തുറന്ന കോൺസെൻട്രേഷൻ ക്യാമ്പാണ് ഗാസ, സുഡാനോടും സൊമാലിയയോടും സമീകരിക്കുന്നവ‍രോട്...

“ഗാസയിൽ മാത്രമാണോ കുട്ടികൾ മരിക്കുന്നത്? ലോകത്ത് എല്ലായിടത്തും പ്രശ്‌നങ്ങളില്ലേ? തുടങ്ങിയ നിഷ്‌കളങ്കമെന്ന് തോന്നാവുന്ന സംശയങ്ങൾ ചോദിക്കുന്നവരുണ്ട്. സിറിയ, കുവൈത്ത്, യെമൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ്, ലിബിയ, സുഡാൻ, അഫ്ഗാൻ, നൈജീരിയ, ചൈന എന്നിവിടങ്ങളിലൊക്കെ ആളുകൾ കൊല്ലപ്പെടുന്നില്ലേ, കുട്ടികൾ മരിക്കുന്നില്ലേ എന്ന് ചോദിക്കുന്നവ‍രുണ്ട്.” അവർക്കുള്ള ചില മറുപടികളാണ് മുഖ്താർ ഉദരംപൊയിൽ എഴുതുന്നത്.

സ്രായേൽ പലസ്തീനിൽ നടത്തുന്ന വംശഹത്യ തുടരുകയാണ്. ട്രംപിന്റെ നേതൃത്വത്തിൽ സമാധാന ഉടമ്പടി എന്ന പേരിൽ ഏകപക്ഷീയ പ്രശ്ന പരിഹാര പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആദ്യം അംഗീകരിച്ചെന്ന് പറഞ്ഞ ഇസ്രായേൽ, ഹമാസ് പോലും ഭാഗികമായി അംഗീകരിക്കുകയും ചർച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടും ഗാസയിൽ നരഹത്യ തുടരുകയാണ്. ലോകത്ത് ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുന്നുണ്ട്. വൈകിയാണെങ്കിലും കേരളത്തിലും പ്രതിഷേധം പലവിധത്തിൽ കനത്തു തുടങ്ങിയിരിക്കുന്നു. എന്നാൽ ഇസ്രായേലിന് എതിരായ പ്രതികരണങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. സംഘികളും ക്രിസംഘികളും മാത്രമല്ല, പുരോഗമന മാനവിക പക്ഷക്കാരെന്ന് കരുതുന്നവരിൽ നിന്നു പോലും വംശവെറി പുറത്തേക്ക് തെറിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഗാസയിൽ മാത്രമാണോ കുട്ടികൾ മരിക്കുന്നത്? ലോകത്ത് എല്ലായിടത്തും പ്രശ്‌നങ്ങളില്ലേ? തുടങ്ങിയ നിഷ്‌കളങ്കമെന്ന് തോന്നാവുന്ന സംശയങ്ങളാണ് അവരുന്നയിക്കുന്നത്. സിറിയ, കുവൈത്ത്, യെമൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ്, ലിബിയ, സുഡാൻ, അഫ്ഗാൻ, നൈജീരിയ, ചൈന എന്നിവിടങ്ങളിലൊക്കെ ആളുകൾ കൊല്ലപ്പെടുന്നില്ലേ, കുട്ടികൾ മരിക്കുന്നില്ലേ... സൊമാലിയയിലെ പട്ടിണി മരണങ്ങൾ നിങ്ങൾക്ക് പ്രശ്‌നമല്ലേ... കശ്മീരി പണ്ഡിറ്റുകളുടെ കാര്യം വരെ പറയുന്നവർ ഗുജറാത്ത് കരുതിക്കൂട്ടി വിട്ടുപോകുന്നുണ്ട്.

അവർ പറയുന്ന കാര്യങ്ങളിൽ ചിലത് വാസ്തവത്തിൽ സംഭവിച്ച ദാരുണ സംഭവങ്ങളാണ്. പക്ഷേ, പല കണക്കുകളും അതിരുവിട്ടതോ ഉറവിടമില്ലാത്തതോ ആണ്. ചില കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾ ഏത് മതത്തിലായാലും, ഏത് രാജ്യത്തിലായാലും, അതിനെതിരെ ഒരേ നിലപാട് വേണമെന്ന് തന്നെയാണ് ഇപ്പോൾ പലസ്തീന് വേണ്ടി സംസാരിക്കുന്നവർക്കും പറയാനുള്ളത്. പക്ഷേ, തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുമ്പോൾ അത് യഥാർത്ഥ പീഡിതരുടെ വേദനയുടെ വില കുറയ്ക്കും. അതിനാൽ വസ്തുതകളും മനുഷ്യത്വവുമാണ് പരിഗണിക്കേണ്ടത്.

മനുഷ്യാവകാശ ലംഘനങ്ങൾ ഏത് മതത്തിലായാലും, ഏത് രാജ്യത്തിലായാലും, അതിനെതിരെ ഒരേ നിലപാട് വേണമെന്ന് തന്നെയാണ് ഇപ്പോൾ പലസ്തീന് വേണ്ടി സംസാരിക്കുന്നവർക്കും പറയാനുള്ളത്.
മനുഷ്യാവകാശ ലംഘനങ്ങൾ ഏത് മതത്തിലായാലും, ഏത് രാജ്യത്തിലായാലും, അതിനെതിരെ ഒരേ നിലപാട് വേണമെന്ന് തന്നെയാണ് ഇപ്പോൾ പലസ്തീന് വേണ്ടി സംസാരിക്കുന്നവർക്കും പറയാനുള്ളത്.

Read More: FACT CHECK: മല്ലു സയണിസ്റ്റുകൾ പ്രചരിപ്പിക്കുന്ന 7 നുണകളും അവയുടെ യാഥാർത്ഥ്യങ്ങളും

പക്ഷെ ഈ ചോദ്യങ്ങളൊന്നും നിഷ്കളങ്കമാണെന്ന് കരുതേണ്ടതില്ല. ഇവർക്കിതൊന്നും അറിയാഞ്ഞിട്ടാണെന്നും വിചാരിക്കേണ്ടതില്ല. ഏതോ വംശവെറി മൂത്ത ഒരാൾ എഴുതിയുണ്ടാക്കിയ കാപ്‌സ്യൂൾ കോപ്പി പേസ്റ്റ് ചെയ്ത് നിർവൃതി അടയുന്നവർ അതിനേക്കാൾ വലിയ വംശവെറിക്കാരാണെന്ന് മറക്കേണ്ട.

ഇവരീ പറയുന്ന ഇടങ്ങളിലേറെയും നടന്നിട്ടുള്ളത്/ നടക്കുന്നത് ആഭ്യന്തര യുദ്ധങ്ങളാണ്. ഒരേ രാജ്യത്തുള്ള വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം. ചിലത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൈനിക യുദ്ധങ്ങളാണ്. അതിലെല്ലാം നീതിയുടെ പക്ഷത്താണ് നിൽക്കേണ്ടത്. പക്ഷേ ഈ സമീകരണം അപകടകരമാണ്. പലസ്തീനിൽ നടക്കുന്നത് ആഭ്യന്തര കലഹമോ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൈനിക യുദ്ധമോ അല്ല. റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോലും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇസ്രായേൽ പലസ്തീനിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത് അധിനിവേശവും വംശഹത്യയുമാണ്.

ഗോധ്രയിൽ തീവണ്ടിക്ക് തീയിട്ടതിന്റെ (?) സ്വാഭാവിക പ്രതികരണം മാത്രമാണ് ഗുജറാത്ത് വംശഹത്യ എന്നും ഹമാസ് നടത്തിയ പ്രതിരോധത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പലസ്തീനിലെ ഇസ്രായേൽ നരനായാട്ട് എന്നും വിശ്വസിക്കുന്ന പ്രത്യേകതരം ജീവികളെ തിരുത്താനാവില്ല. 2023 ഒക്ടോബർ 7-ന് ശേഷമല്ല ഇസ്രായേൽ പലസ്തീനിൽ ആക്രമണം നടത്തുന്നത്. ചരിത്രം അതിന് ശേഷമല്ല തുടങ്ങുന്നത്. 1800-കളുടെ അവസാനകാലത്താണ് സയണിസത്തിന്റെ തുടക്കം. അന്നു തുടങ്ങിയ അധിനിവേശമാണ്. 1948-ലാണ് പലസ്തീൻ പിളർത്തി ഇസ്രായേൽ രാജ്യമുണ്ടാവുന്നത്. അന്ന് യു.എൻ നിശ്ചയിച്ച അതിർത്തിക്കപ്പുറത്തേക്ക് ഇസ്രായേൽ രാജ്യം വളർന്നത് പലസ്തീനികളെ നിഷ്‌കരുണം കൊന്നുതള്ളി തന്നെയായിരുന്നു. പലസ്തീനിലെ ജനങ്ങൾ എന്നും ഇസ്രായേൽ ഭീകരതയുടെ ഇരകളായിരുന്നു. വർഷങ്ങളായി തുടരുന്ന ഇസ്രായേൽ ഭീകരതയുടെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്ന വംശഹത്യ.

ഇസ്രായേൽ പലസ്തീനികളുടെ ഭൂമി കയ്യേറി പിടിച്ചടക്കിയതാണ്. പലസ്തീൻ ജനത സ്വന്തം ദേശം നഷ്ടപ്പെട്ടവരായി, സ്വന്തം ഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്നവരാണ്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് അധിനിവേശവും വംശഹത്യാത്മകമായ ഏകപക്ഷീയ ആക്രമണവുമാണ്. മറ്റുള്ളിടങ്ങളിലെ പോലെയുള്ള യുദ്ധമല്ല. ഇസ്രയേൽ ആക്രമണങ്ങൾ പലപ്പോഴും കുട്ടികൾ, സ്ത്രീകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവ ഉൾപ്പെടുന്ന സിവിലിയൻ മേഖലകളിൽ ആണ്. ഇതൊരു സൈനിക പ്രതികരണം മാത്രമല്ല; മൊത്തം ജനതയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണമാണ്.

പലസ്തീനിലെ ജനങ്ങൾ എന്നും ഇസ്രായേൽ ഭീകരതയുടെ ഇരകളായിരുന്നു. വർഷങ്ങളായി തുടരുന്ന ഇസ്രായേൽ ഭീകരതയുടെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്ന വംശഹത്യ.
പലസ്തീനിലെ ജനങ്ങൾ എന്നും ഇസ്രായേൽ ഭീകരതയുടെ ഇരകളായിരുന്നു. വർഷങ്ങളായി തുടരുന്ന ഇസ്രായേൽ ഭീകരതയുടെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്ന വംശഹത്യ.

ഗാസ പോലുള്ള പ്രദേശങ്ങളിൽ കഴിയുന്നവർക്ക് പുറത്ത് പോകാനോ രക്ഷപ്പെടാനോ കഴിയാത്ത വിധം നാലുഭാഗവും അടച്ചിട്ടിരിക്കുകയാണ്. ഇസ്രായേലിന് ആധുനിക സേന, വ്യോമസേന, ഡ്രോണുകൾ, മിസൈൽ പ്രതിരോധം എന്നിവയുണ്ട്. എന്നാൽ പലസ്തീനിന് സൈനിക ശക്തിയോ ആയുധ ബലമോ ഇല്ല. ആയുധശേഷി പരിമിതമായെങ്കിലും ഹമാസ് പോലുള്ള ഗ്രൂപ്പുകൾക്ക് മാത്രമേയുള്ളൂ. അതിനാൽ ഇത് 'രണ്ട് സൈന്യങ്ങളുടെ യുദ്ധം' അല്ല, ഒരു അധിനിവേശ ശക്തിയും കുടുങ്ങിയ ജനതയും തമ്മിലുള്ള ഏറ്റുമുട്ടലാണ്.

സിറിയയിലോ യെമനിലോ സംഭവിക്കുന്നതിൽ വിദേശ രാജ്യങ്ങൾ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷേ ഇസ്രായേലിന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തുറന്ന പിന്തുണ നൽകുന്നുണ്ട്. ആയുധം, ഫണ്ടിംഗ്, രാഷ്ട്രീയ സംരക്ഷണം എല്ലാം പുറത്തുനിന്ന് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ പോലും ഇസ്രായേലിന് ബാധകമല്ല. സിവിലിയൻ ജനതയ്ക്കെതിരെ കൂട്ടക്കൊല, നിരോധനം, കുടിയേറ്റം, ഭക്ഷണ- ജല ഉപരോധം തുടങ്ങിയവ യുദ്ധക്കുറ്റങ്ങളാണ്. ഇസ്രായേൽ ചെയ്യുന്നത് യുദ്ധക്കുറ്റകൃത്യങ്ങളാണ്.

Read More: പലസ്തീന്റെ ശബ്ദമില്ലാത്ത ട്രംപിന്റെ ഗാസാ സമാധാനപദ്ധതിയിലെ വൈരുദ്ധ്യങ്ങൾ

പലസ്തീൻ പ്രശ്‌നം ഒരു മതപ്രശ്‌നമല്ല. പലസ്തീനിൽ ന്യൂനപക്ഷമാണെങ്കിലും ക്രിസ്ത്യാനികളും ജൂതരുമുണ്ട്. അവരും കൊല്ലപ്പെടുകയും പട്ടിണിയിലാവുകയും പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്നുണ്ട്. പലസ്തീനിലെ ക്രിസ്ത്യാനികളോ ജൂതരോ ഇസ്രായേലിനെ പിന്തുണക്കുന്നില്ലെന്ന് മാത്രമല്ല പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി മുന്നിൽ നിന്ന് പോരാടുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയെ ബ്രിട്ടീഷുകാർ അടക്കി ഭരിച്ചപോലെ പലസ്തീനെ ശ്വാസം മുട്ടിക്കുകയാണ് ഇസ്രായേൽ. അവിടെ പലസ്തീനികൾ അവർക്കാവും വിധം നടത്താൻ ശ്രമിക്കുന്നത് സ്വാതന്ത്ര്യത്തിനാലുള്ള പ്രാർത്ഥനയാണ്. പലസ്തീൻ പ്രശ്‌നം വേറിട്ടുനിൽക്കുന്നത് അതിന്റെ അധിനിവേശ സ്വഭാവം, സിവിലിയൻ ജനതയുടെ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമലംഘനം, ഇരട്ട മാനദണ്ഡങ്ങൾ, മനുഷ്യാവകാശ ലംഘനം എന്നിവയിലൂടെയാണ്. ഇവിടെ ഒരു വിഭാഗം ആയുധ ശക്തിയുള്ള അധിനിവേശരാജ്യവും, മറുവിഭാഗം ഭൂമി നഷ്ടപ്പെട്ട കുടുങ്ങിയ ജനതയും ആണ്.

ലോകത്തിന്റെ പ്രതിഷേധം മതം നോക്കി അല്ല; മനുഷ്യത്വം നോക്കിയാണ്. യുദ്ധം എവിടെയായാലും തെറ്റാണ്. പക്ഷേ അധിനിവേശം എവിടെയായാലും അതിനേക്കാൾ വലിയ തെറ്റാണ്. അതുകൊണ്ടാണ് ലോകം കണ്ട ക്രൂരരിൽ ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ മുന്നിൽ നിൽക്കുന്നത്. കൊലചെയ്യപ്പെട്ട ആളുകളുടെ എണ്ണം നോക്കിയല്ല, അവരെ ഏറ്റവും വലിയ ക്രൂരരായി കണക്കാക്കപ്പെടുന്നത്. അവർ ആളുകളെ കൊല്ലാക്കൊല ചെയ്യാനെടുത്ത രീതിയും അവർ നടത്തിയ ഭീകരമായ വംശഹത്യയുമാണ്. ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ ഭരണാധികാരികൾ ഇവരല്ലെന്നാണല്ലോ ചരിത്രം പറയുന്നത്. ഹിറ്റ്‌ലറുടേത് പോലെ സിദ്ധാന്തപരമായി, ശാസ്ത്രീയമായി, ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ മനുഷ്യരാശിക്കെതിരെ നിലകൊള്ളുന്നത്. ഗാസ ഒരു തുറന്ന കോൺസെൻട്രേഷൻ ക്യാമ്പാണ്. അവിടെ നിന്നുള്ള നിലവിളികൾക്ക് ചെവികൊടുക്കാനാവാത്തവർ മനുഷ്യരല്ല എന്നേ പറയാനുള്ളു.

Comments