അത്താത്തുർക്കിന്റെ ലിപിപരിഷ്‌കരണം ഏറെ ചർച്ചചെയ്യപ്പെട്ടു. ദീർഘകാലത്തെ സാംസ്‌കാരിക പാരമ്പര്യത്തെ മുറിച്ചുമാറ്റിയ രാഷ്ട്രീയപ്രക്രിയയായി ഇത് വായിക്കപ്പെടുകയുണ്ടായി.
ഇസ്മിറിൽ ഈജിയൻ തീരത്ത് തെരുവുകച്ചവടക്കാരുണ്ട്.
പലതരം തെരുവുഭക്ഷണങ്ങൾ. കുറച്ച് ആഹാരം പൊതിഞ്ഞുവാങ്ങി തശെക്കുർ എന്ന് ടർക്കിഷിൽ വില്പനക്കാരനോട് ഉപചാരം പറഞ്ഞു. അതിനു മറുപടിയായി അയാൾ പറഞ്ഞത് ഞങ്ങൾക്കു മനസ്സിലായില്ല. അതേതുഭാഷ എന്നായി ഞങ്ങൾ. ടർക്കിഷ് കഴിഞ്ഞാൽ തുർക്കിയിൽ പിന്നെ ഏതു ഭാഷയാണ്? കുർദിഷ് ആയിരിക്കുമോ? കുർദുകളെക്കുറിച്ചു സംസാരിച്ചപ്പോഴൊക്കെ തുർക്കികൾക്ക് ഒരു പൊള്ളലുണ്ടായിരുന്നു. കുർദിഷ് പോരാളികൾ തുർക്കി പൊതുബോധത്തെ സംബന്ധിച്ച് ഭീകരവാദികളാണ്. അങ്ങനെ ഒരാൾ കടൽത്തീരത്ത് കച്ചവടക്കാരനായി ഉണ്ടാവില്ലെന്നു തോന്നി.
പിന്നെ ഏതു ഭാഷ എന്ന് അയാളോടു തന്നെ ചോദിച്ചു. അയാൾ ഭാഷയുടെ പേരു പറഞ്ഞു, സാസ.
കിഴക്കൻ തുർക്കിയിലെ സാസാ (Zazan) വിഭാഗം മനുഷ്യരുടെ ഭാഷയാണ് സാസ. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷകളോട് അടുപ്പമുള്ള ഒരു ഇൻഡോ യൂറോപ്യൻ ഭാഷയാണിത്. കുർദിഷ് ജനതയുമായുള്ള അടുപ്പംകൊണ്ട് രണ്ടു ഭാഷകളുടെയും അതിർത്തികൾ അത്ര അടഞ്ഞതുമല്ല. അതുകൊണ്ടുതന്നെ സാസ ഭാഷ കുർദിഷിന്റെ ഡയലക്ടായും എണ്ണുന്നവരുണ്ട്. തങ്ങളുടെ ഭാഷയെ സാസ എന്നുതന്നെ പറഞ്ഞില്ലെങ്കിൽ ഈ മനുഷ്യർ കുർദുകളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നൊരു അപകടവും ഓർത്തു.
കിഴക്കൻ ദിക്കിൽനിന്നെത്തി ഉപജീവനത്തിന് മാർഗം തേടുകയാണ് ഈ മനുഷ്യൻ. ഭാഷ വിവിധ വംശീയവിഭാഗങ്ങളെ അടയാളപ്പെടുത്തുന്ന ഒരു പ്രദേശത്ത് ഭാഷകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. 1980-ലെ പട്ടാളവിപ്ലവത്തിനുശേഷം കുർദിഷ് ഭാഷ പൊതുസ്ഥലത്തോ അല്ലാതെയോ ഉപയോഗിക്കുന്നതിന് തുർക്കിയിൽ വിലക്കുണ്ടായിരുന്നു. 90-കളിൽ ഈ വിലക്ക് നീക്കിയെങ്കിലും തുർക്കിയിൽ കുർദിഷ് മാധ്യമത്തിലുള്ള വിദ്യാലയങ്ങളൊന്നും അനുവദനീയമല്ല. കുർദിഷിനു മാത്രമല്ല, ഭാഷാപരമായ നിർഭാഗ്യങ്ങളും സംഘർഷങ്ങളും നേരിടേണ്ടിവന്നത്. തുർക്കി ഭാഷ തന്നെ ഓട്ടോമൻ-അത്താത്തുർക്ക് കാലങ്ങളിൽ സങ്കീർണമായ സംഘർഷങ്ങളിലൂടെ കടന്നുപോയിരുന്നു. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.
തുർക്കിയിലെ സഞ്ചാരത്തിലുടനീളം ഞങ്ങൾ ലാറ്റിൻ സ്‌ക്രിപ്റ്റ് ഉപയോഗിച്ചുള്ള ടർക്കിഷ് എഴുത്തുകൾ വായിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വാക്കുകൾ രണ്ടുതരത്തിൽ ഞങ്ങളോട് പരിചയം ഭാവിച്ചു. പേർഷ്യൻ, അറബി, ഹിന്ദുസ്ഥാനി വഴി മലയാളികൾക്ക് പരിചിതമായ ധാരാളം വാക്കുകൾ ടർക്കിഷിലുണ്ട്.
ആധുനിക ടർക്കിഷ് എഴുത്തുകൾ റോമൻ ലിപി പരിചയമുള്ളവർക്ക് കുറേയൊക്കെ വായിക്കാൻ പറ്റും. പുതിയ വാക്കുകളൊക്കെ ഏതാണ്ട് അതേപോലെയാണ് ഉപയോഗിക്കുന്നത്. വാക്കുകൾക്കു പക്ഷേ ഇംഗ്ലീഷ് സ്‌പെല്ലിങ് അല്ലെന്നു മാത്രം. Taxi എന്നത് Taksi എന്നും Photostat എന്നത് fotostat എന്നും ഉച്ചരിക്കുന്നതുപോലെ എഴുതുന്നു. തുർക്കിയിൽ ഞങ്ങൾ കണ്ട മലയാളി സുഹൃത്തുക്കളൊക്കെ വാക്കുകളുടെ സ്‌പെല്ലിങ് തെറ്റിച്ചെഴുതുന്ന ടർക്കിഷ് രീതിയിൽ തെല്ല് ജാള്യതയുള്ളവരാണ്. എന്തുചെയ്യാനാണ്, തുർക്കികൾ ഇങ്ങനെയായിപ്പോയി എന്ന മട്ട്.
ഭാഷകളെയും ലിപികളെയും കുറിച്ച് ചരിത്രപരമായും ഭാഷാശാസ്ത്രപരമായും ആലോചിക്കുമ്പോൾ ഇതിൽ കാര്യമായ അപാകതയൊന്നും തോന്നുകയില്ല. തുർക്കികൾ റോമൻ ലിപകൾ അവരുടെ ഭാഷയ്ക്കാവശ്യമായ ഭേദഗതികളോടെ ഉപയോഗിക്കുന്നുവെന്നേയുള്ളൂ. ഇംഗ്ലീഷെന്ന് നമ്മൾ വിചാരിക്കുന്ന വാക്കുകളൊന്നും ഇംഗ്ലീഷ് വാക്കുകളല്ല. തുർക്കി, ലാറ്റിനധിഷ്ഠിത ഭാഷകളിൽനിന്ന് കടംകൊണ്ട വാക്കുകളാണ് പലതും. അത് അവരുടെ ഭാഷയുടെ സ്വനവ്യവസ്ഥയ്ക്കു ചേരുന്നവിധത്തിൽ അവർ എഴുതുന്നു, ഉച്ചരിക്കുന്നു. മലയാളത്തിലുള്ള വാക്കുകൾ റോമൻ ലിപി ഉപയോഗിച്ചെഴുതുമ്പോൾ മിക്കപ്പോഴും ഈ തത്വം നമ്മൾ പാലിക്കാറില്ല. പകരം ഇംഗ്ലീഷിന്റെ സ്‌പെല്ലിങ് സ്‌റ്റൈൽ പിന്തുടരും. പദം പരിചയമില്ലാത്തവർ നൂറുശതമാനം വായനയിൽ തെറ്റിക്കുകയും ചെയ്യും.
ലോകത്തിലെ പ്രധാനവും സജീവവുമായ ഭാഷാകുടുംബങ്ങളിലൊന്നാണ് ഇൻഡോ യൂറോപ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട ടർക്കിക് (Turkic) ഭാഷാകുടുംബം. ഈസ്റ്റേൺ യൂറോപ്പ്, തെക്കൻ യൂറോപ്പ്, മധ്യേഷ്യ, കിഴക്കനേഷ്യ, വടക്കൻ ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ തുടങ്ങി യൂറേഷ്യയിലാകെ സജീവസാന്നിധ്യമുള്ള മുപ്പത്തിയഞ്ചു ഭാഷകൾ ഈ കുടുംബത്തിലുണ്ട്. മംഗോളിയനും കൊറിയനും അങ്ങറ്റത്ത് ജാപ്പനീസ് വരെ തുർക്കിക് ഭാഷകളുടെ ജനിതകബന്ധങ്ങൾ പേറുന്നവയാണ്. ലോകക്രമങ്ങളും അധികാരകേന്ദ്രങ്ങളും മാറുന്നതിനനുസരിച്ച് ഭാഷകൾക്കുള്ള ഊന്നലുകളും മാറിമാറിവരും. ടർക്കിഷ് ഭാഷകൾക്ക് പല അധികാരകേന്ദ്രങ്ങളുടെയും തണൽ ലഭിച്ചിട്ടുണ്ട്. അനറ്റോളിയൻ ഭരണവംശങ്ങൾ സ്വാധീനമുറപ്പിച്ച മധ്യകാലത്ത് ഇറാനിയൻ, അറബി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളെ പലതരത്തിൽ തുർക്കിഷ് ഭാഷ സ്വാധീനിച്ചിട്ടുണ്ട്.
തുർക്കിയിലെ സഞ്ചാരത്തിലുടനീളം ഞങ്ങൾ ലാറ്റിൻ സ്‌ക്രിപ്റ്റ് ഉപയോഗിച്ചുള്ള ടർക്കിഷ് എഴുത്തുകൾ വായിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വാക്കുകൾ രണ്ടുതരത്തിൽ ഞങ്ങളോട് പരിചയം ഭാവിച്ചു. പേർഷ്യൻ, അറബി, ഹിന്ദുസ്ഥാനി വഴി മലയാളികൾക്ക് പരിചിതമായ ധാരാളം വാക്കുകൾ ടർക്കിഷിലുണ്ട്. ഒരു ബസ് ടിക്കറ്റിനുവേണ്ടി സമയത്തിന്റെ നേരിയ തുമ്പിൽപ്പിടിച്ച് വിലപേശുമ്പോൾ /ബാക്കി/ എന്ന വാക്ക് മലയാളത്തിലെ അതേ അർഥത്തിൽ പ്രയോഗിക്കുന്നത് ഞങ്ങൾ കണ്ടുപിടിച്ചിരുന്നു. ഇതേപോലെ എത്രയോ വാക്കുകൾ. ഈ വാക്കുകളിൽ പലതും അറബിക്, പേർഷ്യൻ ലോൺ വേഡ്‌സ് ആയി നമ്മൾ പരിചയപ്പെട്ടതാണ്. ഈ വാക്കുകളുടെയൊക്കെ ഒറിജിൻ ടർക്കിഷ് ആയേക്കാം, മലബാറിൽ പ്രചാരത്തിലുള്ള ബീവി (അറക്കൽ ബീവി ഒരുദാഹരണം) എന്ന പദം പോലെ. രണ്ടാമതുവക പരിചയമുള്ള വാക്കുകൾ ലാറ്റിനധിഷ്ഠിതവാക്കുകളാണ്. ഈ വാക്കുകളുടെ ടർക്കിഷ് ഉച്ചാരണം മലയാളി ഉച്ചാരണത്തോട് ഏറെ ചേർന്നുനിൽക്കുന്നതായി തോന്നി.
ഓട്ടോമൻ തുർക്കിഷ് ഭാഷയ്ക്ക് മൂന്നടരുകളുണ്ടായിരുന്നു. കാവ്യരചനയും ഭരണകാര്യങ്ങളും നിർവഹിക്കപ്പെട്ട ഏറ്റവും ഉയർന്നതലത്തിലുള്ള രാജകീയ ടർക്കിഷ്, കച്ചവടത്തിന്റെയും സമൂഹത്തിലെ ഉന്നതരുടെയും ഭാഷയായ വരേണ്യ ടർക്കിഷ്, സാധാരണക്കാരുടെ ഭാഷയായ പൊതു ടർക്കിഷും.
ഓട്ടോമൻ ടർക്കിഷ് ഇന്നും തുർക്കിയിൽ അവിടവിടെ കാണാൻ സാധിക്കും. മ്യൂസിയങ്ങളും ദേശീയസ്മാരകങ്ങളുമെല്ലാം സന്ദർശിക്കുമ്പോൾ ഓട്ടോമൻ ടർക്കിഷ് നമ്മുടെ കൺമുന്നിൽ തെളിഞ്ഞുകൊണ്ടേയിരിക്കും. ഇസ്താംബൂളിലെ പ്രധാന ആകർഷണങ്ങളിലൊന്നായ തൊപ്കാപി മ്യൂസിയത്തിനുമുന്നിൽ നിൽക്കുമ്പോൾ ഇത്തരമൊരു വായനാനുഭവമുണ്ടായി. പാലസിന്റെ മുന്നിൽ ചുമരിൽ പതിച്ചനിലയിലുള്ള ഫലകത്തിലെ എഴുത്ത് വായിക്കാൻ ശ്രമിച്ചിരുന്നു. മനോഹരമായ അറബിക് കാലിഗ്രഫിയാണ്. അറബിയും അറബിമലയാളവുമൊക്കെ നന്നായി വായിക്കാനറിയുന്നവർ വായിച്ചിട്ട് ഒരു അർഥബോധമുണ്ടാകുന്നില്ല. ഇതാണ് ഓട്ടോമൻ ടർക്കിഷ് എന്ന് ആരോ പറഞ്ഞുതന്നു. ലിപി മാത്രമേ അറബിയുള്ളൂ, ഭാഷ ടർക്കിഷ് ആണ്. പരിചയമുള്ള കുറച്ച് അറബി പദങ്ങളും ഓട്ടോമൻ ടർക്കിഷിൽ കണ്ടേക്കാം.
പേർസോ- അറബിക് ലിപിയിൽ എഴുതുന്ന ടർക്കിഷ് എന്ന് ഓട്ടോമൻ ടർക്കിഷിനെ സാമാന്യമായി പറയാം. പേർഷ്യനും അറബിയും അടുത്തുനിൽക്കുന്ന ഭാഷകളെന്ന് ബാഹ്യമായി ഒരു തോന്നലുണ്ടാക്കുമെങ്കിലും രണ്ട് ഗോത്രങ്ങളിൽപെട്ട ഭാഷകളാണല്ലോ. അറബി സെമിറ്റിക് ഗോത്രത്തിൽ പെടുമ്പോൾ പേർഷ്യൻ ഇൻഡോ-യൂറോപ്യൻ ഗോത്രത്തിൽ പെടുന്നു. പേർഷ്യൻ എഴുതാൻ അറബി ലിപി പരിഷ്‌കരിക്കേണ്ടതുണ്ടായിരുന്നു. ഇങ്ങനെ പരിഷ്‌കരിക്കപ്പെട്ട അറബി ലിപി ലോകത്ത് ഒരുകാലത്ത് പല ഭാഷകളും എഴുതാൻ ഉപയോഗിച്ചിട്ടുണ്ട്; ഇന്നും ഉപയോഗിക്കുകയും ചെയ്യുന്നു. ടർക്കിഷ് ഭാഷ പല കാലങ്ങളിൽ പല ലിപികളുപയോഗിച്ച് എഴുതിയിട്ടുണ്ട്. റഷ്യൻ ഭാഷകളൊക്കെ എഴുതുന്ന സിറിലിക് ലിപിയും അർമേനിയക്കാരും ഗ്രീക്കുകാരും ഉപയോഗിച്ച ലാറ്റിൻ അധിഷ്ഠിത ലിപികളുമൊക്കെ പല കാലങ്ങളിൽ ഉപയോഗിച്ച് അനറ്റോളിയൻ ഭരണവംശങ്ങളുടെ കാലത്താണ് അത് അറബ് ലിപിയിലേക്ക് മാറുന്നത്. ഏതാണ്ട് ആയിരം വർഷത്തോളം ടർക്കിഷ് ഭാഷയുടെ ലിപി പേർസോ-അറബ് ലിപിയായിരുന്നു. ടർക്കിഷ് മാത്രമല്ല, ടർക്കിക് കുടുംബത്തിലെ പല ഭാഷകളും ഈ ലിപി സ്വീകരിച്ചു.
ഓട്ടോമൻ തുർക്കിഷ് ഭാഷയ്ക്ക് മൂന്നടരുകളുണ്ടായിരുന്നു. കാവ്യരചനയും ഭരണകാര്യങ്ങളും നിർവഹിക്കപ്പെട്ട ഏറ്റവും ഉയർന്നതലത്തിലുള്ള രാജകീയ ടർക്കിഷ്, കച്ചവടത്തിന്റെയും സമൂഹത്തിലെ ഉന്നതരുടെയും ഭാഷയായ വരേണ്യ ടർക്കിഷ്, സാധാരണക്കാരുടെ ഭാഷയായ പൊതു ടർക്കിഷും. രാജകീയ ടർക്കിഷിൽ അറബ്, പേർഷ്യൻ വാക്കുകൾ പദാവലിയുടെ 80-ശതമാനവും നിയന്ത്രിച്ചിരുന്നു. വാക്കുകളുടെ സംഘാതങ്ങളും അറബ്- പേർഷ്യൻ വ്യാകരണത്തെ പിന്തുടർന്നു. മലയാളം സംസ്‌കൃതത്തിൽനിന്ന് വാക്കുകൾ കടംകൊണ്ടതോടൊപ്പം സംസ്‌കൃത സമസ്തപദങ്ങൾകൂടി ധാരാളമായി കടംകൊണ്ട ഒരു ഭാഷ സങ്കല്പിച്ചാൽ ഈ രാജകീയ ടർക്കിഷിന്റെ സ്വഭാവം നമുക്ക് പിടികിട്ടും. താഴേത്തട്ടിലേക്ക് വരുമ്പോൾ അനറ്റോളിയൻ ടർക്കിഷ് ഭാഷയുടെ എല്ലാ തലത്തിലും ഏറിയ തോതിൽ സ്വാധീനം ചെലുത്തുന്നതായി കാണാം. ഒരു ടർക്കിഷ് എലീറ്റ് എഴുതുമ്പോൾ അറബിയിൽനിന്ന് കടംകൊണ്ട വാക്ക് ഉപയോഗിക്കുകയും അങ്ങാടിയിൽ ആ സാധനം വാങ്ങുമ്പോൾ പ്രാദേശിക ടർക്കിഷ് ഉപയോഗിക്കുയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. എഴുതുമ്പോൾ നാളികേരവും വാങ്ങുമ്പോൾ തേങ്ങയുമാകുന്ന സാഹചര്യം എന്ന് നമുക്കിതിനെ മനസ്സിലാക്കാം. ഓട്ടോമൻ ടർക്കിഷ് സെൽജൂക്കിയൻ പാരമ്പര്യത്തിൽനിന്ന് ക്രമമായി വികസിച്ചുവരുന്നതും ആധുനികകാലമാകുമ്പോഴേക്ക് പാശ്ചാത്യ സംസ്‌കാരത്തോട് ചായ്വ് കാണിച്ചുതുടങ്ങുന്നതുമാണ്.
അറബിയിൽനിന്ന് കടംകൊള്ളുന്ന വാക്കുകളെ സംബന്ധിച്ച് പേർസോ- അറബിക് ലിപി വലിയതോതിൽ ഉപകാരപ്രദമായിരുന്നു. ടർക്കിഷ് ഭാഷയിലില്ലാത്ത കുറേയധികം വ്യഞ്ജനശബ്ദങ്ങൾ അറബിയിലുണ്ട്. എന്നാൽ എട്ട് സ്വരങ്ങളും അതിന്റെ ദീർഘരൂപങ്ങളുമുള്ള ടർക്കിഷിന് മൂന്ന് സ്വരങ്ങളും അത്രയും ദീർഘങ്ങളുമുള്ള (ഹ്രസ്വസ്വരങ്ങൾ എഴുതിക്കാണിക്കാത്ത) അറബ് ലിപി മതിയാകാതെ വന്നു. അറബിയിൽ ഇല്ലാത്ത ചില വ്യഞ്ജനങ്ങളും ടർക്കിഷിൽ ഉണ്ടായിരുന്നു.
ലോകത്ത് വിവിധ രാജ്യങ്ങൾ പല കാലങ്ങളിൽ തങ്ങളുടെ ഭാഷകളുടെ ലിപി മാറ്റിയിട്ടുണ്ടെങ്കിലും അത്താത്തുർക്കിന്റെ ലിപിപരിഷ്‌കരണം ഏറെ ചർച്ചചെയ്യപ്പെട്ടു. ദീർഘകാലത്തെ സാംസ്‌കാരിക പാരമ്പര്യത്തെ മുറിച്ചുമാറ്റിയ രാഷ്ട്രീയപ്രക്രിയയായി ഇത് വായിക്കപ്പെടുകയുണ്ടായി
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി അച്ചടിയും ടെലഗ്രാഫുമൊക്കെ വന്നതോടെയാണ് ഈ പരിമിതി വ്യാപകമായി തിരിച്ചറിയപ്പെട്ടത്. 1862-ൽ മുനാഫ് പാഷ ടർക്കിഷ് ഭാഷയ്ക്ക് ലാറ്റിൻ ലിപി നിർദേശിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുവ തുർക്കി മൂവ്‌മെന്റുകളുടെ കാലത്തും ലിപിമാറ്റം ശക്തമായി ഉന്നയിക്കപ്പെടുകയുണ്ടായി. തുർക്കി റിപ്പബ്ലിക് രൂപപ്പെട്ടശേഷം 1923-ൽ ഇസ്മിറിൽവെച്ചു ചേർന്ന ഇക്കണോമിക് കോൺഫറൻസിൽ ഗൗരവത്തോടെ ഈ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോവുകയും തുടർന്നുള്ള വർഷങ്ങളിലെ സജീവചർച്ചകളിലൂടെ 1928-ൽ ലാറ്റിനധിഷ്ഠിത ലിപിയിലേക്ക് മാറിക്കൊണ്ടുള്ള നിയമം പുറത്തുവരികയും ചെയ്തു. 1929-മുതൽ പൊതു ഉപയോഗങ്ങൾക്ക് ലാറ്റിൻ ലിപികൾ നിർബന്ധിതമായി.
ലോകത്ത് വിവിധ രാജ്യങ്ങൾ പല കാലങ്ങളിൽ തങ്ങളുടെ ഭാഷകളുടെ ലിപി മാറ്റിയിട്ടുണ്ടെങ്കിലും അത്താത്തുർക്കിന്റെ ലിപിപരിഷ്‌കരണം ഏറെ ചർച്ചചെയ്യപ്പെട്ടു. ദീർഘകാലത്തെ സാംസ്‌കാരിക പാരമ്പര്യത്തെ മുറിച്ചുമാറ്റിയ രാഷ്ട്രീയപ്രക്രിയയായി ഇത് വായിക്കപ്പെടുകയുണ്ടായി. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ടർക്കിഷ് സാഹിത്യരചനകളിലേക്കുള്ള പുതിയ തലമുറയുടെ പ്രവേശനം റദ്ദുചെയ്യപ്പെടുമെന്ന ഒരു പ്രശ്‌നം ഈ ലിപിപരിഷ്‌കരണത്തിലുണ്ടെങ്കിലും പരിഗണിക്കേണ്ട ചില കാതലായ അംശങ്ങൾ ഇതിൽ വേറെ കിടക്കുന്നുണ്ട്. തുർക്കി ഒരു റിപ്പബ്ലിക്കായി രൂപപ്പെട്ട കാലത്ത് തുർക്കി ജനതയിൽ ഭൂരിപക്ഷവും സാക്ഷരരായിരുന്നില്ല. അതുകൊണ്ട് ലിപിമാറ്റം സാധാരണ മനുഷ്യരെ സംബന്ധിച്ച് വലിയതോതിൽ ഒരു വേരറുക്കൽ ഫീൽ ഉണ്ടാക്കിയില്ല. അറബിക്, പേർഷ്യൻ പദാവലികളും വ്യാകരണരൂപങ്ങളും ഏറിയ രാജകീയ ഓട്ടോമൻ ടർക്കിഷിനുപകരം റിപ്പബ്ലിക്, ജനകീയ ടർക്കിഷിന്റെ അനറ്റോളിയൻ പാരമ്പര്യത്തിലേക്കാണ് പോയത്. പ്രാദേശിക വാക്കുകൾ കൂടുതലുള്ള ഈ ഭാഷാവഴിക്ക് കൂടുതൽ ഇണങ്ങിയ ലിപി പരിഷ്‌കരിച്ച ലാറ്റിനായിരുന്നു. പതിയെ അറബ്- പേർഷ്യൻ വ്യാകരണരൂപങ്ങളും ആധുനിക ടർക്കിഷിൽനിന്ന് കൊഴിഞ്ഞുപോയി. ഭാഷാഭിമാനവും അതിലൂടെ ദേശീയതാവികാരവും ഉണ്ടാക്കാനാണ് ഈ ലിപിമാറ്റം സഹായിച്ചത്.
മലയാളത്തിലാകട്ടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തത് ഇംഗ്ലീഷിനെ ഒഴിവാക്കി ജനബന്ധമില്ലാത്ത സംസ്‌കൃതപദങ്ങൾ സ്ഥാപിച്ചെടുക്കുന്ന പണിയായിരുന്നു. എത്ര ശ്രമിച്ചിട്ടും ജനം ഇത് കൈയൊഴിയുന്നതാണ് മലയാളത്തിൽനിന്നുള്ള സമകാലികഭാഷാചിത്രം.
ടർക്കിഷ് ഭാഷയെ പിൻപറ്റി പല ടർക്കിക് ഭാഷകളും ലാറ്റിനധിഷ്ഠിത ലിപിയിലേക്കു മാറി. 1991-ൽ അസർബൈജാനിയും 1993-ൽ തുർക്ക്‌മെനും 2021-ൽ ഖസാഖും ഈ ലിപി സ്വീകരിച്ചു. ടർക്കിക് ഭാഷകളുടെ ഈ പരിണാമം രാഷ്ട്രീയം എന്നതിനേക്കാൾ സാംസ്‌കാരികമാണെന്നു കാണാൻ സാധിക്കും. മതവും സംസ്‌കാരവും പലപ്പോഴും പരസ്പരം ഏറ്റുമുട്ടുന്നതിന്റെ കാഴ്ചകളും നമുക്കിവിടെ കാണാനാകും. പേർസോ- അറബ് ലിപിയിൽനിന്ന് ടർക്കിഷ് ലാറ്റിനധിഷ്ഠിതലിപിയിലേക്ക് മാറുമ്പോൾ അതിന് ഇസ്ലാമികലോകവുമായുള്ള ബന്ധമറ്റുപോകും എന്നൊരു വാദം പാരമ്പര്യവാദികൾ ഉന്നയിച്ചിരുന്നു. എന്നാൽ പ്രാദേശിക ടർക്കിഷ് ഭാഷ ലിപിമാറ്റത്തിലൂടെ അതിന്റെ മേലുള്ള സാംസ്‌കാരികാധിനിവേശത്തെ കുടഞ്ഞ് പ്രാദേശികത്തനിമ തിരിച്ചുപിടിക്കുകയാണുണ്ടായത്. ലിപിമാറ്റം പോലുള്ള കാര്യങ്ങളൊന്നുമില്ലെങ്കിലും മലയാളം പോലുള്ള ഭാഷകളിലും ഇത്തരത്തിലുള്ള അധിനിവേശവിരുദ്ധ ജനകീയനീക്കങ്ങൾ നമുക്ക് കാണാനാകും.
പോസ്റ്റ് കൊളോണിയൽ സന്ദർഭത്തിൽ മലയാളത്തിനുമേലുള്ള അധിനിവേശം എന്നുപറയുമ്പോൾ ഇംഗ്ലീഷിന്റെ അധിനിവേശം എന്നാണ് പെട്ടെന്നു തോന്നുക. എന്നാൽ സൂക്ഷ്മവിശകലനത്തിൽ അതങ്ങനെയല്ലെന്നു ബോധ്യമാകും. മലയാളത്തിന്റെ ദ്രവീഡിയൻ ഫൊണോളജിക്ക് ചേരാത്ത സംസ്‌കൃത വാക്കുകളും വ്യാകരണരൂപങ്ങളും നിറഞ്ഞ വരേണ്യമലയാളത്തെ ജനാധിപത്യകാലത്ത് വിദ്യാഭ്യാസത്തിലൂടെ മുന്നേറിയ സാമാന്യമലയാളി കാര്യമായി തിരുത്തുന്നുണ്ട്. പത്രമാധ്യമങ്ങൾ, തുടർന്നുവന്ന സോഷ്യൽ മീഡിയവ്യവഹാരങ്ങൾ ഒക്കെ സംസ്‌കൃതത്തിൽനിന്നുള്ള വാക്കുകളെയും വ്യാകരണരൂപങ്ങളെയും ഒട്ട് അബോധമായി പുറന്തള്ളുകയും പകരം ഇംഗ്ലീഷിൽനിന്നുള്ള വാക്കുകൾ സ്വീകരിക്കുകയും ചെയ്യുന്നു. തുർക്കിയിൽ ഒരു ഭാഷാ കമ്മിഷൻ പേർസോ-അറബിക് വാക്കുകൾക്കുപകരം പ്രാദേശിക ടർക്കിഷിൽനിന്നുള്ള വാക്കുകൾ പ്രചരിപ്പിച്ചിരുന്നു. ക്രമേണ സാങ്കേതികപദങ്ങളും ഉത്പന്നനാമങ്ങളുമൊക്കെ അറബ് ബന്ധമുപേക്ഷിച്ച് പാശ്ചാത്യമായ പ്രയോഗങ്ങളെ വ്യാപകമായി സ്വീകരിക്കാൻ തുടങ്ങി. മലയാളത്തിലാകട്ടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തത് ഇംഗ്ലീഷിനെ ഒഴിവാക്കി ജനബന്ധമില്ലാത്ത സംസ്‌കൃതപദങ്ങൾ സ്ഥാപിച്ചെടുക്കുന്ന പണിയായിരുന്നു. എത്ര ശ്രമിച്ചിട്ടും ജനം ഇത് കൈയൊഴിയുന്നതാണ് മലയാളത്തിൽനിന്നുള്ള സമകാലികഭാഷാചിത്രം. ഭരണാവശ്യത്തിനുള്ള ഒരു സംസ്‌കൃതീകൃതമലയാളം, ജനകീയ ഉപയോഗങ്ങൾക്കുള്ള ഇംഗ്ലീഷാവിഷ്ട മലയാളം, ഉന്നത വിദ്യാഭ്യാസത്തിനും മറ്റും ആശ്രയിക്കുന്ന ഇംഗ്ലീഷ് എന്നിങ്ങനെ കേരളീയഭാഷാമണ്ഡലം ചിതറിയത് വ്യക്തമായി കാണാം.
തുർക്കിയുടെ രാഷ്ട്രീയവും മതകാര്യങ്ങളും പറഞ്ഞുകേറിയപ്പോൾ ട്രാൻസ്ലേഷൻ ആപ്പുകളെ ആശ്രയിക്കേണ്ടിവന്നു. പലപ്പോഴും സഹായിക്കാൻ തയ്യാറായിനിന്ന മനുഷ്യർ ഞങ്ങളുടെ ഭാഷ മനസ്സിലാകാതെ കുഴഞ്ഞു.
തുർക്കികളിൽ ബഹുഭൂരിപക്ഷത്തിനും തുർക്കിഭാഷ മാത്രമേ അറിയൂ. തുർക്കിയിൽ ജോലിക്കോ വിദ്യാഭ്യാസത്തിനോ എത്തുന്നവർ തുർക്കി ഭാഷ പഠിച്ചേ മതിയാകൂ. എന്നാൽ ടൂറിസം വലിയ വ്യവസായമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് ആശ്രയിക്കേണ്ടിവരുന്ന ഹോട്ടൽ, ട്രാവൽ പ്രവർത്തിക്കുന്നവർക്കെല്ലാം സാമാന്യം ഇംഗ്ലീഷ് അറിയാം. സാധാരണ ജനങ്ങളോട് സംസാരിക്കാൻ പാക്ഷേ, ടർക്കിഷ് അല്ലാതെ വേറെ വഴിയില്ല. ഒന്നുരണ്ടു സന്ദർഭങ്ങളിൽ ഭാഷ വലിയ പ്രശ്‌നമായത് ഓർക്കുന്നു. പ്രായമുള്ള ഒരച്ഛനും അയാളുടെ മകനും നടത്തുന്ന ഒരു കടയിൽവെച്ച് കുറച്ചുനേരം സംസാരിക്കേണ്ടിവന്നു. തുർക്കിയുടെ രാഷ്ട്രീയവും മതകാര്യങ്ങളും പറഞ്ഞുകേറിയപ്പോൾ ട്രാൻസ്ലേഷൻ ആപ്പുകളെ ആശ്രയിക്കേണ്ടിവന്നു. പലപ്പോഴും സഹായിക്കാൻ തയ്യാറായിനിന്ന മനുഷ്യർ ഞങ്ങളുടെ ഭാഷ മനസ്സിലാകാതെ കുഴഞ്ഞു.
ഇംഗ്ലീഷിനൊപ്പം അറബിയും ഡച്ചും ഹിന്ദുസ്ഥാനിയുമൊക്കെ ഈ യാത്രയിൽ ഞങ്ങൾക്ക് പ്രയോജനപ്പെട്ടു. പാമുക്കാലെയിലെ ഹോട്ടൽ മാനേജരുടെ ഇംഗ്ലീഷിന് ഡച്ച് ചുവ തോന്നിയ മഹമൂദ് അയാളോട് കാര്യം തിരക്കിയപ്പോൾ പുള്ളി ഡച്ചുകാരനാണ്. അയാളോട് ഡച്ചിൽ സംസാരിച്ചപ്പോൾ അയാൾക്കും സന്തോഷം. ഇംഗ്ലീഷറിയുന്ന ഒരാൾ പോലുമില്ലാത്ത, മെനു അടക്കം എല്ലാം ടർക്കിഷിലുള്ള ഒരു ഹോട്ടലിൽ കാര്യം നടക്കാൻ അറബി ഉപയോഗിക്കേണ്ടിവന്നു. അടുക്കളയിൽനിന്ന് അറബി വശമുള്ള ഒരാളെ കൊണ്ടുവരികയായിരുന്നു. ചില കടകളിൽ പാക്കിസ്താനികളുണ്ടായിരുന്നതുകൊണ്ട് ഹിന്ദുസ്ഥാനിയും പ്രയോജനപ്പെട്ടു.
തുർക്കി എന്നു കേൾക്കുമ്പോൾ ടർക്കിഷ് ഭാഷക്കാരുടെ ദേശം എന്നു തോന്നുമെങ്കിലും തുർക്കിയിൽ പല ഭാഷകളുണ്ട്. ടർക്കിഷ്, രാഷ്ട്രീയമായി അതിന്റെ തനിമ തിരിച്ചുപിടിച്ചപ്പോൾത്തന്നെ ആ രാജ്യത്തെ ഭാഷാന്യൂനപക്ഷങ്ങളോട് വേണ്ടത്ര നീതി കാണിച്ചില്ല. ഭാഷയെയും രാഷ്ട്രീയത്തെയും വേർതിരിച്ച് കാണാൻ കഴിയാത്തതുകൊണ്ട് കുർദിഷ് പോലുള്ള ഭാഷകൾ സംസാരിക്കുന്നതുപോലും വിഘടനവാദമായി എണ്ണപ്പെട്ടു. വിവിധ ന്യൂനപക്ഷഭാഷകൾ സംസാരിക്കുന്ന മനുഷ്യർക്ക് അവരുടെ ഭാഷയിൽ എഴുത്തും വായനയും പഠിക്കാനും അതുപയോഗിച്ച് ജീവിക്കാനും വലിയ പ്രയാസങ്ങൾ നേരിടുന്നു; ഇന്ത്യയിലെ അർഥസമ്പുഷ്ട ഭാഷകളും ഗിരിവർഗഭാഷകളും നേരിടുന്ന അതേ പ്രശ്‌നം പോലെ.
1928-ൽ ടർക്കിഷിന് ലാറ്റിനധിഷ്ഠിത ലിപി നിർബന്ധമാക്കിക്കൊണ്ട് നിയമനിർമാണം നടത്തി ഒരു നൂറ്റാണ്ടു തികയുന്നതിനുമുമ്പുതന്നെ തുർക്കിയിൽ ഓട്ടോമൻ ടർക്കിഷ് തിരിച്ചുവന്നിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്ക് ഓട്ടോമൻ ടർക്കിഷ് ഉപയോഗിച്ചുവന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇസ്ലാമിക് ഹൈസ്‌കൂളുകളിൽ ഓട്ടോമൻ ടർക്കിഷ് പഠിക്കുന്നത് നിർബന്ധമാക്കി 2014-ൽ പ്രസിഡന്റ് ഉർദുഗാന്റെ ഉത്തരവു വന്നു. മറ്റ് വിദ്യാലയങ്ങളിൽ ഓട്ടോമൻ ടർക്കിഷ് ഓപ്ഷനലായും പഠിപ്പിക്കുന്നു. പല യൂറോപ്യൻ യൂണിവേഴ്‌സിറ്റികളും ഓട്ടോമൻ ടർക്കിഷിൽ ഗവേഷണം നടത്തുമ്പോൾ തുർക്കിക്കാർ അവരുടെ ഭാഷയുടെ ഒരു വലിയ കാലത്തെ ഉൾക്കൊണ്ട ഒരു ലിപി/ഭാഷാവഴിയെ തീർത്തും ഉപേക്ഷിക്കേണ്ടതൊന്നുമില്ല. പക്ഷേ സംസ്‌കൃതമോ മറ്റോ ഇന്ത്യക്കാരുടെ മേൽ അടിച്ചേല്പിക്കപ്പെടുന്നതുപോലെ ഒരു തലവേദനയായി അതു മാറില്ലെന്ന് കരുതാം. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.