ആൾക്കൂട്ട കൊലയ്ക്കും മാധ്യമ വിചാരണക്കും
ഇടയിലെ കുടിയേറ്റ തൊഴിലാളികൾ

സമീപകാലത്ത് പ്രബലമായി വരുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പ്രത്യയശാസ്ത്രം, ഇന്ന് കേരളത്തിൽ പ്രയോഗിക്കപ്പെടുന്നത് കുടിയേറ്റ തൊഴിലാളികൾക്കെതിരായാണ്. മുഖ്യധാരാ മാധ്യമങ്ങൾ കൂടി പ്രതിക്കൂട്ടിലുള്ള ഈ മനുഷ്യവിരുദ്ധതയുടെ ചില സമീപകാല സംഭവങ്ങൾ മുൻനിർത്തി ഒരന്വേഷണം.

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വിദഗ്ധ ഡോ. ജെന്ന ഹെന്നിബ്രൈ എഴുതി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) 2020-ൽ പ്രസിദ്ധീകരിച്ച Quarantined! Xenophobia and migrant workers during the COVID-19 pandemic എന്ന പുസ്തകത്തിൽ, അന്താരാഷ്ട്ര തലത്തിൽ പല മേഖലകളിലും പ്രദേശങ്ങളിലും വ്യത്യസ്ത രീതികളിൽ കുടിയേറ്റ തൊഴിലാളികൾ സാമൂഹിക ബഹിഷ്‌കരണവും മതവിദ്വേഷവും അടക്കമുള്ള കൊടും വിവേചനം അനുഭവിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കുടിയേറ്റ വിരുദ്ധ പ്രവണതകളുടെ സ്വാധീനമായാണ് അവർ ഇതിനെ വിലയിരുത്തുന്നത്.
ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും കുടിയേറ്റ തൊഴിലാളികളോടുള്ള വിദ്വേഷം നിറഞ്ഞ സമീപനത്തെക്കുറിച്ച് നിരവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വ്യവസ്ഥാപിത സംവിധാനങ്ങളിൽനിന്ന് മാറ്റിനിർത്തൽ, ശാരീരികമായി പ്രകടമാകുന്ന എതിർപ്പുകൾ, വാക്കാലുള്ള ദുരുപയോഗം, സാമൂഹിക ബഹിഷ്‌കരണം, വിഭവങ്ങളുടെയും സേവനങ്ങളുടെയും നിഷേധം, വിവേചനം, കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ വാചാടോപങ്ങൾ ഉൾപ്പെടെ കുടിയേറ്റക്കാർ വ്യക്തിപരമായും സാമൂഹികമായും ടാർഗറ്റ് ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയ പ്രഭാഷണങ്ങൾ ഇത്തരം കാമ്പയിനുകളുടെ നല്ല ഉദാഹരണമാണ്. കുടിയേറ്റ തൊഴിലാളികൾക്കെതിരായ വംശീയ വിദ്വേഷം ശക്തിപ്പെടുത്തുന്നതിൽ ഉത്തേജക പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണെന്നും ഹെന്നിബ്രൈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സമീപകാലത്ത് പ്രബലമായി വരുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പ്രത്യയശാസ്ത്രം, ഇന്ന് കേരളത്തിൽ പ്രയോഗിക്കപ്പെടുന്നത് കുടിയേറ്റ തൊഴിലാളികൾക്കെതിരായാണ്. 1933-ൽ വിൽഹെം റീച്ച് എഴുതിയ ദി മാസ് സൈക്കോളജി ഓഫ് ഫാഷിസം, ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ മനഃശാസ്ത്രപരമായ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നു. റീച്ചിൻ്റെ വിശകലനത്തിൻ്റെ ഒരു പ്രധാന വശം, ഫാഷിസ്റ്റ് സമൂഹങ്ങൾക്കുള്ളിലെ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള പര്യവേക്ഷണമാണ്. വിൽഹെം റീച്ചിൻ്റെ ആൾക്കൂട്ട അക്രമത്തെക്കുറിച്ചുള്ള സിദ്ധാന്തം വ്യക്തിത്വത്തെ അടിച്ചമർത്തുക, അപരരെ മനുഷ്യത്വരഹിതമായി കാണുക, മനഃശാസ്ത്രപരമായ പ്രൊജക്ഷൻ തുടങ്ങിയ മാനസിക ഘടകങ്ങളുടെ പങ്ക് ഊന്നിപ്പറയുന്നു.
റീച്ചിൻ്റെ അഭിപ്രായത്തിൽ, ഈ ചലനാത്മകത ഫാഷിസ്റ്റ് സമൂഹങ്ങൾക്കുള്ളിൽ അക്രമാസക്തമായ ആൾക്കൂട്ട സ്വഭാവത്തിൻ്റെ രൂപീകരണത്തിനും ശാശ്വതീകരണത്തിനും കാരണമാകുന്നു. അങ്ങനെയെങ്കിൽ നാം ഉൾപ്പെടുന്ന കേരള സമൂഹം ഒരു ഫാഷിസ്റ്റു സമൂഹത്തിന്റെ ചലനാത്മകതക്കൊപ്പമല്ലേ സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വന്നുചേരുന്ന സമൂഹങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ മൂന്നായി തിരിക്കാം- പ്രാഥമികം, ദ്വിതീയം, തൃതീയം.
ജീവനും, ശരീരത്തിനും നേരെയുള്ള ആക്രമണ ഭീഷണിയാണ് പ്രാഥമിക പ്രശ്നം. അവസരങ്ങളുടെയും സേവനങ്ങളുടെയും നിഷേധം, പൊതുസ്ഥലം ഉപയോഗിക്കുന്നതിൽ നിന്നുള്ള അന്യായമായ വിലക്ക് എന്നിവ രണ്ടാമതായി വരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം, നേരിട്ടുള്ളതും അല്ലാത്തതുമായ അധിക്ഷേപം, തരംതാഴ്ത്തൽ ഭീഷണി സൃഷ്ടിക്കൽ എന്നിവ മൂന്നാമതായി വരും.
ഒരു സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട എല്ലാ സമൂഹങ്ങൾക്കും അവർ നേരിടുന്ന സാമൂഹികാനുഭവങ്ങളെ ഈ രീതിയിൽ തന്നെ വർഗീകരിക്കാൻ സാധിക്കുമെന്നതും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

അശോക് ദാസിന്റെ കൊലയും
ആൾക്കൂട്ട മനസും

കുടിയേറ്റ തൊഴിലാളികൾ കേരളീയ സമൂഹത്തിന് പൊതുവായ ഭീഷണിയാണെന്ന തോന്നലുണ്ടാക്കുന്ന മാധ്യമ നിലപാടുകളും അപര വിദ്വേഷം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള മാധ്യമ വ്യവഹാര പ്രവണതകളും മുഖ്യധാരയിൽ പ്രകടമാണ്. നിരുപദ്രവകരമായ തമാശകൾ എന്ന വ്യാജേന കുടിയേറ്റ തൊഴിലാളികളെ മുൻനിർത്തി കഥാപാത്രസൃഷ്ടി നടത്തുന്ന സോഷ്യൽ മീഡിയ റീലുകൾ പലതും അവർക്കെതിരായ സാമൂഹിക വിദ്വേഷ മനഃസ്ഥിതി നിലനിർത്തുന്നതിന് ഏറെ ഒത്താശ ചെയ്യുന്നവയാണ്. വിവിധ താല്പര്യങ്ങൾ ഒത്തുചേർന്ന് നടപ്പിലാക്കുന്ന കായിക ആക്രമണങ്ങൾക്ക് 'പൊതു സാധുത' ലഭിക്കുന്ന സാഹചര്യം കേരളത്തിലും ഇന്ത്യയിലും വ്യാപകമാണെന്ന വസ്തുത മുൻനിർത്തിവേണം, 24 വയസുള്ള അരുണാചൽ പ്രദേശുകാരനായ അശോക് ദാസിന്റെ കൊലപാതകത്തെ നോക്കി കാണാൻ. ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചതിനെതുടർന്നാണ്, മൂവാറ്റുപുഴയിൽവച്ച് കഴിഞ്ഞദിവസം ഈ യുവാവ് കൊല്ലപ്പെട്ടത്. എറണാകുളത്ത് ഒരു ഹോട്ടലിലെ ജീവനക്കാരനും യുറ്റ്യൂബറുമായ അശോക ദാസ് സുഹൃത്തിനെ കണ്ടു മടങ്ങുമ്പോഴാണ്, സംശയത്തിന്റെ പേരിൽ ആൾക്കൂട്ടം വാളകം വില്ലേജിൽ വച്ച് അതിക്രൂരമായി മർദ്ദിച്ചത്.

അശോക് ദാസ്

ആൾക്കൂട്ട ആക്രമണത്തിന് നീതി കൽപ്പിക്കപ്പെടുന്ന ഒരു സമൂഹത്തിനുമുന്നിൽ കുടിയേറ്റ തൊഴിലാളികളെ കൊല്ലുക എന്നത് നീതി നടപ്പാക്കലായിട്ടാണ് പരിഗണിക്കപ്പെടുക. അത്തരമൊരു മാനസിക- സാമൂഹിക വ്യവഹാരത്തിന്റെ ഇര കൂടിയാണ് ഈ യുവാവ്. മാധ്യമങ്ങളിലൂടെ അതിന് സ്ഥിരീകരണം ലഭിക്കുമ്പോൾ, സ്വീകാര്യമായ ഒരു നീതിനടപ്പാക്കലായി ഈ കൊലപാതകം മാറുന്നു. യാഥാർത്ഥത്തിൽ മാധ്യമ നിലപാട് ഇത്തരം കൊലപാതകങ്ങൾക്ക് എങ്ങനെ പ്രചോദനമാകുന്നു എന്നതിന്റെ ഒരു പഠനവിഷയം കൂടിയാകുന്നുണ്ട്, ഈ​ കൊലപാതകം.

36 വയസ്സുള്ള ദലിത് കുടിയേറ്റ തൊഴിലാളിയായ രാജേഷ് മാഞ്ചിയെ 2023 മേയ് 14ന് മലപ്പുറത്തുവച്ച് എട്ടുപേർ ചേർന്നാണ് കൊലപ്പെടുത്തിയത്. കള്ളൻ എന്നാരോപിച്ച് രാജേഷിനെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സമാനമായി തന്നെ അശോകദാസിനെ കെട്ടിയിട്ട് അദ്ദേഹത്തിന്റെ നെഞ്ചിലിടിച്ച് ആനന്ദിക്കുകയായിരുന്നു ആൾക്കൂട്ട കൊലപാതകികൾ.

രാജേഷ് മാഞ്ചി

ക്രമസമാധാന നടത്തിപ്പുചുമതല ഏറ്റെടുത്ത് നടപ്പാക്കാനും എതിരാളികളെ ഭീഷണിപ്പെടുത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമുള്ള മാർഗമായി ആൾക്കൂട്ട അക്രമം ഉപയോഗിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. സംഘടിത കുറ്റകൃത്യമായ ആൾക്കൂട്ട ആക്രമണങ്ങളെ നിയന്ത്രിക്കുന്ന ഗ്രൂപ്പുകൾ ഉടലെടുക്കുന്ന സാമൂഹ്യസാഹചര്യം കേരളത്തിൽ വികസിക്കുന്നതായി രാജേഷ് മാഞ്ചിയുടെയും, അശോക് ദാസിന്റെയും കൊലപാതകങ്ങൾ തെളിയിക്കുന്നുണ്ട്. ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ സംഘടിത കുറ്റകൃത്യത്തിന് ഏറെ പ്രചോദനവുമാകുന്നു.

ആൾക്കൂട്ടത്തിൻ്റെ ചലനാത്മകതയും സമപ്രായക്കാരുടെ സമ്മർദ്ദവും അക്രമാസക്തമായ പെരുമാറ്റത്തിന് ഉത്തേജനമേകുന്ന മാനസികാവസ്ഥയുടെ ഒരു സംസ്കാരമാണ് ആൾക്കൂട്ട സംഘങ്ങളെ രൂപപ്പെടുത്തുന്നത്. ഈ സംഘത്തിലെ അംഗങ്ങൾ നടത്തുന്ന കൂട്ടായ അക്രമം, അവരുടെ ഗ്രൂപ്പിനുള്ളിലെ അധികാരത്തിനും മേധാവിത്തത്തിനും വേണ്ടിയുള്ള ഒരുതരം ഉത്തേജനം കൂടിയായി മാറുന്നു, അത് തങ്ങളുടെ കയ്യിലെത്തുന്ന ജീവനുള്ള ശരീരത്തെ മൃതാവസ്ഥയിലെത്തിക്കുന്നു. അക്രമാസക്തമായ ഈ മാനസിക വ്യവഹാരം തടയുന്നതിനുള്ള ചർച്ച പൊതുയിടങ്ങളിൽ വ്യാപകമാകുമ്പോൾ മാത്രമാണ് കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനാകുകയുള്ളൂ.

ആക്രമണങ്ങളെ
വിചാരണയാക്കുന്ന മാധ്യമങ്ങൾ

ആൾക്കൂട്ട ആക്രമണങ്ങളെ ആൾക്കൂട്ട വിചാരണയാക്കി നിസാരവത്കരിക്കുന്ന അപകടകരമായ സമീപനം, മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഇത് യഥാർത്ഥ പ്രശ്നങ്ങളെ ലഘൂകരിച്ചുകാണുന്നു. പാർശ്വവത്‌കരിക്കപ്പെട്ടവരുടെ നിലപാടുകൾ മലയാളത്തിലെ മുഖ്യധാരാ സാമൂഹ്യ വിചാരങ്ങളിൽനിന്ന് അപ്രത്യക്ഷമാകുന്നതിന്റെയും മറച്ചുവക്കപ്പെടുന്നതിന്റെയും അപകടകരമായ പ്രവണത മാധ്യമവ്യവഹാരങ്ങളിൽ കാണാം. ഇത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിൽ മാത്രമല്ല സംഭവിക്കുന്നത്. വിയർപ്പുള്ള തൊഴിലാളി ശരീരങ്ങൾ കള്ളനായും, കൊള്ളക്കാരനായും ആക്രമിക്കപ്പെട്ട നിരവധി ഉദാഹരണങ്ങൾ മുൻകാല മാധ്യമ റിപ്പോർട്ടുകൾ തിരഞ്ഞാൽ കിട്ടും.

2024 ഏപ്രിൽ നാലിലെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയലിൽ ഇങ്ങനെ പറയുന്നു: ‘‘മലയാളിയുടെ സ്വൈര്യജീവിതത്തെ താളം തെറ്റിക്കുന്ന വിധത്തിൽ മറുനാടൻ തൊഴിലാളികൾക്കിടയിൽ ക്രിമിനലുകൾ പെരുകി വരുന്നതായി സൂചന’’.

സൂചന എന്ന പ്രയോഗം കൊണ്ട് മാതൃഭൂമി സൃഷ്ടിക്കുന്ന പുകമറയുണ്ട്. മലയാളികൾക്കിടയിൽ കുടിയേറ്റ തൊഴിലാളികൾ ഭയക്കപ്പെടേണ്ടവരാണ് എന്ന വാദഗതി മുന്നോട്ടുവെക്കുന്ന സൂചന കൂടിയാണിത്. ഈ ലേഖകർ സംസാരിച്ച നിയമ വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും, കുറ്റകൃത്യങ്ങളെ കുറിച്ച് ഗവേഷണം ചെയ്യുന്നവരും മാതൃഭൂമിയുടെ വാദഗതി അസംബന്ധമാണെന്ന് ആദ്യ വായനയിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്വവും ചുമതലയുമായിരിക്കെ നിയമത്തെ സ്വയം കൈകാര്യം ചെയ്യാൻ ആൾക്കൂട്ടങ്ങൾക്ക് ആര് അധികാരം നൽകുന്നു എന്നത് ചർച്ച ചെയ്യേണ്ട ഒന്നാണ്. കേരളത്തിലെ ഓരോ മലയാളിയും ഇനി കുടിയേറ്റ തൊഴിലാളികളെ അവരുടെ ഭാഷയിൽ, അവരുടെ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് പരസ്യമായി പറയുന്നതായി തോന്നിപ്പിക്കുന്ന വിധം, കഴിഞ്ഞ കാലങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടായ മുഴുവൻ അക്രമ പരമ്പരകളെയും മാതൃഭൂമി മുഖപ്രസംഗം അക്കമിട്ട് നിരത്തുന്നുണ്ട്. ഇത് കേരളത്തിലെ ഒരു കുടിയേറ്റ തൊഴിലാളിയും വായിക്കില്ല എന്ന ധാരണ ഇത് എഴുതിയവർക്കുമുണ്ട്. കേരളത്തിൽ ജീവിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളി ചെയ്ത കുറ്റത്തിന് ബാക്കിയുള്ള മുഴുവൻ തൊഴിലാളികളെയും പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലായിപ്പോയി ഈ മുഖപ്രസംഗം എന്ന് പ്രാഥമികമായി വിലയിരുത്താം.
കുടിയേറ്റ തൊഴിലാളികൾ കാണിക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനല്ല ഇത് പറയുന്നത്. മറിച്ച്, സാന്ദർഭികമെന്നോണം ഏപ്രിൽ നാലിന് എഴുതിയ മുഖപ്രസംഗത്തിന്റെ പിറ്റേന്നുതന്നെ അരുണാചൽ സ്വദേശിയെ ‘പ്രബുദ്ധ മലയാളികൾ’ കെട്ടിയിട്ടും, അടിച്ചും, മർദ്ദിച്ചും കൊലപ്പെടുത്തിയ സാഹചര്യം കൂടി മുൻനിർത്തിയാണ് ഇത് പറയുന്നത്.
മുഖപ്രസംഗത്തിൽ പറയുന്ന ചില കാര്യങ്ങളുടെ തെളിവ് കേരളീയ സമൂഹത്തോട് വെളിപ്പെടുത്താൻ ഈ മുഖ്യധാരാ മാധ്യമത്തിന് ബാധ്യതയുണ്ട് ‘പുകയില ഉത്പന്നങ്ങളുടെ കടത്തും ഉപയോഗവും സംസ്ഥാനത്ത് വർധിച്ചതിനു കാരണക്കാരും മറുനാടൻ തൊഴിലാളികളാണ്’ എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ സമൂഹത്തിൽ കുടിയേറ്റ തൊഴിലാളികൾക്കെതിരായി സ്ഥാപിക്കപ്പെടുന്ന വിരുദ്ധത വളരെ വലുതാണ്. കേരളത്തിൽ സാമൂഹികമായ അസ്വസ്ഥത സൃഷ്ടിക്കുവാൻ മാത്രമേ ഇത്തരം എഡിറ്റോറിയലുകൾ കൊണ്ട് സാധിക്കുകയുള്ളൂ.
യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ, കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ നടത്തിയ അക്രമങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട്, ഇവർ കുറ്റക്കാരാണെന്നും ഇവരെ ‘കൈകാര്യം’ ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും വ്യാഖ്യാനിക്കാവുന്ന ഇത്തരം എഡിറ്റോറിയലുകൾ പൊതുസമൂഹത്തിന് ആപത്താണ്. കുടിയേറ്റ സൗഹാർദ്ദാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങളെ പൂർണമായും പരാജയപ്പെടുത്താനേ ഇത്തരം സമീപനങ്ങൾക്ക് കഴിയൂ.

2023 ജൂലൈയിൽ കുടിയേറ്റ തൊഴിലാളിയുടെ മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ മറ്റൊരു കുടിയേറ്റ തൊഴിലാളി ആലുവയിൽ പോലീസ് പിടിയിലായതോടെ, കുടിയേറ്റ തൊഴിലാളികളെ എന്തിന് സഹിക്കണം എന്ന രീതിയിൽ കേരളത്തിലെ മാധ്യമങ്ങൾ ഒരു കാമ്പയിൻ രീതിയിൽ ഇ​ടപെട്ടിരുന്നു. ഇവിടെ കുടിയേറ്റ തൊഴിലാളികൾക്കാണോ പ്രശ്നം അതോ ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റ തൊഴിലാളികളെ തിരിച്ചറിയാൻ സാധിക്കാത്ത സർക്കാർ സംവിധാനത്തിനാണോ പ്രശ്നം എന്നതാണ് ചർച്ച ചെയ്യേണ്ടത്.

കേരളത്തിൽ മലയാളികൾ നടത്തുന്ന കവർച്ചയുടെയും കൊലപാതങ്ങളുടെയും റേപ്പുകളുടെയും വാർത്തകൾ ദിവസവും മാധ്യമങ്ങളിൽ വരുന്നുണ്ട്. അതിനെതിരെ സവിശേഷമായ ഒരു രോഷപ്രകടനവും മലയാളികളുടെ മനോഭാവത്തിലുണ്ടാകുന്നില്ല. അവർ സ്വന്തം ഭാഷ സംസാരിക്കുന്നവരാണ് എന്നതുകൊണ്ടാണോ ഈ പരിഗണന? അതേസമയം, കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളിൽ ഏതെങ്കിലും വ്യക്തികളുടെ ഭാഗത്തുനിന്ന് ഒരു കുറ്റകൃത്യമുണ്ടായാൽ ഇവിടെയെത്തുന്ന മുഴുവൻ കുടിയേറ്റ തൊഴിലാളികളും ഇതിനുത്തരവാദികളാണെന്ന് വ്യാഖ്യാനിക്കുന്ന മാധ്യമ വിചാരണയുണ്ടാകും. ഇതിനുപുറകിലെ മലയാളികളുടെ മാനസിക-സാമൂഹിക മനോഭാവം ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.

കേസുകളുടെ വിവരങ്ങളെ കുറിച്ച് മാതൃഭൂമി എഡിറ്റോറിയൽ ഇപ്രകാരം പറയുന്നു: 2016 മുതൽ കഴിഞ്ഞ ഓഗസ്റ്റ് വരെ മറുനാടൻ തൊഴിലാളികൾ പ്രതിസ്ഥാനത്തുള്ള 6794 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ കൊലക്കേസുകൾ 161 ആണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമ കേസുകൾ 834. കോവിഡ് അടച്ചിടലിനുശേഷമുള്ള തിരിച്ചുവരവോടെ എണ്ണം കുതിച്ചുയരുകയും ചെയ്തു. കാടടച്ചു വെടിവെയ്ക്കുക എന്ന ശൈലി അന്വർത്ഥമാക്കുന്ന തരത്തിലാണ് കേസുവിവരങ്ങളുടെ വിശദീകരണം. എത്ര പ്രതികളുണ്ട് എന്ന് തീർച്ചപ്പെടുത്തി എഴുതാനുള്ള സാമാന്യ മര്യാദയാണ് എഡിറ്റോറിയൽ പുലർത്തേണ്ടത്. ഇത് എഴുതിയ എഡിറ്റർക്ക് അല്ലെങ്കിൽ ഇതെഴുതാനുള്ള വിവരങ്ങൾ നൽകിയ വ്യക്തിക്ക് / സോഴ്സിന്, കുടിയേറ്റ തൊഴിലാളികളെ കുറിച്ച് കാര്യമായ ധാരണയില്ല എന്നും ചില റിപ്പോർട്ടുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും, കഴിഞ്ഞ പത്തു വർഷമായി ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നവരെന്ന നിലയ്ക്ക് ഈ ലേഖകർക്ക് പറയാനാകും.

പ്രതികളാക്ക​പ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കാര്യമെടുക്കാം. ഇവർക്ക് ന്യായമായ നിയമസഹായം ലഭ്യമാകുന്നുണ്ടോ? എന്തു തെറ്റാണ് തനിക്കുമേൽ ചുമത്തിയിട്ടുള്ളത് എന്ന തിരിച്ചറിവുണ്ടോ? 30%-ൽ താഴെ മാത്രം വ്യക്തികൾക്കാണ് നിയമസഹായം ലഭ്യമാകുന്നതും തങ്ങൾക്കെതിരായ വകുപ്പുകളെക്കുറിച്ച് അറിയുന്നതും.
ലേഖകർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, കേരളത്തിലെ 54 ജയിലുകളിൽ 11,000-ൽ താഴെ തടവുകാരാണുള്ളത്. ഇതിൽ 7000 പേർ വിചാരണ കാത്തുകിടക്കുന്നവരാണ്, അവർ തടവുകാരുടെ നിർവ്വചനത്തിൽ ഉൾപ്പെടുന്നവരല്ല. 2023- ലെ ക്രൈം റിപ്പോർട്ട് അനുസരിച്ച് കേരളം കുറ്റകൃത്യങ്ങൾ കുടുതലുള്ള ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ വരുന്നില്ല എന്നതും പത്താം സ്ഥാനം വെസ്റ്റ് ബംഗാളിനാണ് എന്നുള്ളതും പരസ്പരം ബന്ധിപ്പിച്ച് വായിക്കേണ്ടതാണ്. കാരണം, കേരളത്തിലെത്തിയ കുടിയേറ്റ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ വെസ്റ്റ് ബംഗാളിൽ നിന്നുള്ളവരാണ്.

കോവിഡ് സമയത്ത് എത്ര കുടിയേറ്റ തൊഴിലാളികൾ നാട്ടിൽ പോയിരുന്നു എന്നും അതിൽ എത്രപേർ തിരിച്ചുവന്നു എന്നും കൃത്യമായി അവലോകനം ചെയ്യാതെ, കോവിഡിനുശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവോടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയർന്നു എന്നു പറയുന്നത് അശാസ്ത്രീയ നിലപാടാണ്. 2016 മുതൽ 2023 ഓഗസ്റ്റു വരെയുള്ള കണക്കുകളിൽ നിന്ന്, 2020-നു ശേഷമുള്ള കണക്കുണ്ടെങ്കിലേ വർദ്ധനവ് കണക്കിലാക്കാൻ സാധിക്കൂ. ലേഖകർക്കു ലഭിച്ച വിവരാവകാശ മറുപടി പ്രകാരം കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 5,16,320 ആണ്. കോവിഡ് സമയത്ത് സ്വന്തം സംസ്ഥാനത്തേക്കു പോയവരുടെ എണ്ണം ഹൈകോടതിയിൽ സർക്കാർ നൽകിയ രേഖ പ്രകാരം രണ്ടര ലക്ഷത്തിനു താഴെയുമാണ്.

വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷൻ അഡ്മിനിസ്ട്രേഷൻ പ്രൊഫസറും, ക്രിമിനോളജിയിൽ ഗവേഷകനുമായ ഡോ.ടി.എച്ച്. അൻസാറുമായി സംസാരിച്ചപ്പോൾ, ചില പ്രധാന നിഗമനങ്ങളിലെത്താനായി: കേരളത്തിൽ ആൾക്കൂട്ട ആക്രമണം നടക്കുന്നു എന്ന് പറയാനാകില്ല. എന്നാൽ അക്രമികളായ കുറച്ചുപേർ ചേർന്ന് വലിയ കുറ്റകൃത്യങ്ങൾ ചെയ്തുവരുന്നുണ്ട്. വിവരങ്ങളെ തെറ്റായി ഉപയോഗിച്ച് വലിയ രീതിയിലുള്ള വികാര സംവേദനങ്ങൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ടി.ടി.ഇയെ ഒഡിഷ സ്വദേശിയായ കുടിയേറ്റ തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിവിട്ടു കൊലപ്പെടുത്തിയത് നിർഭാഗ്യകരമായ സാഹചര്യമാണ് കേളത്തിൽ സൃഷ്ടിച്ചത്. ഈ സാഹചര്യത്തെ മുൻനിർത്തി, കുടിയേറ്റ തൊഴിലാളിവിരുദ്ധത നിറയ്ക്കുന്ന വിശേഷണങ്ങൾ കൊണ്ട് മലയാളി മനസുകളെ സംതൃപ്തിപ്പെടുത്തുന്ന ഒന്നായി മാത്രമേ ഇത്തരം മാധ്യമ പ്രവർത്തനത്തെ കാണാനാകൂ.
കേരളത്തിൽ മലയാളികളാൽ തന്നെ എത്രയോ സ്ത്രീകളും കുട്ടികളും മാനസിക- സാമൂഹിക- ശാരീരിക പീഡനങ്ങൾക്ക് വിധേരാകുന്നു. അതിനെ ഒരു പ്രധാന സൂചകമാക്കിയെടുത്ത്, മുഴുവൻ പുരുഷന്മാർക്കെതിരെയും സംസാരിക്കാൻ നമ്മുടെ മാധ്യമങ്ങൾ തയാറാണോ? ക്രമസമാധാന പ്രശ്നങ്ങളെ ക്രിമിനോളജിയിൽ ക്രിമിനോജെനിക് ഘടകങ്ങളെ കൊണ്ടാണ് വിലയിരുത്തുന്നത്, അല്ലാതെ കുറ്റം ചെയ്യുന്ന ആൾ ഏതു സംസ്ഥാനത്തുനിന്നുള്ള ആളാണ് എന്ന് നോക്കിയല്ല. അത്തരത്തിൽ കുടിയേറ്റ തൊഴിലാളികളെ വിലയിരുത്തണമെങ്കിൽ കേരളത്തിലെ കുറ്റകൃത്യങ്ങളെ മലയാളികളുടെതും കുടിയേറ്റ തൊഴിലാളികളുടെതുമായി താരതമ്യം ചെയ്യേണ്ടിവരും. കേരളത്തിലെ മാധ്യമ അതിപ്രസരം സൃഷ്ടിക്കുന്ന തെറ്റായ വാദങ്ങൾ യഥാർഥ കണക്കുകളെ മറച്ചുവെക്കാനേ സഹായിക്കൂ.

ആരാണ് യഥാർത്ഥ പ്രതി?

കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളുടെ സഹായത്തോടെ നിയമപരമായി പരിശോധിച്ച്, അവരുടെ രേഖകൾ ഉറപ്പാക്കി, അവരിൽ ക്രിമിനൽ സ്വഭാവമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം കേരളത്തിലെ ഗവൺമെന്റിനാണ്. ഇക്കാര്യത്തിൽ നാളിതുവരെ കേരളം ഭരിച്ച ഗവൺമെന്റുകൾ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ ഭരിക്കുന്ന സർക്കാർ കുടിയേറ്റ തൊഴിലാളികൾക്കായി കൊണ്ടുവന്നിട്ടുള്ള വെൽഫെയർ സ്കീമുകളെ നിരാകരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. കേരളത്തിലെ ഗവൺമെന്റുകൾ കുടിയേറ്റ തൊഴിലാളികളുടെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി തന്നെയാണ് വികസനസ്വപ്നങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. നിർമാണ- സേവന രംഗങ്ങളിലും കാർഷിക- കൈതൊഴിൽ മേഖലകളിലും കുടിയേറ്റ തൊഴിലാളികൾ എത്തിയതിന്റെ പ്രധാന കാരണം, കേരളത്തിലെ മലയാളികൾ അത്തരം ജോലികൾ ചെയ്യാൻ താല്പര്യപ്പെടുന്നില്ല എന്നതുതന്നെയാണ്. കുടിയേറ്റ തൊഴിലാളികളെ ഒഴിവാക്കണമെന്ന് ഉദ്‌ഘോഷിക്കുന്നവർ കേരളത്തിലെ വയലുകളിലും പ്ലൈവുഡ്- ബ്രിക്സ് യൂണിറ്റുകളിലും കടലോര മേഖലകളിലും കൈത്തറിരംഗങ്ങളിലും പ്രവർത്തിക്കുവാൻ സന്നദ്ധരാണോ എന്ന ചോദ്യവും ആവർത്തിക്കപ്പെടുന്നു. കേരളത്തിന്റെ സാമ്പത്തികമേഖലയെ പിടിച്ചുനിർത്തുന്ന പ്രധാന സ്രോതസ്സായി കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ മാറുന്നുണ്ട്.

കേരള പ്ലാനിങ് ബോർഡിന്റെ റിപ്പോർട്ടനുസരിച്ച്, ഏറ്റവും അധികരിച്ച കണക്കുപ്രകാരം കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 34 ലക്ഷമാണ്. എന്നാൽ ഈ കണക്കുകൾ ഔദ്യോഗികമായി കേരള സർക്കാർ അംഗീകരിച്ചിട്ടില്ല. കേരള ലേബർ ഡിപ്പാർട്ടുമെന്റ് ഇതുവരെ ഇത്തരം പഠനങ്ങൾ നടത്തിയിട്ടില്ല എന്നതാണ് ലേബർ കമീഷണറേറ്റിൽ നിന്ന് ലേഖകർക്കു ലഭിച്ച വിവരാവകാശ മറുപടി. കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾ 1979- ലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിൽനിയമ പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ രീതിയിൽ റൂളിംഗ് നടത്താവുന്നതാണ്. കേരളത്തിലെ ലേബർ ഡിപ്പാർട്ടുമെന്റ് നടത്തിയ രജിസ്ട്രേഷൻ ഡ്രൈവ് ഇന്നും പരിപൂർണതയിലെത്തിയിട്ടില്ല.

ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകത്തിനുശേഷം, കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ക്രിമിനൽ പാശ്ചാത്തലം അന്വേഷിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടിയുടെ ഭാഗമായി മൂന്ന് തരത്തിലുള്ള രജിസ്ട്രേഷൻ സംവിധാനം രൂപപെടുത്തിയെങ്കിലും അത് കുടിയേറ്റ തൊഴിലാളികളിലേക്ക് പൂർണമായി എത്തിയില്ല. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും പ്രത്യേക അധികാരം നൽകി ഓരോ കുടിയേറ്റ തൊഴിലാളിയും അയാളുടെ ആധാറും, ബാങ്ക് അക്കൗണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ച് രജിസ്റ്റർ ചെയ്യുക എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. അതനുസരിച്ച് എത്ര ക്രിമിനിലുകളെ കണ്ടെത്താൻ സാധിച്ചുവെന്നതിന് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

കേരളത്തിലേക്ക് കുടിയേറ്റ തൊഴിലാളികൾ എത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്താനുള്ള യാതൊരു സംവിധാനവും സർക്കാർ നടപ്പാക്കിയിട്ടില്ല. എന്നാൽ, റെയിൽവേ സ്റ്റേഷനിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് മലമ്പനി, മന്ത് രോഗ നിർണയം ആരോഗ്യ വകുപ്പിനു കീഴിൽ നടത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും നല്ല മാതൃകയിൽ ഇത് നടക്കുന്നത്. 1979-ൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിൽ നിയമം കേന്ദ്രം പാസാക്കിയിട്ടുണ്ട്. എങ്കിലും, തുടർനടപടി സ്വീകരിക്കാൻ രാജ്യത്തെ തൊഴിൽദായകർക്കായിട്ടില്ല.

കേരളത്തിലെ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന കുടിയേറ്റ തൊഴിലാളികൾ ഏതെങ്കിലും കോൺട്രാക്ടറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. അങ്ങനെയല്ലാതെ, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുമുണ്ട്. സംഘടിത തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന അസംഘടിത കുടിയേറ്റ തൊഴിലാളികൾ ഏതെങ്കിലും കോൺട്രാക്ടറുടെ കീഴിലായിരിക്കും. ഇവരെ രജിസ്റ്റർ ചെയ്ത് സർക്കാർ നിരീക്ഷണത്തിൽ കൊണ്ടു​വരേണ്ട ഉത്തരവാദിത്വം കോൺട്രാക്ടർമാർക്കോ പ്രാഥമിക തൊഴിൽദായകർക്കോ ആണ്. അവരത് കൃത്യമായി ചെയ്യാത്തതുകൊണ്ടുമാത്രമാണ് സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണമോ വിവരമോ സർക്കാറിന്റെ പക്കലില്ലാത്തത്.

സ്വന്തം സംസ്ഥാനത്തേക്കാൾ മിനിമം കൂലി കൂടുതലുള്ളതും സാംസ്കാരികമായും സാമൂഹികമായും ജീവിക്കാൻ സൗകര്യമുള്ളതുമായ സംസ്ഥാനമെന്ന നിലയിലുമാണ് കുടിയേറ്റ തൊഴിലാളികൾ കേരളത്തെ കാണുന്നത്. കുടിയേറ്റ തൊഴിലാളികൾ തങ്ങളെ ‘അതിഥികൾ’ എന്ന് വിളിക്കണമെന്നോ സഹായം ചെയ്യണമെന്നോ പറഞ്ഞിട്ടില്ല. പകരം, അവർക്ക് കേരളത്തിന്റെ മണ്ണിൽ ജോലി ചെയ്യാൻ സാഹചര്യമാണ് ഒരുക്കേണ്ടത്. ക്രിമിനൽ പശ്ചാത്തലമുള്ള പൗരരെ നിരീക്ഷിക്കേണ്ടത് ഭരണകൂടമാണ്. ഭരണകൂടം അതിൽ മൗനം പാലിക്കുമ്പോൾ ജനം നിയമം കയ്യിലെടുക്കുന്ന പ്രവണതയാണ് ആൾക്കൂട്ട ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. അതിന് മലയാളികൾ നിമിഷംതോറും കണ്ടും വായിച്ചുമിരിക്കുന്ന മാധ്യമങ്ങളുടെ ഒത്താശയുമുണ്ട്.

ഉ​ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങളുണ്ടാകുമ്പോൾ കേരളീയ പൗരസമൂഹം അതിനെതിരെ പ്രതികരിക്കാറുണ്ട്. അതേ സംസ്ഥാനത്തിലെ മനുഷ്യർ കേരളത്തിലെത്തുമ്പോൾ, ഭൗതിക വ്യവഹാരത്തിന്റെ കാര്യത്തിൽ ഉന്നതിയിൽ നിൽക്കുന്ന മലയാളികൾ അവരെ അടിച്ചു കൊല്ലുന്ന സമീപനം എത്രമാത്രം വൈരുധ്യം നിറഞ്ഞതാണ്. അതിൽ, ഇവിടുത്തെ മാധ്യമങ്ങൾക്കുള്ള പങ്ക് നിഷേധിക്കാനാകില്ല.

എർവിൻ സ്റ്റൗബ് എഴുതിയ ‘നന്മയുടെയും തിന്മയുടെയും മനഃശാസ്ത്രം’ എന്ന പുസ്തകത്തിൽ (The Psychology of Good and Evil, 2003), ആൾക്കൂട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ നിരീക്ഷണങ്ങളുണ്ട്. വ്യക്തികൾക്ക് ഒരു ഗ്രൂപ്പിൽ വ്യക്തിഗത ഐഡൻ്റിറ്റി നഷ്‌ടപ്പെടുക, ഉത്തരവാദിത്തം വിപുലമാകുക, ആവേശം ജനിപ്പിക്കുന്ന തരത്തിൽ പെരുമാറുക തുടങ്ങിയ സാഹചര്യങ്ങളിൽനിന്നാണ് അക്രമാസക്ത ഗ്രൂപ്പ് ഉണ്ടാകുന്നത്. ഗ്രൂപ്പ് സമൂഹത്തിന്റെ നിലവിലെ മാനദണ്ഡങ്ങളോട് അനുരൂപത പുലർത്തു​മ്പോൾ തന്നെ ഭീഷണികളും സംഭാവന ചെയ്യുന്നു. അത്തരം പെരുമാറ്റങ്ങൾ മനസ്സിലാക്കുന്നതിന്, വ്യതിരിക്തത, ഉത്തരവാദിത്തത്തിൻ്റെ വ്യാപനം, അനുരൂപത എന്നിവ പോലുള്ള മനഃശാസ്ത്രപരമായ സംവിധാനങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ഈ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഇത്തരം ആക്രമണാത്മക പെരുമാറ്റങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കാനാകും.

സംസ്ഥാനത്ത് കുടിയേറ്റ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും കുടിയേറ്റ തൊഴിലാളികൾക്കെതിരെ അക്രമം നടക്കുന്നുണ്ട്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലുള്ള സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് പ്രോജക്ട് നടത്തിയ പഠനത്തിൽ പത്തനംതിട്ട ജില്ലയിലെ ഫീൽഡ് വർക്കർമാർ കുടിയേറ്റ തൊഴിലാളികൾക്കെതിരെ അധിക്ഷേപവും ദേഷ്യവും പ്രകടിപ്പിക്കുന്ന സംഭവങ്ങൾ നേരിട്ടതായി പറയുന്നു. കുടിയേറ്റക്കാരുടെ കുത്തൊഴുക്കിൻ്റെ സാമൂഹിക- സാമ്പത്തിക ആഘാതത്തെക്കുറിച്ച്- പ്രത്യേകിച്ച് തൊഴിൽ നഷ്‌ടവും ശുചിത്വ ഘടകങ്ങളും- ഒരു ന്യൂനപക്ഷം പ്രദേശവാസികൾ നീരസം പ്രകടിപ്പിച്ചു.

പ്രാദേശിക തർക്കങ്ങൾ കാരണം കുടിയേറ്റ തൊഴിലാളികളുടെ അന്തസ്സും ശാരീരിക സുരക്ഷയും അപകടത്തിലാക്കുന്ന സംഭവങ്ങൾ സംഘർഷം വ്യാപിക്കുന്നതിന് കാരണമാകുന്നു, ക്രമസമാധാന സംവിധാനത്തിന് വെല്ലുവിളിയാകുന്നു. കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുകയും അവരെ തുല്യരായി കാണുന്ന നയങ്ങളുണ്ടാകുകയും വേണം. സമൂഹത്തിൽ സൗഹാർദ്ദപരമായ അന്തരീക്ഷമൊരുക്കിയും താഴെത്തട്ടിനെ ശാക്തീകരിച്ചും സാമൂഹികമായ നവീകരണം പ്രോത്സാഹിപ്പിച്ചും കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാകും. ഇത്തരം ശ്രമങ്ങൾ കുടിയേറ്റ സമൂഹങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും സാമൂഹിക നീതിക്കും അന്തസ്സിനും ഗുണപരമായ സംഭാവന നൽകും. കുടിയേറ്റ നില പരിഗണിക്കാതെ മനുഷ്യരെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും.

മാധ്യമങ്ങൾ വിവേകത്തോടെ പെരുമാറുക എന്ന സാമൂഹ്യ മര്യാദ ഇതിൽ പ്രധാനമാണ്. വ്യത്യസ്‍ത സാമൂഹികാന്തരീക്ഷത്തിൽ നിന്നെത്തുന്ന തൊഴിലാളികൾ ഒറ്റപ്പെടലിന്റെയും സാമൂഹിക സുരക്ഷയുടെയും ആശങ്കയിലും പ്രശ്നങ്ങളിലും ജീവിക്കുന്നവരാണ്. കേരളത്തിന്റെ പൊതുസമൂഹം സാമാന്യമായ ഉത്തരവാദിത്ത​​ത്തോടെ അവരോട് പെരുമാറേണ്ടത് പ്രധാനമാണ്.


ഡോ. എം.വി. ബിജുലാൽ

എം.ജി. യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻറ്​പൊളിറ്റിക്‌സിൽ അസിസ്റ്റൻറ്​ പ്രൊഫസർ. ന്യൂഡൽഹി ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹ്യുമന്റൈറ്റ്‌സ് യൂണിറ്റിലെ സീനിയർ റിസർച്ചറായിരുന്നു. നിരവധി അന്താരാഷ്ട്ര ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. City Slum and the Marginalised: The Lifeworlds of Muslims and Dalits in Delhi, Human Rights Investigation and Fact Finding Techniques (Co authored), Chengara land struggle: politics of dalit land assertion in Kerala (Co authored) എന്നിവ പ്രധാന പുസ്തകങ്ങൾ.

നവാസ് എം. ഖാദര്‍

കോർഡിനേറ്റർ, സെൻറർ ഫോർ മൈഗ്രേഷൻ പോളിസി ആൻഡ് ഇൻക്ളൂസിവ് ഗവേർണൻസ്, സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി.

Comments