ഫോട്ടോ: മുഹമ്മദ് ഹനാൻ

ഭരണകൂട ‘കുറ്റകൃത്യ’മായി മാറിയ
ആദിവാസി ക്ഷേമം

കേരളത്തിലെ ഭരണകൂടം മുന്നോട്ടുവെക്കുന്ന ആദിവാസി ക്ഷേമ പദ്ധതികളുടെ കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളെക്കുറിച്ച്​ ഫീൽഡ് എക്‌സ്​പീരിയൻസിന്റെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ ഒരു അവലോകനം.

സാമൂഹിക ക്ഷേമം എന്ന വാക്ക് ഭരണകൂടങ്ങൾക്ക് എക്കാലവും പ്രിയങ്കരവും എന്നാൽ പലപ്പോഴും അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു കാര്യമാണ്. ഇന്ത്യ എന്ന രാഷ്ട്രവും ഇതിൽ നിന്ന് വിഭിന്നമല്ല. ഒരു രാഷ്ട്രമെന്ന നിലയിൽ ജനഹിതം മനസിലാക്കിക്കൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും ഭരണനിർവഹണത്തിൽ സുതാര്യതയും, കാര്യക്ഷമതയും കൊണ്ടുവരാൻ ശ്രമിക്കുന്ന രാജ്യമാണ് നമ്മുടേത്. ദുർബലരുടെയും, മധ്യവർഗത്തിന്റെയും തിരഞ്ഞെടുപ്പുരംഗത്തെ വർധിച്ചു വരുന്ന പങ്കാളിത്തം അവരുടെ ക്ഷേമത്തെക്കുറിച്ച് കുറച്ചെങ്കിലും ചിന്തിക്കാൻ ഭരണനേതൃത്വങ്ങളെ നിർബന്ധിച്ചിട്ടുണ്ടെന്നാണ് ലൂയി ടില്ലിൻ പോലുള്ള അക്കാദമിക്കുകൾ പറയുന്നത്. ഒരു ഫെഡറൽ സംവിധാനം എന്ന നിലയിൽ ഇന്ത്യയിൽ സാമൂഹിക ക്ഷേമത്തെക്കുറിച്ചുള്ള വ്യാകുലതകൾ ഏറെയും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം എന്ന നിലയിലാണ് കാണപ്പെടുന്നത്. ജാതി, മത, വർഗ അസമത്വങ്ങളും സാമൂഹിക വൈവിധ്യങ്ങളുടെ അലകും പിടിയും അതിന്റെ സമഗ്രതയിൽ മനസിലാക്കാൻ കഴിയുന്നത്, അതിന്റെ സ്ഥൂലമായ വിശകലനങ്ങൾ സാധ്യമാവുന്ന സംസ്ഥാന തലത്തിലായിരിക്കും എന്നതുമാത്രവുമല്ല, അത്തരമൊരു വികസന ചിന്താധാരക്കു മാത്രമേ ഉൾച്ചേരൽ (inclusion) എന്ന പ്രായോഗിക നൈതിക സങ്കൽപത്തോട് ചേർന്നുനിൽക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് ഇതിനുപിന്നിൽ.

സംസ്ഥാനങ്ങൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ക്ഷേമപദ്ധതികൾ പലപ്പോഴും വൈവിധ്യം നിറഞ്ഞതും വികസന അജണ്ടകൾ നിശ്ചയിക്കുന്നതിൽ ഒരു പരിധി വരെ കേന്ദ്ര സർക്കാരിന്റെ നയങ്ങളുമായി ഒത്തുപോവാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ, ഒരു ജനാധിപത്യ നിയമ സാധുത നേടാൻ ഈ നയങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ സംസ്ഥാനങ്ങളെ സംബന്ധിച്ച് വളർച്ചയും (growth) ഉൾച്ചേരലും (inclusion) ഒരിക്കലും പരസ്പര പൂരകങ്ങളായിരുന്നില്ല എന്നതായിരുന്നു സത്യം. സമൂഹത്തിൽ ഏറെ പിന്നാക്കക്കാരും ദുർബലരുമായ ആദിമ ജനവിഭാഗങ്ങളാണ് ഇതിന്റെ പ്രധാന ഇരകൾ എന്നതാണ് യാഥാർഥ്യം.

ഒരു വശത്ത് സർക്കാർ അതിവിപുലമായ ബജറ്റ് വിഹിതം നടപ്പിലാക്കുന്നു എന്നവകാശപ്പെടുമ്പോഴും മറുവശത്ത് ഈ സമൂഹങ്ങൾക്കിടയിൽ പിന്നാക്കാവസ്ഥയും, ദാരിദ്ര്യവും മുമ്പത്തേക്കാളേറെ കൂടിവരികയാണ്​.

തൊണ്ണൂറുകൾക്കുശേഷം സാമ്പത്തിക ഉദാരവത്കരണം നടക്കുമ്പോഴും സംസ്​ഥാനങ്ങളുടെ നികുതി വരുമാനം സമാന്തരമായി വർധിക്കുന്നതായി നാം കാണുന്നുണ്ട്. ഈ സന്ദർഭം ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള മൂലധന സമാഹരണം സംസ്ഥാനങ്ങൾക്ക് എളുപ്പമാക്കി തീർക്കുകയാണുണ്ടായത്. എന്നാൽ, ഇത്തരം ക്ഷേമ അജണ്ടകൾ എല്ലായിപ്പോഴും വൻകിട ബിസിനസ് താൽപര്യങ്ങളുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുന്നതാണ് പിന്നീട് കാണുന്നത്. സ്വകാര്യ വൻകിട പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലുകളും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും ഒരു ഉദാഹരണം മാത്രം. സംസ്ഥാനതല നയരൂപീകരണങ്ങൾ പലപ്പോഴും അവിടെ നിലനിൽക്കുന്ന സാമൂഹിക ഘടനക്ക് അനുസൃതമായിട്ടായിരിക്കും. അതിൽ പലപ്പോഴും സാമൂഹിക- സാമ്പത്തിക ആധിപത്യങ്ങളും, രാഷ്ട്രീയ സമ്മർദശക്തികളുടെ ആന്തരികഘടനയും കാഴ്ചപ്പാടുകളും, ഉദ്യോഗസ്ഥ ഘടനയും, സാമ്പത്തിക സ്ഥിതിയും, രാഷ്ട്രീയ നേതൃത്വത്തിന്റെ കർതൃത്വവും (agency) ഏറെ പങ്കു വഹിക്കുന്ന കാര്യങ്ങളാണ്.

ദുർബലർക്കായുള്ള നീതിനിർവഹണത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ബജറ്റ് നീക്കിവയ്ക്കലുകളുടെ അളവ് വർഷം തോറും വർധിക്കുന്നുവെന്ന് പറയുമ്പോഴും അത് എത്രമേൽ ചെലവഴിക്കപ്പെടുന്നുവെന്നും ഈ വിഹിതം യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്നുമുള്ള കാര്യം രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വം പലപ്പോഴും മനസിലാക്കാൻ ശ്രമിക്കുന്നതായി കാണുന്നില്ല. ഇതിന്റെ ദുര്യോഗം ഏറ്റവും അനുഭവിക്കുന്നത് വൈവിധ്യങ്ങളായ സാംസ്‌കാരിക-സാമൂഹിക- സാമ്പത്തിക പശ്ചാത്തലമുള്ള ആദിവാസി വിഭാഗങ്ങളാണ്. അതുകൊണ്ടാണ് ഒരു വശത്ത് സർക്കാർ അതിവിപുലമായ ബജറ്റ് വിഹിതം നടപ്പിലാക്കുന്നു എന്നവകാശപ്പെടുമ്പോഴും മറുവശത്ത് ഈ സമൂഹങ്ങൾക്കിടയിൽ പിന്നാക്കാവസ്ഥയും, ദാരിദ്ര്യവും മുമ്പത്തേക്കാളേറെ കൂടിവരുന്നത്.

കേന്ദ്രീകൃത ആസൂത്രണം എന്ന കാലങ്ങളായി പിന്തുടരുന്ന നയരൂപീകരണ സംവിധാനത്തെ 2014 നു ശേഷം വന്ന സർക്കാർ ഉടച്ചുവാർത്തപ്പോൾ അതിന്റെ ദുര്യോഗം അനുഭവിക്കേണ്ടിവന്നത് ആദിവാസി വിഭാഗമാണ്.

ഏറെ പ്രാധാന്യമുള്ള, ഭൂമിയുമായി ബന്ധപ്പെട്ട കാര്യം നോക്കാം. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിതരണത്തിന് കണ്ടെത്തിയ ഭൂമി 1.35 ലക്ഷം ഏക്കർ മാത്രമായിരുന്നു. 1996 ആയപ്പോഴേക്കും അതിൽ 47 % മാത്രമാണ് വിതരണം ചെയ്തത്. ഇതിൽ 43 ശതമാനം പട്ടിക ജാതിക്കും അഞ്ചു ശതമാനം പട്ടികവർഗത്തിനും ലഭിച്ചു. 2006 ലെ കേരള ഹ്യൂമൻ ഡവലപ്‌മെൻറ്​ റിപ്പോർട്ടു പ്രകാരം അന്ന് പട്ടികവർഗക്കാരുടെ കൈവശമുള്ള ശരാശരി ഭൂമി 71 സെന്റ്​ ആയിരുന്നത് 2016 ആയപ്പോഴേക്കും 66 സെന്റായി ചുരുങ്ങിയെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യാ വർധനവും, ഭൂമിയുടെ തുണ്ടുവത്കരണവും, അന്യാധീനപ്പെടലും ഇതിന് കാരണങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള അളവുകോലുകളൊന്നും നയരൂപീകരത്തിൽ കാണാനില്ല എന്നതാണ് യാഥാർഥ്യം. സംസ്ഥാന അക്കൗണ്ടന്റ് ജനറലിന്റെ ഓരോ വർഷവും പുറത്തിറങ്ങുന്ന ഓഡിറ്റ് വിവരങ്ങളും സർക്കാരിന്റെ തന്നെ സാമ്പത്തിക സർവേകളും ഓരോ വർഷവും ആദിവാസി വികസന പദ്ധതികളിലെ വിഷയത്തിലെ സങ്കീർണ പ്രശ്ന​ങ്ങൾ ചൂണ്ടിക്കാണിക്കുമ്പോഴും നയരൂപീകരണ മണ്ഡലത്തിൽ കാലാനുസൃതമായ യാതൊരു തിരുത്തലും വരുന്നതായി കാണുന്നില്ല. പലപ്പോഴും നയരൂപീകരണം ഉദ്യോഗസ്ഥ നിയന്ത്രിതവും മുകളിൽ നിന്ന് താഴേക്ക് കെട്ടിയിയിറക്കുന്നതുമാവുന്നു.

2011 സെൻസസ് പ്രകാരം സംസ്ഥാനത്തെ ആദിവാസികളിൽ 63.6 % പേർ കർഷക തൊഴിലാളികളാണ്. 2001ൽ ഇത് 47.1% ആയിരുന്നു. എന്നാൽ 2013 ലെ കണക്കു പ്രകാരം 8608 ആദിവാസി കുടുംബങ്ങൾക്കു മാത്രമാണ് 50 മുതൽ 100 സെന്റും അതിനു മുകളിലും ഭൂമി സ്വന്തമായുള്ളത്. / Photo: Muhammed Hanan

പലപ്പോഴും ഭയാശങ്കകളും അലസതയും നിറഞ്ഞ ഒരു ഉദ്യോഗസ്ഥ വൃന്ദം ഇത് നടപ്പിലാക്കുമ്പോൾ അത് സമൂഹത്തിന്​ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഈ സാഹചര്യത്തിൽ കേരളത്തിലെ സ്​റ്റേറ്റ്​ മുന്നോട്ടു വയ്ക്കുന്ന ആദിവാസി ക്ഷേമ പദ്ധതികളുടെ കഴിഞ്ഞ പത്തു വർഷത്തെയെങ്കിലും ഒരു അവലോകനം നടത്തേണ്ടത് ആവശ്യമാണ്. അതിൽ 2000നുശേഷം സർക്കാർ പിന്തുടരുന്ന ‘അവകാശാധിഷ്ഠിത നയങ്ങൾക്ക്' (right based policies) എന്തെങ്കിലും ക്രിയാത്മക സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നും അതോടൊപ്പം സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് നടത്തുന്ന ""പദ്ധതി അധിഷ്ഠിത'' (scheme oriented) നയങ്ങൾ എത്രത്തോളം ആദിവാസി ജനതയുടെ പിന്നാക്കാവസ്ഥക്കു പരിഹാരമായിട്ടുണ്ട് എന്നും കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

അവകാശ അധിഷ്ഠിത നയങ്ങളും ആദിവാസികളും

തൊണ്ണൂറുകൾക്കുശേഷം ക്ഷേമപ്രവർത്തനങ്ങളിൽ മുഖംതിരിച്ചു നിന്ന സ്റ്റേറ്റ് 2004നുശേഷം ഇതേ ഉത്തരവാദിത്വത്തിലേക്ക് തിരികെ വരുന്നതായി കാണാം. പൊതുസമൂഹത്തിന്റെ നിരന്തര ആവശ്യവും, കോടതി ഇടപെടലും സർവോപരി സഹായ സന്നദ്ധമായ ഒരു രാഷ്ട്രീയ നേതൃത്വവുമായിരുന്നു ഇതിനു കാരണമായത്. നികുതി വരുമാനത്തിലുള്ള വർധനവും ചേർന്ന് അവകാശാധിഷ്ഠിത (right based) പദ്ധതികൾക്ക് തുടക്കം കുറിച്ചു. അതിന് നിയമ പരിരക്ഷ നൽകി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഏറെ ധീരമായ (audacious) തീരുമാനം എന്നാണ് ബാർബറ ഹാരിസ് വൈറ്റ് പോലുള്ള സാമ്പത്തിക വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത്. കാരണം, പദ്ധതികൾക്ക് നിയമപരിരക്ഷ നൽകുമ്പോൾ അത് സാധാരണ ജനങ്ങൾക്ക് നിയമപരമായി അവകാശപ്പെടാൻ കഴിയുന്ന ഒന്നായി മാറി. ഇക്കാരണത്താൽ സാമ്പത്തിക ഉദാരവത്കരണത്തിന്റെ രണ്ടാം പാദത്തിൽ സർക്കാരിന് ഗണ്യമായ ക്ഷേമപദ്ധതികൾക്ക് മേൽനോട്ടം വഹിക്കാനും സംസ്ഥാന സർക്കാരുകളെക്കൊണ്ട് നടത്തിക്കാനും കഴിഞ്ഞു.

പതിറ്റാണ്ടുകളായി സർക്കാർ ഭാഗത്തുനിന്നുള്ള വികസന കുടിശ്ശികയുള്ള ഒരു ഒരു ജനസമൂഹത്തിനുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ കേവലം അവരുടെ ജനസംഖ്യാനുപാതത്തിൽ തീരുമാനിക്കപ്പെട്ടാൽ മതിയോ എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല.

മഹാത്മാഗാന്ധി തൊഴിലുറപ്പ്, വനാവകാശ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ അവയിൽ ചിലതുമാത്രം. ഇതിൽ ആദ്യത്തേത് സംസ്ഥാനങ്ങൾക്ക് അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് ഏറെ ഗുണകരമാണെന്നതുകൊണ്ടും പലപ്പോഴും ദാരിദ്ര്യ നിർമാർജനത്തിന് കാരണമാകുന്നുണ്ടെന്ന തിരിച്ചറിവിലും ഏറെ സ്വീകാര്യമാവുന്നതാണ് പിന്നീടുകണ്ടത്. എന്നാൽ ഗോത്രസമൂഹ ക്ഷേമത്തിന് നിർമിക്കപ്പെട്ട നിയമങ്ങളായ വനാവകാശം, പ്രത്യേക പഞ്ചായത്തിരാജ് നിയമം (പെസ) എന്നിവ നടപ്പിലാക്കുന്നതിൽ സ്റ്റേറ്റ് കാണിച്ച ആദ്യത്തെ ആവേശം പിന്നീടുണ്ടായില്ല. ഇത്തരം നിയമ സംവിധാനങ്ങൾ കൂടുതൽ വെല്ലുവിളി നേരിട്ടത് 2014ൽ പുതിയ കേന്ദ്ര സർക്കാർ വന്നശേഷമാണെന്ന വസ്തുത സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

കേന്ദ്രീകൃത ആസൂത്രണം എന്ന കാലങ്ങളായി പിന്തുടരുന്ന നയരൂപീകരണ സംവിധാനത്തെ 2014 നു ശേഷം വന്ന സർക്കാർ ഉടച്ചുവാർത്തപ്പോൾ അതിന്റെ ഏറ്റവും വലിയ ദുര്യോഗം അനുഭവിക്കേണ്ടിവന്നത് ജനസംഖ്യയിൽ 8.6 ശതമാനം വരുന്ന ആദിവാസി വിഭാഗമാണ്. പ്രത്യേകിച്ച് നടത്തിപ്പിന്റെ ബാലദശയിലുള്ള ഈ നിയമസംവിധാനത്തിനുവേണ്ടിവരുന്ന പണച്ചെലവിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രാഷ്ട്രം പൊടുന്നനെ പിന്മാറിയത് ഈ ജനസമൂഹത്തിന്റെ ദുര്യോഗത്തിന് ആക്കം കൂട്ടാൻ കാരണമായി. എന്നാൽ കേരളം പോലെ, ഇപ്പോഴും ആസൂത്രണം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ഈ ജനസമൂഹങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ അവരെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളായ ഭൂമി, അവകാശങ്ങൾ, പങ്കാളിത്തം എന്നിവയെ പ്രാധാന്യത്തോടെ കണക്കാക്കാതിരിക്കുകയും അതോടൊപ്പം കാലാനുക്രമമായി യാതൊരു തിരുത്തലുകളും പദ്ധതികളിൽ വരുത്താതിരിക്കുകയുമാണ് ചെയ്യുന്നത്. തത്ഫലമായി ഇത്തരം ജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്നതും ഭാവിയിൽ വന്നേക്കാവുന്നതുമായ പ്രശ്‌നങ്ങളെ നേരിടാനും പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ഒന്നും സംസ്ഥാനത്തിന്റെ പക്കൽ ഇല്ല, അല്ലെങ്കിൽ അതിനുള്ള ശ്രമം പോലും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ഓരോ വർഷവും വകയിരുത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും പ്രൈമറി മൂതൽ ഹൈസ്‌കൂൾ വരെയുള്ള ചെറിയ സാമ്പത്തിക സഹായത്തിന്റെ കണക്കും തരക്കേടില്ലാതെ പ്രവർത്തിക്കുന്ന കുറച്ച് റെസിഡൻഷ്യൽ സ്‌കൂളുകളും മാറ്റി നിർത്തിയാൽ ആദിവാസി വികസന ഫണ്ടുകളുടെ വിനിയോഗം തുലോം തുച്ഛമാണെന്ന് വർഷങ്ങളായുള്ള ഓഡിറ്റിംഗിലും, സർക്കാർ തന്നെ പുറത്തിറക്കുന്ന വികസന റിപ്പോർട്ടുകളും നോക്കിയാൽ മനസിലാവും.

എന്തുകൊണ്ടാണ് വികസനത്തിന്റെ പേരിൽ ആഴമേറിയ പഠനങ്ങളും, വിശകലനങ്ങളും നടക്കുന്നു എന്നുപറയുന്ന കേരളത്തിൽ ഇതുണ്ടാവുന്നത്? എന്തുകൊണ്ടാണ് ആദിവാസി വികസന അജണ്ട എന്നത് ജനാധിപത്യ വിരുദ്ധമാവുന്നത്? എന്തുകൊണ്ടാണ് ഈ പദ്ധതികൾക്ക് ആദിവാസികളെ അവരുടെ പിന്നാക്കാവസ്ഥയിൽ നിന്ന് പുറത്തേക്കു കൊണ്ടുവരാൻ കഴിയാത്തത്? ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും കേൾക്കുന്ന കാര്യം, കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വടക്കേ ഇന്ത്യയിൽ നിന്ന് ഭേദമാണ് എന്നതാണ്. എന്നാൽ സംസ്ഥാനത്തുള്ള 36ലേറെ സമൂഹങ്ങളുടെ സാമൂഹിക- സാമ്പത്തിക ചുറ്റുപാടുകളെ സ്ഥൂലമായ വിശകലനത്തിന് വിധേയമാക്കിയാൽ പലപ്പോഴും അവരുടെ വികസന സൂചികകൾ വടക്കേ ഇന്ത്യയിലുള്ള സഹോദര സമൂഹങ്ങൾക്കൊപ്പമോ താഴെയോ ആവും നിൽക്കുക. ഈ വിഷയത്തെ അൽപം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.

സ്റ്റേറ്റിന്റെ ദീനാനുകമ്പകൾ

പ്രധാനമായും വിദ്യാഭ്യാസം, ഭവന നിർമാണം, ആരോഗ്യം, സാമ്പത്തിക സഹായം, പുനരധിവാസം എന്നീ മേഖലകളിലാണ് ആദിവാസി വികസന ഫണ്ട് ചെലവഴിക്കുന്നത്. പുറമെ നോക്കുമ്പോൾ ഈ ജനതയുടെ പുരോഗതിക്കായുള്ള സമസ്ത മേഖലകളിലും ഈ ഫണ്ടുകൾ എത്തുന്നുണ്ടെന്ന് നമുക്കു തോന്നാം. എന്നാൽ കേന്ദ്രീകൃതമായി തീരുമാനിക്കപ്പെടുന്ന ഫണ്ടുകളുടെ ഉപഭോഗത്തെ സംബന്ധിച്ച തീരുമാനത്തിൽ സംഭവിക്കുന്ന മേൽനോട്ടമില്ലായ്മ, സോഷ്യൽ ഓഡിറ്റിംഗിന്റെ അഭാവം എന്നിവയൊക്കെ ഫണ്ടുകളുടെ വികലമായ അല്ലെങ്കിൽ അപര്യാപ്തമായ ഉപയോഗത്തിന് കാരണമാവുന്നു.
നിങ്ങൾക്ക് ഏതുതരം വികസനമാണ് വേണ്ടതെന്ന് 36ലേറെ വൈവിധ്യ ജനസമൂഹങ്ങളോട് ചോദിയ്ക്കാൻ പോലും ആസൂത്രണത്തെ കുറിച്ച് വാചാലമാവുന്ന സംസ്ഥാന സർക്കാർ തയാറാവുന്നില്ല. പ്രത്യേക കരുതലും പരിഗണനയും നൽകണമെന്ന് ഭരണഘടനയും ആധുനിക സ്റ്റേറ്റുകളും നിർദേശിക്കുന്ന ഒരു ജനസമൂഹത്തിന്റെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തിലെ ദരിദ്രരുടെ പ്രശ്‌നത്തിന്റെ ഒരു ബാക്കിപത്രം മാത്രമായാണ് സർക്കാരുകൾ കാണുന്നതും മനസിലാക്കുന്നതും. സംസ്ഥാനം ക്ഷേമ പദ്ധതികൾക്ക് ചെലവഴിക്കുന്ന തുക ഓരോ വർഷവും അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ കൂടുന്നു എന്നുപറയുമ്പോഴും ഇത്തരത്തിൽ കൂട്ടുന്ന തുക പതിറ്റാണ്ടുകളായി ഈ സമൂഹത്തിന് നൽകേണ്ട അല്ലെങ്കിൽ നൽകാൻ ബാക്കിവച്ച തുകയുടെ കുടിശ്ശിക കൂടി ചേർത്തതാണോ എന്നും ഓരോ ആദിവാസി മേഖലയിലെയും വികസന പിന്നാക്കാവസ്ഥയെ മനസിലാക്കിക്കൊണ്ടാണോ എന്നും നയകർത്താക്കൾ സ്വയം ചോദിക്കണം. അത്തരത്തിൽ നോക്കുമ്പോൾ കേരളം ഏറെ പിന്നിലാണെന്നാണ് കണക്കുകൾ പറയുന്നത്. എസ്.സി- എസ്.ടി- ഒ.ബി.സി ക്ഷേമത്തിന് സംസ്ഥാനം 2.8 ശതമാനം ചെലവിടുമ്പോൾ ഇക്കാര്യത്തിലെ ദേശീയ ശരാശരി 2.7 ശതമാനമാണ്. 7.6 ശതമാനം ചെലവിടുന്ന തെലുങ്കാനയാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ എന്നോർക്കണം. പലപ്പോഴും ഇക്കാര്യത്തിൽ കേൾക്കുന്ന കാര്യം കേരളത്തിലെ ആദിവാസികളുടെ ഭൗതികാവസ്ഥ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ ഭേദമാണ് എന്നാണ്. എന്നാൽ കേരളത്തിലെ മറ്റു സമൂഹങ്ങളുടെ ഭൗതിക സാഹചര്യങ്ങളും മറ്റു സംസ്ഥാനങ്ങളേക്കാൾ മെച്ചമാണ് എന്ന യാഥാർഥ്യത്തിൽ നിന്നുകൊണ്ട് ഇതേ സംസ്ഥാനത്തിലെ തന്നെ ഏറെ ദുർബല ജനവിഭാഗത്തെ കാണാൻ എന്തുകൊണ്ട് സംസ്ഥാനം തയ്യാറാവുന്നില്ല?

ഏകപക്ഷീയമായ സർക്കാർ നയങ്ങൾ ഏറ്റവും അടിത്തട്ടിലെ അധികാര ഘടനകൾ അവരുടെ സൗകര്യത്തിനനുസരിച്ച്​ നടപ്പിലാക്കുമ്പോഴുണ്ടാവുന്ന പുറംതള്ളലുകളെ മനസിലാക്കുവാൻ സ്റ്റേറ്റ് തയ്യാറാവുന്നില്ല.

ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതിന്റെയും അത് യഥാർത്ഥ ഗുണഭോക്താക്കളിൽ എത്താതിരിക്കുന്നതിന്റെയും വിവരങ്ങൾ ഓരോ വർഷവും മാധ്യമങ്ങളിൽ വന്നുപോകാറുള്ളതുമാണ്, എന്നാൽ അതിന്മേൽ പിന്നീടൊരു പുനർവിചിന്തനമോ തെറ്റുതിരുത്തൽ നടപടികളോ നയരൂപീകരണ മേഖലയിൽ ഉണ്ടായതായി കാണുന്നില്ല, പകരം ആദിവാസി വികസനത്തിന് മാറ്റിവയ്ക്കുന്ന ഫണ്ടുകളുടെ നേരിയ വർദ്ധനവിനെ ചൂണ്ടിക്കാട്ടിയുള്ള വീമ്പുപറച്ചിലുകൾ മാത്രമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. ഏറെ ശ്രദ്ധേയമായ കാര്യം, നയവും അതിന്റെ നടത്തിപ്പിലുള്ള പൊരുത്തക്കേടുമാണ്. ഏകപക്ഷീയമായ സർക്കാർ നയങ്ങൾ ഏറ്റവും അടിത്തട്ടിലെ അധികാര ഘടനകൾ അവരുടെ സൗകര്യത്തിനനുസരിച്ച്​ നടപ്പിലാക്കുമ്പോഴുണ്ടാവുന്ന പുറംതള്ളലുകളെ മനസിലാക്കുവാൻ സ്റ്റേറ്റ് തയ്യാറാവുന്നില്ല. 2001 ലെ സെൻസസ് പ്രകാരം 1.14 % ആയിരുന്നു സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ എങ്കിൽ 2011 ൽ അത് 1.45 % ആണ്. ഏകദേശം 24 % ജനസംഖ്യ വർധനവാണിത്. 2011 ലെ സെൻസസിനുശേഷം പത്തു വർഷം പിന്നീടുമ്പോൾ, ഇതോടൊപ്പം ഒരു 24 % (ഒരു കണക്കിനുവേണ്ടി) കൂടി ചേർക്കുകയാണെങ്കിൽ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം 1.79 % ആയിരിക്കും. ഇക്കാരണത്താലായിരിക്കും ജനസംഖ്യാനുപാതതിനനുസരിച്ചുള്ള ബജറ്റ് വകയിരുത്തൽ ഉണ്ടാവുന്നത്.

കാട്ടുനായ്ക വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ ഒരു കുടുംബം. അതിസങ്കീർണമായ ഭൂമി പ്രശ്‌നം പാർപ്പിട പ്രശ്‌നം എന്ന നിലയിലേക്ക് ചുരുക്കി എന്നതാണ് കഴിഞ്ഞ പത്തുവർഷത്തെ പ്രധാന വസ്തുത. എല്ലാ ഭൂരഹിത ആദിവാസികൾക്കും ഭൂമി നൽകും എന്ന വാഗ്ദാനത്തിനപ്പുറം അതിനുവേണ്ടിയുള്ള സമഗ്ര പദ്ധതികളോ പണം വകയിരുത്തലുകളോ ഒന്നും നടക്കുന്നില്ല

എന്നാൽ പതിറ്റാണ്ടുകളായി സർക്കാർ ഭാഗത്തുനിന്നുള്ള വികസന കുടിശ്ശികയുള്ള ഒരു ഒരു ജനസമൂഹത്തിനുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ കേവലം അവരുടെ ജനസംഖ്യാനുപാതത്തിൽ തീരുമാനിക്കപ്പെട്ടാൽ മതിയോ എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. ജനസംഖ്യനുപാതത്തിൽ ബജറ്റ് വിതരണം ഉണ്ടാകുമെന്ന് പറയുമ്പോഴും അത് കുറച്ചുനാളുകളായി വർധിക്കുന്നില്ല എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. അതായത്, 2015 മുതലിങ്ങോട്ട് ഇതിലുള്ള കേരള സർക്കാർ വിഹിതം 2.8 ശതമാനം മാത്രമാണ്. ശതമാന കണക്കിൽ കാര്യമായ മാറ്റമില്ല എന്ന് ഇതിൽ നിന്ന് മനസിലാവും.

2001 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ആദിവാസികളിൽ 47.1 % കർഷക തൊഴിലാളികളാണ്. 2011 ലേക്കെത്തുമ്പോൾ ഇത് 63.6 % ആയി വർധിക്കുന്നുണ്ട്. ഇതിൽ തന്നെ സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കാൻ കെൽപുള്ളവർ 8608 കുടുംബങ്ങളെ ഉള്ളൂ എന്നുകരുതാം, കാരണം ഇപ്പോൾ ലഭ്യമായ 2013 ലെ ട്രൈബൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം 50 മുതൽ 100 സെന്റും അതിനുമുകളിലും ഭൂമി സ്വന്തമായുള്ള സംസ്ഥാനത്തെ ആദിവാസി കുടുംബാംഗങ്ങളുടെ കണക്കാണിത്. ഇതിൽ തന്നെ 100 സെന്റിന് (ഒരേക്കർ) മുകളിൽ ഭൂമി സ്വന്തമായുള്ള കുടുംബാംഗങ്ങൾ 1550 മാത്രമാണ്. ഇവരിൽ എത്രപേർ അവരുടെ ഭൂമിയിൽ കൃഷി നടത്തുന്നുണ്ട് എന്നതും അന്വേഷിക്കേണ്ട വസ്തുതയാണ്. കാരണം, കുടുംബാംഗങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർധന ഭൂമിയുടെ തുണ്ടുവത്കരണത്തിലേക്ക് നയിക്കുന്നു എന്ന വസ്തുത നയരൂപകർത്താക്കൾ മനസിലാക്കാത്ത ഒരു പ്രശ്‌നം കൂടി ഇവിടെയുണ്ട്. ഭൂമി അന്യാധീനപ്പെടലിനു വിധേയരായ സംസ്ഥാനത്തെ എല്ലാ ആദിവാസി സമൂഹങ്ങളുടെയും പൊതുവായ പ്രശ്‌നമാണിത്. ഇങ്ങനെയുള്ള തുണ്ടുവൽക്കരണം പല ആദിവാസി സെറ്റിമെന്റുകളെയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളായി മാറ്റിത്തീർത്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കാണ് സർക്കാർ വീണ്ടും വീണ്ടും അവരുടെ മുൻനിര പദ്ധതികളായ കോൺക്രീറ്റ്​ വീടുകളും പൊതുബിൽഡിങ്ങുകളും പണിയുന്നത്.

എല്ലാ ഭൂരഹിത ആദിവാസികൾക്കും ഭൂമി നൽകും എന്ന വാഗ്ദാനത്തിനപ്പുറം അതിനുവേണ്ടിയുള്ള സമഗ്ര പദ്ധതികളോ പണം വകയിരുത്തലുകളോ ഒന്നും നടക്കുന്നില്ല.

ഭൂമി പ്രശ്‌നവും സർക്കാർ വഴികളും

ഭൂമിയ്ക്കായുള്ള ആദിവാസികളുടെ പോരാട്ടം പൊതുമണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇക്കാര്യത്തിൽ നിരവധി നിയമനിർമാണങ്ങളുണ്ടാവുകയും എന്നാൽ അവയൊന്നും യഥാർഥ്യ ബോധത്തോടെ നടപ്പിലാക്കാൻ കഴിയാത്തതുമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സർക്കാറുകളുടെ അവഗണനയും ഇച്ഛാശക്തിക്കുറവും കാര്യങ്ങളെ സങ്കീർണമാക്കി. അതിസങ്കീർണമായ ഭൂമി പ്രശ്‌നം പാർപ്പിട പ്രശ്‌നം എന്ന നിലയിലേക്ക് ചുരുക്കി എന്നതാണ് കഴിഞ്ഞ പത്തുവർഷത്തെ പ്രധാന വസ്തുത. എല്ലാ ഭൂരഹിത ആദിവാസികൾക്കും ഭൂമി നൽകും എന്ന വാഗ്ദാനത്തിനപ്പുറം അതിനുവേണ്ടിയുള്ള സമഗ്ര പദ്ധതികളോ പണം വകയിരുത്തലുകളോ ഒന്നും നടക്കുന്നില്ല. തുച്ഛമായ തുകയാണ് ഓരോ ബജറ്റിലും ഇതിനായി മാറ്റിവക്കുന്നത്. അവയൊക്കെ പൂർണമായും ചെലവഴിക്കപ്പെടുന്നുമില്ല. 2015 മുതൽ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ പദ്ധതി വിഹിതങ്ങൾ എത്രത്തോളം ചെലവഴിച്ചു എന്ന കണക്ക് ആശങ്കാജനകമാണ്.

1999 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കൽ നിയമം, 2006 ലെ വനാവകാശ നിയമം, ഊരുകൂട്ടങ്ങൾ (ഗ്രാമസഭകൾ) സംഘടിപ്പിക്കൽ, ഭൂരഹിതരുടെ പുനരധിവാസം എന്നിവയാണ് ഭൂമിയുമായി ബന്ധപ്പെട്ട് ബജറ്റിലും പിന്നീട് സാമ്പത്തിക സർവേയിലും കാണുന്ന പണം വകയിരുത്തുന്ന പദ്ധതികൾ. 1999 ലെ നിയമം നടപ്പിലാക്കാൻ 2015ൽ ഒരു കോടി രൂപ അനുവദിച്ചതിൽ ചെലവഴിച്ചത് 9.1 ലക്ഷമാണ്. 2016 ൽ 50 ലക്ഷം രൂപ വകയിരുത്തിയതിൽ 25,000 രൂപ ചെലവിട്ടു. 2017 ൽ അനുവദിച്ച 50 ലക്ഷത്തിൽ 15,000 രൂപ മാത്രം ചെലവിട്ടതായാണ് കാണുന്നത്. 2019 -20 ൽ 10 ലക്ഷം വീതമാണ് വകയിരുത്തിയത്. അതിൽ ചെലവാക്കിയത് 1,40,000 രൂപ മാത്രം.

ഈ നിയമ പ്രകാരം എത്ര കുടുംബാംഗങ്ങൾക്ക് ഇനിയും ഭൂമി നൽകാനുണ്ടെന്ന കാര്യം സാമ്പത്തിക സർവേയോ ഡിപ്പാർട്ടുമെന്റോ ഒരിടത്തും പറയുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട വനാവകാശ നിയമം നടപ്പിലാക്കാൻ 2015- 2017 കാലത്ത് ഓരോ വർഷവും ഒരു കോടി രൂപ വകയിരുത്തിയതിൽ യഥാക്രമം 99.10 ലക്ഷം, 93.23 ലക്ഷം, 6.71 ലക്ഷം എന്ന രീതിയിലാണ് ചെലവഴിക്കപ്പെട്ടിരിക്കുന്നത്. 2017-18 ൽ അനുവദിച്ച ഒരു കോടിയിൽ 65 ലക്ഷവും പിന്നീടങ്ങോട്ട് തുകകളൊന്നും ഇതിനായി വകയിരുത്തുന്നതായി കാണുന്നില്ല. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ സർവേ കഴിഞ്ഞ് ജനങ്ങൾക്ക് പതിച്ചു നൽകാൻ എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് ഭൂമി തയാറായി ഇരിക്കുമ്പോഴാണിതെന്നോർക്കണം. വനവകാശം നടപ്പിലാക്കുന്നതിനുള്ള സർക്കാരിന്റെ വിമുഖത ഇതിൽ നിന്ന് വ്യക്തമാണ്. ഇത് പൂർണമായും കേന്ദ്ര വിഹിത ഫണ്ടാണെന്നു കൂടി ഓർക്കണം. വനാവകാശ ഗ്രാമസഭകൾ അല്ലെങ്കിൽ ഊരുകൂട്ടങ്ങൾ സംഘടിപ്പിക്കാനും അതിനുള്ള സ്റ്റേഷനറി ഓഫീസ് ആവശ്യങ്ങൾക്കുമായി 2015-16 ൽ അനുവദിച്ചത് ഒരു കോടിയും ചെലവഴിച്ചത് 30 ലക്ഷവുമാണ്. 2016-17 ൽ 50 ലക്ഷം രൂപ അനുവദിച്ചതിൽ 36 ലക്ഷമാണ് ചെലവഴിച്ചത്. 2018 മുതൽ 2021 വരെ 70 ലക്ഷത്തിനു മുകളിൽ ശരാശരി വകയിരുത്തിയപ്പോൾ 2020 വരെ ചെലവഴിച്ചത് യഥാക്രമം 52.2 %, 26.5 %, 11.4 % എന്നിങ്ങനെയാണ്.

ഊരുകൂട്ടം സംഘടിപ്പിക്കാനും അതിനുള്ള സ്‌റ്റേഷനറി ആവശ്യങ്ങൾക്കും അനുവദിച്ചതും ചെലവാക്കിയതുമായ തുക:

പ്രാക്തന ഗോത്ര വിഭാഗങ്ങൾക്കായി 2018-19 ൽ ആറു കോടി രൂപ വകയിരുത്തിയതിൽ ഒരു കോടി നാൽപ്പത്തെട്ടു ലക്ഷം രൂപ മാത്രമാണ് ചെലവാക്കിയത്. 2019-20 ൽ അഞ്ചു കോടി രൂപ വകയിരുത്തിയതിൽ ഒരു കോടി മുപ്പതു ലക്ഷം രൂപ മാത്രമാണ് ചെലവിട്ടത്. കോവിഡ് കാരണം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് സംസ്ഥാനത്തെ പ്രാക്തന ഗോത്ര വിഭാഗക്കാർ എന്ന് മനസിലാക്കണം. ഭൂമിയുമായി ബന്ധപ്പെട്ട പണം ചെലവിടുന്ന മറ്റൊരു മേഖല ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസമാണ്. മേൽ വിവരിച്ച പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടുതൽ തുക വകയിരുത്തുന്ന ഈ പദ്ധതിയിലും 2016 മുതൽ പകുതി പോലും ചെലവഴിക്കപ്പെടുന്നില്ല. 2017-18 ലും 2019 -20 ലും അനുവദിച്ച തുകയുടെ ഏഴും എട്ടും ശതമാനം മാത്രമാണ് ചെലവഴിച്ചത്.
അടിസ്ഥാന ജീവനോപാധിയായ ഭൂമിയും പിന്നീടുണ്ടാവേണ്ട സ്വയം നിർണയം എന്ന ഭാരണഘടനാ അവകാശവും ലഭ്യമാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങളാണ് സൂചിപ്പിച്ചത്. ഇതിന്റെ നടത്തിപ്പിലേക്കായുള്ള സാമ്പത്തിക വിഹിതം ഓരോ സാമ്പത്തിക വർഷവും കുറഞ്ഞുവരുന്നതും അതോടൊപ്പം ഈ തുകയുടെ പകുതി പോലും ഇത്തരം പദ്ധതികൾക്കായി വിനിയോഗിക്കുന്നതായും കാണുന്നില്ല. ഇതിനുപരിയായി മറ്റു ചില പദ്ധതികൾക്കായി- പ്രത്യേകിച്ച് പരമ്പരാഗത ചികിത്സക്കായുള്ള സാമ്പത്തിക സഹായ പദ്ധതികളിൽ- പദ്ധതി വിഹിതം കൂടുതലുള്ളപ്പോഴും വളരെ കുറച്ചു മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. പുതിയതായി സൃഷ്ടിക്കപ്പെടുന്ന വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ല ഈ സ്‌കീമുകളൊക്കെ എന്ന് പറയേണ്ടിവരും.

2020 ലെ സാമ്പത്തിക സർവേ പ്രകാരം 2014 -15 നും 2018-19 നും ഇടയിൽ സർക്കാർ പണം കൊടുത്ത് ഭൂമി വാങ്ങി 775 കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിൽ വയനാട്ടിലും, പത്തനംതിട്ടയിലും, പാലക്കാടുമാണ് അധികവും എന്ന കാര്യം കുറച്ചൊക്കെ പ്രതീക്ഷ നൽകുന്നു

ഭൂമി വിതരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നം, ഓരോ പദ്ധതിയനുസരിച്ചും നൽകുന്ന ഭൂമിയുടെ കണക്ക് പ്രത്യേകമായി അറിയാൻ കഴിയില്ല എന്നതാണ്. 2019 ഒമ്പതാം മാസം വരെ വിവിധ ജില്ലകളിൽ വാങ്ങിയ ഭൂമിയുടെ മുഴുവനായുള്ള കണക്കും ചെലവായ തുകയും സാമ്പത്തിക സർവേ നൽകുന്നുണ്ടെങ്കിലും, ഇനിയും ഭൂമി ലഭിക്കേണ്ടവരുടെ വിവരങ്ങൾ ഒരിടത്തും കാണുന്നില്ല. 2015 മുതൽ വിതരണം ചെയ്യപ്പെട്ടു എന്ന് പറയുന്നതിന്റെ വിശാദാംശങ്ങൾ 2020 ലെ സാമ്പത്തിക സർവേ പ്രകാരം ഇങ്ങനെയാണ്: 2016-2020നും ഇടയിൽ 3664 ഏക്കർ ഭൂമി 4622 ഉപഭോക്താക്കൾക്ക് കൊടുത്തിട്ടുണ്ട്. ഈ കാലയളവിൽ ശരാശരി 77 സെൻറ്​ വീതം മാത്രമാണ് ഇവർക്ക് കിട്ടിയത്.
എന്നാൽ പട്ടികവർഗ വകുപ്പിന്റെ 2013 ലെ കണക്കുപ്രകാരം കേരളത്തിലെ ഭൂരഹിത ആദിവാസി കുടുംബാഗങ്ങൾ 5158 ആണ്. വ്യക്തിഗതമായാണോ കുടുംബപരമായാണോ സാമ്പത്തിക സർവേ ഈ കണക്കുകൾ പറയുന്നത് എന്നത് വ്യക്തമല്ല.

കുടുംബപരമായി ഇതിനെ കണക്കുകൂട്ടുകയാണെങ്കിൽ ഏകദേശം 71 % ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂമി കിട്ടിയിട്ടുണ്ട്. എന്നാൽ ഇത് ഉറപ്പുവരുത്താൻ മറ്റു വിവരങ്ങളൊന്നും നമ്മുടെ കൈവശമില്ല. ഇതിൽ തന്നെ ഏതു തരം ഭൂമിയാണ് വിതരണം ചെയ്തത് എന്ന കാര്യവും വ്യക്തമല്ല. മറ്റൊരു പ്രധാന കാര്യം, വനാവകാശ നിയമപ്രകാരം നൽകിയ ഭൂമിയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതാണ്. സർക്കാർ വാങ്ങിക്കൊടുക്കുന്ന, അല്ലെങ്കിൽ അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുന്ന കണക്കുകളിൽ നിന്ന് വനാവകാശം വേറിട്ട് കാണേണ്ടതുണ്ട്. കാരണം, അത് മറ്റൊരു കേന്ദ്രനിയമപ്രകാരം വനത്തിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്നവർക്ക് അവരുടെ ഭൂമിക്കും, ആവാസവ്യവസ്ഥക്കും മേൽ നൽകുന്ന പരമാധികാരം സംബന്ധിച്ച നിയമമാണ്. പലപ്പോഴും നയരൂപീകരണത്തിൽ വനാവകാശത്തെ വെറും ഭൂമി നൽകൽ എന്ന രീതിയിൽ മാത്രമാണ് വ്യാഖ്യാനിച്ചുകാണുന്നത്. എന്നാൽ, 2020 ലെ സാമ്പത്തിക സർവേ പ്രകാരം 2014 -15 നും 2018-19 നും ഇടയിൽ സർക്കാർ പണം കൊടുത്ത് ഭൂമി വാങ്ങി 775 കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിൽ വയനാട്ടിലും, പത്തനംതിട്ടയിലും, പാലക്കാടുമാണ് അധികവും എന്ന കാര്യം കുറച്ചൊക്കെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഭൂമി പ്രശ്‌നം എന്ന മഞ്ഞുമലയുടെ ചെറിയ ഒരു ഭാഗം മാത്രമാണിത്.

വിവര ഏകീകരണത്തിന്റെ അഭാവം

ഓരോ ബജറ്റിലും തുകകൾ വർധിപ്പിച്ചുവെന്നു പറയുമ്പോഴും പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോഴും പഴയതിന്, അല്ലെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിന് എന്തുസംഭവിക്കുന്നു അല്ലെങ്കിൽ എന്ത് സംഭവിച്ചു എന്ന സ്ഥിതിവിവരക്കണക്ക് ഏറെക്കുറെ ലഭ്യമല്ല. ഭവനനിർമാണം, ഹൈസ്‌കൂൾതലം വരെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയുടെ വിവരങ്ങൾ ഒരുപക്ഷെ ലഭിച്ചേക്കാം, എന്നാൽ മുൻ സൂചിപ്പിച്ച പോലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക്- പ്രത്യേകിച്ച് ഹയർ സെക്കന്ററി മുതൽ- എന്നിവ നേരിടാനുള്ള കർമപദ്ധതികളെ കുറിച്ചും, പ്രകൃതിക്ഷോഭം, മഹാമാരികൾ എന്നിവയെ നേരിടാൻ എങ്ങനെ ഈ സമൂഹങ്ങളെ കെൽപ്പുള്ളവരാക്കാം, സ്റ്റേറ്റ് സംവിധാനങ്ങൾക്ക് എന്തുചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളിലും ആശാവഹമായി ഒന്നും കാണുന്നില്ല. ദുർബലരായ ജനതയെ ബാധിക്കുന്ന ഇത്തരം നിയമനിർമാണങ്ങളെക്കുറിച്ച് ഏറ്റവും ആദ്യം ജാഗരൂകരാകേണ്ടത് അതുമായി ബന്ധപ്പെട്ട വകുപ്പാണ്. പിന്നീട് പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും അതിന്റെ നടത്തിപ്പിൽ പങ്കാളിയാവേണ്ടതും ബന്ധപ്പെട്ട വകുപ്പുകൾ തന്നെയാണ്. എന്നാൽ അത്തരം കാര്യങ്ങളിൽ ഈ വകുപ്പുകളുടെ പ്രാതിനിധ്യം ക്രമേണ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇക്കാര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് 2020 ജൂൺ രണ്ടിന് കേരള സർക്കാർ പുറത്തിറക്കിയ ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി- വർഗത്തിൽ പെട്ടവർക്കുകൂടി റവന്യു പട്ടയം നൽകാൻ ഇറക്കിയ ഓർഡർ. ഈ ഓർഡർ ഇപ്പോൾ ആദിവാസി മേഖലകളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന സംശയങ്ങൾ ചെറുതല്ല.

വനാവകാശ നിയമം നടപ്പിലാക്കിയ ഈ ജില്ലകളിൽ എങ്ങനെയാണ് റവന്യൂ പട്ടയം നൽകുക എന്ന പ്രധാന സംശയം ഇവിടെ നിലനിൽക്കുന്നു. 1993 ലെ ഭൂപതിവ് (01.01.1977 നു മുമ്പ് വനഭൂമി കൈവശം വയ്ക്കുന്നവർക്ക് നിയമാവകാശം നൽകൽ) പ്രത്യേക ചട്ടങ്ങളിലെ ചട്ടം 2 (എഫ്) ലെ നിർവചനത്തിന്റെ പരിധിയിൽ വരുന്ന ഭൂമി കൈവശം വച്ചുവരുന്ന പട്ടിക വിഭാഗക്കാർക്ക് പ്രസ്തുത കൈവശ ഭൂമിക്കുമേൽ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടയം നൽകണമെന്നും, ഇതേ കൈവശങ്ങൾക്ക് കൈവശ രേഖ അനുവദിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദുചെയ്ത് പട്ടയം അനുവദിക്കണമെന്നുമാണ് ഈ ഓർഡർ പറയുന്നത്.

വനാവകാശം പോലുള്ള കേന്ദ്ര നിയമങ്ങളെ എങ്ങനെ ഇവിടെ മറികടക്കും എന്ന ചോദ്യത്തെക്കാളുപരി റവന്യു പട്ടയം എന്ന വ്യക്തിഗത അവകാശത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാമൂഹികാവകാശങ്ങൾക്ക് എന്ത് സംഭവിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കാരണം, ആദിവാസി മേഖലയിലുള്ള ഒട്ടുമിക്ക പൊതുസംരംഭങ്ങളും ആദിവാസി ഊരുകൂട്ടങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണെന്ന് വനാവകാശ നിയമം ഉറപ്പു നൽകുന്നു. ഇത്തരത്തിൽ ആദിവാസികളുടേതായ, അല്ലെങ്കിൽ അവർ ഭൂമി നൽകി നിർമിച്ചിട്ടുള്ള സാമൂഹിക പഠനമുറികളും, സാംസ്‌കാരിക കേന്ദ്രങ്ങളും ഒക്കെ അവരുടേതല്ലാതാവുന്ന ഈ സമയത്ത് റവന്യു പട്ടയം ഈ ജനസമൂഹങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന വിമർശനം ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ സർക്കാർ തയ്യാറായിട്ടുമില്ല. വനാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പലപ്പോഴും വനംവകുപ്പിന്റെ ഇച്ഛാനുസരണമായി നടക്കുന്നതായാണ് കാണുന്നത്.

വന വിഭവ ശേഖരണം ജീവനോപാധിയായി സ്വീകരിച്ച സമൂഹങ്ങളുടെ അവസ്ഥയാണ് ഏറെ പരിതാപകരം. പല ഊരുകളിലും ഇതിനൊരു സ്ഥിരസംവിധാനമില്ല, പലപ്പോഴും ഉണ്ടെന്നു പറയപ്പെടുന്ന വന സംരക്ഷണ സമിതിയും ഇക്കോ ഡെവലപ്‌മെൻറ്​ കമ്മിറ്റികളും വനം വകുപ്പിന്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. വനാവകാശ നിയമപ്രകാരം ഇതൊക്കെ ആദിവാസി ഊരുകൂട്ടങ്ങളുടെ കീഴിലാക്കണം എന്ന നിയമം പോലും പാലിക്കപ്പെടുന്നില്ല. തെക്കൻ കേരളത്തിൽ പലയിടത്തും ഇത്തരം സെന്ററുകൾ പ്രവർത്തന രഹിതവുമാണ്.

കൊല്ലം ജില്ലയിലെ അച്ചൻകോവിലിൽ മലപണ്ടാരം സെറ്റിൽമെന്റിലെ വനസംരക്ഷണ സമിതിയുടെ വനവിഭവ സംരക്ഷണകേന്ദ്രം (2014). ഇത് നിലവിൽ പ്രവർത്തനരഹിതമാണ്.

ആദിവാസി വികസന പദ്ധതികളുടെ നോഡൽ ഏജൻസി പട്ടിക വർഗ വകുപ്പാണെന്നു പറയുമ്പോഴും ത്രിതല പഞ്ചായത്തുകൾ വഴി നടത്തുന്ന പദ്ധതികൾ യാതൊരു സാമൂഹ്യ ഓഡിറ്റിംഗിനും വിധേയമാക്കപ്പെടുന്നില്ല. അതിസങ്കീർണമായ രാഷ്ട്രീയം നിറഞ്ഞ ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കപ്പെടുന്ന ആദിവാസി പൊതു വികസന പദ്ധതികളെല്ലാം പിന്നീട് പഞ്ചായത്തിന്റെ അധീനതയിലായി മാറുകയാണ് ചെയ്യുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ടത് കമ്യൂണിറ്റി സെന്ററുകളാണ്. ഒരു പൊതുസ്ഥാപനത്തിനായി ആദിവാസികൾ സ്ഥലം നൽകുമ്പോൾ വനാവകാശ നിയമ പ്രകാരം ഊരുകൂട്ടം വനം വകുപ്പുമായി ചേർന്ന് ടെണ്ടർ വിളിച്ച് നിർമാണം നടത്തുക എന്നതാണ് നിയമം നിഷ്‌കർഷിക്കുന്നത്. ട്രൈബൽ വകുപ്പിന് ഒരു പ്രത്യേക എൻജിനീയറിങ് വിഭാഗം ഇല്ലാത്തതിനാലാണത്രെ ഇത്. എന്നാൽ, ഭരണച്ചുവപ്പുനാടയിൽ കുരുങ്ങി ഇത് പലപ്പോഴും നടക്കാറില്ല. അപ്പോഴാണ് ഈ പണം പഞ്ചായത്തിലൂടെ കൊണ്ടുവന്ന് നടപ്പിലാക്കുന്നത്. ഒരു സംഘടനാ സംവിധാനവും എഞ്ചിനിയറിങ് വിഭാഗവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉള്ളതിനാൽ പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പദ്ധതികൾ പലപ്പോഴും നടക്കും. അത് നല്ലതുതന്നെ. എന്നാൽ ഇനിയാണ് പ്രശ്‌നങ്ങൾ. നിയമപ്രകാരം ഇത് ആദിവാസികൾക്ക് കൈമാറണം. പക്ഷെ പലപ്പോഴും അത് നടക്കില്ല. ഇത്തരം കമ്യൂണിറ്റി സെന്ററുകൾ പഞ്ചായത്തിന്റേതായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. പലപ്പോഴും ഊരുകൂട്ടം പോലും ഒത്തുകൂടാൻ ഇങ്ങനെ പണിത കമ്യൂണിറ്റി സെന്ററുകൾ ആദിവാസികൾക്ക് ഉപയോഗപ്പെടാറില്ല. കുറച്ചു നാളുകളായി കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. ഈ പൊതുസ്ഥലങ്ങൾ ആദിവാസികളുടെ ആശയാവിഷ്‌കാരത്തിനും, സ്വയം നിർണയത്തിനും സർവോപരി വികസനത്തിനും ആവശ്യമെന്ന് നിയമത്തിൽ പറയുമ്പോഴും അതിന്റെയൊന്നും ഗുണഫലം ആദിവാസികൾക്ക് ലഭിക്കുന്നില്ല. ഈയൊരു യാഥാർഥ്യം എന്നാണ് സർക്കാർ മനസിലാക്കുക?

ആരുടേതാണീ മരങ്ങൾ?

ഭൂമിയുടെ മേലുള്ള ആദിവാസിയുടെ അവകാശങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് അതിൽ വളരുന്ന മരങ്ങൾക്കുമേലുള്ള അവകാശം. ആദിവാസി ഭൂമിയിൽ നിലകൊള്ളുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളുടെ വാണിജ്യമൂല്യം കൊളോണിയൽ കാലം മുതൽ സർക്കാരിന് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ പല കാലങ്ങളിലായി വന സംരക്ഷണ നിയമങ്ങളിലൂടെ അതിന്മേലുള്ള പരമാധികാരം സർക്കാരിൽ തന്നെ നിലനിർത്താൻ ഭരണ സംവിധാനത്തിന് കഴിഞ്ഞു. അതേസമയം ഏറെ വാണിജ്യ പ്രാധാന്യമുള്ള തേക്ക് പോലുള്ള മരങ്ങളുടെ പ്ലാന്റേഷനുകൾ സർക്കാരിന് സ്ഥിരവരുമാനം നൽകുന്ന പദ്ധതിയുമായി മാറി. ഇത്തരം പ്ലാ​േൻറഷനുകളുടെ പിന്നാമ്പുറങ്ങളിലെ കോളനികളിൽ ജീവിക്കുന്ന ആദിവാസികൾക്ക് ഇതിന്റെ വരുമാനത്തിൽ യാതൊരു പങ്കുമില്ല എന്ന കാര്യം കൂടി ഓർക്കണം. സ്വന്തം പുരയിടത്തിലെ മരങ്ങൾ, പ്രധാനമായും പ്ലാവ്, ആഞ്ഞിലി എന്നിവ വീട്ടാവശ്യങ്ങൾക്ക് മുറിക്കണമെങ്കിൽ ഓരോ ആദിവാസിയും കടക്കേണ്ട കടമ്പകൾ ഏറെയാണ്. വനം വകുപ്പിന് പരമാധികാരമുള്ളതിനാൽ അവരുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളിലൂടെയും ഇവർ കടന്നുപോകണം. എന്നാൽ സ്വന്തം പുരയിടത്തിലെ ഒരു പ്ലാവ് മുറിക്കാൻ ഫോറസ്റ്റ് റേഞ്ച് തലത്തിൽ അനുവാദം നൽകിയാലും ജില്ലാതലത്തിൽ ഒരു പരാതിയോ മറ്റോ കിട്ടിയാൽ അത് നിർദ്ദയം റദ്ദാക്കപ്പെടും. ഇക്കാരണത്താൽ ഭവന നിർമാണം എന്നത് ആദിവാസിക്ക് അഗ്‌നി പരീക്ഷയാണ്. ഇത്തരം നൂലാമാലകൾ ഒഴിവാക്കുന്നതിനാണ് പലരും വീട് നിർമാണം കോൺട്രാക്ടറെ ഏൽപ്പിക്കുന്നത്. പിന്നീട് അതുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല.

ഇത്തരം പ്രശ്‌നങ്ങൾക്ക് അവസാനമുണ്ടാകണമെങ്കിൽ ഒന്നുകിൽ പട്ടയം ലഭിക്കണം അല്ലെങ്കിൽ വനാവകാശ നിയമം അതിന്റെ യഥാർത്ഥ അന്തഃസത്തയോടെ നടപ്പിലാക്കണം. പക്ഷെ ഇതു രണ്ടും കാര്യക്ഷമായി കേരളത്തിൽ നടക്കുന്നില്ല. വനാവകാശ നിയമം വ്യക്തിഗതവും സാമൂഹികവുമായുള്ള അവകാശ സ്ഥാപനത്തിലൂടെ സ്വന്തം ആവാസ വ്യവസ്ഥക്കുമേൽ ആദിവാസിക്ക് പരമാധികാരം നൽകുന്ന നിയമമാണെന്നോർക്കണം. എന്നിട്ടും സ്വന്തം പുരയിടത്തിലെ മരം മുറിക്കാൻ ഇന്നും ആദിവാസി വനം വകുപ്പിന്റെ അനുവാദത്തിന് കാത്തുനിൽക്കണം.

ഇതേ പ്രശ്‌നം ചൂണ്ടിക്കാണിച്ച് 2017ൽ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. വനംവകുപ്പിനോട് വിഷയം പരിഹരിക്കാൻ കോടതി ആവശ്യപ്പെട്ടു. വനാവകാശം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായ നോഡൽ ഏജൻസിയായ ട്രൈബൽ വകുപ്പ് ഇതിൽ കക്ഷിയായില്ല എന്ന കാര്യം ഒരു ദുരന്തമാണ്. ഇതുമായി ബന്ധപ്പെട്ട്, ആദിവാസികൾക്ക് സ്വന്തം പുരയിടത്തിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സർക്കുലർ 2020 മാർച്ച് 24 ന് കേരള വനം വകുപ്പ് ഇറക്കി. പ്രധാനമായും അഞ്ച് ചോദ്യങ്ങൾക്കാണ് ഈ സർക്കുലറിലൂടെ വനം വകുപ്പ് ഉത്തരം നൽകാൻ ശ്രമിച്ചത്. വനാവകാശം ലഭിച്ച ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം ആർക്കാണ് എന്നതാണ് ആദ്യ ചോദ്യം. സ്വന്തമായി നട്ടുവളർത്തിയ ഏതു മരങ്ങളും ഉടമസ്ഥർക്കോ അവരുടെ പിൻഗാമികൾക്കോ ഉപയോഗിക്കാം എന്ന് വനം വകുപ്പ് പറഞ്ഞു. എന്നാൽ ഇത് വനാവകാശ നിയമത്തിന് വിരുദ്ധമാണ്. നിയമപ്രകാരം ഭൂമി പരമ്പരാഗതമായി കൈമാറിവരുന്നതാണ്. രണ്ടാമതായി ഈ മരങ്ങൾക്കു മേലുള്ള അവകാശം എങ്ങനെ സ്ഥാപിച്ചെടുക്കാം എന്നതാണ്. അത് ട്രൈബൽ സെറ്റിൽമെന്റിന്റെ വയസ് കണക്കാക്കി കണ്ടെത്തുമത്രേ. അതായത് ഓരോ സെറ്റിൽമെന്റും നിലവിൽ വന്ന വർഷം സർക്കാർ രേഖ നോക്കി കണ്ടെത്തുമത്രേ.

ഇടുക്കി, കോട്ടയം മേഖലകളിൽ മരം മുറിക്കാൻ വനം വകുപ്പിന് കൊടുത്ത അപേക്ഷകൾ രണ്ടുമാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാവാത്ത ഉദാഹരണങ്ങൾ ഏറെയാണ്.

വളരെ കുഴപ്പം പിടിച്ച ഒരു മാർഗമാണിത്. കേരളത്തിലെ പല ആദിവാസി സെറ്റിൽമെന്റും സ്വാതന്ത്ര്യത്തിനു മുന്നേ, അതായത് ഇപ്പോഴുള്ള സർക്കാരുകൾ വരുന്നതിനു മുൻപേ നിലനിന്നിരുന്നതാണ്; മാത്രമല്ല ആഞ്ഞിലി, നാടൻ പ്ലാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങൾക്ക് ആവശ്യമായ കാതൽ ആകാൻ (അല്ലെങ്കിൽ മൂപ്പെത്താൻ) കുറഞ്ഞത് 40 വർഷം മുകളിലെടുക്കും. പറഞ്ഞുവരുന്നത് ഇപ്പോൾ പല ആദിവാസി സെറ്റിൽമെന്റുകളിലും നിൽക്കുന്ന ഇത്തരം വൃക്ഷങ്ങൾ കുറഞ്ഞത് 70 വർഷത്തിനുമേൽ പഴക്കമുള്ളവയാണ്, അതിൽ മിക്കവയും രണ്ടോ മൂന്നോ തലമുറ മുമ്പുള്ള കുടുംബാംഗങ്ങൾ നട്ടുവളർത്തിയവയാവും. സ്വാഭാവികമായിയും സെറ്റിൽമെൻറ്​ നിലവിൽ വന്നത് 1950 കൾക്കുശേഷമായിരിക്കും. ഈ സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾ ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.

ഉപയോഗിക്കുന്നതിന് മുൻകൂർ അനുവാദം വേണ്ടവയും വേണ്ടാത്തതുമായത്​ എന്ന്​രണ്ടു രീതിയിൽ മരങ്ങളെ തരം തിരിച്ചിട്ടുണ്ട്. സെറ്റിൽമെൻറ്​ നിലവിൽ വന്നശേഷം നട്ടുവളർത്തിയ തെങ്ങ്, കാപ്പി, മാവ്, മഹാഗണി, അക്വേഷ്യ, യൂക്കാലിറ്റിപ്‌സ്, റബ്ബർ എന്നീ മരങ്ങൾക്ക് മുൻകൂർ അനുവാദം ആവശ്യമില്ല. മറ്റു വലിയ മരങ്ങൾ മുറിക്കുന്നതിനുള്ള മൂന്നുതട്ടിലുള്ള നടപടി ക്രമങ്ങൾ യഥാക്രമം ഇങ്ങനെയാണ്: ആദ്യം വനാവകാശ കമ്മിറ്റികളും പിന്നീട് ഫോറസ്റ്റ് റേഞ്ച് ഓഫീസറും അവസാനം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും അനുവദിക്കണം. ഈ നടപടിക്രമങ്ങളെല്ലാം ഒരു മാസത്തിനുള്ളിൽ ചെയ്തുതീർക്കണം. മരങ്ങൾ പൊതു വിപണിയിൽ ഉടമസ്ഥർക്ക് വിൽക്കണമെങ്കിൽ വനാവകാശ കമ്മിറ്റിയുടെയും ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെയും ഇടനിലയിൽ മാത്രമേ ആകാവൂ. വനാവകാശ നിയമത്തിന്റെ എല്ലാ അന്തഃസത്തയും ചോർത്തിക്കളയുന്ന ഒരു സർക്കുലറാണിത്. മരങ്ങൾക്കുമേൽ വനാവകാശ കമ്മിറ്റികൾക്കും ഊരു കൂട്ടത്തിനും സർവോപരി ആദിവാസിക്കുമുള്ള പരമാധികാരം വനം വകുപ്പ് കവർന്നെടുക്കുന്നതാണ് ഇവിടെ കാണുന്നത്. ഇടുക്കി, കോട്ടയം മേഖലകളിൽ മരം മുറിക്കാൻ വനം വകുപ്പിന് കൊടുത്ത അപേക്ഷകൾ രണ്ടുമാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാവാത്ത ഉദാഹരണങ്ങൾ ഏറെയാണ്.

കരുളായി വനത്തിലെ മാഞ്ചീരി ചോലനായ്ക്ക സെറ്റിൽമെന്റ് (2016)

2010നുശേഷം കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ വനാവകാശ നിയമം കേരളത്തിൽ ഇന്നും തുടങ്ങിയിടത്തുതന്നെയാണ്. എല്ലാ ബജറ്റിലും വനാവകാശം നടപ്പിലാക്കാനും (കഷ്ടിച്ച് ഒരു കോടി രൂപ), ഊരുകൂട്ടങ്ങൾ (ആദിവാസി ഗ്രാമസഭകൾ) സംഘടിപ്പിക്കുവാനും ( ഏകദേശം 70 ലക്ഷം രൂപ) ചെറിയൊരു തുക വകയിരുത്തുന്നതുകഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും സർക്കാരും വകുപ്പുകളും പിന്തിരിഞ്ഞു നിൽക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യക്കിറ്റ് നൽകുക, ഇടവേളകളിൽ തൊഴിലുറപ്പു പദ്ധതി വഴി തൊഴിൽ നൽകുക എന്നതൊഴിച്ചാൽ ആദിവാസി മേഖലകളിൽ സർക്കാർ സാന്നിധ്യം തീരെയില്ലെന്നു വേണം കരുതാൻ. ഇത്തരമൊരു ഉത്തരവ് പലപ്പോഴും നോഡൽ ഏജൻസിയായ ആദിവാസി വികസന വകുപ്പ് അറിഞ്ഞതായി പോലും ട്രൈബൽ പ്രമോട്ടർന്മാർക്കും, എക്സ്റ്റൻഷൻ ഓഫീസർമാർക്കും അറിവുള്ളതായി തോന്നുന്നില്ല.

മഹാമാരിയും സ്റ്റേറ്റ് സംവിധാനങ്ങങ്ങളും

ഏതൊരു മഹാമാരിയും ദുർബലരെയാണ് ഏറെ ബാധിക്കുക എന്നത് ഏറെ വിശദീകരണം ആവശ്യമില്ലാത്ത വസ്തുതയാണ്. കോവിഡും അതിൽ നിന്ന് ഭിന്നമല്ല. ഇത്തരം പ്രതിസന്ധികളെ നേരിടാൻ ഈ ജനസമൂഹത്തെ പ്രാപ്തരാക്കാൻ സർവസന്നാഹങ്ങളും, ശേഷിയുമുള്ള സ്റ്റേറ്റിനും അതിന്റെ ഏജൻസികൾക്കും എത്രത്തോളം കഴിയുന്നു എന്നത് വിലയിരുത്തേണ്ടതാണ്. ആദിവാസികൾക്കിടയിൽ തന്നെ ഏറെ പിന്നാക്കം നിൽക്കുന്ന സമൂഹമാണ് പ്രാക്തന ഗോത്രവിഭാഗങ്ങൾ. ഇവരിൽ കേരളത്തിലുള്ള അഞ്ചു വിഭാഗങ്ങൾ- കാടർ, കുറുമ്പർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ കൊറഗർ- ഇപ്പോഴും വനമേഖലയിൽ അധിവസിക്കുകയും ഉപജീവനത്തിന് വനത്തെ ആശ്രയിക്കുകയും ചെയ്യുന്നവരാണ്. ഭവനനിർമാണം എന്ന പ്രധാന പദ്ധതി ഒഴികെ ക്രിയാത്മകമായ മറ്റു യാതൊരു പരിപാടിയും ഇവരുടെ ജീവസന്ധാരണത്തിന് നടപ്പിലാക്കുന്നില്ല. മലപ്പുറം ജില്ലയിലെ കരുളായി വനത്തിലെ മാഞ്ചിരി ചോലനായ്ക്ക സെറ്റിൽമെന്റിലെ ഉപയോഗശൂന്യമായി നിൽക്കുന്ന കോൺക്രീറ്റ് നിർമിതികൾ പാളിപ്പോയ അല്ലെങ്കിൽ വികലമായ, മുകളിൽ നിന്ന് കെട്ടിയിറക്കിയ വികസന സങ്കല്പങ്ങളുടെ ദൃഷ്ടാന്തമാണ്. കോവിഡിന്റെ തുടക്കത്തിൽ കേന്ദ്ര സർക്കാർ ഇത്തരം ജന വിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്കായി കുറച്ചുകൂടി കൂടുതൽ പണം അനുവദിക്കുന്നതിന് സംഥാനങ്ങളുടെ യോഗം വിളിച്ചിരുന്നു. 2020 മെയ്- ജൂൺ സമയത്ത് നടന്ന മീറ്റിംഗുകളിൽ മറ്റെല്ലാ സംസ്ഥാനങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ടു ഇത്തരം വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ഫണ്ടുകൾ ആവശ്യപ്പെട്ടപ്പോൾ വർഷങ്ങളായി തുടരുന്ന നിർമാണ പദ്ധതികൾക്കുപരി മൊബൈൽ ഐസ്‌ക്രീം യൂണിറ്റുകളെയും ഫോട്ടോ കോപ്പി സെന്ററുകളെയും പോലെ സുസ്ഥിരമല്ലാത്ത തൊഴിൽ മേഖലകളാണ് വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നിൽ നിൽക്കുന്ന ഇവർക്കുവേണ്ടി നയരൂപകർത്താക്കൾ നടപ്പിലാക്കുന്നത്. ഈ പദ്ധതികളൊക്കെ പ്രാക്തന വിഭാഗത്തിലെ ഏറെ ദുർബലർക്കു നൽകും എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പ്രാക്തന വിഭാഗത്തിലെ എല്ലാവരും ദുർബലരാണ്. ദുർബലറിലെ ദുർബലരെ കണ്ടുപിടിക്കുന്ന ജാലവിദ്യ സർക്കാരിനേ അറിയൂ.

അട്ടപ്പാടി മുരുകളം കുറുമ്പ സെറ്റിൽമെന്റിലേക്കുള്ള വഴി (2016)

ജീവസന്ധാരണത്തിനുള്ള (കാലിവളർത്തൽ, മേസ്തിരിപ്പണി, പെയിന്റിംഗ്, വനവിഭവങ്ങൾ ശേഖരിച്ചു വിപണനം നടത്തിന്നതിനുള്ള പരിശീലനം, ഡ്രൈവിംഗ്, മൊബൈൽ ഐസ്‌ക്രീം യൂണിറ്റ്, ഫോട്ടോകോപ്പി പരിശീലനം) പദ്ധതികൾക്കായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര സർക്കാർ നൽകിയത് 200 സെറ്റിൽമെന്റുകൾക്കായി ഒരു കോടി മാത്രമാണ്. കമ്യൂണിറ്റി സ്റ്റഡി സെന്ററുകൾക്കായി അഞ്ചു കോടി ആവശ്യപ്പെട്ടതിൽ കിട്ടിയത് 50 ലക്ഷം രൂപ (2 യൂണിറ്റ് നിർമിക്കാൻ) മാത്രമാണ്. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ട 48 ലക്ഷം രൂപ മാത്രമാണ് മുഴുവൻ കിട്ടിയത്. നൂറ് സെറ്റിൽമെന്റുകളിലെ കുടിവെള്ളത്തിനായി ചോദിച്ച ഒരു കോടി രൂപയിൽ 52 സെറ്റിൽമെന്റുകൾക്കായി നൽകിയത് 52 ലക്ഷം രൂപയാണ്. ഇതര സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ നോക്കുകയാണെകിൽ അപ്രതീക്ഷിതമായി വന്ന മഹാമാരിയെ നേരിടാൻ അവർ ആവിഷ്‌കരിച്ച പദ്ധതികൾക്കായുള്ള ആവശ്യം കാണാം. പ്രത്യേകിച്ച് കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിന് മൊബൈൽ ഫോണുകൾ, ആദിവാസി മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുക എന്നീ പദ്ധതികൾക്ക് ഫണ്ടുകൾ, ഏകലവ്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം തുടങ്ങിയവ. പശ്ചിമ ബംഗാൾ, ഇലക്ട്രിക് ഓട്ടോറിക്ഷ നൽകുന്ന പദ്ധതിക്കാണ് ഫണ്ട് ചോദിച്ചത്. വനാവകാശ നിയമം നടപ്പിലാക്കുന്നതിനുവരെ ചില സംസ്ഥാനങ്ങൾ ഫണ്ട് ചോദിച്ചു. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ല. ഓരോ സമൂഹത്തിനും എന്താണ് ആവശ്യമെന്ന് ഇവിടെ മനസ്സിലാക്കപ്പെടുന്നില്ല.

2019-20 അക്കാദമിക വർഷം മാത്രം ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നാകെ 5424 പേർ ഹയർ സെക്കന്ററി പഠനത്തിന് അപേക്ഷിച്ചതിൽ 4020 പേർക്കുമാത്രമാണ് പ്രവേശനം ലഭിച്ചത്.

‘ഡ്രോപ്പ് ഔട്ട് സിൻഡ്രോം' എന്ന ആദിവാസി ‘രോഗം'

പ്രൈമറി, യു.പി തലത്തിലെ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പലപ്പോഴും മാധ്യമങ്ങളും പൊതുസമൂഹവും ചർച്ച ചെയ്യുന്നത്. എന്നാൽ 2020 ലാണ് ഹയർ സെക്കന്ററി തലത്തിൽ നിന്ന് ആയിരക്കണക്കിന് ആദിവാസി കുട്ടികൾ പുറംതള്ളപ്പെടുന്നു എന്ന വാർത്ത കേരളം കേട്ടത്. സാധാരണ പറയുന്നതുപോലെ, പ്രവേശനം ലഭിച്ച ശേഷമുള്ള കൊഴിഞ്ഞുപോക്കല്ല, മറിച്ച് യോഗ്യതയുള്ളവർക്ക് പ്രവേശനം ലഭ്യമാവുന്നില്ല എന്നതാണ് കാര്യം. ഇതുമായി ബന്ധപ്പെട്ട് വയനാട്ടിലെ ആദിവാസി വിദ്യാർഥികൾ തെരുവിലിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിയില്ല. 2020 ഒക്ടോബറിൽ ആദിവാസി വിദ്യാർത്ഥി കൂട്ടായ്മയായ ആദിശക്തി സമ്മർ സ്‌കൂൾ സമർപ്പിച്ച വിവരാവകാശ രേഖകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഇതുപ്രകാരം 2019-20 അക്കാദമിക വർഷം മാത്രം കേരളത്തിൽ ആദിവാസി ജനസംഖ്യ കൂടുതലുള്ള ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നാകെ 5424 പേർ ഹയർ സെക്കന്ററി പഠനത്തിന് അപേക്ഷിച്ചതിൽ 4020 പേർക്കുമാത്രമാണ് പ്രവേശനം ലഭിച്ചത്. 1404 പേർക്ക് പ്രവേശനം ലഭിച്ചില്ല. വയനാട് ആണ് ഇക്കാര്യത്തിൽ മുന്നിൽ. ആദി ശക്തി സമ്മർ സ്‌കൂൾ നൽകുന്ന കണക്കുകൾ പ്രകാരം 2020 ൽ വയനാട് ജില്ലയിൽ തന്നെ പത്താം ക്ലാസ് പരീക്ഷയെഴുതിയവരിൽ 2009 പേർ ഹയർ സെക്കന്ററി പ്രവേശനത്തിന് യോഗ്യത നേടി. എന്നാൽ ലഭ്യമായത് 529 സീറ്റുമാത്രമായിരുന്നു. സർക്കാർ ഒക്ടോബറിൽ പുതിയ ഉത്തരവിറക്കുകയും വയനാട് ജില്ലയിലെ ‘യോഗ്യരായ' 424 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇവിടെ യോഗ്യത എന്നത് കൃത്യമായി ഓൺലൈൻ അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുക എന്നതാണ്. ഇക്കാര്യത്തിൽ യഥാർത്ഥത്തിൽ യോഗ്യതയുള്ള ഒരു വിദ്യാർത്ഥി പരാജയപ്പെടുകയെങ്കിൽ അവർക്ക് അഡ്മിഷൻ ലഭിക്കില്ല. സെറ്റിൽമെന്റുകളിലെ ഇന്റർനെറ്റ് സൗകര്യമില്ലായ്മ, ഉപകരണങ്ങളുടെ അഭാവം, സാങ്കേതിക ജ്ഞാനത്തിന്റെ അപര്യാപ്തത എന്നിവ മൂലം അവസാന തിയതിക്കുമുൻപ് എല്ലാ സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യാനും അപേക്ഷ നൽകാനും മിക്ക ആദിവാസി വിദ്യാർത്ഥികൾക്കും കഴിയില്ല. ഇതിനായി അവരെ സഹായിക്കുന്ന സർക്കാർ / ഇതര സംവിധാനം പല ആദിവാസി മേഖലകളിലും ഇല്ല എന്നത് കാര്യങ്ങൾ സങ്കീർണമാക്കുന്നു. കോവിഡ് ലോക്ക്ഡൗൺ സഞ്ചാര സ്വാതന്ത്ര്യം കൂടി പരിമിതപ്പെടുത്തുമ്പോൾ ഇവരുടെ പുറന്തള്ളൽ പൂർണമാവും.

കോവിഡ് കാലത്ത് ഭവാനി പുഴ കടന്ന് മുരുകളത്തേക്ക് പോകുന്ന ആരോഗ്യപ്രവർത്തകർ (2021)

ആദിവാസി വിദ്യാർത്ഥികളുടെ സാമൂഹിക- സാമ്പത്തിക ചുറ്റുപാടുകൾക്കനുസൃതമായി സർക്കാരിന്റെ ഓൺലൈൻ അഡ്മിഷൻ സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണ് വേണ്ടത്. മറ്റൊരു പ്രധാന കാര്യം, ആദിവാസി വിദ്യാർഥികൾ ഏറിയ പങ്കും സാമൂഹ്യശാസ്ത്ര വിഷയങ്ങളാണ് ഹയർ സെക്കന്ററി തലത്തിൽ തിരഞ്ഞെടുക്കുന്നത്. സയൻസ് വിഷയങ്ങളിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും, ചെലവുകളുമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇവർക്ക് ജനറൽ ക്വാട്ടയിൽ സാധാരണ പ്രവേശനം ലഭിക്കാറേയില്ല. ആദ്യ അലോട്ട്‌മെന്റിൽ സീറ്റ് കിട്ടാത്തവർക്ക് പിന്നീട് സ്‌പോട്ട് അലോട്‌മെൻറ്​ എന്ന പേരിൽ ഏതെങ്കിലും ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ഒരു അഡ്മിഷൻ മേളയിൽ സ്വന്തം ജില്ലക്ക് പുറത്തോ ദൂരെ എവിടെയെങ്കിലുമോ ഉള്ള സ്‌കൂളുകളിൽ അഡ്മിഷൻ (പലപ്പോഴും താത്പര്യമില്ലാത്ത വിഷയങ്ങളിൽ) കൊടുക്കുന്നു. അധ്യയന വർഷം തുടങ്ങി നാലോ അഞ്ചോ മാസത്തിനുശേഷം ഈ പുതിയ സ്‌കൂളിലെത്തുന്ന കുട്ടി അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാറില്ല. ചെയ്തുതീർക്കാനുള്ള പാഠഭാഗങ്ങൾ, ഒട്ടും പരിചിതമല്ലാത്ത ക്ലാസ് റൂമും പാഠ്യപദ്ധതി അന്തരീക്ഷവും, അതോടൊപ്പം പലപ്പോഴും നേരിടേണ്ടി വരുന്ന ജാതി വിവേചനവും ഒറ്റപ്പെടലും എല്ലാം പാതിവഴിയിൽ പഠനം ഉപേക്ഷിക്കാൻ നിര്ബന്ധിതരാക്കുന്നു. ഇതിന്റെ ഉത്തരവാദിത്വം സ്റ്റേറ്റ് ഒരിക്കലും ഏറ്റെടുക്കില്ല, മറിച്ച് ഇതിനെ ‘ഡ്രോപ്പ് ഔട്ട് സിൻഡ്രോം' എന്നാണ് ഉദ്യോഗസ്ഥ വൃന്ദം വിളിക്കുക. കേരളത്തിലെ അൽപമെങ്കിലും പുരോഗതി കൈവരിച്ചിട്ടുള്ള ആദിവാസി സമൂഹങ്ങളെ നിരീക്ഷിച്ചാലറിയാം, സ്വന്തം സെറ്റൽമന്റിലോ അല്ലെങ്കിൽ അതിന്റെ അഞ്ചു മുതൽ ഏഴുവരയോ കിലോമീറ്റർ ചുറ്റളവിലോ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വിദ്യാഭ്യാസം ചെയ്യാൻ തക്ക വണ്ണം സ്‌കൂളുകളുള്ള സമൂഹങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണഫലം കിട്ടിയവരാണ്.

ഇത്തരം മാതൃകകൾ എന്തുകൊണ്ട് ഭരണകർത്താക്കൾ കാണുന്നില്ല? ഹയർ സെക്കന്ററി തലത്തിൽ അഡ്മിഷൻ നേടാൻ കഴിയാത്ത ആദിവാസി വിദ്യാർത്ഥികളുടെ എണ്ണം നാലുവർഷമായി കൂടിവരുകയാണ് എന്ന കാര്യം ഏറെ ആശങ്കാജനകമാണ്. മഹാമാരി മൂലമാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന വാദമുണ്ടെങ്കിൽ അത് തെറ്റാണ്. സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം മേൽപറഞ്ഞ അഞ്ചു ജില്ലകളിൽ 2016-17 ൽ അപേക്ഷിച്ചവരിൽ 21 ശതമാനത്തിനും 2017-18 ൽ 27.9 ശതമാനത്തിനും, 2018 -19 ൽ 27 ശതമാനത്തിനും, 2019-20 ൽ 25.8 ശതമാനത്തിനും ഹയർ സെക്കന്ററി അഡ്മിഷൻ ലഭിച്ചിട്ടില്ല. വയനാട്, ഇടുക്കി ജില്ലകളാണ് ഏറെ മോശം.

ഇതൊരു പുതിയ പ്രശ്‌നമല്ല, മറിച്ച് നിലനിൽക്കുന്ന പ്രശ്‌നത്തെ മഹാമാരി രൂക്ഷമാക്കി എന്നതാണ് കാണിക്കുന്നത്. ശരാശരി 25 ശതമാനത്തിന് വയനാട്ടിൽ നാലു വർഷമായി അഡ്മിഷൻ കിട്ടുന്നില്ല എങ്കിൽ ഇടുക്കിയിൽ അത് 30 ശതമാനത്തിനു മുകളിലാണ്. ഇങ്ങനെ കൊഴിഞ്ഞുപോവുന്നവരിൽ കുറച്ചുപേരെ സർക്കാർ ഇട്ടപെട്ട് പിന്നീട് സ്വകാര്യ തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ അയക്കാറുണ്ട്. എന്നാൽ തൊഴിൽ സ്ഥിരതയില്ലാത്ത, കുറഞ്ഞ വേതനം നിലനിൽക്കുന്ന, പലപ്പോഴും സംസ്ഥാനത്തിന് പുറത്തുള്ള നഗരങ്ങളിൽ യാതൊരു തൊഴിൽ നിയമങ്ങളും പാലിക്കാത്ത ചെറു/വൻകിട വ്യവസായങ്ങളിൽ കുറച്ചുകാലം കഷ്ടപ്പെട്ട് പണിയെടുത്ത് പിന്നീട് നാട്ടിലെത്തി കൂലിപ്പണിക്കാരായി മാറുകയാണ് ഇവരിൽ പലരും. ഈ സങ്കീർണ പ്രശ്‌നം മനസിലാക്കാൻ ഭരണസംവിധാനത്തിന് കഴിയുന്നുമില്ല.

പൊതുസമൂഹത്തിലുള്ള ദാരിദ്ര്യത്തിന്റെയും, പിന്നാക്കാവസ്ഥയുടെയും ബാക്കി പത്രമെന്ന നിലക്കാണ് സ്റ്റേറ്റ് ആദിവാസി പ്രശ്‌നത്തെ ഇന്ന് കാണുന്നത്. അതുകൊണ്ടുതന്നെ അപ്പപ്പോൾ ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെ നീക്കുപോക്കുകൾ എന്ന നിലയിൽ മാത്രമാണ് ഇവിടെ കാര്യങ്ങളെ കാണുന്നത്​

ഈ സമൂഹം നേരിടുന്ന സങ്കീർണ പ്രശ്‌നങ്ങൾ വീടു നിർമ്മിച്ച് നൽകിയതുകൊണ്ടോ, സെറ്റിൽമെന്റിൽ ഭക്ഷണം പാകം ചെയ്തുകൊടുത്തുകൊണ്ടോ, അല്ലെങ്കിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന കുട്ടികൾക്ക് സ്‌റ്റൈപ്പൻറ്​ നൽകിയതുകൊണ്ടോ പരിഹരിക്കാനാകില്ല, മറിച്ച്, അടിസ്ഥാന പ്രശ്‌നമായ ഭൂമിയും അതിന്മേലുള്ള പരമാധികാരത്തിന്റെ സംരക്ഷണവും ഉറപ്പാക്കണം, അതുവഴി ഓരോ ജനസമൂഹത്തിനും മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടുണ്ടാക്കണം, ജൈവവ്യവസ്ഥ പുനർനിർമിക്കാൻ അവരെ സഹായിക്കണം, അതിനോടൊപ്പം ആധുനിക വിദ്യാദ്യാസത്തിന്റെ മേഖലകളെ അവരെ പരിചയപ്പെടുത്തണം. എന്നാൽ ഇപ്പോൾ തുടരുന്ന നയങ്ങൾക്കും പദ്ധതികൾക്കും ഇത്തരം സങ്കീർണതകളെ നേരിടാനുള്ള കഴിവുണ്ടോ എന്നത് സംശയകരമാണ്. നെഹ്രുവിയൻ പഞ്ചശീല തത്വങ്ങളിൽ പരാമർശിക്കുന്നതുപോലെ, അവരുടെ തന്നെ ആവാസ വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ടുള്ള ഒരു ഉൾച്ചേരൽ (inclusion) പദ്ധതിക്കുമാത്രമേ സ്ഥിരതയുണ്ടാകൂ. അതോടൊപ്പം, എത്രത്തോളം പണം അവർക്കായി ചെലവഴിച്ചു എന്ന മാനദണ്ഡത്തിലല്ല മറിച്ച്, എത്രത്തോളം സാമൂഹിക പുരോഗതി ഓരോ സമൂഹവും ഇതിലൂടെ കൈവരിച്ചു എന്നാണ് സ്റ്റേറ്റ് നോക്കേണ്ടത്.

നിർഭാഗ്യവശാൽ നിലനിൽക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങളെ നേരിടുന്നതിനുപകരം മുൻ സൂചിപ്പിച്ച പോലെ പൊതുസമൂഹത്തിലുള്ള ദാരിദ്ര്യത്തിന്റെയും, പിന്നാക്കാവസ്ഥയുടെയും ബാക്കി പത്രമെന്ന നിലക്കാണ് സ്റ്റേറ്റ് ആദിവാസി പ്രശ്‌നത്തെ ഇന്ന് കാണുന്നത്. അതുകൊണ്ടുതന്നെ അപ്പപ്പോൾ ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെ നീക്കുപോക്കുകൾ എന്ന നിലയിൽ മാത്രമാണ് ഇവിടെ കാര്യങ്ങളെ കാണുന്നതും അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നതും. ഈ നയത്തിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ കഴിയൂ. വിശദശാംശങ്ങൾ പരിശോധിക്കുമ്പോൾ മനസിലാവുന്ന പ്രധാന കാര്യം, കേരളത്തിൽ പ്ലാനിങ് നിലനിൽക്കുന്നു എന്നുപറയുമ്പോഴും ആദിവാസി വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളെ പോലെ സ്‌കീം ബേസ്ഡ് ആയാണ്, ഈ പോളിസികളിലൂടെ മാത്രമാണ് മുന്നോട്ടു പോവുന്നത്. സ്‌കീമുകൾക്ക് പ്രത്യേക ചട്ടക്കൂടുള്ളതുകൊണ്ടും അത് ഉന്നതതലത്തിൽ തീരുമാനിക്കപ്പെടുന്നതിനാലും അത് പ്രത്യേക വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നതിനാലും അതിന്മേൽ ജനസമൂഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ വരുകയും പലപ്പോഴും ഉപയോഗരഹിതവുമാകുകയാണ് ചെയ്യുന്നത്. ഈ പ്രശ്‌നങ്ങൾ നേരിടാനുള്ള ഇച്ഛാശക്തിയാണ് ഒരു ക്ഷേമരാഷ്ട്രം ചെയ്യേണ്ടത്. ▮

Reference:
1. ആദിവാസി ഫണ്ട് ലാപ്ടോപ്പിന് അനുവദിച്ചത് 2.25 കോടി: ചെലവഴിച്ചത് ഏഴു ലക്ഷം https://www.madhyamam.com/kerala/tribal-fund225-crore-allotted-for-laptops-seven-lakh-was-spent-819220.
2. സംസ്ഥാന സാമ്പത്തിക സർവേ 2014-15 മുതൽ 2019-20.
3. വിദ്യാഭ്യാസം ജനനാവകാശം: നീതിക്കായുള്ള അഭ്യർത്ഥന (ബുക്ക്‌ലെറ്റ് 2020 ), ആദിശക്തി സമ്മർ സ്‌കൂൾ, ആദിവാസി ഗോത്ര മഹാസഭ. 4. Louise Tillin, et.al (2015), Politics of Welfare: Compariosn Across Indian States, Oxford: New Delhi.5. Barbara Harris White (2013) Dalit Adivasis in India's Buisiness Economy, Three Essays Collective: Delhi. 6. RTI, Directorate of Public Education, Trivandrum, RTI No.ICT CELL 201100030/DGE-HSE/2020, Dated. 02/12/2020.


ഡോ. കെ.എസ്​. ഹരി

ഗവേഷകൻ. പുനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് എക്കണോമിക്‌സിൽ അസിസ്റ്റൻറ്​ പ്രൊഫസർ.

ഡോ. അഭിലാഷ്​ തടത്തിൽ

ഗവേഷകൻ. ​തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസിൽ അസിസ്റ്റൻറ്​ പ്രൊഫസർ.

Comments