ചിത്രീകരണം : രാജേഷ് ചിറപ്പാട്

ശബ്ദത്തിലൂടെ കഥ പറയുന്ന രീതി ഒട്ടും പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയാണ്. ശബ്ദത്തിലൂടെ മാത്രം ഒരു കഥ പറയുമ്പോൾ ശ്രോതാക്കൾക്ക് അവരുടേതായ രീതിയിൽ അതിനെ ദൃശ്യവൽക്കരിക്കാൻ സാധിക്കുന്നു. ഇത് സ്റ്റോറി ടെല്ലിങ്ങിന് അനന്തസാധ്യതകൾ നൽകുന്നു. ഈ സാധ്യത മനസ്സിലാക്കാനും എക്സ്പിരിമെൻറ്​ ചെയ്യാനും ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് ‘ഗോട്ട് സുപ്രമസി’ ഉണ്ടായത്.

റേഡിയോ നാടകം ആയതിനാൽ അതിന്റെ സൗണ്ട് ഡിസൈൻ മികവുറ്റതാക്കുക എന്നത് അനിവാര്യമായിരുന്നു. ഗോട്ട് സുപ്രമസിയുടെ ശബ്ദ രൂപകല്പന സാധാരണമായി കേട്ടുവരുന്ന റേഡിയോ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണയായി റേഡിയോ നാടകങ്ങൾ അതിലെ കഥാപാത്രങ്ങൾക്കും ഡയലോഗുകൾക്കും മുഖ്യ പ്രാധാന്യം നൽകുന്നു അതേസമയം ഗോട്ട് സുപ്രമസി ഇവയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് ഒരു മികച്ച ഓഡിയോ സ്റ്റോറിടെല്ലിങ് എക്സ്പീരിയൻസ് കൂടിയാവാൻ ശ്രമിക്കുന്നുണ്ട്. ഏതൊരു വ്യക്തിയുടെയും ദൈനംദിന ജീവിതത്തിലെ ശബ്ദങ്ങൾ തന്റെ വലത്തെ ചെവിയിലും ഇടത്തെ ചെവിയിലും ഒരുപോലെയല്ല എത്തിച്ചേരുന്നത്, ഈയൊരു വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ശബ്ദങ്ങളുടെ ദിശയും ദൂരവും തിരിച്ചറിയുന്നത്. ഇതിനെ ആസ്പദമാക്കിയിട്ടുള്ള ഒരു റെക്കോർഡിങ് രീതിയാണ് "ബൈനോറൽ റെക്കോർഡിങ്'. ഇതിൽ ഒരു ഡമ്മി തലയുടെ സഹായത്തോടെ ഇടതും വലതും ചെവിയുടെ സ്ഥാനത്ത് ഓരോ മൈക്ക് വീതം വെച്ചാണ് ശബ്ദങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നത്. ഇങ്ങനെ റെക്കോർഡ് ചെയ്ത ഓഡിയോ ഒരു ശ്രോതാവ് തന്റെ ഇയർഫോൺസ്/ ഹെഡ്ഫോൺസിൽ കേൾക്കുമ്പോൾ ക്ലോസ് ടു റിയൽ ലൈഫ് എക്സ്പീരിയൻസ് ആണ് നൽകാൻ കഴിയുന്നത്.

ഗോട്ട് സുപ്രമസിയിൽ ഇതേ ബൈനോറൽ ഓഡിയോ എക്സ്പീരിയൻസാണ് ശ്രോതാക്കൾക്ക് നൽകാൻ ശ്രമിച്ചിരിക്കുന്നത്. പക്ഷേ ഇത് ബൈനോറൽ റെക്കോർഡ് ചെയ്യുന്നതിന് പകരം ശബ്ദ രൂപകൽപ്പന സമയത്ത് ഇതിലെ ഓരോ ശബ്ദങ്ങൾ, കേൾക്കുന്ന ശ്രോതാവിന്റെ ചുറ്റിലും പ്ലേസ്സ് ചെയ്തിരിക്കുകയാണ്. ഗോട്ട് സുപ്രമസി കേൾക്കുന്ന ഏതൊരു ശ്രോതാവിനും ആ കഥയുടെയും കഥാപാത്രങ്ങളുടെയും ലോകത്തെത്തിക്കാൻ ആണ് ശബ്ദ രൂപകല്പന വഴി ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നാടകം അനുഭവിക്കാൻ ഇയർഫോൺസ്/ ഹെഡ്ഫോൺസ് നിർബന്ധമാണ്. വാഗാബോണ്ട്​സ്​ പാരലൽ കൾചർ ആണ്​ നാടകത്തിന്റെ അവതരണം.

​​​​​​​​​​​​​​ആട്: രാവിലെ അഞ്ച് അഞ്ചര മണിക്കത്തെ മഞ്ഞും തണുപ്പും ഒടുക്കത്തെ ഹൊറിബിൾ ആണ്. ഞങ്ങളിത്രേം പേരെക്കൊണ്ട് അതും പാതി ഉറക്കത്തിൽ തോമസ്, കാരിയർ ഈ കുന്നും മലയും ഇത്ര കോൺഫിഡൻസോടെ കയറ്റിയിറക്കണമെങ്കിൽ ഇത് ഇയാൾക്ക് നല്ല ശീലമായിരിക്കും. ജോലിയുടെ ഭാഗമായതുകൊണ്ട് പിന്നെ ശീലമല്ലാതെ ഇരിക്കില്ലല്ലോ. എന്നേലും കണ്ണടിച്ച് പോയാലും കുന്ന് കേറിയിറങ്ങാൻ പറ്റുമെന്ന് ഇടയ്‌ക്കെങ്കിലും തോമസ് ചിന്തിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. മിസ്റ്റർ തോമസിന് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാം.

തോമസ്: ഈ തോമസ് എന്ന് പറഞ്ഞാൽ കൃത്യം അറിയാൻ പറ്റത്തില്ലന്നേ. അല്ലേലും ഈ കുന്നിൽ ഒരു കുന്ന് തോമസുണ്ട്. ആടുതോമ അല്ലേൽ തോമാച്ചായൻ. അങ്ങനെ ഒന്ന് അന്വേഷിച്ച് നോക്കിക്കേ. ഒടുക്കത്തെ ഫേമസാ. (ചിരി) ഇതിനെയെല്ലാം ഇപ്പൊ മുണ്ടേത്ത് അങ്ങാടീന്ന് കൊണ്ടുവരുവാ. അങ്ങാടീൽ നമ്മടെ പീലിയുണ്ട്. ആട്ടിറച്ചിയുടെ കാര്യത്തിൽ പീലി കഴിഞ്ഞിട്ടേ ഉള്ളു. നല്ലവനാ. കൊള്ളലാഭമൊന്നും എടുക്കാൻ നിക്കത്തില്ല. പിന്നെ എനിക്ക് നല്ല ജഗജില്ലി ആടുകളെയും തരും. ഇന്ന് നല്ല സൈസിന് കിട്ടി. വെളുത്ത മുട്ടനാ ഏറ്റവും മുറ്റ്. ഇതിന്റെ ഒക്കെ കരച്ചിലും കളിയും ഇനി എത്ര നേരം എന്ന് പറഞ്ഞിട്ടാ. കൂടിപോയാ ഒരു മണിക്കൂർ. പിന്നെ ഭാഗ്യമുള്ളതുങ്ങളാ. ചത്താലും എന്തൊക്കെ കോലം കെട്ടാം. സൂപ്പ്, ചാപ്‌സ്, ഒലത്തിയത്, വരട്ടിയത്, കറിവച്ചത് പിന്നെ പുതിയൊരു സാമാനം ഉണ്ടല്ലോ, ആഹ് ബാർബർക്യു... ചത്താലും ചാവാത്ത ജീവിതമല്ലേ ഇതുങ്ങളുടെ. എത്ര പേർടെ ആർത്തിയാ ഇവന്മാർ ഒരേ സമയം അടക്കണേ! ആർത്തീന്ന് പറയണോ കാമമെന്ന് പറയണോ, ഞാൻ എപ്പോഴും ആലോചിക്കും. ശരിക്കും കാമം അല്ലേ. ആർത്തി ആയിരുന്നേൽ ആര് ആസ്വദിക്കാനാ ഇതിനെ ഒക്കെ. കാമം തന്നാ. എത്ര കിട്ടിയാലും ഇനീം വേണോന്ന് തോന്നിപ്പിക്കുന്ന, പൂട കണ്ടാ തന്നെ അടിവയറ്റിൽ നീറ്റല് കൊണ്ട് വരണ കാമം. (ചിരി) ആഹ്........ ഈ വളവ് കൂടെ കഴിഞ്ഞാ കടയാ, എന്നാ പിന്നെ ഓക്കെ, അപ്പുറം പാക്കലാം.

ആട്: ഇതേ സമയത്ത് വല്യപറമ്പിൽ വാസുകുട്ടീടെ വാസ്തു ശാസ്ത്രം ആധാരമാക്കി നിർമ്മിച്ച ചെറിയ രണ്ടുനില വീടിന്റെ മുൻ വാതിലീന്ന് തെക്കോട്ട് നോക്കിയാ കാണാവുന്ന കിടപ്പുമുറീടെ ഉള്ളിലെ കിഴക്കോട്ട് തിരിച്ചിട്ടിരുന്ന കട്ടിലീന്നൊരു വിളി.

കുൽസുലത: (ഉച്ചത്തിൽ) ചേട്ടായേ.............

വാസുകുട്ടി: (ഉറക്കപ്പിച്ചിൽ) എന്നാതാടീ രാവിലെ തന്നെ കിടന്ന് മോങ്ങണേ.........

കുൽസു: ചേട്ടായീ......... അതേ........

വാസു: എന്നതാണെന്ന് വെച്ചാ പറയെടി ! മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് കൊഞ്ചുന്നോ!

കുൽസു: അത് പിന്നെ, ഞാനൊരു സ്വപ്നം കണ്ടതാ.

വാസു: എടീ ഒരുമ്പട്ടവളേ ഇന്നാളത്തെ പോലെ വല്ലവന്മാരുടെ കൂടെ കിടക്കണത് വല്ലോം ആണോ. നിനക്ക് ഇത് തന്നെയാന്നോ പണി!

കുൽസു: അല്ല ചേട്ടായേ. ഇത് അതൊന്നുമല്ലാ.

വാസു: പിന്നെ എന്നതാ..ഒന്ന് പറഞ്ഞ് തൊലക്ക്

കുൽസു: അതുണ്ടല്ലോ. കരോട്ടെ കുറുപ്പ് സാറില്ലെ, അങ്ങേരുടെ പറമ്പിന്റെ വേലിക്കടുത്തൂടെ ഞാനും കുഞ്ഞിയും നടന്ന് വരുവായിരുന്നു. അപ്പൊ അപ്പുറത്തെ നാൻസി ഞങ്ങളെ കയ്യാട്ടി വീട്ടിലേക്ക് വിളിച്ചു.

വാസു: ഏത്. എൽദോസിന്റെ വല്യ മൊലയുള്ള ഭാര്യയോ?

കുൽസു: രാവിലെ എന്റെ വായീന്ന് ഒന്നും കേൾക്കല്ല് നിങ്ങൾ!

വാസു: ഉവ്വാ...നിനക്ക് അസൂയ. ആ മൊലയാണ് മൊല. അവള് തന്നെയല്ലേ?

കുൽസു: അല്ലേലും നിങ്ങൾക്ക് അപ്പുറത്തെ വീട്ടിലെ മൊലയാണല്ലോ സ്വർണക്കട്ടി.

വാസു: നീ ബാക്കി പറ കുൽസു

കുൽസു: ആ, അവള് ഞങ്ങളെ വീട്ടിലോട്ട് വിളിച്ചേ, എന്നിട്ട് ഒരു പൊതിയെടുത്ത് നീട്ടി. മറ്റേ പടമില്ലേ, പുണ്യാളനൊക്കെ ഉള്ളത്, അതിൽ തീട്ട പൊതി കൊണ്ട് കൊടുക്കൂലെ. അത് പോലെ നാൻസി ചിരിച്ചോണ്ട് ഇലയിൽ പൊതിഞ്ഞ ആ പൊതി എന്റേൽ വച്ച് തന്നേ.

വാസു: എന്ത്. തീട്ടമോ?

കുൽസു: നല്ല ഫ്രഷ് ആട്ടിറച്ചിയെന്ന്! അപ്പോ വെട്ടി എടുത്ത പോലെ, നല്ല ചൊമന്ന്, രക്തമൊക്കെ ഇറ്റ് വീഴുവാ, ആ ഇലേടെ നിറം തന്നെ ചുവപ്പായോന്ന് എനിക്ക് സംശയമുണ്ട്. പിന്നെ ഒന്നും ഓർമ്മയില്ല, അപ്പോളേക്കും എണീറ്റില്ലേ.

വാസു: ഇതിനാണോടീ നീ രാവിലേ കിടന്ന് കാറിയത്. ഇതിൽ എന്നതാ ഇത്ര ഞെട്ടാൻ? നാശം! മനുഷ്യന്റെ ഉറക്കവും കളഞ്ഞ്. പുല്ല്

കുൽസു: ചേട്ടായേ, എനിക്ക് ആട്ടിറച്ചി വേണം ചേട്ടായേ..... എത്ര ദിവസമായ് മട്ടൺ കൂട്ടീട്ട്!

വാസു: ആഹ്....... ഇന്നലേം കൂടി ഒരു നാടനെ വെട്ടി കറിവച്ചതല്ലയോടി. എന്നും എന്നും ഇറച്ചി വാങ്ങാൻ നിന്റെ തന്ത കാശ് കൊണ്ട് വെച്ചേക്കുന്നോ. ഒന്നാതെ ഇവിടെ മനുഷ്യന് വീട്ടീന്ന് വെളീൽ ഇറങ്ങാൻ പറ്റണില്ല. അപ്പോളാണ്, അവൾടൊരു ഒടുക്കത്തെ സ്വപ്നം!

കുൽസു: എന്നതാ ചേട്ടാ, ഒര് കിലോ മതിയെന്നേ. വലിയ പൈസ ഒന്നും ആവത്തില്ല.... മേടിക്കാൻ വല്യ പൈസയൊന്നുമാവത്തില്ലന്നേ. നല്ല കുരുമുളകും വരട്ടിയ തേങ്ങേം അണ്ടിപ്പരിപ്പും ഒക്കെ ഇട്ട റോസ്റ്റ് ചെയ്യാമെന്നേ... നല്ല കള്ളപ്പവും ചൂടാം കുറച്ചെടുത്ത് സൂപ്പും വെക്കാം . എന്നാ ടേയ്സ്റ്റാ....... ഉം......... ആലോചിക്കുമ്പോ തന്നെ വായീന്ന് വെള്ളം വരുവാ.

വാസു: (പെട്ടെന്ന് അലിഞ്ഞു) ഓഹ്...... ! ഇവൾടെ കാര്യം. പുല്ല് ! എന്നാ പിന്നെ വാങ്ങിയേക്കാം. ഇനി അതില്ലാഞ്ഞിട്ട് കഞ്ഞി കുടി മുട്ടണ്ടാ!

കുൽസു: എന്നാ ഇപ്പോളെ ഇറങ്ങ് ചേട്ടായേ. വെട്ടം വന്നാ പിന്നെ കടേൽ അള് കൂടും. പിന്നെ കഷ്ട്ട കാലത്തിന് വല്ല പോലീസും വന്ന് കട അടപ്പിച്ചാ മട്ടൺ മോഹം കുപ്പീൽ ഇരിക്കത്തേയുള്ളു.

വാസു: ആഹ്, ശരി ശരി. നീ പോയൊരു കട്ടനിട്, ഞാൻ കക്കൂസിൽ പോയേച്ചും വരാം.

ആട്: വാസുകുട്ടി പ്രഭാതകർമ്മങ്ങൾക്ക് കയറിയതും കുൽസുലത സ്റ്റവ് കത്തിച്ചു. തോമസ് കത്തിയുമെടുത്ത് എന്റെ അടുത്ത് നിൽക്കുകയാണ്! എന്റെ വെളുത്ത അജസുഹൃത്തിനെ അയാൾ ആദ്യം വെട്ടി. എന്നെ വെട്ടാൻ ഉള്ള പുറപ്പാടിലാണ് ഇപ്പൊ.

തോമസ്: എടാ കറുമ്പാ, നീ റെഡി അല്ലേ?

ആട്: എന്തായാലും താൻ എന്നെ വെട്ടുമല്ലോടോ തോമസേ?

തോമസ്: അത് പിന്നെ എന്റെ കഞ്ഞിയായ് പോയിലേടാ ഉവ്വേ!

ആട്: ആഹ്....... എന്റെ കഞ്ഞികുടി ഇന്നത്തോടെ തീർന്നു.

തോമസ്: നീ പറ കറുമ്പാ, നിന്റെ അവസാനത്തെ ആഗ്രഹം എന്നതാ?

ആട്: എനിക്ക് ഇച്ചിരി പച്ച പ്ലാവില കിട്ടിയാ കൊള്ളാമായിരുന്നു.

തോമസ്: അയ്യോടാ ഉവ്വേ! ഇവിടെ അടുത്തെങ്ങും പ്ലാവില്ലല്ലോ.

ആട്: പിന്നെന്തിനാടാ നാറി നീ ആഗ്രഹം ചോദിച്ചേ?

തോമസ്: അതിവിടില്ലാതോണ്ടല്ലേടാ ഉവ്വേ.....

ആട്: ആ വന്ന വഴിയുള്ള മുക്കിലെ വളവിൽ ഒരു പ്ലാവ് നിൽപ്പുണ്ട്.

തോമസ്: നീ എന്നതാടാ കറുമ്പാ പറയണേ. ഞാനിനി അവിടം വരെ പോവാനോ!

ആട്: താൻ ഒരു ഫസ്റ്റ് ക്ലാസ് എച്ചിയാണ് തോമസ്സേ!

തോമസ്: നീ ഒന്ന് സമാധാനപ്പെട്! ഞാൻ പോയ് കൊണ്ട് വരാം. നീ ദാ അവിടെ തല വെച്ച് കിടന്നോ ഞാൻ വരുംവരെ.

തോമസ്: ഈശോയേ, അന്നത്തിന് വേണ്ടിയുള്ള പാപം നീ ക്ഷമിക്കേണമേ. ഈ പാപിക്ക് മാപ്പ് തരണേ കർത്താവേ.

(ആഞ്ഞൊരു വെട്ടിന്റെ ശബ്ദം. ആടിന്റെ ചെറിയൊരു അലർച്ച)

വാസു: (ഷർട്ട് ഇട്ടുകൊണ്ട്) എടിയേ... ഞാൻ പോയേച്ചും വരാം.

കുൽസു: ഈ ഷർട്ട് ആന്നോ ചേട്ടായെ... ഇതിൽ കക്ഷം കീറിയിരിക്കുവാണല്ലോ

വാസു: ഈ നേരം വെളുക്കാത്ത സമയത്ത് ആരാടി എന്റെ കാലിന്റിടേൽ നോക്കാൻ പോണെ!

കുൽസു: മാസ്‌ക് വേണ്ടേ നിങ്ങൾക്ക്?

വാസു: ആ കുന്തമൊന്നും വേണ്ട, രാവിലെ ആരും നോക്കാനൊന്നും പോണില്ലാ.... എന്തായാലും നീ ഒരു തോർത്തെടുക്ക്, ഇനി നശിച്ച സമയത്തിന് വല്ല പോലീസുകാരനും കണ്ടാലാ!

ആട്: വാസുകുട്ടി ചുവന്ന പൂവിന്റെ നടുക്ക് മഞ്ഞ കുത്തുള്ള പച്ച കളർ കൈലിയും മടക്കി കുത്തി, വെള്ള തോർത്ത് തലയിൽ കെട്ടി ഒരു ബീഡിയും കത്തിച്ച് കക്ഷം കീറിയ ഷർട്ടുമിട്ട് തോമസിന്റെ കടയിലേക്ക് നടന്നു. തന്തയില്ലാത്തവൻ തോമസ് എന്നെ പറഞ്ഞ് പറ്റിച്ച് വെട്ടി. കണ്ണടയുന്നതിന് തൊട്ട് മുന്നേ കണ്ടത് ബനിയനിൽ ഒതുങ്ങി നിക്കാതെ ചാടി കിടന്ന തോമസിന്റെ ഒട്ടും സെക്‌സി അല്ലാത്ത കൊടവയറും പൊക്കിളും ആണെന്നതിൽ നല്ല വിഷമമുണ്ട്.

വാസു: തോമാച്ചായോ....... എടാ ആട് തോമാച്ചായോ......

തോമസ്: ആരാ ഈ വെളുപ്പാൻകാലത്ത്?.... ആ വാസു ചേട്ടനോ! എന്നാ ചേട്ടാ രാവിലെ, വല്ല സ്‌പെഷ്യൽ പരിപാടീസും ഉണ്ടോ?

വാസു: ഇല്ലെടാ ഉവ്വേ. താമസിച്ചാ ആള് കൂടി തിരക്കാവത്തില്ലേ. കൊറോണയും മൈരും ഒക്കെയല്ലേ.

തോമസ്: അതേതായാലും നന്നായി. ഒരു 2 കിലോ എന്നാ എടുക്കട്ടെ.

വാസു: കിലോ എന്നാ വില?

തോമസ്: കിലോ എഴുന്നൂറ്റമ്പത്, ദേ ഇപ്പൊ അറുത്തെയുള്ളു. കണ്ടാ നല്ല ഫ്രഷ് ചോര.

വാസു: എഴുനൂറ്റമ്പതോ? എടാ കഴിഞ്ഞയാഴ്ച്ച മേടിച്ചപ്പൊ അറുനൂറ് എങ്ങാണ്ട് ആയിരുന്നല്ലൊ.

തോമസ്: ഈ സമയം ആയോണ്ട് മട്ടൺ ഒന്നും കിട്ടാനില്ല വാസുവേട്ടാ. ഉള്ളതിനാണേൽ ഒടുക്കത്തെ ഡിമാൻഡും. റോഡിൽ ഇറങ്ങി വണ്ടി ഓടിയാൽ അല്ലെ ഒന്ന് പോയി എടുക്കാൻ എങ്കിലും പറ്റു. ഇനി വണ്ടി ഇറക്കാം എന്ന് വെച്ചാൽ മൈരന്മാരുടെ എണ്ണ വില കൂട്ടൽ! ഇവിടെ ഓരോർത്തർടെ അണ്ടി നേരേ നിക്കണി......

വാസു: എന്റെ പൊന്നെടാവേ, ഞാൻ ഒന്നും ചോദിച്ചില്ല. നീയൊരു ഒന്നര കിലോ ഇങ്ങെട് സൂപ്പിന് കുറച്ച് എല്ലുമിട്. പിന്നെ, ഇന്നാളത്തെപ്പോലെ ആടിന്റെ പൂട ഒന്നും വന്നേക്കല്ല്.

തോമസ്: നിങ്ങള് അത് ഇതുവരെ മറന്നില്ലേ. തിരക്കിനിടയിൽ അബദ്ധം പറ്റിയതാണെന്നേ. അതിന് പകരം നിങ്ങക്ക് സ്‌പെഷ്യൽ ഡിസ്‌ക്കോണ്ട് തരണൊണ്ട് .

വാസു: ആ, ആഹ്, നീ എട് എട്.

ആട്: വാസുകുട്ടി എന്റെ ഒന്നര കിലോയും കൊണ്ട് തിരിച്ച് വീട്ടിലോട്ട് നടന്നു. എന്നെ മേടിക്കാൻ വന്നപ്പൊ ഉള്ളതിലും തിരക്ക് ഇപ്പൊ കവലയിലുണ്ട്... ചായ കടയിലും ജംഗ്ഷനിലും ആൾ കൂടി. പോലീസ് വന്ന് എല്ലാത്തിനേം ഓടിച്ച് വിടുന്ന വരെ കാണും ഈ തിരക്ക്. കൊട്ടേലെ മീനിൽ ഐസ് ഇട്ടോണ്ടിരുന്ന മീൻകാരി മറിയയെ നോക്കി വാസു ഒന്ന് ചിരിച്ചു. മീൻകാരീടെ പേര് മറിയ ആണോ എന്ന് വാസുകുട്ടിക്ക് അറിയില്ല, എന്നാലും കണ്ടപ്പോ ഒരു മറിയയാണെന്ന് വാസുവിന് തോന്നി. ചായകടേൽ കേറി ഒരു ചായ കുടിക്കണമെന്ന് വാസുവിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കക്ഷം കീറിയ ഷർട്ടുമായി അകത്ത് കയറി ചെല്ലാൻ ഉള്ള മടി കാരണം വാസു വീട്ടിലോട്ട് ആഞ്ഞ് നടന്നു.

വാസു: എടി കുൽസു... കുൽസുലതേ!

കുഞ്ഞി: എന്നാ അപ്പാ?

വാസു: നിന്റെ അമ്മച്ചി എന്തിയേ?

കുഞ്ഞി: പുറകിലുണ്ട്, തേങ്ങാ പൊതിക്കുവാ.

വാസു: നീ ഇതകത്ത് കൊണ്ട് വയ്ക്ക്. ആ പൂച്ച എടുക്കാതെ നോക്ക്.

കുൽസു: ആഹ് വന്നോ, എന്നാ ചേട്ടാ വൈകിയേ......

വാസു: ആര് വൈകി? കാപ്പിക്കെന്നാ രാവിലെ?

കുൽസു: പുട്ട് ചുട്ടടുക്കീട്ടുണ്ട്, പിന്നെ ഇന്നലത്തെ ബാക്കി കുറച്ച് കറിയിരുപ്പുണ്ട് വേണേൽ അപ്പളോം കാച്ചാം.

വാസു: ആഹ് പെട്ടെന്ന് കാച്ച്. ഒരു ചായേം എട്.

ആട്: വാസുകുട്ടി നീല ടൈൽസ് ഇട്ട വല്യ വെള്ള ഫ്‌ലൂറസെന്റ് ബൾബ് മുകളീന്ന് തുങ്ങി കിടക്കുന്ന കഷ്ട്ടിച്ച് രണ്ട് പേർക്ക് കാൽ നീട്ടി കിടക്കാൻ പറ്റുന്ന ബാത്ത് റൂമിൽ രാവിലത്തെ തണുപ്പ് അവാഹിച്ചൊഴുകുന്ന ഷവറിന്റെ മുന്നിൽ നിന്ന് വിശാലമായി കുളി കഴിഞ്ഞ് അപ്പളോം പുട്ടും തലേ ദിവസത്തെ കറിയും കൂട്ടി ഒരു പിടി പിടിച്ച് ഇങ്ങനിരിക്കുവാണ്. എന്റെ ഒന്നര കിലോ ഇപ്പോ ഇലയിൽ നിന്ന് മാറി വീട്ടിലെ അലുമിനീയം ഉരുളിയില് നല്ല തണുത്ത വെള്ളത്തിൽ കിടക്കുവാണ്. ഇടയ്ക്ക് അറിയാതെ പാത്രത്തിൽ തട്ടും, മികച്ച ഒരു തണുപ്പ്. നല്ലൊരു സുഖം, ഈ സുഖം ഞാൻ ഇതിന് മുൻപ് അനുഭവിച്ചത് പീലിയുടെ വീട്ടിലെ മോളിയുമായി സെക്ഷ്വൽ ഇന്റർകോഴ്‌സിൽ ഏർപെട്ടപ്പോഴാണ്!

കുൽസു: കുഞ്ഞീ, നീയി വല്യുള്ളി ഇങ്ങ് അരിഞ്ഞ് തന്നേ.

കുഞ്ഞി: എന്നാ അമ്മച്ചീ, എനിക്കെങ്ങും മേലാ, കണ്ണ് നീറി കരഞ്ഞ് കരഞ്ഞ് ഇരിക്കാൻ.

കുൽസു: വന്ന് ചെയ് പെണ്ണേ! വെള്ളത്തി മുക്കി ഇട്ട് എടുത്തരിഞ്ഞാ മതി! അവൾടൊരു കൊഞ്ചല്...

വാസു: സൽപുത്രന് നേരം വെളുത്തില്ലായോടീ ഇതുവരെ!

കുൽസു: അതെങ്ങനെ വെളുക്കാനാ, വെട്ടം വീണപ്പോളാവും അവൻ കിടന്നേ, രാത്രി മൊത്തം ഫോണിൽ കളി അല്ലേ! നിങ്ങളൊന്നും പറയാത്തോണ്ടാ!

വാസു: ആഹ്, നീയല്ലേ അവന്റെ അമ്മ. അമ്മമാരാ മക്കടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടെ. എന്നിട്ട് ഇപ്പൊ എന്നെ പറയുന്നോ!

കുൽസു: അത് അല്ലേലും അങ്ങനെയാണല്ലോ നല്ലത് ചെയ്താ നിങ്ങടെ മോൻ, അല്ലേൽ എന്റെ കഴിവുകേട്. നല്ലതാ മനുഷ്യാ...

വാസു: ആഹ്.... ഇത് തന്നാ! ഇപ്പോളത്തെ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനാ. ഒരു പണീം ചെയ്യാതെ കണ കുണാ പറഞ്ഞോണ്ടിരിക്കും. എടീ, എന്റെ അമ്മേ കണ്ട് പഠിയെടീ! അവർ നേരേ വളർത്തിയോണ്ടാ ഞാനൊക്കെ ഇങ്ങനെ അന്തസ്സായ് ജീവിക്കണെ!

കുൽസു: (ഒച്ച കുറച്ച്) അതോണ്ടാവും അവർ ഒറ്റയ്ക്ക് ആ വീട്ടിൽ കിടന്ന് ചത്തെ.

വാസു: എന്നാടീ... എന്തേലും പറഞ്ഞോ? എടീ കുഞ്ഞീ, നീ എങ്കിലും നന്നാവാൻ നോക്ക്! അല്ലേൽ കെട്ടി പോണ വീട്ടുകാർക്ക് പണിയാവും!

മണിയൻ: കഴിക്കാനായോ അമ്മച്ചീ?

കുൽസു: ആദ്യം പോയി പല്ല് തേച്ചിട്ട് വാടാ.

മണിയൻ: (ആഞ്ഞ് തുമ്മുന്നു)

കുൽസു: ഓഹ്, പനി പിടിച്ച് വച്ച് കാണും. നിന്നോട് പറഞ്ഞെയല്ലേ മഴയത്ത് കളിക്കല്ലെന്ന്. അൽപ്പം അനുസരണ ഉണ്ടാർന്നേൽ ഇങ്ങനെ ചീറ്റി കോണ്ട് നടക്കുവാർന്നോ?

മണിയൻ: അതിനെന്നാ അമ്മച്ചീ. കളിച്ചപ്പൊ ഉള്ള മഴ കൊണ്ടിട്ടല്ലേ! പിന്നെ തുമ്മിയാലെന്നാ പനിച്ചാലെന്നാ!

കുൽസു: ഓ... എനിക്ക് വയ്യ നിന്റെ പ്രസംഗം കേൾക്കാൻ. പനിച്ച് വിറച്ച് കിടക്കുമ്പോ അമ്മച്ചീ കാപ്പി എന്ന് വിളിച്ചോണ്ട് വന്നേക്കല്ല്.

മണിയൻ: (ഒരു ആക്കി ചിരി) അതൊക്കെ അപ്പോഴല്ലേ! ഏ...... ഇതെന്നാ മട്ടനാണോ..., പൊളിച്ച്!

കുൽസു: മണിയാ, നീ കഴിച്ചിട്ടാ തേങ്ങ കൊത്തി തരുവോടാ...?

മണിയൻ: ആഹ്...... നോക്കാം....

കുൽസു: നോക്കാന്ന് പറഞ്ഞ് അവസാനം മുങ്ങാനല്ലേ! ഒരു സഹായോം ചെയ്യല്ല് കേട്ടാ! സമയമാവുമ്പോ കയ്യും കഴുകി വന്നിരിക്കാനറിയാം. എടിയേ, ഇത്രേം നേരം വെള്ളത്തീ കിടന്നാ മതി. ഇനി എടുത്ത് നീളത്തിൽ അരിയ്...

(ഉള്ളി അരിയുന്ന ശബ്ദം, പാത്രത്തിൽ വെള്ളമൊഴിക്കുന്ന ശബ്ദം. തുടർന്ന് അടുക്കളയിലെ ശബ്ദങ്ങൾ)

(ഫോൺ അടിക്കുന്നു)

വാസു: കുൽസൂ നിന്റെ ഫോൺ കിടന്ന് അടിക്കുന്നു.

കുൽസു: ആരാണെന്നു ഒന്ന് നോക്കിക്കേ ചേട്ടായേ....

വാസു: വേണേൽ വന്ന് നോക്ക്.

കുൽസു: ശിശ്... മണിയാ ആ ഫോണിങ്ങെടുത്തു താടാ...

(ഫോണെടുത്തോണ്ട് ചെല്ലുന്നു)

കുൽസു: ആരാടാ...

മണിയൻ : കാപ്ലി മാമനാ

കുൽസു: ഹലോ...... എന്നാ പറ്റി കൊച്ചേട്ടായീ...... ങേ... എന്നതാ...... എപ്പോ?! ...... അയ്യയ്യോ ആ കൊച്ചേട്ടാ...... മ്മ്, ശരി.

കുഞ്ഞി: എന്നാ അമ്മച്ചീ.....?

കുൽസു: എടീ നിന്റെ കുഞ്ഞപ്പുപ്പൻ മരിച്ചടീ.

മണിയൻ: (സ്വയം, പയ്യെ) അടിപൊളി.

കുഞ്ഞി: എങ്ങനെ?

കുൽസു: കുഴഞ്ഞ് വീണൂന്നാ കൊച്ചേട്ടായി പറഞ്ഞേ. ആ കിടപ്പിൽ അങ്ങ് പോയെന്ന്! നീ അപ്പനെ ഇങ്ങോട്ട് വിളിച്ചേ ...

കുഞ്ഞി: (ഉച്ചത്തിൽ) അപ്പാ...

കുൽസു: പയ്യെ വിളിയടീ, അമ്മച്ചിയെ ഉണർത്താതെ.

(കുഞ്ഞി വാസുവിന്റെ അടുത്തേക്ക് പോകുന്നു)

കുഞ്ഞി: അപ്പാ, അമ്മച്ചി വിളിക്കുന്നു .

വാസു: എന്നാടി? എന്നാ പറ്റി?

കുഞ്ഞി: കുഞ്ഞപ്പൂപ്പൻ മരിച്ചൂന്ന്...

വാസു: ങേ... ! (എണീറ്റ് അടുക്കളയിലേക്ക് പോകുന്നു)

വാസു: എന്നാടി കൊച്ചാപ്പന് എന്നാ പറ്റിയതാ?

കുൽസു: ഒര് ഒരു മണിക്കൂർ മുന്നേ കുഴഞ്ഞ് വീണൂന്ന്. അങ്ങനെ തന്നെ കിടന്ന് മരിച്ചൂന്നാ കൊച്ചേട്ടായി പറഞ്ഞെ.

വാസു: ശിശ്, എടിയേ... അപ്പോ ഈ മട്ടൺ എന്നാ ചെയ്യും? റോസ്റ്റ് ആക്കണ്ടേ

കുൽസു: അയ്യോ! ആഹ്, അത് പിന്നെ... അത് വെയ്ക്കാം.

മണിയൻ: (സ്വയം, പയ്യെ) അടിപൊളി.

വാസു: എടീ, നീ നിന്റെ അമ്മച്ചിയോട് പറഞ്ഞില്ലല്ലോ... അവരെവിടെ?

കുൽസു: ഇല്ലാ... അമ്മച്ചി ഉറങ്ങുവാ ഞാൻ പോയ് വിളിക്കട്ടേ?

വാസു: വേണ്ട വേണ്ട. നീ ഒരു കാര്യം ചെയ്യ്, ഇപ്പോ പറയണ്ട. അവര് ഉറങ്ങുവല്ലേ.... ഇതൊക്കൊ വെച്ചിട്ട് പിന്നെ പയ്യെ സമാധാനത്തിൽ പറഞ്ഞാ മതി.

കുഞ്ഞി: ആ, അതാ നല്ലത് അമ്മച്ചീ, അമ്മുമ്മയോട് പിന്നെ പറയാം .

വാസു: ആ! അത് തന്നെ!

കുൽസു: എന്നാ പിന്നെ അങ്ങനെ ചെയ്യാമല്ലേ ചേട്ടായീ. ശോ... എടി കുഞ്ഞീ, ആ ഉള്ളി ഇളക്കി കൊടുത്തേ, അടീ പിടിച്ച് കരിഞ്ഞാ പിന്നെ ടേസ്റ്റ് പോവും.

വാസു: ആഹ്, അത് മതി. കാപ്ലി ഇങ്ങ് വരുന്നുണ്ടോ?

കുൽസു: അവിടെ ഒന്ന് ഒതുക്കീട്ട് വരുമെന്നാ പറഞ്ഞേ. പോക്ക് നടക്കൂന്ന് തോന്നുന്നില്ലാ , അവിടൊക്കെ കൊറോണാ സോൺ അല്ലേ!

മണിയൻ: ഹൊ! അതെന്തായാലും നന്നായി!

വാസു: ടാ! എന്താടാ മണിയാ... എടീ, നീ അത് കരിയാതെ നോക്കിയേ, അവൾ ബോധമില്ലാതെ കുളമാക്കും.

(കുൽസു അടുക്കളേലോട്ട് നടക്കുന്നു)

വാസു: സത്യമാടാ, നന്നായി, അല്ലേൽ അവിടെ പോയ് കുറ്റികെട്ടി കിടക്കേണ്ടി വന്നേനെ! പിന്നെ പന്തലും പൂവും അരീം കിണ്ടിയും കാക്കേം, അങ്ങനെ ആകെ പണിയായേനെ. കൊറോണ കൊണ്ടൊരു ഗുണമുണ്ടായ് അങ്ങനെ.

മണിയൻ: അപ്പൻ പൊളി...!

ആട്: ഏതോ വല്യപ്പച്ചൻ മരിച്ചൂന്നാ തോന്നണേ . ങാ.....അതെന്തായാലും എനിക്കിപ്പോ നല്ല ചൂടെടുക്കുന്നുണ്ട്, ആ പാത്രത്തീ കിടന്നപ്പോ കിട്ടിയ സുഖമെല്ലാം പോയി. നല്ല തിളയ്ക്കുന്ന വെള്ളത്തിൽ കിടന്ന് എന്റെ നിറവും മണവുമെല്ലാം മാറി. പ്രാണസഖി മോളി പോലും എന്നെ ഇപ്പൊ കണ്ടാൽ തിരിച്ചറിയില്ല. മികച്ച ഒരു മുട്ടന്റെ കൂടെ ജീവിക്കുന്ന അവൾ ചിലപ്പൊ എന്നെ മറന്നുകാണും. എന്തായാലും സന്തോഷത്തോടെ ഇരിക്കട്ടെ. ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ ഇനി അയാളുമായി ജീവിച്ച് തീർത്തോളൂ. അവസാനമായി നല്ലൊരു ചുംബനം തരാൻ പറ്റാത്തതിന്റെ വിഷമം ഇപ്പോഴും ബാക്കി........

കുൽസു: നല്ല മണം പിടിച്ച് വരുന്നുണ്ട്.

മണിയൻ: ഉഫ്... ആയോ അമ്മച്ചി?

വാസു: ആ കൂട്ടിൽ കിടന്ന് മട്ടൺ തിളക്കുമ്പോ ഉള്ള മണമുണ്ടല്ലോ... ഔ... പണ്ട് പാപ്പരങ്ങാടിയിൽ ആയിരുന്നപ്പോ അവിടെ ഒരു സുബ്രൻ ഉണ്ടായിരുന്നു. അവൻ ഇടയ്ക്ക് ഉണ്ടാക്കും, മട്ടൺ നെല്ലി! എന്നാ മണവാ..., എന്നാ ടേയ്സ്റ്റാ... അതേ മണം.

കുൽസു: ഇതല്ല ചേട്ടായി മണം. ചുട്ട തേങ്ങാകൊത്തും. കശുവണ്ടിയും ഇടുമ്പോ ഒരു മണം വരും. അതാണ് മണം!

വാസു: അതാ, ആ മണം കൊണ്ട് ചിലപ്പോ നിന്റെ മാമൻ വരെ എണീറ്റ് വന്നേക്കും!

കുൽസു: (കുറഞ്ഞ ശബ്ദത്തിൽ) മരിച്ചാലും കളിയാക്കൽ നിർത്തല്ല് മനുഷ്യാ

വാസു: (ഒരു കള്ളച്ചിരി)

അമ്മച്ചി: എടിയേ...

കുൽസു: ആഹ്... അമ്മ എണീറ്റോ...

അമ്മച്ചി: മട്ടൺ മേടിച്ചിട്ട് എന്നെ എന്നാ വിളിക്കാഞ്ഞേ. (അമ്മച്ചി മണം വലിച്ച് ശ്വസിക്കുന്നു) എണ്ണ സ്വൽപ്പം കാറിയോടീ .?

കുൽസു: ഏയ്, ഇല്ലല്ലോ...

അമ്മച്ചി: നീ ഇച്ചിരി ഇങ്ങ് തൊട്ട് നോക്കാൻ തന്നേ........ (അമ്മച്ചി ആ ചാറ് വലിച്ച് കുടിക്കുന്നു) ആയ്.... സൂപ്പർ! എന്നാലും എണ്ണ കുറച്ച് കാറിയതാടി. അത് അല്ലേലും എന്റെ പെർഫക്ഷൻ ഒന്നും നിനക്ക് കിട്ടീട്ടില്ല പെണ്ണേ.

കുൽസു: ആഹ് ആഹ്

അമ്മച്ചി: നിന്നോട് ഞാൻ പറഞ്ഞതല്ലേ പെണ്ണേ വെക്കാൻ തുടങ്ങുമ്പോ എന്നെ വിളിക്കാൻ, എന്തോ ഭാഗ്യത്തിന് നന്നായി.

കുൽസു: അത് പിന്നെ.....

വാസു: ആ, അത് അവൾ അമ്മച്ചി ഉറങ്ങട്ടേന്ന് കരുതി വിളിക്കാതെയാ.....

അമ്മച്ചി: എടാ മണിയാ, നീ പുറത്തിറങ്ങി നോക്കിയേ വല്ല കാക്കേം മലർന്ന് പറക്കുന്നോന്ന്. അല്ല, ഇവൾ വൃത്തികേടാവാതെ കറി വച്ചതല്ലേ (കളിയാക്കി ചിരി) (എല്ലാരും ചിരി)

അമ്മച്ചി: എടാ വാസു പണ്ടൊരിക്കെ, നീ ഇവളെ കെട്ടുന്നേനും മുന്നേ ഒരു ദിവസം ഇവൾടെ അപ്പൻ കുറച്ച് പോത്തിന്റെ നാക്ക് കൊണ്ട് വച്ചേ.......

കുഞ്ഞി: ഓ അമ്മുമ്മേ ഈ കഥ രണ്ട് ദിവസം മുന്നേം കൂടെ പറഞ്ഞെയല്ലേ, കേട്ട് കേട്ട് മടുത്തു.

അമ്മച്ചി: നീ കേക്ക് കൊച്ചേ. അങ്ങനെ ഇവള്, നിങ്ങടെ അമ്മച്ചി, കുറേ മസാലേം വെള്ളവും തേങ്ങേം ഒക്കെ ചട്ടീലെടുത്ത് അടുപ്പിൽ വച്ചേ.... ഞാൻ പറമ്പീന്ന് കപ്പേം പറിച്ച്, മേലും കഴുകി വന്നു നോക്കീപ്പോ എന്നതാ കണ്ടേന്നറിയോ..... ആ നാക്കിനെ അവള്...

കുൽസു: ഒന്ന് നിർത്തിക്കെ അമ്മച്ചീ! എന്നും എന്നെ ഇങ്ങനെ പറഞ്ഞില്ലേൽ സമാധാനമാവൂലെന്ന് വച്ചാ! അത് പത്ത് മുപ്പത് കൊല്ലം മുന്നേയല്ലേ !

അമ്മച്ചി: ഓ... ഞാനൊന്നും മിണ്ടുന്നില്ലേ.

(ഫോൺ വരുന്നു)

കുൽസു: ആ ഹലോ... കൊച്ചേട്ടാ.... ആ ശരി ... ഇല്ലാ... അത് പിന്നെ... മ്മ്..... മ്മ്... ആ, ശരി കൊച്ചേട്ടായേ...

അമ്മച്ചി: ആരാടി, കാപ്ലിയാണോ?

കുൽസു: ആ... ആ അമ്മേ.

അമ്മച്ചി: എന്നാ പറ്റി...

കുൽസു: അത്....

വാഗബോണ്ട്സ് പാരലൽ കൾച്ചറാണ് Goat Supremacy യുടെ നിർമ്മാതാക്കൾ

അമ്മച്ചി: അല്ലേലും ഇവിടെ ഇറച്ചി വെക്കുമ്പോ അവൻ മണത്തറിയും. (പരിഹാസ ചിരി)

കുൽസു: അല്ലാ... അത് കൊച്ചേട്ടൻ ഇങ്ങോട്ട് കുറച്ച് കഴിഞ്ഞ് വരുന്നെന്ന് പറയാൻ വിളിച്ചതാ.

അമ്മച്ചി: (പൊട്ടിച്ചിരി) ഞാൻ പറഞ്ഞില്ലേ! അവനും അവന്റെ അപ്പനെ പോലെ തീറ്റ പ്രാന്തനാ. രാമൻ എന്നാ കൊതിയനായിരുന്നെന്നറിയോ. നീ രാമന് കുറച്ച് മട്ടൺ കൊടുത്ത് വിടണം കേട്ടോ.

കുൽസു: ആഹ്... ആ അമ്മേ!

മണിയൻ: കറിയായോ അമ്മീ... വിശക്കുന്നു.

കുൽസു: ആ... ഒരഞ്ച് മിനിറ്റ്, ഈ അപ്പം കൂടെ ചുട്ടിട്ട് കഴിക്കാം.

(അപ്പത്തിന് മാവ് ഒഴിക്കുന്ന ശബ്ദം, പാത്രങ്ങൾ, സ്പൂണുകൾ മുതലായവ മേശപ്പുറത്ത് വയ്ക്കുന്നതിന്റെ ശബ്ദം)

കുൽസു: ചേട്ടായേ, കഴിക്കാൻ വന്നേ, ചൂടോടെ അപ്പം ചൂട്ടു തരാം.

(കസേരകൾ നീങ്ങുന്ന ശബ്ദം)

കുൽസു: അമ്മേം കൂടെ ഇരിന്നോ , ഞാനൊരു രണ്ട് മൂന്ന് അപ്പോം കൂടെ ചുട്ടിട്ട് വരാം...

(അപ്പോം മട്ടൺ റോസ്റ്റും കൂടെ എടുത്ത് ആസ്വദിച്ച് ചവയ്ക്കുന്ന ശബ്ദം, രതിമൂർച്ച അനുഭവിക്കുന്ന തരത്തിൽ)

വാസു: (സ്ലോ മോഷനിൽ ഒരു ശ്വാസം പുറത്തോട്ട് വിടുന്നു) (വീണ്ടും വായിലെ തുപ്പൽ നുണഞ്ഞ് ആസ്വദിക്കുന്നു) എന്നാ ടേയ്സ്റ്റാ!

കുഞ്ഞി: (ആസ്വദിച്ച് ചവയ്ക്കുന്ന ശബ്ദം, പയ്യെ അത് ചുംബിക്കുന്ന ശബ്ദമായ് മാറുന്നു) അമ്മീ സൂപ്പർ!

മണിയൻ: (ആസ്വദിച്ച് ചവയ്ക്കുന്ന ശബ്ദം, ശ്വാസമെടുത്ത് വിടുന്ന ശബ്ദം, പതുക്കെ പതുക്കെ ശ്വാസമെടുക്കുന്നതിന്റെ വേഗത കൂടുന്നു. അവസാനം നിയന്ത്രിക്കാനാവാതെ ശ്വസിക്കുന്നു) അടിപൊളി!

(പെട്ടെന്ന് കോളിങ്ങ് ബെൽ അടിക്കുന്നു) (കുൽസു പോയ് കതക് തുറക്കുന്നു)

കുൽസു: ആ കൊച്ചേട്ടായീ...

കാപ്ലി: (വിഷമത്തിൽ, ഇടറിയ ശബ്ദം) അവസാനം അച്ഛൻ പോയ് മോളേ. ഈ കയ്യീ കിടന്നാടി കുൽസു, അച്ഛൻ അവസാനമായ് ഉറങ്ങീത്. ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കാൻ പറ്റീല എനിക്ക്... ആഹ്... അമ്മച്ചിക്കെങ്ങനുണ്ട്? കരച്ചിലാന്നോ?

കുൽസു: അത് പിന്നെ ചേട്ടായീ, അമ്മയോ...

അമ്മച്ചി: അരേ വാഹ്! എന്റെ പൊന്നുമോളേ ഇതാണ് മട്ടൺ അയ് വാ! ഇപ്പോളാടീ നീയെന്റെ മോളായത്.

കാപ്ലി: എന്നതാ! മട്ടനോ! എന്താ...

കുൽസു: കൊച്ചേട്ടാ പതുക്കെ, അമ്മയോട് പറഞ്ഞിട്ടില്ല. പാവം, സമാധാനത്തോടെ കഴിക്കട്ടേ, എന്നിട്ട് പറയാം...

കാപ്ലി: നീ എന്നതാടി കുൽസൂ പറയുന്നേ? അയ്യയ്യോ! മരിച്ചാ പതിനാറ് കഴിയാതെ ഇറച്ചി കൂട്ടി കൂടെന്ന് അറിയില്ലേ നിനക്ക്. അല്ലേൽ തന്നെ, എന്നാത്തിനാ ഇന്നിത് വെക്കാൻ പോയത്! ഞാൻ നേരത്തേ വിളിച്ച് പറഞ്ഞതല്ലേ!

കുൽസു: അത് കൊച്ചേട്ടാ, ഇവിടെ കറി വച്ച ശേഷവാ വിവരമറിഞ്ഞേ, അതാ പറ്റീത് അല്ലേൽ ഞാൻ ഇറച്ചി കറി വയ്ക്കുമെന്ന് തോന്നണുണ്ടാ കൊച്ചേട്ടന്!

അമ്മച്ചി: അവിടെ എന്നാ തപ്പി നിക്കുവാ കാപ്ലി. ഇങ്ങു വന്നേ. ദേ നിന്റെ അപ്പന്റെ ഫേവറേറ്റ് സാധനം, മട്ടൺ റോസ്റ്റ്.

കാപ്ലി: ആ അമ്മച്ചി...

അമ്മച്ചി: നീ എങ്ങനാടാ ഉവ്വേ, ഇത്ര കൃത്യായിട്ട് ഇറച്ചി വയ്ക്കണ ദിവസം വരണേ.

കാപ്ലി: ഓ.... അതൊന്നുമില്ല അമ്മച്ചീ.

അമ്മച്ചി: നീ എന്നാടാ വല്ലാതിരിക്കുന്നേ, കാലത്തൊന്നും കഴിച്ചില്ലായോ? ങാ, നീ ഇരിക്കെടാ രണ്ട് പീസ്സ് റോസ്റ്റ് ഉള്ളി ചെല്ലുമ്പോ, ശരിയാവും. (പാത്രം നീട്ടി വയ്ക്കുന്നു)

കാപ്ലി: ഇപ്പൊ വേണ്ടമ്മച്ചി.

അമ്മച്ചി: ഇതെന്നതാടാ ഉവ്വേ? ഇത്ര നല്ല മട്ടൺ കറി വേണ്ടെന്ന് പറയാൻ മാത്രം മണ്ടനാണോടാ കാപ്ലി നീ... നീ രാമന്റെ മോൻ തന്നെയാണോ...

(കാപ്ലീടെ പാത്രത്തിൽ ഇറച്ചി വച്ച് കൊടുക്കുന്ന ശബ്ദം)

കാപ്ലി: അപ്പന് ഏറ്റവും ഇഷ്ടമുള്ള മട്ടൺ റോസ്റ്റ് . ഒരു കഷ്ടം റോസ്റ്റ് കഴിക്കാതെ അപ്പൻ പോയല്ലോ. ഇനിയുള്ള എന്റെ ജീവിതം എന്റെ അപ്പന് വേണ്ടിയാണ്. അപ്പന് ഇഷ്ടമുള്ളത് മാത്രമേ ഞാൻ ചെയ്യാത്തൊള്ളു അപ്പാ ഇനി. അത് കണ്ട് മുകളിൽ ഇരുന്ന് അപ്പൻ സന്തോഷിക്കണം. ഈ മട്ടൺ ഞാൻ അപ്പന് വേണ്ടി കഴിക്കാൻ പോകുവാ. മനസ്സുണ്ടായിട്ടല്ല, താങ്ങാൻ പറ്റാത്ത വിഷമം ആണ്. എന്നാലും എന്റെ അപ്പന്റെ സന്തോഷത്തിനു വേണ്ടി മാത്രം ഞാൻ ഇത് കഴിക്കാൻ പോകുവാ. ഇത്ര സ്‌നേഹമുള്ള ഒരു മകനായിരുന്നു ഞാൻ എന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങടെ സന്തോഷത്തിന് മുന്നിൽ എനിക്ക് ഒരു പെലയുമില്ല. ഐ ലവ് യു അപ്പാ...

അമ്മച്ചി: നീ എന്നതാടാ കിണ്ടി കിണ്ടി ഇരിക്കണെ, നേരേ വാരി കഴിക്കെടാ .

കാപ്ലി: (ആർത്തിയോടെ വാരി കഴിക്കുന്നു , കഴിക്കുന്നതിന്റെ ശബ്ദം) എടീ കുൽസൂ , എന്നാ ടേയ്സ്റ്റാടീ. ഉഗ്രൻ.

(വീണ്ടും പല താളത്തിലും ഈണത്തിലും ചവയ്ക്കുന്നതിന്റെ ശബ്ദം)

കുൽസു: കുറച്ചൂടെ വയ്ക്കട്ടേ കൊച്ചേട്ടാ?

കാപ്ലി: ഇങ്ങോട്ട് വയ്ക്ക് മോളേ! (ചവയ്ക്കുന്ന ശബ്ദം) അച്ഛൻ ഇന്നലേം കൂടെ പറഞ്ഞതേയുള്ളു മട്ടൺ കിട്ടിയാ കൊള്ളാന്ന്. ഇപ്പൊ തൃപ്തിയായ്.

അമ്മച്ചി: അതിന് നീ കഴിച്ചാ എങ്ങനാ രാമന് തൃപ്തിയാവണത്? കൊണ്ടോവാൻ വേണോങ്കി അതങ്ങ് പറഞ്ഞാ പോരേടാ ഉവ്വേ!

കാപ്ലി: (ഒരു പ്രത്യേക ചിരി)

അമ്മച്ചി: എടിയേ രാമന് കൊറച്ച് പൊതിഞ്ഞു കൊടുത്തേടി. അപ്പം വയ്ക്കട്ടേടാ?

കാപ്ലി: ഓ അമ്മച്ചി, അപ്പം രണ്ടെണ്ണം മതി.(കാപ്ലി കൈകഴുകി, വാ കൊപ്ലിക്കുന്ന ശബ്ദം).

അമ്മച്ചി: അതിരിക്കട്ടേ, നീ ഇവിടെ വരാൻ കാര്യമെന്താ?

കാപ്ലി: അതമ്മച്ചി, ഇവിടെ അടുത്തൊരു കൂട്ടുകാരനെ കാണാൻ വന്നതാ, അപ്പൊ കേറീതാ.

അമ്മച്ചി: (ചിരിക്കുന്നു) ഹ ഹ, അതിപ്പോ ലാഭായില്ലേ ടാ കാപ്ലി...

കാപ്ലി: എന്നാ പിന്നെ ഞാൻ ഇറങ്ങട്ടേ അമ്മച്ചീ, മോളേ, വാസു, ശരി. മണിയാ, കുഞ്ഞീ, റ്റാറ്റാ...

ആട്: ആ ഉച്ചയോടുകൂടി എന്റെ ഒരു കിലോ ഇറച്ചി ആറുപേരുടെ വാ വഴി വയറ്റിലോട്ട് പോയി, ആത്മാവ് ശുന്യതയിലോട്ടും. ബാക്കി എന്നിൽ അവശേഷിച്ചിരുന്ന അരക്കിലോ, തണുത്ത് ഉണങ്ങി വെട്ടം കിട്ടാതെ ആ വല്യ ഉരുളീൽ ഇരിപ്പുണ്ട്. ആ സമയം കൊണ്ട് ഉരുളീലെ മറ്റുള്ളവരെ പരിചയപ്പെടാൻ ഞാൻ ശ്രമിച്ചു അവരൊന്നും എന്നെപ്പോലായിരുന്നില്ല, വെള്ളം തിളച്ചപ്പഴേ മരിച്ചവരാ. അങ്ങനെ നാല് മണി കഴിഞ്ഞപ്പോഴാണ് കുൽസുലതയുടെ ഫോണിൽ ഒരു കോൾ വന്നത്.

കുൽസു: ഹലോ... ആ ശരി കൊച്ചേട്ടായി... അമ്മേ, ദാ ഫോൺ, കൊച്ചേട്ടായിയാ...

അമ്മച്ചി: ആ, എന്നതാടാ കാപ്ലി... രാമൻ മട്ടൺ കഴിച്ചോ?

കാപ്ലി: കഴിച്ചു അമ്മച്ചി. അച്ഛൻ ആ തന്നുവിട്ടതെല്ലാം കഴിച്ചു. ഈ അടുത്തെങ്ങും ഇത്രേം രുചിയുള്ള മട്ടൺ കഴിച്ചിട്ടില്ലെന്നാ അച്ഛൻ പറഞ്ഞെ. മട്ടൺ റോസ്റ്റ് ഉണ്ടാക്കീത് കുൽസു ആണെന്ന് എത്ര പറഞ്ഞിട്ടും അച്ഛൻ വിശ്വസിച്ചില്ല. 'ഇതെന്റെ ചേച്ചീടെ കൈപുണ്യമാ, നീ എന്നെ പറ്റിക്കാൻ നോക്കണ്ട' എന്നാ അച്ഛൻ പറഞ്ഞെ. ഞാൻ പിന്നെ കള്ളം പറഞ്ഞതാണെന്ന് സമ്മതിച്ച് കൊടുത്തു. ഊണിനു ശേഷം സാധാരണ ചെറുപഴം തിന്നാറുള്ളതാ, ഇന്നത് കഴിച്ചില്ലാ. മട്ടന്റെ സ്വാദ് പോവൂന്ന്. അപ്പനെ ഈ അടുത്തൊന്നും ഇത്ര സന്തോഷിച്ച് കണ്ടിട്ടില്ലാ. അതും പറഞ്ഞ് അച്ഛൻ പോയി കിടന്നു, സുഖ ഉറക്കം. പിന്നെ വൈകുന്നേരം വിളിച്ചപ്പോ അച്ഛൻ എണീറ്റില്ല അമ്മച്ചി. ആ ചിരിയോട് കൂടി അവിടെ അങ്ങനെ കിടന്നു. സുഖമായ് ചിരിയോട് കൂടി അച്ഛൻ പോയ് അമ്മച്ചി, എന്റെ അമ്മേടടുത്തേക്ക്.
(നിശബ്ദത)

ആട്: കുടുംബത്തിൽ മരണം നടന്നാ പിന്നെ ഏതാണ്ടക്കയോ കർമ്മം ഉണ്ടത്രേ അഞ്ചെന്നോ പത്തെന്നോ പതിനാറെന്നോ ഒക്കെ പറയുന്നത് കേട്ടു. ഈ കൊനഷ്ട് ഒക്കെ കേട്ടപ്പോ ആടായത് നന്നായെന്ന് മനസ്സിലെവിടെയോ തോന്നി. എന്തായാലും കർമ്മം ഉള്ളതുകൊണ്ട് അവരെന്നെ വീട്ടിൽ നിന്ന് ഒഴിവാക്കി, വീട്ടിലെ പട്ടിക്കും പെലയുണ്ടത്രേ, അതോണ്ടെന്റെ അവശേഷിച്ചിരുന്ന നാന്നൂറ്റിയമ്പത് ഗ്രാം ഏതേലും പിച്ചക്കാരന് കൊടുക്കാൻ അമ്മച്ചി പറഞ്ഞു. വിഷമിച്ചിരുന്ന അമ്മച്ചിയെ സമാധാനിപ്പിക്കാൻ കുൽസു അടുത്തിരിക്കണം എന്നുള്ളതുകൊണ്ട് പിച്ചക്കാരന് കൊടുക്കുന്ന ജോലി വാസുകുട്ടീടെ തലയിൽ വന്നു. അപ്പോ ദാ മറിയ നടന്ന് വരുന്നു.

വാസു: ഓയ്... ഓയ് മീൻ...

മറിയ: ആ സാറേ, നല്ല ഇനം മീനൊന്നുമില്ല സാറേ, വൈകിട്ടായില്ലേ, രാവിലത്തേന്റെ ബാക്കിയേ ഉള്ളൂ.

വാസു: മീനിനല്ല, ഇത് തരാൻ വിളിച്ചതാ...

മറിയ: എന്നതാ സാറേ ഈ പൊതിയില്?

വാസു: കുറച്ച് ആട്ടിറച്ചിയാ, നല്ലതാ.

മറിയ: ഈശോയേ... ആട്ടിറച്ചിയാ!

വാസു: എന്നതാ, ആട്ടിറച്ചി കഴിക്കത്തില്ലേ?

മറിയ: കഴിക്കും സാറേ, പണ്ടെങ്ങാണ്ടോ കഴിച്ചതാ, അല്ലാണ്ട് നമ്മക്കൊക്കെ ഇത് വാങ്ങാനുള്ള പൈസ എവിടുന്നാ സാറേ.

വാസു: ആഹ്, ഇത് വച്ചോ, ഇവിടൊരു ചടങ്ങുണ്ട് അതോണ്ടാ, മറിയ ഇത് കൊണ്ട് മക്കക്കൊക്കെ കൊട്.

മറിയ: താങ്ക്യൂ സാറേ, സാറിനെ ഈശോ അനുഗ്രഹിക്കട്ടേ... പിന്നെ സാറേ... എന്റെ പേര് മറിയ എന്നല്ല കേട്ടോ.

വാസു: ആണോ. പിന്നെന്നാ നിന്റെ പേര്?

മറിയ: എന്റെ പേര് എമീലിയാ അലക്‌സാണ്ടർ എന്നാ സാറേ.

വാസു: ഓ...

മറിയ: എന്നാ ശരി സാറേ, വല്യ ഉപകാരം.

ആട്: അന്ന് തിരിച്ച് വീട്ടിലേക്ക് നടന്ന് കേറുമ്പോ എന്തോ ഒന്ന് നഷ്ട്ടപ്പെട്ടത് പോലെ വാസുകുട്ടിക്ക് തോന്നി. അതെന്താണെന്ന് ഇന്നും വാസുകുട്ടിക്ക് അറിയില്ല. മരണാനന്തര ക്രിയകൾ കൊണ്ട് പ്രയോജനമുണ്ടായ ലോകത്തിലെ ആദ്യത്തെ വൃക്തി എമിലിയ അലക്‌സാണ്ടറാണെന്ന് ചരിത്രപുസ്തകത്തിൽ എഴുതപ്പെട്ടു, എമിലിയയുടെ വീട്ടിലെ വയറുകളിലേക്ക് പോയ എന്റെ നാന്നുറ്റിയമ്പത് ഗ്രാം, ചരിത്രത്തിലാദ്യമായ് സ്വർഗത്തിൽ പ്രവേശനം ലഭിച്ച ഇറച്ചിയായ് മാറി. ഇത് കുടാതെ, വാസുക്കുട്ടിയും കുടുംബവും ഇത്രയും മഹനീയമായ ത്യാഗം ചെയ്തതിനു സ്വർഗത്തിലേക്കുള്ള ഗുഡ് ബുക്കിൽ ഇടം നേടുകയും ചെയ്തു. ഇത് വായിച്ചറിഞ്ഞ ആട് തോമയ്ക്ക്, കാമവും ആർത്തിയുമല്ലാതെ മറ്റു ചിലതും കൂടി ആട്ടിറച്ചി അടക്കുമെന്ന് ബോധ്യമായി. പിന്നീട് അയാൾ ഓരോ കിലോ മികച്ച മട്ടൺ ദാനം ചെയ്തുപോന്നു. കാപ്ലി അപ്പനെ സന്തോഷിപ്പിക്കാൻ വേണ്ടി ആഴ്ച്ചയിൽ പിന്നീട് രണ്ടു തവണ എങ്കിലും മട്ടൺ മേടിക്കാൻ തുടങ്ങി. എങ്കിലും അയാളുടെ അപ്പൻ വിയർപ്പും സ്‌നേഹവും കൊണ്ട് നട്ട വാഴയും കിഴങ്ങും വെള്ളം കിട്ടാതെ മണ്ണിൽ അലിഞ്ഞു ചേർന്നു. കാപ്ലി അപ്പന്റെ ആ സ്‌നേഹം എന്തുകൊണ്ട് മനസ്സിലാക്കിയില്ല എന്നത് ഇന്നും ഒരു ദുരൂഹത ആയി തുടരുന്നു. ഞങ്ങളും ഞങ്ങളുടെ ഇറച്ചിയും പിന്നീട് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. വിശുദ്ധ മട്ടൺ മേടിക്കാൻ തിരക്ക് വർദ്ധിക്കുകയും ചെയ്തു. ഒരു കിലോ സെയിന്റ് മട്ടന് ഇപ്പോൾ വില 1750 രൂപയാണ്. 10 വർഷങ്ങൾക്കുള്ളിൽ സ്വർണത്തിനൊപ്പം വിലയെത്തുമെന്നും മൂന്നാം ലോക മഹായുദ്ധം സെയിന്റ് മട്ടന്റെ പേരിലായിരിക്കുമെന്നും പ്രവചനമുണ്ടായി. ഇതെല്ലാം കണ്ട് ഞാനും സ്വർഗത്തിൽ വെച്ച് തിരിച്ചു ഒരുമിച്ച് ചേർന്ന മോളിക്കുട്ടിയും ഇപ്പോഴും എപ്പോഴും ആത്മനിർവൃതിയിലേക്ക് പോകും. ​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അർജ്ജുൻ അജിത്​

കഥാകൃത്ത്​, സംവിധായകൻ. മാധ്യമ പഠന ബിരുദാനന്തര ബിരുദ വിദ്യാർഥി. സിങ്ക്​, Infinite, ഉണ്ണിയപ്പം തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്​തിട്ടുണ്ട്​. വാഗാബോണ്ട്​സ്​ പാരലൽ കൾചർ എന്ന ഇൻഡി- പ്രൊഡക്ഷൻ ഹൗസിൽ അംഗം.

അശ്വിൻ കൃഷ്ണ. ആർ.എസ്.

മാധ്യമ പഠനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി. സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്​. വാഗാബോണ്ട്​സ്​ പാരലൽ കൾചർ എന്ന ഇൻഡി- പ്രൊഡക്ഷൻ ഹൗസിൽ അംഗം.

Comments