പ്രൊജക്ട് ഡാർലിങ് എന്ന നാടകത്തിലേക്ക് പ്രേക്ഷകരെന്ന നിലയിൽ ചെന്നുകേറുമ്പോൾ തന്നെ നമ്മൾ ഗവേഷക മനോഭാവത്തിലേക്ക് പതുക്കെ മാറിത്തുടങ്ങും. പരുക്കൻ സത്യത്തെ തുറന്നുകാണിക്കുന്നതിന് വേണ്ടി മനപൂർവം തന്നെ സൗന്ദര്യാത്മകതയെ മറന്നു കൊണ്ടാണ് ഈ അവതരണം അരങ്ങിലെത്തുന്നത്. സമൂഹത്തിലെ നിലവിലെ ചിട്ടവട്ടങ്ങളെയും സാമ്പ്രദായിക കാഴ്ചപ്പാടുകളെയും മാറ്റിമറിക്കുന്നതിന് വേണ്ടിയുള്ള ഒരു കൂട്ടം യുവ തിയേറ്റർ കലാകാരരുടെ ഊർജ്ജവും ഉത്സാഹവും നമുക്കിതിൽ കാണാം. കന്നഡ നാടകലോകത്തെ സ്ത്രീ കലാകാരരുടെ പൈതൃകത്തെ തിരിച്ചുപിടിക്കുകയാണ് അവർ. തൻെറ ബുദ്ധികൂർമത കൊണ്ടും ലൈഗികാഭിലാഷം കൊണ്ടും ഇതിഹാസ കഥാപാത്രമായി മാറിയിട്ടുള്ള ഖാനവലി ചെന്നി എന്ന കഥാപാത്രത്തെ അവർ പുനരവതരിപ്പിക്കുന്നു. ചെന്നിയെ അനുസ്മരിപ്പിച്ചുകൊണ്ട് ദ്വയാർത്ഥ പ്രയോഗങ്ങൾക്കും താളത്തിനുമൊപ്പം നൃത്തം വെക്കുന്നു. നിലനിൽക്കുന്ന സാമൂഹ്യക്രമത്തെ വെല്ലുവിളിക്കുകയാണ് അവരുടെ ചലനങ്ങൾ…

തുടക്കത്തിലുള്ള ബഹളമയമായ അന്തരീക്ഷം ഈ നാടകം വലിയ വെളിപ്പെടുത്തലുകളുടെ ഒരു സിംഫണിയിലേക്കാണ് നമ്മെ കൊണ്ടുപോവുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ്. അലങ്കോലമായിക്കിടക്കുന്ന വേദിയിലെ ചിതറിക്കിടക്കുന്ന വസ്തുക്കൾ കന്നഡ നാടകവേദിയിലെ മറവിയിലാണ്ടുപോയ ഇതിഹാസ സ്ത്രീ കഥാപാത്രങ്ങളുടെ കഥകൾ മന്ത്രിച്ച് തുടങ്ങുകയാണ്. സാമ്പ്രദായിക ആഖ്യാനത്തിൽ നിന്ന് ഏറെ മാറിയിട്ടുള്ള ഈ നാടകം സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണം കൂടിയാണ്. സെൻസർഷിപ്പുകളോടും ചിലർ ഉണ്ടാക്കിവെച്ചിട്ടുള്ള സാംസ്കാരിക ചട്ടക്കൂട്ടുകളോടും കൂടിയുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കന്നഡ നാടകലോകത്ത് നിന്നും വിസ്മരിക്കപ്പെട്ടുപോയ, എന്നാൽ തങ്ങളുടെ സംഭാവനകൾ കൊണ്ട് വലിയ പരിഗണനകൾ കിട്ടേണ്ടിയിരുന്ന സ്ത്രീ കലാകാരികളെ പുനരവതരിപ്പിക്കാനാണ് നാടകം ശ്രമിക്കുന്നത്. ഇപ്പോൾ മറവിയിലാണ്ടുപോയ ഈ ഗായികമാരും നടിമാരുമെല്ലാം ചേർന്നാണ് കലയുടെ തീവ്രമായ സാംസ്കാരിക വിനിമയം നടത്തിയിട്ടുള്ളതെന്ന് പുതിയ തലമുറകൾ അറിയേണ്ടതുണ്ട്.
#itfok2025: കർണാടിന്റെ ‘ഹയവദന’
നീലം മാൻ സിങ്ങിന്റെ പുതിയ തിയേറ്ററിൽ
ചെന്നിയെന്ന ധീരയായ കഥാപാത്രത്തിൻെറ സാന്നിധ്യം ക്രമരഹിതമായ ആഖ്യാനങ്ങളിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു. സാമൂഹിക അവസ്ഥകളോടുള്ള അവളുടെ വെല്ലുവിളികളും പോരാട്ടവും പൂർണമായ അർഥത്തിൽ തന്നെ ഒരു ഫെമിനിസ്റ്റിൻെറ യാത്രയ്ക്ക് വേദിയാവുകയാണ് ചെയ്യുന്നത്. അത് വളരെ ഉച്ചത്തിലാണ്, ഒപ്പം തന്നെ തീർത്തും മനുഷ്യത്വപരവുമാണ്. ഒട്ടും സാമ്പ്രദായികമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് 1980കളിലും 90കളിലും സജീവമായിരുന്ന ഈ സ്ത്രീകഥാപാത്രത്തിൻെറ വേരുകൾ തേടിപ്പോവുമ്പോൾ പരീക്ഷണാത്മകമായ ഒരു ആഖ്യാനരീതി അത്യന്താപേക്ഷിതമാണ്. തമാശകൾക്ക് വേണ്ടി പ്രത്യേകമായുള്ള ഇടവേളകളിൽ എത്തുന്ന ചെന്നിയെന്ന കഥാപാത്രം സെറ്റിലെ രംഗവിതാനങ്ങൾ മാറ്റുന്നതിനുള്ള ഒരു പാലമെന്ന നിലയിലാണ് അവതരിക്കാറുള്ളതെന്ന് നാടകത്തിൻെറ സംവിധായകയുടെ ഗവേഷണം വ്യക്തമാക്കുന്നുണ്ട്. ആക്ഷേപ ഹാസ്യവും സാമൂഹ്യ വിമർശനവും ചേരുന്ന, ഗോവയിലെ ടിയാറ്റർ രൂപത്തിനോട് ഈ കഥാപാത്ര നിർമ്മിതിക്ക് നല്ല സാമ്യമുണ്ട്. പുരുഷാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങളാണ് ചെന്നിയുടെ ആയുധങ്ങൾ...

വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും ശബ്ദവിവരണങ്ങളിലൂടെയും ചെന്നിയുടെ കഥ നാടകം നമുക്ക് അനുഭവവേദ്യമാക്കി തരുന്നു. പാട്ടുകൾ, നൃത്തം, പാവകളി, കോമാളികൾ എന്നിവയിലൂടെ നാടകം കന്നഡ രംഗവേദിയുടെ ചരിത്രത്തെ അതിൻേറതായ രീതിയിൽ പുനരാഖ്യാനം ചെയ്യാനാണ് ശ്രമിക്കുന്നത്. ഡോക്യുമെൻററി തിയേറ്ററിൻെറയും ഇംപ്രവൈസ്ഡ് പെർഫോമൻസിൻെറയും പാവനാടകത്തിൻെറയും അസംബന്ധ നാടകത്തിൻെറയുമൊക്കെ ആഖ്യാനരീതികളെ അവലംബിച്ച് കൊണ്ടാണ് ഈ അവതരണം മുന്നോട്ട് പോവുന്നത്. ശക്തമായ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൻെറ സാമ്പ്രദായിക സാമൂഹ്യരീതികളോടുള്ള വെല്ലുവിളികളുടെ, വളരെ ഉച്ചത്തിലുള്ള ഒരു കലാപ്രകടനമായിട്ടാണ് ഈ നാടകം വിലയിരുത്തപ്പെടേണ്ടതെന്ന് തോന്നുന്നു.
അസാധാരണ സംഭാവനകൾ നൽകിയിട്ടും കാലവും കലാലോകവും വിസ്മരിച്ച് തുടങ്ങിയ കലാകാരികളെയാണ് ഈ അവതരണം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്. അവരിൽ നടിമാരും ഹാസ്യകഥാപാത്രങ്ങളും ഗായികമാരുമൊക്കെയുണ്ട്. ഒരുകാലത്ത് വളരെ ഊഷ്മളമായും സജീവമായും കൊണ്ടാടപ്പെട്ടിരുന്ന അവരുടെ കഥകൾ, സാമ്പ്രദായിക പൗരോഹിത്യലോകം കുഴിച്ചുമൂടിയ കഥകൾ, പുതിയ കലാപരിസരത്ത് പുതിയ ഊർജ്ജത്തോടെ വിനിമയം ചെയ്യപ്പെടുകയാണ്. ചെന്നിയെന്ന കഥാപാത്രത്തെ, ഒരു കുന്നിൻമുകളിൽ നിന്ന് പതുക്കെ മഞ്ഞുതുള്ളി ഇറ്റിറ്റുവീഴുന്ന പോലെ പുനരുജ്ജീവിപ്പിച്ച് കൊണ്ടുവരുന്ന നാടകാഖ്യാനം പ്രേക്ഷകരെയും പുതിയ ഗവേഷണങ്ങൾക്ക് പ്രോത്സാഹിപ്പിക്കുകയാണ്. അത് നമ്മുടെ കലാലോകത്ത് നിന്ന് വിസ്മരിക്കപ്പെട്ടു പോയ സ്ത്രീ കലാകാരികളെ തേടിയുള്ള യാത്ര കൂടിയാണ്.

പ്രോജക്ട് ഡാർലിങ്ങിന് പിന്നിലെ പ്രേരകശക്തിയായ സംവിധായക ശരണ്യ രാംപ്രകാശ് നാടകത്തെ ഗവേഷണത്തിൻെറ അനുഭവതലത്തിലേക്ക് കൊണ്ടുപോവുന്നുണ്ട്. പുതിയ കണ്ടെത്തലുകളുടെ, നിരന്തരമായ അന്വേഷണങ്ങളുടെ ഒരു ലോകത്തേക്ക് അത് പ്രേക്ഷകരെ ക്ഷണിക്കുകയാണ്. ഒരു സാമ്പ്രദായിക നാടകമെന്ന നിലയിൽ നിന്ന് വ്യതിചലിച്ച് നിൽക്കുന്ന പ്രോജക്ട് ഡാർലിങ് കലാകാരരുടെ സജീവ പങ്കാളിത്തത്തോടെ അവതരണശൈലിയിൽ വളരെ അർത്ഥവത്തായ വ്യത്യസ്ത പരീക്ഷണത്തിനാണ് ശ്രമിക്കുന്നത്. എഴുത്തിന് മുൻതൂക്കം ലഭിക്കുന്ന രീതിക്ക് പകരം, നാടകാനന്തര തിയേറ്ററിനെ മുൻനിർത്തിയുള്ള അവതരണം പ്രേക്ഷകരുടെ നേരിട്ടുള്ള അനുഭവങ്ങൾക്കും വൈകാരികമായ പ്രതികരണങ്ങൾക്കുമാണ് കൂടുതൽ പരിഗണന നൽകുന്നത്. ഒരേ സമയത്ത് തന്നെ വ്യത്യസ്ത സീനുകൾ അവതരിപ്പിച്ച് സാമ്പ്രദായിക കഥാകഥനരീതിയെ തന്നെ നാടകം വെല്ലുവിളിക്കുന്നുണ്ട്. ഹാൻസ് - തീസ് ലേമാൻ, ആൻഡ്രേ വിർത്ത് എന്നിവരുടെ സിദ്ധാന്തങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് പ്രോജക്ട് ഡാർലിങ്. രംഗവിതാനത്തിലെ പരീക്ഷണങ്ങൾക്കൊപ്പം അതിശയകരമായ ഫെമിനിസ്റ്റ് ഭാവനയും പുരുഷാധിപത്യ സ്ത്രീവിരുദ്ധതയുടെ രൂക്ഷമായ വിമർശനവും ഉൾച്ചേർത്താണ് പ്രോജക്ട് ഡാർലിങ്, പരമ്പരാഗത നാടകരീതികളെ തന്നെയും ചോദ്യം ചെയ്യുന്നത്.
#itfok2025:
നമ്മൾ എങ്ങനെ ജീവിക്കുന്നു? പൊള്ളുന്ന സ്ത്രീചോദ്യങ്ങളുടെ
‘Body, Teeth and Wig’
ഈ അവതരണത്തിൻെറ നാടകാനന്തര സീക്വൻസുകൾ പ്രേക്ഷകരുടെ ഇന്ദ്രിയങ്ങൾക്ക് വിരുന്നൊരുക്കുകയാണ് ചെയ്യുന്നത്. മേനകയുടെയും ശകുന്തളയുടെയും കൂടിക്കാഴ്ച, ബോളിവുഡ് സംവിധാനത്തിലെ അസംബന്ധങ്ങൾ, സ്ത്രീകളുടെ പ്രതീക്ഷകളെ തുറന്നുകാണിക്കുന്നതിന് വേണ്ടി, അവർ ഉപയോഗിക്കുന്ന ദൈനംദിന വസ്തുക്കളെ ഉൾപ്പെടുത്തിയുള്ള ഒരു കഥക് സീൻ എന്നിവയെല്ലാം ഈ സീക്വൻസിൽ ഉൾപ്പെടുന്നു. ഡോക്യുമെൻററി തിയേറ്ററിന് വലിയ സംഭാവന കൂടി ചെയ്യുന്നുണ്ട് ശരണ്യ രാംപ്രകാശിൻെറ അവതരണം. ശരണ്യയുടെ ആത്മാർത്ഥമായ ഗവേഷണ ശ്രമങ്ങളോട് പൂർണമായും ചേർന്നുനിൽക്കുന്ന നാടകത്തിലെ അഭിനേതാക്കൾ രംഗവേദിയെ ഊർജ്ജസ്വലമായ ജീവസ്സുറ്റ ഇടമായി മാറ്റിത്തീർക്കുന്നു. ചൂലുകൾ, നീളമുള്ള കർട്ടണുകൾ, ടേപ്പുകൾ, ടൈപ്പ് റൈറ്ററുകൾ, മൈക്കുകൾ, പ്രൊജക്ഷനുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ചില വെളിപാടുകളുടെ ഉപകരണങ്ങളാവുന്നുണ്ട്. ഒപ്പം തന്നെ കഠിനമായ ഈ യാത്രയുടെ സന്തോഷവും നിരാശയും വ്യക്തമാക്കുന്നുമുണ്ട്.

കന്നഡ നാടവേദിയിലെ ‘ഇഗപ്പ ഹെഗെഡെ വിവാഹ പ്രഹസന’ മുതൽ ഗിരീഷ് കർണാടിൻെറ ‘നാഗമണ്ഡല’ വരെയുള്ള അവതരണങ്ങളിലെ സ്ത്രീ ശരീരങ്ങളെയും അതിൻെറ സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ച് അന്വേഷിക്കുന്നതിനുള്ള സഹ ഗവേഷകരായാണ് പ്രോജക്ട് ഡാർലിങ് പ്രേക്ഷകരെ കൂടെ കൂട്ടുന്നത്. സാമ്പ്രദായിക സമൂഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന ചെന്നിയുടെ ശബ്ദം ഉറക്കെ കേൾപ്പിക്കുന്നതിനുള്ള ധീരതയാർന്ന ശ്രമമാണിത്. “വിവാഹത്തിന് മുമ്പ് ഒരു പരിശീലനപരിപാടി ഇല്ലാത്തത് എന്തുകൊണ്ടാണ്? നായിക ആയിരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരു ലൈംഗിക കോമാളി ആയിരിക്കുന്നത്? എന്താണ് വൃത്തികെട്ടത്? എന്തിനെയാണ് ബഹുമാനിക്കേണ്ടത്?” ചെന്നിയുടെ ചോദ്യങ്ങൾ ഇങ്ങനെയൊക്കെയാണ്. ഇത്തരം ചോദ്യങ്ങൾ പ്രതിധ്വനിക്കുന്ന ഇടമാവുന്നു എന്ന നിലയിൽ കൂടിയാണ് പ്രോജക്ട് ഡാർലിങ് കൂടുതൽ പ്രസക്തമാവുന്നത്.


