നിയമം കൊണ്ടു മാത്രം അന്ധവിശ്വാസങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാവില്ല: സുനിൽ പി. ഇളയിടം

ഹിന്ദുത്വം കേരളത്തിന്റെ സാമൂഹ്യബോധത്തിൽ കാര്യമായി വേരു പിടിച്ചിട്ടുണ്ട്. സാമൂഹ്യ ജീവിതത്തിൽ വിദ്വേഷം പരത്തുന്നതിൽ മറ്റേതു കാലത്തേക്കാളും അത് വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. മതരാഷ്ട്രവാദികളായ ഇതര പ്രസ്ഥാനങ്ങൾ ഇതിന്റെ മറുപുറം പോലെ നിന്ന് അതിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ പാരസ്പര്യത്തിന്റെ ദീർഘ ചരിത്രത്തെ തകർക്കുന്നതാണ് ഈ പ്രവർത്തനങ്ങൾ.

സുനിൽ പി. ഇളയിടവുമായി മാധ്യമപ്രവർത്തകൻ കെ.ടി. നൗഷാദ്​ സംസാരിക്കുന്നു...

കെ.ടി. നൗഷാദ്:ബഹ്റൈനിലാണല്ലോ ഇപ്പോൾ? പൂർണ ജനാധിപത്യമില്ലെങ്കിലും മതസഹിഷ്ണുത, ബഹുസ്വരത തുടങ്ങിയ കാര്യങ്ങളിലൊക്കെ ആധുനിക രാജ്യങ്ങൾ സഞ്ചരിക്കേണ്ട വഴിയിലാണ് ഈ രാജ്യമുൾപ്പെടെ ഈ മേഖലയിലെ പല രാജ്യങ്ങളുടെയും ഇപ്പോഴത്തെ മുന്നോട്ടുളള പോക്ക്. അതേസമയം ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇക്കാര്യത്തിൽ പിന്നോട്ട് നടക്കുന്നു. നമ്മുടേത് ഒരു പരാജയപ്പെട്ട ജനാധിപത്യമാണോ?

ഇന്ത്യയിൽ ജനാധിപത്യസംവിധാനത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ സമ്പൂർണമായി ശിഥിലമായിരിക്കുന്നു എന്നു പറയേണ്ട സ്ഥിതിയിലാണ്. അതിലാർക്കെങ്കിലും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. ജനാധിപത്യത്തെക്കുറിച്ചുളള അടിസ്ഥാന ആശയങ്ങളൊക്കെ തന്നെ ദുർബലമായിരിക്കുന്നു. മതപരമായ വിഭജനം ശക്തമായിരിക്കുന്നു. വർഗീയമായ സംഘാടന യുക്തികൾ നമ്മുടെ രാഷ്ട്രീയപ്രക്രിയയുടെ കേന്ദ്രമായി ഉയർന്നു വന്നിരിക്കുന്നു. സാമൂഹിക നീതി, സാമ്പത്തിക നീതി തുടങ്ങിയ സങ്കല്പങ്ങളൊക്കെ പരിപൂർണമായി കൈയൊഴിയപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി ഭരണഘടന വിഭാവനം ചെയ്ത തത്വങ്ങൾ എല്ലാം തന്നെ നമുക്ക് കൈമോശം വന്നിരിക്കുന്നു. ഒരു ബഹുസ്വര സമൂഹമായി നിലനിൽക്കാനോ, വ്യത്യസ്ത മതങ്ങൾക്ക് പരസ്പരാശ്രിതത്തോടെ സഹവർത്തിക്കാനോ കഴിയുന്ന അന്തരീക്ഷം ശിഥിലമായിക്കഴിഞ്ഞിരിക്കുന്നു.

അതിന്റെ വിപരീത ദിശയിലാണ് ഇപ്പോഴത്തെ സഞ്ചാരം. നമ്മുടെ ജനാധിപത്യം രാഷ്ട്രീയഭൂരിപക്ഷം എന്ന കേവലയുക്തിയിലേക്ക് ചുരുങ്ങുകയും അത് തന്നെ വർഗീയമായി ആസൂത്രണം ചെയ്തെടുക്കാൻ കഴിയുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തിട്ടുണ്ട്. ഫലത്തിൽ രാഷ്ട്രീയ ഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമായി മാറുന്ന നിലയിലാണ് നമ്മുടെ ജനാധിപത്യം പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ അന്യമത വിദ്വേഷവും അപരത്വത്തോടുളള അതിതീവ്രമായ അസഹിഷ്ണുതയും ജനാധിപത്യത്തെ കാർന്നു തിന്നുന്നത് നമുക്ക് കാണാനാകും. ജനാധിപത്യ സംവിധാനത്തിന്റെ വ്യാപകമായ ഉളളടക്കത്തിൽ നിന്ന് രാഷ്ട്രം പുറകോട്ടു പോയിരിക്കുന്നു.

എന്നാൽ ഇതിന്റെ പേരിൽ ജനാധിപത്യത്തിനു പകരം സൽഗുണസമ്പന്നമായ രാജഭരണം എന്നതു ന്യായീകരിക്കാവുന്നതാണെന്ന് ഞാൻ കരുതുന്നില്ല. മതത്തിന്റെയും രാജവാഴ്ചയുടെയുമൊക്കെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കപ്പെടുന്ന ഭരണസംവിധാനത്തെ ആദർശവത്കരിക്കാനാവില്ല. ഈ രാജ്യത്തുള്ള സഹിഷ്ണുതയെയും ബഹുസ്വരതയെയും മാനിക്കുമ്പോൾ തന്നെ ജനാധിപത്യ സംവിധാനത്തിനു മുകളിൽ മതരാഷ്ട്രത്തെയോ രാജവാഴ്ചയെയോ പ്രതിഷ്ഠിക്കാനാവില്ല.

തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ലോകത്തിപ്പോൾ തീവ്ര വലതുപക്ഷ/ഫാസിസ്റ്റ് ആശയക്കാർ അധികാരം പിടിച്ചെടുക്കുന്നത്. ഇറ്റലി ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ജനാധിപത്യം ഫാസിസത്തിന് ഒരു സൗകര്യമാകുകയാണോ ?

ജനാധിപത്യത്തിന്റെ ഒരു പരിമിതി അത് കേവല ഭൂരിപക്ഷവാദമായി (Majoritarianism) മാറാമെന്നതാണ്. ഭൂരിപക്ഷവാദത്തിലേക്ക് തല തിരിഞ്ഞാൽ ജനാധിപത്യം തന്നെ ഫാസിസത്തിന്റെ മറയായി മാറും. ഇന്ത്യയിൽ അത്തരമൊരു വഴിതിരിയൽ സംഭവിക്കുന്നുണ്ട്. വ്യത്യസ്തമായി നിലനിൽക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുളള അവകാശമാണ് ജനാധിപത്യമെന്നാണ് അംബേദ്കർ പറയുന്നത്. വ്യത്യസ്തതയുടെ അംഗീകാരത്തിലാണ് ജനാധിപത്യത്തിന്റെ ഉളളടക്കം. അല്ലാതെ ഭൂരിപക്ഷ ഹിതത്തിന്റെ കേവല നിർവഹണമല്ല. ഇപ്പോൾ ജനാധിപത്യത്തിന്റെ മറവിൽ മിക്കയിടത്തും മെജോറിറ്റേറിയനിസമാണ് കാണുന്നത്. അത് ജനാധിപത്യത്തെ ആന്തരികമായി ഇല്ലാതാക്കും. ജനാധിപത്യമെന്നത് രാഷ്ട്രീയ ജനാധിപത്യം മാത്രമല്ല. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം കൂടി ചേർന്നതാണത്. അതു രണ്ടുമില്ലെങ്കിൽ രാഷ്ട്രീയ ജനാധിപത്യം ദുർബലമായ ഒരു ആശയമായി അവശേഷിക്കും. അതാണിപ്പോൾ നമ്മൾ കാണുന്നത്.

ജനാധിപത്യം വഴി അധികാരത്തിലേറുന്ന തീവ്ര വലതു പക്ഷം പല രാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയാണ്. ഇത് ഏകാധിപത്യം ഊട്ടിയുറപ്പിക്കുകയും ജനാധിപത്യത്തിന്റെ തിരിച്ചുവരവ് അസാധ്യമാക്കുകയുമല്ലേ ചെയ്യുക?

ലോകവ്യാപകമായി വലതുപക്ഷ രാഷ്ട്രീയത്തിന് മുൻകൈ കിട്ടുന്ന സ്ഥിതി ഇപ്പോഴുണ്ട്. ലാറ്റിനമേരിക്ക വ്യത്യസ്തമാണ്. ഓരോ ഘട്ടങ്ങളിലും അത്തരത്തിൽ വഴിമാറി വരുന്നുണ്ട്. വലതു പക്ഷ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലിനെ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികളുമായി ബന്ധപ്പെടുത്തിയും മനസ്സിലാക്കണം. കാരണം മുതലാളിത്ത സമ്പദ് വ്യവസ്ഥക്കകത്തെ ആഴമേറിയ വൈരുദ്ധ്യങ്ങളാണ് വലതുപക്ഷവത്കരണത്തിന് പെട്ടെന്നുളള വഴിയൊരുക്കുന്നത്. ബ്രക്സിറ്റായാലും യുറോപ്പിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളായാലും അതിന്റെയൊക്കെ പിന്നിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കുന്ന വലിയ സംഘർഷങ്ങളാണ്. അതിനുളള ലളിത പരിഹാരമെന്ന നിലയിൽ ഒരു ആഭ്യന്തരശത്രുവിനെ കൃത്രിമമായി സങ്കൽപ്പിച്ചുണ്ടാക്കി മാനിപ്പുലേറ്റ് ചെയ്യാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. 2008 ൽ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ രണ്ടാം തിരയോ മൂന്നാം തിരയോ അതിശക്തമായി തിരിച്ചു വരുന്നുണ്ട് എന്നാണ് സാമ്പത്തിക ചിന്തകർ ചൂണ്ടിക്കാട്ടുന്നത്. അതുകൂടി ചേർന്നതാണ് വലതു പക്ഷ മുന്നേറ്റം. കേവലമായ ജനാധിപത്യ ചർച്ചകൾ കൊണ്ടു മാത്രം ജനാധിപത്യം തിരിച്ചു വരില്ല. വ്യത്യസ്ത വിഭാഗങ്ങളുടെ സംഘടിതവും ഏകോപിതവുമായ ചെറുത്തുനിൽപ്പുകളെ വിപുലപ്പെടുത്തി സമരമാക്കി മാറ്റി മാത്രമെ ജനാധിപത്യത്തെ പുന:സ്ഥാപിക്കാൻ കഴിയൂ.

ഇറാനിൽ നിർബന്ധിത ഹിജാബിനെതിരെ പ്രക്ഷോഭം ശക്തമാകുമ്പോഴാണ് ഇന്ത്യയിൽ, സ്‌കൂളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി പുറത്തു വരുന്നത്. രണ്ടിടത്തും വ്യക്തിസ്വാതന്ത്ര്യത്തിൽ ഭരണകൂടം ഇടപെടുകയല്ലേ?

അതെ. ഇന്ത്യയിൽ ഭരണഘടന നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരാണ് ഹിജാബ് നിരോധിച്ച കോടതി വിധി. ഹിജാബ് വേണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണ് എന്നതു പോലെ തന്നെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശത്തിന്റെയും പ്രശ്നം കൂടിയാണ്. അതില്ലാതാക്കുന്ന നിലയിലാണ് ഒരു സംസ്ഥാനത്തെ ഹിന്ദുത്വ ഭരണകൂടം ഹിജാബ് നിരോധിക്കാനുളള തീരുമാനം കൈക്കൊളളുകയും കോടതികളിൽ ചിലത് അത് വകവെച്ചു കൊടുക്കുകയും ചെയ്തിട്ടുളളത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കപ്പെടുന്നതിന്റെ ചിത്രമാണിത്.

ഇതിന്റെ മറുപുറമാണ് ഇറാനിലേത്. സ്ത്രീകളുടെ പൗരാവകാശത്തെ മതരാഷ്ട്രവാദം കൈയേറുന്നതിന്റെ അടയാളമാണത്. വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്യത്തിനും ജനാധിപത്യത്തിനുമെതിരെ മതരാഷ്ട്രാധികാരം പ്രവർത്തിക്കുന്നതിന്റെ രണ്ടു തരത്തിലുളള ആവിഷ്‌കാരങ്ങളാണ് ഇന്ത്യയിലേതും ഇറാനിലേതും. ഹിജാബ് ധരിക്കാനുളള അവകാശത്തെ ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ ഇറാനിലെ സ്ത്രീകൾക്ക് സ്വന്തം ശരീരത്തിനു മേലുളള അവകാശത്തെയും ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനുമേലുളള മതരാഷ്ട്രവാദത്തിന്റെയും മതരാഷ്ട്രത്തിന്റെയും കടന്നുകയറ്റമാണ് രണ്ടിടത്തുമുള്ളത്.

പരസ്പരാശ്രിത സമൂഹങ്ങളെന്ന നിലയിൽ കേരളത്തിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തിൽ വിളളൽ വീണിട്ടില്ലേ? ഈ അകലം വർദ്ധിക്കുന്നതിനു കൂടുതൽ കാരണമായിട്ടുളളത് മതമാണോ രാഷ്ട്രീയമാണോ?

വിളളൽ വീണിട്ടുണ്ട് എന്നത് സംശയരഹിതമാണ്. അതിൽ രാഷ്ട്രീയ-മതപ്രസ്ഥാനങ്ങൾക്കെല്ലാം ഉത്തരവാദിത്വവുമുണ്ട്. സാമൂഹ്യ ജീവിതത്തെ ഭദ്രമായി നിലനിർത്താനാവശ്യമായ ഉത്തരവാദിത്വ പൂർണമായ ഇടപെടലുകൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തേണ്ടതുണ്ട്. വേണ്ട അളവിൽ അവരത് നിർവഹിച്ചിട്ടില്ല. മതപ്രസ്ഥാനങ്ങളാവട്ടെ അവരവരുടെ മതബോധത്തെയും യാഥാസ്ഥിതികത്വത്തെയും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളള ശ്രമങ്ങളാണ് കൂടുതലും നടത്തിയിട്ടുളളത്. പുറത്ത് ദൃശ്യമാണെങ്കിലും അല്ലെങ്കിലും അന്യമതവിദ്വേഷത്തിലും അപരത്വത്തോടുളള ശത്രുതയിലുമാണ് അവ കൂടുതൽ വേരൂന്നി നിൽക്കുന്നത്. അത് പെരുകി വരുന്ന സ്ഥിതിയാണ്. ലഘുവായ സംവാദത്തിലൂടെയോ സംഭാഷണത്തിലൂടെയോ പരിഹരിക്കാവുന്ന കാര്യങ്ങളെ വരെ കടുത്ത ശത്രുതയാക്കി മാറ്റുകയാണ് ചെയ്യുന്നത്. തുറസ്സിനു പകരം ശത്രുതയും വിദ്വേഷവും പരത്തുന്ന വേദികളായി നമ്മുടെ മിക്ക സംവാദമണ്ഡലങ്ങളും മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും സംഘടിതമായി മതയാഥാസ്ഥിതികത്വത്തെ ശക്തിപ്പെടുത്താനും അന്യമത വിദ്വേഷം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. അത് സമൂഹത്തെ ആഴത്തിൽ വെട്ടിപിളർക്കുന്നുണ്ട്.

ഹിന്ദുത്വം കേരളത്തിന്റെ സാമൂഹ്യബോധത്തിൽ കാര്യമായി വേരു പിടിച്ചിട്ടുണ്ട്. സാമൂഹ്യ ജീവിതത്തിൽ വിദ്വേഷത്തെ പരത്തുന്നതിൽ മറ്റേതു കാലത്തേക്കാളും അത് വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. മതരാഷ്ട്രവാദികളായ ഇതര പ്രസ്ഥാനങ്ങൾ ഇതിന്റെ മറുപുറം പോലെ നിന്ന് അതിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ പാരസ്പര്യത്തിന്റെ ദീർഘ ചരിത്രത്തെ തകർക്കുന്നതാണ് ഈ പ്രവർത്തനങ്ങൾ.

മതപ്രഭാഷകരെ പോലെ ഏകശരിയും ക്യാപ്‌സ്യൂൾ ഉത്തരങ്ങളുമായി കേരളത്തിൽ സജീവമാകുന്ന യുക്തിവാദ പ്രചാരണം ഏതെങ്കിലും തരത്തിൽ മലയാളിക്ക് ഗുണകരമാകുമോ?

ഇപ്പോഴുളള കേരളത്തിലെ യുക്തിവാദപ്രവർത്തനത്തിന്റെ അടിസ്ഥാനപരമായ ഒരു പരിമിതി അത് സാമൂഹ്യചരിത്രത്തെ അല്പം പോലും പരിഗണിക്കാതെ കേവലമായ താർക്കികതയിൽ അഭിരമിക്കുന്നു എന്നതാണ്. അതേ സമയം കേരളത്തിന്റെ യുക്തിവാദ ചരിത്രം പരിശോധിച്ചാൽ വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിളള, എം.സി. ജോസഫ് തുടങ്ങിയ എത്രയോ പേർ സാമൂഹ്യ-നവോത്ഥാന ചരിത്രത്തോട് ചേർന്നു നിന്ന് സമൂഹത്തിന്റെ ആകമാനമുളള ചരിത്രപ്രക്രിയക്കുളളിൽ യുക്തിവാദത്തെ പ്രതിഷ്ഠിക്കാനാണ് ശ്രമിച്ചിട്ടുളളതെന്ന് കാണാനാകും. ഇപ്പോഴത്തെ യുക്തിവാദം അന്തിമശരികളെ മുൻകൂറായി പ്രഖ്യാപിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതു കൊണ്ടു തന്നെ നമ്മുടെ സാമൂഹ്യ ചരിത്രത്തിൽ എന്തു സംഭവിക്കുന്നു എന്ന കാര്യത്തിൽ അതിന് ഉത്കണ്ഠകളില്ല. തർക്കിച്ചു തോല്പിക്കപ്പെടേണ്ട ഏതോ ദൈവമാണ് പരമശത്രു എന്നതാണ് പലപ്പോഴും നിലപാട്. വർഗീയകടന്നാക്രമണങ്ങളെയും ഫാസിസത്തെയുമൊക്കെ പരസ്യമായോ പരോക്ഷമായോ പിന്തുണയ്ക്കുന്ന, അല്ലെങ്കിൽ എതിർക്കാതിരിക്കുകയെങ്കിലും ചെയ്യുന്ന നിലയിലേക്ക് അത് എത്തിച്ചേരുന്നു. അങ്ങനെ അങ്ങേയറ്റം വഴിതിരിഞ്ഞു പോയ ഒന്നായി യുക്തിവാദത്തിന്റെ കേവല താർക്കികത മാറുന്നു.

ചരിത്രബോധം നിലനിർത്തിയില്ലെങ്കിൽ ഏതു വാദത്തിനും സംഭവിക്കാവുന്ന പരാധീനയാണിത്. അത് അതിനെ തന്നെ തോല്പിക്കും. സയന്റിഫിക് ടെമ്പർ എന്നത് സമൂഹത്തിൽ പ്രവർത്തിക്കേണ്ടതാണ്. അല്ലാതെ സാമൂഹ്യ യാഥാർഥ്യത്തിനു മുകളിലുളള താർക്കിക യുക്തിയല്ല സയന്റിഫിക് ടെമ്പർ. സമൂഹത്തെ അടുത്ത പടവിലേക്ക് കൊണ്ടു പോകലാണത്. തർക്കിച്ച് രസിക്കാനും തോല്പിക്കാനുമുളള വാദരീതിയായി അത് മാറിയാൽ താർക്കികതക്കപ്പുറം അതിൽ യുക്തിയൊന്നുമില്ലാതാകും.

അങ്ങനെ വരുമ്പോൾ വർഗീയ-വംശീയ ആശയങ്ങളെ പിന്തുണയ്ക്കുന്ന നാസ്തികനേക്കാൾ ഭേദം മതേതരത്വം കൈവിടാത്ത സാധാരണ വിശ്വാസിയാവില്ലേ?

വിശ്വാസവും വർഗീയതയും തമ്മിലോ നാസ്തികതയും മതേതരത്വവും തമ്മിലോ സഹജമായ എന്തെങ്കിലും ബന്ധങ്ങളുണ്ടെന്ന ധാരണ ശരിയല്ല. എത്രയോ മനുഷ്യരിൽ, അവരുടെ ധാർമ്മികത ബോധ്യങ്ങളിലും നൈതികതയിലും, വിശ്വാസം അടിസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. മറുഭാഗത്ത് യുക്തിവാദം പ്രത്യക്ഷമായി തന്നെ വർഗീയതയുടെയോ ഫാസിസത്തിന്റെയോ ഉപകരണമാകുന്നതും നമ്മൾ കാണുന്നുണ്ട്. അതു പോലെ വിശ്വാസമെന്നത് കടുത്ത വർഗ്ഗീയബോധമായിട്ടും അന്യമതവിദ്വേഷമായിട്ടും മാറുന്നതിന്റെ ഉദാഹരണങ്ങളും ഒട്ടും കുറവല്ല. യുക്തിവാദവും നാസ്തികതയും സാമൂഹ്യ പുരോഗതിക്കുള്ള ഊന്നലായി മാറുന്നതിന്റെ ഉദാഹരണങ്ങളും ചരിത്രത്തിൽ കാണാൻ പറ്റും. അതുകൊണ്ട് പ്രത്യക്ഷത്തിൽ കാണുന്ന ഏതെങ്കിലും ദ്വന്ദ്വങ്ങളെ സങ്കല്പിച്ച് അതിൽ ഏതാണ് നല്ലതെന്ന ചോദ്യത്തിലേക്ക് നാം പോകേണ്ടതില്ല. വിശ്വാസികളായ വർഗ്ഗീയവാദികൾക്ക് യാതൊരു കുറവുമില്ല. അതു പോലെ യുക്തിവാദികളായ മതനിരപേക്ഷവാദികളും നമ്മുടെ സമൂഹത്തിലുണ്ട്, നേരെ തിരിച്ചുമുണ്ട്. വിശ്വാസം ധാർമ്മികാടിസ്ഥാനമുള്ളതും ജനാധിപത്യപരവുമായിരിക്കണം എന്നതിൽ ഊന്നുക, യുക്തിബോധം സാമൂഹിക-ചരിത്ര ഉളളടക്കമുളളതായിത്തീരുക എന്നതിലാണ് കാര്യം. നാസ്തികത എന്നത് ഒരു തർക്കരതിയായി അവസാനിക്കുകയും വിശ്വാസമെന്നത് അന്ധമായ ആചാരബോധമായും അന്യമതവിദ്വേഷമായും തീരുകയും ചെയ്യുന്നതിനെ സമ്പൂർണമായി എതിർക്കുക. യുക്തിബോധത്തെ ചരിത്ര-സാമൂഹിക ബന്ധമുളള സാമൂഹ്യ ഇടപെടലായി മാറ്റുകയും വിശ്വാസത്തെ രാഷ്ട്രീയാധികാര ഉപകരണമാക്കി മാറ്റാനനുവദിക്കാതെ നൈതിക ധാർമ്മിക ബോധ്യമാക്കി നിലനിർത്താൻ വിശ്വാസികളെ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. അങ്ങനെ രണ്ടു പ്രക്രിയകളും ചേർന്ന് സമൂഹത്തെ കൂടുതൽ ജനാധിപത്യവത്കരിക്കുകയാണ് വേണ്ടത്.

photo: Kr.sunil

നരബലി സംഭവത്തിനു ശേഷം അന്ധവിശ്വാസത്തെക്കുറിച്ചാണ് ചർച്ച. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും പലരും പല നിർവചനങ്ങൾ നൽകുന്നു. വിശ്വാസവും അന്ധവിശ്വാസവും ഒന്നാണോ രണ്ടാണോ? അന്ധവിശ്വാസങ്ങൾ നിയമം കൊണ്ട് നിർമാർജനം ചെയ്യാൻ പറ്റുമോ?

എല്ലാ കാലത്തും അതിഭൗതികങ്ങളിലോ മൂല്യങ്ങളിലോ ആശയങ്ങളിലോ വിശ്വാസമർപ്പിക്കുന്നവരായി മനുഷ്യരെ കാണാനാകും. അത്തരം വിശ്വാസങ്ങളെയാകെ അന്ധവിശ്വാസമെന്ന പൊതുനിർവചനത്തിൽ ഉൾപ്പെടുത്താനാവില്ല. ശാസ്ത്രീയയുക്തിക്കും ജനാധിപത്യപരമായ നിലനിൽപിനും സമത്വഭാവനക്കും സാമൂഹ്യസഹവർത്തിത്വത്തിനുമൊക്കെ വിഘാതമാകുന്ന മട്ടിൽ വിശ്വാസങ്ങളെ പ്രാകൃത ആചാരങ്ങളാക്കി മാറ്റുകയും അനുഷ്ഠിക്കുകയും ചെയ്യുന്നതിനെ എതിർക്കുകയാണ് വേണ്ടത്. കേരളത്തിലെ ഇപ്പോഴത്തെ കോലാഹലങ്ങൾ കേട്ടാൽ നരബലിയൊക്കെ ഒരൊറ്റ ദിവസം ഉണ്ടായതാണെന്ന് തോന്നും. വർഷങ്ങളായി കേരളീയ സമൂഹത്തിൽ പടി പടിയായി ഊറിക്കൂടി വന്ന ആചാരഭ്രാന്തിന്റെ പല രൂപങ്ങളാണ് നരബലിയിലേക്ക് എത്തിച്ചേരുന്നത്. അവസാനത്തെ അടയാളത്തെ നമ്മൾ മഹാരോഗമായി കാണുകയും യഥാർഥ രോഗത്തെ കാണാതിരിക്കുകയും ചെയ്യുന്നതിൽ അർഥമില്ല. പല രൂപത്തിൽ സമൂഹത്തെ ഗ്രസിച്ച ആചാരഭ്രാന്തിന്റെയും മതയാഥാസ്ഥിതികത്വത്തിന്റെയും വിദ്വേഷത്തിന്റെയുമൊക്കെ അവസാനത്തെ പൊട്ടിത്തെറിയാണ് ഇപ്പോഴത്തെ നരബലി. അതിനെ മറി കടക്കാൻ സാമൂഹ്യ ബോധത്തിലാകമാനം പരിവർത്തനം ആവശ്യമാണ്.

അന്ധവിശ്വാസത്തെ നിർമാർജ്ജനം ചെയ്യാനായി നിയനിർമ്മാണം മാത്രം മതിയാവില്ല. അതു ഒരു പ്രധാനപ്പെട്ട ചുവടാണെന്ന് പറയാം. അയിത്തം ഒരു കുറ്റകൃത്യമാണെന്ന് ഭരണഘടന പറയുന്നതു പോലെ നിമയമപരമായി ഒരു കാര്യം തെറ്റാണെന്ന് പറയുന്നതിന് പ്രാധാന്യമുണ്ട്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാന നിലപാട് അതായി മാറും. പക്ഷേ നിയമം കൊണ്ടു മാത്രം അന്ധവിശ്വാസങ്ങളിൽ നിന്നോ പ്രാകൃത ആചാരങ്ങളിൽ നിന്നോ സമൂഹത്തെ മോചിപ്പിക്കാനാവില്ല. അതിന് സാമൂഹ്യബോധത്തെ ഉയർത്തണം. രാഷ്ട്രീയ-മത-സാമുദായിക പ്രസ്ഥാനങ്ങൾ കൈകോർത്തു ചെയ്യേണ്ട വലിയ പ്രക്രിയയാണത്. നിയമത്തിന്റെയും ഭരണകൂടത്തിന്റെയും മാത്രം ഉത്തരവാദിത്വമായി അതിനെ കാണരുത്.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments