‘ശ്രീലങ്കയിലെ അപകടകരമായ പരീക്ഷണത്തിന്റെ സാധ്യതകൾ’ എന്ന ലേഖനത്തോട് പ്രതികരിച്ച് പ്രശാന്തൻ കൊളച്ചേരി ഉയർത്തുന്ന മറുവാദത്തിന്റെ (ആശയമില്ലാത്ത വെറും ആൾക്കൂട്ട വിപ്ലവമാണോ ശ്രീലങ്കയിൽ സംഭവിച്ചത്? ബി. രാജീവന് മറുവാദം / പ്രശാന്തൻ കൊളച്ചേരി) മർമ്മം എന്താണെന്ന് നോക്കാം. എൻ്റെ ലേഖനത്തിലെ ഈ വാക്യം അദ്ദേഹം ഉദ്ധരിക്കുന്നു: ‘‘ഭരണകൂട പരമാധികാരത്തിന്റെ അനിവാര്യതയിലും അരാജകത്വഭീതിയിലും അധിഷ്ഠിതമായ ലിബറൽ- സോഷ്യലിസ്റ്റ് ജനാധിപത്യ ആശയങ്ങളിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ ഭരണകൂടാധികാരത്തിന് ബദലായ ജനങ്ങളുടെ ജീവിതാധികാരത്തിന്റെയും ജനാധിപത്യത്തിന്റെയും സൈദ്ധാന്തിക പരികല്പനകളെ കണ്ടെത്താനും ഉയർത്തിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്’’.
ഇതിനെത്തുടർന്ന് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘‘എന്നുവെച്ചാൽ നിലവിലുള്ള ഭരണക്രമീകരണങ്ങൾക്ക് കാരണം അരാജകത്വഭീതിയും ഭരണകൂടശക്തിയിലുള്ള വിശ്വാസവുമാണ്. ഇതിനു പകരമായി ജനകീയ അധികാരക്രമം സാധ്യമാണ് എന്ന വിശ്വാസം വളർത്തിക്കൊണ്ടുവരാനും അതിനുവേണ്ടിയുള്ള പുതിയ സൈദ്ധാന്തിക പരികല്പനകൾ കണ്ടെത്താനും കഴിയണം. ഈ പറഞ്ഞ കാര്യം വർഷങ്ങൾക്കു മുമ്പേ കാൾമാർക്സ് പറഞ്ഞിട്ടില്ലേ ബി. രാജീവൻ? മുതലാളിത്തം തന്നെ അതിൻ്റെ ശവക്കുഴി തോണ്ടുകയും ഭരണകൂടം കൊഴിഞ്ഞു പോവുകയും ജനങ്ങൾ അവിടേക്ക് നടന്നു കയറുകയും ചെയ്യുമെന്ന് പറഞ്ഞ ആശയം തന്നെയാണ് കമ്മ്യൂണിസം. ആ അനിവാര്യതക്ക് ആക്കം കൂട്ടുന്ന ആശയത്തെ കമ്മ്യൂണിസ്റ്റ് ആശയമെന്നും ആ മധുരമനോഹര സ്വപ്നത്തിന് പാതയൊരുക്കുന്ന സംഘടനാരീതിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നുമല്ലേ പേര്? അല്ലാതെ ആൾക്കൂട്ടം വിപ്ലവം നടത്തട്ടെ, പിന്നാലെ ആശയം നിർമ്മിച്ചെടുക്കാം എന്നത് ലോകരാഷ്ട്രീയത്തെയോ അതിനെ മുന്നോട്ടു നയിക്കുന്ന സാമ്പത്തിക ചലനങ്ങളെയോ വിശകലനം ചെയ്യുന്നതിന് വരുന്ന പോരായ്മ മാത്രമാണ്. എന്താണ് മാർക്സ് ഭരണകൂടത്തെ വിശകലനം ചെയ്തുകൊണ്ട് പറഞ്ഞു വെച്ചിട്ടുള്ളത് എന്നതിന്റെ കാമ്പ് കളഞ്ഞു കൊണ്ടുള്ള പ്രതീക്ഷ ആൾക്കൂട്ടം വിപ്ലവം കൊണ്ടുവരും എന്ന പ്രതീക്ഷയിൽ താങ്കൾ പറഞ്ഞു വെക്കുന്നു”.

നിശ്ചയമായും വളരെ പ്രസക്തവും സ്വാഭാവികവുമായ ചോദ്യവും സംശയവും തന്നെ ആണിത്. എന്നാൽ ദേശാതിർത്തികളെയും ദേശീയ മുതലാളിത്തത്തേയും മറികടന്ന് ആഗോളവൽക്കരിക്കപ്പെട്ട മുതലാളിത്ത മൂലധനാധിപത്യത്തോടും അതിനെതിരായ ചൂഷിത വർഗ്ഗങ്ങളുടെ ചെറുത്തു നിൽപ്പുകളോടും ബന്ധപ്പെട്ട വർത്തമാനകാല മാർക്സിസത്തിന്റെയും അതിന്റെ സിദ്ധാന്തത്തിന്റെയും പശ്ചാത്തലത്തിലാണ് ഞാൻ ശ്രീലങ്കൻ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതെന്ന് പ്രശാന്തന് ഗ്രഹിക്കാൻ കഴിയാഞ്ഞതിന്റെ പരിമിതിയാണ് ഈ ചോദ്യങ്ങൾക്ക് പിന്നിലുള്ളത്. അതിനു ഞാൻ പ്രശാന്തനെ കുറ്റപ്പെടുത്തുന്നില്ല. തൊഴിലാളിവർഗ്ഗ മുന്നണിപ്പടയുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന വിപ്ലവ പാർട്ടിയേയും അതിന്റെ വിപ്ലവതന്ത്രത്തെയും കുറിച്ചുള്ള സാമാന്യധാരണകൾ മാത്രം വെച്ചു പുലർത്തുന്ന ഏതൊരു ഇടതുപക്ഷക്കാരനിൽ നിന്നും ഉയരാവുന്ന ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് ഇവ.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും മുതലാളിത്ത മൂലധനത്തിന്റെ ആഗോളതലത്തിലുള്ള ഉദ്ഗ്രഥനത്തിനും ശേഷം, മാറുന്ന കാലത്തിനനുസൃതമായി മാർക്സിസം പ്രയോഗത്തിലും സിദ്ധാന്തത്തിലും വികസിക്കുന്നതിനെക്കുറിച്ച് ലോകവ്യാപകമായി തന്നെ ചർച്ചകൾ നടക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ തന്നെ തത്വചിന്തയിലും രാഷ്ട്രമീമാംസയിലും രൂപപ്പെടാൻ തുടങ്ങിയ വളരെ ശക്തവും സമ്പന്നവുമായ ഇത്തരം പുതിയ ചിന്തകളുമായി ബന്ധപ്പെട്ട മാർക്സിസ്റ്റ് ആശയങ്ങളുടെയും പരികല്പനകളുടെയും പശ്ചാത്തലത്തിലാണ് ഞാൻ നടത്തിയ ശ്രീലങ്കൻ രാഷ്ട്രീയ ചർച്ച അർത്ഥവത്താവുന്നത്. പ്രശാന്തൻ പറയുന്നതുപോലെ അത് ‘ആശയമില്ലാത്ത വെറും ആൾക്കൂട്ട വിപ്ലവ’ത്തെകുറിച്ചുള്ള ചർച്ചയല്ല.

എന്നാൽ വർത്തമാനകാല വർഗ്ഗസമരത്തെയും വിപ്ലവ സിദ്ധാന്തത്തെയും കുറിച്ച് ഒരു പശ്ചാത്തല വിവരണം എന്റെ ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല ആഗോള മൂലധന സാമ്രാജ്യകാലത്തെ മാറുന്ന ഉത്പാദന ശക്തികളെയും ഉത്പാദന ബന്ധങ്ങളെയും ആ മാറ്റത്തിൽ നിന്നുയരുന്ന രാഷ്ട്രീയത്തെയും കുറിച്ച് പല പ്രബന്ധങ്ങളിലും പുസ്തകങ്ങളിലും ആയി ഞാൻ ധാരാളം എഴുതിയിട്ടുമുണ്ട്.
ഇങ്ങനെ പറയുന്നതുകൊണ്ട് നേരത്തെ സൂചിപ്പിച്ചതുപോലെ ആഗോള മൂലധന സാമ്രാജ്യത്തിന്റെ കാലത്തെ മാർക്സിസത്തെ കുറിച്ചുള്ള നൂതനാശയങ്ങൾ എൻറെ ബുദ്ധിയിൽ താനേ ഉദിച്ചവയാണെന്നും ധരിക്കരുത്. ലൂയി അൽത്തൂസർ, പിയറെ മാഷെറെ, എത്തീൻ ബാലിബർ തുടങ്ങി അന്റോണിയോ നെഗ്രിയും മിഷേൽ ഹാർട്ടും വരെയുള്ള മാർക്സിസ്റ്റ് ചിന്തകരുടെയും അവരുടെ ചിന്താധാരയ്ക്ക് പിൻബലം നൽകുന്ന ഴീൽ ദെലൂസ്, ഫെലിക്സ് ഗത്താരി, മിഷേൽ ഫൂക്കോ, രണജിത് ഗുഹ തുടങ്ങിയ അക്കാദമിക് തത്വചിന്തകരുടെയും യുഗനിർണ്ണായകമായ സംഭാവനകളിലൂടെയാണ് മാർക്സിസം ഇന്ന് ആഗോള മുതലാളിത്ത കാലത്തെ വർഗ്ഗസമരത്തിന്റെ സിദ്ധാന്തമായി വികസിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ പേര് പറഞ്ഞവരെ കൂടാതെ മറ്റ് അനേകം ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ ചിന്തകരിലൂടെയും സമകാലിക മാർക്സിസം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.
പരമാധികാര കേന്ദ്രത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും അനിവാര്യതയിലൂടെ വീക്ഷിക്കുമ്പോൾ ‘ആൾക്കൂട്ടം’ എന്ന് മാത്രം കാണാൻ കഴിയുന്ന രാഷ്ട്രീയ പ്രതിഭാസമായ ‘ജനസഞ്ചയം’ ( Multitude )എന്തുകൊണ്ട് ആഗോള മൂലധന സാമ്രാജ്യകാലത്തെ വിപ്ലവകരമായ ഒരു വർഗ്ഗ പരികല്പനയായി പ്രവർത്തിക്കുന്നു എന്ന് എൻറെ ലേഖനത്തിന്റെ രണ്ടാം ഭാഗത്ത് സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. ഈ വർഗ്ഗ പരികല്പന ആകാശത്തുനിന്ന് പൊട്ടിവീണ ഒന്നല്ലെന്നും പതിനേഴാം നൂറ്റാണ്ടു മുതൽ മുതലാളിത്ത പൗരസമൂഹം പാർശ്വവൽക്കരിക്കുന്ന അടിമകൾ അടക്കമുള്ള കീഴാള സമൂഹങ്ങളെ വെളിച്ചത്തേക്ക് കൊണ്ടുവരുന്ന ഒരു രാഷ്ട്രീയ പരികല്പന ആയി സ്പിനോസ എന്ന തത്വചിന്തകനിലൂടെ എങ്ങനെ രൂപപ്പെട്ടു എന്നും ഞാൻ അവിടെ വിശദീകരിക്കുന്നുണ്ട്. സ്റ്റാലിനിസത്തിന്റെ യന്ത്രികതയിൽ നിന്നും മാർക്സിസത്തെ മോചിപ്പിക്കാൻ അന്റോണിയോ ഗ്രാംഷി മാക്യവല്ലിയെയും ക്രോച്ചേയേയും പോലുള്ള ചിന്തകരെ മുൻനിർത്തി നടത്തിയ ശ്രമങ്ങളുടെ കൂടുതൽ ശക്തമായ തുടർച്ചയാണ് സ്പിനോസയെ വീണ്ടെടുക്കുന്നതിലൂടെ മാർക്സിസ്റ്റ് ചിന്തയിൽ ഇന്ന് നടക്കുന്നത്. കീഴാള വർഗ്ഗങ്ങൾ ഇന്ന് പ്രയോഗത്തിൽ കൊണ്ടുവന്നുകഴിഞ്ഞ സമകാലീന മാർക്സിസത്തിന്റെ ഈ സൈദ്ധാന്തിക പശ്ചാത്തലം തിരിച്ചറിയാത്തതുകൊണ്ടാണ് പ്രശാന്തന് അതൊന്നും മനസ്സിലാകാതെ പോയത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ അന്തരീക്ഷത്തിൽ സജീവമായി നിൽക്കുന്ന സമകാലീന മാർക്സിസത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങളെ കുറിച്ച് കൂടുതലൊന്നും ഇവിടെ വിവരിക്കുന്നില്ല. അന്റോണിയോ നെഗ്രിയും മിഷേൽ ഹാർട്ടും ചേർന്ന് രചിച്ച, ഇതിനകം ക്ലാസിക് ആയി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ Empire എന്ന ഗ്രന്ഥം മലയാളത്തിൽ വന്നിട്ടുണ്ട്. ജനസഞ്ചയ ജനാധിപത്യ വിപ്ലവ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ബൃഹത് ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ ഈ കൃതിയുടെ മലയാള പരിഭാഷക്ക് ഞാൻ എഴുതിയ അവതാരികയുടെ തലക്കെട്ട് തന്നെ, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോ’ എന്നാണ്.

അതുകൊണ്ട് ശ്രീലങ്കൻ രാഷ്ട്രീയ പ്രതിഭാസത്തെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പ് പ്രശാന്തൻ കരുതുന്നതുപോലെ ‘ആശയമില്ലാത്ത ആൾക്കൂട്ട വിപ്ലവ’ത്തെ കുറിച്ചുള്ള ഒരു ജല്പനമല്ല. ഞാനെന്റെ കുറിപ്പിൽ എടുത്തു പറയുന്നതുപോലെ, നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു കഴിഞ്ഞ കേന്ദ്രീകരണം ഒഴിവാക്കാനാവാത്ത രാഷ്ട്രീയ സങ്കല്പത്തിൽ നിന്ന് അത്ര പെട്ടെന്നൊന്നും പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്ന മാന്യ പൗര സമൂഹത്തിന് പുറത്തുവരാൻ കഴിയില്ല. ആ പ്രയാസം സ്വാഭാവികമാണ്. കൊടിയ പീഡനങ്ങളിലൂടെ മെരുക്കിയെടുക്കപ്പെട്ട കാട്ടാന മെരുങ്ങിക്കഴിഞ്ഞാൽ ദുർബലനായ പാപ്പാന്റെ ആജ്ഞക്കടിപ്പെട്ട് സ്വന്തം വന്യശക്തി മറന്നു അനുസരണയുള്ള ജീവിയായി മാറുന്നതുപോലെയാണിത്. ഈ വിധത്തിൽ മേലാളാ ധികാരത്തിന്റെ ഘടനാമാതൃക (Paradigm) കളെ ആന്തരികവൽക്കരിച്ചു കഴിഞ്ഞ നമ്മുടെ കാലത്തെ അച്ചടക്ക പൗരസമൂഹം നേരിടുന്ന ഒരു പ്രശ്നമാണിത്. എന്നാൽ ലോക കീഴാള ജനസഞ്ചയം ‘വിധ്വംസക’ (Subversive) മായ സ്വന്തം വന്യതയുടെ രാഷ്ട്രീയശക്തി തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. മാർക്സിസം സ്തംഭിച്ചു നിൽക്കാതെ കാലാനുസൃതമായി വികസിക്കുകയാണ് എന്നർത്ഥം.
Read: