കുടകിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച
ആദിവാസികളുടെ വിവരം 'ഈ ഓഫീസിൽ ലഭ്യമല്ല'

സംസ്ഥാനത്തെ ഏറ്റവും ക്രൂരമായ ഒരു മനുഷ്യാവകാശലംഘനമായ, കുടകിലെ ആദിവാസികളുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷക്ക് വയനാട് ജില്ലാ അധികൃതർ നൽകിയ മറുപടി, 'ഈ ഓഫീസിൽ ലഭ്യമല്ല', 'ബാധകമല്ല', 'ഇല്ല' എന്നാണ്. രണ്ടു ദശാബ്ദമായി വയനാട്ടിലെ മനുഷ്യാവകാശ പ്രവർത്തകരും ആദിവാസി സംഘടനകളും പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരം പോലും അധികൃതരുടെ പക്കലില്ല.

യനാട്ടിൽനിന്ന് കുടകിൽ അടിമപ്പണിക്കുപോയി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നവരെക്കുറിച്ച് ജില്ലാ അധികൃതരുടെ കൈവശം വിവരങ്ങളൊന്നുമില്ല. ദുരൂഹമരണങ്ങൾ വീണ്ടും ചർച്ചയായതിനെതുടർന്ന്, മനുഷ്യാവകാശ പ്രവർത്തകൻ ഷാന്റോ ലാൽ നൽകിയ വിവരാവകാശരേഖക്കുള്ള മറുപടിയിലാണ്, സംസ്ഥാനത്തെ തന്നെ ഏറ്റവും ക്രൂരമായ ഒരു മനുഷ്യാവകാശലംഘനത്തിന് വയനാട് ജില്ലാ അധികൃതർ 'ഈ ഓഫീസിൽ ലഭ്യമല്ല', 'ബാധകമല്ല', 'ഇല്ല' എന്ന മട്ടിൽ, കുറ്റകരമായ അനാസ്ഥ നിറഞ്ഞ മറുപടി നൽകിയത്.

രണ്ടു ദശാബ്ദത്തിലേറെയായി കുടകിൽനിന്ന് ആദിവാസികളുടെ ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മനുഷ്യാവകാശപ്രവർത്തകരുടെ അന്വേഷണങ്ങളിൽ ഇത്തരം 300-ഓളം മരണങ്ങളാണ് കണ്ടെത്തിയത്. 2000 മുതൽ 2023 വരെയുള്ള ദൂരൂഹമരണങ്ങളുടെ കണക്കാണ് ഷാന്റോ ലാൽ ചോദിച്ചത്. അതിന് സുൽത്താൻ ബത്തേരിയിലെ പട്ടികവർഗ വികസന ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നത്, ‘കുടകിൽ ജോലിക്കുപോയി മരിച്ചവരുടെ വിവരങ്ങൾ ഈ ഓഫീസിൽ ക്രോഡീകരിച്ച് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല' എന്നാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2019 മുതൽ 2023 വരെ കർണാടകയിൽ ജോലിക്കുപോയി മരിച്ച പത്തു പേരുടെ പേരും സ്ഥലവും മാത്രമാണ് മറുപടിയിലുള്ളത്.

ഷാന്റോ ലാൽ നൽകിയ വിവരാവകാശ അപേക്ഷക്ക് വയനാട് ഐ.റ്റി.ഡി.പി ഓഫീസറുടെ ഓഫീസിൽനിന്ന് ലഭിച്ച മറുപടി.
ഷാന്റോ ലാൽ നൽകിയ വിവരാവകാശ അപേക്ഷക്ക് വയനാട് ഐ.റ്റി.ഡി.പി ഓഫീസറുടെ ഓഫീസിൽനിന്ന് ലഭിച്ച മറുപടി.

മറ്റു ചോദ്യങ്ങൾ ഇവയായിരുന്നു:
- കുടകിൽ മരിച്ച മുഴുവൻ ആദിവാസികളുടെയും പോസ്റ്റ് മാർട്ടം റിപ്പോട്ടിന്റെ പകർപ്പ്.
- കുടകിലെ ആദിവാസികളുടെ മരണങ്ങളെ സംബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏതെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര?
- പ്രസ്തുത മുഴുവൻ അന്വേഷണ റിപ്പോട്ടുകളുടെയും പകർപ്പ്.
- ആദിവാസികളുടെ കുടക് മരണങ്ങളിൽ നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ?
- (a) ഉണ്ടെങ്കിൽ എത്ര പേർക്ക് നൽകി?
(b) അവരുടെ പേര്, അഡ്രസ്.

ഈ ചോദ്യങ്ങൾക്കെല്ലാം ‘ഈ ഓഫീസിൽ ലഭ്യമല്ല', ‘കുടക് മരണങ്ങളിൽ ഈ ഓഫീസ് മുഖേന നഷ്ടപരിഹാരം നൽകിയിട്ടില്ല' എന്നീ മറുപടികളാണ് നൽകിയത്.

ഇതേ ചോദ്യങ്ങൾക്ക് വയനാട് ഐ.ടി.ഡി.പി ഓഫീസിൽനിന്ന് ലഭിച്ച മറുപടിയിൽ ദൂരൂഹ സാഹചര്യത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്ത എഴുപേരുടെ വിവരങ്ങളാണുള്ളത്. ബാക്കി ചോദ്യങ്ങൾക്കും 'ബാധകമല്ല', 'ഈ ഓഫീസിൽ ലഭ്യമല്ല' തുടങ്ങിയ മറുപടികൾ തന്നെ.

ആദിവാസികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ ഒരുവിധ നടപടികളുമുണ്ടായിട്ടില്ലെന്നും നിരവധി പരാതികളുയർന്നിട്ടും അവയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലുമില്ലെന്നുമാണ് ജില്ലാ അധികൃതരുടെ മറുപടി വ്യക്തമാക്കുന്നത്. ദുരൂഹസാഹചര്യത്തിൽ മരിച്ചവരുടെ വിവരമില്ലാത്തതു മാത്രമല്ല, അതേക്കുറിച്ച് അന്വേഷണം പോലും നടന്നിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. അങ്ങനെ, ആദിവാസികളുടെ കൊലപാതകങ്ങൾ ഇന്നും 'ദുരൂഹമരണ'ങ്ങളായി തുടരുന്നു.

കഴിഞ്ഞ ജൂൺ 20-ന് കുടകിലെ സറഗൂൽ വിവേകാനന്ദ മെമ്മോറിയൽ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുൽപ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ പേര് സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസറുടെ മറുപടിയിലുണ്ട്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 17ന് കുടകിൽ മുങ്ങിമരിച്ചുവെന്ന് പൊലീസ് അറിയിച്ച വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരനെക്കുറിച്ച് പറയുന്നില്ല. ജനുവരിയിൽ ഇഞ്ചി തോട്ടത്തിൽ പണിക്കുപോയ ഇയാളെ കാണാനില്ലെന്നുപറഞ്ഞ് കുടുംബം വെള്ളമുണ്ട പൊലീസിൽ പരാതി നൽകിയിരുന്നു. മുങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിതമായി മദ്യപിച്ച് വെള്ളത്തിൽ വീണു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കുടുംബത്തിന് നൽകിയതുമില്ല.

കുടക് തോട്ടങ്ങളിൽനിന്ന് ദുരൂഹമരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ടുചെയ്തുതുടങ്ങിയത് 2005 മുതലാണ്. നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തിൽ 2008-ൽ പീപ്പിൾസ് ട്രൈബ്യൂണൽ സംഘടിപ്പിച്ചു. അന്ന്, കലക്ടറുടെയും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ അന്വേഷണങ്ങളും നടന്നു. വയനാട്ടിൽ നിന്ന് കുടകിലേക്ക് പോകുന്ന ആദിവാസികളുടെ വിവരം പൊലീസ് സ്‌റ്റേഷനുകളിൽ ശേഖരിക്കാനും ചെക്ക് പോസ്റ്റുകളിൽ രജിസ്‌ട്രേഷനും പ്രഖ്യാപനങ്ങളുണ്ടായി.

പണിക്ക് കൊണ്ടുപോകുമ്പോൾ ഊരു മൂപ്പൻ, എസ്.ടി പ്രമോട്ടർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പൊലീസ് എന്നീ സംവിധാനങ്ങളിൽ ആരെയെങ്കിലും അറിയിക്കണം, എത്ര ദിവസത്തേക്കാണ് പണിക്ക് കൊണ്ടുപോകുന്നത്, എത്രയാണ് കൂലി തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം എന്നെല്ലാം 2007 ആഗസ്റ്റിൽ വയനാട് കലക്ടർ ഇറക്കിയ സർക്കുലറിലുണ്ടായിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ കടലാസിൽ മാത്രമായി.

ഷാന്റോ ലാൽ നൽകിയ വിവരാവകാശ അപേക്ഷക്ക് സുൽത്താൻ ബത്തേരിയിലെ പട്ടികവർഗ വികസന ഓഫീസർ നൽകിയ മറുപടി.
ഷാന്റോ ലാൽ നൽകിയ വിവരാവകാശ അപേക്ഷക്ക് സുൽത്താൻ ബത്തേരിയിലെ പട്ടികവർഗ വികസന ഓഫീസർ നൽകിയ മറുപടി.

പ്രാകൃതമായ ഫ്യൂഡൽ തൊഴിൽ ബന്ധം ഇന്നും തുടരുന്ന ഇടമാണ് കുടക്. തുച്ഛമായ പണം അഡ്വാൻസ് എന്ന പേരിൽ നൽകിയാണ് ആദിവാസികളെ ഭൂവുടമകൾ പണിക്ക് കൊണ്ടുപോകുന്നത്. ഈ അഡ്വാൻസ് വച്ച് വർഷം മുഴുവൻ അവരെ അടിമപ്പണിയിൽ തളച്ചിടും. 14 മണിക്കൂർ വരെ പണിയെടുത്താലും 300- 400 രൂപയാണ് കൊടുക്കുക. ഇതും കിട്ടാത്തവരുണ്ട്. കൂടാതെ, മദ്യം നൽകി അവരെ എല്ലാതരത്തിലും അടിമകളാക്കി മാറ്റും. മുഴു മദ്യപാനികളായി, ആരോഗ്യം നശിച്ചാണ് ഇവർ നാട്ടിൽ തിരിച്ചെത്താറ്.

ഭൂവുടമകളുടെ മർദ്ദനം മൂലവും അപകടകരമായ കീടനാശിനികളുമായുള്ള നിരന്തര സമ്പർക്കം മൂലം രോഗികളായും കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്‌കരിക്കാൻ ശ്രമിക്കും. അവിടുത്തെ പൊലീസിന്റെ സഹായത്തോടെ മദ്യപിച്ച് മുങ്ങിമരിച്ചതാണെന്ന് വരുത്തിത്തീർക്കും. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നാൽ, ആരും അറിയാതെ, പോസ്റ്റുമോർട്ടം പോലും ചെയ്യാൻ അനുവദിക്കാതെ പെട്ടെന്ന് സംസ്‌കരിക്കാൻ ബന്ധുക്കളുടെ മേൽ സമ്മർദം ചെലുത്തും. പൊലീസിൽ പരാതി നൽകാതിരിക്കാൻ കുടുംബങ്ങളെ ഭീഷണിപ്പെടുത്തും. പരാതി വന്നാൽ, കുടകിൽ സംഭവിച്ചതാണെന്ന ന്യായത്തിൽ പൊലീസ് അനങ്ങാതിരിക്കും. കേരളത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിനുനേരെയുള്ള അതിക്രൂരമായ തൊഴിൽചൂഷണത്തിന് ഉത്തരവാദികളായവർ കൺമുന്നിലുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ അതിലും ക്രൂരമായ നിസ്സംഗതയാണ് പുലർത്തുന്നത് എന്ന് അവർ നൽകിയ വിശദീകരണം തെളിയിക്കുന്നു.

വയനാട്ടിലെ ആദിവാസികൾക്ക് കുടകിലേക്ക് പോകേണ്ടിവരുന്ന സാഹചരം, അവരുടെ ഭൂരാഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷാന്റോ ലാൽ പറയുന്നു: ‘‘പണിയ, അടിയ വിഭാഗങ്ങൾക്ക് തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നത് സ്ഥിരം തൊഴിൽ എന്ന ആകർഷണത്തിൽ കുടുങ്ങിയാണ്. എന്നാൽ, അവിടെ ലഭിക്കുന്നത് അടിമപ്പണിയാണ്. പണിയരും അടിയരും ഭൂരഹിത കർഷകരാണ്. മണ്ണിൽ പണിയെടുക്കുന്നവർ. ഭൂരാഹിത്യമാണ് മറ്റു പണികളിലേക്ക് ഇവരെ തള്ളിവിടുന്നത്. സ്വന്തമായി ഭൂമിയുണ്ടായിരുന്നുവെങ്കിൽ സ്വന്തം മണ്ണിൽ പണിയെടുത്ത് അവർക്ക് ജീവിക്കാൻ കഴിയുമായിരുന്നു. സ്വന്തമായി കൃഷിഭൂമിയുള്ള കുറിച്യർക്കും കുറുമർക്കും ഈ സാഹചര്യം നേരിടേണ്ടിവരുന്നില്ലെന്നോർക്കണം. അവർ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ട അവസ്ഥയിലാണ്. ആദിവാസി റിസർവേഷനകത്തെ തൊഴിൽസാധ്യത അവർക്കാണ് കൂടുതൽ ലഭ്യമാകുന്നത്. ഭൂപരിഷ്‌കരണം ആദിവാസികളോട് കാണിച്ച കൊടും വഞ്ചനയാണ് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കേണ്ടതിലേക്കാണ് ഈ പ്രശ്‌നവും വിരൽചൂണ്ടുന്നത്.''

മൈഗ്രന്റ് ലേബർ ആക്റ്റ് നടപ്പാക്കിയും രജിസ്‌ട്രേഷൻ വ്യവസ്ഥ കർശനമാക്കിയും അന്തർ സംസ്ഥാന പൊലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെയും കുടകിലെ ദുരൂഹമരണങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. പട്ടികജാതി- പട്ടിക വർഗ ക്ഷേമത്തിനുള്ള നിയമസഭാ സമിതി 2018-ൽ വയനാട്ടിലെ പണിയ കോളനികൾ സന്ദർശിച്ച് ഈ വിഷയം വിശദമായി പഠിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. ഈ നിർദേശങ്ങളും റിപ്പോർട്ടുകളും, വംശീയവിവേചനത്തിന്റെ സ്വഭാവത്തിൽ അവഗണിക്കപ്പെടുന്നു. വിവരാവകാശ രേഖക്കുള്ള മറുപടിയിലും ഈ വിവേചനം കാണാമെന്ന് ഷാന്റോ ലാൽ പറയുന്നു: 'ഞാൻ കൊടുത്ത വിവരാവകാശ അപേക്ഷ, അതീവ പ്രധാന്യമുള്ള ഒരു വിഷയത്തിലുള്ളതായിരുന്നു. അത് വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല. അതിന് ചട്ടപ്പടിയുള്ള മറുപടിയാണ് ലഭിച്ചത്.''

Comments