ട്രൂകോപ്പിതിങ്കിന്റെ പലസ്തീൻ പക്ഷ നിലപാടിനോട് ഇസ്രായേൽ പക്ഷത്തുനിന്നൊരു വിമർശനം

‘‘ഇടതുപക്ഷം ഇസ്രായേലിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ പുനഃപരിശോധിക്കണം. ഇരുപതാം നൂറ്റാണ്ടിലെ ശീതയുദ്ധത്തിന്റെയും ജൂതവിരുദ്ധതയുടെയും അറബ് ദേശീയതയുടെയും ഉത്പന്നമായ കഥകളാണ് ഇന്നും നമ്മൾ ഇസ്രായേലിനെ കുറിച്ച് പറയുന്നത്. അവ പൊതുവെ തെറ്റായ കഥകളാണ്. ജൂതരോട് ആഗോള ഇടതുപക്ഷം ചെയ്ത വഞ്ചനയിൽ ഇനിയെങ്കിലും മലയാളി ഇടതുപക്ഷം പങ്കാളികളാകാതിരിക്കണം.’’ ഇസ്രായേൽ- പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 148-ൽ വന്ന ലേഖനങ്ങളിലെയും അഭിമുഖങ്ങളിലെയും നിലപാടുകളെ വിമർശിച്ച് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായ അർജുൻ എഴുതുന്നു.

അർജുൻ

ഖാവ് എം. സ്വരാജ് നായർ വിഭാഗത്തിൽ പെട്ടയാളാണ് എന്നാണ് അറിവ്. 2021 തിരഞ്ഞെടുപ്പിൽ തനിക്കെതിരെ യു.ഡി.എഫിന്റെ ഈഴവ സ്ഥാനാർഥിയാണ് ജയിച്ചത് എന്നുമാണ് അറിവ്. അന്ന് സ. സ്വരാജ് ഉന്നയിച്ച ആരോപണം യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ നീക്കുപോക്ക് ഉണ്ടായെന്നും അതിനാലാണ് താൻ തോറ്റതെന്നുമാണ് ഓർമ. ഈ സന്ദർഭത്തിൽ ജയിച്ചയാളുടെ ജാതിയോ, അതിൽ അടിസ്ഥിതമായ ചരിത്രനീതിയോ സ. സ്വരാജിന് ഒരു പ്രശ്നം ആയിരുന്നില്ല. ഇതേ സ്വരാജ് ആണ് ജയമോഹന്റെ 'നൂറ് സിംഹാസനങ്ങൾ' എന്ന നോവലിനെ ഉദ്ധരിച്ച്, ഹമാസിന്റെ ഇസ്രായേലിലെ ആക്രമണത്തെ ന്യായീകരിക്കാൻ, ഒരു നായാടി കൊലപാതകം തന്നെ ചെയ്താലും നീതി ആ നായാടിയുടെ ഭാഗത്താണ് എന്നു പറഞ്ഞത്.

വ്യക്തികളുടെ ജാതിയെ കുറിച്ച് ഇത്രയും തുറന്ന സംവാദങ്ങൾ കേരളം പൊതുമണ്ഡലത്തിൽ അസ്വീകാര്യമാണെന്ന് അറിയാം. വായനക്കാർ ക്ഷമിക്കുക. ജാതി ഉന്നയിച്ചത് സ്വരാജ് തന്നെയാണ് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു. നായാടി എന്നത് ഒരു നോവലിലെ കെട്ടുകഥ മാത്രമല്ല. അതൊരു യഥാർത്ഥ സമുദായം കൂടി ആണ്; ജാതിസമൂഹം അടിച്ചമർത്തിയവരാണ്. അവരെ കുറിച്ച് സാങ്കല്പികമായി സ്വരാജ് എഴുതിയത് യഥാർത്ഥത്തിൽ സംഭവിച്ചാൽ സ്വരാജ് എന്ത് നിലപാടെടുക്കും? ആ നായാടിയെ കോടതിയിൽ ശിക്ഷിക്കാൻ ആയിരിക്കും സ്വരാജിന് താല്പര്യം എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കുറഞ്ഞപക്ഷം, സ്വരാജിന്റെ പാർട്ടിക്ക് അതായിരിക്കും താല്പര്യം എന്ന് കരുതുന്നു.

എം. സ്വരാജ് / Photo: wikipedia

പ്രതികാരത്തിന്റെ അനന്തത

ജർമൻ തത്വചിന്തകനായ ഇമ്മാനുവൽ കാൺട്ട് (Immanuel Kant) തന്റെ ധാർമിക നിയമങ്ങളിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം ഇങ്ങനെയാണ്: ഒരു പ്രവർത്തി ചെയ്യുമ്പോൾ അതിലെ തത്വം, എല്ലാ യുക്തിസഹമായ ഉണ്മകളുടെയും നിയമമായി മാറേണ്ടതാണ് എന്ന ബോധത്തോടെ പെരുമാറണം. അത്തരമൊരു പ്രാപഞ്ചികതലത്തിൽ ആ തത്വം നിലനിൽക്കുന്നു എന്ന് തോന്നുന്നെങ്കിൽ മാത്രമാണ് ആ തത്വം ശരിയാണെന്ന് പറയാൻ കഴിയുക.

സ്വരാജ് പറഞ്ഞതും, അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നതും, ട്രൂകോപ്പി തിങ്കിന്റെ 148-ാം പാക്കറ്റിൽ വന്ന ലേഖനങ്ങളിലും എല്ലാം ഒളിഞ്ഞിരിക്കുന്ന തത്വത്തെ നമുക്ക് "പ്രതികാരത്തിന്റെ അനന്തത" (principle of infinite retribution) എന്നുവിളിക്കാം. ഇവർ എല്ലാവരും വ്യക്തമായി പറയുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നത് ഒരു മർദ്ദിത ജനവിഭാഗത്തിന്റെ പ്രതികാരനീതിക്ക് അതിരില്ലെന്നാണ്. ആ അർത്ഥത്തിൽ പലസ്തീൻകാരുടെ തീവ്രവാദ സംഘടനയായ ഹമാസ് ചെയ്തതിനെ വിമർശിക്കാനാകില്ല എന്നുമാണ്. ഈ തത്വം പ്രാപഞ്ചികമാക്കാൻ സാധിക്കുമോ? കേരളത്തിൽ തന്നെ താരതമ്യപ്പെടുത്താവുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഏകദേശം 15 വർഷങ്ങൾക്കുമുമ്പുനടന്ന രണ്ട് സംഭവങ്ങൾ നോക്കാം.
23 സെപ്റ്റംബർ 2009. പകൽ, നടക്കാനിറങ്ങിയ ശിവപ്രസാദ് എന്ന മേൽജാതിയിൽ പെട്ടയാളെ ഏതാനും ആളുകൾ കൊല ചെയ്യുകയുണ്ടായി. ഇടതുസർക്കാർ ഭരിക്കുന്ന കാലം. അന്ന് സഖാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ആ കൊലപാതകത്തിന്റെ പേരിൽ ഡി.എച്ച്.ആർ.എം (ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവേമെന്റ്) പ്രവർത്തകരെ പോലീസുകാർ തിരഞ്ഞു പിടിച്ചു വേട്ടയാടിയത് ന്യൂസിൽ വരെ വന്നതാണ്. ചെയർമാൻ ഉൾപ്പെടെയുള്ളവരാണ് വിചാരണ നേരിട്ടതും, ആദ്യം ശിക്ഷ വിധിക്കപ്പെട്ടതും പിന്നീട് തെളിവ് പോരാ എന്ന പേരിൽ വെറുതെ വിട്ടതും.

ട്രൂകോപി വെബ്സീനിൻറെ 148-ാം പാക്കറ്റ് കവർ

2007-ലാണ് ളാഹ ഗോപാലൻ ഭൂരഹിതർക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കുടിലുകെട്ടി സമരത്തിന് ഇറങ്ങിത്തിരിച്ചത്. അതേ ഇടതുസർക്കാർ തന്നെ ഭരണത്തിലുള്ളപ്പോൾ. ഒന്നര വർഷത്തോളം നീണ്ടു പോയ സമരത്തെ തകർക്കാൻ എല്ലാവിധ പ്രചാരണങ്ങളും നടത്തിയിരുന്നു അന്ന് സർക്കാരും പാർട്ടിയും. ഇടതുപക്ഷത്ത് പലരും സമരത്തെ അനുകൂലിച്ചിരുന്നു എന്നതും സത്യമാണ്. എന്നാൽ, ളാഹ ഗോപാലൻ തോക്കെടുത്ത് സായുധ പോരിന് ഇറങ്ങിയിരുന്നെങ്കിൽ എന്തായിരുന്നിരിക്കും ഇടതു പക്ഷത്തിന്റെയും സർക്കാരിന്റെയും പാർട്ടിയുടെയും പ്രതികരണം. സ. സ്വരാജ് പറഞ്ഞ പ്രകാരം ളാഹ ഗോപാലന് അതിനുള്ള പൂർണ അവകാശം ഉണ്ടായിരുന്നു. വായിക്കുന്നവർക്ക് അറിയാൻ കഴിയും, ആ സമരം ഒരു സായുധസമരമായിരുന്നെങ്കിൽ മലയാളി ഇടതു പക്ഷം എങ്ങനെയായിരിക്കും പെരുമാറുക എന്ന്. മർദ്ദിതരുടെ പേരിൽ സായുധ പോരാട്ടം നടത്തുന്ന മാവോവാദ പ്രസ്ഥാനത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ നിലപാട് നമുക്കെല്ലാവർക്കും അറിയാം. ആ നിലപാട് ശരിയാണെന്ന് ഞാനും കരുതുന്നു.

ഇന്ത്യയിലെ മറ്റിടങ്ങളിലെ ഉദാഹരണങ്ങൾ എടുക്കാം. ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി നടന്ന ക്രൂരതകളിലും പലായനങ്ങളിലും പൂർവ ബംഗാളിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ കുടിയേറ്റം ഇസ്രായേൽ- പലസ്തീൻ പ്രശ്നമായി താരതമ്യപ്പെടുത്തികൊണ്ട് ബംഗാളി ചിന്തകൻ ഭാസ്കർ സുർ (Bhaskar Sur) എഴുതിയിട്ടുണ്ട്. പശ്ചിമബംഗാളിൽ ഇപ്പോഴും ഏകദേശം 30% മുസ്‍ലിംകളാണ്. ഈ ഹിന്ദു കുടിയേറ്റക്കാർ വലിയ തോതിൽ മുസ്‍ലിംകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടാൽ "പ്രതികാരത്തിന്റെ അനന്തത"യായി കരുതാം. അതുപോലെ പാകിസ്ഥാനിലും ബംഗ്ലാദേശിലും നടക്കുന്ന ഹിന്ദു വേട്ടയെയും ഇതേ കോണിൽ ന്യായീകരിക്കാം. വടക്കു കിഴക്കിൽ നടക്കുന്ന പലവിധമായ സായുധ പോരുകളെല്ലാം ബ്രിട്ടീഷ്-ഇന്ത്യൻ കോളനിവത്കരണത്തിന് എതിരെയാണ്. കംതാപുർ, നാഗ, ആസാമീസ്, കുക്കി- സൊ തുടങ്ങിയെ അനേകം വിഭാഗങ്ങളിൽ പെട്ട ആളുകളുടെ സംഘടനകളാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന പേരിൽ ആക്രമണം നടത്തുന്നത്. വടക്കു കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ബംഗാളികളെയും മറ്റ് മുഖ്യഭൂമി ഇന്ത്യക്കാരെയും ഒഴിപ്പിക്കുക എന്നത് "പ്രതികാരത്തിന്റെ അനന്തത" പ്രകാരം ന്യായമായ ആവശ്യങ്ങളാണ്. ഹൈദരാബാദിനെ ഇന്ത്യ കീഴടക്കുന്നത് 1948-ൽ ആണ്. ഇസ്രായേൽ സ്വതന്ത്ര ദേശമായതിന് ഏതാനും മാസങ്ങൾക്കുശേഷം. പ്രതികാരം അനന്തമാണെങ്കിൽ ഇന്ന് ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ഹൈദരാബാദിലേക്ക് കുടിയേറിയവരെ ഹൈദരാബാദി ദേശീയവാദികളോ നൈസാം അനുകൂലികളോ വെടിവെച്ചു കൊല്ലുന്നതും ബലാത്സംഗം ചെയ്യുന്നതും ന്യായമാണ്.

അന്തർദേശീയ സംഭവങ്ങൾ നോക്കിയാൽ, ഏകദേശം രണ്ടു മാസം മുൻപാണ് ഒരു ലക്ഷത്തോളം അർമേനിയൻ വംശജർക്ക് പലായനം ചെയ്യേണ്ടി വന്നത്. മലയാളി ഇടതുപക്ഷത്തുള്ളവർ - ആഗോള ഇടതുപക്ഷത്തുള്ളവരും - കാര്യമായി അതിനെ പറ്റി വ്യാകുലരായില്ല.

സദ്ദാം ഹുസ്സൈൻ

ഇരുപതിനായിരത്തോളം കുർദിഷ് സാധാരണക്കാരെ തുർക്കി കൊന്നൊടുക്കിയതായി കണക്കുകൾ പറയുന്നു; രണ്ടായിരത്തിലധികം കുർദിഷ് ഗ്രാമങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. സദ്ദാം ഹു​​സൈന്റെ നേതൃത്വത്തിൽ ഇറാഖിൽ കുർദുകൾക്കെതിരെ വംശഹത്യ നടന്നിട്ടുണ്ട്. സിറിയയിലും ഇറാനിലും അവർ മർദ്ദിത വിഭാഗമാണ്. കുർദുകൾക്കുവേണ്ടി സംസാരിക്കുന്ന മലയാളികൾ വിരളമാണ്. എന്നുമാത്രമല്ല, സദ്ദാം ഹുസൈനെ (Saddam Hussein) തൂക്കിക്കൊന്നപ്പോൾ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. ഇവിടെ കുർദുകളുടെ പ്രതികാരം അനന്തമാകാം എന്ന് കരുതിയില്ല എന്നു മാത്രമല്ല, കുർദുകളുടെ വിമോചനത്തെ പാടെ എതിർക്കുകയാണ് സി പി എം ഉൾപ്പെടെ ഇടതുപക്ഷം ചെയ്തത്.

അബ്ദുൾറസാഖ് ഗുർണക്ക് (Abdulrazak Gurnah) സാഹിത്യത്തിലെ നോബൽ സമ്മാനം ലഭിച്ചപ്പോൾ മലയാളികൾ ഉൾപ്പെടെ ആഗോള ഇടതുപക്ഷം അതിനെ ആഘോഷിച്ചു. ഇസ്രായേൽ- പലസ്തീൻ വിഷയം കൈകാര്യം ചെയ്ത പോലെ ഗുർണയെ കൈകാര്യം ചെയ്യുകയാണെങ്കിൽ സാൻസിബാർ വിപ്ലവത്തിൽ ഗുർണയുടെ കുടുംബത്തെ ആട്ടിയോടിച്ചത് ശരിയായ നടപടിയാണെന്ന് പറയേണ്ടി വരും.

അബ്ദുൾറസാഖ് ഗുർണ്ണ

അവിടെ അറബ് ഭരണവർഗം തദ്ദേശീയ കറുത്തവർഗക്കാരെ അടക്കി ഭരിക്കുകയും അടിമകളാക്കുകയും ചെയ്തിരുന്നു. ഗുർണ ബ്രിട്ടനിൽ പോയി പാർപ്പിടം അന്വേഷിച്ചത് തെറ്റാണെന്നും പറയേണ്ടി വരും. അറബിയായ ഗുർണക്ക് അറബ് നാടുകളിലേക്ക് പലായനം ചെയ്തുകൂടെ? ജർമനിയിലേക്കും മറ്റ് പാശ്ചാത്യരാജ്യങ്ങളിലേക്കും കുടിയേറിയ ലക്ഷകണക്കിന് അഭയാർത്ഥികൾക്കും ഈ ചോദ്യം ബാധകമാകും. എന്നാൽ ഗുർണയുടെ കൃതികളിൽ പലയാനത്തിന്റെ വേദനയും ബ്രിട്ടനിൽ നേരിട്ട വംശീയതയും കാര്യമായി തന്നെ വിമർശിക്കപ്പെടുന്നു. അതിന്റെയും കൂടെ പേരിലാണ് അദ്ദേഹത്തതിന് നോബൽ സമ്മാനം ലഭിച്ചത്. ഇസ്രായേൽ- വിരുദ്ധ ചേരിയിലുള്ളവർക്ക് ആർക്കും ഇതിൽ ഒരു അപാകതയും തോന്നിയില്ല.

1500 അജ്മൽ കസബുമാർ

അജ്മൽ കസബ് ഉൾപ്പെടെ 10 പേർ 26 നവംബർ 2008-ന് മുംബൈയിൽ നടത്തിയ ആക്രമണത്തിന്റെ ന്യായീകരണം, ഇന്ത്യ കാശ്മീരിനെ പിടിച്ചുവച്ചിരിക്കുന്നതിന്റെ പ്രതികാരം ആണെന്നതായിരുന്നു. അന്ന് ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ, ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സമാധാനപരമായി നരിമാൻ ഹൗസിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജൂതരുടെ ഷബാഡ് ഹൗസും ആക്രമിക്കപ്പെട്ടു. 6 പേരാണ് അവിടെ കൊല്ലപ്പെട്ടത്. 166 പേർ ദക്ഷിണ മുംബയിലെ മറ്റ് എട്ട് ഇടങ്ങളിലായി കൊല്ലപ്പെട്ടു. "പ്രതികാരത്തിന്റെ അനന്തത" പ്രകാരം അജ്മൽ കസബ് പറഞ്ഞ ന്യായം ശരിയാണ്. ഒരു കാശ്മീരി ദേശീയ മുന്നേറ്റമുണ്ടെന്നും, അതിന് കാര്യമായ പിന്തുണയുണ്ടെന്നും, ഇന്ത്യ കാശ്മീരിനെ സ്വാതന്ത്രരാക്കാൻ തയ്യാറല്ലെന്നും ഈ നാട്ടിൽ ആർക്കും അറിയാത്ത കാര്യമല്ല. പക്ഷെ 26/11 ആക്രമണങ്ങളെ കുറിച്ച് അന്ന് സി പി എം നിലപാട്, പാക്കിസ്ഥാനോട് അന്വേഷണവും നടപടിയും ആവശ്യപ്പെടണം എന്നായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ എന്തിന് ജൂതരെ ആക്രമിച്ചു എന്ന് ആർക്കും ചോദിക്കാൻ തോന്നിയില്ല.

എന്തിനേറെ പറയുന്നു, ഗോഡ്‌സെ ഗാന്ധിയെ ഇന്നാണ് വെടിവെച്ചു കൊന്നതെങ്കിൽ ഗോഡ്സെയും അപകോളനിവത്കരണത്തിന്റെ ഭാഷ പറയുമായിരുന്നു. ഇസ്‍ലാമിക കൊളോണിയലിസത്തിന്റെ ശിങ്കിടിയായിരുന്നു ഗാന്ധിയെന്ന് പറയും.

ഇങ്ങനെ അനേകം സംഭവങ്ങൾ എടുത്താൽ അതിലൊന്നും ഇടതുപക്ഷത്തുള്ളവർ "പ്രതികാരത്തിന്റെ അനന്തത"യിൽ വിശ്വാസം അർപ്പിക്കുന്നില്ല എന്നുകാണാം. സ. സ്വരാജിനെ ഒരു നായാടി വെടിവെച്ചുകൊല്ലാൻ വന്നാൽ അദ്ദേഹം ഈ തത്വത്തിൽ ഉറച്ചുവിശ്വസിച്ച് നെഞ്ചുവിരിച്ചു വെടിയേൽക്കാൻ നിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ എവിടെയും ഈ തത്വം കാണാൻ കഴിയില്ല. ഇപ്പോൾ നിലവിലുള്ളത് ഉൾപ്പെടെ മലയാളി ഇടതുപക്ഷ സർക്കാരുകൾ ഉൾപ്പെടെ ആരും തന്നെ ഈ തത്വം സ്വീകരിച്ചിട്ടില്ല. സ. കെ.കെ. ശൈലജ എം.എൽ.എ ഈ നിലപാട് വ്യക്തമാക്കിയത് അഭിനന്ദാർഹമാണ്. എന്നിരുന്നാലും പൊതുവെ ഇസ്രായേൽ- വിരുദ്ധ പ്രചാരണം നടത്തുമ്പോൾ ഇടതുപക്ഷം ഇത്തരം ചരിത്രവിരുദ്ധവും നിയമവിരുദ്ധവും അധാർമികവുമായ നിലപാടുകൾ സ്വീകരിക്കുന്നു.

2023 ഒക്ടോബർ ഏഴിന് 7 തെക്കേ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലേറെ സാധാരണ പൗരന്മാരാണ്. അവയിൽ പലരും ബലാത്സംഗത്തിനും പീഡനത്തിനും ഇരയാക്കപ്പെട്ടിരുന്നു. ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിലെ ഒരു വലിയ വിഭാഗം ഇതിനെ ന്യായീകരിച്ചത് ഇതൊരു ചെറുത്തുനിൽപ്പാണെന്നാണ്. അക്രമികളുടെ 1500- ഓളം ശരീരങ്ങളാണ് ഇതു വരെ കണ്ടുകിട്ടിയത്. 1500 അജ്മൽ കസബുമാർ. ഒരു അജ്മൽ കസബിനെ പോലും സഹിക്കാൻ കഴിയാത്ത ഇടതുപക്ഷം എങ്ങനെയാണ് ഇസ്രായേലിൽ മാത്രം 1500 അജ്മൽ കസബുമാരെ ന്യായീകരിക്കുന്നത്?

ട്രൂകോപ്പിതിങ്കിൽ എഴുതിയ
ലേഖകരുടെ ശുദ്ധ ഫാഷിസം

മലയാളി സമൂഹത്തിന്റെ ഓർമയിൽ പോലും ഒരു വലിയ ദുരന്തമോ യുദ്ധമോ ഇല്ലെന്ന് ഒരു സാഹിത്യകാരൻ (ബാലചന്ദ്രൻ ചുള്ളിക്കാട് ആണെന്ന് തോന്നുന്നു) പറഞ്ഞതായി കേട്ടിട്ടുണ്ട്. ട്രൂകോപ്പിതിങ്കിൽ ഇസ്രായേൽ വിരുദ്ധ ലേഖനങ്ങൾ നോക്കിയാൽ ഇത് തികച്ചും ശരിയാണെന്ന് കാണാം.
“2018-ലെ പ്രളയവും നിപ്പയും കോവിഡ് കാലവും” ആണ് ഇ.കെ. ദിനേശൻ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നത്; ഒരു യുദ്ധത്തിന്റെ ദുരന്തം മനസിലാക്കാൻ ഇവയൊന്നും മതിയായ അളവുകോലുകളല്ല. മലയാളിയുടെ യുദ്ധത്തെ കുറിച്ചുള്ള സങ്കല്പം, പി.കെ. ബാലകൃഷ്ണൻ വിവരിച്ചിട്ടുള്ളതുപോലെ, ഏതാനും കുറച്ച് ആളുകളുടെ കളിയെ പോലെയാണ്. അതുകൊണ്ടു തന്നെ ചെറിയ ടീമും വലിയ ടീമും തമ്മിലുള്ള ഫുട്ബോൾ കളി പോലെ ധാരാളം വിശകലനങ്ങൾ കാണാം.

കമല്‍റാം സജീവ്

കമൽറാം സജീവ് പറയുന്നത്, "ഹമാസ് ഒരു ചെറിയ പ്രസ്ഥാനമാണ്" എന്നാണ്. ഷാജഹാൻ മാടമ്പാട്ട് മറുപടി പറയുന്നത്, "ഇസ്രായേലി തോക്കുകളോടും ബോംബുകളോടും വെറും കല്ലുകൾ കൊണ്ടുള്ള പോരാട്ടമാണ്" അവർ നടത്തിയത് എന്നാണ്. കല്ലുകൾ കൊണ്ടുള്ള പോരാട്ടത്തെ ചെറുക്കാനാണോ ഇസ്രായേലിന് സേഫ്റ്റി റൂമുകളും അയേൺ ഡോമും നിർമ്മിക്കേണ്ടിവന്നത് എന്ന് തോന്നിപ്പോകും. ഹമാസ് ആക്രമണം നിർത്തിയാൽ ഇസ്രായേലി മർദ്ദനം തുടരുകയേയുള്ളൂ എന്നാണ് സജി മാർക്കോസ് അഭിപ്രായപ്പെടുന്നത്.

ഇസ്രയേലിന്റെ ബോംബിങ് നാസികളേക്കാൾ മോശമായ മനുഷ്യാവകാശലംഘനങ്ങളാണെന്ന അവിശ്വസനീയ മണ്ടത്തരം സുദീപ് സുധാകരൻ എഴുതിവെച്ചിരിക്കുന്നു. പരിഹസിച്ച് തള്ളിക്കളയേണ്ട ഈ വരിയാണ് പ്രസിദ്ധീകരിച്ചു വന്നത്. സുദീപ് കുറഞ്ഞ പക്ഷം നാസി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഒരു പുസ്തകമെങ്കിലും വായിക്കേണ്ടതാണ്.

ഇത്തരം പരാമർശങ്ങൾ കാണിക്കുന്നത്, ഇതെല്ലാം എന്തോ കൂടുതലും കുറവിന്റെയും കളിയായിട്ടാണ് ഇടതുപക്ഷം ചിന്തകർ മനസിലാക്കുന്നത് എന്നാണ്. ഹമാസ് ചെറിയ സംഘടനയായതുകൊണ്ട് ഇസ്രായേലിലെ സാധാരണക്കാർക്ക് നേരിടേണ്ടി വന്ന ഹിംസയുടെ തോതും കുറഞ്ഞു എന്ന് ഇവർക്കാർക്കും തോന്നിയില്ല. “ഹമാസിന്റെ താത്പര്യം പലസ്തീൻ താത്പര്യമാണ്" എന്നാണ് പ്രശസ്ത മാധ്യമ പ്രവർത്തകൻ സ്റ്റാൻലി ജോണി പറയുന്നത്. “ഈ സാഹചര്യത്തിൽ ഹമാസിന്റെ പ്രത്യയശാസ്ത്രം എന്താണ്, അത് ഇസ്‌ലാമിസ്റ്റാണോ അല്ലേ എന്നു പറയുന്ന തർത്തിൽ എനിക്ക് താൽപര്യമില്ല" എന്നാണ് ഷാജഹാൻ പറയുന്നത്.

ഷാജഹാന്‍ മാടമ്പാട്ട്

ജൂതരെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും നിരായുധരുടെ കഴുത്തറുക്കുകയും ചെയ്യുന്നത് ഒരു ദേശത്തിന്റെ ന്യായമായ താല്പര്യമാകുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കിൽ മുസ്‍ലിം അധിനിവേശത്തിനെതിരെയുള്ള ന്യായമായ മുന്നേറ്റമാണ് ബി ജെ പിയുടേതും എന്നും ഈ ചിന്തകർ പറയേണ്ടിവരും. ബി ജെ പി സ്വയം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. (പക്ഷെ സുദീപ് സുധാകരൻ പറയുന്നത് സയണിസം ഫാഷിസം ആണ്, അതുകൊണ്ട് അതിനെ എതിർക്കണം എന്നാണ് - ചിലരുടെ മാത്രം ഫാഷിസം ശുദ്ധമാകുന്ന തന്ത്രം ശ്രദ്ധയർഹിക്കുന്നു).

ലോകത്ത് മറ്റൊരു സംഘർഷത്തിലും കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ തത്വങ്ങളും വ്യാഖ്യാനങ്ങളും ഇവർ ഇസ്രായേലിനെതിരെ പറയുന്നു എന്നു മാത്രമല്ല, ഇസ്രയേലിനെ കുറിച്ച് കേവലമായ ധാരണ പോലും ഉണ്ടാക്കാൻ ഇവർ പരിശ്രമിച്ചിട്ടില്ല.

ഇസ്രായേൽ ഒരു ജൂത രാഷ്ട്രമാണ്, അങ്ങനെയൊരു മതരാഷ്ട്രത്തെ മതപരമായി എതിർക്കുന്നതിൽ തെറ്റില്ല എന്നുകൂടി ഇവർ സൂചിപ്പിക്കുന്നു. ജൂതർ എന്നത് ഒരു ദേശം ആണെന്ന അടിസ്ഥാനവിവരം ഇല്ലാത്തവരാണോ ഇസ്രായേൽ- പലസ്തീൻ വിഷയത്തെ കുറിച്ച് വിദഗ്ധ വിശകലനം നടത്തുന്നത്? ജൂതർ എന്ന ദേശത്തിന്റെ പ്രധാന പ്രത്യയശാസ്ത്രമാണ് ജൂതമതം; റഷ്യൻ ഓർത്തഡോൿസ് ക്രൈസ്തവത റഷ്യൻ ജനതയുടെ പ്രത്യയശാസ്ത്രമാണെന്നത് പോലെ തന്നെ. ഇസ്രായേൽ അവർക്ക് ലഭിച്ചത് ജൂതമതം കാരണമല്ല, ജൂതദേശീയത കാരണമാണ്. ആ ദേശീയത ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. "ചിതറിക്കിടക്കുന്ന ദേശം" എന്ന വിശേഷണം അവർക്ക് 19-ാം നൂറ്റാണ്ട് മുതലെങ്കിലുമുണ്ട്. സയണിസം എന്നത് ഈ ജൂത ദേശത്തിന് സ്വയം നിർണയാവകാശം ആവശ്യപ്പെടുന്ന മുന്നേറ്റമാണ്. "എത്നോ-നാഷണലിസം" ആണ് പ്രശ്നമെങ്കിൽ 1945-ൽ രൂപീകരിക്കപ്പെട്ട അറബ് ലീഗിൽ 22 ദേശരാഷ്ട്രങ്ങൾ അംഗങ്ങളാണ്. വംശീയാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഈ ദേശങ്ങളിൽ പലതും മറ്റ് വംശങ്ങളെയും ദേശങ്ങളെയും അടിച്ചമർത്തുന്നവരാണ്. അവർക്കെതിരെ മരുന്നിനെങ്കിലും വിമർശനം ഉന്നയിക്കുന്നത് പോയിട്ട് സ്റ്റാൻലി ജോണി പറഞ്ഞു വരുന്നത്, അവർക്ക് അറബ് സൗഹൃദം കുറവാണ് എന്നാണ്. സ്റ്റാൻലിക്ക് അറബ് ദേശങ്ങളുടെ "എത്നോ-നാഷണലിസം" ശുദ്ധമാണ്; ജൂതരുടെത് അശുദ്ധവും. ഹമാസിനെതിരെ നിലകൊള്ളുന്ന യു.എ.ഇ., സുഡാൻ, മൊറോക്കോ, ബഹ്‌റൈൻ എന്നിവയെല്ലാമാണ് സ്റ്റാൻലിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രങ്ങൾ.

ഹമാസിനെ പിന്തുണക്കാതെ പലസ്തീൻ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാൻ സാധിക്കുമെന്ന സാമാന്യോക്തി പറയാൻ ബാസ്സം ഈദിനെ (Bassem Eid) പോലെയൊരു പലസ്തീനി മനുഷ്യാവകാശ പ്രവർത്തകനെ ഉദ്ധരിക്കേണ്ട ഗതികേടാണ് ഇപ്പോൾ. ഹമാസിനെ ന്യായീകരിക്കുന്നവർ പറഞ്ഞുവരുന്നത് ഇസ്രായേൽ ഇല്ലാതാവുകയോ പലസ്തീൻ രാഷ്ട്രം ഉണ്ടാവുകയോ ചെയ്‌താൽ ഹമാസ് അവരുടെ ആക്രമണ സ്വഭാവം നിർത്തും എന്നാണ്. ചരിത്രത്തിൽ എവിടെയെങ്കിലും ഇങ്ങനെ നടന്നതായി അറിയുമോ? ഇവർ പറയുന്നത് വെച്ച് ബി ജെ പി അധികാരത്തിൽ വന്നതോടെ അവരുടെ പ്രശ്നങ്ങൾ എല്ലാം തീരേണ്ടതാണ്. അങ്ങനെയൊരു നിലപാട് ഇവർക്കുണ്ടെങ്കിലും ഇടതുപക്ഷത്തിന് പൊതുവെ ഉണ്ടാവേണ്ടതില്ല. പോൾ പോട്ട് ആയാലും വേർസൈ കരാറിനെ എതിർത്ത് അധികാരത്തിൽ വന്ന നാസി പാർട്ടി ആയാലും താലിബാനായാലും ഇത്തരമൊരു ബോധോദയമുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നില്ല. ഒരു ദിവസം ഉറങ്ങി എഴുന്നേറ്റാൽ തീരുന്ന പേക്കിനാവാണ് ഈ ചിന്തകരുടെ മനസ്സിൽ ഫാഷിസവും ഇസ്‍ലാമിസവും. ഇതേ അബദ്ധധാരണയാണ് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ദേശങ്ങൾക്ക് 1980-കളിൽ മുജാഹിദീൻ മുന്നേറ്റത്തെ കുറിച്ചുണ്ടായിരുന്നത്. ഈ പാശ്ചാത്യ രാജ്യങ്ങൾ കമ്മ്യൂണിസത്തെ എതിർക്കാൻ ഇസ്‍ലാമിസത്തിന് നൽകിയ പോലെയുള്ള അവസരവാദപരമായ പിന്തുണയാണ് ഇപ്പോൾ ഇസ്രായേൽ വിരുദ്ധ ഇടതുപക്ഷചേരി ഹമാസിന് നൽകുന്നത് എന്ന് കുര്യാക്കോസ് മാത്യു ചൂണ്ടിക്കാട്ടുന്നു.

ഇടത് ജൂതവിരുദ്ധത 

സ. സ്വരാജിന്റെ എഴുത്തിലേക്ക് തിരിച്ചുപോകാം. നായാടി എന്തുതന്നെ ചെയ്താലും നീതി അയാളുടെ പക്ഷത്താണ് എന്ന് പറഞ്ഞിട്ടും, ആ കുറിപ്പിന് ഇത്രയധികം സ്വീകാര്യത ലഭിച്ചിട്ടും, പാർട്ടിയോ സർക്കാരോ അതിനെ തള്ളിപ്പറയാഞ്ഞിട്ടും, എന്തുകൊണ്ട് ഒരു നായാടിയോ ദലിതനോ പോലും കേരളത്തിലെ ജാതിസമൂഹത്തിനെതിരെ തോക്കുമായി ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ല? ഇത്രയധികം പിന്തുണ ഒരു ജാതിവിരുദ്ധ സായുധ വിപ്ലവത്തിന് ലഭിക്കാൻ മറ്റെപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ? നാട്ടിലെ നായാടികൾക്കും അല്ലാത്തവർക്കും എല്ലാം തന്നെ ഒരുപോലെ അറിയാം, സ. സ്വരാജ് പറഞ്ഞത് ജൂതരെ കൊല്ലുന്നതിനെ കുറിച്ച് മാത്രമാണെന്ന്.

ബാസ്സം ഈദ്

ഹമാസിന്റെ ആക്രമണത്തോടെ ആഗോള പരിഷ്‌കൃത സമൂഹത്തിന്റെ പ്രതികരണത്തെ കുറിച്ച് ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫിൽ ഡഗ്ലസ് മുറെ (Douglas Murray) ഒരു ലേഖനം എഴുതിയിരുന്നു. അതിൽ പ്രശസ്ത സോവിയറ്റ്- ജൂത എഴുത്തുകാരനായ വാസിലി ഗ്രോസ്സ്മാന്റെ (Vassily Grossman) Life and Fate എന്ന കൃതിയെ ഉദ്ധരിക്കുന്നുണ്ട്. ഗ്രോസ്സ്മാൻ പറയുന്നത്, ജൂതവിരുദ്ധത "വ്യക്തികളുടെയും സാമൂഹിക ഘടനകളുടെയും രാഷ്ട്രവ്യവസ്ഥിതികളുടെയും പരാജയങ്ങളുടെ കണ്ണാടിയാണ്" എന്നാണ്. "ജൂതരെക്കുറിച്ച് നിങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾ എന്താണെന്ന് പറയൂ, നിങ്ങൾ ചെയ്ത കുറ്റങ്ങൾ ഏതൊക്കെയെന്ന് ഞാൻ പറയാം".

സജി മാര്‍ക്കോസ്

സ. സ്വരാജ് സ്വയം നായാടിയാൽ വെടിവെക്കപ്പെടാൻ സാധ്യതയില്ലാത്ത ആളായി കരുതുന്നു എന്നതല്ല, അത്തരമൊരു വെടിവെപ്പുണ്ടായാൽ തനിക്കുപകരം ഒരു ജൂതനെ വെടിവെക്കട്ടെ എന്ന് പറയുകയാണ്. കമൽറാം സജീവും സജി മാർക്കോസും ഷാജഹാൻ മാടമ്പാട്ടും സ്വയം മതരാഷ്ട്രവാദ മുന്നേറ്റമായി ഹമാസിനെ പിന്തുണച്ചുകൊണ്ടുതന്നെ ജൂതരാഷ്ട്രം ഒരു മതരാഷ്ട്രം ആയതുകൊണ്ട് അതിനെ ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണക്കുന്നു. സ്റ്റാൻലി ജോണി, ദേശരാഷ്ട്രങ്ങളുടെ എല്ലാ വൈരുധ്യങ്ങളും ജൂതദേശത്തിൽ മാത്രം കാണുന്നു. സുദീപ് സുധാകരൻ, ഇസ്രായേലിൽ മുതലാളിത്തവും അധിനിവേശവും ഫാഷിസവും ഹിന്ദുത്വയും എല്ലാം നിറഞ്ഞ ഒരു അവിയൽ കാണുന്നു. ഇത്തരത്തിൽ, സമൂഹത്തിൽ ഏത് വൈരുധ്യം ഉണ്ടെങ്കിലും അത് ജൂതരിൽ മാത്രം പ്രതിഷ്ഠിക്കുന്നതാണ് ജൂതവിരുദ്ധ മനോഭാവത്തിന്റെ പ്രത്യേകത. 

റെബേക്ക വെസ്റ്റിന്റെ (Rebecca West) Black Lamb and Grey Falcon എന്ന പുസ്തകത്തിൽ ജൂതവിരുദ്ധതയുടെ വേരിനെ എഴുത്തുകാരി മനസിലാക്കിയതായി അതിന്റെ അവതാരികയിൽ ക്രിസ്റ്റഫർ ഹിച്ചൻസ് (Christopher Hitchens) പറയുന്നു. "പ്രാകൃത ജനതക്ക് ചിന്തയുടെ വിഷലിപ്ത സ്വഭാവത്തെ കുറിച്ച് ആദ്യ സൂചനകൾ ലഭിക്കുന്നത് ജൂതരിൽ നിന്നാണ്. അവർക്ക് മതത്തിന്റെ കോട്ടമതിൽ മാത്രമേ അറിയൂ; സംശയബുദ്ധിയുടെ (skepticism) പേടിപെടുത്തുന്നതും വിഭജിപ്പിക്കുന്നതുമായ പ്രഭാവങ്ങൾ അവർ ജൂതരിൽ കാണുന്നു." ഇങ്ങനെയാണ് റെബേക്ക വെസ്റ്റ് പറയുന്നത്.

ക്രിസ്തുമതവും മുഹമ്മദിനെയും കാണുകയും അവരെ നിരാകരിക്കുകയും ചെയ്ത, കത്തോലിക്കാ അപ്രമാദിത്തവും ഇസ്‍ലാമിക സുവർണകാലവും ലൂഥെറൻ പരിഷ്കരണവും ദേശീയ മുന്നേറ്റങ്ങളും മുതലാളിത്തവും സോഷ്യലിസവും എല്ലാം ജൂതരെ ആകർഷിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയെങ്കിലും ഈ ജനത ഇവയെ എല്ലാത്തിനെയും സംശയബുദ്ധിയോടെ മാത്രം നോക്കികണ്ടു. ഒന്നിനുപുറകെ ഒന്നായി ഓരോ പ്രസ്ഥാങ്ങളും ജൂതർക്കെതിരെ തിരിഞ്ഞു. ആഗോള ഇടതുപക്ഷവും ജൂതരെ വെറുക്കാൻ തുടങ്ങിയത് അവർ ഇടതുപക്ഷ ഉട്ടോപ്യകളെ ചോദ്യം ചെയ്തുതുടങ്ങിയപ്പോഴാണ്. സംശയബുദ്ധി എന്ന ആധുനിക മൂല്യത്തിന്റെ പേരിൽ ഇത്രമേൽ ആക്രമിക്കപ്പെട്ട മറ്റൊരു ജനതയുണ്ടാവുകയില്ല. ഇന്നും ഇടതുപക്ഷം പറയുന്നത് ഹമാസിന്റെയും മറ്റ് ഇസ്രായേൽ വിരുദ്ധ ശക്തികളെയും ജൂതർ ഒന്ന് വിശ്വസിച്ചാൽ മതിയെന്നാണ്; അവർ പലസ്തീൻ രാഷ്ട്രം ലഭിച്ചാൽ അടങ്ങിക്കൊള്ളും എന്നാണ്. ഹമാസിന്റെ സദുദ്ദേശ്യത്തിൽ സംശയം നിലനിർത്തുകയാണ് ഇസ്രായേൽ.

ജൂതവിരുദ്ധയല്ല, യഥാർത്ഥത്തിൽ ധാർമികമായ പ്രശ്നം തന്നെയാണ് ഇസ്രായേലിനോട് ഇടതുപക്ഷത്തിനുള്ളത് എന്ന് തെളിയിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ആവശ്യം പരോക്ഷമായോ പരസ്യമായോ ഉന്നയിക്കാതിരിക്കുക. ഇന്ത്യക്കോ പാകിസ്ഥാനോ ബംഗ്ലാദേശിനോ ഉള്ള അത്രയും തന്നെ സാധുത ഇസ്രായേലിനും ഉണ്ടെന്ന് അംഗീകരിക്കുക. ഇസ്രായേൽ ഒഴികെയുള്ള മറ്റു നാടുകളിൽ - സ്വന്തം നാട് ഉൾപ്പെടെ - ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്നത് പോലെയുള്ള ശക്തികളെ പിന്തുണക്കുമോ എന്ന് വ്യക്തമാക്കുക. ജൂതരുടെ രാഷ്ട്രത്തിനെതിരെ മാത്രം ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾ ഒഴിവാക്കുക. ലോകത്ത് നീറികൊണ്ടിരിക്കുന്ന മറ്റ് അനേകം സംഘർഷങ്ങളുണ്ട്, അവക്ക് കുറച്ചെങ്കിലും ശ്രദ്ധ തൊഴിലാളിവർഗ സാർവ്വദേശീയതയുടെ പേരിൽ നൽകുക. സ്വന്തം രാഷ്ട്രത്തിന്റെ അനേകം അടിച്ചമർത്തലുകൾക്ക് നൽകുന്ന പോലെയുള്ള വിമർശനങ്ങൾ മാത്രം ജൂതരാഷ്ട്രത്തിനും നൽകുക. മതതീവ്രവാദത്തിനെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധത്തെ പിന്തുണക്കുക. ഇതൊന്നും പറ്റില്ലെങ്കിൽ, കുറഞ്ഞപക്ഷം ഇസ്രയേലിനെ മാത്രം കേന്ദ്രീകരിച്ച് അന്തർദേശീയ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കുക.

ലോകചരിത്രത്തിൽ നിലനിൽക്കുന്ന ഏറ്റവും മർദ്ദിതരായ ഒരു ദേശത്തിന്റെ രാഷ്ട്രത്തിന് ഇത്രയും ആനുകൂല്യങ്ങൾ നൽകാവുന്നതാണ്. മലയാളി ഇടതുപക്ഷത്തിന് അതിന്റെ ചരിത്രപരമായ ജൂതവിരുദ്ധത തിരുത്താവുന്നതാണ്.

ട്രൂകോപ്പി വെബ്സീൻ 148-ലെ ലേഖനങ്ങൾ വായിക്കാം

പലസ്തീൻ തുടരും, ഹിംസയുടെയും
ഉപരോധത്തിന്റെയും മണ്ണായി…

‘വാൾ കൊണ്ട് മരിക്കുന്നവർ
വിശപ്പുകൊണ്ട് മരിക്കുന്നവരിലും
ഭാഗ്യവാന്മാർ’

ഇസ്രായേൽ ജനത റൈറ്റ് വിങ്
സ്പെക്ട്രത്തിലേക്ക് മാറിയിരിക്കുന്നു,
അതൊരു ട്രാജഡിയാണ്

വയലൻസിനെക്കുറിച്ച് സംസാരിക്കാം,
പലസ്തീനൊപ്പം നിന്നുകൊണ്ടുതന്നെ


അർജുൻ

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ ഗവേഷണ വിദ്യാർത്ഥി. രാഷ്ട്രീയം, കലാ-സംസ്കാരം, തത്വചിന്ത തുടങ്ങിയവയാണ് താത്പര്യ മേഖലകൾ.

Comments