ശരീരചലനങ്ങളിലൂടെ
ഒരു പുതിയ രംഗഭാഷയുടെ നിർമാണത്തിലായിരുന്നു
കെ.വി. വിജേഷ്

‘‘ശരീരചലനത്തിലൂടെ ഒരു രംഗഭാഷ നിർമ്മിക്കുന്നതിന്റെ തിരക്കിലായിരുന്നു, ജീവിതത്തിന്റെ അവസാന രംഗത്തിലും കെ.വി. വിജേഷ്. അഭിനയ പരിശീലനത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും അവൻ അയച്ചുതന്നുകൊണ്ടിരുന്നു. അവന്റെ ക്ഷണമനുസരിച്ച് തേവര കോളേജിൽ പോകാൻ കഴിയാതിരുന്നതിലെ കുറ്റബോധം ഇപ്പോഴും എന്നെ പിന്തുടരുന്നു’’- അന്തരിച്ച നാടകപ്രവർത്തകൻ കെ.വി. വിജേഷുമായുണ്ടായിരുന്ന അടുത്ത സൗഹൃദത്തിന്റെ വെളിച്ചത്തിൽ, അദ്ദേഹത്തിന്റെ നാടക ഇടപെടലുകളെക്കുറി​ച്ചെഴുതുന്നു, ഡോ. രാജേഷ് കോമത്ത്.

നാടകകലാകാരൻ കെ.വി. വിജേഷിന്റെ വേർപാട് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ എറണാകുളത്തെ എസ്.എച്ച് തേവര കോളേജിലെ നാടകത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ‘നീ കോട്ടയത്തല്ലേ, ഒന്നു വേഗം വരൂ, ഈ നാടകമൊന്ന് കാണണം. ശരീരത്തിന്റെ പലതരം ആട്ടങ്ങളെ കുറിച്ചാണ് നാടകം പറയുവാൻ ആഗ്രഹിക്കുന്നത്’ എന്ന് വിജേഷ് പറഞ്ഞിരുന്നു.

ഉടലാട്ടങ്ങളായി കൺമുന്നിൽ വരുന്ന ജീവിതങ്ങളെ ശരീരചലനങ്ങളിലൂടെ അരങ്ങിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വിജേഷ് ശരീരചലനത്തിലൂടെ ഒരു രംഗഭാഷ നിർമ്മിക്കുന്നതിന്റെ തിരക്കിലായിരുന്നു. അഭിനയ പരിശീലനത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും അവൻ അയച്ചുതന്നുകൊണ്ടിരുന്നു. ചില ഫോൺവിളികൾ എനിക്ക് എടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ചിലത് പറ്റിയില്ല. അവസാനമായി എന്നെ വിളിച്ച ഫോണിൽ, കോളേജിൽ അടിയന്തരമായി വരണമെന്ന് നിർബന്ധിച്ചിരുന്നു.

ജീവിതയാഥാർത്ഥ്യത്തെ ശരീരം സ്വാംശീകരിക്കുകയും അതുവഴി ശരീരത്തിന് ഒരു താളം വന്നു ചേരുകയുമാണോ, അതോ ശരീരത്തിന്റെ ചലനശാസ്ത്രം ശരീരം മാത്രം സ്വന്തം നെയ്തെടുക്കുന്നതാണോ? ശരീരവും നടനും നടിയും വേറിട്ടുനിൽക്കാൻ കഴിയാത്ത ശരീരചലനങ്ങളുടെ അടിസ്ഥാനത്തെ നേടുന്ന ഒരു രംഗഭാഷയായിരുന്നു വിജേഷ് തേവരയിൽ ആവിഷ്കരിക്കാൻ ശ്രമിച്ചത്. അവന്റെ ക്ഷണമനുസരിച്ച് എനിക്ക് കോളേജിൽ പോകാൻ കഴിയാതിരുന്നതിലെ കുറ്റബോധം ഇപ്പോഴും പിന്തുടരുന്നു.

Read: ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’, വിജേഷ് നാടകങ്ങളിലൂടെ പാടിപ്പറഞ്ഞത്…

2000- ലാണ് വിജേഷിനെ ആദ്യമായി കാണുന്നത്. തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നാടകത്തിൽ ബിരുദപഠനത്തിന് വന്നതായിരുന്നു. അതേ കാലത്ത് ഞാൻ അരണാട്ടുകരയിൽ സ്കൂൾ ഓഫ് ഡ്രാമ കാമ്പസിലുള്ള ജോൺ മത്തായി സെന്ററിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം വിദ്യാർത്ഥിയായിരുന്നു. ഒരു ഹോസ്റ്റലിലായിരുന്നു ഞങ്ങളുടെ താമസം. വിജേഷ് താഴത്തെ നിലയിലും ഞാൻ ഏറ്റവും മുകളിലത്തേതിലും.

ഒരിക്കൽ ഹോസ്റ്റലിന്റെ പടിയിറങ്ങി വരികയായിരുന്ന എന്നെ അവൻ അവന്റെ മുറിയിൽ കൊണ്ടുപോയി. പെട്ടെന്ന് ഒരു മണ്ണെണ്ണ സ്റ്റൗവിന് തീ കൊടുത്തു. ഉയർന്നുവന്ന തീനാളം കണ്ട് ഞാൻ പുറത്തേക്കോടി. ആ രംഗം അവൻ നേരത്തെ തീരുമാനിച്ചതായിരുന്നു. തീർത്തും നാടകീയമായ പരിചയപ്പെടൽ ആഗ്രഹിച്ചാവാം അവനങ്ങനെ ചെയ്തത്. അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യത്തിൽ എങ്ങനെയാണ് മനുഷ്യർ പ്രതികരിക്കുക എന്ന് മനസ്സിലാക്കാനുള്ള നാടകക്കളരിയുടെ പരീക്ഷണവുമാകാം.

ഡ്രാമാ സ്കൂളിൽ പലതരം മനോനിലകളെ വെളിവാക്കുവാനായി പരിശീലനങ്ങൾ നടത്താറുണ്ട്. അപ്രതീക്ഷിത സന്ദർഭങ്ങൾ ഒരുക്കി അഭിനയിച്ചും സ്വാഭാവിക സന്ദർഭത്തിലും ചില മനോനിലകളെ പരിശോധിക്കാൻ നാടക വിദ്യാർത്ഥികളെ പഠനത്തിന്റെ ഭാഗമായി വിനിയോഗിക്കാറുണ്ട്. വ്യത്യസ്ത തരം വികാരങ്ങളെ മനസ്സിലാക്കാൻ നാടകം പഠിക്കുന്നവർ പലപ്പോഴും പാത്രമാക്കുന്നത് നാടകം പഠിക്കാത്ത മറ്റ് വിദ്യാർത്ഥികളെയാണ്.

സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ അന്ന് താമസമുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ മാത്രമാണ്. തെയ്യംകെട്ട് പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഞാൻ വിജേഷിന് കൗതുകമായിരുന്നു. പച്ചയായ മനുഷ്യരെ തേടിയുള്ള വിജേഷിന്റെ നാടകങ്ങൾ, പാട്ടുകൾ, വരകൾ, താളങ്ങൾ എന്നിവ എന്നെയും സ്വാധീനിച്ചു. ഞാനും വിജേഷും സംസാരിച്ചു തുടങ്ങിയാൽ പിന്നെ ചിരിക്കാനേ നേരമുണ്ടാകൂ. ഫോണിലൂടെ ഇന്നത്തെ തമാശ കേൾക്കണോ എന്നു പറഞ്ഞ്, അന്ന് നടന്ന ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ പറയും. നിത്യജീവിതത്തിനിടയിൽ മനുഷ്യർ തമ്മിൽ നടത്തുന്ന സംഭാഷണങ്ങളിലെ തമാശകളും ചിന്തകളും വിജേഷ് ഓർത്തുവെച്ചിരുന്നു. എന്നെ കഥാപാത്രമാക്കി ഉള്ളതും ഇല്ലാത്തതുമായ അനേകം കഥകൾ, നാടകീയ സന്ദർഭങ്ങൾ എന്നിവ സത്യമായി തോന്നുംവിധം മറ്റുള്ളവരോട് പറയുമായിരുന്നു. ചില കഥാസന്ദർഭങ്ങൾ, ജീവിതനിമിഷങ്ങൾ കഥാപാത്രമായി വേഷമണിയുന്നത് അങ്ങനെയാണ്. അത് മുന്നേ രൂപപ്പെട്ടവയല്ല. പറയുന്നതിനിടയിൽ ഉണ്ടായിവരുന്നതാണ്. നാടകം നേരത്തെ കൂട്ടി തീരുമാനിച്ചുറപ്പിക്കുന്ന കഥാപാത്രത്തിന്റെ ആവിഷ്കാരമല്ല. അത് നടന്റെയും നടിയുടെയും ശബ്ദത്തിലും താളത്തിലും ശരീരചലനത്തിലും നടിക്കുന്നതിനിടയിൽ ഉണ്ടായിവരുന്നതാണെന്ന് വിജേഷ് കരുതിയിരുന്നു. നിയതമായ പാഠമില്ലാത്ത അരങ്ങായിരുന്നു വിജേഷിന്റെ നാടകങ്ങളിൽ മിക്കതും.

തൃശ്ശൂരിൽ പഠിക്കുന്ന കാലത്ത് വിജേഷും ഞാനും എന്നും രാത്രി ലാലൂരിൽ നിന്ന് തൃശ്ശൂർ നഗരത്തിലേക്ക് നടന്നുപോകുമായിരുന്നു. എന്തെങ്കിലും ഭക്ഷണം കഴിച്ച് തിരിച്ചും നടന്നുവരും. കഥകൾ പറഞ്ഞും കവിത ചൊല്ലിയും കാണുന്നവരോടൊക്കെ വിശേഷം തിരക്കിയുമുള്ള നടത്തത്തിൽ ഒരിക്കലും ഇരുട്ട് പടർന്നില്ല. കലാവെളിച്ചം നിത്യമായി പ്രകാശിച്ചുകൊണ്ടിരുന്നു.

Read: വിജേഷ്
കെട്ടിയ പാട്ടുകൾ
ഒരു ജീവിതയാത്ര
തുടങ്ങുന്നു…

നാടക വിദ്യാർത്ഥി എന്ന നിലയിൽ കുട്ടികളുടെ നാടകത്തിനോടായിരുന്നു വിജേഷിന് ഇഷ്ടം. കുട്ടികൾക്കുവേണ്ടി ഇത്രമാത്രം നാടകക്കളരികൾ നടത്തിയിട്ടുള്ള ഒരു നാടകക്കാരൻ ഈ കാലയളവിൽ വേറെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരത്ത് എന്റെ വീടിനടുത്തുള്ള കുട്ടികളെ സംഘടിപ്പിച്ച് 2014- ലെ വേനലവധിക്ക് ഒരു നാടക കളരി നടത്തിയിരുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന കളരിയിൽ 25 ഓളം വരുന്ന കുട്ടികൾ പങ്കെടുത്തു. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ക്യാമ്പ് നീണ്ടുനിൽക്കും. കുട്ടികളുടെ ഭാഷ വിജേഷിന്റെ ജന്മസിദ്ധമായ വാസനയായിട്ടാണ് ഞാൻ കരുതുന്നത്. അതിന് ചിറകുകൾ നൽകാൻ നാടകപഠനം സഹായിച്ചു. വിവിധതരം സാമൂഹിക പശ്ചാത്തലത്തിൽ നിന്നും വരുന്ന കുട്ടികൾ. നാനാവിധ സാമൂഹ്യ സാഹചര്യമുള്ള കുട്ടികൾ ഒത്തു ചേർന്ന് ഒരേ ഭാഷയിൽ ആടിയും പാടിയും അഭിനയിച്ചും അനുകരിച്ചും നടത്തുന്ന നാടകക്കളരി, കുട്ടികൾ സ്വയം കഥാപാത്രമായി രൂപമെടുത്ത് അഭിനയിക്കുന്ന ഒരു നാടകത്തോടെ അവസാനിക്കുന്നു. അധികം സംസാരിക്കാത്ത കുട്ടികൾ, അഭിനയിക്കാൻ മടിയുള്ളവർ, മറ്റുള്ളവരുടെ മുന്നിൽ വരാൻ മടിക്കുന്നവർ, സാമ്പത്തിക വ്യത്യാസത്താൽ പുറന്തള്ളപ്പെട്ടവർ- അങ്ങനെ എല്ലാവരും പരസ്പരം സംസാരിക്കുന്നവരായി മാറുന്ന ക്യാമ്പുകൾ എന്നത്തെക്കാളും അനിവാര്യമായ കാലമാണിത്.

കുട്ടികൾ മൊബൈലിൽ കുടുങ്ങി ജീവിക്കുന്ന കാലത്ത്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ഭാഷ നഷ്ടപ്പെടുന്ന കാലത്ത്, സ്വകാര്യത ആഘോഷിക്കുന്ന കാലത്ത്, കൂട്ടായ്മയുടെ ഭാഷ പറയുന്ന വിജേഷിനെ പോലെയുള്ളവർ നിറഞ്ഞാടേണ്ട സമയത്ത്, അവന്റെ വേർപാട് വ്യക്തിപരമായ ദുഃഖം മാത്രമല്ല ഉണ്ടാക്കുന്നത്. സാമൂഹിക നഷ്ടം കൂടിയാണ്.

നാടകക്കളരിയുടെ അവസാന ദിവസം കുട്ടികളുടെ വകയായി ചെറിയ സമ്മാനങ്ങൾ കൊടുക്കുന്ന വേളയിൽ പാവപ്പെട്ട ഒരു കുട്ടിയുടെ അമ്മ വിജേഷിന്, ‘എന്റെ കൈയ്യിൽ ഇതു മാത്രമേയുള്ളൂ’ എന്നു പറഞ്ഞ് ഒരു റവ പാക്കറ്റ് കൊടുത്തത് എന്നും കണ്ണീരോടെ അവൻ പറയുമായിരുന്നു. കലാകാരർ അങ്ങനെയാണ്, പ്രത്യേകിച്ച് നാടകക്കാർ. അവർ ഏതെങ്കിലും ഒരു കലാമേഖലയിൽ മാത്രം താൽപ്പര്യമുള്ളവരല്ല. സംഗീതമോ നൃത്തമോ മാത്രം അവരെ ഉത്തേജിപ്പിക്കില്ല. എല്ലാത്തിന്റെയും കൂടിച്ചേരലാണ് നാടകത്തിന്റെ രാഷ്ട്രീയ സൗന്ദര്യ ശാസ്ത്രം. അതുകൊണ്ടുതന്നെ മനുഷ്യരുടെ വൈവിധ്യമായ ഭാവങ്ങളെ നാടകക്കാർക്ക് കാണാനും താദാത്മ്യം പ്രാപിക്കാനും കഴിയുന്നു. മനുഷ്യരുടെ സമ്പന്നതയിലോ അഹങ്കാരത്തിലോ അംഗബലത്തിന്റെ ബലാബലയുദ്ധങ്ങൾക്കോ അതിന്റെ വീമ്പ് പറച്ചിലിലോ നാടകക്കാർക്ക് താൽപ്പര്യമില്ല. മനുഷ്യരുടെ ദുർബലതയുടെ ഭാഷ എത്രയും പെട്ടെന്ന് മനസ്സിലാവുന്ന മനസ്സിനുടമയായി കലാകാരർ മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് വിജേഷ് എന്ന കലാകാരൻ.

2008- ൽ വിജേഷിന്റെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്. കോഴിക്കോട്ട് എന്ന് ഞാൻ പോയാലും അദ്ദേഹത്തെ കാണുമായിരുന്നു. കഴിഞ്ഞ ഡിസംബർ 27 ന് ഞങ്ങൾ ഒന്നിച്ചിരുന്ന് തേവരയിൽ പരിശീലിപ്പിക്കുന്ന നാടകത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വീട്ടിൽ പോയപ്പോൾ വിജേഷ് എന്നെ അവന്റെ അമ്മയെ പരിചയപ്പെടുത്തി. ‘ഇത് കോമത്താണ്, അദ്ധ്യാപകനാണ്’ എന്നു പറഞ്ഞപ്പോൾ അമ്മ അത് വിശ്വസിച്ചില്ല. വിജേഷിന്റെ കൂടെ നടക്കുന്നവരെല്ലാം നാടകക്കാരായിരുന്നു. നാടകത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ‘ഒരു തൊഴിൽ ലഭിക്കില്ലല്ലോ, പെണ്ണ് പോലും കിട്ടില്ലല്ലോ’ എന്നിങ്ങനെയുള്ള ആശങ്ക ഏത് അമ്മയ്ക്കുമുള്ളതു പോലെ വിജേഷിന്റെ അമ്മയിലും ഞാൻ കണ്ടു.

കേരളത്തിൽ നിന്ന് സ്വമേധയാ ഒരു നാടകക്കാരനാവാൻ ഒരാൾ ആഗ്രഹിച്ചാൽ അയാൾക്ക് എന്ത് ഭാവിയാണുള്ളത് എന്നത് ഇന്നും ആശങ്കയാണ്. വിവിധ പഠനകേന്ദ്രങ്ങൾ സംസ്ഥാനത്തും ഇന്ത്യയിലും പുറത്തുമുണ്ടെന്ന കാര്യം ഒരു നാടക വിദ്യാർത്ഥി അറിയുന്നത് സ്കൂൾ ഓഫ് ഡ്രാമ പോലുള്ള വിദ്യാലയങ്ങളിൽ വന്നു ചേരുമ്പോൾ മാത്രമാണ്.

വിജേഷ്, കബനി
വിജേഷ്, കബനി

2000- ൽ നാടക പഠനത്തിന് സർവകലാശാലാ കേന്ദ്രങ്ങളിൽ വന്നു പഠിക്കുന്നത് സിനിമയിൽ അഭിനയിക്കാനോ സിനിമ സംവിധാനം ചെയ്യാനോ ഒക്കെയാണ്. ഇന്നും നാടകം പഠിക്കുന്നത് നാടക പ്രവർത്തനം ചെയ്യുവാനല്ല. മറിച്ച് വെള്ളിത്തിരയിലെ വ്യത്യസ്തമായ അവസരങ്ങളെ തേടിയാണ്. അപ്പോഴും ലോക നാടകവേദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി നാടക സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും രാഷ്ട്രീയം മനസ്സിലാക്കി, നാടകത്തിന് വേണ്ടി മാത്രം നാടകത്തെ സമീപിച്ച കലാകാരരുണ്ടായിരുന്നു. ഒരു ഗ്രാമത്തിൽ പോയി സാധാരണ മനുഷ്യരെ കണ്ട് അവരുടെ പരിമിത സാഹചര്യത്തിനനുസരിച്ച് നാടകങ്ങളുണ്ടാക്കി അവതരിപ്പിക്കുന്ന കലാകാരർ. അവർ താഴെക്കിടയിലുള്ള മനുഷ്യരുടെ ശബ്ദമായും ദുർബലരുടെ ശബ്ദത്തിന്റെ വീണ്ടെടുപ്പുകാരായും പ്രവർത്തിച്ചിരുന്നു. നാടകത്തിന്റെ ഈ പരിവർത്തന രാഷ്ട്രീയം മനസ്സിലാക്കിയ അമൂല്യ നാടകക്കാരനായിരുന്നു വിജേഷ്.

നാടകം പഠിക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് അധികാര സ്ഥാനങ്ങളുമായി സമരസപ്പെട്ടു പോകാൻ കലാകാരർക്ക് കഴിയുകയില്ല. നാടകം പഠിക്കുമ്പോൾ ഓരോ വിദ്യാർത്ഥിയും ചോദ്യങ്ങൾ ചോദിക്കുന്നവരായി മാറും. ചോദ്യങ്ങൾ എല്ലാ അധികാരികളെയും അലോസരപ്പെടുത്തും. അത് കുടുംബമാവാം, സ്ഥാപനങ്ങളാവാം. പുരുഷാധികാരത്തിന്റെ ഹുങ്കിലോ ആൾക്കൂട്ടത്തിന്റെ ബലത്തിലോ ജാതി കൊണ്ടോ മതം കൊണ്ടോ ഒരാളിൽ സ്വരൂപിച്ചു വരുന്ന അധികാരരൂപത്തെ ഈ കലാകാരന് മനസ്സിലാവും. അതിനെ എതിർക്കാനുള്ള സ്വാഭാവിക വാഞ്ഛ നാടകക്കാരുടെ രാഷ്ട്രീയ സ്വഭാവമാണ്. അതുകൊണ്ട് ഒരു അധികാര സ്ഥാപനത്തിന്റെയും യുക്തിയിൽ പെടാൻ ഒരു യഥാർത്ഥ കലാകാരർക്ക്, പ്രത്യേകിച്ച് നാടകക്കാർക്ക് കഴിയില്ല. അതുകൊണ്ട് ഹിംസാത്മകവും സ്നേഹവിരുദ്ധമായ എല്ലാത്തിനെയും വിജേഷും എതിർത്തു. അതിനെ നാടകത്തിലൂടെ ചോദ്യം ചെയ്തു. മനുഷ്യന്റെ നാട്യങ്ങളെ കളിയാക്കിക്കൊണ്ട് സ്വാഭാവികതയുടെ സൗന്ദര്യത്തെ അനാവരണം ചെയ്തു.

വേനലവധിക്ക് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ വെച്ച് നടത്താറുള്ള കുട്ടികളുടെ നാടകക്യാമ്പിൽ വിജേഷിന്റെ പൂർണ നേതൃത്വത്തിൽ നടന്നവ ഞാനോർക്കുന്നു. ലാലൂരിലെ കുട്ടികളാണ് പ്രധാനമായും ഈ പഠനക്കളരിയിൽ പങ്കെടുത്തത്. സാധാരണ കുടുംബത്തിൽ നിന്ന് വരുന്നവരായിരുന്നു കൂടുതലും. ഒരു ദേശം മുഴുവൻ പള്ളിയുടെയും അമ്പലത്തിന്റെയും ഉത്സവത്തിൽ പങ്കെടുക്കുന്നത് നാം കാണാറുണ്ട്. എന്നാൽ ഒരു ദേശത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും ഒരു നാടകക്യാമ്പ് വിജയിപ്പിക്കുന്നതിൽ പങ്കാളികളാകുന്നത് വിജേഷിന്റെ അരങ്ങിനോടുള്ള അടുപ്പത്തിന്റെ പ്രതിഫലനമായിരുന്നു. കൂലിപ്പണിക്കാരായ രക്ഷിതാക്കളുടെ മക്കൾ മടിച്ചുമടിച്ച് ആദ്യം കടന്നു വന്നുവെങ്കിലും ക്യാമ്പിന്റെ അവസാനത്തിൽ ആത്മവിശ്വാസത്തോടെ ശബ്ദുമുയർത്തി എല്ലാവരും കേൾക്കെ ചോദ്യങ്ങൾ ചോദിക്കുന്നവരായി മാറി.

ചിരിക്കാൻ മടിയുള്ളവർ, മറ്റുള്ളവരുടെ ശരീരത്തിൽ സ്പർശിക്കാൻ ധൈര്യമില്ലാത്തവർ, ഒന്നിച്ച് ഉച്ചത്തിൽ പാടാൻ കഴിയാതിരുന്നവർ സംസാരിക്കുകയും വാദിക്കുകയും ശരീരത്തിന്റെയും ശബ്ദത്തിന്റെയും ഉപയോഗത്താൽ സ്വാതന്ത്ര്യത്തോടെ പെരുമാറുകയും ചെയ്യുന്നത് കണ്ടപ്പോൾ കുട്ടികൾക്ക് സ്കൂൾ പഠനത്തോടൊപ്പം നാടക പഠനകളരികൾ കൂടി വേണ്ടതാണെന്ന് പലപ്പോഴും തോന്നുന്നത്, വിജേഷിനെപ്പോലുള്ളവരുടെ ക്യാമ്പ് കണ്ടിട്ടാണ്.

വിജേഷ്
വിജേഷ്

നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദത്തിന്റെ വീണ്ടെടുപ്പ് നാടകത്തിലൂടെയും അതിന്റെ പരിശീലനത്തിലൂടെയും സാധ്യമാണെന്ന് കാണിച്ചു തന്ന കുട്ടികളുടെ നാടകത്തിന്റെ ബോധന ശാസ്ത്രമായിരുന്നു വിജേഷിന്റെ നാടകങ്ങൾ. കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് അരങ്ങേറിയ കൂത്തിച്ചി എന്ന നാടകത്തിന്റെ പണിപ്പുരയിൽ ഞാനും പങ്കാളിയായിരുന്നു. വിനോദ് ശങ്കരൻ സംഗീതം നിർവഹിച്ചപ്പോൾ ചില പാട്ടുകൾ ഞാനും നാടകസന്ദർഭത്തിനനുസരിച്ച് പാടിയിരുന്നു. കബനിയായിരുന്നു ആ നാടകത്തിലെ പ്രധാന നടി. ആ നാടകത്തിന്റെ രാഷ്ട്രീയം അരികുവൽക്കരിക്കപ്പെടുന്ന സ്ത്രീജന്മത്തെക്കുറിച്ചായിരുന്നു. കബനി വിജേഷിന്റെ ജീവിതപങ്കാളിയായി മാറുന്നതിലും ഈ നാടകത്തിന് പങ്കുണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഈ നാടകത്തിന്റെ പരിശീലിനത്തിനിടയിൽ ഞാൻ ഒരു സഹായം അഭ്യർത്ഥിച്ചു. കോഴിക്കോട് കലക്ടറേറ്റിലെ ആർക്കൈവിസിൽ ചില ചരിത്രഫയലുകൾ നോക്കാനായിരുന്നു അന്ന് ഞാൻ കോഴിക്കോട്ടു പോയത്. മാസങ്ങൾ വേണമെന്നുള്ളതുകൊണ്ട് താമസസൗകര്യം വേണം. താമസസൗകര്യത്തിനുള്ള ലോഡ്ജ് കണ്ടെത്തി, രക്ഷിതാവായി ഒരാൾ വരണം. വിജേഷ് നാടകക്കാരനായ മധു മാസ്റ്ററെ എന്റെ അച്ഛനായി അവതരിപ്പിച്ചു. മധു മാസ്റ്ററുമായുള്ള സൗഹൃദം നാടകത്തെ തേടിയുള്ള യാത്രയായിരുന്നു. ജീവിതത്തിലെ നാടകത്തെ തേടിയും.

നല്ല നാടകക്കാർക്ക് പലപ്പോഴും ജീവിതത്തിൽ നിന്ന് നാടകത്തെ വേർതിരിക്കാൻ കഴിയില്ല. കണ്ടുനിൽക്കുന്നവർക്ക് ഇതിൽ ഏതാണ് നാടകം, ഏതാണ് നാടകമല്ലാത്തത് എന്ന് മനസ്സിലാക്കാൻ കഴിയാതെയും പോകും. മധു മാസ്റ്ററും രാമചന്ദ്രൻ മൊകേരിയും വിജേഷിന്റെ കലാജീവിതത്തിന്റെ താളമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ഈ രണ്ട് പേരുടെയും നാടകങ്ങൾ പൊടുന്നനെ ആൾക്കൂട്ടത്തിൽ നിന്ന് തനിയേ ഉണ്ടായി വരുന്നതാണ്. പ്രേക്ഷകരിലേക്ക് പകർന്നാടുന്ന സംവേദനശേഷി അവരുടെ നാടകങ്ങൾക്കുണ്ട്. ആദിവാസികളെയും ദലിതരെയും സ്ത്രീകളെയും മർദ്ദിക്കുന്ന ഭരണകൂടത്തിന്റെ നേർക്ക് അവർ നാടകത്തിലൂടെ നിരന്തരം ചോദ്യങ്ങൾ ഉയർത്തി. 'ഇത് നല്ല കാലമല്ല അതുപോലെ മോശപ്പെട്ട കാലവുമല്ല’. ഇതിനിടയിലുള്ള നല്ല കാലത്തെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും സൗഹൃദ സാഹോദര്യ സഹവർത്തിത്വത്തിന് നാടകങ്ങൾക്കും നാടകക്കാർക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. കാരണം നാടകം വെറും ആസ്വാദനത്തിനായി മാത്രം ഉണ്ടാക്കുന്ന ഉൽപ്പന്നമല്ല. നിരന്തരം സമൂഹത്തെ പഠിപ്പിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഭാഷ നാടകത്തിന് മാത്രമാണുള്ളത്. പ്രേക്ഷകരല്ല അതിന്റെ ശക്തി. അതിനപ്പുറം ജനങ്ങളാണെന്ന് വിജേഷ് നിരന്തരം പറയുമായിരുന്നു.

Comments