കോഴിക്കോട് ജില്ലയിൽ
ദുരന്തപാതയാകുമോ
NH 66?

പ്രാദേശിക ആവശ്യങ്ങളും, പരിസ്ഥിതി സവിശേഷതകളും പരിഗണിക്കാതെയുള്ള അശാസ്ത്രീയ ഡിസൈനിംഗ്, പദ്ധതി നിർവ്വഹണത്തിലെ ആസൂത്രണമില്ലായ്മ, കാലതാമസം തുടങ്ങി ജനജീവിതത്തെയും പരിസ്ഥിതിയെയും തകർക്കുംവിധമാണ് കോഴിക്കോട് ജില്ലയിൽ NH 66 നിർമാണം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ‘എൻ.എച്ച് 66: നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പഠനത്തിലെ കണ്ടെത്തലുകൾ.

News Desk

NH 66 നിർമാണത്തിൽ കോഴിക്കോട് ജില്ലയി​​ൽ ജനങ്ങളും യാത്രക്കാരും ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ പലതും താൽക്കാലികമല്ലെന്നും സ്ഥായിയായി നിലനിൽക്കുന്നവയാണെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം.

Read: NH 66: കണ്ണൂരിൽ വീതിയില്ലാത്ത സർവീസ് റോഡ്,
വെള്ളക്കെട്ട്, തണ്ണീർത്തട നാശം; പരിഷത്ത് പഠനത്തിലെ ക​ണ്ടെത്തൽ

ദേശീയപാത കടന്നുപോകുന്ന ഇടങ്ങളിലെ പ്രാദേശിക ജനത നേരത്തെ അനുഭവിച്ചുകൊണ്ടിരുന്ന യാത്രാസൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങൾ ഇപ്പോൾ നിഷേധിച്ചിരിക്കയാണ്. ഒട്ടേറെ പുതിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. ദേശീയപാതാ വികസനം പോലുള്ള വൻകിട പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ പ്രാദേശിക ജനതയുടെ ചില സൗകര്യങ്ങൾ നഷ്ടപ്പെടുകയും, ചില പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികം എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കാരണം പ്രാദേശിക ആവശ്യങ്ങളും, പരിസ്ഥിതി സവിശേഷതകളും പരിഗണിക്കാതെയുള്ള അശാസ്ത്രീയമായ ഡിസൈനിംഗ്, പദ്ധതി നിർവ്വഹണത്തിൽ ആസൂത്രണവും ഏകോപനവുമില്ലായ്മ, നിർവഹണത്തിലെ കാലതാമസം തുടങ്ങിയവയാണ് പ്രാദേശികജനതക്ക് ഇത്രയേറെ ജീവിത പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയാക്കിയത്. ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവയൊന്നും ഉണ്ടാകുമായിരുന്നില്ല- ‘എൻ.എച്ച് 66: നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പഠനത്തിലാണ് ജില്ലയിലെ ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ദേശീയപാതാ വികസനം പോലുള്ള വൻകിട പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ പ്രാദേശിക ജനതയുടെ ചില സൗകര്യങ്ങൾ നഷ്ടപ്പെടുകയും, ചില പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികം എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.
ദേശീയപാതാ വികസനം പോലുള്ള വൻകിട പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ പ്രാദേശിക ജനതയുടെ ചില സൗകര്യങ്ങൾ നഷ്ടപ്പെടുകയും, ചില പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികം എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.

കോഴിക്കോട് ജില്ലയിൽ രണ്ട് റീച്ചുകളായാണ് NH 66 പണി നടക്കുന്നത്. അഴിയൂർ മുതൽ വെങ്ങളം വരെയും, വെങ്ങളം മുതൽ രാമനാട്ടുകര വരെയും. ഇതിൽ ഏറ്റവും ദുർഘടം അഴിയൂർ - വെങ്ങളം ഭാഗത്തെ പണിയാണ്.

Read: പിഴവുകളുമായി യാന്ത്രികവേഗത്തിൽ NH 66 നിർമാണം;
പ്രശ്നങ്ങൾ വെളിപ്പെടുത്തി പരിഷത്ത് പഠനം

കോഴിക്കോട് ജില്ലയിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ സ്ഥായിയായ സാമൂഹിക പ്രശ്നങ്ങളെ ഇനി പറയും വിധം പട്ടികപ്പെടുത്താം.

1. Embankment മൂലം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ പരസ്പരം ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടുപോകുന്നത് ഒഴിവാക്കാൻ അനുയോജ്യമായ underpass ഉൾപ്പെടുത്താതിരുന്നത്.

2. ജില്ലയിൽ ദേശീയപാതയിൽ വന്നുചേരുന്ന ഒട്ടേറെ പ്രധാന റോഡുകളുണ്ട്. ഇവിടങ്ങളിൽ Vehicular Underpass ഉൾപ്പെടുത്താതിരുന്നത് മൂലം സർവീസ് റോഡിലൂടെ ദീർഘദൂരം ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ടിവരുന്നത്.

3. ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവടങ്ങളിലെത്തിച്ചേരാൻ അതാത്സ്ഥലത്ത് Pedestrian Underpass പോലും ഇല്ലാത്തത്.

NH 66: കാസർകോട്ട് ദുരന്തം ക്ഷണിച്ചുവരുത്തുന്ന
അപകട ഖനനം; പരിഷത്ത് പഠനത്തിലെ ക​ണ്ടെത്തൽ

4. സർവീസ് റോഡിന്റെ വീതിക്കുറവ് കാരണം ഇരുവശത്തേക്കും വാഹനസഞ്ചാരം സാധ്യമാകാത്തതും ചിലസ്ഥലങ്ങളിൽ സർവീസ് റോഡിന് തുടർച്ച ഇല്ലാത്തതും.

5. Utility duct നിർമിക്കാതെ ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോമറുകളും നടപ്പാതയിൽ തന്നെ സ്ഥാപിച്ചത്.

6. സൗകര്യപ്രദമായ നടപ്പാത ഇല്ലാത്തത്.

7. അശാസ്ത്രീയമായ drainage സംവിധാനം കാരണം സർവീസ് റോഡിൽ വെള്ളക്കെട്ടുണ്ടായി റോഡ് തകർന്നതിനാൽ സ്ഥിരമായി ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നത്. ദേശീയ പാതയിൽ നിന്ന് പുറംതള്ളുന്നവെള്ളം സമീപ പ്രദേശങ്ങളിലെ വീടുകളിൽ/വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ / പൊതു വഴികളിൽ അടക്കം വെള്ളക്കെട്ടുണ്ടാക്കുന്നത്.

8. പ്രദേശിക ബസ് യാത്ര, സർവീസ് റോഡിലൂടെ ആകുമെന്നിരിക്കെ Bus bay- കൾ രൂപകല്പനയിൽ ഉൾപ്പെടുത്താതിരുന്നത്. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും പാർക്കിങ്ങിനുള്ള സംവിധാനം ഉൾപ്പെടുത്താതിരുന്നത്.

9. പ്രായോഗികമല്ലാത്ത ഇടങ്ങളിൽപ്പോലും Soil nailing സാങ്കേതികവിദ്യ നടത്തിയതുമൂലം വീടുകൾക്കുൾപ്പെടെയുള്ള അപകടഭീഷണി; ജനങ്ങൾ മാറിത്താമസിക്കുന്ന അവസ്ഥ.

10. ന്യായമായ ഈ പ്രശ്നങ്ങൾ / ആശങ്കകൾ നിവേദനത്തിലൂടെയും പ്രക്ഷോഭമാർഗ്ഗങ്ങളിലൂടെയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയിട്ടും NHAI- യുടെ നിഷേധാത്മക നിലപാട്.

11. ഇക്കാര്യങ്ങളിൽ ജനങ്ങളുടെ പക്ഷത്ത് നിൽക്കേണ്ടിയിരുന്ന സർക്കാർ വകുപ്പുകളുടെ സഹകരണമില്ലായ്മ.

12. നിലവിൽ പുഴകൾക്ക് മീതെ സർവീസ് റോഡ് പണിതിട്ടില്ല. ഇത് സംബന്ധിച്ച അവ്യക്തത.

13. ഇപ്പോൾ തന്നെ, തകർന്നുതുടങ്ങിയ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി ആര് ചെയ്യും എന്ന വ്യക്തത ഇല്ലായ്മ.

14. ദീർഘദൂരം ഓടിവരുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും സ്വല്പം വിശ്രമിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും സൌകര്യങ്ങൾ ഉൾപ്പെടുത്താതത്.

15. സർവീസ് റോഡിൽ പ്രത്യേകം ബസ്ബേകൾ ഇല്ലാത്തതുകൊണ്ട് ബസുകൾ നിർത്തുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതതടസ്സം.

16. കാൽനടക്കാർക്ക് റോഡ് ക്രോസ് ചെയ്യുവാൻ ലിഫ്റ്റ് സൌകര്യമുള്ള ഫുട്ട് ഓവർബ്രിഡ്ജിംഗ് (FOB) സംവിധാനം ഉൾപ്പെടുത്താത്തത്.

നിർമാണച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർബന്ധമായും അനുയോജ്യമായ ഏതെങ്കിലും തരത്തിലുള്ള underpass അനുവദിക്കേണ്ട ഇടങ്ങളിൽ അത് ഉൾപ്പെടുത്താതെ embankment നിർമിച്ചതു മൂലമുണ്ടായ പ്രയാസങ്ങൾ വളരെ വലുതാണ്.
നിർമാണച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർബന്ധമായും അനുയോജ്യമായ ഏതെങ്കിലും തരത്തിലുള്ള underpass അനുവദിക്കേണ്ട ഇടങ്ങളിൽ അത് ഉൾപ്പെടുത്താതെ embankment നിർമിച്ചതു മൂലമുണ്ടായ പ്രയാസങ്ങൾ വളരെ വലുതാണ്.

നിർമാണച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർബന്ധമായും അനുയോജ്യമായ ഏതെങ്കിലും തരത്തിലുള്ള underpass അനുവദിക്കേണ്ട ഇടങ്ങളിൽ അത് ഉൾപ്പെടുത്താതെ embankment നിർമിച്ചതു മൂലമുണ്ടായ പ്രയാസങ്ങൾ വളരെ വലുതാണ്. പ്രാദേശിക സമൂഹവും, ജനപ്രതിനിധികളും ഈ പോരായ്മ ചൂണ്ടിക്കാണിച്ചുവെങ്കിലും വലിയ സമ്മർദങ്ങൾക്കൊടുവിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് underpass അനുവദിക്കപ്പെട്ടത്. ഉദാ: തിക്കോടി.

കോഴിക്കോട് ജില്ലയിൽ underpass നിർമിക്കാത്തത് മൂലം ഒറ്റപ്പെട്ടുപോയതും ദീർഘദൂരം സർവീസ് റോഡിലൂടെ കാൽനടയായോ വാഹനത്തിലോ സഞ്ചരിക്കേണ്ടിവരുന്നതോ ആയ ഇടങ്ങൾ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

  • കോഴിക്കോട് ബൈപാസ്:

1. തൊണ്ടയാട് ഓവർബ്രിഡ്‌ജ് കഴിഞ്ഞ് പാലാഴി റോഡ് എത്തും മുമ്പ് ആദ്യത്തെ underpass vehicular underpass അല്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ നിന്ന് മേത്തോട്ടുതാഴത്തേക്ക് പോകുന്ന ബസ്സുകൾ പാലാഴി റോഡിനടുത്തുപോയി അവിടെയുള്ള underpass കടന്ന് തിരിച്ചുവരണം.

2. പനാത്ത് താഴം മുതൽ CWRDM വരെ 2017- ൽ പണി പൂർത്തിയാക്കിയ മെച്ചപ്പെട്ട റോഡ് കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. 15 മീറ്റർ വീതിയുള്ള ഈ റോഡ് NHAI യുടെ DPR ൽ 5 മീറ്റർ വീതിയുള്ള കോർപ്പറേഷൻ റോഡ് എന്നാണ് കാണിച്ചിരിക്കുന്നത്. തീരദേശ ഹൈവേ, കണ്ണൂർ റോഡ്, വയനാട് റോഡ്, കോഴിക്കോട് മിനി ബൈപാസ്, മേജർബൈപ്പാസ് എന്നീ റോഡുകളെ ഖണ്ഡിച്ചുകൊണ്ട് ഗാന്ധിറോഡ് മുതൽ CWRDM വരെ കോഴിക്കോട് കോർപ്പറേഷന്റെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്ന ഈ പ്രധാനപ്പെട്ട റോഡാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടാകുന്ന തടമായതിനാൽ അടിപ്പാത പ്രായോഗികമല്ല. ഇവിടെ മേൽപ്പാലം അനിവാര്യമായിരുന്നു.

3. മലാപ്പറമ്പിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള Golf link റോഡ് ജില്ലയുടെ വടക്കുഭാഗങ്ങളിൽ നിന്നുൾപ്പെടെ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മെഡിക്കൽ കോളേജിൽ എത്താൻ വലിയതോതിൽ ഉപകരിച്ചിരുന്നതാണ്. പുതിയ ദേശീയപാത വന്നതോടെ ഈ റോഡ് പൂട്ടിയിരിക്കയാണ്. ഇവിടെ Underpass നിർമിക്കണമെന്ന് 2017- മുതൽ നാട്ടുകാർ ബന്ധപ്പെട്ടവർക്കെല്ലാം നിവേദനം നൽകി ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്, പരിഗണിച്ചില്ല. Golflink റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം സാധ്യമാക്കുന്ന Underpass ഇവിടെ അനിവാര്യമാണ്. നഗരത്തിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള മറ്റ് റോഡുകളും ഇല്ലാതായിട്ടുണ്ട്.

  • അഴിയൂർ-വെങ്ങളം ഭാഗം:

4. തിരുവങ്ങൂരിൽ കാപ്പാട് - തുഷാരഗിരി റോഡ് ദേശീയപാതയിൽ ചേരുന്ന പടിഞ്ഞാറ് ഭാഗത് Underpass ഉൾപ്പെടുത്തിയില്ല. ബസ് റൂട്ട് ഉൾപ്പെടെ വലിയ ട്രാഫിക് ഉള്ള ഈ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ മതിയായ വീതിയില്ലാത്ത സർവീസ് റോഡിലൂടെ, തിരുവങ്ങൂർ FHC, തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ എന്നിവക്ക് മുന്നിലൂടെ സഞ്ചരിച്ചുവേണം 100 മീറ്റർ ദൂരത്തുള്ള underpass ൽ എത്താൻ. റോഡിൽ ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ രണ്ട് വശത്തേക്കും സഞ്ചരിക്കുന്നതുകൊണ്ടുണ്ടാകുന്ന ട്രാഫിക് തടസ്സം വാഹനയാത്രക്കാർക്ക് മാത്രമല്ല കാൽനടയാത്രക്കാർക്കും നിത്യദുരിതമായിരിക്കും.

5. ചേമഞ്ചേരി പഞ്ചായത്തിൽ വെറ്റിലപ്പാറയിൽ കിഴക്ക് ചാത്തനാടത്ത് കടവ് റോഡും, പടിഞ്ഞാറ് മൂത്തോന റോഡും ദേശീയപാതയിൽ ചേരുന്ന ഭാഗത്ത് ഒരു Pedestrian Underpass എങ്കിലും അനുവദിക്കണമെന്ന പ്രദേശവാസികളുടെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വെറ്റിലപ്പാറ സ്റ്റോപ്പിൽ ബസിറങ്ങുന്നവർ മറുഭാഗത്തേക്ക് പോകാൻ തിരുവങ്ങൂർ underpass ലൂടെ 3 കി.മീറ്ററിലധികം കാൽനടയാത്ര ചെയ്യേണ്ട സ്ഥിതിയാണ് ഇതുമൂലമുണ്ടായിരിക്കുന്നത്.

സർവീസ് റോഡ് നിർമാണത്തി​ലെ അപാകതകളെ തുടർന്ന് ​കൊയിലാണ്ടിക്കടുത്ത നന്തിയിൽ സ്ത്രീ വെള്ളക്കെട്ടിൽ വീണ റിപ്പോർട്ട് (മാതൃഭൂമി, 2020 ഒക്ടോബർ 29).
സർവീസ് റോഡ് നിർമാണത്തി​ലെ അപാകതകളെ തുടർന്ന് ​കൊയിലാണ്ടിക്കടുത്ത നന്തിയിൽ സ്ത്രീ വെള്ളക്കെട്ടിൽ വീണ റിപ്പോർട്ട് (മാതൃഭൂമി, 2020 ഒക്ടോബർ 29).

6. ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്കൂൾ ഭാഗത്തുനിന്ന് വരുന്ന റോഡ് ദേശീയപാത ചേരുന്നയിടത്താണ് ചേമഞ്ചേരി ബസ് സ്റ്റോപ്പ്. ഇവിടെ pedestrian underpass നിർമിക്കാതിരുന്നത് മൂലം ഈ സ്റ്റോപ്പിൽ ബസിറങ്ങുന്നവർ മറുവശത്തെത്താൻ 3 കി.മീറ്ററിലധികം കാൽനടയാത്ര ചെയ്യണം.

7. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം അണ്ടർപാസ്സ് ഇല്ലാത്തതിനാൽ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നവർക്കും, കിഴക്ക് ഭാഗത്ത് നിന്ന് ട്രെയിൻ കയറാൻ വരുന്നവർക്കും മറുവശത്തെത്താൻ ഒരു കിലോമീറ്ററിലധികം കാൽനടയാത്ര ചെയ്ത് പൊയിൽക്കാവ് അണ്ടർപാസ്സ് വഴി വരണം. ചേമഞ്ചേരി പഞ്ചായത്തിൽ മേൽപ്പറഞ്ഞ മൂന്ന് ഇടങ്ങളിലും (വെറ്റിലപ്പാറ, ചേമഞ്ചേരി ബസ് സ്റ്റോപ്പ്, ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ) ഫൂട്ട് ഓവർബ്രിഡ്‌ജ് അനിവാര്യമാണ്.

8. ചെങ്ങോട്ടുകാവിൽ അടിപ്പാത രൂപകൽപ്പനയിലെ അപാകത മൂലം ചേലിയ ഭാഗത്ത് നിന്ന് കൊയിലാണ്ടിയിലേക്ക് പോകേണ്ട വാഹനങ്ങൾ 2 കി.മീറ്ററിലധികം അകലെയുള്ള പൊയിൽക്കാവ് അണ്ടർപാസ്സ് കടന്ന് വേണം പോകാൻ. ചെങ്ങോട്ടുകാവ് അണ്ടർപ്പാസ് വഴി തന്നെ കടന്നുപോകാൻ കഴിയുംവിധം ക്രമീകരണം നടത്തണം.

9. കൊയിലാണ്ടിയിൽ കൊല്ലം - മേപ്പയൂർ റോഡിൽ അണ്ടർപ്പാസ് ഉണ്ട്. മേപ്പയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അണ്ടർപ്പാസ് കടന്ന് സർവീസ് റോഡിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച് വേണം മറുവശത്ത് കൊല്ലം റോഡിലെത്താൻ. ഈ രുപകല്പന മൂലം ഇവിടെ ട്രാഫിക് തടസ്സം ഇപ്പോൾതന്നെ സ്ഥിരമായിരിക്കുന്നു.

10. പയ്യോളി ടൌണിൽ അങ്ങാടിയുടെ മുഴുവൻ നീളത്തിലും എലിവേറ്റഡ് ഹൈവേക്കുവേണ്ടി ജനകീയ പ്രക്ഷോഭം നടന്നെങ്കിലും 150 മീറ്റർ മേൽപ്പാലമാണ് നിർമിച്ചത്. പയ്യോളി നഗരവികസനം ഇക്കാരണത്താൽ പ്രതിസന്ധിയിലാണ്.

11. വടകരയിൽ മേൽപ്പാലം അനിവാര്യമായ സ്ഥലങ്ങളാണ് അരവിന്ദ്ഘോഷ് റോഡും പാലയാട് നടയും. ഈ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ എത്രയോതവണ പെടുത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

12. ചോറോട് ഉള്ള MSUPS, മാപ്പിള LP സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ദേശീയപാത മുറിച്ചുകടക്കാൻ pedestrian underpass നിർബന്ധമായും ഉണ്ടാകണം.

13. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള സർവീസ് റോഡിലെ ഓവുചാലിന്റെ കോൺക്രീറ്റ് കവറിങ്ങ് സ്ലാബുകൾ ഗുണമേന്മ ഇല്ലാത്തതുകൊണ്ടും ഘനക്കുറവും മൂലം പൊട്ടിപ്പൊളിഞ്ഞുപോയതു മൂലം ഗതാഗത തടസ്സം രൂക്ഷമാണ്.

14. ഈ ഭാഗങ്ങളിൽ നിർമിച്ച ഓവുചാലുകളിൽ മണ്ണും ചെളിയും നിറഞ്ഞ് ചാലിന് ആഴക്കുറവ് വന്നതുമൂലം മഴവെള്ളം സുഗമമായി പോകുന്നില്ല.

  • സർവീസ് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ:

ലഭ്യമായ വിവരമനുസരിച്ച് ദേശീയപാതക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വീതി 45 മീ. ആണ്. ഡ്രെയിനേജ് ഉൾപ്പെടെ സർവീസ് റോഡിന് 7 മീറ്ററും ഫുട്‌പാത്തിന് 1.5 മീറ്ററും വീതി ഉണ്ടാകണം. മിക്ക ഇടങ്ങളിലും സർവീസ് റോഡിന് നിശ്ചിത വീതി ഇല്ല. ഉയരപ്പാതയിൽ നിന്നുള്ള വെള്ളം ഡ്രെയിനേജിലേക്ക് പോകാൻ സംവിധാനമൊരുക്കാത്തതിനാൽ മഴവെള്ളം സർവീസ് റോഡിലൂടെ ഒഴുകുകയാണ്. ഇത് കാരണം ആദ്യ മഴക്കുതന്നെ സർവീസ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. വീതിക്കുറവും വലിയ ഗർത്തങ്ങളും ട്രാഫിക് തടസ്സത്തിന് കാരണമാകുന്നു. ഫുട്‌പാത്ത് പണി സമാന്തരമായി നടക്കാത്തതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റുകളും, ട്രാൻസ്ഫോമറുകളും പലയിടത്തും നടപ്പാതക്ക് നീക്കിവെച്ചിരിക്കുന്നസ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഫുട്‌പാത്തിനടയിൽ വിവിധ ആവശ്യങ്ങൾക്കുള്ള കേബിളുകളും കുടിവെള്ള പൈപ്പുകളും കടന്നുപോകുന്നതിന് ഉദ്ദേശിച്ചുള്ള Utility duct നിർമിക്കാതിരുന്നതുമൂലമാണ് ഇത് സംഭവിച്ചത്.

  • സർവീസ് റോഡിന്റെ തുടർച്ചയില്ലായ്മയും പ്രശ്നമാണ്. പാലങ്ങൾക്കിരുവശവും സർവീസ് റോഡ് ഇല്ല. അഴിഞ്ഞിലം ഭാഗത്തുള്ള സർവീസ് റോഡ് ശരിയായ രീതിയിലല്ല നിർമ്മിച്ചിട്ടുള്ളത്.

  • തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ്, കൊല്ലം, ചോറോട്, മുക്കാളി, ആവിക്കൽ, പാലയാട് നട എന്നിവിടങ്ങളിൽ സർവ്വീസ് റോഡിന് വീതി വളരെ കുറഞ്ഞ ഭാഗങ്ങളുണ്ട്.

  • ജില്ലയിൽ പലയിടത്തും സർവീസ് റോഡുകളിൽ Busbay, Auto-Taxi stand എന്നിവക്ക് ഇടമില്ല.

  • അറപ്പുഴ ഭാഗത്ത് ടോൾപ്ലാസക്കുവേണ്ടി ദേശീയപാതയുടെ വീതി കൂട്ടിയതിനാൽ സർവ്വീസ് റോഡിന് വീതി വളരെ കുറവാണ്.ഡ്രെയിനേജ് പ്രശ്നങ്ങൾ:

  • ഡ്രെയിനേജ് പ്രശ്നങ്ങൾ:

കോട്ടൂളിയിലെ, പനാത്ത് താഴം തണ്ണീർത്തടമായതിനാൽ മതിയായ ജലനിർഗമന മാർഗങ്ങൾ ഇല്ല. ഇവിടെ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണ്. പാച്ചാക്കിൽതോട് ഭാഗത്തും ഇതേ പ്രശ്നമുണ്ട്.

വളരെയധികം ജാഗ്രത വേണ്ട, ഇതിനു മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ള ഒരു ഭാഗമാണ് കൊടൽനടക്കാവിൽ ഹൈലൈറ്റ് ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശം. ഏതാണ്ട് 50 മീറ്റർ ഉയരമുള്ള കട്ടിങ്ങിൽ പണി നടക്കുന്നസ്ഥലത്ത് റോഡ് നിരപ്പിൽ നിന്നും 20 മീറ്റർ വരെ ഉയരത്തിൽ അടിപ്പാറയാണ്.
വളരെയധികം ജാഗ്രത വേണ്ട, ഇതിനു മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ള ഒരു ഭാഗമാണ് കൊടൽനടക്കാവിൽ ഹൈലൈറ്റ് ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശം. ഏതാണ്ട് 50 മീറ്റർ ഉയരമുള്ള കട്ടിങ്ങിൽ പണി നടക്കുന്നസ്ഥലത്ത് റോഡ് നിരപ്പിൽ നിന്നും 20 മീറ്റർ വരെ ഉയരത്തിൽ അടിപ്പാറയാണ്.

ഡ്രെയിനേജിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശമാണ് മാമ്പുഴ റിവർ റോഡ് പ്രദേശം പൊയിൽക്കാവ് പ്രദേശത്ത് ദേശീയപാതയിൽ നിർമിച്ചിരിക്കുന്ന കൾവെർട്ട് അപര്യാപ്തമാണ്. അതിനാൽ ഇവിടെ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ചെങ്ങോട്ടുകാവിലും ഡ്രെയിനേജ് അപര്യാപ്തത മൂലം വെള്ളക്കെട്ടുണ്ട്. കൊല്ലം അണ്ടർപ്പാസിൽ മഴയില്ലാത്തപ്പോൾ പോലും വെള്ളക്കെട്ടുണ്ട്. പയ്യോളി ടൗൺ, ചോറോട് ഗേറ്റിന് സമീപം മുക്കാളി - ആവിക്കര സർവീസ് റോഡ്, വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനമില്ലാത്തതിനാൽ വെള്ളക്കെട്ടിനാൽ പ്രശ്നങ്ങളുള്ള സ്ഥലങ്ങളാണ്. കരിമ്പനപ്പാലത്ത് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തോട്ടിൽ നിർമ്മിച്ചിട്ടുള്ള പില്ലർ ഒഴുക്കിന് വിഘാതമുണ്ടാക്കുന്നുണ്ട്. കൂടത്തുംപാറ ജി.എൽ.പി. സ്കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിൽ സർവീസ് റോഡ് ഉയരത്തിലായതിനാൽ സ്കൂളിലേക്കുള്ള റോഡ് വെള്ളക്കെട്ട് കാരണം തോടായി മാറി. സമീപത്തെ അങ്കണവാടിയുടെ പ്രവർത്തനവും പ്രയാസത്തിലാണ്.

  • Embankment മൂലം കസ്റ്റമർവരവ്
    കുറഞ്ഞ ബാങ്കുകൾ:

a. Embankment നിർമിതി കാരണം കസ്റ്റമർ വരവ് വളരെ കുറഞ്ഞുപോയ ഒരു സ്ഥാപനമാണ് തിരുവങ്ങൂർ ഗ്രാമീണ ബാങ്ക്.

b. ദേശീയപാതയിൽ നിന്ന് മങ്ങോട്ടുപാറയിലേക്കുള്ള റോഡ് അടച്ചത് കാരണം വടകര, ചോറോട് സർവീസ് സഹകരണ ബാങ്കിലെ കസ്റ്റമർ വരവ് 50 ശതമാനത്തിൽ അധികം കുറഞ്ഞു.

സാങ്കേതിക പ്രശ്നങ്ങൾ

ചേലേമ്പ്ര ഭാഗം ചെങ്കൽ മേഖലയാണ്. സർവീസ് റോഡും പ്രധാന റോഡും ഒരേ നിരപ്പിലാണ്. സംരക്ഷണ ഭിത്തിയുണ്ട്. കാര്യമായ മറ്റു പ്രശ്നങ്ങളിലില്ല. അഴിഞ്ഞിലത്തേക്ക് വരുമ്പോൾ പടിഞ്ഞാറ് ഭാഗത്തായുള്ള സർവീസ് റോഡ് ശരിയായ രീതിയിലല്ല നിർമ്മിച്ചിരിക്കുന്നത്. ഫറോക്ക് കോളേജ് ഭാഗത്തേക്ക് തിരിയുന്ന ഭാഗമാണിത്. കടവ് റിസോർട്ടിന്റെ ഭാഗത്ത് പുഴയിൽ പാലം പണി നടക്കുന്നുണ്ടെങ്കിലും സർവീസ് റോഡ് അതിലൂടെയാകുമോ എന്നറിയില്ല. പുഴയുടെ തെക്ക് ഭാഗത്ത് (റാവിസ് റിസോർട്ടിന്റെ ഭാഗം) മൂന്ന് മീറ്റർ വരെ ചെങ്കൽ മുറിച്ച ഭാഗമുണ്ട്. അവിടെ അനുയോജ്യമായ വൃക്ഷവൽക്കരണം/ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ വേണ്ടിവരും. റോഡിന്റെ കിഴക്ക് ഭാഗം പാറടം വെയിംങ് ബ്രിഡ്‌ജുള്ള സ്ഥലത്ത് കുത്തനെയുള്ള കട്ടിങ്ങ് ഉണ്ട്. ഏകദേശം 10 മീറ്ററുള്ള കട്ടിങ്ങിൽ സംരക്ഷണഭിത്തി നിർമ്മാണമുണ്ട്. ഉരുളൻ കല്ലുകളും ചെമ്മണ്ണും കാണുന്ന ഇവിടെ മണ്ണിടിച്ചിൽ സാധ്യത കൂടുതലാണ്.

വളരെയധികം ജാഗ്രത വേണ്ട, ഇതിനു മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ള ഒരു ഭാഗമാണ് കൊടൽനടക്കാവിൽ ഹൈലൈറ്റ് ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശം, ഏതാണ്ട് 50 മീറ്റർ ഉയരമുള്ള കട്ടിങ്ങിൽ പണി നടക്കുന്നസ്ഥലത്ത് റോഡ് നിരപ്പിൽ നിന്നും 20 മീറ്റർ വരെ ഉയരത്തിൽ അടിപ്പാറയാണ്. അതിനു മുകളിൽ 30 മീറ്റർ കനത്തിൽ ചെങ്കൽ മണ്ണാണ്. ഈ മൺപാളിയിലൂടെ വെള്ളം ഒഴുകാത്ത വിധം പടിഞ്ഞാറ് ഭാഗത്ത് ട്രെഞ്ച് ഉണ്ടാക്കി വെള്ളം വഴിതിരിച്ച് വിടുകയും മണ്ണടർന്നു വീഴാത്ത വിധമുള്ള ഗാബിയോൺ / ജിയോടെക്സ്റ്റയിൽസ് സംരക്ഷണമാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമുണ്ട്. ബഹുനില കെട്ടിടങ്ങളുടെ അടിത്തറ സംബന്ധിച്ച വിവരങ്ങളും ആരായേണ്ടതായുണ്ട്. സർവീസ് റോഡ് ഇതിലെയാണ് കടന്നുപോവുക. അതിന്റെ നിർമ്മാണം നടക്കുന്നുണ്ട്. സ്വാഭാവികമായും വാഹന ബാഹുല്യമുള്ള സർവ്വീസ് റോഡായിരിക്കും ഇത്.

  • പനാത്ത് താഴം ജങ്ഷൻ തണ്ണീർത്തട പ്രദേശമാണ്. വെള്ളക്കെട്ടാണ് നിലവിലെ പ്രശ്നം. വെള്ളപ്പൊക്കത്തടമായിട്ടും ശരിയായ രീതിയിൽ ജലനിർഗ്ഗമന മാർഗ്ഗങ്ങൾ നിർമിച്ചിട്ടില്ല.

  • പാച്ചാക്കിൽ തോട് സ്ഥിതിചെയ്യുന്ന ഭാഗത്തും ഇതേ പ്രശ്നങ്ങളുണ്ട്.

  • എലത്തൂരിൽ കോരപ്പുഴ പാലത്തിന്റെ ഭാഗത്തും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കേണ്ടതുണ്ട്. പുഴയിൽ ഇറക്കിയിട്ടുള്ള മണ്ണ് ഇനിയും നീക്കം ചെയ്തിട്ടില്ല.

  • തിരുവങ്ങൂർ ഭാഗത്ത് സർവീസ് റോഡിന്റെ വീതി വളരെ അപര്യാപ്തമാണ്. കാപ്പാട് - തുഷാരഗിരി റോഡ് കടന്നുപോകുന്ന ഒരു പ്രധാനപ്പെട്ട ജംഗ്ഷൻ ആയിട്ടുകൂടി ഒരു പരിഗണയും ഇവിടെ ലഭിച്ചിട്ടില്ല. പൊയിൽക്കാവ് പ്രദേശത്ത് റോഡിൽ നിർമ്മിച്ചിട്ടുള്ള കൾവർട്ടും അപര്യാപ്തമാണ്; വെള്ളക്കെട്ടുണ്ട്. സർവീസ് റോഡിന് വീതി കുറവാണ്. പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചിട്ടില്ല.

  • കറുവങ്ങാട് (ബപ്പൻകാട്) 10 മീറ്ററിനു മുകളിലാണ് മണ്ണ് മുറിച്ചുമാറ്റിയിട്ടുള്ളത്. ചെമ്മണ്ണുംസ്ഥലത്തെചെങ്കല്ലും കാണപ്പെടുന്ന ഇവിടെ സോയിൽ നൈലിംങ് ചെയ്തിട്ടുണ്ടെങ്കിലും പര്യാപ്തമല്ലാത്തതിനാൽ വീടുകൾക്ക് അപകടഭീഷണിയുണ്ട്.

  • ചെങ്ങോട്ട്കാവിൽ വെള്ളക്കെട്ട് പ്രശ്നമായി നിലനിൽക്കുന്നു. ഡ്രെയിനേജ് അപര്യാപ്തമാണ്. അടിപ്പാത രൂപകല്പനയിലും അപാകതകളുണ്ട്. ചെളിമണ്ണ് പ്രദേശമായതിനാൽ സത്വരശ്രദ്ധ വേണ്ട ഭാഗമാണിത്.

  • പന്തലായനി ഭാഗത്തും ഗുരുതര പ്രശ്നങ്ങളുണ്ട്. സോയിൽ നെയിലിംങ് ഫലപ്രദമല്ല. ചെമ്മണ്ണും പാറകലർന്ന മണ്ണും ഇടിയാൻ സാധ്യത കൂടിയവയാണ്. സമീപ വീടുകളുടെ സുരക്ഷയും പ്രശ്നമാണ്.

  • കുന്ന്യോറ മലയെ ഒരു ഉരുൾപൊട്ടൽ പ്രദേശമായി NHAI തന്നെ ബോർ‍ഡ് സ്ഥാപിച്ച് സ്ഥിരീകരിച്ചിരിക്കയാണ്. 30 മീറ്ററിലേറെ കുത്തനെ മണ്ണെടുത്ത് ഈ പ്രദേശത്തെ ഇരുവശങ്ങളിലെയും വീടുകൾക്ക് വൻ ഭീഷണിയായി നിലനിൽക്കുന്നു. ഹൈവേയുടെ DPR- ൽ ഇവിടെ 17 മീറ്റർ മാത്രമെ കുഴിക്കാവൂ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സോയിൽ നയിലിംങ് കൊണ്ട് പ്രയോജനം ചെയ്യില്ല എന്നറിഞ്ഞിട്ടും അതു പ്രയോഗിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ ഗുണമേന്മ ഉറപ്പുവരുത്താതെയും വേണ്ടത്ര മേൽനോട്ടം നടത്താതെയുമാണ് കുറച്ചുഭാഗം സോയിൽ നെയിലിംഗ് നടത്തിയത്. മണ്ണ്, പാറ, ചേടി ഇവയൊന്നും പരിഗണിച്ചിട്ടില്ല. ഏത് നിമിഷവും ഇരുവശവും തകർന്നുവീഴുന്ന സ്ഥിതിയിലാണ്. തട്ടുതട്ടാക്കിയും ബേംസ് പണിതും ഉരുളൻകല്ലുകൾ പതിക്കാതിരിക്കാനുള്ള ഗാബിയോണുകൾ നി‍ർമ്മിച്ചും അടിയന്തിരമായി സംരക്ഷിക്കപ്പെടേണ്ടഒരു പ്രദേശമാണിത്. അപകടത്തിന്നിരയായ 19 വീട്ടുകാരെ കരാറുകാർ തന്നെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.

  • കൊല്ലം ഭാഗത്ത് അണ്ടർപാസുണ്ട്. എംബാങ്ക്മെന്റും കാണാം. ചെമ്മണ്ണും കളിമണ്ണും ചേർന്ന പ്രദേശത്ത് വെള്ളക്കെട്ടുണ്ട്. സർവ്വീസ് റോഡിനു വീതി കുറവാണ്. പ്രധാന റോഡ് സർവീസ് റോഡിൽ കയറേണ്ടി വരുന്നിടത്ത് വീതി തീരെയില്ല. അടിപ്പാതയിലൂടെ സഞ്ചരിച്ച് വാഹനങ്ങൾ വീണ്ടും സർവീസ് റോഡ് മുറിച്ച് കടക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങൾ കൂടുതൽ ട്രാഫിക് പ്രശ്നങ്ങൾക്ക് കാരണമാകും.

  • പപ്പർകുന്ന് (മൂടാടി ഗോഖലെ സ്കൂൾ പരിസരം) സ്കൂൾ വളപ്പിനോട് ചേർന്നാണ് റോഡ്. സോയിൽ നിയിലിംങ് അപര്യാപ്തമാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. വിദ്യാർഥികൾക്കും മറ്റും സുരക്ഷിതമായി സ്കൂളിൽ എത്തിച്ചേരാൻ നിലവിൽ പ്രശ്നങ്ങളുണ്ട്.

  • പയ്യോളി ടൗൺ 150 മീറ്റർ മേൽപ്പാലമാണ്. 250 മീറ്റർ എംബാങ്ക്മെന്റുമുണ്ട്. സംരക്ഷണഭിത്തിയുണ്ട്. വെള്ളക്കെട്ട് ഒരു പ്രശ്നമാണ്. പയ്യോളി നഗര വികസനം പാടെ പ്രതിസന്ധിയിലാണ്.

  • പയ്യോളി, തിക്കോടി ടൗണുകൾ പാടെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇനി പുതിയത് ഉണ്ടായി വരണം. തിക്കോടിയിൽ അണ്ടർപാസിനായി നടന്ന ജനകീയ പ്രക്ഷോഭങ്ങൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

  • നന്തിയിൽ ആശാനികേതൻ നിൽക്കുന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷാ നടപടികൾ സ്വീകരിക്കാതെയും സർവീസ് റോഡ് നിർമിക്കാതെയും കുത്തനെ മണ്ണ് ഇടിച്ചുകൊണ്ടുപോയിരിക്കുന്നു.

  • ഇരിങ്ങലിൽ പണി നടക്കുന്ന പ്രദേശത്ത് കാര്യമായ പ്രശ്നങ്ങൾ ഇല്ല. എങ്കിലും ഇരിങ്ങൽ - സർഗ്ഗാലയ അപ്രോച്ച് റോഡിൽ പ്രതിസന്ധി ഉണ്ടായേക്കും.

  • ചോറോട്, വീടുകൾക്ക് സുരക്ഷാഭീഷണിയുണ്ട്. ഗതാഗതതടസ്സം പ്രശ്നമാണ്. ചെമ്മണ്ണ് പ്രദേശമാണ്. വെള്ളക്കെട്ട്, ഗതാഗത തടസ്സം, സർവ്വീസ് റോഡിന്റെ വീതിക്കുറവ്, സർവീസ് റോഡ് നിർമാണത്തിലെ അപാകത എന്നിവ ചോറോട് ഗേറ്റിനു സമീപത്തെ പ്രശ്നങ്ങളാണ്.

  • മുക്കാളി ഹാർബർ റോഡിൽ സംരക്ഷണഭിത്തി ഉണ്ടാക്കിയിട്ടുണ്ട്. മുക്കാളി ഒത്തത്തും മടപ്പള്ളി ഒത്തത്തും വേണ്ടത്ര സാങ്കേതികപഠനം നടത്താതെ കുത്തനെ മണ്ണിടിച്ച് സോയിൽ നെയിലിംഗ് നടത്തിയ ഭാഗങ്ങൾ 2024 ൽ തന്നെ തകർന്നുപോയിരുന്നു.
    വീടുകൾക്ക് സുരക്ഷാഭീഷണിയുണ്ട്. അപകട സാധ്യത കൂടുതലാണ്. 15 മീറ്റർ ഉയരത്തിൽ മണ്ണെടുത്തിട്ടുണ്ട്. മുക്കാളി ആവിക്കര സർവീസ് റോഡിലും വീതി കുറവാണ്. വെള്ളക്കെട്ട് പ്രശ്നമായിനിലനിൽക്കുന്നു. മടപ്പള്ളി 15 മീറ്റർ ഉയരത്തിൽ മണ്ണെടുത്തത് വീടുകൾക്ക് വലിയ ഭീഷണിയുണ്ട്. ചെങ്കല്ലും ചെമ്മണ്ണും നിറഞ്ഞ പ്രദേശം. സോയിൽ നെയിലിംങ് ചെയ്തിട്ടുണ്ട് ഈ ഭാഗങ്ങളിൽ.

  • വടകര - പഴങ്കാവ് ഫയർ റോഡ് അപകടസാധ്യതയുള്ള ഭാഗമായി മാറിയിരിക്കുന്നു. സോയിൽ നെയിലിംഗ് ചെയ്ത കമ്പി കിണറ്റിലെത്തിയ അവസ്ഥയിലാണ്. മണ്ണിടിച്ചിൽ സമീപ വീടുകൾക്ക് ഭീഷണിയാണ്.

  • കരിമ്പനപ്പാലം, വടകര പുതിയ സ്റ്റാന്റ് പരിസരം വെള്ളക്കെട്ട് ഭീഷണിയിലാണ്. വെള്ളം ഒഴിവാക്കാൻസ്ഥലമില്ലാത്തതാണ് പ്രശ്നം. കരിമ്പനപ്പാലത്ത് തോട്ടിൽ നിർമ്മിച്ചിട്ടുള്ള പില്ലർ ഒഴുക്കിന് വിഘാതമുണ്ടാക്കുന്നു. വെള്ളക്കെട്ടും നിർമ്മാണത്തിലെ അപാകതകളും പ്രശ്നമാണ്. മരുന്നോളി ഒന്തം ഭാഗത്തും നിർമ്മാണത്തിലെ അപാകതകളും മൺകൂനയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മേൽനടപ്പാത അനിവാര്യമായ സ്ഥലമാണ് അരവിന്ദ് ഘോഷ് റോഡ്.
    പക്ഷേ നടപടി സ്വീകരിച്ചതായി കാണുന്നില്ല. പാലയാട് നട സർവീസ് റോഡിന്റെ വീതി വളരെ കുറവും അതുമൂലം അപകടസാധ്യതയുമുള്ള പ്രദേശമായി മാറിയിരിക്കുന്നു. ജംങ്ഷനിൽ മേൽപ്പാലം അത്യാവശ്യമുള്ള സ്ഥലമാണിത്.

  • മൂരാട് പാലത്തിലെ വിള്ളൽ നിർമ്മാണത്തിലെ അപാകതകൊണ്ടുണ്ടായിട്ടുള്ള ഒന്നാണ്. സത്വര ശ്രദ്ധ വേണ്ട ഒരു സാങ്കേതിക പ്രശ്നമാണ്.

  • ഇരിങ്ങൽ അണ്ടർപാസിന്റെ ഗർഡറുകൾ വേണ്ടത്ര ഗുണനിലവാരം ഇല്ലാത്തതും വേണ്ടത്ര സാങ്കേതിക മേൽനോട്ടം നടത്താതെയുമാണ് നിർമിച്ചിരിക്കുന്നത്. അത് അപകട ഭീഷണി വരുത്താനുള്ള സാധ്യതയുണ്ട്.

  • പാലയാട് നട സംരക്ഷണഭിത്തിയും സോയിൽ നെയിലിംങ് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള ചെമ്മണ്ണ് പ്രദേശമാണിത്. അക്കാര്യം വേണ്ടത്ര പരിഗണിച്ചിട്ടില്ല.

മണ്ണും പ്രകൃതിയും ജനവാസവും
പരിഗണിക്കാത്ത നിർമാണം

ഭൂപ്രകൃതി, ജലപരിസ്ഥിതി, കാലാവസ്ഥ, മണ്ണിന്റെ ഘടന, മണ്ണിന്റെ സ്വഭാവം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നീരൊഴുക്ക് വ്യവസ്ഥ, വെള്ളക്കെട്ട്, തണ്ണീർത്തട ആവാസവ്യവസ്ഥ, നെൽപ്പാടങ്ങളുടെ പ്രത്യേകത, കൃഷി, ജനവാസം, പാർപ്പിട പ്രത്യേകതകൾ, ചെറു നഗര വ്യവസ്ഥിതി, ഗ്രാമ പ്രത്യേകതകൾ, പ്രാദേശിക ഗതാഗത പ്രശ്നങ്ങൾ, തൊഴിൽ - സേവന മേഖല, പൊതുവിലുള്ള ജനപ്രകൃതി ഇതൊന്നും പരിഗണിച്ചല്ല ഹൈവേ നിർമ്മാണം നടത്തിയിരിക്കുന്നത്.

സാങ്കേതിക പരിമിതി:

  • സ്വീകരിക്കേണ്ട സാങ്കേതിക സാധ്യതകൾ പലതും പരിഗണിക്കുകയുണ്ടായിട്ടില്ല.

  • കട്ടിംഗ്, ഫില്ലിംഗ് എന്നിവകളിൽ സ്വീകരിക്കേണ്ട എഞ്ചിനീയറിംങ് നടപടികൾ പലസ്ഥലത്തും പാലിക്കപ്പെട്ടില്ല.

  • ഗാബിയോൺ തരം സംരക്ഷണ ഭിത്തികൾ (Gabion type Retaining walls) മികച്ച സംരക്ഷണമുറയാണ്. സ്വീകരിച്ചതായി കാണുന്നില്ല.

  • Geocell retaining wall- കൾ ആണ് പുതിയ രീതി. അതും സ്വീകരിച്ചിട്ടില്ല.

  • അധികജലം പുറത്ത് കളയുന്നതിനും സുഷിര ജലമർദ്ദം (pore pressure) കുറയ്ക്കുന്നതിനുമായുള്ള Prefabricated Vertical Drains (PVD) മാർഗം സ്വീകരിച്ചിട്ടില്ല.

  • കട്ടിംങ് നടന്നറോഡിന്റെ ഇരുഭാഗങ്ങളിലും വേണ്ട Ditches & Trenches നിർമ്മിച്ചിട്ടില്ല. മൺചരിവിൽ സ്ഥാപിക്കേണ്ട കമ്പിവല, Anchoring ഇതൊന്നും വേണ്ട ഗുണനിലവാരത്തിൽ നിർമിച്ചിട്ടില്ല.

  • Berms, Benching, Terracing അപര്യാപ്തം/ അപൂർവം.

  • Rockfall protection വശങ്ങളിൽ സ്ഥാപിച്ചിട്ടില്ല

  • Alarm, Sensors എന്നിവയൊന്നും സ്ഥാപിച്ചിട്ടില്ല.

ഭീതിജനകം,
കുന്ന്യോറമല

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള കുന്ന്യോറമലയിലെ ഇപ്പോഴത്തെ കാഴ്ച ഭീതിജനകമാണ്. NH 66 കടന്നുപോകുന്നത് കുന്ന്യോറമലയെ നെടുകെ പിളർത്തിയാണ്. 17 മീറ്റർ മാത്രമേ താഴ്‌ത്താവൂ എന്ന DPR-ലെ നിബന്ധനകളെ പോലും കാറ്റിൽ പറത്തി 30 മീറ്റർ നേരെ കുത്തനെ വെട്ടി താഴ്ത്തിയാണ് ഹൈവെ നിർമാണം. അതുവഴി 45 മീറ്റർ നീളത്തിൽ, 13 മീറ്റർ ആഴത്തിൽ ഒരു കുന്നിന്റെ വീതിയിലുള്ള മണ്ണ്, അത്രയും എടുക്കാൻ പാടില്ലാത്ത അധിക മണ്ണ് കരാർ കമ്പനി അവരുടെ പണിസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. DPR- ൽ പറഞ്ഞ 17 മീറ്ററിനും താഴെ ഉറപ്പില്ലാത്ത ചീടിമണ്ണാണ്. മണ്ണിന് ഉറപ്പ് കൂട്ടാനായി നെയിലിങ്ങ് നടത്തി. തുടർന്ന്, രണ്ടു തരത്തിലുള്ള ദുരിതങ്ങളാണ് അവിടെ കണ്ടത്:
1) താമസക്കാരുടെ ജീവിതദുരിതങ്ങൾ.
2) കുത്തനെ താഴ്ത്തി ഉണ്ടാക്കിയ റോഡിന്റെ ഇരുവശവും ഏതു സമയവും ഇടിഞ്ഞുവീണുണ്ടാകുന്ന ദുരന്തം.

ശാസ്ത്രസാഹിത്യ പരിഷത്ത് പഠനസംഘം
ശാസ്ത്രസാഹിത്യ പരിഷത്ത് പഠനസംഘം

കുന്ന്യോറമല നാല് സെന്റ് കോളനിയെ കൊല്ലം ടൗണുമായി ബന്ധിപ്പിച്ചിരുന്ന നല്ലൊരു റോഡിനെ തകർത്തുകൊണ്ടാണ് ഹൈവെ പണി കടന്നുവന്നത്. പകരം റോഡ് ഉണ്ടായില്ല. ഇപ്പോൾ ഏറ്റവും വലിയ യാത്രാദുരിതമാണ് വിദ്യാർഥികളും ജോലിക്കാരും അനുഭവിക്കുന്നത്. ഒരു വാഹനവും ഇപ്പോൾ ഈ പ്രദേശത്തേക്ക് വരുന്നില്ല. ആശുപത്രിയിലെത്തിക്കാനാകെ ഒരു രോഗി മരിച്ചു. ആളുകൾക്ക് യഥാസമയം ജോലിക്ക് പോകാൻ കഴിയുന്നില്ല.

160 വീടുകൾ കുടിവെള്ളത്തിനുപയോഗിക്കുന്ന മുൻസിപ്പാലിറ്റി വക സ്ഥാപിച്ച വാട്ടർ ടാങ്ക് തകർത്തുകൊണ്ടാണ് NH കടന്നുപോകുന്നത്. തൽക്കാലം ബദൽ സംവിധാനമുണ്ടെങ്കിലും എത്രകാലമുണ്ടാകുമെന്ന് ആർക്കും ഉറപ്പില്ല. മണ്ണെടുത്ത മലയുടെ ഇരുഭാഗങ്ങളിലുമുള്ള 19 കുടുംബങ്ങൾ പാടെ ഭീഷണിയിലാണ്. ഏതു സമയത്തും മലയിടിച്ചിലുകൾ ഉണ്ടാകാം. ഇടിയാതിരിക്കാൻ വേണ്ടി കമ്പനി ചെയ്ത നെയിലിങ്ങ് എന്ന "സുരക്ഷാമാർഗ്ഗം" തികച്ചും അശാസ്ത്രീയമായിരുന്നു. ഒരിക്കലും നെയിലിംങ്ങ് ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് നെയിലിങ് ചെയ്തിരിക്കുന്നു. മണ്ണിന്റെ ഘടനയോ താഴ്ച്ചയോ പരിഗണിക്കാതെ ഒരു തട്ടിപ്പുവിദ്യ മാത്രമാണിതെന്ന് നാട്ടുകാർ പറയുന്നു. 14 മീറ്ററോളം നീളമുള്ള വലിയ ഇരുമ്പുകമ്പി, യന്ത്രം ഉപയോഗിച്ച് പ്രത്യേക കെമിക്കൽ പുരട്ടി തുളച്ചുകയറ്റിയ ഇടങ്ങളിൽ മുകൾ ഭാഗത്തുള്ള വീടുകളുടെ തറ പൊട്ടിപ്പൊളിഞ്ഞതായി കണ്ടു. മുറ്റം വിണ്ടുകീറിയിരിക്കുന്നു. വരാന്തയിലെ ടൈലുകൾ ചിതറി പൊങ്ങിക്കിടക്കുന്നു.

ധാരാളം ആളുകൾ കുടിവെള്ളത്തിനുപയോഗിച്ചിരുന്ന ഒരു സ്വകാര്യ കുഴൽക്കിണറിലേക്കും ഇത്തരം ഒരു കമ്പി അടിച്ചുകയറ്റുകയുണ്ടായി. ആ കമ്പി കുത്തിയിറങ്ങി ആ കുഴൽകിണർ ഉപയോഗശൂന്യമായി. മുൻസിപ്പാലിറ്റി വക വാട്ടർ ടാങ്ക് തകർക്കുകയും സ്വകാര്യ കുഴൽക്കിണർ ഇല്ലാതാക്കുകയും ചെയ്യുക വഴി നിരവധി പേരുടെ കുടിവെള്ളമാണ് മുട്ടിയിരിക്കുന്നത്. ഈ കുടുംബങ്ങളെ വാടകവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചെങ്കിലും കരാർ കമ്പനി യഥാസമയം വാടക നൽകാത്തതിനാൽ വീട്ടുടമകൾ താമസക്കാരെ ഇറക്കിവിട്ടിരിക്കുന്നു. അവർ ഇപ്പോൾ ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന റോഡിന്റെ കരയിൽ "സ്വന്തം" വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന ദയനീയ കാഴ്ചയും അവിടെ കാണാവുന്നതാണ്.

വിദേശത്ത് ചെറിയ ജോലി ചെയ്തു സമ്പാദിച്ച തുക കൊണ്ടാണ് 'അശ്വതി' എന്ന വീട്ടിലെ ഗോപീഷ് സ്വന്തമായി കുഴൽക്കിണർ കുഴിപ്പിച്ചത്. ധാരാളം ആളുകൾക്ക് വെള്ളം കൊടുക്കാൻ കഴിഞ്ഞിരുന്ന ഗോപീഷിന്റെ നല്ല മനസ്സിന് ഇടിത്തീയായാണ് ഹൈവേയുടെ 'നെയിലിങ്ങ് ' കടന്നുവന്നത്. തന്റെ ഒന്നരലക്ഷം രൂപ തീർന്നുവെന്നു മാത്രമല്ല പ്രദേശത്തുകാരുടെ കുടിവള്ളവുമാണ് മുട്ടിപ്പോയത് എന്ന ദുഃഖത്തിലാണ് ഗോപീഷ്.

പ്രദേശവാസികൾ ഹൈവേയെപ്പറ്റി അറിയുന്നതിന് മുൻപെ തന്നെ കുന്നിടിക്കുന്ന സംവിധാനവുമായാണ് കരാർ കമ്പനി (വഗാഡ്) എത്തിയത്. ജനങ്ങളുടെ നിവേദനത്തെ തുടർന്ന് കളക്ടർ സ്ഥലത്തെത്തിയെങ്കിലും കമ്പനിക്കാർക്ക് വേണ്ടിയാണ് അദ്ദേഹം ഭീഷണി സ്വരത്തിൽ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വണ്ടിയിറങ്ങി ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കാനൊന്നും കളക്ടർ തയ്യാറായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

റോഡ് നിർമാണത്തിലെ
എഞ്ചിനീയറിങ് പിഴവുകൾ

തീരദേശത്തിന് ഏതാണ്ട് സമാന്തരമായി ഇടനാടൻ താഴ്‌വരയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. നിരവധി ചെറുകുന്നുകൾ മുറിച്ചുകൊണ്ടാണ് പാത നിർമ്മിച്ചു വരുന്നത്. പുഴകളും നീർച്ചാലുകളും തോടുകളും വയലുകളും തണ്ണീർത്തടങ്ങളും അടങ്ങുന്ന പ്രദേശമായതിനാൽ വ്യത്യസ്ത തരത്തിലുള്ള എഞ്ചിനീയറിംഗ് റോഡ് നിർമ്മാണരീതികൾ അവലംബിക്കേണ്ടതുണ്ടായിരുന്നു. അതുവഴി ഓരോസ്ഥലത്തിന്റെയും സ്വഭാവമനുസരിച്ച് കുറ്റമുറ്റ രീതിയിലാകേണ്ടിയിരുന്നു രൂപകല്പനയും നിർമ്മാണവും. അതുണ്ടായില്ല.

കോഴിക്കോട് ജില്ലയിലെ ഇടനാടൻ കുന്നുകൾ ചെങ്കല്ലും ചെമ്മണ്ണും ചേടിയും ചിലസ്ഥലങ്ങളിൽ പാറയും ഉരുളൻ കല്ലുകളും നിറഞ്ഞ സ്ഥിതിയിലാണ്. മിശ്രിതാവസ്ഥയിൽ കാണപ്പെടുന്ന പ്രദേശങ്ങളാണ് കൂടുതൽ. അനുയോജ്യമായ നിർമാണ രീതിയല്ല മിക്കയിടത്തും സ്വീകരിച്ചത്.

മറ്റു ജില്ലകളെ അപേക്ഷിച്ച് മഴ കൂടുതൽ പെയ്യുന്ന ജില്ലയാണ് കോഴിക്കോട്. (ശരാശരി 3200 മി.മീറ്റർ). മഴയുടെ തീവ്രതയും ദൈർഘ്യവും മൺപാളികളുടെ ഘടനയും പരിഗണനക്കെടുക്കാതെ ഹൈവേ പോലുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്യാനാവില്ല. ഇവിടെ പൊതുവെ ഭൂജലവിതാനം (ground water table) ഭൂനിരപ്പിന് ഏതാണ്ട് സമാന്തരമായി 1-10 മീറ്റർ ആഴത്തിൽ കാണപ്പെടുന്നു. വയൽ, ചതുപ്പ്, തണ്ണീർത്തടങ്ങൾ എന്നിവയിൽ കേശികബലത്താൽ ജലവിതാനം ഉയർന്ന് ഈർപ്പമുള്ളതായി മണ്ണ് നിലനിൽക്കുന്നതിനാൽ, കേശികബലത്തേയും മൺ സുഷിര മർദ്ദത്തേയും അതിജീവിക്കാൻ കഴിയുന്ന മണ്ണ് പലനിരകളായി നിരത്തി ഘട്ടംഘട്ടമായി ബലപ്പെടുത്തി വേണം റോഡിന്റെ അടിത്തറ നിർമ്മിച്ചെടുക്കേണ്ടത്.

ഇങ്ങനെ ചെയ്യുമ്പോഴും മഴക്കാലത്ത് ഉയർന്നു വന്നേക്കാവുന്ന ഭൂജലം ഒഴിവാക്കുന്നതിനായി കുത്തനെയുള്ള കുഴലുകൾ വേണ്ട സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. ഇപ്പോൾ അനുവർത്തിച്ചുവരുന്ന രീതി മുൻകൂട്ടി തയ്യാറാക്കിയ പി.വി.ഡി. കൾ ഉപയോഗിക്കുക എന്നതാണ്. (Prefabricated Vertical Drains). ഇതിന്ന് പരിമിതി ഉണ്ടെന്നാണ് വിദഗ്‌ദാഭിപ്രായം.

വ്യാപകമായി ചെയ്തുവരുന്ന റോഡ് സംരക്ഷണ ഭിത്തികൾ ബലപ്പെടണമെങ്കിൽ മേൽ സൂചിപ്പിച്ച കേശിക - മൺസുഷിരബലങ്ങളെ ദുർബലമാക്കണം. മണ്ണിലെ അധിക ജലത്തെ ഒഴിവാക്കണം. പി.വി.ഡികൾ ഇതിന് ഉതകുന്നതാണ്. പക്ഷേ ഇത് വേണ്ടത്ര ഗൗരവത്തിൽ ഏറ്റെടുത്ത് ചെയ്തതതായി കാണുന്നില്ല.

എംബാങ്ക്മെന്റുകളാണ് ഹൈവേ നിർമ്മാണത്തിൽ അധികമായും കാണുന്നത്. മഴക്കാലത്ത് റോഡിലൂടെ ഒഴുകുന്ന ജലവും ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് റോഡിന്റെ ഉറപ്പിനെയും സുരക്ഷയേയും ബാധിക്കും. ഇന്നിപ്പോൾ പൊതുവെ കാണുന്ന ഒരു പ്രശ്നമാണിത്. ഹൈവേയിലെ വെള്ളം സർവീസ് റോഡിന്റെ ഡ്രെയിനേജിനു താങ്ങാൻ ആവുന്നില്ല. സർവീസ് റോഡുകളും അടിപ്പാതകളുംവെള്ളക്കെട്ടിലാകാനുള്ള കാരണംഡ്രെയിനേജുകളുടെ അശാസ്ത്രീയ നിർമ്മാണമാണ് എന്നതിൽ തർക്കമില്ല.

നീർച്ചാലുകളിലെ വെള്ളം ഒഴുകുന്നതിനായി നിർമ്മിച്ചിട്ടുള്ള കലുങ്കുകൾക്ക് വാഹകശേഷി വളരെ കുറവുള്ളതായി ഹൈവേയിൽ ഉടനീളം കാണാൻ കഴിയുന്നു. സർവീസ് റോഡുകളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. ജല നിർമ്മാർജനം നടക്കുന്നില്ലെന്ന് മാത്രമല്ല പൊതുജനങ്ങൾക്കും വീടുകൾക്കും ഇത് ഭീഷണി സൃഷ്ടിക്കുന്നു. പല വീടുകളുടെയും കടകളുടെയും സ്കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും മുറ്റവും പരിസരവും വെള്ളക്കെട്ടിനാൽ മലീമസമാണ്. ഇത് അധികൃതർ തീരെ അവഗണിച്ചിരിക്കയാണ്.

കുന്ന്യോറ മലയെ ഉരുൾപൊട്ടൽ പ്രദേശമായി NHAI തന്നെ ബോർ‍ഡ് സ്ഥാപിച്ച് സ്ഥിരീകരിച്ചിരിക്കയാണ്. 30 മീറ്ററിലേറെ കുത്തനെ മണ്ണെടുത്ത് ഈ പ്രദേശത്തെ ഇരുവശങ്ങളിലെയും വീടുകൾക്ക് വൻ ഭീഷണിയായി നിലനിൽക്കുന്നു.
കുന്ന്യോറ മലയെ ഉരുൾപൊട്ടൽ പ്രദേശമായി NHAI തന്നെ ബോർ‍ഡ് സ്ഥാപിച്ച് സ്ഥിരീകരിച്ചിരിക്കയാണ്. 30 മീറ്ററിലേറെ കുത്തനെ മണ്ണെടുത്ത് ഈ പ്രദേശത്തെ ഇരുവശങ്ങളിലെയും വീടുകൾക്ക് വൻ ഭീഷണിയായി നിലനിൽക്കുന്നു.

ദേശീയപാതയുടെ അലൈൻമെന്റിലെ വളവുകൾ നിവർത്തുന്ന തിന് വേണ്ടിയാണ് കുന്നുകൾ ഇടിച്ചുമാറ്റിയിരിക്കുന്നത്. എന്നാൽ കുന്നുകളുടെ മുകൾഭാഗത്തുള്ള ദുർബലമായ മൺപാളികൾ ഇടിഞ്ഞ് നിരത്തിലേക്ക് വീഴാതിരിക്കണമെങ്കിൽ (പ്രത്യേകിച്ച് മഴക്കാലങ്ങളിൽ) കട്ടിംങ് നടന്നിട്ടുള്ള ഇത്തരംസ്ഥലങ്ങളിൽ കുന്നിന് മുകളിലെ മഴവെള്ളത്തെ പുറം വശത്തേക്ക് തള്ളിവിടാൻ ഉതകുന്ന കാനകളും ചാലുകളും (Ditches & Trenches) വേണം. ഇവ ഹൈവേയിൽ ഉടനീളം ഒരു സ്ഥലത്ത് പോലും നിർമ്മിച്ചതായി കാണുന്നില്ല. ആയതിനാൽ മണ്ണിടിച്ചിൽ ഭീഷണിയും കെട്ടിടങ്ങൾക്കുള്ള ഭീഷണിയും നിലനിൽക്കുന്നു. പലസ്ഥലങ്ങളിലും ഉരുളൻകല്ലുകൾ ഉൾപ്പെടെ നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. Rock fall protection ഒരിടത്തും കാണുന്നില്ല. കമ്പിവല വലിച്ചുകെട്ടി ആങ്കറിങ് ചെയ്യേണ്ടതുണ്ട്.

പലയിടങ്ങളിലും മണ്‍തിട്ടയുടെ ചരിവ് - സ്ഥിരത (slope - stability) ഉറപ്പുവരുത്താന്‍ വേണ്ട Berms, Benching, Terracing, Soil nailing ഇവ അപൂര്‍വമോ അപര്യാപ്തമോ ആണ്. വളരെ വേഗത്തിൽ ഏറെ ഭാരവുമായി സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുമെന്നതിനാലും കാലാവസ്ഥാ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മറ്റു പ്രകൃതി ദുരന്തങ്ങളും സംഭവിക്കാമെന്നതിനാലും അലാറം സംവിധാനങ്ങളും സെന്‍സറുകളും മുന്നിറിയിപ്പു സംവിധാനങ്ങളും ഹൈവേയില്‍ ഉടനീളം വേണ്ടത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യമാണ്.

ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഒരു അന്തർവൈജ്ഞാനിക ഗ്രൂപ്പ് ആണ് NH 66ന്റെ നിർമ്മാണ അപാകതകൾ പഠിച്ചത്. ദൃക്‌സാക്ഷി അനുഭവങ്ങൾ, ജനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, മറ്റ് സംഘടനകൾ, ജനകീയ സമരഗ്രൂപ്പുകൾ എന്നിവരുമൊക്കെയായി നടത്തിയ ചർച്ച, വിദഗ്ധരിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിച്ച കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജില്ലയിലെ റിപ്പോർട്ട് തയ്യാറാക്കിയത്.

Comments