'The Frankenstein Project', പാവകളും ലൂസിയാനോയും പകർന്നാടിയ അഭിനയക്കളരി

“ഒരേസമയം പാവകളും തിരിച്ചുമുള്ള ഭാഷണങ്ങളാണ് ഏറെയുള്ളത്. രണ്ടും ഒരാൾതന്നെ ചെയ്യുകയാണ്. രണ്ട് ശബ്ദങ്ങൾ. ശബ്ദങ്ങളുടെ നിയന്ത്രണം മാത്രമെടുത്താൽ നടൻ്റെ വലിപ്പം അറിയാനാവും. മാത്രമല്ല ഭാഷണങ്ങളുടെ പ്രതികരണങ്ങൾ അപ്പപ്പോൾ പാവയിലും തിരിച്ചും. എന്തൊരു മായാജാലമായിരുന്നു അത്!” ഈ ഇറ്റ്ഫോക്കിൻ്റെ ഉദ്ഘാടനനാടകം ഫ്രാങ്കൻസ്റ്റൈൻ പ്രൊജക്ട് ഒന്നാന്തരമൊരു ആക്ടിങ്ങ് വർക്ക്ഷോപ്പുകൂടിയായി മാറുകയായിരുന്നുവെന്ന് ഡോ. ശിവപ്രസാദ് പി എഴുതുന്നു.

റ്റ്ഫോക് പതിനാറാമത് എഡിഷൻ്റെ കാഴ്ചകൾ ലൂസിയാനോ മൻസൂർ എന്ന നടൻ്റെ സൂക്ഷ്മമായ കരവിരുതിൽ തുടങ്ങി. ഫ്രാങ്കൻസ്റ്റൈൻ പ്രൊജക്ട് അതിൻ്റെ വിഷയത്തിനപ്പുറമുള്ള നാട്യത്തിൻ്റെ വിസ്മയത്തിലാണ് തിളങ്ങിയത്. ഒരാൾ അയാളുടെ മുഴുവൻ സാധ്യതകളുമെടുത്ത് പകർന്നാടുന്നതിൻ്റെ അത്ഭുതക്കാഴ്ചയായി നാടകം. മേരി ഷെല്ലിയുടെ രചനയ്ക്ക് റോമൻ ലാമോസാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മുഖമാണ് അഭിനയത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമെന്ന് എപ്രകാരമോ തെറ്റിദ്ധരിക്കപ്പെട്ടവരാണ് പൊതുവിൽ നമ്മൾ. മുഖം ഒട്ടും പ്രസക്തമല്ലാതിരുന്ന കാലമാണ് നാടകത്തിൻ്റെ തുടക്കത്തിലുള്ളത്. ഏതെങ്കിലും കുന്നിൻ ചരുവിൽ അനേകങ്ങൾക്കുമുമ്പിൽ അന്നരങ്ങേറിയ നാടകങ്ങളിൽ അഭിനേതാക്കളുടെ മുഖമൊന്നും കാണികൾക്ക് വെളിപ്പെടുമായിരുന്നില്ല. ഇമോഷനുകളെ മാസ്കുകൊണ്ടും അഭിനയമാകെ ശരീരംകൊണ്ടും എന്ന നിലയിലായിരുന്നു ആ അവതരണങ്ങൾ. മുഖം മിനുക്കിയകത്താക്കി കണ്ണും കയ്യും മുദ്രയും ഒക്കെയായി മറ്റൊരുതരം നാട്യധർമ്മിയാണ് നമ്മുടെ ക്ലാസിക്കൽ നടനകലകളുടെ രീതി.

നമ്മുടെ നാടകം പക്ഷെ വളരെവേഗം ലോകധർമ്മിയെ സ്വീകരിക്കുകയും റിയലസ്റ്റിക് ആവുകയും ചെയ്യുന്നതിനാണ് ശ്രമിച്ചത്. സിനിമയും മറ്റും ഇത്തരം ലോകധർമ്മികളുടെ പകർപ്പെടുക്കുന്നതിൽ മത്സരിച്ചു. പാവകളിയും മറ്റുമായി മറ്റൊരു സംവേദന രീതി അഥവാ കഥനരീതിയും നമുക്കുണ്ടായിരുന്നു. അർജൻ്റീനൻ കലാകാരനായ ലൂസിയാനോ ഇവയെ പലനിലയിൽ സമീകരിച്ചു. ലോകധർമ്മിയായിരിക്കെ തന്നെ നാട്യധർമ്മിയായും ഒരാൾതന്നെ പാവകളും തലയോടുംവെച്ച് പലരായി പലതായി പകർന്നാടുന്നത് മനോഹരമായ കാഴ്ചയായിരുന്നു. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ചോദ്യോത്തരങ്ങൾ അതിൻ്റെ ദർശനപരത കൈവിടാതെ തന്നെ ശബ്ദവിന്യാസം കൊണ്ടും കൈകാലുകളുടെ സൂക്ഷ്മചലനങ്ങൾ കൊണ്ടും ലൂസിയാനോ അവിസ്മരണീയമാക്കി.

Read: MANGOSTEEN'S WHISPERED TALES

കാഴ്ചപോലെ ലളിതമല്ല കാര്യങ്ങളെന്ന് ഒരിക്കലെങ്കിലും തട്ടിൽ കേറിയവർക്ക് വളരെ വേഗം മനസ്സിലാവും. ഒരേസമയം പാവകളും തിരിച്ചുമുള്ള ഭാഷണങ്ങളാണ് ഏറെയുള്ളത്. രണ്ടും ഒരാൾതന്നെ ചെയ്യുകയാണ്. രണ്ട് ശബ്ദങ്ങൾ. ശബ്ദങ്ങളുടെ നിയന്ത്രണം മാത്രമെടുത്താൽ നടൻ്റെ വലുപ്പം അറിയാനാവും. മാത്രമല്ല ഭാഷണങ്ങളുടെ പ്രതികരണങ്ങൾ അപ്പപ്പോൾ പാവയിലും തിരിച്ചും. എന്തൊരു മായാജാലമായിരുന്നു അത്! ഈ ഇറ്റ്ഫോക്കിൻ്റെ ഉദ്ഘാടനനാടകം ഫ്രാങ്കൻസ്റ്റൈൻ പ്രൊജക്ട് ഒന്നാന്തരമൊരു ആക്ടിങ്ങ് വർക്ക്ഷോപ്പുകൂടിയായി മാറി എന്ന് ചുരുക്കട്ടെ.

ദ നെതർ എന്ന നാടകം പൂനെയിലെ ആസക്ത കലാ മഞ്ച് എന്ന നാടകക്കൂട്ടത്തിൻ്റെ മികച്ച അവതരണമായിരുന്നു. ജെന്നിഫർ ഹാലിയുടെ വിഖ്യാത നാടകമാണ് ഇത്. അവിടെയെത്തുമ്പോൾ ആക്ടിങ്ങിൽനിന്ന് വേദിയിലേക്കും പ്രമേയത്തിലേക്കും നമുക്ക് കൂടുമാറേണ്ടി വരും. എന്താണ് യാഥാർഥ്യം എന്ന ഗൗരവപ്പെട്ട ചോദ്യമാണ് നെതർ ഉന്നയിക്കുന്നത്. വെർച്വൽ എന്നത് റിയലിനേക്കാൾ റിയലാകുന്ന, ഒരുപക്ഷെ അതിയാഥാർഥ്യമോ അതിവിദൂരമല്ലാത്ത യാഥാർഥ്യമോ ആയി പരകായപ്പെടുന്നത് നാടകം സമർഥമായി ആവിഷ്കരിച്ചു.

വേദിയിലെ സജ്ജീകരണങ്ങളും വേദിക്കുള്ളിലെ വെർച്വൽ പ്രതീതവേദിയും ഒക്കെയായി പ്രമേയത്തിന് ഇണങ്ങുന്ന രൂപം നാടകം സ്വീകരിച്ചിരിക്കുന്നു. കൂടുതൽ വെർബൽ അഥവാ ഭാഷണപ്രധാനമാണ് നാടകം എന്നത് ആ വിഷയത്തെ സംബന്ധിച്ച് കുറ്റമായി പറയാൻ കഴിയാത്തതാണ്. യഥാർഥമെന്ന് നാം കരുതുന്ന മൂർത്തമായ ഈ ലോകത്തിലെ അത്ര മൂർത്തമല്ലാത്ത ഇച്ഛകൾക്കായാണ് മറ്റൊരു ലോകം നിർമ്മിക്കപ്പെടുന്നത്.

Read: HIDEAWAY'S ABYSS: MORALITY'S DIGITAL ECLIPSE

ഒരു ലോഗിൻ നിങ്ങൾക്ക് പ്രത്യാഘാതങ്ങളില്ലാത്ത ആനന്ദം വാഗ്ദാനം ചെയ്യുകയാണ്. അങ്ങനെയൊരു ഇടമാണ് നെതർ. ഒരുപക്ഷെ വളരെ ഡാർക്കായി തോന്നിപ്പിക്കുന്ന ഒരിടം. അവിടെ ഒരു പപ്പയാണുള്ളത്. പപ്പയും കുട്ടികളും എന്ന് പറയാം. കുട്ടികൾ അവിടെയെത്തുന്ന പീഡോഫീലുകളുടെ ഇരകളായി പ്രോഗ്രാം ചെയ്യപ്പെട്ടവരാണ്. (ക്ഷമിക്കണം പ്രോഗ്രാം എന്ന വാക്ക് നെതറിൽ വിലക്കിയിട്ടുള്ളതാണ്!) അവിടേക്ക് പണമിറക്കി ലോഗിൻ ചെയ്ത് എത്തുന്നവർക്ക് നിസ്സീമമായ ( സമയപരിമിതിയുണ്ടെങ്കിലും) ആനന്ദമാണ് പകരം കിട്ടുക. സെക്സും ക്രൈമും ഒരേ നിലയിൽ ആനന്ദത്തിൻ്റെ ഇരുപുറമാകുന്നു. മഴുവാണ് അവിടെ ആയുധം. ചിരിച്ചെത്തുന്ന കുട്ടികളെ അതുപയോഗിച്ച് പ്രത്യാഘാതമില്ലാതെ കൊന്നുതള്ളാം. വീഡിയോ ഗെയിമിലെന്നപോലെ അവർ അതേ രൂപത്തിൽ പിന്നെയും പിന്നെയും നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കും. രക്തത്തിൽ കുളിച്ച് ആനന്ദത്തിൻ്റെ മറ്റൊരു ലോകം സ്വന്തമാക്കുന്നവർ, കുട്ടികളുമായുള്ള രതിയിലഭിരമിക്കുന്നവർ ഒക്കെയാണ് അവിടെയെത്തുന്നത്. പപ്പ സകലരുടെയും പപ്പയായി, മുതലാളിയായി അവിടെയുണ്ട്.

മുതലാളിത്തത്തിൻ്റെ ലാഭക്കണ്ണുകളുണ്ട് ഈ അപരലോകത്ത്. ആത്യന്തികമായി അതാണ് വാസ്തവം. ഏറ്റവും റിയലായത് ഏത് എന്ന ചോദ്യത്തിന് അങ്ങനെയൊരു ഉത്തരവും സാധ്യമാണ് എന്നർഥം. വെർച്വലിലെ പരകായ സാധ്യതകൾകൂടി നാടകം ആവിഷ്കരിക്കുന്നുണ്ട്. മൂർത്തമായ ലോകത്ത് ഫിസിക്സ് പ്രൊഫസറായി ജീവിക്കുന്ന ആൾ ഹൈഡ് എവേയിൽ ഒരു പെൺകുട്ടിയാണ്. ഇങ്ങനെ സങ്കീർണ്ണമായതും ഇരുണ്ടതുമായ, സ്വതായനസാധ്യതകൾ പോലുമുള്ള ഒരു അൾട്ടിമേറ്റ് ആനന്ദസ്ഥലിയാണ് ഒരു ലോഗിനകലത്തിലുള്ളത്. അവിടേക്ക് നീണ്ടുനീണ്ടെത്തുന്ന ഒരന്വേഷണത്തിൻ്റെയും വിചാരണയുടെയും കഥയാണ് നാടകത്തിന് ആവിഷ്കരിക്കാനുള്ളത്.

ഫ്രാങ്കസ്റ്റൈൻ പ്രൊജക്ടിൽനിന്ന് പ്രമേയപരമായ ഒരു തുടർച്ച സൂക്ഷ്മാർഥത്തിൽ നെതറിലേക്കുണ്ട്. രണ്ടിലും ഒരു ഡാർക്ക് പ്ലേസ് അഥവാ ഇരുണ്ടയിടം ആവിഷ്കരിക്കാനുള്ള ശ്രമം കാണാം. ഫ്രാങ്കസ്റ്റൈൻ പ്രൊജക്ടിലെ ഡോക്ടർ വിക്ടർ തൻ്റെ പലവിധ ശാസ്ത്രീയ പരാജയങ്ങൾക്ക് ശേഷം ഒട്ടും ശാസ്ത്രീയതയില്ലാത്ത മന്ത്രവാദസ്വഭാവമുള്ള ശക്തികളിലേക്ക് അഭയംതേടിയെത്തുന്നു. ഒരുപക്ഷെ വർത്തമാനകാല ഇന്ത്യനവസ്ഥകളെയും ഇത് ഓർമപ്പെടുത്തുന്നുണ്ട്. വിക്ടറിന് ഈ അപരശക്തി അഥവാ മന്ത്രവാദശക്തിയാണ് സൃഷ്ടിക്കുള്ള വഴി തുറക്കുന്നത്. അവിടെ അയാൾ നടത്തുന്ന സൃഷ്ടി നിലവിലെ ജീവിവർഗത്തിൻ്റെ രൂപങ്ങളോട് ചേർന്നുപോകുന്ന ഒന്നല്ല. ഇങ്ങനെ ഒറ്റയായ, പേരില്ലാത്ത പുതുസൃഷ്ടിയുടെ ചോദ്യങ്ങളും പകയും പ്രതികാരവുമാണ് ആ നാടകത്തെ സജീവമാക്കുന്നത്. അതായത് സൃഷ്ടാവിൻ്റെ കയ്യിൽനിന്ന് നിയന്ത്രണം നഷ്ടപ്പെടുകയും അത് സൃഷ്ടാവിനെത്തനെ ശിക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ അവിടെയുണ്ട്. നെതറിലെ അധോലോകമാകട്ടെ അപ്രകാരമൊരു കെണിയിടംകൂടിയായുള്ള പരിണാമദശയിലാണ്. ഒരുപക്ഷെ പപ്പ പറയുന്നതുപോലെ, ലോഗിൻ ചെയ്ത് സന്തോഷിക്കുന്ന അയാളെക്കാൾ അപകടകാരിയാണ് യഥാർഥത്തിലുള്ള അയാൾ. വിചാരണ ചെയ്യുന്ന ഡിറ്റക്ടീവിനോട് അയാൾ ആ കഥ പറയുന്നു.

മാത്രമല്ല വെർച്വൽ സ്പേയ്സിലെ പപ്പമുതലാളിമാർ തങ്ങളുടെ സെർവർ മറ്റൊരു രാജ്യത്തിലോ രാജ്യാതിർത്തികൾക്കപ്പുറമുള്ള സമുദ്രത്തിലോ അന്തരീക്ഷത്തിലോ ഒക്കെ സ്ഥാപിക്കുന്നതോടെ നിയമം നോക്കുകുത്തിയാകുന്നതും നാടകം ഓർമിപ്പിക്കുന്നു. ഇത് ഒരർഥത്തിൻ്റെ ഇന്നത്തെ ലോകത്തിൻ്റെ അവസ്ഥയുമാണ്. രണ്ട് നാടകങ്ങളും യാഥാർഥ്യത്തെ, അഥവാ നാം അങ്ങനെ ധരിക്കുന്നതിനെ പ്രശ്നവത്കരിക്കുകയാണ് എന്നും പറയാം. ഇറ്റ്ഫോക്കിൻ്റെ തുടക്കം ഗംഭീരമായെന്ന് നിസ്സംശയം പറയട്ടെ. തുടർനാടകങ്ങൾക്ക് കാത്തിരിക്കുന്നു.


Summary: Itfok 2026 inaugural play, 'The Frankenstein Project', also turned into an acting workshop, Dr Sivaprasad P writes.


ഡോ. ശിവപ്രസാദ് പി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാളകേരള പഠനവിഭാഗം അധ്യാപകൻ. ഓർമ്മച്ചാവ്, ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം, തലക്കെട്ടില്ലാത്ത കവിതകൾ, പദപ്രശ്നങ്ങൾ, ഉടൽ മുനമ്പ്, ആഖ്യാനത്തിലെ ആത്മഛായകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments