കള്ളപ്പണം നിയമവിധേയമാക്കപ്പെടുന്നു

‘‘കള്ളപ്പണം എന്ന കൊടിയ തിന്മയെ, അഴിമതിയെ നിയമ വിധേയമാക്കി മാറ്റുക എന്ന ദൗത്യമാണ് ഇലക്ടറൽ ബോണ്ട് പദ്ധതി വഴി കഴിഞ്ഞ അഞ്ച് വർഷമായി നിർവഹിക്കപ്പെടുന്നത്‌.’’- ഇലക്ടറൽ ബോണ്ടുകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചുള്ള അന്വേഷണ പരമ്പരയുടെ അവസാന ഭാഗം.

ഇലക്ടറൽ ബോണ്ട്:
കള്ളപ്പണത്തിന്റെ
സർക്കാർ മേൽവിലാസം- 3

ലക്ഷ്യം, മാർഗ്ഗത്തെ സാധൂകരിക്കുന്ന വഴികൾ

ന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ 2023 മേയിൽ നൽകിയ കണക്കുകൾ പ്രകാരം എട്ട് ദേശീയ രാഷ്ട്രീയ പാർട്ടികൾക്കും 54 സംസ്ഥാന / പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കുമാണ് ഇലക്ഷൻ കമീഷൻ രജിസ്‌ട്രേഷൻ ( അംഗീകാരം) നൽകിയിട്ടുള്ളത്‌. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നീ എട്ട് രാഷ്ട്രീയ കക്ഷികൾക്കാണ് ദേശീയ പാർട്ടി എന്ന പദവി. 54 പാർട്ടികളെ പ്രാദേശിക പാർട്ടികൾ അഥവാ സംസ്ഥാന പാർട്ടികൾ എന്ന കാറ്റഗറിയിലാണ് പെടുത്തിയിട്ടുള്ളത്‌. 2597 പാർട്ടികളെ അനംഗീകൃത (un recognised) പാർട്ടികൾ എന്ന ഗണത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്പറഞ്ഞ 8 ദേശീയ പാർട്ടികളും 54 പ്രാദേശിക പാർട്ടികളും കൂടി 2019 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച 58,000 കോടി രൂപയിൽ, അതിന്റെ 45 ശതമാനം തുകയും (26,100 കോടി രൂപ) ബിജെപി മാത്രം ചെലവാക്കി. അതായത്, ഓരോ ലോക്‌സഭാ മണ്ഡലത്തിലും ബി ജെ പി സ്ഥാനാർത്ഥികൾ ചെലവഴിച്ചത് ശരാശരി 45 കോടി രൂപ വീതം. ഏഴ് അസംബ്ലി സീറ്റുകൾ സമം ഒരു ലോക്‌സഭാ സീറ്റ് എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാൽ ഓരോ അസംബ്ലി സീറ്റിലും ബിജെപി സ്ഥാനാർത്ഥി ചെലവിട്ടത് ആറ് കോടി രൂപയ്‌ക്ക് മേലെ ആണ്‌. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ, ഓരോ അസംബ്ലി സെഗ്മെന്റിലും ബി ജെ പി സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് കമീഷനെ വെട്ടിച്ച് ചെലവഴിച്ച തുകയുടെ കണക്കാണിത്‌.

ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ, തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യവും കുറ്റമറ്റതുമാക്കാൻ ഏകപക്ഷീയമായി ആവിഷ്‌ക്കരിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി വഴി അഞ്ച് വർഷംകൊണ്ട് വിറ്റത്‌, 13,000 കോടി രൂപയ്ക്ക് മേൽ വരുന്ന ഇലക്ടറൽ ബോണ്ടുകൾ. കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. അതുകൊണ്ടുതന്നെ മേൽ ചൂണ്ടിക്കാണിച്ച കണക്കുകളേയും വസ്‌തുതകളേയും മുൻനിർത്തി ഇലക്ടറൽ ബോണ്ട് എന്ന പദ്ധതി ഏതുനിലയ്‌ക്കാണ് തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിനെ സുതാര്യമാക്കാൻ പോന്ന ബദൽ കർമപരിപാടിയായി മാറുന്നത് എന്ന് പ്രസ്‌തുത പദ്ധതിയുടെ വക്താക്കളും പ്രയോക്താക്കളുമായവർ ഇന്ത്യന് ജനതയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. അത് പക്ഷേ അവർ ഒരിക്കലും ചെയ്യുകയുമില്ല.

ഇലക്ടറൽ ബോണ്ട്

ഇതിനൊപ്പം മറ്റ് ചില പ്രധാന വിഷയങ്ങളും നമ്മുടെ ഈ വിശകലനത്തിന്റെ ഭാഗമാകേണ്ടതുണ്ട്‌.

യൂണിയൻ ഗവണ്മെന്റിൽ ധനമന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി ബി ഡി ടി) 2021 ജൂലൈയിൽ സമാഹരിച്ച രേഖകൾ പ്രകാരം ഇന്ത്യയിലും വിദേശത്തുമായി 20,078 കോടി രൂപയുടെ അപ്രഖ്യാപിത സ്വത്തുക്കൾ (undeclared assets) കണ്ടെത്തിയിട്ടുണ്ട്‌. സ്വിസ് ബാങ്കുകളിലും മറ്റ് നികുതിരഹിത സങ്കേതങ്ങളായ (tax havens) രാജ്യങ്ങളിലുമായി 500 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് അഴിമതിക്കാരായ ഒട്ടേറെ ഇന്ത്യാക്കാരുടെ വകയായി നിക്ഷേപിച്ചിരിക്കുന്നത്‌. ട്രാൻസ്‌പരൻസി ഇന്റർനാഷണലിന്റെ 2022-ലെ പഠനപ്രകാരം, അഴിമതി പരിപ്രേക്ഷ്യ സൂചികയിൽ ഇന്ത്യ 85-ാം സ്ഥാനത്താണുള്ളത്‌. സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിൽ നിന്ന് ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം പണം തട്ടിയെടുക്കുന്നതും, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ഇന്ത്യയുടെ ലോറി / കണ്ടെയ്‌നർ ചരക്ക് കടത്ത് വ്യവസായ രംഗം എന്ന് തുടങ്ങി ജനജീവിതത്തിന്റെ വിവിധ മേഖലകളിലായി വിശാലമായി പടർന്ന് പന്തലിച്ച് കിടക്കുകയാണ് രാജ്യത്തെ പലതരം അഴിമതികളുടേയും ഒളിത്താവളങ്ങൾ.

പാർലമെന്റ് പാസാക്കിയ നിയമങ്ങളും അതിന്റെ ചട്ടങ്ങളും നിലനിൽക്കെത്തന്നെയാണ് വിജയ് മല്യമാരും മെഹുൽ ചോക്‌സിമാരും നീരവ് മോദിമാരും ഏതെല്ലാമോ വിദേശ രാജ്യങ്ങളിൽ സർവ്വവിധ സ്വാതന്ത്ര്യങ്ങളും ആസ്വദിച്ച്‌, ഒളിവിൽ കഴിയുന്നത്‌.

നരേന്ദ്രമോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയത് 2014-ലെ പാർലമെന്റ് ഇലക്ഷനാണ്‌. അന്ന് ജനങ്ങൾക്ക് മുമ്പിൽ ബി ജെ പി അവതരിപ്പിച്ച 75 ഇന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന ഇനമായിരുന്നു അഴിമതിക്കും കള്ളപ്പണത്തിനും എതിരായ ശക്തമായ നടപടികൾ ഉണ്ടാകും എന്ന വാഗ്‌ദാനം. ഇന്ത്യയിലെ കള്ളപ്പണം അമർച്ച ചെയ്യാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്‌, ഇന്ത്യക്കാർ വിദേശങ്ങളിൽ നിക്ഷേപിച്ച കള്ളപ്പണം തിരികെ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നിവയൊക്കെ പ്രകടനപത്രികയിൽ എടുത്തുപറഞ്ഞ വാഗ്‌ദാനങ്ങളാണ്‌. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനു ശേഷം 2015 മേയ് 15-ന് പാർലമെന്റ്‌, വിദേശ ഇന്ത്യാക്കാരുടെ കള്ളപ്പണ ഇടപാടിനെതിരെ ഒരു പുതിയ നിയമം പോലും പാസാക്കി. കള്ളപ്പണം (വെളിപ്പെടുത്താത്ത വിദേശ വരുമാനത്തിനും സ്വത്തുക്കൾക്കും) നികുതി ചുമത്തൽ ബിൽ 2015, എന്ന ഈ ബില്ല് 2015 മേയ് 26-ന് രാഷ്ട്രപതി ഒപ്പിട്ട് തൻവർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ട് വർഷം മുമ്പ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഇത്തരം കാര്യക്ഷമമായ നിയമങ്ങളും അതിന്റെ ചട്ടങ്ങളും നിലനിൽക്കെത്തന്നെയാണ് ഈ വലകളെല്ലാം വലിച്ച് പൊട്ടിച്ച് വിജയ് മല്യമാരും മെഹുൽ ചോക്‌സിമാരും നീരവ് മോദിമാരും ഏതെല്ലാമോ വിദേശ രാജ്യങ്ങളിൽ സർവ്വവിധ സ്വാതന്ത്ര്യങ്ങളും സുഖസൗകര്യങ്ങളും യഥേഷ്ടം ആസ്വദിച്ച്‌, ആമോദിച്ച് ഒളിവിൽ കഴിയുന്നത്‌. ഇവരിൽ ചിലർ വിദേശത്ത് വിലസുമ്പോൾ യുപിയിലെ കനൗജിലെ പീയൂഷ് ജെയിനിനെപ്പോലുള്ളവർ നികുതി വെട്ടിപ്പ് നടത്തി നാട്ടിൽത്തന്നെ വേണ്ടപ്പെട്ടവരുടെ ചിറകിനടിയിൽ തണൽ തിരയുകയാണ്‌. അനധികൃത മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ച പണവും കള്ളപ്പണത്തിന്റെ പരിധിക്കുള്ളിൽ വരും. ഇൻകം ടാക്‌സ്‌, സെയിൽസ് ടാക്‌സ്‌, എക്‌സൈസ് ഡ്യൂട്ടി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളിലൊക്കെ സർക്കാരിന് കിട്ടേണ്ടുന്ന നിയമപരമായ വരുമാനം നൽകാതിരിക്കുന്നതും കള്ളപ്പണത്തെ അറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണ്‌.

ഗുണ്ടാപ്പിരിവിന് പ്രൊട്ടക്ഷൻ മണി എന്ന ഓമനപ്പേര് ചാർത്തി രണ്ടാംനമ്പർ പരിപാടി ഊർജിതമാക്കാനാണ് ഇലക്ടറൽ ബോണ്ട് പദ്ധതി ആവിഷ്‌ക്കരിക്കുയും ഇപ്പോളും അത് തുടരുകയും ചെയ്യുന്നത്‌.

പക്ഷേ, ഇതേ നിയമങ്ങൾ തന്നെ ചിലപ്പോൾ ചിലർക്കെതിരെ വളരെ തെറ്റായി പ്രയോഗിക്കുന്നുമുണ്ട്. ഐഎഫ് ബി ആഗ്രോയുടെ അനുഭവത്തിൽ അതാണ് നമ്മൾ കണ്ടത്‌. എക്‌സൈസ് ഡ്യൂട്ടി നിയമങ്ങളെ തങ്ങൾക്ക് ബോധിച്ചപടി ദുർവ്യാഖ്യാനം ചെയ്‌ത്‌, ഐഎഫ്‌ബി ആഗ്രോ കമ്പനിയെ തുടർച്ചയായി പലവട്ടം ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന നടപടിയാണ് ബംഗാളിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിച്ചത്‌. അതിനൊടുവിലാണ് കമ്പനി ഡയറക്ടർ ബോർഡ് കഴിഞ്ഞ വർഷം മാർച്ച് 31-ന് യോഗം ചേർന്ന് 40 കോടി രൂപയ്‌ക്ക് ഇലക്ടറൽ ബോണ്ട് വാങ്ങാൻ തീരുമാനിച്ചത്‌. തങ്ങൾക്ക്‌നേരേ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ഭാവിയിൽ ഇത്തരം യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രൊട്ടക്ഷൻ മണിയാണ് 40 കോടി രൂപ എന്ന് ഡയറക്ടർ ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്‌സിൽ അവർ എഴുതി വെയ്‌ക്കുകയും ചെയ്‌തു. എന്ന് പറഞ്ഞാൽ, പ്രധാനമന്ത്രിയും കൂട്ടരും വ്യാപകമായി പ്രചരിപ്പിച്ചുപോരുന്നതുപോലെ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിലെ അഴിമതി ചെറുത്ത് ഇല്ലാതാക്കി കള്ളപ്പണത്തെ കെട്ടുകെട്ടിച്ച് ഓടിക്കലല്ല ഭരണക്കാരുടെ യഥാർത്ഥ ലക്ഷ്യം. ഗുണ്ടാപ്പിരിവിന് പ്രൊട്ടക്ഷൻ മണി എന്ന ഓമനപ്പേര് ചാർത്തി രണ്ടാംനമ്പർ പരിപാടി ഊർജിതമാക്കാനാണ് അവർ ഇലക്ടറൽ ബോണ്ട് പദ്ധതി ആവിഷ്‌ക്കരിക്കുയും ഇപ്പോളും അത് തുടരുകയും ചെയ്യുന്നത്‌. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നത് ശരിക്കും, ഇങ്ങനെ തന്നെയാണ്‌.

ഐഎഫ്‌ബി ആഗ്രോ കമ്പനി

പാർലമെന്റിൽ ''ചുട്ടെടുത്ത'' നിയമം

തങ്ങളുടെ ഭരണകർത്താക്കൾ ആരായിരിക്കണം എന്ന് നിശ്ചയിക്കാൻ പൗരർക്ക് അധികാരം സിദ്ധിക്കുന്ന സന്ദർഭമാണ് ദേശീയ / സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്ക് കാലാകാലങ്ങളിൽ നടക്കുന്ന ഓരോ തെരഞ്ഞെടുപ്പും. ഇന്ത്യ സ്വീകരിച്ച പാർലമെന്ററി ജനാധിപത്യ പാതയിൽ വോട്ടെടുപ്പെന്ന പ്രക്രിയയിലൂടെ രാഷ്ട്രീയ സമത്വം ഉറപ്പ് വരുത്തിക്കൊണ്ട്‌, നമ്മളെ ആരാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്‌തമാക്കിയിരിക്കുകയാണ്‌. പ്രായപൂർത്തി വോട്ടവകാശം എന്ന നിയമപ്രകാരം ഒരാൾക്ക് ഒരു വോട്ട് എന്ന തത്വത്തിന്റെ പ്രയോഗവൽക്കരണമാണ് തെരഞ്ഞെടുപ്പെന്ന പ്രക്രിയ എന്ന് സാമാന്യമായി പറയാം. എന്നാൽ യഥാർത്ഥത്തിൽ അതിനുമപ്പുറം ഒരുപാട് വലുതാണ് വോട്ട് എന്ന പൗരാവകാശവും അതിന്റെ തനത് മൂല്യവും. രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിതവും, അതിന്റെ വികാസ പുരോഗതിയുമാണ് ഈ മൂല്യത്തിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുള്ളത്‌. ജനങ്ങളുടെ, വോട്ടർമാരുടെ പൗരബോധത്തിന്റെ പ്രതിഫലനമാണ് ഇലക്ഷനും വോട്ടിങ്ങും. വളരെ വലിയ നീതിബോധത്തോടെ പക്ഷപാതരഹിതമായും സ്വാധീന വിമുക്തമായുമാണ് ഈ ജനാധിപത്യാവകാശം വിനിയോഗിക്കപ്പെടേണ്ടത്‌. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ ദേശീയ/സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയെല്ലാം നടത്തിപ്പും മേൽനോട്ടവും നിയന്ത്രണവും നിർവ്വഹിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ (ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യ) എന്ന ഭരണഘടനാ സ്ഥാപനം പ്രത്യേകാധികാരങ്ങളോടെ രൂപീകരിച്ച് നടപ്പിലാക്കിയത്‌. ജനപ്രാതിനിധ്യ നിയമം നടപ്പാക്കിയത് 1951-ലാണ്‌. അതിന് പിന്നാലെ 1952 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ പൂർണ നിയന്ത്രണത്തിലാണ് നടന്നുവരുന്നത്‌. എന്നാൽ ഈ തെരഞ്ഞെടുപ്പ് കമീഷനെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ 2018 ജനുവരി രണ്ട് മുതൽ ഇലക്ടറൽ ബോണ്ട് പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നത്‌.

ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യബോധവും സുതാര്യതയുമെല്ലാം ഒറ്റയടിക്ക് റദ്ദാക്കി, തൽസ്ഥാനത്ത് പണാധിപത്യത്തിന് കടന്നിരിക്കാനുള്ള അവസരം സൃഷ്ടിച്ചെടുത്തിരിക്കുന്നു, ഇലക്ടറൽ ബോണ്ടുകൾ.

ദേശീയ ധനകാര്യ നിമയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാലെണ്ണം വളരെ തിടുക്കപ്പെട്ട് ഭേദഗതി ചെയ്‌തുകൊണ്ടാണ് 2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യുണിയൻ ബജറ്റിന്റെ അനുബന്ധമായി ഇലക്ടറൽ ബോണ്ട് സ്‌കീം കൊണ്ടുവന്ന് 'ചുട്ടെടുത്തത്‌'. ഭരണകക്ഷിക്കുള്ള പ്രത്യേകാധികാരം പ്രയോഗിച്ചാണ് അന്നത്തെ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രാജ്യസഭയിൽ ഇതവതരിപ്പിക്കാതെ ലോക്‌സഭ വഴി മാത്രം കടത്തിവിട്ട് പാസാക്കിയെടുത്തത്‌. കുറുക്കുവഴികളിലൂടെ, ഭരണഘടനയെത്തന്നെ ബൈപ്പാസ് ചെയ്‌ത് ഇത് പാസാക്കിയെടുക്കാൻ മോദിസർക്കാർ കാട്ടിയ ഒരു വെപ്രാളത്തെയാണ് ''ചുട്ടെടുത്തത്‌'' എന്ന് വിശേഷിപ്പിച്ചത്‌.

ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഇലക്ഷൻ ഫണ്ടിന്റെ അംഗീകൃതമായ ഏക വഴിതന്നെ ഇപ്പോൾ ഇലക്ടറൽ ബോണ്ടുകളാണ്‌. കോർപ്പറേറ്റുകളിൽ നിന്ന് ബോണ്ടുകളുടെ രൂപത്തിൽ കോടിക്കണക്കിന് രൂപ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി സ്വീകരിക്കാം. അതേസമയം തന്നെ, ആര് ആർക്കൊക്കെ എത്ര കോടികൾ വീതം കൊടുത്തു എന്ന വിവരം, വേണ്ടപ്പെട്ട ചിലരൊഴികെ മറ്റാരും അറിയുകയുമില്ല. ഇപ്രകാരം പരിധി ഇല്ലാത്തതും അജ്ഞാതവുമായ പണമിടപാടുകൾക്ക് സുരക്ഷിതമായ കൂടാരങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതി എന്നതുകൊണ്ടുതന്നെ ഇലക്ടറൽ ബോണ്ടുകൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ തന്നെയാണ്‌. ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യബോധവും സുതാര്യതയുമെല്ലാം ഒറ്റയടിക്ക് റദ്ദാക്കി, തൽസ്ഥാനത്ത് പണാധിപത്യത്തിന് കടന്നിരിക്കാനുള്ള അവസരം സൃഷ്ടിച്ചെടുത്തിരിക്കുന്നു ഇന്ന്‌, ഇലക്ടറൽ ബോണ്ടുകൾ.

മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി

കള്ളപ്പണം നിയമവിധേയമാക്കപ്പെടുന്നു

എല്ലാ ഇലക്ടറൽ ബോണ്ടുകളിലും ഒരു ആൽഫാ ന്യൂമെറിക്കൽ കോഡ് ഉണ്ടായിരിക്കും. ഒരു രഹസ്യ നമ്പരാണിത്‌. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനാണ് രൂപയുടെ പരമാധികാരവും വിനിമയ - നിയന്ത്രണങ്ങളുമെല്ലാം ഉള്ളത്‌. രാജ്യത്തിന്റെ ഈ ഏക സെൻട്രൽ ബാങ്കിനു പോലും ഇലക്ടറൽ ബോണ്ടുകൾ ഡീകോഡ് ചെയ്യാനുള്ള രഹസ്യനമ്പർ അറിയില്ല..?! പക്ഷേ, എസ് ബി ഐയുടെ ഹെഡ് ഓഫീസിനും ദേശീയ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിനും (ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്‌) ഡീകോഡിങ് കീ അറിയുകയും ചെയ്യും. നോക്കൂ, ഇന്ത്യൻ കറൻസി പ്രിന്റ് ചെയ്‌ത്‌, രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് അനുപൂരകമായി രൂപയുടെ ചലന നിയമങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ കേന്ദ്ര ബാങ്കിന് പക്ഷേ, ഇലക്ടറൽ ബോണ്ടുകളിന്മേൽ യാതൊരു വിധ അധികാരങ്ങളുമില്ല, ബോണ്ടുകൾ ഡീകോഡ് ചെയ്യാനുമാവില്ല..? ഇന്ത്യൻ പാർലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ, റിസർവ് ബാങ്കിനോ രാഷ്ട്രീയ പാർട്ടികൾക്കോ വാർത്താ മാധ്യമങ്ങൾക്കോ നൽകാൻ തയാറാകാത്ത ഒരു വലിയ അധികാരം എസ്‌ബിഐ എന്ന ബാങ്കിനും ദേശീയ ധനമന്ത്രാലയത്തിനും മാത്രമായി യഥേഷ്ടമിങ്ങനെ നൽകപ്പെടുകയാണ്‌.

ദേശീയ ധനവകുപ്പ്‌, എസ് ബി ഐ, ദേശീയ സർക്കാരിനെ നയിക്കുന്ന പാർട്ടി എന്നിവർ മാത്രമേ ആരൊക്കെ എത്രവീതം ബോണ്ടുകൾ വാങ്ങിയെന്നോ ഏതൊക്കെ പാർട്ടിക്കാർക്ക് അതെല്ലാം കൊടുത്തുവെന്നോ അറിയുകയുള്ളൂ.

വിവരാവകാശ നിയമപ്രകാരം ബോണ്ടുകളുടെ വിൽപ്പനയെപ്പറ്റിയും ആരൊക്കെ എവിടെ നിന്നൊക്കെ എത്ര രൂപയുടെ വീതം ബോണ്ടുകൾ വാങ്ങി, അത് ഏതൊക്കെ പാർട്ടികൾക്ക് എന്നൊക്കെയാണ് കൊടുത്തത് എന്ന് തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചാലും ഉത്തരം നൽകാൻ ആരുമില്ലാത്ത സ്ഥിതിയാണിന്ന്.

ബോണ്ടുകളുടെ വിൽപ്പന നടത്തുന്ന എസ് ബി ഐ ആണല്ലോ മറുപടി തരേണ്ടത്‌. ഓരോ വിൽപ്പന ഘട്ടത്തിലും ആകെ വിറ്റ ബോണ്ടുകളുടെ എണ്ണം, ഇതിൽനിന്ന് ആകെ കിട്ടിയ തുക എന്നിവ മാത്രമേ എസ്‌ബിഐ നമുക്ക് ലിസ്റ്റായി തരികയുള്ളൂ. ഇതിനേക്കാൾ ഉപരിയായി മറ്റൊന്നും പുറത്തു വിടാനാവില്ല എന്നതാണ് അവരുടെ നിലപാട്‌. എന്നു പറഞ്ഞാൽ ദേശീയ ധനവകുപ്പ്‌, എസ് ബി ഐ, ദേശീയ സർക്കാരിനെ നയിക്കുന്ന പാർട്ടി എന്നിവർ മാത്രമേ ആരൊക്കെ എത്രവീതം ബോണ്ടുകൾ വാങ്ങിയെന്നോ ഏതൊക്കെ പാർട്ടിക്കാർക്ക് അതെല്ലാം കൊടുത്തുവെന്നോ അറിയുകയുള്ളൂ. കണക്കിൽപ്പെടാത്ത കള്ളപ്പണം, ഭരിക്കുന്ന പാർട്ടിയുടെ കൈകളിൽ നിയമപരിരക്ഷയോടെ എത്തിക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി ഈ പദ്ധതി മാറുന്നത് ഇങ്ങനെയൊക്കെയാണ്‌. ഇതിലൂടെ കള്ളപ്പണം എന്ന കൊടിയ തിന്മയെ, അഴിമതിയെ നിയമ വിധേയമാക്കി മാറ്റുക എന്ന ദൗത്യമാണ് ഇലക്ടറൽ ബോണ്ട് പദ്ധതി വഴി കഴിഞ്ഞ അഞ്ച് വർഷമായി നിർവഹിക്കപ്പെടുന്നത്‌.

2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യൂണിയൻ ബജറ്റിന്റെ അനുബന്ധമായി, ഒരു മണി ബിൽ ആയിട്ടാണ് ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്‌. മണി ബില്ലുകൾക്ക് നിഗൂഢമായ മറ്റൊരു സൗകര്യമുണ്ട്‌.ഭരണകക്ഷിക്ക് തങ്ങളുടെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഇത് ലോക്‌സഭയിൽ പാസാക്കിയെടുക്കാനായാൽ പിന്നെ ഇത് രാജ്യസഭയിൽ അവതരിപ്പിക്കാതെ തന്നെ നിയമമാക്കാൻ സാധിക്കും. ബി ജെ പി മുന്നണി 2014-ൽ അധികാരത്തിലെത്തിയതുമുതൽ ഇതുവരേയും രാജ്യസഭയിൽ ന്യൂനപക്ഷമാണ്‌. അതിനാലാണ് ഇലക്ടറൽ ബോണ്ട് സ്‌കീം മണി ബില്ലായി അവതരിപ്പിച്ച് പാസാക്കിയെടുത്തത്‌. പക്ഷേ, ഘടനാപരവും സുപ്രധാനവുമായ ഒരു പുതിയ സംവിധാനം രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുമ്പോൾ, പാർലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരത്തോടെ വേണം അത് നടപ്പിൽ വരുത്തേണ്ടത്‌. ഭരണഘടനാ നൈതികതയുടേയും രാഷ്ട്രീയ ധാർമ്മികതയുടേയും പ്രശ്‌നമാണത്‌. ഇത് രണ്ടും ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ അട്ടിമറിക്കപ്പെട്ടു. ഇതിലൂടെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന മൂല്യങ്ങളെത്തന്നെ ലംഘിക്കുകയും മറികടക്കുകയും ചെയ്‌തിരിക്കുന്നതിനാൽ ഈ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെതന്നെ റദ്ദാക്കപ്പെടേണ്ടതുണ്ട്‌.

ഇതല്ലാതെ, മറ്റൊരു പ്രധാന വിപത്ത് കൂടിയുണ്ട്‌. ഇലക്ടറൽ ബോണ്ടുകൾ ആര് വാങ്ങിയാലും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്നതാണ് നിലവിലുള്ള നിയമം. ആകയാൽ, വൻകിട കോർപറേറ്റ് മാനേജ്‌മെൻറുകൾക്ക് തങ്ങളുടെ വിലാസം ഒരിക്കലും പൊതു സമൂഹം അറിയുകയില്ല എന്ന ഉറപ്പോടെ തന്നെ ഭരണകക്ഷിക്ക് ശത കോടികൾ സംഭാവനയായി നൽകാനും അതിന് പ്രത്യുപകാരമായി സർക്കാർ നയങ്ങൾ തങ്ങൾക്ക് അനുകൂലമാം വിധം നടപ്പാക്കി എടുക്കുന്നതിനും ബോണ്ടുകളുടെ മറവിലൂടെ അനായാസം സാധിക്കും.ഈ ദുസ്വാധീനം ഇല്ലാതാക്കണമെങ്കിൽ, ഇലക്ടറൽ ബോണ്ട് എന്ന രാജ്യ വിരുദ്ധ പദ്ധതി അവസാനിപ്പിക്കണം.

ഇന്ത്യയിലും വിദേശത്തുമുള്ള ഏത് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് എത്രകോടി രൂപ വേണമെങ്കിലും ഇഷ്ടപ്പടി സംഭാവനയായി നല്‌കാം, ഇലക്ടറൽ ബോണ്ട് എന്നാണ് ആ സംഭാവനയ്‌ക്ക് പേരെങ്കിൽ, ഇവർ നല്‌കുന്നത് നിയമവിധേയമായ പണമാണോ അതോ നിയമവിരുദ്ധവും നികുതി വെട്ടിച്ചതുമായ കള്ളപ്പണമാണോ, സംഭാവന നൽകുന്ന പണത്തിന്റെ ഉറവിടം ഏതാണ് തുടങ്ങിയവയൊന്നും ആരും എവിടെയും വെളിപ്പെടുത്തേണ്ടതില്ല എന്ന നിയമപരമായ പരിരക്ഷയും ഈ ബോണ്ടുകൾക്ക് സർക്കാർ നൽകിയിട്ടുണ്ട്‌.

ആർബിഐ ലോഗോ

ശക്തമായ വിയോജിപ്പുകൾ

എന്നാൽ രാജ്യത്തെ പ്രധാനപ്പെട്ട മറ്റ് രണ്ട് ഭരണഘടനാ സ്ഥാപനങ്ങളായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനും ഭാരതീയ റിസർവ്വ് ബാങ്കും ഗവണ്മെന്റ് വിശദീകരണങ്ങളപ്പാടെ തള്ളിക്കളയുന്ന നിലപാടാണ് അവരുടെ സത്യവാങ്‌മൂലങ്ങളിലൂടെ സ്വീകരിച്ചിട്ടുള്ളത്‌. ഗവണ്മെന്റിന്റെ അവകാശവാദത്തിന് നേർവിപരീതമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്‌. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന തെരഞ്ഞെടുപ്പ് സംഭാവനകളുടെ സുതാര്യത പൂർണമായി തകർക്കപ്പെടുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിനടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നാണ് ഇലക്ഷൻ കമീഷൻ, സുപ്രീംകോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിൽ പറയുന്നത്‌. ഇന്ത്യൻ രാഷ്ട്രീയം വിദേശ കമ്പനികളാൽ തെറ്റായി സ്വാധീനിക്കപ്പെടാൻ ഇലക്ടറൽ ബോണ്ട് പദ്ധതി ഇടവരുത്തുമെന്നും 37 പേജുള്ള സത്യവാങ്‌മൂലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ എടുത്ത് പറയുന്നു. 2019 മാർച്ച് 25-നാണ് കമീഷൻ ഈ അഫിഡവിറ്റ് സമർപ്പിച്ചത്‌. രാജ്യത്ത് അതുവരെ നിലനിന്നിരുന്ന ധനകാര്യ നിയമത്തിൽ 2016-ലും 2017-ലും കാര്യമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്‌. ആ ഘട്ടത്തിൽത്തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പദ്ധതിയോട് വിയോജിക്കുന്നുണ്ട്‌. ഇതിനു പുറമേ 2017 മേയിൽ നിയമ- നീതിന്യായ മന്ത്രാലയങ്ങളും തങ്ങളുടെ വിയോജിപ്പുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. പക്ഷേ, ഇത്തരം വിയോജിപ്പുകളും വിമർശനങ്ങളും കൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല.സിപിഐഎമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) എന്ന സംഘടനയും ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ നൽകിയ ഹർജികളെ തുടർന്ന്‌, ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇലക്ഷൻ കമ്മീഷൻ സത്യവാങ്‌മൂലത്തിലൂടെ തങ്ങളുടെ അഭിപ്രായം അറിയിച്ചത്‌.

പരിധിയില്ലാത്ത പണം, അതും കോടിക്കണക്കിന് രൂപ വരുന്ന തുകകൾ രാഷ്ട്രീയ പാർട്ടികൾക്ക് അതീവ രഹസ്യസ്വഭാവത്തോടെയും അതേസമയം, തികച്ചും നിയമവിധേയം എന്ന ഔദ്യോഗിക അംഗീകാരത്തോടെയും സംഭാവന നൽകാൻ സൃഷ്ടിച്ച ഉപകരണമാണ് ഇലക്ടറൽ ബോണ്ടുകൾ.

ഇലക്ഷൻ കമീഷനേക്കാൾ കർശനമായ നിലപാടാണ് ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ ഭാരതീയ റിസർവ്വ് ബാങ്ക് കൈക്കൊണ്ടത്‌. 2017 ഓഗസ്റ്റ് 4-നും 14-നും ദേശീയ ധനമന്ത്രിക്കും പിന്നീട് സുപ്രീംകോടതിയിൽ സത്യവാങ്‌മൂലമായും അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ നൽകിയ കത്തിലെ പ്രധാന ആവശ്യങ്ങൾ ഇങ്ങനെയാണ്‌:

(എ) എസ് ബി ഐയുടെ 29 ബ്രാഞ്ചുകളിലൂടെ ഇലക്ടറൽ ബോണ്ട് വിൽക്കുന്ന നിലവിലെ രീതി റദ്ദാക്കി, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഓഫീസ് വഴി മാത്രം ബോണ്ടുകൾ വിൽക്കാൻ തീരുമാനിക്കണം.
(ബി) വർഷത്തിൽ നാല് പ്രാവശ്യം എന്നത് മാറ്റി, വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമായിരിക്കും ഇലക്ടറൽ ബോണ്ടുകൾ വിൽക്കുക എന്ന് തീരുമാനിക്കുക.
(സി) അർഹരായ രാഷ്ട്രീയ പാർട്ടികളുടെ അംഗീകൃത ബാങ്ക് അക്കൗണ്ടിൽ ഇലക്ടറൽ ബോണ്ടിലെ പണം ഡെപ്പോസിറ്റ് ചെയ്യണം എന്ന വ്യവസ്ഥ കൊണ്ടുവന്ന് അത് ഉടൻ നടപ്പാക്കണം.
(ഡി) ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളിലാണ് ബോണ്ടുകൾ ഇപ്പോൾ വിൽക്കുന്നത്. ഇത് അടിയന്തിരമായി മാറ്റി ആയിരം, പതിനായിരം, ഒരു ലക്ഷം എന്നീ തുകകളിൽ മാത്രമായി ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന പുന:ക്രമീകരിക്കണം.

റിസർവ്വ് ബാങ്ക് ഗവർണറുടേയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽപ്പറഞ്ഞ ക്രിയാത്മകമായ നിർദേശങ്ങളിൽ ഒരെണ്ണംപോലും പരിഗണിക്കാൻ ഇന്ത്യ ഗവണ്മെന്റ് തയാറായില്ല. ഇന്ത്യയെ അതിവേഗം കാഷ്‌ലെസ്‌, ഡിജിറ്റൽ ഇക്കോണമി ആക്കാനായി 2016-ൽ നടത്തിയ നോട്ട് നിരോധനത്തിന് പിന്നാലെ ആവിഷ്‌കരിച്ച അടുത്ത ''സർജിക്കൽ സ്‌ട്രൈക്ക്‌'' ആയിട്ടാണല്ലോ മോദിസർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതിയെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

2016 നവംബർ 8 ന് രാത്രിയാണ് നോട്ട് നിരോധന പ്രഖ്യാപനമുണ്ടായത്‌. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കൽ, കള്ളനോട്ടുകൾ ഇല്ലാതാക്കൽ, അഴിമതി നിർമ്മാർജനം ചെയ്യൽ, തീവ്രവാദികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പണത്തിന്റെ ഒഴുക്ക് തടയൽ എന്നിവയാണ് നോട്ടുനിരോധനത്തിന്റെ പരമപ്രധാന ലക്ഷ്യങ്ങളായി പ്രാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് പ്രഖ്യാപനം നടത്തിയത്‌. നിരവധി വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം ഇതാ ഉടൻ പിടികൂടുകയായി എന്ന മട്ടിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർത്തിവിട്ട പ്രചാരണ കോലാഹലങ്ങൾ. എന്നാൽ നാളിതുവരെ ഏതെങ്കിലുമൊരു വിദേശ ഇന്ത്യക്കാരനെ കള്ളപ്പണക്കേസിൽ പിടികൂടാനോ കുടുക്കാനെങ്കിലുമോ ഗവൺമെന്റിന് സാധിച്ചിട്ടില്ല.

നോട്ട് നിരോധന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി, മറ്റൊരു സുപ്രധാന പ്രഖ്യാപനവും നടത്തി. അതിങ്ങനെയായിരുന്നു: ‘‘സത്യസന്ധമായി നികുതി നൽകുന്നവരെ ആരും പരിഗണിക്കുന്നില്ല. നമ്മൾ നിശ്ചയിച്ചിരിക്കുന്നത്‌, വിദേശത്തുനിന്ന് പിടികൂടി ഇങ്ങോട്ട് കൊണ്ടുവരാൻ പോകുന്ന കള്ളപ്പണത്തിൽ നിന്ന് തീരെ ചെറിയൊരു ശതമാനം തുക എടുത്ത് ഇവിടെ സത്യസന്ധമായി ആദായ നികുതി അടയ്‌ക്കുന്ന മാസ ശമ്പളക്കാർക്ക് സമ്മാനമായി തിരിച്ച് കൊടുക്കണം എന്നാണ്‌. അവരുടെ ദേശഭക്തിയെ നാം അങ്ങനെ ആദരിക്കുകതന്നെ ചെയ്യും''.
എന്നാൽ, മോദി ഭരണം ആരംഭിച്ച് നാളിതുവരെയുള്ള കാലയളവിൽ കേവലം നൂറു രൂപയുടെ വിദേശ കള്ളപ്പണമെങ്കിലും പിടികൂടി നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ഭരണഘടനാ ലംഘനമോ, അതെന്ത്‌..?

പരിധിയില്ലാത്ത പണം, അതും കോടിക്കണക്കിന് രൂപ വരുന്ന തുകകൾ രാഷ്ട്രീയ പാർട്ടികൾക്ക് അതീവ രഹസ്യസ്വഭാവത്തോടെയും അതേസമയം, തികച്ചും നിയമവിധേയം എന്ന ഔദ്യോഗിക അംഗീകാരത്തോടെയും സംഭാവന നൽകാൻ സൃഷ്ടിച്ച ഉപകരണമാണ് ഇലക്ടറൽ ബോണ്ടുകൾ. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് 2018 മുതൽ എല്ലാ വർഷവും ഇലക്ടറൽ ബോണ്ട് വിൽപ്പന നടക്കുക. എന്നാൽ സംസ്ഥാന നിയമസഭകളിലേക്കോ പാർലമെൻറിലേക്കോ പൊതുതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മേൽപ്പറഞ്ഞ നാല് വാർഷിക വിൽപ്പനകൾ കൂടാതെ പ്രസ്തുത തെരഞ്ഞെടുപ്പുകൾക്ക് ഒരു മാസം മുൻപ്, ഇലക്ടറൽ ബോണ്ടുകളുടെ ഒരു പത്ത് ദിവസ പ്രത്യേക വിൽപ്പനയും നടത്താറുണ്ട്. ഇപ്പോൾ നടന്ന തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ മാസമാദ്യം ബോണ്ടുകളുടെ വിൽപ്പന നടത്തിയത് അതുകൊണ്ടാണ്. കേരളമുൾപ്പെടെ മറ്റെല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ഒരു മാസം മുമ്പ് ഇത്തരം ബോണ്ട് വിൽപ്പനകൾ, 2018-ൽ ഈ പദ്ധതി തുടങ്ങിയതുമുതൽ നടത്തിവരുന്നുണ്ട്.

ധനമൂലധനത്തിന്റെ വ്യാപ്‌തിയും സ്വാധീനശക്തിയും ഭരണകക്ഷിക്ക് ഏറ്റവുമധികം പ്രയോജനപ്പെടുത്തത്തക്കവിധം, ആസൂത്രണ മികവോടെ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു ഈ പദ്ധതിയിൽ. അതിന്റെ ഉള്ളടക്കത്തിലും നടത്തിപ്പിലും പക്ഷേ, കടുത്ത ജനാധിപത്യവിരുദ്ധതയാണ് ഉൾച്ചേർത്തിരിക്കുന്നത്‌. അപായകരമായ ഈ അപഭ്രംശം തിരുത്തുക എന്നത് കാലികമായ അടിയന്തരാവശ്യമാണ്‌. രാഷ്ട്രീയ പാർട്ടികൾ ബോണ്ടുകളിലൂടെ എത്ര പണം കൈപ്പറ്റുന്നു, അത് നൽകിയത് ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഏതൊരു പൗരനും അവകാശമുണ്ട്‌. അതവന് ഭരണഘടനാദത്തമായി കൈവന്ന മൗലികാവകാശവുമാണ്‌. എന്നാൽ ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക കാര്യ വകുപ്പ് (Department of Economic Affairs) ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട്‌, ഇതൊന്നും പൗരാവകാശം അല്ല എന്നതാണ്‌.

ഇതിനായി ഭരണഘടനയെപ്പോലും വികലമായി വ്യാഖ്യാനിച്ച് പുതിയൊരു ന്യായീകരണ സിദ്ധാന്തം ചമയ്‌ക്കുക കൂടി ചെയ്‌തു ദേശീയ സാമ്പത്തിക കാര്യ വകുപ്പ്‌. ഇലക്ടറൽ ബോണ്ടുകളുടെ ഇതുവരെ നടന്ന വിൽപ്പനയുടെ വിശകലനം വ്യക്തമാക്കുന്നത്‌, വിറ്റ ബോണ്ടുകളിൽ 90 ശതമാനവും ഒരു കോടി രൂപയുടേതാണ് എന്നതാണ്‌. സമ്പന്ന ഇടത്തരക്കാരും കോർപറേറ്റുകളുമല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകേണ്ട കാര്യമില്ലല്ലോ.രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ നൂതനവും രഹസ്യവുമായ ഒരു മാർഗ്ഗം വേണമെന്ന് ഗവണ്മെന്റിനോട് ദാതാക്കൾ ആവശ്യപ്പെടുകയും ചെയ്‌തിട്ടില്ല. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ കരുത്ത് ആന്തരികമായി ആഴത്തിൽ ദുർബലപ്പെടുത്തുംവിധം,കണക്കിൽപ്പെടാത്ത കള്ളപ്പണം കൊണ്ട് തങ്ങളുടെ ഖജനാവ് നിറയ്‌ക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കുകയാണ് ഈ പദ്ധതിയെന്ന് ആരോപിച്ചാണ് സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹർജി നൽകിയത്‌.ഇതിന്‌, പിന്നീട് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്‌മൂലത്തിലാണ് ഭരണഘടനയെപ്പോലും വളച്ചൊടിച്ച വികലവ്യാഖ്യാനം ദേശീയ സാമ്പത്തിക കാര്യ വകുപ്പ് നൽകിയത്‌.

കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി നൽകുന്ന സംഭാവനകളുടെ രഹസ്യ സ്വഭാവം ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ കീഴിലാക്കിയിരിക്കുന്നു.

കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി നൽകുന്ന സംഭാവനകളുടെ രഹസ്യ സ്വഭാവം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന് കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതത്രേ ദേശീയ ധനമന്ത്രാലയം സ്വീകരിച്ച നിലപാട്‌. പ്രത്യേകമായി ഇവിടെ നാമൊരു വസ്‌തുത ഗൗരവമായി ഉൾക്കൊള്ളേണ്ടതുണ്ട്‌. എന്തെന്നാൽ 2019 മാർച്ച് 3-ന് സമർപ്പിച്ച ഈ സത്യവാങ്‌മൂലത്തിലെ നിലപാടിലൂടെ ബി ജെ പി ഗവൺമെന്റ് രാജ്യത്തിന്റെ ഭരണഘടനയോട് പൊറുക്കാനാകാത്ത നീതികേട് കാട്ടി എന്നതാണത്‌. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം എന്നത്‌, ഭരണകൂടത്തിന്റെ (സർക്കാരിന്റെ) തെറ്റായ നയ നടപടികൾ മൂലം പൗരന്മാർക്കുണ്ടാകുന്ന വ്യക്തിപരമോ / സാമൂഹികമോ ആയ പീഡനങ്ങളിൽ നിന്ന് അവരുടെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുക എന്നതിനെപ്പറ്റിയാണ് വിവക്ഷിക്കുന്നത്‌. പൗരരുടെ, ജീവിക്കാനുള്ള മൗലികാവകാശത്തിനായുള്ളതാണ് ഈ ഭരണഘടനാ സംരക്ഷണം. ഇതാകെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്‌താണ്‌, കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി നൽകുന്ന സംഭാവനകളുടെ രഹസ്യ സ്വഭാവം ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ കീഴിലാക്കിയിരിക്കുന്നു എന്ന് ഇന്ത്യാ ഗവണ്മെന്റ് തന്നെ നിലപാടെടുത്ത് സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചത്‌.

കണക്കിൽപ്പെടാത്ത കള്ളപ്പണം കൊണ്ട് തങ്ങളുടെ ഖജനാവ് നിറയ്‌ക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്ന് ആരോപിച്ചാണ് സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഹർജി നൽകിയത്‌

ജനവിരുദ്ധം മാത്രമല്ല അത്യന്തം ഭരണഘടനാവിരുദ്ധവുമാണ് മോദി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി എന്നതാണ് ഈ പരമ്പരയിലൂടെ പറയാൻ ശ്രമിച്ചത്. ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലായി സുപ്രീം കോടതിയിൽ ഈ കേസിന്മേൽ വാദവും പ്രതിവാദവും നടന്നു. ചില വിശദാംശങ്ങളിന്മേൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കയാണ്. ഇലക്ടറൽ ബോണ്ട് എന്ന രാജ്യ വിരുദ്ധ പദ്ധതിയെപ്പറ്റി ഇന്ത്യയുടെ പരമോന്നത കോടതിയുടെ മഹത്തായ വിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ രാജ്യം മുഴുവൻ.

(അവസാനിച്ചു)

ഇലക്‌ടറൽ ബോണ്ട്: കളളപ്പണത്തിന്റെ സർക്കാർ മേൽവിലാസം?- PART 1

സർക്കാർ റെയ്ഡിൽനിന്ന് രക്ഷപ്പെടാൻ
ഇലക്ടറൽ ബോണ്ട് വാങ്ങിയ മദ്യക്കമ്പനി;
പിന്നീട് എന്തു സംഭവിച്ചു? - PART 2


എം. ജയചന്ദ്രൻ

ദേശാഭിമാനി, ദീപിക, മെട്രോ വാർത്ത എന്നീ പത്രങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ഫ്രീലാൻസ് ജേണലിസ്റ്റ്. സഭ ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു.

Comments