തൊഴിലാളിയാണ്,
മലയാളിയല്ല,
‘അന്യ’ദേശക്കാരനുമാണ്.
കേരളത്തിലെ ആദ്യത്തെ ആൾക്കൂട്ടക്കൊലയാണ്.
വംശീയത, വർഗീയത തുടങ്ങിയവ മനുഷ്യൻ മാറിനടക്കേണ്ട വഴിയിലേക്ക് തിരികെ കാലുറപ്പിക്കുന്ന പ്രാകൃതത്വം നിറഞ്ഞ ശ്രമം കൂടിയാണിത്.
തൊഴിലാളിയാണ്,
മലയാളിയല്ല,
‘അന്യ’ഭാഷക്കാരനുമാണ്;
കഴിഞ്ഞദിവസം ഛത്തീസ്ഗഢുകാരനായ രാം നാരായണൻ ബെഗലിൻ്റെ കൊലക്കുശേഷമുള്ള കേരളത്തിൻ്റെ പൊതുവികാരം ഇതായിരിക്കാം. പൊതുസമൂഹം തിരിഞ്ഞുനോക്കാത്ത സംഭവം. സമൂഹത്തെ പിടിച്ചുകുലുക്കേണ്ട അതീവഗൗരവമുള്ള ഒരു കാര്യമാണെങ്കിലും.
വ്യവസ്ഥാപിതവും അല്ലാത്തതുമായ ഒരു സംഘടനയും പാലക്കാട്ടെ ആൾക്കൂട്ടക്കൊലക്കെതിരെ രംഗത്ത് വന്നില്ല എന്നത് അലോസരപ്പെടുത്തുന്നത്, നിരാശയിലാഴ്ത്തുന്നത്.
വ്യവസ്ഥാപിതവും അല്ലാത്തതുമായ ഒരു സംഘടനയും ഇതിൽ രംഗത്ത് വന്നില്ല എന്നത് അലോസരപ്പെടുത്തുന്നത്, നിരാശയിലാഴ്ത്തുന്നത്. എന്നെ ഇത്രമേൽ അലട്ടിയ സംഭവം അടുത്ത കാലത്തൊന്നും ഇല്ല.
ഛത്തീസ്ഗഢ് കർഹി സ്വദേശിയായ ഗോത്രവർഗ്ഗക്കാരൻ 39- കാരനായ രാം നാരായണൻ ബെഗലിൻ്റെ ജീവനെ പത്തോളം വരുന്ന മലയാളീസംഘം ക്രൂരപീഢ കൊണ്ട് അണുവണുവായി കവർന്നെടുക്കുകയായിരുന്നു. കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്, തല്ലിത്തല്ലി നിർജീവമാക്കിയ പാമ്പിനെ വാലിൽ തട്ടിയും തടവിയും ജീവൻ വെപ്പിക്കും, വീണ്ടും തലക്കുതന്നെ തല്ലും. രക്തദർശന കൗതുകം മടുക്കുന്നതുവരെ മനുഷ്യരുടെ ഈ കലാപരിപാടി തുടരും. വാളയാർ കൊലയുടെ വീഡിയോ കണ്ടപ്പോൾ ഈ ഓർമ്മ തികട്ടിവന്നു.
READ: രാം നാരായണിനെ
തല്ലിക്കൊന്ന
‘കുടിയേറ്റ സൗഹൃദ
കേരള’ത്തെക്കുറിച്ച്,
പേടിയോടെ…
രാം നാരായൺ, ഹിന്ദുത്വ വർഗീയതയുടെയും
മലയാളിയുടെ വംശീയതയുടെയും ഇര
എത്രയോ കാലം മുമ്പേ ജീവിതത്തിനും അതിജീവനത്തിനും വേണ്ടി ഭാഷ, സംസ്കാരം തുടങ്ങിയ വ്യത്യാസം കൂസാതെ ലോകമാസകലം തെണ്ടിത്തിരിഞ്ഞ മലയാളിയുടെ കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതും ചിന്തിക്കേണ്ടത്.
നമ്മൾ പുലർത്തുന്ന മൗനം തുടരുകയാണെങ്കിൽ ഇത്തരം സംഭവങ്ങളെ ജനകീയ പരിപാടിയാക്കി മാറ്റി വരുംകാലങ്ങൾ കൊണ്ടാടാനും സാദ്ധ്യതയുണ്ട്.
അട്ടപ്പാടി മധുവിൽ നിന്ന് തുടങ്ങാവുന്നതാണ്.
അത്രമേൽ രാഷ്ടീയം വെടിയാൻ വെമ്പുന്ന മാനസികാവസ്ഥ പെരുകുന്ന മദ്ധ്യവർഗ്ഗക്കാരുടെ കാലം കൂടിയാണിത്. വിജ്ഞാനത്തിലും മതനിരപേക്ഷതയിലും മനുഷ്യരുടെ ഗ്രാമീണമായ ഒത്തൊരുമയിലും ഊന്നിയ പ്രാചീനമായ സംഘകാല മഹത്വത്തിൻ്റെ കീഴ്മേൽ മറിച്ചിലാണ് അന്ധകാരത്തെ വരിക്കുന്ന പുതിയ 'സംഘ'കാലസ്വഭാവം. അറിവിന് പകരം പാമരത്വം, വെളിച്ചത്തിന് പകരം അന്ധത. രാഷ്ടീയത്തിനുപകരം അരാഷ്ടീയത.
സംഭവത്തിൻ്റെ തുടക്കവും തുടർച്ചയും ഇങ്ങനെയാണ്.
2025 ഡിസംബർ 18 ന് നടക്കാൻ പാടില്ലാത്ത അനുവദിക്കാൻ പറ്റാത്തത് നമ്മുടെ നാട്ടിൽ സംഭവിക്കുന്നു, അതിർത്തി ഗ്രാമമായ വാളയാറിൽ. സംഭവത്തിൽ ഒരു പ്രതികരണവും പ്രതിഷേധവുമില്ലാതെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോലീസ് മുൻകയ്യിൽ കൊണ്ടുവരുന്നു.

സ്വച്ഛന്ദസുന്ദരം കേരളം എന്ന് ആരും പാടിപ്പോകുന്ന അവസ്ഥ, ആർക്കും ഒരു പ്രതിഷേധവുമില്ല, സോഷ്യൽ മീഡിയയിലെ സ്വയംസംരക്ഷിത പ്രതികരണങ്ങളല്ലാതെ. മൃതദേഹത്തോടൊപ്പം തൊഴിലാളികളായ രണ്ട് ബന്ധുക്കളും കൂടെയുണ്ട്. ആംബുലൻസ് വാടക തുടങ്ങിയ ചെലവുകൾ തൊഴിലാളികളായ ഈ ബന്ധുക്കളിൽ നിന്നും പോലീസ് വസൂലാക്കുന്നു. പേരിന് കേസെടുത്ത് എല്ലാം സമാധാനത്തോടെ തീർക്കാൻ പോലീസ് തുടക്കത്തിൽത്തന്നെ തിടുക്കം കാട്ടുന്നു.
ഇതിനിടെ വംശീയതയുടേയൊ വർഗ്ഗീയതയുടേയൊ മൂർച്ഛയിൽ പ്രതികൾ തയ്യാറാക്കിയ പീഢനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു. മലയാളികൾക്ക് 1950- കൾ മുതലേ ആത്മബന്ധം സ്ഥാപിച്ച സ്ഥലമാണ് പഴയ മദ്ധ്യപ്രദേശമായ ഛത്തീസ്ഗഡ്. ഭിലായ് സ്റ്റീൽ പ്ലാൻ്റ് സ്ഥാപിച്ചതോടെയാണ് തൊഴിലവസരങ്ങളുടെ വലിയ സാദ്ധ്യത അവിടെ വരുന്നത്. എം.കെ. നായർ സ്ഥാപനത്തിൻ്റെ തലപ്പത്തുണ്ടായിരുന്നതുകൊണ്ട് മലയാളികൾക്കത് ശുഭദശയാവുകയും ചെയ്തു. സ്റ്റീൽ വ്യവസായത്തോടനുബന്ധമായ വിപുലമായ തൊഴിൽമേഖലയും മലയാളീനിബിഢമായിത്തീർന്നു. സമ്പന്നമായ മലയാളി സെറ്റിൽമെൻ്റുകൾ ധാരാളമായി അവിടെ ഇന്നും നിലനിൽക്കുന്നുണ്ട്.
അപരിചിതമായ തൃശൂർ മെഡിക്കൽ കോളേജിലെ മോർച്ചറിക്ക് മുന്നിലിരുന്ന് അബ്ദുൾ ജബ്ബാർ എന്ന വയനാട്ടുകാരൻ പലരേയും ബന്ധപ്പെടുന്നു, കേരളത്തിനകത്തും പുറത്തുമുള്ള പൗരാവകാശ പ്രവർത്തകരെ. ഉറങ്ങാതെ രാപ്പകൽ പ്രവർത്തനമെന്ന് പറയാം.
വാളയാർ സംഭവം അറിഞ്ഞതിൽപ്പിന്നെ ലജ്ജകൊണ്ട് തല കുനിഞ്ഞുപോകുന്നതായി അമ്പതു വർഷത്തെ ഛത്തീസ്ഗഢ് അനുഭവത്തെ മുൻനിർത്തി തൃശൂർ കാഞ്ഞാണി സ്വദേശി സഹദേവൻ. ആ ദേശവുമായി അത്രയേറെ അലിഞ്ഞുചേർന്നതാണ് മലയാളി സമൂഹം. അന്യനാട്ടിൽ അത്രയേറെ സ്വീകാര്യത ലഭിച്ചവരാണ് മലയാളികൾ.
അബ്ദുൾ ജബ്ബാർ എന്ന വയനാട്ടുകാരൻ ഈ വീഡിയോ എറണാകുളത്തിരുന്ന് കാണുന്നതോടെയാണ് ഒരു സാമൂഹ്യപ്രശ്നമായി വാളയാർ സംഭവം വളരുന്നത്. വീഡിയോ കണ്ടയുടൻ ഐ ടി ബിസിനസുകാരനായ ജബ്ബാർ തൃശൂർക്ക് കുതിക്കുന്നു, മെഡിക്കൽ കോളേജിൽ എത്തുന്നു. മലപ്പുറത്തെ കോട്ടക്കലിൽ സാമൂഹ്യപ്രശ്നങ്ങളിൽ ജബ്ബാർ സജീവമായിരുന്നു, ഇടതുപക്ഷവുമായിരുന്നു.

പാലക്കാട്ടെ ഒരു പോലീസ് വണ്ടിയും മൂന്ന് പോലീസുകാരും രാം നാരായണൻ്റെ രണ്ട് ബന്ധുക്കളും ഒഴികെ മോർച്ചറിക്കു മുന്നിൽ മറ്റാരുമില്ല. പോലീസാണെങ്കിൽ കേസ് തീർപ്പാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള തിരക്കിലുമായിരുന്നു. ഒരു ഗുലുമാൽ എന്ന നിലയിൽ എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള അതീവമായ വ്യഗ്രതയിലും. തനിച്ചാണെങ്കിലും ജബ്ബാർ പോലീസിൻ്റെ ഓരോ പ്രയോഗത്തിലും ഇടപെട്ടുകൊണ്ടിരുന്നു. ജബ്ബാറിൻ്റെ സാന്നിദ്ധ്യവും ഇടപെടലും പോലീസിന് രുചിക്കുന്നില്ല. പലപ്പോഴും അയാളോട് അവർ തട്ടിക്കയർക്കുകയും ചെയ്തു, നിങ്ങൾക്കിതിൽ എന്താ കാര്യം എന്ന മട്ടിൽ.
ജബ്ബാറിനിതിൽ കാര്യമുണ്ട്, വലിയ കാര്യം. അത് ആൾക്കൂട്ടക്കൊലയുടെ മറ്റൊരനുഭവമാണ്. 2025 ഏപ്രിൽ 27 ന് മംഗലാപുരത്തെ കുടുപ്പു എന്ന സ്ഥലത്ത് സംഘപരിവാർ നടത്തിയത്. മലയാളിയായ മുഹമ്മദ് അഷറഫ് എന്ന മുപ്പത്തെട്ടുകാരനെ കൊല ചെയ്യുന്നു. കാരണം അജ്ഞാതം. പഗൽഗാം സംഭവത്തിന് തൊട്ടടുത്ത ദിവസമായതിനാൽ ആ സംഭവുമായി ഇതിനെ ബന്ധിപ്പിച്ചും വായിക്കാവുന്നതാണ്. ബജ്രംഗിദൾ സംഘാടനത്തിൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടക്കാണ് ഇത് സംഭവിക്കുന്നത്.
പരിക്കേറ്റ ശരീരത്തെ അറുപതോളം മീറ്റർ വലിച്ചിഴക്കുകയും മുറിവിൽ മുളകുപൊടി വിതറുകയും, വിവരിക്കാനാവാത്ത ക്രൂരത. രാം നാരായൺ പ്രശ്നത്തിൽ കുതിച്ചെത്തിയ അബ്ദുൾ ജബ്ബാറിൻ്റെ സഹോദരൻ മുഹമ്മദ് അഷറഫ് ആണ് ഈ ക്രൂരകൃത്യത്തിലെ ഇര. സഹോദരൻ്റെ ഈ അനുഭവത്തിനൊപ്പം നിലകൊണ്ടതിൻ്റെ കൊടുംചൂട് ആറുംമുമ്പേയാണ് വാളയാറിലെ സംഭവം മുന്നിലെത്തുന്നത്. ജബ്ബാറിൻ്റെ രംഗപ്രവേശം ആക്ടിവിസത്തിൻ്റെ വെറും എടുത്തുചാട്ടമായിരുന്നില്ല. സഹോദരൻ്റെ കാര്യത്തിൽ സംഭവിച്ച നിയമപരമായ പിഴവുകൾ രാംനാരായണൻ്റെ കാര്യത്തിൽ സംഭവിക്കാൻ പാടില്ല എന്ന സാമൂഹ്യജാഗ്രതയായിരുന്നു അത്.
അപരിചിതമായ തൃശൂർ മെഡിക്കൽ കോളേജിലെ മോർച്ചറിക്ക് മുന്നിലിരുന്ന് ജബ്ബാർ പലരേയും ബന്ധപ്പെടുന്നു, കേരളത്തിനകത്തും പുറത്തുമുള്ള പൗരാവകാശ പ്രവർത്തകരെ. ഉറങ്ങാതെ രാപ്പകൽ പ്രവർത്തനമെന്ന് പറയാം.
ബന്ധപ്പെട്ടവരിൽ കോഴിക്കോട്ടെ മറുവാക്ക് പത്രാധിപ അംബികയും തൃശൂരിലെ സാമൂഹ്യപ്രവർത്തകരായ എ.എം. ഗഫൂറും ഗീതടീച്ചറും സമയം പാഴാക്കാതെ മെഡിക്കൽ കോളേജിലെത്തുന്നു. അവർക്കുപുറമെ മുപ്പതോളം പേർ സേവനസന്നദ്ധമായി പിറകെ എത്തുന്നു. ഈ ചെറുസംഘം ഈ പ്രശ്നത്തോടൊപ്പം നിന്ന് രാപ്പകൽ നടത്തിയ സംഘാടനവും മുന്നേറ്റവും വരും രാഷ്ടീയത്തിൻ്റെ പ്രതീക്ഷകളാണ്.
പോലീസ് ഭാഷ്യത്തിൽ 'പാക്ക് ചെയ്ത് പാർസൽ' ചെയ്യാൻ പുറത്തെടുത്ത മൃതദേഹം മോർച്ചറിയിലേക്ക് തന്നെ ഈ സംഘത്തിൻ്റെ നിർബ്ബന്ധപ്രകാരം തിരിച്ചയക്കുന്നു. ഒരു ആക്ഷൻ കൗൺസിലിൻ്റെ സ്വഭാവത്തിലേക്ക് ഈ സംഘം വികസിക്കുന്നു. ജനശ്രദ്ധക്ക് കെ. സഹദേവൻ, ടി .ആർ. രമേശ്, പി. എൻ. പ്രൊവിൻ്റ്, കെ. ശിവരാമൻ എന്നിവരുടെ മുൻകൈയിൽ നഗരത്തിൽ പ്രതിഷേധയോഗം നടത്തി. കേസ് സാധാരണ സംഭവമായി മാറ്റാനുള്ള പോലീസ് ശ്രമം പരാജയപ്പെടുന്നു.

പോലീസിന് പിറകെ സമവായവുമായി ആർ ഡി ഒ യും സബ് കളക്ടറും രംഗത്തുവരുന്നു. സമവായവും ഒത്തുതീർപ്പും അവരും മുന്നോട്ടുവെക്കുന്നു. മൂന്ന് ട്രെയിനുകൾ കയറിയിറങ്ങി ഛത്തീസ്ഗഢിൽ നിന്ന് രാം നാരായണൻ്റെ ഭാര്യയും രണ്ട് കുട്ടികളും അടുത്ത ബന്ധുക്കളുമെത്തുന്നു. നിയമപരമായും അല്ലാതെയും അർഹിക്കുന്നത് കിട്ടാതെ പിന്മാറില്ലെന്ന് കുടുംബക്കാരേയും കൂട്ടി അവിടെ കൂടിയവർ കട്ടായം പറഞ്ഞു. ഉദ്യോഗസ്ഥരുടെ വാക്കിൽ വീണ് പിഴവ് പറ്റാതിരിക്കാൻ ആ രാത്രി മുഴുവൻ മോർച്ചറിക്ക് മുന്നിൽ രാം നാരായണൻ്റെ ബന്ധുക്കൾക്കൊപ്പം എല്ലാവരും ഉറക്കമൊഴിക്കുന്നു.
2018 ലെ തെഹ്സീൻ. എസ്.പൂനാവാല v/s യൂണിയൻ ഗവണ്മെൻ്റ് കേസിലെ ഗൈഡ് ലൈൻ പ്രകാരം ആൾക്കൂട്ടക്കൊലക്ക് കേസെടുക്കണമെന്നും ദലിത് പീഡനം അതിൽ മറ്റൊരു വകുപ്പായി ഉൾപ്പെടുത്തണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മൃതദേഹം അടക്കം ഛത്തീസ്ഘഢിലേക്കുള്ള എല്ലാവരുടേയും യാത്രാച്ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള ആവശ്യത്തിൽ എല്ലാവരും ഉറച്ചുനിന്നു.
വ്യവസ്ഥ അതിഭീകരമായ ഒരു നീരാളിയാണ്, അതിൻ്റെ ആഭിജാത്യത്തിലും സ്വീകാര്യതയിലും മനുഷ്യർ വീണുപോകാനുള്ള സാദ്ധ്യത വളരെയാണ്. രാം നാരായണൻ്റെ ആളുകൾക്കും ക്രമേണ അത് ബോദ്ധ്യമായി. പരമാവധി നീതിക്ക് വേണ്ടി നിലകൊള്ളാൻ മറ്റുള്ളവർക്കൊപ്പമായി. അതോടെ വ്യവസ്ഥ പത്തിമടക്കി.
ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അടുത്ത ദിവസം റവന്യുമന്ത്രി കെ. രാജൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ അംഗീകരിച്ചു. കാറ്റും തിരയുമില്ലാതെ മൂടിപ്പോകേണ്ട ഒരു സംഭവത്തെ സമഗ്രമായി ഉയർത്തിപ്പിടിച്ച് പൊതുജനമദ്ധ്യത്തിൽ അവതരിപ്പിച്ച ഒരുകൂട്ടം ജൈവമനുഷ്യർക്കുള്ളതാണ് ഈ സമരത്തിൻ്റെ അഭിവാദ്യങ്ങൾ.
അംബിക പറയുന്നു, ഇത്തരം സംഭവങ്ങളിൽ പൊതുജനജാഗ്രത നിർണായകമാണ് ഇന്നത്തെ രാജ്യത്തിൻ്റെ ആസുരമായ അവസ്ഥയിൽ പ്രത്യേകിച്ച്.




