എൻട്രൻസ് സ്‍കോർ സമീകരണം:
മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന
CBSE താത്പര്യങ്ങൾ

പൊതുവിദ്യാലയത്തിൽ പഠിച്ച് മികച്ച വിജയം നേടിയ കുട്ടികളുടെ സ്കോർ വെട്ടിക്കുറച്ച് CBSE വിദ്യാർത്ഥികൾക്ക് സ്കോർ കൂട്ടി നൽകി കമ്മീഷണറേറ്റ് നടത്തുന്ന സമീകരണം എന്ന ഗൂഢപദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ തീരുമാനം വരുന്നതിനു മുൻപായി ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷാ പ്രോസ്​പെക്ടസ് പുറത്തിറക്കിയിരിക്കയാണ്. 2024 ഫെബ്രുവരിയിൽ കൂടിയ നോർമലൈസേഷൻ കമ്മറ്റിയുടെ തീരുമാനപ്രകാരമാകും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്നാണ് കമ്മീഷണർ വ്യക്തമാക്കുന്നത്- . പി. പ്രേമചന്ദ്രൻ എഴുതുന്നു.

ൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ. കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ച് മികച്ച വിജയം കണ്ടെത്തിയ കുട്ടികളുടെ സ്കോറുകളിൽ വലിയ രീതിയിലുള്ള വെട്ടിക്കുറക്കലുകൾ നടത്തുകയും CBSE വിദ്യാർത്ഥികൾക്ക് സ്കോറുകൾ കൂട്ടി നൽകുകയും ചെയ്ത് കമ്മീഷണറേറ്റ് നടത്തുന്ന സമീകരണം എന്ന ഗുഢപദ്ധതിയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹം ഞെട്ടലോടുകൂടിയാണ് തിരിച്ചറിഞ്ഞത്.

Read: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം

പൊതുവിദ്യാഭ്യാസത്തിന്റെ ഹൃദയപക്ഷത്ത് നിൽക്കേണ്ടുന്ന സർക്കാരും സംവിധാനങ്ങളും യഥാർത്ഥത്തിൽ അന്തിമഫലത്തോടടുക്കുമ്പോൾ ആരുടെ കൂടെയാണ് എന്നതിന്റെ കൃത്യമായ തെളിവായിരുന്നു ഈ സ്കോർ വെട്ടിച്ചുരുക്കൽ. കോവിഡ് കാലം മുതൽക്കാണ് സമീകരണത്തിന്റെ പേരിൽ കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ സ്കോറുകൾ മാരകമായ രീതിയിൽ വെട്ടിച്ചുരുക്കുന്ന നടപടി എൻട്രൻസ് കമ്മീഷണറേറ്റ് സ്വീകരിച്ചത്. കോവിഡ് സമയത്ത് CBSE അടക്കമുള്ള സ്ട്രീമുകൾ പൊതുപരീക്ഷകൾ ഉപേക്ഷിക്കുകയും തൊട്ടുമുൻവർഷം സ്കൂളിൽ വച്ച് നേടിയ സ്കോറുകൾ കുട്ടികളുടെ സർട്ടിഫിക്കറ്റിൽ അച്ചടിച്ചു കൊടുക്കുകയും ചെയ്തത് കേരള സമൂഹം മറന്നിട്ടില്ല. എന്നാൽ അധ്യാപകരും വിദ്യാർത്ഥികളും സാനിറ്റൈസറിൽ മുങ്ങിക്കുളിച്ചും PPE കിറ്റു ധരിച്ചും ഇവിടെ ഒരു പൊതുപരീക്ഷ നടത്തുകയുണ്ടായി. പൊതുപരീക്ഷ എന്നതിന്റെ വിശ്വാസ്യതയെ ഉയർത്തിപ്പിടിക്കുന്നതിനായിരുന്നു അത്.

കോവിഡ് കാലം മുതൽക്കാണ് സമീകരണത്തിന്റെ പേരിൽ കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ സ്കോറുകൾ മാരകമായ രീതിയിൽ വെട്ടിച്ചുരുക്കുന്ന നടപടി എൻട്രൻസ് കമ്മീഷണറേറ്റ് സ്വീകരിച്ചത്.
കോവിഡ് കാലം മുതൽക്കാണ് സമീകരണത്തിന്റെ പേരിൽ കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ സ്കോറുകൾ മാരകമായ രീതിയിൽ വെട്ടിച്ചുരുക്കുന്ന നടപടി എൻട്രൻസ് കമ്മീഷണറേറ്റ് സ്വീകരിച്ചത്.

ആ വർഷം പോലും എൻട്രൻസ് പരീക്ഷ എഴുതിയ കേരളത്തിലെ വിദ്യാർത്ഥികളുടെ 54 സ്കോർ കമ്മീഷണറേറ്റ് വെട്ടിക്കുറച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഈ പരിപാടി നിർബാധം തുടർന്നു. ഈ കഴിഞ്ഞ വർഷം കേരളത്തിലെ വിദ്യാർത്ഥികളുടെ 27 സ്കോർ അതിന്റെ 'മൂല്യരാഹിത്യ'ത്തിന്റെ പേരിൽ വെട്ടിക്കുറച്ചപ്പോൾ എട്ടു സ്കോർ CBSE- ക്ക് അവരുടെ സ്കോറിന്റെ 'പവൻമാറ്റി'ന്റെ തിളക്കത്തിൽ കൂട്ടിക്കൊടുക്കുകയും ചെയ്തു. ഫലത്തിൽ 35 സ്കോറിന് പിറകിലായി കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികൾ. അവർ റാങ്ക് ലിസ്റ്റിന്റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ടു. നൂറു ശതമാനം സ്കോർ എൻട്രൻസ് പരീക്ഷയിലും തത്തുല്യമായ സ്കോർ യോഗ്യതാ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളിലും നേടിയ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥി ആദ്യ റാങ്കിൽ നിന്ന് 84-ാമത്തെ റാങ്കിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു. എന്നിട്ടും കേരളത്തിലെ അധ്യാപക- വിദ്യാർത്ഥി സംഘടനകൾ ഈ കാര്യത്തിൽ കുറ്റകരമായ മൗനം പാലിച്ചു. ഈ വിഷയം കേരളത്തിന്റെ പൊതു ശ്രദ്ധയിൽ കൊണ്ടുവരാൻ മലയാള ഐക്യവേദിയും ഐക്യ മലയാള പ്രസ്ഥാനവും പോലുള്ള സംഘങ്ങളാണ് ഉണ്ടായിരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ ഈ സമരത്തോട് ചേർന്നുനിൽക്കുകയുണ്ടായി.

Read: സ്​റ്റേറ്റ് സിലബസ് കുട്ടികളെ തോൽപ്പിക്കാൻ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി

യഥാർത്ഥത്തിൽ സ്കോർ സമീകരണം സാധ്യമാകുന്നത് ഒരേ നിലയിലുള്ള പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കാര്യത്തിലാണ്. കേരളത്തിലെ എൻട്രൻസ് പരീക്ഷ ഒരു വിഷയത്തിൽ തന്നെ പല ദിവസങ്ങളിലായി ഓൺലൈനിൽ നടക്കുമ്പോൾ അതിലെ ശരാശരി സ്കോറുകളുടെ വ്യത്യാസത്തിൽ സമീകരണം നടത്തേണ്ടിവരും. എന്നാൽ ഒരിക്കലും പൊരുത്തപ്പെടുത്താൻ കഴിയാത്ത രണ്ട് ഗ്രേഡിങ് രീതികൾ സ്വീകരിക്കുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെയും CBSE- യെയും സമീകരണം എന്ന പേരിൽ ചേർത്തുവെക്കുമ്പോൾ നഷ്ടം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും.

2024 ഫെബ്രുവരിയിൽ കൂടിയ നോർമലൈസേഷൻ കമ്മറ്റിയുടെ തീരുമാനപ്രകാരമാകും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്ന് പറഞ്ഞുകൊണ്ടാണ്, പ്രോസ്​പെക്ടസ് പ്രവേശന പരീക്ഷാ കമ്മീഷണർ പുറത്തിറക്കിയിരിക്കുന്നത്.
2024 ഫെബ്രുവരിയിൽ കൂടിയ നോർമലൈസേഷൻ കമ്മറ്റിയുടെ തീരുമാനപ്രകാരമാകും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്ന് പറഞ്ഞുകൊണ്ടാണ്, പ്രോസ്​പെക്ടസ് പ്രവേശന പരീക്ഷാ കമ്മീഷണർ പുറത്തിറക്കിയിരിക്കുന്നത്.

തികച്ചും അശാസ്ത്രീയമായ ഗ്രേഡിങ് രീതിയാണ് CBSE ഇന്നും പിൻപറ്റുന്നത്. ആകെ പരീക്ഷയെഴുതിയതിൽ നിശ്ചിത ശതമാനം കുട്ടികൾക്ക് മാത്രം ഓരോ ഗ്രേഡും ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു ഗ്രേഡിങ് സമ്പ്രദായമാണത്. കുട്ടികളുടെ അതത് വിഷയത്തിലുള്ള യഥാർത്ഥ പഠനനിലവാരത്തിന്റെ സൂചനയാകുന്നില്ല അവരുടെ സ്കോറുകളും ഗ്രേഡും എന്നർത്ഥം. അത് നേരത്തെ നിശ്ചയിച്ചുറപ്പിച്ച കട്ടിലിലേക്ക് കുട്ടികളുടെ കൈകാലുകൾ വെട്ടിയൊതുക്കുന്ന പ്രാകൃതമായ രീതിയുടെ മറ്റൊരു ആവിഷ്കാരം മാത്രമാണ്. എന്നാൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അവരുടെ പഠന മികവുകൊണ്ട് നേടിയ സ്കോറുകളും ഗ്രേഡുകളും അതേ രീതിയിൽ അടയാളപ്പെടുത്തുന്ന ഗ്രേഡിങ് രീതിയാണ് സ്വീകരിക്കുന്നത്. തികച്ചും വിഭിന്നമായ ഈ രണ്ടു രീതികളെ ചേർത്തുവച്ച് സമീകരണം എന്ന തികച്ചും അശാസ്ത്രീയമായ ഒരു പദ്ധതി നടപ്പിലാക്കുന്നതിലൂടെയാണ് കേരളത്തിലെ കുഞ്ഞുങ്ങൾക്ക് ശരാശരി സ്കോർ വർദ്ധിച്ചതിന്റെ പേരിൽ വലിയ നഷ്ടം സംഭവിക്കുന്നത്. അവർ പഠിച്ചുനേടിയ സ്കോറുകൾക്കും റാങ്കുകൾക്കും വിലയില്ലാതാകുന്നു. കേരളത്തിന്റെ അഭിമാനമായ ഒന്നാംതരം എൻജിനീയറിങ് കോളേജുകളിലും കോഴ്സുകളിലും അവർക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ വമ്പിച്ച ഫീസ് കൊടുത്ത് പഠിക്കേണ്ടതിലേക്ക് അവർ പിന്തള്ളപ്പെടുന്നു. ഏതാനും വർഷം ഉന്നത ഫീസ് നൽകി CBSE വിദ്യാലയങ്ങളിൽ പഠിച്ച് സമീകരണത്തിന്റെ പിൻവഴിയിലൂടെ ഉന്നത എൻജിനീയറിങ് കോളജിലേക്ക് പ്രവേശിക്കാം എന്ന കുറുക്കുവഴി കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുന്നതോടുകൂടി, പൊതുവിദ്യാഭ്യാസത്തിലൂടെ കടന്നുപോയി പിന്നീട് സ്വാശ്രയ കോളേജുകളിൽ വൻ ഫീസു നൽകി പ്രവേശിക്കേണ്ടി വരുന്നതിനൊപ്പം രക്ഷിതാക്കൾ ഉണ്ടാവില്ല. ഒരുപക്ഷേ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ എല്ലാ മേന്മകളെയും മുന്നേറ്റങ്ങളെയും തകർക്കുന്ന ഒന്നായിത്തീരും ഈ സ്കോർ സമീകരണം എന്നത് ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ.

യഥാർത്ഥത്തിൽ തമിഴ്നാടിനെപ്പോലെ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിന്, യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങളിൽ ലഭിക്കുന്ന സ്കോറുകളെ നേരിട്ട് അടിസ്ഥാനമാക്കാവുന്നതേയുള്ളൂ. കേരളത്തിലെ CBSE സ്കൂളുകളിലും പൊതുവിദ്യാലയങ്ങളിലും ഹയർ സെക്കൻഡറിയിൽ ഒരേ പാഠപുസ്തകങ്ങളും സിലബസും ആണ് നിലനിൽക്കുന്നത് എന്നതിനാൽ ഇതിൽ ഒട്ടും അശാസ്ത്രീയതയും ഇല്ല. കാലഹരണപ്പെട്ട ഗ്രേഡിങ് പിന്തുടരുന്ന CBSE ഉപേക്ഷിച്ചു വിദ്യാർത്ഥി കേന്ദ്രിതമായ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ പോലും അത് സഹായകമാകും.

Read: കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ

സമീകരണം എന്ന കൊലച്ചതിയെക്കുറിച്ച് പൊതുസമൂഹം തിരിച്ചറിഞ്ഞപ്പോൾ കേരള സർക്കാർ SCERT-യെ ഈ വിഷയം പഠിക്കുന്നതിന് നിയോഗിക്കുകയുണ്ടായി. പ്രസ്തുത കമ്മിറ്റി പല തവണ ചേർന്ന് സർക്കാറിന് അവരുടെ നിഗമനങ്ങൾ റിപ്പോർട്ട് രൂപത്തിൽ നൽകിയിട്ടുണ്ട്. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് ആ മീറ്റിംഗുകൾ നടന്നതും റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടതും. ഇതുകൂടാതെ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പൊതുവിദ്യാഭ്യാസ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഈ വിഷയം ചർച്ചചെയ്യാൻ യോഗവും നടത്തി. ഉന്നയിക്കപ്പെട്ടത് ശരിയായ കാര്യമാണെന്നും ഗൗരവമുള്ള ഈ വിഷയം പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിശ്ചയിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ധാരയിലെ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ രക്ഷിതാക്കളും പൊതുസമൂഹവും വിചാരിക്കുന്നത്, പ്രസ്തുത വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായിട്ടാവും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്നാണ്. എന്നാൽ ആ തീരുമാനം വരുന്നതിനു മുൻപായി 2024 ഫെബ്രുവരിയിൽ കൂടിയ നോർമലൈസേഷൻ കമ്മറ്റിയുടെ തീരുമാനപ്രകാരമാകും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്ന് പറഞ്ഞുകൊണ്ട് പരീക്ഷയ്ക്കായുള്ള പ്രോസ്​പെക്ടസ് പ്രവേശന പരീക്ഷാ കമ്മീഷണർ പുറത്തിറക്കിയിരിക്കയാണ്. ഇത് പിന്നീട് ഈ വിഷയത്തെ നിയമ നടപടികളിലേക്ക് തള്ളിയിടാൻ സാധ്യതയുള്ള ഒന്നാണ്.

പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പ്രോസ്​പെക്ടസിൽ പറയാത്ത രീതി പിന്നീട് സ്വീകരിക്കുമ്പോൾ അത് സ്വാഭാവികമാണ്. എന്തായാലും കുട്ടികൾ അപേക്ഷിക്കേണ്ടുന്ന അവസാന തീയതിക്ക് മുമ്പ് ഈ കാര്യം പ്രോസ്​പെക്ടസിൽ കൂട്ടിച്ചേർക്കാൻ അടിയന്തിരമായും പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് തയ്യാറാവണം. അല്ലെങ്കിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തോട് ഉത്തരവാദിത്തമുള്ളവർ അവരെക്കൊണ്ട് അത് ചെയ്യിക്കണം. ഇത് ഇക്കൊല്ലത്തെ എൻജിനീയറിങ് പ്രവേശനത്തെ സംബന്ധിച്ച് പരമപ്രധാനമാണ്. ഈ വിഷയത്തിൽ തക്ക സമയത്ത് ഇടപെടുകയും കൃത്യമായി പൊതുവിദ്യാഭ്യാസത്തിന്റെ പക്ഷത്ത് നിൽക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ കാഴ്ച്ചപ്പാടിനാണ് മുൻതൂക്കം നൽകുന്നതെങ്കിൽ കമ്മീഷണറേറ്റ് അത് ചെയ്തിരിക്കും. അതിനും മുകളിൽ പറക്കുന്നത് CBSE / എൻട്രൻസ് ലോബി താത്പര്യമാണെങ്കിൽ കോടതിയിലേക്ക് വലിച്ചിഴച്ചായാലും അവരുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യും.

വിദഗ്ധസമിതി കേവലം സാങ്കേതികമായി ഈ വിഷയം പരിശോധിക്കുന്നതിനു പകരം പൊതുവിദ്യാഭ്യാസത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന അധ്യാപക, വിദ്യാർത്ഥി സംഘടനകളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും മറ്റു പൊതു സംഘടനകളുടെയും ഇക്കാര്യത്തിലുള്ള അഭിപ്രായ നിർദ്ദേശങ്ങൾ അടിയന്തരമായും സ്വീകരിക്കേണ്ടതാണ്. തികച്ചും ജനാധിപത്യപരമായ ഒരു തീരുമാനം ഉണ്ടാകുന്നതിൽ അത് നിർണായകമാണ്. പൊതുവിദ്യാഭ്യാസം എന്നത് കേവലം ചില വിഷയങ്ങളുടെ സ്കോർ ഉറപ്പിക്കൽ മാത്രമല്ല, ഇവിടുത്തെ CBSE സ്കൂളുകളിൽ പാകിമുളപ്പിക്കുന്ന അത്യന്തം സങ്കുചിതമായ, വിദ്യാഭ്യാസത്തിന് പുറത്തുള്ള ഘടകങ്ങളെ ചെറുത്തുനിൽക്കുന്ന ഇടം കൂടിയാണ്. ജാതി മത സാമ്പത്തിക ചിന്തയുടെ ഇടുക്കുകളിൽ നിന്നും പൊതുബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കേരളത്തിലെ കുഞ്ഞുങ്ങളെ ഉയർത്തുന്നതിനു വേണ്ടിക്കൂടി, കേരളത്തിലെ സർക്കാറുകൾ അതിന്റെ പൊതുമൂലധനം ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്ന ഒരിടത്തിന്റെ പ്രാധാന്യം എടുത്തുകാട്ടേണ്ട നിർണായക ഘട്ടം കൂടിയാണിത്.

Comments