ജൻപഥിലെ നട്ടുച്ച നേരം.
കൊടുംചൂടിലും ഡൽഹി നഗരത്തിനിത് മഞ്ഞവിരിപ്പിട്ട പാതകളുടെ കാലമാണ്. അമൽത്താസ് മരങ്ങൾ രാജ്യതലസ്ഥാനത്തിന്റെ ഗരിമയും പ്രൗഡിയും വിളിച്ചോതുന്നത് വീഥികളുടെ ഇരുവശങ്ങളിലേക്കും പുഷ്പവൃഷ്ടി നടത്തിക്കൊണ്ടാണ്. മേലോട്ടുനോക്കിയാൽ സൂര്യ വെളിച്ചത്തിൽ സ്വർണ്ണം വിളഞ്ഞുകിടക്കുന്നതു പോലെ പൂക്കുലകൾ. മഞ്ഞപ്പിന്റെ ഫ്ലോറൽ ബോർഡറുള്ള വഴികൾ വേഗതയെ മനുഷ്യർക്ക് വേണ്ടും വിധം ക്രമപ്പെടുത്തിക്കൊടുത്തിരിക്കുന്നു. അനന്തസാധ്യതകളുടെ തിരിവുകളും വളവുകളും പിന്നിട്ട് പലയിടങ്ങളിലേയ്ക്കുമുള്ള അവരുടെ ജീവിതത്തിന്റെ ദിശ കാണിച്ചും കൊടുക്കുന്നു.
നല്ല തിരക്കുണ്ട്. പലതായി ഒഴുകുന്ന ഒരേ ധാരയെ നോക്കി അല്പനേരം അങ്ങനെ നിന്നു. അകലെ നിന്ന് രണ്ട് ഒട്ടകങ്ങൾ അലങ്കരിച്ച മേലാപ്പുമായി വലിയ ആത്മവിശ്വാസത്തിൽ അടുത്തടുത്തേയ്ക്ക് വരുന്നു. എന്റെ കൈവേഗത്തെ മറികടന്ന് അവ മുന്നോട്ട് പോകുമ്പോൾ ഫോൺ ക്യാമറയിൽ ആ കടന്നുപോകലിന്റെ നിമിഷങ്ങളെ പകർത്തിയെടുത്തു.
ക്ലിക്ക്... എന്തിനാണിതൊക്കെ, ഞാൻ എന്നോടു തന്നെ ചോദിച്ചു. വിലപിടിപ്പുള്ള നിമിഷങ്ങളാണ്. ഒരിക്കൽ ഓർമ്മയിലേക്കും ശേഷം പിന്നാലെ ഉള്ളവരിലേക്കും ചെന്നെത്തേണ്ടവ.
അപരിചിതമായ ജീവിതപരിസരങ്ങളുമായി പൊരുത്തപ്പെടാൻ എനിക്കും അനുദിനക്കാഴ്ചകളുടെ സൂക്ഷിപ്പുകൾ ആവശ്യമാണെന്ന തോന്നൽ ബോധത്തിൽ ഉറച്ച നേരമായിരുന്നത്. ഇടങ്ങൾ വാസയോഗ്യമാക്കുന്നത് വ്യത്യസ്ത സംവേദനങ്ങളിലൂടെ അവയെ മനസ്സിലുറപ്പിക്കുമ്പോഴാണ് എന്നതാണ് ഓരോ കാഴ്ചകളും നല്കുന്ന സന്ദേശം.
സത്യത്തിൽ ആ സമയത്ത്, മറ്റൊരു കാലത്തിൽ നിന്ന്, നൂറ്റാണ്ടിൽ നിന്ന് പുറത്തു കടന്നതേയുണ്ടായിരുന്നുള്ളൂ. അതിവിദൂരമായ ഒരു ഭൂതകാലം. പണ്ടുപണ്ട് എന്നുതുടങ്ങുന്ന കഥകളിലൂടെ ആർക്കും പറഞ്ഞു പൊലിപ്പിച്ചെടുക്കാനാവാത്തത്ര ചരിത്രവിശേഷങ്ങൾ. മനുഷ്യനും മരങ്ങളും സസ്യജന്തുജാലങ്ങളുമെല്ലാം നിറഞ്ഞ ആകെ മൊത്തം ജീവിതവും കൂടി ഉൾച്ചേർന്ന നമ്മുടെ ഭൂതകാലം.
മുഗൾ രജപുത്ര -മിനിയേച്ചർ ചിത്രകലയിൽ പ്രാവീണ്യമുണ്ടായിരുന്ന അക്കാലത്തെ പ്രാദേശിക കലാകാരർ വിദേശ രക്ഷധികാരികൾക്കുവേണ്ടി വരച്ചപ്പോൾ ആഴമായ അർപ്പണ മനോഭാവവും നിപുണതയും പുലർത്തിയിരുന്നുവെന്ന് ഈ ശേഖരത്തിലെ ഓരോ ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു
നട്ടുച്ചയ്ക്ക് മുൻപുള്ള രണ്ടു മണിക്കൂർ സമയം ജൻപഥിൽ, വിൻസർ പാലസിലുള്ള ഡൽഹി ആർട്ട് ഗ്യാലറിയിലായിരുന്നു. അങ്ങോട്ടേയ്ക്ക് എത്തിച്ചത് A Treasury of Life -Indian Company Painting C 1790-1835 എന്നൊരു തലക്കെട്ടാണ്. ഗൈൽസ് സ്റ്റിലോട്സൺ ക്യൂറേറ്റ് ചെയ്തിരിക്കുന്ന പ്രദർശനത്തിലെ ഓരോ വിഭാഗങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് ജീവിതസംബന്ധിയായ വിഷയങ്ങളാണ്. ചിത്രരചനയുടെ സാധ്യതയാൽ മാത്രം സാധിച്ചെടുത്തതും പൊതുജനസമക്ഷം സമർപ്പിക്കാവുന്നതുമായ പോയ കാല ചരിത്രത്തെക്കുറിച്ചുള്ള നേരറിവുകളാണ്.
കമ്പനി ചിത്രങ്ങളുടെ വിഷയങ്ങൾ:
സസ്യശാസ്ത്ര പഠനങ്ങൾ, പ്രകൃതി ചരിത്രം.
ചരിത്രസ്മാരകങ്ങൾ.
വാസ്തുവിദ്യ, പട്ടണങ്ങളുടെയും മനോഹര സൗധങ്ങളുടെയും ചിത്രീകരണം.
ഇന്ത്യൻ മര്യാദകളും ആചാരങ്ങളും.
ജാതിഅധിഷ്ഠിതമായ തൊഴിലുകൾ.
ജനപ്രിയ വിശുദ്ധവിഗ്രഹങ്ങളുടെ ചിത്രങ്ങൾ.
മുർഷിദാബാധിലും പാട്നയിലും ലക്നോവിലും തഞ്ചാവൂരിലും പോണ്ടിച്ചേരിയിലുമുള്ള കലാകാരർ യൂറോപ്യൻ രക്ഷാധികാരികൾക്കുവേണ്ടി വരച്ച ചിത്രങ്ങളുടെ ഇരുന്നൂറിലധികം ശേഖരങ്ങൾ.

പേട്രനേജ് എന്ന വാക്ക് തീർച്ചയായും ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല. സ്വതന്ത്രമായ ഒന്നിലെ കല അതിന്റെ അഭയം കണ്ടെത്തൂ എന്നത് തർക്കമില്ലാത്ത കാര്യവുമാണ്. കോളനിഭരണകാലത്ത് വിദേശികളുടെ താല്പര്യങ്ങളെയും അഭിലാഷങ്ങളെയും മാനിച്ചുകൊണ്ട് മുഗൾ രജപുത്ര -മിനിയേച്ചർ ചിത്രകലയിൽ പ്രാവീണ്യമുണ്ടായിരുന്ന അക്കാലത്തെ പ്രാദേശിക കലാകാരർ വിദേശ രക്ഷധികാരികൾക്കുവേണ്ടി വരച്ചപ്പോൾ ആഴമായ അർപ്പണ മനോഭാവവും നിപുണതയും പുലർത്തിയിരുന്നുവെന്ന് ഈ ശേഖരത്തിലെ ഓരോ ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അത് അവരുടെ ശ്രേഷ്ഠമായ മറ്റൊരു ഉൾഭാവത്തിന്റെ നിദർശനമാണ്. കലഹമില്ലാതെ ഒഴുകുന്ന കല. എന്നാൽ അവയോരൊന്നും ശൈലീപരമായ വ്യത്യസ്തത നിലനിർത്തുന്നുമുണ്ട്. ആധുനികതയുടെ കടന്നു വരവിനു മുൻപ് നമ്മുടെ കലാപാരമ്പര്യം നിലനിന്നിരുന്നത് രാജകീയ കോടതികളോടും ക്ഷേത്രപരിസരങ്ങളോടും ചേർന്നുനിന്നാണല്ലോ. അവരുടെ ആഢ്യത്തവും മഹിമയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അവയൊക്കെയും.
Company Painting എന്ന പേര് തീർച്ചയായും ഈസ്റ്റ് ഇന്ത്യ കമ്പനി കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. കലാചരിത്രത്തിൽ ഇന്ത്യയുടെ ഭൂതകാല പാരമ്പര്യങ്ങളിലേയ്ക്ക് ആധുനികത വന്ന് സ്പർശിച്ച നിമിഷം. ഫോട്ടോഗ്രാഫി വരുന്നതിനു മുൻപുള്ള കാലമാണത്. കപ്പലിറങ്ങിയവർക്ക് വന്നെത്തിയ ദേശത്ത് കണ്മുന്നിൽ കാണുന്ന കാഴ്ചകളൊക്കെ കൗതുകം നിറഞ്ഞതായിരുന്നു.
1770- കളിലാണ് കമ്പനി ചിത്രങ്ങളുടെ ഏറ്റവും പ്രശംസ നേടിയ പെയിന്റിംഗുകൾ കൽക്കട്ടയിലും ലക്നോവിലുമായി ഉണ്ടായത്. മുഗൾ കോർട്ട് ചിത്രകലയിൽ പരിശീലനം നേടിയ കലാകാരന്മാരായിരുന്നു മിക്കവരും.
എല്ലാം രേഖപ്പെടുത്തി വയ്ക്കുന്ന ശീലം രക്തത്തിലുണ്ട്. പല നാടുകളിൽ നിന്നും പ്രാദേശിക കലാകാരന്മാരെ അവർ ക്ഷണിച്ചു വരുത്തി. പ്രാദേശിക കലാകാരരുടെ സഹായത്തോടെ തങ്ങൾ ചെന്നെത്തിയ ദേശങ്ങളിലെ പ്രകൃതിശാസ്ത്രം, വാസ്തുവിദ്യ, സംസ്‍കാരം, മനുഷ്യരുടെ ദൈനംദിന ജീവിതം എന്നിവയൊക്കെ മനസ്സിലാക്കാൻ അക്കാലത്ത് വിദേശികൾ താല്പര്യം കാണിച്ചു. തങ്ങളുടെ രക്ഷാധികാരികൾക്കുവേണ്ടി ആ കാലഘട്ടത്തിലെ ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ അംശങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ അവർ വരച്ചു. തങ്ങളുടെ രക്ഷധികാരികൾ വിദേശികളാണെന്നോ അവരുടെ ഉദ്ദേശ്യലക്ഷ്യം എന്തെന്നോ ഒന്നും കൂടുതൽ ആലോചിക്കാതെ അവർ വൈദഗ്ദ്യത്തോടും നിപുണതയോടും കൂടി പണിയെടുത്തു. പാട്നയിൽ നിന്നുള്ള സിതാറാം, ചുനി ലാൽ, സേവക് റാം എന്നിവരുടെ പേരുകൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. വാസ്തവത്തിൽ ഇന്ത്യ ചരിത്രത്തിൽ വിഷ്വൽ ഹിസ്റ്റോറിയൻസ് എന്ന മഹനീയ പദവി അലങ്കരിക്കുന്നവരാണിവർ. കമ്പനി രക്ഷാധികാരികളുടെ കീഴിൽ പ്രവർത്തിക്കുമ്പോഴും തങ്ങളുടെ ചിത്രങ്ങളിലൂടെ അവർ ആവശ്യപ്പെട്ട കാഴ്ചകൾ മാത്രമല്ല, തങ്ങൾക്ക് ചുറ്റുമുള്ള മാറുന്ന ഒരു കാലാക്രമത്തിന്റെ അനുരണനങ്ങൾ നിറങ്ങളിൽ പ്രതിഫലിപ്പിക്കാനും അവർക്കു കഴിഞ്ഞു.
1770- കളിലാണ് കമ്പനി ചിത്രങ്ങളുടെ ഏറ്റവും പ്രശംസ നേടിയ പെയിന്റിംഗുകൾ കൽക്കട്ടയിലും ലക്നോവിലുമായി ഉണ്ടായത്. മുഗൾ കോർട്ട് ചിത്രകലയിൽ പരിശീലനം നേടിയ കലാകാരന്മാരായിരുന്നു മിക്കവരും. മേരി ഇമ്പേ, ക്ലോഡ് മാർട്ടിൻ എന്നിവരായിരുന്നു പേട്രൻമാർ. യൂറോപ്പിൽ നിന്നുള്ള മഷി, പേപ്പർ, മറ്റു സാമഗ്രികൾ എന്നിവയൊക്കെയായി കലാകാരർ പരിചയപ്പെട്ടു തുടങ്ങി. കൂടുതൽ ശേഖരിക്കാനുള്ള രക്ഷാധികാരികളുടെ താല്പര്യത്തിൽ കലാകാരർ അപകടം മണത്തു. തങ്ങളെ ചൂഷണം ചെയ്യുന്ന ഒരു മാർക്കറ്റ് മുന്നിൽ കണ്ടതുകൊണ്ടാവാം, 1840- വരെ ഒരേ മാതിരിയുള്ള ചിത്രങ്ങളാണവർ വരച്ചത്.

ഈ ശേഖരത്തിലെ ചിത്രങ്ങളെല്ലാം ബ്രിട്ടനിലേക്ക് കൊണ്ടുപോയവയാണ്. അക്കാലത്ത് ലണ്ടനിലെ ലീഡൻ ഹാൾ സ്ട്രീറ്റിലുള്ള കമ്പനിയുടെ ആസ്ഥാനത്തേക്ക് വിദൂരദേശങ്ങളിൽ നിന്ന് വരച്ച ചിത്രങ്ങൾ എത്തി. റോയൽ ബോട്ടാണിക്കൽ ഗാർഡൻ എന്ന സങ്കല്പം തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതാണ്. പ്രകൃതിവിജ്ഞാനം മെച്ചപ്പെടുത്തുന്നതിലൂടെ സസ്യ ജന്തു ജാലങ്ങളെ കൂടുതൽ ‘അറിഞ്ഞു നിയന്തിച്ചു’ ലക്ഷ്യങ്ങൾ സുഗമമാക്കുക എന്നൊരു ഉദ്ദേശ്യവും അവർക്കുണ്ടായിരുന്നു. വിക്ടോറിയൻ യുഗത്തിനു മുൻപുള്ള യൂറോപ്യൻ സാഹിത്യഭാവനയിൽ കടൽ കടന്നുചെന്ന പക്ഷിമൃഗാദികൾ നിരവധിയുണ്ട്. ആർതർ കൊനൻ ഡോയലിന്റെ പല സാഹസിക കഥകളിലും ഇന്ത്യയിൽ നിന്നുള്ള ജന്തുജാലങ്ങളുണ്ട്.
ഡൽഹി ആർട്ട് ഗ്യാലറിയിൽ സവിശേഷമായ ഒരു കാലം തന്നെയാണ് വാതിൽ തുറന്ന് പ്രേക്ഷകരെ സ്വീകരിക്കുന്നത്. ഇന്നിന്റെ യാഥാർഥ്യങ്ങളെ മറന്നു കളഞ്ഞിട്ട്, പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമായി വരച്ച ഇരുന്നൂറിലധികം ചിത്രങ്ങളിലൂടെ കടന്നു പോയി. അത് കലാചരിത്രത്തിൽ രണ്ടു സംവേദനക്ഷമതകൾ തമ്മിലുള്ള ഇടകലരലാണ്. ആധുനികതയുടെ കടന്നുവരവിനെ ഇന്ത്യയുടെ കലാഹൃദയങ്ങൾ സ്വീകരിച്ച മാതൃകയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കപ്പലു കയറി വന്നവർ ആകർഷിക്കപ്പെട്ടത് എന്തിലേക്കൊക്കെയാണ്? അവർ കണ്ടെത്തിയ വൈജാത്യവും വൈവിധ്യവും നിറഞ്ഞ ഭൂപ്രകൃതി, ചരിത്രസ്മാരകങ്ങൾ, പൈതൃകക്കാഴ്ചകൾ, വാസ്തുവിദ്യ, ദൈനംദിന ജീവിതം എല്ലാം തന്നെ കമ്പനി പെയിന്റിംഗിലൂടെ അനാവൃതമായി.
കർഷകത്തൊഴിലാളികൾ, തെരുവു കലാകാരർ, നെയ്ത്തുകാർ, കരകൗശല വിദഗ്ദർ, സമ്പന്നരായ വ്യാപാരികൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ അക്കാലത്ത് വരയ്ക്കപ്പെട്ടു.
ട്രേഡ് ആൽബങ്ങളുടെ കാലവുമായിരുന്നു അത്. ഒരു പ്രത്യേക പ്രദേശത്തെ സമൂഹനിർമ്മിതിയെ സൃഷ്ടിക്കുന്ന തൊഴിലുകളും ജാതിശ്രേണിയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളും കൊണ്ട് സമൂഹത്തിലെ മനുഷ്യരെ തരംതിരിച്ച് ക്രമപ്പെടുത്തി വയ്ക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. തൽഫലമായി കർഷകത്തൊഴിലാളികൾ, തെരുവു കലാകാരർ, നെയ്ത്തുകാർ, കരകൗശല വിദഗ്ദർ, സമ്പന്നരായ വ്യാപാരികൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ വരയ്ക്കപ്പെട്ടു. വ്യക്തികേന്ദ്രികൃതമായ ഉപരിപ്ലവതയെ മറികടന്ന് അക്കാലത്തെ മതപരമായ ആചാരാനുഷ്ടാനങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും അവർ വരച്ചു. ശവസംസ്കാര ഘോഷ യാത്രകൾ, കാളീപൂജ, ചരക് പൂജ, ആരാധനാ ബിംബങ്ങൾ എന്നിവയിലൂടെയൊക്കെ നമ്മുടെ പ്രാദേശിക കലാകാരർ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയപ്പോൾ അത് പൂർണ്ണമായും ആവശ്യാധിഷ്ഠിത നിർവഹണമെന്നതിലുപരി ഔട്ട് ഓഫ് ദി ബോക്സ് ചിന്തയിൽക്കൂടി മറ്റൊരു സാമൂഹ്യ ഗവേഷണം കൂടിയായി.
ബൊട്ടാണിക്കൽ ഇല്ലസ്ട്രേഷനുകളെല്ലാം ബ്ലാങ്ക് ആയ പശ്ചാത്തലത്തിലാണ് വരച്ചിരിക്കുന്നത്. സൂക്ഷ്മമായി വരച്ചെടുത്ത ജീവസ്പർശമുള്ള നമ്മുടെ ജൈവപരിസരങ്ങൾ. സുഗന്ധദ്രവ്യങ്ങളും കായ്കനികളും പൂവും പുഴുവും പൂമ്പാറ്റയും മരങ്ങളും വള്ളിപ്പടർപ്പുകളും കമ്പനി സ്കൂളുകളുടെ കീഴിൽ ബോട്ടാണിക്കൽ വിളിപ്പേരിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

പ്രകൃതിചരിത്രത്തിൽ വിദേശികൾക്കുള്ള താല്പര്യത്തെക്കുറിച്ച് ഒരു വിവരണം The Treasury of Life എന്ന പുസ്തകത്തിൽ അപൂർബ ചാറ്റർജി നൽകിയിട്ടുണ്ട്. അതിലൊരു മേരിയുണ്ട്. നേരത്തെ സൂചിപ്പിച്ച പേട്രൺ മേരി തന്നെ; ലേഡി മേരി ഇമ്പേയ്. കൽക്കട്ട സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന സർ എലൈജ ഇമ്പേയ്-യുടെ ഭാര്യയായിരുന്നു ലേഡി മേരി. സ്വന്തം വസതിയിൽ അവർക്ക് ഒരു മൃഗശാലയുണ്ടായിരുന്നു. കൂടാതെ വൈവിധ്യമുള്ള ചെടികളാൽ നിറഞ്ഞ പൂന്തോട്ടവും. പ്രകൃതിചരിത്ര ചിത്രീകരണത്തിൽ തല്പരയായ അവർ തന്റെ ശേഖരത്തിലെ സസ്യജന്തുജാലങ്ങളെ വരയ്ക്കാൻ ഷെയ്ഖ് സൈൻ അൽ ദിൻ, ഭാവ് നി ദാസ്, റാം ദാസ് എന്നിവരെ നിയോഗിച്ചിരുന്നു.
1780- ൽ ഷെയ്ഖ് സൈൻ അൽ ദിൻ വരച്ച ഒരു പെയിന്റിംഗിൽ കോളോണിയൽ കൽക്കട്ടയിലെ തിരക്കുള്ള പ്രഭാതദൃശ്യമുണ്ട്. എന്നാലത് ബ്രിട്ടീഷ് ഭരണത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ശാന്തതയും സ്ഥിരതയും ഉണർത്തുന്നു. ചിത്രത്തിൽ ലേഡി മേരി ഇമ്പേയ് തന്റെ പരിചാരകരാൽ ചുറ്റപ്പെട്ട് ഒരു പീഠത്തിലിരിക്കുന്നു. വെളുത്ത മസ്‌ലിൻ ഗൗണും തലപ്പാവും തൊപ്പിയും ധരിച്ച തന്റെ സേവകരിലൊരാൾ കൊണ്ടുവന്ന തൊപ്പി പരിശോധിക്കുകയാണ്. പെയിന്റിംഗിന്റെ ഏറ്റവുമരികിൽ മേം സാഹിബിനു സമ്മാനിക്കാനായി ഒരു കുട്ട നിറയെ വിളകളുമായി തോട്ടക്കാരൻ പ്രത്യക്ഷപ്പെടുന്നു.
ശവസംസ്കാര ഘോഷ യാത്രകൾ, കാളീപൂജ, ചരക് പൂജ, ആരാധനാ ബിംബങ്ങൾ എന്നിവയിലൂടെയൊക്കെ നമ്മുടെ പ്രാദേശിക കലാകാരർ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി.
ലേഡി മേരിയുടെ താല്പര്യങ്ങളെ ഗാർഹികതയുടെ ചട്ടക്കൂട്ടിൽ ഒതുക്കിനിർത്താനാവില്ല. പൂന്തോട്ടങ്ങൾക്കും വിളവുകൾക്കുമപ്പുറമായിരുന്നു വിദേശികളുടെ നോട്ടം ചെന്നുനിന്നിരുന്നത്. തങ്ങൾ ജീവിക്കുന്ന സജീവമായ ലോകത്തെക്കുറിച്ചുള്ള ദൃശ്യരേഖയുടെ അടിസ്ഥാനത്തിൽ, കൃത്യമായ വിവരശേഖരണത്തിലൂടെ തങ്ങളുടെ ജിജ്ഞാസ ശമിപ്പിക്കാമെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും വളർന്നുവരുന്ന രാജ്യത്തിന്റെ സാമ്രാജ്യത്വ മോഹങ്ങളെ പിന്തുണയ്ക്കാൻ അവയൊക്കെ ഉപകരിക്കുമെന്നും അവർ കരുതിയിട്ടുണ്ടാവും.
ഈ ശേഖരത്തിലെ മറ്റു പല ചിത്രങ്ങളും വീണ്ടെടുത്തിരിക്കുന്നത് ലോസിയാ പാർലബിയുടെ ശേഖരത്തിൽ നിന്നാണ്. അവരും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് പോൾ പാർലബിയോടൊത്ത് ആദ്യ കാല യൂറോപ്യൻ താവളമായിരുന്ന മൈദാപ്പൂരിൽ താമസിച്ചവരിൽപ്പെടുന്നു.
പോണ്ടിച്ചേരിയിലും ഊട്ടിയിലും ബാംഗ്ലൂരിലും ഡൽഹിയിലുമുള്ള ബോട്ടാണിക്കൽ ഗാർഡൻസിലൂടെ എത്ര നടന്നിരിക്കുന്നു. ഓരോ യാത്രയോടൊപ്പം ചേർത്തുവയ്ക്കുന്ന ഹരിതലോകം. ഇതെഴുതുമ്പോൾ മട്ടാഞ്ചേരിയിലെ ഹിസ്റ്ററി മ്യൂസിയത്തിൽ കണ്ട ഒരു ചിത്രം ഓർമ വരുന്നു. മലബാർ തീരത്തുനിന്ന് കൊച്ചിയുടെ ദൃശ്യം കണ്ടു വിസ്മയിച്ച ജെയിംസ് ഫോർബ്സ്. അത് കാഴ്ച്ചയിൽ അവസാനിച്ചില്ല. ഓറിയന്റൽ മെമോയർസ് എഴുതിയ ആ ബ്രിട്ടീഷ് ചിത്രകാരൻ കൊച്ചിൻ, ഓൺ ദി കോസ്റ് ഓഫ് മലബാർ എന്നൊരു തലക്കെട്ടിൽ കൊച്ചിയുടെ മനോഹരദൃശ്യം വരയ്ക്കുക തന്നെ ചെയ്തു.

ഈ ശേഖരത്തിലെ ചിത്രങ്ങൾ ഈ എഴുത്തിന്റെ ശേഷിപ്പുപോലെ ഇവിടെ പങ്കുവയ്ക്കുമ്പോൾ അവയൊക്കെ കൂടുതൽ കഥകൾ പറഞ്ഞേക്കും. കമ്പനി സ്കൂളുകളുടെ പേരിൽ മറഞ്ഞിരിക്കുന്ന അജ്ഞാത കലാകാരർ. Unidentified artist എന്നത് കാഴ്ച്ചയിൽ ദുഃഖം ചാലിക്കുന്നു.
ഗാലറിയിലെ വട്ടമേശയിൽ അല്പനേരമിരുന്ന് Giles Tillotson എഡിറ്റ് ചെയ്ത ട്രഷറി ഓഫ് ലൈഫ് എന്ന പുസ്തകം വായിക്കുകയുണ്ടായി. വായനയിലും കാഴ്ച്ചയിലും മനോഹരമായ ആ പുസ്തകം എനിക്കുശേഷം മറ്റൊരു സന്ദർശക റഷ്യക്കാരി നതാഷയിലൂടെ കൂടുതൽ ജീവൻ വയ്ക്കുന്നതും കണ്ടുകൊണ്ടാണ് അവിടുന്ന് മടങ്ങിയത്. Giles Tillotson- ന് എന്റെയും നതാഷയുടെയും നന്ദി.
നഗരത്തിന്റെ നിരപ്പുവിട്ട് ആരാവല്ലി മലനിരകളുടെ തുണ്ടു പറ്റി നോർത്തേൺ റിഡ്ജിലൂടെ വാഹനം നീങ്ങുമ്പോൾ വായു നേർത്തുവരുന്നത് അറിയുന്നു. പെട്ടെന്നു പെയ്ത മഴയിൽ ഇരുവശത്തുനിന്നുള്ള വന്യതയിൽ നിന്ന് വാനരക്കൂട്ടം മതിലുചാടിക്കളിക്കുകയാണ്. ഏകരല്ല അവരൊന്നും. ഇവിടെയും മഴ നനഞ്ഞൊട്ടിയ അമൽത്താസ് പൂക്കൾ. ഈ നിമിഷത്തെ ഓർമ്മയിൽ വയ്ക്കാൻ പ്രത്യേകിച്ച് ഫ്ലാഷ് മിന്നിക്കേണ്ടതില്ല. അത് അറിയാതെ സംഭവിച്ചുകഴിഞ്ഞു.
പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം
ആകെ മൊത്തം കളറായി
ദാലിയ്ക്കു മുന്നിൽ
തല കുത്തി നിന്ന നിമിഷങ്ങൾ
മഗ്ദലിൻ
in Ecstasy
തോർത്തുകളുടെ പ്രദർശനം,
നൂലിഴകളിലെ വിയർപ്പുതുള്ളികളുടെയും…


























