ഒരു വളവു തിരിഞ്ഞപ്പോൾ പൊടുന്നനെ കടൽത്തീരത്ത്, മലയിലേക്ക് ചാരിവെച്ച നിലയിൽ കുസാദാസി പ്രത്യക്ഷപ്പെട്ടത് അത്ഭുതകരമായ കാഴ്ചയായി.

കടലുകളിൽനിന്ന് തുർക്കി കാണുമ്പോൾ

സാമൂതിരിയടക്കമുള്ള ഇന്ത്യൻ ഭരണകേന്ദ്രങ്ങളെ സഹായിച്ചതിനുപിന്നിൽ ഒട്ടോമൻ ഭരണകൂടത്തിന് സ്വന്തമായി ഒരു അജണ്ടയുണ്ടായിരുന്നു

നറ്റോളിയൻ പ്രദേശങ്ങളിലൂടെ യാത്രചെയ്യുമ്പോൾ ഉറങ്ങരുതെന്ന് തുർക്കിയിലൂടെ പലവട്ടം യാത്രചെയ്ത സുഹൃത്തുക്കൾ ഓർമിപ്പിച്ചിരുന്നു. വിശാലമായ മേച്ചിൽപ്പുറങ്ങളും കുന്നിൻനിരകളുമൊക്കെയായി അനറ്റോളിയ സഞ്ചാരിയുടെ കണ്ണിൽ ചിത്രം വരച്ചുകൊണ്ടേയിരിക്കും. ആധുനിക മനുഷ്യനെ രൂപപ്പെടുത്തിയ കൃഷിയുടെയും കന്നുകാലിവളർത്തലിന്റെയുമൊക്കെ ആദിരൂപങ്ങൾ പിച്ചവെച്ച മഹത്തായ ഇതിഹാസങ്ങൾ ഒരോ ദൃശ്യവിരുന്നിനിടയിലും ഓർത്തെടുക്കാൻ സാധിക്കും.

ഒരു ഉച്ചമയക്കത്തോടെയാണ് ഞങ്ങൾ കുസാദാസിയിലേക്ക് വന്നുകയറിയത്. തൊട്ടുമുമ്പ് ഞങ്ങൾ തങ്ങിയ പാമുക്കാലെയിൽനിന്ന് അങ്ങോട്ട് നേരിട്ട് ബസില്ല. സെൽജുക്കെന്ന പ്രധാന ക്രോസ്‌റോഡ് നഗരത്തിൽ ബസിറങ്ങി ടെമ്പോ ട്രാവലർ പോലുള്ള, മെഴ്‌സിഡെസ് ബെൻസിന്റെ മിനിബസായിരുന്നു കുസാദാസിയിലേക്കുള്ള ഞങ്ങളുടെ തേര്. കുട്ടിബസായിരുന്നെങ്കിലും കുതിരകളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു ഓട്ടം. ഫോണും സിഗരറ്റും സഹയാത്രികരോടുള്ള സംസാരവും ഡ്രൈവറെ തിരക്കുപിടിപ്പിച്ചെങ്കിലും മണിക്കൂറിൽ നൂറ്റിപ്പത്തിനുതാഴെ വന്നില്ല ബസ്​വേഗം.

ടിപ്പുവിന്റെ സംഘം ഇസ്താംബൂളിലെത്തുന്നതിനും പത്ത് വർഷങ്ങൾക്കുമുമ്പ് അറക്കൽ ബീവിയുടെ നയതന്ത്രപ്രതിനിധികൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള പരാതികളുമായി അവിടെയെത്തിയിരുന്നു

പഴത്തോട്ടങ്ങളും പുത്തൻ ഒലീവ് തോട്ടങ്ങളും വിശാലമായ മേച്ചിൽപ്പുറങ്ങളും വിട്ട് കുറ്റിക്കാടുകൾ നിറഞ്ഞ ഊഷരഭൂമിയിലേക്ക് കയറിയപ്പോഴേക്കും ആളുകൾ മയങ്ങിത്തുടങ്ങിയിരുന്നു. വണ്ടി മെല്ലെ ഒരു മല കയറാൻ തുടങ്ങി. ഇരുവശത്തും വന്യഭാവത്തിൽ ഒലീവുകാടുകൾ. വളവുകളും തിരിവുകളും കുത്തനെയുള്ള കയറ്റവുമായി യാത്ര അല്പം വിരസമാവാൻ തുടങ്ങി. പക്ഷെ ഒരു വളവു തിരിഞ്ഞപ്പോൾ പൊടുന്നനെ കടൽത്തീരത്ത്, മലയിലേക്ക് ചാരിവെച്ച നിലയിൽ കുസാദാസി പ്രത്യക്ഷപ്പെട്ടത് അത്ഭുതകരമായ കാഴ്ചയായി. അപ്രതീക്ഷിതമായ ആംഗിളുകളിൽ ഇത്തരം അതിശയക്കാഴ്ചകൾ പൊട്ടിവീഴുന്നതിനേക്കാൾ സഞ്ചാരികളെ കോരിത്തരിപ്പിക്കുന്നതെന്തുണ്ട്.
കടൽ ഏജിയൻ, നഗരം ചരിത്രപ്രസിദ്ധമായ കുസാദാസി.

ഉറങ്ങിപ്പോയവരെ ആ കാഴ്ചകളിലേക്ക് വിളിച്ചുണർത്തിയെങ്കിലും മലകൾക്കിടയിൽ നഗരം അപ്രത്യക്ഷമായിരുന്നു. പക്ഷേ, പതിയെ മെലഞ്ചെരിവുകൾ കെട്ടിടങ്ങളും ഇടറോഡുകളും നിറഞ്ഞ നഗരമായി രൂപാന്തരപ്പെട്ടു. ഒറ്റ ഷോട്ടിൽ കടലും തീരവും നഗരവും മേളിച്ച ആ ഷോട്ട് പിന്നെയുണ്ടായില്ല.

മെഡിറ്ററേനിയൻ നാഗരികതയെക്കുറിച്ച് ഫ്രഞ്ച് ചരിത്രകാരൻ ഫെർനാൻഡ് ബ്രൊദേൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ നടത്തിയ നിരവധി നിരീക്ഷണങ്ങളെ അക്ഷരംപ്രതി സാക്ഷാത്കരിക്കുന്നതായിരുന്നു ആ നഗരക്കാഴ്ച. മലഞ്ചെരുവുകൾക്കിടയിൽ കടലിനെ അഭിമുഖീകരിച്ച് ഒരു സംസ്‌കാരം കാലാന്തരേ രൂപപ്പെടുന്നതും കരയെക്കാളേറെ കടലിന്റെ വൈജാത്യങ്ങൾ സ്വന്തം സാമൂഹ്യ, സാമ്പത്തിക, വൈയക്തിക, രാഷ്ട്രീയ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതും ബ്രൊദേൽ വിശദമായി എഴുതിയിട്ടുണ്ടല്ലോ. പർവതത്തെ ചാരി കടലിലേക്കു നോക്കിനിൽക്കുന്ന ആ നഗരം കടലിനെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്നപോലെ തോന്നിച്ചു.

പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ്, സ്പാനിഷ് ഭരണകൂടങ്ങൾ അധിനിവേശങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ലോകം കീഴടക്കാൻ നടത്തിയ ശ്രമങ്ങൾക്ക് സമാനമായി ഒട്ടോമൻ ഭരണകൂടവും അവരുടേതായ തരത്തിൽ ഒരു Age of Exploration-ന് നാന്ദി കുറിച്ചിരുന്നു.

നഗരമധ്യത്തിൽ നിർത്തിയ ബസിൽ നിന്നിറങ്ങിയ ഞങ്ങൾ ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള ഹോട്ടലിലേക്ക് നടന്നുപോകാൻ തീരുമാനിച്ചു. 400 മീറ്റർ നടന്നാൽ കടൽത്തീരത്തെത്തുമെന്നതും ബാക്കിയുള്ള ദൂരം കടലോരത്തുകൂടെയാണ് നടക്കാനുള്ളതെന്നതും പറഞ്ഞപ്പോൾ അത് പൊതുവെ ‘ടാസ്‌കി വിളിയെടാ’ എന്ന് ഇടക്കിടെ ആവേശപ്പെടാറുള്ള ഹക്കീം മാഷിനെപ്പോലും പ്രചോദിപ്പിച്ചു. കോഴിക്കോട്ടെ അറേബ്യൻ കടലാഴം ഉള്ളിൽ സൂക്ഷിക്കുന്നതായിരിക്കണം മാഷിനെ ആവേശഭരിതനാക്കിയത്.

കുസാദാസി സഞ്ചാരികൾക്കുവേണ്ടി ഡിസൈൻ ചെയ്ത ഒരു നഗരം പോലെ തോന്നി. കടലിലേക്ക് തുറക്കുന്ന ബാൽക്കണികളുള്ള നിരവധി മൾട്ടിസ്റ്റാർ ഹോട്ടലുകൾ. മധുശാലകൾ, നൃത്തശാലകൾ, ലോകം മുഴുവൻ പ്രസന്നതയോടെ വിൽക്കാൻ വെച്ച ഷോപ്പിങ് സെന്ററുകൾ, തുർക്കിയുടെ രാജകീയവും നാട്ടുരുചികളും പ്രതിഫലിപ്പിക്കുന്ന മൾട്ടി കുസീൻ ആഹാരശാലകൾ, വൃത്തിയിലും ചിട്ടയിലും നിരന്ന തെരുവുഭക്ഷണകേന്ദ്രങ്ങൾ.

ബാൽക്കണിയിൽ നിന്നുള്ള ഏജിയൻ തീര ദൃശ്യം
ബാൽക്കണിയിൽ നിന്നുള്ള ഏജിയൻ തീര ദൃശ്യം

അഞ്ചാംനിലയിലെ ഞങ്ങളുടെ ബാൽക്കണി മനോഹരമായ ഏജിയൻ തീരത്തിന്റെ സമഗ്രദർശനം സാധ്യമാക്കിയിരുന്നു. നഗരത്തിന്റെ മൊത്തം മനോഭാവത്തിന്റെ പ്രതിനിധാനമായിരുന്നു ആ ഹോട്ടലും അവിടുത്തെ കാഴ്ചകളും. കടലായിരുന്നു അവരുടെ ജീവനാഡി. ഏജിയൻ കടലിന്റെ കാറ്റും കാഴ്ചയും ആസ്വദിച്ചിരിക്കേ ദൂരെ കടലിൽ കപ്പലുകൾ. ഇത്തരമൊരു കപ്പലിലേറി അലക്​സാണ്ട്രിയയിൽനിന്ന് എഫ്യൂസസിലേക്കുവന്ന ക്ലിയോപാട്രയുടെ ചിത്രം ഞങ്ങളുടെ ഓർമകളിലേക്ക് തുളുമ്പിവന്നു.

അൽപം വിശ്രമിച്ചശേഷം കുളിച്ചു ഫ്രഷായി ഞങ്ങളെല്ലാവരും സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് മുറിയിൽ നിന്നിറങ്ങി കടൽക്കരയിലെത്തി. അന്ന് പുലരുവോളം ആ കടൽത്തീരം ഞങ്ങളെ പിടിച്ചിരുത്തുമെന്ന് ആ സമയത്ത് ഞങ്ങളൂഹിച്ചിരുന്നില്ല. വശ്യമായൊരു സൗന്ദര്യമുണ്ടായിരുന്നു ഒട്ടും തിരക്കില്ലാത്ത ആ കടൽത്തീരത്തിനെമ്പാടും. ആളുകളെങ്ങും വൈകുന്നേരമാകുന്നതോടെ ഒരു ആസ്വാദനപ്രതീതിയിൽ പരസ്പരം അലോസരപ്പെടുത്താതെ അണിനിരന്നിരുന്നു. സന്ദർശകർ മാത്രമല്ല അന്നാട്ടുകാരും ഈ കടലാനന്ദത്തിന്റെ നാദസ്വരങ്ങളായി.

ഏജിയൻ കടൽതീരത്തെ ഗിറ്റാർ വാദകർ
ഏജിയൻ കടൽതീരത്തെ ഗിറ്റാർ വാദകർ

നനഞ്ഞ മണലിലൂടെ നടന്നും കൽക്കെട്ടുകളിൽ കടലിലേക്ക് കാൽ തൂക്കിയിട്ടിരുന്നും ഞങ്ങൾ കുസാദാസിയുടെ ഭൂതവർത്തമാനങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ചെറിയ സംഘങ്ങൾ ഗിറ്റാറും വയലിനുമൊക്കെ വായിക്കുന്നു. ചെറുപ്പക്കാരും മുതിർന്നവരുമൊക്കെയുണ്ട്. ചിലരോട്, അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്​ ഞങ്ങൾ കുശലം പറഞ്ഞു. കൂട്ടത്തിൽ ഭിന്നശേഷിക്കാരായ വൃദ്ധദമ്പതിമാർ രണ്ട് ഇലക്​ട്രിക്​ വീൽചെയറിൽ അവിടെയത്തിയത് വർഷങ്ങളായി ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഹക്കീം മാഷെ അക്ഷരാർഥത്തിൽ പിടിച്ചിരുത്തി. മാഷ് അവരോട് അപരിചിതമായ ഭാഷകളിൽ സമയമെടുത്ത് ആശയവിനിമയം നടത്തി. പരസഹായമില്ലാതെ താമസസ്ഥലത്തുനിന്ന് കടൽത്തീരത്തെത്തി രാത്രി വൈകി അതുപോലെ തിരിച്ചുപോകാനുള്ള ആ ഭിന്നശേഷിസൗഹൃദാന്തരീക്ഷം മാഷെ വാചാലനാക്കി.

തുർക്കിയുടെ പൗരാണിക, മധ്യകാല, ആധുനിക ചരിത്രമെല്ലാം കടലുമായുള്ള വലിയ മൽപ്പിടുത്തങ്ങളുടെയും സഹവാസങ്ങളുടെയും ചരിത്രം കൂടിയാണല്ലോ എന്നോർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന തരത്തിൽ നാം ചരിത്രത്തിന്റെ ഭാഗമാവും

തുർക്കിയിലെ സുദീർഘമായ യാത്രാപരിപാടികൾക്കിടയിൽ അല്പമൊന്ന് വിശ്രമിക്കാനുള്ള ഇടത്താവളം എന്ന മട്ടിലാണ് ഏജിയൻ തീരനഗരത്തെ പൊതുവെ അടയാളപ്പെടുത്താറ്. എന്നാൽ തുർക്കിയുടെ പൗരാണിക, മധ്യകാല, ആധുനിക ചരിത്രമെല്ലാം കടലുമായുള്ള വലിയ മൽപ്പിടുത്തങ്ങളുടെയും സഹവാസങ്ങളുടെയും ചരിത്രം കൂടിയാണല്ലോ എന്നോർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന തരത്തിൽ നാം ചരിത്രത്തിന്റെ ഭാഗമാവും. നിലവിലെ ചരിത്രരചനകളിൽ ഈ പ്രാധാന്യം വേണ്ടത്ര അനാവരണം ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും മൂന്നുനാല് കടലുകൾ ചുറ്റും അതിർത്തിയായുള്ള ഒരു രാജ്യത്തിന്റെ സാംസ്‌കാരിക - നാഗരിക നിർമിതികളിൽ സമുദ്രങ്ങളുടെ പങ്ക് എങ്ങനെ തിരസ്‌കരിക്കാനാകും.

കുസാദസിയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അപ്പുറത്ത് കിടക്കുന്ന പൗരാണിക റോമൻ നഗരമായ എഫ്യുസസിന്റെ കാര്യം നോക്കൂ. ഇന്ന് കടൽത്തീരത്തുനിന്നും ഒത്തിരി ഉള്ളിലായാണ് ഈ നഗരശേഷിപ്പുകളുള്ളത്. എന്നാൽ ഒരുകാലത്ത് കടലിലേക്ക് നേരെയെത്തുന്ന അഴിമുഖമായിരുന്നു എഫ്യുസസിന്റെ ജീവനാഡി. കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ നഗരമായിരുന്ന എഫ്യുസസിനെക്കുറിച്ച് വിസ്തരിച്ച് മറ്റൊരധ്യായത്തിൽ വിശദീകരിക്കാം.

കുസാദാസിയും എഫ്യൂസസും കണ്ടശേഷം ഞങ്ങൾ സന്ദർശിക്കുകയോ കടന്നുപോവുകയോ ചെയ്ത നഗരങ്ങളെല്ലാം തുർക്കിയുടെ സമുദ്രബാന്ധവങ്ങളുടെ നേർപ്പകർപ്പുകളായിരുന്നു. ഇസ്മീർ, ബുർസ... അവസാനം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തിയ ഇസ്താംബൂളടക്കം. ഇസ്മീറിൽനിന്ന് ബുർസ വഴി ഇസ്താംബൂളിലേക്ക് നടത്തിയ സുദീർഘമായ ബസ് യാത്രയിൽ ഗൂഗ്ൾ മാപ്പിൽ സഞ്ചാരപഥം നിരീക്ഷിക്കെ അധികം അകലെയല്ലാതെ കരിങ്കടലിന്റെ സാന്നിധ്യം പലയിടത്തും വന്നുകയറി. കരിങ്കടൽ തീരത്തെ ചില പ്രദേശങ്ങൾ ഞങ്ങളുടെ യാത്രാപദ്ധതിയിലുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ചില സ്ഥലങ്ങളിൽ സൗന്ദര്യാത്മകമായി കുടുങ്ങിപ്പോയതുകൊണ്ട് അവയൊക്കെയും അടുത്ത യാത്രയിലേക്കു മാറ്റുകയായിരുന്നു.

ഏഴു കടലുകളിൽ ഒരേസമയം പൂർണനിയന്ത്രണമോ സ്വാധീനമോ തുർക്കിക്കുണ്ടായിരുന്നിട്ടും ഒട്ടോമൻ ഭരണകൂടം കടൽ വാണിജ്യത്തിലോ കടൽയുദ്ധങ്ങളിലോ താത്പര്യം കാണിച്ചിരുന്നില്ലെന്ന ധാരണകളെ പൊളിച്ചെഴുതുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സത്യത്തിൽ തുർക്കിയുടെ സമുദ്രസാന്നിധ്യം കൂടിയാണ് ഞങ്ങളെ ഈ യാത്രയിലേക്കെത്തിച്ചത്. പാമൂക്കിന്റെ നോവലുകളിൽ ബോസ്​ഫറസ്​ ആഖ്യാനത്തിന്റെ സൗന്ദര്യാത്മകതയും രാഷ്ട്രീയതത്വചിന്തയുമൊക്കെയായി കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ഒരു ചിഹ്നമാണ്. ഒരു കരയിൽ ഏഷ്യയും മറുകരയിൽ യൂറോപ്പുമായി ഒരു ഭാഗത്ത് മർമര കടലിനെയും മറുഭാഗത്ത് കരിങ്കടലിനെയും ബന്ധിപ്പിക്കുന്ന ഈ വിസ്മയത്തിന്റെ കരയിൽ ഒരു വൈകുന്നേരം കാപ്പി കുടിക്കാനിരിക്കുന്നത് സങ്കല്പിക്കാത്ത മലയാളികളുണ്ടാവില്ല. ഇസ്താംബൂളിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബോസ്​ഫറസാണെന്ന് മനസ്സിലാക്കിയ തുർക്കിക്കാർ ബോസ്​ഫറസ്​ അനുഭവത്തിന് പല മാർഗങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്. പല നിലവാരത്തിലുള്ള സൗകര്യങ്ങളും അതനുസരിച്ച് ടിക്കറ്റ് നിരക്കുകളുമുള്ള യാത്രാപരിപാടികളുമായി ഫെറികളുടെയും തുഴവള്ളങ്ങളുടെയും ട്രിപ്പ് ഓപറേറ്റർമാർ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടേയിരിക്കും.

ടോപ്കാപ്പി പാലസ് കണ്ട് വരുന്ന വഴിയിൽ ഒരു രസികൻ മനുഷ്യന്റെ വർത്തമാനങ്ങളെ പിന്തുടർന്ന് ഞങ്ങളും ഒരു സന്ധ്യാസമയ ഫെറി ട്രിപ്പിന് ടിക്കറ്റെടുത്തു. വൈകീട്ട് എത്തിച്ചേരേണ്ട സ്ഥലമൊക്കെ അയാൾ കൃത്യമായി പറഞ്ഞുതന്നെങ്കിലും അവധിദിവസത്തിന്റെ ഇസ്താംബൂൾ തിരക്കിൽ ശ്വാസംമുട്ടി ബസും ട്രാമുമൊക്കെ പിടിച്ച് ഞങ്ങളെത്തുമ്പോഴേക്ക് വൈകി. ഹാഗിയ സോഫിയയും ബ്ലൂ മോസ്‌കുമൊക്കെയുള്ള കുന്ന് (ചരിത്രപ്രസിദ്ധമായ ഏഴു കുന്നുകളിലൊന്ന്) ഓടിക്കേറിയിറങ്ങി ഫെറി പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പാണ് ഞങ്ങൾക്ക് എത്താനായത്. രണ്ടോ മൂന്നോ മണിക്കൂർ നീണ്ട ബോസ്​ഫറസ്​ യാത്രക്കിടെ, കടലുകളും ക്രീക്കുകളും മഹാനദികളുമൊക്കെ മനുഷ്യസംസ്‌കാരത്തെയും മഹാനഗരങ്ങളെയും ഉയർത്തുകയും വീഴ്ത്തുകയും ചെയ്യുന്നതിന്റെ അനേകം ചിത്രങ്ങൾ ഞങ്ങൾക്കുള്ളിലൂടെ മാഞ്ഞുപോയി. നദികൾ പകുത്ത മഹാനഗരങ്ങളെ അത് കാണുകയും അനുഭവിക്കുകയും ചെയ്തവർ ആ നീലപ്പരപ്പിലിരുന്ന് ഓർമിച്ചു. നഗരത്തിന്റെ ഇരുകരകളിലുമായി ഞങ്ങൾ കണ്ട പല കാഴ്ചകളും ബോസ്​ഫറസിൽനിന്ന് കണ്ടപ്പോൾ കൊട്ടാരങ്ങളും ആരാധനാലയങ്ങളുമൊക്കെ കെട്ടിയുയർത്തിയ ശില്പികൾ അവയുടെ ബോസ്​ഫറസിൽ നിന്നുള്ള കാഴ്ച കൂടി മനസ്സിൽ കണ്ടിരുന്നു എന്ന് ബോധ്യമായി. മർമരയും ഗോൾഡൻ ഹോണുമൊക്കെ തൊട്ടുകൊണ്ടുള്ള ഈ ബോസ്​ഫറസ്​ യാത്ര കരിങ്കടൽ കാണാനുള്ള മോഹത്തെ അവശേഷിപ്പിച്ച് പുറപ്പെട്ടിടത്തുതന്നെ അവസാനിച്ചു.

പുതിയ ഭൂപടങ്ങൾ തയ്യാറാക്കിയും സൈനികസന്നാഹങ്ങളോടെ കടൽ കടന്നും ഒട്ടോമൻ നാവികർ മെഡിറ്ററേനിയനിലും ഇന്ത്യൻ മഹാസമുദ്രത്തിലും സ്വന്തമായ ഇടങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.

ഒട്ടോമൻ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഏഴു കടലുകളിൽ ഒരേസമയം പൂർണനിയന്ത്രണമോ സ്വാധീനമോ തുർക്കിക്കുണ്ടായിരുന്നുവത്രെ. മർമര, കിഴക്കൻ മെഡിറ്ററേനിയൻ, കരിങ്കടൽ, ചെങ്കടൽ, ഏജിയൻ, പേർഷ്യൻ ഗൾഫ്, ഇന്ത്യൻ മഹാസമുദ്രം എന്നിങ്ങനെ. ഇവയിലെല്ലാം തികഞ്ഞ സ്വാധീനമോ ആധിപത്യമോ ഉണ്ടായിരുന്നിട്ടും ഒട്ടോമൻ ഭരണകൂടം കടൽ വാണിജ്യത്തിലോ കടൽയുദ്ധങ്ങളിലോ വലിയ താത്പര്യം കാണിച്ചിരുന്നില്ലെന്ന് അടുത്തകാലം വരെ നിരവധി ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. ഈ ധാരണകളെ പൊളിച്ചെഴുതുന്ന പഠനങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ പുറത്തുവന്നിട്ടുണ്ട്.

ഇവയിൽ എടുത്തു പറയേണ്ടതാണ് Tuncay Zorlu വിന്റെ Innovation and Empire in Turkey: Sultan Selim III and the Modernization of the Ottoman Navy എന്ന പുസ്തകവും Giancarlo Casale യുടെ The Ottoman Age of Exploration എന്ന പുസ്തകവും. നാവികസേന, കപ്പൽ നിർമാണം, കപ്പലോട്ടവിദ്യകൾ തുടങ്ങി Tuncay Zorlu നൽകുന്ന വിവരങ്ങൾ അൽപം മടുപ്പിച്ചെന്നിരിക്കാം. എങ്കിലും, 1770-ൽ റഷ്യൻ സാമ്രാജ്യം ഒട്ടോമൻ നാവികസേനയെ അതിദാരുണമായി പരാജയപ്പെടുത്തിയതിനെത്തുടർന്ന് സമൂലമായ മാറ്റങ്ങൾക്ക് അവർ തയ്യാറായതെങ്ങനെയാണെന്ന് വിശദമാക്കുന്നു.

ഇതിൽനിന്ന് ഏറെ വിഭിന്നമാണ് Giancarlo Casale യുടെ പുസ്തകം. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ്, സ്പാനിഷ് ഭരണകൂടങ്ങൾ അധിനിവേശങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ലോകം കീഴടക്കാൻ നടത്തിയ ശ്രമങ്ങൾക്ക് സമാനമായി ഒട്ടോമൻ ഭരണകൂടവും അവരുടേതായ തരത്തിൽ ഒരു Age of Exploration-ന് നാന്ദികുറിച്ചിരുന്നു. പുതിയ ഭൂപടങ്ങൾ തയ്യാറാക്കിയും സൈനികസന്നാഹങ്ങളോടെ കടൽ കടന്നും ഒട്ടോമൻ നാവികർ മെഡിറ്ററേനിയനിലും ഇന്ത്യൻ മഹാസമുദ്രത്തിലും സ്വന്തമായ ഇടങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.

കേരളത്തിലെ സാമൂതിരി രാജാക്കന്മാരോടും ഗുജറാത്തിലും കൊങ്കണിലുമുള്ള ഭരണകർത്താക്കളോടും കച്ചവടക്കാരോടുമെല്ലാം ഒട്ടോമൻ നയതന്ത്രജ്ഞർ നിരന്തരമായി ഉടമ്പടികളിലേർപ്പെട്ടതും സൈനികപിന്തുണകൾ നൽകിയതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നുന്നുവെന്ന് കാസെയ്ൽ (Casale) സമർഥിക്കുന്നു. കേരളത്തിന്റെ ചരിത്രരചനയിൽ സാമൂതിരി ഒട്ടോമൻ സുൽത്താനോട് സഹായം അഭ്യർഥിച്ചത് സാമൂതിരിയുടെ പോർച്ചുഗീസ് വിരുദ്ധ പടയൊരുക്കങ്ങളുടെ ഭാഗമായി മാത്രമാണ് വായിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സാമൂതിരിയടക്കമുള്ള ഇന്ത്യൻ ഭരണകേന്ദ്രങ്ങളെ സഹായിച്ചതിനുപിന്നിൽ ഒട്ടോമൻ ഭരണകൂടത്തിന് സ്വന്തമായി ഒരു അജണ്ടയുണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നുന്നു.

സമുദ്രസാന്നിധ്യവും അതിനുമേലുള്ള നിയന്ത്രണവും, ഭരണകൂടങ്ങളെയും അധികാരബലാബലങ്ങളെയും സമുദ്രാന്തരബന്ധങ്ങളെയും സ്വാധീനിക്കുന്നു

ഇത്തരം അജണ്ടകളുടെ തുടർച്ച പതിനാറാം നൂറ്റാണ്ടിൽ മാത്രമല്ല, പതിനെട്ടാം നൂറ്റാണ്ടിൽവരെ നമുക്ക് കാണാം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് പോർച്ചുഗീസുകാർക്കുപകരം ബ്രിട്ടീഷുകാർ അറേബ്യൻ കടൽത്തീരങ്ങളിൽ ആധിപത്യമുറപ്പിച്ച് തദ്ദേശീയരായ കച്ചവടക്കാർക്കും ഭരണാധികാരികൾക്കും തലവേദന സൃഷ്ടിച്ചപ്പോൾ അക്കാലങ്ങളിലെ ഒട്ടോമൻ സുൽത്താൻമാരോട് സഹായമന്വേഷിച്ച് ഇന്ത്യയിൽനിന്ന് പോയ നിരവധി ദൗത്യസംഘങ്ങളിൽ ടിപ്പു സുൽത്താന്റെയും കണ്ണൂരിലെ അറക്കൽ ബീവിയുടെയും പ്രതിനിധികളുമുണ്ടായിരുന്നു.

എന്നാൽ റഷ്യൻ സാമ്രാജ്യവുമായി നിരന്തര പോരാട്ടങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയും നിരവധി തിരിച്ചടികൾ ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമായതിനാൽ ഒട്ടോമൻ സാമ്രാജ്യം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ നിന്നുള്ള ഇത്തരം അഭ്യർഥനകളെ വേണ്ടത്ര പരിഗണിച്ചില്ല. ടിപ്പുവിന്റെ സംഘം ഇസ്താംബൂളിലെത്തുന്നതിനും പത്ത് വർഷങ്ങൾക്കുമുമ്പ് അറക്കൽ ബീവിയുടെ നയതന്ത്രപ്രതിനിധികൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള പരാതികളുമായി അവിടെയെത്തിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

സമുദ്രസാന്നിധ്യവും അതിനുമേലുള്ള നിയന്ത്രണവും, ഭരണകൂടങ്ങളെയും അധികാരബലാബലങ്ങളെയും സമുദ്രാന്തരബന്ധങ്ങളെയും സ്വാധീനിക്കുന്നതോടൊപ്പം ഭക്ഷണം മുതൽ സംഗീതംവരെ ജനജീവിത സംസ്‌കാരത്തിന്റെ സൂക്ഷ്മമായ ഉള്ളടരുകളെയും നിശബ്ദമായി തൊട്ടുപോകുന്നുണ്ട്.

അറബിക്കടലിന്റെ കേരളാതീരത്തുനിന്നെത്തിയവർ തുർക്കിയുടെ കടൽക്കരകളിലൂടെ നടക്കുമ്പോൾ അയവിറക്കപ്പെടുന്നത് രണ്ട് സംസ്‌കാരങ്ങൾ കാലാന്തരേ നടത്തിയ ചരിത്രപരമായ വലിയ വിനിമയങ്ങളുടെ ചെറുതുടർച്ചകളാണെന്ന് കരുതാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

(തുടരും)


മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments