ബസ്തർ ദസറ
അധ്യായം നാല്
▮
പുലർകാലത്തെ നേർത്ത മൂടൽമഞ്ഞ് മെല്ലെ പിൻവാങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ബസ്തറിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള യാത്രയിൽ, ഇന്നത്തെ പകൽ നീക്കിവെച്ചത് ഈ നാടിന്റെ പുരാവൃത്തങ്ങളും ഭൂമിശാസ്ത്രപരമായ വിസ്മയങ്ങളും തേടിയുള്ള സഞ്ചാരത്തിനാണ്. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി, ബസ്തറിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെയും ചരിത്രശേഷിപ്പുകളിലൂടെയും പ്രകൃതിയുടെ വന്യമായ സൗന്ദര്യങ്ങളിലൂടെയുമുള്ള ഒരു നീണ്ട യാത്ര.
ജഗദൽപുരിൽനിന്ന് ലോക്കൽ ബസ്സിലായിരുന്നു യാത്ര. തൊഴിലാളികളും കച്ചവടക്കാരും അടങ്ങുന്ന സാധാരണക്കാരാണ് പുലർകാലത്തുള്ള ഈ ബസിലെ യാത്രക്കാർ. കുട്ടകളും വട്ടികളും പണിയായുധങ്ങളുമുണ്ട് അവരുടെ കൈകളിൽ. തമാശ പറഞ്ഞും ചിരിച്ചും നിത്യപരിചയമുള്ളവരെ പോലെ അവർ പെരുമാറുന്നു. ബസ് ഡ്രൈവറും കണ്ടക്‌ടറും അവരുടെ വർത്തമാനങ്ങളിൽ പങ്ക് ചേരുന്നു. കുറേ ദൂരം കൃഷിപ്പാടങ്ങൾ. പിന്നെ കാടുകൾ. അതുകഴിഞ്ഞ് ചെറിയ അങ്ങാടികൾ. ചിലർ അങ്ങാടികളിലേക്ക് ഇറങ്ങിപ്പോകുന്നു. ബസിൽ കൊണ്ടുവരുന്ന സാമാനങ്ങളിറക്കി കൊണ്ടുപോകാൻ കാത്തിരിക്കുന്നവരെയും അവിടെ കാണാം.
ഞങ്ങൾ കടന്നുപോകുന്നത് ചരിത്രത്തിന്റെയും പ്രകൃതിയുടെയും സമാന്തരധാരകളിലൂടെയാണ്. ശില്പകലയും വാസ്തുവിദ്യയും കാടുകയറി മറഞ്ഞുപോയ ബർസൂരും, പ്രകൃതിയുടെ സംഹാരരുദ്രമായ സൗന്ദര്യം തുളുമ്പുന്ന ഇന്ദ്രാവതിയുടെ ചിത്രകൂടും. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസ്തർ ദസറയുടെ ആരവങ്ങൾക്കുപിന്നിലെ ചരിത്രപരവും സാംസ്കാരികവുമായ വേരുകൾ ആഴ്ന്നിറങ്ങുന്നത് ഈ മണ്ണിലേക്കാണ്.

ജഗദൽപുരിൽനിന്ന് നാല്പതോളം കിലോമീറ്റർ വടക്കുപടിഞ്ഞാറായി വാഹനം നീങ്ങുമ്പോൾത്തന്നെ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങിയിരുന്നു. ഇടതൂർന്ന സാൽ വൃക്ഷങ്ങൾക്കിടയിലൂടെയുള്ള പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ, വായുവിൽ നേർത്തൊരു ഈർപ്പവും കാതുകളിൽ വിദൂരമായ ഒരിമ്പലും പടർന്നുതുടങ്ങി. ഇന്ദ്രാവതി നദി ഒരു കുതിരക്കുളമ്പിന്റെ ആകൃതിയിൽ താഴേക്ക് പതിക്കുന്ന ചിത്രകൂട് വെള്ളച്ചാട്ടത്തിന്റെ ഗർജ്ജനമായിരുന്നു അത്. ദീർഘനേരത്തെ കാട്ടുപാത അവസാനിച്ചത് ചെങ്കുത്തായ മലഞ്ചെരിവിലാണ്.
കൺമുന്നിൽ തുറക്കപ്പെട്ട ആ കാഴ്ച ഞങ്ങൾ അവിശ്വസനീയതയോടെ നോക്കിനിന്നു. 'ഇന്ത്യയുടെ നയാഗ്ര'- ചിത്രകൂടിനെ വിശേഷിപ്പിക്കുക അങ്ങനെയാണ്. വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് സെൽഫി എടുക്കാൻ തയ്യാറാക്കിയ പ്ലോട്ടിനരികിൽ നിന്ന് ഞാനും പടമെടുത്തു.
വിന്ധ്യപർവ്വതനിരകളിലൂടെ ഒഴുകിയെത്തുന്ന ഇന്ദ്രാവതി, മഴക്കാലത്തിന്റെ ശേഷിപ്പുകൾ പേറി കലങ്ങിമറിഞ്ഞ ചുവന്ന ജലപ്രവാഹമായി, മുന്നൂറോളം മീറ്റർ വീതിയിൽ ഒരു കൂറ്റൻ ജലഭിത്തി തീർത്ത് താഴെ അഗാധതയിലേക്ക് പതിക്കുകയാണ്. നൂറടി താഴ്ചയിലേക്ക് പതിക്കുന്ന ജലധാര, പാറക്കെട്ടുകളിൽ തല്ലിത്തകർന്ന് വെളുത്ത ജലധൂളികളായി ഉയർന്ന് അന്തരീക്ഷത്തിൽ വലിയൊരു മൂടൽമഞ്ഞുപടലം തീർത്തിരിക്കുന്നു. പ്രഭാതസൂര്യന്റെ കിരണങ്ങൾ ആ ജലകണങ്ങളിൽ തട്ടിത്തെറിക്കുമ്പോൾ, കണ്ണിന് വിരുന്നായി കുഞ്ഞു മഴവില്ലുകൾ പലയിടങ്ങളിലായി മിന്നിമറയുന്നു.

ഇന്ദ്രാവതി ഈ നാടിന്റെ സിരയാണ്. ഒഡീഷയിലെ കലഹന്ദിയിൽ നിന്ന് ഉത്ഭവിച്ച് ബസ്തറിന്റെ മാറിലൂടെ ഒഴുകി ഗോദാവരിയിൽ ചേരുന്ന ഈ നദി വെറുമൊരു ജലസ്രോതസ്സല്ല. ബസ്തറിലെ ഓരോ ഗോത്രമനുഷ്യന്റെയും നിത്യജീവിതവുമായും അവരുടെ നാടോടിക്കഥകളും വിശ്വാസങ്ങളുമായും ഇന്ദ്രാവതി കെട്ടുപിണഞ്ഞുകിടക്കുന്നു. അവരുടെ പാട്ടുകളിലും നൃത്തങ്ങളിലുമെല്ലാം ഈ നദിയുടെ താളമുണ്ട്.
നദീതീരത്തെ പാറക്കെട്ടുകൾക്ക് സമീപം ചെറിയ ഇലക്കുമ്പിളുകളിൽ ചുട്ട ചോളവും ആവിപറക്കുന്ന കാട്ടുചായയും വിൽക്കുന്ന ആദിവാസി സ്ത്രീകളെ കാണാമായിരുന്നു. അവരുടെ നിഷ്കളങ്കമായ ചിരിയിൽ ഈ മണ്ണിന്റെ നന്മയുണ്ട്. അവരിൽ നിന്ന് വാങ്ങിയ ചൂടുള്ള ചായ കുടിക്കുമ്പോൾ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുഖം. പ്രകൃതിയുടെ ഈ മഹാവിസ്മയത്തിനുമുന്നിൽ, ഞങ്ങൾ കുറേ നേരം ചെലവഴിച്ചു.
ഒരു കൂറ്റൻ വൃക്ഷച്ചോട്ടിലാണ് 'ബത്തിസാ ക്ഷേത്രം’. 32 (ബത്തീസ്) കരിങ്കൽ തൂണുകളാൽ താങ്ങിനിർത്തിയിരിക്കുന്നതുകൊണ്ടാണ് അതിന് ആ പേരുവന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് ഈ കാട്ടിൽ ബൃഹത്തായ ശില്പകലാപാരമ്പര്യം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ.
ചിത്രകൂടിന്റെ ആരവങ്ങളിൽനിന്ന് ഞങ്ങളുടെ യാത്ര തെക്കോട്ട്, നാഗവംശി രാജാക്കന്മാരുടെ പുരാതന തലസ്ഥാനമായിരുന്ന ബർസൂരിലേക്കായിരുന്നു. ചിത്രകൂട് ജങ്ഷനിലേക്ക് ഞങ്ങളെ ബൈക്കിൽ കൊണ്ടുവിട്ടത് നാട്ടുകാരനായ ഒരു യുവാവായിരുന്നു. അവിടെ ഓട്ടോയോ മറ്റു വാഹനങ്ങളോ ഇല്ല. ജങ്ങ്ഷനിലേക്ക്‌നടന്നുതന്നെ പോകണം.
ജങ്ഷനിൽനിന്ന് മണിക്കൂറുകളുടെ ഇടവേളയിലേ ബസുള്ളൂ. ആകെ ഒന്നോ രണ്ടോ ബസുകൾ. കുറേ നേരം കാത്തു നിന്നു. അതിനിടെ ചിത്രകൂടിൽ വന്ന് മടങ്ങുന്ന ഒരു ജീപ്പിന് കൈകാണിച്ചു. ഡ്രൈവറും മറ്റൊരാളും രണ്ട് വിദ്യാർത്ഥിനികളും അതിലുണ്ടായിരുന്നു. അവർ ഞങ്ങളെ ബർസൂരിൽ വിടാമെന്ന് സമ്മതിച്ചു.
READ: രണ്ട് തോക്കുകൾക്കിടയിൽ
ഞെരിഞ്ഞമർന്ന ഗ്രാമങ്ങൾ
പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിലുമൊക്കെ ചിന്ദക നാഗവംശത്തിന്റെ ഭരണത്തിൽ പ്രതാപത്തോടെ വിളങ്ങിനിന്ന സാംസ്കാരിക നഗരമായിരുന്നു ബർസൂർ. ഒരുകാലത്ത് 147 ക്ഷേത്രങ്ങളും അത്രതന്നെ കുളങ്ങളുമുണ്ടായിരുന്നു ഇവിടെ. എന്നാൽ ഇന്ന്, കാലത്തിന്റെ കുത്തൊഴുക്കിൽ കാടിന്റെ വന്യതയിലേക്ക് മറഞ്ഞുപോയ കല്ലുകളുടെ ഏകാന്തത മാത്രമാണ് അവശേഷിക്കുന്നത്.

ഉച്ചയോടെ ഞങ്ങൾ ബർസൂറിലെത്തി. തുച്ഛമായ പണമേ ജീപ്പുകാരൻ വാങ്ങിയുള്ളൂ. ബർസൂർ ചെറിയ ഗ്രാമമാണ്. കുറച്ച് കടകളും സ്കൂളും ചെറിയ വീടുകളും കുഞ്ഞുകെട്ടിടങ്ങളും മാത്രം. ടൂറിസ്റ്റുകളുടെയോ തീർത്ഥാടകരുടെയോ തിരക്കില്ല. നല്ല ഹോട്ടൽ അടുത്തൊന്നും കണ്ടില്ല. ചായയും സ്നാക്ക്സും കഴിച്ച് ഞങ്ങൾ കാഴ്ചകൾ കാണാനിറങ്ങി.
ഒരു കൂറ്റൻ വൃക്ഷച്ചോട്ടിൽ, ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന 'ബത്തിസാ ക്ഷേത്ര'ത്തിലേക്കാണ് ആദ്യം പോയത്. 32 (ബത്തീസ്) കരിങ്കൽ തൂണുകളാൽ താങ്ങിനിർത്തിയിരിക്കുന്നതുകൊണ്ടാണ് അതിന് ആ പേരുവന്നത്. കരിങ്കല്ലിൽ കൊത്തിയെടുത്ത മിനുസമാർന്ന കൊത്തുപണികൾ. നൂറ്റാണ്ടുകൾക്കു മുൻപ് ഈ കാട്ടിൽ ബൃഹത്തായ ശില്പകലാപാരമ്പര്യം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ. രണ്ട് ശിവലിംഗങ്ങൾ ഒരേ ശ്രീകോവിലിൽ അടുത്തടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഇവിടുത്തെ പ്രധാന സവിശേഷത. ക്ഷേത്രതൂണുകളിൽ കൊത്തിവെച്ച നാഗരൂപങ്ങളും നർത്തകികളും മിഥുനശില്പങ്ങളും നൂറ്റാണ്ടുകളുടെ കാറ്റും മഴയുമേറ്റ് തേഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും കലാമേന്മയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല.

അല്പം കൂടി മുന്നോട്ട്, കാട്ടുവള്ളിപ്പടർപ്പുകൾക്കിടയിലൂടെ നടന്നപ്പോൾ കണ്ടത് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത രണ്ട് കൂറ്റൻ ഗണേശവിഗ്രഹങ്ങളാണ്. 'ഇരട്ട ഗണപതി' എന്ന് വിളിക്കപ്പെടുന്ന ഈ ശില്പങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ ഗണേശ വിഗ്രഹങ്ങളിലൊന്നാണ്. കാട്ടുമരങ്ങൾക്കിടയിൽ, മേൽക്കൂരകളൊന്നുമില്ലാത്ത തുറസ്സായ തറയിൽ ഗംഭീരഭാവത്തിലിരിക്കുന്ന വിനായകൻ. വിഗ്രഹത്തിന്റെ വയറിനുചുറ്റും കൊത്തിയിരിക്കുന്ന സർപ്പരൂപവും, കിരീടത്തിലെയും ആഭരണങ്ങളിലെയും സൂക്ഷ്മമായ ചിത്രങ്ങളും നാഗവംശശില്പികളുടെ അസാധാരണ പ്രതിഭ വിളിച്ചോതുന്നു. തൊട്ടടുത്തുള്ള മാമാ- ഭാഞ്ച ക്ഷേത്രവും ചന്ദ്രാദിത്യക്ഷേത്രവുമെല്ലാം ബർസൂരിന്റെ പ്രതാപകാലത്തിന്റെ മൗനസാക്ഷികളാണ്.
വനപാതയുടെ ഇരു വശങ്ങളിലും ആയിരക്കണക്കിന്ന് ആളുകൾ ഒരു മനുഷ്യപ്പുഴ തീർത്തിരിക്കുന്നു. പാദരക്ഷ ധരിക്കാത്ത സ്ത്രീകളും പുരുഷന്മാരും വൃയോധികരും കുട്ടികളും കിലോമീറ്ററുകളോളം നടന്നുപോകുന്നു.
ബർസൂരിന്റെ കൽസ്മൃതികളിൽ നിന്ന് നേരെ നീങ്ങിയത് ദന്തേവാഡയിലേക്കാണ്. ഒരു ഷെയർ ടാക്സിയിൽ തിങ്ങിഞെരുങ്ങിയാണ് യാത്ര. ദന്തേവാഡയിലുള്ള അവരുടെ കുലദേവതയായ ദന്ദേശ്വരി മാതാവിനെ ദർശിക്കാനും ദസറയുടെ ഭാഗമായുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും ജനം അങ്ങോട്ട് ഒഴുകുകയാണ്. വനപാതയുടെ ഇരു വശങ്ങളിലും ആയിരക്കണക്കിന്ന് ആളുകൾ ഒരു മനുഷ്യപ്പുഴ തീർത്തിരിക്കുന്നു. പാദരക്ഷ ധരിക്കാത്ത സ്ത്രീകളും പുരുഷന്മാരും വൃയോധികരും കുട്ടികളും കിലോമീറ്ററുകളോളം നടന്നുപോകുന്നു. ചിലർ നേർച്ചയുടെ ഭാഗമായി നിലത്തുവീണ് നമസ്കരിച്ചും മുട്ടിലിഴഞ്ഞുമാണ് മുന്നോട്ട് നീങ്ങുന്നത്.

ബസ്തർ ദസറ കാലത്ത് അവിടെയെങ്ങും പതിവുള്ള കാഴ്ചയാണിത്. ഉൾവനങ്ങളിലെ ഗ്രാമങ്ങളിൽനിന്ന് ദിവസങ്ങളോളം നടന്നാണ് ഇവർ ദന്തേവാഡയിലേക്ക് എത്തുന്നത്. വഴിയോരങ്ങളിൽ സന്നദ്ധസംഘടനകളും ഗ്രാമീണരും ചേർന്ന് കെട്ടിയുയർത്തിയ താൽക്കാലിക പന്തലുകളുണ്ട്. അവിടെ തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും സൗജന്യമായി നൽകുന്നു.
ദന്തേവാഡ നഗരത്തിലെത്തിയപ്പോൾ സായാഹ്ന വെയിലിന് കനം കുറഞ്ഞിരുന്നു. ശംഖിനി, ഡങ്കിനി എന്നീ രണ്ട് നദികൾ പുണർന്നുചേരുന്ന സംഗമസ്ഥാനത്താണ് പ്രശസ്തമായ ദന്തേശ്വരി ക്ഷേത്രം. ബസ്തറിലെ ആദിവാസി, അനാദിവാസി ജനതയുടെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമാണിത്. സതീദേവിയുടെ ദന്തം (പല്ല്) വീണ ഇടമെന്ന വിശ്വാസത്തിൽ, ഇന്ത്യയിലെ 52 ശക്തിപീഠങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണിത്.

1323-ൽ ദൽഹി സുൽത്താനേറ്റിലെ തുഗ്ലക്ക് സൈന്യം വാറങ്കലിലെ പ്രതാപശാലിയായ കാകതീയ സാമ്രാജ്യം കീഴടക്കിയപ്പോൾ, പ്രതാപരുദ്ര മഹാരാജാവിന്റെ സഹോദരനായ അണ്ണമ ദേവൻ അവശേഷിച്ച സൈന്യവുമായി ദണ്ഡകാരണ്യത്തിന്റെ നിബിഡവനങ്ങളിലേക്ക് പലായനം ചെയ്തു എന്നാണ് കഥ.
അണ്ണമ ദേവൻ ഈ പ്രദേശത്തെ പ്രാദേശിക ആദിവാസി ഗോത്രത്തലവന്മാരുമായി രാഷ്ട്രീയ സന്ധിയിലേർപ്പെടുകയും, അവരുടെ സ്വയംഭരണാവകാശങ്ങളെയും പരമ്പരാഗത ദേവതകളെയും പൂർണ്ണമായി അംഗീകരിച്ച്, ബസ്തറിലെ കാകതീയ രാജവംശം സ്ഥാപിക്കുകയും ചെയ്തു. അധിനിവേശകനായിട്ടല്ല, മറിച്ച് ഗോത്രജനതയുടെ സംരക്ഷകനായിട്ടാണ് അദ്ദേഹം ഭരണം നടത്തിയത്. ബസ്തർ ദസറയുടെ ചരിത്രപരമായ അടിത്തറയും ഈ മത-സാംസ്കാരിക സമന്വയത്തിലാണ് കുടികൊള്ളുന്നത്.

മാദന്തേശ്വരി ക്ഷേത്രത്തിൽ വൻതിരക്കായിരുന്നു. പൊലീസും വളണ്ടിയർമാരും ബി എസ് എഫ് ഭടന്മാരുമൊക്കെ ചേർന്നാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഈ തിരക്ക് കണ്ടപ്പോൾ, ദേവീദർശനത്തിന്ന് പോകണോ എന്ന് ശങ്ക തോന്നി. ഇവിടെവരെ വന്നതല്ലേ, ക്ഷേത്രത്തിൽ പോയി മടങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ കയറിപ്പറ്റി. നീണ്ട ക്യൂ.. അതിനിടയിലൂടെ മുട്ടിലിഴഞ്ഞ് വരുന്നവരുണ്ട്. ഉന്മാദാവസ്ഥയിൽ ഉറഞ്ഞ് തുള്ളി, അലറിവിളിച്ച് ഓടുന്ന സ്ത്രീപുരുഷന്മാരുണ്ട്. അതിൽ പ്രായം കുറഞ്ഞവരെയും കണ്ടു. മൂന്നും നാലും ആളുകൾ കൈപ്പിടിയിൽ ഒതുക്കിയാണവരെ മുന്നോട്ട് കൊണ്ട് പോകുന്നത്. അവർ കുതറുകയും മുരളുകയും ചെയ്യുന്നു, ആക്രോശിക്കുന്നു.

ക്ഷേത്രത്തിന്റെ ചുവരുകൾക്ക് പുരാതന കോട്ടയുടെ പ്രൗഢിയുണ്ട്. തടിയിൽ തീർത്ത മനോഹരമായ മേൽക്കൂരകളും കൊത്തുപണികളുള്ള കരിങ്കൽത്തൂണുകളും ക്ഷേത്രത്തിന് തനതായൊരു ഗോത്രീയ- ദ്രാവിഡ വാസ്തുശില്പഭംഗി നൽകുന്നു. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത, പൂജാവിധികളിലെ സമന്വയമാണ്. പൂജ നടത്തുന്നത് ബ്രാഹ്മണ പുരോഹിതർ മാത്രമല്ല; ആദിവാസി പൂജാരിമാരായ 'ജിയ'മാരുടെ ആചാരങ്ങളും തന്ത്രങ്ങളും നിത്യപൂജകളിൽ തുല്യപ്രാധാന്യത്തോടെ സമന്വയിപ്പിച്ചിരിക്കുന്നു.
രക്തവർണ്ണത്തിലുള്ള 'ഡങ്കിനി'യും, തെളിഞ്ഞ സ്ഫടികം പോലെ ഒഴുകുന്ന 'ശംഖിനി'യും തമ്മിൽ കൂടിക്കലരുന്ന കാഴ്ച മനസ്സിൽ മായാതെനിൽക്കുന്നു. രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ ഒത്തുചേരുന്ന ബസ്തറിന്റെ പ്രതീകം പോലെ തോന്നി ആ നദീസംഗമം.
ക്ഷേത്രത്തോട് ചേർന്നുള്ള വഴികൾ കച്ചവടക്കാർ കയ്യേറിയിരിക്കയാണ്. അവിടെ വളയും മാലയും ആഭരണങ്ങളും കൗതുകവസ്തുക്കളും വിൽക്കുന്നു. ഭോജന ശാലകളും കച്ചവടം തകർക്കുന്നു. പൂജാദ്രവ്യങ്ങളും പൂക്കളും കാണിയ്‌ക്ക നൽകാനുള്ള നാളികേരവും വിൽക്കുന്നവരുടെ ബഹളവും നിറയെ കാണാം.

ക്ഷേത്രദർശനത്തിനുശേഷം പുറത്തെ വിശാലമായ പടവുകളിലിരുന്ന് നദികളിലേക്ക് നോക്കിയിരിക്കുന്ന ഒത്തിരി പേരുണ്ട്. രക്തവർണ്ണത്തിലുള്ള 'ഡങ്കിനി'യും, തെളിഞ്ഞ സ്ഫടികം പോലെ ഒഴുകുന്ന 'ശംഖിനി'യും തമ്മിൽ കൂടിക്കലരുന്ന ആ കാഴ്ച മനസ്സിൽ മായാതെനിൽക്കുന്നു. രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ ഒത്തുചേരുന്ന ബസ്തറിന്റെ പ്രതീകം പോലെ തോന്നി ആ നദീസംഗമം. സന്ധ്യ മയങ്ങിയതോടെ ക്ഷേത്രത്തിൽ നിന്നുള്ള ശംഖുവിളികളും പെരുമ്പറ കൊട്ടുകളും അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി. ആകാശത്ത് ആദ്യത്തെ നക്ഷത്രം തെളിഞ്ഞു.

ഞങ്ങൾ ജഗദൽപുരിലേക്ക് മടങ്ങിയത് ദൂരെനിന്ന് വന്നു മടങ്ങുന്ന ഏതോ ടൂറിസ്റ്റ് ബസിലാണ്. അതിൽ നിറയെ ഭക്തരായിരുന്നു. ഇരുട്ട് വീണുതുടങ്ങിയ കാനനപാതകളിലൂടെ വാഹനം മുന്നോട്ട് കുതിച്ചു. മനസ്സ് നിറയെ ചിത്രകൂടിലെ ജലഗർജ്ജനങ്ങളും, ബർസൂരിലെ മൗനംപൂണ്ട കൽത്തൂണുകളും, ശംഖിനി- ഡങ്കിനി സംഗമത്തിലെ പുരാവൃത്തങ്ങളും തിരയടിക്കുകയായിരുന്നു. കാടിന്റെ നിഗൂഢതകളും ചരിത്രത്തിന്റെ അടരുകളും ഒന്നൊന്നായി ഞങ്ങൾക്കുമുന്നിൽ ചുരുളഴിയുകയായിരുന്നു.
(യാത്ര തുടരും).
▮
ബസ്തറിലെ
ഗ്രാമക്കാഴ്ചകളിലൂടെ:
ഫോട്ടോകൾ: ഷകീൽ രിസ്‍വി.





