തുര്‍ക്കി : അത്താത്തുര്‍ക്കില്‍ നിന്നും ഉര്‍ദുഗാനിലേക്കുള്ള ദൂരം

മുസ്​ലിംകൾ ന്യൂനപക്ഷമായ മതേതരഇന്ത്യയിൽനിന്ന് വ്യത്യസ്തമായി വലിയൊരു ചരിത്രമുണ്ട് ബാങ്കുവിളിക്ക്, മുസ്​ലിംകൾ ഭൂരിപക്ഷമായ തുർക്കിയിൽ. സുലൈമാനിയെയിൽനിന്ന് ഞങ്ങൾ ആദ്യം കേട്ട ആ ബാങ്കുവിളി തീരുന്നതിനുമുമ്പുതന്നെ ഞങ്ങളക്കാര്യം ഓർത്തു. തുർക്കിയിലെങ്ങും ബാങ്കുവിളി നിരോധിക്കപ്പെട്ട ഒരു ഇടക്കാലമുണ്ടായിരുന്നു. 1923-മുതൽ 1986-വരെയുള്ള ആറ് പതിറ്റാണ്ടുകളിൽ.

തുർക്കിയിൽ വന്നിറങ്ങിയ ആദ്യദിനങ്ങളിൽത്തന്നെ ഞങ്ങളെ വരവേറ്റ ശ്രദ്ധേയമായ ഒരു കാര്യം തൊട്ടടുത്ത സുലൈമാനിയെ പള്ളിയിൽനിന്നുള്ള സംഗീതസാന്ദ്രമായ ബാങ്കുവിളികളായിരുന്നു. യാത്രയിലുടനീളം പല നഗരങ്ങളിലായി, ഗ്രാമങ്ങളിലായി സമാനമായ ബാങ്കൊലികൾ ഞങ്ങളെ പൊതിഞ്ഞുകൊണ്ടിരുന്നു. അഞ്ചുനേരങ്ങളിൽ പള്ളികളിൽനിന്നുള്ള ഈ പ്രാർഥനാപ്രഖ്യാപനങ്ങൾ കാലങ്ങളെയും ദേശങ്ങളെയും മറികടന്ന്, തനതായ ചരിത്രവും വിവിധ പാരമ്പര്യങ്ങളും ചുമന്നാണ് നമ്മുടെ ചെവികളിലെത്തുന്നത്. യുവതുർക്കികൾക്ക് മുമ്പ് ഒട്ടോമൻസും സെൽജൂക്കുകളും അവിടെനിന്ന് ഇറാനിലേക്കും അറബ് ദേശങ്ങളിലേക്കും പിന്നോട്ടു പരക്കുന്നു അവയുടെ സംഗീതാത്മകതവഴികൾ.

മുസ്​ലിംകൾ ന്യൂനപക്ഷമായ മതേതരഇന്ത്യയിൽനിന്ന് വ്യത്യസ്തമായി വലിയൊരു ചരിത്രമുണ്ട് ബാങ്കുവിളിക്ക്, മുസ്​ലിംകൾ ഭൂരിപക്ഷമായ തുർക്കിയിൽ. സുലൈമാനിയെയിൽനിന്ന് ഞങ്ങൾ ആദ്യം കേട്ട ആ ബാങ്കുവിളി തീരുന്നതിനുമുമ്പുതന്നെ ഞങ്ങളക്കാര്യം ഓർത്തു. തുർക്കിയിലെങ്ങും ബാങ്കുവിളി നിരോധിക്കപ്പെട്ട ഒരു ഇടക്കാലമുണ്ടായിരുന്നു. 1923-മുതൽ 1986-വരെയുള്ള ആറ് പതിറ്റാണ്ടുകളിൽ. മുസ്തഫ കമാൽ അത്താത്തുർക്കിന്റെ ആശയങ്ങളുടെ പ്രഭാവകാലമായ അക്കാലത്ത് പരസ്യമായ ബാങ്കുവിളി രാജ്യത്ത് എവിടെയും പാടില്ലായിരുന്നു. സർവത്ര പള്ളികളും ബാങ്കുകളും നിറഞ്ഞ എർദുഗാന്റെ ഇന്നത്തെ തുർക്കിയിൽ അങ്ങനെയൊരു നിശബ്ദ ഗതകാലമുണ്ടായിരുന്നു എന്ന് ചിന്തിക്കാൻപോലും പ്രയാസമാണ്.

സുലൈമാനിയെ പള്ളി. / Photo : Wikimedia Commons

ഉർദുഗാനും അത്താത്തുർക്കും തമ്മിലുള്ള വ്യത്യാസങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ തുർക്കിയെന്ന ദേശവും സമൂഹവും കടന്നുപോയ സാമൂഹ്യവും സാംസ്‌കാരികവും ബൗദ്ധികവുമായ അജഗജാന്തരങ്ങളുടെ പ്രതിഫലനം കൂടിയാണ്. ആധുനികത, പാരമ്പര്യം, മതാത്മകത, തീവ്രമതേതരത്വം തുടങ്ങി സമൂലമായ പരിവർത്തനങ്ങൾ രണ്ടുപേരും എടുത്ത രാഷ്ട്രീയ നിലപാടുകളിൽ വ്യക്തം. അവയുടെ പരിണിതികൾ ടർക്കിഷ് ജനത പല തരത്തിൽ ഭൂതത്തിലും വർത്തമാനത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കൊനിയൻ വിശേഷങ്ങളിൽ മുഴുകിയിരിക്കെ സെൽജുക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ മുഫീദ് ഞങ്ങളെ ഒരു കാര്യം ഓർമ്മിപ്പിച്ചു: ഇസ്താംബൂളിലും കൊനിയയിലും കാണുന്ന തുർക്കിയല്ല ഇസ്​മിർ, ഫാതിഹ് തുടങ്ങിയ നഗരങ്ങളിൽ. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പല സഞ്ചാരികളെയും കൂട്ടി തുർക്കി മുഴുവൻ ചുറ്റിക്കറങ്ങിയ ആളാണ് മുഫീദ്. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവൻ പറയുന്നത്. കൊനിയയിൽ സൂഫി ഇസ്​ലാമിന്റെയും ഇസ്താംബൂളിൽ ഓട്ടോമൻ ഖലീഫാ പാരമ്പര്യത്തിന്റെയും സാംസ്‌കാരികധാരകൾ സജീവമാകുമ്പോൾ ഇസ്മിർ പോലുള്ള നഗരങ്ങളിൽ അത്താത്തുർക്ക് രൂപപ്പെടുത്തിയ മതേതര യൂറോപ്യൻ സ്വാധീനമാണ്. പള്ളികളും ഇസ്​ലാമികവേഷ- അനുഷ്ഠാന പ്രതിബിംബങ്ങളും ഈ നഗരങ്ങളിൽ കുറയും. പകരം ഒരു പടിഞ്ഞാറൻ നഗരത്തെ ഓർമിപ്പിക്കുന്ന രീതിയിൽ തെരുവുകൾ വ്യത്യസ്തമായി നിൽക്കുന്നതുകാണാം.

ഇസ്മിർ പോലുള്ള നഗരങ്ങളിൽ അത്താത്തുർക്ക് രൂപപ്പെടുത്തിയ മതേതര യൂറോപ്യൻ സ്വാധീനമാണ്. / Photo : Wikimedia Commons

നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന ഇസ്​ലാമികമായ ഒരു സാംസ്‌കാരിക അടിത്തട്ടുണ്ട് തുർക്കിക്ക്. മുഹമ്മദ് നബിയുടെ കാലംവരെ പിറകിലോട്ട് പോകുന്നതാണ് ആ പാരമ്പര്യം. പ്രവാചകന്റെ അനുചരനായിരുന്ന അയ്യൂബുൽ അൻസാരി ഇസ്താംബൂളിലെത്തി മതപ്രചാരണത്തിന് നേതൃത്വം നൽകിയെന്നാണ് പരക്കെയുള്ള വിശ്വാസം. ഇന്നും തുർക്കിയിൽ ഏറെ ആദരവോടെ അനുസ്മരിക്കപ്പെടുന്ന അദ്ദേഹത്തെ സുൽത്താൻ എന്ന ആദരനാമത്തോടെയാണ് എല്ലാവരും വിശേഷിപ്പിക്കുക. ഇസ്താംബൂളിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ സ്മൃതികുടീരം വലിയ തീർഥാടനകേന്ദ്രമാണ്.

ഭരണാധികാരിയല്ലാതിരുന്നിട്ടും സുൽത്താനായി വാഴ്ത്തപ്പെടുന്ന അയ്യൂബ് അടിത്തറ പാകിയ ഇസ്​ലാമികചേതനയുടെ പുറത്താണ് സെൽജുക്കുകളും കറമാനിദുകളും ഒട്ടോമൻസും ശക്തമായ മതചിഹ്നങ്ങളിലധിഷ്ഠതമായ ഒരു ചരിത്രദിശ പടുത്തുയർത്തിയത്. ഇതിനെ പൂർണമായും തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റിയാണ് അത്താതുർക്ക് പുതിയ തുർക്കി പണിയുന്നത്, 1920 കളോടെ.
അതുവരെ വ്യാപകമായി നിലവിലുണ്ടായിരുന്ന മതസ്വഭാവമുള്ള വ്യവസ്ഥകളും സ്ഥാപനങ്ങളും ചിഹ്നങ്ങളുമെല്ലാം അദ്ദേഹം എടുത്തുകളഞ്ഞു. പകരം പാശ്ചാത്യശൈലികൾ നിർബന്ധപൂർവം നടപ്പിലാക്കി. അത്താതുർക്ക് തൊടുത്തുവിട്ട ഈ പരിഷ്‌കരണപ്രവണതകൾ കൂടുതൽ തീവ്രതയോടെ അദ്ദേഹത്തിന്റെ പിൻഗാമികൾ നടപ്പിലാക്കി. മതേതരത്വത്തിന്റെ തീവ്രത എങ്ങനെയാല്ലാം ഒരു ജനതയെ മാറ്റിക്കളയാം എന്നതിന്റെ വലിയ നിദർശനങ്ങളായിരുന്നു തുടർന്നങ്ങോട്ട്. രാജാവിനെക്കാളും വലിയ രാജഭക്തിയെന്ന പോലെ അത്താതുർക്കിനെ കടത്തിവെട്ടുന്ന തരത്തിൽ തുടർന്നുവന്ന രാഷ്ട്രത്തലവന്മാർ തീവ്രമതേതര പരിഷ്‌കാരങ്ങൾ നടപ്പിലാക്കി.

ചെറിയൊരുദാഹരണം പറയാം. ഈയടുത്ത കാലംവരെ ശിരോവസ്ത്രം ധരിച്ച സ്ത്രീകൾക്ക് ഗവൺമെൻറ്​ ഉദ്യോഗങ്ങളൊന്നും ചെയ്യാൻ പാടില്ലായിരുന്നു. എന്നുമാത്രമല്ല, ഹിജാബ് ധരിച്ചവരാർക്കും സർക്കാർ ഓഫീസുകളിലോ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിലോ കയറാൻ പോലും അനുവാദമുണ്ടായിരുന്നില്ല. അവിടങ്ങളിൽ പ്രവേശിക്കും മുമ്പ് ഹിജാബ് അഴിക്കണം. അഴിക്കാൻ സന്നദ്ധമല്ലെങ്കിൽ ജീവിതത്തിലൊരിക്കലും നിങ്ങൾക്കവിടെ കയറാനാകില്ല. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും മതം പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമൊഴിച്ച് ആർക്കും ഹിജാബ് ധരിക്കാനും പാടില്ലായിരുന്നു.

​ Edit media അങ്കാറയിൽ അത്താത്തുർക്ക് സ്മാരകത്തിൽ ടർക്കിഷ് നയതന്ത്രജ്ഞനായ ഒനറും കെമിക്കൽ എഞ്ചിനീയറായ ഭാര്യ സൈനബും ഞങ്ങളോടൊപ്പം ​

ഇത്തരം കർക്കശനിലപാടുകൾ തൊണ്ണൂറ്റൊമ്പത് ശതമാനവും മുസ്​ലിംകളുള്ള ഒരു രാജ്യത്താണ് നടപ്പാക്കിയത് എന്നോർക്കണമെന്ന്, അങ്കാറയിലെ അത്താതുർക്കിന്റെ ശവകുടീരസമുച്ചയത്തിലൂടെ നടക്കുന്നതിനിടയിൽ ടർക്കിഷ് നയതന്ത്രജ്ഞനായ ഒനറും കെമിക്കൽ എഞ്ചിനീയറായ ഭാര്യ സൈനബും ഊന്നിപ്പറഞ്ഞു. രണ്ടാളും മതചിഹ്നങ്ങൾ വേഷവിതാനങ്ങളിൽ പിന്തുടരുന്നവരല്ല. എങ്കിലും ഇത്തരം നടപടികളിലെ തീവ്രമതേതരത്വം പ്രശ്‌നബന്ധിതമായിരുന്നു എന്ന് ആലോചിക്കുന്നവരാണ്. അത്താതുർക്കിന്റെ ഭാര്യ ഹിജാബ് ധരിച്ചിരുന്നു എന്ന് രണ്ടുപേരും അയവിറക്കി. അതിനാൽ, അത്താതുർക്കിനെക്കാളേറെ അയാളുടെ ഐഡിയോളജി പിന്തുടർന്നുവന്നവരുടെ കാർക്കശ്യങ്ങളാണ് തുർക്കിയെ സമൂലമായി മാറ്റിയതെന്നാണ് അവരുടെ പക്ഷം.

അത്താതുർക്കും അനുയായികളും ഇതുപോലെ മതപരമായ നിരവധി സമൂലപരിവർത്തനങ്ങൾ കൊണ്ടുവന്നു. മതം പഠിപ്പിക്കുന്ന മദ്രസകളും സൂഫിധ്യാനകേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇസ്​ലാമികനിയമത്തിനുപകരം ഫ്രഞ്ച് സിവിൽ കോഡും ഇറ്റാലിയൻ, സ്വിസ്, ജർമൻ മാതൃകയിലുള്ള നിയമവ്യവസ്ഥകളും കൊണ്ടുവന്നു. തൊപ്പിക്കുപകരം യുവാക്കൾക്ക് യുറോപ്യൻ ഹാറ്റ് നിർബന്ധമാക്കി. പരസ്യമായ ബാങ്കുവിളി നിരോധിച്ചു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ തീവ്രമതേതരത്വത്തിന് അയവുവന്നിട്ടുണ്ട്. വിശിഷ്യാ, എർദുഗാന്റെ ആഗമനത്തിനുശേഷം. അദ്ദേഹം നടത്തുന്ന പുതിയ തിരിച്ചുനടത്തങ്ങൾ മതാത്മകതയും മതേതരത്വവും തമ്മിലുള്ള ഒരു സമ്മിശ്രണം നൽകുന്നു, പുറത്തുനിന്നുള്ള നിരീക്ഷകർക്കും സന്ദർശകർക്കും.

വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഹിജാബ് പോലുള്ള മതചിഹ്നങ്ങളുടെ അനുധാവനത്തിൽ കാണുന്ന വളരെ വിപരീത സമീപനങ്ങൾ ഓരോ പ്രദേശത്തിന്റെയും പ്രത്യയശാസ്ത്രപരമായ ചായ്വുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കിത്തന്നുവെന്ന് തോന്നുന്നു.

ഒർഹാൻ പാമുക്ക്. / Photo : Wikimedia Commons

കൊനിയ, ഇസ്മീർ എന്നീ രണ്ട് നഗരങ്ങളെടുത്താൽ മനസ്സിലാക്കാം തുർക്കിയെന്ന ജനതയുടെ സാംസ്‌കാരികവും മതപരവുമായ അന്തഃസംഘർഷങ്ങൾ. തുർക്കിയിലെ എല്ലാ പുരാതന നഗരങ്ങളെയുംപോലെ ഇരുപട്ടണങ്ങളിലും പല കാലങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഈടുവെപ്പുകൾ അടരടരായി കിടപ്പുണ്ട്. ഒർഹാൻ പാമുക്ക് നഗരത്തിന്റെ ഓർമകളിൽ വിവരിക്കുന്നതുപോലെ കാലങ്ങളിലൂടെയുള്ള നഗരങ്ങളുടെ സഞ്ചാരങ്ങളെ അതിന്റെ അവശേഷിപ്പുകളിൽനിന്ന് വായിച്ചെടുക്കുക എളുപ്പമല്ല.

കൊനിയയെക്കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ വിശദമായി പറഞ്ഞല്ലോ. ചരിത്രത്തിന്റെ വിശാലമായ ക്യാൻവാസിൽ ഹ്രസ്വകാലം മാത്രം ജ്വലിച്ചുനിന്ന രാജ്യതലസ്ഥാനവും ലോകശ്രദ്ധ നേടിയ സാംസ്‌കാരിക കേന്ദ്രവുമായിരുന്നു. ഇറാനിൽനിന്ന് ശംസും അഫ്ഗാനിസ്താനിൽനിന്ന് ജലാലുദ്ദീൻ റൂമിയും എത്തിച്ചേർന്നതുപോലെ പല കാലങ്ങളിൽ ആത്മികാന്വേഷണങ്ങളുമായി മനുഷ്യർ ഇവിടെ എത്തിച്ചേരാൻ ശ്രമിച്ചു. ഇന്നും ആ യാത്രകൾ തുടരുന്നു. യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും ഇറാനിൽനിന്നും പാകിസ്ഥാനിൽനിന്നും ഓസ്‌ട്രേലിയയിൽ നിന്നുമെല്ലാം റൂമിയുടെ കവിതകളിൽ പ്രണയാതുരരായി ആയിരക്കണക്കിനാളുകൾ.

1244 നവംബർ 30-നാണ് പ്രസിദ്ധ സൂഫീ ഗുരുവായ മുഹമ്മദ് ശംസുദ്ദീൻ തബ്രീസിയും പണ്ഡിതനായ മൗലാനാ മുഹമ്മദ് ജലാലുദ്ദീൻ എന്ന റൂമിയും കണ്ടുമുട്ടുന്നത്, കൊനിയയിൽ. അന്നവർ ആദ്യമായി കണ്ട സംഗമസ്ഥാനം പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു, രണ്ടു സമുദ്രങ്ങൾ കണ്ടുമുട്ടിയ സ്ഥലം എന്ന് അർഥം വരുന്ന മജ്മഉൽ ബഹറൈൻ എന്ന പേരിൽ. ശംസ് അൽ തബ്രീസും ജലാലുദ്ദീൻ റൂമിയും ഗുരുവും ശിഷ്യനുമായി, സുഹൃത്തുക്കളായി, കമിതാക്കളായി. ഖുർആൻ മുഖ്യ സ്രോതസ്സാക്കി വിജ്ഞാനത്തിന്റെയും ദർശനങ്ങളുടെയും വലിയ അടരുകൾ തീർത്തു. ഇവരുടെ സഹവാസത്തിന്റെ ആഴം മനസ്സിലാക്കാതെ ഉപജാപക്കാർ ശംസ് അൽ തബ്രീസിനെ കുത്തി വീഴ്ത്തി എന്നാണ് പറയപ്പെടുന്നത്. ശംസ് അവിടെത്തന്നെ മരിച്ചുവീണെന്നും അല്ല, സ്വദേശമായ ഇറാനിലെത്തിയാണ് മരിച്ചതെന്നും പറയപ്പെടുന്നു. തനിക്കുള്ള ആത്മീയവെളിച്ചം പകർന്ന ശേഷം ശംസ് മറഞ്ഞുപോയി എന്നാണ് റൂമി തന്റെ കൃതികളിൽ തബ്രിസിയുടെ അപ്രത്യക്ഷമാകലിനെക്കുറിച്ചു പറയുന്നത്.

മുഹമ്മദ് ശംസുദ്ദീൻ തബ്രീസിയുടെ സൃതികുടീരം. / Photo : Wikimedia Commons

എന്തായാലും ശംസിന്റെ സ്മൃതികുടീരവും കൊനിയയിൽ നമുക്കു കാണാം. റൂമിയെ കാണാനെത്തുന്നവർ ശംസിനെയും സന്ദർശിക്കുന്നു. രണ്ടു കുടീരങ്ങൾക്കിടയിൽ അവരുടെ സംഗമസ്ഥാനം വഴിയരികിൽ ചൈതന്യമാർന്നൊരു വാസ്തുശിൽപമായി സന്ദർശകരെ ആകർഷിക്കുന്നു.

ഇവർ രണ്ടുപേരും കൊനിയയിൽ സംജാതമാക്കിയ ആത്മികസൗന്ദര്യം തേടി നൂറ്റാണ്ടുകളായി മനുഷ്യർ ഒറ്റയും തെറ്റയുമായി എത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യക്കാരനായ വിഖ്യാത ഉർദു-പേർഷ്യൻ കവി അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ഒരു ഉദാത്ത ഉദാഹരണം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉർദു കവിതകളിലൂടെ ഇന്ത്യയിലെയും പിന്നീട് പാക്കിസ്ഥാനിലെയും രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളെ പുളകംകൊള്ളിച്ച ഇഖ്ബാൽ ലാഹോറിലാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന് നമുക്കറിയാം. എന്നാൽ കൊനിയയിൽ റൂമിയുടെ ശവകുടീരസമുച്ചയത്തിൽ പല കാലങ്ങളിലുള്ള വിശിഷ്ടവ്യക്തികൾ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ വിവരണങ്ങളിലൊന്നിൽ ഉറുദു, അറബിക്, ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിലെ ചെറുവിവരണങ്ങൾക്കിടയിൽ ഇപ്രകാരം വായിക്കാം: The position was given to Muhammed Iqbal, a national poet and philosopher of Pakistan, in the spiritual presence of his mentor Mevlana.

റൂമിയെ ആത്മീയ ഗുരുവായി സ്വീകരിച്ച ഇഖ്ബാലിന് ഗുരുവിനുചാരെ അന്ത്യവിശ്രമം കൊള്ളണമെന്ന് ആഗ്രഹമുണ്ടായിരുന്നത്രെ. മൗലാനാ സൂഫീധാരയുടെ നേതൃത്വവും തുർക്കി ഭരണകൂടവും അതനുവദിക്കുകയും അദ്ദേഹത്തിനായി ഇടം മാറ്റിവെക്കുകയും ചെയ്തു. പക്ഷേ അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ അന്ത്യവിശ്രമം കൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ വിധി. അദ്ദേഹത്തിനായി മാറ്റിവെച്ച ഈ സ്ഥലം ഈ ശിലാഫലകവും വഹിച്ച് ഇപ്പോഴും അങ്ങനെ തുടരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ ആ ഭാഗം നവീകരണപ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. സന്ദർശകർക്കു പ്രവേശനമില്ല. സുഹൈർ നല്ല തുർക്കി ഭാഷയിൽ അവരോട് പറഞ്ഞു, ഇന്ത്യയിൽനിന്നുള്ളവരാണ്, ഇഖ്ബാലിന്റെ സ്മൃതികുടീരം കാണാൻ വന്നതാണ്. കാവൽക്കാരൻ ഞങ്ങൾക്ക് അങ്ങോട്ടു പ്രവേശനം നൽകി.

ഇഖ്ബാലിന്റെ പ്രതീകാത്മക ഖബറും റൂമിയുടെ ശവകുടീരസമുച്ചയത്തിൽ ഇഖ്ബാലിനെക്കുറിച്ച് ഉറുദു, അറബിക്, ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയിട്ടുള്ള ചെറുവിവരണവും

ഇതുപോലെ നിരവധി ആത്മികദാഹികൾ കൊനിയയിൽ അന്ത്യവിശ്രമം കൊള്ളാൻ ശ്രമിച്ചു. ഇഖ്ബാലിനെപ്പോലെ ചിലരുടെ ഓർമകൾക്കും ആഗ്രഹങ്ങൾക്കും പോലും ഇവിടെ സ്മൃതികുടീരങ്ങളുള്ളത് സാമ്രാജ്യങ്ങൾക്കു മായ്ക്കാൻ കഴിയാത്ത അദൃശ്യമായ ചില ഒഴുക്കുകൾ ഇന്നും സജീവമായി നിൽക്കുന്നതുകൊണ്ടാണ്.

ഇതിൽ നിന്നെല്ലാം വളരെ വിഭിന്നമാണ് ഇസ്മീർ. മലയാളി വിദ്യാർത്ഥിനി ദയസക്കീർ ആണ് നഗരത്തിലേക്ക് ഞങ്ങളെ വരവേറ്റത്. കൊനിയ വിട്ടതിനുശേഷം തുർക്കിയിലെ ഞങ്ങളുടെ അവസാന ലക്ഷ്യങ്ങളിലൊന്നായാണ് പടിഞ്ഞാറൻ അനറ്റോലിയൻ മേഖലയിൽ പെടുന്ന ഈ നഗരത്തിലെത്തിയത്. ഈജിയൻ കടൽത്തീരത്തുള്ള ഈ വ്യവസായനഗരം ഗ്രീസ്, ഏഥൻസ് നഗരങ്ങളോടൊപ്പം ഈജിയൻ മേഖലയിലെ സുപ്രധാന നഗരങ്ങളിലൊന്നുമാണ്. ഇസ്മിറിലെ കടൽത്തീരത്തുകൂടി നടക്കുമ്പോൾ കടലിന്റെ അങ്ങേക്കരയിൽ ഗ്രീസ് ഉണ്ടെന്നത് യാത്രികരെ കൊതിപ്പിക്കും. ഞങ്ങളുടെ യാത്രാപദ്ധതികളിൽ ഗ്രീസും ഉണ്ടായിരുന്നെങ്കിലും വിസാനൂലാമാലകളിൽ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഗ്രീസിന്റെയും അനറ്റോളിയൻ മേഖലകളുടെയും ചരിത്രം രണ്ടായിരം വർഷങ്ങളെങ്കിലുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. അനറ്റോലിയയിലേക്കുള്ള ഗ്രീക്കോ റോമൻ കടന്നുകയറ്റങ്ങളുടെ ചരിത്രം ആധുനിക തുർക്കി റിപ്പബ്ലിക്ക് രൂപംകൊള്ളുന്ന കാലത്തും തുടർന്നിരുന്നു. ഇസ്മിർ അടക്കമുള്ള പടിഞ്ഞാറൻ അനറ്റോലിയ കൈയടക്കാൻ സഖ്യകക്ഷികളുടെ അനുവാദത്തോടെ ഗ്രീസ് സൈനികനീക്കം നടത്തിയപ്പോൾ കമാൽ പാഷയുടെ നേതൃത്വത്തിലാണ് വിജയകരമായി അത് പ്രതിരോധിക്കപ്പെട്ടത്. പിന്നീട് ആധുനിക തുർക്കിയുടെ തലവനായ മുസ്തഫാ കമാൽ അത്താത്തുർക്കിനെ ഏറ്റവുമധികം സ്‌നേഹിക്കുന്ന തുർക്കി നഗരങ്ങളിലൊന്നായി ഇസ്മിർ.

തുർക്കിയിലെത്തുമ്പോൾ താൻ ഉർദുഗാൻ ആരാധികയായിരുന്നുവെന്ന് ദയ സക്കീർ. എന്നാൽ ഇസ്മിറിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർവരെ അത്താത്തുർക്കിനോടു കാണിക്കുന്ന സ്‌നേഹവും ആരാധനയും അദ്ദേഹത്തിന്റെ പാശ്ചാത്യരീതികളോടുള്ള കരുതലും തന്നെ മാറ്റിച്ചിന്തിപ്പിക്കുന്നതായി നിറഞ്ഞ ചിരിയോടെ അവൾ കൂട്ടിച്ചേർത്തു.

ഇസ്മിറിലെ മലയാളി വിദ്യാർത്ഥിയായ ദയസക്കീറിനൊപ്പം വി. അബ്ദുൾ ലത്തീഫ്

നൂറ്റാണ്ടുകൾ നിലനിന്ന ഭിന്നധാരകളിലുള്ള ഇസ്​ലാമികവഴികളും അത്താത്തുർക്കിന്റെ ആധുനികപാശ്ചാത്യരീതികളും തമ്മിലുള്ള സംഘർഷമാണ് ആധുനികതുർക്കിയെ നിർവചിക്കുന്നത്. വിഖ്യാതതുർക്കി എഴുത്തുകാരനായ ഓർഹൻ പാമുക്കിന്റെ മഞ്ഞ് എന്ന നോവൽ ഈ സംഘർഷങ്ങളുടെ കണ്ണാടിയായി വായിക്കാം. നോവലിലെ നായകനായ ‘കാ' സെക്കുലർ വിദ്യാഭ്യാസം ലഭിച്ച ആളാണ്. അദ്ദേഹം പന്ത്രണ്ടു വർഷത്തെ ജർമൻ ജീവിതത്തിനുശേഷമാണ് ഇസ്താംബൂളിൽ തിരിച്ചെത്തിയത്. മഞ്ഞ് എന്നു പേരുള്ള (തുർക്കിഭാഷയിൽ കാർ) നഗരത്തിലേക്ക് അയാൾ നടത്തുന്ന യാത്ര തുർക്കിയുടെ സാംസ്‌കാരിക സംഘർഷങ്ങളിലേക്കുള്ള നോട്ടങ്ങൾകൂടിയാണ്.

ശിരോവസ്ത്രം ധരിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികളുടെ തുടർച്ചയായ ആത്മഹത്യകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാ ആ നഗരത്തിലെത്തുന്നത്. മതപരമായ അഭിമാനത്തിന്റെയും മതമൗലികവാദരാഷ്ട്രീയത്തിന്റെയും ചിഹ്നമായി ശിരോവസ്ത്രം ചർച്ച ചെയ്യപ്പെടുന്നത് മഞ്ഞിൽ നമുക്കു വായിക്കാം. അത്താത്തുർക്കിന്റെ തീവ്രമതേതരവൽക്കരണശ്രമങ്ങളെ അതിജീവിച്ച് തുർക്കിയുടെ ഇസ്ലാമിക അവബോധം രാഷ്ട്രീയമായിത്തന്നെ തിരിച്ചുവരുന്നതിന്റെ ശക്തമായ സൂചനയാണ് ഈ നോവൽ.

അത്താത്തുർക്കിന്റെ പ്രഭാവത്തിനുശേഷം മങ്ങിത്തുടങ്ങിയ സെക്യുലർ രാഷ്ട്രീയത്തെ മറികടന്ന്​ ക്രമേണ മതാഭിമുഖ്യമുള്ള പാർട്ടികൾ ശക്തി പ്രാപിക്കുന്നതും 2002-ൽ അധികാരത്തിലെത്തുന്നതും ലോകം കാണുകയും ചെയ്തു. അബ്ദുള്ള ഗുല്ലിനെ തുടർന്ന് അധികാരത്തിലെത്തിയ ത്വയ്യിബ് എർദുഗാൻ മതരാഷ്ട്രീയം പറഞ്ഞാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചതെങ്കിലും അധികാരത്തിലെത്തിയ ശേഷം തുർക്കിയെ സെക്യുലർ രാഷ്ട്രമായിത്തന്നെ നിലനിർത്തും എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ഇന്ന് ഇസ്താംബൂളും ബുർസയുമൊക്കെ ഉർദുഗാന്റെ കൂടെ വൈകാരികമായിത്തന്നെ നിലയുറപ്പിക്കുമ്പോൾ പടിഞ്ഞാറൻ അനറ്റോളിയൻ പ്രദേശങ്ങൾ അത്താത്തുർക്കിന്റെ ലെഗസിയിൽ തുടരുന്നു. ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആ വ്യത്യാസം സൂക്ഷ്മമായി നമുക്ക് അനുഭവിച്ചറിയാനാകും.
ഈജിയൻ തീരത്തുള്ള ഇസ്മിറിൽ നിൽക്കുമ്പോൾ നമുക്ക് പ്രാചീനമായ എഫിസസ് നഗരത്തെ ഓർമ്മിക്കാതിരിക്കാനാവില്ല. കിഴക്കൻ റോമാസാമ്രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമായ എഫിസസ് ഇവിടെനിന്ന് വളരെ അകലെയല്ല. എഫിസസും അതിന്റെ തുറമുഖപ്രദേശമായ കുസാദാസിയും സന്ദർശിച്ച ശേഷമാണ് ഞങ്ങൾ ഇസ്മിറിലെത്തിയത്. ആ വിശേഷങ്ങൾ തുടർന്നു പറയാം. ▮

(തുടരും)



മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments