുന്ന ഓടിട്ട കൂരയുടെ തണുപ്പിൽ ഇളംചൂടുണ്ടാക്കുന്ന മിതമായ ഇരുട്ടിനുള്ളിൽ മുറികൾ പതുങ്ങിയിരുന്നു. പിറകൾ നാട്ടിയ ചുവരുകളെ പിളർന്നുകൊണ്ട് നീണ്ട നടപ്പാതകളും അവയിൽനിന്ന് ഇടംവലമായി പിരിഞ്ഞ വഴിപ്പിരിവുകളും വീട്ടിലെ മറ്റു മുറികളിലേക്ക് അവരെ കൂട്ടിക്കൊണ്ടുചെന്നു. (കിടപ്പറയിലേക്ക് ചിന്താമണി അനുവദിക്കപ്പെട്ടില്ല). പാതയിലെങ്ങും മനസ്സിനെ അസ്വസ്ഥമാക്കാത്ത ഇളംചൂടിനെയും തണലിനെയും ഉണ്ടാക്കിയവിധംതന്നെ മുറ്റത്തിന്റെ പ്രതിഫലനം കൂടെവന്നു. കരിങ്കൽ പാകിയ അതിന്റെ തറയിൽ മഴയടിച്ച് രൂപപ്പെട്ട ഈറൻധൂളി വീടുമുഴുവൻ പഞ്ഞിമെത്തപോലെ വിരിഞ്ഞിരുന്നു. മഴക്കാലത്ത് വീടിന്റെ മുക്കും മൂലയും മഴയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കാത്തവിധം അത്ര ശ്രദ്ധയോടെ മുറിയുടെ ചുമരുകളിൽ ജനാലകൾ സ്ഥാപിച്ചിരുന്നു. അമിതമായി മഴ വീഴുമ്പോൾപോലും ഓരോ നിലയിലും അതിന്റെ ചാറ്റൽ പാച്ചിലിനെ നിയന്ത്രിച്ച് ഉള്ളറകളിലെ ശീതോഷ്ണത്തെ താങ്ങുന്നയളവിൽ അതിനെ അനുവദിക്കുംവിധം പാതവളവുകൾ ചിലയിടങ്ങളിൽ പൊടുന്നനെയും മറ്റു ചിലയിടങ്ങളിൽ മന്ദതയോടെയും തിരിഞ്ഞൊഴുകുമ്പോലെ ആസൂത്രണം ചെയ്ത് നിർമ്മിച്ചിരുന്നു. അതിനാൽ മഴയോ വെയിലോ മുറ്റത്ത് വീണ വേഗത്തിൽത്തന്നെ പിന്നോട്ടൊഴുകി വീടിന്റെയുള്ളിലെ താപനിലയെ ബാധിച്ച് കോട്ടംവരുത്തുന്ന അപായം ഒഴിവാക്കപ്പെട്ടിരുന്നു. താഴത്തെ നിലയിൽ ഓരോ ഞാണും വീടിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന മുറ്റത്തിന്റെ പ്രതാപവുമായി ഇവ്വിധം ഇണക്കി നിർമ്മിക്കപ്പെട്ടിരിക്കെ മേൽത്തളം ഇതിനു നേർവിപരീതമായും ഇതിനെ തുല്യപ്പെടുത്തുന്നവിധത്തിലും ഓരോ ദിശയും അതിന്റേതായ സ്വാഭാവികതയോടെ നിവർന്നുനിൽക്കുമ്പോലെ അയവുവരുത്തപ്പെട്ടിരുന്നു. കീഴ് മേൽത്തളങ്ങളിൽ വീടിന്റെ ആയുസ്സിനെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ടടുക്കുച്ചുമരും ഗുരുത്വാകർഷണ ബലത്തെ ചെറുത്തുനിൽക്കാൻ അതു നിലകൊള്ളേണ്ട ബിന്ദുവും ഒരേസമയത്ത് യഥാക്രമം മധ്യത്തെ നോക്കി കേന്ദ്രീകരിക്കുന്നവിധത്തിലും മദ്ധ്യത്തിൽനിന്ന് അകന്നുപോകുന്നതവിധത്തിലും നിർമ്മിച്ചിരിക്കുന്നതിനാൽ ഇരുനിലകളെയും ഇണക്കുന്ന തട്ടിന്റെ ചുമതല വളരെ തുല്യമായ സന്തുലിതാവസ്ഥ കൈക്കൊണ്ടിരുന്നു. വീടിന്റെ ആയുസ്സ് ഇനിയും പല നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുമെന്ന് പരമശിവം പിള്ള തന്നോട് തന്നെ പറഞ്ഞു. താഴത്തെ നിലയിൽ നിർമ്മാണകലയുടെ സൂക്ഷ്മത ചൊവ്വായി വെളിപ്പെട്ടിരുന്നതുപോലെത്തന്നെ അതിനെ ഭാവന ചെയ്തവന്റെ സൗന്ദര്യബോധം മുകൾനിലയിൽ അതിന്റെ പൂർണത കൈവരിച്ചിരുന്നു. മഴവീടിന് ദേശക്കാരാണ് ആ പേരു നൽകിയത്. അതിന്റെ പുറത്തെ മതിലിൽ അങ്ങനെ പേരു കൊത്തിവെച്ച പലകയൊന്നും തൂക്കിയിടപ്പെട്ടിരുന്നില്ല. എന്നാൽ ആ പേര് അതിന് തികച്ചും യോജിക്കുമെന്നതിനെ തെളിയിക്കുന്ന പല വിഷയങ്ങളെയും ചിന്താമണിയാൽ മുകൾനിലയിൽ കാണാൻ സാധിച്ചു. അവിടെ തുറസ്സിലൂടെ വീഴുന്ന മഴ നാലുഭാഗത്തും ഏകതാനമായ ചെരിവുകളിലിറങ്ങി കുറച്ചു താഴെ വഴിയൊരുക്കിയിരുന്ന ഓടകളിലേക്ക് ചെന്നുപതിച്ച് സഞ്ചയിച്ചതിനൊടുവിൽ ഓരോരോ അടിവീതം അകലത്തിലുള്ള നീണ്ട തുളയിലൂടെ നൂലുപിടിച്ചതുപോലെ മട്ടുപ്പാവിനു വെളിയിലേക്ക് തിരശ്ശീലയിട്ട് ഇറങ്ങികൊണ്ടിരുന്നു. മട്ടുപ്പാവിനു കീഴ്പുറത്തായി വെളിയിൽ നീണ്ടുകിടന്നിരുന്ന തകരപ്പാളിയിലേക്ക് അതു ചെന്നുപതിച്ചതും ഈരണ്ടങ്കുലം വീതം അകലത്തിലായി നീണ്ടുകിടക്കുന്ന തുളകളിലൂടെ നേർത്ത തിരശ്ശീലയായി അരിക്കപ്പെട്ട് വീടിനെ നാലുവശങ്ങളിലും വളഞ്ഞുകൊണ്ട് മൂടൽമഞ്ഞുപോലെ തറയിൽചെന്നു ചേരുന്നു. തറയിൽ പുല്ലുകൾക്ക് നടുവിൽ സ്ഥാപിക്കപ്പെട്ടിരുന്ന ചെറിയ ചെറിയ അടുക്കുകളായി വെട്ടപ്പെട്ട് പടിപടിയായി നീണ്ടുകിടക്കുന്ന നീർച്ചാലുകൾവഴിയേ കുതിച്ചോടി ഓരത്തെ ചെടിപ്പടർപ്പിലേക്ക് അതു ചെന്നുപതിക്കാൻ വഴിയൊരുക്കപ്പെട്ടിരുന്നു. മട്ടുപ്പാവിന്റെ അരഭിത്തിയുടെ വിളിമ്പുകളിലായി നാട്ടപ്പെട്ടിരുന്ന ആണത്തം തുളുമ്പുന്ന നാലു വ്യാളികൾ പരമാവധി മുന്നിലേക്ക് വളഞ്ഞ് ദേശത്തിന്റെ ദിക്കുകളെ ഉറ്റുനോക്കികൊണ്ടിരുന്നു. (ഓരോരുത്തരുടെയുമുള്ളിലിരിക്കുന്ന മറ്റാരെയോ കടിച്ചുകീറി വിഴുങ്ങുന്നതുപോലെയുള്ള ഭാവമായിരുന്നു അവയ്ക്ക്). അവയുടെ മുതുകിൽ വലിയൊരു കൽസഞ്ചി തൂങ്ങിക്കിടന്നിരുന്നു. മഴ പെയ്യുമ്പോഴെല്ലാം വെള്ളത്തെ അവ ആ കൽസഞ്ചിയിൽ വാങ്ങിക്കൊണ്ടിരുന്നു. വെള്ളം നിറയവേ സഞ്ചിയുടെ മധ്യഭാഗത്തുണ്ടാക്കിയിരുന്ന തുള വഴി അത് ചോർന്ന് വ്യാളികളുടെ അകന്നു പിളർന്നിരിക്കുന്ന വായയിലെത്തി അവിടെനിന്ന് വളരെ വേഗത്തിൽ ഇരുപതടി ദൂരം മാറി പെരുംനീർതൂണായി തറയെനോക്കി പതിച്ചുകൊണ്ടിരുന്നു. വ്യാളികളുടെ ഉടലുകൾക്കുള്ളിൽ നവപാഷാണവും പച്ചിലകളും വിരളമായ ഇനം കായകളും മരപ്പട്ടകളും നിറച്ചുവെച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞുകേൾക്കുന്നു. മഴപെയ്യുന്ന കാലങ്ങളിൽ വ്യാളിയുടെ ഉമിനീർ മനം മയക്കുന്ന സുഗന്ധത്തെ ദേശത്ത് പരത്തിക്കൊണ്ടിരുന്നു. ആ ഗന്ധം മണത്തുകൊണ്ട് പിറന്ന കുഞ്ഞുങ്ങൾ ഊനം തട്ടാത്ത കായബലവും മറുകില്ലാത്ത അഴകും ഉള്ളവരായിരുന്നു. ആ നേരത്തെ രാവുകൾക്ക് ഇണചേരാനുള്ള മോഹത്തെ അധികരിപ്പിക്കുന്ന മുല്ലപ്പൂമണവും നീലനിറവുമുണ്ടായിരുന്നു. മഴവീട് മഴയുടെ സ്ഥൂലവടിവിനെ ഒളിയായും ഗന്ധമായും മനോഭാവമായും അതിന്റെ സമ്മതത്തോടെത്തന്നെ തുടർന്നും ചിതയ്ച്ചുകൊണ്ടിരുന്നു. അവ ഹൊസൂരിലെ അനന്യമായ കാറ്റിൽ ഇഴുകിച്ചേർന്നപ്പോൾ കാലങ്ങൾക്കുശേഷവും അവിടെ വരാനിരിക്കുന്ന പുതിയ ആൾക്കാരോട് മഴവീടിനെക്കുറിച്ച് പറയുന്ന സ്ഥിരം കഥപറച്ചിലുകാരനായി മഴ മാറിയിരുന്നു.

ഉദ്ദനപ്പള്ളി ജമീന്ദാർ തന്റെ ഭാര്യ തനിക്ക് യാതൊരു അവകാശിയെയും നൽകാതെ മരിച്ചുപോയതിനാൽ മൈസൂരിൽനിന്നൊരു പെണ്ണിനെ രണ്ടാം കെട്ടുകാരിയായി കൂട്ടികൊണ്ടുവന്നപ്പോൾ അതിന് കുറച്ചുകാലത്തിനു മുമ്പുതന്നെ അയാളുടെ യൗവ്വനം അയാളെവിട്ട് പറന്നകന്നിരുന്നു. കൂട്ടിക്കൊണ്ടുവന്ന പെണ്ണാണെങ്കിൽ കൗമാരപ്രായക്കാരി. ജോഡിപ്പൊരുത്തം കണ്ടുകൊണ്ട് തന്റെ മുതുകിനുപിന്നിൽ ദേശക്കാർ ചിരിക്കുന്നുണ്ടെന്നത് ജമീന്ദാർക്കും അറിയാമായിരുന്നു. അയാൾ അതേക്കുറിച്ച് ഉത്കണ്ഠപ്പെട്ടില്ല. (സ്വന്തത്തിന് വന്നാലറിയും തലവേദനയും പനിയും). എന്നാൽ വിവാഹം നടന്ന് കുറച്ചുനാളുകൾ കഴിഞ്ഞ് കിടപ്പറയിലെ വിളക്കുകളണക്കപ്പെട്ടശേഷം ആ പെണ്ണുതന്നെ തന്റെ നേരെ നോക്കിച്ചിരിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ അതിനെ സാമാന്യമായി കൈകൊള്ളാൻ അയാളെക്കൊണ്ട് സാധിച്ചില്ല. യുവത്വത്തിന് താൻ ഏതുവിധത്തിലും കുറഞ്ഞവനല്ല എന്നതിനെ അവൾക്ക് തെളിയിച്ചുകൊടുക്കണമെന്ന് പ്രണയവികാരത്താൽ അയാൾ തുടിച്ചുകൊണ്ടിരുന്നു. നരച്ച മീശ അതിനു യോജിച്ചതല്ല തന്നെ. (എന്നാൽ ശരീരങ്ങളുടെ ഇണചേരൽ മാത്രമാണോ പ്രണയം?) ഉടലാൽ തളർച്ച അനുഭവിക്കുന്നുണ്ടെങ്കിലും ഉള്ളത്താൽ താനൊരു കാമുകനാണെന്നതിനെ എങ്ങനെ അറിയിച്ചുക്കൊടുക്കുമെന്ന ചിന്തയുമായി അയാൾ പല രാവുകളെ ഉറക്കമില്ലാതെ ചെലവഴിച്ചു. ഒടുവിൽ വടക്ക് ഏതോ ഒരു ബാദ്ഷ തന്റെ പത്‌നിക്കായി പണിതപോലെ ഒരു മണിമാളികയെ താനും തന്റെ ഭാര്യയ്ക്കായി പടുത്തുയർത്തണമെന്ന് തീരുമാനിച്ചു. ഉദ്ദനപ്പള്ളിയിൽനിന്ന് തെല്ലകലെ ഹൊസൂരിനു പുറത്ത് മൊത്തം* ആഗ്രഹാരത്തിന്റെ അറ്റത്ത് രാമനായക്കൻ തടാകത്തെ നോക്കി സ്ഥിതിചെയ്തിരുന്ന, വർഷം മുഴുവനും മനോഹരമായ കാലാവസ്ഥയുള്ള ഒരു പരന്ന നിലത്തെ പോകുന്നപോക്കിൽ ആ പെൺകുട്ടി കൈചൂണ്ടിക്കാണിച്ചുകൊണ്ട് പോയി. കുതിരവണ്ടി ആ സ്ഥലത്തെ കടന്നുപോകാനായി വേണ്ടിവന്ന ചില നൊടിനേരത്തിനുള്ളിൽ ചിന്തിച്ചപ്പോൾ എല്ലാം വളരെ എളുപ്പമുള്ള കാര്യമായാണ് തോന്നിയത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ നടന്നില്ല. നിലത്തിന്റെ ഉടമസ്ഥനായ ബസവണ്ണ ജമീന്ദാരുടെ ആൾക്കാരോട് സ്ഥലം വിൽക്കുന്നതിനെക്കുറിച്ചുള്ള സംസാരംതന്നെ വേണ്ടെന്നു പറഞ്ഞ് തിരിച്ചയച്ചു. ജമീന്ദാർക്ക് മുഖത്തടിയേറ്റതുപോലെയായി. നേരത്തെ താനൊരു ഉത്തമ കാമുകനാണെന്നതിനെ തെളിയിക്കാനുള്ള വെറിയിൽ തുടിച്ചുകൊണ്ടിരുന്ന അയാൾക്കിപ്പോൾ അതിലുപരി തന്റെ സ്വാധീനശക്തിയെയും തന്റെ ഇളംപ്രായക്കാരിയായ ഭാര്യയുടെ മുമ്പിൽ തെളിയിച്ചുകൊടുക്കണമെന്നുള്ള സമ്മർദ്ദം വന്നുപെട്ടു. അയാൾ ഒളിഞ്ഞും തെളിഞ്ഞും ആൾക്കാരെ അയച്ചും നേരിൽചെന്നും നയപരമായി സംസാരിച്ചും ഭയപ്പെടുത്തിയും ബസവണ്ണയെ പാട്ടിലാക്കാൻ വളരെ പാടുപെട്ടു. വിൽക്കുന്ന നിലത്തിനു ഈടായി അതേപോലെ രണ്ടിരട്ടി മതിപ്പും വിസ്തീർണ്ണവുമുള്ള മറ്റൊരു നിലത്തെ മത്തിഗിരിയിലോ അന്തിവാടിയിലോ തരാമെന്നു പറഞ്ഞും ചോദിച്ചുനോക്കി. ബസവണ്ണ വഴങ്ങിയില്ല. പ്രശ്‌നമെന്തെന്നാൽ ബസവണ്ണയുടെ നിലം കിടക്കുന്ന സ്ഥലമോ അളവോ മൂല്യമോ അല്ല എന്നതുതന്നെ. മറിച്ച് അതിന്റെ സവിശേഷമായ പാരമ്പര്യം. ഒരു കാലത്ത് ടിപ്പു മന്നൻ തന്റെ കുതിരകളെ കെട്ടാനുള്ള ലായമായി ഉപയോഗിച്ചുകൊണ്ടിരുന്നുവെന്ന കീർത്തി അത് നേടിയിരുന്നു. കുതിരച്ചാണകത്താൽ മറ്റേതു നിലത്തേക്കാളും കൂടുതൽ വർഷങ്ങൾ നിലനില്ക്കുംവിധം വളരെ വളക്കൂറുള്ള മണ്ണായി അത് മാറിയിരുന്നു. അതിനെ വിൽക്കുകയെന്നത് പാരമ്പര്യ ഖ്യാതിയോടും പെരുമയോടും ശവകുടീരങ്ങളിൽ അന്ത്യവിശ്രമംകൊള്ളുന്ന മുൻഗാമികളുടെ പേരിനെയും ആശിർവാദങ്ങളെയും വിൽക്കുന്നതിനു സമമാണ്. എന്നാൽ ജമീന്ദാർ വിടുന്ന മട്ടിലല്ലായിരുന്നു. അയാൾ ഉപേക്ഷിച്ചാലും ആ കൗമാരക്കാരി അയാളെ വിടുന്ന മട്ടിലല്ലായിരുന്നു. ഇരവുകാലങ്ങളിൽ വിളക്കണക്കുവാൻതന്നെ പേടിക്കുംവിധത്തിലേക്ക് നില രൂക്ഷമായപ്പോൾ ചതുരുപായങ്ങൾ ശ്രമിച്ച് തോറ്റുപോയ ജമീന്ദാർ തന്റെ സ്വാധീനമുപയോഗിച്ച് ബസവണ്ണയെ വീഴ്ത്തുവാൻ തീരുമാനിച്ചു. ഇത്രയും നിസ്സാരകാര്യത്തിനെല്ലാം തന്നെ സമീപിക്കാനുള്ള നിലയിലേക്ക് രണ്ടാം കെട്ടുകാരി കാരണം ജമീന്ദാർ തന്റെ വിലകളഞ്ഞെന്ന് പരിഹസിച്ചെങ്കിലും സഹായം ചെയ്യുമെന്ന് ജില്ലാ കലക്ടർ അയാൾക്ക് വാക്കു കൊടുത്തു. ഉടനെ തന്റെ വാക്കു പാലിക്കുകയും ചെയ്തു. കലക്ടർ പ്രതീക്ഷിച്ചതുപോലെത്തന്നെ സർക്കാർ മുദ്രവെച്ച ലക്കോട്ട് കണ്ടപ്പോൾ ബസവണ്ണ നടുങ്ങുകതന്നെ ചെയ്തു. രാമനായക്കൻ തടാകക്കരയ്ക്ക് സമീപത്തെ നിലത്തിന്മേൽ അയാൾക്കുള്ള അധീശാധികാരം തെളിയിക്കുന്ന പ്രമാണങ്ങളുമായി ഉടനെ കലക്ടറുടെ കാര്യാലയത്തിൽ അയാൾ ഹാജരാകണമെന്ന് അതിൽ കണ്ടിരുന്നു. ബസവണ്ണയുടെ കൈയ്യിൽ അങ്ങനെ രേഖകളൊന്നുമില്ല. ടിപ്പു മന്നൻ പോകുന്നപോക്കിൽ സമ്മാനമായി വീശിയെറിഞ്ഞുപോയ നിലത്തെ എഴുത്തുമൂലം പ്രമാണപ്പെടുത്തിക്കൊള്ളണമെന്ന് അവനും അവന്റെ അപ്പനപ്പൂപ്പന്മാർക്കും തോന്നിയിരുന്നില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അവനോടൊപ്പം വളർന്നുപഴകിയവരെല്ലാംതന്നെ അവന്റെ അപ്പനപ്പൂന്മാരുടെക്കൂടെ വളർന്നു പഴകിയവരുടെ അവകാശികളാണ്. എല്ലാവർക്കും ബസവണ്ണയുടെ നിലം ടിപ്പു മന്നന്റെ പഴയ കുതിരാലയമാണെന്നറിയാം. രണ്ട്, അവരും ടിപ്പു മന്നന്റെ കാലത്തിൽതന്നെ വളരെ വർഷങ്ങളായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഹൊസൂർ, ഉദ്ദനപ്പള്ളി, ബാഗലൂർ, അന്തിവാടി, മത്തിഗിരി എന്നീയിടങ്ങൾക്കപ്പുറം നിലവകാശങ്ങളെയെല്ലാംതന്നെ രേഖകളായി സ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നതിനെ അവരും അറിഞ്ഞിരുന്നില്ല. ഇതെല്ലാമിരിക്കെ അങ്ങനെ പ്രമാണമെന്ന് എന്തെങ്കിലും കൈയ്യിലുണ്ടായിരുവെങ്കിൽപോലും നിലത്തിന്റെ ഉടമയ്ക്കും അതിനെ അപഹരിക്കാൻ ഉദ്ദേശിക്കുന്നവനും വ്യത്യസ്ത തരത്തിലുള്ള രണ്ടു അർത്ഥങ്ങളെ അതേ പ്രമാണം പ്രദാനം ചെയ്യും. പ്രത്യേകിച്ചും സായിപ്പിന്റെ സർക്കാരിനാണെങ്കിൽ അതിന്റെ കൂറ് തന്റെ ചരിത്രപ്രാധാന്യത്തെയെല്ലാം പരിഗണിക്കാതെ സ്ഥാനം മാറിപ്പോകും. എങ്ങനെയോ വെള്ളക്കാരൻ തലയിട്ടാൽ നിലം തന്റെതല്ലാതാകുമെന്ന് ബസവണ്ണയ്ക്ക് മനസ്സിലായി. കാര്യം ഇത്രത്തോളമെത്തിയശേഷം ജമീന്ദാരും ഇനി സമാധാനചർച്ചയ്ക്ക് ഇറങ്ങിവരില്ല. അയാളെ സമീപ്പിക്കാൻ നിലയുടമയെന്ന ആത്മാഭിമാനം അനുവദിച്ചില്ല. അതേസമയം തന്റെ തോൽവിയെ സമ്മതിക്കാനും മനസ്സില്ല. ബസവണ്ണ ഒരു ഉപായം കണ്ടെത്തി. തന്റെ കെട്ടിയോൾക്കും കുഞ്ഞുങ്ങൾക്കും വിഷം കലർത്തിയ ചോറു നൽകി കൊന്നതിനുശേഷം സ്വയമൊരു ഉങ്ങുമരത്തിൽ കെട്ടിത്തൂങ്ങി. കഥകളിലൂടെ തുടർന്നുകൊണ്ടിരുന്ന അവന്റെ സ്വത്തവകാശം മരണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടു. പ്രസ്താവിക്കപ്പെട്ട നിലത്തിനു മീതെ ഉറഞ്ഞുകിടന്ന കാലാവസ്ഥയുമായി ലയിച്ച് മണ്ണിനുമേലെ ശാശ്വതമായി നിലകൊണ്ടു. ബസവണ്ണയുടെ മരണം സർക്കാരും പ്രതീക്ഷിച്ചിരുന്നില്ല ജമീന്ദാരും പ്രതീക്ഷിച്ചിരുന്നില്ല. സർക്കാർ ഇതിനെ ഉടനേ മറന്നുകളഞ്ഞു. അതിന് ഇതിനെക്കാളും പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ പലതുണ്ടായിരുന്നു. പക്ഷെ ജമീന്ദാർക്കാണ് ബസവണ്ണയുടെ വിജയം മറക്കാൻ സാധിക്കാത്ത ആഘാതമായി മാറിയത്. ആദ്യം അയാൾ മാളിക പണിയണമെന്ന തന്റെ ആശയത്തെ കൈയൊഴിയാൻ വിചാരിച്ചു. എന്നാൽ അത്രത്തോളം പരിശ്രമിച്ച് കാര്യം കയ്യെത്തിയശേഷം ഉരുവമറ്റ എതിരാളിയെ പേടിച്ച് കൈവിടുകയാണല്ലോയെന്ന് ജമീന്ദാരിണി പ്രേരിപ്പിച്ചതിനാൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ബാരമഹാൽ(ധർമ്മപുരി) പ്രദേശത്ത് അക്കാലത്ത് പുകഴ്‌പെറ്റ കെട്ടിട കലാകാരനായി അറിയപ്പെടുന്നയാളും ജമീനിന്റെ കുടുംബസുഹൃത്തുമായ പരമശിവം പിള്ള എന്നയാൾക്ക് കെട്ടിടം പണിയാനുള്ള ഉത്തരവാദിത്തത്തെ ഏല്പിച്ചു. സംഗതി നടക്കാൻ പോകില്ലായെന്നുള്ളത് അയാൾക്കും ദേശക്കാർക്കും അറിയാമായിരുന്നു. മിഥ്യാഭിമാനത്തിനായി പണം നഷ്ടപ്പെടുത്താൻ ജമീന്ദാർ തയ്യാറായിരുന്നു. ബസവണ്ണയുടെ ശാപത്തിനും അയാളുടെ ആഗ്രഹത്തിനുമിടയിൽ നടക്കുന്ന ദ്വന്ദയുദ്ധത്തിൽ അയാൾ തന്റെ സമ്പാദ്യവും മനസ്സമാധാനവും നഷ്ടപ്പെടുത്തി വലയട്ടെയെന്ന് ദേശക്കാരും ചുമ്മാതിരുന്നു. ഒന്നല്ല രണ്ടല്ല കെട്ടിടജോലികൾ എഴുവർഷക്കാലം നടന്നു. ഒരടുക്കുപോലും ഉയർന്നില്ല. ബസവണ്ണയുടെ ശാപം കെട്ടശകുനങ്ങളെ വാരിയെറിഞ്ഞു. മാളിക പണിയാൻ തുടങ്ങിയ ആദ്യ വർഷത്തിൽത്തന്നെ ജമീൻ അവകാശിയെന്ന് ആ പെണ്ണിന്റെ വയറ്റിൽ വളർന്ന ഇളംകരു ചാപിള്ളയായി പിറന്നു. ജമീന്ദാർക്ക് മനസ്സാലെ അതിൽ സന്തോഷമുണ്ടായിരിക്കുമെന്നുതന്നെ ദേശം അടക്കം പറഞ്ഞു. (ജമീൻ പരമ്പരയിൽ യഥാർത്ഥ അവകാശികൾ ചാപിള്ളയായി പിറന്നിട്ടുണ്ടെന്ന ചരിത്രം തന്നെയില്ല). ആ സംഭവത്തോടെ തന്റെ ധർമ്മസങ്കടാവസ്ഥയും ഒരു തീർപ്പിലെത്തുമെന്ന് ജമീന്ദാർ വിശ്വസിച്ചു. എന്തുകൊണ്ടെന്നാൽ കുഞ്ഞെന്നു കരുതി വയറ്റിൽ ചുമന്നുകൊണ്ടിരുന്നത് സത്യത്തിൽ ഒരു പിണമാണെന്നറിയാനിടവന്നതും ആ ആഘാതത്തിൽ മനംകലങ്ങി ബുദ്ധി കെട്ടുപോയി പ്രസവിച്ച മുറിയിൽതന്നെ ആ പെണ്ണ് സ്വയം അടച്ചുപൂട്ടി കഴിഞ്ഞുകൂടി.

അതിനുശേഷം അവൾ ദേശക്കാരുടെ കണ്ണിൽപ്പെട്ടെതേയില്ല. അവൾക്കായി ഹൊസൂരിൽ പണിതുകൊണ്ടിരുന്ന മാളികയും അവളുടെ ഓർമയിൽനിന്ന് തീർത്തും മാഞ്ഞുപോയി. ദുഃഖഭാരത്താൽ കാലത്തേക്കാളും ഇരട്ടിയിൽ പ്രായംകൂടിക്കൊണ്ടേ പോയതിനാൽ രണ്ടുവർഷത്തിനുശേഷം അവൾ ജമീന്ദാരെക്കാളും മൂപ്പും തളർച്ചയും ബാധിച്ച കിഴവിയായി മാറി. അതിനാൽ മാളികയെ പണിയേണ്ട ആവശ്യവും ഇനിയില്ലെന്ന് ജമീന്ദാർ സമാധാനപ്പെട്ടു. തന്റെ ഭാര്യയുടെ അറപ്പുളവാക്കുന്ന കാഴ്ചയും അവളുടെയുടലിൽനിന്ന് വമിച്ചുകൊണ്ടിരുന്ന ദുർഗന്ധവും അവളുടെ മുറിയുടെ അടുത്തേക്കുതന്നെ അയാളെ അടുപ്പിച്ചില്ല. കെട്ടിടജോലികളെ നിർത്തിവെക്കാനായി പരമശിവം പിള്ളയോട് അഭ്യർത്ഥിച്ചു. അതിനായി പറഞ്ഞുവെച്ച മുഴുവൻ തുക നൽകാമെന്നും ഉറപ്പുനൽകി. എന്നാൽ ജമീന്ദാർ വിചാരിച്ചതുപോലെ ബസവണ്ണയുടെ നിലത്തെ കൈയ്യൊഴിയുന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പ്രശ്‌നം മറ്റൊരു രൂപത്തിൽ തുടർന്നു. ആരംഭിച്ച ജോലിയെ പാതിവഴിയിൽ നിർത്തുകയെന്നാൽ ഖ്യാതിക്കും തൊഴിൽ ധർമ്മത്തിനും ഭംഗംവരുത്തുന്ന ചെയ്ത്താണെന്ന് പരമശിവം പിള്ള കരുതിയിരുന്നു. ആയതിനാൽ അദ്ദേഹം ജമീന്ദാറിന്റെ പറച്ചിൽ ചെവികൊള്ളാൻ വിസമ്മതിച്ചു. ജമീന്ദാർ സമ്മതിച്ചാലും സമ്മതിച്ചില്ലെങ്കിലും പണം കൊടുത്താലും കൊടുത്തില്ലെങ്കിലും കെട്ടിടനിർമ്മാണം തുടരുന്നതാണെന്നും അറിയിച്ചു. പരമശിവം പിള്ളയും ബാരമഹാൽ പ്രദേശത്തെ മഹാധനികരിൽ ഒരാൾ. അയാളും പണത്തെ ഒരു കാരണമായി മതിക്കുന്ന ആളല്ലെന്ന കാര്യം ജമീന്ദാർക്കറിയാം. അയാൾക്ക് എന്തുചെയ്യണമെന്നറിഞ്ഞില്ല. പുലിവാൽ പിടിച്ച കഥയായി കെട്ടിടജോലികൾ തുടർന്നും നടന്നുകൊണ്ടിരുന്നു. കാര്യം കൈവിട്ടിരിക്കുന്നുവെന്നതു മാത്രം അയാൾക്ക് മനസ്സിലായി. എന്തു തുലഞ്ഞതുവേണമെങ്കിലും ആയിക്കൊള്ളട്ടെയെന്ന മട്ടിലുള്ള വിരസമായ മനോഭാവത്തിലേക്ക് അയാൾ വളർന്നുകഴിഞ്ഞിരുന്നു. ചെലവഴിക്കാൻ അയാളുടെ കൈയ്യിൽ പണമുണ്ടായിരുന്നു. ഉയിരോടെ ഉള്ളിടത്തോളം അതിനൊരു കുറവും വരുത്തിയില്ല. പിള്ളയുടെ കുടുംബത്തിന് (പിള്ള ബസവണ്ണയുടെ നിലത്തിൽതന്നെ താമസിച്ചിരുന്നു) കൃത്യമായ തീയതികളിൽ പണമയക്കാൻ ഏർപ്പാടുചെയ്തു. പക്ഷെ നിറവേറാൻതന്നെ പോകാത്ത ഒരു ശ്രമത്തിൽ കരവിരുതിനെയും സമയത്തെയും താൻ നിമിത്തം തന്റെ സ്‌നേഹിതൻ പാഴാക്കിക്കൊണ്ടിരിക്കുന്നതിനെ കണ്ണാലെ കാണാൻ അയാളെക്കൊണ്ട് കഴിഞ്ഞില്ല. പിള്ള തന്റെ തീരുമാനത്തിൽനിന്ന് പിന്മാറാത്ത പക്ഷം അയാളുടെ മരണവും ബസവണ്ണയുടെ സ്ഥലത്തായിരിക്കുമെന്ന് കരുതി കുറ്റബോധത്തിൽ അയാളുടെ മനസ്സ് നീറി. (നരക്കാത്ത ആഗ്രഹത്താൽ രണ്ടു നിർദോഷികളുടെ മരണത്തിനും ശാപത്തിനും കാരണക്കാരനായി മാറിയല്ലോ). എന്നാൽ പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾന്നെ അവയ്ക്കുള്ള തീർപ്പുകളും കൂടെത്തന്നെ പിറക്കുന്നുണ്ടല്ലോ. പലപ്പോഴും അവയെ യുക്തികൊണ്ട് ബന്ധിപ്പിക്കുന്ന ബുദ്ധിക്കായി അവ കാത്തുനിൽക്കാറില്ല. എഴുവർഷങ്ങൾകഴിഞ്ഞ് ഒരു ദിവസം ബാരമഹാൽ പ്രദേശത്തെ പിടിച്ചുകുലുക്കിയ മഴയിൽ നനഞ്ഞവിധം വീട്ടിലെക്കുചെന്ന പരമശിവം പിള്ള വീണ്ടും ബസവണ്ണയുടെ സ്ഥലത്തേക്ക് മടങ്ങി വന്നില്ല. ആ നിലത്തിൽനിന്ന് അദ്ദേഹമൊരു കുഞ്ഞിനെ കണ്ടെടുത്തതായും അതിനെ തന്റെ ഭാര്യയുടെ അടുത്തേല്പിച്ച് മടങ്ങിപ്പോവുകയാണെന്നും പറഞ്ഞുകൊണ്ടേ ഓടിയതായി ദേശക്കാർ പറഞ്ഞു. പക്ഷെ അങ്ങനെ തിരിച്ചുപോകാൻ പറ്റാത്തവിധം മഴ അദ്ദേഹത്തെ പ്രഹരിച്ചതായും ജമീന്ദാർ കേൾക്കാനിടവന്നു. അയാളെ പോയിക്കാണാൻ ഉടൽനില അനുവദിച്ചില്ലെങ്കിലും (ഇത് അയാളായി പറഞ്ഞതാണ്. സത്യത്തിൽ പരമശിവം പിള്ളയുടെ ഭാര്യയെ നേർക്കുനേരെ അഭിമുഖീകരിക്കാനുള്ള ധൈര്യം അയാൾക്കില്ലെന്നാണ് ദേശത്തിൽ പറഞ്ഞുകൊണ്ടിരുന്നത്) പിള്ള ജോലി നിർത്തിയശേഷവും സ്വന്തം തൃപ്തിക്കായി പണമയക്കുന്നത് നിർത്താതെ തുടർന്നും അയച്ചുകൊണ്ടിരുന്നു. പതിനേഴു വർഷങ്ങൾക്കുശേഷം പെട്ടെന്ന് അയാൾ മരണപ്പെട്ടപ്പോൾ ഒസ്യത്തൊന്നും എഴുതിവെക്കാത്തതിനാൽ ജമീൻസ്വത്തെല്ലാംത്തന്നെ സർക്കാരുടമയിലേക്ക് ചേർത്തതായി ഭരണകൂടം അറിയിച്ചു. അതിനെ എതിർത്ത് ജമീന്ദാറിന്റെ ഭ്രാന്തിയായ ഭാര്യയുടെ ഭാഗത്തുനിന്ന് അവളുടെ സഹോദരന്മാരിൽ കല്യാണം കഴിക്കാതെ അലഞ്ഞുതിരിഞ്ഞിരുന്ന ഒരുവൻ വ്യവഹാരം നടത്തി ഉണ്ടായിരുന്ന കുറച്ചു കാശിനെയും പേരിനെയും കളഞ്ഞുകൊണ്ടിരുന്നു. സർക്കാരിന്റെ കണ്ടുകെട്ടലിൽനിന്ന് ഒരേയൊരു സ്വത്തു മാത്രം വഴുതിപ്പോയിരുന്നു. ബസവണ്ണയുടെയടുത്തുനിന്ന് പിടിച്ചെടുത്ത നിലം. പരമശിവം പിള്ളയുടെ പേർക്ക് ജമീന്ദാർ മാറ്റിയെഴുതിയിരിക്കുന്നത് കണ്ടുപിടിച്ച് വളരെ സത്യസന്ധതയോടെ സർക്കാർ അതിനെ അയാളുടെ കുടുംബത്തെ ഏൽപ്പിച്ചു. പിള്ളയെ ബസവണ്ണയുടെ നിലത്തിൽനിന്ന് വിരട്ടിയോടിച്ച മഴ പെയ്ത് രണ്ടുമാസങ്ങൾക്കുശേഷം രേഖ പ്രമാണപ്പെടുത്തിയിരുന്നു. പിള്ളയുടെ ഭാര്യ മരിച്ചയാളുടെ ആത്മശാന്തിയെയോർത്ത് അതിനെ കൈയ്യിൽവാങ്ങിയതെന്നൊഴിച്ചാൽ വാങ്ങിയ നിമിഷത്തിൽതന്നെ തട്ടിൻപുറത്തേക്ക് വലിച്ചെറിഞ്ഞു. തൽക്ഷണം അതിനെ മറക്കുകയും ചെയ്തു. മഴ പെയ്തു തോർന്ന രണ്ടാംനാൾ അവസാനമായി ആ നിലത്തിലേക്ക് ജമീന്ദാർ വന്നതായി പറയപ്പെടുന്നു. പൂർത്തീകരിക്കാതെ കിടക്കുന്ന അതുവരെ പടുത്തുയർത്തിയിരുന്ന കെട്ടിടത്തെ മഴ അരിപ്പക്കണ്ണുകളായി തുളച്ചിരിക്കുന്നതു കണ്ട അയാൾ തന്റെ പ്രായത്തെയും അന്തസ്സിനെയും മറന്നുകൊണ്ട് എല്ലാവരും തമാശ കാണവെ പൊട്ടിക്കരഞ്ഞ രംഗത്തെ ദേശം കുറേകാലത്തേക്ക് ഓർമ്മയിൽ സൂക്ഷിച്ചുവെച്ചിരുന്നു. അതിനുശേഷം ദേശക്കാർ ആരുംതന്നെ ആ ദിക്കിലേക്ക് തലചായ്ച്ചു കിടന്നില്ല. ആ പ്രദേശത്തിനും ദേശത്തിനുമിടയിൽ കാടുവളർന്ന് മെല്ലെമെല്ലെ വേർപ്പെടുത്തി ഉള്ളിലെ വിദൂരതയിലേക്കും എകാന്തതയിലേക്കും അതിനെ തള്ളിവിട്ടു. കാടിനു നടുവിൽ വെറും കുട്ടിച്ചോറായി ജമീന്ദാറിന്റെ സ്വപ്നവും തകർന്നടിഞ്ഞുകിടന്നു.

തൊഴിലിലേർപ്പെട്ടിരുന്ന കാലത്ത് പരമശിവം പിള്ള മഹാധനികരുമായും സായിപ്പുമാരുമായും വിചിത്രമായ ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. അതായത് കെട്ടിടം പണിതു പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ദിവസം മുതൽ ഒരു നിശ്ചിത വർഷത്തോളം അതിന്റെ ഉടമസ്ഥരിൽനിന്ന് ഒരു നിശ്ചിത തുക പിള്ളയ്ക്ക് മാസാമാസം പ്രതിഫലമായി വന്നുചേരണം. ഇതിനു പ്രത്യുപകാരമായി കരാർ കാലത്തിനുള്ളിൽ കെട്ടിടത്തിനു എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ അത്യാവശ്യം മരാമത്തുപണിയുടെ ആവശ്യം വന്നാലോ ആ ചെലവുകൾക്ക് പിള്ള സ്വയം ഉത്തരവാദിത്തമേൽക്കണം. മിക്കവാറും കരാറിലെ ഈ രണ്ടാമത്തെ ഉപാധിയെ നടപ്പിലാക്കാനുള്ള അവസരംതന്നെ രണ്ടു കൂട്ടർക്കും ലഭിച്ചിരുന്നില്ല. പിള്ള പണിയുന്ന നിർമ്മിതിക്കെല്ലാം കാലത്തെ അതിജീവിക്കുന്ന ഈടുണ്ടെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇങ്ങനെയൊരു നിബന്ധനയെ പ്രമുഖരെക്കൊണ്ടും സായ്പുമാരെക്കൊണ്ടും സമ്മതിപ്പിക്കുന്ന അവസ്ഥയിലേക്ക് കീർത്തിയും ധൈര്യവും പിള്ളയൊഴികെ മറ്റേതൊരു കെട്ടിട നിർമ്മാതാവിനും അക്കാലത്തുണ്ടായിരുന്നുമില്ല. കാരിമംഗലം മുതൽ മൈസൂർ സംസ്ഥാനംവരെ അത്ഭുതകരമായ പല കെട്ടിടങ്ങളും പിള്ളയുടെ കരവിരുതിൽ ഉയർന്നുനിന്നിരുന്നു. നെടുമ്പാതയോരങ്ങളിൽ ഇടയ്ക്കിടെ അവയെ കാണാൻ പറ്റും. പിള്ളയുടെ കല അയാളുടെ അപ്പനപ്പൂപ്പന്മാരുടെ കൈകളിൽനിന്ന് അയാൾ കരസ്ഥമാക്കിയ പാരമ്പര്യസ്വത്താണ്. അതിനാൽ നവീന പരിഷ്‌കാര വാസ്തുവിദ്യയിൽ അയാൾക്ക് സ്വാഭാവികമായുംതന്നെ താല്പര്യമില്ലായിരുന്നു. എന്നാൽ അതൊരു കുറവായിരുന്നില്ല. ഹൊഗനക്കൽ, ഏലഗിരി, ഹൊസൂർ എന്നീ മലമ്പ്രദേശങ്ങളിലും തളി, മത്തിഗിരി പോലുള്ള തണുത്ത പ്രദേശങ്ങളിലും തനതായ പല സുഖവാസവീടുകൾ സായിപ്പന്മാർക്കായി തമിഴകത്തെ കൊത്തുവേല ശൈലിയിലും മലയാളനാട്ടിലെ ഓട്ടുമേൽക്കൂര ശൈലിയിലും അവരുടെ ഇഷ്ടത്തിനനുസരിച്ച് പിള്ളയാൽ രൂപംകൊണ്ടിരുന്നു. പാശ്ചാത്യലോകത്തിനറിയാത്ത പല രഹസ്യമായ പാരമ്പര്യനിർമ്മാണവിദ്യകളും അവയിൽ ഉള്ളടങ്ങിയിരുന്നു. പ്രത്യേകിച്ചും പിള്ള പണിയുന്ന കെട്ടിടങ്ങളുടെ അകച്ചുവരുകളിൽനിന്ന് ഉത്ഭവിക്കുന്ന ചെമ്പകപ്പൂമണം.

ആ ഗന്ധം ഏതൊക്കെ വസ്തുക്കളുടെ ചേരുവയാണെന്നത് പിള്ളയ്ക്ക് മാത്രമറിയാവുന്ന അയാളുടെ കുടുംബരഹസ്യം. അതേപോലെ കെട്ടിടങ്ങളും തറയെ പിളർന്നുകൊണ്ട് പൊങ്ങിനിൽക്കുന്നപോലെ അസ്വാഭാവിക ഭാവത്തെയുൾക്കൊള്ളാതെ സമതലത്തിന്റെ ഗതിക്കൊത്ത് പാർപ്പിടങ്ങളായി അടക്കത്തോടെ ഉയർന്നു താഴ്ന്നന്നതുപോലെ അത്ര സ്വാഭാവികമായി എഴുന്നുനിൽക്കുന്നു. (പക്ഷികൂടുകളുടെ തികവിന് തുല്യമായിരുന്നു പിള്ളയുടെ കരവിരുത്). കൂടുതൽ സങ്കീർണതയില്ലാത്ത ആന്തരഘടനയും നോട്ടത്തിന് ഊനം തട്ടാത്ത പുറംകാഴ്ചയും മനസ്സിന് ശാന്തി നൽകുന്ന വെളിച്ചത്തുറപ്പുകളും വായുസഞ്ചാരത്തിനുള്ള വിടർവും പിള്ള പണിയുന്ന കെട്ടിടങ്ങളുടെ സവിശേഷതകളാണ്. മറ്റു രീതികളെ വശമുള്ളയാളല്ല അയാൾ. അതായത് വിസ്മയപ്പെടുത്തുന്ന വിന്യാസങ്ങളെ തീർക്കാൻ അയാൾക്കറിയില്ലായിരുന്നു. (അതിനാൽത്തന്നെ മഴവീടിന്റെ മുന്നിൽ സാരംഗൻ അയാളെ കൊണ്ടുചെന്നു നിർത്തിയപ്പോൾ അമ്പരപ്പിൽ ശ്വാസംവിടാനും മറന്നുകളഞ്ഞു). അവരെസംബന്ധിച്ച് സാധാരണ മേഞ്ഞ പന്തലിനുപോലും ഒരു ചെടിയുടെ ചായലിനെയും കുളിർമയെയും അന്യോന്യതയെയും നൽകി പൂർത്തീകരിക്കുന്നതിൽ പിള്ള അഗ്രഗണ്യനാണ്. അതിൽനിന്നും ലഭിക്കുന്ന പേരും പ്രശസ്തിയുംത്തന്നെ അയാൾക്ക് ധാരാളമായിരുന്നു. ഉദ്ദനപ്പള്ളി ജമീൻമാളികയെ പിള്ളയുടെ മുത്തച്ഛൻ പണിതുതീർത്ത കാലംതൊട്ടേ ജമീൻ കുടുംബത്തിനും പിള്ളയുടെ കുടുംബത്തിനും പരമ്പരപരമ്പരയായി തുടർന്നുപോരുന്ന ബന്ധമാണുള്ളത്. ആ സൗഹൃദം മുൻനിറുത്തിത്തന്നെയാണ് ജമീന്ദാരും തന്റെ രണ്ടാം കെട്ടുകാരിക്കായി മനോഹരമായ ഒരു മണിമാളിക പണിതു നല്കാൻ പിള്ളയെക്കൊണ്ട് സമ്മതിപ്പിച്ചത്. കെട്ടിടജോലിക്കായി കെലമംഗലത്തെ പിള്ളയുടെ വസതിയിൽനിന്ന് ഹൊസൂരിലെ മൊത്തം* ആഗ്രഹാരംവരെ ദിവസവും അയാൾക്ക് വന്നുപോകാനായി വണ്ടി ഏർപ്പാട് ചെയ്യപ്പെട്ടിരുന്നു. ആ സ്ഥലം ബസവണ്ണയെന്ന പാവമൊരു കുടിയാനിൽനിന്ന് കടന്നുകയറി പിടിച്ചെടുത്ത ഒന്നാണെന്നെറിയാമെങ്കിലും ആ സ്ഥലത്ത് മാളിക ഉയർത്തുകയെന്നത് യഥാർത്ഥത്തിൽ ദേശക്കാരുടെ വെറുപ്പിന്റെ പുറത്തും ബസവണ്ണയുടെ ശാപത്തിന്റെ പുറത്തുമാണ് എന്നതുമറിയാമെങ്കിലും ബന്ധത്തിന്റെപേരിൽ പിള്ള സമ്മതിച്ചു. തന്നെയുമല്ല വാസ്തുശില്പിയായ അയാൾ ജമീന്ദാറിന്റെ പ്രണയമാളികയെ കാരണമാക്കി തന്റെ കീരിടത്തിൽ ഇനിയുമൊരു പൊൻതൂവൽ ചാർത്താനും ആഗ്രഹിച്ചു. ഒരുപക്ഷെ ദേശക്കാർ മുന്നറിയിപ്പു നൽകിയപോലെ മാളികയെ പണിയുന്ന ശ്രമത്തിൽ തന്റെ ജീവിതം മുഴുവനും വ്യർത്ഥമായാൽപോലും ഒരു തരത്തിൽ അതും തനിക്ക് അഭിമാനമാണെന്ന് കരുതി. മുയലിനെയെറിഞ്ഞ് നേടുന്ന ജയത്തെക്കാളും ആനയോടു തോൽക്കുന്ന നെഞ്ചുറപ്പ് അയാൾക്കുണ്ടായിരുന്നു. അതിനേക്കാളെല്ലാമുപരി തന്റെ കഴിവിൽ അയാൾക്ക് അത്യന്തം വിശ്വാസവുമുണ്ടായിരുന്നു. എന്നാൽ ബസവണ്ണയുടെ ബലം താൻ കരുതിയിരുന്നതിനെക്കാളും പലമടങ്ങ് ശക്തമാണെന്നത് പോകപ്പോകെ അയാൾ മനസ്സിലാക്കി. അത്രത്തോളം അയാളതിനെ പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കൽ വിതാനംവരെ ജോലികൾ മുന്നേറിക്കൊണ്ടിരിക്കെ അകത്തെ ഒരു മുറിയിൽ ജോലിചെയ്തുകൊണ്ടിരുന്ന അയൽദേശക്കാരിയായ പെണ്ണ് താങ്ങുവടികൾ കൊടുത്തുകൊണ്ടിരിക്കുമ്പോൾ അതിലൊരെണ്ണത്തിൽ ബസവണ്ണയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നതുകണ്ട് ഭയത്തിൽ തന്റെ കണ്ഠനാളത്തെ സ്വയം കീറിമുറിച്ചുകളഞ്ഞു. കബന്ധത്തിന്റെ ഭാരം താങ്ങാനാവാതെ താങ്ങുവടിയൊടിഞ്ഞ് വിതാനം തുണിത്തൊട്ടിലുപോലെ ഉള്ളിൽ തൂങ്ങികിടന്നു. മറ്റൊരിക്കൽ മിശ്രിതത്തിൽ പല്ലികൾ വീണുകിടന്നതിനാൽ ആറുദിവസക്കാലംവെച്ചു പാകപ്പെടുത്തിയ ചെമ്പകപ്പൂമണം വീശുന്ന കലർപ്പിനെ മുഴുവനായും കൊട്ടിക്കളയേണ്ടിവന്നു. മിശ്രിതം വെച്ചിരുന്ന പാത്രത്തെയുടച്ച് നൂറു കഷ്ണങ്ങളാക്കാൻ പിള്ള പറഞ്ഞു. പണിക്കാർക്ക് ജോലിചെയ്യാനായി വിലങ്ങനെയുള്ള താങ്ങുവടികൾ പിടിപ്പിക്കാൻ ചുവരുകളിലുണ്ടാക്കിയ പൊത്തുകളിൽ പാമ്പുകൾ നുഴഞ്ഞുകയറുകയും അവയെ ശ്രദ്ധിക്കാതെത്തന്നെ പണിക്കാർ ആ പൊത്തുകൾ അടക്കുകയും ചെയ്തതിനാൽ കെട്ടിടം മുഴുവനും ഒരു രാത്രിയിൽ പാമ്പിന്റെയുടലായ് വിണ്ടുകീറി കാണപ്പെട്ടു. എഴുവർഷത്തിനിടയിൽ നാലു പ്രാവശ്യം ജോലി ചെയ്തുകൊണ്ടിരുന്ന ആളുകൾ മാറിപ്പോയി. പുതുതായി വരുന്നവർക്ക് കെട്ടിടത്തിന്റെ സങ്കല്പചിത്രത്തെയും ആരടുപ്പത്തെയും മനസ്സിലാക്കി പറഞ്ഞുകൊടുത്ത് ശീലിപ്പിക്കാൻ സമയം വേണ്ടിയിരുന്നു. പണിക്കാരെ വെറുതെ കല്ലുകളടുക്കിവെച്ച് കുമ്മായംപൂശുന്ന യന്ത്രങ്ങളായി ഉപയോഗിക്കുവാനും പിള്ള താല്പര്യപ്പെട്ടില്ല. പാമ്പും കോണിയും കളിപോലെ ഇഞ്ചോടിഞ്ച് പിള്ള ഏണിയിൽ കയറുന്നതും വിധിയുടെ വായിലേക്ക് വീണ് വീണ്ടും പുറപ്പെട്ടയിടത്തേക്കുതന്നെ തിരികെയെത്തുന്നതും ആവർത്തിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു ഘട്ടത്തിലും അയാൾ തളർന്നില്ല. പിള്ള താല്പര്യപ്പെട്ടാൽ ഏതവസ്ഥയിലും ജോലി നിർത്തലാക്കാമെന്ന് ജമീന്ദാർ അനുമതി നൽകിയിരുന്നെങ്കിലും അദ്ദേഹം മനസ്സാൽപോലും അതേകുറിച്ച് ചിന്തിച്ചില്ല. ജമീന്ദാറിന്റെ ആവേശം മെല്ലെമെല്ലെ തേഞ്ഞുമാഞ്ഞുകൊണ്ടിരുന്ന കാലങ്ങളിൽ അതിനു വിപരീതമായി പിള്ളയുടെ ആവേശം ബസവണ്ണയുടെ തന്ത്രങ്ങളാലും തിരിച്ചടികളാലും തടസ്സപ്പെട്ട് തീപോലെ ആളിക്കത്തുകയല്ലാതെ കുറഞ്ഞിരുന്നില്ല. തുടരെയുള്ള തോൽവികൾ അയാളുടെയുള്ളിൽ പിടിവാശിയെ പൂർവ്വാധികം വളർത്തുകതന്നെ ചെയ്തു. നാളുകൾ ചെല്ലുന്തോറും അതുതന്നെ വെറിയായി മാറി അയാളെപ്പിടിച്ച് കളി തുടങ്ങിക്കഴിഞ്ഞിരുന്നു. നേരം പുലർന്നാൽ ജമീൻ വണ്ടിയെ പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുന്നതും രാത്രി ഏറെ വൈകി വീട്ടിൽ മടങ്ങുന്നതുമായി കുറച്ചുകാലം കടന്നുപോയി. പിന്നീട് വീട്ടിലേക്ക് വരുന്ന ദിവസങ്ങളും കുറയാൻ തുടങ്ങി. മൂന്നുവർഷങ്ങൾക്കുശേഷം ബസവണ്ണയുടെ ആക്കം കൂടുവാൻ തുടങ്ങിയതായി തോന്നിയതു മുതൽ വീട്ടിലേക്കുള്ള വരവ് പിള്ള തീർത്തും നിർത്തി. എപ്പോഴും പണിതീരാത്ത കെട്ടിടത്തിനുള്ളിൽത്തന്നെ സ്വന്തത്തെ അടച്ചിട്ടുകൊണ്ട് കഴിയാൻ തുടങ്ങി. കതകുകളോടും ജനാലയ്ക്കായി ഒഴിച്ചിട്ട വിടവുകളോടും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന കാഴ്ചയെ കണ്ട് അയാളെ കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചു വന്നിരുന്ന അയാളുടെ ഭാര്യ അലമുറയിട്ടുകൊണ്ട് തനിയെ തിരിച്ച് വീട്ടിലേക്കോടിപ്പോയി. നിങ്ങളുടെയച്ഛൻ ഛായയിൽ ആ ബസവണ്ണയെപ്പോലെയിരിക്കുന്നെന്ന് അവർ തന്റെ ആണ്മക്കളോടും പെണ്മകളോടും നടുക്കത്തോടെ അറിയിച്ചു. അതിനുശേഷം നാലുവർഷക്കാലം അവരും പിള്ളയും തമ്മിൽ കണ്ടതേയില്ല. കുട്ടികളുടെ പക്കൽ അയാൾക്കുവേണ്ടി ആഹാരവും വസ്ത്രങ്ങളും കൊടുത്തയച്ച് അതയാൾ മടക്കിയക്കുമ്പോൾ അവയെ നോക്കിക്കൊണ്ട് അവർ കരഞ്ഞുകൊണ്ടിരുന്നു. തന്റെ ഭർത്താവിനെ ആ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചെന്ന് പലപ്പോഴും ജമീന്ദാരെ വായിൽ തോന്നിയപടി ശകാരിച്ചു തീർത്തു. അയാളെ വെറുക്കാൻ കഴിയാതെ വന്നപ്പോൾ കുടുംബത്തോടെ മറ്റേതെങ്കിലും ദേശത്തേക്ക് കുടിയേറിപ്പോകാമെന്ന് മക്കൾ മുഖാന്തിരം തന്റെ ഭർത്താവിനോട് കെഞ്ചിനോക്കി. പിള്ള വഴങ്ങിയില്ല. അവർ അഭ്യർത്ഥിച്ചതിന്റെ പേരിൽ അയാളെക്കണ്ട് സംസാരിക്കാൻ ചെന്ന മദ്ധ്യസ്ഥർ ആ സ്ത്രീക്ക് അനുഭവപ്പെട്ട അതേ ഞെട്ടലോടെ മടങ്ങിവന്നു(അവിടെയുണ്ടായിരുന്നത് പരമശിവം പിള്ളയല്ല. മറിച്ച് ബസവണ്ണ. അവന്റെ അതേ പഴയ പിടിവാശിയോടും നിലത്തിനു മീതെയുള്ള മാറാത്ത പ്രണയവുമായും). അദ്ദേഹത്തെ വീട്ടിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങൾ വിഫലമായപ്പോൾ ഇനി അയാൾ തിരിച്ചുവരാൻ പോകുന്നതേയില്ലെന്ന് ദേശക്കാരും പിള്ളയുടെ കുടുംബവും തീരുമാനത്തിലെത്തി. അയാളുടെ അകൽച്ച കാലപ്പോക്കിൽ ശീലമായും മാറി. അയാളുടെ ഇരിപ്പിനെത്തന്നെ ഏറെക്കുറെ അവർ മറന്നുപോവുകയും ചെയ്തു. ഇങ്ങനെയിരിക്കെ ഏഴുവർഷങ്ങൾക്കുശേഷം ഒരു ദിവസം കൈയ്യിലൊരു ചോരക്കുഞ്ഞുമായി പിള്ള തന്റെ വീട്ടുവാതിൽക്കൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. അന്നേരം നല്ലപോലെ മഴ പെയ്തുകൊണ്ടിരുന്നു. പിള്ള പൊങ്ങുതടിയായി മഴയിൽ നനഞ്ഞിരുന്നു. കാണുന്നത് കനവോ നിനവോ എന്നു മനസ്സിലാകാതെ സന്തോഷവും നടുക്കവും കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പത്തിലായ ഭാര്യയുടെയടുത്ത് അയാൾ കൈയ്യിലുള്ള കുഞ്ഞിനെയേല്പിച്ചു. ബസവണ്ണയുടെ സ്ഥലത്ത് താൻ ഉയർത്താൻ ശ്രമിച്ചുക്കൊണ്ടിരുന്ന മാളികയ്ക്ക് നൂറടിയകലെ എടുക്കാനാളില്ലാതെ മഴയിൽ മുങ്ങി ആ കുഞ്ഞ് മണ്ണിൽ കിടന്നതായും കണ്ണിനും കാതിനും അറിഞ്ഞിടത്തോളം ആ ഭാഗത്ത് നെടുനേരമായി ആളനക്കമില്ലായിരുന്നതിനാൽ അതിന്റെ അമ്മയാരെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ലായെന്നും അയാൾ പറഞ്ഞു. കുറേനേരമായി ആ കുഞ്ഞ് മഴയിൽ നനഞ്ഞു കിടന്നിരിക്കുയായിരുവെന്നതിനെ പിള്ളയുടെ ഭാര്യയും കണ്ടയുടനെത്തന്നെ മനസ്സിലാക്കി. അതിനെ നന്നായി ശ്രദ്ധിച്ച് ആസ്വദിക്കാനുള്ള മനസ്ഥിതിയിലും അവസരത്തിലുമല്ലെങ്കിലും വാക്കുകൾകൊണ്ട് വിവരിക്കാൻ സാധിക്കാത്ത അഴകോടെ അത് വിളങ്ങിക്കൊണ്ടിരുന്നതിനെ ഒരു നിമിഷം അവരുടെ മനസ്സ് പിടിച്ചെടുക്കുകതന്നെ ചെയ്തു. തിരിച്ചുപോകാനുള്ള ധൃതിയിലായിരുന്നു പിള്ള. ധാരാളം വെള്ളം കുടിച്ചശേഷം ഇനിയിത് ജീവനോടെയിരിക്കാൻ സാധ്യതയില്ല.

എന്നാൽ ഇത്രയും അഴകുള്ള ഒരു പടപ്പ് ഈ ഭൂമിയിലേക്ക് വന്ന അടയാളംതന്നെയറിയാതെയും ദേശക്കാരുടെയാരുടെയും കണ്ണിൽപ്പെടാതെയും അനാഥമായി മണ്ണിലേക്ക് പുതഞ്ഞുപോകാനിരിക്കുന്ന ക്രൂരതയെ സഹിക്കാൻ കഴിയാത്തതിനാലുമാണ് ഇവിടേക്ക് എടുത്തുകൊണ്ടുവന്നത്. കുഞ്ഞു മരിച്ചയുടനെ ആ പെണ്മണിയുടെ ഉത്തരവാദിത്തത്തിൽ നല്ല രീതിയിൽ വലിയ ചടങ്ങുകളോടെ ദേശക്കാർ കാൺകെ അതിനെ അടക്കം ചെയ്യണമെന്ന് അവർ തീരുമാനിച്ചു. പിള്ളയുടെ ഭാര്യ എത്രതന്നെ കേണപേക്ഷിച്ചിട്ടും പിള്ള മടങ്ങണമെന്ന പിടിവാശിയിലായിരുന്നു. ബസവണ്ണയുടെ മോശപ്പെട്ട തന്ത്രങ്ങൾ മഴയെയും ഒരു കരുവായി ഉപയോഗിച്ചേക്കുമെന്ന് അയാൾ ഇരിപ്പുറക്കാതെ വിഷമിച്ചു. പക്ഷേ അതേ മഴ വളരെയാഴത്തിൽ താൻതന്നെയറിയാതെ സ്വന്തത്തെ തളർത്തുകയാണെന്നതിനെ ബോധ്യപ്പെടാതെയുമിരുന്നു. അയാൾ വീണ്ടും മഴ നനഞ്ഞവിധം വീട്ടുവാതിൽപ്പടിയെ താണ്ടിയപ്പോൾ അയാളുടെ ഭാര്യയ്ക്ക് തന്റെ വിധിയോർത്ത് കരയാനല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. അത്രയും വർഷങ്ങൾക്കുശേഷവും സ്വാർത്ഥതയോടെയല്ലാതെ തന്റെ ഭർത്താവ് സ്‌നേഹത്താൽ കുടുംബത്തെ കാണാൻ വന്നില്ലെന്ന ചിന്ത കൊടുംകൈപ്പായി മാറി ആ പെണ്മണി പിള്ളയുടെ മുതുകിന്മേൽ വാതിൽ കൊട്ടിയടച്ചു. മഴയുടെ വേഗത പിള്ളയെ മുൻനിറുത്തി അവരെ വളരെയധികം ഭയപ്പെടുത്തി. ആ ഭയം നൂറുശതമാനം ന്യായവുമായിരുന്നു. ബാരമഹാൽ പ്രദേശത്ത് അങ്ങനെയൊരു മഴ നൂറുവർഷക്കാലത്തിനിടയിൽ ആദ്യമാണെന്ന് സർക്കാർപത്രികയിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ആ മഴയെക്കുറിച്ച് പറയുന്ന പുസ്തകങ്ങളെല്ലാം ആ പ്രദേശം അങ്ങനെയൊരു മഴയ്ക്കുശേഷവും പ്രളയത്തിൽ മുങ്ങിപ്പോകാതെ അതിജീവിച്ചതിനെ ഒരത്ഭുതമായിതന്നെയാണ് പരാമർശിക്കുന്നത്. നെടുകയും കുറുകെയുമായി ദേശങ്ങളെ വളഞ്ഞുകൊണ്ടോടിയ കാവേരിയുടെ രൗദ്രം നിലപ്പരപ്പിലെ ഉൾനാടൻ ഗ്രാമങ്ങളെപ്പോലും പകിടക്കുരുക്കളായി ഉരുട്ടിക്കളിച്ചു. കുറഞ്ഞപക്ഷം അടുത്ത ഒരുവർഷത്തേക്കെങ്കിലും ആകാശത്ത് സൂര്യചന്ദ്രന്മാരും നക്ഷത്രദേവതകളും ഉലാത്തുവാനിടമില്ലാതെ സങ്കടപ്പെടുമെന്ന് ജ്യോത്സ്യന്മാർ അഭിപ്രായപ്പെട്ടു. മൂന്നുദിവസക്കാലം തുടർച്ചയായി ആകാശം പിളർന്നു ചൊരിഞ്ഞു. വലിയ ചില്ലുകഷ്ണങ്ങളായി മുകളിൽനിന്ന് പൊഞ്ഞുവീണ വെള്ളം കൂരകളെ തകർത്തുകളഞ്ഞു. അതേസമയം താഴെ നിറഞ്ഞൊഴുകിയ വെള്ളം അസ്ഥിവാരങ്ങളെ കാർന്നുതിന്നുകൊണ്ടിരുന്നു. കെട്ടിടങ്ങൾ ബൊമ്മലാട്ടപ്പാവകളെപ്പോലെ ഇളകിയാടി. ഇത്ര മഴയിലും കാറ്റ് ശ്വാസവേഗത്തെ മറികടന്ന് ഒരു തരി വേഗത്തിൽപോലും വീശിയില്ല. അലയടിയിൽ ഉരുണ്ടുരുണ്ട് തേഞ്ഞുമാഞ്ഞുപോകാൻ വിധിക്കപ്പെട്ടിരുന്ന ഇടിയും മിന്നലും ചലിക്കാനായി കാറ്റിന്റെ പാതയില്ലാതെ വെളിപ്പെട്ട സ്ഥലത്തുതന്നെ കനത്തിൽ തൂങ്ങിക്കൊണ്ടിരുന്നു. ഹൊസൂർ പോലുള്ള ചില ഉയർന്ന ഭൂപ്രദേശങ്ങൾക്ക് വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ മഴയുടെ തീവ്രത അവിടെ വളരെ ശക്തമായിരുന്നു. മലയടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന രായക്കോട്ട, ഡെങ്കനിക്കോട്ട, സൂളഗിരി എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ കന്നുകാലികളുടെ പിണങ്ങൾ പൊങ്ങിക്കിടന്നു. മുടനാറ്റവും ഇരുളും കുളിരും ദേശങ്ങളുടെ മുഖങ്ങളെ ബീഭത്സമാക്കി മാറ്റിയിരുന്നു. അത്യാഗ്രഹികളും പിശുക്കന്മാരും കള്ളന്മാരും പൂഴ്ത്തിവെച്ചിരുന്ന സമ്പത്ത് എടുക്കാനാളില്ലാതെ നീരൊഴുക്കിൽ ഒലിച്ചുപോയിക്കൊണ്ടിരുന്നു. മലയറ്റംവരെ നിറഞ്ഞുകവിഞ്ഞ വെള്ളത്തിൽ മുഴുകി ഹൊഗെനക്കൽ, കൃഷ്ണഗിരി, മുത്യാല മടുവു എന്നീ വെള്ളച്ചാട്ടങ്ങൾ കാണാതായി. ആരും ആരെയും കണ്ടുമുട്ടിയില്ല. ആരും ആരോടും മിണ്ടിയില്ല. ആരും എന്തിനുവേണ്ടിയും വീടുവിട്ട് വെളിയിൽ ചെന്നില്ല. മൂന്നുദിവസം പെയ്ത മഴ അതിന്റെ ആദ്യ തുള്ളി വീണ ആ നിമിഷത്തിൽതന്നെ കാലം ഉറഞ്ഞുപോകുംവിധം അവസ്ഥയുണ്ടാക്കിയിരുന്നു. പരമശിവം പിള്ളയുടെ മുതുകിന്മേൽ കതക് കൊട്ടിയടിച്ച അയാളുടെ ഭാര്യ നാലാം ദിവസം പുലർച്ചെ കെലമംഗലം ദേശത്തിലെ മറ്റുവീടുകളുടെ വാതിൽ തുറക്കപ്പെടുന്ന ശബ്ദം കേട്ടപ്പോളാണ് തന്റെ വീട്ടുവാതിലും തുറന്നത്. വരുമോ വരുമോയെന്നു വിചാരിച്ച് കൊതിപ്പിച്ച സൂര്യൻ വന്നിരുന്നു. പിള്ള വീട്ടുവാതില്പടിയിൽത്തന്നെ ബോധമറ്റ നിലയിൽ വീണു കിടന്നിരുന്നു. മഴ അയാളെ ശക്തമായി പ്രഹരിച്ചിട്ടുണ്ടെന്നതും അവർ വാതിൽകൊട്ടിയടിച്ച നിമിഷംതന്നെ മുന്നോട്ടുനീങ്ങാനാവാതെ അയാൾ താഴേക്ക് വീണതാണെന്നും അവർക്ക് ഉടനെ മനസ്സിലായി. തൊണ്ടയെ കീറാൻ ശ്രമിച്ച അലർച്ചയെ അടക്കികൊണ്ട് പരിസരവാസികളുടെ സഹായത്തോടെ താഴെവീണു കിടക്കുന്നയാളെ പൊക്കി കിടപ്പറയിലേക്ക് കൊണ്ടുപോയി കിടത്തി. പിള്ളയുടെ ശരീരം കനലായ് ചുട്ടുപൊള്ളി. ചികിത്സ തുടരെ നടന്നു. മരുന്നുകളുണ്ടാക്കി വായിലിറ്റിച്ചും ബാക്കിയുള്ള നേരങ്ങളിൽ അമർന്ന് കരഞ്ഞുതീർത്തുമായി സമയം കടന്നുപോയി. ഒരാഴ്ചത്തെ കടുത്ത പനിക്കുശേഷം പിള്ള കണ്ണുകൾ തുറന്നു. തുറന്നപാടെ തന്റെ ഭാര്യയുടെ കൈയ്യിൽക്കിടന്ന കുഞ്ഞിനെ നോക്കി ഇത്രയും അഴകുള്ള കുഞ്ഞ് ആരുടെതാണെന്ന് ചോദിച്ചു. മഴ ഒറ്റ വീശലിൽ അയാളുടെ ഓർമ്മയിൽനിന്ന് ജമീന്ദാറിന്റെ പ്രണയമാളികയെയും ബസവണ്ണയുടെ തന്ത്രങ്ങളെയും അയാളുടെ വനവാസത്തെയും ചെളിയിൽനിന്ന് അയാൾ കണ്ടെടുത്തതെന്നു പറഞ്ഞ് കൊണ്ടുകൊടുത്ത കുഞ്ഞിനെയുമെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. ഏഴുവർഷം മുമ്പുള്ള പരമശിവം പിള്ളയായി അയാൾ മാറിയിരുന്നു. ആരുമില്ലാതെ അനാഥയായി ചെളിയിൽ പുതഞ്ഞുപോകേണ്ടിയിരുന്ന ആ കുഞ്ഞിനെ വളർത്തുന്ന ചുമതല താൻ ഏറ്റെടുത്തിരിക്കുകയാണെന്ന് ആ പെണ്മണി പറഞ്ഞു. പിള്ളയുടെ മനസ്സ് എഴുവർഷങ്ങളെ തൂത്തുകളഞ്ഞിരുന്നുവെങ്കിലും ശരീരം മഴയുടെ ഓർമ്മകളെ ശക്തമായി അംഗീകരിച്ചിരുന്നു. ആ മഴയ്ക്കുശേഷം ഇരുപത്തിരണ്ടുവർഷക്കാലം അയാൾ തന്റെ മുറിവിട്ട് പുറത്തേക്ക് വന്നില്ല. അയാളുടെ നിർബന്ധിത ഒഴിവ് കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചില്ല. നേരത്തെത്തന്നെ കരുതിവെച്ചിരുന്ന സമ്പത്തും ചെയ്തുകൊണ്ടിരുന്ന കരാറുകളുംതന്നെ എന്നത്തേയുംപോലെ കുടുംബവണ്ടിയെ തടസ്സമില്ലാതെ മുന്നോട്ടുക്കൊണ്ടുപോകാൻ അയാളുടെ ഭാര്യയ്ക്ക് മതിയായിരുന്നു. തന്നെയുമല്ല ജമീന്ദാരുടെയടുത്തുനിന്നും അയാൾ മരിക്കുന്നതുവരെ മുടക്കില്ലാതെ പണം വന്നുകൊണ്ടിരുന്നു. ആ പെണ്മണി മരിക്കുംവരെ അവയെവെച്ച് കാര്യങ്ങൾ ഫലപ്രദമായി നിർവഹിച്ചുകൊണ്ടുതന്നെപോന്നു. ജമീന്ദാർ മരിച്ച നാലാം മാസത്തിൽ ഒരു ദിവസം പാതിരാത്രി എഴുന്നേറ്റ് പിന്മുറ്റത്തേക്ക് ചെന്ന അവർ വർഷങ്ങളായി കണ്ടുശീലിച്ചിരുന്ന കിണറിനെ അതിന്റെ തൊട്ടടുത്തുകിടക്കുന്ന നീർത്തൊട്ടിയെന്നു കരുതി വെള്ളം കൈക്കുമ്പിൾകൊണ്ടു കോരിയെടുക്കാനായി കുനിഞ്ഞ് ആഴത്തെ പ്രതീക്ഷിക്കാതെ കൈകളെത്തുടർന്ന് ഉടലും അന്തരത്തിൽ വളഞ്ഞ് ചായുകയാൽ പിടിവിട്ട് ഉള്ളിലേക്ക് പതിച്ചു. രാവിലെ മൃതദേഹമായാണ് അവരെ പുറത്തേക്കെടുക്കാൻ കഴിഞ്ഞത്. ഭാര്യ മരിച്ച നടുക്കം പിള്ളയെ കൂടുതൽ ഇറുക്കത്തോടെ രോഗക്കിടക്കയിൽ കെട്ടിയിടപ്പെടാൻ ഇടയാക്കി. അവർ മരിച്ചപ്പോൾ ശവദാഹത്തിനുപോലും തന്റെ മുറിവിട്ടു പുറത്തുവരാൻ അയാളുടെ ഉടൽനില അനുവദിച്ചില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെ അയാളുടെ സ്ഥാനത്ത് നിന്നുകൊണ്ട് അയാൾ ചെളിയിൽനിന്ന് കണ്ടെടുത്ത ബാലൻത്തന്നെ നിർവഹിച്ചുതീർത്തു. ഭാര്യയുടെ മരണത്തിനുവേണ്ടിത്തന്നെ കാത്തിരുന്നതുപോലെ പിള്ളയുടെ ജീവിതചക്രവും അതിവേഗതയിൽ കറങ്ങാനാരംഭിച്ചു. സംഭവങ്ങൾ ദ്രുതഗതിയിൽ ചലിച്ചു. അയാളുടെ മകൾ അവളുടെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി. തന്റെ കുലത്തൊഴിലായ കെട്ടിടനിർമ്മാണകലതന്നെ തന്റെ മക്കളും അഭ്യസിച്ച് പാരമ്പര്യപ്രൗഡിയെ നിലനിർത്തണമെന്ന് പിള്ള ആഗ്രഹിച്ചു. എന്നാൽ അയാളുടെ സ്വന്തം മക്കൾ രണ്ടാൾക്കുംതന്നെ അതിൽ താല്പര്യമില്ലായിരുന്നു. അവർ തങ്ങളുടെ അച്ഛനോട് തങ്ങൾക്ക് മറ്റുതരത്തിലുള്ള ജീവിതസാഹചര്യം ഒരുക്കിത്തരുവാൻ ആവശ്യപ്പെട്ടു. മൂത്തവൻ പിള്ളയുടെ സ്വാധീനത്തിൽ രായക്കോട്ട വനമേഖലയിൽ റേഞ്ചർ ജോലിയിൽ ചേർന്നു. അവിടെനിന്ന് പിന്നീട് തെക്കൻ തമിഴ്നാട്ടിലെ ഒരു കോണിൽനിന്ന് പുനലൂർ വനമേഖലയിലേക്ക് സ്ഥലംമാറ്റപ്പെട്ടതിനുശേഷം പിള്ള അവനെ കണ്ടതേയില്ല.

ബ്രാഹ്‌മണപ്പെണ്ണൊരുത്തിയെ കല്യാണം കഴിച്ച് അക്കാലത്ത് നെല്ലൈ പ്രദേശത്ത് കടുത്ത ഭീതി വിതയ്ക്കുന്നവിധത്തിൽ പ്രബലമായിരുന്നയൊരു ഒളിപ്രസ്ഥാനത്തിനാൽ പ്രചോദിതനായി സ്വദേശി പ്രവർത്തകനായി മാറിയ ആ പയ്യൻ ചില വർഷങ്ങൾക്കുശേഷം തൂത്തുക്കുടി ലഹളക്കാലത്ത് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. വിവരം ലഭിച്ചപ്പോൾ പിള്ള വലുതായി ആശ്ചര്യപ്പെട്ടില്ല. അയാളെസംബന്ധിച്ച് അവൻ അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പുതന്നെ മരണപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ കുറച്ചു പരിഷ്‌കാരി. അവൻ തന്റെ പിതാവിന്റെ പക്കൽനിന്ന് കാര്യമായ ഒരു തുക വസൂലാക്കി സേലത്തേക്ക് പോയി. അവിടെ സ്വന്തമായി പണിയെടുത്ത് മര്യാദയ്ക്ക് ജീവിച്ചുവരികയാണെന്ന് അച്ഛനെയും അനിയനെയും കാണാൻ വരുമ്പോൾ പറയും. തങ്ങൾക്കായി അവൻ കൊണ്ടുവരുന്ന സാധനങ്ങളും അതു സത്യമാണെന്ന് അവരെ വിശ്വസിപ്പിച്ചിരുന്നു. സേലത്തുപോയി വന്നിരുന്നവർ അവന് വെപ്പാട്ടിയുമായി ബന്ധമുണ്ടെന്ന് പിള്ളയുടെ കാതുകളിൽ വീഴാത്തവിധം ദത്തുപുത്രന്റെ ചെവിയിൽ പറഞ്ഞ് നിരാശപ്പെട്ടു. കല്യാണമൊന്നും കഴിക്കാതെ ആ ചെറുക്കൻ അവസാനംവരെ അവിവാഹിതനായി തന്റെ കാലം കഴിച്ചുകൂട്ടി. ആകയാൽ അവശേഷിച്ച ഒരേ മകൻ പരമശിവം പിള്ള ചെളിയിൽനിന്ന് കണ്ടെടുത്ത സാരംഗൻ എന്ന് പേരിടപ്പെട്ട ആ പയ്യനാണ്. അവൻ സന്തോഷത്തോടെ പിള്ളയുടെയടുത്തുനിന്ന് കുലത്തൊഴിൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവനാണ് മഴവീട് പണിതത്. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഒരു ദിവസം അവൻ തന്റെ പിതാവിനെ അയാൾ പല വർഷങ്ങളായി കാണാതെ മറന്നുതന്നെപോയ പുറംലോകത്തെ വീണ്ടും കാണിക്കുന്നതിനായി കിടക്കയിൽനിന്ന് എഴുന്നേല്പിച്ച് വിളിച്ചുകൊണ്ടുവന്നു. പറഞ്ഞുവെച്ചപോലെ അന്ന് മഴയും വന്നിരുന്നു. അവൻ നിർമ്മിച്ചിരുന്ന വീട് കണ്ടപ്പോൾ അതുവരെ തന്നെ അലട്ടിക്കൊണ്ടിരിക്കുകയാണെന്ന് കരുതിയ ഭയവും വിഷമവും വ്യാധിയും സത്യത്തിൽ തന്റെ ഭാവനയല്ലാതെ യാഥാർത്ഥ്യമല്ലെന്നതിനെ പിള്ള മനസ്സിലാക്കി. പല സത്യങ്ങൾ അയാൾക്ക് ബോധ്യപ്പെടുന്നതുപോലെയുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് അയാളെ വിട്ടകന്നുപോയ സമാധാനവും തെളിവും ആശ്വാസവും ചെറുപ്പവും വീണ്ടും അയാളെ വന്നണഞ്ഞു. പിന്നീടെപ്പോഴും അയാൾ അവയെ നഷ്ടപ്പെടുത്താതെയുമിരുന്നു.

ചെളിയിൽ പുതഞ്ഞുകൊണ്ടിരിക്കുകയായിരുവെന്ന് പറഞ്ഞ് പരമശിവം പിള്ള സാരംഗനെ കൊണ്ടുവന്നു അയാളുടെ ഭാര്യയുടെയടുത്ത് കൊടുത്തപ്പോൾ അവനെ മുഴുവനായും ശ്രദ്ധിക്കാനുള്ള അവധാനപൂർവ്വമായ സാഹചര്യത്തിലായിരുന്നില്ല അവർ. വീണ്ടും ബസവണ്ണയുടെ നിലത്തിലേക്ക് പോകാനുള്ള തിടുക്കത്തിലായിരുന്ന തന്റെ ഭർത്താവിനെ ഏതുവിധേനയും വീണ്ടെടുക്കണമെന്നുള്ള തുടിപ്പിലും അതുകഴിഞ്ഞ് കതകടച്ചശേഷം വീണ്ടും അദ്ദേഹത്തെ നഷ്ടപ്പെടുത്തിയ ദുഃഖത്തിലും അവനെ തീർത്തും മറന്നുപോയി. നെടുനേരത്തിനുശേഷം മനസ്സിനെ സമാശ്വസിപ്പിച്ച് തന്റെ ദിനചര്യകളിലേക്ക് സ്വയം മുഴുകാൻ തുനിഞ്ഞപ്പോളാണ് സ്വന്തം മക്കളുടെ കൈകളിൽ മറ്റൊരു നവജാത ശിശുവിനെയും കണ്ടത്. രണ്ടുദിവസം പ്രായമായ ആ നവജാത ശിശു അവരുടെ മുഖം നോക്കി പുഞ്ചിരി തൂകുന്നതു കണ്ടതും അവർക്ക് ആശ്ചര്യമായി. അവിടുന്നു തുടങ്ങി അവർ അത്ഭുതപ്പെടുന്നവിധത്തിലുള്ള നിമിഷങ്ങളെ സാരംഗൻ തുടർന്നും നൽകികൊണ്ടേയിരുന്നു. അവൻ ചിരിച്ചുകളിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോഴാണ് അവൻ കരഞ്ഞിട്ടേയില്ലെന്ന കാര്യവും അവരുടെ ശ്രദ്ധയിൽ പതിഞ്ഞത്. മഴ നനഞ്ഞ ഞെട്ടലിൽ കരയാൻ അവൻ മറന്നുപോയതായിരിക്കുമെന്ന് അവർ കരുതി. അപ്പോൾ മാത്രമല്ല, തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കമലയെ കണ്ടുമുട്ടുന്നതുവരെ സാരംഗന്റെ കണ്ണുകളിൽ കണ്ണീരിനെ ആരും കണ്ടില്ല. അടുത്ത രണ്ടുദിവസക്കാലം അവനെ പരിചരിക്കുന്ന ജോലിയിൽ അവർ സ്വയം വ്യാപൃതയായപ്പോൾ അവന്റെ അഴകിനെ വിശദമായി കണ്ട് വിസ്മയപ്പെടുന്ന ആശ്വാസകരമായ മനോഭാവവും അവരെ വന്നണഞ്ഞു. കടഞ്ഞെടുത്തപോലെയുള്ള മൂക്കും ചുണ്ടുകളും കൈകാലുകളും വരുംകാലത്ത് നാട്ടിൽ കൂടുതൽ സംസാരിക്കപ്പെടുന്ന വിഷയങ്ങളിൽ ഒന്നായി മാറുമെന്നതിനെ അവർ അപ്പോൾതന്നെ മനസ്സിലാക്കി.

കാർവർണ്ണനായിരുന്നു ആ കുഞ്ഞ്. കറുപ്പെന്നാൽ പട്ടിന്റെ കറുപ്പ്. ഒരല്പംപോലും മറ്റുവർണങ്ങൾ കലരാത്ത ശുദ്ധമായ കറുപ്പ്. പാമ്പിന്റെ ഉടൽപോലെ ഭീതിപ്പെടുത്തുന്ന ആ നിറം അവരുടെ കൈകളിൽ പുളഞ്ഞപ്പോൾ മിന്നിത്തിളങ്ങി. അതിനു നേർവിപരീതമായി അല്ലെങ്കിൽ അതിലുപരി നിദർശനമായി പിന്നണിയിൽ അവന്റെ കണ്ണുകൾ കനലുപോലെ പഴുത്തു ചുവന്നിരുന്നു. ഈ ചുവപ്പ് കണ്ടതുകൊണ്ടാണ് പുറമേക്ക് ഇല്ലാത്തതുപോലെ തോന്നിയെങ്കിലും ഉള്ളിൽ അവനെ കൊന്നുകൊണ്ടിരിക്കുന്ന കടുത്ത പനിയാണ് കണ്ണുകളിലൂടെ അങ്ങനെ ജ്വലിക്കുന്നതെന്ന് ഭാര്യഭർത്താക്കന്മാർ രണ്ടുപേരും കരുതി. എന്നാൽ കുഞ്ഞ് മരിച്ചില്ല. മരിച്ചില്ലായെന്നു മാത്രമല്ല അത്രയും നേരം മഴയിൽ നനഞ്ഞെന്ന് പരമശിവം പിള്ള പറഞ്ഞതിനെ ശരിവെക്കുന്ന തരത്തിൽ ഒന്നു തുമ്മുകപോലും ചെയ്തില്ല. സാരംഗൻ വളർന്നപ്പോഴും ജലവുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗത്തിലകപ്പെട്ട് ഒരൊറ്റ നാൾപോലും കിടക്കയിൽ വീണു കിടന്നിട്ടില്ല. അവന്റെയുടൽ രോഗങ്ങൾ കീഴടക്കാത്ത ബലവും വെളിച്ചം തുളച്ചുകയറുന്ന സുതാര്യതയും പരിക്കേൽക്കാത്ത വഴക്കവും ചേർന്നുള്ളതാണെന്ന് ചിലനാളുകൾക്കുള്ളിൽ പിള്ളയുടെ ഭാര്യ മനസ്സിലാക്കിയപ്പോൾ ഭാവിയിൽ അവൻ തന്റെ മൂപ്പിനെയും മരണത്തെയും എങ്ങനെ അഭിമുഖീകരിക്കുമെന്നോർത്ത് ചിലപ്പോഴൊക്കെ വേവലാതിപ്പെട്ടിരുന്നു. (ഒരു പരിധിക്കപ്പുറം ജീവിതം സഹിക്കാൻ കഴിയാത്തവിധം മടുത്ത് വിരസത മൂടിക്കെട്ടുന്നതായി മാറുമ്പോൾ?) പിള്ളയുടെ വീട്ടിൽ സാരംഗൻ ചെല്ലപ്പിള്ളയായി വളർന്നെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. പിള്ളയുടെ ഭാര്യയെ സംബന്ധിച്ചടത്തോളം അവനൊരു അത്ഭുതബാലൻ. മണ്ണിൽ പുതഞ്ഞുകൊണ്ടിരുന്നവനല്ല, മറിച്ച് മണ്ണിൽനിന്നും മുളച്ചുകൊണ്ടിരുന്നവൻ. തന്റെ ഭർത്താവ് തിരിച്ചു വീട്ടിലേക്ക് വന്നണയാനും പാഴായിപ്പോയ ശപിക്കപ്പെട്ട ബസവണ്ണയുടെ സ്ഥലത്തെ മറന്നുപോയി വീട്ടിൽതന്നെ സ്ഥിരമായി തങ്ങുവാനും അവനാണ് കാരണം. പിള്ളയും അവരുടെ സ്വന്തം മക്കൾപോലും സാരംഗന്റെമേൽ സ്‌നേഹം ചൊരിയുന്നതിൽ കുറവ് കാട്ടിയില്ല. സാരംഗൻ കുട്ടിയായി വളർന്നുകൊണ്ടിരുന്നപ്പോഴാണെങ്കിൽ ആ കുടുംബത്തിനു മാത്രമല്ല ദേശക്കാർക്കും ചെല്ലക്കുട്ടിയായിരുന്നു. പത്തുവയസ്സു തികഞ്ഞപ്പോൾ ഒരേ മനസ്സോടെ തെരഞ്ഞെടുക്കപ്പെട്ട അവന്റെ പ്രായമുള്ള പിള്ളേരുടെ തലവൻ. കുട്ടിപ്പട്ടാളം എപ്പോഴും അവനെച്ചുറ്റി ഞെരുക്കിക്കൊണ്ടിരിക്കും. അവൻ പറയുന്ന കഥകൾ അവർ അന്നുവരെ കാണാത്ത ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുചെന്നു. ലോകത്തിന്റെ മറുഭാഗത്തുള്ള അനേകം ദേശങ്ങളെക്കുറിച്ചും അവയിലെ അമ്പരപ്പിക്കുന്ന കൊട്ടാരങ്ങളെക്കുറിച്ചും അവയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന സുന്ദരികളായ രാജകുമാരികളെക്കുറിച്ചും അവരെ ആര് എപ്പോൾ എങ്ങനെ വിളിച്ചുണർത്തുമെന്നുമൊക്കെയുള്ള രഹസ്യത്തെയും സാരംഗൻ മനസിലാക്കിവെച്ചിരുന്നു. കളിക്കുവാനായി അവൻ കണ്ടുപിടിക്കുന്നയിടങ്ങൾ അവന്റെ കൂട്ടുകാർ സന്തോഷഭയത്തിൽ ശ്വാസംമുട്ടിപ്പോകുന്നവിധം ആകർഷകമായിരുന്നു. അതിനുമുമ്പ് ഒരിക്കൽപോലും അവർ അവയെ കളിക്കാനനുയോജ്യമായ ഇടങ്ങളായി ഭാവന ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. വെള്ളകെട്ടുകളുടെ ഓരങ്ങളിലുള്ള എലിമാളങ്ങൾ, നിബിഡമായി നെയ്യപ്പെട്ടിരിക്കുന്ന ചിലന്തിവലകൾ, മരപ്പൊത്തുകൾ, പറവകളുടെ കൂടുകൾ എന്നിങ്ങനെ ധാരാളം ഒളിയിടങ്ങളെ അവർ സാരംഗന്റെയൊപ്പം ചേർന്ന് കണ്ടുപിടിച്ചു. നേരത്തേ അവയിൽ വസിച്ചുപോന്ന ജീവികളോട് സാരംഗൻ അവർക്ക് ഇടപഴകാൻ അവസരമുണ്ടാക്കിക്കൊടുത്തു. ഇതെല്ലാം സാരംഗൻ മാത്രം എങ്ങനെ മനസിലാക്കിവെച്ചിരിക്കുന്നുവെന്ന് അവർ ആശ്ചര്യപ്പെട്ടു. അവയെക്കുറിച്ച് അവനോട് പറയുന്ന രഹസ്യമൊഴിയെ അവരാൽ കേൾക്കുവാൻ സാധിച്ചില്ല. ആ ചങ്ങാത്തത്തെ സാരംഗന്റെ ഏകാന്തതയാണ് അവനു നേടിക്കൊടുത്തത്. മഴക്കാലങ്ങളിൽ മറ്റു കുട്ടികളെ അവരുടെ കണിശ സ്വഭാവക്കാരായ അച്ഛനമ്മമാർ ചാറലേൽക്കാത്തവിധം വീടിന്റെ ഉള്ളറകളിൽ പൂട്ടിയിട്ടു. അപ്പോഴെല്ലാം ഏകാന്തതയിൽ തന്റെ സമയത്തെ ചെലവഴിക്കുമ്പോലെ സാരംഗൻ കഴിച്ചുകൂട്ടി. മഴക്കാലങ്ങളിൽ അവനെ കൈയ്യൊഴിയാത്ത ഒരു കൂട്ടുണ്ടായിരുന്നെങ്കിൽ അത് മഴയായിരുന്നു. സാരംഗൻ മഴയോടൊപ്പമാണ് വളർന്നത്. (ആകാശത്തിന്റെ മുഖം കറുക്കുമ്പോഴെല്ലാം സാരംഗന്റെ മുഖം പ്രകാശിക്കും). ദേശക്കാർ കരുതിയിരുന്നതുപോലെ നാട്ടിൽ സാംക്രമിക രോഗത്തെ കെട്ടഴിച്ചുവിടുന്ന മന്ത്രവാദിയായി മഴ സാരംഗനോട് പെരുമാറിയില്ല. മറിച്ച് അതവനെ ആ ദേശത്തിനകത്തുതന്നെയുള്ള എന്നാൽ ആരുംതന്നെ അതുവരെ കണ്ടിട്ടില്ലാത്ത മികച്ച ഒളിയിടങ്ങളിലേക്കെല്ലാം കൂട്ടികൊണ്ടുപോയി കാണിച്ചുകൊടുത്തു. വളരെ ഉയരത്തിലിരുന്ന് മുഴുവൻ ലോകത്തെയും ചുറ്റിനോക്കി അവിടെക്കണ്ട വിസ്മയങ്ങളെക്കുറിച്ചെല്ലാം അവനോട് കഥകളായി മൊഴിഞ്ഞു. സാരംഗൻ മഴയുടെ സ്വരത്തെ സ്പഷ്ടമായും കേട്ടു. കാലം പോകുന്നതറിയാതെ മഴയോടൊപ്പം കളിച്ചു. അക്കാലങ്ങളിൽ മിക്കപ്പോഴും വീട്ടിലേക്ക് വരുന്ന പതിവ് കുറഞ്ഞിരുന്നു. എന്നാൽ പിള്ളയോ അയാളുടെ ഭാര്യയോ അവനെ എതിർത്തില്ല. മഴയ്ക്കും അവനുമിടയിലെ ബന്ധത്തെക്കുറിച്ച് അവർക്കുമറിയാം. അതിനാൽ അവനെ അവന്റെ പാട്ടിനു പോകാൻ അനുവദിച്ചിരുന്നു. മുറികൾക്കുള്ളിൽ അടക്കപ്പെട്ടു കഴിഞ്ഞ മറ്റു കുട്ടികളെല്ലാവരും അസൂയയോടെയും നിരാശയോടെയും വീർപ്പുമുട്ടിക്കൊണ്ടിരിക്കെ സാരംഗൻ അക്കാലം മുഴുവനും മഴയോടൊപ്പം സംസർഗ്ഗത്തിലേർപ്പെട്ടുകൊണ്ടിരിക്കും. കാലാവസ്ഥ മാറിയ ഉടനെ വിടവാങ്ങുന്നനേരം പറഞ്ഞത്ഭുതപ്പെടുത്താനായി കൂടുതൽ എണ്ണമറ്റ വിചിത്രമായ കഥകളെയും, കാണിച്ച് അഭിമാനംകൊള്ളാനായി കൂടുതൽ വിസ്മയകരമായ ഒളിയിടങ്ങളെയും തന്റെ പാരിതോഷികമായി മഴ സാരംഗന്റെയടുത്ത് വിട്ടു പോകും. ഒരു മഴക്കാലത്താണ് ദേശക്കാരാൽ മറന്നുപോയ ബസവണ്ണയുടെ നിലത്തെ സാരംഗൻ വീണ്ടും കണ്ടുപിടിച്ചത്. കെലമംഗലത്തുനിന്ന് കളിച്ചുകൊണ്ടേ ഹൊസൂർവരെ കൂട്ടിക്കൊണ്ടുവന്ന മഴ ജമീന്ദാറുടെ പഴയ പ്രണയമാളികയുടെ മുന്നിൽ അവനെ കൊണ്ടുവന്നു നിർത്തിയപ്പോൾ ഇനി മറ്റെങ്ങും തേടേണ്ട ആവശ്യമില്ലാതെ കളിക്കുവാൻ വളരെ നല്ലയൊരിടം അവസാനം കണ്ടുപിടിക്കപ്പെട്ടെന്നുതന്നെ സാരംഗൻ കണക്കുകൂട്ടി. എലിമാളങ്ങളും കുറ്റിച്ചെടികളും ഇടതൂർന്ന മരങ്ങളും ഊഞ്ഞാലാടുവാൻ പാകത്തിൽ ചില്ലകളിൽ പിണഞ്ഞുകിടക്കുന്ന കയറിന്റെ വണ്ണമുള്ള ചിലന്തിവലകളും പക്ഷിക്കൂടുകളും ധാരാളമായി ആ കെട്ടിടത്തിനുള്ളിൽ വളർന്ന് തിങ്ങി നിറഞ്ഞിരുന്നു. ഒളിച്ചിരിക്കാൻ കഴിയുന്നവിധം ഇരുളും കുറവില്ലാതെ മൂടിക്കെട്ടിയിരുന്നു. വെവ്വേറെയായി ഓരോരോ ഇടത്തിൽ ഒരോന്നായി ചിതറിക്കിടന്ന സൗകര്യങ്ങൾ മുഴുവനും അലഞ്ഞുനടക്കേണ്ട ആവശ്യമില്ലാത്തവിധം ഒരേയിടത്തിൽ കുമിഞ്ഞുകിടക്കുന്നു. സാരംഗനുണ്ടായ സന്തോഷത്തിന് അതിരേയില്ല. തന്റെ വരുംകാലത്തെക്കുറിച്ച് മുൻകൂട്ടിത്തന്നെ ഊഹിക്കുന്നയളവിലേക്ക് അന്നേരം മനസ്സുകൊണ്ട് അവൻ വളർന്നിരിക്കാം ഇല്ലായിരിക്കാം എന്നാൽ ഇനി ആ ഇടമാണ് തന്റെ സ്ഥിരമായ കളിമൈതാനമെന്ന് അതിനെ കണ്ടമാത്രയിൽത്തന്നെ അവന്റെ മനസ്സുറപ്പിച്ചു. മഴക്കാലം എപ്പോൾ കഴിയുമെന്നും എപ്പോൾ ആ പുതിയ ഇടത്തെ തന്റെ കൂട്ടുകാർക്ക് കാണിച്ച് അവർ വായയെ പിളർത്തുന്നതു കണ്ട് സന്തോഷിക്കുന്നതെന്നും അവൻ തുടിച്ചുക്കൊണ്ടിരുന്നു. എന്നാൽ മഴക്കാലം കഴിഞ്ഞ് അവരെ ആ ഇടത്തേക്ക് കൂട്ടികൊണ്ടുവന്നപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ പഴയ മാളികയെ കണ്ടതും അവരെല്ലാവരും പേടിച്ച് മുഖം വിളറിപ്പോയി. തന്നെയൊഴിച്ച് മറ്റുള്ള എല്ലാ കുട്ടികൾക്കും അവർ പിറന്നനാൾതൊട്ടേ ആ ഇടത്തിന്റെ കഥ മുതിർന്നവരാൽ പറയപ്പെട്ടിരിക്കുന്നതാണെന്ന സത്യം അപ്പോഴാണ് സാരംഗൻ അറിയാനിടവന്നത്. താനാണ് ആദ്യമായി കണ്ടുപിടിച്ചതെന്നു കരുതി അഭിമാനിച്ചുകൊണ്ടിരുന്ന സാരംഗൻ ആ ഇടം സത്യത്തിൽ തന്നെയൊഴിച്ച് മറ്റെല്ലാവർക്കും നെടുങ്കാലത്തിനു മുമ്പേ പരിചയമുള്ള ഒന്നാണെന്ന കാര്യം മനസ്സിലായപ്പോൾ നടുങ്ങിപ്പോയി. അതിലും വിചിത്രമെന്തെന്നാൽ മറന്നുപോകാൻവേണ്ടിത്തന്നെയാണ് ആ കഥ അവരോട് പറയപ്പെട്ടിരുന്നത്.

ദുഃഖമേഘം സാരംഗന്റെ നിർമ്മലമായ മനസ്സിനെ ചൂഴ്ന്നു. എല്ലാവർക്കുമറിവുള്ള ഒരു സാധാരണമായ ഉൾനാടൻ വിഷയം ലോകത്തിന്റെ മറുഭാഗത്തുള്ള വിസ്മയങ്ങളെപ്പോലും മനസ്സിലാക്കിവെച്ചിട്ടുണ്ടെന്ന് മേനി നടിക്കുന്ന തനിക്കറിയില്ലെന്ന അപകർഷതയും അവനെ അള്ളിപിടിച്ചു. തന്റെ കൂട്ടുകാർക്കിടയിൽ ആദ്യമായി എന്നാൽ വളരെ മോശമായി തോറ്റുപോയതായോർത്ത് അവൻ വളരെയധികം ഒറ്റപ്പെട്ടുപോയി. തന്നോടു മാത്രം എന്തുകൊണ്ടിതു പറയപ്പെട്ടില്ലായെന്നതും അവനു മനസ്സിലായില്ല. എന്നാൽ ഒരുകാര്യം മാത്രം തീർച്ചയായും മനസ്സിലായി. നാളിതുവരെ പറയപ്പെടാത്ത കഥയെ ഇനി മേലാൽ തന്റെ മാതാപിതാക്കളിൽനിന്ന് പുറത്തുകൊണ്ടുവരാൻ സാധ്യമല്ല. മറച്ചുവെക്കപ്പെടുന്ന കാര്യങ്ങളോട് കൂടുതൽ ഇഷ്ടം പ്രകടിപ്പിക്കുന്ന മനുഷ്യപ്രകൃതം സാരംഗനെ പിന്നീട് ആ ഇടത്തേക്ക് അടിക്കടി വന്നുപോകാൻ പ്രേരിപ്പിച്ചു. മറ്റു കുട്ടികളെല്ലാവരും തിരസ്‌ക്കരിച്ചെങ്കിലും അവൻ തുടർന്നും അങ്ങോട്ട് പോയിവരുന്നത് ശീലമാക്കി മാറ്റി. മഴ അവനെ ധൈര്യപ്പെടുത്തി. മഴക്കാലത്ത് രാത്രിസമയത്തുപോലും അവനവിടെ മഴയുടെകൂടെ തങ്ങി. അച്ഛനമ്മമാരും ദേശക്കാരും പറയാത്ത കഥയെ ഏകാന്തത അവനോടു പറഞ്ഞു. സാരംഗന്റെ പ്രവൃത്തികളെക്കുറിച്ച് ദേശക്കാർ അറിയാനിടവന്നപ്പോൾ അതിനെ അവന്റെ അച്ഛനമ്മാരുടെ ചെവികളിലേക്കെത്തിക്കുവാൻ അവർ ശങ്കിച്ചു. ബസവണ്ണയുടെ നിലത്തെക്കുറിച്ചുള്ള വിവരം പിന്നെയും പരമശിവം പിള്ളയുടെ കുടുംബത്തിന്റെ കാതുകളിൽ വന്നുപെട്ടാൽ ഉടനെ അവിടെ മരണം സംഭവിക്കുമെന്ന് അവർ ആശങ്കപ്പെട്ടു. അതിനാൽ സാരംഗനെത്തന്നെ വിളിച്ച് വളരെ പതിഞ്ഞ ശബ്ദത്തിൽ അവന്റെ കാതുകളിൽ അവനെ താക്കീതു ചെയ്യാൻ ശ്രമിച്ചു. സാരംഗൻ ചെവികളെ മൂടിക്കളഞ്ഞു. ഒളിഞ്ഞൊളിഞ്ഞ് പുഴുങ്ങികൊണ്ടിരുന്ന പഴയ ഓർമ്മകൾ വീണ്ടും ദേശത്തേക്ക് വളഞ്ഞുവരാൻ തുടങ്ങി. ഈ സമയത്താണ് പ്രതീക്ഷിക്കാത്തവിധത്തിൽ ആകസ്മികമായി ജമീന്ദാർ മരണമടഞ്ഞത്. തുടർന്ന് പിള്ളയുടെ ഭാര്യയുടെ അകാലമരണം. ദേശക്കാരാൽ ചെയ്യാൻ കഴിയാത്ത കാര്യത്തെ ആ പെണ്മണിയുടെ മരണം തൽക്കാലത്തേക്ക് സാധ്യമാക്കി. അമ്മയുടെ മരണം അതുവരെ കളിക്കുട്ടിയായി കഴിഞ്ഞിരുന്ന സാരംഗനെ വലിയൊരു മനുഷ്യനാക്കി മാറ്റി. പിതാവിന്റെ അവശതയെ നികത്തുന്നവിധം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ സ്വന്തത്തെ ഇണക്കേണ്ട നിർബന്ധിതാവസ്ഥ അവനിൽ വന്നുപെട്ടു. ഇതിനാൽ ബസവണ്ണയുടെ സ്ഥലത്തേക്ക് സാരംഗൻ പോയിവരുന്ന സന്ദർഭങ്ങൾ അല്പാല്പമായി എന്നാൽ താത്കാലികമായി കുറഞ്ഞുവന്നു. ഒരു മൂന്നുവർഷക്കാലം ഏറെക്കുറെ നിലച്ചുതന്നെപോയി എന്നുപോലും പറയാം. പക്ഷേ ഉടലാലല്ലെങ്കിലും ഉള്ളത്താൽ അവൻ സ്വന്തത്തെ മുഴുവനായും അവിടെത്തന്നെ സമർപ്പിച്ചിരുന്നു. അപ്പോഴവന് വയസ്സ് പതിനേഴ് ആരംഭിച്ചിരുന്നു. മലപോലെ തന്റെ മുന്നിൽ കുമിഞ്ഞിരുന്ന ഉത്തരവാദിത്തങ്ങളെയെല്ലാം അവൻ അലിയിക്കാൻ തുനിഞ്ഞപ്പോൾ മുതിർന്നവരുടെ ലോകത്തെ അറിയാനുള്ള സന്ദർഭങ്ങൾ ഒത്തുവരാൻ തുടങ്ങി. അവനിൽ കിടപ്പുണ്ടായിരുന്ന ബാല്യം മെല്ലെമെല്ലെ അവനിൽനിന്ന് വിടപറഞ്ഞു. മുൻഗാമികൾ മരിച്ച് ഒരു വർഷത്തിനുള്ളിൽത്തന്നെ മംഗളകാര്യങ്ങൾ നടന്നാൽ മരണപ്പെട്ടവരുടെ നേരിട്ടുള്ള ആശിർവാദങ്ങൾ ലഭിക്കുമെന്നതിനാൽ പിള്ളയുടെ ഭാര്യ മരിച്ച് ഒൻപതാം മാസത്തിൽ ഡെങ്കനിക്കോട്ട ഭാഗത്തുനിന്ന് നല്ല ചുറ്റുപാടുള്ള ഒരു വരനെ കണ്ടെത്തി ആദ്യംത്തന്നെ തന്റെ ചേച്ചിയുടെ കല്യാണം നടത്തിവെച്ചു. പിള്ളയുടെ മറ്റു രണ്ടുമക്കളും ജോലിയാവശ്യവുമായി വ്യത്യസ്ത ദേശങ്ങളിലേക്ക് വീട്ടിൽനിന്ന് പിരിഞ്ഞുപോയതിനുശേഷം അച്ഛന്റെ അഭ്യർത്ഥനപ്രകാരവും സ്വന്തം ഇഷ്ടപ്പടിയും കുലത്തൊഴിൽ അഭ്യസിക്കാൻ മുതിർന്നു. തന്റെയച്ഛനെ തന്റെ ഗുരുവായും അവൻ സ്വീകരിച്ചു. കെലമംഗലത്തെ വീട്ടിൽ അവർ രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്. പിള്ള എത്രതന്നെ ഉപദേശിച്ചിട്ടും ഒരു സഹായിയെ നിർത്തുവാൻ സാരംഗൻ സമ്മതിച്ചില്ല. അച്ഛന്റെ ശുശ്രൂഷയെല്ലാം സന്തോഷത്തോടെ സ്വയമേ ചെയ്തുപോന്നു. അത് ഗുരുദക്ഷിണയെന്നും പറഞ്ഞു. അതൊരു വിചിത്രമായ കളരിയായിരുന്നു. കെട്ടിടജോലി നടക്കുന്നയിടങ്ങളിലേക്ക് സാരംഗനെ കൂട്ടിച്ചെന്ന് പരിശീലിപ്പിക്കാനുള്ള ഉടൽബലം പിള്ളയ്ക്കുണ്ടായിരുന്നില്ല. വീട്ടിലിരുന്നുകൊണ്ടുതന്നെ ആ വിദ്യയെ അവന് പഠിപ്പിച്ചുകൊടുത്തു. അവൻ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഇടങ്ങളിൽനിന്ന് വളരെ അകലെയായിരുന്നു അത്. കെട്ടിടനിർമ്മാണത്തിനുള്ള സ്ഥലത്തിന്റെ അളവ്, മണ്ണിന്റെ ഗുണം, കാലാവസ്ഥ, ദിശ, ഉടമയുടെ സാമ്പത്തികസ്ഥിതി, ഗ്രഹനില, കുടുംബാംഗങ്ങളുടെ എണ്ണം, നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനുമുകളിൽ വായു സഞ്ചരിക്കുന്ന ഉയരം എന്നിവയെല്ലാം സാരംഗൻ വന്ന് അയാളോട് പറഞ്ഞുകൊടുക്കുമായിരുന്നു. പറഞ്ഞമാത്രയിൽ വീടിന്റെ അളവ്, മുറികളുടെ എണ്ണവും വിസ്താരവും, തെരഞ്ഞെടുക്കേണ്ട കല്ലിന്റെ ഇനം, സ്ഥാപിക്കേണ്ട സ്തൂപം, കലർപ്പിന്റെ ഗുണം, നീർമൂല, കെട്ടിടത്തിന്റെ ഉയരം, അടുക്കളയിലെ അടുപ്പിന്റെ സ്ഥാനം, ദൃഷ്ടിദോഷത്തിനായി അസ്ഥിവാരത്തിനകത്ത് വെക്കേണ്ട സാധനങ്ങൾ, പൂജിക്കപ്പെടേണ്ട ആരാധനാമൂർത്തി, വാസ്തുപുരുഷന്റെ നില, ദൃഷ്ടിമൂല, വീടിന്റെ നിറം, ഉൾപ്പുറച്ചുവരുകളുടെ മണം ഇവയത്രയും കണക്കുകൂട്ടി പിള്ള സാരംഗനോട് പറയും. അതിനനുസരിച്ച് മിശ്രിതം അനുഗുണപ്പെടുത്തേണ്ട വിധത്തെയും വിശദീകരിച്ചുകൊടുക്കും. സാരംഗൻ ആദ്യമൊക്ക തന്റെ പിതാവ് കാണിച്ചുകൊടുത്ത വഴിയിലൂടെ കെട്ടിടങ്ങൾ നിർമ്മിച്ച് പരിശീലനം നേടി. വീടു നിർമ്മിക്കാൻ ആവശ്യപ്പെട്ടവരുടെ ഗുണവിശേഷങ്ങളും അതിനനുസരിച്ച് രൂപപ്പെടുത്തുന്ന വീടുകളുടെ ഗുണവും ശൈലിയും ഒരു നിർദ്ദിഷ്ട ചുഴൽച്ചയിൽ പിന്നെയും പിന്നെയും വരുന്നുണ്ടെന്നതിനെ മനസ്സിലാക്കുവാൻ അവന് സമയം വേണ്ടിവന്നു. എന്നാൽ കൂടുതൽ വേണ്ടിവന്നില്ല. വേഗത്തിൽത്തന്നെ അവൻ ആ വലയത്തെ തന്റെ ഭാവനയാൽ വിപുലീകരിക്കാൻ തുടങ്ങി. തന്റെ കഠിനമായ അദ്ധ്വാനംകൊണ്ടും സമർപ്പണംകൊണ്ടും കെട്ടിടങ്ങളിൽ വിളങ്ങുന്ന അച്ഛന്റെ ചായലിനെയകറ്റി അവയിൽ തന്റെ മുദ്രയെ പതിപ്പിക്കുന്നതിൽ വിജയം നേടി. പിള്ളയുടെ അകൽച്ച അവന് കൂടുതലായി ചില അവസരങ്ങളെയും ഉണ്ടാക്കിക്കൊടുത്തു. അച്ഛന്റെ അകൽച്ചയെ പ്രയോജനപ്പെടുത്തിക്കൊണ്ട് പരീക്ഷണാർത്ഥത്തിൽ ചില ശൈലികളെ അവൻ ശ്രമിച്ചുനോക്കി. ഉദാഹരണത്തിന് ചുണ്ണാമ്പിനു പകരമായി മണലും ചുണ്ണാമ്പും കരിങ്കൽപ്പൊടികളും കലർന്ന ചാരനിറത്തിലുള്ള ഒരു കൃത്രിമ മണ്ണിനെ താൻ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പുതുതായി അവതരിപ്പിച്ചു. ദൂരദേശങ്ങളിൽ അതു പ്രയോജനപ്പെടുത്തുന്ന രീതിയെ മഴ അവന് അറിയിച്ചുകൊടുത്തിരുന്നു. അതുപോലെത്തന്നെ മേലാപ്പിനായി മരക്കമ്പുകളെ ഇണച്ചുകെട്ടി ഇലകൾകൊണ്ട് അടുക്കിട്ട് അതിനുമേലെ മിശ്രിതത്തെ ചൊരിഞ്ഞ് കെട്ടിപ്പടുത്തുന്ന പഴയ രീതിക്കു പകരമായി കമ്പികൾ വളച്ച് ലോഹവലകളെ വിരിച്ച് മിശ്രിതത്തെ പടർത്തുന്ന പുതിയ മുറയെയും ആ പ്രദേശത്തേക്ക് കൊണ്ടുവന്നു. മുറികൾക്ക് നടുവിൽ കാഴ്ചയെ മറക്കുന്നവിധം നിൽക്കുന്ന തൂണുകളെ ചുവരിനരികിലേക്ക് മാറ്റി സ്ഥാപിച്ചു. മേലാപ്പുകേന്ദ്രങ്ങളെ ഒരേയിടത്തിൽ സമ്മേളിപ്പിക്കാതെ അരികിലെ ചുവരുകളുടെ താങ്ങികളാക്കി വികേന്ദ്രീകരിച്ചു. പെട്ടെന്നുതന്നെ പിതാവിന്റെ സ്ഥാനത്തെ സാരംഗൻ പിടിച്ചെടുത്തു. അയാൾ തൊഴിലിടത്തിൽനിന്ന് അകന്നിരുന്ന കാലത്തിൽ ആ സന്ദർഭത്തെ മുതലെടുത്തുക്കൊണ്ട് ഇലിപ്പപ്പൂക്കളായി പൊതിഞ്ഞുകൊണ്ടിരുന്ന പല വ്യാജന്മാരെ സാരംഗന്റെ പ്രതിഭ രംഗത്തിൽനിന്ന് താഴേക്ക് തള്ളി. കുട്ടിക്കാലത്ത് അവന്റെ ഏകാന്തതയെ തള്ളിനീക്കുന്ന തുണയായിരുന്ന മഴ സാരംഗൻ വളർന്നപ്പോൾ വിശ്വസ്തനായ സേവകനായി മാറി. കാലാവസ്ഥയിലെ മാറ്റങ്ങൾ സാരംഗൻ ഏറ്റെടുത്ത ജോലികളെ വൈകിപ്പിക്കുകയോ തടുത്തുനിർത്തുകയോ ചെയ്തില്ല. മഴക്കാലങ്ങളിൽ അവൻ ഉത്തരവാദിത്തമേറ്റെടുത്ത കെട്ടിടങ്ങളിൽമാത്രം ജോലി നടന്നുകൊണ്ടിരുന്നു. പുതുതായി തേപ്പുചെയ്യപ്പെട്ട ഈർപ്പമുണങ്ങാത്ത നനവുള്ള ചുവരാണെങ്കിൽപോലും കനത്ത മഴയ്ക്ക് ശേഷവും അതിന്റെ അടയാളം പതിഞ്ഞിരിക്കില്ല. അതുകഴിഞ്ഞും അതു വെയിലേറ്റ് ഉണങ്ങണമെന്നുണ്ടെങ്കിൽ മഴ തന്റെ വരവിനെ ചില നാളുകൾ വൈകിപ്പിച്ചു. ആവശ്യമുള്ളപ്പോൾ മഴക്കാലം തുടങ്ങിയിട്ടില്ലെങ്കിലും ഒന്നോ രണ്ടോ തവണ സാരംഗന്റെയടുത്ത് വന്നു തങ്ങി തിരിച്ചുപോകും. വെള്ളത്തിന്റെ ചുവ വേണ്ടയളവിൽ മിശ്രിതത്തിന്റെ സാന്ദ്രതയെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമെന്നതിനാൽ അതിനനുസരിച്ച് നീർച്ചേരുവയിൽ മാറ്റം വരുത്തേണ്ട രഹസ്യത്തെയും മഴ അവനു പറഞ്ഞുകൊടുത്തിരുന്നു. പിള്ള അറിഞ്ഞിട്ടില്ലാത്ത പല ഗൂഢരഹസ്യങ്ങളെ രാത്രിസമയങ്ങളിൽ അയാളുടെയടുത്തിരുന്നുകൊണ്ട് സാരംഗൻ കഥപോലെ പറയുമ്പോൾ അയാൾ വിസ്മയത്തിലാണ്ടു പോകും. കുട്ടിക്കാലത്ത് തന്റെ പ്രായത്തിലുള്ള പിള്ളേരോട് പറഞ്ഞ കഥകളിലുണ്ടായിരുന്നതുപോലെത്തന്നെ പല നിഗൂഢവഴികൾ അതിനുള്ളിലേക്ക് പോകപ്പോകെ നീണ്ടുകൊണ്ടേ പോകുന്നത് പിതാവിനോട് പറഞ്ഞുകൊണ്ടുപോകേ അവനും അനുഭവപ്പെട്ടു. സത്യത്തിൽ തന്റെ കുട്ടിക്കാലത്തെ കളികളുടെ വിപുലീകരണമായിട്ടുതന്നെ തന്റെ ജോലിയെയും സാരംഗൻ അനുഭവിച്ചുകൊണ്ടിരുന്നു. അതിലവന് വെല്ലുവിളിയും അപരിമിതമായ ആനന്ദവും ലഭിച്ചുകൊണ്ടിരുന്നു. മൂന്നുവർഷങ്ങൾക്കുശേഷം ബസവണ്ണയുടെ നിലത്തിലേക്ക് വീണ്ടും മടങ്ങിവന്നപ്പോൾ അവൻ പഴയ പയ്യൻ സാരംഗനല്ല. ഉടൽകൊണ്ടും ഉള്ളംകൊണ്ടും നന്നായി വളർന്ന് പക്വതപ്പെട്ട, പേരെടുത്ത കെട്ടിട്ട നിർമ്മാതാക്കൾക്കിടയിലും പണക്കാരുടെ വലയത്തിനകത്തും തന്റേതായ ഒരു ഇടത്തെ നേടി നിലനിർത്തിയ വലിയ മനുഷ്യനായി മാറിയിരുന്നു. ബസവണ്ണയുടെ നിലവും അവന്റെ കാഴ്ചപ്പാടിൽ കളിയാടിയിരുന്ന പഴയ മൈതാനമായിരുന്നില്ല. ഇനി തന്റെ വാസസ്ഥലം അതുതന്നെയെന്നത് സാരംഗന് ഉറപ്പായും മനസ്സിലായിരുന്നു. അവിടെ പണിയാനുദ്ദേശിക്കുന്ന വീടിന്റെ രൂപരേഖയും അവന്റെ മനസ്സിൽ വർണ്ണത്തൂലികകൊണ്ട് വ്യക്തമായി വരയ്ക്കപ്പെട്ടിരുന്നു. അടുത്ത ചിലനാളുകളിൽത്തന്നെ അവൻ ജോലിയാരംഭിച്ചു. നിബിഡമായ കാടുവെട്ടി തുറസ്സുണ്ടാക്കി. മഴ കാർന്നതിനു പുറമേ മിച്ചമുള്ളതിനെ ചിതലും തിന്ന് നേരത്തേ എല്ലിൻകൂടായിരുന്ന ജമീന്ദാറിന്റെ പഴയ സ്വപ്നമാളികയെ ഇടിച്ചുനിരപ്പാക്കി. ജോലികൾ ദ്രുതഗതിയിൽ നടന്നു. ബസവണ്ണയുടെ ശാപത്തെപ്പറ്റി ആരു പറഞ്ഞതും അവന്റെ കാതുകളിൽ കയറിയില്ല. ദേശക്കാരുടെ കഥകളിൽ കൂടുതൽ ദൃശ്യങ്ങൾ ചേർന്നു. വിലക്കപ്പെട്ടതിനുമേലുള്ള ആഗ്രഹത്തെ ഒരാളുടെയുള്ളിൽ വിതയ്ക്കുന്നത് അവൻ മുതിർന്നവനാണെങ്കിൽ കച്ചവടത്തിലെ എതിരാളിയും യുവാവാണെങ്കിൽ കാമുകിയുമെന്നാണ് പറയാറുള്ളത്. സാരംഗൻ തന്റെ മനസ്സിലൊളിപ്പിച്ചുവെച്ചിരിക്കുന്ന പ്രണയിനിക്കായാണ് ആ വീട് ഉയർത്തപ്പെടുന്നതെന്ന് ദേശം പറഞ്ഞുനടന്നു. അതിനെയാരും അവനോട് തുറന്നുചോദിച്ചിരുന്നില്ലെങ്കിലും ഓരോരുത്തരുടെ മനസ്സിലും ആ ചിന്തതന്നെ മേലോങ്ങിയിരുന്നു. മോഹത്തിനും ശാപത്തിനുമിടയിലുള്ള പഴയ അങ്കം വീണ്ടും ആരംഭിച്ചെന്ന് മുതിർന്നവർ പറഞ്ഞു സങ്കടപ്പെട്ടു. ഇതിന് നേർവിപരീതമായി സാരംഗന്റെ സ്വപ്നങ്ങളിൽ ഉലാത്തുകയാണെന്ന് വിശ്വസിക്കപ്പെട്ട കാമുകിയാണെങ്കിലോ, ഗ്രാമം മുഴുവനും മാതാപിതാക്കളറിയാതെ ഓരോ ഇളംപ്രായക്കാരികളുടെ ഉള്ളിലേക്കും നുഴഞ്ഞുകയറിപ്പെരുകി. മൊത്തത്തിൽ വിശ്വാസത്തോടെയോ സന്ദേഹത്തോടെയോ സങ്കടത്തോടെയോ സന്തോഷത്തോടെയോ ഓരോരുത്തരും സാരംഗൻ തന്റെ വീടിനെ പണിതുപൂർത്തിയാക്കുന്ന നാളിനായി ആകാംക്ഷയോടെ കാത്തുകൊണ്ടിരുന്നു. പതിമൂന്നുമാസങ്ങൾകൊണ്ട് സേലം മുതൽ മൈസൂർവരെ അതിനു തുല്യമായ മറ്റൊരു അഴകുള്ള വീടില്ലെന്ന് പറയാൻസാധിക്കുന്നവിധം മഴവീട് പണിതുപൂർത്തിയാക്കപ്പെട്ടു. ദേശത്തിന്റെ മഹിമ വിളിച്ചോതുന്ന സ്ഥിരം അടയാളമായി ഇനി ആ വീട് വിളങ്ങുമെന്ന് പറഞ്ഞ് ദേശക്കാരും അഭിമാനംകൊണ്ടു. ഗൃഹപ്രവേശനച്ചടങ്ങിന്റെ തലേന്നാൾത്തന്നെ സാരംഗൻ തന്റെ പിതാവിനെ വീടു കാണിക്കുന്നതിനായി അദ്ദേഹത്തിന്റെ ഇരുണ്ട കിടപ്പറയിൽനിന്ന് വെളിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പഴയ കെട്ടിടനിർമ്മാണശൈലിയും പുതിയ രീതികളും സമ്മേളിച്ച വീടിന്റെ മനോഹാരിതയും വിസ്താരവും കണ്ട് പരമശിവം പിള്ള അമ്പരന്നുനിന്നു. രണ്ടുപേർക്ക് അത്രയും വലിയ വീടെന്തിനെന്ന് അയാൾ സാരംഗനോട് ചോദിച്ചപ്പോൾ അവൻ മഴയെയും ചേർത്ത് മൂന്നാളെന്ന് പ്രതിവചിച്ചു. (എന്നാൽ മഴ മനുഷ്യരെപ്പോലെ ഇടുങ്ങിയ വാഴ്വിടങ്ങളിൽ സ്വന്തത്തെ അടച്ചിട്ടു കഴിയാൻ താല്പര്യപ്പെടുന്നില്ല. കുഞ്ഞിനെപ്പോലെ അത് അതിരറ്റ ദിക്കുകളിൽ കളിക്കാനായി ചുവരുകളെ പരമാവധി അകലത്തിലേക്ക് വിഭജിക്കേണ്ടിയിരുന്നു). ചടങ്ങിലേക്ക് സാരംഗൻ എല്ലാവരെയും ക്ഷണിച്ചിരുന്നു. ഒരാൾപ്പോലും അന്നത്തെ ദിവസം തങ്ങളുടെ വീട്ടിൽ പാചകം ചെയ്യരുതെന്നും സ്‌നേഹാഭ്യർത്ഥന നടത്തിയിരുന്നു. മുതിർന്നവർക്ക് സാരംഗൻ അവൻ ഇഴഞ്ഞുകളിച്ചിരുന്ന കാലംതോട്ടേ അറിയുന്ന കുഞ്ഞ്. യുവാക്കൾക്ക് അവൻ അവരുടെ ഇളംപ്രായക്കാലത്തെ കൂട്ടുകാരൻ. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും മഴയെ പിടിച്ചുവെച്ച് തമാശ കാണിക്കുന്ന മാന്ത്രികൻ. യുവതികൾക്ക് അവരുടെ മാനസകാമുകൻ. വീടിനകത്ത് സൂചികുത്തുവാൻ പോലുമിടമില്ലാത്ത സ്ഥിതിയായിരുന്നു. മാതാപിതാക്കൾ തങ്ങളുടെ മുതിർന്ന പെൺമക്കളെ അല്പംപോലും ലജ്ജയില്ലാതെ ചമയിച്ചു ചന്തംവരുത്തി കൊണ്ടുവന്നിരുന്നു. ആ പെൺതരുണികൾ സാരംഗനെ കേന്ദ്രീകരിച്ച് അവൻ അമർന്നിരുന്ന വേദിയെ വട്ടമിട്ട് ചിത്രശലഭങ്ങളായി പാറിപ്പറന്നുനടന്നു. സ്വീകരണപ്പന്തലിലേക്കും ഉള്ളറകളിലേക്കും വേദിയിലേക്കുമായി വന്നുകൊണ്ടിരുന്ന ഓരോരുത്തരും തള്ളിനീങ്ങിക്കൊണ്ടിരുന്ന ദൃശ്യം ഇളംകാറ്റിൽ അലകളെയുയർത്തുന്ന നിറഞ്ഞ വയലിന്റെ തോറ്റത്തെ ഉൾക്കൊണ്ടിരുന്നു. പിള്ളയുടെ രണ്ടാമത്തെ മകനും മകളും ഭർത്താവും പരിപാടിയിൽ തങ്ങൾക്കുള്ള അവകാശത്തെ വലിയ വായിൽ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. സാരംഗന്റെ പേര് ഏതെങ്കിലും കോണിൽനിന്ന് എപ്പോഴും വിളിക്കപ്പെട്ടുകൊണ്ടേയിരുന്നു. മൂലികകളും ചുള്ളികളും യാഗത്തിനുള്ള മറ്റു പദാർത്ഥങ്ങളും കനലിൽ എരിഞ്ഞുയരുന്ന ആനന്ദിപ്പിക്കുന്ന മണത്തെ വീടുമുഴുവനും പടർത്തിക്കൊണ്ടിരുന്നു. പുതുവസ്ത്രങ്ങൾ, മുടിയിൽചൂടിയ പൂക്കൾ, വിയർപ്പ് എന്നിവയുടെ മണം ഇതോടൊപ്പം കലർന്നിരുന്നു. അന്തരീക്ഷം ബഹളമയം. ഇളംതരുണികളുടെ പുഞ്ചിരിയിൽനിന്ന് തെറിച്ചുകൊണ്ടിരുന്ന ഉമീനിരിന്റെ ഗന്ധമാണെങ്കിൽ ഇവയെല്ലാറ്റിനേക്കാളും മേന്മയോടെ അവിടെ കൂട്ടംകൂടിയിരുന്ന കൗമാരപ്രായക്കാരെ മത്തുപിടിപ്പിക്കുന്നവിധം മൂർഖത്വത്തോടെ കൂട്ടത്തിനു മീതെ കവിഞ്ഞിരുന്നു. സായിപ്പന്മാരുടെ ആശംസാപത്രങ്ങളെ കൈകളിലേന്തിയിരുന്ന ശിപായിമാർ അവർക്കായി ഒരുക്കിയിരുന്ന പാതകളിൽ ഡാക്ക് ഡാക്ക് എന്നു കവാത്തു നടത്തിക്കൊണ്ടിരുന്നു. കൊച്ചു ഭൂവുടമകളും തോട്ടം മുതലാളികളും ജമീന്ദാർമാരും പ്രത്യേകമായി സജ്ജമാക്കിയിരുന്ന കസേരകളിൽ മുഖസ്തുതികളുമേറ്റുവാങ്ങി സല്ലപിച്ചുകൊണ്ടിരുന്നു. സാരംഗൻ പരിപാടിയിലെ നായകനായി തീകുണ്ഡത്തിനു മുന്നിലമർന്നുകൊണ്ട് ചടങ്ങുകളിൽ വ്യാപൃതനായിരുന്നു. പരമശിവം പിള്ള ഇരുപത്തെട്ടുവർഷങ്ങൾക്കു മുമ്പത്തെ ഓർമ്മകളുമായി ചങ്ങാതിമാരോടൊപ്പം കൂട്ടത്തിലിരുന്നവിധം എല്ലാ കാര്യങ്ങളിലും സ്വന്തത്തെ ഉൾപ്പെടുത്തികൊണ്ടിരുന്നു. ചുറ്റുപാടിലെ ആകർഷണത്തിൽ സാരംഗന്റെ വിരുന്നുകാരെന്ന ഒറ്റചിന്ത മാത്രം മനസ്സിനെ ആക്രമിക്കുകയാൽ ഓരോരുത്തരും താന്താങ്ങളുടെ വിഷമതകളെ മറന്ന് വളഞ്ഞുവന്നുകൊണ്ടിരുന്നു. ഈ ബഹളത്തിനിടയിലാണ് സാരംഗൻ ആദ്യമായി കമലത്തെ കാണുന്നത്. അതായത് സദാ ശബ്ദകോലാഹലവുമായി നീങ്ങികൊണ്ടേയിരുന്ന കൂട്ടത്തിനിടയിൽ തെളിഞ്ഞും മറഞ്ഞും അവന്റെ കണ്ണുകളെ വശീകരിച്ച പെണ്ണിന്റെ പേര് കമലം എന്ന് മന്ത്രഘോഷങ്ങൾക്കിടെ അവന്റെ ചെവികളിൽ ആരോ മൊഴിഞ്ഞു. തന്റെ കാഴ്ച ചെല്ലുന്ന ദിശയെപ്പോലും കൃത്യമായി പറയുന്നയളവിൽ തന്നെ ജാഗരൂകതയോടെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്ന വ്യക്തി ആരാണെന്നറിയാനാശിച്ച് സാരംഗൻ തിരിഞ്ഞുനോക്കിയപ്പോൾ പ്രത്യേകിച്ച് അവിടെ ആരെയും അവനെക്കൊണ്ട് അടയാളം കാണാൻ സാധിച്ചില്ല. എന്നാൽ കമലത്തെ കണ്ണുകൾ കണ്ട നിമിഷത്തിൽ ചെവികൾ അവളുടെ പേരിനെ കേൾക്കുവാനാശിച്ചത് അവനെ ചെറുതായി ഉലക്കുകതന്നെ ചെയ്തു. കൂട്ടത്തിനു മുന്നിൽ പൊടുന്നനെ നഗ്‌നനാക്കപ്പെട്ടതുപോലെ അവൻ ഉണർന്നു. ഒരല്പം നിമിഷത്തേക്കാണെങ്കിൽപോലും മുമ്പെപ്പോഴും അനുഭവപ്പെടാത്തയൊരു നോവിന് ആദ്യമായി അവന്റെ മനസ്സ് വിധേയമായി. ചടങ്ങിലേക്ക് നിർബന്ധിക്കപ്പെട്ടുകൊണ്ടിരുന്ന അവന്റെ മനസ്സ് അന്നേരം അതിനപ്പുറത്തേക്ക് ആ ചിന്തയിൽ മുഴുകിയില്ല. ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടുദിവസം തിക്കുംതിരക്കിനാൽ താറുമാറായിക്കിടന്ന വീടിനെ അടുക്കിവെക്കുന്നതിലും പുത്തൻ വസ്തുക്കളെല്ലാം നിറച്ച് സൗന്ദര്യവൽക്കരിക്കുന്നതിലും കെലമംഗലത്തെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെയെല്ലാം പുതിയവീട്ടിലേക്ക് മാറ്റുന്നതിലും അച്ഛനും മകനും മറ്റൊന്നിനെക്കുറിച്ചുമാലോചിക്കാൻ നേരമില്ലാതെ സമയം ചെലവഴിച്ചുകൊണ്ടിരുന്നു.

(രണ്ടാമത്തെ മകനും മകളും ആഘോഷം കഴിഞ്ഞ അന്നുതന്നെ പുറപ്പെട്ടുപോയിരുന്നു.) രണ്ടാംനാൾ രാത്രി സാരംഗൻ കിടക്കയിലേക്ക് ചെല്ലുമ്പോൾ എന്തോ അവന് കരയണമെന്നപോലെ തോന്നി. അവന്റെ കണ്ണുകളിൽനിന്ന് അവൻതന്നെയറിയാതെ നീർ ചുരന്നിറങ്ങുന്നത് കണ്ട് അവൻ ആശ്ചര്യപ്പെട്ടു. അന്നു പാതിരാവിൽ പത്തുപേർ ചേർന്ന് തന്റെയുടലിനെ അമർത്തിക്കൊണ്ടിരിക്കുതുപോലുള്ള ഭാരിച്ച അനുഭവവും അവനുണ്ടായി. അതിനുശേഷം അവൻ ഉറങ്ങിയില്ല. മൂന്നാംനാൾ രാവിലെ ഇരുപത്തിരണ്ടുവർഷത്തിലാദ്യമായി തന്റെ ഉടൽ നെരുപ്പായി ചുട്ടുപൊള്ളുതിനെയും വായ കൈക്കുന്നതിനെയും ബോധ്യപ്പെട്ടു. അപ്പോൾ വന്നിറങ്ങിക്കൊണ്ടിരുന്ന മഴയിലും മനസ്സുടക്കിയില്ല. വെളിയിലേക്ക് ചെല്ലണമെന്ന തോന്നലുതന്നെ വേപ്പിൻകായയായി കയ്ച്ചു. എന്തൊക്കെയോ കുഴയ്ക്കുന്ന ഓർമകളുമായി അങ്ങനെത്തന്നെ കിടന്നു. പകൽക്കിനാക്കളുമായി കിടക്കയിൽ കിടന്നുമറിയുന്നതിന്റെ സുഖത്തെയും അന്നാണ് സാരംഗൻ ആദ്യമായി അറിഞ്ഞത്. മകന്റെ പെരുമാറ്റം പിള്ളയിൽ സങ്കടവും ആശ്ചര്യവും ഉണ്ടാക്കിയെങ്കിലും ചോദിക്കാനുള്ള ധൈര്യം അയാൾക്കുണ്ടായില്ല. തന്റെ പ്രശ്‌നങ്ങളെ സ്വയംതന്നെ പരിഹരിക്കാനുള്ള പക്വത സാരംഗനുണ്ടെന്ന് അയാൾക്കറിയാം. ആ ദിവസത്തെ നിമിഷങ്ങളെ രണ്ടുപേരുംതന്നെ നിർബന്ധപൂർവ്വം ക്ഷണിക്കപ്പെട്ട എകാന്തതയിൽ കഴിച്ചുകൂട്ടി. മൂന്നാം ദിവസം രാത്രിയിൽ കഴിഞ്ഞ രണ്ടു ദിവസത്തെ ക്ഷീണം കാരണം തന്റെ സമാധാനമില്ലായ്മക്കിടയിലും സാരംഗൻ അല്പം മയങ്ങി. നാലാം ദിവസം പുലർച്ചെ കണ്മിഴിച്ചപ്പോൾ നിലയിൽ മാറ്റമില്ലാതിരിക്കുന്നതു കണ്ട് ശരിക്കും അവൻ ഭയന്നുപോയി. കണ്ണുകൾ തുറന്നതും യജമാനന്റെ വിളിക്കായി കാത്തിരിക്കുന്ന പട്ടിക്കുട്ടിയെപോലെ പനിയും തളർച്ചയും അവന്റെ മേലിൽ കയറി ഇരിപ്പുറപ്പിച്ചു. കൂടാതെ തലേന്നാൾ മഴയെ നോക്കാതെത്തന്നെ അവഗണിച്ച സംഭവവും അവന്റെ മനക്ലേശത്തെ ഇരട്ടിപ്പിച്ചു. താൻ താനാല്ലായെന്ന കാര്യം അവനു മനസ്സിലായി. മുമ്പൊന്നുമില്ലാതെ തന്റെയുള്ളിൽ സംഭവിക്കുന്ന ഈ വിചിത്രമായ മാറ്റം നല്ലശകുനത്തിനാണോ കെട്ടശകുനത്തിനാണോ എന്നറിയാതെ ചിന്തിച്ച് പിന്നെയും കുഴങ്ങി. വീടെവിടെയാണുള്ളതെന്ന് അറിയാത്തവൻ വീട്ടിലേക്കുള്ള വഴിയിൽത്തന്നെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുമെന്നാണ് പറയാറുള്ളത്. തന്റെയ്യുള്ളിൽ എന്താണിരിക്കുന്നതെന്നതിനെയും തന്നെ എന്തു ചെയ്യുകയാണെന്നതിനെയും അറിയാൻ കഴിയാതെ ആ പീഡ നൽകിക്കൊണ്ടിരുന്ന ലഹരിയിൽത്തന്നെ സാരംഗൻ കറങ്ങിത്തിരിഞ്ഞുക്കൊണ്ടിരുന്നു. നാലാം ദിവസം രാവിലെ മുറിവിട്ട് പുറത്തേക്ക് വരുന്നതുവരെയാണ് അവന്റെയുടലിൽ ബലമുണ്ടായിരുന്നത്. മുഖം കഴുകാനായി മുറ്റത്തേക്ക് വന്നപ്പോൾ കണ്ണുകൾ ഇരുണ്ടുപോയി. എതിർവശത്ത് തൂണുകളുടെ മറവിൽ ഇരുട്ടോടിരുട്ടായി നിൽക്കുന്ന രൂപത്തെ അവൻ അതിനുമുമ്പ് കണ്ടു. അതിനെ തിരിച്ചറിഞ്ഞ കണത്തിൽ തന്റെയുള്ളിൽ ഒളിച്ചിരുന്ന മറ്റൊരു സാരംഗനെയും അവൻ കാണുകയുണ്ടായി. കമലം എന്ന് അവന്റെ വായ വളരെ പ്രയാസത്തോടെ മുറുമുറുത്തു. അവനത് ഉച്ചരിച്ച നിമിഷത്തിൽ മൂന്നു ദിവസങ്ങളായി അവന്റെയുള്ളിൽ പതുങ്ങിക്കിടന്നിരുന്ന നോവ് മുഴു വീശലോടെ അവനെ ഒരു തവണ ചുഴറ്റിയടിച്ചു. തല തറയിലടിക്കെ സാരംഗൻ അങ്ങനെത്തന്നെ പിറകിലേക്ക് ചാഞ്ഞു. അതോടെ യഥാർത്ഥ്യത്തെയും സങ്കല്പത്തെയും വിഭജിക്കുന്ന ബോധത്തിന്റെ നേർത്ത ഇഴയെയും നഷ്ടപ്പെടുത്തി. തന്റെ ശ്രമഫലമായല്ലാതെത്തന്നെ തന്റെയുടൽ പറന്നുകൊണ്ടിരിക്കുന്നതായി അവനു തോന്നി. തണുത്തിരുണ്ട ഒരു മുറിയിലേക്ക് അത് നുഴഞ്ഞുകയറി. ചുമരുകളിൽ കാലവ്യത്യാസം നഷ്ടപ്പെട്ട സ്ഥിരം നിറമായി ഇരുട്ട് പൂശപ്പെട്ടിരുന്നു. തൂക്കുവിളക്ക്, ജനാലകൾ, ആളുയരത്തിലുള്ള കണ്ണാടി, ഉയർന്ന പ്രവേശന വാതിൽ, മരപ്പാവകൾ, അലങ്കരിക്കപ്പെട്ട കട്ടിൽ, മൊന്ത എന്നിവയോടൊപ്പം അമ്മയുടെ ഛായാചിത്രവും ഇരുട്ടിൽ മങ്ങലോടെ തെളിഞ്ഞു. ആ ഇരുട്ടും ഇടവും പരിചയമുള്ളതായി തോന്നിയപ്പോൾത്തന്നെ അവന് ഒരുവിധത്തിലും പരിചയമില്ലാത്ത പട്ടുപ്പുടവയുടെ ഗന്ധം (അവന്റെ അമ്മയും ചേച്ചിയും പട്ടുപ്പുടവയെ വെറുത്തിരുന്നു) ആ വസ്തുക്കളിൽനിന്ന് ഉയർന്നുപൊങ്ങി. അതുകഴിഞ്ഞ് സാരംഗൻ മുലപ്പാലിന്റെ മണം നുകർന്നു. പൂക്കളുടെ സമ്മിശ്രഗന്ധമായി അതു മാറി. താമ്പൂലം ചവയ്ച്ച ഉമിനീരിന്റെ മോഹാലസ്യപ്പെടുത്തുന്ന ഗന്ധവും ഉയർന്നുപൊങ്ങി. പിന്നീട് ഗന്ധങ്ങളെല്ലാം ഒന്നായി സഞ്ചയിച്ചപ്പോൾ അവനരികിലായി വീണ്ടുമവൻ കമലത്തെ കണ്ടു. അവനവളെ നന്നായി കാണുന്നവിധം അവളുടെ മുഖം സ്വയം പ്രകാശിച്ചു. അവൾ അവനെ കട്ടിലിലേക്ക് തള്ളി വസ്ത്രങ്ങൾ അഴിച്ചുമാറ്റി. അവന്റെയുള്ളിൽ തുടിച്ചുകൊണ്ടിരുന്ന നോവ് വീണ്ടുമവനെ പ്രഹരിച്ചു. അവന്റെയുടലിനു മീതെ വഴുതിയവിധം മേലേക്കും താഴേക്കും അവൾ ഊർന്നുകൊണ്ടിരുന്നു. പെണ്ണുടലിന്റെ നിമ്‌നോന്നതങ്ങളും നിരപ്പുകളും വീർപ്പുമുട്ടിക്കുന്നവിധം സാരംഗനെ സ്പർശിച്ചു. മുഖത്ത് തിങ്ങിനിറഞ്ഞ ക്ഷീണത്തെയും രോമങ്ങളെയും വകഞ്ഞുമാറ്റി കമലം അവന്റെ വായിൽ ചുംബിച്ചു. വിറങ്ങലിപ്പിക്കുന്ന അതിന്റെ ആക്രമണത്തിന്റെ വേദന സഹിക്കാൻ വയ്യാതെ അവന്റെയുടൽ കിടുകിടാ വിറച്ചു. പാമ്പിന്റെ ചെന്നിറ നാക്ക് അവന്റെ ചുണ്ടുകളെ പിളർത്തി ഉൾനാക്കിനെ വരിഞ്ഞതായി അവനു തോന്നി. കമലത്തിന്റെ ലാവണ്യത്താൽ സാഹചര്യം തടവിലാക്കപ്പെട്ടിരുന്നു. ഒരിക്കലും കണ്ടറിയാത്ത നഗ്‌നതയുടെ തിളക്കം അവനെ കണ്ണഞ്ചിപ്പിച്ചു. കൈകൾ അതിന്റെ പരപ്പിൽ ഊർന്നപ്പോൾ അവളുടെ ഉടലിന്റെ ആശ്ചച്ചര്യപ്പെടുത്തുന്ന ശീതോഷ്ണത്തിലേക്ക് സാരംഗൻ മുങ്ങി. മുലകളും നിതംബവടിവുകളും നനഞ്ഞ് തണുത്തുകിടന്നപ്പോൾ ശ്വാസവും അടിനാഭിയും കനലായ് ചുട്ടുപൊള്ളി. കഴുത്തുവളവിലും ഉള്ളംകൈകളിലും കവിളുകളിലും ആശ്വാസപ്പെടുത്തുന്ന അതിന്റെ കുളിർമയിലേക്ക് തന്റെ മുഖത്തെ അവൻ പുതച്ചു. കാലാകാലമായി മരണത്തെ കാണാൻ ശ്രമിക്കുന്ന പുരാതനമായ ഉന്മത്തതയിലേക്ക് അവളുടെയുടലിന്റെ ശീതോഷ്ണം അവനെ ഉന്തിത്തള്ളി. സാരംഗനും ആ അതിസുന്ദരമായ ഭ്രാന്തിന്റെ വിശപ്പിനു ഇരയാകുവാൻതന്നെ ആശിച്ചു. അതുമാത്രം അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പലവർഷങ്ങൾക്കുമുമ്പ് തന്റെ യുഗങ്ങളോളമുള്ള ഏകാന്തതയെ വെറുത്തുകൊണ്ട് പെയ്ത മഴയുടെ ഘോരതാണ്ഡവത്തെ വീണ്ടുമൊരു തവണ ബാരമഹാൽ പ്രദേശം എതിരേൽക്കുമായിരുന്നു. അത് പഴയ നശീകരണത്തിൽനിന്ന് പൂർണ്ണമായും തന്നെ വീണ്ടെടുത്തിരുന്നില്ല. പല ദേശങ്ങളെയും ജീവനുകളെയും ബലിയർപ്പിക്കുന്ന കൊലയാളിയായി വീണ്ടും സ്വന്തത്തെ കാണിച്ചുകൊടുക്കാൻ മഴയ്ക്കും ഇഷ്ടമല്ല. നിധി തോണ്ടിയെടുത്ത ദരിദ്രന്റെ ജാഗ്രതാബോധം അതിനുണ്ടായിരുന്നു. തന്റെ കൈയ്യിലുള്ള ഭാഗ്യത്തെ സൂക്ഷിച്ചുവെക്കാനുള്ള തന്ത്രത്തെയും അത് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ സാരംഗനെയും അവൻ കമലത്തോടൊപ്പം ചെലവഴിച്ചുകൊണ്ടിരുന്ന സ്വകാര്യതയെയും മഴ തകർത്തു. സാരംഗൻ ആഗ്രഹിച്ചതുപോലെ കമലത്തിന്റെ ആകർഷണത്തിലേക്ക് തന്നെ അലിയിക്കുവാൻ സാധിക്കാത്തവിധം മഴയുടെ നിരീക്ഷണത്തിൽ കുറ്റിയടിച്ചുനിർത്തപ്പെട്ടിരുന്നു. അതവനെ ഉറ്റുനോക്കുന്നതിനെയും ബോധ്യപ്പെട്ടു. ബോധ്യപ്പെട്ടതും അവന്റെയുടൽ തണുത്തുവിറച്ചു. മേനിയെ തകിടുപോലെയിളക്കുന്ന ഉഷ്ണം വറ്റിവരണ്ടു. തന്റെ നഗ്‌നതയെ മഴയുടെ കണ്ണുകളാൽ താൻതന്നെ കണ്ടുകൊണ്ടിരിക്കുന്നതായി അവനു തോന്നിയപ്പോൾ ലജ്ജകൊണ്ട് അവന്റെ ആണത്തം ചമ്മിപ്പോയി. തന്നെ പിന്നിപ്പടർന്നുകൊണ്ടിരുന്ന കമലത്തെ പിടുങ്ങി ദൂരേക്കെറിഞ്ഞു. വിവസ്ത്രനാണെന്നോർക്കാതെ കട്ടിലിൽനിന്ന് താഴെയിറങ്ങി വാതിൽ നോക്കി ഓടി. തന്നെ പരിഹസിക്കുന്ന മിഴികളെ കണ്ടുപിടിക്കാനുള്ള വെറിയോടെയും തന്ത്രത്തോടെയും മുറിയുടെ കതകിനെ മലർക്കെ തുറന്നു. മുറിയുടെ വെളിയിൽ കാലങ്ങളോളം തുടർന്നുകൊണ്ടേയിരിക്കുന്ന ആ കാഴ്ചയുടെ സങ്കൽപംത്തന്നെ താനെന്നതിനെ സാരംഗൻ അറിഞ്ഞ നിമിഷത്തിൽ കട്ടിലിനു മേലെ ആ സുന്ദരി അപ്രത്യക്ഷയായിരുന്നു. അടുത്ത നിമിഷത്തിൽ പൂർണ്ണമായും അവൻ ഉണർന്നു. വീണ്ടും പഴയ സാരംഗനായി മാറി.

ജമീൻ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ശീമയധികാരികളുടെ നടപടി ഉദ്ദനപ്പള്ളിയിൽ കൂടുതലായി ആരംഭിച്ച കാലഘട്ടത്തിലാണ് കമലം പ്രസിദ്ധി നേടിയത്. അപ്പോൾ അവൾക്ക് ഇരുപത്തിയൊന്ന് വയസ്സ് പ്രായം. അവളുടെ അമ്മ രായക്കോട്ടയിലെ മിറാസ്ദാർ അവർക്ക് ദാനമായി നൽകിയിരുന്ന ഉദ്ദനപ്പള്ളിയിലെ വീടിനെയും കുറച്ചു സ്ഥാവരജംഗമങ്ങളെയും കമലം സ്വയം സുസ്ഥിരപ്പെടുന്നതുവരെ അനുഭവിക്കുന്നതിനായി വിട്ടുപോയിരുന്നു. സ്വത്ത് കുറച്ചാണെങ്കിലും കമലം കൈകാര്യം ചെയ്യുമെന്ന് അവർക്കറിയാം. കമലം സുന്ദരി. അങ്ങനെ സാധാരണമായി പറഞ്ഞൊഴിയുക സാധ്യമല്ല. ഏതു കൊമ്പനായ ആണിനെയും അപകർഷപ്പെടുത്തുന്ന വ്യാപ്തിയിലേക്ക് ശക്തിമത്തായതാണ് ആ അഴക്. ചോര തെറിക്കുമ്പോലെ ചുവന്നിരുന്ന അവളുടെയുടൽ അത് വെളിപ്പെട്ട് ശോഭിക്കുന്നയിടങ്ങളിലെല്ലാം ആരോഗ്യമുള്ള രക്തയോട്ടത്തെ വിളംബരപ്പെടുത്തിയപോലെയുണ്ടായിരുന്നു. എപ്പോഴും കണ്ണീരിനുള്ളിൽ പൊങ്ങിക്കിടക്കുന്ന വലിയ കറുത്ത മിഴികൾ. ചെറിയ എന്നാൽ നീണ്ടുകൂർത്ത ചുവന്ന മൂക്കും ചുണ്ടും കൂടാതെ കാതിന്റെ തൊങ്ങലുകളും. ചെന്തവിട്ടുനിറ കൂന്തൽ. കുതിരയുടേതുപോലെ നീണ്ട കാലുകളെയും പാമ്പിന്റെപോലെ നീണ്ട നാക്കിനെയും കമലം നേടിയിരുന്നു. അവളുടെ ഉയരം ആണത്തത്തിനു വെല്ലുവിളിയുയർത്തുന്ന മറ്റൊരു ഘടകമായി പിന്നീട് പ്രസിദ്ധി നേടി. പ്രായത്തെയും ആവശ്യത്തെയും അറിഞ്ഞുകൊണ്ടുതന്നെ പൂത്തതുപോലെ അതിശയകരമായ രൂപകൽപനയടങ്ങിയ മുലകളെയും അവൾ കൈവരിച്ചിരുന്നു. കണ്ടമാത്രയിൽ ആശ്വാസം നൽകുന്ന മിതമായ നാഭി. കണ്ടുരസിക്കാനുള്ള സ്ഥൂലസ്വഭാവം കുറഞ്ഞ് ഉണർന്നനുഭവിക്കാനുള്ള ഗുണരൂപസ്വഭാവം കൂടുതലടങ്ങിയവയാണ് അവളുടെ അഴകെന്ന് പറയപ്പെടുന്നു. ഓരോ അവയവത്തിന്റെ വ്യത്യസ്തമായ സൗന്ദര്യത്തെയും ചിതറാൻ വിടാതെ ശരിയായ വളവുകളിൽ കൊത്തിയെടുത്ത് കമലത്തെ കളങ്കമേല്ക്കാത്ത ശില്പമായി ഉരുവപ്പെടുത്തിയിരിക്കുന്നതിനാൽത്തന്നെ പ്രായം തന്റെ വിജയത്തെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അവളൊരു അലങ്കാരപ്രിയ. ആടകളെ മുൻനിർത്തി നഗ്‌നതയെ ഊഹിപ്പിക്കുന്ന സൗന്ദര്യകല അറിഞ്ഞവൾ. അവളുടെയമ്മ അതിനെയറിഞ്ഞിരുന്നില്ല. അവളുടെയുള്ളിൽ സ്വാഭാവികമായി മൊട്ടിട്ടിരുന്ന രുചിബോധത്തിന്റെ വെളിപാടായി അതു കിടപ്പുണ്ടായിരുന്നു. കമലത്തിന്റെ ശരീരത്തിലൊട്ടിക്കൊണ്ടുകിടക്കുന്ന ആടകളെയും ആഭരണങ്ങളെയും കണ്ടവർ അവ പരുത്തിയായും സ്വർണ്ണവുമായിരുന്നപ്പോൾത്തന്നെ അവളുടെ പേര് കൊത്തിവെച്ചിട്ടുണ്ടായിരിക്കാമെന്നു പറഞ്ഞ് ശ്ലാഘിച്ചുകൊണ്ടിരുന്നു. പക്ഷെ അതെല്ലാം പിന്നീട്, അതായത് ശീമക്കാരൻ കമലത്തെ കണ്ടുപിടിച്ചതിനുശേഷം. അതിനുമുമ്പ് കമലം ഉദ്ദനപ്പള്ളിയിൽ സാധാരണ പെണ്ണായി മറുള്ളവരെപ്പോലെത്തന്നെയാണ് ഉലാത്തിക്കൊണ്ടിരുന്നത്. പറഞ്ഞു പ്രചരിപ്പിക്കാനാളില്ലാതെ അവളുടെ സൗന്ദര്യം കാട്ടിൽ വിളങ്ങിയ നിലാവുപോലെ വെറുതെ പാഴായിക്കൊണ്ടിരുന്നു. അതുപോലെയൊരു സൗന്ദര്യവതി തങ്ങൾക്കിടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന ബോധംതന്നെ നാട്ടുകാർക്കുണ്ടായിരുന്നില്ല. അമ്മ പിരിഞ്ഞശേഷം കമലം ഒറ്റയ്ക്കായിരുന്നു കഴിഞ്ഞത്. ഏകാന്തത അവളെ ഭയപ്പെടുത്തിയില്ല. തന്റെ സൗന്ദര്യത്തിൽ അവൾക്ക് വിശ്വാസമുണ്ടായിരുന്നു. ആ കനലുകൊണ്ട് നാടിനെത്തന്നെ ചാമ്പലാക്കാൻ കഴിയുമെന്ന് അവൾക്കറിയാം. ആ വിശ്വാസവും ഗർവ്വും അവളെ അവഗണിച്ചുകൊണ്ടിരുന്ന പ്രമാണിമാരോടുള്ള അവജ്ഞയും അമർഷവും അവളുടെയുള്ളിൽ വളർത്തിയിരുന്നു. ഒത്തനേരവും പ്രതീക്ഷിച്ച് വളരെ നാളുകൾ അവൾ ക്ഷമയോടെ കാത്തുനിന്നു. അവളുടെ അഴകും അതിന്റെ മൃദുലതയിൽ നന്നായി പാകപ്പെട്ട് തിരണ്ടുകൊണ്ടിരുന്നു. ഉദ്ദനപ്പള്ളി ജമീൻ സ്ഥലത്തേക്ക് ജില്ലാ കളക്ടറുടെ രൂപത്തിൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹൂർത്തം അവളെ വന്നണഞ്ഞപ്പോൾ അവളതിനെ വളരെ നന്നായി പ്രയോജനപ്പെടുത്തി. കടത്തെരുവിലെ കാൽനടക്കാരിൽ ഒരുവളായ അവളെ ആ ആംഗലേയൻ മോട്ടോർ വണ്ടിയിൽ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ അവളുടെ ചിരിയിൽ കുടുങ്ങി അത് ഓടാതെ നിന്നുപോയി. അയാൾ താൻ വരാനുദ്ദേശിച്ച ജോലിയെ നീട്ടിവെച്ച് മറ്റൊരു കൂടുവണ്ടിപിടിച്ച് തന്റെ കാര്യാലയത്തിലേക്ക് മടങ്ങി. മടങ്ങിവന്ന അയാൾ അന്നത്തെ ദിവസം മറ്റൊരു ജോലിയും ചെയ്തില്ല. രേഖകളിൽ ഒപ്പും വെച്ചില്ല. അന്നത്തെ രാത്രി പൂച്ചെണ്ടുകൾക്കും വിശിഷ്ടമായ എന്നാൽ രഹസ്യമായ ഒരു വിരുന്നിനും ഏർപ്പാടാക്കാൻ കീഴധികാരിളോട് ഉത്തരവിട്ടു. ഉദ്ദനപ്പള്ളി കടത്തെരുവിൽ ഒരു പെണ്ണിന്റെ മുന്നിൽ തന്റെ കാലിനെ പിന്നിലേക്ക് വലിപ്പിച്ച വാഹനത്തെ പിന്നീടൊരിക്കലും അയാൾ തിരിച്ചെടുക്കുകതന്നെ ചെയ്തില്ല. ആ ഒറ്റ രാത്രികൊണ്ട് കമലത്തിന്റെ ഖ്യാതി ജില്ല മുഴുവനും പരന്നു. അവളുടെ കീർത്തി പടർന്ന് തട്ടിപ്പിളർന്ന കൂരയുടെ വിടവിലൂടെ സമ്പത്ത് ചൊരിഞ്ഞുകൊണ്ടിരുന്നു. കമലംതന്നെ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് ഭാഗ്യം അവളെ പൊക്കിക്കൊണ്ടുപോയി. ഇതിനുശേഷമാണ് ദേശക്കാർ കമലത്തിന്റെ മൂല്യത്തെ ബോധ്യപ്പെട്ടു തുടങ്ങിയത്. പക്ഷെ അപ്പോഴേക്കും കാലം കടന്നുപോയിക്കഴിഞ്ഞിരുന്നു. കളക്ടർ സമ്മാനിച്ച മോട്ടോർ കാറിൽ രായക്കോട്ടയിൽനിന്ന് തന്റെ ദേശത്ത് വന്നിറങ്ങിയപ്പോൾ സാധാരണക്കാർക്ക് കിട്ടാക്കനിയായി അവൾ മാറിയിരുന്നു. മുമ്പ് കടത്തെരുവിൽ അവളുടെ നിൽപ്പിനെ ഗൗനിക്കാതെ കടന്നുപോയ വളരെയധികം ആണുങ്ങളുടെ സ്ഥിരം സ്വപ്നമായി മാറിയിരുന്നു അവളുടെ പുഞ്ചിരി. കൈയ്യെത്തും ദൂരത്തിൽ കമലം ഉലാത്തികൊണ്ടിരുന്ന നാളുകളെയോർത്ത് ഭാര്യമാരറിയാതെ പല ഭർത്താക്കന്മാരും ഏങ്ങലടിച്ചുകരഞ്ഞു. ദേശം അവളെ വീക്ഷിക്കുന്ന കാഴ്ചതന്നെ മാറിപ്പോയി. കമലം പഴയപോലെത്തന്നെയായിരുന്നു. ദേശക്കാരോടുള്ള താൽപര്യവും തന്നെ നേരത്തെ തിരിച്ചറിയാതിരുന്ന കിഴട്ടു ജമീന്ദാർമാരോടുള്ള പ്രതികാരവും അവളുടെയുള്ളിൽ എല്ലായ്‌പ്പോഴും പുകഞ്ഞുകൊണ്ടുതന്നെയാണിരുന്നത്. പണവും പ്രശസ്തിയും വന്നതിൽപ്പിന്നെ തരംകിട്ടുമ്പോഴെല്ലാം തരപ്പെടുന്ന വഴികളിലൂടെ ആണുങ്ങളെ ശുണ്ഠി പിടിപ്പിച്ച് തമാശ കാണുന്നതിനെ കമലം ശീലമാക്കിക്കൊണ്ടിരുന്നു.

വെള്ളക്കാരന്റെക്കൂടെ വിരുന്നുണ്ട് മടങ്ങിവന്നശേഷം മറ്റേതു ഉൾനാടൻ ഭുവുടമയുടെ ക്ഷണത്തിന്റെ പേരിലും അവരുടെയിടത്തേക്ക് പോവുന്നതിനെ പിടിവാശിയോടെ നിരസിച്ചു. ഒരു ഭാഗത്ത് കമലം ആവശ്യപ്പെടുന്ന ഏതു കൊമ്പനും അവൻ എത്ര വലിയവനായിരുന്നാലും മേൽമുണ്ടുമെടുത്തുകൊണ്ട് അവളുടെ വീട്ടുപടിക്കൽചെന്ന് കാത്തുകിടക്കേണ്ടിയിരുന്നു. ഇതിനാലുണ്ടാകുന്ന മനസ്താപങ്ങളെയെല്ലാം തന്റെ സൗന്ദര്യത്താൽ അനായാസമായി അവൾ കൈകാര്യം ചെയ്തു. മറുഭാഗത്ത് ദേശത്തെ എതു വീട്ടിലും എന്തു വിശേഷമാണെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യംതന്നെ ചെന്നുനിന്നു. അത് മറ്റൊരു തരത്തിലുള്ള വിനോദം. കമലത്തെ കണ്ടയുടനെ കല്യാണം കഴിഞ്ഞ പെൺകുട്ടികളുടെ മുഖങ്ങൾ പേടിച്ച് കറുത്തുപോയിരുന്നത് സാധാരണമായിരുന്നു. മറിച്ച് ആണുങ്ങളുടെ ചേഷ്ടകൾ തുല്യപ്പെടുന്നതും നോട്ടം മൂർച്ചപ്പെടുന്നതും പാഴാകാതെ നടക്കും. ഉത്സവാന്തരീക്ഷത്തിലേക്ക് കമലം പ്രവേശിക്കുമ്പോൾ സ്ത്രീകൾ തങ്ങളുടെ സല്ലാപം നിർത്തിവെച്ച് ഭർത്താക്കന്മാരെ തേടാനായി തിടുക്കപ്പെടുന്നതും പുരുഷന്മാർ കമലത്തെ ആസ്വദിക്കാനായി ഭാര്യമാരെ ഒഴിവാക്കുന്നതിന് തൂൺമറകൾ തേടി ധൃതിപ്പെടുന്നതുമായ കളിയാരംഭിക്കും. കമലം ഇതിനെയെല്ലാം അമ്മ തന്റെ മക്കളോട് വിളയാടുന്നതുപോലെ അനുതാപത്തോടും സന്തോഷത്തോടും അനുഭവിച്ചുകൊണ്ടിരുന്നു. അവൾക്ക് വേണ്ടവരോ വേണ്ടാത്തവരോ എന്നൊന്നില്ല. അവളെ വിളിക്കുന്ന ശബ്ദങ്ങളില്ലാത്തതുപോലെത്തന്നെ വിളിക്കാത്ത മനസ്സുകളുമില്ലായിരുന്നു. ഒരുപക്ഷേ അവർക്കും ഈ കളി ഇഷ്ടമായിരുന്നിരിക്കണം. എന്നിട്ടുപോലും കമലം പൊതുയിടങ്ങളിൽ ആരെയും നിവർന്നു നോക്കുകയില്ല. തന്നെ വേണ്ടുവോളം ആസ്വദിക്കാൻ ആണുങ്ങൾക്ക് അവൾ നൽകുന്ന സ്വാതന്ത്ര്യമാണത്. അതേസമയം എല്ലാവരെയും നോക്കിച്ചിരിച്ച് തന്റെ അഴകിനെ കളങ്കപ്പെടുത്താതിരിക്കാൻ അവൾ കയ്യാളിയ തന്ത്രവും. കമലത്തെക്കണ്ട് പെണ്ണുങ്ങൾ ഭയന്നതല്ലാതെ വെറുത്തില്ല. കമലം ആ ദേശത്തിന്റെ നല്ല ലക്ഷണമാണെന്നത് അവർക്കുമറിയാം. എന്തുകൊണ്ടെന്നാൽ അവൾ നിത്യസുമംഗലി. കൂടാതെ കമലത്തിന്റെ സൗന്ദര്യമാണ് ദേശത്തേക്ക് കുതിരവണ്ടികളോടൊപ്പം മോട്ടോർ വാഹനങ്ങളും പോയിവരാനുള്ള വലിയ പാതകളെയുണ്ടാക്കി നൽകിയത്. സ്വർണ്ണം വിൽക്കുന്ന കടകളെ ഉണ്ടാക്കിക്കൊടുത്തത്. കമലം പ്രസിദ്ധി നേടിയശേഷം അവളുടെ ദേശത്തെ ചുറ്റപ്പെട്ടുകിടന്നിരുന്ന മറ്റുപല ചെറുഗ്രാമങ്ങളിലും പുതിയ ചന്തകൾ മുളച്ചു. ഉദ്ദനപ്പള്ളിയിലെ പെൺകുട്ടികൾക്ക് പെട്ടെന്നുതന്നെ മാലയോഗമുണ്ടായി. (അനേകമാളുകൾ ഭാര്യവീട്ടു മണവാളന്മാരായി ഉദ്ദനപ്പള്ളിയിൽത്തന്നെ താമസിച്ചിരുന്നു) കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ അത്ഭുതകരമായ കഥകൾ കമലത്തിന്റെ ചേഷ്ടകളിൽനിന്നുതിർന്ന് പ്രസിദ്ധിനേടി. അവളാണെങ്കിൽ ദേശത്തെ വിശേഷങ്ങളിൽ പങ്കെടുക്കുമ്പോൾ തന്റെ സൗന്ദര്യത്തെയും പ്രഭാവത്തെയും മറന്ന സാധാരണ കമലമായി ചുഴറ്റിയെറിയപ്പെട്ട പമ്പരം കണക്കെ കറങ്ങി കാര്യങ്ങളെ സ്വയമേറ്റെടുത്ത് ചെയ്തുതീർത്തുകൊണ്ടിരുന്നു. ഒടുവിലത്തെ അതിഥിയും ഒടുവിലത്തെ പിച്ചക്കാരനും അകലുന്നതുവരെയിരുന്ന് ഉപചരിച്ചുകൊണ്ട് ഒരു കവിൾപോലും വെള്ളം കൊള്ളാതെ മുറുക്കാൻ മാത്രം ചവച്ചുകൊണ്ട് വീട്ടിനുള്ളിൽ പുഞ്ചിരി നിറച്ച് യാത്ര പറയാതെത്തന്നെ നീരസമൊന്നുമില്ലാതെ തിരിച്ചുപോകും. പണമുൾപ്പെടെ തുള വീഴുന്ന ഇടങ്ങളെയെല്ലാം ചോദിക്കാതെത്തന്നെ നികത്തിക്കൊടുത്തു. കമലം തന്റെ പുഞ്ചിരിയാൽ കളക്ടർ സായിപ്പിന്റെ വണ്ടിയെ നിറുത്തിയ സംഭവം മുതൽ ദേശം അവൾ മന്ത്രവിദ്യ വശമുള്ളവളാണെന്ന് വിശ്വസിക്കാൻ തുടങ്ങിയിരുന്നു. (എത്ര രഹസ്യമായി ചെയ്താലും ശാന്തിമുഹൂർത്തം നടക്കുന്ന മുറിയിൽ കമലത്തിന്റെ ഗന്ധവും കാലടിപ്പാടുകളും പതിഞ്ഞിരിക്കുന്നു. എത്ര ദൂരത്തിരുന്നാലും ഗർഭിണികൾ വേദനയുടെ നേരത്ത് കമലത്തിന്റെ ചിരിയെ വ്യക്തമായും കേൾക്കുന്നു. കമലത്തിന്റെ തന്ത്രങ്ങൾ ഊഹിക്കാൻ സാധിക്കാത്തയളവിൽ നിഗൂഢസ്വഭാവം അടങ്ങിയവ) അതിനാൽത്തന്നെ പിടിവാശിക്കാരിയായ കമലം സാരംഗൻ കാരണം തന്റെ നിലയിൽനിന്നിറങ്ങി വന്ന സംഭവം ദേശക്കാരെ ആശ്ചര്യപ്പെടുത്തിയില്ല. ദേശക്കാരുടെ ഊഹങ്ങൾ ശരിയാവാം തെറ്റാവാം. എന്നാൽ ഹൊസൂർ രാമനായക്കൻ തടാകക്കരയിൽ നിർമ്മിക്കപ്പെട്ടിരുന്ന അതിശയകരമായ സൗന്ദര്യമുള്ള വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിൽ അവൾ ആദ്യമായി സാരംഗനെക്കണ്ട നിമിഷത്തിൽത്തന്നെ അവനെ വളരെ വൈകാതെ വീണ്ടും ഏകാന്തതയിൽ കണ്ടുമുട്ടാൻ പോകുമെന്നത് മനസ്സിലാക്കി. ചടങ്ങിലെ തീയുടെ വെളിച്ചത്തിൽ ജ്വലിച്ച അവന്റെ കരിനിറമും മാറിടത്തിന്റെ വിശാലതയും ഉറപ്പും അവളുടെ പക്വതയുള്ള മനസ്സിനെത്തന്നെ അല്പം ചഞ്ചലമാക്കി. പതിനഞ്ചു ദിവസങ്ങൾക്കുശേഷം അവന്റെ അച്ഛനാണെന്ന് സ്വയം പരിചയപ്പെടുത്തിയ വൃദ്ധൻ ജലവുമായി ബന്ധപ്പെട്ട ഏതു രോഗത്തിനും അടിമപ്പെടാത്ത മഴയുടെ കൂട്ടുകാരനായ തന്റെ മകൻ കമലത്തിന്റെ ഓർമയിൽ നനഞ്ഞ് പനിയിലേക്ക് വഴുതിവീണിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അപമാനവും ഭയവും ഉടലിനെ വല്ലായ്മപ്പെടുത്തവെ വീട്ടുപടിക്കൽ വന്നുനിന്നപ്പോൾ അദ്ദേഹത്തെ കുറേനേരം കാത്തുനിർത്തിക്കാതെ കമലം ഉടനെ അദ്ദേഹത്തോടൊപ്പം സാരംഗനെ കാണാൻ ഇറങ്ങിപ്പുറപ്പെട്ടു. മികച്ച മനക്കോട്ടകൾ കെട്ടുന്നയളവിലേക്ക് ആണുങ്ങളെ സന്ധിക്കുന്ന അനുഭവം അവൾക്ക് ആദ്യമായിട്ടല്ലായെങ്കിലും സാരംഗന്റെ ആകാരത്തെ അവൾ തന്റെ മനക്കണ്ണുകളിൽ വീണ്ടും കണ്ടപ്പോൾ അതവളുടെയുള്ളിൽ ശൃംഗാരഭാവങ്ങളെ ഉണർത്തുകത്തന്നെയാണ് ചെയ്തത്. അവന്റെകൂടെ പങ്കിടാനിരിക്കുന്ന നിമിഷങ്ങൾ ഭാവിയിൽ തന്റെ ഏകാന്തതയെ തള്ളിനീക്കുന്ന ഓർമ്മത്തുണുകളായി വാർദ്ധക്യത്തിന്റെ ഭാരത്തെ താങ്ങുമെന്ന് അവൾ വിശ്വസിച്ചു. എന്നാൽ മഴ അന്നേരം സൃഷ്ടിച്ചിരുന്ന ഖിന്നമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ രോഗക്കിടക്കയിൽ സാരംഗനെക്കണ്ടപ്പോൾ അവളുടെ ശൃംഗാരസങ്കൽപ്പങ്ങൾ തകർന്നടിഞ്ഞുപോയി. പതിനഞ്ചു ദിവസങ്ങൾക്കുമുമ്പ് അതേയിടത്തിൽ മറ്റൊരു സാഹചര്യത്തിൽ കണ്ട ആജാനുബാഹുവായ യുവാവായിരുന്നില്ല അവിടെ കിടന്നിരുന്നത്. പ്രണയം ഒരു മനുഷ്യനെ ചണ്ടിയായിപ്പിഴിഞ്ഞ് അത്രയും ദൂരത്തേക്ക് തുപ്പിക്കളയുമെന്ന് കമലയെക്കൊണ്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. സാരംഗന്റെ വായ അവളുടെ പേരിനെ തുടരെത്തുടരെ പിറുപിറുക്കുന്നതുകേട്ടപ്പോൾ ജീവിതത്തിലാദ്യമായി അവൾ തന്റെ സൗന്ദര്യത്തെയോർത്ത് സഹിക്കാൻ കഴിയാതെ വിദ്വേഷവും കോപവും പൂണ്ടു. കട്ടിലിന്മേൽ അവന്റെയരികിൽ ഇരുന്നു. ആതുരതയോടെ അവനെ തലോടി. അസുഖത്തിന്റെ കൊടുംചൂടിൽ വിയർത്ത് ദേഹത്തിലൊട്ടി ദുർഗന്ധം വമിപ്പിച്ചുകൊണ്ടിരുന്ന അവന്റെ വസ്ത്രങ്ങളെ മുഴുവനായും കളഞ്ഞ് അവനെ നഗ്‌നനാക്കി. അത്ര പനിയിലും അയവുവരാത്ത സാരംഗന്റെ കനത്ത മാറിടം വീണ്ടും അവളുടെ കണ്ണുകൾക്കുനേരെ മുഴച്ചുനിന്നു. അവളുടെ സഹാനുഭൂതി മണംവീശുന്ന കാമമായി വളർന്നു. കുറ്റിക്കാടായി തിങ്ങിവളർന്നിരുന്ന താടിയെ വകഞ്ഞ് വായയിൽ മുത്തമിട്ടു. അപ്പോൾ സാരംഗൻ ഉണർന്നു. ഇരുട്ടിലൂടെ തിരിച്ചറിയുന്ന മുഖമായി അവനവളെ ഉറ്റുനോക്കി. എന്നാൽ അതിനുമുമ്പേ അവനവളെ ബോധ്യപ്പെട്ടുകൊണ്ടിരുന്നു. യാതൊരു തരത്തിലുള്ള ആശ്ചര്യവുമില്ലാതെ അവളെ നോക്കി ചിരിച്ചു. എന്നാൽ ഉന്മത്തതയിൽനിന്ന് പൂർണ്ണമായും മോചിതമായിരുന്നില്ല. ആനന്ദത്തിലും അവിശ്വസനീയതയിലും അവന്റെ ശ്വാസോച്ഛ്വാസം താറുമാറായി വെളിപ്പെടാൻ തുടങ്ങി. കമലം സ്വയവും വസ്ത്രങ്ങളഴിച്ചുവെച്ച് അവനെ തന്റെ നഗ്‌നതകൊണ്ട് മൂടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവരിരുവരും സംസാരിച്ചില്ല. പക്ഷെ പങ്കിടുവാൻ നിറയെ വിഷയങ്ങൾ നിമിഷത്തിൽ നൂറായി പെരുകിക്കൊണ്ടിരുന്നു. അവയെ എങ്ങനെ പറയേണ്ടതെന്നതും അവൾക്കറിയാമായിരുന്നു. അവൾ സാരംഗന്റെ ഉടലിനോടൊപ്പം തന്റെ ശരീരം നന്നായി ഇണങ്ങുന്നവിധം വിശ്വസിക്കാൻ സാധിക്കാത്ത കോണുകളിൽ വളഞ്ഞു പുണർന്നു. മരിക്കാൻ പോകുന്നവന്റെ അവസാന ശ്രമവുമായി സാരംഗനും തന്റെ വിറയ്ക്കുന്ന കരങ്ങളാൽ അവളെ അണച്ചുപിടിച്ചപ്പോൾ അത്ര ബലഹീനതക്കിടയിലും അവന്റെയുടൽ അവൾക്ക് പുത്തൻ അനുഭവത്തെ നൽകി. തുടക്കനിമിഷങ്ങളിൽ ഇരുവരും ജന്തുക്കളെപ്പോലെ കട്ടിലിൽ കിടന്നുമറിഞ്ഞു. അവൾ മറ്റേതൊരു ഉടലുമായി ഇടപഴകിയ തരുണത്തിലും അത്ര ബലത്തെയും ഇടവിടാത്ത ഒഴുക്കിനെയും എതിരാളിയെ ആക്രമിക്കുന്ന മൂർഖത്വത്തെയും അനുഭവിച്ചിട്ടില്ല. സമയം പോകപ്പോകെ സാരംഗന്റെ ആകാരത്തിനുള്ളിലേക്ക് കമലം സ്വയം അകപ്പെട്ടുപോയി. നഗ്‌നതയുടെ തിളക്കം സാരംഗന്റെയുള്ളിൽ പുത്തൻ ഊർജ്ജത്തെ സൃഷ്ടിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. അതിന്റെ തീക്ഷ്ണതയെ ആശ്ചര്യപ്പെടുന്നവിധം സഹിക്കാൻതന്നെ അവളെക്കൊണ്ട് സാധിച്ചില്ല. അവളുടെ അഴകിന്റെ ആഴം മുഴുവനും തന്റെ രഹസ്യങ്ങളെ നഷ്ടപ്പെടുത്തി പൂത്തുമലർന്നു. നാണം അവളെ പറിച്ചുതിന്നു. എത്രയോ വർഷങ്ങളായി അവൾ അനുഭവിച്ചിട്ടില്ലാത്ത ഉണർവ്വാണത്. ആണുങ്ങളെ അപമാനപ്പെടുത്തുന്ന തന്റെ അഴകും പാടവവും പുതിയവനും തന്നെക്കാൾ ചെറിയവനുമായ ഒരു രോഗാതുരനോട് തോറ്റു തൊപ്പിയിട്ടുകൊണ്ടിരിക്കുന്നതോർത്ത് അവൾ നടുങ്ങി. അതുപറഞ്ഞ് പുലമ്പുന്നതായി ഓർത്തുകൊണ്ട് സാരംഗന്റെ കാതുകളിൽ എന്തൊക്കെയോ മുറുമുറുത്തു. സാരംഗനാണെങ്കിൽ തികഞ്ഞ മൗനവുമായി കമലത്തിന്റെമേൽ ചലിച്ചുകൊണ്ടിരുന്നു. അവന്റെ കണ്ണുകൾ വീണ്ടും മൂടിയിരുന്നു. ഉണർച്ചയാലോ സംസാരത്താലോ തന്റെ സ്വപ്നം മുറിപ്പെടുമെന്ന് ഭയചകിതനെപ്പോലെ അവളെ തന്റെ പിടിയിലിറുക്കി തന്റെയുടലുമായി ചേർത്തുക്കൊണ്ടിരുന്നു. കമലത്തിന്റെ ചുണ്ടുകളും മുലകളും പെണ്ണത്വവും വേർപ്പെടുവാനിഷ്ടമില്ലാതെ കിതച്ചു. ഇരുവരിലൊരാൾ മരിക്കാൻ പോകുമെന്ന കാര്യം തീർച്ചയെന്ന് അവൾ കരുതി. മഴയുടെ കൗശലത്താൽ സാരംഗന്റെ ഉടൽ പെട്ടെന്ന് തളർന്നപ്പോൾപോലും അനുഭവമില്ലായ്മതന്നെയാണ് അതിനു കാരണമെന്ന് അവൾ വിശ്വസിച്ചതിനാൽ ശരീരം തണുത്തുവിറക്കാൻ തുടങ്ങിയ ആരംഭനിമിഷങ്ങളിൽ തന്റെ ഭാഗത്തെ ഉത്തമമാക്കാമെന്നു കരുതി അവളവനെ കൂടുതൽ അണച്ചുപിടിക്കാൻ ശ്രമിച്ചു.

തളരാൻ തുടങ്ങിയ കൈകളെ വാങ്ങി തന്റെ നിതംബവടിവുകളെ താങ്ങിപ്പിടിക്കുന്നവിധം കിടക്കയുടെ ഇടയിലേക്ക് തിരുകി. എന്നാലപ്പോൾ സാരംഗന്റെ ശരീരം ശക്തമായി കുലുങ്ങാനും തുടങ്ങിയിരുന്നു. കമലയെക്കൊണ്ട് അതിനപ്പുറം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. അവൻ അവളുടെ മുഖത്തെ തന്നിൽനിന്ന് വേർപ്പെടുത്തി ദൂരേക്ക് തള്ളുമെന്നും പ്രതീക്ഷിച്ചില്ല. വലിയ ആൾക്കൂട്ടത്തിനു മുന്നിലേക്ക് അതേ കോലത്തോടെ എറിയപ്പെട്ടതുപോലെ അപമാനംകൊണ്ട് അവൾ പകച്ചുപോയി. അതുകഴിഞ്ഞ് സാരംഗൻ അടുത്തതായി ചെയ്ത കാര്യം അവളെ ഭീതിയുടെ അതിർവരമ്പുവരെ കൂട്ടിക്കൊണ്ടുചെന്നതായിരുന്നു. മുറിയെ നിറച്ചിരുന്ന സ്വകാര്യാന്തരീക്ഷത്തെ തീർത്തും ഗൗനിക്കാതെ സാരംഗൻ പൊടുന്നനെ എഴുന്നേറ്റുചെന്ന് മുറിയുടെ വാതിലിനെ മലർക്കെ തുറക്കുന്നതു കണ്ടതും കമലം നടുങ്ങിപ്പോയി. പതറിക്കൊണ്ട് കട്ടിലിൽനിന്നും ചാടിയിറങ്ങി അഴിച്ചുവെച്ചിരിക്കുന്ന വസ്ത്രങ്ങളെ വാരിയെടുത്ത് ഒളിയിടം നോക്കിയോടി. അവയെ തിടുക്കത്തിൽ ധരിച്ചുകൊണ്ട് വെളിയിലേക്ക് വന്നപ്പോൾ സാരംഗൻ മുറി മുഴുവനും എന്തിനെയോ തിരയുന്ന ഭാവവുമായി തന്നോടുതന്നെ പിറുപിറുത്ത് മുട്ടുകാലിൽ നിരങ്ങിക്കൊണ്ടിരുന്നു. അതിനപ്പുറം അവൻ തന്റെനേരെ തിരിയുമെന്ന് കമലയെക്കൊണ്ട് കാത്തുനിൽക്കാൻ കഴിഞ്ഞില്ല. പാകപ്പെട്ടുകൊണ്ടിരുന്ന സ്വകാര്യത മുറിക്കകത്ത് ചിതറിത്തെറിച്ചിരുന്നു. മുറിയുടെ അയവും തണുത്തുറഞ്ഞുപ്പോയിരുന്നു. പൊടുന്നനെ രണ്ടുപേരുംതന്നെ ഉടലിനെസംബന്ധിച്ച ബോധംപോലും മുളയ്ക്കാത്ത ചെറിയ കുഞ്ഞുങ്ങളായി അവരവരുടെ ലോകത്തിൽ ഓരോരുത്തർക്കൊരു കളിയെ കളിച്ചുകൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി. താനുമായി ബന്ധപ്പെട്ട ഒരു സംഭവം അത്രയും ബാലിശമായി ചെറുതാക്കപ്പെടുന്നതിനെ അവളുടെ ആത്മാഭിമാനം അംഗീകരിക്കാൻ വിസമ്മതിച്ചു. മൗനവുംപേറി അവൾ മുറിവിട്ട് വെളിയിലേക്കിറങ്ങി. പിന്നീടൊരിക്കൽപോലും കമലം സാരംഗനെ കണ്ടില്ല. എന്നാൽ കാണണമെന്ന് വിചാരിച്ചുകൊണ്ടിരുന്നു. പരമശിവൻ പിള്ള അവളുടെ മുന്നിൽ പെട്ടപ്പോൾ സാരംഗന്റെ പനി ഇനി പതിയെപ്പതിയെ സുഖപ്പെടുമെന്നും തീർച്ചയായും താൻ വീണ്ടുമൊരു പ്രാവശ്യം അവനെക്കാണാൻ വരുമെന്നും പറഞ്ഞ് തന്റെയിടത്തേക്ക് മടങ്ങി. സാരംഗന്റെ പൊടുന്നനെയുള്ള മാറ്റത്തിനോടല്ലാതെ സാരംഗനോട് അവൾക്ക് വെറുപ്പോ ഭയമോ ഉണ്ടായിട്ടില്ല. സംഭവിച്ചവയെ ശാന്തമായി അയവിറക്കിയപ്പോൾപോലും സാരംഗന്റെ ആലിംഗനത്തിന്റെ ബലവും ഇളംചൂടും അവളുടെയുടലിനെ അയവുവരുത്തുക തന്നെയാണ് ചെയ്തത്. അവനെയോർക്കുമ്പോഴെല്ലാം അനുകമ്പയും സന്തോഷവുംതന്നെ അവളുടെയുള്ളിൽ മേലോങ്ങിനിന്നു. പലനാൾ പട്ടിണി കിടന്നവന്റെ തൊണ്ടയ്ക്ക് വിരുന്നുതന്നെ വിഷമെന്നപോലെ തന്റെ പെട്ടെന്നുള്ള പ്രവേശനത്തെ സാരംഗന്റെ ക്ഷീണിച്ചിരുന്ന ഉടൽനിലയും പാകപ്പെട്ടിട്ടില്ലാത്ത മനോഭാവവും ദഹിപ്പിക്കാത്തതാണ് അവന്റെ വിചിത്രമായ പെരുമാറ്റത്തിനുള്ള കാരണമെന്ന് അവൾ വിശ്വസിച്ചു(വെറും പയ്യൻ). അതിനാൽ തീർച്ചയായും വീണ്ടുമൊരു തവണ സാരംഗനെക്കാണാൻ പോകണമെന്നുതന്നെ അവൾ ആത്മാർത്ഥമായി മോഹിച്ചുകൊണ്ടിരുന്നു. അതിനുള്ള സന്ദർഭത്തെയും പ്രതീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ ആ സന്ദർഭം പിന്നീടവൾക്ക് ലഭിച്ചതേയില്ല. അവളുടെ ജീവിതനദി അവളാൽ നിയന്ത്രിക്കാൻ കഴിയാത്ത വേഗത്തിൽ കറങ്ങിയോടിപ്പോയി. സാരംഗനെ കണ്ടുമുട്ടിയശേഷം കമലം കൂടുതൽ കാലം ആ ദേശത്തുണ്ടായിരുന്നില്ല. തന്റെക്കൂടെത്തന്നെ സ്ഥിരമായി കഴിയാൻ ആനേക്കൽ മിരാസ്ദാർ അവളെ ഇഷ്ടപ്പെട്ട് ക്ഷണിച്ചപ്പോൾ മറഞ്ഞുപോയ തന്റെ അമ്മയുടെ ഉപദേശത്തിന്റെപേരിലും സമ്പ്രദായത്തിന്റെപേരിലും അവൾ അയാളുടെക്കൂടെ ആനേക്കല്ലിലേക്ക് ചെന്നു. അവൾ കുടിയിറങ്ങിയ ദിവസം ദേശംതന്നെ അവളെ യാത്രയയച്ചു. ആ ദേശത്തെ മറക്കാതിരിക്കാൻ ദേശക്കാർ അവളോട് അഭ്യർത്ഥിച്ചു. കമലം അതിനെ മാനിച്ചിരിക്കാം ഇല്ലായിരിക്കാം എന്നാൽ തന്റെ ജീവിതത്തിൽ ഒരേ ഒരുതവണ ഉടൽവേഴ്ചയെ മറികടന്ന് മലർന്ന പ്രണയബോധത്തെ കുറച്ചുനാളുകൾക്കുള്ളിൽത്തന്നെ അവൾ മറന്നുകളഞ്ഞു. മറ്റൊരു ചിന്തയുംതന്നെ അവളിൽ പൊട്ടിമുളക്കാത്തവിധം ആനേക്കൽ മിരാസ്ദാർ എന്നും അവളെയൊട്ടിനിന്നിരുന്നു. റാണിയെപ്പോലെ അവളെ സംരക്ഷിച്ചുപോന്നു. പ്രത്യേകം വീടും സേവകന്മാരെയും ഏർപ്പാടു ചെയ്തുകൊടുത്തു. കമലവും ഉദ്ദനപ്പള്ളിയിൽ കഴിഞ്ഞിരുന്നതുപോലെയല്ലാതെ വെളിയിലുള്ളവരുടെ ദൃഷ്ടിയിലേക്ക് അപൂർവ്വമായിത്തന്നെ പതിയുന്ന അത്ഭുതവസ്തുവായി സ്വയം പരിണമിച്ചു. മിരാസ്ദാറിന്റെ ഭാര്യയും മക്കളുമുൾപ്പെടെ എല്ലാവരോടും അവൾക്ക് അടുപ്പവും സ്വാധീനവുമുണ്ടായിരുന്നു. അവിടെയും അവളെക്കുറിച്ചുള്ള കഥകൾ പഞ്ഞമില്ലാതെ വളർന്നു. ആരും കണ്ണെടുത്ത് നോക്കാൻ ഭയപ്പെടുന്ന സ്ഥാനത്താണിരിക്കുന്നതെങ്കിലും അവളുടെയുടലിന്റെ തേജസ്സും തിളക്കവും ഗന്ധവും അവളുടെ ഇരിപ്പിനെ നാട്ടുകാരുടെ നടുവിൽ സദാ അറിയിച്ചുകൊണ്ടുതന്നെയാണിരുന്നത്. തന്റെ മുന്നിൽ കൂനകൂട്ടിയിരുന്ന ചെടിക്കാത്ത സൗഭാഗ്യങ്ങളുടെ കൂമ്പാരത്തിനുള്ളിൽ സ്വന്തത്തെ അനുഭവിക്കാതെത്തന്നെ കൈവിട്ടുകളഞ്ഞ ഒരു വിചിത്രനായ കാമുകനെക്കുറിച്ചുള്ള ഓർമ്മകളെ കമലം (കഥകളുടെ റാണി) പുതച്ചു മൂടിവെച്ചു. ആറുവർഷങ്ങൾക്കുശേഷം മിരാസ്ദാറിൽനിന്ന് ഒരു പെണ്ണവകാശിയെയും അവൾ പ്രസവിച്ചു. ചിന്താമണിയെന്നാണ് അവളുടെ പേര്. അമ്മയെ അങ്ങനെത്തന്നെ പകർത്തിവെച്ചിരിക്കുന്നതായി ആളുകൾ പറഞ്ഞു. ചിന്താമണി പിറന്നശേഷം കമലത്തെക്കുറിച്ചുള്ള കഥകളിൽ ധാരാളം ആണുങ്ങൾ ധൈര്യമായി തങ്ങളെ ചേർക്കാൻ തുടങ്ങിയിരുന്നു. കമലം അവയെല്ലാം കേട്ട് രസിച്ചു ചിരിച്ചു. ചിരിച്ചുചിരിച്ച് ചിരിയിൽ തന്റെ ഓർമകളെയും പ്രായത്തേയും സൗന്ദര്യത്തെയും വിഴുങ്ങി. സാരംഗനോടുണ്ടായിരുന്ന അവളുടെ സ്‌നേഹക്കടം ഓർമയിലേക്ക് കടന്നുവന്നപ്പോൾ കാലം അവളുടെ യൗവ്വനത്തെ ഭക്ഷിച്ചുകഴിഞ്ഞിരുന്നു. ചിന്താമണി കന്യകയായപ്പോൾ മിരാസ്ദാർ ജീവിച്ചിരുന്നില്ല. അപ്പോൾ അവൾക്ക് വയസ്സ് പതിനെട്ട്. തന്റെ ഭർത്താവിനു പിറന്ന കുഞ്ഞെന്ന് മിരാസ്ദാറിന്റെ പത്‌നിതന്നെ മുന്നിൽനിന്നുകൊണ്ട് അവളുടെ തിരണ്ടുകല്യണം നടത്തി. അതോടെ കമലത്തോടുണ്ടായിരുന്ന ബന്ധത്തെയും മിരാസ്ദാറിന്റെ കുടുംബം അറുത്തുകളഞ്ഞു. തന്നെപ്പോലുള്ള സ്ത്രീകൾക്ക് അതു സ്വാഭാവികമായും പ്രതീക്ഷിക്കേണ്ട ഒന്നാണെന്നതിനാൽ അതെക്കുറിച്ച് കമലം വളരെയധികം അലോസരപ്പെട്ടില്ല. അവളെയും അവളുടെ മകളെയും നിർഗ്ഗതിയിലാക്കി മിരാസ്ദാറും പോയിരുന്നില്ല. എന്നാൽ ചിന്താമണിയുടെ നീരാട്ട് ചടങ്ങ് അവളുടെ മനസിലെ മറ്റു കണ്ണുകളെ തുറന്നുവിട്ടു. സാരംഗന്റെ വീട്ടുകൂടലിനുശേഷം കമലം പങ്കെടുത്ത ചടങ്ങ് അതായിരുന്നു. അവിടെ നിന്നപ്പോൾ തന്റെ ജീവിതത്തിലെ രമണീയമായ സാഹസങ്ങൾ നിറഞ്ഞ യാത്ര അതിന്റെ അവസാനത്തിലേക്ക് എത്തിയതായി അവൾ മനസ്സിലാക്കി. ചടങ്ങിലേക്ക് വന്നിരുന്ന പ്രമാണിമാരെല്ലാവർക്കും ഒരേ ഉദ്ദേശം മാത്രമാണുണ്ടായിരിക്കുകയെന്നത് അവൾക്കറിയാം. അവരെല്ലാവരുംത്തന്നെ ഒരേ സ്വരത്തിൽ ചിന്താമണിയുടെ സൗന്ദര്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കേ അതവളുടെ യൗവ്വനകാല ചിന്തകളെയും സാരംഗന്റെ വീട്ടുകൂടൽ ചടങ്ങിനെക്കുറിച്ചുള്ള ഓർമകളെയും ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. തന്റെ പ്രാധാന്യം കുറഞ്ഞുപോയിരിക്കുന്നെന്ന ഉണ്മ നടുക്കുന്നവിധം ബുദ്ധിയിലുറച്ചപ്പോൾ അവളതിനെ മൗനത്തോടെയും ഔദാര്യത്തോടെയും സ്വീകരിച്ചു. എന്നാൽ മിരാസ്ദാർ അവളെ തന്റെ സ്വന്തമെന്ന് അറിയിച്ചതിനുശേഷംപോലും അവളുമായി ഇടപഴകാൻ തുടിച്ച പല പ്രമാണിമാർ അവൾക്കുപുറമേ തങ്ങളും വയസ്സന്മാരായിരിക്കുന്നതിനെ അംഗീകരിക്കാതെ തന്റെ മകളുടെ മുന്നിൽ കുമിഞ്ഞുകിടക്കുന്നതാണ് അവളാൽ സഹിക്കാൻ കഴിയാത്തത്. അവരെല്ലാവരും അവളുടെ വായിൽനിന്ന് വീഴാൻ പോകുന്ന അധികാരപൂർവ്വമായ അറിയിപ്പിനായിത്തന്നെ കാത്തുനിന്നു. ചിന്താമണിയുടെ ചടങ്ങ് അവൾക്ക് കൈപ്പേറിയ അനുഭവങ്ങളെത്തന്നെ നൽകി. തന്നെയും തന്റെ കഴിഞ്ഞകാലത്തെയും ഒറ്റപ്പെടുത്തി ചിന്താമണിയുൾപ്പെടെ എല്ലാവരും പരിഹസിച്ചു കളിക്കുന്നതായി കരുതി അവളുടെ മനസ്സ് നീറി. പലവർഷങ്ങൾക്കുശേഷം സാരംഗനെക്കുറിച്ചുള്ള ചിന്ത തടഞ്ഞുനിർത്താൻ സാധിക്കാത്തവിധം വീണ്ടും വീണ്ടും കടന്നുവന്ന് അവളെ ശല്യപ്പെടുത്തി. അവനു കൊടുക്കേണ്ട കടത്തിന്റെ ഭാരം അവളെ വിഷമിപ്പിച്ചു. ഇനി അതിനെ തിരിച്ചുനല്കാൻത്തന്നെ കഴിയാത്തവിധം കാലം കടന്നുപോയിരിക്കുകയാണെന്നതിനെയും അവൾ നടുക്കത്തോടെയോർത്തു. അതീവദുഃഖത്തിന്റെ ഒഴിയാബാധ ആഘോഷപരിപാടിയിൽനിന്ന് അവളെ കൂടുതൽ അന്യപ്പെടുത്തി ഒതുക്കിക്കളഞ്ഞു. അന്നുരാത്രിതന്നെ അവൾ ചിന്താമണിയെ വിളിച്ച് ഇനിയുമേറെ ദിവസത്തേക്ക് അവളെ കന്യകയായിത്തന്നെ കാത്തുസൂക്ഷിക്കുവാൻ തന്നെക്കൊണ്ട് സാധിക്കില്ലയെന്നതിനെ എടുത്തുപറഞ്ഞു. തന്റെയിടത്തിൽ തന്റെ ഇല്ലായ്മയെ പൂരിപ്പിക്കുന്നതിനുമുമ്പ് തനിക്കായി ഒരു സഹായം ചെയ്യണമെന്നും അഭ്യർത്ഥിച്ചു. സാരംഗൻ എന്നയാളെക്കുറിച്ചുള്ള കഥയും മഴവീടിന്റെ പുരാവൃത്തത്തെക്കുറിച്ചും ചിന്താമണി അറിയാനിടവന്നത് അപ്പോഴാണ്. പിറ്റേന്ന് തന്റെ അമ്മയുടെ അഭ്യർത്ഥനപ്രകാരം ആനേക്കല്ലിൽനിന്ന് ഹൊസൂരിലേക്ക് അവൾ പുറപ്പെട്ടുപോയി. സാരംഗനോട് തനിക്കുണ്ടായിരുന്ന കടത്തെ തന്റെ മകൾ തീർത്തുകൊടുക്കുമെന്ന വിശ്വാസത്തോടെ കമലം അവളെ യാത്രയയച്ചു. എന്നാൽ കമലത്തിന്റെ ആഗ്രഹത്തെ നിറവേറ്റാൻ ചിന്താമണിയെക്കൊണ്ട് കഴിഞ്ഞില്ല. പോയ വേഗത്തിൽത്തന്നെ അവൾ തിരിച്ചുവന്നു. വന്നവൾ അതിലൊന്നും വലിയ അളവിൽ ഖേദിച്ചുമില്ല. അവളെസംബന്ധിച്ച് സാരംഗൻ എന്ന ആൾ മറ്റൊരു ആൺ മാത്രം.

അല്ലെങ്കിൽ രസകരമായ ഒരു ഭ്രമകല്പന. എന്നാൽ താൻ കണ്ട മഴവീടിനെക്കുറിച്ചും അതിന്റെ സൂക്ഷ്മമായ നിർമ്മാണരീതിയെക്കുറിച്ചും അതിനെ രൂപകല്പന ചെയ്ത മനസ്സിന്റെ അഭിരുചിയെക്കുറിച്ചും വാതോരാതെ പുകഴ്ത്തി. അവളതിനെ വർണിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് താൻ കണ്ട് വിസ്മയിച്ച വീടിനെ കമലം പിന്നെയും തന്റെ മനക്കണ്ണിൽ കണ്ടു. വസ്തുക്കളിൽ ഒരിത്തിരി പൊടിപടലംപോലും പറ്റിപ്പിടിച്ചിരുന്നില്ല. മഴത്തുളകളെ മണ്ണ് അടച്ചിരുന്നില്ല. വാതിൽപ്പിടികളിൽ തുരുമ്പ് പിടിച്ചിരുന്നില്ല. ചെടികളിൽ ഒരില കുറഞ്ഞിട്ടില്ല. വീടിനുമേൽ എന്നും പരന്നുകിടക്കുമെന്ന് കമലം പറഞ്ഞ ഈർപ്പവും വഴുവഴുപ്പും മാറിയിരുന്നില്ല. വാതിൽക്കൽ വാഴകളും പൂന്തോരണങ്ങളും ഗൃഹപ്രവേശം കഴിഞ്ഞ് കുറച്ചുനാളുകളേ ആയിട്ടുള്ളൂയെന്ന തോറ്റത്തെ പ്രദാനംചെയ്തുകൊണ്ടിരുന്നു. പുതിയ ചുവരിന്റെ തിളക്കവും മണവും വീടിന്റെ മുഖപ്പിൽ അതേപോലെ പടർന്നിരുന്നു. (ഇതിനെക്കാളും നന്നായി ഒരു വീടിനെ മറ്റൊരാളെക്കൊണ്ടും പരിപാലിക്കാൻ സാധിക്കില്ല) കമലം സാരംഗനെപ്പറ്റി പറയുവാൻ അഭ്യർത്ഥിച്ചപ്പോൾ ആ വീട്ടിൽ പ്രായംചെന്ന മനുഷ്യരെയാരെയും താൻ കണ്ടില്ലെന്നു ചിന്താമണി പറഞ്ഞു. പത്തിരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് ഒറ്റയ്ക്ക് ആ വലിയ വീടിന്റെ മഹാ ഏകാന്തതയിൽ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും തന്നെക്കുറിച്ചുള്ള യാതൊന്നിനെയും പറയാൻ വിസമ്മതിച്ചതായും കമലത്തിന്റെ കഥയെയും അവളുടെ അടയാളങ്ങളെയും ആശ്ചര്യപ്പെടുത്തുന്നവിധം അവൻ കൃത്യമായി വർണ്ണിച്ചതായും പറഞ്ഞു. ചിന്താമണി ഊഹിച്ചു: ആ ചെറുപ്പക്കാരൻ സാരംഗന്റെ മകനായിരിക്കാനാണ് സാധ്യത. അമ്മ തന്നോട് സാരംഗനെപ്പറ്റി പറഞ്ഞിരിക്കുന്നതുപോലെത്തന്നെ കമലയെക്കുറിച്ച് സാരംഗനും തന്റെ മകനോട് പറഞ്ഞിട്ടുണ്ടാകണം. അമ്മയുടെ പേര് ഞാൻ പറഞ്ഞതു കേട്ടപ്പോൾതന്നെ അവൻ വളരെ ആവേശത്തോടെ എന്നെ വരവേറ്റ് ഉപചരിച്ചു. എന്നെ ആദ്യം അമ്മയെന്നു തെറ്റിദ്ധരിച്ചതായി അവൻ പറഞ്ഞു. പക്ഷെ എത്ര നിർബന്ധിച്ചിട്ടും എന്നെ തന്റെ കിടപ്പറയിലേക്ക് മാത്രം കടക്കുവാൻ വിസമ്മതിച്ചു. സാരംഗൻ മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചിരിക്കാമെന്ന് എന്തോ കമലയെക്കൊണ്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നാൽ അതു സംഭവിച്ചിട്ടുണ്ടായിരിക്കാം. തനിക്ക് മറ്റു വഴികളിലൂടെ ജീവിതം സാധ്യമായതുപോലെത്തന്നെ സാരംഗനും മറ്റു വഴികളിലൂടെ ജീവിതം സാധ്യമായിട്ടുണ്ടായിരിക്കാം. അവൾ ചിന്താമണി കണ്ടതായി പറഞ്ഞ ചെറുപ്പക്കാരനെക്കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ ശിലയിൽ എണ്ണ പുരട്ടിയതുപോലെ പളപളക്കുന്ന കറുകറുത്ത ആണത്തം സ്ഫുരിക്കുന്ന ആകാരം, പരന്ന് മുഴുത്ത മാറിടം, കനലുപോലെ ജ്വലിക്കുന്ന ചുവന്ന കണ്ണുകൾ, മിന്നൽ വെട്ടിത്തിളങ്ങുന്ന പല്ലുകൾ എന്ന് അവളവനെ വർണ്ണിച്ചു. ▮

*മൊത്തം അഗ്രഹാരം - ഹൊസൂരിലെ ഒരു സ്ഥലം


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാ. വെങ്കടേശൻ

മധുരയിൽ ജനിച്ചുവളർന്ന ബാ. വെങ്കടേശന്റെ ആദ്യ കഥാസമാഹാരമായ "ഒറിജിനൽ ന്യൂസ്‌റീൽ കതൈകൾ' 1995 ലാണ് പുറത്തിറങ്ങുന്നത്. അദ്ദേഹത്തിന്റെ സൃഷ്ടിലോകത്തെ ശ്രദ്ധിക്കാൻ കാരണമായത് 2002ൽ പുറത്തിറങ്ങിയ "രാജൻ മകൾ' എന്ന നീണ്ടകഥ സമാഹാരമാണ്. അവസാനമായി പുറത്തുവന്ന "വാരാണസി' എന്ന നോവൽ സ്ത്രീപക്ഷ വായനകൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുംബൈ ആസ്ഥാനമായ സ്പാരോ (SPARROW) എന്ന സംഘടനയുടെ 2019ലെ സ്പാരോ ലിറ്റററി അവാർഡ്, "ദി ഹിന്ദു' തമിഴിന്റെ 2019 ലെ "തമിഴ് തിരു' പുരസ്‌കാരം, അമേരിക്ക ആസ്ഥാനമായുള്ള "വിളക്ക് സാഹിത്യ സംഘ'ത്തിന്റെ "പുതുമൈ പിത്തൻ നിനൈവ് വിരുത് - 2019' എന്നിങ്ങനെ പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.​​​​​​​

Comments