നമുക്ക്
ആർത്തവ സൗഹൃദ
വിദ്യാലയങ്ങളുണ്ടോ?

ആർത്തവാവധിയെക്കുറിച്ചുള്ള ചർച്ച, ഈ അവധി വേണമോ വേണ്ടയോ എന്ന ഒറ്റ ചോദ്യത്തിൽ ഒതുങ്ങരുത്. കാരണം, ഇതുമായി ബന്ധപ്പെട്ട നിരവധി ഗുരുതര പ്രശ്നങ്ങൾ നമ്മുടെ സ്കൂളുകളിലുണ്ട്. അവ സമഗ്രമായി, ഈ പുതുവർഷാരംഭത്തിൽ തന്നെ ചർച്ച ചെയ്യപ്പെടണം- മനോജ് വി.​ കൊടുങ്ങല്ലൂർ എഴുതുന്നു.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്നു ദിവസം ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തെതുടർന്ന്, ആർത്തവത്തെക്കുറിച്ചുള്ള ചർച്ച സജീവമാകുകയാണ്. ആർത്തവത്തെക്കുറിച്ചുള്ള ചർച്ച ഇന്നും വിവാദങ്ങൾക്ക് വഴിവെക്കുന്നത് അത്ഭുതകരമാണ്. ശാസ്ത്രവും ശാസ്ത്രവിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും ഏറെ മുന്നേറിയ ഈ കാലത്തും സ്ത്രീശരീരത്തിന്റെ സ്വാഭാവിക ജൈവപ്രക്രിയകളെ അപമാനത്തിന്റെയോ നാണക്കേടിന്റെയോ കണ്ണിലൂടെ കാണുന്ന സമീപനം പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ, അത് വിമർശനാത്മകമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

ആർത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക ജൈവപ്രക്രിയയാണ്. അതിനോടനുബന്ധിച്ച് വേദന (Dysmenorrhea), ക്ഷീണം, ഛർദ്ദി, തലകറക്കം, മൂഡ് സ്വിങ്സ് തുടങ്ങിയ ശാരീരിക- മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. ഹോർമോൺ വ്യതിയാനങ്ങളും ഗർഭാശയവുമായി ബന്ധപ്പെട്ട മാറ്റങ്ങളും വ്യക്തികളുടെ ശാരീരിക സവിശേഷതകളും ഇതിന് കാരണമാകുന്നു.

READ: ആർത്തവാവധിയും
ജെൻഡർ പൊളിറ്റിക്‌സും

ആർത്തവ
അവധിക്കൊപ്പം വേണം,
അടിസ്ഥാന സൗകര്യങ്ങളും

ഈ അനുഭവങ്ങൾ എല്ലാവരിലും ഒരുപോലെയല്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. ചിലർക്ക് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാമെങ്കിലും ചിലർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകാറില്ല. അതേസമയം ചെറിയൊരു ശതമാനം പേർക്ക് ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുന്ന തരത്തിലുള്ള പ്രയാസങ്ങളുണ്ടാകാം. അത്തരക്കാർക്ക് വിശ്രമവും പരിചരണവും തീർച്ചയായും ആവശ്യമാണ്. ഈ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള മാനുഷികമായ തീരുമാനമാണ് ആർത്തവ അവധി സംബന്ധിച്ച ചർച്ചകളെ മുന്നോട്ടുകൊണ്ടുപോകേണ്ടത്. അതുകൊണ്ടുതന്നെ ആർത്തവാവധി എന്ന ആശയം പൂർണമായും തള്ളിക്കളയാനാവില്ല. എന്നാൽ എല്ലാവർക്കും മൂന്നു ദിവസം അവധി നൽകുന്നത് പ്രശ്നത്തിന്റെ യഥാർത്ഥ പരിഹാരമാണോ എന്ന ചോദ്യം ഉയരേണ്ടതുണ്ട്.

ഇതോടൊപ്പം ചർച്ച ചെയ്യേണ്ട മറ്റൊരു ഗുരുതര വിഷയമുണ്ട്; നമ്മുടെ വിദ്യാലയങ്ങൾ എത്രത്തോളം ആർത്തവസൗഹൃദമാണ്?. ഇന്ത്യയിലും കേരളത്തിലും വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് നടന്ന പഠനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചില യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആർത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക ജൈവപ്രക്രിയയാണ്. അതിനോടനുബന്ധിച്ച് വേദന (Dysmenorrhea), ക്ഷീണം, ഛർദ്ദി, തലകറക്കം, മൂഡ് സ്വിങ്സ് തുടങ്ങിയ ശാരീരിക- മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാം.
ആർത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക ജൈവപ്രക്രിയയാണ്. അതിനോടനുബന്ധിച്ച് വേദന (Dysmenorrhea), ക്ഷീണം, ഛർദ്ദി, തലകറക്കം, മൂഡ് സ്വിങ്സ് തുടങ്ങിയ ശാരീരിക- മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാം.

ആർത്തവ സൗഹൃദവിദ്യാലയങ്ങൾ:
ചില കണ്ടെത്തലുകൾ

2014-15 കാലഘട്ടത്തിൽ യൂണിസെഫ് ഇന്ത്യയും ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനും ചേർന്ന് വിദ്യാർഥിനികൾക്കിടയിൽ നടത്തിയ ആർത്തവ ശുചിത്വ പരിപാലന പഠനത്തിൽ, ഇന്ത്യയിലെ ഏകദേശം നാലിൽ ഒരാൾ വീതം ആർത്തവസമയത്ത് സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തി. സുരക്ഷിതവും സ്വകാര്യതയുള്ളതുമായ ശുചിമുറികളുടെ അഭാവം, വെള്ളവും സോപ്പും ലഭിക്കാത്തത്, സാനിറ്ററി പാഡുകളുടെ അപര്യാപ്തത, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കുറവ് എന്നിവയാണ് ഇതിൻ്റെ പ്രധാന കാരണങ്ങളായി ഈ പഠനം ചൂണ്ടിക്കാട്ടിയത്.

2016-ൽ BMJ Open പ്രസിദ്ധീകരിച്ച ദേശീയതല പഠനവും 2018-ൽ യൂണിസെഫ് പുറത്തിറക്കിയ Menstrual Hygiene Management in Schools in South Asia റിപ്പോർട്ടും സമാന ആശങ്കകളാണ് രേഖപ്പെടുത്തുന്നത്. 97,000-ത്തിലധികം കൗമാരപ്രായക്കാരായ പെൺകുട്ടികളെ ഉൾപ്പെടുത്തിയ പഠനത്തിൽ ഏകദേശം 24% പേർ ആർത്തവ സമയത്ത് സ്കൂൾ ഒഴിവാക്കുന്നതായി കണ്ടെത്തിയപ്പോൾ, സ്കൂളുകളിൽ പാഡുകൾ മാറ്റാൻ അനുയോജ്യമായ സാഹചര്യം ലഭിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്നും റിപ്പോർട്ട് ചെയ്തു.

യൂണിസെഫിന്റെ Clean India Clean Schools റിപ്പോർട്ടും യൂണിസെഫ്- ലോകാരോഗ്യ സംഘടന (WHO) സംയുക്തമായി പ്രസിദ്ധീകരിച്ച 'WASH (Water, Sanitation and Hygiene)' റിപ്പോർട്ടും ശുചിത്വസൗകര്യങ്ങളുടെ അഭാവം പെൺകുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. സുരക്ഷിതമായ ശുചിമുറികൾ, ശുദ്ധജലം, സ്വകാര്യത, ആർത്തവ മാലിന്യ സംസ്കരണ സംവിധാനം എന്നിവ വിദ്യാഭ്യാസ സമത്വത്തിന്റെയും പെൺകുട്ടികളുടെ സ്കൂൾ ഹാജർ വർധനവിന്റെയും അടിസ്ഥാന ഘടകങ്ങളാണെന്ന് ഈ പഠനങ്ങൾ എല്ലാം ഒരുപോലെ വിലയിരുത്തുന്നു.

2014-15 കാലഘട്ടത്തിൽ യൂണിസെഫ് ഇന്ത്യയും ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനും ചേർന്ന് വിദ്യാർഥിനികൾക്കിടയിൽ നടത്തിയ ആർത്തവ ശുചിത്വ പരിപാലന പഠനത്തിൽ, ഇന്ത്യയിലെ ഏകദേശം നാലിൽ ഒരാൾ വീതം ആർത്തവസമയത്ത് സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തി.
2014-15 കാലഘട്ടത്തിൽ യൂണിസെഫ് ഇന്ത്യയും ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനും ചേർന്ന് വിദ്യാർഥിനികൾക്കിടയിൽ നടത്തിയ ആർത്തവ ശുചിത്വ പരിപാലന പഠനത്തിൽ, ഇന്ത്യയിലെ ഏകദേശം നാലിൽ ഒരാൾ വീതം ആർത്തവസമയത്ത് സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തി.

ആർത്തവവും
കേരളത്തിലെ വിദ്യാർത്ഥികളും

സാക്ഷരതയിലും ആരോഗ്യ സൂചികകളിലും രാജ്യം മുഴുവൻ മാതൃകയായി കേരളത്തെ അവതരിപ്പിക്കാറുണ്ടെങ്കിലും, ആർത്തവ ആരോഗ്യവും വിദ്യാലയങ്ങളിലെ ആർത്തവസൗഹൃദ സൗകര്യങ്ങളും സംബന്ധിച്ച പഠനങ്ങൾ കാണിക്കുന്നത്, ഗൗരവകരമായ വെല്ലുവിളികൾ കേരളത്തിലും നിലനിൽക്കുന്നുണ്ടെന്നാണ്.

2024-ൽ തൃശൂർ ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പഠനത്തിൽ, 96% വിദ്യാർഥിനികൾക്കും ആർത്തവത്തെക്കുറിച്ച് അടിസ്ഥാന അറിവുണ്ടെങ്കിലും 49% പേർ ആർത്തവരക്തത്തെ 'അശുദ്ധം' എന്ന് കരുതുകയും പകുതിയോളംപേർ ആർത്തവം ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമാണെന്ന് കരുതുകയും ചെയ്യുന്നതായി കണ്ടെത്തി. വൈജ്ഞാനികമായി കേരളം മുന്നിലാണെങ്കിലും ശാസ്ത്രീയമായ സാമൂഹിക ധാരണകൾ പൂർണമല്ലെന്ന് വ്യക്തമാക്കുന്ന കണ്ടെത്തലായിരുന്നു ഇത്.

2018-ൽ തിരുവനന്തപുരം ജില്ലയിലെ നഗര- ഗ്രാമ മേഖലകളിൽ നടന്ന പഠനവും 2019-ൽ പത്തനംതിട്ട ജില്ലയിലെ കൗമാരക്കാരിൽ നടന്ന പഠനവും ആദ്യ ആർത്തവത്തിന് മുമ്പുള്ള ആരോഗ്യവിദ്യാഭ്യാസം അപര്യാപ്തമാണെന്നും, അറിവ് പ്രായോഗിക ശീലങ്ങളായി മാറുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വിദ്യാലയതല ബോധവൽക്കരണവും സമഗ്ര ലൈംഗിക-പ്രത്യുൽപാദന ആരോഗ്യവിദ്യാഭ്യാസവും ശക്തിപ്പെടുത്തണമെന്നാണ് ഈ പഠനങ്ങളുടെ പ്രധാന നിർദ്ദേശം.

2017-ൽ പ്രസിദ്ധീകരിച്ച മെഡിക്കൽ പഠനങ്ങൾ ഉൾപ്പെടെ കേരളത്തിലെ കൗമാരക്കാരിൽ നടത്തിയ വിവിധ പഠനങ്ങൾ ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം വെളിപ്പെടുത്തുന്നുണ്ട്. 60- 80% വരെ വിദ്യാർഥിനികൾക്ക് വിവിധ തോതിലുള്ള ആർത്തവ വേദന (Dysmenorrhoea) അനുഭവപ്പെടുന്നതായി ഈ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർത്തവം രോഗമല്ലെങ്കിലും, പല കുട്ടികൾക്കും യഥാർത്ഥ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനാൽ വിദ്യാലയങ്ങളിൽ ആവശ്യമായ പിന്തുണയും വിശ്രമസൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ഈ പഠനങ്ങൾ അടിവരയിടുന്നു.

സുരക്ഷിതമായ ശുചിമുറി, ശുദ്ധജലം, സ്വകാര്യത, ആർത്തവമാലിന്യം സംസ്കരിക്കാനുള്ള സംവിധാനം എന്നിവ ഉണ്ടെങ്കിലേ പെൺകുട്ടികൾക്ക് സ്കൂളിൽ മുടങ്ങാതെ എത്താനാകൂ എന്ന് ഈ പഠനങ്ങൾ എടുത്തുപറയുന്നു, ഇതെല്ലാം വിദ്യാഭ്യാസ സമത്വത്തിന് അനിവാര്യമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ന് മഹാഭൂരിപക്ഷം വിദ്യാലയങ്ങളിലും അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികളാണുള്ളത്. നമ്മുടെ സ്കൂൾ ശുചിമുറികളുടെ 'ശുചിത്വം' ഉറപ്പാക്കുന്നതിൽ ഈ രീതി മാറണമെന്നും ഒരു റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ, നമ്മുടെ വിദ്യാലയങ്ങളിലെ ശുചിമുറികളുടെ യഥാർത്ഥ അവസ്ഥ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ശുചിമുറികളിൽ ആവശ്യത്തിന് വെള്ളവും സോപ്പും ലഭ്യമാണോ? അവ വൃത്തിയായി പരിപാലിക്കപ്പെടുന്നുണ്ടോ? പാഡുകൾ മാറ്റാനുള്ള സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങളുണ്ടോ? ഉപയോഗിച്ച പാഡുകൾ നിക്ഷേപിക്കാനും സംസ്കരിക്കാനുമുള്ള സൗകര്യമുണ്ടോ? ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ആർത്തവത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് യഥാർത്ഥത്തിൽ നമ്മുടെ വിദ്യാലയങ്ങളുടെ നിലവാരം നിർണയിക്കുന്നത്. 'അന്തർദേശീയ' നിലവാരം വെറുതെ ഉണ്ടാകുകയില്ല എന്ന കാര്യം കൂടി പറഞ്ഞുവെക്കുന്നു.

സാക്ഷരതയിലും ആരോഗ്യ സൂചികകളിലും രാജ്യം മുഴുവൻ മാതൃകയായി കേരളത്തെ അവതരിപ്പിക്കാറുണ്ടെങ്കിലും, ആർത്തവ ആരോഗ്യവും വിദ്യാലയങ്ങളിലെ ആർത്തവസൗഹൃദ സൗകര്യങ്ങളും സംബന്ധിച്ച പഠനങ്ങൾ കാണിക്കുന്നത്, ഗൗരവകരമായ വെല്ലുവിളികൾ കേരളത്തിലും നിലനിൽക്കുന്നുണ്ടെന്നാണ്.
സാക്ഷരതയിലും ആരോഗ്യ സൂചികകളിലും രാജ്യം മുഴുവൻ മാതൃകയായി കേരളത്തെ അവതരിപ്പിക്കാറുണ്ടെങ്കിലും, ആർത്തവ ആരോഗ്യവും വിദ്യാലയങ്ങളിലെ ആർത്തവസൗഹൃദ സൗകര്യങ്ങളും സംബന്ധിച്ച പഠനങ്ങൾ കാണിക്കുന്നത്, ഗൗരവകരമായ വെല്ലുവിളികൾ കേരളത്തിലും നിലനിൽക്കുന്നുണ്ടെന്നാണ്.

'ഷീ പാഡ്' പദ്ധതി എന്ന ശ്രദ്ധേയ ഇടപെടൽ

കേരള സർക്കാർ 2017 മുതൽ നടപ്പിലാക്കിവരുന്ന 'ഷീ പാഡ്' പദ്ധതി രാജ്യത്തുതന്നെ ശ്രദ്ധേയമായ ആർത്തവസൗഹൃദ വിദ്യാലയ ഇടപെടലായി വിലയിരുത്തപ്പെടുന്നു. ഈ പദ്ധതി പെൺകുട്ടികളുടെ പ്രത്യേക ആവശ്യങ്ങളെ പരിഗണിച്ചുള്ള തീർത്തും 'പോസിറ്റീവായ' ഒന്നാണ്. സ്കൂളുകൾ വഴി വിദ്യാർഥിനികൾക്ക് സാനിറ്ററി പാഡുകളും ആർത്തവശുചിത്വ ബോധവൽക്കരണവും ഈ പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാർഥിനികൾക്ക് സാനിറ്ററി പാഡുകളും ബോധവൽക്കരണ ക്ലാസുകളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞുവെന്ന് വിലയിരുത്തിയിട്ടുണ്ട്.

'ഷീപാഡ്' പോലുള്ള പദ്ധതികൾ വഴി ലക്ഷക്കണക്കിന് വിദ്യാർഥിനികൾക്ക് പാഡുകളും ആർത്തവശുചിത്വ ബോധവൽക്കരണവും ലഭ്യമാക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ സ്ഥാപിക്കപ്പെട്ട പാഡ് വെൽഡിങ് മെഷീനുകൾ പലതും പ്രവർത്തനം അവസാനിപ്പിച്ചിട്ട് കാലമേറെയായി. കൃത്യമായ മെയിന്റനൻസ്, വിദ്യാലയങ്ങൾ അതിന് നൽകിയ പിന്തുണ എന്നിവയെല്ലാം അപര്യാപ്തമായിരുന്നുവെന്നതും കണ്ടെത്തിയിട്ടുണ്ട്.

ആർത്തവശുചിത്വവുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളും ഫീൽഡ് അനുഭവങ്ങളും വ്യക്തമാക്കുന്നത്, കുട്ടികൾക്ക് പാഡ് വിതരണം മാത്രം നടത്തിയാൽ പോരാ എന്നാണ്. എല്ലാ വിദ്യാലയങ്ങളിലും വെള്ളം, സോപ്പ്, സ്വകാര്യതയുള്ള ശുചിമുറികൾ, പാഡ് സംസ്കരണ സംവിധാനം, വിശ്രമസൗകര്യം എന്നിവയുണ്ടെന്നും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശാസ്ത്രീയ ആർത്തവ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വിദ്യാലയങ്ങൾ യഥാർത്ഥത്തിൽ ആർത്തവ സൗഹൃദമാണ് എന്നുറപ്പാക്കുകയാണ് പ്രധാനം. വൃത്തിയുള്ള ശുചിമുറി, ജലലഭ്യത, സ്വകാര്യത, മാലിന്യസംസ്കരണം, ശാസ്ത്രീയ ആരോഗ്യവിദ്യാഭ്യാസം, അധ്യാപക പരിശീലനം, ലിംഗപരമായ സെൻസിറ്റീവ് അന്തരീക്ഷം എന്നിവയില്ലാതെ ആർത്തവആരോഗ്യചർച്ച പൂർണമാകില്ല.

അതുകൊണ്ട്, ആർത്തവാവധി ചർച്ചയ്‌ക്കൊപ്പം നമ്മുടെ സ്കൂൾ ശുചിമുറികളുടെ അവസ്ഥയും ചർച്ച ചെയ്യപ്പെടണം. പെൺകുട്ടികൾക്കുള്ള ശുചിമുറികളുടെ ലഭ്യതയിൽ നമ്മൾ ഇനിയും ഏറെ പിന്നിലാണെന്ന് കണക്കുകൾ കാണിക്കുന്നുണ്ട്. ഒരു വിദ്യാലയം ആർത്തവസൗഹൃദമാകാൻ പാഡ് വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, വെള്ളവും സോപ്പുമുള്ള വൃത്തിയുള്ള ശുചിമുറികൾ, സ്വകാര്യത, ചൂടുവെള്ള ബാഗുകൾ, വിശ്രമമുറികൾ, ആവശ്യമായ കൗൺസിലിംഗ് പിന്തുണ തുടങ്ങിയവയെല്ലാം നിർബന്ധമായും ഉറപ്പാക്കേണ്ടതുണ്ട്.

'ഷീപാഡ്' പോലുള്ള പദ്ധതികൾ വഴി ലക്ഷക്കണക്കിന് വിദ്യാർഥിനികൾക്ക് പാഡുകളും ആർത്തവശുചിത്വ ബോധവൽക്കരണവും ലഭ്യമാക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ സ്ഥാപിക്കപ്പെട്ട പാഡ് വെൽഡിങ് മെഷീനുകൾ പലതും പ്രവർത്തനം അവസാനിപ്പിച്ചിട്ട് കാലമേറെയായി.
'ഷീപാഡ്' പോലുള്ള പദ്ധതികൾ വഴി ലക്ഷക്കണക്കിന് വിദ്യാർഥിനികൾക്ക് പാഡുകളും ആർത്തവശുചിത്വ ബോധവൽക്കരണവും ലഭ്യമാക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ സ്ഥാപിക്കപ്പെട്ട പാഡ് വെൽഡിങ് മെഷീനുകൾ പലതും പ്രവർത്തനം അവസാനിപ്പിച്ചിട്ട് കാലമേറെയായി.

അതോടൊപ്പം, ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ 'മെൻസ്ട്രുവൽ കപ്പു’കളുടെ ഉപയോഗത്തിൻ്റെ സാധ്യതകളും പരിശോധിക്കപ്പെടണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇവ സൗജന്യമായി ലഭ്യമാക്കുന്നതും പരിഗണിക്കണം.

ലിംഗഭേദമേന്യ, എല്ലാ വിദ്യാർത്ഥികൾക്കും ആർത്തവത്തെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക എന്നതും പ്രധാനമാണ്. ജീവശാസ്ത്ര പാഠപുസ്തകങ്ങളിൽ ആർത്തവത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടക്കമുള്ള എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ചിരുത്തി ഈ വിഷയം തുറന്നും ശാസ്ത്രീയമായും ചർച്ച ചെയ്യുന്ന ക്ലാസുകൾ എത്ര സ്കൂളുകളിലുണ്ട്?

തങ്ങളുടെ ദീർഘകാലത്തെ അധ്യാപനജീവിതത്തിനിടെ അത്തരം ക്ലാസുകൾ വേണ്ടത്ര നൽകാൻ കഴിഞ്ഞിട്ടില്ലായെന്ന അഭിപ്രായം പങ്കുവെച്ച 'ജീവശാസ്ത്രം' അധ്യാപക സുഹൃത്തുക്കൾ നമുക്കുണ്ട്. ആർത്തവം സ്ത്രീകളുടെ / പെൺകുട്ടികളുടെ മാത്രം വിഷയമല്ല. അത് മനുഷ്യശരീരത്തെയും ആരോഗ്യത്തെയും സമൂഹത്തെയും സംബന്ധിക്കുന്ന വിഷയമാണ്. ആർത്തവദിനങ്ങളിൽ പെൺകുട്ടികൾക്ക് ആരോഗ്യകരവും ശാസ്ത്രീയവുമായ പിന്തുണയാണ് ആവശ്യം. ഈ മനോഭാവം കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും വളർത്തിയെടുക്കണം. അധ്യാപക പരിശീലന പരിപാടികളിൽ പോലും ഇത്തരം വിഷയങ്ങൾ ആവശ്യത്തിന് ഉൾപ്പെടുത്താറുണ്ടോ എന്ന പരിശോധന നടക്കണം. ഇല്ലെങ്കിൽ എന്തുകൊണ്ട്?

ഇതോടൊപ്പം മറ്റൊരു ആശങ്കയും പരിഗണിക്കേണ്ടതുണ്ട്. എല്ലാ വിദ്യാർഥിനികൾക്കും മൂന്ന് ദിവസത്തെ ആർത്തവാവധി നൽകുന്നതുവഴി, ക്ലാസുകളുടെ പ്രവർത്തനത്തിലും പഠനപ്രവർത്തനങ്ങളിലുമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഗണിക്കപ്പെടണം. ഓരോ വിദ്യാർഥിക്കും വർഷം മുപ്പതോളം പഠനദിവസങ്ങൾ നഷ്ടമാകുന്ന അവസ്ഥവരെ ഉണ്ടായേക്കാം. 200 / 220 പ്രവർത്തി ദിനങ്ങൾ കുട്ടികളുടെ അവകാശമാണെന്ന് 2009- ലെ വിദ്യാഭ്യാസനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പലപ്പോഴും അതിൽ നല്ലൊരു ശതമാനം പലവിധ കാരണങ്ങൾ കൊണ്ട് നഷ്ടപ്പെടുന്ന ഒരു നാട്ടിലാണ് 20-30 പുതിയ അവധികൾ സൃഷ്ടിക്കപ്പെടുന്നത്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകതന്നെ ചെയ്യും. അതിന് യുക്തമായ പരിഹാരം ആവശ്യമാണ്.

ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ 'മെൻസ്ട്രുവൽ കപ്പു’കളുടെ ഉപയോഗത്തിൻ്റെ സാധ്യതകളും പരിശോധിക്കപ്പെടണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇവ സൗജന്യമായി ലഭ്യമാക്കുന്നതും പരിഗണിക്കണം.
ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ 'മെൻസ്ട്രുവൽ കപ്പു’കളുടെ ഉപയോഗത്തിൻ്റെ സാധ്യതകളും പരിശോധിക്കപ്പെടണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇവ സൗജന്യമായി ലഭ്യമാക്കുന്നതും പരിഗണിക്കണം.

ഇത്തരം പല തലങ്ങളിലുള്ള വിഷയങ്ങൾ പരിഗണിച്ച്, ആർത്തവാവധി വേണമോ വേണ്ടയോ എന്ന ഒറ്റ ചോദ്യത്തിൽ ഈ ചർച്ച ഒതുങ്ങരുത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ സമൂഹത്തിൽ ഉന്നയിക്കപ്പെടണം. ഈ പുതിയ അധ്യയന വർഷാരംഭത്തിൽ തന്നെ, നമ്മുടെ 'സമൂഹം' തങ്ങളുടെ പ്രദേശത്തെ ഓരോ വിദ്യാലയങ്ങളിലെയും ശുചിമുറികളുടെ സ്ഥിതി പരിശോധിക്കുകയും പരിഹാരങ്ങളിലേക്ക് കടക്കുകയും വേണം.

Comments