ഒരു കാലത്ത് രഹസ്യ അറകളിൽ മാത്രം ഒതുങ്ങികൂടിയിരുന്ന മയക്കുമരുന്ന് ഉപയോഗം പൊതുനിരത്തുകളിലേക്ക് വർണ്ണപൊതികളിലൊളിപ്പിച്ചും മിഠായിരൂപത്തിലും പടർന്നു കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് ഇന്ന് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ തെരുവുകളിലും സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിലും ഇത് സാർവത്രികമായിരിക്കുന്നു. മാരകമായ രാസലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിനാകമാനം ഭീഷണിയായി മാറുകയും ചെയ്യുന്നു.
Read: ലഹരി,
കുടിയേറ്റ തൊഴിലാളികൾ, പെരുമ്പാവൂർ:
എന്താണ് വസ്തുത?
ലഹരി;
കുറ്റകൃത്യങ്ങളുടെ
പ്രധാന ഉറവിടം
ലഹരിക്കടിമപ്പെടുന്ന പുതുതലമുറയുടെ ഭാവി ആശുപത്രികളിലോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ കൗൺസിലിംഗ് സെന്ററുകളിലോ ഒതുങ്ങുന്നുവെന്നത് ആശങ്കാവഹമാണ്. ദിനംപ്രതി നിരവധി ആളുകളാണ് ഡി-അഡിക്ഷൻ സെന്ററുകളിലേക്കും എത്തുന്നത്. ലഹരിയ്ക്ക് അടിമപ്പെടുന്നത് ഒരു രോഗമല്ല, മനഃശാസ്ത്രപരമായ തകരാറാണെന്ന് കാസർഗോഡ് ഗവ. മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും മനോരോഗ വിഭാഗം മേധാവിയുമായ ഡോ. സെബിന്ദ് കുമാർ പറയുന്നു:
"അഡിക്ഷൻ ഒരു ഡിസീസ് അല്ല, സൈക്യാട്രിയൽ ഡിസോർഡറുകളാണ്. തലച്ചോറിലെ ഓരോ ന്യൂറോട്രാൻസ്മിറ്ററുകളുമായും (ഡോപ്പാമിൻ പോലെ - അഡിക്ഷനുമായി ബന്ധപ്പെട്ട ഒരു പ്രധാന ന്യൂറോട്രാൻസ്മിറ്ററാണ് ഡോപ്പാമിൻ), ഓരോ സർക്യൂട്ടുകളുമായും അഡിക്ഷൻ ബന്ധപ്പെട്ടിരിക്കുന്നു."

ഉപയോഗിക്കാതിരിക്കലാണ് ലഹരിയിൽ നിന്നും രക്ഷനേടാനുള്ള പ്രധാന മാർഗ്ഗം. സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസ്സുകൾ നൽകുമ്പോൾ മെഡിക്കൽ വശങ്ങൾ കൂടി ഉൾപ്പെടുത്തി പറയുമ്പോൾ അത് കുറച്ചധികം ഉപകാരപ്രദമായേക്കാം. അതുപോലെ, സിനിമ ആരംഭിക്കുന്നതിനു മുമ്പ് കാണിക്കുന്ന ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്...’ എന്ന സ്ഥിരം ബോധവത്കരണ ടാഗ് ലൈനുകൾക്ക് പകരം ഇന്നത്തെ യുവാക്കളെ ആകർഷിക്കുന്ന വിധം എങ്ങനെയെല്ലാം അതിനെ മാറ്റി ചിട്ടപ്പെടുത്താം എന്നും ആലോചിക്കേണ്ട കാര്യംതന്നെയാണ്. ‘പുകവലിച്ചാൽ കാൻസർ’ എന്നുമാത്രമുള്ള പൊതുബോധ്യത്തിൽ നിന്നും സമൂഹത്തെ മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അതിനുകൂടി ഉപകാരപ്പെടുന്ന കാമ്പയിനുകളും കൊണ്ടുവരേണ്ടതുണ്ട്.
ലഹരിക്ക് അടിമപ്പെടാൻ കാരണങ്ങളേറെ...
"ഇന്റേണൽ പ്രഷർ, പിയർ പ്രഷർ, ആകാംക്ഷ/ വിഷാദം തുടങ്ങിയവയെല്ലാം ലഹരിക്കടിമപ്പെടാനുള്ള കാരണങ്ങളാണ്. എ.ഡി.എച്ച്.ഡി (Attention Defficit Hyperactivity Dissorder) പോലുള്ള അവസ്ഥകളിലുള്ളവർ നിക്കോട്ടിൻ പോലുള്ള ലഹരികൾ ഉപയോഗിച്ചു കഴിഞ്ഞാൽ, എ.ഡി.എച്ച്.ഡി കുറയും. അതുകൊണ്ട് അവർ അത് ഉപയോഗിക്കും. മദ്യമോ സിഗരറ്റോ ഒരു രസത്തിന് ഉപയോഗിച്ച് തുടങ്ങുകയും പിന്നീട് അതൊരു ഹാബിറ്റായി മാറുകയും ചെയ്യുന്ന സാഹചര്യങ്ങളുമുണ്ട്. 'ഗേറ്റ് വേ ഡ്രഗ്' എന്നാണ് ഇതിനു പറയുന്നത്.
സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗത്തിലെ വർധനവ് ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത്. മെത്താംഫിറ്റമിൻ എന്ന ലഹരി പദാർത്ഥം ഒരു കെമിക്കലാണ്. ആംഫിറ്റമിനിന്റെ ഒരു മോഡിഫിക്കേഷനാണ് എം.ഡി.എം.എ. അത് നമ്മളെ സ്റ്റിമുലേറ്റ് ചെയ്ത് അതുവഴി ഹൈപ്പറാവുകയും തലച്ചോറിൽ ഡോപ്പമിൻ കൂടുകയും വേഗത വർധിക്കുകയും ആവേശം കൂടുകയും ചെയ്യുന്നു. അത്തരം അവസ്ഥയിൽ ആളുകൾ അക്രമാസക്തരാവുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാനുള്ള സാഹചര്യം കൂടുന്നു” - ഡോ. സെബിന്ദ് കുമാർ പറയുന്നു.
പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ ഉപയോഗവും വർധിച്ചു വരുന്ന ഒന്നാണ്. മനോരോഗ വിദഗ്ധരുടെ പേരിൽ ഉറക്ക ഗുളികയുടെ ഗണത്തിൽപ്പെടുന്ന നൈട്രോസെപ്പാം (Nitrazepam) പോലുള്ള മരുന്നുകൾ വാങ്ങി കഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ കഴിഞ്ഞ 10 വർഷമായി നടക്കുന്ന ഒന്നാണ് ‘ഒപ്പിയോയിഡ് ക്രൈസിസ്’ (Opioid Crisis- Pain killers- മോർഫിൻ, ഹെറോയിൻ, ചുമക്കുള്ള കൊടീൻ (Codeine) തുടങ്ങിയവ). കുറേ എണ്ണം കഴിച്ചാൽ നല്ല ഇഫക്റ്റ് കിട്ടുന്നതായി ആളുകൾ മനസിലാക്കുകയും അത് വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. തന്മൂലം ആളുകൾക്ക് ജീവഹാനിയുണ്ടാവുകയും ചെയ്യുന്നു. അതിനെയാണ് ഒപ്പിയോയിഡ് ക്രൈസിസ് എന്ന് പറയുന്നത്. ഇത് ഇന്ത്യയിലേക്കും വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.
ലഹരി വിൽപ്പനയിൽ അന്തർ സംസ്ഥാനത്തിന്റെ പങ്കും തള്ളിക്കളയാനാവില്ല. ഹെറോയിൻ പോലുള്ള ലഹരികൾ അവിടെനിന്നും എത്താറുണ്ട്. അതുകൊണ്ടുതന്നെ അവരിൽ ഹെറോയിൻ വിഡ്രോവൽ സിംപ്റ്റംസ് ആണ് കണ്ടുവരുന്നത്.
"യുവാക്കളുടെ ഭാവിയെ ലഹരിമുക്തമാക്കുന്നതിൽ ആരോഗ്യരംഗത്തിന് വലിയ പങ്കാണുള്ളത്. എന്നാൽ കൂടിയും ഓരോ വ്യക്തിയുമെടുക്കുന്ന പരിശ്രമം എങ്ങനെയാണോ അതുപോലെയാണ് അവരുടെ റിക്കവറി സാധ്യമാകുകയുള്ളൂ. നിരവധിപേരാണ് ഓരോ ദിവസവും വാർഡിലെത്തുന്നത്. ചിലർക്ക് ദേഹമാസകലം വേദന, ചിലർക്ക് കേൾക്കാത്തത് കേൾക്കുന്നപോലെയും കാണാത്തത് കാണുന്നതുപോലെയുമാണ്. ഒരുതരം 'ഹാലൂസിനേഷൻ' (Hallucination) ആണ് അവരിൽ പ്രവർത്തിക്കുന്നത്. ലഹരി ഉപയോഗത്തിൽ നിന്നൊരു മുക്തി വേണമെന്ന് സ്വയം തോന്നി ആശുപത്രികളിലെത്തുന്നവർ കുറവാണ്. മിക്കതും വീട്ടുകാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി അവർ മുൻകൈയെടുത്ത് എത്തിക്കുന്നതാണ്" - ഡോ. സെബിന്ദ് കുമാർ പറയുന്നു.

ഹാലൂസിനേഷനും വീണ്ടെടുപ്പും
ലഹരി ഉപയോഗിക്കുന്നവരുടെ ഇടയിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഹാലൂസിനേഷൻ (Hallucination). മയക്കുമരുന്ന് തുടർച്ചയായി ഉപയോഗിക്കുന്ന ഒരാളിൽ ഇത് ഉണ്ടായേക്കാം. പിന്നീട് ലഹരിമരുന്ന് ഉപയോഗം നിർത്തിയാലും ഈ അവസ്ഥയിൽ നിന്നും പുറത്തുവരുകയെന്നത് ഒരു നീണ്ട പ്രക്രിയ തന്നെയാണ്. ഹാലൂസിനേഷൻ എന്നത് ഒരു സ്കീസോഫ്രീനിയ (Schezophrenia) അവസ്ഥയാണ്. അത് നിയന്ത്രിച്ചു നിർത്താം എന്നല്ലാതെ പൂർണമായും ഭേദമാവുകയുമില്ല. അത്തരത്തിൽ കാസർഗോഡ് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ എത്തിയ യുവാക്കളെക്കുറിച്ച് ഡോ. സെബിന്ദ് കുമാർ ട്രൂകോപ്പി തിങ്കിനോട് പറയുന്നു…
"അമ്മയുടെയും അനിയത്തിയുടെയും നിർബന്ധത്തിനു വഴങ്ങിയാണ് അന്ന് അവൻ ആശുപത്രിയിലെത്തുന്നത്. 20 വയസ്സുമാത്രം പ്രായമായ അവൻ രണ്ടു ചെവിയും മുറുകെ പൊത്തിപിടിച്ചാണ് എന്നെ സമീപിക്കുന്നത്. അവൻ വളരെ അസ്വസ്ഥനായിരുന്നു. കാര്യം തിരക്കിയപ്പോൾ, രണ്ടു ചെവിയിലും എന്തോ ശബ്ദം കേൾക്കുന്നതായും അസ്സഹനീയമാണ് അതെന്നും യുവാവ് പറഞ്ഞു. പഠനകാലയളവിലാണ് അവൻ ലഹരിമരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയത്. ഒരുതരം തോന്നലാണ്. ഒന്ന് രണ്ടു തവണ സിറ്റിംഗ് നടത്തി. ശബ്ദം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാറി. ആറുമാസം മുമ്പ് അവന്റെ ചെവിയിലെ ശബ്ദം ‘അവനെ കൊല്ലണം’ എന്നു പറഞ്ഞപ്പോൾ അവൻ ഒരിക്കൽ വീട്ടിൽ നിന്നും ഇറങ്ങി ഓടി. അപ്പോൾ വീണ്ടും വീട്ടുകാർ ഇവിടെ എത്തിക്കുകയും ഷോക്ക് ട്രീറ്റ്‌മെന്റിലൂടെ അവൻ സ്വബോധം വീണ്ടെടുക്കുകയുമായിരുന്നു. എന്നാൽ, പിന്നീട് ആ യുവാവ് കൺസൾട്ടേഷനായി ആശുപത്രിയിലേക്ക് വന്നതേയില്ല. ജോലി അന്വേഷിക്കുന്നുണ്ട്, ഒന്നും തരപ്പെട്ടില്ലെന്ന് പിന്നീട് അറിയുകയുണ്ടായി. ഇപ്പോഴും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന വിവരങ്ങളൊന്നും ഇല്ല.

പിന്നൊരു പ്രൊഫഷണൽ വിദ്യാർഥി. കഞ്ചാവ് ആയിരുന്നു അയാളിലെ പ്രശ്നം. കൂട്ടുകാർക്കൊപ്പമിരുന്ന് വലിച്ചു തുടങ്ങിയതാണ്. പിന്നീട് പക്ഷെ അവൻ അത് ഒരു ശീലമാക്കി എടുത്തു. പഠനങ്ങളിലോ മറ്റു കാര്യങ്ങളിലോ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പരീക്ഷകളിൽ തോറ്റു. ഒരിക്കൽ അവനും സുഹൃത്തുക്കളും ഒരു ഫ്ലാറ്റിൽ ഇരുന്നുകൊണ്ട് കഞ്ചാവ് വലിച്ചു. അവിടെനിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോൾ മുതൽ അയാൾക്ക് ഒരു കുറ്റബോധം, ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്ന പെൺ സുഹൃത്തിനോട് എന്തെങ്കിലും അപമര്യാദയായി പെരുമാറിയോ എന്ന്. ഉറക്കം നഷ്ടപ്പെട്ടു, ഒന്നും ചെയ്യാൻ സാധിക്കുന്നില്ല, ആത്മഹത്യ ചെയ്യണം എന്ന തോന്നലും. നിരന്തര കൗൺസിലിങ്ങുകളിലൂടെയാണ് അയാളുടെ സ്ഥിതി മെച്ചപ്പെട്ടത്."
മഷ്റൂം എന്ന ഒരു ഗ്രൂപ്പുണ്ട്. അത് ഒരു ഹാലൂസിനോജൻസ് ആണ്. അതുപയോഗിക്കുമ്പോൾ ഇല്ലാത്ത കാഴ്ച (Visual Hallucination), ഇല്ലാത്ത ശബ്ദം (Auditory Hallucination) എന്നിവ സംഭവിക്കുന്നു. അതിന്റെ മറവിൽ അവർ എന്തും ചെയ്തെന്നു വരാം. കാരണം അവർ യാഥാർത്ഥ്യമല്ല കാണുന്നതും കേൾക്കുന്നതും. സ്വബോധം നഷ്ടപ്പെട്ട പോലെയായിരിക്കും പിന്നീടുള്ള പ്രവർത്തികൾ. അമോട്ടിവേഷൻ സിൻഡ്രോം (Amotivation Syndrome- ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ) എന്ന അവസ്ഥയിലെക്കാണ് പിന്നീട് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഒരു വ്യക്തി എത്തുന്നത്. ഒന്നിനോടും ഒരു ആവേശം ഇല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ മുന്നോട്ടുപോകും.
ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെ വലിയ രീതിയിലാണ് ഇത് ബാധിക്കുന്നത്. ഒരുപക്ഷെ, ലഹരി ഉപയോഗം അവരുടെ നിത്യജീവിതത്തെ വരെയും സാരമായി ബാധിക്കുന്നു. ദിവസേന ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ മാറ്റം വരുന്നു, ആളുകളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുന്നു, അങ്ങനെ മാറ്റങ്ങൾ പലവിധത്തിലാണ് പ്രകടമാവുന്നത്. മാനസിക സമ്മർദ്ദവും വിഷാദവും കാരണമാണ് പലരും ലഹരിയിലേക്ക് തിരിയുന്നത് എന്നൊരു പൊതുവായ ധാരണ പലപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, അതുമാത്രമല്ല പലപ്പോഴും ഒരാളെ ലഹരിമരുന്നുകൾക്ക് അടിമപ്പെടുത്തുന്നത്. അത് ചിലപ്പോൾ പഠിക്കുന്ന സ്ഥാപനങ്ങളിൽനിന്നുപോലും ആയിരിക്കാം. സുഹൃത്തുക്കളുമായി ഒത്തുകൂടുമ്പോൾ 'അയ്യോ ഞാൻ ഉപയോഗിച്ചില്ലെങ്കിൽ അതൊരു കുറച്ചിലാവുമല്ലോ' എന്ന ചിന്തയും ഇതിനു കാരണമാവുന്നുണ്ട്. അത്തരത്തിൽ കാരണങ്ങൾ പലതാണ്.

ലഹരിമുക്തശേഷം, ജീവിതവും തൊഴിലും
“ലഹരി ഉപയോഗശേഷമുള്ള ഒരാളുടെ ജീവിതം എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. കാരണം അയാൾ ജീവിതത്തിലേക്കു തിരിച്ചു വന്നാലും അയാളെ തിരിച്ചെടുക്കാൻ മിക്കവാറും തയ്യാറാവാറില്ല. കുടുംബമായിക്കോട്ടെ, ലഹരികൊടുത്തു കൂടെ കൂടിയവരായിക്കോട്ടെ ആത്മാർത്ഥ സുഹൃത്തുക്കളായിക്കോട്ടെ, ആരും ഉണ്ടാവില്ല അവരെ തിരിച്ചെടുക്കാൻ. എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാം എന്നുവച്ചാൽ തൊഴിലിടങ്ങളിൽനിന്നും അന്വേഷണങ്ങൾ വരുമ്പോൾ ലഹരിക്കടിമപ്പെട്ടിരുന്നു എന്നത് ഒരു ലേബലായുള്ളതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെടുന്നു. ജീവിത സാഹചര്യം വരെയും നഷ്ടപ്പെട്ടുപോവുകയാണുണ്ടാവുന്നത്. ഓപ്പറേഷൻ തൂഫാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നുകൂടിയാണല്ലോ പുനരധിവാസം (Rehabilitation) എന്നത്. അത് എത്രയും നന്നായി നടപ്പിലാവുകയാണ് ഇനിയുള്ള കാര്യം."- ഡോ. സെബിന്ദ് കുമാർ പറയുന്നു.
വരേണ്ടത് കൃത്യമായ മാറ്റങ്ങൾ
ലഹരിക്കടിമപ്പെട്ടവരുടെ, അതിൽ നിന്നും മുക്തി നേടിയതിനു ശേഷമുള്ള ജീവിതം വളരെ സാഹസികത നിറഞ്ഞതാണെന്നുതന്നെ പറയാം. പ്രത്യേകിച്ചും ലഹരിമുക്തമാവുന്നതിന് മുമ്പ് അവർ ചെയ്ത എന്തെങ്കിലും കുറ്റകൃത്യങ്ങളോ പെരുമാറ്റങ്ങളോ അവരുടെ ജീവിതത്തെ ആഴത്തിൽ തന്നെയാണ് ബാധിക്കുന്നത്. അത്തരത്തിൽപെട്ടുഴലുന്നവർക്ക് ഒരു കൈത്താങ്ങാവാനും അവരെ സംരക്ഷിക്കാനും ചികിത്സിക്കാനും ശക്തമായ ഒരു മുൻനിര പ്രവർത്തനവും പ്രവർത്തകരും അനിവാര്യമാണ്.
“ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കാനുള്ള കൃത്യമായ സൗകര്യങ്ങൾ ഇല്ലാത്തൊരു സാഹചര്യം നിലവിലുണ്ട്. അത് മാറണം. രോഗികളെ കിടത്തി ചികിത്സിക്കാൻ പറ്റുന്ന ബെഡുകൾ ലഭ്യമാക്കേണ്ടതുണ്ട്. എക്സൈസ് വിഭാഗത്തിന് കീഴിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന ‘വിമുക്തി’ സെന്ററുകളിൽ പോലും മനോരോഗ വിദഗ്ധരില്ല. അവിടെയെല്ലാം സ്ഥിര നിയമനം നടത്തണം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ എം ബി ബി എസ് മാത്രം പോരാ. മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്ന മനോരോഗ വിദഗ്ധനോട് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വന്ന് നോക്കാൻ പറയുകയാണ് നിലവിലെ സ്ഥിതി. എല്ലാ സർക്കാർ ആശുപത്രികളിലും കൃത്യമായ ശമ്പളത്തോടെ പ്രത്യേകം ഡി അഡിക്ഷൻ സെന്ററുകളും അതിലേക്ക് ആവശ്യമായ ഫാക്കൽറ്റികളെയും നിയമിക്കണം” - ഡോ. സെബിന്ദ് കുമാർ കൂട്ടിച്ചേർക്കുന്നു.
