പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ കേസ്; പ്രതികരണമില്ലാതെ ചെയർമാൻ

ജനുവരി 23ന് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സംഘ്പരിവാർ നടത്തിയ ആൾക്കൂട്ട ആക്രമണത്തിൽ, വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായിട്ടും ചെയർമാൻ അടക്കമുള്ളവരുടെ പ്രതികരണവുമുണ്ടായിട്ടില്ല

യോധ്യയില്‍ രാമക്ഷേത്രപ്രതിഷ്ഠ നടന്ന ദിവസം കാമ്പസിൽ പ്രതിഷേധിച്ച പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കുനേരേ സംഘ് പരിവാർ അനുകൂലികള്‍ നടത്തിയ അതിക്രമത്തില്‍, അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. എന്നാൽ, വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ ഇതിനേക്കാൾ ലഘുവായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിട്ടും ചെയര്‍മാനും നടനുമായ ആര്‍. മാധവന്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത് വരെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമരം തുടരാനാണ് വിദ്യാര്‍ഥി യൂണിയൻ തീരുമാനം.

ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നരയോടെ കാവിക്കൊടികളുമേന്തി, ജയ്ശ്രീറാം വിളികളോടെ കാമ്പസില്‍ അതിക്രമിച്ചുകയറിയ, 25 പേരോളം അടങ്ങുന്ന സംഘ് അനുകൂലികള്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകകായിരുന്നു. ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഉയര്‍ത്തിയ 'Remember Babri- death of constitution' എന്ന ബാനറും ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനവും അക്രമികള്‍ തകര്‍ത്തിരുന്നു. ഹിന്ദു ജന്‍ ജാഗരണ്‍ സംഗതന്‍ സംഘടനയിലെ അംഗങ്ങളാണ് അക്രമികളെന്നാണ് പോലീസ് അറിയിച്ചത്.

അതിക്രമവുമായി ബന്ധപ്പെട്ട് സംഘ് അനുകൂലികളെ അറസ്റ്റ് ചെയതെന്ന് പോലീസ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും തീര്‍ത്തും വിചിത്രമായ സംഭവങ്ങളാണ് തുടര്‍ന്നുണ്ടായത്. കാമ്പസിലെ വിസ്ഡം ട്രീയുടെ കീഴില്‍ 'ആക്ഷേപകരമായ' ഉള്ളടക്കം അടങ്ങിയ ബാനറും പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ച്, ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാമ്പസില്‍ അതിക്രമിച്ചുകയറി കയ്യേറ്റം നടത്തിയ സംഘ് അനുകൂലികള്‍ക്ക് ചുമത്തിയതിനേക്കാള്‍ കടുത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദുത്വ സംഘടനയായ സമസ്ത് ഹിന്ദു ബാന്ധവ് സമാജിക് സന്‍സ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് ഏഴ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇതില്‍ രണ്ട് പേര്‍ കാമ്പസില്‍ ഇല്ലാത്തവരാണെന്നും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായ അമല്‍ അലി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

സംഘ് അനുകൂലികള്‍ കാമ്പസില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. കേസെടുത്ത ബാക്കി രണ്ടു പേരും വിദ്യാര്‍ഥികള്‍ പോലുമല്ല. പോലീസ് പ്രതിചേര്‍ത്ത ഈ രണ്ട് വ്യാജ പേരുകളിലുള്ളവരും കാമ്പസില്‍ ഇല്ലാത്തവരാണെന്ന വസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. അഡ്മിനിസ്‌ട്രേഷന്‍ ഈ സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ മറ്റ് വിദ്യാര്‍ഥികളുടെ ജാമ്യത്തെപോലും ഇത് സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കടുത്ത അനീതിയാണ് ഇന്‍സ്റ്റിറ്റ്യൂഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് വിദ്യാര്‍ഥികള്‍ക്കുനേരേ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.”

കേസ് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളെല്ലാം വിദ്യാര്‍ഥിയൂണിയന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂഷന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നിയമ സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനെയും സാമ്പത്തിക ചെലവും വിദ്യാര്‍ഥികള്‍ തന്നെയാണ് നടത്തുന്നതെന്നും അമല്‍ അലി പറയുന്നു.

കാമ്പസില്‍ അതിക്രമം നടന്ന ആദ്യദിവസം മുതല്‍ നിരുത്തരവാദിത്തപരമായ രീതിയിലാണ് പുനെ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പെരുമാറികൊണ്ടിരിക്കുന്നത്. കാമ്പസില്‍ ഒരു ഡസനിലധികം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും 25 പേരോളം വരുന്ന ആള്‍ക്കൂട്ടം അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ മർദ്ദിച്ചത് സുരക്ഷാ വീഴ്ചയാണ് വെളിപ്പെടുത്തുന്നത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പടെയുള്ളവര്‍ക്കുനേരേ നടന്ന അതിക്രമം ആസൂത്രിതമാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സ്വീകരിക്കുന്ന നടപടികളും സ്വാഭാവികമായി കാണാനാകില്ല.

ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരവധി കൃത്രിമം നടന്നിട്ടുള്ളതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തിയ ഏകപക്ഷീയ ആക്രമണത്തെ വിദ്യാര്‍ഥികളും സംഘപരിവാര്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷമെന്ന നിലയിലാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റുഡന്റ്‌സ് കൗണ്‍സിൽ അഡ്മിനിസ്ട്രേഷന് പരാതിയും ഡിമാന്റ്‌സും നല്‍കിയിട്ടുണ്ട്. അത് പരിഹരിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

വിദ്യാര്‍ഥികള്‍ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്:

1) അതിക്രമവുമായി ബന്ധപ്പെട്ട് ചെയര്‍മാന്റെ ഔദ്യോഗിക പ്രതികരണം ഉടനെ അറിയിക്കണം

സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഔദ്യോഗിക പ്രതികരണം അറിയിക്കുകയോ പ്രസ് റീലീസ് പുറത്തിറക്കുകയോ ചെയ്തിട്ടില്ല. ചെയര്‍മാനായ ആര്‍.മാധവനില്‍നിന്ന് പ്രതികരണങ്ങളുണ്ടാകാത്തതും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അഭിപ്രായമറിയാന്‍ ചെയര്‍മാനുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ഥികളും അലുമിനികളുമെല്ലാ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

2) വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണം

മർദ്ദനമേറ്റ വിദ്യാര്‍ഥികകള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കുറച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രോക്ടര്‍ നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

3) അമിതമായ സുരക്ഷാ പ്രോട്ടോകോളുകള്‍ അടിച്ചേല്‍പ്പിക്കരുത്

അതിക്രമത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് പുറത്തു നിന്നുള്ള ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥികളോ, ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരോ കാമ്പസില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക അനുമതി നേടണം. അതിക്രമം ഉണ്ടായപ്പോള്‍ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പുറത്തുനിന്നുള്ള പിന്തുണ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

4. പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിയമ സഹായം നല്‍കണം

സംഘ്പരിവാറിന്റെ ആൾക്കൂട്ട അതിക്രമത്തെ, വിദ്യാര്‍ഥികളും സംഘ് അനുകൂലികളും തമ്മിലുള്ള സംഘര്‍ഷമാക്കി, വ്യാജ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. അതിക്രമത്തെ ഇത്തരത്തില്‍ സമീകരിക്കാന്‍ ശ്രമിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്, പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിയമപരമായ സഹായം നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

5. ആവശ്യങ്ങളില്‍, ഉടന്‍ നടപടിയെടുത്ത് ക്ലാസ് പുനരാരംഭിക്കണം

തങ്ങളുടെ ആവശ്യങ്ങളില്‍ നടപടികളെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, സമരം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിശ്ശബ്ദത അവസാനിപ്പിച്ച് പ്രശ്‌നങ്ങളില്‍ നടപടിയെടുത്ത് എത്രയും വേഗം ക്ലാസ് പുനരാരംഭിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് 300 ലധികം പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തുറന്ന കത്ത് എഴുതിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയത്വത്തെയും ഇവര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം നടത്തിയവര്‍ക്കെതിരെയും സ്വത്ത് നശിപ്പിക്കാനുദ്ദേശിച്ച് കാമ്പസിൽ പ്രവേശിച്ചവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോലീസിനോടും അധികാരികളോടും പൂര്‍വ്വവിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

കാമ്പസില്‍ വലിയ അരക്ഷിതാവസ്ഥയാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. സുരക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സംശയങ്ങളുണ്ട്. ഇപ്പോള്‍ സുരക്ഷാപ്രോട്ടോകോളിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ എല്ലാ സ്വാതന്ത്രങ്ങളും ഹനിക്കുകയും അവർക്ക് പിന്തുണയില്ലാതാക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്.

രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഉന്നത വിദ്യാഭ്യാസമേഖലയില്‍നിന്നുയരുന്ന വിമത ശബ്ദങ്ങളെയും വിദ്യാര്‍ഥികളുടെ സ്വതന്ത്രമായ രാഷ്ട്രീയ- അക്കാദമിക് ഇടപെടലുകളെയും ആക്രമിച്ച് കീഴടക്കാനും ഭയാന്തരീക്ഷം സൃഷ്ടിക്കാനും സംഘ്പരിവാര്‍ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായത്.


പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും സംഘ്പരിവാർ ആക്രമണം,
അക്കാദമിക്ക് പ്രവർത്തനം നിർത്തിവെച്ച് വിദ്യാർഥി പ്രതിഷേധം

'രാം കെ നാം' പ്രദർശനം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ, ഒത്താശയുമായി പൊലീസും

പായസം വിളമ്പാൻ അവകാശമുണ്ടെങ്കിൽ
‘രാം കെ നാം’ പ്രദർശിപ്പിക്കാനും അവകാശമുണ്ട്

Comments