ഇസ്താംബൂൾ നഗരത്തിൽനിന്ന് മുന്നൂറു കിലോമീറ്ററോളം യാത്ര ചെയ്ത് എത്തിച്ചേരാവുന്ന കപഡോക്യയിലാണ് പ്രണയത്തിന്റെ താഴ്‌വരയുള്ളത്. ആയിരക്കണക്കിന് ചെറുകൽക്കുന്നുകൾ ചിതറിക്കിടക്കുന്ന താഴ്‌വകളാണ് ഈ പ്രദേശത്തിന്റെ ആകർഷണം

പ്രണയത്തിന്റെ രണ്ട് ടർക്കിഷ് മിത്തുകൾ

മനുഷ്യന്റെ പ്രാചീനമായ ആവാസസ്ഥലങ്ങളിലൊന്നായിരുന്നു കപഡോക്യ. ജീവിതം ശിലകളിൽ കോറിയിട്ടതുകൊണ്ട് നൂറ്റാണ്ടുകൾക്കിപ്പുറവും അത് മനുഷ്യഭാവനയെസംബന്ധിച്ച വിസ്മയങ്ങളിലേക്ക് വാതിൽ തുറന്നു വെക്കുന്നു.

രസ്പരം ശത്രുതയിലുള്ള രണ്ടു കുടുംബങ്ങളിൽനിന്നുള്ള യുവതീയുവാക്കൾ പ്രണയത്തിലാവുകയും ഒളിച്ചോടി ഒന്നിച്ചു ജീവിച്ചതിന്​ ശിക്ഷയായി യുവാവ് കൊല്ലപ്പെടുകയും യുവതി ആത്മഹത്യ ചെയ്യുകയും ചെയ്ത ഒരു ഗ്രാമത്തെക്കുറിച്ചുള്ള കഥകളുണ്ട് തുർക്കിയിൽ. പ്രണയത്തിന്റെ നൈസർഗികതയെ നശിപ്പിച്ച ആ ഗ്രാമത്തെ ദൈവം പക്ഷേ വെറുതെ വിട്ടില്ല, കല്ലുമഴ പെയ്യിച്ച് ആ ദേശത്തെയാകെ നശിപ്പിച്ചുകളഞ്ഞു. വീടുകൾക്കും മനുഷ്യർക്കും പകരം കൽക്കുന്നുകൾ മാത്രം ബാക്കിയായ ഈ ദേശം പിന്നീട് പ്രണയത്തിന്റെ താഴ്‌വര എന്നറിയപ്പെടുകയും കമിതാക്കളുടെ നിത്യമായ ലക്ഷ്യസ്ഥാനമാവുകയും ചെയ്തു.

കപഡോക്യ ഇന്ന് സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ട്രെക്കിംഗും,ഹോട്ട് ബലൂൺ സഫാരിയുമൊക്കെയായി വൈവിധ്യമാർന്ന പരിപാടികൾ കപ്പഡോക്കിയ സഞ്ചാരികൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്.

ഇസ്താംബൂൾ നഗരത്തിൽനിന്ന് മുന്നൂറു കിലോമീറ്ററോളം യാത്ര ചെയ്ത് എത്തിച്ചേരാവുന്ന കപഡോക്യയിലാണ് പ്രണയത്തിന്റെ താഴ്‌വരയുള്ളത്. പ്രണയത്താഴ്‌വരയിൽ ചിതറിക്കിടക്കുന്ന കൽക്കുന്നുകൾക്ക് വിചിത്രമായ രീതിയിൽ ഉദ്ധരിച്ച പുരുഷലിംഗത്തിന്റെ ആകൃതിയാണുള്ളത്.

ഒരു ജില്ല എന്നൊക്കെ പറയാവുന്ന തരത്തിലുള്ള വിശാലമായ പ്രദേശമാണ് കപഡോക്യ. ബസ്​ സ്​റ്റാൻറും ഏതാനും ചെറുപട്ടണങ്ങളുമൊക്കെയായി കപഡോക്യ സാമാന്യം വലിയൊരു പ്രദേശത്ത് ചിതറിക്കിടക്കുന്നു. ആയിരക്കണക്കിന് ചെറുകൽക്കുന്നുകൾ ചിതറിക്കിടക്കുന്ന താഴ്‌വകളാണ് ഈ പ്രദേശത്തിന്റെ ആകർഷണം. ദശലക്ഷക്കണക്കിന്​ വർഷങ്ങൾക്കുമുമ്പു സംഭവിച്ച അഗ്‌നിപർവ്വതത്തിന്റെ അവശിഷ്ടങ്ങളെയാണ് പ്രകൃതി ഇമ്മട്ടിൽ ഒരുക്കിയിട്ടുള്ളത്. കപഡോക്യ ഇന്ന് സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ട്രെക്കിംഗും,ഹോട്ട് ബലൂൺ സഫാരിയുമൊക്കെയായി വൈവിധ്യമാർന്ന പരിപാടികൾ കപ്പഡോക്കിയ സഞ്ചാരികൾക്കായി ഒരുക്കിവെച്ചിട്ടുണ്ട്.

പ്രണയത്തിന്റെ മിത്തുകൾക്കുമാത്രമല്ല ഈ കൽക്കുന്നുകൾ പ്രസിദ്ധമായിട്ടുള്ളത്. പച്ചപ്പൊഴിഞ്ഞ് നരച്ചുകാണുന്ന ഈ കുന്നുകളിൽ പലതിലും ആൾപ്പാർപ്പുണ്ട്. കുന്നിൻമുകളിൽ വീടുകെട്ടിയുള്ള പാർപ്പല്ല, കുന്ന് തുരന്ന് പലനിലകളിലുള്ള ഗുഹാവീടുകൾ തീർത്ത് അതിനകത്താണ് താമസം. കപഡോക്യയിലെ ഈ ഗുഹാവീടുകൾക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ഏറ്റവും ലളിതമായ, ഒരുപക്ഷേ പ്രകൃതിദത്തമായ ചെറുവാസസ്ഥലങ്ങൾ ക്രമേണ സങ്കീർണ്ണമായ ഒരു വാസ്തുശില്പമാതൃകയായി വികസിക്കുന്നതു കാണാം. കപഡോക്യയിൽ ഒരു താമസസ്ഥലമന്വേഷിച്ചാൽ ഗുഹാഹോട്ടലുകളാവും നിങ്ങളെ സ്വാഗതം ചെയ്യുക.

പച്ചപ്പൊഴിഞ്ഞ് നരച്ചുകാണുന്ന ഈ കുന്നുകളിൽ പലതിലും ആൾപ്പാർപ്പുണ്ട്. കുന്നിൻമുകളിൽ വീടുകെട്ടിയുള്ള പാർപ്പല്ല, കുന്ന് തുരന്ന് പലനിലകളിലുള്ള ഗുഹാവീടുകൾ തീർത്ത് അതിനകത്താണ് താമസം

ഇസ്താംബൂളിൽനിന്ന് അങ്കാറയിലേക്കും അവിടെനിന്ന് കൊന്യയിലേക്കും സഞ്ചരിച്ചാണ് ഞങ്ങൾ കപഡോക്യയിലെത്തുന്നത്. ഈ റൂട്ട് അല്പം ചുറ്റിത്തിരിഞ്ഞതാണെന്ന് നേരത്തേ ഒരധ്യായത്തിൽ സൂചിപ്പിച്ചിരുന്നു. കൊന്യയിൽ ആദ്യം ചെല്ലേണ്ടതുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു സഞ്ചാരപഥം നിശ്ചയിച്ചത്. ബസിറങ്ങിയപ്പോൾ മാത്രമാണ് ഞങ്ങൾ താമസിക്കാൻ കണ്ടെത്തിയ ഹോട്ടൽ ചെറു ബസ്​ പിടിച്ച് പോകേണ്ടുന്ന അത്രയും ദൂരെയാണെന്നു മനസ്സിലായത്. ഗൊരേം, ഉർഗുപ്പ് തുടങ്ങിയ സ്ഥലങ്ങൾ പ്രധാന ബസ്‌സ്റ്റേഷൻ നിൽക്കുന്ന നെവ്‌സെഹിറിൽനിന്ന് സാമാന്യം നല്ല ദൂരത്താണ് സ്ഥിതി ചെയ്യുന്നത്.

ചൂടൊടുങ്ങുകയും വെളിച്ചം പ്രഭപരത്തുകയും ചെയ്ത ആ വൈകുന്നേരം ആറുവരിപ്പാതയിലൂടെ കപ്പഡോക്കിയൻ കാഴ്ചകളിലേക്കുള്ള സഞ്ചാരം അതിമനോഹരമായിരുന്നു. റോഡിനിരുവശത്തും പാതയുടെ മധ്യത്തിലുമായി മനോഹരമായ ചെറുവൃക്ഷങ്ങളും പൂച്ചെടികളും. വിശാലതയിലേക്ക് കണ്ണുപായിച്ചാൽ നീലാകാശത്തിന്റെ ചോട്ടിൽ വിരിച്ചിട്ട താഴ്‌വരകളും ചെറുകുന്നുകളും കാണാം.

ചൂടൊടുങ്ങുകയും വെളിച്ചം പ്രഭപരത്തുകയും ചെയ്ത ആ വൈകുന്നേരം ആറുവരിപ്പാതയിലൂടെ കപ്പഡോക്കിയൻ കാഴ്ചകളിലേക്കുള്ള സഞ്ചാരം അതിമനോഹരമായിരുന്നു. റോഡിനിരുവശത്തും പാതയുടെ മധ്യത്തിലുമായി മനോഹരമായ ചെറുവൃക്ഷങ്ങളും പൂച്ചെടികളും

ഗൊരേമിലാണോ ഉർഗുപ്പിലാണോ ഇറങ്ങേണ്ടത് എന്ന കൺഫ്യൂഷനിൽ ഗോരേമിൽ ഞങ്ങൾ ബസിറങ്ങി. അപ്പോഴേക്ക് ഒരു മലയോരപട്ടണത്തിന്റെ പൊടിയും ചെടിപ്പും കാഴ്ചകളെ ബാധിക്കാൻ തുടങ്ങിയിരുന്നു. ഉർഗുപ്പിലേക്ക് ഇനിയും ദൂരമുണ്ട്. അന്വേഷിച്ചപ്പോൾ ബസ്സുകിട്ടുമെന്നു പറഞ്ഞു. പെട്ടികളും വലിച്ച് ബസ്സുകിട്ടുന്ന ഭാഗത്തേക്ക് നടന്നു.

ബസ്​ കാത്തിരുന്ന് മുഷിഞ്ഞതിനാലും സമയം വൈകിയതിനാലും കുറച്ചധികം ലിറ ചെലവാക്കി ഒരു ടാക്‌സി പിടിച്ചു. ഗോരേമിലേക്ക് പ്രവേശിച്ചപ്പോൾത്തന്നെ പ്രത്യക്ഷമായിക്കൊണ്ടിരുന്ന കൽക്കുന്നുകൾ ഉർഗുപ്പിലെത്തിയപ്പോഴേക്ക് ഗുഹാവീടുകളും ഹോട്ടലുകളുമൊക്കെയായി പരിണമിച്ചുകൊണ്ടിരുന്നു. ഹോട്ടലുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടുന്നേയില്ല. വെളിച്ചം കുറഞ്ഞുവരികയും ചെറുചാറ്റൽമഴ അകമ്പടിയാവുകയും ചെയ്ത സന്ധ്യയോടടുത്ത ആ സമയത്ത് ഏകദേശം ഞങ്ങളുടെ ഹോട്ടൽ ലൊക്കേഷനിൽ ടാക്‌സി ഞങ്ങളെ ഉപേക്ഷിച്ചു. പട്ടണപ്രാന്തമാണോ എന്നു തോന്നുംമട്ടിൽ ചെറിയൊരു വിജനത അവിടെ അനുഭവപ്പെട്ടിരുന്നു. കുന്നുകളുടെ ഓരത്ത് പല തട്ടുകളിലായാണ് പട്ടണം സംവിധാനം ചെയ്തിരിക്കുന്നത്. എങ്ങോട്ടുതിരിഞ്ഞാലും വളവുകളും കയറ്റിറക്കങ്ങളും.

ഒരു ചെറുനിരത്തിലെ കയറ്റത്തിലേക്ക് ആയാസപ്പെട്ട് നടന്നുചെന്നപ്പോൾ ഞങ്ങളുടെ ഗുഹാഹോട്ടൽ കണ്ടു. ഈ ശിലാനഗരം അടുത്തുകാണുമ്പോൾ വേറൊരനുഭവമാണ്. അതിന്റെ പരുക്കൻ സ്വഭാവം ഒരുവേള നമ്മെ പേടിപ്പിച്ചുകളയും. അതിനേക്കാൾ ഞങ്ങളെ അസ്വസ്ഥരാക്കിയത് മറ്റൊരു കാര്യമാണ്, ആ ചെറുഹോട്ടലിൽ ആരുമുണ്ടായിരുന്നില്ല. എന്നോ അടഞ്ഞുപോയ ഒരു സ്ഥാപനമായിരുന്നു അത്.

ഏറെ ശ്രമപ്പെട്ട്, പ്രദേശവാസികളുടെ സഹായത്താൽ ഹോട്ടലുടമയുമായി ബന്ധപ്പെട്ടു. വെബ്‌സൈറ്റ് പ്രശ്‌നങ്ങൾ കൊണ്ടാണ് എന്നേ പൂട്ടിപ്പോയ ആ ഹോട്ടലിൽ ബുക്കിംഗ് നടന്നത് എന്നുപറഞ്ഞു. തുർക്കിയിലെ രീതിയനുസരിച്ച് റൂം ചെക്കിൻ ചെയ്താൽ മാത്രമേ പൈസ വരവുവെക്കപ്പെടൂ എന്നതിനാൽ ധനനഷ്ടമുണ്ടായില്ല. അകലെനിന്നു നോക്കിയാൽ മലതുരന്നുണ്ടാക്കിയ പരുക്കൻ ഗുഹാഭവനങ്ങളായി തോന്നുന്ന പല നിർമിതികളും(നിർമിതിയെന്നു പറയാമോ ആവോ) അടുത്തുചെന്നാൽ മൾട്ടി സ്റ്റാർ ഹോട്ടലുകളാണ്. നടന്നും വലഞ്ഞും ഇരുട്ടേറുംതോറും ആശങ്കപ്പെട്ടും ഒടുവിൽ താരതമ്യേന തരക്കേടില്ലാത്ത ബജറ്റിൽ ഞങ്ങൾക്കൊരു താമസസൗകര്യം ഓൺലൈനിൽ തന്നെ തരപ്പെട്ടു. ഡച്ചുശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന കെയർ ടേക്കറുള്ള മനോഹരമായ ഒരു അപ്പാർട്ടുമെൻറ്​.

ഗുഹാഹോട്ടലിന്റെ ഉൾവശം

കപഡോക്യയിൽ ഒരു രാത്രിയും ഒരു പകലുമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. നെവ്‌സെഹിറിൽ ബസിറങ്ങി ഗോരേം വഴി ഉർഗുപ്പിൽ ഹോട്ടൽമുറിയിലെത്തിയപ്പോഴേക്കും കപ്പഡോക്കിയയുടെ സ്വഭാവം ഞങ്ങൾക്ക് പിടികിട്ടി, യാത്ര ചെയ്യാൻ സ്വന്തമായൊരു വാഹനം വേണം. തുർക്കിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഒരു ഇന്റർനാഷനൽ ഡ്രൈവിംഗ് പെർമിറ്റ് തരപ്പെടുത്തിയിരുന്നു. നെവ്‌സറിൽനിന്നുതന്നെ ഒരു റെൻറ്​ എ കാർ സാധ്യമായിരുന്നെങ്കിലും അങ്ങനെയൊരാലോചനയിലെത്താൻ ചില കഠിനയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നുവെന്നു മാത്രം. ഡ്രൈവിംഗ് പെർമിറ്റിന്റെ കോപ്പിയും ഒരു ദിവസത്തേക്കുള്ള വാടകയും ചില ഫോറങ്ങളിൽ ഒപ്പുമായപ്പോൾ ഹോട്ടലിനു മുറ്റത്ത് ഞങ്ങൾക്കുള്ള വാഹനം കൈമാറ്റം ചെയ്യപ്പെട്ടു. പെട്രോളടിക്കണം, കേടുപാടുകൾ സംഭവിച്ചാൽ അതിന്റെ കാശും കൊടുക്കണം. ബാക്കിയൊക്കെ അനന്തമായ സൗകര്യങ്ങൾ മാത്രം.

കൊയ്മാക്‌ലി ഭൂഗർഭ നഗരം ഇക്കാലത്തും മനുഷ്യസാധ്യമോ എന്ന വിസ്മയം ജനിപ്പിക്കുന്ന അത്ഭുതമാണ്. ഭൂമിക്കടിയിൽ പാറ തുരന്നുണ്ടാക്കിയ ഒരു ചെറിയ നഗരം തന്നെയാണിത്.

അതിരാവിലെ പീജ്യൻ വാലിയിൽ ഹോട്ട് എയർ ബലൂണുകൾ പറക്കുന്നത് കാണാൻപോവുകയാണ് ഞങ്ങളുടെ ആദ്യപരിപാടി. ബലൂൺ സഫാരിയിലൂടെ കപ്പഡോക്കിയൻ കാഴ്ചകളുടെ ഏരിയൽ വ്യൂ ആസ്വദിക്കുന്നത് ബജറ്റിലൊതുങ്ങുതൊക്കെയായിരുന്നെങ്കിലും ആ പരീക്ഷണത്തിന് ഞങ്ങൾ നിന്നില്ല. ഞങ്ങൾ താമസിച്ച ഹോട്ടൽ മാനേജുമെന്റുതന്നെ ഹോട്ട് ബലൂൺ ട്രിപ്പുകളൊരുക്കുന്നുണ്ടെങ്കിലും പീജ്യൻ വാലിയിൽ പല നിറങ്ങളിലുള്ള ബലൂൺ വാഹനങ്ങളിൽ ഒരു അറബിക്കഥയിലെന്നോണം മനുഷ്യർ പറക്കുന്നതുകണ്ട് വിസ്മയിക്കാനായിരുന്നു ഞങ്ങൾക്കിഷ്ടം.

ഞങ്ങളെത്തിയപ്പോഴേക്കും ബലൂണുകൾ പറന്നുതുടങ്ങിയിരുന്നു. വ്യൂപോയിന്റിൽ തണുപ്പിന്റെ കിടുകിടുപ്പു മാറ്റാൻ ആവി പറക്കുന്ന ടർക്കിഷ് കോഫിയും ചായയുമെല്ലാം കിട്ടും. മനോഹരമായ ഒരു ഉദ്യാനംപോലെ സംവിധാനംചെയ്ത ആ സ്ഥലത്ത് വെയിലുവന്ന് മുട്ടുവോളം ഞങ്ങൾ തണുത്തുവിറച്ച് ആകാശക്കാഴ്ചകളിൽ വിസ്മയിച്ചിരുന്നു. മനോഹരവീഥികളിലൂടെ ആസ്വദിച്ച് ഡ്രൈവു ചെയ്ത് തിരിച്ച് ഹോട്ടലിലെത്തി ഫ്രഷായി അടുത്ത കപ്പഡോക്കിയൻ ലക്ഷ്യങ്ങളിലേക്കു തിരിഞ്ഞു.

സൂക്ഷ്മമായി കാണാനും പഠിക്കാനും ദിവസങ്ങളോളം താമസിച്ച് പകർത്താനുമൊക്കെയുള്ള വിവഭവങ്ങളുണ്ട് കപഡോക്യയിൽ. മനുഷ്യന്റെ പ്രാചീനമായ ആവാസസ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ജീവിതം ശിലകളിൽ കോറിയിട്ടതുകൊണ്ട് നൂറ്റാണ്ടുകൾക്കിപ്പുറവും അത് മനുഷ്യഭാവനയെസംബന്ധിച്ച വിസ്മയങ്ങളിലേക്ക് വാതിൽ തുറന്നു വെക്കുന്നു. ശിലാവിസ്മയങ്ങളുടെ ചരിത്രം പറയുന്ന ഓപ്പൺ മ്യൂസിയം, ഏതു പോയിന്റിലും നിർത്തി ആസ്വദിക്കാവുന്ന ഫെയറി ചിമ്മിനികളുടെ പനോരമക്കാഴ്ചകൾ, പ്രണയത്തിന്റെ മിത്തുകൾ ചേർന്നൊരുക്കിയ പ്രണയത്താഴ്‌വരയുടെ മാന്ത്രികനിമിഷങ്ങൾ, കെയ്മാക്‌ലി ഭൂഗർഭ നഗരം, യുനെസ്‌കോ പൈതൃകപട്ടികയിൽ പെടുന്ന അൽ നസർ ഗുഹാ ചർച്ച് എന്നിവയായിരുന്നു ഒറ്റപ്പകലിൽ ഞങ്ങൾക്കു കണ്ടുതീർക്കാനായ കപ്പഡോക്കിയൻ കാഴ്ചകൾ.

കൊയ്മാക്‌ലി ഭൂഗർഭ നഗരം ഇക്കാലത്തും മനുഷ്യസാധ്യമോ എന്ന വിസ്മയം ജനിപ്പിക്കുന്ന അത്ഭുതമാണ്. ഭൂമിക്കടിയിൽ പാറ തുരന്നുണ്ടാക്കിയ ഒരു ചെറിയ നഗരം തന്നെയാണിത്. എട്ടുനിലകളിലായി നൂറുക്കണക്കിനു മനുഷ്യർക്ക് താമസിക്കാവുന്ന കെട്ടുപിണഞ്ഞ ഒരു പാർപ്പിടസമുച്ചയം. എട്ടുനിലകളിൽ ഭൂനിരപ്പിനോടു ചേർന്ന നാലു നിലകൾ മാത്രമേ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുള്ളൂ. ഭൂമിക്കടിയിലേക്കും വശങ്ങളിലേക്കും പടർന്നു വികസിക്കുന്ന ഈ മഹാവിസ്മയത്തിന്റെ നാലോ അഞ്ചോ ശതമാനം മാത്രമേ കണ്ടെത്തുകയോ പഠനവിധേയമാക്കുകയോ ചെയ്തിട്ടുള്ളൂ എന്നറിയുമ്പോഴാണ് നൂറുക്കണക്കിനു വർഷങ്ങളിലൂടെ ഭൂമിക്കടിയിലേക്കും വശങ്ങളിലേക്കും പടർന്ന ഈ നിർമിതിയുടെ ആഴം മനസ്സിലാക്കാനാകൂ. വർഷങ്ങൾകൊണ്ട് രൂപപ്പെട്ട ഒരു ഉറുമ്പുകോളനിയാണ് ഓർമയിലേക്കു വന്നത്. മനുഷ്യർ ഉറുമ്പുകളിൽനിന്ന് പഠിച്ചോ അതോ തിരിച്ചോ എന്നും ആലോചിക്കാം. തുർക്കി പുരാവസ്തുവകുപ്പിന്റെ പഠനങ്ങളനുസരിച്ച് ബി.സി ഏഴാം നൂറ്റാണ്ടിൽ തുടങ്ങിയതാണ് ഇതിന്റെ നിർമിതി. ഇന്തോ- യൂറോപ്യൻ ജനതയായ ഫ്രിജിയനുകൾ നിർമിച്ചൊരുക്കിയ ഈ ഭവനസമുച്ചയത്തിൽ കിടപ്പുമുറികളും അടുക്കളകളും ധാന്യങ്ങൾ ശേഖരിക്കാനുള്ള ഇടങ്ങളും ആരാധനാലയങ്ങൾ എന്നു തോന്നിക്കുന്ന സംവിധാനങ്ങളുമൊക്കെയുണ്ട്. എട്ടുനിലകളെയും ബന്ധിപ്പിച്ച്​വായുസഞ്ചാരത്തിനായി നിർമിച്ച ചിമ്മിനിപോലുള്ള ഒരു ടണൽ ഈ നിർമിതികളുടെ എഞ്ചിനീയറിംഗ് മികവിന് ഉദാഹണമാണ്.

യുനെസ്‌കോ പൈതൃകപട്ടികയിലുള്ള കൊയ്മാക്‌ലി ഭൂഗർഭനഗരത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് സഞ്ചാരികൾക്കു ലഭ്യമാക്കിയ വിസ്തരിച്ചുള്ള വീഡിയോ ഷോ ഗുഹാചിത്രങ്ങളുടെ ചരിത്രവും സംസ്‌കാരവും സാങ്കേതികതയുമൊക്കെ വിശദീകരിക്കുന്നുണ്ട്. ഇതിനുപുറത്ത് പുതിയ നിർമിതികളുണ്ട്. അതിശയകരമായ ഒരു വസ്തുത, നിർമാണസാമഗ്രിയായി ഉപയോഗിച്ചിരിക്കുന്നത് വെട്ടിയെടുത്ത ചാരനിറത്തിലുള്ള ഈ അഗ്‌നിപർവ്വതശിലകൾ തന്നെയാണ് എന്നതാണ്. ഫ്രിജിയനുകൾ അകത്തേക്കു നിർമിച്ചപ്പോൾ ആധുനിക മനുഷ്യൻ അതേ സാമഗ്രികൾകൊണ്ട് അവരുടെ വാസസ്ഥലങ്ങൾ പുറത്തേക്കുനിർമിക്കുന്നു എന്നുമാത്രം. ഒന്നുനിന്ന് കണ്ണടച്ചാൽ മനുഷ്യനിർമിതികളുടെ ആയിരത്താണ്ടുകളിലൂടെയുള്ള തുടർച്ച ഉള്ളിൽ മിന്നിമറഞ്ഞുപോകും.

പാമൂക്കിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന നോവലിന്റെ മുന്നൊരുക്കമായോ സമാന്തരമായോ അദ്ദേഹം ഒരുക്കിയ അതേപേരിലുള്ള മ്യൂസിയമുണ്ടിവിടെ. മ്യൂസിയം എന്ന പേരുതന്നെയാണ് അതിന് ചേരുകയെന്ന് നോവൽ വായിച്ച ഓർമയിൽ അത് കണ്ടിറങ്ങിയപ്പോൾ തോന്നി.

ബൈൻസാന്റിയൻ സാമ്രാജ്യം അനറ്റോലിയൻ മേഖലകളിലേക്കു വ്യാപിച്ചപ്പോൾ മധ്യഅനറ്റോലിയൻ പ്രദേശങ്ങളിലുൾപ്പെടുന്ന കപ്പഡോക്കിയയിൽ ഇത്തരം മലകൾ തുരന്നാണ് പള്ളികളും നിർമിച്ചതെന്നു കേട്ടിരുന്നു. അത്തരമൊരു ചർച്ച് കാണണമെന്ന വലിയ ആഗ്രഹം വൈകുന്നേരത്തോടെ അൽ അസർ ചർച്ചിന്റെ മുന്നിലെത്തിച്ചു. ചരിത്രത്തിന്റെ ഗതിവിഗതികളിൽ വിശ്വാസികളൊഴിഞ്ഞുപോയ ചർച്ച് ഇപ്പോൾ യുനെസ്‌കോ പൈതൃകപട്ടികയിൽ പെടുന്ന സംരക്ഷിത സ്മാരകമാണ്. ഞങ്ങളെത്തുമ്പോൾ സന്ദർശകരൊക്കെ പിരിഞ്ഞ് അതിന്റെ കെയർ ടേക്കർ പൂട്ടിപ്പോകാനൊരുങ്ങുകയായിരുന്നു. പെട്ടെന്ന് കണ്ടിറങ്ങണമെന്നു പറഞ്ഞ് അദ്ദേഹം ഞങ്ങൾക്ക് ടിക്കറ്റു തന്നു. അൾത്താരയും ഉപശാലകളുമൊക്കെയായി ഒരു എളിയ ചർച്ച് മലതുരന്നുണ്ടാക്കിയിരിക്കുന്നു. മച്ചിലും ചുമരുകളിലുമാകെ ബൈബിൾ കഥകളിൽനിന്നുള്ള ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ളതിൽ കുറേയൊക്കെ കാലം മായ്ച്ചുകളഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ചെറിയ നീരസം കാണിച്ച കെയർ ടേക്കർ ഞങ്ങളുടെ താൽപര്യം കണ്ടിട്ടോ എന്തോ, പതിയെ ഓരോ കാര്യങ്ങളും ഒരു ഗൈഡെന്നോണം വിസ്തരിച്ചു തന്നു. അവിടെ കാലങ്ങൾകൊണ്ട് പള്ളിച്ചുമരിൽ പതിഞ്ഞ വ്യത്യസ്തമായ ചിത്രമുദ്രണരീതികളും വിശദാംശങ്ങളും ഒരു ഗൈഡിന്റെ സഹായത്തോടെ മാത്രമേ തിരിച്ചറിയാനാകുമായിരുന്നുള്ളൂ.

ബൈബിൾ കഥകളിൽനിന്നുള്ള ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള അൽ അസർ ചർച്ച്

ഗൊരേമിൽ വണ്ടികൊടുത്ത് ചെറു ബസിൽ നെവ്‌സെറിലേക്ക് തിരിക്കുമ്പോഴേക്കും മലനിരകൾക്കുമേൽ പറന്നുനടന്ന പക്ഷികളെപ്പോലെയായിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് എത്തിച്ചേരേണ്ട അടുത്ത പോയിൻറിലേക്ക് ഒരു രാത്രിയാത്രയുണ്ടായിരുന്നു. ബസ്​ അർദ്ധരാത്രിയോടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ നെവ്‌സർ പട്ടണത്തിന്റെ രാത്രിമയക്കത്തിലേക്ക് ഊർന്നിറങ്ങി പാതിരായ്ക്കും തുറന്നുവെച്ച ഒരു റസ്​റ്റോറൻറിന്റെ ആതിഥേയത്വം സ്വീകരിച്ച് ഞങ്ങൾ മടക്കയാത്രയ്‌ക്കൊരുങ്ങി.

തുർക്കിയുടെ കാഴ്ചകളിലൂടെയും സംസ്‌കാരങ്ങളിലൂടെയുമുള്ള ഞങ്ങളുടെ സഞ്ചാരക്കുറിപ്പുകൾ ഈ അധ്യായത്തോടെ അവസാനിപ്പിക്കുയാണ്. അതിനു മുമ്പ് ലോകത്തെയാകെ വിസ്മയിപ്പിച്ച ഒരു പ്രണയസ്മാരകത്തെ കുറിച്ചുകൂടി പറയേണ്ടതുണ്ട്, പാമൂക്കിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന നോവലിന്റെ മുന്നൊരുക്കമായോ സമാന്തരമായോ അദ്ദേഹം ഒരുക്കിയ അതേപേരിലുള്ള മ്യൂസിയമാണത്. നിഷ്‌കളങ്കതയുടെ ചിത്രശാല എന്നാണ് ആ നോവലിന്റെ മലയാളവിവർത്തനത്തിനുകൊടുത്ത പേര്. മ്യൂസിയം എന്ന പേരുതന്നെയാണ് അതിന് ചേരുകയെന്ന് നോവൽ വായിച്ച ഓർമയിൽ അത് കണ്ടിറങ്ങിയപ്പോൾ തോന്നി.

ഒരു ഫിക്ഷനുവേണ്ടി തയ്യാറാക്കിയ യഥാർത്ഥ വസ്തുക്കളുടെ മ്യൂസിയം എന്നാണ് പാമൂക്ക്​ തന്നെ ഈ മ്യൂസിയത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ‘ഇതെന്റെ നോവലിലെ ജീവിതത്തിന്റെ മ്യൂസിയമാണ്, പാമൂക്കിന്റെ മ്യൂസിയമല്ല’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം മ്യൂസിയത്തിൽ ശേഖരിക്കപ്പെട്ട പല വസ്തുക്കളും അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തിൽനിന്നുള്ളതുമാണ്. ഈ മ്യൂസിയത്തിന്റെയും നോവലിന്റെയും നിരൂപകർ 1970 -കൾ തൊട്ടുള്ള തുർക്കി മധ്യവർഗ്ഗത്തിന്റെ ജീവിതം കൂടിയാണ് മ്യൂസിയത്തിലും നോവലിലും വിസ്തരിച്ചൊരുക്കിയിക്കുന്നത് എന്നു നിരീക്ഷിക്കുന്നുണ്ട്.

വിവർത്തനങ്ങളിലൂടെയും ഇംഗ്ലീഷിലൂടെയും മലയാളികൾക്ക് സ്വന്തം നോവലിസ്റ്റിനെപോലെ പരിചിതനാണ് പാമൂക്ക്. മ്യൂസിയത്തിലേക്ക് വഴിചോദിച്ചു നടക്കുമ്പോൾ സ്വന്തം എഴുത്തുകാരനെ അനുഭവിക്കാൻ പോകുന്ന ഒരു വികാരം ഞങ്ങൾക്കെല്ലാമുണ്ടായിരുന്നു.

ഇസ്താംബൂളിൽ ഞങ്ങൾ താമസിച്ചിരുന്ന പടിഞ്ഞാറൻ ഭാഗത്തുനിന്ന് ഗലാറ്റാ ബ്രിഡ്ജ് കടന്നുപോയാലാണ് പാമൂക്ക് മ്യൂസിയത്തിലെത്തുക. ട്രാമിറങ്ങി, ഇപ്പോൾ നഗരത്തിന്റെ ഭാഗമായ ഒരു കുന്ന് കയറിയിറങ്ങിവേണം പാമൂക്ക് അപ്പാർട്ടുമെന്റിലൊരുക്കിയിരിക്കുന്ന മ്യൂസിയത്തിലെത്താൻ. മുൻ അധ്യായങ്ങളിൽ പറഞ്ഞപോലെ, വിവർത്തനങ്ങളിലൂടെയും ഇംഗ്ലീഷിലൂടെയും മലയാളികൾക്ക് സ്വന്തം നോവലിസ്റ്റിനെപോലെ പരിചിതനാണ് പാമൂക്ക്. മ്യൂസിയത്തിലേക്ക് വഴിചോദിച്ചു നടക്കുമ്പോൾ സ്വന്തം എഴുത്തുകാരനെ അനുഭവിക്കാൻ പോകുന്ന ഒരു വികാരം ഞങ്ങൾക്കെല്ലാമുണ്ടായിരുന്നു. ഇസ്താംബൂൾ പഴയ നഗരത്തിന്റെ തിരക്ക് ഇവിടെയില്ല. തെരുവുകൾ ശാന്തമാണ്. ചോദിച്ചവരെല്ലാം നിസ്സംഗമായി പാമൂക്ക് അപ്പാർട്ടുമെന്റിലേക്കു വഴി കാണിച്ചു തന്നു.

മൂന്നു നിലയിലായി സജ്ജീകരിച്ച പ്രണയസ്മാരകത്തിന്റെ പുറംചുമരിലെ ചായം പോലും പ്രത്യേകം തയ്യാർ ചെയ്ത പോലെ ഒഴിഞ്ഞുപോയ പ്രണയതീഷ്ണതയുടെ ഓർമകളെ തിരിച്ചുകൊണ്ടുവരുന്നുണ്ടായിരുന്നു. കെമാലും ഫ്യൂസനുമായുള്ള പ്രണയകാലത്ത് കെമാൽ ശേഖരിച്ചുവെച്ച ഓർമകളെന്ന നിലയിലാണ് ഈ മ്യൂസിയത്തന്റെ നിൽപ്​. നോവലിന്റെ ആദ്യഖണ്ഡികയിൽ ഫ്യൂസനുമൊത്തുള്ള പ്രഥമസംഗമത്തിൽ പിന്നിൽനിന്ന് കെമാൽ ഫ്യൂസന്റെ ചെവിയിൽ കടിക്കെ അഴിഞ്ഞുപോവുന്ന കമ്മലിനെക്കുറിച്ചു പറയുന്നുണ്ട്. അന്ന് നഷ്ടപ്പെടുകയും ഫ്യൂസനും കെമാലിനുമൊപ്പം വായനക്കാരും ദിവസങ്ങളോളം പരതിനടക്കുകയും ചെയ്യുന്ന ആ കമ്മൽ മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ്. ഫ്യൂസനുമായുള്ള പ്രണയകാലത്ത് കെമാൽ വലിച്ച സിഗരറ്റുകളുടെ കുറ്റികൾ, ഏതാണ്ടെല്ലാം ഫ്യൂസൻ സ്പർശിച്ചവ, 4213 എണ്ണം ഇവിടെ അതാതിന്റെ സന്ദർഭങ്ങളോടൊപ്പം കലാപരമായി പ്രതിഷ്ഠാപിച്ചിട്ടുണ്ട്. നോവലായാലും മ്യൂസിയമായാലും മികച്ച കലാസൃഷ്ടികളിൽ അതുണ്ടായ കാലത്തിന്റെ സംസ്‌കാരവും രാഷ്ട്രീയവുമെല്ലാം കണ്ണിചേരും. പാമൂക്കിന്റെ മ്യൂസിയത്തിലും പ്രണയത്തിന്റെ ഓർമകൾക്കൊപ്പം സംസ്‌കാരവും രാഷ്ട്രീയവുമൊക്കെ സൂക്ഷ്മമായി കയറിവരുന്നുണ്ട്; ഭാവനയിലെങ്കിലും പ്രണയാനുഭവമുണ്ടായിട്ടുള്ള മനുഷ്യർക്കുണ്ടാവുന്ന പ്രണയവിഷാദത്തിന്റെ ഒരു തുള്ളിയിലാണ് അത് ഊന്നുന്നതെങ്കിലും.

ഈയെഴുത്ത് ഇവിടെ അവസാനിപ്പിക്കുകയാണ്. എഴുത്തേ അവസാനിക്കുന്നുള്ളൂ. ഓർമകളും അനുഭവങ്ങളും ബോസ്ഫറസിലെ നീരൊഴുക്കുപോലെ ഒരേസമയം കൊള്ളുകയും തള്ളുകയും ചെയ്തുകൊണ്ട് മുന്നേറുന്നു. ഉസ്‌കുദാറിയിലേക്കുള്ള മഴയൊഴിഞ്ഞ വഴികൾ അനറ്റോളിയൻ സംസ്‌കാരത്തിന്റെ സൂക്ഷ്മമായ ഓർമകളിലേക്കുള്ള സഞ്ചാരത്തിന്റെ രൂപകമാണ്. എത്ര ഭാവസാന്ദ്രമായി ആലപിച്ചാലും അത് അവസാനിക്കുകയേ ഇല്ല. ▮

(അവസാനിച്ചു)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മഹമൂദ് കൂരിയ

ചരിത്ര ഗവേഷകൻ, എഴുത്തുകാരൻ. ഹോളണ്ടിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ ഗവേഷകനും ഡൽഹിയിലെ അശോക യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്. ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, ഗ്ലോബൽ ഹിസ്റ്ററി ഓഫ് ലോ, ആഫ്രോ- ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ബൗദ്ധികചരിത്രം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Islamic Law in Circulation, Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region (Co-Editor) എന്നിവ പ്രധാന പുസ്തകങ്ങൾ.

വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments