പട്ടിക വിഭാഗക്കാരെ അപരന്മാരാക്കുകയാണ്​
​ഇപ്പോഴും കേരളത്തിലെ ഉന്നത വിദ്യാഭ്യാസം

2021-22 അധ്യയനവർഷത്തിലെ ബിരുദ പ്രവേശന പ്രക്രിയ അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന അവസരത്തിൽ, കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകരിൽ ദലിത്- ഗിരിജന വിഭാഗങ്ങളുടെ പങ്കാളിത്തം പരിശോധിച്ച്​, ഉന്നതവിദ്യാഭ്യാസ സംവിധാനത്തിൽ പട്ടിക വിഭാഗ പ്രാതിനിധ്യം വളരെ കുറവാണ് എന്ന്​ കണ്ടെത്തുന്നു

‘ജാത്യാലുള്ളത് തൂത്താൽ പോകില്ല', ‘അവർക്കെന്തു കൊടുത്താലും നന്നാകില്ല', ‘ഞങ്ങൾക്കർഹതപ്പെട്ടതുകൂടി അവർ കൊണ്ടുപോകുന്നു', ‘അവർക്ക് പഠിക്കാനും ജോലി നേടാനും എന്തെളുപ്പമാണ്'; പട്ടികജാതി - വർഗ വിഭാഗങ്ങളെക്കുറിച്ച് ഇങ്ങനെയുള്ള ചിന്തകൾക്ക് സമൂഹ പൊതുബോധത്തിൽ ആധിപത്യമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സാമൂഹികനീതിയിലും പൊതു ഇടപെടലിലും അധിഷ്ഠിതമായ കേരള വികസനമാതൃക സ്ഥൂല സാമ്പത്തിക- സാമൂഹിക സൂചകങ്ങളിൽ മുന്നിട്ടുനില്കുമ്പോഴും, ആഘോഷിക്കപ്പെടുന്ന ഈ മുഖ്യധാരാ സൂചകങ്ങളിൽ പെടാതെ, പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾ ബഹിഷ്‌കൃതരായി (outlier) നിൽക്കുന്നു എന്നാണ് സൂക്ഷ്മപരിശോധനകൾ വിശദമാക്കുന്നത്. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിദ്യാഭ്യാസമേഖലയിൽ, ഈ ‘ഔട്ട്‌ലയേറു’കളുടെ സാന്നിധ്യം സുവ്യക്തമാണ്. കേരള വികസനാനുഭവത്തിൽ പ്രാഥമിക വിദ്യാഭ്യാസം എല്ലാവരിലേയ്ക്കും എത്തുന്നുണ്ട്. എന്നാൽ, ഉന്നത സാമൂഹികശ്രേണിയിലേക്കുള്ള ചലനക്ഷമതയും സ്വയംസ്ഥിതികരണശേഷിയും നിർണയിക്കുന്ന, ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൽ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണ്.

ആർട്‌സ് വിഷയങ്ങളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മലയാളം തുടങ്ങിയ കോഴ്‌സുകളിൽ എല്ലാ സർക്കാർ എയ്ഡഡ് കോളേജുകളിലും അപേക്ഷകരുണ്ട്. എന്നാൽ താരതമ്യേന ഉയർന്ന ജോലി സാധ്യതയുള്ള ‘സ്റ്റാറ്റസ് സിംബൽ’ കോഴ്സുകളിലേക്ക് പട്ടികവിഭാഗത്തിൽ പെട്ട അപേക്ഷകരില്ല.

2021-22 അധ്യയനവർഷത്തിലെ ബിരുദ പ്രവേശനപ്രക്രിയ അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന ഈ അവസരത്തിൽ, കേരള സർവകലാശാലയുടെ കീഴിലുള്ള 14 സർക്കാർ, 37 എയ്ഡഡ്, 97 സ്വാശ്രയ കോളേജുകളിലെ ആർട്‌സ് ആൻഡ് സയൻസ് ബിരുദപ്രവേശനത്തിനുള്ള അപേക്ഷകരിൽ ദലിത് - ഗിരിജന വിഭാഗങ്ങളുടെ പങ്കാളിത്തം പരിശോധിക്കുകയാണിവിടെ. കേരളത്തിലെ നാല്​ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളാണ് കേരള സർവകലാശാലയുടെ കീഴിൽ പ്രധാനമായും ഉൾക്കൊള്ളുന്നത്. മൊത്തം ബിരുദ സീറ്റുകളിൽ 15% സീറ്റ്​ പട്ടികജാതിയിലെയും 5% സീറ്റ്​ പട്ടികവർഗത്തിലെയും വിദ്യാർഥികൾക്ക് സംവരണം ചെയ്യണമെന്നാണ് നിയമം നിഷ്‌കർഷിക്കുന്നത് (Scheduled Caste and Scheduled Tribe (Prevention of Atrocities) Amendment Act). സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പട്ടികജാതി- പട്ടികവർഗ സംവരണം അട്ടിമറക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ഉന്നതവിദ്യാഭ്യാസ സംവിധാനം വർഷങ്ങളായി പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടത് വളരെ പ്രസക്തമാണ്.

2021-22 അധ്യയനവർഷത്തിലെ കേരള സർവകലാശാലയിലെ ബിരുദ പ്രവേശനപ്രകാരമുള്ള വിവരങ്ങൾ.
2021-22 അധ്യയനവർഷത്തിലെ കേരള സർവകലാശാലയിലെ ബിരുദ പ്രവേശനപ്രകാരമുള്ള വിവരങ്ങൾ.


പട്ടിക വിഭാഗക്കാരില്ലാത്ത കോഴ്​സുകൾ

2021-22 അധ്യയനവർഷത്തിലെ കേരള സർവകലാശാലയിലെ ബിരുദ പ്രവേശനപ്രക്രിയ വിശകലനം ചെയ്യവേ ലഭിച്ച വിവരങ്ങളാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അവസരസമത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണം ആരംഭിച്ച് വർഷങ്ങൾക്കുശേഷവും പട്ടികജാതി- വർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തവയിൽ വലിയ ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. മൊത്തം ബിരുദ വിദ്യാർഥികളിൽ 12.72 ശതമാനം എസ്.സി. വിദ്യാർഥികളും കേവലം 1.85 ശതമാനം എസ്.ടി. വിദ്യാർഥികളുമാണ്​. പ്രവേശനം നടക്കുന്നതാകട്ടെ, പലപ്പോഴും ജോലിസാധ്യത കുറവുള്ള കോഴ്‌സുകളിലേയ്ക്കുമാണ്. ആർട്‌സ് വിഷയങ്ങളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മലയാളം തുടങ്ങിയ കോഴ്‌സുകളിൽ എല്ലാ സർക്കാർ എയ്ഡഡ് കോളേജുകളിലും അപേക്ഷകരുണ്ട്. എന്നാൽ താരതമ്യേന ഉയർന്ന ജോലി സാധ്യതയുള്ള ‘സ്റ്റാറ്റസ് സിംബൽ’ കോഴ്സുകളിലേക്ക് പട്ടികവിഭാഗത്തിൽ പെട്ട അപേക്ഷകരില്ല. ബി.എസ്​സി. കോഴ്‌സുകളിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് തുടങ്ങിയ വിഷയങ്ങളിലും പട്ടികവർഗ അപേക്ഷകർ നാമമാത്രമാണ്. വാണിജ്യസാധ്യതയുള്ള ‘ന്യൂ ജനറേഷൻ' കോഴ്സുകളായ ബി.കോം. കൊമേഴ്​സ്​ ആൻഡ്‌ ടാക്​സേഷൻ പ്രൊസീജ്യർ, ബി.കോം. ടൂർ ആൻഡ്‌​ ട്രാവൽ മാനേജ്മെൻറ്​, ബി.ബി.എ., ബി.സി.എ. തുടങ്ങിയവയിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് അപേക്ഷകർ വളരെ കുറവാണ്. പട്ടികവർഗ അപേക്ഷകരേയില്ല. ഇത് ഉന്നത വിദ്യാഭ്യാസ സംവിധാനത്തിലെ പുറംതള്ളലിന്റെ രാഷ്ട്രീയമാണ് കാണിക്കുന്നത്. ഗവണ്മെൻറ്​ കോളേജുകളിലെ മേൽപ്പറഞ്ഞ കോഴ്‌സുകളുടെ അഭാവവും തൽഫലമായുള്ള എയ്ഡഡ്- സെൽഫ് ഫിനാൻസിങ് കോളേജുകളിലെ പഠനത്തിന്റെ ഉയർന്ന ചെലവും അവയുടെ ഉയർന്ന സാങ്കേതികത്വവും ആണ് ഇവയിലേക്കുള്ള SC - ST അപേക്ഷകരുടെ കുറവിനുകാരണം.
ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവും പട്ടികജാതി-വർഗ വിഭാഗങ്ങളിൽപെട്ട അപേക്ഷകരുടെ നിരക്കും തമ്മിൽ എതിർദിശയിലുള്ള ബന്ധം (negative correlation) നിലനിൽക്കുന്നതായി കണക്ക്​ സൂചിപ്പിക്കുന്നു. സർക്കാർ കോളേജുകളെ അപേക്ഷിച്ച്​ കുറഞ്ഞ ഇൻഡക്‌സ് മാർക്കിൽ പ്രവേശനം നേടാമെങ്കിലും സ്വാശ്രയ കോളേജുകളിലെ SC - ST അപേക്ഷകരുടെ പ്രാതിനിധ്യക്കുറവിന്റെ പ്രധാന കാരണങ്ങൾ ഉയർന്ന വിദ്യഭ്യാസ ചെലവും ഉയർന്ന സാങ്കേതികതയുമാണ്.

51 സ്വാശ്രയ കോളേജുകളിൽ വെറും 29 ശതമാനം കോളേജുകളിലാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട അപേക്ഷകരുള്ളത്. എന്നാൽ പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് ഒരു കോളേജിൽ പോലും അപേക്ഷകരില്ല

ബി.എ. കോഴ്‌സുകളിൽ എല്ലാ സർക്കാർ കോളേജുകളിലും പട്ടികജാതി വിഭാഗ അപേക്ഷകരുണ്ട്. എന്നാൽ മൊത്തം 10 സർക്കാർ കോളേജുകളിൽ 50 ശതമാനത്തിൽ മാത്രമാണ് പട്ടികവർഗ അപേക്ഷകരുള്ളത്. ആകെ 30 എയ്ഡഡ് കോളേജുകളിൽ 97 ശതമാനം കോളേജുകളിലും SC അപേക്ഷകരുള്ളപ്പോൾ കേവലം 35 ശതമാനം കോളേജുകളിലാണ് ST അപേക്ഷകരുള്ളത്. സ്വാശ്രയ കോളേജുകളിലെ സ്ഥിതി ഇതിലും ഗുരുതരമാണ്. നിലവിലെ 51 സ്വാശ്രയ കോളേജുകളിൽ വെറും 29 ശതമാനം കോളേജുകളിലാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട അപേക്ഷകരുള്ളത്. എന്നാൽ പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് ഒരു കോളേജിൽ പോലും അപേക്ഷകരില്ല എന്നത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ മൂലം ഈ വിഭാഗങ്ങളുടെ അരികുവത്കരണം ഇന്നും തുടർക്കഥയാകുന്നതിന്റെ ഉദാഹരണമാണ്. ബി.എസ്​സി. കോഴ്സുകളിൽ ആകെയുള്ള 14 സർക്കാർ കോളേജുകളിൽ 91 ശതമാനം കോളേജുകളിലും SC അപേക്ഷകരുണ്ട്. എന്നാൽ 55 ശതമാനം കോളേജുകളിൽ മാത്രമാണ് ST അപേക്ഷകരുള്ളത്.

2021-22 അധ്യയനവർഷത്തിലെ കേരള സർവകലാശാലയ്ക്ക് കീഴിലെ ബിരുദ പ്രവേശനപ്രകാരമുള്ള വിവരങ്ങൾ.
2021-22 അധ്യയനവർഷത്തിലെ കേരള സർവകലാശാലയ്ക്ക് കീഴിലെ ബിരുദ പ്രവേശനപ്രകാരമുള്ള വിവരങ്ങൾ.

മൊത്തം 34 എയ്ഡഡ് കോളേജുകളിൽ 100 ശതമാനത്തിലും SC അപേക്ഷകരുള്ളപ്പോൾ, ST അപേക്ഷകരുള്ളത് കേവലം 29 ശതമാനം കോളേജുകളിലാണ്. ആകെ 60 സ്വാശ്രയ കോളേജുകളിൽ 50 ശതമാനത്തിലാണ് SC അപേക്ഷകരുള്ളത്. പക്ഷെ ST വിഭാഗത്തിൽ നിന്ന് മൂന്ന് ശതമാനം കോളേജുകളിലാണ് അപേക്ഷകരുള്ളത്. ബി.കോം. കോഴ്‌സുകളിലെ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേൽപ്പറഞ്ഞതിൽ നിന്ന് ​ഭിന്നമല്ല. നിലവിലുള്ള 9 ഗവൺമെൻറ്​ കോളേജുകളിൽ SC അപേക്ഷകർ എല്ലാ കോളേജുകളിലും ഉള്ളപ്പോൾ 44 ശതമാനത്തിൽ മാത്രമേ ST അപേക്ഷകരുള്ളൂ. എല്ലാ എയ്ഡഡ് കോളേജുകളിലും SC അപേക്ഷകരുണ്ട്. പക്ഷെ ആകെയുള്ള 33 എയ്ഡഡ് കോളേജുകളിൽ 18 ശതമാനത്തിൽ മാത്രമാണ് ST അപേക്ഷകരുള്ളത്. ആകെ 97 സ്വാശ്രയ കോളേജുകളിൽ 45 ശതമാനത്തിൽ SC അപേക്ഷകരുണ്ട്. എന്നാൽ, ഒരു കോളേജിൽ മാത്രമാണ് ST അപേക്ഷകരുള്ളത്.

പട്ടികജാതി-പട്ടികവർഗ സംവരണ തത്ത്വങ്ങൾ പാലിക്കുമെന്ന ഉറപ്പിന്മേൽ കൂടിയാണ് സർവകലാശാലക സ്വാശ്രയ കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നത്. ഒരുതവണ അപേക്ഷകരില്ലെങ്കിൽ ഒഴിവുള്ള വിവരം 3 തവണ 3 വ്യത്യസ്ത തീയതികളിലിൽ പ്രാദേശിക മാധ്യമങ്ങൾ വഴി അറിയിക്കണമെന്നും പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രത്യേകമായി അലോട്ട്‌മെൻറ്​ നടത്തണമെന്നും കേരള യൂണിവേഴ്‌സിറ്റി സ്റ്റാറ്റ്യൂട്ട്​ അനുശാസിക്കുന്നു. കൂടാതെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും SC- ST വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളുടെ ഒഴിവുവിവരങ്ങൾ അപേക്ഷകരിലേയ്ക്ക് എത്തിക്കണമെന്ന് പട്ടികജാതി- വർഗ സംരക്ഷണനിയമം പറയുന്നുണ്ട്. SC- ST വിഭാഗങ്ങൾക്കായി സംവരണം ചെയ്​ത സീറ്റുകൾ പ്രവേശനപ്രക്രിയ അവസാനിക്കുമ്പോൾ പൊതുവിഭാഗത്തിനുള്ള സീറ്റുകളായി പരിവത്തനം ചെയ്യാൻ സാധാരണയായി പാടില്ല എന്നാണ് നിയമം നിഷ്‌കർഷിക്കുന്നത്. എന്നാൽ ഇവയൊക്കെ കാറ്റിൽപറത്തി നഗ്‌നമായ നിയമലംഘനമാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്.

വിവരം സർവകലാശാലയുടെ പരമരഹസ്യം!

കേരളത്തിലെ വിദ്യാഭ്യാസമേഖല സ്വകാര്യവത്കരിച്ചിട്ട്​ ഏകദേശം കാൽനൂറ്റാണ്ടായിട്ടും എല്ലാ വിഭാഗങ്ങളിലെ വിദ്യാർഥികളും പരിമിതികൾക്കിടയിലും സർക്കാർ കോളേജുകൾക്കാണ് ഉന്നതവിദ്യാഭ്യാസത്തിൽ മുൻഗണന നൽകുന്നത് കടുത്ത മത്സരവും പ്രവേശനത്തിന്റെ മാനദണ്ഡമായി ഉയർന്ന ഇൻഡക്‌സ് മാർക്കുമുണ്ടെങ്കിലും പിന്നാക്കവിഭാഗ വിദ്യാർഥികളും ഗവണ്മെൻറ്​ കോളേജുകൾ തിരഞ്ഞെടുക്കുന്നത് അവിടുത്തെ ഉൾക്കൊള്ളലിന്റെ, ബഹുസ്വരതയുടെ (വിവിധ മത- ജാതി- സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ വിഭാഗങ്ങളുടെ പ്രാതിനിധ്യം വിദ്യാർഥി- അധ്യാപക-അനധ്യാപക മേഖലയിൽ) രാഷ്ട്രീയം മൂലമാണ്.

കേരളത്തിലെ സർവകലാശാലകളിലെ ഐ.ടി വിഭാഗങ്ങളിൽ ഓരോ വിദ്യാർഥിയുടെയും വ്യക്തിഗതമായ എല്ലാ അക്കാദമിക വിവരങ്ങളും ലഭ്യമായിരുന്നിട്ടും ഈ വിവരം പുറത്തുവിടാൻ സർവകലാശാലകൾ തയ്യാറാകുന്നില്ല.

സ്വകാര്യ കോളേജുകളിലെ ST അപേക്ഷകരുടെ അഭാവത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
• പിന്നാക്ക വിഭാഗങ്ങൾക്ക് താല്പര്യമുള്ള പരമ്പരാഗത കോഴ്‌സുകളുടെ അപര്യാപ്തത.
• ഉയർന്ന ഫീസ്.
• വിദ്യാഭ്യാസത്തിലെ നിലവാരമില്ലായ്മ (ഇൻഡക്‌സ് മാർക്കിൽ സർക്കാർ കോളേജുകളും സ്വാശ്രയ കോളേജുകളും തമ്മിലുള്ള 30 ശതമാനത്തോളം വരുന്ന അന്തരത്തിൽ നിന്ന്​ ഇത് വ്യക്തമാണ്).
ഈ സാഹചര്യത്തിലാണ് സംവരണത്തിന്റെ അടിസ്ഥാനം ജാതി ആകരുത് എന്ന് പ്രിവിലേജ്ഡ് ആയ ഭൂരിപക്ഷം മുറവിളി കൂട്ടുമ്പോഴും ജാതിസംവരണം പ്രസക്തമാകുന്നത്.

ഇൻഡക്‌സ് മാർക്കിൽ ജനറൽ വിഭാഗത്തെക്കാളും ഏകദേശം 30 ശതമാനത്തിലധികം പിന്നിലാണ് പട്ടികവർഗ വിഭാഗ വിദ്യാർഥികൾ നിൽക്കുന്നത് എന്ന് പ്രവേശന പ്രക്രിയയിൽ തന്നെ കാണാം. എന്നിട്ടും സർക്കാർ- സർവകലാശാല തലത്തിൽ പട്ടികജാതി-വർഗ വിദ്യാർഥികളുടെ വ്യതിരിക്തമായ വിദ്യാഭ്യാസപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന പദ്ധതികളൊന്നും ഉണ്ടായിട്ടില്ല. വിവിധ സർക്കാരുകൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കി എങ്കിലും അവയിലൊക്കെ SC-ST വിദ്യാർഥികളുടെ പ്രാതിനിധ്യം തുലോം കുറവാണ്​, മാത്രമല്ല, ജനറൽ വിഭാഗവും SC-ST വിഭാഗവും തമ്മിലുള്ള അക്കാദമിക പ്രകടനത്തിൽ അന്തരം സംബന്ധിച്ച വിവരങ്ങളുടെ സംയോജനം സർവകലാശാലാതലത്തിൽ നടന്നിട്ടില്ല എന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയതിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. കേരളത്തിലെ സർവകലാശാലകളിലെ ഐ.ടി വിഭാഗങ്ങളിൽ ഓരോ വിദ്യാർഥിയുടെയും വ്യക്തിഗതമായ എല്ലാ അക്കാദമിക വിവരങ്ങളും (ഉദാ: പ്രവേശന വിഭാഗം, ഓരോ സെമസ്റ്ററിലെയും ഇന്റേണൽ മാർക്കും പൊതുപരീക്ഷയിലെ മാർക്കും, എത്ര തവണ പരീക്ഷ എഴുതി മുതലായവ) ലഭ്യമായിരുന്നിട്ടും ഈ വിവരം പുറത്തുവിടാൻ സർവകലാശാലകൾ തയ്യാറാകുന്നില്ല. ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിലെ സർവകലാശാലകളിലെ പട്ടികജാതി- വർഗ വിദ്യാർഥികളുടെ പരാജയനിരക്ക് 90 ശതമാനം ആണ് എന്നത് ഒരേ സമയം അവിശ്വസനീയവും അസ്വസ്ഥപ്പെടുത്തുന്നതുമാണ്.

പിന്നാക്ക വിഭാഗം പെൺകുട്ടികളുടെ പ്രശ്​നങ്ങൾ

സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ സമന്വയത്തിന്റെ കഥകൾ പറയാനുള്ള പല ആദിവാസി കുടുംബങ്ങൾക്കും ജീവിതത്തിന്റെ, നിലനിൽപ്പിന്റെ, വിഭവരാഹിത്യത്തിന്റെ, സുരക്ഷിതത്വത്തിന്റെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആ ഉത്തരം കണ്ടത്തലിന്റെ ദൂഷിതവലയത്തിൽ എത്തിച്ചേരാൻ വിദ്യാഭ്യാസം എന്ന ചോദ്യത്തിന് പലപ്പോഴും സാധിക്കാറില്ല.

സാമ്പത്തില്ലായ്മയിൽ നിന്നും വരുമാനക്കുറവിൽ നിന്നും ദാരിദ്ര്യത്തിന്റെ മാനദണ്ഡം വിവരങ്ങളുടെ ലഭ്യതക്കുറവായി പരിണമിച്ചിരിക്കുന്നു, വിവരസാങ്കേതികവിപ്ലവത്തിന്റെ ഈ കാലഘട്ടത്തിലും, ‘എന്ത് പഠിക്കണം? എവിടെ പഠിക്കണം? എങ്ങനെ പഠിക്കണം? എന്തൊക്കെയാണ് നടപടിക്രമങ്ങൾ?' എന്നിങ്ങനെയുള്ള വിവരങ്ങൾ അവർക്ക് അപ്രാപ്യമാകുമ്പോൾ, ആ വിവരങ്ങളുടെ ചോദന- പ്രദാന സമവാക്യം അതിന് വലിയ വില നിശ്ചയിക്കുമ്പോൾ അവസരസമത്വമാണ് നിഷേധിക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസപ്രവേശനത്തിന്​ ഡിജിറ്റൽ നടപടിക്രമങ്ങളും ഓൺലൈൻ പണമടയ്ക്കലും ഒക്കെയായി നാം മുന്നോട്ടുപോകുന്നു. പക്ഷെ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത, ഇന്റർനെറ്റ് കണക്ഷനില്ലാത്ത, ഇംഗ്ലീഷ് വഴങ്ങാത്ത ഒരു വലിയ വിഭാഗം ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ഡിജിറ്റൽ വിഭജനം ആധുനിക കാലഘട്ടത്തിൽ അസമത്വത്തിന്റെ പുതിയ മുഖങ്ങളിൽ ഒന്നായി മാറുന്നു, ഒരു വിഭാഗം മനുഷ്യർക്ക് മുഖമില്ലാതായി മാറുന്നു.

ഈ വിഷയത്തിന്റെ ലിംഗ-രാഷ്ട്രീയ തലം കൂടി പരിശോധിക്കേണ്ടതുണ്ട്. പിന്നാക്ക വിഭാഗ പെൺകുട്ടികൾക്ക് പ്രതികൂലമായ സാമൂഹികാന്തരീക്ഷം ഉന്നതവിദ്യാഭ്യാസം നേടുന്നതിൽ വിലങ്ങുതടിയാകുന്നുണ്ട്. ചെറിയ പ്രായത്തിലെ വിവാഹം, ആർത്തവവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ, പെൺകുട്ടികൾക്കുമേലുള്ള കുടുംബത്തിന്റെ അഭിമാനഭാരം, പുരുഷമേധാവിത്വ സാമൂഹികഘടന എന്നിവ അവരുടെ പങ്കാളിത്തക്കുറവിന്റെ കാരണങ്ങളായി പറയുന്നു.
സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിന്റെ മറ്റൊരു കാരണം, വിദ്യാഭ്യാസ സ്ഥാപനത്തിലെ വിവേചനത്തിന്റെയും അപരത്വനിർമിതിയുടെയും ഒഴിവാക്കലിന്റെയും ബഹിഷ്‌കരണത്തിന്റെയും രാഷ്ട്രീയമാണ്. സ്വന്തം ഭാഷയുടെയും ജാതിയുടെയും സാമൂഹികപദവിയുടെയും സാമ്പത്തികസ്ഥിതിയുടെയും പേരിൽ അവർ മാറ്റിനിർത്തപ്പെടുന്നു, കളിയാക്കപ്പെടുന്നു. അവരുടെ സ്വത്വം അംഗീകരിക്കപ്പെടുന്നില്ല.

അധ്യാപകരുടെ ഏകപക്ഷീയ സമീപനം ഒരു വിഭാഗം വിദ്യാർഥികളെ അപരരാക്കി പുറത്താകുമ്പോൾ, നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ‘അന്യർ നരകമാണ്' എന്ന ആശയത്തിന്റെ വക്താക്കളായി മാറുന്നുണ്ടോ?

വിഭവരാഹിത്യവും അപര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളും കാരണം ഈ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇംഗ്ലീഷിലും ഗണിതം പോലുള്ള സാങ്കേതിക (technical) വിഷയങ്ങളിലും പിന്നോട്ടുനിൽക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃതമല്ലാത്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപനരീതിയും ഇവരുടെ പോരായ്മകളെ മികവുകളാക്കി മാറ്റുന്നതിനുപകരം കൂടുതൽ ദുർബലരാകുകയാണ് ചെയ്യുന്നത്. പഠനം അവർക്ക് കഠിനപ്രക്രിയയാക്കി മാറ്റുന്നു.

അധ്യാപകർ പഠനതാൽപര്യത്തിന്റെ അളവുകോലായി മാർക്കിനെ മാത്രം പരിഗണിക്കുന്നു. ക്ലാസിലെ മുൻപന്തിയിൽ നിൽക്കുന്ന, മുന്നാക്കാവസ്ഥയുടെ എല്ലാ പ്രിവിലേജും അനുഭവിച്ച് വളർന്ന കുട്ടികളുടെ നിലവാരത്തിലും രീതിയിലും വേഗതയിലും അധ്യാപനം നടത്തുന്നു. അവർക്ക് പ്രത്യേക പരിഗണന നൽകുന്നു, നൽകേണ്ടവർക്ക് പ്രത്യേക പരിഗണന നൽകുന്നുമില്ല. അധ്യാപകരുടെ നോട്ടം ഈ മുൻപന്തിയിലുള്ള കുട്ടികളിലേയ്ക്കും, മൊഴി അവരുടെ ഭാഷയും, ചിന്തകൾ അവരുടെ സാഹചര്യങ്ങളും, പരിപ്രേക്ഷ്യവും വേഗത അവരുടെ വേഗതയും മുൻനിർത്തി മാത്രമാകുമ്പോൾ, ‘ഞാൻ ഇവിടെ ഉൾപ്പെടുന്നില്ല' എന്നത് ഒന്നല്ല മറിച്ച്​, ഒട്ടനവധി ആദിവാസി വിദ്യാർഥികളുടെ ഏകതാനമായ ചിന്തയായി മാറുന്നു. അധ്യാപകരുടെ ഈ ഏകപക്ഷീയ സമീപനം ആ ചട്ടക്കൂട്ടിൽ പെടാത്ത വിദ്യാർഥികളെ അപരരാക്കി (othering) പുറത്താകുമ്പോൾ, നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ‘അന്യർ നരകമാണ്' (hell is the other people) എന്ന ആശയത്തിന്റെ വക്താക്കളായി മാറുന്നുണ്ടോ? ഈ അപരത്വ നിർമിതിയും തോൽവിയുടെ ഭയവും തുല്യർക്ക് തുല്യനീതി എന്നതിന്റെ നിഷേധവും കൊഴിഞ്ഞുപോക്കിനും പുതിയ കുട്ടികൾ പ്രവേശനം നേടാൻ മടിക്കുന്നതിനും കാരണമാകുന്നു.

ഉന്നതവിദ്യാഭ്യാസ വ്യവസ്ഥയിലുണ്ടാകുന്ന വരേണ്യവത്കരണം, ‘നീതി എന്നാൽ ന്യായയുക്തത' (justice as fairness) എന്ന റൗൾസിൻ നിലപാടിന്റെ പരിപൂർണമായ ലംഘനമാണ്. പ്രശ്‌നം നിലനിൽക്കുന്നു എന്ന് സർക്കാർതലത്തിലും ഉദ്യോഗസ്ഥരിലും പൊതുസമൂഹത്തിലും ഉള്ള ബോധ്യവും അതിനെ അംഗീകരിക്കുന്നതും പ്രശ്‌നപരിഹാരത്തിന് അനിവാര്യമാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിവേചനകൾക്കെതിരെ ശക്തമായ നിയമപരിരക്ഷയാണ് ഏറ്റവും പ്രധാനം. Scheduled Caste and Scheduled Tribe (Prevention of Atrocities) Amendment Act- 2015 ഉം UGC റെഗുലേഷനുകളും നിലവിലുണ്ടെങ്കിലും അവ പൂർണമായി കാര്യക്ഷമമല്ല. ഈ നിയമങ്ങളെ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ട്​.

ST വിദ്യാർഥികൾക്കും അധ്യാപകർക്കും യൂണിവേഴ്‌സിറ്റി- കോളേജ് തലങ്ങളിലുള്ള സംഘടനകളിൽ അംഗത്വം നൽകുകയും ഭരണനിർവഹണത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. ഇതുവഴി അവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ, നീതിനിഷേധത്തിന് കാരണമാകുന്ന നയങ്ങളെയും നിയമങ്ങളെയും നടപടിക്രമങ്ങളെയും തടയാൻ സാധിക്കും. SC-ST വിദ്യാർഥികളുടെ അക്കാദമിക പ്രകടനത്തിന്റെ വിവരങ്ങൾ അവലോകനം ചെയ്യണം, അവ ജനറൽ വിഭാഗത്തിലെ വിദ്യാർഥികളുടെ പ്രകടനവുമായി നിശ്ചിതകാലയളവിൽ താരതമ്യപഠനത്തിന് വിധേയമാക്കണം. വ്യത്യാസങ്ങളുണ്ടെങ്കിൽ അവ നികത്താൻ വകുപ്പ്- സർവകശാലാ- കോളേജ് തലങ്ങളിൽ എസ്​.സി.- എസ്​.ടി. വിദ്യാർഥികൾക്ക്​ പ്രത്യേക പദ്ധതികൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും വേണം.
പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് ഭാഷയിലും സാങ്കേതികവിഷയങ്ങളിലും ഗുണനിലവാരം ഉയർത്താൻ പ്രത്യേക പരിഗണനയും അക്കാദമികസഹായവും കോച്ചിങ് ക്ലാസും നൽകുന്നത് മാറ്റത്തിലേയ്ക്ക് നയിക്കും. ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ‘പഴ്‌സണലൈസ്ഡ് അക്കാഡമിക് സപ്പോർട്ട് സിസ്റ്റം' പോലുള്ള പ്രത്യേക അക്കാദമിക സഹായസംവിധാനങ്ങൾ മികച്ച ഫലങ്ങൾ നൽകുന്നതായി തെളിഞ്ഞിട്ടുണ്ട്.
അതോടൊപ്പം, പഠന- പഠ്യേതര പ്രവർത്തനങ്ങളിൽ അവർക്ക് സഹായകമാകുന്ന രീതിയുള്ള ഇടപെടൽ എല്ലാ വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അവരുടെ പങ്കാളിത്തവും പ്രകടനവും വർധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യമേഖലയിലെ ആശാ വർക്കർമാരെപ്പോലെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തെയും വിദ്യാർഥികെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവർത്തിക്കാനും SC-ST വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവർക്ക് പ്രചോദനം നൽകാനും വിദ്യാഭ്യാസപ്രവർത്തകരെ സാമൂഹികാടിത്തട്ടിൽ വിന്യസിക്കേണ്ടതുണ്ട്. അധ്യാപകരുടെ പരിശീലന പരിപാടികളിൽ ഇത്തരം പ്രശ്‌നങ്ങളെ സംവേദനക്ഷമതയോടുകൂടി (sensitivity) അഭിസംബോധന ചെയ്യാൻ ഊന്നൽ നൽകേണ്ടതുണ്ട്.

പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ സ്വത്വവും രീതിയും അംഗീകരിച്ചും പരിഗണിച്ചും കൊണ്ടുള്ള അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാനും, അവരിലേക്ക് ഇറങ്ങിച്ചെല്ലാനും അധ്യാപക- വിദ്യാർഥി സമൂഹങ്ങൾ ചിന്താപരമായി മാറേണ്ടതുണ്ട്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും മനോഭാവത്തിൽ മാറ്റം വന്നാൽ മാത്രമേ സുസ്ഥിരമായ പരിഹാരം ഉണ്ടാകുകയുള്ളൂ. വർഷങ്ങളായി പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ സ്വത്വവും രീതിയും അംഗീകരിച്ചും പരിഗണിച്ചും കൊണ്ടുള്ള അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാനും, അവരിലേക്ക് ഇറങ്ങിച്ചെല്ലാനും അധ്യാപക- വിദ്യാർഥി സമൂഹങ്ങൾ ചിന്താപരമായി മാറേണ്ടതുണ്ട്. വിദ്യാഭ്യാസപരമായ ശാക്തീകരണത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന് സാമൂഹികനീതിയും സാമ്പത്തികനീതിയും ലഭിക്കൂ, ആരോഗ്യപരമായ പൊതുരാഷ്​ട്രീയ ജനാധിപത്യ സംസ്‌കാരം രൂപപ്പെടുകയുള്ളൂ എന്നെ ബോധമാണ് ഇന്നിന്റെ ആവശ്യം. അധ്യാപകരുടെ പരിശീലനപരിപാടികളിൽ ഇത്തരം പ്രശ്‌നങ്ങളെ സംവേദനക്ഷമതയോടെ (sensitivity) അഭിസംബോധനചെയ്യാൻ ഊന്നൽ നൽകേണ്ടതുണ്ട്. സങ്കീർണമായ പ്രശ്‌നങ്ങളെ നേരിടുന്നതിനുപകരം അവയോട് മുഖംതിരിക്കുന്നതാണ് പൊതുവെ അധികാരവർഗം സ്വീകരിക്കുന്ന നിലപാട്.

ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയിലുണ്ടാകുന്ന വരേണ്യവത്കരണം, ‘നീതി എന്നാൽ ന്യായയുക്തത' (justice as fairness) എന്ന റൗൾസിസിയൻ നിലപാടിന്റെ പരിപൂർണ ലംഘനമാണ്. പ്രശ്നം നിലനിൽക്കുന്നു എന്ന് സർക്കാർ തലത്തിലും ഉദ്യോഗസ്ഥരിലും പൊതുസമൂഹത്തിലും ഉള്ള ബോധ്യവും അതിനെ അംഗീകരിക്കുന്നതും പ്രശ്നപരിഹാരത്തിന് അനിവാര്യമാണ്.
​തീരുമാനം നമ്മുടേതാണ്. ▮

(Views are Personal and not that of the Institution/ Employer.)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ലക്ഷ്മി ഉല്ലാസ് സി.യു.

കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. കേരളത്തിലെ സ്ത്രീകളുടെ ആർത്തവ ഉത്പന്നങ്ങളുടെ തിരഞ്ഞെടുപ്പിനെ ആസ്പദമാക്കി പഠനം നടത്തിയിട്ടുണ്ട്. Gender studies, എഡ്യൂക്കേഷണൽ എക്കണോമിക്‌സ്, ഹെൽത്ത് എക്കണോമിക്‌സ് എന്നീ മേഖലകളിൽ പഠനം നടത്തുന്നു.

ഡോ. ഗോഡ്‌വിൻ എസ്.കെ.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സാമ്പത്തികശാസ്​ത്ര വിഭാഗം അസോസിയേറ്റ്​ പ്രൊഫസർ. ഇന്ത്യൻ ഹെൽത്ത്​ ഇക്കാണോമിക്​സ്​ ആൻറ്​ പോളിസി അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ദേശീയ- അന്തർദേശീയ വേദികളിൽ അക്കാദമിക ​പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്​. ഡബ്ല്യു.എച്ച്​.ഒ ബുള്ളറ്റിൻ, ബ്രിട്ടീഷ്​ മെഡിക്കൽ ജേണൽ, സയൻസ്​ പബ്ലിഷിങ്​ ഗ്രൂപ്പ്​ എന്നിവയുടെ റിവ്യൂ പാനലിൽ അംഗമാണ്​. ഹെൽത്ത്​ ഫിനാൻസിങ്​, ഫിലോസഫി ഓഫ്​ ഇക്കണോമിക്​സ്​ എന്നീ മേഖലകളിൽ ​അന്വേഷണം നടത്തുന്നു.

വിഷ്ണുപ്രിയ വി.വി.

കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. വിവിധ കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എഡ്യൂക്കേഷൻ ഇക്കണോമിക്‌സ്, ഹെൽത്ത് ഇക്കണോമിക്‌സ്, ദലിത് രാഷ്ട്രീയം എന്നീ​ മേഖലകളിൽ പഠനം നടത്തുന്നു.

Comments