ആദിവാസി കുടിലുകൾ പൊളിച്ച വനം വകുപ്പ്
വനാവകാശ നിയമമൊന്ന് മറിച്ചുനോക്കണം…

വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഊരിലെ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റി. മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലത്തിൽ, അദ്ദേഹം പത്തു വർഷം പ്രസിഡന്റായ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളെയാണ് വനം വകുപ്പ് ‘ശിക്ഷിച്ചിരിക്കുന്നത്’. വനം വകുപ്പ് നടത്തിയ വലിയൊരു കുറ്റകൃത്യം കണ്ടില്ലെന്നുനടിക്കുന്ന പരിഹാര നടപടിയിലൂടെ വിഷയം ഒതുക്കി തീർക്കാനാണ് സർക്കാരും ശ്രമിക്കുന്നത്.

“രാത്രിത്തെ ചോറുണ്ടായിരുന്നു. അതൊക്കെ വലിച്ചെറിഞ്ഞു. പാത്രമെല്ലാം വാരിവലിച്ചെറിഞ്ഞു. എന്റെ മക്കളുടെ പുസ്തകങ്ങളെല്ലാം അവിടെ വാരി എറിഞ്ഞിട്ടുണ്ട്.” കഴിഞ്ഞ ദിവസം വനം വകുപ്പ് പൊളിച്ചു മാറ്റിയ ആദിവാസി ഊരിലെ താമസക്കാരിൽ ഒരാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്കുകളാണിത്. 16 വർഷമായി താമസിച്ചു വരികയായിരുന്ന കുടിലിൽ നിന്നാണ് പെട്ടന്നൊരു ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ അവരെ കുടിയിറക്കിയത്.

വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഊരിലെ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടിലുകളാണ് വനം വകുപ്പ് പൊളിച്ചു മാറ്റിയത്. ഞായറാഴ്ചയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്ന കുടിലുകൾ പൊളിച്ചു മാറ്റിയത്. വനാവകാശ നിയമപ്രകാരം വനത്തിൽ താമസിക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും അവകാശമുള്ള ആദിവാസി കുടുംബങ്ങൾക്കെതിരെ വനം വകുപ്പ് നടത്തിയ അതിക്രമം വളരെ ഗുരുതരമേറിയതാണ്. യാതൊരു ബദൽ സംവിദാനവും ഒരുക്കാതെ തിടുക്കത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളെ തുടർന്ന് പൊളിച്ചു നീക്കിയ കുടിലുകളുടെ നിർമാണം നിലവിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. തോൽപ്പട്ടി വന്യജീവി സങ്കേതത്തിന്റെ ബേഗൂരുള്ള ഓഫീസിന് സമീപത്താണ് പുതിയ കുടിലുകളുടെ നിർമാണം ആരംഭിച്ചിട്ടുള്ളത്. കുടുംബങ്ങൾ നിലവിൽ വനംവകുപ്പിൻറെ താൽക്കലിക ഡോർമെറ്ററിയിലാണ് താമസം. സംഭവത്തെ തുചർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.കൃഷ്ണനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വനം വകുപ്പ് നടത്തിയ വലിയൊരു കുറ്റത്തെ ഈ രണ്ട് പരിഹാര നടപടിയിലൂടെ മാത്രം ഒതുക്കി തീർക്കാനാണ് സർക്കാരും ശ്രമിക്കുന്നത്.

വനം വകുപ്പ് തകർത്തെറിഞ്ഞ കുടിലിനു സമീപം തന്നെയാണ് ആ രാത്രിയിൽ അവർ ഉറങ്ങിയത്. ഗർഭിണികളും കുട്ടികളുമടക്കമുള്ള ആദിവാസി കുടുംബത്തെ കുടിയിറക്കിയാണ് കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ ക്രൂരത അരങ്ങേറിയത്. പാകം ചെയ്ത് വെച്ച ഭക്ഷണമടക്കം വനംവകുപ്പ് നശിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഭക്ഷണവും അടുപ്പും നശിപ്പിച്ചായിരുന്നു വനം വകുപ്പിന്റെ ആദിവാസികൾക്കെതിരെയുള്ള ക്രൂരത. മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹം പത്തു വർഷം പ്രസിഡന്റായ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്കാണ് വനം വകുപ്പിൽ നിന്നും ഈ ക്രൂരത നേരിടേണ്ടി വന്നത്. ഇവർക്ക് പഞ്ചായത്ത് മറ്റൊരു സ്ഥലത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നായിരുന്നു വനം വകുപ്പിന്റെ വാദം.

കേന്ദ്ര സർക്കാർ നടപ്പാക്കിയ വനാവകാശ നിയമ പ്രകാരം 2005 ഡിസംബർ 13 ന് ആദിവാസികൾ അവിടെ താമസിച്ചിരുന്നെങ്കിൽ അവരെ കുടിയിറക്കാൻ വനം വകുപ്പിന് യാതൊരു അവകാശവും ഇല്ല.| Photo: Muhammed Hanan
കേന്ദ്ര സർക്കാർ നടപ്പാക്കിയ വനാവകാശ നിയമ പ്രകാരം 2005 ഡിസംബർ 13 ന് ആദിവാസികൾ അവിടെ താമസിച്ചിരുന്നെങ്കിൽ അവരെ കുടിയിറക്കാൻ വനം വകുപ്പിന് യാതൊരു അവകാശവും ഇല്ല.| Photo: Muhammed Hanan

കേന്ദ്ര സർക്കാർ നടപ്പാക്കിയ വനാവകാശ നിയമ പ്രകാരം 2005 ഡിസംബർ 13 ന് ആദിവാസികൾ അവിടെ താമസിച്ചിരുന്നെങ്കിൽ അവരെ കുടിയിറക്കാൻ വനം വകുപ്പിന് യാതൊരു വിധ അവകാശവും ഇല്ല. വനഭൂമിയാണെങ്കിലും റിസർവ് വനം ആണെങ്കിലും അവർക്ക് വനാവകാശ നിയമ പ്രകാരം അവിടെ താമസിക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും അവകാശമുണ്ട്. ഈ നിയമപ്രകാരം ആദിവാസികളെ പുനരധിവസിപ്പിക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെങ്കിൽ ആ കാര്യത്തിലും തീരുമാനമെടുക്കേണ്ടത് ആദിവാസികളുടെ ഊര് സഭകളാണ്. ഊരുസഭയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ പോലും വനംവകുപ്പിന് യാതൊരു അവകാശവുമില്ലാതിരിക്കുമ്പോഴാണ് ഉത്തരേന്ത്യയെ വെല്ലുന്ന തരത്തിൽ ആദിവാസി വീടുകൾ പൊളിച്ചു കൊണ്ടുള്ള വനംവകുപ്പിന്റെ നടപടി. കേരളം നേരിടുന്ന പ്രധാന പ്രശ്‌നം വനാവകാശ നിയമം എന്തെന്നറിയാത്ത വനം വകുപ്പാണെന്ന് മാധ്യമപ്രവർത്തകനായ ആർ.സുനിൽ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

“കേരളത്തിലെ വനം വകുപ്പിന് വനാവകാശ നിയമം എന്തെന്ന് കൃത്യമായി അറിയില്ല. ആദിവാസികൾക്ക് നിയമപരിജ്ഞാനമില്ലാത്തതുകൊണ്ട് ഗ്രാമസഭയിലൂടെ വനം വകുപ്പിനെ ചോദ്യം ചെയ്യാനുമാകുന്നില്ല. അത് കൊണ്ട് വനം വകുപ്പ് രക്ഷപ്പെട്ടു പോവുന്നുണ്ട്. ആദിവാസികളെ ഇത്തരം നിയമവശങ്ങൾ ബോധവത്കരിക്കേണ്ട പട്ടിക വർഗ വകുപ്പ് അത് കൃത്യമായി ചെയ്യുന്നുമില്ല. പട്ടിക വർഗ വകുപ്പിന്റെ കടുത്ത അനാസ്ഥയും ആദിവാസികളോടുള്ള അവഗണനയും കൊണ്ടാണ് അവർക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത്. കാരണം വനം വകുപ്പിന് ആദിവാസികളുടെ മേൽ യാതൊരു അവകാശവുമില്ല. പട്ടിക വർഗ വകുപ്പാണ് ആദിവാസികളെ നിയമം പഠിപ്പിച്ചും ഗ്രാമസഭ സംഘടിപ്പിച്ചും ജനാധിപത്യത്തിന്റെ ഭാഗമാക്കേണ്ടത്. എന്നാൽ അത് ഇവിടെ നടക്കുന്നില്ല. ഗ്രാമസഭ പോലും അവിടെ നടന്നിട്ടുണ്ടാകില്ല. വയനാട്ടിലെ വനാവകാശ നിയമം നടപ്പാക്കിയത് ഏറ്റവും മോശപ്പെട്ട നിലയിലാണ്. പാർലമെൻ് പാസാക്കിയ വനാവകാശ നിയമത്തെ കുറിച്ച് വനം വകുപ്പിലെയും പട്ടിക വകുപ്പിലെയും ഉദ്യോഗസ്ഥർക്കറിയില്ലെന്നും അവരെ വനാവകാശം പഠിപ്പിക്കണമെന്നുമാണ് എ.ജി ( അക്കൗണ്ടന്റ് ജനറൽ) പറഞ്ഞത്. നിലമ്പൂരിലെയും വയനാട്ടിലെയും പട്ടിക വകുപ്പിന്റെ ഓഫീസ് സന്ദർശിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ വനാവകാശം പഠിപ്പിക്കണമെന്ന് പറഞ്ഞത്.” - ആർ. സുനിൽ പറഞ്ഞു.

ആർ.സുനിൽ
ആർ.സുനിൽ

ഈ ആദിവാസി കുടുംബങ്ങളെയെല്ലാം ഉദ്യോഗസ്ഥർ മൃഗങ്ങളെ പോലെയാണ് കാണുന്നതെന്ന് ആദിവാസി - ദലിത് ആക്ടിവിസ്റ്റ് ആയ അമ്മിണി.കെ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

“പതിനാറ് വർഷമായി തോൽപെട്ടിയിലെ കൊല്ലിമൂലയിൽ ഈ ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അതിൽ കുറച്ച് ആളുകൾക്ക് പഞ്ചായത്ത് ഭീമി നൽകി വീട് നിർമിച്ചു നൽകിയിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങളാണ് ഇവർ. അവിടെ ഗർഭിണികളുണ്ട് കുട്ടികളുണ്ട് വിധവകളായ സ്ത്രീകളുണ്ട്, അവരോടെല്ലാം സർക്കാർ വലിയ അനീതിയാണ് ചെയ്തത്. ഇത്രയും വർഷമായി അവിടെ താമസിക്കുമ്പോൾ അവരെ അവിടെ നിന്ന് മാറ്റാനോ വീട് പൊളിക്കാനോ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള തക്കതായ കാരണം വേണം. 2006 ൽ വനാവകാശ നിയമം വന്നിട്ടുണ്ടെങ്കിലും കേരളത്തിലാകെ അത് അട്ടിമറിക്കുകയാണ് ഉണ്ടായത്. വനമായി ബന്ധപ്പെട്ട വനത്തിൽ നിന്നും ലഭിക്കുന്ന വിഭവങ്ങളും പച്ചമരുന്നു ശേഖരിച്ചും ജീവിക്കുന്നവരാണ് കേരളത്തിലെ ആദിവാസികൾ. എന്നാൽ ഈ നിയമം കേരളത്തിൽ നടപ്പിലാക്കുകയോ അതിന് അനുസരിച്ച് ആദിവാസികൾക്ക് ഭൂമി നൽകുകയോ ചെയ്തിട്ടില്ല. ഈ നിയമ പ്രകാരം 15 ഏക്കർ വരെ ഒരു വ്യക്തിക്ക് നൽകാവുന്നതാണ്. എന്നാൽ കാൽ സെന്റും അര സെന്റും ഒക്കെയാണ് വയനാട്ടിൽ ആദിവാസികൾക്ക് നൽകിയത്. പദ്ധതികൾ ഒരുപാട് ഉണ്ടായിട്ടും ഈ പാവപ്പെട്ട ആദിവാസി മനുഷ്യർക്ക് വീട് നൽകാണ് സർക്കാരിന് കഴിഞ്ഞിട്ടില്ല.

അമ്മിണി.കെ
അമ്മിണി.കെ

ഒരു കുടിലാണ് അവർ കെട്ടിയിട്ടുള്ളൂ. അത് സമൂഹത്തിനോ പ്രകൃതിക്കോ യാതൊരു ബുദ്ധിമുട്ടും വരുത്തുന്നുമില്ല. രാത്രി സമയത്ത് വനം വകുപ്പ് മുന്നറിയിപ്പില്ലാതെ എത്തുകയും ആ മനുഷ്യരെ ഭക്ഷണം പോലും കഴിക്കാൻ സമ്മതിക്കാതെ കുടിലുകൾ തകർക്കുകയുമായിരുന്നു. എത്രമാത്രം ക്രൂരതയാണ് പട്ടിക വർഗ വിഭാഗത്തോട് സർക്കാർ കാണിക്കുന്നത്. മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലത്തിലാണിത് നടന്നിട്ടുള്ളത്. പട്ടിക വർഗ വിഭാഗത്തിലുള്ള ഒരു ജനപ്രതിനിധി ഉണ്ടായിട്ടും ഇവരാരും അറിയാതെയാണ് കുടിലുകൾ തകർത്തത്. സർക്കാരിന്റെ കണക്കിൽ ഇതെല്ലാം കയ്യേറ്റമാണ്. പക്ഷെ ഭൂമി കൊടുക്കാത്തതും കൊണ്ടും ജീവിക്കാൻ വേറെ മാർഗമില്ലാത്തത് കൊണ്ടുമാണ് കാടിനുള്ളിൽ കുടിലു കെട്ടി ജീവിക്കുന്നത്. ആ മനുഷ്യരെയെല്ലാം മൃഗങ്ങളെ പോലെയാണ് ഇവർ കാണുന്നത്. ഇപ്പോൾ പ്രതിഷേധങ്ങൾ ഉണ്ടായപ്പോഴാണ് അവരെ താൽക്കാലികമായി ഡോർമെറ്ററിയിലേക്ക് മാറ്റിയത്. ഇനി അതും ഒന്ന് ചൂടാറിക്കഴിഞ്ഞാൽ അവിടെ നിന്നും അവരെ മാറ്റാനുള്ള സമ്മർദ്ദമുണ്ടാകും.” - അമ്മിണി കെ പറഞ്ഞു.

വയനാട്ടിൽ വനം വകുപ്പ് ആദിവാസികളുടെ കുടിലുകൾ തകർത്തുവെന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ട ആന്ധ്രപ്രദേശിലെ മുൻ ആദിവാസി ക്ഷേമ കമ്മീഷണറും കേന്ദ്ര സർക്കാരിൽ വിവിധ വകുപ്പുകളിൽ സെക്രട്ടറി പദവികളിൽ ജോലി ചെയ്യുകയും ജനകീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ. ഇ.എ.എ.എസ്. ശർമ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ആദിവാസികളാണ് വനത്തിലെ യഥാർത്ഥ താമസക്കാരെന്നും അവരെ മാറ്റി പാർപ്പിക്കാനോ അവരുടെ കുടിലുകൾ തകർക്കാനോ വനം വകുപ്പിന് അവകാശമില്ലെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നുണ്ട്.

കത്തിന്റെ പൂർണ ഭാഗം:

പ്രിയ ശ്രീമതി മുരളീധരൻ,
വിഷമിപ്പിക്കുന്ന ഒരു വാർത്താ റിപ്പോർട്ട് ഞാൻ കണ്ടു വയനാട് വന്യജീവി സങ്കേതത്തിലെ (WWS) തോൽപ്പെട്ടി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമായ ബേഗൂരിലെ കൊല്ലിമൂല ആദിവാസി സെറ്റിൽമെന്റിലെ മൂന്ന് ആദിവാസി കുടിലുകൾ തകർത്തതിന് ഉത്തരവാദി വനം വകുപ്പ് ഉദ്യോഗസ്ഥർ'' എന്ന് ആ വാർത്ത സൂചിപ്പിക്കുന്നു.

ആദിവാസികൾ വനങ്ങളിലെ യഥാർത്ഥ താമസക്കാരാണ്, അവരെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ കുടിൽ പൊളിക്കാനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അവകാശമില്ല. മാത്രമല്ല, വനം (അവകാശങ്ങൾ) നിയമം [പട്ടികവർഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശങ്ങളുടെ അംഗീകാരം) നിയമം, 2006] പ്രകാരം, അവർക്ക് വനങ്ങളിൽ തൊഴിൽപരമായ അവകാശങ്ങളും സാമൂഹിക അവകാശങ്ങളും ഉണ്ട്. നിയമപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശിക ആദിവാസി ഗ്രാമസഭകൾക്ക് പ്രധാന പങ്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം അവകാശങ്ങൾ അവഗണിക്കുകയും നിയമം ലംഘിക്കുന്നതിനൊപ്പം മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹം പത്തു വർഷം പ്രസിഡന്റായ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്കാണ് വനം വകുപ്പിൽ നിന്ന് ക്രൂരത നേരിടേണ്ടി വന്നത്.
മന്ത്രി ഒ.ആർ കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹം പത്തു വർഷം പ്രസിഡന്റായ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്കാണ് വനം വകുപ്പിൽ നിന്ന് ക്രൂരത നേരിടേണ്ടി വന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധവും നിർബന്ധിതവുമായ നടപടി 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകളും ആകർഷിക്കുന്നു.

ഈ വിഷയം അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, കൂടാതെ ആദിവാസികൾക്ക് അവരുടെ സ്വത്ത് നഷ്ടത്തിനും അവർ നേരിട്ട മാനഹാനിക്കും നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടതുണ്ട്.

ഞാൻ താങ്കളുടെ സ്ഥാനത്താണെങ്കിൽ, ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ കളക്ടർമാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും.

എല്ലാ ആശംസകളും,
വിശ്വസ്തതയോടെ,
ഇ.എ. എസ്. ശർമ,
വിശാഖപട്ടണം.

ആദിവാസികൾക്കെതിരായ വനം വകുപ്പിന്റെ നടപടിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവം പരിശോധിച്ച് മാനന്തവാടി ഡി.എഫ്.ഒ യും വയനാട് ജില്ലാ കലക്ടറും 15 ദിവസത്തിനകം റിപ്പോർട്ട നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു. സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും എസ്.സി.എസ്.ടി അക്രോസിറ്റീസ് ആക്ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആർ.സുനിൽ പറഞ്ഞു.

ആദിവാസികളെ പുനരധിവസിപ്പിക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെങ്കിൽ ആ കാര്യത്തിലും തീരുമാനമെടുക്കേണ്ടത് ആദിവാസികളുടെ ഊര് സഭകളാണ്.| Photo: Muhammed Hanan
ആദിവാസികളെ പുനരധിവസിപ്പിക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെങ്കിൽ ആ കാര്യത്തിലും തീരുമാനമെടുക്കേണ്ടത് ആദിവാസികളുടെ ഊര് സഭകളാണ്.| Photo: Muhammed Hanan

“സസ്‌പെൻഷൻ അല്ല വേണ്ടത്, എസ്.സി.എസ്.ടി അക്രോസിറ്റി ആക്ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം. അങ്ങനെ കേസെടുക്കുമ്പോൾ മാത്രമെ ഈ ഉദ്യോഗസ്ഥർക്ക് അവർ നിയമവിരുദ്ധ പ്രവർത്തനം നടത്തരുതെന്ന ബോധം ഉണ്ടാവുകയുള്ളൂ. കൃത്യമായ ശിക്ഷ കിട്ടുകയാണെങ്കിൽ അവർ ആദിവാസികൾക്കു നേരെ ബലപ്രയോഗം നടത്തില്ല. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. 1996 ൽ പാർലമെന്റിൽ പാസാക്കിയ ആദിവാസി ഗ്രാമ പഞ്ചായത്തി രാജ് (പെസ നിയമം) കേരളത്തിൽ ഇത് വരെ കഴിഞ്ഞിട്ടില്ല. പെസ ഉണ്ടായിരുന്നെങ്കിൽ ശക്തമായ നടപടി സർക്കാരിന് എടുക്കേണ്ടി വരുമായിരുന്നു. വനാവകാശ നിയമം അനുസരിച്ച് അവർക്കെതിരെ അട്രോസിറ്റി നിയമം അനുസരിച്ച് കേസെടുക്കുകയും വേണം. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനമാണ്. അവർക്ക് വേണമെങ്കിൽ നോട്ടീസ് കൊടുക്കാമായിരുന്നു. വയനാട് കളക്ടറാണ് ഇതിൽ ഇടപെടേണ്ടത്.” - ആർ.സുനിൽ പറഞ്ഞു.


Read:

Comments