'അവൻ പല രൂപത്തിലും വരും' എന്ന് വൈക്കം മുഹമ്മദ് ബഷീർ പറയുന്നുണ്ട്. മരിച്ചവരുടെ ആത്മക്കൾ ജിന്നുകളായി തന്നെ പിടികൂടാൻ വരുന്നു എന്നു തോന്നി കത്തിയുമെടുത്ത് നിൽക്കുകയാണ് ബഷീർ. ‘നൂലൻ വാസു’ എന്ന സാക്ഷാൽ എം.ടി അനുനയിപ്പിക്കാൻ അടുത്തെത്തിയപ്പോഴാണ് ബഷീർ കത്തി എം.ടിക്കുനേരെ ചൂണ്ടിയത്. ‘വാസുവാണ്, വാസുവാണ്’ എന്ന് പലകുറി പറഞ്ഞിട്ടും ബഷീറിൻ്റെ കണ്ണുകളിലെ ഭ്രാന്തിന് കുറവില്ല. അപ്പോഴാണ് പറയുന്നത്, ‘അവൻ പല രൂപത്തിലും വരും’, അവൻ ജിന്നാണ്. വേഷം മാറിയും രൂപം മാറിയും സഞ്ചരിക്കാൻ കഴിയുന്നവൻ, എവിടെയും എത്താവുന്നവൻ.
അതാണ് ഈ കുറിപ്പെഴുതാനിരിക്കുമ്പോൾ മനസ്സിൽ വരുന്നത്. ‘അവൻ പല രൂപത്തിലും വരും'. അവൻ ഇവിടെ ജിന്നല്ല. CBSE / എൻട്രൻസ് ലോബിയോടുള്ള താത്പര്യമാണ്. അത് CBSE- യിൽ നിന്നുതന്നെയോ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നോ വരണമെന്നില്ല. പൊതുവിദ്യാഭ്യാസത്തിനകത്തെ ആട്ടിൻതോലിട്ട ചെന്നായകളിൽ നിന്നും വരാം.
ഹയർ സെക്കൻ്ററി പരീക്ഷ നടക്കുകയാണ്. പല വിഷയങ്ങളിലും കുട്ടികളെ കണ്ണീരു കുടിപ്പിക്കുന്ന അതികഠിനമായ ചോദ്യങ്ങളായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വ്യാപകമായി പരാതിപ്പെടുന്നതായി മാധ്യമ റിപ്പോർട്ടുകൾ വരുന്നു. ഓൺലൈൻ / സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ ചർച്ച നടക്കുന്നു. അധ്യാപക ഗ്രൂപ്പുകളിൽ വാക് തർക്കങ്ങൾ നടക്കുന്നു. എന്താണ് പൊടുന്നനെ ഇങ്ങനെയൊരു ഘോരമാറ്റം?
‘‘ഇന്നലെ രണ്ടാംവർഷ പ്ലസ് ടു ഫിസിക്സ് പരീക്ഷ കഴിഞ്ഞു വന്നത് മുതൽ ചോദ്യപേപ്പർ കയ്യിലെടുത്ത് കൂട്ടിയും കിഴിച്ചും ഇരിക്കുകയാണ് മകൾ. ഇന്നലെ മുതൽ മൗനത്തിലുമാണ്’’- ഒരു അധ്യാപിക ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാം വർഷ കെമിസ്ട്രി പരീക്ഷ കഴിഞ്ഞ കുട്ടികൾ ഹതാശരായാണ് വീട്ടിലേക്ക് പോയത് എന്നാണ് ഒരധ്യാപകൻ പറഞ്ഞത്. ഒരു ശരാശരി കുട്ടിക്ക് പത്തോ പതിനഞ്ചോ സ്കോറിൽ കൂടുതൽ കിട്ടാൻ സാധാരണ ഗതിയിൽ യാതൊരു സാധ്യതയുമില്ലാത്ത ചോദ്യങ്ങളായിരുന്നു. ആദ്യഭാഗത്തെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ തന്നെ പ്രയാസം. രണ്ടു മാർക്കിനുള്ള ചോദ്യങ്ങളിൽ പരമാവധി രണ്ടെണ്ണത്തിന് ഒരു പരിധിവരെ ഉത്തരമെഴുതാം. ബാക്കി തൊടാൻ പറ്റില്ല. നാലു മാർക്കിനുള്ള ചോദ്യത്തിൽ ഒന്നെഴുതാം. ചോദ്യങ്ങൾ വളച്ചുകെട്ടിയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും കുട്ടികൾക്ക് വായിച്ചാൽ മനസ്സിലാവാത്ത രീതിയിലും ബോധപൂർവ്വം കൊടുത്തിരിക്കുന്നു. പല കുട്ടികളും മെയിൻ ഷീറ്റിൻ്റെ ഒന്നോ രണ്ടോ പുറം മാത്രം എന്തൊക്കെയോ എഴുതിവെച്ച് പോയി. പുറത്തെത്തി അവർ കരഞ്ഞു, അധ്യാപകരോട് പരിഭവം പറഞ്ഞു. തങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നവരെ ശപിച്ചു. വീട്ടിലെത്തി പലരും ഭക്ഷണം പോലും കഴിക്കാതെ കിടന്നു. ഉത്കണ്ഠയുടെ നെരിപ്പോടിൽ എരിഞ്ഞു. ഉറക്കത്തിൽ ഞെട്ടിയുണർന്ന് വിറച്ചു. എന്തിനുവേണ്ടി, ആർക്കുവേണ്ടിയാണ് ഇത് ചെയ്യുന്നത്? കഠിന ചോദ്യങ്ങളുടെ കുരുക്കിൽ പൊതുവിദ്യാഭ്യാസത്തിനകത്തെ കുഞ്ഞുങ്ങളെ കൊളുത്തിയിടുന്നത് ആരാണ്? ആരാണവരെ അതിന് നിർബന്ധിക്കുന്നത്?

രണ്ടാം വർഷ പരീക്ഷ തുടങ്ങിയത് ഫിസിക്സിൽ നിന്നാണ്. ഫിസിക്സ് ആദ്യ പരീക്ഷയായി വന്നപ്പോൾ ഭയന്ന പലരും, ആദ്യ പരീക്ഷ താരതമ്യേന ആശ്വാസകരമാവുമെന്ന പൊതുവിശ്വാസത്തിൽ പതുക്കെ ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാൽ നടയിലെ അടിയായിരുന്നു ഇക്കുറി ഫിസിക്സ് പരീക്ഷ. വ്യാപക പരാതികൾ ഫിസിക്സ് പരീക്ഷയെക്കുറിച്ച് കുട്ടികളും അധ്യാപകരും ഉന്നയിച്ചു. മാധ്യമങ്ങൾ എഴുതി. അധ്യാപികയായ സുഹൃത്ത് 'കുട്ടികളെ കൊല്ലുന്ന ചോദ്യപേപ്പർ' എന്ന പേരിൽ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘‘ഇന്നലെ രണ്ടാംവർഷ പ്ലസ് ടു ഫിസിക്സ് പരീക്ഷ കഴിഞ്ഞു വന്നത് മുതൽ ചോദ്യപേപ്പർ കയ്യിലെടുത്ത് കൂട്ടിയും കിഴിച്ചും ഇരിക്കുകയാണ് മകൾ. ഇന്നലെ മുതൽ മൗനത്തിലുമാണ്.
പരീക്ഷയ്ക്ക് വരാൻ ഏറ്റവും സാധ്യതയുള്ളതാണെന്നും നിർബന്ധമായും പഠിച്ചിരിക്കേണ്ടതാണെന്നും നിഷ്കർഷിച്ച് അധ്യാപകർ പഠിപ്പിച്ചും കുട്ടികൾ തയ്യാറെടുത്തും പോയ പരീക്ഷ. കുട്ടികളുടെ കണക്കുകൂട്ടലുകളെയും തയ്യാറെടുപ്പുകളെയും പ്രതീക്ഷകളെയും ആകെ തകർത്തെറിഞ്ഞും തകിടം മറിച്ചും തയ്യാറാക്കപ്പെട്ട ഒരു ചോദ്യപേപ്പർ. ചോദ്യപേപ്പർ കയ്യിൽ കിട്ടിയതോടെ ആകെ അമ്പരപ്പിലായി കുട്ടികൾ. ആത്മവിശ്വാസം മുഴുവനും പോയി എന്നാണവർ പറഞ്ഞത്. ഒന്നോ രണ്ടോ കുട്ടികളല്ല കേരളത്തിലാകമാനം ഉള്ള ഭൂരിപക്ഷത്തിൻ്റെ അഭിപ്രായമാണ്. എന്തുകൊണ്ടാണ് ചോദ്യപേപ്പർ തയ്യാറാക്കുന്ന ഈ വിശാരദന്മാർക്ക് കുട്ടികളോട് ഇത്രമാത്രം വിദ്വേഷവും വെറുപ്പും? കുട്ടികളോട് ഇവരെന്തിനാണിത്ര ക്രൂരത കാണിക്കുന്നത്? കുട്ടികളുടെ ശ്രദ്ധയിൽ പെടാതെ പോയ ഭാഗങ്ങൾ ഏതൊക്കെ എന്ന് പ്രത്യേകം കണ്ടെത്തി എങ്ങനെ അവരുടെ മനോവീര്യം തകർക്കാമെന്നും തോൽപ്പിക്കാമെന്നും ഗവേഷണം നടത്തുകയാണോ ഈ ചോദ്യപേപ്പർ തൊഴിലാളികൾ? ഒരു ചോദ്യപേപ്പർ തയ്യാറായശേഷം ഏതെല്ലാം ഘട്ടങ്ങളിൽ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് അത് പ്രിൻ്റിംഗിലേക്ക് എത്തുക ? എല്ലാ നിലവാരത്തിലുള്ള കുട്ടികളേയും പരിഗണിച്ചോ എന്ന് പരിശോധിക്കേണ്ടേ? സ്ക്രൂട്ടിനി ടീമും വെറും നോക്കുകുത്തികളായിരുന്നോ ഇത്തവണ? ആദ്യ ദിന പരീക്ഷ തന്നെ ഇവ്വിധം കഠിന പരീക്ഷണമാകുമ്പോൾ എങ്ങനെയാണ് കുട്ടിക്കിനി തുടർപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനാകുക?
കുട്ടി മുറിയടച്ചിരിക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത ആധിയാണിപ്പോൾ. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും കുട്ടിയെ നോക്കിയിരിപ്പാണ്. ഇത് എൻ്റെ മാത്രം അനുഭവമാവില്ല. ഒട്ടുമിക്ക അമ്മമാരേയും ഈ വേവലാതി ബാധിച്ചു കാണും ഇന്നലെത്തന്നെ ഒരു പത്തിരുപത് തവണയെങ്കിലും കുട്ടി ആവർത്തിച്ച ചോദ്യമാണ് - ‘മമ്മാ എ പ്ലസ്സിന് എത്ര മാർക്ക് വേണം? എ കിട്ടാൻ എത്ര വേണം?’ കുട്ടിക്കറിയാഞ്ഞിട്ടല്ലല്ലോ അത്. പിരിമുറുക്കത്തിൻ്റെ അങ്ങേയറ്റമാണ്. അത്രയും തവണ കുട്ടിയെ സമാധാനിപ്പിച്ചതുമാണ്. എ പ്ലസ്സും എയും ഒന്നുമല്ല കാര്യം. അത് വിഷയമാക്കേണ്ടയെന്നും. എന്തായാലും ചോദ്യപേപ്പർ മഹാരഥൻമാരേ.. ഒന്ന് മനസ്സിലാക്കിക്കോളൂ. പരീക്ഷ പേടിച്ച് ആത്മഹത്യ ചെയ്യുന്ന, നാടുവിടുന്ന കുട്ടികളുടെ ശാപം നിങ്ങളെ വിട്ടുമാറില്ല ഒരിക്കലും’’.
ഒരമ്മയുടെ ഉത്ക്കണ്ഠ മാത്രമല്ലിത്; ഒരു കുട്ടിയുടെ മാത്രം വേവലാതിയുമല്ല. പൊതുവിദ്യാഭ്യാസത്തിൻ്റെ വഴി തെരഞ്ഞെടുത്തു എന്നതല്ലാതെ മറ്റെന്ത് തെറ്റാണ് ഇവർ ചെയ്തത്?
കുറച്ചു വർഷങ്ങളായി കേരള ഹയർ സെക്കൻ്ററിയിലെ കുട്ടികൾക്ക് സ്കോർ കൂടുതൽ ലഭിക്കുന്നു എന്ന നിലയിൽ അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ എൻട്രൻസ് പരീക്ഷാകമ്മീഷണറേറ്റ് വലിയ തോതിൽ അവരുടെ സ്കോറുകൾ വെട്ടിച്ചുരുക്കുന്നുണ്ട്. CBSE-യ്ക്ക് ദേശീയ ശരാശരി കുറവാണ് എന്ന വാദമുയർത്തി അവർക്ക് സ്കോർ കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു.
Read: എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന
CBSE താത്പര്യങ്ങൾ
ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങൾ വന്നത് മോഡൽ പരീക്ഷയിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ്. അത് പ്രത്യേകം ശ്രദ്ധിക്കണം. മോഡൽ പരീക്ഷയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചോദ്യം എങ്ങനെ ഫൈനൽ പരീക്ഷയിൽ വന്നു? തീർച്ചയായും അത് അന്വേഷിക്കപ്പെടണം. നിരവധിവർഷം SSLC, Plus Two പൊതുപരീക്ഷകളിൽ ചോദ്യനിർമ്മാണത്തിൽ പങ്കെടുക്കുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പറയാം, സാധാരണഗതിയിൽ നിലവാരത്തിൻ്റെ കാര്യത്തിൽ ഏകദേശം തുല്യനിലയിൽ തയ്യാറാക്കപ്പെടുന്ന നാലു സെറ്റ് ചോദ്യങ്ങളിൽ കുട്ടികൾക്ക് ഏറ്റവും അനായാസമായ ചോദ്യമാണ് പൊതുപരീക്ഷയ്ക്കായി കരുതുക. ഓരോ വിഷയത്തിനും ഒരു ചെയർമാൻ ഉണ്ടാകും. അദ്ദേഹമാണ് ചോദ്യനിർമ്മാതാക്കളുടെ ചോദ്യങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തുകയും, നിലവാരത്തിൻ്റെ വെയ്റ്റേജ്, വിഷയ / യൂണിറ്റ് / പാഠഭാഗങ്ങളുടെ വെയിറ്റേജ് എന്നിവയൊക്കെ തൃപ്തികരമാണോ, ചോദ്യപേപ്പർ നിർമ്മിക്കാനുള്ള മാർഗ്ഗരേയയിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടത്. അദ്ദേഹമാണ് നാലു സെറ്റിൽ ഏതാണ് മോഡൽ പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടത്, ഏതാണ് പൊതുപരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടത്, SAY (സേവ് എ ഇയർ) പരീക്ഷയ്ക്കായി ഏതുപയാഗിക്കണം എന്നെല്ലാം രഹസ്യകോഡിൽ രേഖപ്പെടുത്തി പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നത്.
എന്നാൽ ഇക്കുറി ബോധപൂർവ്വം ഒരിടപെടൽ നടന്നു. ഏറ്റവും കാഠിന്യമേറിയ ചോദ്യം പൊതുപരീക്ഷയ്ക്കായി തെരഞ്ഞെടുത്തു. അതും മോഡൽ പരീക്ഷയുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യം. മറ്റൊരു രീതിയിൽ, മറ്റൊരു വഴിയിൽ ചോദിക്കുന്ന ചോദ്യം. എൻട്രൻസ് രീതിയോട് അടുത്തു നിൽക്കുന്ന ചോദ്യങ്ങൾ. അതികഠിനമായ ചോദ്യങ്ങൾ. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അപ്പോഴാണ് ഒരു കാര്യം വ്യക്തമാവുക. ഇത് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.

‘കീം’ (KEAM- Kerala Engineering Agricultural Medical Entrance Examination) എന്നറിയപ്പെടുന്ന കേരളത്തിലെ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ 50 ശതമാനം എൻട്രൻസ് പരീക്ഷാസ്കോറും 50 ശതമാനം പ്ലസ്ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ സ്കോറുമാണ് പരിഗണിക്കുക. കുറച്ചു വർഷങ്ങളായി കേരള ഹയർ സെക്കൻ്ററിയിലെ കുട്ടികൾക്ക് സ്കോർ കൂടുതൽ ലഭിക്കുന്നു എന്ന നിലയിൽ അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ എൻട്രൻസ് പരീക്ഷാകമ്മീഷണറേറ്റ് വലിയ തോതിൽ അവരുടെ സ്കോറുകൾ വെട്ടിച്ചുരുക്കുന്നുണ്ട്. CBSE-യ്ക്ക് ദേശീയ ശരാശരി കുറവാണ് എന്ന വാദമുയർത്തി അവർക്ക് സ്കോർ കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു. കേരള ബോർഡിലെ കുട്ടികളുടെ 54 സ്കോർ വരെ ചില വർഷങ്ങളിൽ വെട്ടിക്കുറച്ചപ്പോൾ CBSE- ക്കാർക്ക് മുപ്പതോളം സ്കോറുകൾ കൂട്ടി നൽകി. കഴിഞ്ഞ വർഷം കേരള ബോർഡിലെ കുട്ടികളുടെ 27 സ്കോർ അപ്രകാരം കുറച്ചാണ് പരിഗണിച്ചത്. CBSE- ക്ക് 8 സ്കോർ കൂട്ടി നൽകി.
CBSE- യുടെ ചോദ്യങ്ങൾ അതികഠിനമാണ് എന്ന ഒരു മിഥ്യാധാരണ ഇവിടെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അഥവാ CBSE- യുടെ ചോദ്യങ്ങൾ കഠിനമാണെങ്കിൽത്തന്നെ അത് അവിടുത്തെ കുട്ടികളുടെ ഗ്രേഡിനെ ഒരു തരത്തിലും ബാധിക്കില്ല. കാരണം അവരുടെ ഗ്രേഡിങ് രീതി റിലേറ്റീവ് / പെർസൻ്റൈൽ ഗ്രേഡിങ് രീതിയാണ്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളുടെയും ഗ്രേഡുകൾ പരസ്പരബന്ധിതമാണ്.
Read: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
ഈ കാര്യങ്ങൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ പ്രവർത്തകർക്കോ വിദ്യാർത്ഥികൾക്കോ അവരുടെ രക്ഷിക്കാക്കൾക്കോ അറിവുള്ളതായിരുന്നില്ല. പൊതുവിദ്യാഭ്യാസത്തിൻ്റെ വേരറുക്കുന്ന ഈ പ്രവർത്തനങ്ങൾ പുറംലോകത്തെത്തിച്ചതും അതിനെതിരെയുള്ള സമരങ്ങൾ നടത്തിയതും മലയാള ഐക്യവേദി, ഐക്യ മലയാള പ്രസ്ഥാനം പോലുള്ള സംഘടനകളാണ്. ഒടുവിൽ ഈ വിഷയത്തിൽ സർക്കാരിന് ഇടപെടേണ്ടിവരികയും പ്രാഥമികമായി SCERT-യെക്കൊണ്ട് ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തിക്കുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ കേരള മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുകയും ഉന്നയിക്കപ്പെട്ട ഗൗരവതരമായ ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാൻ നിശ്ചയിക്കുകയും ചെയ്തു. പ്രസ്തുത സമിതിയുടെ തീരുമാനം വരുന്നതിനുമുമ്പ് തന്നെ ഈ വർഷത്തെ എൻട്രൻസിന്റെ പ്രോസ്പെക്ടസ് ഇറക്കി എൻട്രൻസ് പരീക്ഷാകമ്മീഷണറേറ്റ് മുഖ്യമന്ത്രിക്ക് മുകളിൽ പറക്കാൻ ശ്രമിക്കുകയാണ്.
Read: കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
ആ ശ്രമത്തിന്റെ മറ്റൊരു പ്രകാശനമാണ് കേരളത്തിലെ ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾ അതികഠിനമാക്കി, കുട്ടികളുടെ സ്കോറുകൾ പരമാവധി ചുരുക്കിക്കൊണ്ടുവരാനുള്ള ഈ ശ്രമം. ആ നിലയിൽ മാത്രമേ മോഡൽ പരീക്ഷയിൽ നിന്നു പോലും വ്യത്യസ്തമായി, അതികഠിനമായ ചോദ്യങ്ങളാൽ പൊതുവിദ്യാഭ്യാസധാരയിലെ കുട്ടികളെ കണ്ണീരിന്റെയും ഉത്കണ്ഠയുടെയും മുൾമുനയിലേക്ക് വലിച്ചെറിയാൻ പാകത്തിലുള്ള ഈ ചോദ്യാഭാസത്തെ കാണാൻ കഴിയൂ.

അധികഠിനമായ ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പറുകളെ കുറിച്ച് പറയുമ്പോൾ ചിലർ ചൂണ്ടിക്കാട്ടുന്നത് CBSE ചോദ്യങ്ങളാണ്. CBSE- യുടെ ചോദ്യങ്ങൾ അതികഠിനമാണ് എന്ന ഒരു മിഥ്യാധാരണ ഇവിടെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അഥവാ CBSE- യുടെ ചോദ്യങ്ങൾ കഠിനമാണെങ്കിൽത്തന്നെ അത് അവിടുത്തെ കുട്ടികളുടെ ഗ്രേഡിനെ ഒരു തരത്തിലും ബാധിക്കില്ല. കാരണം അവരുടെ ഗ്രേഡിങ് രീതി റിലേറ്റീവ് / പെർസൻ്റൈൽ ഗ്രേഡിങ് രീതിയാണ്. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളുടെയും ഗ്രേഡുകൾ പരസ്പരബന്ധിതമാണ്. ആകെ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ നിശ്ചിത ശതമാനത്തിനു മാത്രമേ ഓരോ ഗ്രേഡും ലഭിക്കുകയുള്ളൂ. കഠിനമായ ചോദ്യം വന്ന ഒരു വർഷം കുട്ടികൾക്ക് യഥാർത്ഥത്തിൽ ലഭിച്ച പരമാവധി സ്കോർ 65/100 ആണെങ്കിൽ അതിനടുത്ത് സ്കോർ ലഭിച്ച എട്ടിലൊന്ന് വിദ്യാർഥികൾക്ക് എ വൺ ഗ്രേഡ് ലഭിക്കും. ചോദ്യങ്ങളുടെ കാഠിന്യവും കുറയുന്ന സ്കോറും അവരുടെ ഗ്രേഡിനെ ബാധിക്കുകയില്ല എന്നർത്ഥം. എന്നാൽ കേരളത്തിൽ അബ്സല്യൂട്ട് ഗ്രേഡിങ് ആണ്. പരമാവധി 65 സ്കോർ മാത്രമേ ലഭിക്കുകയുള്ളൂയെങ്കിൽ കുട്ടിയുടെ ഗ്രേഡ് ബി ആയിരിക്കും. ഇക്കാര്യങ്ങൾ CBSE ചോദ്യകാഠിന്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന അന്ധപക്ഷപാതികൾ മറച്ചുവെക്കുകയാണ് മിക്കവാറും ചെയ്യുക.
Read: സ്റ്റേറ്റ് സിലബസ് കുട്ടികളെ തോൽപ്പിക്കാൻ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി
ഇനി ഈ ഗണത്തിൽ ഒരു പരീക്ഷയാണ് നടക്കാനുള്ളത്; മാത്തമാറ്റിക്സ്. തീർച്ചയായും ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾ അതികഠിനമാക്കി കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട അവരുടെ കണ്ണുകൾ തീർച്ചയായും ആ പരീക്ഷയിലും വീണിരിക്കും. അതും ചിലപ്പോൾ അതികഠിനമാകും. അവർ പാവം തോന്നി കണക്കിനെ വെറുതെ വിട്ടതാണെങ്കിൽ ചിലപ്പോൾ കുട്ടികൾക്ക് കുറച്ചുത്തരങ്ങൾ എഴുതാൻ കഴിഞ്ഞേക്കാം.

രണ്ടു തരത്തിലാണ് കഠിനമായ ചോദ്യങ്ങളുണ്ടാക്കി പൊതു വിദ്യാഭ്യാസത്തെ അങ്കലാപ്പിലാക്കാനുള്ള ഈ തീരുമാനം വന്നിട്ടുണ്ടാവുക. ഒന്നുകിൽ നേരത്തെ SSLC, ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യനിർമ്മാണ ശില്പശാലയിൽ വെച്ച് ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങൾ ചോദിക്കണം എന്ന് വാശിപിടിച്ച, ഉന്നതരായ വിദ്യാഭ്യാസോദ്യോഗസ്ഥരുടെ ആജ്ഞകൾ അനുസരിച്ചിരിക്കണം ചോദ്യ നിർമ്മാണത്തിനെത്തിയ അധ്യാപകർ. കാരണം കേരളത്തിൽ ഇത്രയും കാലം അംഗീകരിക്കപ്പെട്ടിരുന്നത് വിജയമാണെങ്കിൽ, ഇപ്പോൾ പരാജയമാണ് ആഘോഷിക്കപ്പെടുന്നത്. ഗുണതയുടെ അടയാളം വിജയമല്ല; കൂടുതൽ പേരും പരാജയപ്പെടുന്നതാണ് എന്നതാണ് പുതിയ പ്രത്യയശാസ്ത്രം. ഉന്നത ഉദ്യോഗസ്ഥർക്ക് കേരളത്തിലെ ഉയർന്നുനിൽക്കുന്ന വിജയം അപമാനകരമാണ്. ഇവിടുത്തെ വിദ്യാഭ്യാസ രീതിയുടെ അപകർഷതയായാണ് അതവർ വിചാരിച്ചിരിക്കുന്നത്. അവരുടെ കർക്കശമായ ആജ്ഞകൾക്ക് മുമ്പിലായിരിക്കും ചിലപ്പോൾ കഠിനകഠോരമായ ഈ ചോദ്യങ്ങൾ ഉണ്ടായത്. അപ്പോൾ പിന്നെ ഇവിടുത്തെ കുട്ടികളുടെ സ്കോർ ശരാശരി സ്വാഭാവികമായും കുറഞ്ഞിരിക്കുമല്ലോ. സമീകരണത്തിന്റെ ആവശ്യം തന്നെ വരില്ല. ചിലപ്പോൾ ഈ യുക്തിയിൽ അവർ ജയിച്ചേക്കും. സമീകരണം ഉപേക്ഷിക്കാനുള്ള വഴിയിതാണ് എന്നവർ തെളിയിച്ചേക്കും. പക്ഷേ അപ്പോഴേക്കും കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം അവിടുത്തെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കണ്ണീരിൽ ഒലിച്ചു പോയിട്ടുണ്ടാകും.
പൊതുവിദ്യാഭ്യാസത്തിന്റെ ശത്രു പലപ്പോഴും പൊതുവിദ്യാഭ്യാസത്തിനകത്തുനിന്ന് പ്രവർത്തിക്കുന്നവർ തന്നെയാവാറുണ്ട്. തങ്ങളുടെ ഹൃദയം എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിലും ട്യൂഷൻ സെൻററുകളിലും കെട്ടിഞാത്തിയ, മനുഷ്യപ്പറ്റില്ലാത്ത, സ്കൂളിൻ്റെ പടികടക്കാൻ യോഗ്യതയില്ലാത്ത, ധനാർത്ഥിമൂത്ത ചെന്നായകൾ അധ്യാപകരുടെ ആട്ടിൻ തോലിട്ട് പൊതുവിദ്യാഭ്യാസത്തിനകത്തുണ്ട്.
പൊതുവിദ്യാഭ്യാസത്തിന്റെ ശത്രു പലപ്പോഴും പൊതുവിദ്യാഭ്യാസത്തിനകത്തുനിന്ന് പ്രവർത്തിക്കുന്നവർ തന്നെയാവാറുണ്ട്. തങ്ങളുടെ ഹൃദയം എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളിലും ട്യൂഷൻ സെൻററുകളിലും കെട്ടിഞാത്തിയ, മനുഷ്യപ്പറ്റില്ലാത്ത, സ്കൂളിൻ്റെ പടികടക്കാൻ യോഗ്യതയില്ലാത്ത, ധനാർത്ഥിമൂത്ത ചെന്നായകൾ അധ്യാപകരുടെ ആട്ടിൻ തോലിട്ട് പൊതുവിദ്യാഭ്യാസത്തിനകത്തുണ്ട്. അവർ ഓൺലൈൻ /ഓഫ് ലൈൻ കോച്ചിംഗ് സ്ഥാപനങ്ങളുമായി കരാറിൽ എത്തിയവരാണ്. മിക്കവരും മക്കളെ CBSE- യിൽ പഠിപ്പിക്കുന്നവരോ പഠിപ്പിച്ചവരോ ആയിരിക്കും. CBSE- യിൽ പഠിച്ചവർ പോലുമുണ്ടാകും അവരിൽ. അതുമല്ലെങ്കിൽ CBSE രീതിയാണ് മഹത്തരം എന്ന് വിചാരിക്കുന്നവർ. പൊതുവിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ഒറ്റുകാരായി ഈ സന്ദർഭത്തിൽ അവരും യഥാർത്ഥ സ്വഭാവം പുറത്തെടുത്തിരിക്കും. അവരുടെ ദുശ്ശാഠ്യങ്ങൾക്ക് മുന്നിൽ മറ്റ് വിനീതരായ അധ്യാപകർക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ടാകും. അതേ മനസ്സുള്ള ഒരു ചെയർമാൻ കൂടി ചോദ്യനിർമ്മാണത്തിൽ പങ്കാളിയാകുമ്പോൾ ആ വൃത്തം പൂർത്തിയാകും. പൊതു പരീക്ഷയെന്ന ഗില്ലറ്റിനിൽ തലയും വെച്ച് കിടക്കുന്ന പാവം വിദ്യാർത്ഥിയുടെ കഴുത്തിന് കൃത്യം വീഴും അതികഠിനമായ ആ ചോദ്യങ്ങൾ. അവരുടെ നിലവിളി ആരും കേട്ടെന്നു വരില്ല. കേരളത്തിലെ അധ്യാപക / വിദ്യാർത്ഥി സംഘടനകൾക്ക് ആ നിലവിളി കേൾക്കാനുള്ള കർണ്ണങ്ങളുമില്ല.