പശ്ചിമേഷ്യൻ യുദ്ധവും യുക്രെയ്ൻ യുദ്ധവും മൊത്തത്തിൽ അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യ മേധാവിത്വത്തിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രത്യക്ഷയുദ്ധത്തിലും വ്യാപാരയുദ്ധത്തിലും പാശ്ചാത്യശക്തികളാണ് നിർണായകസ്വാധീനം ചെലുത്തുന്നത്. ഡിജിറ്റൽ കാലത്ത് അതിന്റെ നിയന്ത്രണസംവിധാനങ്ങൾ ഇന്റർനെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ OS-കൾ, മൊബൈൽ OS-കൾ, സോഷ്യൽ മീഡിയ, ജിപിഎസ്, ക്ലൗഡ് സംവിധാനങ്ങൾ, മെയിലിംഗ്, ബാങ്കിംഗ് സേവനങ്ങൾ എന്നിവയിൽ നിലവിൽ പാശ്ചാത്യലോകത്തിന് നിർണായകമായ കുത്തകയുണ്ട്. ഈ മേഖലകളിലെ ആഗോളകൂട്ടായ്മകളുടെ പോലും നിയന്ത്രണം അമേരിക്കയുടെ കൈകളിലാണ്. തങ്ങൾക്ക് വിയോജിപ്പുള്ള രാജ്യങ്ങളെ ഇത്തരം സംവിധാനങ്ങളുപയോഗിച്ച് ബുദ്ധിമുട്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് അവർക്ക് തന്നെ തിരിച്ചടിയായി മാറുന്നതിൻെറ കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കാർഗിൽ യുദ്ധസമയത്ത് അമേരിക്കൻ നിയന്ത്രണത്തിലുള്ള ജിപി.എസ്. സംവിധാനങ്ങൾ ഇന്ത്യയ്ക്കു നിഷേധിക്കപ്പെട്ടിരുന്നു. റഷ്യൻ സഹായം കൊണ്ടാണ് അക്കാലത്ത് പാകിസ്താനെതിരെ യുദ്ധവിജയം നേടിയത്. ഈ സംഭവത്തോടെ ഐ.എസ്.ആർ.ഒ NavIC (Navigation with Indian Constellation) എന്ന പേരിൽ ഒരു സ്വയംപര്യാപ്ത നാവിഗേഷൻ സംവിധാനം വികസിപ്പിച്ചെടുത്തു. ഇത് ഇന്ത്യയ്ക്കും അതിനു ചുറ്റുമുള്ള 1500 കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾക്കും സേവനം നൽകുന്നു. 2035-ഓടെ ആഗോള കവറേജ് നേടാനാണ് ഐ.എസ്.ആർ.ഒ-യുടെ ശ്രമം.

ജി.പി.എസ്. സേവനങ്ങൾ തടസ്സപ്പെട്ട് വഴിയിൽ കുടുങ്ങിയതിന് എനിക്ക് വ്യക്തിപരമായ ഒരു അനുഭവമുണ്ട്. കഴിഞ്ഞ വർഷം ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽനിന്ന് അഖബയിലേക്ക് കാറോടിച്ചാണ് പോയിരുന്നത്. അഖബയോട് അടുത്തപ്പോൾ ജി.പി.എസ്. തടസ്സപ്പെട്ടു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആ ഭാഗത്തെ ജി.പി.എസ്. സേവനങ്ങൾ പരിമിതപ്പെടുത്തിയത് ജോർദാൻ ഭാഗങ്ങളെയും ബാധിച്ചു. പിന്നെ അറിയാത്ത ഭാഷയിൽ ചോദിച്ചു ചോദിച്ചു പോകേണ്ടി വന്നു.
നിലവിൽ ചൈനയാണ് ഇക്കാര്യത്തിൽ ഏറ്റവും സ്വയംപര്യാപ്തമായ രാജ്യം. ജി.പി.എസ്. സംവിധാനങ്ങളുടെ കാര്യത്തിൽ മാത്രമല്ല, അടിസ്ഥാന ഇന്റർനെറ്റ് സംവിധാനങ്ങളായ OS, മൊബൈൽ OS, സോഷ്യൽ മീഡിയ, ഇ-മെയിൽ സേവനങ്ങൾ എന്നിവയ്ക്കെല്ലാം അവർക്ക് കാര്യക്ഷമമായ സംവിധാനങ്ങൾ സ്വന്തമായി ഉണ്ട്. ചൈനീസ് ജി.പി.എസ്. സംവിധാനമായ BeiDou Navigation Satellite System (BDS) 1990-കളിൽ ആരംഭിക്കുകയും 2020-ഓടെ ആഗോള കവറേജ് നേടുകയും ചെയ്തു. ഇസ്രായേലുമായുണ്ടായ സംഘർഷത്തിൽ ഇറാൻ ഈ സംവിധാനങ്ങളാണ് സൈനികാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തിയത്. സിവിലിയൻ ആവശ്യങ്ങൾക്കും ഇറാൻ ഇപ്പോൾ ഇതിനെയാണ് ആശ്രയിക്കുന്നത്. ജി.പി.എസ്. സംവിധാനങ്ങൾ രാജ്യത്ത് പരിമിതപ്പെടുത്തുന്നതായും വാർത്തകളുണ്ട്. ഇറാൻ മാത്രമല്ല 140-ലധികം രാജ്യങ്ങൾ ഇപ്പോൾ BeiDou ഉപയോഗിക്കുന്നുണ്ട്.
Kylin Linux ചൈനയുടെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്-വെയർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കൻ നിയന്ത്രണങ്ങളെ തുടർന്ന് Android-ന് ബദലായി Huawei വികസിപ്പിച്ചെടുത്ത HarmonyOS വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. WeChat, Weibo എന്നിവ ചൈനയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ, മെസേജിംഗ്, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ്. Tencent-ന്റെ ഉടമസ്ഥതയിലുള്ള QQ Mail ചൈനയിലെ ഏറ്റവും വലിയ ഇ-മെയിൽ സേവനങ്ങളിലൊന്നാണ്. WeChat-ന്റെ ഉപയോക്തൃ അടിത്തറയുമായി സംയോജിപ്പിച്ച ഇത് മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാം.

ഇന്റർനെറ്റ് സൗകര്യങ്ങൾ തടസ്സപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങളെ ചൈന പ്രതിരോധിച്ചത് Great Firewall പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അവയുടെ പ്രവർത്തനങ്ങളെ തടയുകയും കൂടി ചെയ്തുകൊണ്ടാണ്. ഇതോടെ സ്വന്തം ഉപകരണങ്ങൾ ഉപയോഗിക്കുകയല്ലാതെ ചൈനക്കാർക്ക് മറ്റു വഴികൾ ഇല്ലാതായി. ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിലും ഇപ്പോൾ ചൈനീസ് കമ്പനികൾക്ക് മേധാവിത്വമുണ്ട്. സെമികണ്ടക്ടർ (പ്രത്യേകിച്ച് 7nm-ന് താഴെയുള്ളവ), AI ചിപ്പുകൾ തുടങ്ങിയവയുടെ കാര്യത്തിലുള്ള പോരായ്മകൾ വൈകാതെ ചൈന മറികടക്കുകയും ചെയ്യും.
2014-ലെ യുക്രെയ്ൻ പ്രതിസന്ധിയുടെ കാലം മുതലാണ് പൂർണ്ണ ഇന്റർനെറ്റ് സ്വയംപര്യാപ്തതയുടെ ആവശ്യം റഷ്യ പ്രാവർത്തികമാക്കാൻ ആരംഭിച്ചത്. അവരുടെ ജി.പി.എസ്. സംവിധാനം 80-കളിൽത്തന്നെ രൂപപ്പെട്ടു തുടങ്ങിയതാണ്. അവരുടെ GLONASS-ന് (Global Navigation Satellite System) ഇപ്പോൾ ആഗോള കവറേജുണ്ട്. RusBITech വികസിപ്പിച്ച ലിനക്സ് അധിഷ്ഠിത OS ആയ Astra Linux, റഷ്യൻ OS മാർക്കറ്റിന്റെ 76% വിഹിതം കൈകാര്യം ചെയ്യുന്നു. M OS, ALT Linux, Aurora OS എന്നിവയും വിവിധ ആവശ്യങ്ങൾക്കായി റഷ്യ ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റ് സേവനങ്ങൾക്ക് നിലവിൽ റഷ്യയിൽ നിരോധനമുണ്ട്. AltPhone റഷ്യയുടെ മൊബൈൽ സാങ്കേതിക സ്വാതന്ത്ര്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന മൊബൈൽ OS ആണ്. Aquarius Mobile OS ഉപഭോക്തൃ, സർക്കാർ, വാണിജ്യ മേഖലകൾക്കായി Android Open Source Project (AOSP) മൊബൈൽ OS വികസിപ്പിക്കുന്നു. VKontakte (VK) റഷ്യയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. Facebook-ന് സമാനമാണ് ഇത്. Odnoklassniki പ്രായമായ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാണ്. റഷ്യൻ വംശജനായ Pavel Durov സ്ഥാപിച്ച Telegram, റഷ്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. Pavel Durov-നെതിരെ പാശ്ചാത്യലോകം നടപടികളെടുത്തതും അദ്ദേഹം ചില വിട്ടുവീഴ്ചകൾ ചെയ്തതും ഓർക്കുമല്ലോ.

Read More: ടെലഗ്രാം സി.ഇ.ഒ പാവേൽ ഡ്യുറോവിൻെറ അറസ്റ്റിന് പിന്നിലെന്ത്?
Yandex Cloud, VK Cloud, SberCloud തുടങ്ങിയവ ഡാറ്റാ, ബാങ്കിംഗ്, കൊമേഴ്സ്യൽ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന റഷ്യൻ ക്ലൗഡ് സേവനദാതാക്കളാണ്. VK-ന്റെ ഉടമസ്ഥതയിലുള്ള Mail.ru റഷ്യയിലെ ഏറ്റവും വലിയ ഇ-മെയിൽ സേവനമാണ്. 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഇത് VK-ന്റെ മറ്റ് സേവനങ്ങളുമായി (സോഷ്യൽ മീഡിയ, ഗെയിമിംഗ്) ചേർത്തുവച്ചിരിക്കുന്നു. ചൈനയെ അപേക്ഷിച്ച് റഷ്യ ഇന്റർനെറ്റ് സ്വയം പര്യാപ്തതയിൽ താരതമ്യേന പിന്നിലാണ്. ഹാർഡ്‌വെയർ (സെമികണ്ടക്ടർ, ചിപ്പുകൾ) മേഖലയിൽ റഷ്യ ഇപ്പോഴും ചൈനയെയും മറ്റു രാജ്യങ്ങളെയും ആശ്രയിക്കുന്നു. മൊബൈൽ OS-ന്റെ കാര്യത്തിൽ റഷ്യൻ സംവിധാനങ്ങളുണ്ടെങ്കിലും വിപണിമേധാവിത്വം ഇപ്പോഴും ആൻഡ്രോയിഡിനു തന്നെയാണ്.
ബാങ്കിംഗ് മേഖലയാണ് ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു മേഖല. 90 ശതമാനത്തിനു മേൽ വിദേശവാണിജ്യ ഇടപാടുകളെയും നിയന്ത്രിക്കുന്നത് SWIFT എന്ന സംവിധാനമാണ്. ലോകമെമ്പാടുമുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തമ്മിൽ സുരക്ഷിതമായി വിവരങ്ങളും പണമിടപാട് നിർദ്ദേശങ്ങളും കൈമാറാൻ ഉപയോഗിക്കുന്ന ഒരു ആഗോള മെസേജിംഗ് ശൃംഖലയാണ് SWIFT (Society for Worldwide Interbank Financial Telecommunication). ബെൽജിയത്തിലെ ലാ ഹൾപ്പിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായാണ് SWIFT പ്രവർത്തിക്കുന്നത്. 11,500-ലധികം സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയും പ്രതിദിനം 44 ദശലക്ഷം സന്ദേശങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. SWIFT പണം നേരിട്ട് കൈമാറുന്നില്ല, മറിച്ച് പേയ്‌മെന്റ് നിർദ്ദേശങ്ങൾ സുരക്ഷിതമായി അയയ്ക്കാൻ ബാങ്കുകളെ സഹായിക്കുന്നു. അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയുടെ 90 ശതമാനവും ഇതുവഴിയാണ് കൈകാര്യം ചെയ്യപ്പെടുന്നത്.
അംഗബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും കൂട്ടായ്മ, ഉടമസ്ഥത എന്നിവയുണ്ടെങ്കിലും SWIFT-നു മേൽ അമേരിക്കയ്ക്ക് നിർണായക നിയന്ത്രണമുള്ളതായാണ് അനുഭവം. അമേരിക്ക ഏതെങ്കിലും രാജ്യത്തിനുമേൽ ഉപരോധം ഏർപ്പെടുത്തിയാൽ ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഭൂരിഭാഗം അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങളും അതോടെ നിശ്ചലമാകുന്ന അവസ്ഥയുണ്ട്. ഇറാൻ, സിറിയ എന്നിവ പൂർണമായ ഉപരോധം നേരിട്ടപ്പോൾ അവരുടെ വിദേശവാണിജ്യശേഷ്യ ഗണ്യമായി പരിമിതപ്പെട്ടു. ഉക്രൈൻ യുദ്ധത്തോടെ റഷ്യയ്ക്കുമേലും ഇത്തരം നിന്ത്രണങ്ങൾ വന്നതോടെ അവർ ബദൽ സംവിധാനങ്ങൾ ആലോചിക്കാൻ തുടങ്ങി. അതിന്റെ തുടർച്ചയായാണ് BRICS കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ. (സിറിയയ്ക്കു മേൽ ഉപരോധം വന്നപ്പോൾ നമ്മുടെ കാത്തലിക് സിറിയൻ ബാങ്കിനും ബുദ്ധിമുട്ടു വന്നിരുന്നു. ബാങ്കിന്റെ പേര് സി.എസ്.ബി. ബാങ്ക് ലിമിറ്റഡ് (CSB Bank Ltd.) എന്നു മാറ്റിയാണ് അവർ പ്രശ്നം പരിഹരിച്ചത്.)

2022-ൽ ഉക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഏഴ് പ്രധാന റഷ്യൻ ബാങ്കുകൾ (VTB, Bank Otkritie, Novikombank, Promsvyazbank, Bank Rossiya, Sovcombank, VEB) SWIFT-ൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതിന്റെ ഫലമായി റഷ്യ 2014-ൽ ആരംഭിച്ച SPFS (System for Transfer of Financial Messages) വിപുലീകരിച്ചു. 2022-ൽ SPFS 550-ലധികം സ്ഥാപനങ്ങളുമായി 24 രാജ്യങ്ങളിൽ ബന്ധപ്പെട്ടു. റഷ്യ ചൈനയുടെ CIPS സംവിധാനവുമായും സഹകരിച്ചു വരുന്നു. ഇറാൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയും SWIFT-സംവിധാനത്തിൽനിന്നു പുറത്തുവന്നാൽ ഒരു യുദ്ധോപകരണം എന്ന നിലയിൽ അമേരിക്കയ്ക്ക് SWIFT-നെ ഉപയോഗിക്കാനുള്ള ശേഷി പരിമിതപ്പെടും.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന നയാര എനർജി (Nayara Energy) കമ്പനിക്ക് 2025 ജൂലൈ 8-ന് യൂറോപ്യൻ യൂണിയൻ (EU) ഉപരോധങ്ങൾ ഏർപ്പെടുത്തിയത് ഈ സന്ദർഭത്തിൽ ആലോചിക്കാവുന്നതാണ്. റഷ്യൻ ഓയിൽ ഭീമനായ റോസ്നെഫ്റ്റിന്റെ (Rosneft) 49.13% ഉടമസ്ഥത നയാരയ്ക്കുണ്ട് എന്നതും Rosneft റഷ്യയുടെ ഉക്രൈൻ യുദ്ധത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു എന്നും ആരോപിച്ചാണ് 18-ാം സാൻക്ഷൻ പാക്കേജിലൂടെ യൂറോപ്യൻ യൂണിയൻ നയാരയെ ടാർഗറ്റ് ചെയ്തത്.
ഉപരോധം കാരണം നയാര എനർജിക്ക് അവരുടെ എണ്ണ ഉത്പന്നങ്ങൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ കഴിഞ്ഞില്ല. ഉപരോധം ഭയന്ന് ഷിപ്പിംഗ് കമ്പനികളും ഇൻഷുറൻസ് ഏജൻസികളും നയാരയുമായി സഹകരിക്കുന്നതിൽനിന്ന് പിൻമാറി. ഇത് അവരുടെ ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും തടസ്സമുണ്ടാക്കി. യൂറോപ്യൻ രാജ്യങ്ങളുമായും യു.എസുമായും വ്യാപാരബന്ധമുള്ള ബാങ്കുകൾ നയാരയുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പോലും നയാരയുമായുള്ള അന്താരാഷ്ട്ര ഇടപാടുകൾ നിർത്തിവെച്ചു. മൈക്രോസോഫ്റ്റ് തങ്ങളുടെ സേവനങ്ങൾ നയാര എനർജിക്ക് നിഷേധിച്ചത് കമ്പനിയുടെ ഡിജിറ്റൽ പ്രവർത്തനങ്ങളെ ബാധിച്ചത് പൊതുവെ വലിയ ഞെട്ടലുണ്ടാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ മാർക്കറ്റുകൾ തേടിയും കയറ്റുമതിക്ക് മറ്റു വഴികൾ തേടിയും നിയമനടപടികൾ സ്വീകരിച്ചും ഇന്ത്യക്കകത്തുമാത്രം പ്രവർത്തിക്കുന്ന ബാങ്കുകളുടെ സഹായത്തോടെയുമൊക്കെയാണ് നയാര പിടിച്ചു നിന്നത്.

രാജ്യങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെടുമ്പോഴും സ്വതന്ത്രമായി നിൽക്കേണ്ട ചില ആഗോളസംവിധാനങ്ങൾ മാനവരാശിയുടെ മൊത്തം ആവശ്യമാണ്. നാവിഗേഷൻ സംവിധാനങ്ങളാണ് പ്രധാനം. വിമാനങ്ങളുടെയും കപ്പലുകളുടെയും നാവിഗേഷൻ തടസ്സപ്പെടുത്തിയാൽ ഏതെങ്കിലും ചില രാജ്യങ്ങൾ മാത്രമല്ല, ലോകം മുഴുവൻ സ്തംഭിക്കും. സാങ്കേതികവിദ്യയ്ക്കുമേൽ ചില രാജ്യങ്ങൾക്ക് കുത്തകയുണ്ടെങ്കിലും ലോകം മുഴുവൻ അത് പ്രയോജനപ്പെടുത്തുന്നത് ജെറ്റ് എഞ്ചിനുകളുടെയും മൈക്രോ ചിപ്പുകളുടെയും ഉദാഹരണത്തിൽ കാണാൻ സാധിക്കും. നിലവിൽ മൂന്നോ നാലോ രാജ്യങ്ങൾക്കു മാത്രമേ ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വശമുള്ളൂ. മൈക്രോ ചിപ്പുകളുടെ കാര്യത്തിൽ 7nM-ഓ അതിനു താഴെയോ ഉള്ള ചിപ്പുകൾ ഉണ്ടാക്കാൻ വളരെ ചുരുങ്ങിയ രാജ്യങ്ങൾക്കും കമ്പനികൾക്കും മാത്രമേ ശേഷിയുള്ളൂ. ഇതിന്റെയെല്ലാം പ്രയോജനം പക്ഷേ ലോകം മുഴുവനുമുള്ള മനുഷ്യർക്കാണെന്നതിൽ സംശയമില്ല.
കമ്പ്യൂട്ടറുകളുടെ OS-കൾ, മൊബൈൽ OS-കൾ, സോഷ്യൽ മീഡിയ, ജിപിഎസ്, ക്ലൗഡ് സംവിധാനങ്ങൾ, മെയിലിംഗ്, ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവയുടെ കാര്യത്തിലും തീർത്തും സ്വതന്ത്രമായ സംവിധാനങ്ങൾ ഉണ്ടാകണം. ഇക്കാര്യത്തിൽ വിരലിലെണ്ണാവുന്ന ചില രാജ്യങ്ങൾക്കുള്ള കുത്തക നിർണായകഘട്ടങ്ങളിൽ അവയെ പരിമിതപ്പെടുത്തുന്നതിൽ കലാശിക്കുന്നു. ഇത് ഗ്ലോബലൈസേഷൻ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുന്നു. VISA, MASTER CARD പോലുള്ളവയുടെ സേവനങ്ങൾ കൂടിയാണ് വിപുലമായ ദേശാന്തരയാത്രകൾക്ക് മനുഷ്യനെ സഹായിച്ചത്.
1980-കൾക്കു ശേഷം ഇന്റർനെറ്റ് അധിഷ്ഠിതമായ കൃത്യമായ മേൽക്കൈ അമേരിക്കയ്ക്ക് ഉണ്ടായിരുന്നു. SWIFT 1973-ൽ നിലവിൽ വന്നുവെങ്കിലും ഇന്റർനെറ്റ് അധിഷ്ഠിത വിവരവിമനിമയവും ക്ലൗഡ് സംവിധാനവുമൊക്കെയായി അത് വികസിച്ചു. ഇവയെ സൈനികമായി ഉപയോഗിക്കാൻ തുടങ്ങിയത് അവർക്കു തന്നെ തിരിച്ചടിയായി. പ്രധാന എതിരാളികൾ വളരെ പെട്ടെന്ന് ബദൽ സംവിധാനങ്ങളുണ്ടാക്കി. ഇതിൽ SWIFT ചുരുങ്ങിപ്പോകുന്നത് ഡീഡോളറൈസേഷന് കാരണമാകും. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഓരോ കച്ചവടവും അമേരിക്കയിലേക്ക് പണമെത്തിക്കുന്ന സംവിധാനം കൂടിയാണ്. SWIFT നേരിട്ട് പണമിടപാട് നടത്തുന്നില്ലെങ്കിലും ഡോളറാണ് ആഗോളവിപണന നാണയം. ഇത് പ്രത്യക്ഷമായും പരോക്ഷമായും അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുണ്ട്. ഇനിയുള്ള അമേരിക്കൻ യുദ്ധങ്ങൾ അവരുടെതന്നെ പിടിപ്പുകേടുകൾകൊണ്ട് കൈവിട്ടുപോയ നിയന്ത്രണാധികാരം തിരിച്ചുപിടിക്കാനുള്ളതാകും. ഇന്ത്യയ്ക്കുമേൽ ഇപ്പോൾ ഏർപ്പെടുത്തിയ താരിഫ് പോലും അതിന്റെ ഭാഗമാണ്.
