ചിത്രങ്ങൾ : എ.കെ.അബ്ദുൽ ഹക്കീം

എഫ്യൂസസ്; ഒരു സംസ്‌കാരത്തിന്റെഅസ്ഥികൂടം

​നാല് ലക്ഷത്തിലധികം ആളുകൾ അക്കാലത്ത് ജീവിച്ച നഗരത്തിൽ റോമൻ സാമ്രാജ്യത്തിലെ എറ്റവും വലിയ നാടകശാലയും ഗ്രന്ഥശാലയും എല്ലാമെല്ലാമുണ്ടായിരുന്ന സുപ്രധാന കേന്ദ്രമായിരുന്നു എഫ്യൂസസ്.

തുർക്കിയിലെ രാഷ്ട്രീയ സാംസ്‌കാരിക സംഘർഷങ്ങളെക്കുറിച്ചും കടൽബന്ധങ്ങളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്തപ്പോൾ എഫ്യൂസസ് എന്ന പ്രാചീനനഗരം പരാമർശിച്ചുപോയതാണ്. ഞങ്ങളുടെ യാത്രയുടെ ലക്ഷ്യങ്ങളിൽ ചരിത്രസ്മാരകങ്ങളിലേക്കും വിനോദസഞ്ചാരികൾക്കായുള്ള ആഘോഷക്കാഴ്ചകളിലേക്കുമുള്ള ഇടർച്ചകളുണ്ടായിരുന്നു. എഫ്യൂസസ് പോലൊരു പ്രാചീനനഗരത്തിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് എന്തിനാണ് വിലപ്പെട്ട സമയം മാറ്റിവെക്കുന്നത് എന്ന ചോദ്യം ചില നേരത്തെങ്കിലും ഉയർന്നുവന്നു. ചരിത്രപുസ്തകങ്ങളിൽ വായിച്ചറിയാവുന്നവ മാത്രമേ ഇത്തരം ഇടങ്ങളിലുണ്ടാവൂ എന്ന മുൻവിധിയെ സാധൂകരിക്കുന്ന ചില ‘പെട്ടുപോകലു'കളെങ്കിലും യാത്രാനുഭവങ്ങളിലുണ്ടാവുകയും ചെയ്യും.

ഞങ്ങളിൽ പലരും അവരുടെ ക്രിസ്ത്യൻ സുഹൃത്തുക്കൾക്കുവേണ്ടി വിശുദ്ധ കന്യാമറിയത്തിന്റെ പള്ളിക്കുസമീപം മെഴുതിരികൾ കത്തിച്ചു. ആഗ്രഹങ്ങളും സ്വപ്നങ്ങളും എഴുതിത്തൂക്കാനുള്ള മതിലിനടുത്തിരുന്ന് കുറച്ചുനേരം വർത്തമാനം പറഞ്ഞു.

യാത്രയുടെ അവസാനദിവസങ്ങളിലാണ് ഞങ്ങൾ എഫ്യൂസസിൽ എത്തിയത്. അപ്പോഴേക്കും യാത്രയുടെ മുൻഗണനാപട്ടികയിൽ വേറെയും ഇടങ്ങളുണ്ടായിരുന്നു. മിക്കവാറും ഇടങ്ങളൊക്കെ സ്പർശിച്ചുകൊണ്ട്​ യാത്ര പുനഃക്രമീകരിക്കാൻ ഞങ്ങൾ നിരന്തരം ചർച്ച ചെയ്തുകൊണ്ടേയിരുന്നു. തിരിച്ചു പറക്കാനുള്ള തീയതിയും എയർപ്പോർട്ടും മുമ്പേ നിശ്ചയിച്ചു എന്നല്ലാതെ തുർക്കിയിൽ ലഭ്യമായ ദിവസങ്ങളിൽ ഞങ്ങളെ കെട്ടിയിടുന്ന പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. ഓരോ ദിവസത്തേക്കും വേണ്ട ഹോട്ടലുകളും യാത്രാസംവിധാനങ്ങളും അവസാനനിമിഷം മാത്രം സംഘടിപ്പിക്കുന്നതായിരുന്നു ഞങ്ങളുടെ രീതി. ചെറിയ ചില അനിശ്ചിതത്വങ്ങളല്ലാതെ ഈ തീരുമാനം ഞങ്ങളെ ബുദ്ധിമുട്ടിച്ചതേയില്ല.

കപ്പഡോക്കിയയിൽനിന്ന് ദീർഘമായി സഞ്ചരിച്ച് പാമുക്കാലെയിലെത്തിയ ഞങ്ങൾ അവിടെ ഒരു പകലും രാത്രിയും ചെലവഴിച്ച് സെൽചുക്, കുസാദസി, എഫിസസ്, ഇസ്മിർ തുടങ്ങിയ സ്ഥലങ്ങളെല്ലാം തുടർന്നുള്ള രണ്ടു പകലും രാത്രിയുമായി കറങ്ങിത്തീർക്കുകയായിരുന്നു. സെൽചുക് വഴിയാണ് കുസാദസിക്ക് പോകുന്നത്. താമസസൗകര്യങ്ങൾ കുസാദസിയിലാണെന്നതുകൊണ്ടും അതൊരു പ്രധാന പോയിന്റായതുകൊണ്ടും അങ്ങോട്ടു വിട്ടതാണ്. പിറ്റേന്ന് എഫ്യൂസസ് കണ്ട് തിരിച്ചുവന്ന് ഹോട്ടൽ വെക്കേറ്റ് ചെയ്യണോ, അതല്ല ലഗ്ഗേജെടുത്ത് നേരെയങ്ങിറങ്ങണോ എന്ന കാര്യത്തിൽ കാര്യമായ ചർച്ച നടന്നു. അത്യാവശ്യമുള്ളവർ മാത്രം എഫ്യൂസസ് സന്ദർശിക്കുകയും പറ്റുള്ളവർ അത്രനേരം കൂടി കുസാദസിയിൽ തങ്ങുകയും ചെയ്യുക എന്നൊരാലോചനയും മുന്നോട്ടുവെക്കപ്പെട്ടിരുന്നു.

മലയാളത്തിലെ പ്രമുഖ പുസ്തനിരൂപകനായ എം. കൃഷ്ണൻ നായർ ഒരു നിരൂപണത്തിൽ എഫ്യൂസസിനെ പരാമർശിച്ചത് ഞങ്ങളോർത്തു. എഫ്യൂസസ് നഗരത്തിലെ വിധവ എന്ന, എ.ഡി. ഒന്നാം ശതാബ്ദത്തിൽ രചിക്കപ്പെട്ട ഒരു കഥയാണ് തീർത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ കൃഷ്ണൻ നായർ അനുസ്മരിക്കുന്നത്. റോമൻ ഉപഹാസകൻ ഗേയസ് പിത്രോനീയസാണ് ഈ കഥയുടെ രചയിതാവ്. എന്തായാലും വിശദമായ ചർച്ചകൾക്കൊടുക്കം എഫ്യൂസസ് വിജയിച്ചു. ഒരു ടാക്‌സി പിടിച്ച് ഞങ്ങൾ നേരെ ചെൽചുക്കിലേക്കുപോന്നു. അവിടെ ബസ് ബുക്കിങ് സെന്ററിൽ ലഗ്ഗേജുകളേല്പിച്ച് എഫ്യൂസസിലേക്കുള്ള ഇലക്ട്രിക് ബസ്സിൽ കയറിപ്പറ്റി.

രണ്ടോ മൂന്നോ കിലോമീറ്റർ സഞ്ചരിച്ച് വലിയൊരു പാർക്കിങ് ഗ്രൗണ്ടിൽ ബസ്​നിന്നു. സഞ്ചാരികൾക്കായി പ്രാഥമിക വിവരങ്ങൾ തന്ന ബോർഡുകൾ എഫ്യൂസസിന്റെ വൈപുല്യം ഞങ്ങൾക്കുമുന്നിൽ നിരത്തിവെച്ചു. നിരവധി കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുന്ന ചരിത്രസ്മാരകങ്ങളുടെ സമുച്ചയമാണ് എഫ്യൂസസ്. ‘പോണ പോക്കിൽ ഒന്നു കണ്ടുകളയാം' എന്നു വിചാരിച്ചാൽ പറ്റുന്ന സ്ഥലമേയല്ല. പ്രാചീന നഗരത്തിലെ കാഴ്ചകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിരവധി യാത്രാപാക്കേജുകളുമായി പലതരം വാഹനങ്ങളുണ്ട്. കൂട്ടത്തിൽ പാകമുള്ള നിരക്കു പറഞ്ഞ ടാക്‌സിക്കാരനെ ആശ്രയിച്ച് ഞങ്ങൾ പുറപ്പെട്ടു.

മെല്ലെ മുന്നോട്ട് നടക്കാൻ തുടങ്ങിയതും പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ട് ഒരു മഹാനഗരം ഞങ്ങളുടെ മുന്നിൽ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് ഊർജസ്വലതോടെ ഇഴഞ്ഞുവന്നു.

ബൈബിളിലും ഖുർ ആനിലുമൊക്കെ പരാമർശിക്കപ്പെട്ട സെവൻ സ്ലീപ്പേഴ്‌സ് ഗുഹകൾ ഇതിന്റെ തുടർച്ചയാണ്. വിശ്വാസികൾ ധാരാളമായി ഇവിടെ സന്ദർശിക്കുന്നു. സെവൻ സ്ലീപ്പേഴ്‌സ് ഗുഹകളായി നിർദേശിക്കപ്പെട്ട മറ്റു സ്ഥലങ്ങളും മധ്യ പൗരസ്ത്യദേശങ്ങളിൽ വേറെയുണ്ട് എന്നതുകൊണ്ടുകൂടിയാവണം ഞങ്ങളെ അതത്ര തൊട്ടില്ല. അവിടെക്കണ്ട പ്രാചീനമായ ശവക്കല്ലറകൾ സവിശേഷകാഴ്ചയായിരുന്നു. രണ്ടുദിവസംമുമ്പ് ഞങ്ങൾ കണ്ട പാമുക്കാലെയിലും കല്ലിൽ കൊത്തിയിറക്കിയതും അടപ്പുള്ളതുമായ ഇത്തരം ശവപ്പെട്ടികൾ കണ്ടിരുന്നു. ഈ പ്രദേശത്തുനിന്ന് കണ്ടെടുത്ത ഇത്തരം ചില ശവപേടകങ്ങളുടെ പഴക്കം ആയിരക്കണക്കിനു വർഷങ്ങളാണ്.
വിശുദ്ധ കന്യാമറിയത്തിന്റെ ഭവനമായി അറിയപ്പെടുന്ന ഒരു സ്ഥലവും (മറിയം ഹൗസ്) സെവൻ സ്ലീപ്പേഴ്‌സ് ഗുഹകളിൽനിന്ന് അധികം അകലെയല്ലാതെയുണ്ട്. വൻവൃക്ഷങ്ങൾ തണലൊരുക്കുന്ന ഈ സ്മാരകം ലോകമെങ്ങുമുള്ള ക്രിസ്ത്യൻ വിശ്വാസികളെ ആകർഷിക്കുന്ന ഇടമാണ്. ഞങ്ങളിൽ പലരും അവരുടെ ക്രിസ്ത്യൻ സുഹൃത്തുക്കൾക്കുവേണ്ടി വിശുദ്ധ കന്യാമറിയത്തിന്റെ പള്ളിക്കുസമീപം മെഴുതിരികൾ കത്തിച്ചു. ആഗ്രഹങ്ങളും സ്വപ്നങ്ങളും എഴുതിത്തൂക്കാനുള്ള മതിലിനടുത്തിരുന്ന് കുറച്ചുനേരം വർത്തമാനം പറഞ്ഞു. ഞങ്ങൾ വന്ന ദിവസം അവിടെയൊരു വിവാഹമുണ്ടായിരുന്നു. പരിപാവനമായ വിശുദ്ധസ്മാരകത്തിന്റെ നിശബ്ദതയോടു ചേർന്നുനിന്നുകൊണ്ടുള്ള ലളിതമായ മിന്നുകെട്ട്.

കന്യാമറിയത്തിന്റെ സ്മാരകം തന്ന തണുപ്പും സൗഖ്യവും വിട്ട് നട്ടുച്ചവെയിലേക്കാണ് ടാക്‌സി ഡ്രൈവർ ഞങ്ങളെ കൊണ്ടുപോയത്. അതിന്റെ കാഠിന്യത്തിൽ നിൽക്കുമ്പോൾ ചരിത്രവും പുരാവസ്തുക്കളും കാണാനിറങ്ങിയ ഞങ്ങളെക്കാളും മണ്ടന്മാർ വേറെയുണ്ടാകില്ലെന്ന് ഒരു മരച്ചുവട്ടിലിരുന്ന് ഞങ്ങൾ ആത്മഗതം കൊണ്ടു. (പടർന്നുനിന്ന ആ മരം മൾബറിമരമാണെന്നു തോന്നുന്നു. കൊഴിഞ്ഞുവീണ മൾബറിപ്പഴങ്ങൾ അത് ഉറപ്പിച്ചെങ്കിലും അത്ര വലിയൊരു മൾബറിമരം സങ്കല്പങ്ങളിലൊന്നും ഇല്ലാതിരുന്നതുകൊണ്ട് വിശ്വസിക്കാനായില്ല.) വെയിലും ചൂടും ഞങ്ങളുടെ മജ്ജകളെപ്പോലും ചൂടുപിടിപ്പിക്കാൻ തുടങ്ങിയ ആ നട്ടുച്ചനേരത്ത് കുടപിടിച്ചും പൊരിവെയിൽ കൊണ്ടും കുഞ്ഞുമക്കളും നടക്കാൻ കഴിയാഞ്ഞിട്ടും വീൽചെയറിലും വടികുത്തിയും ഞങ്ങളെക്കടന്നുപോയവരോട് ഞങ്ങൾക്കാണോ സഹതാപം തോന്നിയത്, അതോ അത്രയും സുപ്രധാനമായ ഒരു പൗരാണിക നാഗരികതയുടെ കേന്ദ്രബിന്ദുവിലെത്തിയിട്ട് തണലും കാഞ്ഞിരിക്കുന്ന ഞങ്ങളോട് അവർക്കാണോ സഹതാപം തോന്നിയത് എന്ന് വേർതിരിച്ച് പറയുക ബുദ്ധിമുട്ടാണ്.

ടാക്‌സി ഡ്രൈവർ ഞങ്ങളെ ഇറക്കിവിട്ടത് എഫ്യൂസസ് ശേഷിപ്പുകളുടെ പടിഞ്ഞാറുഭാഗത്തുള്ള പ്രവേശനകവാടത്തിലായിരുന്നു. എല്ലാ കാഴ്ചകളും കണ്ട് രണ്ടുമണിക്കൂർ കഴിഞ്ഞ് കിഴക്കുഭാഗത്ത് പുറത്തേക്കിറങ്ങാനുള്ള കവാടത്തിൽ കാണാമെന്നു പറഞ്ഞ് അയാൾ വിട്ടു. പടിഞ്ഞാറുനിന്നും കിഴക്കോട്ട് ഈ കൊടുംവെയിലത്ത് എങ്ങനെ നടക്കുമെന്ന് ആധിപിടിച്ചു ഞങ്ങൾ. ആ ചരിത്രഭൂമിയിൽ മനുഷ്യകുലത്തിന് ആകെ ഉപകാരപ്രദമെന്ന് ഞങ്ങൾക്കുതോന്നിയത് ഞങ്ങൾക്ക് തണലേകി വിരിഞ്ഞുനിന്ന ആ മരമായിരുന്നു. എഫ്യൂസസ് ഒരു വെയിലുകൊള്ളൽ പരിപാടിയാണെന്ന വിലയിരുത്തൽ പക്ഷേ, ഏതാനും മീറ്ററുകൾ മുന്നോട്ട് നടന്നപ്പോൾ ഞൊടിയിടകൊണ്ട് മാറിമറഞ്ഞു. തണലത്തിരുന്ന് മുഷിഞ്ഞതിനാലും ആളൊന്നിന് നൂറ്റമ്പത് ലിറ വെച്ച് അറുനൂറ് ലിറക്ക് ടിക്കറ്റെടുത്തതിനാലും മറ്റുവഴികളില്ലാതെ മെല്ലെ മുന്നോട്ട് നടക്കാൻ തുടങ്ങിയതും പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ട് ഒരു മഹാനഗരം ഞങ്ങളുടെ മുന്നിൽ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് ഊർജസ്വലതോടെ ഇഴഞ്ഞുവന്നു.

മറിയം ഹൗസ്​

നിരവധി റോമൻ ശേഷിപ്പുകൾ തുർക്കിയുടെ പലഭാഗങ്ങളിലും ഞങ്ങൾ കണ്ടിരുന്നെങ്കിലും ഇതുപോലൊന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പാമുക്കാലെയിലെ ആംഫി തിയറ്ററും കിലോമീറ്റർ കണക്കിന് പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളും പ്രശസ്തമായ ക്ലിയോപാട്ര പൂളുമെല്ലാം ഞങ്ങൾ വിസ്തരിച്ച് കണ്ടിരുന്നതുമാണ്. പാമുക്കാലെയിലെ പ്രാചീന ഗ്രീസ്- റോമൻ അവശിഷ്ടങ്ങൾക്കിടയിലെ ഈ പൂൾ, പ്രദേശത്തെ പുരാവസ്തുമ്യൂസിയമെന്നതിനേക്കാൾ ഒരു വിനോദസഞ്ചാരമേഖലയാക്കുന്നു. ചുണ്ണാമ്പുകല്ലുകൾപോലുള്ള സവിശേഷധാധുക്കൾ ഉരുകിച്ചേർന്ന ഈ പ്രദേശം വെൺമേഘങ്ങൾകൊണ്ടു തീർത്ത വിസ്മയക്കാഴ്ചപോലെ തോന്നും. പർവതച്ചെരിവിൽനിന്ന് ഊറിയിറങ്ങുന്ന ഉറവകൾ ശേഖരിക്കപ്പെടുന്നത് അത്യാവശ്യം നീന്തിത്തുടിക്കാവുന്ന ഒരു പൊയ്കയിലേക്കാണ്. അവിടെനിന്നത് പുറത്തേക്കൊഴുകി തട്ടുതട്ടായ ലൈംസ്റ്റോൺ പാളികളിൽ പരന്ന് നീലത്തടാകങ്ങളാകുന്നു. എന്തോ രാസപ്രവർത്തനങ്ങളാൽ ഇവിടെയുള്ള വെള്ളത്തിന് ചെറുചൂടുണ്ട്. ഈ വെള്ളത്തിൽ കുളിച്ചാൽ ത്വക് രോഗങ്ങൾ മാറുമെന്നും സുന്ദരശരീരം കിട്ടുമെന്നും ഒരു വിശ്വാസവുമുണ്ട്. വലിയ പോണ്ട് അറിയപ്പെടുന്നതുതന്നെ ക്ലിയോപാട്ര പോണ്ട് എന്നാണല്ലോ! ഈ കാഴ്ചയുടെ ഓർമ്മകളിൽനിന്നാണ് ഞങ്ങൾ ഏറെക്കുറെ വരണ്ട എഫ്യൂസസിന്റെ പടിഞ്ഞാറൻ കവാടം കടന്ന് വെയിലുകൊണ്ടത്.

പതിയെ മുന്നോട്ടുനടന്നപ്പോൾ എഫ്യൂസസ് കാഴ്ചകൾ അവയുടെ ആഴവും പരപ്പുംകൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. പടുകൂറ്റൻ കെട്ടിടങ്ങളും അതിമനോഹരമായ നിരത്തുകളും അതീവശ്രദ്ധയോടെ ഓരോ ശിലയിലുമുള്ള കൊത്തുപണികളും അതികായങ്ങളായ ശിൽപങ്ങളും ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ ശേഷിയുള്ള ഭരണാധികാരികൾ ആസനസ്ഥരായ കൊട്ടാരക്കെട്ടുകളും നെടുനീളൻ മാർക്കറ്റുകളും ലൈബ്രറിയും തകർന്നുകിടക്കുന്ന അവസ്ഥയിലും അതിന്റെ ഗാംഭീര്യത്തെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. വെയിലിനും മഴയ്ക്കും കൈയേറ്റക്കാർക്കും തകർക്കാൻ കഴിയാത്ത ശിലാവശിഷ്ടങ്ങളേ അവിടെയുണ്ടായിരുന്നുള്ളൂ. ആയിരക്കണക്കിനു വർഷങ്ങളുടെ തുടർച്ചയുണ്ടായിരുന്ന ഒരു സംസ്‌കാരത്തിന്റെ അസ്ഥികൂടം. ഇതിലേക്ക് എത്രയെത്ര സങ്കല്പിച്ചുകൂട്ടിയാലാണ് ആ നഗരസംസ്‌കാരത്തിന്റെ സജീവതയിലേക്കെത്താനാവുക. സാധാരണ മനുഷ്യർ, തൊഴിലാളികൾ, കച്ചവടക്കാർ, കവികൾ, ചിന്തകർ, വിദ്യാശാലകൾ, ആരാധനാലയങ്ങൾ, ഉദ്യോഗസ്ഥർ, ഭരണാധികാരികൾ... എന്തെല്ലാം ചേർന്നാലാണ് ഒരു നഗരമുണ്ടാകുന്നത്.

പല നൂറ്റാണ്ടുകളിൽ പല രാജവംശങ്ങൾ തങ്ങളുടെ ആസ്ഥാനമോ പ്രവിശ്യാതലസ്ഥാനമോ ഒക്കെ ആക്കിയ നഗരമാണിത്. ആരാണീ നഗരം നിർമിച്ചത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പ്രയാസമാണ്. ചരിത്രാതീതകാലംമുതൽ നഗരം നിലനിന്നിരുന്നതിന് പുരാവസ്തു തെളിവുകളുണ്ട്. ഏഷ്യയുടെ വിളുമ്പിലുള്ള ഈ നഗരത്തിലെ പ്രാചീന സംസ്‌കാരങ്ങളുടെമേൽ ഗ്രീസിന്റെയും മാസിഡോണിയയുടെയും റോമിന്റെയും അധിനിവേശങ്ങളുണ്ടായി. അലക്‌സാണ്ടറും പേർഷ്യക്കാരും അറബികളും ഒടുക്കം തുർക്കികളും നഗത്തിന്റെ അവകാശികളായി. അധിനിവേശക്കാരായ പല രാജാക്കന്മാരും അതുവരെയുണ്ടായിരുന്ന നഗരം നശിപ്പിച്ചു. ചിലർ കൂട്ടിച്ചേർത്തു. ഇന്നു കാണാവുന്ന അവശേഷിപ്പുകൾ മിക്കതും റോമൻ കാലഘട്ടിലേതാണ്.

ഒരേസമയം 25,000-ഓളം പേർക്കിരിക്കാൻ കഴിയുന്ന പടുകൂറ്റൻ (സ്റ്റേഡിയം) ഇന്നത്തെ നിലയിലും ഒരു വിസ്മയമാണ്. ഒരു മലഞ്ചെരിവാകെ നഗരം നോക്കിനിൽക്കുന്ന മട്ടിൽ ആംഫി തിയറ്റർ ക്രമീകരിച്ചിരിക്കുകയാണ്. ഈ സ്റ്റേഡിയം കഴിഞ്ഞ് മുന്നോട്ടുനടന്നപ്പോൾ നഗരത്തിന്റെ പൗരാണിക തുറമുഖത്തേക്കുള്ള വഴി കണ്ടു. ഇന്ന് ചുരുങ്ങിയത് അഞ്ച് കിലോമീറ്ററുകൾക്കപ്പുറത്താണ് കടലെങ്കിലും ഒരുകാലത്ത് അതിങ്ങോളം കയറിവന്ന് നൂറ്റാണ്ടുകളോളം നിരവധി ജനതകളുടെ ജീവവായുവായി നിന്നതിന്റെ സ്മാരകം കണക്കെ പഴയ ഹാർബറിന്റെ ശേഷിപ്പുകൾ കാണാം.

നാല് ലക്ഷത്തിലധികം ആളുകൾ അക്കാലത്ത് ജീവിച്ച നഗരത്തിൽ റോമൻ സാമ്രാജ്യത്തിലെ എറ്റവും വലിയ നാടകശാലയും ഗ്രന്ഥശാലയും എല്ലാമെല്ലാമുണ്ടായിരുന്ന സുപ്രധാന കേന്ദ്രമായിരുന്നു എഫ്യൂസസ്. കടലിലേക്കുള്ള ആ വഴിയടഞ്ഞതാണ് എഫ്യൂസസിന്റെ പതനത്തിന് കാരണമെന്നാണ് പ്രധാന ചരിത്രമതം. ഒരു കാലത്ത് റോമൻ കച്ചവടക്കാർക്കും രാഷ്ട്രീയക്കാർക്കും ഒഴിച്ചുകൂടാനാകാത്ത തുറമുഖനഗരമായിരുന്നു ഇത്. ക്ലിയോപാട്രയോടൊപ്പം മാർക്ക് ആന്റണി തന്റെ എറ്റവും പ്രസിദ്ധമായ ആക്ടിയം കടൽയുദ്ധത്തിന് മുന്നൊരുക്കങ്ങൾ നടത്തിയതുപോലും ഇവിടെ വെച്ചായിരുന്നു.

കടൽവഴിയുള്ള വിനിമയങ്ങളുടെ സാധ്യത കുറഞ്ഞതോടെ പാശ്ചാത്യ റോമൻ സാമ്രാജ്യം എഫ്യൂസസിനെ അവഗണിക്കാൻ തുടങ്ങി. കടൽക്കച്ചവടത്തിലൂടെയും നികുതിവഴിയും സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെട്ടിരുന്ന നഗരം പതിയെ ക്ഷയിക്കാൻ തുടങ്ങി. ക്ഷയാവസ്ഥയിൽനിന്ന് കരകയറാൻ അത്യാവശ്യമായിരുന്ന സാമ്പത്തികപിന്തുണ നൽകാൻ പാശ്ചാത്യറോം വിസമ്മതിച്ചു. ഇതിനെല്ലാം പുറമെ കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രീകരിച്ച് ബൈസന്റൈൻ സാമ്രാജ്യം ആവിർഭവിച്ചതോടെ എഫ്യൂസസ് ഒരു അഭിവൃദ്ധഗതകാലത്തിന്റെ അസ്ഥികൂടം മാത്രമായിത്തീർന്നു.

പല കാലങ്ങളിൽ വ്യത്യസ്ത സാമ്രാജ്യങ്ങൾ പരസ്പരം കയറിയിറങ്ങിയ പ്രദേശമാണ് ഇന്നത്തെ അനറ്റോളിയൻ പ്രദേശങ്ങൾ. കരിങ്കടൽതീരത്തും ഏജിയൻ തീരത്തും ഉൾനാടുകളിലുമായി നിരവധി പ്രാചീന അവശേഷിപ്പുകൾ തുർക്കിയിലുണ്ട്. മിക്കവാറും ഉപേക്ഷിക്കപ്പെട്ടു. ചിലതെല്ലാം പുതിയ രൂപത്തിലും ഭാവത്തിലും ആധുനിക ജനപഥങ്ങളായി തുടരുന്നു.

എഫ്യൂസസിനെ സംബന്ധിച്ച്, നൂറ്റാണ്ടുകളിലൂടെ ഗ്രീക്കുകാരും റോമക്കാരും മറ്റും കെട്ടിപ്പടുത്ത നഗരം എന്നെന്നേക്കുമെന്നപോലെ തികഞ്ഞ വിസ്മൃതിയിലേക്കാണ്ടുപോയി. സെൽജുക്ക് സുൽത്താന്മാരും ഒട്ടോമൻ ഭരണാധികാരികളും സമീപപ്രദേങ്ങളിൽ ചെറിയ ചെറിയ നിർമാണപ്രവർത്തനങ്ങളും മറ്റും നടത്തിയെങ്കിലും ആ നഗരം അതിന്റെ പ്രതാപകാലത്തേക്ക് ഒരിക്കലും തിരിച്ചെത്തിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ഏതാനും യൂറോപ്യൻ ആർക്കിയോളജിസ്റ്റുകളാണ് ഈ നഗരത്തെ പിന്നീട് കണ്ടെടുക്കുന്നത്. പഴയ അയസുലുക്ക് ആണ് ഇപ്പോഴത്തെ സെൽചുക്ക്. ഒരു നഗരമെന്നുപറയാനുള്ള വസ്തൃതിയോ സങ്കീർണ്ണതയോ ഒന്നും ഇന്ന് സെൽചുക്കിനില്ല. തൊട്ടുത്തുള്ള എഫ്യൂസസ് അവശേഷിപ്പുകളിലേക്കു പ്രവേശിക്കാനുള്ള ഒരു കവാടമായി സെൽചുക്കിനെ വിശേഷിപ്പിക്കാം. എഫ്യൂസസ് ആകട്ടെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ആധുനികതുർക്കിയിൽ മറ്റൊരു തരത്തിൽ തലയുയർത്തി നിൽക്കുകയും ചെയ്യുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments