എ പ്ലസിനെ പരിഹസിക്കുന്ന മന്ത്രിയുള്ളപ്പോൾ
എ പ്ലസുകാരെ ആക്ഷേപിക്കുന്ന ഡയറക്ടർ സ്വഭാവികം

കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടുന്നതിനെ പരിഹസിച്ച മന്ത്രിമാരുള്ളപ്പോൾ ഇത്തരം ഡയറക്ടർമാർ സ്വാഭാവികമാണ്. അവരുടെ ആഗ്രഹങ്ങൾക്ക് പ്രകാശനം നൽകുക മാത്രമായിരിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയ്തിട്ടുണ്ടാവുക.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പൊതുപരീക്ഷയെഴുതുന്നതിൽ എ പ്ലസ് കിട്ടുന്ന കുട്ടികൾക്ക് അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയില്ലെന്നും 50% ത്തിലധികം സ്കോർ കൊടുക്കുന്നത് പരമാവധി കുറച്ചുകൊണ്ടുവരണമെന്നും കേരളത്തിന്റെ വിദ്യാഭ്യാസനിലവാരം ബീഹാറിലേതുപോലെയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് എസ് എൽ സി പരീക്ഷാചോദ്യപേപ്പർ നിർമാണ ശില്പശാലയിൽ പറഞ്ഞത് കേരളം ഇന്ന് പലനിലകളിൽ ആഘോഷിക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകൾ പോസ്റ്ററുകളാക്കി വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമങ്ങളുടെ പേജിലും വ്യക്തികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും 100% യോജിച്ചും ഡയറക്ടർക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചും സത്യം തുറന്നുപറഞ്ഞ മഹാനായി അദ്ദേഹത്തെ ചിത്രീകരിച്ചും ആയിരക്കണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചകളിൽ വിദ്യാഭ്യാസ വിചക്ഷണർ അദ്ദേഹത്തെ കേരളം കണ്ട ഏറ്റവുംമികച്ച അക്കാദമിക പണ്ഡിതനായി വാഴ്ത്തിക്കഴിഞ്ഞു. പോസ്റ്റുകളിലും വാർത്തകളിലും ഡി ജി ഇയെ അനുകൂലിച്ചു കമന്റുകളും പോസ്റ്റുകളും ഇടുന്ന ആളുകളുടെ പ്രൊഫൈലുകൾ പരിശോധിച്ചാൽ അവരൊക്കെ ഏതുനിലയിലുള്ള /ഏതു വിഭാഗത്തിലുള്ള ആളുകളാണെന്ന് എളുപ്പം മനസ്സിലാകും.

എസ്. ഷാനവാസ്

മറുവശത്ത്, കേരളത്തിലെ വിദ്യാർത്ഥിസംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇടതു വലതു ഭേദമന്യേ അധ്യാപക സംഘടനകളും പൊതുവിദ്യാഭ്യാസത്തിനെതിരായി കരുനീക്കങ്ങൾ നടത്തുന്ന ഡയറക്ടർക്കെതിരെ വൻപ്രതിഷേധമുയർത്തി. വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തോട് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിക്കഴിഞ്ഞു. അത് മറ്റൊരു തമാശ. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ സംബന്ധിച്ച് അതെ വകുപ്പിന്റെ തലപ്പത്തുള്ള ഒരുദ്യോഗസ്ഥൻ തന്റെ സുചിന്തിതമായ നിലപാട് വളരെ വളരെ പ്രധാനപ്പെട്ട ഒരു യോഗത്തിൽ അവതരിപ്പിക്കുന്നു. ആ കാര്യം ചോർന്ൻ മാധ്യമങ്ങളിൽ എത്തുന്നു. അദ്ദേഹം പറഞ്ഞ കാര്യത്തെ ചൊല്ലിയാണ് ഈ പൊല്ലാപ്പെല്ലാം ഉണ്ടായിരിക്കുന്നത്. എന്നിട്ട് അതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ അദ്ദേഹത്തെത്തന്നെ ചുമതലപ്പെടുത്തുക. ഗംഭീര അന്വേഷണ റിപ്പോർട്ട് ആയിരിക്കും അത്. ഒരു സംശയവും വേണ്ട. മാത്രമല്ല, ആ പറഞ്ഞത് റിക്കോർഡ് ചെയ്ത് പുറത്തുവിട്ട അധ്യാപകൻ / അധ്യാപികയാണ് ഇതിലെ മുഖ്യപ്രതി എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. തീർച്ചയായും ആ വഴിയല്ല അക്കാദമിക താത്പര്യമുള്ള ഒരാൾ ചെയ്യേണ്ടത് എന്നത് നിസ്തർക്കമാണ്. ആ തീരുമാനത്തെ അവിടെത്തന്നെ തുറന്നെതിർക്കുകയും ഇതല്ല കേരളത്തിലെ പാഠ്യപദ്ധതി സമീപനം എന്ന് ബോധ്യപ്പെടുത്തുകയുമാണ് വേണ്ടിയിരുന്നത്. ഒരാളല്ല, ആ കേട്ടിരുന്ന അൽപ്പമെങ്കിലും പൊതുവിദ്യാഭ്യാസത്തോട് കൂറുള്ള മഴുവൻ അധ്യാപകരും. പക്ഷേ, അതിനൊന്നുമുള്ള അക്കാദമികമായ ധാരണയോ നിലപാടോ ധാർമികതയോ അതിൽ എത്രപേർക്കുണ്ടാവും എന്നതാണ് പ്രശ്നം. അല്ലെങ്കിൽ ഇത്തരം മേലുദ്യോഗസ്ഥരുടെ നീരസത്തിനു പാത്രമായാലുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ മുൻഅനുഭവങ്ങളിൽ നിന്ന് അവർ തിരിച്ചറിഞ്ഞു മിണ്ടാതിരുന്നതും ആവാം.

ഇപ്പോൾ ഡയറക്ടർക്കെതിരെ ഉറഞ്ഞുതുള്ളുന്ന അധ്യാപക സംഘടനകൾ നിയമിച്ച അക്കാദമീഷ്യന്മാർ വരെ ഇതെല്ലാം കേട്ടിരുന്നതിനും കമാ എന്നൊരക്ഷരം മറുപടിയായി പറയാത്തതിനും മറ്റുകാരണങ്ങളില്ല.

ഈ പുകിലുകൾക്കിടയിൽ സമാനമായ മറ്റൊരു സന്ദർഭം ഓർമയിലെത്തുകയാണ്! രണ്ടുവർഷം മുമ്പുള്ള എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പർ നിർമാണ ശില്പശാലയിൽവെച്ച് അന്നത്തെ ഡി ജി ഇ നടത്തിയ പ്രസ്താവനകളെയും അദ്ദേഹം പൊതുവിദ്യാഭ്യാസത്തിനെതിരായി നടപ്പിലാക്കാൻ ശ്രമിച്ച ഒരു പദ്ധതിയെയും എതിർത്തുകൊണ്ട് തികച്ചും അക്കാദമികമായി എഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ ഒന്നരവർഷക്കാലം വകുപ്പുതല നടപടികൾ നേരിട്ട ഒരു ദുരനുഭവം. ഏകദേശം കാര്യങ്ങൾ അപ്പോഴും ഇപ്പോഴും ഒന്നുതന്നെയാണ്. പൊതുവിദ്യാലങ്ങളിലെ കുട്ടികളുടെ സ്കോർ നിലവാരം ഉയരുന്നത് എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതാണ് രണ്ടിന്റെയും ഉള്ളിന്റെയുള്ളിലുള്ളത്. അതിന് പഠനനിലവാരരാഹിത്യത്തിന്റെയും അക്ഷരം എഴുതാനറിയാത്തതിന്റെയും ബീഹാറിലെ നിലവാരത്തോടുള്ള താരതമ്യവും പുറത്തെത്തിയാൽഇവിടുത്തെ റിസൾട്ട് ഉന്നതർക്ക് ഉണ്ടാകുന്ന നാണക്കേടുകളും മാർക്ക് ജിഹാദ് വാദവും എല്ലാം ചേരുംപോലെ മേമ്പൊടി ചേർക്കുന്നു എന്നുമാത്രം.

അന്ന് പൊതുപരീക്ഷയുടെ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആ വാർത്ത പുറത്തുവന്നത്. ഇതേപോലെ തന്നെ ചോദ്യപേപ്പർ നിർമാണ ശിൽപ്പശാലയിൽവെച്ച് കുട്ടികളുടെ സ്കോറുകൾ കുറയ്ക്കാനുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യപ്പെട്ട കാര്യം. ആ വാർത്തയുണ്ടാക്കിയ അമ്പരപ്പ് അത്രമാത്രം വലുതായിരുന്നു. ആ തീരുമാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ എത്രമാത്രം പിന്നോട്ടടിപ്പിക്കുമെന്നും, അതെങ്ങനെ കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ച കുഞ്ഞുങ്ങളുടെ പൊതുപരീക്ഷാഗ്രേഡുകൾ ബി പ്ലസിൽ ഒതുക്കുമെന്നും വിശദീകരിച്ചുകൊണ്ടായിരുന്നു ട്രൂകോപ്പി തിങ്കിൽ ആ ലേഖനം എഴുതിയിരുന്നത്. (സ്​റ്റേറ്റ്​ സിലബസ്​ കുട്ടികളെ തോൽപ്പിക്കാൻ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി) ആ ലേഖനത്തിലൂടെയിരുന്നു ആ ചതിയുടെ കഥ കേരളത്തിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരുന്നത്. ലേഖനം വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചയ്ക്ക് വഴിതുറക്കുകയും സാമൂഹിക മാധ്യമങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അവരുടെ ആശങ്കകൾ തുറന്നുപ്രകടിപ്പിക്കുകയും ചെയ്തു. അതിനെ തുടർന്ന് മാതൃഭൂമി, മലയാള മനോരമ, കേരളകൗമുദി, മാധ്യമം തുടങ്ങിയ പത്രങ്ങൾ ആ വിഷയത്തിൽ എഡിറ്റോറിയലുകൾ എഴുതുകയും ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ദൃശ്യമാധ്യമങ്ങളും ഓൺലൈൻ പോർട്ടലുകളും ആ വിഷയത്തിൽ തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും ആശങ്കളും രേഖപ്പെടുത്തി വാർത്തകൾ ചെയ്തു.

ഇതിലും ഭയാനകമായ ഒരന്തരീക്ഷമായിരുന്നു അന്നുണ്ടായിരുന്നത്. കോവിഡ് മഹാമാരിയുടെ ഭീതി നിലനിൽക്കുന്നു. 200 അധ്യയന ദിവസങ്ങൾ കൊണ്ട് പഠിപ്പിച്ചുതീർക്കേണ്ട വിഷയങ്ങൾ ഓരോന്നും പഠിക്കുന്നതിനായി 25 മണിക്കൂറുകൾ മാത്രം ലഭിച്ച ഒരക്കാദമിക വർഷം. ഫോക്കസ് ഏരിയ ഉണ്ടാകും എന്ന് വിദ്യാഭ്യാസവകുപ്പും മന്ത്രിയും ആവർത്തിച്ച് പ്രഖ്യാപിക്കുകയും കുട്ടികളും അധ്യാപകരും ഈ ചുരുങ്ങിയ സമയം കൊണ്ട് ഫോക്കസ് ഏരിയയിൽ ഉൾപ്പെട്ട പാഠഭാഗങ്ങളെങ്കിലും പഠിച്ചും പഠിപ്പിച്ചും തീർക്കാൻ പ്രയാസപ്പെടുകയും ചെയ്തിരുന്ന കാലം. അതിനിടയിലാണ് ഒരർത്ഥത്തിൽ സിലബസിനു പുറത്തുനിന്നുള്ള നോൺ ഫോക്കസ് ഏരിയയിൽ നിന്നും ഓപ്ഷനുകൾ പോലും ഇല്ലാതെ 30% ചോദ്യങ്ങൾ കുട്ടികൾ എഴുതണം എന്ന തീരുമാനം ഇതേപോലെ ഒരു ചോദ്യപേപ്പർ നിർമാണ ശിൽപ്പശാലയിൽ വെച്ചുണ്ടാകുന്നത്. അക്കൊല്ലം കേരളത്തിൽ പൊതുപരീക്ഷയെഴുതുന്ന പത്തുലക്ഷത്തോളം വരുന്ന എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളെ ഉത്കണ്ഠയുടെ മുൾമുനയിൽ കോർത്തുനിർത്തിയ ദിവസങ്ങളായിരുന്നു അത്. ഒന്നാന്തരമായി പഠിക്കുന്ന വിദ്യാർത്ഥികളടക്കം മാനസികവിഭ്രാന്തിയിലാണ്ടുപോയ ഒരു സന്ദർഭം. അപ്പോഴാണ് ഈ തീരുമാനം പിൻവലിക്കപ്പെടണമെന്നും അഥവാ ചോദ്യപേപ്പറുകൾ അപ്പോഴേക്കും കവറിലാക്കി കഴിഞ്ഞാൽപോലും അത് പരിഹരിക്കാനുള്ള അക്കാദമികമായ മാർഗ്ഗമുണ്ടെന്നും ചൂണ്ടിക്കാട്ടി ആ ലേഖനം എഴുതുന്നത്.

യാതൊരു വിഭാഗവും നോക്കാതെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാമെന്ന ഒറ്റവാക്യത്തിലുള്ള ഒരുത്തരവുകൊണ്ട് ഈ ഉദ്യോഗസ്ഥകുതന്ത്രങ്ങളെ മറികടക്കാൻ കഴിയും എന്ന എന്നരീതിയിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചും പൊതുവിദ്യാഭ്യാസത്തിനെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥലോബിയെ പരാജയപ്പെടുത്തണം എന്നാഗ്രഹിച്ചു കൊണ്ടും എഴുതിയതായിരുന്നു പ്രസ്തുത ലേഖനം. അതിന്റെ പേരിൽ ഒന്നര വർഷക്കാലത്തോളം വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും അധ്യാപക സംഘടനയുടെയും നിരന്തരമായി ഭീഷണികൾക്കും അപമാനങ്ങൾക്കും വിശദീകരണങ്ങൾക്കും വിധേയനാവേണ്ടി വന്നു. 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന, വൈകാരികമായി അങ്ങേയറ്റം പ്രധാനമായ ആ ഒരു ദിവസം തന്നെ പ്രത്യേക ദൂതനെ തിരുവനന്തപുരത്തുനിന്ന് അയച്ച് ശിക്ഷാവിധി നടപ്പിലാക്കാൻവരെ അക്കാലത്ത് ഉദ്യോഗസ്ഥപ്രമാണിമാർ മുതിർന്നു. ആരും ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല. വിമർശനമുന്നയിച്ച അധ്യാപകനെതിരെ നടപടിയുണ്ടാവുകയില്ല എന്നു മാധ്യമവാർത്തകളെത്തുടർന്ൻ പറഞ്ഞ മന്ത്രി പോലും ഒടുവിൽ അധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതി, ശേഷം പരീക്ഷ തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥർ തീരുമാനിക്കും എന്നുപറഞ്ഞു ശിക്ഷാനടപടിയെ ന്യായീകരിച്ചു. ഇക്കാര്യങ്ങൾ പറയുമ്പോൾ സി ബി എസ് ഇയെ വിമർശിച്ചത് ശരിയായില്ല എന്നു പറഞ്ഞ് ആസ്ഥാന അക്കാദമിക പണ്ഡിതന്മാരും വാളോങ്ങി. തൊടുന്യായങ്ങൾ കണ്ടെത്തിയും ലേഖനത്തിലെ വാക്കുകളെയും പരാമർശങ്ങളെയും സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി പർവ്വതീകരിച്ചും തെറ്റായി വ്യാഖ്യാനിച്ചും അധികാരികൾ നടപ്പാക്കുന്ന ശിക്ഷാനടപടികൾക്ക് ഒപ്പം നിന്നു. അതിനായി അവർ വ്യാജ കണക്കുകളും യുക്തികളും ഉണ്ടാക്കിയെടുത്തു.

തീർച്ചയായും, കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകസംഘടനയിലെയും അരിഭക്ഷണം കഴിക്കുന്ന മുഴുവനാളുകളും വ്യക്തിപരമായി ആ ലേഖനത്തോടൊപ്പം നിന്നു. പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഉദ്യോഗസ്ഥ ദുഷ് പ്രഭുക്കൾക്കെതിരെ അവർ നേരിട്ടും സാമൂഹിക മാധ്യമങ്ങൾ വഴിയും തുറന്ന പിന്തുണ അറിയിച്ചു. എന്നാൽ ഇന്ന് അത്ഭുതകരമായി സ്ഥിതിഗതികൾ മാറിവന്നിരിക്കുന്നു. വിദ്യാർത്ഥി സംഘടനകൾ ഉണർന്നെണീറ്റു. അധ്യാപക സംഘടനകൾ പ്രതിഷേധ ജ്വാലകൾ ഉയർത്തിയിരിക്കുന്നു. ഇക്കാര്യം മാത്രമാണ് രണ്ടുവർഷം മുൻപുള്ള ആ ലേഖനത്തിലും ആവശ്യപ്പെട്ടിരുന്നത്. അത് വിദ്യാഭ്യാസമേഖലയിൽ കലാപമുണ്ടാക്കാനുള്ള ശ്രമമായും രക്ഷിതാക്കളിലും കുട്ടികളിലും ആശങ്കവളർത്തി അവരെ സർക്കാരിന് എതിരായി തിരിച്ചുവിടാനുള്ള ഗൂഢശ്രമമായും ആണ് വകുപ്പും സംഘടനകളും അന്ന് മനസ്സിലാക്കിയത്. തീർച്ചയായും അതേത്തുടർന്ൻ നടന്ന ചർച്ചകൾ കേരളത്തിലെ പൊതുമണ്ഡലം ഏറ്റെടുത്തരീതി, അന്ന് സംഘടനകൾക്ക് സംഭവിച്ച പിഴവുകളെ സംബന്ധിച്ചുള്ള സ്വയംവിമർശനം എന്നിവ ഇപ്പോൾ അധ്യാപക സംഘടനകളുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും ഈ പ്രതിഷേങ്ങൾക്ക് പിന്നിലുണ്ടാവണം. സത്യത്തിൽ അത് ചരിത്രപരമായ ഒരു തിരുത്താണ്. അന്ന് ഉദ്യോഗസ്ഥ മേലാളരുടെ ഓഫീസുകൾക്ക് മുന്നിൽ കാത്തിരിക്കുമ്പോഴും പലതവണ വിചാരണയ്ക്കായും മറുപടി സമർപ്പണത്തിനായും അവർക്ക് മുന്നിലിരിക്കുമ്പോഴും അനുഭവിച്ചിരുന്ന അപമാനം ഇപ്പോൾ ചെറിയൊരു ചാരിതാർത്ഥ്യത്തിന് വകനൽകുന്നുണ്ട്.

വി. ശിവൻകുട്ടി

പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാലയത്തിൽ എ പ്ലസ് കിട്ടുന്ന കുട്ടികൾക്ക് അക്ഷരം കൂട്ടിവായിക്കാൻ പോലുമറിയില്ല എന്ന് കണ്ടെത്തുകയും 50 ശതമാനത്തിൽ അധികം മാർക്ക് ലഭിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറക്കണമെന്നു നിർദ്ദേശിക്കുകയും മികച്ച സ്കോർ ലഭിക്കേണ്ടത് വളരെ കുറച്ചുപേർക്ക് മാത്രമാകണം എന്നു നിഷ്കർഷിക്കുകയും ചെയ്യുക മാത്രമല്ല, സി ബി എസ് ഇ മാതൃകയാണ് മികച്ചതെന്നും മാതൃകാപരമെന്നും പ്രകീർത്തിക്കുക കൂടിയുണ്ടായി. തീർച്ചയായും അത് സംബന്ധിച്ച വസ്തുതകളും പഠനങ്ങളും കണക്കുകളും അദ്ദേഹം കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കാൻ ബാധ്യസ്ഥനാണ്. ഏതു രീതിയിലുള്ള വിദ്യാഭ്യാസമാണ് ഇവിടെ നടപ്പിലാക്കേണ്ടത് എന്നത് തീരുമാനിക്കാൻ ഇവിടുത്തെ അക്കാദമികമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കുന്നു എന്നതാണ് കേരളത്തിന്റെ അക്കാദമിക ദുരന്തം. വിദ്യാഭ്യാസ സംവിധാനത്തിന്റെ സുഗമമായ നടത്തിന് ആവശ്യമായ ഓഫീസ് ജോലികൾ ചെയ്യാൻ വിഭാവനം ചെയ്യപ്പെട്ട ആളുകൾ അതിന്റെ അലകും പിടിയും വരെ തീരുമാനിക്കുന്ന അവസ്ഥ. ഈ നടത്തിപ്പുകാർതന്നെ ഇവിടുത്തെ പാഠ്യപദ്ധതിയെയും അതിന്റെ രീതിശാസ്ത്രത്തെയും അക്കാദമിക സംവിധാനങ്ങളെയും നിരന്തരമായി പരിഹസിക്കുന്നു. കൂടാതെ, എല്ലാ അക്കാദമികബോഡികളെയും മറികടന്ന് അവ എങ്ങനെയാവണം എന്ന് വളഞ്ഞവഴിയിൽ തീരുമാനിക്കുന്നു. വളരെ വിചിത്രമാണ് കാര്യങ്ങൾ.

ഒരു പാഠ്യപദ്ധതി സമീപനമനുസരിച്ചുള്ള പഠനപ്രക്രിയയിലൂടെ കടന്നുവന്ന കുട്ടികളെയാണ് മറ്റൊരു രീതിശാസ്ത്രത്തിന്റെ മെറിറ്റുകൾ ചൂണ്ടിക്കാട്ടിയും ഇതിന്റെ അടിസ്ഥാന പരികൽപ്പനകളെ തന്നെ കുഴിച്ചുമൂടിയും അപഹസിക്കുന്നത്. മൂല്യനിർണയം എങ്ങനെയാവണം, എന്താണ് വിലയിരുത്തലിനെ സംബന്ധിച്ച കാഴ്ചപ്പാടുകൾ, എഴുത്തുപരീക്ഷകളെ സംബന്ധിച്ച സമീപനമെന്താണ്, അവിടെ ഉപയോഗിക്കേണ്ട ചോദ്യങ്ങൾ എപ്രകാരമാവണം ഇതെല്ലാം അക്കാദമികമായ ആലോചനകളുടെ ഭാഗമാണ്. അതികഠിനമായ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളുടെ മാർക്ക് എങ്ങിനെകുറക്കാം എന്ന ആലോചന പരീക്ഷാചോദ്യപേപ്പർ ശിൽപ്പശാലയിൽ ചർച്ചചെയ്യേണ്ട കാര്യമല്ല ഒരിക്കലും. അത് ഒരു കരിക്കുലം സമീപനവുമായി ബന്ധപ്പെട്ട കാര്യമാണ്. പകുതി കുട്ടികളെ മാത്രം ജയിപ്പിക്കുകയും കുറച്ചുപേർക്കുമാത്രം തുടർവിദ്യാഭ്യാസത്തിന് അവസരം നൽകുകയും വേണ്ടതുള്ളൂ എന്നാണ് സർക്കാർ നിലപാടെങ്കിൽ അത് പാഠ്യപദ്ധതി പരിഷ്കരണത്തിലാണ് തീരുമാനിക്കേണ്ടത്. ഡി ജി ഇയുടെ ഓഫീസിനുതൊട്ടടുത്തുള്ള എസ് സി ഇ ആർ ടി യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കോടിക്കണക്കിന് രൂപ ചെലവിട്ട് പുതിയ കരിക്കുലം രൂപീകരിച്ചുകൊണ്ടിരികയാണ്. ദേശീയ അന്തർദേശീയ തലത്തിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ച് നിരന്തരം ശിൽപ്പശാലകൾ നടത്തിയും നൂറുകണക്കിന് അധ്യാപകരെയും മറ്റു അക്കാദമിക പ്രവർത്തകരെയും ഉൾപ്പെടുത്തി ചർച്ചകളും സംവാദങ്ങളും നടത്തിയും ആണ് പഠനത്തെ, പരീക്ഷയെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നത്. ഡി ജി ഇ തന്റെ ആശയങ്ങൾ അവിടെയാണ് അവതരിപ്പിക്കേണ്ടത്. വരും വർഷം അപ്രകാരം പഠിപ്പിക്കാൻ അധ്യാപകരോടും പഠിക്കാൻ വിദ്യാർത്ഥികളോടും പറയണം. സി ബി എസ് ഇയുടെ രീതിയാണ് മെച്ചമെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട, ആ സിലബസ് അതുപോലെ ഇവിടെയും നടപ്പാക്കിയാൽ മതി. അവിടുത്തെ പഠിപ്പിക്കൽ രീതിയും പഠന രീതിയുമാണ് അഭികാമ്യമെങ്കിൽ ടീച്ചർ ഹാൻഡ്ബുക്കുകൾ, അധ്യാപക പരിശീലനങ്ങൾ ഇതൊന്നും ആവശ്യമില്ല. ഒരു സിദ്ധാന്തത്തിന്റെയും പിൻബലം വേണ്ടതില്ല. അല്ലാതെ ഒരു സൈദ്ധാന്തിക അടിത്തറയുണ്ടാവുക, പഠനപ്രക്രിയയുടെ സൂക്ഷ്മമായ ഓരോ ഘടകത്തെ സംബന്ധിച്ചും തനതായ കാഴ്ചപ്പാടുകൾ വികസിപ്പിക്കുക, കഴിയാവുന്നത്രയും പ്രായോഗികമായ വഴികൾ അതിനാരായുക, സമഗ്രമായ ഒരു വിലയിരുത്തൽ സമീപനം ഉണ്ടാവുക എന്നിത്യാദികളൊക്കെ കൃത്യമായും വികസിപ്പിച്ചെടുത്ത് ഒരു അടിസ്ഥാനനിലപാട് ഉണ്ടാക്കി അത് പ്രയാസപ്പെട്ട് നടപ്പിലാക്കേണ്ട ആവശ്യമില്ല. അങ്ങിനെ ഉണ്ടാക്കിയ ഒരു പഠനസമീപനം തന്നെയാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്. അതിനെ പരീക്ഷാ ചോദ്യപേപ്പർ നിർമ്മാണശിൽപ്പശാലയിൽ വെച്ച് അട്ടിമറിക്കാൻ ആർക്കും തന്നെ അധികാരമില്ലാത്തതാണ്. അത് ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരായാലും വിദ്യാഭ്യാസമന്ത്രിയായാലും. ഒരു രീതിശാസ്ത്രത്തിൽ പഠിച്ചു വന്ന കുട്ടികളോട് മറ്റൊരു രീതിയുടെ ഭാഗമായ ചോദ്യങ്ങൾ ചോദിക്കുന്നത് ആ കുട്ടികളോട് ചെയ്യുന്ന ചതിയാണ് എന്നർത്ഥം.

സൂചിക്കുഴയിലൂടെ കടക്കാൻ മിടുക്കുള്ള ചില ഒട്ടകങ്ങളെ വാർത്തെടുക്കാനുള്ളതാണ് അവർക്ക് വിദ്യാഭ്യാസം. ഈ സമൂഹത്തെ ആരാണ് ഭരിക്കേണ്ടത്, ആരാണ് അതിന്റെ നയങ്ങൾ തീരുമാനിക്കേണ്ടത്, ഉയർന്ന സ്ഥാനങ്ങൾ ആർക്കൊക്കെ ലഭിക്കണം, ആരൊക്കെ സമൂഹത്തിന്റെ ഉയർന്ന നിലകളിൽ വരണം എന്നതിനെക്കുറിച്ചൊക്കെ അവർക്ക് സുവ്യക്തമായ കാഴ്ചപ്പാടുണ്ട്. വീട്ടിലും നാട്ടിലും തൊഴിലിടങ്ങളിലും ആരൊക്കെ പണിയാളരായി വേണമെന്നതിനെക്കുറിച്ചും. അപ്പോൾ ഈ രണ്ടു വിഭാഗങ്ങളെയും താഴെത്തട്ടുമുതൽ വേർതിരിച്ചെടുക്കാനുള്ള ഒരു വിദ്യാഭ്യാസനയം അവർ രൂപീകരിക്കും. ആ തരത്തിലുള്ള പഠനവും പരീക്ഷയും അവർ ഏതുവിധേനെയും നടപ്പാക്കും. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട, അടിസ്ഥാന ജനവിഭാഗത്തിൽപ്പെടുന്ന മനുഷ്യരെ, അവരുടെ കുഞ്ഞുങ്ങളെ എങ്ങനെ ഈ പ്രക്രിയയിൽ നിന്ന് എളുപ്പം പുറംതള്ളാൻ കഴിയും എന്നുള്ളതാണ് അവരുടെ മുഖ്യമായ ചിന്ത. എല്ലാ മനുഷ്യരെയും തുല്യനിലയിൽ പരിഗണിക്കുകയും എല്ലാ കുഞ്ഞുങ്ങളെയും ചേർത്തുപിടിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പാഠ്യപദ്ധതി തീർച്ചയായും അവർക്ക് ചതുർത്ഥിയായിരിക്കും. ആ നിലപാടാണ് പൊതുവിദ്യാഭ്യാസത്തിനെതിരായ ഇപ്പോഴത്തെ ഉന്നതോദ്യോഗസ്ഥരുടെ സമീപനത്തിലും കാണുന്നത്.

വിദ്യാഭ്യാസമന്ത്രി സമീപദിവസങ്ങളിൽ പൊതുവിദ്യാലയങ്ങളെ പ്രകീർത്തിച്ചു നടത്തിയ ചില പ്രസ്താവനകളും അവസാനിക്കുന്നത് ഇവിടെത്തന്നെയാകുമോ എന്ന ഭീതി അന്തരീക്ഷത്തിലുണ്ട്. "വഴിയിലൂടെ പോകുന്ന ആളുകൾ സ്കൂളുകളെ ഫൈവ്സ്റ്റാർ ഹോട്ടലുകൾ എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് മുറിയന്വേഷിച്ചു പോകുന്നു" എന്നാണ് മന്ത്രി പറഞ്ഞത്. നമ്മുടെ സ്കൂളുകൾ ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ ഫൈവ്സ്റ്റാർ ഹോട്ടലുകളുടെ നിലവാരത്തിൽ എത്തിച്ചേർന്നു എന്നും ഇനി അക്കാദമിക മികവാണ് ഉണ്ടാകേണ്ടത് എന്നുമാണ് മന്ത്രി അത് വിശദമാക്കിയത്. ഫൈവ്സ്റ്റാർ ഹോട്ടലുകളുടെ നിലവാരത്തിൽ സ്കൂളുകൾ എത്തിച്ചേർന്നെങ്കിൽ അവിടുത്തെ പഠനരീതി ഇന്റർനാഷണൽ സ്കൂളുകളിലേതിനു തുല്യമാകേണ്ടതുണ്ട്. അത് സി ബി എസ് സി യോ ഐ സി എസ് ഇ യോ ആകുന്നതാകും നല്ലത്. മികവ് എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണോ എന്നറിയില്ല. എന്തായാലും ആ ഫൈവ്സ്റ്റാർ സ്കൂളുകളിൽ മാതൃഭാഷ ഉണ്ടാകില്ല. കലയും സാഹിത്യവും ഉണ്ടാകില്ല. സമൂഹവും അതിന്റെ വികാസപരിണാമങ്ങളും ഉണ്ടാകില്ല. രാഷ്ട്രീയവും സാമൂഹികവുമായ കേരളത്തിന്റെ ഇന്നലെകൾ ഉണ്ടാവില്ല. അതെല്ലാം അവിടെ എടുക്കാച്ചരക്കുകളാണ്. അവിടെയാരും കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന് പരിശോധിക്കാൻ ചെല്ലില്ല. കാരണം എഴുത്തും വായനയും അവർക്ക് അത്ര വിലപിടിച്ച ഒരു മൂല്യമല്ലതന്നെ.

പി. പ്രേമചന്ദ്രൻ

ഇപ്പോൾതന്നെ സി ബി എസ് ഇ റിസൾട്ട് നൂറിൽ നൂറാണ്. അതാരെങ്കിലും വിമർശിക്കുന്നുണ്ടോ? അവിടുത്തെ കുഞ്ഞുങ്ങൾക്ക് നന്നായി എഴുതാനും വായിക്കാനും കഴിയുന്നുണ്ടോ? അവരെഴുതിയാൽ അക്ഷരത്തെറ്റുണ്ടാവില്ലേ? സമീപകാലത്തായി സി ബി എസ് ഇ സ്കൂളുകൾ വ്യാപകമായി എ പ്ലസ് ഗ്രേഡുകൾ വാരിക്കോരികൊടുക്കുന്നു എന്ന് കൃത്യമായ പഠനം നടത്തി നിനിതാ കണിച്ചേരി നടത്തിയ പഠനം ട്രൂകോപ്പി തിങ്കിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. സി ബി എസ് ഇ സ്കൂളുകളിൽ സിലബസിന്റെ 60 ശതമാനവും പഠിപ്പിക്കുന്നതും പൊതുപരീക്ഷാമാർക്കിടുന്നതും അതാത് സ്കൂളുകളിൽ തന്നെയാണ്. രണ്ടോ മൂന്നോ മാസം പഠിപ്പിച്ച പാഠഭാഗങ്ങളിലെ ചോദ്യങ്ങൾ മാത്രമാണ് പൊതുപരീക്ഷയിൽ ഉണ്ടാവുക. അതുമാത്രമാണ് പുറത്തുനിന്നുള്ള അധ്യാപകർ പരിശോധിക്കുക. പരീക്ഷാചോദ്യങ്ങൾ ഉണ്ടാക്കുന്ന രീതിയും പരീക്ഷ നടത്തുന്ന രീതിയും അതിനേക്കാൾ അപഹാസ്യമാണ്. എന്നിട്ടും സി ബി എസ് ഇ പഠനമാണ് മഹത്തരം എന്ന് ഉളുപ്പില്ലാതെ ആർക്കെങ്കിലും പറയാൻ കഴിയുന്നെങ്കിൽ അവരുടെ താത്പര്യം അക്കാദമികമല്ല എന്നെങ്കിലും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടുന്നതിനെ പരിഹസിച്ച മന്ത്രിമാരുള്ളപ്പോൾ ഇത്തരം ഡയറക്ടർമാർ സ്വാഭാവികമാണ്. അവരുടെ ആഗ്രഹങ്ങൾക്ക് പ്രകാശനം നൽകുക മാത്രമായിരിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയ്തിട്ടുണ്ടാവുക. വിദ്യാർത്ഥികൾക്ക് ഉയർന്ന സ്കോർ ലഭിക്കുന്നത് അതിന്റെ എല്ലാ ദൗർബല്യങ്ങളോടെയും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, അതിനെ അതീവഗുരുതരമായ ഒരു മഹാമാരിയുടെ സന്ദർഭത്തിൽ ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി കണ്ട മുൻവിദ്യാഭ്യാസ മന്ത്രിയെ കണക്കിനുപരിഹസിക്കുകയും എ പ്ലസുകളുടെ എണ്ണം കുറയുന്നതും കുട്ടികൾക്ക് കുറച്ചുമാർക്ക് ലഭിക്കുന്നതും വിദ്യാഭ്യാസ നിലവാരത്തിന്റെ ഉരകല്ലായി കാണുകയും ചെയ്തവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥൻ, അല്ലെങ്കിൽ ഒരക്കദമിക ബോഡിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അതിനികൃഷ്ടമായ രീതിയിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിച്ചത് അന്വേഷിക്കേണ്ടിയിരുന്നത്. പകരം അദ്ദേഹം തന്നെയാണ് അതന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ടത് എന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണ്. ഡയറക്ടർക്കെതിരെ ഒരു നടപടിയുമുണ്ടാകില്ല. മറിച്ച് അക്കാര്യം തെറ്റായ രീതിയാണെങ്കിലും പുറത്തെത്തിച്ച ആ അധ്യാപകന്റെ / അധ്യാപികയുടെ കാര്യം കഷ്ടമായിത്തീരും. അത് മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവും കൊടുംപാതകമായി അത് മാറിക്കഴിഞ്ഞു. വലിയ അന്വഷണങ്ങൾ നടക്കാൻ പോകുന്നു. എന്നാൽ രഹസ്യമായും പരസ്യമായും പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്റെ പ്രഖ്യാപിത നിലപാടുമായി അതേ സീറ്റിൽ ഒരു പോറലുമില്ലാതെ തുടരും. മറ്റൊന്നും ചെയ്യാൻ കഴിയാത്തതു കൊണ്ടായിരിക്കാം, പൊതു സമൂഹം ഇതറിയുകയെങ്കിലും ചെയ്യട്ടെ എന്നു വിചാരിച്ച അധ്യാപകന്റെ / അധ്യാപികയുടെ കഴുത്തിന് അച്ചടക്കത്തിന്റെ കുരുക്ക് കൃത്യം പാകമാകും.


പരീക്ഷാപരിഷ്‌കരണം പൊതുബോധത്താൽ നിയന്ത്രിക്കപ്പെടുമ്പോൾ - നിനിത കണിച്ചേരി എഴുതിയ ലേഖനം വായിക്കാം

Comments