ദേശീയ- സംസ്ഥാന തലങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കേരളത്തിലെ മുഴുവൻ പത്രങ്ങളുടെയും ഒന്നും രണ്ടും പേജുകൾ പ്രബലരായ എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കൊണ്ട് നിറയും. റാങ്കുകൾ നേടിയവരുടെ ചിത്രവും അവകാശവാദങ്ങളും വലുതായി നിരന്നിട്ടുണ്ടാകും. കോടികളാണ് ഈ അവകാശവാദങ്ങൾക്കും മേനിപറച്ചിലിനുമായി സ്ഥാപനങ്ങൾ നീക്കിവെക്കുന്നത്. അവയിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മനസ്സിലാകുന്നത്, ആ കുട്ടികൾ പഠിച്ചിട്ടുള്ളത് കേരളത്തിലെ 90 ശതമാനം കുട്ടികളും പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ അല്ല; മറിച്ച് ഓരോ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിനും സ്വന്തമായുള്ള / അവർ ഏറ്റെടുത്തിട്ടുള്ള അൺ എയിഡഡ് സി ബി എസ് ഇ സ്കൂളുകളിലാണ് എന്നതാണ്.
ഇന്ത്യയിലെയും കേരളത്തിലെയും കണ്ണായ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടുന്നത്, കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ചവരല്ല എന്നത് പൊതുവിദ്യാഭ്യാസത്തിനായി വീണ്ടും വീണ്ടും വലിയ പദ്ധതികളും സംവിധാനങ്ങളും റവന്യു വരുമാനത്തിന്റെ വലിയൊരു ഭാഗവും നീക്കിവെക്കുന്ന കേരള സർക്കാരും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും അടിയന്തരമായും തിരിച്ചറിയേണ്ടതുണ്ട്. എൻട്രൻസ് കോച്ചിംഗ് നടത്തി കോടാനുകോടി വരുമാനമുണ്ടാക്കുന്ന കോച്ചിംഗ് സ്ഥാപനങ്ങളുടെ കുത്തകയാണ് അത്. അത്തരം മുന്തിയ സ്ഥാപനങ്ങളിൽ ആരൊക്കെ പ്രവേശനം നേടണമെന്ന് അവരാണ് ഇന്ന് തീരുമാനിക്കുന്നത്. ഈ ദുർഗതി അവസാനിപ്പിക്കേണ്ട അടിയന്തര സാഹചര്യം ഇപ്പോൾ വന്നിരിക്കയാണ്.
എങ്ങനെയാണ് എൻട്രൻസ് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കപ്പെടുന്നത്? അവസാനഘട്ടത്തിൽ അത് തയ്യാറാക്കുന്ന അതീവ രഹസ്യവിഭാഗത്തിന് ഏതെങ്കിലും തരത്തിൽ അതിൽ ഇടപെടാൻ കഴിയുമോ? ചില സ്ഥാപനങ്ങൾ മാത്രം എന്തുകൊണ്ട് റാങ്ക് ലിസ്റ്റിൽ എല്ലായ്പ്പോഴും മുന്നിൽ എത്തുന്നു?
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ ഏതു പദ്ധതി ആവിഷ്കരിക്കുമ്പോഴും അതെല്ലാം തട്ടിത്തകരുന്ന കൊടുംപാറകളെ നമ്മൾ കാണാതിരുന്നുകൂടാ. അതിനായി പ്രാഥമികമായും നാം ചെയ്യേണ്ടത്, കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നതാണ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സ്വീകരിക്കുന്നതുപോലെ ഹയർ സെക്കന്ററി ശാസ്ത്രവിഷയങ്ങളിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് പ്രവേശനം നടത്തുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളേണ്ട നിർണ്ണായക സന്ദർഭമാണിത്. പല കാരണങ്ങളാൽ ഇന്നിത് പൊതുവിദ്യാഭ്യാസത്തിന്റെ നിലനിൽപ്പിനുതന്നെ അത്യന്താപേക്ഷിതമായി വന്നിരിക്കുന്നു.

ഓർമയുണ്ടോ, 0+0+0= 442
കേരളത്തിൽ എൻട്രൻസ് പരീക്ഷ ഏർപ്പെടുത്താനിടയായ സാഹചര്യമല്ല വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ നിലനിൽക്കുന്നത്. 0+0+0= 442 എന്ന് സ്കോർ സർട്ടിഫിക്കറ്റിൽ എഴുതിച്ചേർത്ത 1981-ലെ പ്രമാദമായ മാർക്ക് തട്ടിപ്പ് കേസിനെ തുടർന്നാണ് അത് എന്ന് ഇപ്പോൾ ഓർമയുള്ളവർ കുറവായിരിക്കും. അന്ന് പ്രീ ഡിഗ്രി ആയിരുന്നു മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. പ്രീ ഡിഗ്രി അവസാനിക്കുകയും അത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുതന്നെ കാൽനൂറ്റാണ്ടിലേറെയായി.
മറ്റെന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അത് ഇന്ന് കേരളത്തിൽ പത്താം ക്ലാസ് പാസാകുന്ന മുഴുവൻ പേരെയും ഉൾക്കൊള്ളാൻ പാകത്തിൽ ബൃഹത്തായി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഏറ്റവും നിർണ്ണായക ഘടകമായി. പരീക്ഷാസംവിധാനങ്ങളും മൂല്യനിർണ്ണയരീതിയും മാറി. വിശ്വാസ്യതയുടെയും സുതാര്യതയുടെയും കർശന നിബന്ധനകളും രീതിശാസ്ത്രവും അതിനിന്നുണ്ട്. വ്യാജമാർക്കുലിസ്റ്റുകൾ എന്നത് ചിന്തയിൽ പോലും വരാത്തവിധം കേരളത്തിലെ പൊതുവിദ്യാഭ്യാസം പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രതയിലും മാധ്യമനിരീക്ഷണത്തിലും ഉണ്ട്.
Related Read: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
ഹയർ സെക്കന്ററി സ്കോറുകളിൽ വ്യക്തിഗത താത്പര്യങ്ങൾ നിഴലിക്കുന്നത് തടയാൻ ശാസ്ത്രവിഷയങ്ങളിലെ സ്കോറുകൾ ഇരട്ടമൂല്യ നിർണ്ണയവും ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിൽ മൂന്നാമത് മൂല്യനിർണയവും കഴിഞ്ഞാണ് പുറത്തുവരുന്നത്. ഒരു പക്ഷേ എൻട്രൻസ് സ്കോറിനെക്കാൾ വിശ്വാസ്യത ഇന്ന് കേരളത്തിലെ ഹയർ സെക്കന്ററി ശാസ്ത്രവിഷയങ്ങളുടെ സ്കോറിനുണ്ട്.
എൻട്രൻസ് നടപ്പാക്കിയത് മുതൽ അതിനായി പ്രത്യേക ഡയറക്ടറേറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട് (Office of the Commissioner for Entrance Examinations). മെഡിക്കൽ പ്രവേശനം നീറ്റ് (National Eligibility-cum-Entrance Test- NEET- UG) എന്ന ദേശീയ പരീക്ഷാവഴി ആയശേഷം വിപുലമായ ആ കമ്മീഷണറേറ്റ് നടത്തുന്നത് പ്രധാനമായും എഞ്ചിനീയറിംഗ് / ആർക്കിറ്റെക്റ്റ് പ്രവേശന പരീക്ഷകളാണ്. പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത റാങ്ക് ലിസ്റ്റ് ആണോ അവിടെ തയ്യാറാക്കപ്പെടുന്നത് എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അതിന്റെ കോൺഫിഡൻഷ്യൽ സെക്ഷനിലെ പ്രക്രിയകൾ പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിന്നിട്ടുണ്ട്. അവിടെ നടക്കുന്ന സമീകരണം എന്ന പൊതുവിദ്യാഭ്യാസത്തെ തകർക്കാനുതകുന്ന അന്തകവിത്തിനെക്കുറിച്ച് ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
എങ്ങനെയാണ് എൻട്രൻസ് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കപ്പെടുന്നത്? അവസാനഘട്ടത്തിൽ അത് തയ്യാറാക്കുന്ന അതീവരഹസ്യവിഭാഗത്തിന് ഏതെങ്കിലും തരത്തിൽ അതിൽ ഇടപെടാൻ കഴിയുമോ? ചില സ്ഥാപനങ്ങൾ മാത്രം എന്തുകൊണ്ട് റാങ്ക് ലിസ്റ്റിൽ എല്ലായ്പ്പോഴും മുന്നിൽ എത്തുന്നു? ഈ കാര്യങ്ങളെല്ലാം സമഗ്ര അന്വേഷണത്തിന് വിധേയമാകേണ്ടതുണ്ട്.
എൻട്രൻസ് പരീക്ഷയിലും യോഗ്യതാപരീക്ഷയിലെ ശാസ്ത്രവിഷയങ്ങളിലും നൂറു ശതമാനം സ്കോർ നേടി ഒന്നാം റാങ്കിൽ വരേണ്ട പൊതുവിദ്യാലയത്തിലെ കുട്ടിക്ക് ഇക്കുറി ലഭിച്ചത് എൺപത്തിനാലാം റാങ്ക്! എന്താണ് അതിന്റെ കാരണം?
സ്കോർ സമീകരണം എന്ന അട്ടിമറി
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ തട്ടിത്തകരുന്ന ഭീമാകാരമായ മഞ്ഞുമലയാണ് മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് മെഡിക്കൽ- എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന പ്രക്രിയയിൽ 50 ശതമാനം സ്കോർ ഹയർ സെക്കൻ്ററി ശാസ്ത്ര വിഷയങ്ങളുടേത് സ്വീകരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഒരു പരിധിവരെ അത് ക്ലാസ്റൂം പ്രവർത്തനങ്ങളെ പ്രധാനമായി കാണാൻ പ്രേരണയായിട്ടുണ്ട്. അത് മെഡിക്കൽ പ്രവേശനത്തിന് സ്വീകരിക്കാൻ അപ്പോഴും ധൈര്യം വന്നിരുന്നില്ല.
Related Read: കെമിസ്ട്രി ഉത്തര സൂചിക: സി.ബി.എസ്.ഇ ലോബിയുടെ അട്ടിമറിയോ?
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന, വൻകിട കോച്ചിംഗ് സ്ഥാപനങ്ങളിൽ താമസിച്ചു പഠിക്കാൻ സാമ്പത്തികവും സാമൂഹികവുമായ സ്ഥിതിയില്ലാത്തവർ ഒരു പരിധിവരെയെങ്കിലും റാങ്ക് ലിസ്റ്റിൽ വന്നുതുടങ്ങി. അപ്പോഴാണ് സിബിഎസ്ഇ ലോബി ഇടപെട്ട് സ്കോർ സമീകരണം നടപ്പിലാക്കുന്നത്. എൻട്രൻസ് പരീക്ഷയിലും യോഗ്യതാ പരീക്ഷയിലെ ശാസ്ത്ര വിഷയങ്ങളിലും നൂറു ശതമാനം സ്കോർ നേടി ഒന്നാം റാങ്കിൽ വരേണ്ട പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥിക്ക് ഇക്കുറി ലഭിച്ചത് 84-ാം റാങ്ക്. എന്താണ് അതിന്റെ കാരണം?
കേരളാ ഹയർ സെക്കന്ററി ഡയറക്ടറേറ്റ് നടത്തിയ പരീക്ഷയിൽ ആ വിദ്യാർത്ഥി നേടിയ സ്കോറിന്റെ മൂല്യം കുറവാണ് എന്ന് കണ്ടെത്തി ആ വിദ്യാർത്ഥിക്ക് ലഭിച്ചതിൽ നിന്ന് 27 സ്കോർ എൻട്രൻസ് കമ്മീഷണറേറ്റ് കുറച്ചു. ആ വിദ്യാർത്ഥിയേക്കാൾ എത്രയോ കുറവ് നേടിയ സി ബി എസ് ഇ വിദ്യാർത്ഥിക്ക്, സി ബി എസ് ഇ എന്ന ‘മുന്തിയ സംവിധാന’ത്തിൽ പഠിക്കുന്നതുകൊണ്ടുമാത്രം 8 സ്കോർ ബോണസായും നൽകി. ഫലത്തിൽ കേരള ഹയർ സെക്കന്ററിയിൽ പഠിച്ച വിദ്യാർത്ഥി 35 സ്കോറിന് പിറകിലായി. ഒന്നിൽ നിന്ന് 84-ലേക്ക് ആ വിദ്യാർത്ഥിയെ പുറംകാൽ കൊണ്ട് ചവിട്ടിത്തെറിപ്പിച്ചു എന്നുപറയാം. ഇത് നടന്നത് നേരത്തെ പറഞ്ഞ എൻട്രൻസ് കമ്മീഷണറേറ്റിന്റെ കോൺഫിഡൻഷ്യൽ സെക്ഷനിലാണ്. പൊതുവിദ്യാഭ്യാസത്തിന്റെ വേരിൽ ഇരുചെവിയറിയാതെ വിഷം വെക്കുന്ന, സമീകരണം എന്നു ഓമനപ്പേരിട്ട, ഇങ്ങനെ ഒരു പരിപാടി വർഷങ്ങളായി അവിടെ നടക്കുന്നുണ്ട് എന്ന് ആരാണ് അറിഞ്ഞിരുന്നത്? അധ്യാപകർ? വിദ്യാർത്ഥികൾ? രക്ഷിതാക്കൾ? അക്കാദമിക രംഗത്തെ വിദഗ്ധർ? അധ്യാപക / വിദ്യാർത്ഥി സംഘടനകൾ? ആരുമില്ല. ചില ഉന്നതോദ്യോഗസ്ഥർക്ക് അറിയുമായിരുന്നിരിക്കണം. മറ്റാർക്കും അറിയില്ലായിരുന്നു. പൊതുവിദ്യാഭ്യാസത്തെ പിന്നിൽ നിന്നും കുത്തുന്ന ഈ കൊലച്ചതിയെയല്ല, അത് പുറത്തുകൊണ്ടുവരികയും ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരെയാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസത്തിന്റെ ശത്രുവായി ചിലർ ചാപ്പകുത്തുന്നത്.

ബലി കഴിക്കപ്പെടുന്ന സ്കൂൾ വിദ്യാഭ്യാസം
എൻട്രൻസ് പരീക്ഷ പൂർണ്ണമായും സി ബി എസ് ഇയ്ക്കും ഇവിടുത്തെ വൻകിട കോച്ചിംഗ് സ്ഥാപനങ്ങൾക്കും അടിയറ വെച്ചത് പൊതുവിദ്യാഭ്യാസ രംഗത്ത് മുളപൊട്ടാൻ തുടങ്ങിയിരുന്ന പുതിയ പഠനാന്തരീക്ഷത്തെ അപ്പാടെ ഇല്ലാതാക്കുന്നതിലേക്കാണ് വളർന്നത്. എൻട്രൻസ് പോലുള്ള പരീക്ഷകളുടെ ഉഷ്ണക്കാറ്റുകൾ താഴെതട്ടിലേക്കും ആഞ്ഞുവീശാൻ തുടങ്ങി. പരീക്ഷകൾക്ക് വേണ്ടിയുള്ള പഠനമാണ് എൻട്രൻസ് പഠനം. എൻട്രൻസ് പാസാകാനുള്ള ശേഷികളും നൈപുണികളും നിരന്തരം ആവർത്തിച്ചുറപ്പിക്കുന്നതിൽ മാത്രമാണ് അത് ഊന്നുന്നത്.
Related Read: സ്റ്റേറ്റ് സിലബസ് കുട്ടികളെ തോൽപ്പിക്കാൻ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി
വിദ്യാഭ്യാസം എന്നതുകൊണ്ട് വിഭാവനം ചെയ്യപ്പെട്ട അതിന്റെ എല്ലാ മഹത്തായ ലക്ഷ്യങ്ങളും പുറത്തുടച്ചിട്ടാണ് അവർ അതിന്റെ വാതിലിനുമുന്നിൽ കുനിയുന്നത്. അത് ഒറ്റയൊറ്റ ഉത്തരങ്ങളുടെ ഇരുണ്ട ഊടുവഴിയാണ്. ആ ഒറ്റമന്ത്രങ്ങൾ ഒരുവിട്ട് ഇടംവലം നോക്കാതെ പഞ്ചേന്ദ്രിയങ്ങളും ബന്ധിച്ചുള്ള ഒരു നൂണുകയറ്റമാണ് പിന്നീടുള്ള പഠനം. സ്കൂൾ വിദ്യാഭ്യാസം എന്നതിന്റെ അടിസ്ഥാനാദർശങ്ങൾ തന്നെ ഇവിടെ ബലികഴിക്കപ്പെടുന്നു. വിദ്യാർത്ഥികളുടെ സാമൂഹികവത്കരണം നടക്കുന്നില്ല. അവരുടെ വൈകാരികവും വൈചാരികവും സർഗ്ഗാത്മകവുമായ ചോദനകളുടെ പ്രകാശനവും വളർന്നുപന്തലിക്കലുമില്ല. അവരുടെ യുക്തിബോധവും ശാസ്ത്രബോധവും തിടം വെക്കലില്ല. അന്വേഷണങ്ങളും കണ്ടെത്തലും പങ്കുവെക്കലും അവതരണങ്ങളും ആവശ്യമില്ല. വിമർശനവും ചോദ്യംചെയ്യലും പ്രയോഗവത്കരണവും എടുക്കാനാണയങ്ങൾ. ഒറ്റവാക്കിലൊതുങ്ങാത്ത മഹത്തായ ആശയപ്രപഞ്ചങ്ങളെ നിഷ്കരുണം അതുപേക്ഷിച്ചു. പുതിയ കണ്ടെത്തലുകളും അറിവുകളും തീർക്കുന്ന ജ്ഞാനത്തിന്റെ വിസ്മയചരിത്രം മറിച്ചുനോക്കപ്പെട്ടില്ല.
ഇന്ന് കൂണുപോലെ മുളച്ച ട്യൂഷൻ സ്ഥാപനങ്ങൾ മാത്രമല്ല, സ്കൂളിനെ മറികടക്കുകയോ പരിഹസിക്കുകയോ അപ്രസക്തമാക്കുകയോ ചെയ്തുകൊണ്ട് കുട്ടികളുടെ പഠനത്തിലെ പ്രധാന താരങ്ങളായി നിൽക്കുന്നത്, അവ ഓൺലൈൻ ചാനലുകളാണ്.
ഇതെല്ലാം എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിൽ മാത്രമല്ല ഇന്നുനടക്കുന്നത്. സ്കൂൾ ക്ലാസിലും അതിന്റെ പ്രതിഫലനങ്ങൾ ആഞ്ഞുവീശുന്നുണ്ട്. പരീക്ഷകൾ… പരീക്ഷകൾ... റിസൾട്ട്… മാർക്ക്… ഗ്രേഡ്… ഇതുമാത്രമായി സർവ്വരുടെയും ലക്ഷ്യം. ഒരു കുഞ്ഞിന്റെ നൈസർഗ്ഗികമായ കഴിവുകളെ സ്കൂൾ എങ്ങനെ വളർത്തിയെടുത്തു എന്നത് എവിടെയും രേഖപ്പെടുത്തപ്പെടുന്നില്ല. അവരെ എത്രമാത്രം സാമൂഹികവും സാംസ്കാരികവുമായ വ്യക്തിത്വത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു എന്നത് അന്വേഷിക്കപ്പെടുന്നില്ല. പഠനത്തിലൂടെ, അതിന്റെ പ്രക്രിയയിലൂടെ അവരിൽ വളർത്തേണ്ട അറിവു നേടാനുള്ള ത്വരയെ, അതിലെ സന്തോഷങ്ങളെ അനുഭവിപ്പിക്കേണ്ടതില്ല. ഇത്രമാത്രം നമ്മുടെ സ്കൂൾ അന്തരീക്ഷത്തെ ഊഷരമാക്കിയതിൽ ഇന്നും മുഖ്യപ്രതി, പ്രൈമറി ക്ലാസ് മുതലുള്ള പഠനത്തിന്റെ നീർച്ചാലുകൾ എല്ലാം എത്തിച്ചേരേണ്ട സ്വച്ഛസുന്ദരമായ പാതയിൽ വഴിമുടക്കി നിൽക്കുന്ന ഈ വൻപാറ തന്നെയാണ്. അതിനെ പിഴുതുകളയാതെ പാഠ്യപദ്ധതി പരിഷ്കരണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വീരവാദങ്ങൾ മുഴക്കാൻ നമുക്ക് അർഹതയില്ല.

സ്കൂൾ ക്ലാസ് മുറികൾ പോലും അപ്രസക്തമാക്കുമാറ് ചെറുനഗരങ്ങളിലും സ്കൂൾ പരിസരങ്ങളിലും ട്യൂഷൻ സെന്ററുകൾ വീണ്ടും വ്യാപകമായിക്കഴിഞ്ഞു. ക്ലാസ് മുറിയെ ശക്തിപ്പെടുത്താൻ ഊർജ്ജിത ശ്രമങ്ങൾ നടത്തിയ പരിഷ്കരണത്തിന്റെ ആദ്യനാളുകളിൽ ഈ ട്യൂഷൻ കോക്കസ്സുകളെ ഒരരുകിലേക്ക് മാറ്റാൻ ഒരു പരിധിവരെ സാധിച്ചിരുന്നു. പരീക്ഷകളേക്കാൾ കുട്ടികളുടെ പലതരത്തിലുള്ള കഴിവുകളെ അടയാളപ്പെടുത്താൻ അന്ന് ശ്രമമുണ്ടായിരുന്നു. അതിൽ ആത്മാർത്ഥതയുണ്ടായിരുന്നു. പൊതുപരീക്ഷാ ചോദ്യങ്ങൾ കുട്ടികളുടെ ചിന്താപ്രക്രിയയെ ഉന്നം വെച്ചിരുന്നു. താരതമ്യപ്പെടുത്തിയും അപഗ്രഥിച്ചും വേറിട്ട വഴികളിൽ ചിന്തിച്ചും ഭാവന ചെയ്തും എഴുതേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്താൻ സാധിച്ചിരുന്നു.
അതെല്ലാം കേവലം വെള്ളത്തിൽ വരയ്ക്കപ്പെട്ട വരപോലെ വിസ്മൃതമായിക്കഴിഞ്ഞു. വസ്തുതകളും ആശയശകലങ്ങളും ഓർമ്മയിൽ സൂക്ഷിക്കുവാൻ മാത്രം ആവശ്യപ്പെടുന്ന, കാണാപ്പാഠം പഠിക്കുകയും അതുപോലെ അത് ചർദ്ദിക്കുകയും ചെയ്യേണ്ടുന്ന പരീക്ഷകളായി നമ്മുടെ പരീക്ഷകൾ വീണ്ടും പതിറ്റാണ്ടുകൾ പിറകിലേക്ക് കൂപ്പുകുത്തി. പുതിയ പഠനരീതിയെ നിരന്തരം വിലയിരുത്തുകയും അപ്പപ്പോൾ അധ്യാപകരെ പ്രചോദിപ്പിക്കുകയും അവർക്ക് പിന്തുണ നൽകുകയും വേണ്ടിയിരുന്ന ഒരു സംവിധാനം നമുക്കുണ്ടാക്കിയെടുക്കാൻ സാധിക്കാത്തത് കൊണ്ടാണ് പ്രധാനമായും അത് നടന്നത്. മറ്റൊരു കാരണം എതുവഴിക്ക് നിങ്ങൾ പഠിച്ചാലും അവസാനം നിങ്ങൾ എത്തിച്ചേരേണ്ടത് ഈ എൻട്രൻസ് പടിവാതിൽക്കൽ ആണ് എന്ന യാഥാർത്ഥ്യമാണ്. അതിലൂടെ ഒരു നല്ല പ്രൊഫഷനിൽ എത്തിച്ചേരണമെങ്കിൽ നിങ്ങൾ വേറെ പഠിപ്പ് പഠിക്കേണ്ടിയിരുന്നു. ലക്ഷങ്ങൾ അതിനായി മുടക്കേണ്ടിയിരുന്നു.
ജനുവരി കഴിഞ്ഞാൽ സ്കൂളിൽ പോകേണ്ടതില്ല, അത് പഠനത്തെ പിന്നോട്ടടിപ്പിക്കും എന്ന് കുട്ടികളെ 'ബോധവത്കരിക്കുന്നത് ' ചാനലിലെ താരങ്ങളാണ്.
ഇന്ന് കൂണുപോലെ മുളച്ച ട്യൂഷൻ സ്ഥാപനങ്ങൾ മാത്രമല്ല, സ്കൂളിനെ മറികടക്കുകയോ പരിഹസിക്കുകയോ അപ്രസക്തമാക്കുകയോ ചെയ്തുകൊണ്ട് കുട്ടികളുടെ പഠനത്തിലെ പ്രധാന താരങ്ങളായി നിൽക്കുന്നത്, അവ ഓൺലൈൻ ചാനലുകളാണ്. നിങ്ങൾ സ്കൂളിൽ പോകണോ വേണ്ടയോ എന്നുപോലും തീരുമാനിക്കുന്നത് ഇപ്പോൾ ഓൺലൈൻ ചാനലുകളാണ്. ജനുവരി കഴിഞ്ഞാൽ സ്കൂളിൽ പോകേണ്ടതില്ല, അത് പഠനത്തെ പിന്നോട്ടടിപ്പിക്കും എന്ന് കുട്ടികളെ 'ബോധവത്കരിക്കുന്നത് ' ചാനലിലെ താരങ്ങളാണ്. ചോദ്യപ്പേപ്പറുകൾ ദിവസങ്ങൾക്ക് മുൻപ് അവർ സംഘടിപ്പിക്കുകയും അവരുടെ വരിക്കാരെ അവരത് പഠിപ്പിക്കുകയും ചെയ്യും. ലക്ഷങ്ങളാണ് അവരെ പിന്തുടരുന്നത്! അവരുടെ വീഡിയോകൾ മികച്ച അധ്യാപകരുടെ ക്ലാസുകളേക്കാൾ അവർ വിലമതിക്കും. വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമില്ലാതെ അവർ നേരിട്ട് ചോദ്യോത്തരങ്ങൾ പഠിപ്പിക്കും. പിന്നെന്തിന് ക്ലാസ് മുറി? അധ്യാപകരുടെ പ്രഹസനങ്ങൾ, അവിടുത്തെ കാലഹരണപ്പെട്ട ചടങ്ങുകൾ, ആചാരങ്ങൾ, മുഷിപ്പുകൾ… ഇതാണ് ഇന്നത്തെ സ്കൂളുകളുടെ അവസ്ഥ; വിദ്യാർത്ഥികളുടെയും.

ഗുണമേന്മാ പദ്ധതി പ്രഖ്യാപനം കൊണ്ട് എന്താണ് ഉപകാരം?
സ്കൂളുകളുടെ അക്കാദമിക മികവും ഗുണനിലവാരവും ഉയർത്താൻ വീണ്ടും സമഗ്ര ഗുണമേന്മാ പദ്ധതികൾ പ്രഖ്യാപിക്കുകയല്ല വേണ്ടത്. പൊതുവിദ്യാഭ്യാസത്തിന്റെ വിലപിടിപ്പുള്ള കപ്പൽ തട്ടിത്തകരുന്ന മഞ്ഞുമലകളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മനോഭാവം മാറുകയാണ് പ്രധാനം. അടിത്തട്ടിലെ അതിന്റെ സുരക്ഷയുടെ ആണികൾ സി ബി എസ് ഇയ്ക്കു വേണ്ടിയും മറ്റ് ഏജൻസികൾക്ക് വേണ്ടിയും വലിച്ചൂരുന്ന ഇതിനകത്തെ കള്ളക്കപ്പിത്താന്മാരെ പിടിച്ച് പുറത്താക്കുകയാണ് വേണ്ടത്. അവർക്കായി വീണ്ടും വീണ്ടും ശാസ്ത്രീയ കുയുക്തികൾ പാടിപ്പുകഴ്ത്തുന്ന വിദഗ്ദ്ധരെ കണ്ണടച്ച് വിശ്വസിക്കാതിരിക്കലാണ് പ്രധാനം. അക്കാദമികമായ എല്ലാ ചുവടുവെപ്പുകളെയും ഭീഷണിപ്പെടുത്തുകയും കേവലം പരീക്ഷാവിജയത്തിലേക്കും ഗ്രേഡിലേക്കും ചോദ്യോത്തരങ്ങളിലെക്കും പൊതുവിദ്യാഭ്യാസത്തെ ചുരുക്കിക്കെട്ടുകയും ചെയ്യുന്ന ഇതിനെ നയിക്കുന്ന ഉന്നതോദ്യോഗസ്ഥവൃന്ദത്തെ നിലയ്ക്ക് നിർത്തുകയാണ് വേണ്ടത്.

പൊതുവിദ്യാലയങ്ങളെ നോക്കുകുത്തിയാക്കി സർവ്വവും തങ്ങളുടെ കച്ചവടത്തിനുള്ള ഉപാധിയാക്കുന്ന ആധുനിക ട്യൂഷൻ / കോച്ചിംഗ് വ്യവസായത്തിന്റെ പ്രലോഭനങ്ങളിൽ നിന്ന് പുറത്തുകടക്കുക പ്രധാനമാണ്. അതിനുള്ള ഏറ്റവും സുപ്രധാനമായ ചുവടുവെപ്പ് എൻട്രൻസ് പരീക്ഷകൾ ഒഴിവാക്കുക എന്നതാണ്. ഇപ്പോൾ അമ്പതു ശതമാനം സ്കൂൾ സ്കോർ പരിഗണിക്കുന്നതുപോലെ മുഴുവൻ സ്കോറും ഇരട്ട മൂല്യനിർണ്ണയവും മൂന്നാം മൂല്യനിർണയവും കഴിഞ്ഞുവരുന്ന ഫിസിക്സിലെയും കെമിസ്ട്രിയിലെയും മാത്തമാറ്റിക്സിലെയും സ്കോറുകൾ അടിസ്ഥാനമാക്കി നിർണ്ണയിക്കാവുന്നതേയുള്ളൂ. ഒരേ പാഠപുസ്തകം പഠിപ്പിക്കുന്ന സി ബി എസ് ഇയ്ക്കും ഇതിൽ വേവലാതിപ്പെടേണ്ടതില്ല. ഒരു സമീകരണവും കൂടാതെ, തമിഴ്നാട് കാലങ്ങളായി തുടരുന്ന രീതിയിൽ നമുക്ക് എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കാവുന്നതേയുള്ളൂ. അപ്പോൾ മുതൽ ക്ലാസ് മുറി കുറേക്കൂടി പ്രധാനമാകും. അതിനെ ശക്തിപ്പെടുത്താനുള്ള വഴികൾ പിന്നീട് എളുപ്പത്തിൽ ആലോചിക്കാവുന്നതാണ്.