ചിത്രീകരണം: ദേവപ്രകാശ്

തുണൈവൻ

വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ’ എന്ന സിനിമയ്ക്ക് ആധാരമായ തമിഴ്​ കഥ. വിവർത്തനം സജിത്ത്​ എം.എസ്​.

ളരെ ദൂരെയായി നിർത്തിയിട്ടിരിക്കുന്ന ആ ജീപ്പിനെ ലക്ഷ്യമാക്കി നടക്കുന്തോറും മാണിക്യം വല്ലാതെ തളർന്നു പോകുന്നുണ്ടായിരുന്നു. അത് ആകാശത്ത് നിന്ന് നിപതിച്ചു കിടക്കുകയാണെന്ന് അവന് തോന്നി.

ചുറ്റും കരിയിലകൾ മൂടിനിൽക്കുന്ന കൊടുങ്കാടാണ്!
ദൂരെ അവിടവിടെയായി മൊട്ടപ്പാറകൾ നിറഞ്ഞ കുന്നുകൾ കാണാം. പെട്ടന്നെന്തോ ശബ്ദം കേട്ടിട്ടെന്നോണം മുൾച്ചെടികൾക്കിടയിൽ നിന്ന് പുറത്ത് വന്ന ചില കുരുവികൾ ആരോ വീശിയെറിഞ്ഞ കണക്ക് ‘കീ.. കീ…’ ശബ്ദത്തോടെ പൂഴിമണ്ണിൽ പറന്നിരുന്ന് നിലത്ത് ചെറുകൊക്കുകൾ കൊണ്ട് കൊത്തിപ്പേറുക്കിക്കൊണ്ടിരിക്കെ അവന്റെ ബൂട്ടിന്റെ ശബ്ദം കേട്ട് മുൾച്ചെടികൾക്കിടയിലേക്ക് തിരിച്ചു പറന്നുകയറി, അവയുടെ ചീറലൊലിയും ചിറകുകളടിക്കുമ്പോൾ മണ്ണ് കൊഴിയുന്ന ശബ്ദവും മഴച്ചാറ്റലിന്റെ ശബ്ദമെന്ന പോലെ മാണിക്യത്തിന്‌ തോന്നി.

അവന്റെ കാലടിശബ്ദം ദൂരെയെവിടെയോ ചെന്ന് പ്രതിധ്വനിച്ച് അവനരികിലേക്കുതന്നെ തിരിച്ചു വരുന്ന കണക്കുണ്ടായിരുന്നു. അന്നേരം ആ ജീപ്പിന്റെ നിഴൽ, ചരിഞ്ഞ ചെമ്മൺതിട്ടയിൽ ഭീതിദമായ രൂപത്തിൽ കാണായി. അവിടെ തഴച്ചു വളർന്നു നിന്ന ചെടികളിൽ ഇലകൾക്ക് പകരം മുള്ളുകളായിരുന്നു ഉണ്ടായിരുന്നത്. കറുത്ത് കൂർത്ത ആ മുള്ളുകൾ കാണുന്നവർ അവയെ ‘ചെടി’ എന്ന് പോലും കരുതില്ല.അവയ്ക്കിടയിലൂടെ നടന്നു കൊണ്ടിരിക്കെ അവൻ തന്റെ തുപ്പാക്കിപ്പിശാചിനെ ഇടത്തേ തോളിൽ നിന്ന് വലന്തോളിലേക്ക് മാറ്റിപ്പിടിച്ചു.എന്തിനാണ് ഇത് എപ്പോഴും തനിക്കൊപ്പമുള്ളതെന്ന് അവന് മനസിലായില്ല, അവൻ സർവീസിൽ കയറിയ നാൾ മുതൽ ആ തുപ്പാക്കിപ്പിശാച് അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു.കൂടുതൽ നേരവും മടിയിലും തോളിലുമായാണ് അവനതിനെ ചുമക്കുന്നത്! എന്തിനേറെ പറയുന്നു രാത്രി ഉറങ്ങുമ്പോൾ പോലും അവനതിനെ അരികിൽ തന്നെ വയ്ക്കും.

‘‘സ്വന്തം ഭാര്യ കൂടി ഇവന്റെയടുത്ത് ഇത്രേം സ്വാതന്ത്ര്യമായി കിടക്കാറില്ലായിരിക്കും…സൂക്ഷിച്ചോടാ മിക്കവാറും അത് നിനക്കൊരു കുഞ്ഞിനെ പെറ്റു തരും…’’ എന്ന് മാധവൻ ഒരിക്കൽ പറഞ്ഞപ്പോൾ അന്ന് ടെന്റിലുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. മാണിക്യത്തിന് പക്ഷേ അതിനെ ഒരു നായയായിട്ടാണ് തോന്നുന്നത്, നീണ്ട നാക്കുള്ള എപ്പോഴും കൂടെയുള്ള ഒരു മൃഗം! അല്ലെങ്കിൽ വിക്രമാദിത്യകഥയിലെ വേതാളം - ഏയ് അത് ചോദ്യങ്ങളൊന്നും ചോദിക്കാറില്ല. എപ്പോഴും മൗനമായി, നടക്കുമ്പോൾ പിടലിയിലും തുടയിലും ഉരസിക്കൊണ്ടിരിക്കും. ഒരുപക്ഷേ, താൻ കേൾക്കാത്തതായിരിക്കും അത് ചോദ്യങ്ങളും ചോദിക്കുന്നുണ്ടാകും… തനിക്ക് ഉത്തരം കിട്ടാത്ത കടങ്കഥകളാകും അതിനു ചോദിക്കാനുണ്ടാവുക.

അവൻ ജീപ്പിനരികിലേക്ക് നടക്കുമ്പോൾ അതിനെയൊഴികെ ബാക്കി ചുറ്റുമുള്ള എല്ലാറ്റിനെയും ശ്രദ്ധിച്ചു. അതിനെക്കുറിച്ചൊഴികെ ബാക്കി എല്ലാ കാര്യങ്ങളും ഓർത്തു. എന്തോ, അതിനരികിലെത്തുന്നതിനു മുമ്പ് വരെയുള്ള ഓരോ നിമിഷവും പൂർണ്ണമായും അനുഭവിക്കാൻ ആഗ്രഹിക്കുന്നതുപോലെ വളരെ പതുക്കെ മാത്രം ഓരോ അടിയും വയ്ച്ചു കൊണ്ട് അവൻ നടന്നു. എന്നാൽ അതിനടുത്തെത്തിയപ്പോഴേക്കും അവന്റെ മനസ് കലങ്ങിമറിഞ്ഞിരുന്നു.

ജീപ്പിനരികിലെത്തിയപ്പോഴേക്ക് അവൻ ഒന്ന് നിവർന്നു നിന്ന് ദീർഘനിശ്വാസമുതിർത്തു. ജീപ്പിനെ ചുറ്റി മുൻസീറ്റിനരികിലേക്ക് ചെന്ന് സല്യൂട്ടടിച്ചു. സീനിയർ ഓഫീസറായ സാർ മുൻസീറ്റിൽ തന്നെയിരിപ്പുണ്ടായിരുന്നു. തന്റെ കൈതോക്ക് മടിയിൽ വച്ച് അതിന്മേൽ വലം കൈ വച്ചു കൊണ്ടാണ് അയാൾ ഇരുന്നത്.അപ്പോഴും അയാളുടെ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്ക നോക്കിക്കൊണ്ടിരുന്നു.

‘‘നീയൊരുത്തൻ മാത്രമേയുള്ളോ?’’

‘‘അതേ സാർ… നഞ്ചപ്പനെയും കൂടി അയക്കുമെന്നാ ഇന്നലെ പറഞ്ഞത്. പക്ഷേ ഇന്ന് പെട്ടന്ന് അവനോട് വിണ്ണപ്പെട്ടിയിലേക്ക് പോകാൻ പറഞ്ഞു. അവിടെയേതോ മിനിസ്റ്റർ വരുന്നുവെന്ന് പറയുന്നു.’’

‘‘ഒരു മിനിസ്റ്റർ!.. വാരാവാരം ഇൻസ്പെക്ഷൻ എന്ന് പറഞ്ഞ് ഓരോരുത്തർ വന്നോണ്ടേയിരിക്കുന്നു. വന്ന് നമ്മുടെ തലയിൽ കയറുന്നത് തന്നെ മിച്ചം.. ങാ..വാ വന്ന് കേറ്’’ എന്ന് അയാൾ പറഞ്ഞു.

അവൻ കയറും മുൻപ്, ‘ഡേയ്, ഇന്നാ, ഇത് കയ്യിൽ വച്ചോ’ എന്നുപറഞ്ഞ് ഒരു ചാവി അവന്റെ നേർക്ക് നീട്ടി. അവൻ അത് വാങ്ങി ജീപ്പിന്റെ പിന്നിൽ പോയി കമ്പിപ്പടിമേൽ കാൽ വച്ച് അകത്തേക്ക് കയറി. അപ്പോഴാണ് അകത്തിരുന്ന ആളെ അവൻ കണ്ടത്. നരച്ച തലയും പരന്ന താടിയുമുള്ള ഒരു അറുപതു വയസ് തോന്നിച്ച കിഴവൻ. അയാളുടെ വലം കൈയ്യിൽ വിലങ്ങിട്ട് ജീപ്പിന് മുകളിലെ കമ്പിയോട് ചേർത്ത് ബന്ധിച്ചിരുന്നു. അയാൾ ഇട്ടിരുന്ന ചുവപ്പ് ഷർട്ടിലെ രണ്ടു ബട്ടനുകളും തുറന്നു കിടന്നു. ഒരു പഴയ ലുങ്കിയാണ് ഉടുത്തിരുന്നത്, അയാൾ ഇട്ടിരുന്ന റബർ ചെരുപ്പുകൾ മാത്രമായിരുന്നു പുതിയവ.പോലീസുകാർ വാങ്ങിക്കൊടുത്തതായിരിക്കാം.

അയാൾ അവനെ നോക്കി പുഞ്ചിരിച്ചു. തേഞ്ഞ പല്ലുകൾ, ഒട്ടിയ കവിളുകൾ. എങ്കിലും ആ പുഞ്ചിരിയ്ക്ക് ഒരു ഭംഗി ഉണ്ടായിരുന്നു.അവൻ കണ്ണുകൾ താഴ്ത്തി കയ്യിലുണ്ടായിരുന്ന ചാവി കൊണ്ട് വിലങ്ങ് അഴിച്ച് ഒരു ഭാഗം അവന്റെ കൈകളിൽ ബന്ധിച്ചു.

‘ഇപ്പൊ നീയും അറസ്റ്റിലായി’, എന്ന് അയാളപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘‘കോനാരേ തന്റെ പ്രസംഗമൊന്നും ഇവിടെ വേണ്ട’’ എന്ന് സാർ അയാളോട് താക്കീത് ചെയ്തു.

‘‘എങ്കിൽ എന്തു ചെയ്യും? അടിക്കുമോ…അയ്യയ്യോ പേടിയാകുന്നല്ലോ’’ എന്ന് കോനാർ തമാശപോലെ പറഞ്ഞു. എന്നിട്ട് അവനെ നോക്കി കണ്ണുകൾ അടച്ചു കൊണ്ട് ‘അടിക്കും പോലും, നമ്മൾ കാണാത്ത അടിയോ, കഴിഞ്ഞ ഒരാഴ്ച്ചയായി അടിയിലെ എല്ലാ വെറൈറ്റിയും കണ്ടു, അയ്യാ, ഒരുത്തന് സിനിമാപ്പാട്ട് പാടി അടിക്കുന്നതായിരുന്നു ശീലം.’’

‘മിണ്ടാതെയിരിക്ക്’, സാറിന്റെ ശബ്ദം പിന്നെയും ഉയർന്നു.

‘‘എന്താ മിണ്ടിയാൽ? അത് നിങ്ങളുടെ ഡ്യൂട്ടി, എനിക്ക് മിണ്ടിയാൽ എന്താ? സംസാരിക്കാനാവുന്നിടത്തോളം ഞാൻ സംസാരിച്ചോണ്ടേയിരിക്കും’’ എന്ന് കോനാർ പറഞ്ഞു. ‘‘ഇല്ലെങ്കിൽ നോക്കിക്കോ, പോകുന്ന വഴിയിൽ സംസാരിച്ച് സംസാരിച്ച് നിങ്ങളെയും ഞങ്ങളുടെ പക്ഷത്ത് ചേർക്കും, എന്താ സംശയമുണ്ടോ.’’

‘‘താൻ മിണ്ടാതിരിക്കുന്നുണ്ടോ ഇല്ലയോ’’ എന്ന് സാർ സഹികെട്ട് ഉറക്കെ ചോദിച്ചു.

‘ഇല്ല’, അയാൾ ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു. ‘‘അയ്യാ, ഇന്ന് നമ്മുടെ ഇന്ത്യയിൽ ജനങ്ങൾക്ക് തിന്നാൻ ആവശ്യത്തിന് ചോറില്ല,താമസിക്കാൻ വീടില്ല, ഒരു മൈരുമില്ല! എന്നാലും അളവില്ലാതെയുള്ളത് ശ്വസിക്കാൻ കാറ്റും സംസാരിക്കാൻ ഭാഷയും മാത്രമാണ്. അതും നിങ്ങൾ പാടില്ലെന്ന് പറഞ്ഞാലോ?’’

അത് കേട്ട് സർ ദേഷ്യത്തോടെ ‘എന്ത് വേണോ പറഞ്ഞു തുലയ്ക്ക്’ എന്ന് പിറുപിറുത്തു.

‘‘എന്റെ പേര് കാർമേഘം, കാർമേഘ കോനാർ എന്ന് പറഞ്ഞാൽ നിന്റെ നാട്ടിലും എല്ലാർക്കും അറിയാമായിരിക്കും’’, അയാൾ മാണിക്യത്തോട് പറഞ്ഞു. അവൻ അയാൾ പറയുന്നത് ശ്രദ്ധിച്ചു തുടങ്ങി.

‘‘കുടുംബം, സ്വകാര്യസ്വത്ത്, സമൂഹം എന്ന ബുക്കിനെക്കുറിച്ച് കേട്ടിട്ടില്ലേ? ഏംഗൽസ്​ എഴുതിയതാ. അതിനെക്കുറിച്ചു ഞാനും ഒരു ബുക്ക്‌ എഴുതിയിട്ടുണ്ട്. അത് കോനാരുടെ ഭാഷ്യം എന്നൊക്കെ മറ്റേ കൂട്ടർ വിമർശിച്ചു പറയും.’’

‘മറ്റേ കൂട്ടരോ?’ എന്ന് മാണിക്യം അറിയാതെ ചോദിച്ചു.

‘‘പിരിഞ്ഞു പോയവർ. മാതൃസംഘടന ഞങ്ങളാണ് ഇപ്പോഴും. പ്രത്യയശാസ്ത്രപ്രശ്നമായിരുന്നു... ഞങ്ങൾ ഇന്ത്യയിലെ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് ആദ്യം തമിഴ് നാട്ടിൽ വിപ്ലവം കൊണ്ടുവരണമത്രേ, അങ്ങനെയാണെങ്കിൽ പഞ്ചായത്ത് ലെവലിൽ വിപ്ലവം നടത്തിയാൽ പോരേ, എന്താ?’’

നൂറു പൂക്കൾ പൂക്കണമെന്നാണ് മാവോ പറഞ്ഞത്. ഇവർക്ക് ആവാരംപൂ പോലെ തെരുവെല്ലാം പൂക്കണമെന്ന് തോന്നുന്നു. വിപ്ലവം തോക്കിൻകുഴലിലൂടെയെന്നും മാവോ പറഞ്ഞിട്ടുണ്ട് കേട്ടോ. ഇവർ പക്ഷേ പോരാട്ടമെന്ന് കേൾക്കുമ്പോളേ ‘അമ്മാ, അത്താ’ എന്ന് കരഞ്ഞു തുടങ്ങും. അച്ഛൻ പോയാൽ മകൻ വരണം! അതാണ്‌ ഞങ്ങളുടെ ഒരു സ്റ്റൈൽ.
‘ബീഡി ഉണ്ടോ?’, കോനാർ ചോദിച്ചു.

മാണിക്യം മടിച്ചു കൊണ്ട് മുന്നിലിരിക്കുന്ന സാറിനെ നോക്കി. അയാൾ കൊടുക്കാൻ തലയാട്ടി. അതനുസരിച്ച് അവനൊരു ബീഡിതെറുപ്പ് എടുത്ത് കൊളുത്തി കോനാർക്ക് കൊടുത്തു. അയാൾ അത് വാങ്ങി ഒരു പുക ശ്രദ്ധയോടെ കവിൾ വഴി ഇരുത്തി വലിച്ച് അകത്ത് കയറ്റി മൂക്കിലൂടെ പുറത്തേക്ക് വിട്ടു.

‘‘ഈ ബീഡി ഉണ്ടല്ലോ, ശരിക്കും ദൈവമാണ്. പുള്ളി റസ്റ്റ്‌ എടുത്തോണ്ടിരിക്കെ പടച്ച സാധനമായിരിക്കണം ഇത്. ഈ പുക ഇങ്ങനെയെടുക്കുമ്പോ, ‘പോടാ മൈരേ’ ന്ന് പറഞ്ഞുകൊണ്ട് ഭാവന ഇങ്ങനെ കയറി വരും. ഇപ്പൊ സാക്ഷാൽ മാർക്സോ മാവോയോ മുന്നിൽ വന്നാൽ കൂടി പോടാ മൈരേന്ന് പറഞ്ഞുപോകും…എന്താ?’’

അയാൾ ഇടയ്ക്കിടെ ‘എന്താ’ എന്ന് പറയുന്ന കാര്യം അവൻ ഗൗനിച്ചു. അവൻ അത് ഗൗനിച്ച കാര്യം അയാളും ശ്രദ്ധിച്ചു.

‘‘അത് തമ്പി, ക്ലാസ് എടുത്തെടുത്ത് പകുതി വാദ്യാർ ആയിട്ടുണ്ട് ഇപ്പൊ’’, അത് കേട്ട് മാണിക്യം പുഞ്ചിരിച്ചു.

‘‘തമ്പിയ്ക്ക് പഠിപ്പ് അത്രയില്ലെന്ന് തോന്നുന്നല്ലോ. അല്ലെങ്കിൽ ഈ തോക്കും താങ്ങി കാട്ടിൽ അലയുന്ന ഉദ്യോഗത്തിന്‌ വരുമോ ആരെങ്കിലും?’’ എന്ന് കോനാർ പറഞ്ഞു.

‘‘എന്താടോ തന്റെ ക്ലാസെടുപ്പാണോ’’ എന്ന് മുന്നിലിരുന്ന സാർ അന്നേരം പല്ലിറുമ്മി കൊണ്ട് ചോദിച്ചു.

‘‘ഛേ ഛേ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നിങ്ങളൊക്കെ ചക്രവർത്തിമാർ, അധികാരം തോക്കിൻമുനയിലൂടെയെന്ന് മാർക്സും പറഞ്ഞിട്ടുണ്ട്’’, അയാൾ ബീഡിയുടെ അവസാനപുകയും അകത്തേക്ക് വലിച്ചു.

‘‘പക്ഷേ, ഉണ്ട വേണം ഉള്ളിൽ. ഉണ്ടോ?’’

‘‘തന്നെ കൊല്ലാനുള്ള അത്രയും ഉണ്ട്…പോരേ?’’ എന്ന് സാർ പുച്ഛത്തോടെ പറഞ്ഞു.

കോനാർ ഒന്ന് മുരടനക്കി; ‘‘അപ്പൊ അതിനാണ് കൂട്ടിക്കൊണ്ടുപോകുന്നത്. നല്ലത്’’, അയാൾ ശാന്തനായി പറഞ്ഞു.

മാണിക്യത്തിന്റെ ഹൃദയം അത് കേട്ട് വല്ലാതെ മിടിക്കാൻ തുടങ്ങി. കോനാർ അത് ശ്രദ്ധിച്ചു. ‘‘അയ്യാ, എന്തിനാ ഇതൊക്കെ ഇപ്പഴേ പറഞ്ഞത്. ദാ തമ്പി പേടിച്ചു പോയി’’ എന്ന് പറഞ്ഞു.
സാർ തിരിഞ്ഞ് അവനെ നോക്കി.

‘‘എത്ര കാലത്തെ സർവീസ് ഉണ്ട് തനിക്ക്?’’ എന്ന സാറിന്റെ ചോദ്യത്തിന് മാണിക്യം കൊടുത്ത മറുപടി അയാൾ കേട്ടില്ല.

‘‘എത്രയാടോ..?’’ സർ പിന്നെയും ആരാഞ്ഞു.

‘‘സ... സാർ... ആറു വർഷം’’, അവൻ വിക്കലോടെ പറഞ്ഞു.

‘ഓഹോ, ഫോറസ്റ്റിൽ എത്ര വർഷം?’

‘അയ്യാ, മൂന്ന് വർഷം’

‘‘മൂന്ന് വർഷമായിട്ടും കന്നിപ്പയ്യനാ! വെടി വച്ചിട്ടുണ്ടോ?’’, അയാൾ ചോദിച്ചു. ഒന്നും മറുപടി വരാത്തത് കൊണ്ട് ‘വച്ചിട്ടുണ്ടോ’ എന്ന് അല്പം കടുപ്പത്തിൽ ചോദിച്ചു.

‘അ.. അയ്യാ.. പരിശീലനസമയത്ത്’

‘‘അതൊക്കെ കൈപ്പണി ചെയ്യുന്ന മാതിരി, മനുഷ്യരേ വച്ചിട്ടുണ്ടോ?’’

‘‘ഇ… ഇല്ലയ്യാ’’, അവൻ പറഞ്ഞു.

‘‘അതാണ്‌ ഇങ്ങനെയിരിക്കുന്നത്’’, സാർ പിറുപിറുത്തു. ‘ഇയാളെ വെടിവയ്ക്ക്’, പെട്ടന്ന് സർ പറഞ്ഞു. അവൻ വിരണ്ടു പോയി.കോനാർ അവനെ നോക്കി കണ്ണുകളിറുക്കി.

‘‘പോ സാറെ. വെറുതെ കൊച്ചു പയ്യനെ പേടിപ്പിക്കാൻ’’, കോനാർ പറഞ്ഞു. പിന്നെ അവനെ നോക്കി: ‘തമ്പീ, എവിടാ നാട്?’ എന്ന് ചോദിച്ചു.

‘അയ്യാ…’

‘‘എന്നേം അയ്യാന്നാണോ വിളിക്കുന്നത്? അത് വേണ്ട, വേണമെങ്കിൽ തോഴനെന്ന് വിളിച്ചോ’’

‘ഇ... ഇല്ല’

‘ശരി, എന്നാ കോനാർ എന്ന് വിളിച്ചോ’

‘ആം’

‘എങ്കിൽ പറ എവിടാ നാട്?’

‘സെങ്കോട്ട’

‘ആഹാ, ഞാൻ തെങ്കാശി’ എന്ന് കോനാർ പറഞ്ഞു തുടങ്ങി. ‘പക്ഷേ നമ്മുടെ നാടിന്റെ രീതിയല്ലല്ലോ സംസാരം’

‘അതൊക്കെ എപ്പോഴോ പോയി’, മാണിക്യം പറഞ്ഞു.

‘സർവീസിൽ കേറുമ്പോ ആദ്യം പോകുന്നത് അതാണ്‌. ഭാഷ, എല്ലാർക്കും ഒരേ ഭാഷ, ഒരേ മുഖം. എന്നെക്കണ്ടാൽ നാഗർകോവിലുകാരനെന്ന് ആരെങ്കിലും പറയോ’ എന്ന് സാർ അന്നേരം സ്വയം പറഞ്ഞു.

‘വീട്ടിൽ ആരൊക്കെയുണ്ട്?’ കോനാർ പിന്നെയും അവനോട് ചോദിച്ചു.
‘അമ്മ. പിന്നെ ഒരനിയത്തി.’
‘കല്യാണം ആയിട്ടില്ലല്ലേ’
‘ഇല്ല’
‘പെണ്ണ് നോക്കുന്നുണ്ടോ?’
‘ആം’

‘‘പെണ്ണിന് എന്തൊക്കെയാ ഇഷ്ടമെന്ന് ചോദിക്കുമ്പോൾ അതിന് മറുപടി പറയാതെ മിഴിച്ചു നിക്കുന്ന ഒരുത്തിയെ കണ്ടാൽ ഉടനെ അവളെ കെട്ടണം. എന്താ’’, കോനാർ പറഞ്ഞു. അവൻ അയാളെ ചുളിഞ്ഞ നെറ്റിയോടെ നോക്കി.

‘‘എന്തെങ്കിലും വേണമെന്ന ആശയൊന്നുല്ലാതിരിക്കുമ്പോഴേ നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകുള്ളൂ തമ്പീ’’, എന്ന് കോനാർ പറഞ്ഞു.
‘‘എടോ, താനൊരു തമിഴ് വാദ്യാരല്ലേ. കുട്ടികൾക്ക് തിരുക്കുറലിന്റെ നാല് വരി പഠിപ്പിച്ചു കഴിഞ്ഞാൽ പോരായിരുന്നോ തനിക്ക്’’ എന്ന് സാർ അന്നേരം അയാളോട് ചോദിച്ചു.

‘‘മതിയായിരുന്നു. പക്ഷേ ആ താടിക്കാരനും എഴുതി വച്ചിട്ടില്ലേ, ‘അരത്ത്ക്കേ അൻപ് സാർപ് എൻപതറിയാർ മരത്തുക്കും അതേ തുണൈ…’ അരത്തിന് മാത്രം അൻപ് പോരാ വീരത്തിനും അത് തന്നെ തുണയാവും. മരത്തിനു കൂടി അൻപ് ഉണ്ട്. അപ്പോൾ നമുക്കൊക്കെ അൻപ് ഇല്ലാതെ എങ്ങനെ ജീവിക്കാൻ പറ്റും?’’

‘‘അതേ.. അൻപ് ഉള്ളത് കൊണ്ടല്ലേ താൻ ആ രണ്ടു പോലീസുകാരെ വെടി വച്ച് കൊന്നത്…. അതിലും ഒരുത്തന്റെ തല വെട്ടി റോഡരികിൽ വച്ചു…" എന്ന് സാർ കോപത്തോടെ പറഞ്ഞു.

‘‘അൻപ് കൊണ്ടാണ് സാർ. യേശുവിനും ഗാന്ധിയ്ക്കുമൊക്കെ ഉണ്ടായിരുന്ന അതേ അൻപ് കൊണ്ട്.’’

‘‘ആ പോലീസുകാർ എന്താടോ ചെയ്തത്. അവരുടെ പേരെങ്കിലും അറിയാമോ തനിക്ക്?ഒരുത്തന്റെ പേര് തമിഴ്സെൽവൻ, മറ്റെയാൾ രാജേന്ദ്രൻ. രണ്ടു പേരും സാധാരണ കോൺസ്റ്റബിൾമാർ. വെറും നാലായിരം രൂപ ബേസിക് പേയ്മെന്റ് ഉള്ളവർ. റിസ്ക് അലവൻസ് ആയിരം. മൊത്തത്തിൽ പതിനായിരത്തിനും താഴെ. ഇവിടെ ക്യാമ്പിൽ കിട്ടുന്ന ചോറ് മാത്രം തിന്ന് കിടന്നാൽ വീട്ടിലേക്ക് ആ പൈസ അയക്കാൻ പറ്റും. അതിനും എത്ര പേരുടെ ചെരുപ്പ് നക്കണം. അങ്ങനെയുള്ള രണ്ടു പേരെ കൊന്നിട്ട് വേണോ നിനക്കൊക്കെ വിപ്ലവം ഉണ്ടാക്കാൻ. തായോളീ. നിന്നെയൊക്കെ…’’ എന്നുപറഞ്ഞു കൊണ്ട് സാർ ദേഷ്യത്തോടെ എണീറ്റ് പിന്നിലേക്കുതിരിഞ്ഞു.

‘‘ഇവിടെ നോക്ക്, അവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവർ എന്തൊക്കെ ചെയ്തു എന്നെനിക്കറിയാം. അവരും നമ്മുടെ ആളുകൾ തന്നെ.. പക്ഷേ അവർ യൂണിഫോം ഇട്ടിട്ടുണ്ടായിരുന്നു.’’

‘‘അവരെയെന്തിനാടോ താൻ കൊന്നത്’’ എന്ന് സർ കോപത്തോടെ പിന്നെയും ചോദിച്ചുകൊണ്ട് കോനാരേ ഒരൊറ്റ അടി! അയാൾ പുഞ്ചിരിച്ചു കൊണ്ട് മാണിക്യത്തിനെ നോക്കി.

‘‘കൊല ചെയ്തു, നിന്നെപ്പോലെ രണ്ട് പേരെ’’, മാണിക്യം ഒന്നും മിണ്ടാതെ അയാളെ നോക്കി.
‘പേടിയുണ്ടോ?’
അവൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
‘ആ പേടി വേണം. ആ പേടിയുണ്ടാക്കാൻ വേണ്ടിയാണ്…’
‘പേടിപ്പിച്ചല്ലോ. അതിന്റെ മൂന്നിരട്ടി പേടി തനിക്ക് ഇന്ന് കാണിച്ചു തരാം’ എന്ന് സാർ അന്നേരം കോപത്തോടെ പറഞ്ഞു.പെട്ടന്ന് വണ്ടി നിന്നു.
‘എന്താടോ?’ സർ ഡ്രൈവറോട് ചോദിച്ചു.
‘സാർ, പഞ്ചറായെന്ന് തോന്നുന്നു.’
‘നന്നായി, എനിക്കൊന്ന് മൂത്രവും ഒഴിക്കണം’ എന്ന് കോനാർ പറഞ്ഞു.

അവർ വണ്ടിയിൽ നിന്ന് ഇറങ്ങി.കോനാർ കാട്ടിനുള്ളിലേക്ക് ചെന്നപ്പോൾ ഒപ്പം മാണിക്യവും ഉണ്ടായിരുന്നു.ഇരുവരും ഒരു അരുവിയുടെ അരികിലെത്തി. കോനാർ തലയുയർത്തി ആകാശത്തേക്ക് നോക്കി. ചുറ്റും മലയടുക്കുകളാണ്. വരണ്ട മലക്കൂട്ടങ്ങൾ. വാനത്തിൽ ഒരൊറ്റ മേഘം കൂടിയില്ലായിരുന്നു.

‘‘തേങ്കാശീന്ന് ആദ്യമായി ഈ മുൾക്കാട്ടിലേക്ക് വേലയ്ക്ക് വന്നപ്പോൾ ഈ വെറി കണ്ട് കരഞ്ഞു പോയിട്ടുണ്ട്. രാജി വച്ച് തിരിച്ചു പോവുക കൂടി ചെയ്തു..പക്ഷേ കൂടെയുണ്ടായിരുന്നവർ പിന്നാലെ വന്ന് കൂട്ടിക്കൊണ്ട് വന്നു. അന്ന് സർക്കാർ വാദ്യാർ വേല ചില്ലറ ജോലിയായിരുന്നില്ല തമ്പീ. ഭയങ്കര മത്സരമായിരുന്നു അത് കിട്ടാൻ. ഒരു വർഷം കാത്തു നിന്നാൽ ട്രാൻസ്ഫർ കിട്ടുമെന്ന് പറഞ്ഞു.ഓരോ ദിവസവും എണ്ണിക്കൊണ്ട് കഴിഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോളോ, ഈ മണ്ണിൽ വേരുറച്ചു പോയി. ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾ ബാക്കിയുള്ള നാട്ടിലെ മനുഷ്യർ മൂന്ന് നേരം ഭക്ഷണം കഴിക്കാറുണ്ടെന്ന് പോലും അറിയാത്തവരായിരുന്നു. ഇവിടെ ചോറിനൊപ്പം കറി വയ്ക്കുന്നത് തന്നെ ആണ്ടിൽ രണ്ടു തവണയാകും, കിട്ടുന്നതൊക്കെ അരിഞ്ഞു പെറുക്കി തിന്നും വിശപ്പടക്കാൻ. അവരുടെ മുകളിലൂടെ രാജ രാജ ചോളൻ പോയിട്ടിട്ടുണ്ടെന്നോ വെള്ളക്കാർ വന്നു പോയെന്നോ ഗാന്ധിയും ഗവണ്മെന്റും വന്നെന്നോ പോലും അവർക്കറിഞ്ഞു കൂടാ.. എന്റെയും ജീവിതം അവരുടെ കൂടെയങ്ങു പോയി.. അത് കൊണ്ട് ഇവിടെ തന്നെയങ്ങു കൂടി.. എന്താ.. ഒരു ബീഡി കൂടിയുണ്ടോ? ഈ ആകാശം നോക്കിക്കൊണ്ട് ഒരു പുകയെടുക്കണം.’’

മാണിക്യം സാറിനെ തിരിഞ്ഞു നോക്കി. ‘പുള്ളിയൊന്നും പറയില്ല…തന്നോ…’ എന്ന് കോനാർ പറഞ്ഞു. അവൻ മറ്റൊരു ബീഡിയ്ക്ക് തീ കൊളുത്തി അയാൾക്ക് നൽകി. അയാൾ അത് വാങ്ങി നേരത്തെ ചെയ്ത പോലെ പുകയെടുത്തു.

‘‘ഇവിടെയെനിക്ക് ഏറ്റവും ഇഷ്​ടം ഈ ആകാശമാണ്. എന്റെ നാട്ടിൽ പോലും ഇങ്ങനെ ആകാശം കാണാൻ പറ്റില്ല, നീലനിറത്തിൽ ചുറ്റും വട്ടത്തിൽ പരന്നു കിടക്കുന്ന വാനം. ഈ മണ്ണ് എനിക്കിഷ്​ടമാണെന്നു പറഞ്ഞാൽ ആശ്ചര്യപ്പെടില്ലേ. ഇവിടുത്തെ മുൾച്ചെടികൾ കണ്ടോ, ഇങ്ങനെ ഉടലു മുഴുവൻ മുള്ളായിരിക്കണമെങ്കിൽ അവയ്ക്ക് എത്ര പേടിയുണ്ടായിരിക്കണം. മുള്ളൻ പന്നിയുമുണ്ട് ഇവിടെ മുഴുവൻ. കാല് കൊണ്ട് നിലത്തൊന്ന് തട്ടിയാൽ മതി പേടിച്ച് മുള്ള് കൊഴിക്കും. പാവപ്പെട്ട മനുഷ്യരുടെ മണ്ണാണേ ഇത്. വർഷത്തിൽ നാല് തവണ മഴ,അത്രേം വെള്ളം മാത്രം പിശുക്കി പിശുക്കി ഉപയോഗിച്ച് ആണ്ടു മുഴുവൻ കഴിയണം. ഈ മണ്ണ് വെറും പാവമാ തമ്പി, ഒന്ന് അറിയാൻ ശ്രമിച്ചാൽ ഇഷ്​ടം തോന്നും. തെങ്കാശി മണ്ണ് നല്ല പുടവയുടുത്ത് വെറ്റില ചവയ്ക്കുന്ന വായ കാട്ടി ചിരിക്കുന്ന അമ്മമാരെപ്പോലെയാ. ഇത് പക്ഷേ കീറത്തുണിയുടുത്തു കാതിൽ മുള്ള് തിരുകി വെയിലത്ത് ഇരുന്ന് ചിരിക്കുന്ന പട്ടിണിക്കാരിയായ ഒരമ്മയെപ്പോലെ. അത് കാണുമ്പോഴാ തമ്പി എന്റെ മനസ് ഏങ്ങിപ്പോകുന്നത്…എന്താ..’’ എന്ന് കോനാർ പറഞ്ഞു നിർത്തി.

അപ്പോൾ മാണിക്യം, ‘‘പിന്നെ ഇവിടെ തന്നെയങ്ങ് കൂടിയോ?’’ എന്ന് ചോദിച്ചു.
‘‘ആം, ഇവിടുന്ന് തന്നെ കല്യാണവും കഴിച്ചു. ഒരു മോൻ.’’
‘അവൻ…അവൻ എവിടെ?’
‘‘എവിടെയോ… ഒരു ദിവസം പോലീസ് പിടിച്ചു കൊണ്ടുപോയി, പിന്നെയൊരു വിവരവുമില്ല. മരിച്ചു കാണും! നിങ്ങൾ അങ്ങനെ വെറുതെ വിടില്ലല്ലോ ആരെയും.’’
അത് കേട്ട് മാണിക്യം മൗനത്തിലായി.

‘‘തമ്പീ, അത് കേട്ട് നീ വിഷമിക്കുവൊന്നും വേണ്ട. ഇതെല്ലാമൊരു ഡ്രാമയല്ലേ. നിന്റെ റോൾ നീ ചെയ്യുന്നു. എന്റെ റോൾ ഞാനും അഭിനയിക്കുന്നു, എന്താ’’

മാണിക്യം അത് കേട്ടപ്പോൾ ‘വാദ്യർ ആയിരുന്നോ?’ എന്ന് ചോദിച്ചു. കോനാർ അത് കേട്ട് ഒരു ദീർഘനിശ്വാസമുതിർത്ത് കൊണ്ട്, ‘അതേ, തമിഴ് വാദ്യാർ, ഈ മലപ്പകുതിയിൽ അതൊരു വല്യ പദവിയല്ലേ. തമിഴാണെങ്കിൽ ഇവർക്കൊരു അന്യമൊഴി. ഇവർ പറയുന്നത് വേറൊരു ഭാഷ. തമിഴുമല്ല, കന്നഡവുമല്ല - വേറൊരു ഭാഷ. സിനിമ കണ്ടാൽ പോലും ഇവർക്ക് മനസിലാവില്ല, അങ്ങനെയുള്ളവർക്ക് നമ്മൾ ചെന്തമിഴ് പഠിപ്പിച്ചു കൊടുക്കണം. നമ്മളൊക്കെ പറയുന്ന തമിഴ്… എന്ത് പറയാൻ. സാധാരണ വേലയൊന്നുമല്ല തമ്പി, ഇവർക്ക് ആയിരം ചെടികളുടെ പേര് അറിയാം. അത്ര തന്നെ കിളികളെയുമറിയാം. എന്നാൽ നാലാം ക്ലാസ്സ്‌ കടക്കാൻ പാടാണ് എട്ടാം ക്ലാസ്സ്‌ വരെ എത്തുന്നത് തന്നെ വല്യ കാര്യം.’’

അങ്ങനെ സംസാരിച്ചു കൊണ്ട് അവർ അവിടെയൊരു കൽപ്പാറയിൽ ഇരുന്നു.അവർ ചുറ്റും നോക്കിക്കൊണ്ടേയിരുന്നു.

‘‘എത്ര സുന്ദരമായ മണ്ണ്..! നമ്മുടെ നാട്ടിലെ മണ്ണിൽ എപ്പോഴും തിടുക്കവും തിരക്കുമായിരിക്കും. ഇവിടെ പക്ഷേ വല്ലാത്ത ശാന്തതയാണ്. നമ്മുടെ നാട്ടിലെ മണ്ണ് കൃഷി പോലെയാണ്. വർഷം മുഴുവൻ ജോലിയാണ്. ഈ മണ്ണ് ആടുമേയ്ക്കൽ പോലെ, ആടിനെ മേയാൻ വിട്ട് കഴിഞ്ഞാൽ പിന്നെ അങ്ങനേ. അരകണ്ണ് മൂടി ഇരിക്കാം.. എന്താ’’, അവർ അവിടെ ഒരു പാറമേൽ ഇരുന്നു. ജീപ്പിന്റെ ഡ്രൈവർ മണ്ണിൽ പുതഞ്ഞു പോയ പഞ്ചറായ ടയർ ശരിയാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.സാർ അയാളുടെ അരികിൽ നിന്ന് എന്തോ പറയുകയാണ്.

‘‘ഇവിടെ വയർലെസ് കിട്ടുമോ?’’ എന്ന് കോനാർ ചോദിച്ചു.
‘ഇല്ലല്ലോ’, മാണിക്യം പറഞ്ഞു.
‘അപ്പൊ വഴി തെറ്റിയാൽ എന്ത് ചെയ്യും? അല്ലെങ്കിൽ ഒരു അറ്റാക്ക് നടന്നാലോ?’
‘അറിയില്ല’
‘ആഹാ, വേണേൽ പൊയ്ക്കോന്ന മട്ടിൽ കാട്ടിലേക്ക് അയക്കുന്നു. എന്താ’, മാണിക്യം പുഞ്ചിരിച്ചു.
‘സങ്കടം തന്നെ തമ്പി, ഏകദേശം എത്രയോ പേരുണ്ടാകും നിന്നെപ്പോലുള്ള പോലീസുകാർ. എസ് പി ഡി യെന്ന് പറഞ്ഞ് ഡെപ്യൂട്ടേഷനിൽ അയച്ചോണ്ടേയിരിക്കുന്നു’, അന്നേരം കോനാരുടെ കണ്ണുകൾ തോക്കിലേക്ക് വീണു.
‘അതിൽ ഉണ്ടയുണ്ടോ?’
‘ഉണ്ട്​’
‘വെടി പൊട്ടുമോ?’, അവൻ ഒന്നും മിണ്ടിയില്ല.
‘മിക്കപ്പോഴും ട്രിഗർ വർക്ക്‌ ആവില്ലല്ലോ. എല്ലാം രണ്ടാം ലോകമഹായുദ്ധകാലത്തെ തോക്കുകളാ. നിങ്ങടെ കയ്യിലിങ്ങനെ ചുമ്മാ കൊടുത്തയക്കുന്നു ഒരു വഴിത്തുണയ്ക്ക്. കയ്യിൽ ഇതുള്ളപ്പോ ഒരു ധൈര്യമല്ലേ.’

മാണിക്യം അത് കേട്ട് ചിരിച്ചു.
‘എന്തെങ്കിലും ആപത്ത് വരുമ്പോൾ വലിച്ചെറിഞ്ഞിട്ട് ഓടാമല്ലോ’, അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അങ്ങനെ പറയാമോ തമ്പി, നിങ്ങളെ വിശ്വസിച്ചല്ലേ ഞാൻ വന്നത്, അങ്ങനെ വിട്ടിട്ട് പോകാമോ?’
‘അയ്യാ, എന്തിനാ എന്റെ ആളുകളെ കൊന്നത്?’
‘അയ്യാ ന്ന് വിളിക്കണ്ട, പേര് അല്ലെങ്കിൽ തൊഴർ എന്ന് വിളിച്ചോ..ശരി, നീ പൂച്ചേത്തി* എന്ന് കേട്ടിട്ടുണ്ടോ?’
‘ഉണ്ട്.’
‘അവിടെ എന്താ നടന്നത്?’
അവൻ ഒന്നും മിണ്ടിയില്ല.
‘പറഞ്ഞോ.. നിങ്ങളുടെ വേർഷൻ പറഞ്ഞോ’
‘കള്ളച്ചാരായ വേട്ട’, അവൻ പതുക്കെ പറഞ്ഞു.
കോനാർ പുഞ്ചിരിച്ചു; ‘‘അത് കള്ളച്ചാരായ ഗ്രാമം. നാട്ടുകാരുമായി സംഘർഷം ഉണ്ടായി. തിരിച്ചു നിങ്ങൾ ആക്രമിച്ചപ്പോൾ കുറച്ചു പേര് മരിച്ചു, അല്ലെ?’’
‘അതേ.. പക്ഷേ…’
‘‘തമ്പീ, അത് കാട്ടിനു നടുവിലുള്ള ഒരു ഗ്രാമമാണ്. നാല് വശവും കാട് ഉള്ളത് കാരണം പോലീസ് ചെക് പോസ്റ്റ്‌ താണ്ടാതെ അവിടുന്ന് വേറൊരു സ്ഥലത്തേക്ക് പോകാനേ പറ്റില്ല. അപ്പൊ പോലീസറിയാതെ മൊത്തം ഗ്രാമം കള്ളച്ചാരായം കാച്ചുമോ? പറ തമ്പീ… ചുറ്റും കാടാണ്, അവരുടെ തൊഴിൽ തേനെടുക്കൽ. കാട്ടിലെ പോരുളുകൾ ശേഖരിച്ചു വിൽക്കുകേം ചെയ്യും. അതിലൂടെയാണ് അവര് ജീവിക്കുന്നത്, കാട്ടിൽ തന്നെ വേട്ടയാടിയാൽ മതി, അപ്പോൾ അവര് എന്തിനിത് കാച്ചണം.അത് കാച്ചാനുള്ള പൊരുളുകൾ എങ്ങനെ അവിടെയെത്തി? അത് അവർക്ക് കൊണ്ട് കൊടുക്കുന്നതാരായിരിക്കും? പറ തമ്പീ.’’
‘അ…അറിയില്ല’
‘‘അവരെ നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ്, കാച്ചാത്തവരെ അടിച്ചു ചെയ്യിപ്പിച്ചതിനെ കേസ് ആക്കി ആ ഗ്രാമത്തിനെ തന്നെ ഇരുപത് വർഷം കള്ളച്ചാരായ ഗ്രാമമാക്കി മാറ്റി. അത് ചെയ്തത് ആരൊക്കെ. നിങ്ങളുടെ ആളുകൾ. എന്താ…മുതലാളിമാർ, സർക്കാർ ചാരായത്തിന്റെ കോൺട്രാക്റ്റ് എടുത്തവർ. ചാരായം ഉണ്ടാക്കിപ്പിച്ച് അത് വാങ്ങി സർക്കാർ ചരായത്തിൽ കലർത്തി വിറ്റ് കൊള്ളാലാഭം സാമ്പാദിച്ചവർ. ഇരുപത് വർഷം ചാരായം വിറ്റ ഗ്രാമത്തിൽ ഇതുവരെ ചോരാത്ത ഒരു കൂരയില്ല, ഒരു വീട്ടിൽ കൂടി ഒരു റേഡിയോയില്ല, ഒരു വീട്ടിലെ പെണ്ണിന് പോലും ഒരു തരി പൊന്നില്ല, എന്താ.. പക്ഷേ വാങ്ങി വിറ്റവരെല്ലാം കോടീശ്വരന്മാർ. അപ്പൊ ആരാ കുറ്റവാളി?’’
‘ഇതൊന്നും എനിക്ക് മനസിലാവില്ല അയ്യാ.’
‘മനസിലാക്കണം. കാരണം നീയും ഈ ഡ്രാമയിൽ അഭിനയിക്കുന്നയാളാണ്. എന്താ’, എന്ന് കോനാർ പറഞ്ഞു.
‘ഇരുപത് വർഷമായി കാച്ചിക്കൊണ്ടിരുന്നു. പെട്ടന്ന് സർക്കാർ ചാരായ കോൺട്രാക്ട് വേറെയൊരുത്തന്റെ കയ്യിലായി.അവൻ പോലീസിനെ വിട്ട് ഗ്രാമം തകർക്കാൻ പറഞ്ഞു. എന്നിട്ട് തകർന്നോ.’
‘അവരും എതിർത്തല്ലോ.’
‘രാത്രി ഗ്രാമം വളഞ്ഞു പെൺകുട്ടികളെയെല്ലാം തട്ടിക്കൊണ്ടു പോയാൽപ്പിന്നെ എന്ത് ചെയ്യും?എതിർക്കാതിരിക്കണോ.’
‘പക്ഷേ…’
‘എന്ത് പക്ഷേ.. ഒന്നും രണ്ടുമല്ല റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടികൾ മാത്രം എൺപതു പേർ. മരിച്ചു പോയത് പതിനെട്ടു പെൺകുട്ടികൾ! അത്രയും പേരെയും ഒരേ കിണറ്റിലാണ് വെട്ടികൊന്നിട്ടിരുന്നത്, അറിയോ?’
‘എന്നാലും അവരും അടിച്ചില്ലേ’, അവൻ ദുർബലമായ സ്വരത്തിൽ പറഞ്ഞു.
‘ഓഹോ.. എന്നിട്ട് നിങ്ങളിൽ എത്ര പേർ മരിച്ചു?അറിയില്ല അല്ലെ. ഒരാൾ പോലുമില്ല. അപ്പൊ അടിച്ചത് ആര്?’ എന്ന് കോനാർ ചോദിച്ചപ്പോൾ, ‘അതൊന്നും എനിക്കറിയില്ല അയ്യാ’ എന്ന് മാണിക്യം മറുപടി പറഞ്ഞു.

‘‘എന്തിനാ അടിച്ചതെന്നറിയോ… ഭയം ഉണ്ടാക്കാൻ. പോലീസ് എന്ന ഭയം നിലനിർത്താൻ. പെട്ടന്നൊരു ദിവസം ചെന്ന് കാച്ചൽ നിർത്താൻ പറഞ്ഞാൽ? ഇരുപത് വർഷമായി അതേ കാര്യം ചെയ്യുന്നവരാണ് അവർ. പഴയ ആൾ വാങ്ങാനും റെഡിയായിരുന്നു. അവർ നിർത്തിയില്ല. പോലീസ് വിരട്ടാൻ വന്നപ്പോൾ വിരണ്ടുമില്ല.പോലീസിന് അതാണല്ലോ വെറി.. ഞങ്ങളെ നിങ്ങൾക്ക് പേടിയില്ല അല്ലെ…എന്ന മട്ട്​. ഭയം എന്താണെന്ന് അറിയിക്കാൻ വേണ്ടിയായിരുന്നു ആ കലാപം. അടിച്ചാൽ മാത്രം പേടി വരില്ലല്ലോ. അതിനല്ലേ റേപ്പ്. അത് നമ്മളെ തകർക്കും. കുടുംബത്തിലെ ഓരോ പെണ്ണിനേയും ഓർത്ത് ഭീതിപ്പെടുത്തും. അതിനല്ലേ എല്ലാ ഫോഴ്സും റേപ്പ് ആയുധമാക്കുന്നത്.’’

‘‘എല്ലാവരും എന്ന് പറയാൻ പറ്റുമോ അയ്യാ’’, മാണിക്യം ചോദിച്ചു.
‘‘എല്ലാവരും തന്നെ. ഇവിടെ നോക്ക്. ചത്തവനും കൊന്നവനും ഒരേ നാട്, ഒരേ ജാതി. ഒരുത്തൻ യൂണിഫോം ഇട്ടിരുന്നു. അത് മാത്രമാണ് വ്യത്യാസം.’’
അത് കേട്ട മാണിക്യം, ‘അതവന്റെ തൊഴിലല്ലേ?’
‘അതേയതേ. ആ യൂണിഫോമാണ് അവന്റെ അടയാളം. അതാണ് അവൻ… അത് ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ അവരിലൊരുത്തനെ കൊന്നത് എനിക്ക് ന്യായമാണ്. എനിക്ക് ഒരു കുറ്റബോധവുമില്ല. നന്നായി പ്ലാൻ ചെയ്തു കൃത്യമായി ചെയ്ത കൊലയായിരുന്നു അത്.കൊലയല്ല.. പോരാട്ടം.. എന്താ’ എന്ന് കോനാർ പറഞ്ഞു നിർത്തി.
‘അതുകൊണ്ട് എന്ത് ലാഭം’ എന്ന് മാണിക്യം ചോദിച്ചു.
‘തമ്പീ, എല്ലാക്കാലവും മനുഷ്യരെ അടിമയാക്കി വയ്ക്കുന്നതെന്തു കൊണ്ടാണെന്നറിയോ നിനക്ക്? അടിച്ചോ ചവിട്ടിയോ കൊന്നോ കൊണ്ടല്ല..എല്ലാരേം കൊന്നാൽ അടിമകൾ ഉണ്ടാകില്ലല്ലോ. അത് അടിമയെ കെട്ടി വച്ചിരിക്കുന്ന ചങ്ങല കൊണ്ടാണ്! ആ ചങ്ങലയുടെ പേരാണ് ഭയം. ഭയം മാത്രം. എല്ലാം നഷ്​ടപ്പെടുമോ എന്ന ഭയം. ജീവൻ പോകുമോ എന്ന ഭയം. നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന ഭയം. ആ ഭയം അറുത്തു മാറ്റിയാൽ മാത്രം മതി വിടുതലുണ്ടാകാൻ. ആ ഭയം അറുത്തു മാറ്റിയാൽ പിന്നെ അത് പോലൊരു മല ഗ്രാമത്തിൽ നിങ്ങൾ കേറുമോ? അപ്പോൾ അസ്ഥിയിൽ ഒരു വിറ ഉണ്ടാവണം. തിരിച്ചടിച്ചാലും വേദനിക്കും എന്ന് ഒന്ന് അറിയിച്ചു കൊടുക്കണം. നമ്മൾ ആരെയും ഭയക്കുന്നില്ലെന്ന് അറിയിക്കണം. അതിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്’ എന്ന് പറഞ്ഞ് അയാൾ നിർത്തി.

മാണിക്യം അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിയിരുന്നു.അവന് അയാളെ നോക്കിയിരിക്കവേ ചെറുതായി ഭയം തോന്നിത്തുടങ്ങിയിരുന്നു.

‘‘ഒരു ഗ്രാമത്തിനെ തന്നെ നശിപ്പിച്ചു. അന്ന് അതൊരു പത്രവാർത്ത മാത്രമായൊതുങ്ങി. ഒരു വിചാരണ കമ്മീഷൻ വന്നു.ഇതുവരെ അതിന്റെ റിപ്പോർട്ട്‌ പോലും കൊടുത്തിട്ടില്ല. കഴിഞ്ഞു… എന്നാൽ നിങ്ങളുടെ പുറത്ത് അടി വീണപ്പോ നിങ്ങളുടെ സർക്കാർ തന്നെ ഓടി വന്നില്ലേ’’

ഇപ്പൊ നിങ്ങളുടെ അധികാരികൾ മലഗ്രാമം മുഴുവൻ നടന്ന് സമാധാനപ്പെടുത്തുകയല്ലേ. ഇന്ന് നിങ്ങളുടെ മിനിസ്റ്റർ വരെ വന്ന് ആട് ലോൺ മാട് ലോൺ ഒക്കെ കൊടുത്തുതുടങ്ങിക്കാണും. അസ്ഥിവാരത്തിൽ അടിച്ചാൽ മാത്രമേ കെട്ടിടം കുലുങ്ങു തമ്പീ. അതുകൊണ്ടാണ് കൃത്യമായി ഞാൻ അവിടെ തന്നെ അടിച്ചത്.’
‘പോലീസ് അങ്ങനെയൊന്നും തോൽക്കില്ല’, മാണിക്യം പറഞ്ഞു.
‘കണ്ടോ കണ്ടോ… പോലീസ് ട്രെയിനിങ് വെളിയിൽ വരുന്നത് കണ്ടോ. ഇതാണ്! പോലീസ് എപ്പോഴും പോലീസ് തന്നെ. യൂണിഫോം എന്ന് പറഞ്ഞാൽ അങ്ങനെയാണ്. വെറുതെയാണോ വെള്ളക്കാർ ഇതിനെ ഉണ്ടാക്കി വച്ചത്.’
‘ഞാനും പോലീസാണ്. ഇല്ലെന്ന് പറഞ്ഞിട്ടില്ലല്ലോ’, മാണിക്യം അയാളുടെ മുഖത്തേക്ക് നോക്കി.
‘പിന്നെന്താ… ഈ ബൂട്ട്സും തോക്കും കിട്ടുമ്പോൾ തന്നെ ആള് മാറും. ഡ്യൂട്ടി ഇല്ലെങ്കിലും യൂണിഫോം അഴിക്കില്ലല്ലോ. പിന്നീട് തോക്ക് താഴെ വയ്ക്കാൻ പോലും തോന്നില്ല’, എന്ന് കോനാർ പറഞ്ഞപ്പോൾ മാണിക്യം പിന്നെയും അയാളുടെ മുഖത്ത് സംശയം പൂണ്ടു നോക്കി.

‘‘അതാണ്‌ മനുഷ്യന്റെ സ്വഭാവം. അധികാരം. മനുഷ്യന് അതാണ്‌ വേണ്ടത് എന്താ. നിനക്കു വേണ്ടേ അത്, എപ്പോഴും ഈ തോക്കും ചുമന്ന് അലയുന്നത് അധികാരം കിട്ടാൻ വേണ്ടിത്തന്നെയല്ലേ. ഇപ്പൊ നിന്റെ പേര് പറഞ്ഞാൽ എല്ലാരും ഒന്ന് പേടിക്കില്ലേ? അതിൽ നിനക്ക് സന്തോഷമില്ലേ?, സത്യം പറഞ്ഞാൽ അതുണ്ട്. അല്ലെങ്കിൽ നിങ്ങൾക്കിടയിൽ മത്സരം ഉണ്ടാകില്ലല്ലോ. അധികാരം എവിടെയുണ്ടോ അവിടെയെല്ലാം അതിനു വേണ്ടിയുള്ള മത്സരവുമുണ്ടാകും’’ എന്ന് കോനാർ പറഞ്ഞു നിർത്തിയപ്പോൾ മാണിക്യം പെട്ടന്ന്, ‘എനിക്കൊരധികാരവുമില്ല, ഞാൻ വെറും കൂലിപ്പട്ടാളം’ എന്ന് മറുപടി പറഞ്ഞു.

‘‘അല്ല. അങ്ങനെയല്ല. നീയാ യൂണിഫോം ഇട്ടു കഴിഞ്ഞു. അപ്പോൾ നീയും പോലീസായി. അതിലുള്ള എല്ലാം നിന്റെയടുത്തുമുണ്ട്.’’

‘‘എന്റെയുള്ളിൽ അങ്ങനെ ഒന്നുമേയില്ല. ഇപ്പൊ വേണമെങ്കിലും ഈ തോക്ക് ഇട്ടിട്ടു പോയി മൺവെട്ടി എടുക്കാനും എനിക്ക് പറ്റും’’ എന്ന് മാണിക്യം പറഞ്ഞപ്പോൾ, ‘എടുക്കാൻ പറ്റില്ല’ എന്ന കോനാരുടെ വാക്കുകൾ കേട്ട് അവൻ അയാളെ നെറ്റി ചുളിച്ചു കൊണ്ട് അയാളെ നോക്കി. ‘എടുക്കുകയുമില്ല…’, അയാൾ ആവർത്തിച്ചു.
‘എന്തുകൊണ്ട് പറ്റില്ല?’
‘കാരണം നീയൊരു പോലീസാണ്.’
‘അല്ല’
‘ആണ്’, അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ‘ആ വേതാളം തോളിലേറിക്കഴിഞ്ഞു. അതിനി ഇറങ്ങില്ല. റിട്ടയറായാലും ഇറങ്ങില്ല. അപ്പോഴും ഇതുപോലെ ഇരുന്ന് മുൻപ് ചെയ്ത വീരകൃത്യങ്ങളെക്കുറിച്ച് പറഞ്ഞോണ്ടേയിരിക്കും.’
അത് കേട്ട് മാണിക്യം കോപത്തോടെ ‘എന്നെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?’ എന്ന് ചോദിച്ചു.
അത് കേട്ട് കോനാർ ഒരു ചിരിയോടെ ‘നിന്നെക്കുറിച്ചറിയില്ല, പക്ഷേ മനുഷ്യരെക്കുറിച്ചറിയാം’ എന്ന് പറഞ്ഞു.
‘എന്നുവെച്ചു എല്ലാ മനുഷ്യരെക്കുറിച്ചുമറിയാമോ?’ എന്ന് മാണിക്യം ചോദിച്ചപ്പോൾ, ‘എല്ലാവർക്കുമുള്ളിലുള്ള നിന്നെക്കുറിച്ചറിയാം’ എന്ന് അയാൾ മറുപടി പറഞ്ഞു. അത് കേട്ട് അയാളെ തന്നെ അവൻ പിന്നെയും ഉറ്റുനോക്കിയിരുന്നു.

ടയർ പൂഴിയിൽ നിന്നെടുത്ത ശേഷം ഡ്രൈവർ അരുവിയിൽ കൈ കഴുകി.സാർ അവനോട് വരാൻ ആംഗ്യം കാണിച്ചു. എല്ലാവരും ജീപ്പിൽ കയറി.

‘എന്താടോ പയ്യനെ കമ്മ്യൂണിസ്റ്റാക്കി മാറ്റിയോ.?’ എന്ന് സാർ ചോദിച്ചു.
‘മാറ്റിക്കൊണ്ടിരിക്കുന്നു’ എന്ന് പറഞ്ഞ് കോനാർ ചിരിച്ചു.
‘നല്ല കാര്യം. തന്റെ കൂട്ടത്തിലുള്ള ഒരാളുതന്നെ തന്നെ വെടിവയ്ക്കുന്നത് നല്ലതായിരിക്കില്ലേ?’
‘അതിനെന്തിനാ അയ്യാ ഇവൻ. എന്റെ എതിർപക്ഷത്തിലുള്ള ആരെയെങ്കിലും വിളിച്ചാൽ പാഞ്ഞുവരില്ലേ’ എന്ന് കോനാർ പറഞ്ഞു.
‘നിങ്ങൾ രണ്ടു കൂട്ടർക്കും വിപ്ലവം വേണം. പിന്നെന്തിനാ നിങ്ങൾക്കുള്ളിൽ രണ്ടു പക്ഷം. തിരുവാരൂറിൽ ഒരുത്തനെ തീർത്തെന്ന് കേട്ടല്ലോ’, എന്ന് സാർ ചോദിച്ചു.
‘വിപ്ലവം വന്നില്ലെങ്കിലും സാരമില്ല, അത് എതിർപക്ഷം കൊണ്ട് വരരുത്. അതാണ്‌ ഞങ്ങളുടെ പോളിസി’, കോനാർ ചിരിച്ചു.
‘വെള്ളം കൊട് അയ്യാ’, എന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ മാണിക്യം അയാൾക്ക് വെള്ളം കൊടുത്തു. അയാൾ കുപ്പി വാങ്ങി മടമടാ വെള്ളം കുടിച്ചു. ജീപ്പ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇരുവശവും കാടായിരുന്നു. മരങ്ങളും കുന്നുകളുമെല്ലാം പിന്നിലേക്ക് കടന്നു പോയി.

‘ഈ റൂട്ടിൽ ആനയുണ്ടോ?’ എന്ന് സാർ ആരാഞ്ഞു.
‘ഇവിടെയോ, മഴക്കാലത്ത് വന്നു പോവും. അത് കർണാടകയാന. അതിനു വെള്ളം വേണമല്ലോ’ എന്ന് കൊനാർ പറഞ്ഞു.
‘മല റോഡെല്ലാം ഇപ്പൊ ശരിയാക്കുമെന്ന് ഓർഡർ വന്നിട്ടുണ്ട്. ഇപ്പൊ തന്നെ ഇടുപ്പ് ഒടിഞ്ഞു’, സാർ പറഞ്ഞു.
‘എന്നാൽ കുതിരപ്പുറത്തേറി പോകാം’, കോനാർ പറഞ്ഞു, ‘അല്ലെങ്കിൽ ടാങ്കിലേറ്റി കൊണ്ട് പോകാം. നിങ്ങൾക്കൊക്കെ ഈ ഓട്ടജീപ്പ് തന്നെ അധികമാണ്. എത്തിയോ’, കോനാർ ചോദിച്ചു.
‘ഇല്ല. പൊയ്ക്കൊണ്ടിരിക്കുമ്പോ സ്ഥലം അറിയിക്കാമെന്നാണ് ഉത്തരവ്’, എന്ന് സാർ മറുപടി പറഞ്ഞു.

‘ഏതൊക്കെ സിനിമ കണ്ടു തമ്പി’ എന്ന് കോനാർ അപ്പോൾ മാണിക്യത്തോട് ചോദിച്ചു.
‘ഇപ്പൊ കാണാറില്ല’, അവൻ മറുപടി പറഞ്ഞു.
‘അതെന്താ?
‘ക്യാമ്പ് കാട്ടിനുള്ളിലാണ്.’
‘അതിനെന്താ. രാത്രിയിൽ രഹസ്യമായി പോയി സെക്കന്റ്‌ ഷോ കാണാമല്ലോ.’
സപയ്യന് ചാകാനുള്ള വഴി പറഞ്ഞു കൊടുക്കുവാണോ താൻ.’
‘ഞങ്ങളുടെ ആളുകൾ രാത്രി അലഞ്ഞു തിരിയുന്നവരെ വേട്ടയാടാനിറങ്ങില്ല സാർ.’
അവർ അങ്ങനെ സംസാരിച്ചിരിക്കെ വയർലെസ് മുഴങ്ങി. ‘വന്നു’ എന്ന് പറഞ്ഞശേഷം സാർ ഡ്രൈവറോട് പറഞ്ഞു ജീപ്പ് നിർത്തിയിറങ്ങി അല്പം മാറി നിന്ന് സംസാരിച്ചു.

‘കൊലയോർഡർ വരുന്നതാകും’ എന്ന് കോനാർ പറഞ്ഞു. മാണിക്യത്തിന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി. സാർ മടങ്ങി വന്ന് ജീപ്പിൽ കേറി ‘വലത്തോട്ട് പോ’ എന്ന് ഡ്രൈവറോട് നിർദേശിച്ചു. ജീപ്പ് മൺവഴിയിൽ കയറി മുൾക്കാട് വഴി മുന്നോട്ട് പോയി.മലയുടെ വളവിൽ ആഴത്തിൽ ഒഴുകുന്ന ആറിനരികിലെത്തി.

‘കാവേരിയാണ്. ഒഴുകുന്ന വാല് പോലെയില്ലേ’, എന്ന് കോനാർ ചോദിച്ചു. ‘കാവേരി… അതിൽ അത്രയേറെ വെള്ളമുണ്ട്. ആ വെള്ളം മുകളിലേക്കെത്തിക്കണം. പക്ഷേ ചെയ്യാൻ ആരുമില്ല.അത് ചോദിക്കാൻ അവിടുത്തെ ജനങ്ങൾക്ക് നാക്കുമില്ല.’
പോകുന്ന വഴിയുടെ ഒരു വശത്ത് വെള്ളം അലയടിച്ചൊഴുകിക്കൊണ്ടിരുന്നു. അടുത്തായി ഒരു ചെറു കൊക്കയും.
‘സൂക്ഷിച്ചോടിക്ക്. അല്ലെങ്കിൽ എന്റെ കൂടെ നിങ്ങൾ മൂന്ന് പേരും കൂടെ വരണം.’
‘മിണ്ടാതിരിക്കെടോ’ എന്ന് സാർ ശബ്ദമുയർത്തി.

മുള്ളുകൾ നിറഞ്ഞ കാട്. ഒരു കാട്ടുകോഴി കുറുകെയോടി.
‘വച്ചു തിന്നാൽ രുചിയായിരിക്കും’ എന്ന് കോനാർ അതിനെ കണ്ടപ്പോൾ പറഞ്ഞു.
‘കഴിക്കാൻ പാടില്ല’ എന്ന് മാണിക്യം അതിന് മറുപടി പറഞ്ഞു.
‘അതെന്താ?’
‘വേട്ടയാടുന്നത് കുറ്റമാണ്.’
‘അപ്പോ ഗ്രാമത്തിൽ ചെന്ന് ജനങ്ങൾ വളർത്തുന്ന കോഴി, ആട് അതിനെയൊക്കെ തൂക്കിക്കൊണ്ട് പോകാമോ’ എന്ന് കോനാർ ചോദിച്ചു.
‘മിണ്ടാതെ വരുന്നുണ്ടോ ഇല്ലയോ’ എന്ന് സാർ ശബ്ദമുയർത്തി.
‘അവസാനവാക്കെന്നൊക്കെ പറയും പോലെ അവസാന ജോക്കുകൾ കുറച്ചുണ്ട് സാർ.’
‘വായടക്കാനല്ലേ തന്നോട് പറഞ്ഞത്’, സാർ ദേഷ്യത്തോടെ പറഞ്ഞു.
‘ശരി, എങ്കിൽ അവസാനമായി ഞാനൊരു തിരുക്കുറൽ പറഞ്ഞോട്ടെ’
‘വിൽ യു ഷട്ടപ്പ്…’

എന്നിട്ടും കോനാർ നിർത്തിയില്ല. അയാൾക്ക് ഇഷ്ടമുള്ളത് സംസാരിച്ചു കൊണ്ടിരുന്നു.
തുപ്പർക്കു തുപ്പായ
തുപ്പാക്കി തുപ്പർക്കു
തുപ്പായ തൂവും മഴൈ**…

നല്ല പാട്ട് അല്ലെ. അന്നേ തുപ്പാക്കിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

അവർ വൈകാതെ ഒരു മലയടിവാരത്തിൽ എത്തിച്ചേർന്നു.പാറക്കൂട്ടങ്ങൾ നിറഞ്ഞ ഒരു ഇടമായിരുന്നു അത്.
‘നല്ല പാറ’, എന്ന് കോനാർ പറഞ്ഞു.
‘ഇറങ്ങ്’ എന്ന് സാർ ഉത്തരവിട്ടു.
മാണിക്യവും കോനാരും ഇറങ്ങി. പിന്നീട് ഡ്രൈവർ ഇറങ്ങി വന്ന വഴിയേ നടന്ന് കാണാനാകാത്തത്രയും ദൂരേക്ക് മറഞ്ഞു.

‘നിന്റെ കയ്യിലെ വിലങ്ങു മാറ്റ്’, എന്ന് സാർ പറയവേ അവൻ വിലങ്ങിന്റെ പൂട്ട് തുറന്നു. അവന്റ കൈകൾ വിറച്ചു. താക്കോൽ വഴുക്കി.കോനാർ ‘മെല്ലെ മെല്ലെ.. എനിക്ക് തിടുക്കമൊന്നുമില്ല’ എന്ന് പറഞ്ഞു.

‘ഇയാളെ വണ്ടിയിൽ തന്നെ പൂട്ടിയിട്ട് വാ’ എന്ന് സാർ പറഞ്ഞു. അവൻ വിലങ്ങിന്റെ പകുതി ജീപ്പിൽ കൊളുത്തി പൂട്ടിയ വച്ച ശേഷം സാറിന്റെ അരികിലേക്ക് ചെന്നു. സാർ ഒരു സിഗരറ്റിന് തീ കൊളുത്തി. അദ്ദേഹത്തിന്റെ കൈകളും വിറ കൊള്ളുന്നത് കണ്ടു.
‘എന്താടോ’ എന്ന് സാർ കേട്ടപ്പോൾ മാണിക്യം ഒന്നും മിണ്ടിയില്ല. അവന്റെ ദേഹവും വിറയ്ക്കുന്നുണ്ടായിരുന്നു.
‘അയാളെ വിലങ്ങിട്ട് ചാവി എന്റെ കയ്യിൽ വയ്ക്കണമെന്ന് എനിക്കറിയാമായിരുന്നിട്ടും നിന്റെ കയ്യിൽ വയ്ക്കാൻ പറഞ്ഞതെന്തിനെന്നറിയാമോ?’
മാണിക്യം അമ്പരപ്പോടെ സാറിന്റെ മുഖത്തേക്ക് നോക്കി.
‘നീ വിചാരിച്ചാൽ അയാളെ തുറന്നു വിടാൻ പറ്റും. അയാൾക്ക് ഈ കാട് നന്നായി അറിയാം.. വേണേൽ രക്ഷപെടാം.’
‘അ… അയ്യാ…’
‘നിനക്കെന്താ… കൂടിയാൽ ഒരു സസ്‌പെൻഷൻ, എനിക്കും ഒരു സസ്പെൻഷൻ. ഈ നാശം പിടിച്ച കാട്ടിൽ നിന്ന് രക്ഷപെട്ടു പോകാൻ ഒരു വഴിയുമായി.’
‘അങ്ങനെയല്ല സാർ’
‘കടമ.. അല്ലേ…’
‘സാർ….’
‘ശരി, അത് വിട്… അത് അവന്റെ വിധി’, സാർ സിഗരറ്റ് വലിച്ചെറിഞ്ഞു.

‘ശ്രദ്ധിച്ചു കേൾക്കണം. നമ്മൾ അവൻ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തി, കീഴടങ്ങാൻ പറയുമ്പോ അത് കേൾക്കാതെ നമ്മളെ വെടിവയ്ക്കുന്നു. നമ്മൾ സ്വയരക്ഷയ്ക്ക് വേണ്ടി തിരിച്ചാക്രമിച്ചു…അവൻ കൊല്ലപ്പെട്ടു. ഓക്കേ അല്ലെ! ഇതാണ് നാടകത്തിന്റെ കഥ. നിനക്ക് മനസിലായോ?’
‘സാറെന്താ പറയുന്നത്?’ അവൻ ഞെട്ടലോടെ ചോദിച്ചു.
‘പോടാ.. പോയി അയാളെ ആ ചെറിയ പാറക്കെട്ടിൽ നിർത്ത്. എന്നിട്ട് ഇവിടെ നിന്ന് വെടി വച്ചോ’
‘സാർ ഞാനോ?’
‘നീ തന്നെ. നിനക്ക് ഉടനെ പ്രൊമോഷൻ വരും’, അവൻ ഒന്നും മിണ്ടിയില്ല.

‘കോൺസ്റ്റബിളായിരുന്നാ ഒടുക്കം വരെയും കോൺസ്റ്റബിളായിത്തന്നെയിരിക്കും. വെറുതെ റിട്ടയറായി അങ്ങ് പോകാം. പ്രൊമോഷൻ ആയി അടുത്ത പടിക്ക് പോയാൽ ഡി വൈ എസ് പി വരെയാകാം’, അത് കേട്ട് മാണിക്യം മിണ്ടാതെ നിന്നു. അവന്റെ കയ്യിലിരുന്ന തോക്ക് വിറയ്ക്കുന്നുണ്ടായിരുന്നു.
‘വയ്ക്കുമല്ലോ’
‘ചെ.. ചെയ്യാം സർ…’
‘നിനക്ക് നല്ല ഉന്നമാണെന്ന് കേട്ടു… ആ ഗണ്ണും വളരെ നല്ലതാ. അവനും അടുത്ത് തന്നെയുണ്ട്. ശരി, വച്ചോ.’
‘സാർ…’
‘ശരി, പോയി അവനെ വിലങ്ങഴിച്ചു കൂട്ടിയിട്ട് വാ.ദ
‘സാർ’, അവന്റെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.
‘വെടിവയ്ക്കുമ്പോ അവൻ ഓടിപ്പോണം. അപ്പഴേ നാച്ചുറാലിറ്റി ഉണ്ടാകൂ’, സാർ പറഞ്ഞു.
‘മാത്രമല്ല വിലങ്ങിട്ടിരിക്കുമ്പോ ആണെങ്കിൽ നമുക്ക് തന്നെ പണി കിട്ടും.’
‘മനസിലായി സാർ.’
‘ശരി പോ’, സാർ വേറൊരു സിഗരറ്റ് കൊളുത്തി.

അവൻ ജീപ്പിനടുത്ത് ചെന്ന് ചാവി കൊണ്ട് കോനാരുടെ വിലങ്ങഴിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ‘അയ്യാ, ഞാൻ തുറന്നു വിടുവാണ്, വേണേൽ ഓടിപ്പൊയ്ക്കോ’ എന്ന് പറഞ്ഞു.
‘വേണ്ട തമ്പി. നിനക്കെന്തിനാ വെറുതെ ഒരു പ്രശ്നം…’
‘ഒന്നുമില്ല. ഒരു സസ്‌പെൻഷൻ വരും. അത്രയല്ലേയുള്ളൂ’, അത് കേട്ട കോനാർ സാറിനെ നോക്കി.
‘അദ്ദേഹത്തിനും പ്രശ്നമല്ലേ’ എന്ന് ചോദിച്ചു.
‘അദ്ദേഹമാണ് പറഞ്ഞത്. നിങ്ങൾ ഓടിപ്പോയ്‌ക്കോ.’
കോനാർ ഒരു ദീർഘനിശ്വാസമുതിർത്തു. ‘വേണ്ട തമ്പി…’
‘അ... അതെന്താ.. ഒന്നുമില്ല. ഓ, ഓടിപ്പൊയ്ക്കോളൂ’ എന്ന് മാണിക്യം വിറയലോടെ പറഞ്ഞു.

‘ഓടാം, പക്ഷേ എന്തായാലും ഈ വർഷം തന്നെ എന്റെ എതിർപക്ഷക്കാര് തന്നെ എന്നെ കൊല്ലും. അതെനിക്ക് അപമാനമല്ലേ. പോലീസ് വെടിവച്ചു കൊന്നാലാണ് എനിക്ക് മതിപ്പ്. ഞാൻ മരിക്കേണ്ടതും അങ്ങനെ തന്നെ. അതാകുമ്പോ എനിക്ക് ഓർമ്മമണ്ഡപവും ആണ്ടുതോറും ഓർമ്മക്കുറിപ്പുമൊക്കെ ഉണ്ടാകും. അതിനല്ലേ ഞാനും ഇത്രയും പാടുപെട്ടത്. അത് തന്നെയാണ് ശരിയായ ഒടുക്കവും’, എന്ന് കോനാർ പറഞ്ഞു.

‘അയ്യാ’ എന്ന് പറഞ്ഞ് മാണിക്യം അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു.
‘വേണ്ട തമ്പി, ഞാൻ മരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. നിനക്കതിൽ കുറ്റബോധമൊന്നും വേണ്ട. അത് നിന്റെ ഡ്യൂട്ടിയാണ്.. ഇതെന്റെ വിധിയും.’
‘അയ്യാ’, മാണിക്യം തൊണ്ടയിടറി കണ്ണീരോടെ വിളിച്ചു.
‘ഛെ, എന്തായിത്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ? ഇതൊരു ഡ്രാമയല്ലേ.പെട്ടന്ന് തീർക്കുന്നതല്ലേ നല്ലത്, എന്താ…’
‘നീയെവിടെ എന്തെടുക്കുവാ’ എന്ന് സാർ വിളിച്ചു ചോദിച്ചു.അത് കേട്ട മാണിക്യം വിലങ്ങു നീക്കി. കോനാരെ കൂട്ടിക്കൊണ്ട് പോയി അവിടെയുണ്ടായിരുന്ന ചെറിയ പാറക്കൂട്ടത്തിനരികിൽ നിർത്തി.
അത് കണ്ട സാർ ‘എടോ, തിരിച്ചു നിർത്ത്… കണ്ണിൽ നോക്കിയാണോ വയ്ക്കാൻ പോകുന്നത്’ എന്ന് പറഞ്ഞു.
‘മുതുക് നോക്കി വയ്ക്കാൻ എനിക്കാവില്ല സാർ…’
‘നിന്റെയിഷ്ടം’ എന്ന് സാർ പറഞ്ഞു. മറ്റൊരു സിഗരറ്റിന് കൂടി അയാൾ തീ കൊളുത്തി. മാണിക്യം അയാളുടെ അരികിൽ വന്നു നിന്നു. തോക്ക് എടുത്തുയർത്തി.
‘ഇപ്പോഴാണ് വേതാളത്തിന്‌ വേല വന്നത് അല്ലെ’ എന്ന് അവിടെ നിന്ന് കോനാർ പറഞ്ഞത് കേട്ട് മാണിക്യം ‘സാർ…’ എന്ന് വിറ പൂണ്ട ശബ്ദത്തിൽ സാറിനെ നോക്കി വിളിച്ചു.
‘വയ്ക്ക്…’
അവൻ ലോക്ക് മാറ്റി. ആ ശബ്ദം കേട്ട് കോനാരുടെ ഉടൽ ഒന്ന് നടുങ്ങി. അവന്റെ ദേഹവും നടുങ്ങി. അയാൾ അവിടെത്തന്നെ നിന്നു. മുഖം ചുരുങ്ങിപ്പോയിരുന്നു.
‘വയ്ക്കാൻ…’, സാർ കോപത്തോടെ ഉത്തരവിട്ടു.

മാണിക്യം ഉന്നം നോക്കി.അവന്റെ വിരൽ ട്രിഗറിൽ പതിഞ്ഞു. വഴുക്കിപ്പോകുന്ന പോലെ അവന് തോന്നി.
‘ഓർഡർ ഷൂട്ട്…’, സാർ അലറി. മാണിക്യം വെടി വച്ചു. എന്നാൽ ഉണ്ട ഉന്നം തെറ്റി പാറയിൽ പതിച്ചു ചിതറി. പാറകൾ വലിയ ശബ്ദത്തിൽ ഇളകി വീണു. കോനാർ പതർച്ചയോടെ വിറയ്ക്കുന്ന ദേഹവുമായി അവിടെ നിന്നു. പിന്നെ ഓടാൻ തുടങ്ങി. പാറയിലൂടെ ഓടുന്ന അയാളെ അവൻ കണ്ടു.പിന്നെയും തോക്ക് ചൂണ്ടി ഉന്നം നോക്കി വെടി വച്ചു. മലകളിൽ മുഴക്കം പ്രതിഫലിച്ചു. കോനാർ ഒരു രോദനത്തോടെ നിലത്ത് മണ്ണിൽ വീണ് കൈകാലുകൾ പിടച്ചു കൊണ്ട് മെല്ലെ അടങ്ങി.

മാണിക്യം തോക്ക് നിലത്തിട്ട ശേഷം എണീറ്റ് നിന്നു. അവന്റെ കൈകാലുകൾ അപ്പോൾ നടുങ്ങുന്നുണ്ടായിരുന്നില്ല. ഒരു ബീഡിയ്ക്ക് തീ കൊളുത്തി അവൻ സാറിനരികിലേക്ക് നടന്ന് അദ്ദേഹത്തിന്റെ അടുത്ത് കിടന്നിരുന്ന കോനാരുടെ ദേഹം തൊട്ടുനോക്കി. ശേഷം തലയുയർത്തി നോക്കിയ അവനോടായി സാർ തള്ളവിരലുയർത്തി കാട്ടി. അവൻ ബീഡിപ്പുകയുതിർത്തു കൊണ്ട് എല്ലാറ്റിനും സാക്ഷിയായ മലകളെ നോക്കിക്കൊണ്ട് നിവർന്നു നിന്നു…

(കുറിപ്പുകൾ:
*വച്ചാത്തി സംഭവം - 1992 ൽ തമിഴ്നാട് ധർമ്മപുരി ജില്ലയിലെ വച്ചാത്തി എന്ന ആദിവാസി ഗ്രാമത്തിൽ ചന്ദനകൊള്ളക്കാരൻ വീരപ്പന്റെ വിവരങ്ങൾ ശേഖരിക്കാനെന്ന പേരിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ ആണ് വച്ചാത്തി സംഭവം.
** - തിരുക്കുറൾ വരികൾ)


ജയമോഹൻ

തമിഴ്, മലയാളം എഴുത്തുകാരനും സാഹിത്യ നിരൂപകനും. വെൺമുരശ്, കന്യാകുമാരി, ഏഴാം ഉലഗം, ഇരവ് തുടങ്ങിയവ പ്രധാന കൃതികൾ. മലയാളത്തിൽ നൂറ് സിംഹാസനങ്ങൾ, ഉറവിടങ്ങൾ, നെടുംപാതയോരം, ആന ഡോക്ടർ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകിരിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും രചന നിർഹിച്ചിട്ടുണ്ട്.

സജിത്ത്​ എം.എസ്​.

കഥാകൃത്ത്​, വിവർത്തകൻ. കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥി. കൽക്കി, പൊന്നിയിൻ സെൽവൻ, ശിവകാമിയിൻ ശപഥം എന്നീ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Comments