പണിമുടക്കുന്നു,
കേരളത്തി​ന്റെ മത്സ്യമേഖല

കേരളത്തിന്റെ മത്സ്യമേഖലയുടെയും എറ്റവും പ്രധാന ഉപജീവനമാർഗത്തിന്റെയും പരിസ്ഥിതിയുടെയും തകർച്ച ഉറപ്പാക്കുന്ന കടൽമണൽ ഖനനത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തുകയാണ്, തീരദേശ ഹർത്താലിലൂടെയും മത്സ്യമേഖലാ പണിമുടക്കിലൂടെയും.

News Desk

കേരളത്തിൻ്റെ പുറംകടലിൽ നിന്ന് വെളുത്ത മണലും, തീരത്തുനിന്ന് കരിമണലും ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെ കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിന് ബുധനാഴ്ച അർധരാത്രി 12 മണിക്ക് തുടക്കമായി. മത്സ്യമേഖലാ പണിമുടക്കും തീരദേശ ഹർത്താലും വൻ വിജയമാക്കണമെന്ന് കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.എൻ.​ പ്രതാപനും ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജനും കൺവീനർ ചാൾസ് ജോർജ്ജും പ്രസ്താവനയിൽ ആവശ്യ​പ്പെട്ടു. പണിമുടക്ക് ബുധനാഴ്ച അർധരാത്രി 12 മണി മുതൽ വ്യാഴാഴ്ച രാത്രി 12. മണി വരെയാണ്. കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികൾ പണിമുടക്കും. മത്സ്യബന്ധന യാനങ്ങളും മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട വാഹനങ്ങളും പണിമുടക്കും. ഫിഷറീസ് ഹാർബറുകളും, ഫിഷ് ലാൻ്റിംഗ് സെൻ്ററുകളും നിശ്ചലമാകുമെന്ന് കമ്മിറ്റി അറിയിച്ചു.

മീനാകുമാരി റിപ്പോർട്ടിനെതിരേ നടന്ന പണി മുടക്കിനു ശേഷം പത്തുവർഷം കഴിഞ്ഞ് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ തീരദേശമൊട്ടാകെ സജീവമാണ്. മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്ത്വത്തിൽ സമരങ്ങളും പ്രചാരണ ജാഥകളും നടന്നുവരുന്നു.

കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികൾ പണിമുടക്കും. മത്സ്യബന്ധന യാനങ്ങളും മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട വാഹനങ്ങളും പണിമുടക്കും. ഫിഷറീസ് ഹാർബറുകളും, ഫിഷ് ലാൻ്റിംഗ് സെൻ്ററുകളും നിശ്ചലമാകുമെന്ന് കമ്മിറ്റി അറിയിച്ചു.
കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികൾ പണിമുടക്കും. മത്സ്യബന്ധന യാനങ്ങളും മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട വാഹനങ്ങളും പണിമുടക്കും. ഫിഷറീസ് ഹാർബറുകളും, ഫിഷ് ലാൻ്റിംഗ് സെൻ്ററുകളും നിശ്ചലമാകുമെന്ന് കമ്മിറ്റി അറിയിച്ചു.

26-ന് വൈകീട്ട് തീരദേശത്തൊട്ടാകെ പന്തം കൊളുത്തി പ്രകടനം നടക്കും. 27ന് മത്സ്യബന്ധന കേന്ദ്രങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. പ്രമുഖ രാഷ്ട്രീയ- ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.

കൊല്ലം സെക്ടറിലെ 242 ചതുരശ്ര കിലോ മീറ്ററിൽ നിന്നും 302.4 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യാനുള്ള പദ്ധതിക്കെതിരേ പ്രതിഷേധം കനക്കുകയാണ്. മണൽ വില്പനയുമായി ബന്ധപ്പെട്ട ടെൻ്റർ നടപടികൾ ഫെബ്രുവരി 28ന് അവസാനിക്കും. മാർച്ച് 26ന് അനുവാദം ലഭിച്ച കമ്പനിയെ പ്രഖ്യാപിക്കും. ഇവർക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാപ്പിറ്റൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ജനുവരി 11 ന് നടത്തിയ റോഡ് ഷോയിൽ വേദാന്തയും അദാനിയുടെ ബിനാമികളും ചില സിമൻ്റ് ഫാക്ടറികളും പങ്കെടുത്തതായാണറിവെന്ന് ചാൾസ് ജോർജ്ജ് പറയുന്നു: ‘‘ടെണ്ടർ ആർക്കു ലഭിച്ചാലും അദാനി ഗ്രൂപ്പിന്റെ സക്ഷൻ ഹോപ്പർ, റോട്ടറി ഡ്രഡ്ജർ, ബക്കറ്റ് ഡ്രഡ്ജർ സംവിധാനങ്ങളിലൂടെയായിരിക്കും മണ്ണെടുക്കുക. പരിസ്​ഥിതി പ്രത്യാഘാത പഠനവും പൊതുജനാഭിപ്രായം തേടലുമില്ലാതെ നടപ്പാക്കുന്ന പദ്ധതിക്കെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനാണ് കൊച്ചിയിൽ സമാപിച്ച നിക്ഷേപക മേളയിൽ 30,000 കോടി രൂപയുടെ നിക്ഷേപം അദാനി പ്രഖ്യാപിച്ചത്’’.

കൊല്ലം ഭാഗത്ത് നടക്കുന്ന ഖനനം
കൊല്ലം ഭാഗത്ത് നടക്കുന്ന ഖനനം

എന്തിനാണ് മണലൂറ്റ്?

‘‘ലോകമാസകലം മണലിന്റെ ആവശ്യം വർധിച്ചുവരികയാണ്. ലോക ജനസംഖ്യയുടെ 68 ശതമാനവും 2030 ആകുമ്പോഴേക്കും നഗരങ്ങളിൽ അധിവസിക്കും എന്നതാണ് കണക്ക്. ഭൂമധ്യ രേഖയിൽ ഭൂമിക്കുചുറ്റുമായി 27 മീറ്റർ വീതിയിലും 27 മീറ്റർ ഉയരത്തിലുമായി ഒരു മതിൽ പണിയാനാവശ്യമായ 50 ബില്യൺ ടൺ മണൽ പ്രതിവർഷം ആവശ്യമുണ്ട്. ഇതിൽ 5–8 ബില്യൺ ടണ്ണും കടലിൽ നിന്നാണെടുക്കുന്നത്. സുസ്​ഥിരത നിലനിർത്തണമെങ്കിൽ 16 ബില്യൺടൺ മണലെങ്കിലും കടലിലെത്തണം എന്നതാണ് കണക്ക്’’- ചാൾസ് ജോർജ്ജ് പറഞ്ഞു.

അതിവേഗം ഇന്ത്യയും

ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട പ്രധാന മന്ത്രി ഗതിശകതി മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് 1.3 ട്രില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഭീമൻ പദ്ധതിക്ക് ഇന്ത്യയും തുടക്കമിട്ടുകഴിഞ്ഞു. ഹൈവേകൾ, പൈപ്പ് ലൈനുകൾ, തുറമുഖങ്ങൾ, നിർമ്മിതികൾ തുടങ്ങിയ പദ്ധതികൾ പൂർത്തീകരിച്ച് അവ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന മോണിടൈസേഷൻ പൈപ്പ്ലൈൻ പദ്ധതി (എൻ.എം.പി.) തീവ്രവേഗതയിൽ മുന്നോട്ടുപോവുകയുമാണ്. ഇതിന് മണൽ പ്രധാന ഘടകവുമാണ്.
കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 725 ബില്യൺ ടൺ മണൽ നിക്ഷേപമുണ്ടെന്ന് ശൈലേഷ് നായിക് കമ്മിറ്റി തയ്യാറാക്കിയ ബ്ലൂ ഇക്കോണമി രേഖ പറയുന്നു. ഇതിൽ പകുതിയോളവും കൊല്ലം സെക്ടറിലാണ്.

ഭരണഘടനാ ലംഘനം

ഭരണഘടനയുടെ 246–ാം ആർട്ടിക്കിൾ ഷെഡ്യൂൾ 2 ലിസ്റ്റ് 21 പ്രകാരം 12 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗം സംസ്​ഥാനത്തിന്റെ അധികാരപരിധിയിലാണെന്ന് ചാൾസ് ജോർജ്ജ് ചൂണ്ടിക്കാട്ടി: ‘‘2023–ൽ കേന്ദ്രസർക്കാർ 2002–ലെ ഓഫ്ഷോർ ഖനന നിയമം ഭേദഗതി ചെയ്തപ്പോൾ തീരക്കടലിന്റെ ഈ അവകാശവും ഏറ്റെടുത്തു. 26 മൂലകങ്ങളുൾപ്പെടുന്ന കരിമണലിലെ ടൈറ്റാനിയം, സിർക്കോണിയം തുടങ്ങിയ 6 മൂലകങ്ങളുടെ അവകാശവും ഏറ്റെടുത്തു സ്വകാര്യ കുത്തകകൾക്ക് കൈമാറി. കേരളത്തിൽ ചവറയിലും തിരുവനന്തപുരത്തുമുള്ള ടൈറ്റാനിയം ഫാക്ടറിക്ക് സ്വകാര്യവൽക്കരണത്തിെൻ്റ മരണമണി മുഴങ്ങിയിരിക്കുകയാണ്’’.

കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തുടർച്ചയായ മണലെടുപ്പുമൂലം ദ്വീപ് രാഷ്ട്രങ്ങളൊക്കെ പ്രതിസന്ധിയിലാണ്. നുവാരു, ടുവാലു, സോളമൻ ഐലൻ്റ്, കിരിബാറ്റി, ജർമ്മനിയുടെ ഹോൾസ്റ്റീൻ, ഹംഗറി, നോർവ്വേ ന്യൂസിലാൻ്റ് തുടങ്ങിയ രാജ്യങ്ങളെ പ്രതിസന്ധി ബാധിച്ചുകഴിഞ്ഞു. സിംഗപ്പൂർ തുറമുഖ വികസനത്തിനുവേണ്ടി മണ്ണെടുത്തതോടെ ഇന്തോനേഷ്യയുടെ 24 ദ്വീപുകളാണ് നഷ്​ടപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടനയുടെ ഐ.യു.സി.എന്നും, യു.എൻ.ഇ.പി.യും, കഴിഞ്ഞ ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നു വരെ ചേർന്ന യു.എൻ എൻവയോൺമെൻ്റ് അസംബ്ലി–6യും ഭീഷണമായ ഈ അവസ്​ഥയിലേക്ക് ശ്രദ്ധക്ഷണിച്ചിരിക്കുകയാണ്. ലോകത്തെ 141 രാജ്യങ്ങളിലെ അറുന്നൂറിലധികം ഗവേഷകർ ഈ വിഷയം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. കേരളത്തിലും ഒപ്പുശേഖരണം തുടരുകയാണ്. അതുകൊണ്ടുതന്നെ ഒരു ആഗോള പ്രതിസന്ധിയെന്ന നിലയ്ക്കും കേരളത്തിന്റെ മത്സ്യമേഖലയുടെയും എറ്റവും പ്രധാന ഉപജീവനമാർഗത്തിന്റെയും പരിസ്ഥിതിയുടെയും തകർച്ച ഉറപ്പാക്കുന്ന നീക്കമെന്ന നിലയ്ക്കും മത്സ്യങ്ങൾക്കും, മത്സ്യത്തൊഴിലാളികൾക്കും, തീരത്തിനും വേണ്ടി കേരളം ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) സംസ്​ഥാന പ്രസിഡൻ് ചാൾസ് ജോർജ്ജ് ആവശ്യപ്പെട്ടു.


READ ALSO:

കോർപറേറ്റ് പ്രോപ്പർട്ടിയാകുന്ന കടൽ

കേരളത്തിന്റെ പ്രധാന
ഉപജീവന മേഖലയെ തകർക്കുന്ന
കടൽ ഖനനം

കടൽ ഖനനത്തിനൊപ്പം
കുത്തകകളുടെ ഭീമാകാര നിർമിതികളാണ്
തീരത്ത് വരാനിരിക്കുന്നത്



Comments