കറങ്ങുന്ന ദർവീശുകളുടെയും അതീന്ദ്രിയജ്ഞാനികളായ സൂഫി ഗുരുക്കന്മാരുടെയും ലോകത്തെങ്ങും നിന്നുള്ള തീർഥാടകരുടെയും അന്വേഷണസ്ഥലമായ കൊനിയ നഗരം, ഇതൊക്കെയുള്ളപ്പോൾത്തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള അറിവന്വേഷകരുടെ ലക്ഷ്യസ്ഥാനമായ ആധുനിക വിദ്യാഭ്യാസ നഗരം കൂടിയായി തുടരുന്നു.
ഇസ്താംബൂളിൽനിന്ന് അങ്കാറയിലേക്കും അവിടെനിന്ന് കപ്പഡോക്കിയയിലേക്കും പോയി, നാലാമതായി കൊനിയയിലെത്താനായിരുന്നു ഞങ്ങളുടെ ആലോചന. അങ്കാറയിൽനിന്ന് കപ്പഡോക്കിയയിലേക്കാണ് ദൂരം കുറവ്. അവിടെനിന്ന് മൂന്നു മണിക്കൂറോളം യാത്രയുണ്ട് കൊനിയയിലേക്ക്. എന്നാൽ വ്യക്തമായൊരു പ്ലാൻ ഇല്ലാത്തതിനാലും കൊനിയയിൽ ശനിയാഴ്ചതോറും നടക്കുന്ന സമ എന്ന സൂഫി നൃത്ത-ധ്യാനപരിപാടിയിൽ സംബന്ധിക്കണമെന്നതിനാലും മറ്റെല്ലാം മാറ്റിവെച്ച് ഒരു പകൽ വണ്ടിയിൽ അങ്കാറയിൽനിന്ന് നേരെ കൊനിയക്കു വിട്ടു.
ഒട്ടോമൻ സാമ്രാജ്യം തുർക്കിയും സമീപരാജ്യങ്ങളും കീഴടക്കുന്നതിനുമുമ്പ് ആ പ്രദേശങ്ങളിലെ പ്രധാന ഭരണകൂടമായ സെൽജുക്കുകളുടെ ആസ്ഥാനമായിരുന്നു കൊനിയ. ഗ്രീക്ക്- ബൈസന്റൈൻ കാലങ്ങളിലെല്ലാം ഒരു പ്രമുഖ പട്ടണമായിരുന്നു ഇതെങ്കിലും 12, 13 നൂറ്റാണ്ടുകളിൽ അനത്തോളിയൻ സെൽജുക്കുകളുടെ ഭരണമാണ് നഗരത്തിന്റെ സുവർണകാലം നിശ്ചയിക്കുന്നത്. ആ കൃതജ്ഞതയിൽ ഇപ്പോഴും നഗരം സ്വയം പരിചയപ്പെടുത്തുന്നത് സെൽജുക്ക് പാരമ്പര്യത്തിന്റെ സ്വന്തം കൊനിയ എന്നാണ്. അക്കാലത്താണ് മൗലാനാ ജലാലുദ്ദീൻ റൂമിയെപ്പോലുള്ള സൂഫികളും കവികളും എഴുത്തുകാരുമെല്ലാം അറേബ്യൻ, പേർഷ്യൻ, മെഡിറ്ററേനിയൻ, യൂറോപ്യൻ പ്രദേശങ്ങളിൽനിന്ന് കൊനിയയിലെത്തുന്നതും അതിന്റെ സാംസ്‌കാരികവൈവിധ്യങ്ങൾക്ക് ശക്തിപകരുന്നതും.
സെൽജുക്കുകളുടെ പതനത്തെത്തുടർന്ന് 14-ാം നൂറ്റാണ്ടിൽ അധികാരത്തിൽ വന്ന കറമാനിദുകൾ കൊനിയ അവരുടെ തലസ്ഥാനമാക്കി തുടർന്നെങ്കിലും വൈകാതെയെത്തിയ ഒട്ടോമൻ സാമ്രാജ്യം ഇസ്താംബൂളിന് നൽകിയ അത്ര പ്രാധാന്യം മറ്റൊരു നഗരത്തിനും നൽകിയിരുന്നില്ല.
കൊനിയയിൽ ഞങ്ങളെ സ്വീകരിക്കാൻ രണ്ടുപേരുണ്ടായിരുന്നു. ഞങ്ങളുടെ ആതിഥേയരായ അവരുടെ നിർദേശമനുസരിച്ച് ബസ്, ടെർമിനലിൽ എത്തുന്നതിന് ഏതാനും കിലോമീറ്റർ മുമ്പ് ഞങ്ങളിറങ്ങി, സെൽജുക്ക് സർവകലാശാലയുടെ പ്രധാന കവാടത്തിനപ്പുറത്ത്.
ഒരു മധ്യകാലനഗരമാണ് കൊനിയയെങ്കിലും കാലാന്തരങ്ങളിലൂടെ വികസിച്ച് ഒരുപാട് സാംസ്‌കാരികകേന്ദ്രങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആസ്ഥാനമായി പുതിയ നഗരം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വ്യാപിച്ചുകഴിഞ്ഞിരുന്നു. ഞങ്ങൾ ബസിറങ്ങിയത് വികസിതനഗരത്തിന്റെ പുതുഭാഗത്തായിരുന്നു, മിക്കവാറും വിദ്യാർഥികളും ചെറുപ്പക്കാരും താമസിക്കുന്ന ചുറുചുറുക്കുള്ള ബോസ്‌ന ഹെർസെക്കിൽ.
ഞങ്ങളുടെ യാത്രയുടെ അവ്യക്തമായ ഒരു ധാരണ രൂപപ്പെടുത്തുന്ന സമയത്ത് കൊനിയയിൽ ഒരു രാത്രി തങ്ങിയാൽ മതി എന്ന ആലോചന ഈ സംസ്‌കാരത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നായിരുന്നു.
നജ്മദ്ദീൻ എസ്‌കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ മുഹമ്മദലി, സുഹൈർ എന്നിവരാണ് ഞങ്ങളെ സ്വീകരിക്കാനെത്തിയത്. മലപ്പുറം ജില്ലയിലെ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പഠിച്ചവരാണ് രണ്ടുപേരും. അതിനുശേഷം ഇന്ത്യയിലെ മുൻനിര യൂണിവേഴ്‌സിറ്റികളിൽനിന്ന് ബിരുദാനന്തര ബിരുദമെടുത്തശേഷം സ്‌കോളർഷിപ്പോടെ ഇവിടെ ഗവേഷണം നടത്തുന്നു. രണ്ടുപേരും തുർക്കിഭാഷയിൽ നല്ല പ്രാവീണ്യമുള്ളവർ. തുർക്കി ഭാഷയിൽ മാത്രമല്ല, അറബി, ഇംഗ്ലീഷ്, ഉർദു തുടങ്ങിയ ഭാഷകളും നന്നായി അറിയാവുന്നവർ. മുമ്പ് ആമസോണിന്റെ ഹൈദരബാദ് ഓഫീസിൽ ജോലിചെയ്തിരുന്ന സുഹൈർ കുറച്ച് ജർമനും പഠിച്ചിട്ടുണ്ട്. ബഹുഭാഷാ പാണ്ഡിത്യമാണ് ഈ ചെറുപ്പക്കാരുടെ കൈമുതൽ. മുഹമ്മദാലിയുടെ ഗവേഷണം തീരാറായി. സുഹൈർ കോഴ്‌സ് വർക്ക് പോലുള്ള ശ്രമകരമായ രണ്ടുവർഷത്തെ ഗവേഷണകടമ്പ മികച്ച രീതിയിൽ പാസായതിന്റെ ആവേശത്തിലായിരുന്നു.
റോഡ് മുറിച്ചുകടന്ന് അല്പം അകലെയുള്ള അവരുടെ അപ്പാർട്ട്മെന്റിലേക്ക് നടന്നപ്പോൾ കൊനിയയുടെ അഴക് പതിയെ മനസ്സിൽ പതിയാൻ തുടങ്ങി. റോഡ് മുറിച്ചുകടക്കാനുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് വലിയതോതിൽ നഗരക്കാഴ്ച സമ്മാനിച്ചു. മലയടിവാരത്ത് ചാരിനിൽക്കുന്ന ഒരു നഗരം. അത്ര വിദൂരതയിലൊന്നുമല്ല എന്ന് മാടിവിളിക്കുന്ന മലകൾ. തെളിഞ്ഞ ആകാശം. വിവിധ നിറങ്ങളുള്ള ചെറുമരങ്ങൾകൊണ്ട് ഹൈവേയുടെയും ചെറുപാതകളുടെയും അരികുകൾ മോടിപിടിപ്പിച്ചിട്ടുണ്ട്. പച്ചപ്പുല്ലും വെളുപ്പിലേക്ക് ചായുന്ന നിറമുള്ള മരങ്ങളും ബീറ്റ്റൂട്ട് നിറത്തിലുള്ള ഇലകളുള്ള മരങ്ങളുമെല്ലാം ചേർന്ന് തെരുവുകൾക്ക് ആഹ്ലാദകരമായ ഒരു നിറച്ചാർത്തൊരുക്കുന്നു. വർഷങ്ങൾകൊണ്ട് രൂപപ്പെട്ട ഒരു ലാൻഡ്സ്‌കേപ്പിങ് സംസ്‌കാരം ഈ വഴികളിലൂടെ നടക്കുമ്പോൾ അനുഭവിക്കാം.
വില്ലകളുടെ കവാടത്തിലെല്ലാം നിറയെ പൂച്ചെടികൾ. വള്ളിപോലെ പടർത്തിയ റോസാച്ചെടികളിൽ വലിയ പൂക്കൾ ഉന്മേഷത്തോടെ വിടർന്നുനിൽക്കുന്നു. വസന്തകാലത്തിന്റെ അനുഗ്രഹങ്ങളായി നല്ല വെളിച്ചവും ചെറു തണുപ്പും.
ആഹ്ലാദദായകമായ ഈ അന്തരീക്ഷം ആസ്വദിച്ചുകൊണ്ടു നടക്കുമ്പോൾ സുഹൈർ കൊനിയയിലെ അസഹ്യമായ മഞ്ഞുകാലത്തെക്കുറിച്ചു പറഞ്ഞു. ഇസ്താംബൂളിൽനിന്നുള്ള ബസ് അങ്കാറയുടെ പ്രാന്തങ്ങളിലേക്കു പ്രവേശിച്ച പ്രഭാതത്തിൽ ദൂരെ പർവതങ്ങളിൽ അവശേഷിച്ച മഞ്ഞിന്റെ കാഴ്ചകൾ ഓർമിച്ചു. മഞ്ഞുകാലത്തിന്റെ ഓർമപ്പെടുത്തലുകൾ യാത്രയിലൂടനീളം ഞങ്ങളുടെ കാഴ്ചകളിൽ വന്നുകൊണ്ടിരുന്നു.
ഒമ്പതാം നിലയിലെ അപ്പാർട്ട്മെൻറ് നല്ല സൗകര്യങ്ങളുള്ളതാണ്. ഏതാനും മാസങ്ങൾക്കുമുമ്പുവരെ സുഹൈർ കുടുംബസമേതം താമസിച്ച സ്ഥലം. കുടുംബം നാട്ടിലേക്കു പോയപ്പോൾ മുഹമ്മദലിയും പി.ജി. വിദ്യാർഥിയായ മുഫീദും ഇങ്ങോട്ട് താമസം മാറ്റിയതാണ്. സെൽജുക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ് കോഴിക്കോട്ടുകാരനായ മുഫീദ്. അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽനിന്ന് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൊനിയ നഗരം കാണാം.
തികച്ചും സൗജന്യമായോ നാമമാത്രമായ ഫീ ഈടാക്കിയോ അതിന്റെ തനിമയാർന്ന പശ്ചാത്തലത്തിൽ മൗലാനാ സൂഫിധാരയുടെ അനുധാവകർ സമ അവതരിപ്പിക്കുന്നത് കാണാനായി എന്നതുതന്നെയായിരുന്നു തുർക്കിദിനങ്ങളിലെ പ്രധാന സന്തോഷങ്ങളിലൊന്ന്.
ഒരുകാലത്ത് തുർക്കിയുടെ മൊത്തം കേന്ദ്രമായിരുന്നു ഈ നഗരം. തുർക്കി എന്ന പദം പോലും നമുക്ക് ലഭിക്കുന്നത് ഈ നഗരത്തിന്റെ അധിപരായിരുന്ന സെൽജുക്കുകളെക്കുറിച്ചുള്ള ആദ്യവിവരണങ്ങളിൽ നിന്നാണ്. ബൈസന്റൈൻ സാമ്രാജ്യത്തിൽനിന്ന് ഒട്ടോമൻ സാമ്രാജ്യത്തിലേക്കുള്ള അനത്തോളിയയുടെ പരിണാമത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെപോയ ഭരണകൂടവും നഗരവും. 13-ാം നൂറ്റാണ്ടിന്റെ പകുതിയിൽ മിക്കവാറും സാമ്രാജ്യങ്ങളെല്ലാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ വികാസത്തിന്റെയും സമ്പത്തിന്റെയും അത്യുന്നതിയിലായിരുന്നു അനത്തോളിയൻ സെൽജുക്കുകളെന്ന് ആ സമയത്ത് അവിടം സന്ദർശിച്ച ഡൊമിനിക്കൻ ഫ്രയറായ സൈമൺ ദ സെൻറ്- ക്വെന്റന്റെ വിവരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ യാത്രയുടെ അവ്യക്തമായ ഒരു ധാരണ രൂപപ്പെടുത്തുന്ന സമയത്ത് കൊനിയയിൽ ഒരു രാത്രി തങ്ങിയാൽ മതി എന്ന ആലോചന ഈ സംസ്‌കാരത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നായിരുന്നു. ആ സംസ്‌കാരികവൈവിധ്യത്തിന്റെ വിവിധ അടരുകളന്വേഷിച്ച്, ആസ്വദിച്ച് രണ്ട് രാത്രിയും മൂന്ന് പകലും ഞങ്ങളവിടെ ഒഴുകിനടന്നു, അവസാനം.
കുളിച്ച് ഫ്രഷായി പെട്ടെന്ന് ഇറങ്ങേണ്ടതുണ്ട്. പാരമ്പര്യത്തിൽ ഊന്നിയുള്ള ദർവീശുകളുടെ സമ അരങ്ങേറാൻ അധികസമയമില്ല. ട്രാമുകൾ മാറിക്കേറി ഒരു മണിക്കൂറിലധികം യാത്രചെയ്യണം സമ അരങ്ങേറ്റം നടക്കുന്ന റൂമിയുടെ ആധുനിക സ്മാരകത്തിലേക്ക്. പുതുതായി എത്തിപ്പെട്ട നഗരത്തിന്റെയും ആദ്യമായി കണ്ട മനുഷ്യരുടെയും അപരിചിതത്വം മറികടന്ന് സംസാരിച്ചുകൊണ്ടിരുന്ന ഹക്കീം മാഷ് വളരെപ്പെട്ടെന്ന് മുഫീദുമായും സുഹൈറുമായും ചങ്ങാത്തം സ്ഥാപിച്ച് എത്രയോ വർഷമായി ഒന്നിച്ചുതാമസിക്കുന്നവരെപ്പോലെ പെരുമാറാൻ തുടങ്ങിയിരുന്നു. ദിവസങ്ങളായി വീടുവിട്ട ഞങ്ങൾക്ക് വീടിന്റെ സ്വസ്ഥത നൽകുന്നതായിരുന്നു ആതിഥേയരുടെ സ്വീകരണങ്ങളും വർത്തമാനങ്ങളും. നാടിന്റെയും മലയാളത്തിന്റെയും ഓളങ്ങൾ തിരിച്ചുകിട്ടിയതിന്റെ സ്വാസ്ഥ്യം ആതിഥേയർക്കുമുണ്ടായിരുന്നു.
മുഹമ്മദലി തുർക്കിച്ചായയുണ്ടാക്കി പാരമ്പര്യമട്ടിൽ വിളമ്പി. ദീർഘയാത്ര ചെയ്‌തെത്തിയ ഞങ്ങളെ കൊനിയയുടെ വേറിട്ട സംസ്‌കാരത്തിലേക്ക് നയിക്കുന്നതായിരുന്നു ആ ചായ.
ഞങ്ങളെത്തുമ്പോഴേക്ക് സമ തുടങ്ങിയിരുന്നു. വിശേഷമായ ആർക്കിടെക്ചറിലുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ് സമ അരങ്ങേറുന്നത്. ഗ്രീക്കോ റോമൻ പാരമ്പര്യത്തിലെ ആംഫി തിയേറ്ററുകളെ ഓർമിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ. അതിനു നടുക്കായുള്ള പ്രതലത്തിലാണ് കറങ്ങുന്ന ദർവീശുകൾ വന്നുനിരക്കുന്നത്. പശ്ചാത്തലത്തിൽ സൂഫി പാരമ്പര്യത്തിലെ നിഗൂഢസൗന്ദര്യമുള്ള സാഹിത്യം ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ആലപിക്കുന്നു. ഏറ്റവും ആധുനികമായ ഒരു ഓർക്കസ്ട്രയെ ഓർമിപ്പിക്കുമെങ്കിലും മൊത്തത്തിലുള്ള ആവിഷ്‌കാരത്തിൽ അത് പാരമ്പര്യമട്ട് വിടുന്നേയില്ല. സൂഫി സംഗീതത്തിന്റെയും നൃത്തത്തിന്റെയും ധ്യാനാത്മക അനുഭവം സൃഷ്ടിക്കാൻ കെട്ടിടത്തിന്റെ വാസ്തുശില്പഘടനയടക്കം അവിടെ ഒരുക്കിവെച്ച ഓരോ കാര്യങ്ങളും ആസ്വാദകരെ സഹായിക്കും. കറുത്ത വേഷം ധരിച്ച ഗുരുവിനടുത്തെത്തി പ്രതീകാത്മക അനുഗ്രഹം വാങ്ങുന്ന വെള്ളയുടുപ്പിട്ട ദർവീശുകൾ സ്വിച്ചിട്ടാലെന്നവണ്ണം കറങ്ങാൻ തുടങ്ങുകയും അത്ഭുതകരമായ വേഗമാർജിച്ച് ഒന്നിനുപിറകെ ഒന്നായി കളംനിറഞ്ഞ് പരക്കാൻ തുടങ്ങുകയും ചെയ്യുന്നു. കുട്ടികൾ മുതൽ വയോധികർ വരെ അണിനിരക്കുന്ന ഈ നൃത്തധ്യാനത്തിൽ അവരുടെ ചടുലതയ്ക്കും മന്ദഗതിക്കുമിടയിലെ സംഗീതാത്മകമായ ചുവടുകൾ ആത്മികതയുടെ മറ്റൊരു തലത്തിലേക്ക് നമ്മെ ആവാഹിക്കുന്നു.
ഇസ്ലാമികചരിത്രത്തിലെ ഏറ്റവും കോൺട്രവേഴ്‌സ്യലായ സൂഫിചിന്തകൻ ഇബ്‌നു അറബിയുടെ ഇടത്താവളം കൂടിയായിരുന്നു ഈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ.
13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മൗലാനാ ജലാലുദ്ദീൻ റൂമിയുടെ ഓർമയ്ക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥാപിച്ചതാണ് മൗലാനാ കൾച്ചറൽ സെന്റർ. അദ്ദേഹം തുടക്കം കുറിച്ച സൂഫിധാര മൗലാന ത്വരീഖത്ത് എന്ന പേരിൽ തുർക്കിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്നും പ്രചാരത്തിലുണ്ട്. ദൈവസ്മരണാർഥമുള്ള അവരുടെ പ്രധാന ആചാരങ്ങളിലൊന്നാണ് ഈ നൃത്തം. ഖുർആനിൽനിന്നും മറ്റു മതഗ്രന്ഥങ്ങളിൽനിന്നുമുള്ള പ്രാർഥനയുടെയും വചനങ്ങളുടെയും അകമ്പടിയോടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ധ്യാനനൃത്തം ഇപ്പോഴും റൂമിയുടെ കവിതകൾ പോലെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
റൂമി കണ്ട ദൈവ- മത- ആത്മിക ലോകങ്ങളെ മനസ്സിലാക്കാതെ, അദ്ദേഹം പ്രധാനമായും എഴുതിയിരുന്ന പേർഷ്യൻ ഭാഷ പോലും പഠിക്കാതെ അദ്ദേഹത്തിന്റെ കവിതകളുടെ പരിഭാഷകളെന്ന പേരിൽ പുറത്തുവന്ന രചനകളാണ് ഇപ്പോഴും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പോപ്പുലറായ Coleman Barks ന്റെ നിരവധി ‘റൂമി രചനകൾ' ഒരുദാഹരണം.
സമ എന്ന നൃത്തത്തിനും ഈ പരിതാപകരമായ പരിണതിയുണ്ട്. പലപ്പോഴും ടൂറിസ്റ്റുകളെ ആകർഷിക്കാനായി മാത്രം ഇസ്താംബൂൾ പോലുള്ള പ്രധാന നഗരങ്ങളിൽ വേളിങ് ദർവീശ് നൃത്തങ്ങൾ അരങ്ങേറാറുണ്ട്. കച്ചവടവത്കൃതമായ ഇത്തരം പെർഫോമൻസുകൾ കാണാൻ നൂറും ഇരുനൂറും ലിറ ഈടാക്കുന്നതിനുപുറമെ അതിന്റെ ആധ്യാത്മികസൗന്ദര്യം കൂടി ഊറ്റിയെടുത്ത് വെറും ഷോബിസിനസിന്റെ പ്രതിബിംബങ്ങൾ മാത്രമായിത്തീർന്നിട്ടുണ്ട്. എന്നാൽ തികച്ചും സൗജന്യമായോ നാമമാത്രമായ ഫീ ഈടാക്കിയോ അതിന്റെ തനിമയാർന്ന പശ്ചാത്തലത്തിൽ മൗലാനാ സൂഫിധാരയുടെ അനുധാവകർ സമ അവതരിപ്പിക്കുന്നത് കാണാനായി എന്നതുതന്നെയായിരുന്നു തുർക്കിദിനങ്ങളിലെ പ്രധാന സന്തോഷങ്ങളിലൊന്ന്.
മനസ്സുകളെ നന്നായി റ്റ്യൂൺഡാക്കി അല്പമൊരു അതിഭൗതികമൂഡ് സൃഷ്ടിക്കാൻ സമ പെർഫോമൻസിന് സാധിക്കുന്നു. മന്ദമായി ആരംഭിക്കുന്നതുപോലെ ഓരോ ദർവീശുകളായി പതിയെ കറക്കം ശമിച്ചടങ്ങുന്നു. അല്പസമയത്തിനുശേഷം ചെറിയ ഭാവവ്യത്യാസമുള്ള സംഗീതത്തിനൊപ്പിച്ച് പിന്നെയും കറങ്ങാൻ തുടങ്ങുന്നു. ഒടുക്കം പ്രാർഥനയോടെ പരിപാടി അവസാനിക്കുമ്പോൾ കണ്ടിരിക്കുന്നവരും ആ കെട്ടിടമാകെയും ദർവീശുകളെപ്പോലെ കറങ്ങിനടക്കാൻ തുടങ്ങും.
കെട്ടിടത്തിൽ നിറഞ്ഞുനിൽക്കുന്ന അതിമനോഹരമായ കാലിഗ്രഫികൾ ആസ്വദിച്ച് കണ്ടുതീർക്കാൻ ഒരുദിവസം മതിയാകില്ല. സംഗീതം പോലെ, നൃത്തം പോലെ, സംഗീത- നൃത്ത- ധ്യാനം പോലെ, ആസ്വാദനത്തിന്റെ നിഗൂഢ കാവ്യാത്മകതകളിലെക്ക് നമ്മെ കൊണ്ടുപോകുന്നതാണ് അറബി അക്ഷരങ്ങൾ വ്യത്യസ്ത കലാമാതൃകകളിൽ ആവിഷ്‌കരിക്കുന്ന കാലിഗ്രഫി. വിശ്വപ്രസിദ്ധരായ നിരവധി കാലിഗ്രഫേഴ്‌സിന്റെ ക്ലാസിക് വർക്കുകൾ സ്മാരകത്തിലെമ്പാടും പ്രദർശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ താഴെത്തട്ടിലിറങ്ങിയാൽ ദർവീശുകളുമായി ബന്ധപ്പെട്ട പലയിനം സുവനീറുകളും കാലിഗ്രഫികളും വാങ്ങാൻ കിട്ടും. ചുരയ്ക്കാത്തൊണ്ടുകൊണ്ടുള്ള പലതരം നിർമിതികൾ, കളിമണ്ണിൽ തീർത്ത വസ്തുക്കൾ, മരത്തിൽ കൊത്തിയ കാലിഗ്രഫികൾ എന്നിവ പുതുമ തോന്നിച്ചു.
പകലിനെക്കാൾ തണുപ്പുണ്ടായിരുന്നു കൊനിയയിലെ രാത്രിയ്ക്ക്. സമ സെന്ററിനുപുറത്ത് കുറച്ചധികം സമയം ചെലവഴിച്ചാണ് ഞങ്ങൾ മടങ്ങിയത്. കെട്ടിടത്തിനുള്ളിലുള്ളതിനേക്കാൾ വിശാലമായ ഓപ്പൺ ആംഫി തിയറ്റർ പുറത്തുണ്ട്. അവിടെ വെറുതെയിരുന്നാൽത്തന്നെ ഒരു സുഖമുണ്ട്. സെൽജൂക്കിയൻ ഓർമകളെയും സംസ്‌കാരത്തെയും രാത്രിയുടെ കുളിരിൽ ആ ആംഫി തിയറ്ററിൽ കൊനിയ നമ്മെ അനുഭവിപ്പിക്കുന്നു. ദൈവാനുരാഗികളുടെ ആത്മീയകേന്ദ്രമായിരുന്നല്ലോ ഏഴെട്ട് നൂറ്റാണ്ടുമുമ്പ് ഈ നഗരം.
ജ്ഞാന - കാവ്യപാരമ്പര്യമുള്ള കൊനിയ എന്ന നഗരത്തിൽ, റൂമിയുടെ മസ്‌നവിയിൽനിന്നുള്ള ആത്മജ്ഞാനത്തിന്റെ വിത്തുകൾ ചിതറിക്കിടപ്പുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള അറിവന്വേഷകരുടെ ലക്ഷ്യസ്ഥാനമായ ആധുനിക വിദ്യാഭ്യാസനഗരം കൂടിയായി തുടരുന്നു.
ആത്മജ്ഞാനികളും കവികളുമായ ഷംസ് അൽ തബ്രീസിയുടെയും മൗലാനാ ജലാലുദ്ദീൻ റൂമിയുടെയും മുല്ലാ നസറുദ്ദീന്റെയുമെല്ലാം കഥകളാണ് നഗരം പലപ്പോഴും അയവിറക്കുന്നതെങ്കിലും പറയപ്പെടാതെപോയെ എത്രയോ കഥകളുടെ മാസ്മരികലോകമുണ്ട് ഈ നഗരത്തിന്. ഇസ്ലാമികചരിത്രത്തിലെ ഏറ്റവും കോൺട്രവേഴ്‌സ്യലായ സൂഫിചിന്തകൻ ഇബ്‌നു അറബിയുടെ ഇടത്താവളം കൂടിയായിരുന്നല്ലോ ഈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ.
ജ്ഞാന - കാവ്യപാരമ്പര്യമുള്ള കൊനിയ എന്ന നഗരം അതിന്റെ വൈജ്ഞാനിക പാരമ്പര്യം അഞ്ച് യൂണിവേഴ്‌സിറ്റികളും അനേകം കലാശാലകളുമായി ഇന്നും തുടരുന്നു. റൂമിയുടെ മസ്‌നവിയിൽനിന്നുള്ള ആത്മജ്ഞാനത്തിന്റെ വിത്തുകൾ ഇവിടെ ചിതറിക്കിടപ്പുണ്ട്. അസാധ്യമായ സംഗീതത്തിന്റെ ആഴം തൊടുന്ന ധാരകളുണ്ട്. കറങ്ങുന്ന ദർവീശുകളുടെയും അതീന്ദ്രിയജ്ഞാനികളായ സൂഫി ഗുരുക്കന്മാരുടെയും ലോകത്തെങ്ങും നിന്നുള്ള തീർഥാടകരുടെയും അന്വേഷണസ്ഥലമായ ഈ നഗരം, ഇതൊക്കെയുള്ളപ്പോൾത്തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള അറിവന്വേഷകരുടെ ലക്ഷ്യസ്ഥാനമായ ആധുനിക വിദ്യാഭ്യാസനഗരം കൂടിയായി തുടരുന്നു.
തിരിച്ചെത്തിയപ്പോഴേക്കും മുഫീദ് അത്താഴത്തിനുള്ള വിഭവങ്ങൾ സംഘടിപ്പിച്ചിരുന്നു. കൊനിയയുടെ സ്വതസിദ്ധമായ പീഡെ കൊനിയ. വലിയ പാത്രത്തിൽ ഐറനും കരുതിയിരുന്നു. എല്ലാംകൂടി കഴിച്ചുതീരുമോ എന്നു തോന്നിയെങ്കിലും നിലത്ത് വട്ടത്തിലിരുന്ന് ഏതാനും മിനിറ്റുകൾക്കകം അത് തീർന്നതറിഞ്ഞില്ല.
പുലരുവോളം സംസാരിച്ചിരുന്നെങ്കിലും ഒട്ടോമൻ കാലത്തിനുമുമ്പുള്ള നഗരത്തിന്റെ ചരിത്രങ്ങളന്വേഷിക്കാനും റൂമിയുടെ ശവകുടീരം കാണാനുമുള്ള ആവേശത്തിനിടയിൽ ഉറക്കം സഞ്ചാരികളുടെ നിതാന്തശത്രുവാണെന്ന് തോന്നി. സമയുടെ ധ്യാനപരതയെ വെല്ലുന്ന തരത്തിലായിരുന്നു അടുത്ത ദിവസം കണ്ട അപ്രതീക്ഷിത നഗരക്കാഴ്ചകൾ. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.