മൊസാദിന് തെറ്റില്ല എന്നത് മിത്ത്, ചരിത്രം പറയുന്നു

‘‘വെസ്റ്റ് ഏഷ്യയെ കുറിച്ച് പഠിച്ചു തുടങ്ങിയ ഈ ഇരുപത് വർഷങ്ങൾക്കിടയിൽ എന്റെ ഓർമയിൽ ഇസ്രായേൽ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം മുന്നെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇസ്രായേലിന് ഇത് ‘വൺസ് ഇൻ എ ജനറേഷൻ ക്രൈസിസ്’ ആണ്’’

മൊസാദിന് തെറ്റ് പറ്റില്ലെന്നും അവരിത് അറിഞ്ഞിട്ടും അനുവദിച്ചതാണ്, തിരിച്ചടിക്കാന്‍വേണ്ടി തുടങ്ങിയ വാദങ്ങള്‍ വരെ കണ്ടു. മൊസാദ് ഏതൊരു മനുഷ്യ ഏജന്‍സിയെയും പോലെ ഒന്നാണ്. ഏത് ഹ്യൂമന്‍ ഏജന്‍സിക്കും പറ്റുന്ന പോലെ മൊസാദിനും തെറ്റ് പറ്റും. മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരു മിത്തിക്കന്‍ തലം ആളുകള്‍ മൊസാദിന് കൊടുത്തിരിക്കുകയാണ്. വലിയ വലിയ തെറ്റുകള്‍ മൊസാദിന് പറ്റിയിട്ടുണ്ട്.

1973- ല്‍ സിറിയയും ഈജിപ്തും കൂടി ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ മിലിട്ടറി ഓപ്പറേഷന്‍ മൊസാദിന് ഡിറ്റക്റ്റ് ചെയ്യാന്‍ പറ്റിയില്ല. കൃത്യം അമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒക്ടോബര്‍ ആറിന് യോങ്ങ്കിപ്പൂര്‍ ഹോളിഡെയുടെ അന്ന് രാവിലെ ഈജിപ്ഷ്യന്‍ പട്ടാളം സയനപ്പന്റൈസിലും സിറിയന്‍ പട്ടാളം ഗോലന്‍ഹൈറ്റ്‌സിലേക്കും ഇരച്ചു കയറി ആക്രമണം തുടങ്ങിയ ശേഷമാണ് ഇസ്രയേല്‍ ഇങ്ങനെയൊരു ആക്രമണം നടക്കുന്നു എന്ന് അറിയുന്നതുതന്നെ. അത്രയും വലിയ ഇന്റലിജന്‍സ് പിഴവായിരുന്നു അന്ന് മൊസാദിന്റേത്.

2006- ല്‍ ഹിസ്ബുള്ളയുടെ ഓപ്പറേഷന്‍ മുന്‍കൂട്ടി കാണുന്നതിലും ഇസ്രായേല്‍ പരാജയപ്പെട്ടു. 2004- ല്‍ ഹമാസ് ലീഡര്‍ ഖാലിദ് മിഷാലിനെ ജോര്‍ദാനില്‍ വെച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടു. അന്ന് മൊസാദിന്റെ ആള്‍ക്കാരെ ജോര്‍ദാന്‍ പോലീസ് പിടിച്ചശേഷം അന്നത്തെ ജോര്‍ദാന്‍ രാജാവ് കിങ് ഹുസ്സൈന്‍ നെതനാഹ്യുവിനോട് പറഞ്ഞത്, നിങ്ങള്‍ മറു മരുന്നുമായി ജോര്‍ദ്ദാനിലേക്ക് വരണമെന്നാണ്. അല്ലെങ്കില്‍ മൊസാദിന്റെ ആളുകളെ പൊതുജന മധ്യത്തില്‍ തൂക്കിക്കൊല്ലുമെന്നും. പിന്നീട് നെതനാഹ്യു ജോര്‍ദ്ദാനിലേക്ക് പോവുകയും ആന്റി ഡോട്ട് കൊടുത്ത് മൊസാദിനെ മോചിപ്പിക്കുകയുമാണ് ചെയ്തത്.

ഖാലിദ് മിഷാല്‍

മിഷാല്‍ ഇപ്പോഴും ദോഹയില്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങനെ ഒരുപാട് തെറ്റുകള്‍ മൊസാദിന് സംഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വലിയ തെറ്റാണ് ഇപ്പോള്‍ സംഭവിച്ചത്.

നമ്മളെല്ലാവരും ചര്‍ച്ച ചെയ്യുന്നപോലെ, ഇസ്രായേല്‍ 20 ലേറെ വര്‍ഷങ്ങളായി ഫോക്കസ് ചെയ്യുന്നത് സൈബര്‍ വാര്‍ഫയറിലും ഇന്റലിജന്‍സ് പ്രൊപ്പര്‍ട്ടിയിലും സെക്യൂരിറ്റിയിലുമൊക്കെയാണ് എന്നത് വസ്തുതയാണ്. എന്നാല്‍ ഇസ്രായേല്‍ തയ്യാറായി കൊണ്ടിരുന്നത് മറ്റൊരു തരം യുദ്ധത്തിനുവേണ്ടിയാണ്. ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണം ഇസ്രായേല്‍ അത്ര പ്രതീക്ഷിച്ചില്ല. കൂടാതെ വെസ്റ്റ് ബാങ്കിലായിരുന്നു ഇസ്രായേലിന്റെ ഈ അടുത്ത കാലത്തെ കൂടുതല്‍ ശ്രദ്ധയും. ഹമാസ് തന്നെ ഗാസയെ പറ്റി പറഞ്ഞത്, സ്റ്റേബിള്‍ ഇന്‍സ്റ്റബിലിറ്റിയെന്നാണ്. സുസ്ഥിരമായ അസ്ഥിരത. കൈകാര്യം ചെയ്യാന്‍ പറ്റുന്നതാണ് എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത് ഒരു ഇന്റലിജനസ് പരാജയം മാത്രമല്ല. പത്തിരുപത്തഞ്ച് വര്‍ഷങ്ങളായി ഇസ്രായേല്‍ ഉയര്‍ത്തിപ്പിടിച്ച സെക്യൂരിറ്റി മോഡലിന്റെ പതനം കൂടിയാണ്. അത് തന്നെയാണ് ഹമാസിന് വേണ്ടിയിരുന്നതും. അതിനപ്പുറം ഹാമാസ് ഈ നീക്കത്തിലൂടെ മറ്റെന്തെങ്കിലും ലക്ഷ്യം നേടാന്‍ ഉദ്ദേശിച്ചോ എനിക്ക് തോന്നുന്നുമില്ല. Basically Hamas wanted to drill holes in Israel security model and they just did that.

മൊസാദിനെ പറ്റി പറഞ്ഞതു പോലെ, അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി ഐ എ വെസ്റ്റ് ഏഷ്യയിൽ നിലവിൽ വ്യാപകമായിത്തന്നെ ഉണ്ടല്ലോ. അവർക്കും ഇതിനെ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. ഒരാഴ്ചക്കുമുമ്പാണ് അമേരിക്കൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ പറഞ്ഞത്, ഇന്നത്തെ വെസ്റ്റ് ഏഷ്യ കഴിഞ്ഞ ഇരുപത് വർഷങ്ങളിലെ ഏറ്റവും ശാന്തമായ വെസ്റ്റ് ഏഷ്യയാണ് എന്ന്. അതിനുശേഷമാണ് ഈ ആക്രമണം. അപ്പോൾ അമേരിക്കയെ സംബന്ധിച്ച് ഒന്ന് ഇത് ഇന്റലിജൻസ് പരാജയം തന്നെയാണ്.

മറ്റൊന്ന്, ഇതൊരു വെല്ലുവിളിയാണ്. കാരണം റഷ്യയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഉക്രൈയിനിൽ അമേരിക്ക നിലവിൽ എല്ലാ സംവിധാനങ്ങളുമായി കളത്തിലുണ്ട്. അത് അവർ തുറന്നു പറഞ്ഞിട്ടുമുണ്ട്; റഷ്യയെ തോൽപ്പിക്കുക, ദുർബലപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന്. അതേ സമയത്താണ് ഇസ്രായേൽ- പലസ്തീൻ പ്രശ്നം വീണ്ടും രൂക്ഷമാവുന്നത്. അപ്പോൾ അമേരിക്കയുടെ കണ്ണ് യുക്രൈനിൽനിന്ന് മദ്ധ്യേഷ്യയിലേക്ക് മാറ്റേണ്ടി വരുന്നു. നിലവിലുള്ള സംഘർഷം മറ്റുള്ള പ്രദേശങ്ങളിലേക്ക് പടരാതെ ഗാസയിൽ തന്നെ ഒതുക്കുകയെന്നതാണ് അമേരിക്കൻ താൽപര്യം. അല്ലെങ്കിൽ കൂടുതൽ സങ്കീർണമാവും. അമേരിക്കയുടെ മറ്റൊരു ലക്ഷ്യം, ഇന്തോ പസഫിക് ഏരിയിൽ ചൈനയെ നിയന്ത്രിക്കുകയെന്നത് കൂടിയാണ്.

അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി വിദേശ നയത്തിൽ അമേരിക്ക ഈ കഴിഞ്ഞ ദശകങ്ങളിൽ നേരിട്ട ഏറ്റവും വെല്ലുവിളി കൂടിയാണ്. വെസ്റ്റ് ഏഷ്യയിലെ തങ്ങളുടെ പ്രധാന സംഖ്യകക്ഷിയായ ഇസ്രായേലിനെ പിന്തുണക്കാതിരിക്കാൻ പറ്റില്ല. എന്നാൽ, ഇസ്രായേലിനെ സംബന്ധിച്ച് ഇത് നീണ്ട യുദ്ധത്തിന്റെ തുടക്കമാണ്. കാരണം, തൊള്ളായിരത്തോളം ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്. ഞാൻ വെസ്റ്റ് ഏഷ്യയെ കുറിച്ച് പഠിച്ചു തുടങ്ങിയ ഈ ഇരുപത് വർഷങ്ങൾക്കിടയിൽ എന്റെ ഓർമയിൽ ഇസ്രായേൽ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം മുന്നെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇസ്രായേലിന് ഇത് ‘വൺസ് ഇൻ എ ജനറേഷൻ ക്രൈസിസ്’ ആണ്. അമേരിക്കയ്ക്ക് ഇസ്രായേലിനെ പിന്തുണച്ചേ പറ്റൂ.


സ്​റ്റാൻലി ജോണി

‘ദ ഹിന്ദു’വിൽ ഇൻറർനാഷനൽ അഫയേഴ്​സ്​ എഡിറ്റർ. ജിയോ പൊളിറ്റിക്​സ്​, മിഡിൽ ഈസ്​റ്റ്​ ആൻറ്​ ഇന്ത്യൻ ഫോറിൻ പോളിസി, ഇൻറർനാഷനൽ പൊളിറ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ ഇടപെട്ട്​ എഴുതുന്നു. The ISIS Caliphate: From Syria to the Doorsteps of India, The Comrades And The Mullahs: China, Afghanistan and the New Asian Geopolitics (ആനന്ദ്​ കൃഷ്​ണനോടൊപ്പം) തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments