അഭ്യൂഹങ്ങളുടെ വല നെയ്യുന്ന ‘ഇസ്രായേൽപക്ഷ വിമർശനം’

‘‘നുണകൾ അനാവരണം ചെയ്യുന്ന സത്യാന്വേഷികളോടുള്ള അസ്വസ്ഥനായ ഒരു ആത്മാവിന്റെ വിറയൽ തിരിച്ചറിയാൻ ലേഖനത്തിലൂടെ ഒരു ഒറ്റനോട്ടം മതിയാകും.’’ അർജുൻ എഴുതിയ "ട്രൂകോപ്പിതിങ്കിന്റെ പലസ്തീൻ പക്ഷ നിലപാടിനോട് ഇസ്രായേൽ പക്ഷത്തുനിന്നൊരു വിമർശനം" എന്ന പ്രതികരണത്തിന് ഒരു വിമർശനം.

ട്രൂകോപ്പിതിങ്കിൽ അർജുൻ എഴുതിയ "ട്രൂകോപ്പിതിങ്കിന്റെ പലസ്തീൻ പക്ഷ നിലപാടിനോട് ഇസ്രായേൽ പക്ഷത്തുനിന്നൊരു വിമർശനം" എന്ന, കാപട്യം നിറഞ്ഞ ലേഖനത്തോടുള്ള പ്രതികരണമായി, നൈതികരചനയിൽ അത് തുടരുന്ന കടുത്ത അനീതിക്കെതിരെ സംസാരിക്കാൻ ഞാൻ നിർബന്ധിതയാകുകയാണ്. മാന്യമായ ഉപചാരം കാണിക്കാൻ ഞാൻ മടിക്കുന്ന ഈ ലേഖനം, ധാർമിക വിജ്ഞാന ഉൽപ്പാദനത്തിന്റെ സത്തയെ വളച്ചൊടിക്കുകയും, തെറ്റായ ചിത്രീകരണത്തിന്റെയും അർത്ഥശൂന്യമായ അഭ്യൂഹങ്ങളുടെയും വലകൾ നെയ്യുകയാണ് ചെയ്യുന്നത്.

ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ, അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ആഗോള ശക്തികളുടെ പിന്തുണയുള്ള ഇസ്രായേൽ സേന കൊലപ്പെടുത്തിയ 7,028 വ്യക്തികളുടെ (അതിൽ 50 ശതമാനത്തിലധികം കുട്ടികളാണ്) പേരുകൾ വിവരിക്കുന്ന ഹൃദയഭേദകമായ 212 പേജുള്ള ഒരു രേഖ പലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ദൗർഭാഗ്യകരമെന്നു പറയട്ടെ, 2018-ൽ സ്ഥാപിതമായ പലസ്തീനിലെ അഹിംസാ സമര പ്രസ്ഥാനമായ ‘The Great March of Return’ എന്ന പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായ, അഭിവന്ദ്യനായ സമാധാന പ്രവർത്തകൻ അഹമ്മദ് അബു ആർട്ടെമയുടെ അഞ്ച് കുടുംബാംഗങ്ങളെ ഇസ്രായേൽ സേന നിഷ്കരുണം കൊലപ്പെടുത്തിയതിന്റെ വിനാശകരമായ വാർത്തയുമായി ഈ വെളിപ്പെടുത്തൽ ഏകീഭവിക്കുന്നോടൊപ്പം ഗാസയിൽ പൂർണമായ വിച്ഛേദനം നടന്നു.

സാൻസിബാർ വിപ്ലവം, ഇറാഖിലെ കുർദുകൾ, അർമേനിയൻ നിഷ്ക്കാസനം, അജ്മൽ കസബ്, ഗാന്ധി അല്ലെങ്കിൽ ഗോഡ്സെ എന്നിവ പരാമർശിച്ച് അർജുൻ വരച്ച അടിസ്ഥാനരഹിതമായ ഉപമകളുമായി ഇടപഴകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വായനക്കാരെ കബളിപ്പിക്കാനും ബൗദ്ധിക ആധിപത്യം സ്ഥാപിക്കാനും വ്യതിചലിപ്പിക്കുന്ന പദാവലികൾ രചയിതാവ് ഉപയോഗിക്കുന്നത് തിരിച്ചറിയാൻ എനിക്ക് മിതമായ രാഷ്ട്രീയ ബോധമുണ്ട്. പലസ്തീനിന് ഇപ്പോൾ ലഭിക്കുന്ന എല്ലാ പിന്തുണയും തള്ളിക്കളയാനുള്ള ശ്രമത്തിൽ മുഖ്യധാരാ ഇടതുപക്ഷത്തെ വിഭാഗീയ രീതിയിൽ ലേഖകൻ നടിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളെ പ്രതിരോധിക്കുകയല്ല എന്റെ ഉദ്ദേശ്യം. പകരം, തങ്ങളുടെ പോരാട്ടം കുറയാൻ അനുവദിക്കാതെ, നഷ്ടപ്പെട്ട പലസ്തീനിന്റെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടുന്നവരെ ബഹുമാനിക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നുണകൾ അനാവരണം ചെയ്യുന്ന സത്യാന്വേഷികളോടുള്ള അസ്വസ്ഥനായ ഒരു ആത്മാവിന്റെ വിറയൽ തിരിച്ചറിയാൻ ലേഖനത്തിലൂടെ ഒരു ഒറ്റനോട്ടം മതിയാകും. 2023-ൽ യഹൂദരുടെ മാതൃരാജ്യത്തിനുള്ള അവകാശത്തെ ന്യായീകരിക്കാനുള്ള രചയിതാവിന്റെ ദുർബലമായ ശ്രമത്തിന് കഴമ്പില്ല. ഇസ്രയേലിനോ പലസ്തീലിനോ വേണ്ടി ഒരു രാഷ്ട്രീയ പരിഹാരവും നിർദേശിക്കുന്നില്ല. ഈ അവകാശവാദത്തെ സാധൂകരിക്കാൻ ഇസ്രായേലിൽ നിന്നുള്ള ഒരു ചരിത്രകാരനെ പോലും രചയിതാവ് പരാമർശിച്ചിട്ടുമില്ല. മോഷ്ടിച്ച ഭൂമിയിലാണ് ഇസ്രായേൽ നിർമിച്ചതെന്ന വസ്തുത അറിവില്ലായ്‍മമൂലം ആണോ അതോ പൂർണമായ അറിവോടെ ആണോ ലേഖനം എഴുതിയത് എന്നറിയില്ല. അതുകൊണ്ടാണ് ഞാൻ ലേഖനത്തെ കാപട്യം എന്ന് വിശേഷിപ്പിച്ചത്.

2018-ലെ ഗ്രാറ്റ് മാര്‍ച്ച് ഓഫ് റീട്ടേണില്‍ നിന്ന് / Photo: middleeastmonitor.com

മോഷണത്തിന്റെ പ്രതിധ്വനികൾ സയണിസത്തിന്റെ പിതാവായി ലോകം കണക്കാക്കുന്ന തിയോഡോർ ഹെർസലിന്റെ വാക്കുകളിൽ കേൾക്കാം. പണമില്ലാത്തവരിൽനിന്ന് വിവേകപൂർവ്വം ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രം ഇങ്ങനെയാണ് അദ്ദേഹം വിശദീകരിക്കുന്നത്: “We must expropriate gently the private property on the estates assigned to us. We shall try to spirit the penniless population across the border by procuring employment for it in the transit countries, while denying it employment in our own country. The property owners will come over to our side. Both the process of expropriation and the removal of the poor must be carried out discreetly and circumspectly.”

തിയോഡോർ ഹെർസല്‍


1917-ലെ ബാൽഫോർ പ്രഖ്യാപനത്തിൽ സയണിസത്തിന്റെ പദ്ധതിക്ക് സംശയാസ്പദമായ നിയമസാധുത കണ്ടെത്തുകയും, അത് ‘നഖ്ബ’ എന്ന ദുരന്തത്തിന് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഇതിനെക്കുറിച്ച് റാഷിദ് ഖാലിദി തന്റെ “The Hundred Years’ War on Palestine” എന്ന പുസ്തകത്തിൽ വിശദമായി എഴുതുന്നുണ്ട്. ജൂൺ യുദ്ധം എന്നറിയപ്പെടുന്ന ആറ് ദിവസത്തെ യുദ്ധം, 1982-ലെ ലെബനോനിലെ ഇസ്രായേൽ അധിനിവേശം, ഒന്നാം ഇൻതിഫാദയിലേക്കും ഹമാസിന്റെ രൂപീകരണത്തിലേക്കും നയിച്ച സംഭവങ്ങൾ, രണ്ടാം ഇൻതിഫാദ എന്നിവയും ഖാലിദി രേഖപ്പെടുത്തുന്നുണ്ട്.

ഇലാൻ പാപ്പെ, നോം ചോംസ്കി, ആന്റണി ലോവെൻസ്റ്റൈൻ തുടങ്ങിയ എഴുത്തുകാർ ഹമാസിനെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും മഹ്മൂദ് മംദാനിയുടെ നിരീക്ഷണം പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് ഞാൻ കരുതുന്നു. ഒന്നാം ഇൻതിഫാദയുടെ കാലത്ത് സി ഐ എയുമായി ചേർന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസ്സാദ് ഹമാസിന്റെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം ചെയ്തതായും, രണ്ടാം ഇൻതിഫാദയോടെ ഹമാസിന്റെ വ്യാപനത്തിനായി പ്രവർത്തിച്ചതായും, മംദാനി തന്റെ “Good Muslim, Bad Muslim” എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഈ ചെയ്തികൾ ഇസ്രയേലിന് രണ്ടു മുഖ്യ കാര്യങ്ങൾ സ്ഥാപിക്കാൻ സഹായകരമായി. ഒന്ന്, പി എ ൽഒയെ ദുർബലപ്പെടുത്തുക. രണ്ടാമത്തേത്, ഹമാസ് ഒരു ‘മോശം’ ‘തീവ്രവാദ’ സംഘടനയാന്നെന്നും അവരുടെ പോരാട്ടം ഒരു ഇസ്‍ലാമിക സ്റ്റേറ്റിനുവേണ്ടിയാണ് എന്നും സ്ഥിരീകരിക്കുക. ഇതോടെ ഇസ്രായേൽ-പലസ്തീൻ എന്ന ദ്വന്ദ്വത്തിൽ നിന്ന് യഹൂദ- മുസ്‍ലിം എന്ന ദ്വന്ദ്വത്തിലേക്ക് കഥാരൂപം മാറും. യഹൂദരുടെ മാതൃരാജ്യത്തിനുള്ള അവകാശത്തെ ന്യായീകരിക്കാനുള്ള ആഖ്യാനം സൃഷ്ടിക്കാൻ ഇത് സഹായിക്കും.

ഐ.എസ്.ഐ.എസ്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഹമാസിന്റെ സവിശേഷതകളെക്കുറിച്ച് ഞാൻ ഇവിടെ എഴുതുന്നില്ല, കാരണം സ്റ്റാൻലി ജോണി ട്രൂകോപ്പി തിങ്കിന് നൽകിയ "ഇസ്രായേൽ ജനത റൈറ്റ് വിങ് സ്പെക്ട്രത്തിലേക്ക് മാറിയിരിക്കുന്നു, അതൊരു ട്രാജഡിയാണ്" എന്ന അഭിമുഖത്തിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ആഗോള രാജ്യങ്ങളുടെ പിന്തുണയുള്ള ശക്തമായ ഇസ്രായേലി രാഷ്ട്രത്തിനും പലസ്തീനിലെ അശക്തരായ സാധാരണജനങ്ങൾക്കും ഇടയിലുള്ള ഒരേയൊരു “ബഫർ” ഇന്ന് ഹമാസ് ആണ് എന്ന് ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഹമാസിനെ വെറുമൊരു “ബഫർ” എന്ന നിലയിൽ ഉപേക്ഷിക്കുന്നത് എന്റെ ഭാഗത്തുനിന്നുള്ള ചരിത്രപരമായ അപരാധമായിരിക്കും. കോളനിവത്കരിക്കപ്പെട്ടവരുടെ ഓരോ ജീവിതവും ദുഃഖകരമാണ്. അതുപോലെതന്നെയാണ് ഹമാസിന്റെ കാര്യവും.

സ്റ്റാൻലി ജോണി

പലസ്തീനിൽ അഹിംസയിലധിഷ്ഠിതമായ ഒരു പോരാട്ടരൂപത്തിന് സാംഗത്യമില്ലാത്തതിനാലും ദ്വിരാഷ്ട്ര പരിഹാരത്തോടെ തങ്ങളുടെ അധിനിവേശക്കാരിൽനിന്ന് സ്വാതന്ത്ര്യത്തിനായി പലസ്തീനികൾ പോരാടുന്നതിനാലും സ്റ്റാൻലി ജോണി സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയ പരിഹാരങ്ങളുടെ ചോദ്യങ്ങൾക്ക് തീർച്ചയായും സാധുതയുള്ളതാണ്. മഹ്മൂദ് മംദാനി തന്റെ "Neither Settler Not Native" പുസ്തകത്തിലെ "The Israel / Palestine Question" എന്ന അധ്യായത്തിൽ സമാനമായ നിരീക്ഷണങ്ങളെ കുറിച്ച എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, രാജ്യവും രാഷ്ട്രവും (ജൂദായസെഷൻ / സയണിസവും) പരസ്പരം സന്നിവേശിക്കുകയും ഇസ്രായേലിനെപ്പോലുള്ള ഒരു മതാധിഷ്ഠിതമായ രാഷ്ട്രത്തിന് ദ്വിരാഷ്ട്ര സിദ്ധാന്തം ഒരു രാഷ്ട്രീയ പരിഹാരമായി ഉണ്ടായിരിക്കാൻ കഴിയില്ല എന്നതാണ്. പകരം “the alternative is a radical dislocation between nation and state, culture and politics” എന്നായിട്ടാണ് അദ്ദേഹം ഇസ്രായേൽ-പലസ്തീൻ ചോദ്യത്തിനെ കാണുന്നത്. അദ്ദേഹത്തെ സംബന്ധിച്ച്, സയണിസത്തിന്റെ പരിഷ്കരണത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു ജനാധിപത്യ സംവിധാനത്തിന്റെ സൃഷ്ടി, യഹൂദമതത്തിന്റെ ഉള്ളിൽ നിന്നു വരേണ്ട ഒരു നീക്കമാണ്: “it is not the oppressed who seek political change but also the beneficiaries of oppression.” എന്നാൽ 2023 ഒക്ടോബർ 28-ന് ഗാസയിലെ സമ്പൂർണ വിച്ഛേദനവും, കരഅധിനിവേശവും, നാല് മണിക്കൂർ നീണ്ട വ്യോമാക്രമണവും നടന്നതിനുശേഷം ജനാധിപത്യം എന്ന വാക്കിന് എന്തർത്ഥമാണുള്ളത് എന്ന് ഞാൻ ചിന്തിക്കുന്നു. ഒരുപക്ഷേ, പലസ്തീനിന്റെ ചിതാഭസ്മത്തിൽനിന്നായിരിക്കാം ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടുക.

ഗസയ്ക്കുമേലുള്ള ഇസ്രയേല്‍ ആക്രമണം / Photo: Times of Gaza

2023 ഒക്ടോബർ 7 മുതലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, എനിക്ക് സ്റ്റാൻലി ജോണിയുമായി വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ അപഗ്രഥനം സൂചിപ്പിക്കുന്നതുപോലെ, ലോകത്തിലെ ഏറ്റവും നൂതനമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടും IDF പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ അമേരിക്കയും ഇസ്രായേലും തങ്ങളുടെ രാജ്യങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മനസ്സിൽ വെച്ചാണ് ഈ അപ്രതീക്ഷിത ‘ആക്രമണം’ സംഘടിപ്പിച്ചതെങ്കിൽ, നമ്മുടെ സമഷ്‌ടിഭാവനയുടെ ഇരുണ്ട കോണുകളെ മറികടക്കുന്ന ഭീകരതയാണ് ഇത് വെളിപ്പെടുത്തുന്നത്.

ഇസ്രയേലി രഹസ്യാന്വേഷണത്തിന്റെയും സൈനിക സാങ്കേതിക വിദ്യകളുടെയും പ്രധാന ഉപഭോക്താവായ ഇന്ത്യ, ഒരു പ്രത്യേക തലത്തിലാണ് നിൽക്കുന്നത്. 2024-ൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ജാതിസെൻസസ് എന്ന ചോദ്യത്തിനെതിരായ “കമണ്ഡൽ” ദൈവിക ഇടപെടൽ കൊണ്ട് പലസ്തീനിലെ സംക്ഷോഭം ഇന്ത്യക്ക് സൗകര്യപ്രദമായി കണ്ടെത്തിയതാണെന് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. അർജുനെപ്പോലുള്ളവരുടെ രചനകൾ മോദിയുടെ കീഴിലുള്ള ഇന്ത്യയും നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രായേലും പരസ്പരം പങ്കിടുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ ലക്ഷണം മാത്രമാണ്, അവിടെ അവർ ഓരോരുത്തരും ഇരകളായി അവർ സ്വയം കാണുകയാണ് ചെയ്യുന്നത്. പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് കഴിഞ്ഞ ഒരു ദശാബ്ദമായി ആർ എസ് എസ് നന്നായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇരവാദം, 2023 ഒക്ടോബർ 7 മുതൽ തീവ്രമാകുകയാണ്.

ബെഞ്ചമിന്‍ നെതെന്യാഹു, നരേന്ദ്ര മോദി / Photo:Israel Ministry of Foreign Affairs

ഉപസംഹാരമായി, പുസ്തകങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ പര്യവേക്ഷണങ്ങളും ലേഖനാചാതുര്യവും തുടരണമെന്ന് ഞാൻ അർജുനനോട് അഭ്യർത്ഥിക്കുന്നു. ഈ ഓർവെലിയൻ ഡിസ്റ്റോപ്പിയയിൽ, സെൻസർഷിപ്പ് അതിന്റെ പിടിമുറുകുമ്പോൾ, സ്വന്തം അടിച്ചമർത്തലിൽ പങ്കാളികളാകാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നത് അചിന്തനീയ അപരാധമാണെന്ന് എനിക്കു തോന്നുന്നു. എന്നിരുന്നാലും, അദ്ദേഹം തന്റെ ഗവേഷണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, പ്രത്യേകിച്ച് വിശാലമായ പ്രേക്ഷകരെ അഭിസംബോധന ചെയ്യുമ്പോൾ, ധാർമികതയുടെ ഒരു അല്‍പാംശമെങ്കിലും സ്വീകരിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു; ട്രൂകോപ്പി തിങ്കിന്റെ എഡിറ്റോറിയലിനും ഇതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്.

വംശഹത്യയുടെ കാലത്തിനിടയിൽ, നമ്മുടെ ദൃഷ്ടി വിഹായസ്സിൽ അനായാസം പറക്കുന്ന പരുന്തുകളിലേക്ക് പായിക്കാൻ മറക്കരുത്, കാരണം, പലസ്തീൻ എഴുത്തുകാരൻ ഗസ്സാൻ കനാഫാനി പറയുന്നത് പോലെ; പരുന്ത് എന്നും ഉയരത്തിലേ പറക്കുകയുള്ളൂ.

References:
1.Kourdi, Eyad. Alkhshal, Hamdi. Karadsheh, Jomana. Picheta, Rob. “Palestinian officials publish names of thousands killed in Gaza, after Biden expresses doubt about death toll”. Published on October 27, 2023. https://edition.cnn.com/2023/10/27/middleeast/gaza-death-toll-report-intl/index.html

2.Middle East Monitor. “Israel targets family home of poet Ahmed Abu Artema, killing his young son”. Published on 27 October 2023. https://www.middleeastmonitor.com/20231027-israel-targets-family-home-of-poet-ahmed-abu-artema-killing-his-young-son/

3.United Nations. “The Question Of Palestine”. https://www.un.org/unispal/history2/origins-and-evolution-of-the-palestine-problem/part-i-1917-1947/

4.Khalidi, Rashid. “The Hundred Years' War on Palestine : A History of Settler Colonialism and Resistance, 1917–2017”. Macmillan Publishers. 2020.

5.Chomsky, Noam. Ilan Pappé. “Gaza in Crisis: Reflections on Israel's War against the Palestinians”. Hay market Books. 2010.

6.Mamdani, Mahmood. The Israel / Palestine Question. “Neither Native Nor Settler: The Making and Unmaking of Permanent Minorities”. Belknap Press. 2020.

7.Mamdani, Mahmood. “Good Muslim, Bad Muslim: America, the Cold War, and the Roots of Terror”. Pantheon Books. 2004.

8.Kanafani, Ghassan. The Falcon. “Men in the Sun and Other Palestinian Stories”. Lynne Rienner Publications. 1998.

Comments