2018 ലെ പ്രളയത്തിൽ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നു. / Photo : Collector Idukki

കേരളത്തിന്​ അടിയന്തരമായി വേണം,
പ്രളയ മുന്നറിയിപ്പുകേന്ദ്രം

കേരളത്തിൽ പെയ്​തുകൊണ്ടിരിക്കുന്ന അതിതീവ്രമഴ മറ്റൊരു പ്രളയത്തെക്കുറിച്ചുള്ള ആശങ്കയുയർത്തിയിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ കേരളത്തിന്​ പ്രത്യേകമായി ഒരു മുഴുസമയ പ്രളയ മുന്നറിയിപ്പുകേന്ദ്രം എങ്ങനെ സജ്ജമാക്കാം എന്ന്​ അന്വേഷിക്കുന്നു

നിരവധി പ്രകൃതിദുരന്തങ്ങളുടെ നിഴൽമേഖലയിലായിരുന്നു കേരളം. 2004ലെ സുനാമി, 2017ലെ ഓഖി, 2018ലെ പ്രളയം എന്നീ ദുരന്തങ്ങൾ നമ്മുടെ അപകടാവസ്ഥ വെളിപ്പെടുത്തുകയും 24 മണിക്കൂറും പ്രവർത്തിക്കുന്ന മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്​തു. ഒരു ദുരന്തം ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കാനുള്ള പ്രളയ മാതൃകകൾ സ്ഥാപിക്കുക എന്നതും ശരിയായ പരിഹാരത്തിന്​ നിർദേശങ്ങൾ നൽകുക എന്നതുമാണ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഒരു പ്രളയ മോഡലിങ് യൂണിറ്റ് സ്ഥാപിക്കാനാവശ്യമായ ഘടകങ്ങളും, അടിസ്ഥാന ഭൗതികശാസ്ത്രവും, രീതിശാസ്ത്രവും എന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണിവിടെ. നമ്മുടെ സംവിധാനത്തിലെ പോരായ്മ മറികടക്കാൻ സഹായിക്കുന്നതരത്തിൽ, ഗവേഷണ- വികസന പരിപ്രേക്ഷ്യത്തിലുള്ള ന്യൂമറിക് മോഡലിങ്ങിന്മേൽ പ്രധാന ഊന്നൽ നൽകിയാണ് ഈ അന്വേഷണം നടത്തിയത്.

നമ്മൾ സജ്ജരാണോ?

സുനാമിയും ഓഖിയും 2018ലെ പ്രളയവും നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തിന്റെ അപകടാവസ്ഥയെയാണ്​ തുറന്നുകാണിച്ചത്​. പ്രകൃതിക്ക് കൂടുതൽ പരിഗണന നൽകി, ഭാവിയിൽ പ്രളയത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളിൽ, മതിയായ നിർദേശം നൽകാനുള്ള മുന്നറിയിപ്പ് സംവിധാനം ഒരുക്കാനുള്ളതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കണ്ണുതുറപ്പിക്കാൻപോന്ന ഒന്നായിരുന്നു ഈ നാശനഷ്ടങ്ങളും പ്രളയദുരന്തങ്ങളും.

Photo : Wikimedia Commons

പ്രളയം കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച് ശാസ്ത്രസമൂഹത്തോടും വരാനിരിക്കുന്ന സംഭവവികാസങ്ങൾ പ്രവചിക്കുന്നതുസംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവരോടും ജനം ആവർത്തിക്കുന്ന പ്രധാന ഉത്കണ്ഠ, ‘ഭാവിയിൽ പ്രളയം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ തടയാൻ നമ്മൾ സജ്ജരാണോ?' എന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ, കേരളത്തിൽ ഒരു പ്രളയ മോഡലിങ് ആൻറ്​ മാപ്പിങ് യൂണിറ്റ് (flood modelling and mapping unit) തുടങ്ങുന്നതിൽ കാണിക്കുന്ന അലംഭാവം തിരുത്തപ്പെടേണ്ടതാണ്. പ്രളയമേഖലയുമായി ബന്ധപ്പെട്ട പ്രളയജലത്തിന്റെ ഒഴുക്ക്, ആഴം, അപകടസാധ്യത തുടങ്ങിയവ വിവരങ്ങൾ ശേഖരിക്കുകയും പ്രളയം കൈകാര്യം ചെയ്യുന്നതിനായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നതാണ്​ ഈ യൂണിറ്റ്​. ഈയിടെയുണ്ടായ പ്രളയങ്ങൾ കേരളത്തിൽ ഒരു പ്രളയ സാധ്യതാ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് തുറന്നുവെക്കുന്നത്.

കേരളത്തിലെ പല ഏജൻസികളും ഫണ്ട് ചെയ്ത പ്രൊജക്ടുകളിൽ വിവരശേഖരണം നടത്തുന്നത് സ്റ്റാന്റേഡ് പ്രോ​ട്ടോക്കോളോ മാനദണ്ഡങ്ങളോ അനുസരിച്ചല്ല, അതിനാൽ ശേഖരിക്കപ്പെട്ട വിവരങ്ങൾ വീണ്ടും ഉപയോഗിക്കാൻ പറ്റാതായിത്തീരുന്നു.

പ്രകൃതി ദുരന്ത നിവാരണം എന്നത് ലാപ്ടോപ്പിനുമുന്നിൽ ഇരിക്കുന്നതോ, ലഘുലേഖകൾ പ്രസിദ്ധീകരിക്കുന്നതോ, നോട്ടീസുകൾ വിതരണം ചെയ്യുന്നതോ, മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നതോ, കമ്പ്യൂട്ടറിൽ വിവരങ്ങൾ അപഗ്രഥിക്കുന്നതോ, വ്യക്തതയോടെയുള്ള ഡിജിറ്റൽ അപകടസാധ്യതാമാപ്പുകൾ തയ്യാറാക്കുന്നതോ, ശ്രദ്ധിക്കപ്പെടുംവിധമുള്ള പ്രസിദ്ധീകരണങ്ങളോ, നടപടിക്രമങ്ങളോ, സംഗ്രഹങ്ങളോ തീസിസുകളോ തയ്യാറാക്കുന്നതോ, അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കുന്നതോ, വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതോ, ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതുന്നതോ, ഉച്ചത്തിൽ പ്രസംഗിക്കുന്നതോ, വർഷാവർഷം വലിയ തുക ചെലവഴിക്കുന്നതോ അല്ലെന്ന വസ്തുതയാണ് കേരളത്തിലുണ്ടായ പ്രളയങ്ങളും ഓഖി ചുഴലിക്കാറ്റും വെളിപ്പെടുത്തിയത്. മേൽസൂചിപ്പിച്ച കാര്യങ്ങൾ സമൂഹത്തിലെ സാധാരണ മനുഷ്യരിലേക്കെത്തുന്നില്ല എന്നതിനാൽ, ദുരന്തങ്ങളെയും അതുമൂലമുണ്ടാകുന്ന സാഹചര്യങ്ങളെയും നേരിടുന്നതിന്​ അടിസ്ഥാനസാമഗ്രികളും വിഭവങ്ങളുമുള്ള ഒരു പ്രത്യേക രക്ഷാദൗത്യസേന രൂപീകരിക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം.

പ്രളയ മാതൃകയുടെ ഗ്രാഫിക്​സ്​ / Image : ambientalrisk.com

പ്രളയദുരന്തങ്ങൾ പ്രവചിക്കുന്നതിന്​ കേരളത്തിൽ ഒരു പ്രളയ മോഡലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഗവേഷണത്തിനും സാങ്കേതിക വികാസത്തിനും ആവശ്യമായ ഘടകങ്ങളെക്കുറിച്ച്​ പരിശോധിക്കാം.

എന്താണ് പ്രളയം?

മറ്റ് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രളയത്തിന് അസാധാരണമായ സവിശേഷതയുണ്ട്. സുനാമി, കൊടുങ്കാറ്റുമൂലം കടൽവെള്ളം കയറുന്നത് (storm surge), ഭൂമികുലുക്കം, എണ്ണച്ചോർച്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക്​ഒരു ബാധിതമേഖല ഉണ്ടാകും. പക്ഷേ അതിരുകൾക്കപ്പുറത്തുള്ള പ്രദേശങ്ങളെക്കൂടി വെള്ളത്തിൽ മുക്കാനും മനുഷ്യജീവനും, സമ്പാദ്യങ്ങൾക്കും നാശം സൃഷ്ടിക്കാനും കൃഷിയിടങ്ങളും വിളകളും നശിപ്പിക്കാനും പ്രളയത്തിന് കഴിയും. വിഷമയ മാലിന്യം അടിഞ്ഞുകൂടി ഒരു പ്രദേശത്തെ മലനീകരിക്കാനും പ്രളയത്തിന് കഴിയും. സാധാരണ നനവില്ലാത്ത പ്രദേശങ്ങളിലേക്ക് വലിയ അളവിൽ വെള്ളം ഇരച്ചുകയറുകയും കവിഞ്ഞൊഴുകുകയും ചെയ്യുന്നതിനെയാണ് പ്രളയമെന്ന് പറയുന്നത് (മുജുംദാർ, 2001). നിർണായകമായ ഒരു പരിധിക്കപ്പുറത്തുള്ള അളവിൽ വെള്ളം പുറത്തേക്കൊഴുകുകയാണെങ്കിൽ അതിനെയും പ്രളയമെന്ന് പറയും. മിന്നൽ പ്രളയം എന്നത് പ്രത്യേക തരം പ്രളയമാണ്. ചെറിയ സമയത്തിനുള്ളിൽ മഴ കൊണ്ടുമാത്രമല്ല, അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം പുറത്തേക്കുവിടുന്നതുമൂലവും ഉണ്ടാകുന്ന ഒന്നാണ് മിന്നൽ പ്രളയം. വലിയ അളവിൽ വെള്ളം കുറഞ്ഞ സമയത്തിനുള്ളിൽ തുറന്നുവിടുന്നത്, ഏതുതരം ഭൂപ്രകൃതിയിലും മിന്നൽ പ്രളയത്തിനിടയാക്കും.

പ്രളയ മോഡലിങ്ങിന്റെ ഭൗതികശാസ്ത്രം

ഒരു ചാലിൽക്കൂടിയുള്ള വെള്ളത്തിന്റെ (പ്രളയജലത്തിന്റെ) തരംഗരൂപത്തിലുള്ള ചലനം, ചലനവേഗം, വെള്ളത്തിന്റെ ആഴം, സ്ഥാനമാറ്റം, ദൂരം, സമയം എന്നീ വ്യത്യസ്ത അളവുകോലുകളാണ് പ്രളയ മോഡലിങ്ങിന്റെയും പ്രളയസാധ്യതാ മുന്നറിയിപ്പ് സംവിധാനത്തിന്റെയും (flood warning system- FWS) അടിസ്ഥാനം. ഇതിനെയാണ് പ്രളയത്തിന്റെ ഹൈഡ്രോളജി (flood hydrology) എന്നു വിളിക്കുന്നത് (ചിത്രം 1).

(ചിത്രം 1)

ഒരു ജലാശയത്തിലേക്ക് എത്തിച്ചേരുന്ന വെള്ളത്തിന്റെ അളവിനെയും സമയത്തെയും കുറിച്ചുള്ള പഠനമാണിത്​. പ്രളയജലത്തിന്റെ ഉത്ഭവം അടയാളപ്പെടുത്തുന്ന ഇടവും ഒഴുക്കിന്റെ താഴെഭാഗങ്ങളിലെ ഇടവും ഇതിൽ പ്രസക്തമാണ്. പ്രളയത്തിന്റെ ഉത്ഭവസ്ഥാനത്തുനിന്ന്​ താഴോട്ടാണ് പ്രളയതരംഗം വ്യാപിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട അടിസ്ഥാന സമവാക്യമാണ് താഴെ പറയുന്നത്.

ഒരു സഞ്ചാരപഥത്തിലൂടെയുള്ള പ്രളയത്തിന്റെ ചലനത്തെ സമയം, സ്ഥലം എന്നിവയുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നതിനെയാണ് ഫ്ളഡ് റൂട്ടിങ് (flood routing) എന്നുപറയുന്നത്. പ്രളയതരംഗത്തിന്റെ ചിത്രീകരണം സാധ്യമാകുന്നത് ഹൈഡ്രോഗ്രാഫിന്റെ സഹായത്തോടെയാണ്. പുഴയുടെ ഒരു പോയന്റിൽ ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ഒഴുക്കിന്റെ നിരക്ക്​ ചിത്രീകരിക്കുന്ന ഗ്രാഫാണിത്. രണ്ട് തരം ഹൈഡ്രോഗ്രാഫുകളാണുള്ളത് (ചിത്രം 2).

1) ആഴത്തിന്റെ ഹൈഡ്രോഗ്രാഫ് (Depth Hydrograph)
2) പുറന്തള്ളപ്പെടുന്ന വെള്ളത്തിന്റെ ഹൈഡ്രോഗ്രാഫ് (Discharge Hydrograph)

ഡെപ്ത് ഹൈഡ്രോഗ്രാഫിൽ ആഴവും സമയവും ഉൾക്കൊള്ളുന്ന ഗ്രാഫാണ് ഉണ്ടാവുക, ഡിസ്ചാർജ് ഹൈഡ്രോഗ്രാഫിൽ പുറന്തള്ളപ്പെടുന്ന വെള്ളത്തിന്റെ നിരക്കും സമയവും. രണ്ട് ഗ്രാഫിലും x ദിശയിലാണ് സമയത്തെ സൂചിപ്പിക്കുന്നത്.
ഒഴുകിയെത്തുന്ന വെള്ളത്തിന്റെ പ്രവേഗവും ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ പ്രവേഗവും സ്ഥിരമായിരിക്കും, എന്നാൽ ചാലിലൂടെയുള്ള ഒഴുക്കിൽ മാറ്റങ്ങളുണ്ടാകും.

(ചിത്രം 2)

ജലത്തിന്റെ ഒഴുക്കുമൂലമുണ്ടാകുന്ന ശക്തിയെ സംബന്ധിച്ച ശാസ്ത്രശാഖയായ ഹൈഡ്രോളിക്സ്, പ്രളയം എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയ ഫ്രഞ്ച് എഞ്ചിനീയറായ സെൻറ്​ വെനൻറ്​ (1797-1886) ചില സമവാക്യങ്ങൾ വികസിപ്പിച്ചിരുന്നു. അവയാണ് പിന്നീട് സെൻറ്​ വെനൻറ്​ സമവാക്യങ്ങൾ എന്നറിയപ്പെട്ടത്. ഫ്ലഡ്​ മോഡലിങ്ങിന്റെ അടിസ്ഥാന ഭൗതികശാസ്ത്രം വിശദമാക്കാൻ ഈ സമവാക്യങ്ങൾക്ക് കഴിയും.

മുകളിൽ നൽകിയ ഒന്നും രണ്ടും സമവാക്യങ്ങളാണ് സെൻറ്​ വെനൻറ്​ (Saint-Venant) സമവാക്യങ്ങൾ എന്നറിയപ്പെടുന്നത് (മുജുംദാർ, 2001).

ഒഴുകിയെത്തുന്ന വെള്ളവും പുറത്തേക്കൊഴുകുന്ന വെള്ളവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി സംഭരണശേഷിയിലുണ്ടാകുന്ന മാറ്റത്തെയാണ് മൂന്നാമത്തെ സമവാക്യം സൂചിപ്പിക്കുന്നത്. പ്രളയജലം ഉത്ഭവസ്ഥാനത്തുനിന്ന് താഴേക്ക് ഒഴുകിയെത്തുന്ന വഴിയിലുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് പ്രവചിക്കാനുള്ള സാങ്കേതികവിദ്യയായ ഫ്ലഡ്​ റൂട്ടിങ് രണ്ടുതരത്തിലാണുള്ളത് (പാണ്ഡെ, 2018).
1) ഹൈഡ്രൊളോജിക് റൂട്ടിങ് (Hydrologic routing)
2) ഹൈഡ്രോളിക് റൂട്ടിങ് (Hydraulic routing)

ഹൈഡ്രൊളോജിക് റൂട്ടിങ്ങിൽ കണ്ടിന്യുവിറ്റി സമവാക്യമാണ് (equation of continuity) ബേസിക് മോഡൽ കമ്പ്യൂട്ടേഷനുകൾക്ക് ഉപയോഗിക്കുന്നത്. അതേസമയം, പ്രവചനങ്ങൾക്കായി കണ്ടിന്യുവിറ്റി സമവാക്യവും സെൻറ്​ വെനൻറ്​ സമവാക്യങ്ങളും ഹൈഡ്രോളിക് റൂട്ടിങ്ങിൽ ഉപയോഗിക്കുന്നു.

ചിത്രം 4.

ഒഴുക്കിന്റെ സഞ്ചാരപഥം

വെള്ളം ഒഴുകുന്നതിന്റെ സഞ്ചാരപഥത്തെ മൂന്നായി തിരിക്കാം:
ശേഖരണ കേന്ദ്രം (Collecting Centre- b)
വിതരണ കേന്ദ്രം (Distributing Centre- c)
ചാനലുകൾ (Channels)
(ചിത്രം 3).

മഴയോ, മഞ്ഞുരുകലോ, മറ്റനവധി കാരണങ്ങളാലോ വെള്ളം ശേഖരിക്കപ്പെടുന്ന ഭൂപ്രദേശമാണ് ശേഖരണകേന്ദ്രം. അവിടെനിന്ന് വെള്ളം താഴേക്ക് വിതരണ കേന്ദ്രത്തിലേക്ക് ഒഴുകുന്നു, അവിടെനിന്ന് ചാനലുകൾ വഴി ഒഴുകിപ്പോകുന്നു.

ഒരു ഫ്ളഡ് മോഡലിങ് യൂണിറ്റ്​ സ്ഥാപിക്കൽ

കഴിഞ്ഞുപോയ സംഭവങ്ങൾ പരിശോധിക്കാനും ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കുന്നതിനും ഉപയോഗിക്കാൻ കഴിയുന്ന ഫലപ്രദമായ രീതിയാണ് ന്യൂമറിക്കൽ മോഡലിങ്. (ഒരു ഭൗതികശാസ്ത്ര വിഷയത്തിൽ പരിഹാരം കാണാൻ കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള ഗണിതശാസ്ത്ര സമവാക്യങ്ങളുടെ സംയുക്തമാണ് ന്യൂമറിക്കൽ മോഡലിങ്). അതുകൊണ്ട്, നമ്മുടെ ഗവേഷണവും സാങ്കേതിക വിദ്യകളുടെ വികാസവും തയ്യാറെടുപ്പും ആ പാതയിലേക്കുവേണം നീങ്ങാൻ. ഒരു ഫ്ലഡ്​ മോഡലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന്​ നിരവധി വ്യത്യസ്ത ഘടകങ്ങളുണ്ട്. ഓരോ ഘടകത്തെയും ചെറിയ അളവിൽ പരിശോധിക്കുകയും മോഡലിങ് പഠനങ്ങളിലേക്ക് സ്വാംശീകരിക്കുകയും വേണം.

അപകടസാധ്യതയുള്ള പ്രദേശങ്ങളെ തിരിച്ചറിയുക

ഒരു പ്രദേശത്തെ പ്രളയങ്ങളുടെ വ്യാപ്തി സംബന്ധിച്ച ചരിത്രപരമായ വിവരങ്ങൾ കണ്ടെത്തണം. അങ്ങനെ തിരിച്ചറിഞ്ഞ, വെള്ളത്തിനടിയിലായ പ്രദേശങ്ങളെ, സൂക്ഷ്മതലത്തിലും വ്യക്തതയോടെയും ഡിജിറ്റൽ മാപ്പിലേക്കും കഡാസ്ട്രൽ (ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ടത്) മാപ്പിലേക്കും മാറ്റുക.

ഇൻഫ്രാസ്ട്രക്ചർ മാപ്പിങ്

പ്രളയതടത്തിന്റെയും അതിന് തൊട്ടടുത്തുള്ള പ്രദേശങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളെ ചരിത്രപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാപ്പ് ചെയ്യണം. പ്രശ്നപരിഹാര പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പുനരധിവാസം കാര്യക്ഷമമായി നടത്താനും ഇത് വളരെ സഹായകമാകും.

പ്രളയമുണ്ടാക്കാൻ സാധ്യതയുളള ജലാശയങ്ങളെ/പുഴകളെ തിരിച്ചറിയുക.

ഒരു ഭൂപ്രദേശവുമായി തൊട്ടുകിടക്കുന്ന ജലാശയങ്ങളും പുഴകളും പ്രളയമുണ്ടാകുന്നതിന് കാരണമാകുമെങ്കിൽ അവയെയും അവയുടെ വ്യാപ്തിയുടെയും ഉൾക്കൊള്ളുന്ന ജലത്തിന്റെ അളവിന്റെയും വിവരങ്ങളോടുകൂടി മാപ്പ് ചെയ്യണം.

ഹൈ റെസല്യൂഷൻ ഡിജിറ്റൽ എലിവേഷൻ തയ്യാറാക്കുക

കടൽനിരപ്പിന്റെ അടിസ്ഥാനത്തിൽ പുഴകളുടെ അടുത്തുള്ള ഭൂമിയുടെ ഉയർച്ച കണ്ടെത്തണം. അതിനായി ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് ((DGPS) സംവിധാനവും, ടോട്ടൽ സ്റ്റേഷൻ, ഡമ്പി ലെവൽ എന്നീ സർവ്വേ ഉപകരണങ്ങളും ഉപയോഗിക്കാം. ജലാശയത്തിന് സമാന്തരമായും ലംബമായും, കുറഞ്ഞത് 100 മീറ്റർ റെസല്യൂഷനിൽ വേണം ഇത് നടപ്പിലാക്കാൻ (ചിത്രം 4). ചരിത്രപരമായി വെള്ളപ്പൊക്ക അപകടസാധ്യതയുള്ള മേഖലകളുടെ മാപ്പുകളുടെ അടിസ്ഥാനത്തിൽ വേണം തീരപ്രദേശത്തേക്കുള്ള ലംബമായ ട്രാൻസെക്ട് സർവ്വേയുടെ പരിധി നിശ്ചയിക്കാൻ. ഫീൽഡിൽനിന്ന് നേരിട്ട് കിട്ടുന്ന വിവരങ്ങൾക്ക് പകരം സാറ്റലൈറ്റ്​ വഴിയുള്ള വിവരങ്ങളാണ് ഉപയോഗിച്ചതെങ്കിൽ, അവയെ ഫീൽഡിൽ പരിശോധിക്കേണ്ടതും മതിയായ രീതിയിൽ രണ്ട് വിവരങ്ങളും തമ്മിൽ ഒത്തുനോക്കി ഉറപ്പിക്കേണ്ടതുമാണ്.

പുഴകളുടെ അടിത്തട്ട് സംബന്ധിച്ച വ്യക്തമായ പഠനം
(Fine resolution bathymetry of rivers)

പുഴകളുടെ അല്ലെങ്കിൽ ജലാശയങ്ങളുടെ അടിത്തട്ട് സംബന്ധിച്ച പഠനം പ്രളയ സാഹചര്യങ്ങൾ നേരിടുമ്പോൾ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഫ്ലഡ്​ മോഡൽ കമ്പ്യൂട്ടേഷനുകൾക്കായി കുറഞ്ഞത് 200 മീറ്റർ റെസല്യൂഷനുള്ള, xyz രൂപഘടനയിലുള്ള ക്രോസ് സെക്ഷനൽ ബാത്തിമെട്രി നിർബന്ധമായും ആവശ്യമാണ് (ചിത്രം 2). ഡി.ജി.പി.എസ്സോടു (DGPS) കൂടിയ എക്കോ സൗണ്ടർ പോലുള്ള അത്യാധുനിക ബാത്തിമെട്രിക് ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പുഴയുടെ മദ്ധ്യഭാഗത്തുള്ള പോയന്റുകൾക്ക് മേലെ ബാത്തിമാട്രിക് പ്രൊഫൈലുകൾ നെടുകെ എടുക്കാവുന്നതാണ് (ചിത്രം 5).

ചിത്രം 5

പ്രദേശത്തെ ഭൂവുപയോഗം/ ഭൂപ്രകൃതിയുടെ മാപ്പിങ്

അതിർത്തികളുടെ സവിശേഷതകൾ രേഖപ്പെടുത്തിയും ഭൂപ്രദേശത്തെ തരംതിരിച്ചും ഭൂവുപയോഗവും ഭൂപ്രകൃതിയുടെ സവിശേഷതകളും കൃത്യമായി അടയാളപ്പെടുത്തണം. അത് പിന്നീട് വ്യക്തതയുള്ള മാപ്പുകളിൽ, ഡിജിറ്റൽ രൂപഘടനയിലേക്ക് മാറ്റണം.

നദീതടത്തിലുള്ള ഘടനകളുടെ മാപ്പിങ്

നദീതടത്തിലുള്ള ഘടനകളെ കൃത്യമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി അടയാളപ്പെടുത്തണം. പിന്നീട് ഇതിനെ ബേസ് മാപ്പിനുള്ളിലേക്ക് മാറ്റണം.

ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള ഭൂപ്രദേശങ്ങളുടെ അതിർത്തി രേഖപ്പെടുത്തൽ

പഞ്ചായത്ത്, കോർപറേഷൻ, മറ്റ് ഔദ്യോഗിക സ്ഥാപനങ്ങൾ തുടങ്ങിയ ഭരണസ്ഥാപനങ്ങൾക്കുകീഴിലുള്ള ഭൂപ്രദേശത്തിന്റെ സർവ്വേ നടത്തി, മാപ്പുകളിൽ ഉൾച്ചേർക്കണം.

ഭൂജലനിരപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണം

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളിൽ സ്ഥിരമായി വെള്ളത്തിൽ കുതിർന്നുനിൽക്കുന്ന മണ്ണും കല്ലും ഉൾപ്പെടുന്ന ഭൂഗർഭമേഖലയുടെ മുകളിലത്തെ നിലയെയാണ് ഗ്രൗണ്ട് വാട്ടർ ടേബ്ൾ (GWT) എന്ന് പറയുന്നത്. മോഡലിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഈ വിവരം ശേഖരിക്കേണ്ടതുണ്ട്.

മണിക്കൂറിന്റെ അടിസ്ഥാനത്തിൽ പെയ്ത മഴയുടെ അളവ് കണ്ടെത്തുക

കേരളത്തിൽ ഏകദേശം 65 മഴമാപിനികളുണ്ട്. അവയിൽ നിന്ന്​ മഴവെള്ളത്തിന്റെ അളവ് മണിക്കൂറിന്റെ അടിസ്ഥാനത്തിൽ ശേഖരിക്കണം. കൂടാതെ, കഴിഞ്ഞ് പത്ത് വർഷങ്ങളിലെ, മണിക്കൂർ നിരക്കിൽ പെയ്യുന്ന മഴവെള്ളത്തിന്റെ അളവ് കൃത്യമായി ഉറപ്പുവരുത്തണം. ഇത് ഒഴുകിപ്പോകുന്ന മഴവെള്ളത്തെ സാധാരണ നില, ഇടയിലെ നില, പരമാവധി നില എന്നിങ്ങനെ മൂന്ന് വിധത്തിൽ തരംതിരിക്കണം. ഒപ്പം, ഒരു സാങ്കൽപ്പിക സാഹചര്യത്തെ അടിസ്ഥാനമാക്കി, തീവ്രമഴയുടെയും പരമാവധി നീരൊഴുക്കിന്റെയും അടിസ്ഥാനത്തിൽ ഉണ്ടാകാനിടയുള്ള പ്രതികൂല അവസ്ഥ എങ്ങനെയായിരിക്കുമെന്ന് വികസിപ്പിച്ചെടുക്കണം.

പുഴയിലേക്ക് ഒഴുകിയെത്തുന്നതും പുഴയിൽ നിന്ന് ഒഴുകിപ്പോകുന്നതുമായ ജലത്തിന്റെ അളവ്

പുഴകളിലേക്കും കൈവഴികളിലേക്കും വിവിധ വഴികളിലൂടെ ഒഴുകിയെത്തുന്നതും ഒഴുകിപ്പോകുന്നതുമായ വെള്ളത്തിന്റെ അളവ് കണക്കാക്കണം. ഒഴുക്കും, നിരക്കും പ്രവേഗവും കൃത്യമായി പഠിക്കണം. കൂടാതെ, പുഴയുടെ വാഹകശേഷിയും അത് നിറഞ്ഞുകവിയുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്ന നിർണ്ണായകമായ അളവുകളും മനസ്സിലാക്കണം.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രം

പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഒഴുക്കിന്റെ പ്രവേഗം മനസ്സിലാക്കുന്നതിനായി ഫ്രിക്ഷൻ ഫാക്ടർ (ഒഴുക്ക് നേരിടുന്ന തടസ്സം അളക്കുന്നതിന്) ഉൾപ്പെടെയുള്ള മണ്ണിന്റെ സ്ഥിതിയും പ്രകൃതവും മനസ്സിലാക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകണം.

ഹൈഡ്രോളിക് ഘടനകളുടെ സ്ഥാനം കണ്ടുപിടിക്കുക

ഫൈൻ റെസല്യൂഷൻ ബാതിമെട്രിക് പ്രൊഫൈലുകളുടെ പോരായ്മ തിരുത്താനും പരിഹരിക്കാനുമായി, ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ വെള്ളത്തിന് അടിയിലുള്ള ഘടനകളെ (ഹൈഡ്രോളിക് ഘടനകളെ) കൃത്യമായി തിട്ടപ്പെടുത്തണം.

പുഴയുടെ സഞ്ചാരപഥവും വ്യാപ്തിയും

ഒഴുകുന്ന സഞ്ചാരപഥത്തിലാകെ പുഴകളുടെ വീതിയും വ്യാപ്തിയും അടക്കമുള്ള അളവുകൾ അളക്കുക. മഴക്കാലത്തെ വിവിധ അവസ്ഥകൾക്കനുസരിച്ചുള്ള അതിന്റെ ഒഴുക്കിന്റെ നിരക്കും കണക്കാക്കണം.

ഡ്രെഡ്ജിങ്ങും ബാതിമെട്രിക് ഘടനയിലെ മാറ്റങ്ങളും

ജലാശയങ്ങളുടെ അടിത്തട്ട് നീക്കം ചെയ്യുന്നതും (ഡ്രെഡ്ജിങ്) നിയമവിരുദ്ധമായ മണൽവാരലും തുടരുകയാണ്. ഡ്രെഡ്ജിങ് കാരണം ബാതിമെട്രിക് ഘടനയിൽ മാറ്റമുണ്ടാകും, അവ കണ്ടെത്തേണ്ടതുണ്ട്.

ചിത്രം 6

വേലിയേറ്റവും വേലിയിറക്കവും സംബന്ധിച്ച വിവരങ്ങളും ഘടനയും അതിലെ മാറ്റങ്ങളും

വേലിയേറ്റവും വേലിയിറക്കവും സംബന്ധിച്ച് പല സമയങ്ങളിലായി എടുത്തതും സംഭവം നടന്നുകൊണ്ടിരിക്കുമ്പോൾ എടുത്തതുമായ വിവരങ്ങൾ പ്രധാന സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുകയും അത് മോഡലിലേക്ക് ഉൾച്ചേർക്കുകയും ചെയ്യണം. പ്രളയനിരക്കിനെ അല്ലെങ്കിൽ വെള്ളപ്പൊക്കത്തെ കൂട്ടുന്നതിലും കുറക്കുന്നതിലും വേലിയേറ്റക്രമത്തിന് പങ്കുണ്ട്.

അണക്കെട്ടിന്റെ സവിശേഷതകളും പുഴയുമായുള്ള ബന്ധവും

ഏതെങ്കിലും പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന അണക്കെട്ടിന്റെ സവിശേഷതയും ശേഷിയും പ്രകൃതവും മനസ്സിലാക്കേണ്ടതുണ്ട്. ഫ്ലഡ്​ മോഡലിങ്ങിനായി പ്രഥമ വിവരങ്ങളായി അതിന്റെ കനാൽ ശൃംഖലകളെക്കുറിച്ചും കൈവഴികളെക്കുറിച്ചും ഒഴുകുന്ന ക്രമത്തെക്കുറിച്ചും അന്വേഷിക്കേണ്ടത് പ്രധാനമാണ്.

പുനരധിവാസ കേന്ദ്രങ്ങളുടെ സർവ്വേ

പ്രളയ ജലം ഉയരുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാര നടപടികൾ തുടങ്ങും. അതിനായി സ്‌കൂളുകൾ, കോളേജുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ പോലുള്ള പുനരധിവാസ കേന്ദ്രങ്ങൾ മാപ്പ് ചെയ്യേണ്ടതുണ്ട്. ഇതിൽ പുനരധിവാസത്തിനുള്ള എളുപ്പത്തിലുള്ള മാർഗ്ഗങ്ങൾക്ക് പ്രത്യേക മുൻഗണന നൽകണം.

ന്യൂമറിക്കൽ മോഡലിങ്

മേൽപ്പറഞ്ഞ വിവരങ്ങൾ കമ്പ്യൂട്ടർ മോഡലുകളിലേക്ക് ഉൾച്ചേർക്കണം. പ്രളയം ഉണ്ടാകാൻ സാധ്യമായ എല്ലാ സാഹചര്യങ്ങളും വ്യത്യസ്ത ക്രമമാറ്റങ്ങളും ഉൾച്ചേർത്തുവേണം സിമുലേഷനുകൾ നടപ്പിലാക്കാൻ. ഏറ്റവും മോശം അപകടാവസ്ഥക്കുള്ള സാധ്യത ഉൾക്കൊള്ളുംവിധം പ്രളയജലം ഉയരുന്ന വ്യത്യസ്ത അവസ്ഥകളെ സിമുലേറ്റ് ചെയ്യുന്നതിന്​, മഴപ്പെയ്ത്തിന്റെയും ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെയും അളവ് സാധാരണ നിലയിലും ഇടനിലയിലും തീവ്രമായ നിലയിലും ഉൾപ്പെടുത്തിക്കൊണ്ടുള്ള പെർമ്യൂട്ടേഷനുകളായിരിക്കണം നടത്തേണ്ടത്. മോഡലിങ്ങിന്റെ ഫലം ഡിജിറ്റൽ അപകടസാധ്യതാ മാപ്പിൽ സൂക്ഷിക്കുകയും പ്രളയസാഹചര്യമുണ്ടാകുമ്പോൾ അതിനോട് ഏറ്റവും സാദൃശ്യമുള്ള അവസ്ഥയെ മാപ്പിൽ നിന്ന് തെരഞ്ഞെടുത്ത് പ്രശ്നപരിഹാര നടപടി വേഗത്തിലാക്കുന്നതിനായി നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകാം.

ഫ്ലഡ്​ മോഡലിങ്ങിന്റെ മറ്റ് ഘടകങ്ങൾ

പ്രളയത്തിന്റെ ന്യൂമറിക്കൽ മോഡലിങ്ങിന്റെ സമയത്ത് പരിഗണിക്കേണ്ട മറ്റ് പ്രധാനപ്പെട്ട ഘടകങ്ങൾ:

1) ഷാലോ വാട്ടർ സമവാക്യങ്ങൾ (വെള്ളത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട സമവാക്യങ്ങൾ) ഉൾച്ചേർക്കാനുള്ള മാർഗ്ഗങ്ങൾ.
2) നീർത്തടങ്ങളുടെ ഹൈഡ്രോളജിക്കൽ റെസ്പോൺസിന്റെ മോഡലിങ്.
3) Muskingum Method (MM), Level Pool Routing Method (LPRM), Kinematics Wave Method (KWM) എന്നിങ്ങനെയുള്ള ഫ്ലഡ്​ റൂട്ടിങ് രീതികളുടെ തെരഞ്ഞെടുപ്പ്.
4) ഫിനൈറ്റ് ഡിഫറൻസ് രീതി പോലെയുള്ള ഫൈൻ ഗ്രിഡ് കമ്പ്യൂട്ടേഷനുകൾക്കുള്ള പദ്ധതികൾ തെരഞ്ഞെടുക്കുക.
5) Courant –Friedrich Lewy number (CFL) മാനദണ്ഡം കൂട്ടിച്ചേർക്കുക.
6) പുഴയുടെ മുകളിലത്തെ ഭാഗത്തിനും താഴെയുള്ള ഭാഗത്തിനും അതിർത്തികൾ നിശ്ചയിക്കുക.
7) വികസിപ്പിച്ച മോഡലിനെ ഡിസ്‌ക്രിറ്റൈസ് ചെയ്യുക (discretization).
8) മോഡൽ വെരിഫിക്കേഷൻ.
9) മോഡൽ കാലിബ്രേഷൻ & വാലിഡേഷൻ.
10) വ്യത്യസ്ത കേസ് സ്റ്റഡികളെ ഉൾപ്പെടുത്തൽ.

തമിഴ്നാട്ടിൽ നിന്നുള്ള പാഠങ്ങൾ

നിരവധി ദേശീയ സംസ്ഥാന സ്ഥാപനങ്ങളുടെ സഹായത്തോടെ തമിഴ്നാട് സർക്കാർ ചെന്നൈ പ്രളയ മുന്നറിയിപ്പ് സംവിധാനം (Chennai Flood Warning System- CFLOWS) രൂപീകരിച്ചിട്ടുണ്ട്. അതനുസരിച്ച്​, തമിഴ്നാട്ടിലെ ഗ്രാമങ്ങൾക്കും വാർഡുകൾക്കും തൊട്ടടുത്തുള്ള പുഴകൾക്കും ജലാശയങ്ങൾക്കുമായി പ്രളയത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്നു. ആ സംവിധാനത്തിലൂടെ ഒരു ഗ്രാമത്തിന്റെ വിവരങ്ങൾ ലഭ്യമാകും. ജനസംഖ്യാ സവിശേഷത, ഭൗമോപരിതലത്തിന്റെ ഉപയോഗവും സവിശേഷതകളും, റോഡുകൾ, പുഴകൾ, ബാതിമെട്രിക് വിവരങ്ങൾ, ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഇതിലുണ്ടാകും. കൂടാതെ, അതാത് സമയത്തുള്ള അന്തരീക്ഷ താപവും, മഴയും ഈർപ്പവും, കാറ്റിന്റെ വേഗതയും ഗതിയും സംബന്ധിച്ച വിവരങ്ങൾ നൽകാനും കഴിയും. പലതരത്തിലുള്ള പ്രളയങ്ങളുടെയും വെള്ളപ്പൊക്കത്തിന്റെയും വ്യാപ്തി കണ്ടെത്താനുള്ള സാധ്യതയും അതിലുണ്ട്. ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (ജി.ഐ.എസ്) സപ്പോർട്ട് സിസ്റ്റവുമായുള്ള ന്യൂമറിക്കൽ മോഡലിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. യഥാസമയത്തുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും ഇതിലൂടെ ലഭ്യമാകും, കൂടാതെ പ്രശ്നപരിഹാരത്തിനും പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്താനുമുള്ള എളുപ്പ മാർഗ്ഗങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ഉണ്ടാകും.

സമാനമായി, കേരള പ്രളയ മുന്നറിയിപ്പ് സംവിധാനം (Kerala Flood Warning System- KFLOWS) ബന്ധപ്പെട്ട അധികൃതരെയും ഘടകങ്ങളെയും കൂട്ടിയിണക്കി ആരംഭിക്കണം. അന്തരീക്ഷ താപനില, മഴ, അന്തരീക്ഷത്തിലെ ഈർപ്പം, കാറ്റിന്റെ വേഗത, ഗതി എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ അടങ്ങിയതായിരിക്കണം പ്രളയ മുന്നറിയിപ്പ് സംവിധാനം. അതാത് സമയത്തെ മോഡലിങ് അപ്ലിക്കേഷനിലൂടെ ഒഴുക്കിന്റെ ത്രിമാന ചിത്രീകരണവും, അടിയന്തര വിജ്ഞാപനങ്ങളോടുകൂടിയ കാര്യക്ഷമമായ ഡിസിഷൻ സപ്പോർട്ട് സിസ്റ്റവും വികസിപ്പിക്കണം. പിന്നീട് അത് മൊബൈൽ ആപ്ലിക്കേഷൻ ടെക്നോളജിയിലേക്ക് ചേർക്കണം.

പോരായ്മകൾ

ഫല​പ്രദമല്ലാത്ത ഫണ്ടിങ് ഏജൻസികൾ: ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം, സാങ്കേതികവിദ്യകളുടെ വികാസം എന്നിവക്കൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഔന്നത്യം വളരെ മുകളിലാണ്. ശാസ്​ത്രഗവേഷണത്തിന്റെയും വികാസത്തിന്റെയും മേഖലയിൽ മുന്നോട്ടുവരാനാഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട്. ഇത്തരം ചെലവേറിയ ഗവേഷണങ്ങൾ നടത്താൻ അവർ തയ്യാറുമാണ്. എന്നാൽ, അതിനുള്ള ഫണ്ടിങ് തുച്ഛമാണ്​, അത്​ അവരെ പ്രചോദിപ്പിക്കാൻ പോന്നതുമല്ല. ഇത്തരത്തിലുള്ള ഒരു പ്രൊജക്ടിന്റെ ആകെ ചെലവ് ഒരു കോടിയോളം രൂപ വരും. കേരള സർക്കാരിനുകീഴിലുള്ള ഒരു പ്രമുഖ ഫണ്ടിങ് ഏജൻസി ഇതിന് പരമാവധി 30 ലക്ഷം വരെയാണ് നൽകുന്നത്, അത് ആവശ്യമുള്ള തുകയിൽനിന്ന്​ വളരെ കുറവാണ്. ഇത്രയും പണം കൊണ്ട് ജി.പി.എസ്, എക്കോ സൗണ്ടർ, മത്​ലബ്​, ജി.ഐ.എസ്, ന്യൂമറിക്കൽ മോഡലുകൾ തുടങ്ങി പല ഉപകരണങ്ങളും വാങ്ങാനാകില്ല. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ, ദേശീയ- സംസ്ഥാന തലങ്ങളിലുള്ള സ്ഥാപനങ്ങളുമായി ചേർന്നുള്ള ഗവേഷണങ്ങളാണ് നടക്കേണ്ടത്.

മാത്രമല്ല, കേരളത്തിലെ പല ഏജൻസികളും ഫണ്ട് ചെയ്ത പ്രൊജക്ടുകളിൽ വിവരശേഖരണം നടത്തുന്നത് സ്റ്റാന്റേഡ് പ്രോ​ട്ടോക്കോളോ മാനദണ്ഡങ്ങളോ അനുസരിച്ചല്ല, അതിനാൽ ശേഖരിക്കപ്പെട്ട വിവരങ്ങൾ വീണ്ടും ഉപയോഗിക്കാൻ പറ്റാതായിത്തീരുന്നു. ഇങ്ങനെ ശേഖരിക്കപ്പെട്ട വിവരങ്ങളും അതിന്റെ അവലോകനങ്ങളും ഫലങ്ങളും ഒന്നും ഡിജിറ്റൽ രൂപത്തിലല്ല സൂക്ഷിച്ചിരിക്കുന്നത്. തീസിസിന്റെയും ശാസ്ത്രീയറിപ്പോർട്ടുകളുടെയും സംഗ്രഹങ്ങളുടെയും രൂപത്തിൽ ഹാർഡ് കോപ്പികളായാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനാൽ വിവരങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. കേരളത്തിനാവശ്യമായ വിവരങ്ങൾ കൃത്യമായ മാനദണ്ഡത്തിന്റെയും ശരിയായ പാരമീറ്ററൈസേഷൻ അവസ്ഥകളുടെയും അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഒരൊറ്റ പ്രൊജക്ടിലൂടെ ലഭ്യമാകണം. ഭാവിയിൽ ഉപയോഗിക്കുന്നതിനായുള്ള വിവരങ്ങൾ രൂപീകരിക്കുന്നതിന്​ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന്​ ഗവേഷകർ പ്രൊജക്ട് തുടങ്ങണം.

സമുദ്രവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ മുന്നറിയിപ്പിന് പ്രാധാന്യം നൽകി മുഴുവൻ സമയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാനുള്ള ആവശ്യകത വെളിപ്പെടുത്തപ്പെട്ടത് ഓഖി കൊടുങ്കാറ്റ് വന്നശേഷമാണ്. കൊടുങ്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകാനുള്ള കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങാനുള്ള ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പരിശ്രമം സ്വാഗതാർഹമാണ്​. എന്നിരുന്നാലും, വിവിധതരം പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് കേരളത്തിൽ ഇതിനുമാത്രമായി ഒരു റിസർച്ച് ആൻറ്​ ഡവലപ്മെൻറ്​ ഇൻസ്റ്റിറ്റ്യൂട്ട് ഇല്ല. സമുദ്രപഠനവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ സംഭാവനകൾ നൽകുന്ന തരത്തിൽ ഊർജസ്വലമായ ഗവേഷണങ്ങൾ നടത്താൻ സെന്റർ ഫോർ ഏർത്ത് സയൻസസ് ഡിവിഷന്റെ (CESS) മെറൈൻ സയൻസസ് ഡിവിഷന് (MSD) കഴിഞ്ഞിരുന്നു. പക്ഷേ, ആ സ്ഥാപനത്തെ ഇപ്പോൾ ഇന്ത്യൻ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ മുൻഗണനാക്രമങ്ങളെല്ലാം മാറിയിരിക്കുകയുമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗോവയും തീർത്തും അക്കാദമികമായ ഗവേഷണങ്ങളിൽ ഒതുങ്ങുന്നവയാണ്. ഒരു മുന്നറിയിപ്പ് കേന്ദ്രത്തിന്റെ രൂപത്തിൽ സവിശേഷമായ ഒരു ഡിസാസ്റ്റർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളം നേരിടുന്ന അഭാവം.

സ്ഥാപിതമായതുമുതൽ ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മികച്ച നിർദേശങ്ങളും സമുദ്രകാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവചനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥാപനത്തിന്റെ ശക്തിയായി പ്രവർത്തിക്കുന്നത് മലയാളി ശാസ്ത്രജ്ഞരാണ്. കേരളത്തിനുപുറത്തുള്ള സ്ഥാപനങ്ങളെയാണ് ദുരന്തസാഹചര്യങ്ങളിൽ മുന്നറിയിപ്പിനായി കേരളം ആശ്രയിക്കുന്നത്. അവിടെ പറയുന്ന കാര്യങ്ങൾ പകർത്തി ആശയവിനിമയം നടത്തുക മാത്രമാണ് കേരളം ചെയ്യുന്നത്.

ഇത്തരം ഗവേഷണങ്ങൾ നടത്തുന്ന പ്രമുഖ ദേശീയ സ്ഥാപനങ്ങളുടെ ശാഖകൾ കേരളത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാരും മാധ്യമങ്ങളും അധികൃതരും ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ ആവശ്യം നിറവേറ്റാൻ വേണ്ടി മാത്രമായും സംസ്​ഥാനത്തിനുവേണ്ടിയുള്ള പ്രത്യേക മുന്നറിയിപ്പ് കേന്ദ്രമായി പ്രവർത്തിക്കാനും അത്​ അനിവാര്യമാണ്​. പ്രകൃതി ദുരന്തങ്ങളെ ഗ്രൂപ്പ് തിരിക്കുകയും ശാസ്ത്രജ്ഞരും വിഷയവിദഗ്ധരും പുതിയ ഗവേഷകരും അടങ്ങുന്ന ഒരു സംഘത്തെ സംസ്ഥാന സർക്കാരിനുകീഴിൽ എത്രയും പെട്ടെന്ന് നിയമിക്കുകയും വേണം. ▮

റഫറൻസ്​:
പണം പാഴാക്കാൻ വേണ്ടിമാത്രം ഒരുദുരന്ത നിവാരണ അതോറിറ്റി എന്തിനെന്ന്​ ഗണേഷ്​കുമാർ, Manorama News -2018, August 29, K. B Ganeshkumar [Video file], Retrieved from https://www.youtube.com/watch?v=D.Mujumdar, P. P. (2001), Flood wave propagation, Resonance, Pages 66-73.​Rajat, Pandey, Vivek Kumar, Rakesh Deo Pandey (2018)- Analysis of Flood routing in Channels. International Journal of Engineering Development and Research, Vol.6, No1:11-18.

(വിവർത്തനം: നീതു ദാസ്​)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സജിത്​ബാബു എസ്​.

ഗവേഷകൻ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഭൗതികശാസ്ത്ര വിഭാഗം അദ്ധ്യാപകൻ.

ഡോ. പ്രവീൺ സാകല്യ

സുനാമി - പ്രളയ ഗവേഷകൻ. കോഴഞ്ചേരി സെൻറ്​ തോമസ് കോളേജിലെ ഫിസികസ് വിഭാഗം മേധാവി. ചെന്നൈയിലെ ദേശീയ തീരദേശ ഗവേഷണ കേന്ദ്രത്തിലും ഐ.ഐ.ടി ഡൽഹിയിലെ അറ്റ്മോസ്​ഫിയറിക്​ സയൻസ് വിഭാഗത്തിലും പ്രോജക്ട് ശാസ്ത്രജ്ഞനായും, തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെലോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments