മുഖം ധരിക്കുമ്പോൾ

ണിപ്പൂരിലെ കോൺഗ്രസ്സ് നേതാക്കൾ മുഖാവരണം അണിഞ്ഞ് ഗവർണറെ കാണാൻ പോയതിന്റെ ഫോട്ടോ കണ്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ അറിയുന്ന മണിപ്പൂരിന്റെ iconography എത്ര ശഠേന്നാണ് ആഗോളശീലങ്ങളോടൊപ്പം മാറി മറിഞ്ഞത്. മണിപ്പൂരിന്റെ സൈക്കിൾ റിക്ഷാക്കാർ തങ്ങളുടെ ഐഡന്റിറ്റി മറക്കാനായി മുഖാവരണം ധരിക്കാൻ തുടങ്ങിയതിന്റെ പിന്നിൽ ഒരു tribal conflict ന്റെ കഥയുണ്ട്.

മലകളിൽ നാഗ-കുക്കി ആദിവാസികളും തലസ്ഥാനമായ ഇംഫാൽ താഴ്വരയിൽ വൈഷ്ണവ ധർമികളായ മെയ്തികളും ബാഹ്യപ്രകൃതിയേപ്പോലെ തന്നെ വിഘടിച്ച് കഴിയുന്ന ഭൂരിപക്ഷപ്രകൃതിയാണ് മണിപ്പൂരിന്റേത്. താഴ്വരയിൽ മുസ്ലീം ന്യൂനപക്ഷ സാന്നിധ്യവുമുണ്ട്. ഏതാണ്ട് ഇരുപത്തഞ്ച് കൊല്ലങ്ങൾക്കപ്പുറം നാഗന്മാരും കുക്കികളും തമ്മിലുണ്ടായ തീവ്രമായ ethnic conflict ൽ പിടിച്ച് നിൽക്കാനാവാതെ ഇംഫാൽ താഴ്വരയിലേക്ക് കുടിയേറിയ കുക്കിയുവാക്കൾ, താഴ്വരയിലെ കോളേജുകളിൽ ചേർന്ന് തങ്ങളുടെ പഠനം തുടർന്നു.

ഗ്രാമങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് ഇംഫാലിൽ കുടിയേറിയ ഇവർ അന്നന്നത്തെ അപ്പത്തിനായി സൈക്കിൾ റിക്ഷകൾ ഓടിക്കാൻ തുടങ്ങി. അവർ തങ്ങളുടെ മുഖങ്ങൾ ഒരു വലിയ തൂവാലകൊണ്ട് മറയ്ക്കുകയും കണ്ണുകൾ തിരിച്ചറിയാതിരിക്കാൻ കറുത്ത കണ്ണടകൾ ധരിക്കുകയും ചെയ്തു. അന്ന് കണ്ട ഒരു റിക്ഷാക്കാരൻ പറഞ്ഞ രസകരവും നീറ്റുന്നതുമായ ഒരു കഥയുണ്ട്. സ്വന്തം കാമുകിയെ കോളജിൽ നിന്ന് സൈക്കിൾ റിക്ഷയിലിരുത്തി വീട്ടിലെത്തിച്ച് കൂലിമേടിച്ചു. അയാളെ തിരിച്ചറിഞ്ഞതേയില്ല. ഈ കഥ എന്നോട് പറയുമ്പോൾ അയാൾ മുഖാവരണം മാറ്റിയിരുന്നു.

"Wearing the Face' എന്ന സിനിമക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം കിട്ടിയെങ്കിലും ആ സിനിമയിലൂടെ അയാൾ തിരിച്ചറിയപ്പെടുകയും സ്നേഹിത അയാളെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഒരു റിക്ഷാക്കാരന്റേത് അധ:സ്ഥിത ജീവിതമല്ല എന്ന് അഭിനയിക്കുന്നു. ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം പിന്നീട് അയാളെ കണ്ടു. സുവേന്ദു ചാറ്റർജി എന്ന ഫോട്ടോഗ്രാഫർ പതിനെട്ട് വർഷങ്ങൾക്കു മുമ്പ് എടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് ഇതിനൊപ്പം കാണുന്നത്.

മുഖാവരണം അണിഞ്ഞ റിക്ഷാക്കാർ എല്ലാവരും ബിരുദത്തിന് പഠിക്കുന്നവരോ ബിരുദധാരികളോ ആണെന്ന ഒരു പൊതുബോധവും അന്ന് ഇംഫാലിൽ നിലനിന്നിരുന്നു. അവരോട് എല്ലാവരും ഒരുതരം സ്നേഹക്കൂറോടെയാണ് പെരുമാറിയിരുന്നത്. പൊലീസും പട്ടാളവും ഒഴികെ. പയ്യെപ്പയ്യെ മുഖാവരണം അണിയുക എന്നത് റിക്ഷാപ്പണിയുടെ യൂണിഫോം പോലെയായി. ഒരു തോർത്തും കൂളിങ് ഗ്ലാസും വെച്ചാൽ ബിരുദവും സഹതാപ തരംഗവും ഏതാണ്ട് ഉറപ്പിക്കാം. യാത്രക്കാർ വിലപേശുകയുമില്ല. അഥവാ കൂലിത്തർക്കമില്ലാതെ കൈവരുന്ന നോട്ടക്കൂലി. ഒരു കാവ്യഭംഗിക്ക് വേണ്ടി ആ സിനിമക്ക് "മുഖം ധരിക്കുമ്പോൾ' എന്ന് പേരിട്ടു.

ഇന്നിപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുഖാവരണം ധരിക്കാത്ത ഒരു രാഷ്ട്രീയ നേതാവായി സ്വയം വിക്ഷേപിക്കുമ്പോഴും അടിമ വ്യവസായത്തിലൂടെ നേടിയെടുത്ത അടിസ്ഥാന മൂലധനം ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിക്കാടുകളിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് വർണവിവേചനത്തിനെതിരായി അവിടെ നടക്കുന്ന വലിയ പ്രക്ഷോഭങ്ങൾ നമ്മെ വല്ലാതെ ഓർമ്മപ്പെടുത്തുന്നുണ്ട്. പൊതുജനാരോഗ്യം പൊതുമേഖലയിലുള്ള ക്യൂബ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ കോവിഡിനെ ഫലപ്രദമായി നേരിട്ടത് അവിടുത്തെ നേതാക്കളുടെ ധീരോദാത്ത ടെലിവിഷൻ ഉഡായിപ്പുകൾ കൊണ്ടല്ല, എന്നതും നമ്മോട് ചില ഹോം വർക്കുകൾ ആവശ്യപ്പെടുന്നുണ്ട്.

കോവിഡാനന്തരം ലോകം അതിന്റെ വിശപ്പടക്കുന്നത് ഇത്തരം കൂടുതൽ ജനകീയമായ പാഠങ്ങൾ ഭക്ഷിച്ചിട്ടാണോ, അതോ ജനങ്ങളെത്തന്നെ മൊത്തം അടക്കിവാണ് സകലമാന തുറസ്സുകളെയും ആഹരിച്ചിട്ടാണോ എന്ന ആലോചനയിൽ മനസ്സുകൾ രണ്ട് തട്ടിലാണ്. അതിനാൽ ചരിത്രം ധരിക്കാൻ പോകുന്നത് മുഖമാണോ അതോ മുഖംമൂടിയാണോ എന്ന് അടുത്തരംഗത്തിന് കർട്ടൻ പൊങ്ങുന്നതോടെ അറിയാൻ കഴിയേണ്ടതാണ്.
ക്ലാസിക് ഫോട്ടോഗ്രാഫറായ Henri Cartier Bresson ഒരിക്കൽപ്പറഞ്ഞത് "There are no new ideas in the world. There are only new arrangements of things' എന്നാണ്.

ജോഷി ജോസഫിന്റെ മറ്റ് ലേഖനങ്ങൾ:

ദൃശ്യം അദൃശ്യം

ഈ കാലത്ത്?(ഏതു കാലത്തും) ഒരു സംവിധായകൻ ചെയ്യേണ്ടത്

Comments