ആണവ നിലയത്തിന് അനുയോജ്യമല്ല,
ചീമേനിയും കേരളവും

കാസർകോട് ജില്ലയിലെ ചീമേനിയിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കേന്ദ്ര- സംസ്ഥാന സർക്കാർ തലത്തിൽ സജീവമായിരിക്കുന്നു. ചീമേനി അടക്കം കേരളത്തി​ലെ ഒരു പ്രദേശവും ആണവനിലയം പോലെ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിക്ക് എന്തുകൊണ്ട് അനുയോജ്യമല്ല എന്ന് ശാസ്ത്രീയമായി വിലയിരുത്തുകയാണ് ഇ. ഉണ്ണികൃഷ്ണൻ.

കേരളം നേരിടാൻ പോകുന്ന ഊർജ പ്രതിസന്ധിക്ക് പരിഹാരമായി ആണവനിലയം സ്ഥാപിക്കാനുള്ള ആലോചനയുമായി വീണ്ടും മുന്നോട്ടുപോവുകയാണ് കേരള സർക്കാർ. മൂന്നരപ്പതിറ്റാണ്ടുമുമ്പ് ആണവനിലയം സ്ഥാപിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ ബേള, കുണ്ടുംകുഴി, കണ്ണൂർ ജില്ലയിലെ പെരിങ്ങോം എന്നീ ഇടങ്ങൾ പരിശോധിക്കുകയും ഒടുവിൽ പെരിങ്ങോത്തിന് നറുക്കുവിഴുകയും ചെയ്തതാണ്.

നിലയസ്ഥാപനത്തിനാവശ്യമായ 150 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ കേരളത്തിന് അണു സ്ഥാവരം അനുവദിക്കാൻ തയ്യാറാണെന്ന് കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയ കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം ഉറപ്പ് നല്കിയിട്ടുണ്ട്. കാസർകോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചീമേനിയും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയുമാണ് ആണവനിലയം സ്ഥാപിക്കാൻ ആദ്യം പരിഗണനയിലുണ്ടായിരുന്നത്. കേന്ദ്ര ടൂറിസം മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ പ്രത്യേക താത്പര്യം മൂലമാകണം ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളിയെ ലിസ്റ്റിന് പുറത്താക്കിയത്.

ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം
ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം

സമരഭൂമിയാണ് ചീമേനി

220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി ലക്ഷ്യം. പ്ലാൻ്റേഷൻ കോർപറേഷന്റെ കാശുമാവിൻ തോട്ടത്തിൽ സ്ഥലമേറ്റെടുക്കാനുള്ള കടമ്പകൾ ഏറെയില്ലാതെ ഭൂമി എളുപ്പം ലഭ്യമാണെന്നതാണ് ചീമേനിയോടുള്ള അധികൃതരുടെ പ്രധാന താത്പര്യം.

താപനിലയം, പെട്രോകെമിക്കൽസ്, ഖരമാലിന്യ സംസ്ക്കരണകേന്ദ്രം തുടങ്ങി അപകടകരമായ പല പദ്ധതികളും കൊണ്ടുവരാൻ ശ്രമിക്കുകയും ജനകീയ പ്രക്ഷോഭങ്ങൾ അവയൊന്നും അനുവദിക്കാതിരിക്കുകയും ചെയ്ത പൂർവചരിത്രമുണ്ട് ചീമേനിയ്ക്ക്.

എൻഡോസൾഫാൻ ദുരന്തഭൂമി കൂടിയാണ് ചീമേനി. മാരക കീടനാശിനിക്കെതിരെ രണ്ടു ദശകം നീണ്ട സമരം നടന്ന സ്ഥലം. ചീമേനിയിൽ പി.സി.കെ.യുടെ ഭൂമിയിലൊരു ഭാഗം വിട്ടു കിട്ടിയതിൽ കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ പ്രവർത്തിക്കുന്നുമുണ്ട്.

സർക്കാർ 28 വർഷത്തെ പാട്ടത്തിന് കൈമാറിയ ചീമേനി അരിയിട്ടപാറയിൽ സംഭരണ സംവിധാനത്തോടുകൂടിയ 100 മെഗാവാട്ട് സോളാർ പാർക്ക് നിർമാണഘട്ടത്തിലാണ്. കെ എസ് ഇ ബിക്കും കേന്ദ്ര സർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും (എസ് ഇ സി ഐ) തുല്യപങ്കാളിത്തമുള്ള റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിനാണ് നിർമാണച്ചുമതല.

ചീമേനിയുടെ തൊട്ടടുത്ത കിണറുമുക്കിൽ സിയാലിന്റെ 12 മെഗാവാട്ട് സോളാർ പദ്ധതി പ്രവർത്തിക്കുന്നു. പ്ലാന്റേഷൻ കോർപറേഷൻ തന്നെ നേരിട്ട് 50 മെഗാവാട്സ് നിലയം സ്ഥാപിക്കുന്നതിന് ഈദൃശ പ്രവൃത്തികളിൽ മുൻപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്.

ചുരുക്കത്തിൽ താരതമ്യേന പാരിസ്ഥിതികാഘാതസാധ്യതകൾ കുറഞ്ഞ സൗര വൈദ്യുതിക്കായി നീക്കിവെക്കപ്പെട്ട ഒരിടത്താണ് കേവലം ഭൗതിക നിർമിതിക്കാവശ്യമായ 150 ഏക്കർ സ്ഥലത്തിനും സഹസ്രാബ്ദങ്ങൾക്കും അപ്പുറത്തേക്ക് നാടാകെ ചാവുനില സൃഷ്ടിക്കുന്ന മാരകമായ ആണവനിലയത്തിനായി കുറ്റിയടിക്കാൻ തുടങ്ങുന്നത്.

പാരിസ്ഥിതിക പ്രശ്നങ്ങൾ

തോറിയമാണ് കേരളത്തിലെ ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുകയെന്നാണ് കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്. തോറിയം- 232 ൽ നിന്ന് യൂറേനിയം- 233 രൂപപ്പെടുത്താനുള്ള യൂറേനിയം സമ്പുഷ്ടീകരണത്തിനാണ് നിലവിൽ തോറിയം ഉപയോഗിക്കുന്നത്. അനുസ്യൂതമായ ഒരു ശൃംഖലാ പ്രവർത്തനത്തിന് ശേഷിയില്ലാത്ത തോറിയത്തെ പരീക്ഷണ റിയാക്ടറുകളിലല്ലാതെ നേരിട്ട് ഇന്ധനമായി ഇന്നേവരെ അണുനിലയത്തിൽ ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.

യൂറേനിയമാണ് പ്രധാന ആണവ ഇന്ധനം. പഞ്ചാബിലും ആന്ധ്രയിലുമൊക്കെ യുറേനിയം കുഴിച്ചെടുക്കുന്നയിടങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഗുരുതരമാണ്.

കൊല്ലം ജില്ലയിലെ ചവറ, നീണ്ടകര പ്രദേശങ്ങളിലെ സ്വാഭാവിക ലോഹ മണലിൽനിന്ന് പ്രസരിക്കുന്ന വികിരണം ഖനികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് സമാനമാണ്. ഇത് പ്രദേശവാസികളിൽ മാരക രോഗങ്ങൾ വരുത്തുന്നതായി കൊല്ലത്ത് പ്രവർത്തിച്ചിരുന്ന സിസെക്ക് എന്ന സ്ഥാപനം നാലു പതിറ്റാണ്ടുമുമ്പേ നടത്തിയ പഠനങ്ങൾ വെളിവാക്കുന്നു.

ലോഹമണലിൽനിന്ന് തോറിയം പോലുള്ള വികിരണശേഷിയുള്ള മൂലകങ്ങൾ വേർതിരിച്ചെടുക്കുന്ന ഇന്ത്യൻ റെയർ എർത്ത് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിലും പരിസരവാസികളിലും കാൻസർ, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വളരെ കൂടുതലാണ് എന്നും ഇവരുടെ പഠനങ്ങൾ വെളിവാക്കിയിരുന്നു. വില കൂടിയ ഈ ലോഹ മണലിന്റെ നിയന്ത്രണമില്ലാത്ത ഖനനം ആലപ്പാട് പഞ്ചായത്ത് പോലുള്ള വലിയ ഭൂദേശങ്ങളെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ആണവോർജ്ജ വ്യവസായം മറ്റ് ഊർജ മേഖലകളെ അപേക്ഷിച്ച് വളരെയധികം ജലം ഉപയോഗിക്കുന്നു. ജലാശയങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായാണ് അവ നദികൾ, തടാകങ്ങൾ, സമുദ്രങ്ങൾ എന്നിവയ്ക്ക് സമീപം മാത്രം നിർമിക്കപ്പെടുന്നത്. ന്യൂക്ലിയർ എനർജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കിൽ ഒരു മെഗാവാട്ട് വൈദ്യുതി നിർമിക്കാൻ ഒരു ന്യൂക്ലിയർ പവർ റിയാക്ടർ മണിക്കൂറിൽ 1,514 മുതൽ 2,725 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നു. ഒരു കൽക്കരി താപനിലയത്തിന് പോലും പരമാവധി ജല ഉപയോഗം 2270 ലിറ്ററാണ്.

കയ്യൂർ സമരകഥയെ ചിരസ്മരണയാക്കിയ നിരഞ്ജന തേജസ്വിനി പുഴയെന്ന് പേർ വിളിച്ച കാരിയങ്കോട് പുഴ മാത്രമാണ് ചീമേനിയിലെ ലഭ്യമായ ഏക ജലസ്രോതസ്. ചീമേനിയുടെ വടക്കുകിഴക്കായി ഒഴുകുന്ന കാരിയങ്കോട് പുഴയിൽ അരനൂറ്റാണ്ടു മുമ്പ് പ്രാരംഭപ്രവർത്തനമാരംഭിച്ച കാക്കടവ് പദ്ധതി മാത്രമാണ് ഇന്നത്തെ കാസർഗോഡ് ജില്ലയിലേക്ക് നിർദ്ദേശിക്കപ്പെട്ട ആദ്യത്തെ വൻകിട ജലസേചനപദ്ധതി. ജനകീയ പ്രതിരോധ സമരങ്ങളെ തുടർന്നും അണ കെട്ടേണ്ടിടം വരെ ഉപ്പുവെള്ളം കയറുന്ന സ്ഥിതിയിലേക്ക് പുഴ മെലിഞ്ഞതുകൊണ്ടും പദ്ധതി തുടക്കത്തിലേ ഉപേക്ഷിക്കപ്പെട്ടു.

ഇതേ പുഴയിൽ ചീമേനിക്കു താഴെ മുക്കടയിൽ തടയണ കെട്ടിയാണ് ഏഴിമലയിലെ സൈനികത്താവളത്തിനാവശ്യമായ കുടിവെള്ളം ഇപ്പോൾ എടുക്കുന്നത്. ഉപ്പു നഞ്ചു കലർന്ന് പലപ്പോഴും ഈ ജലവിതരണം മുടങ്ങിപ്പോകാറാണ് പതിവ്. ഏഴിമലയിലെ പട്ടാളക്കാരടങ്ങുന പതിനായിരത്തോളം പേർക്ക് വെള്ളം കൊടുക്കാനാവാത്ത വിധം കടുത്ത ജലക്ഷാമം നേരിടുന്ന ഒരിടത്താണ് ശുദ്ധജലം ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടുന്ന ആണവപദ്ധതി കൊണ്ടുവരുന്നത്. വൻതോതിൽ ഭൂഗർഭജലം കൂടി ഉപയോഗിച്ചാൽ പോലും ആണവ നിലയത്തിന്റെ നെറ്റിക്കണ്ണ് തണുപ്പിച്ചു നിർത്താനാവില്ല.

ആണവനിലയം സ്ഥാപിക്കാനുള്ള കുടിയൊഴിക്കൽ, പ്രവർത്തന കാലത്തുള്ള വികിരണച്ചോർച്ച പരിഹരിക്കൽ, കഷ്ടകാലത്തിന് നിലയമെങ്ങാൻ ചെർണോബിലോ ഫുകുഷിമയോ പോലെ തകർന്നു പോയാലുള്ള അപകടം ലഘൂകരിക്കാനും പുനരധിവാസത്തിനുമുള്ള തത്രപ്പാടുകൾ- ഇങ്ങനെ നിവൃത്തിസാധ്യതയില്ലാത്ത നിരവധി പ്രശ്നങ്ങളാണ് അണുനിലയങ്ങൾ ഉണ്ടാക്കുന്നത്.

ആണവനിലയത്തിന്റെ ഏറ്റവും കൂടിയ ആയുസ് 80വർഷമാണ്. ഇത് കഴിഞ്ഞാൽ നിലയം അതുപോലെ ഉപേക്ഷിച്ച് പോകാൻ കഴിയില്ല. നൂറ്റാണ്ടുകളോളം വൈദ്യുതിയും ജലവും ഉപയോഗിച്ച് തണുപ്പിച്ചാൽ മാത്രമേ നിലയം പ്രവർത്തന രഹിതമാക്കാൻ കഴിയൂ. അല്ലെങ്കിൽ ഇത് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അണുഗുണ്ടായി തുടരും. ഈ ചെലവൊക്കെ കണക്കാക്കുമ്പോൾ ആണവോർജ്ജം എങ്ങനെയാണ് ശുദ്ധവും ലാഭകരവുമാകുക? ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട്ടിലെ ആളുകളുടെ പുനരധിവാസം തന്നെ വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ അതിനേക്കാൾ എത്രയോ മടങ്ങ് ആളുകളെ പാരിസ്ഥിതിക അഭയാർഥികളാക്കി മാറ്റുന്ന ആണവപദ്ധതി ഏറ്റെടുക്കൽ സംസ്ഥാനത്തെ സംബന്ധിച്ച് എത്ര മാത്രം ആത്മഹത്യാപരമായിരിക്കും?

ആണവ മാലിന്യ നിർമാർജനം
എന്ന പ്രതിസന്ധി

ആണവനിലയങ്ങൾ വളരെ സുരക്ഷിതമാണെന്ന് പറയുന്നവർ ആണവമാലിന്യ നിർമാർജനമെങ്ങനെയെന്നു പറയാൻ മനഃപൂർവ്വം മറന്നുപോകുന്നു. ആണവ വികിരണ ശേഷിയുള്ള വിസർജ്യങ്ങൾ കാലങ്ങളോളം കോൺക്രീറ്റ് പേടകങ്ങളിൽ സൂക്ഷിച്ചുവെക്കേണ്ട സ്ഥലം കൂടി നിലയസ്ഥാപനത്തോടൊപ്പം കണ്ടെത്തേണ്ടിവരും. കടലിൽ കെട്ടി താഴ്ത്തുന്ന പ്രാകൃത രീതിയേക്കാൾ ശരിയാണ് ഈ അടച്ചുസൂക്ഷിപ്പ്. എങ്കിലും, ഒരു നിലയത്തിന്റെ ശരാശരി പ്രതീക്ഷിതായുസ്സായ 40 വർഷത്തേയ്ക്ക് വൈദ്യുതി ഉണ്ടാക്കുമ്പോൾ പുറംതള്ളുന്ന യൂറേനിയം മാലിന്യത്തിന്റെ ഹാഫ് ലൈഫ് 70 കോടിയോളം വർഷമാണ്. അത്രയും കാലം ഹോമോസാപ്പിയൻസ് എന്ന മനുഷ്യകുലം അതിജീവിക്കുമെന്നതിന് ഒരുറപ്പുമില്ല.

വരാനിരിക്കുന്ന ആഗോളതാപന - കാലാവസ്ഥാ വ്യതിയാനങ്ങളെയും സുനാമികളെയും ഹിമാനികളെയും ഉല്ക്കാപതനങ്ങളെയും മറികടന്ന് ഈ മാലിന്യം വെള്ളവും വൈദ്യുതിയും ചെലവാക്കി സൂക്ഷിച്ചുവെക്കാൻ എത്ര തലമുറകൾ തയ്യാറാകണം? നാളെയുടെ വിഭവങ്ങൾ എടുത്ത് ഇന്നിന്റെ ആവശ്യങ്ങൾ നിർവഹിക്കാതെ ഇരിക്കലാണ് സുസ്ഥിരവികസനത്തിന്റെ അടിസ്ഥാന വസ്തുത. അപ്പോൾ ആണവോർജം ഒരിക്കലും സുസ്ഥിര വികസനത്തിന് ഉതകുന്ന ഒന്നല്ല.

സങ്കീർണ്ണമായ
ജലവ്യൂഹങ്ങൾ

കേരളത്തിലെ 41 നദികളിൽ 19 എണ്ണവും കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. ചീമേനി കുന്നുകളാണ് പൂർണമായും കവ്വായിപ്പുഴയുടെ ആവാഹന പ്രദേശം. ഇവിടുത്തെ തൊണ്ണൂറോളം ചെറിയ കുന്നുകളിലെ ചെറുനീരുറവകൾ ചേർന്നാണ് കവ്വായിപ്പുഴ ഉരുവമെടുക്കുന്നത്. ചീമേനിയിൽ നിന്നു തുടങ്ങുന്ന വെളിച്ചംതോട് മുമ്പ് നിലയത്തിനായി നിർദേശിക്കപ്പെട്ട സ്ഥലമായ പെരിങ്ങോത്തു കൂടി ഒഴുകി പെരുമ്പപ്പുഴയിൽ ചേരുന്നു. വില്യം ലോഗൻ ഏഴിമലപ്പുഴകൾ എന്നു വിളിച്ച രാമപുരം, പെരുമ്പ ,കവ്വായി എന്നീ പുഴകൾ തെക്കും, കാരിയങ്കോട് (തേജസ്വിനി ) നീലേശ്വരം പുഴകൾ വടക്കും ചേരുന്ന കവ്വായിക്കായൽ എന്ന 25 കിലോമീറ്ററോളം നീളമുള്ള ജലശേഖരമാണ് വടക്കൻ കേരളത്തിന്റെ ജീവനാഡി.

കവ്വായിപ്പുഴ
കവ്വായിപ്പുഴ

മത്സ്യബന്ധനം, കക്കവാരൽ, കയർ നിർമാണം, കല്ലുമ്മക്കായവളർത്തൽ തുടങ്ങി തീരദേശജീവിതത്തെ താങ്ങിനിർത്തുന്ന പലവിധ ജലോപജീവനം സാധ്യമാക്കുന്നത് കവ്വായിക്കായലാണ്. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കടുക്ക അഥവാ കല്ലുമ്മക്കായ ശാസ്ത്രീയമായി കൃഷി ചെയ്യുന്നത് വ്യാവസായിക മലിനീകരണം തീരെ ഏശാത്ത ഈ കായലിലാണ്. ആണവനിലയം പൊട്ടിത്തെറിച്ചുണ്ടാകുന്ന ദുരന്തം ഗുരുതരവും അപരിഹാര്യവുമാണെങ്കിലും അവ അപൂർവമായി സംഭവിക്കുന്നതാണ്.

ആണവനിലയങ്ങൾ പ്രവർത്തിക്കുന്നതിലൂടെയും ആണവ അവക്ഷിപ്തങ്ങൾ സൂക്ഷിക്കുന്നതു സംബന്ധിച്ചും ഉണ്ടാകുന്ന വികിരണ മാലിന്യങ്ങളാണ് അണുനിലയങ്ങളെ സദാ ഭയകരങ്ങളാക്കുന്നത്. ഇന്ത്യയിൽ തന്നെ മുന്നൂറോളം ചെറുതും വലുതുമായ ആണവ ചോർച്ചകളുണ്ടായിട്ടുണ്ട്. ഇന്ത്യൻ ആണവനിലയങ്ങളിൽ പതിവായിട്ടുള്ള ഇത്തരം വികിരണച്ചോർച്ച സംഭവിച്ചാൽ ആദ്യം ബാധിക്കുന്നത് സങ്കീർണ്ണമായ ഈ ജലബന്ധത്തെത്തന്നെയാകും.

കവ്വായിക്കായലും ഏഴിമലയും
കവ്വായിക്കായലും ഏഴിമലയും

അസ്ഥിരമായ ഭൂഘടന

ഇടനാടൻ കുന്നിന്റെ ലാക്ഷണികപ്രതിഫലനമാണ് ചെങ്കൽപാറകൾ. ആഗ്നേയശിലയായ കരിങ്കല്ലിന്റെ രൂപാന്തരമാണെങ്കിലും അകത്ത് നിരവധി സൂക്ഷ്മ രന്ധ്രങ്ങളോടുകൂടിയതും ജലാഗിരണശേഷിയുള്ളതുമാണ് ചെങ്കല്ല്. കാണുമ്പോൾ കട്ടിയുള്ളതായി തോന്നുമെങ്കിലും വളരെ ബലം കുറഞ്ഞ ഒരു ഭൂഘടനയാണ് ഉരുളൻ ചെങ്കല്ലുകൾ നിറഞ്ഞ ചീമേനി പ്രദേശത്തിന്റേത്. ചെറുവത്തൂർ ഫോർമേഷൻ എന്ന് ഭൗമശാസ്ത്രജ്ഞർ വിളിക്കുന്ന അവസാദങ്ങളുടെ (Sedimentary rocks) പല അടരുകളുള്ള സ്ഥലമാണ് ചീമേനിക്കുന്നുകൾക്കും ചെറുവത്തൂരിനും ഇടയിലുള്ള താഴ് വാരം.

ചെറുവത്തൂർ ഫോർമേഷൻ എന്ന് ഭൗമശാസ്ത്രജ്ഞർ വിളിക്കുന്ന അവസാദങ്ങളുടെ  (Sedimentary rocks) പല അടരുകളുള്ള  സ്ഥലമാണ് ചീമേനിക്കുന്നുകൾക്കും ചെറുവത്തൂരിനും ഇടയിലുള്ള താഴ് വാരം.
ചെറുവത്തൂർ ഫോർമേഷൻ എന്ന് ഭൗമശാസ്ത്രജ്ഞർ വിളിക്കുന്ന അവസാദങ്ങളുടെ (Sedimentary rocks) പല അടരുകളുള്ള സ്ഥലമാണ് ചീമേനിക്കുന്നുകൾക്കും ചെറുവത്തൂരിനും ഇടയിലുള്ള താഴ് വാരം.

ചീമേനി ചെമ്പ്രകാനം കുന്നുകളിൽ നിന്ന് ഉരുവപ്പെടുന്ന മട്ടലായിതോട് സ്വതന്ത്രമായി ഒഴുകി എടച്ചാക്കൈപ്പുഴയെന്ന പേരിൽ കവ്വായിക്കായലിൽ ചേരുന്നു. സഹസ്രാബ്ദങ്ങൾ മുമ്പ് വലിയ നദിയായിരുന്നു; ഒരു പാലിയോചാനൽ ആയിരുന്നു ചീമേനിക്കുന്നിന്റെ വടക്ക് ഭാഗത്തുകൂടി ഒഴുകുന്ന ഈ നീരൊഴുക്കുചാൽ. ഇതിലൂടെ ചെമ്മണ്ണും ചേടിമണ്ണും സസ്യാവശിഷ്ടങ്ങളും ചെളിയും ഒഴുകി അടിഞ്ഞുണ്ടായതാകണം മട്ടലായിക്കുന്ന്. ഇതുവഴി പോകുന്ന പുതിയ ഹൈവേയുടെ പണിക്കായി കീറിമുറിച്ചിട്ട കുന്നിന്റെ പരിഛേദം ചെറുവത്തൂർ ഫോർമേഷനെന്ന കാലവും പ്രകൃതിയും ചേർന്ന് നിർമ്മിച്ച മണ്ണടരിന്റെ സ്വഭാവം വെളിവാക്കുന്നു.

2012-ൽ വടക്കൻ കേരളത്തിൽ 4.6 റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചു. ഇത്തരത്തിൽ ഭൂചലനങ്ങൾ നടക്കാൻ സാധ്യതയുള്ള, ഭൂമിശാസ്ത്രപരമായി അസ്ഥിരമായ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, സങ്കീർണമായ ജലബന്ധങ്ങളുള്ള പ്രദേശത്ത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിയമങ്ങൾ പാലിച്ച് ആണവനിലയം സ്ഥാപിക്കുക സുസാധ്യമല്ല.

ജനസാന്ദ്രത എന്ന കടമ്പ

ചതുരശ്ര കിലോമീറ്ററിന് ശരാശരി 860 പേർ താമസിക്കുന്ന തരത്തിൽ ജനസാന്ദ്രതയുള്ള ഒരു പ്രദേശമാണ് കേരളം. ഒരു ആണവ നിലയത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ജനവാസം പാടില്ല എന്നാണ് നിബന്ധന. താരാപൂരിൽ ആണവനിലയം സ്ഥാപിക്കുമ്പോൾ അടുത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ മുഴുവൻ മാറ്റിപ്പാർപ്പിച്ചിരുന്നു. ചീമേനിയിൽ നിന്ന് പത്തുകിലോമീറ്റർ ആകാശദൂരത്തിനുള്ളിൽ നീലേശ്വരം, പയ്യന്നൂർ എന്നീ രണ്ട് മുൻസിപ്പൽ ടൗൺഷിപ്പുകളുണ്ട്. ചെറുവത്തൂർ, കാലിക്കടവ് കരിവെള്ളൂർ, ചെറുപുഴ, പെരിങ്ങോം തുടങ്ങി നൂറിൽ കുറയാത്ത ചെറു നഗരങ്ങളുണ്ട്.

ആണവനിലയത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ വളരെ പരിമിതമായെ ആളുകൾ താമസിക്കാവൂ എന്നാണ്. വളരെ അപകടകരമായ മേഖല ആയിരിക്കുമിത്. ചീമേനിയിൽ നിന്ന് 30 കിലോമീറ്റർ ആരത്തിലുള്ള സ്ഥലം എന്ന് പറയുന്നതിൽ കാസർഗോഡ് മുളിയാർ മുതൽ കണ്ണൂരിലെ മയ്യിൽവരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടും. കിഴക്ക് കുടക് മലയിൽ കാവേരിനദിയുടെ പ്രഭവകേന്ദ്രമായ തലക്കാവേരിമുതൽ കാവേരി സാങ്ച്വറി മുഴുവനായും പടിഞ്ഞാറ് അറബിക്കടൽ വരെയും ഈ അപകടമേഖയിൽ വരും.

ചീമേനി ടൗൺ
ചീമേനി ടൗൺ

പത്തോളം അസംബ്ലി നിയോജക മണ്ഡലങ്ങളും മൈസൂർ, കാസർകോട്, കണ്ണൂർ എന്നീ മൂന്ന് പാർലമെന്ററി നിയോജക മണ്ഡലങ്ങളും ഈ മേഖലയിലുണ്ട്. 30 ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഏകദേശം 25 ലക്ഷത്തോളം ആളുകൾ സ്ഥിരമായിതാമസിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, ആരാധനാലയങ്ങൾ, അമ്പതിലേറെ ചെറുനഗരങ്ങൾ എന്നിവയെല്ലാമുള്ള പ്രദേശങ്ങളാണിത്.

ജൈവവൈവിധ്യം,
ചരിത്രപ്രാധാന്യം

കേരളത്തിലെ മനുഷ്യവാസത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവുകൾ ലഭിച്ച ഇടമാണ് ചീമേനി. ചീമേനിയിലെ നാലിലാംകണ്ടം എന്ന സ്ഥലത്ത് മട്ടലായി തോടിന്റെ കരയിൽ 15 മീറ്റർ ആഴത്തിൽ നിന്ന് നവീനശിലായുഗത്തിലെ കൽമഴു കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് മഹാശിലായുഗ സ്മാരകങ്ങളുണ്ട് ചീമേനിയിൽ. ചീമേനി അരിയിട്ടപാറയിൽ കോറിയിട്ട നിലച്ചിത്രങ്ങൾക്ക് (Geoglyphs) മൂവായിരം വർഷമെങ്കിലും പഴക്കമുണ്ടാവും.

ഇടനാടൻ ചെങ്കൽ കുന്നുകൾ സവിശേഷമായ ജൈവവൈവിധ്യമുള്ള സ്ഥലമാണ്. ചെറുസസ്യ വൈവിധ്യങ്ങളുടെ എണ്ണം കൊണ്ട് ഇവ ഹരിതവനങ്ങൾക്ക് ഒപ്പം നില്ക്കും. മാടായിപ്പാറയിൽ മാത്രം 700 ലേറെ വ്യത്യസ്ത സ്പിഷീസുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ആണവനിലയ പദ്ധതിക്കും സോളാർ പ്ലാന്റിനും പതിച്ചു കൊടുക്കാനിരിക്കുന്ന ചീമേനി എസ്റ്റേറ്റിലെ അരിയിട്ടപ്പാറ എന്ന സ്ഥലത്ത് നിന്നു മാത്രം 350 ഓളം വിവിധയിനം ചെടികൾ ഈ ലേഖകൻ കണ്ടറിഞ്ഞിട്ടുണ്ട്.

പ്രാണിഭോജിയായ കാക്കപ്പൂവ്
പ്രാണിഭോജിയായ കാക്കപ്പൂവ്

ചീമേനിക്കുന്നുകളിൽ നിന്ന് KFRI-യിലെ ശാസ്ത്രജ്ഞന്മാർ 535 ചെടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സീറോപീജിയ അരിയിട്ടപാറാൻസിസ്, എരിയോക്കോളൻ ചീമേനിയാനം, യൂട്‌രിക്കുലേറിയ സെന്റ്തോമിയ തുടങ്ങി അടുത്തകാലത്തായി അഞ്ച് പുതിയ ചെടികൾ ഇവിടെ നിന്ന് സസ്യശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തി വിവരിച്ചിട്ടുണ്ട്. ഇത്രയും ജൈവവൈവിധ്യപരവും ചരിത്രപ്രാധാന്യവുമുള്ള പ്രദേശങ്ങൾ അണുനിലയം സ്ഥാപിക്കുന്നതിനായിതെരഞ്ഞെടുക്കുകയെന്നത് ലോകത്ത് മറ്റൊരിടത്തും സംഭവിക്കുമെന്നു തോന്നുന്നില്ല .

താപനിലയത്തിൽനിന്ന് ആണവനിലയത്തിലേക്ക്

കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന താപനിലയം അനിവാര്യമാണെന്ന അഭിപ്രായമായിരുന്നു ഊർജ്ജ രംഗത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ദക്ഷത കൂടിയ അടുപ്പുകൾ, ചൂടാറാപ്പെട്ടി തുടങ്ങിയ ഗാർഹിക ഊർജ സംരക്ഷണത്തിനായുള്ള പ്രായോഗികമാർഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത ശാസ്ത്രസാഹിത്യ പരിഷത്തിൻ്റേത്.

സൈലൻ്റ് വാലിപദ്ധതി പോലെ തന്നെ പാരിസ്ഥിതികവും സാമൂഹികവുമായ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പൂയംകുട്ടി പദ്ധതിക്കു വേണ്ടി, അത് നടപ്പിലാക്കുക സാങ്കേതികമായി എളുപ്പമല്ലെന്ന ബോധ്യമുണ്ടായിട്ടും അതിന്റെ പിറകെ പോകുകയും കായംകുളത്ത് സ്ഥാപിക്കാനിരുന്ന താപനിലയത്തിന്റെ കാര്യത്തിൽ സർക്കാർ തലത്തിൽ താത്പര്യം കാണിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 1994- ൽ പരിഷത്ത് കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെപ്പറ്റി പഠിക്കുകയും ഊർജ്ജരേഖ പ്രസിദ്ധീകരിക്കുകയും ചെയ്തത്.

മഹാശിലായുഗസ്മാരകമായ കൽഗുഹ
മഹാശിലായുഗസ്മാരകമായ കൽഗുഹ

കേന്ദ്ര ഗവർമെൻ്റിന്റെ തെറ്റായ പൊതുനയങ്ങൾ, കേരളത്തോടു കാണിച്ച അവഗണന, ഇലക്ട്രിസിറ്റി ബോർഡിന്റെ ദീർഘദൃഷ്ടിയില്ലായ്മ, പദ്ധതികൾ പൂർത്തിയാകുന്നതിലെ മാനേജ്മെൻറ് ദൗർബല്യം, സങ്കുചിതമായ താത്പര്യങ്ങൾ, വികലമായ കാഴ്ചപ്പാടുകൾ എന്നിവയൊക്കെയാണ് കേരളത്തിലെ ഊർജ പ്രതിസന്ധിയുടെ കാരണമായി പരിഷത്ത് കണ്ടത്. പൂയംകുട്ടിക്കു പകരം മറ്റു ഊർജ ഉറവിടങ്ങൾ തേടേണ്ടതിന്റെ പ്രാധാന്യം പരിഷത്ത് ഊന്നിപ്പറയുന്നു. കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ചെറുകിട വൈദ്യുത പദ്ധതികളും താപനിലയവുമാണ് പരിഷത്ത് മുന്നോട്ടുവെച്ചത്.

വ്യത്യസ്ത കാരണങ്ങളാൽ കൽക്കരിതാപനിലയത്തിനെ ഇലക്ടിസിറ്റി ബോർഡും പ്രാദേശിക പരിസ്ഥിതി പ്രവർത്തകരും എതിർത്തു. കേരളത്തിൽ കൽക്കരി ലഭ്യമല്ലാത്തതും അവ മാലിന്യം കലർന്നതാകയാലും വൈദ്യുതി നിർമാണം ലാഭകരമായിരിക്കില്ല എന്ന മുൻധാരണയാണ് പൂയംകുട്ടി അടക്കമുള്ള ജലവൈദ്യുത പദ്ധതികളിലുള്ള ആശ കൈവിടാൻ തയ്യാറാകാത്ത ബോർഡിനെയും അവിടത്തെ തൊഴിലാളി സംഘടനകളെയും നയിച്ചത്.

താപനിലയമുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ തന്നെ ആണവ നിലയത്തെ താപനിലയത്തെക്കാൾ സുരക്ഷിതമായി കാണുകയും ചെയ്യുന്നു. 1988- ൽ തന്നെ കേരളത്തിൽ ഒരു താപനിലയം സ്ഥാപിക്കാനായി സാമ്പത്തിക സഹായവും ഒപ്പം നാഷനൽ തെർമൽ പവർ കോർപറേഷന്റെ സാങ്കേതിക സഹായവും ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്ര സർക്കാരിന് പദ്ധതി രേഖ സമർപ്പിക്കുന്നുണ്ട്. സോവിയറ്റ് യൂനിയനുമായി ഇന്ത്യ ഒപ്പുവെച്ച വൈദ്യുതോല്പാദനക്കരാറിന്റെ ഭാഗമായി കായംകുളത്ത് ഒരു താപനിലയം സ്ഥാപിക്കാനുള്ള ശ്രമം ഇക്കാലത്തു തന്നെ തുടങ്ങിയിരുന്നു. വൻതോതിലല്ലെങ്കിലും താപനിലയങ്ങൾക്കെതിരെയും പാരിസ്ഥിതിക കാരണങ്ങളാലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. 1989- ൽ കാസർകോട് എടച്ചാക്കൈയിൽ ഒരു താപനിലയം സ്ഥാപിക്കാനുദ്ദേശിക്കുന്നതറിഞ്ഞ് തൃക്കരിപ്പൂരിൽ താപനിലയ വിരുദ്ധ സമിതി രൂപീകരിക്കപ്പെട്ടിരുന്നു. വൻകിട പദ്ധതികളെല്ലാം വികസനം കൊണ്ടുവരുമെന്ന അന്നത്തെ പൊതുബോധ്യത്തിന് ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

അരിയിട്ട പാറയിലെ പ്രാചീന ശിലാചിത്രങ്ങൾ
അരിയിട്ട പാറയിലെ പ്രാചീന ശിലാചിത്രങ്ങൾ
അരിയിട്ട പാറയിലെ പ്രാചീന ശിലാചിത്രങ്ങൾ
അരിയിട്ട പാറയിലെ പ്രാചീന ശിലാചിത്രങ്ങൾ

കേരള മുഖ്യമന്ത്രി കൂടിയായിരുന്ന ഇ.കെ. നായനാർ തന്റെ മണ്ഡലത്തിലേക്ക് ആദ്യം താപനിലയവും പിന്നീട് ആണവനിലയവും അനുവദിച്ചപ്പോൾ പരമ്പരാഗത വികസന സങ്കല്പങ്ങൾ ഭരിച്ച ഭൂരിപക്ഷമാളുകൾക്കും നല്ലതേ തോന്നിയിരുന്നുള്ളൂ. എന്നാൽ 1978 മുതൽ സൈലന്റ് വാലി പദ്ധതിക്കെതിരെയുള്ള പ്രവർത്തങ്ങളിലൂടെയും പിന്നീട് ജനകീയാരോഗ്യ പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെയും വികസിച്ച പയ്യന്നൂരിന്റെ ആരോഗ്യ- പാരിസ്ഥിതിക വിവേകം ഏതു പദ്ധതിയെയും പാരിസ്ഥിതിക സാമൂഹികവിശകലനത്തിന് വിധേയമാക്കുക എന്ന ശീലത്തിലേക്ക് പയ്യന്നൂർ പ്രദേശത്തെ ഒരു ന്യൂനപക്ഷത്തെയെങ്കിലും മാറ്റിത്തീർത്തിരുന്നു.

തൃക്കരിപ്പൂരിലെ താപനിലയ വിരുദ്ധ പ്രവർത്തകർ തന്നെ പിന്നീട് ജില്ലയിലെ ആണവ വിരുദ്ധ പ്രവർത്തനങ്ങളുടെയും ആദ്യ സംഘാടകരായി. കൽക്കരി താപനിലയങ്ങളുണ്ടാക്കുന്ന ജല, വായുമലിനീകരണവും ഫ്ലൈ ആഷ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വടക്കൻ കേരളത്തിലെ സങ്കീർണ്ണമായ ജലബന്ധങ്ങളിൽ നിർഗമന ജലത്തിന്റെ താപനിലയുണ്ടാക്കുന്ന പ്രശ്നങ്ങളും നിലയത്തെ തണുപ്പിച്ചു നിർത്താൻ കാര്യങ്കോട് പുഴയിൽ നിന്ന് അമിതമായെടുക്കുന്ന വെള്ളവും പുഴയിലൊഴുക്കിവിടുന്ന ചൂടു കൂടിയ വെള്ളം ആവാസവ്യവസ്ഥയെ വിപരീതമായി ബാധിക്കുന്നതും ഉയർത്തിക്കാട്ടിയാണ് പ്രകൃതിവാദികൾ താപനിലയത്തെ എതിർത്തത്.

ഒരു ദശകത്തിനുശേഷം എൻറോൻ എന്ന ബഹുരാഷ്ട്രക്കുത്തക ഇരിണാവിലെ കണ്ടൽച്ചതുപ്പിൽ സ്ഥാപിക്കാനിരുന്ന സ്വകാര്യ താപനിലയം തീരദേശ പരിസ്ഥിതിയുടെ സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം കമ്പനിയുടെ താത്പര്യങ്ങളിലെയും സർക്കാരിന്റെ ഉടമ്പടികളിലെയും സുതാര്യതയില്ലായ്മ കൂടി ഉന്നയിച്ച് എതിർക്കപ്പട്ടു. ചീമേനിയിൽ രണ്ടായിരം ഏക്കറിൽ പാരിസ്ഥിതിക കാരണങ്ങളാൽ തന്നെ അസാധുവാകേണ്ട 2400 മെഗാവാട്സ് ശേഷിയുള്ള താപനിലയം സ്ഥാപിക്കാനുള്ള പദ്ധതിയെ 2008- ൽ പരിസ്ഥിതിക ആഘാത സാധ്യതയെ സംബന്ധിച്ച പൊതു തെളിവെടുപ്പ് വേളയിൽ തന്നെ പരിസ്ഥിതി പ്രവർത്തകർക്ക് രേഖകളുടെ പിൻബലത്തിൽ ചോദ്യം ചെയ്യാനായി.

മൈലാട്ടിയിലെ ഡീസൽ താപനിലയത്തിനെതിരെ ആരംഭത്തിൽ ഉപവാസ സമരങ്ങളൊക്കെ നടന്നിരുന്നുവെങ്കിലും പണി പൂർത്തിയാക്കി. എന്നാൽ ഉല്പാദനച്ചെലവ് കൂടുതലാകയാലും മറ്റുകാരണങ്ങളാലും മിക്കവാറും ഇത് അടഞ്ഞു കിടക്കുകയാണ്. ഉയർന്ന ഉല്പാദനച്ചെലവ് മൂലം താപവൈദ്യുതിയെ പൂർണമായും ഒഴിവാക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഇന്നുള്ളത്.

ആണവ കേരളം:
പ്രതിരോധത്തിന്റെ നാൾവഴികൾ

1950-കൾ മുതലാണ് വാണിജ്യാവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിച്ചു തുടങ്ങിയത്. ‘അണുശക്തി സമാധാനത്തിന്’ എന്നത് ഒരു മുദ്രാവാക്യമായി ഉയർത്തപ്പെടുകയും ആണവ നിലയങ്ങളുടെ നിർമാണത്തിന് വൻശക്തികൾ അമിതോത്സാഹം കാട്ടുകയും ചെയ്തു.

ഇന്ത്യയിൽ അറുപതുകളിൽ തന്നെ ആണവ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടെങ്കിലും ആണവ സാങ്കേതിക വിദ്യയുടെ കുത്തക വൻശക്തികൾക്കായതിനാലും ഫോസിൽ ഇന്ധനങ്ങളുടെ സുലഭത ഊർജ പ്രതിസന്ധിയുടെ ആസന്ന സാധ്യതകൾ ഒഴിവാക്കിയതിനാലും ആണവോർജ്ജ നിലയങ്ങൾ അടിയന്തിരാവശ്യമായി പണിയാൻ സ്വതന്ത്ര്യാനന്തര ഭാരതം തയ്യാറായില്ല. ആറ്റം ബോബ് നിർമിച്ച അമേരിക്ക ആണവനിലയങ്ങളും സ്ഥാപിച്ചുവെങ്കിലും അവയൊക്കെ സർക്കാർ നിയന്ത്രണത്തിലായിരുന്നു.

റിയാക്ടറിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലൂട്ടോണിയം അണുവായുധ നിർമാണത്തിന് അവശ്യ ഘടകമാണെന്നതിനാലായിരുന്നു അണുവിദ്യ ദേശസാത്കരിക്കപ്പെട്ടത്. 1954- ഓടെ സോവിയറ്റ് യൂനിയനടക്കം പല രാജ്യങ്ങളും സ്വന്തം നിലയിൽ ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. അമേരിക്കയിൽ ജനറൽ ഇലക്ട്രിക് പോലുള്ള സ്വകാര്യ സംരഭകർ അണുവോർജ നിർമാണ രംഗത്തേക്ക് വരുന്നത് ആണവ വിദ്യയുടെ സാങ്കേതികകുത്തക അമേരിക്കയുടെത് മാത്രമല്ലാതായതോടെയാണ്.

ഇൻഡ്യയിലടക്കം മിക്ക രാജ്യങ്ങളിലും ഊർജത്തെക്കരുതിയല്ല അണുബോംബ് നിർമാണത്തെക്കരുതിയാണ് ആണവ നിലയങ്ങൾ സ്ഥാപിക്കപ്പെട്ടത്. 1962-ലെ ഇന്ത്യൻ ആണവനിയമം ആണവ പദ്ധതികളെക്കുറിച്ചുള്ള എല്ലാ വിവരവും പൊതുജനങ്ങളിൽ നിന്നും മറച്ചുവെക്കാൻ ഇന്ത്യൻ ആറ്റോമിക് എനർജി ഏജൻസിക്ക് അധികാരം നല്കിയിരുന്നു.

സൈലൻ്റ് വാലി പദ്ധതിക്കുപകരം കേന്ദ്ര ഗവൺമെന്റ് അനുവദിക്കാൻ സന്നദ്ധമായ 200 മെഗാവാട്ടിന്റെ കൽക്കരി താപനിലയത്തിൽ ഇലക്ട്രിസിറ്റി ബോർഡിനും അണക്കെട്ടു ലോബിക്കും വലിയ താത്പര്യമുണ്ടായിരുന്നില്ല. കൽക്കരി നിലയം സ്ഥാപിക്കുകയെന്നാൽ സൈലൻ്റ് വാലിയെ എന്നേക്കുമായി ഉപേക്ഷിക്കലാകും എന്ന ബോധ്യമാണ് ആണവ നിലയം ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത് എന്ന് ഡോ.എം.പി. പരമേശ്വരൻ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന്റെ ജനസാന്ദ്രതയും സങ്കീർണ്ണമായ ജലവ്യൂഹവും കണക്കിലെടുത്താൽ ആണവനിലയത്തിന് അനുയോജ്യമായ ഒരു സ്ഥലം കേരളത്തിൽ കണ്ടെത്തുക പ്രയാസമാണെന്ന് ഏഴാം പഞ്ചവത്സര പദ്ധതിയുടെ സമയമാവുമ്പോഴേക്കും ബന്ധപ്പെട്ടവർക്ക് ബോധ്യം വന്നിരുന്നുവെന്നും എം.പി. പരമേശ്വരൻ പറയുന്നു.

കേരളത്തിൽ ആണവനിലയം വേണമെന്ന് 1980 കളുടെ ആദ്യം കേരള സർക്കാർ ആവശ്യപ്പെടുകയും ഭൂതത്താൻകെട്ടിൽ സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നതാണ്. ഭൂതത്താൻ കെട്ടിൽ ശക്തമായ ആണവ വിരുദ്ധ സമരം നടന്നു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിലായിരുന്ന പ്രഫ. എം.പി. വർഗീസ് തയാറാക്കിയ കേരളത്തിൽ അണുശക്തി അഭികാമ്യമോ എന്ന റിപ്പോർട്ട് ആണവ നിലയങ്ങളുടെ ആപത്ത് വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യ ലേഖനമായിരിക്കണം.

സൈലൻ്റ് വാലി സമരത്തിനുശേഷം കേരളമെമ്പാടും വിപുലമായി ചർച്ച ചെയ്ത പരിസ്ഥിതി വിഷയം ആണവ നിലയങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. പിന്നീട് 1973 - 74 കാലത്തെ എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നാളെയുടെ ഇന്ധനമായി അണുശക്തി അവതരിപ്പിക്കപ്പെട്ടതും നിരവധി അണുവോർജനിലയങ്ങൾ ലോകമെമ്പാടും ഉയർന്നു വന്നതും. അതോടൊപ്പം, ലോകമെമ്പാടും ആണവ വിരുദ്ധ പ്രസ്ഥാനങ്ങൾ രൂപപ്പെടുകയും സമാധാനത്തിനായുള്ള ആണവ ഉപയോഗമെന്ന സങ്കല്പത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ അവർ പ്രവർത്തിക്കയും ചെയ്തു.

ചീമേനി ആണവ നിലയത്തിനെതിരെയുള്ള ബഹുജന കൺവെൻഷൻ എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചീമേനി ആണവ നിലയത്തിനെതിരെയുള്ള ബഹുജന കൺവെൻഷൻ എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വർധിച്ചുവന്ന ഉല്പാദനച്ചെലവുകളും വികിരണാവശിഷ്ടങ്ങളുടെ സൂക്ഷിപ്പും പരിസ്ഥിതിവാദികളുടെ എതിർപ്പും മൂലം വികസിത രാജ്യങ്ങളിലെ അണുവ്യവസായ കുത്തകകൾ അകപ്പെട്ട പ്രതിസന്ധിയെ മറികടക്കാൻ അവർ കണ്ടെത്തിയ മാർഗമാണ് അപകടകരമായ ആണവ സാങ്കേതിക വിദ്യകൾ മൂന്നാം ലോക രാജ്യങ്ങളുടെ മേൽ കെട്ടിയേല്പിക്കുകയെന്നത്. 1986- ൽ ഗോർബച്ചേവ് ഇന്ത്യയിൽ വന്നപ്പോൾ നല്കിയ സഹായവാഗ്ദാനമായിരുന്നു തമിഴ്നാട്ടിലെ കൂടംകുളത്തേയും കേരളത്തിലെ കാസർകോട് ജില്ലയിലെയും ആണവ നിലയനിർമാണ പദ്ധതികളുടെ പ്രേരണ.

1986 ഏപ്രിൽ 26ന് സോവിയറ്റ് യൂണിയനിലെ ചെർണോബിലിലുണ്ടായ നിലയ സ്ഫോടനം ‘ഒരു തീപ്പെട്ടിക്കൂട് പോലെ സുരക്ഷിതമാണ് ആണവ നിലയം’ എന്ന വിശ്വാസത്തിനേറ്റ വലിയ അടിയായി. അണു റിയാക്ടറിനകത്ത് നടക്കുമെന്നു കരുതിയ ഭൗതിക നിയമങ്ങൾ കണക്കിലെടുക്കാതെ ചെർണോബിലിൽ റിയാക്ടർ പൊട്ടിത്തെറിച്ചു. അതിനും ആറു മാസം മുമ്പായിരുന്നു ഇന്ത്യൻ ആണവക്കമ്മീഷൻ ചെയർമാൻ ഡോ.രാജാരാമണ്ണ ഒരു ബോംബുപോലെ അണുനിലയം പൊട്ടിത്തെറിക്കില്ലെന്നും റിയാക്ടറിലെ താപം ഉയർന്നാൽ ശൃംഖലാപ്രതിപ്രവർത്തനം നിലക്കുമെന്നും പറഞ്ഞത്. ലോകമെമ്പാടും ആണവവിരുദ്ധ ബോധം ശക്തിപ്പെടാൻ ഈ ദുരന്തം കാരണമായി.

1990 എപ്രിൽ 26ന് ചെർണോബിൽ ദിനത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിലും ജൂൺ 10ന് തൃക്കരിപ്പൂരിലും ആണവ നിലയ വിരുദ്ധ സെമിനാറുകൾ നടക്കുന്നുണ്ട്. 1990-ൽ തന്നെയാണ് ന്യൂക്ലിയർ പവർ കോർപറേഷൻ ചീഫ് എഞ്ചിനീയർ ഡോ. കൃഷ്ണന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ ബേള, കുണ്ടും കുഴി തുടങ്ങിയ പ്രദേശങ്ങൾ അണുസ്ഥാവര നിർമിതിക്കായി പരിശോധിച്ചത്.

ബേളയിൽ സ്ഥല പരിശോധന നടത്തിയതിനെ തുടർന്ന് ഒരാഴ്ചയ്ക്കകം ആണവനിലയത്തിനെതിരെ വമ്പിച്ച ജനകീയ മാർച്ചും നീർച്ചാൽ സംസ്കൃത വിദ്യാലയത്തിൽ കന്നട കവിയും സാംസ്കാരിക പ്രവർത്തകനുമായ കയ്യാർ കിഞ്ഞണ്ണറെ ഉദ്ഘാടനം ചെയ്ത ആണവ വിരുദ്ധ സമ്മേളനവും നടന്നു. ഒടുവിൽ ആണവ നിലയം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യ സ്ഥലമായി കണ്ടത് തൃക്കരിപ്പൂർ മണ്ഡലത്തിലെ പെരിങ്ങോത്താണ്. പെരിങ്ങോം മാത്രമാണ് ആണവനിലയ സ്ഥാപനത്തിനായി ഇപ്പോൾ പരിഗണനയിലെന്ന് 1991 ജൂലൈയിൽ ആണവോർജ കമീഷൻ ചെയർമാൻ ഡോ. പി.കെ. അയ്യങ്കാർ പ്രസ്താവിച്ചതോടെ പിന്നീടുള്ള ആണവ വിരുദ്ധ സമരങ്ങളെല്ലാം പെരിങ്ങോം കേന്ദ്രീകരിച്ചായി.

പബ്ലിക് ഹെൽത്ത് ഫോറം, സീക്ക്, ജോൺസി ജേക്കബിന്റെ ആംഖ് മാസിക തുടങ്ങി പയ്യന്നൂരിലെ ഹരിത കുലത്തിന്റെ നേതൃത്വത്തിൽ പെരിങ്ങോത്ത് വിളിച്ചുചേർത്ത യോഗത്തിൽ പ്രാദേശിക പങ്കാളിത്തം ശുഷ്ക്കമായിരുന്നു. എങ്കിലും പെട്ടെന്ന് പ്രദേശവാസികൾ സമരത്തിന്റെ മുന്നണിയിലേക്ക് വരാൻ തുടങ്ങി. 1991 നവംബർ ഒന്നിന് പെരിങ്ങോത്ത് എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്ത ബഹുജന മാർച്ച് നാലിന് സ്റ്റേഡിയം കോർണറിൽ ‘വരും തലമുറയുടെ ജീവിക്കാനുള്ള അവകാശത്തിനായി ഞങ്ങൾ അവസാന ശ്വാസം വരെ പൊരുതും’ എന്ന സുഗതകുമാരി ചൊല്ലിക്കൊടുത്ത ആണവ വിരുദ്ധ പ്രതിജ്ഞയോടെ സമാപിക്കുമ്പോൾ, കണ്ണൂർ ജില്ല മാത്രമല്ല കേരളത്തിൽ തന്നെ ആണവ നിലയത്തിനെതിരെയുള്ള സമൂഹ ബോധ്യം വലിയ തോതിൽ രൂപപ്പെട്ടിരുന്നു.

1991 നവംബർ ഒന്നിന് പെരിങ്ങോത്ത് ആണവനിലയ പദ്ധതിക്കെതിരായ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുന്ന എം.ടി. വാസുദേവൻ നായർ.
1991 നവംബർ ഒന്നിന് പെരിങ്ങോത്ത് ആണവനിലയ പദ്ധതിക്കെതിരായ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുന്ന എം.ടി. വാസുദേവൻ നായർ.

കൈഗയിലെയും കൂടംകുളത്തേയും പദ്ധതികൾ പൂർത്തീകരിക്കപ്പെട്ടുവെങ്കിലും കേരളത്തിലെ ആണവനിലയ സ്ഥാപന പരിപാടികൾ ഉപേക്ഷിക്കപ്പെട്ടു. ഇവയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും സംസ്ഥാന വിഹിതം അവയിൽ നിന്നു ലഭിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ശിരോപദാനവും പാദോപദാനവുമായി കിടക്കുന്ന ഈ ആണവ നിലയങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ഭീതിയിൽ നിന്ന് കേരളത്തിനും മോചനമില്ല.

പ്രതിരോധങ്ങൾ:
ചരിത്രത്തിന്റെ തുടർച്ചകൾ

1941- ൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച കയ്യൂരിന്റെ സമരത്തുടർച്ചയെന്നോണം നിരവധി കർഷക പ്രക്ഷോഭങ്ങൾ നടന്നയിടമാണ് കയ്യൂർ - ചീമേനി പഞ്ചായത്തിനൊപ്പം ആലപ്പടമ്പ്, മുനയൻകുന്ന്, പെരളം, കരിവെള്ളൂർ, കോറോം, ആലപ്പടമ്പ് തുടങ്ങിയ അയൽപക്കത്തെ കർഷക രക്തസാക്ഷി ഗ്രാമങ്ങൾ. ഇന്നാട്ടുകാരൊക്കെ കാർഷികാവശ്യങ്ങൾക്കായി വിഭവശേഖരണം നടത്തിവന്ന 1000 ഏക്കറോളം താഴയ്ക്കാട്ടുമന വക ഭൂമിയുടെ കൈവശാവകാശം ജന്മിയിൽ നിന്നു വിലയ്ക്കു വാങ്ങിയ കൊട്ടുകാപ്പള്ളി മുതലാളി കാട്ടിലേക്കുള വഴി കൊട്ടിയടച്ചപ്പോൾ പൊതുവിഭവങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ 1946-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ‘തോലും വിറകും സമരം’ നടന്നയിടമായിടമാണ് ചീമേനി. കൊട്ടുകാപ്പള്ളിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത കശുമാവിൻ തോട്ടത്തിൽ തളിച്ച എൻഡോസൾഫാന്റെ ഭീകര ഭവിഷ്യത്ത് ഇപ്പോഴും പേറുന്നവരാണ് ചീമേനിയിലെ നൂറുകണക്കിനാളുകൾ. ഈയൊരു ദുരന്തത്തിന് മുകളിൽ മറ്റൊരു ദുരന്തമായാണ് ആണവനിലയം വരുന്നത്. എൻഡോസൾഫാൻ പെട്രോകെമിക്കൽ, താപനിലയം, മാലിന്യ നിക്ഷേപ കേന്ദ്രം തുടങ്ങി നിരവധി മാരണങ്ങളെ എതിർത്തു തോല്പിച്ച് നടുനിവർത്തിത്തുടങ്ങിയ ഒരു ജനതയാണ്. അവർക്കു മേലാണ് അടുത്ത പ്രഹരം.

എന്തുകൊണ്ടാണ് നമ്മുടെ വികസന പദ്ധതികളാൽ തോറ്റു പോയ ജനത തന്നെ വീണ്ടും വീണ്ടും തോല്പിക്കപ്പെടുന്നത്.? പ്രതിരോധത്തിന്റെ പൂർവ ചരിത്രമുള്ളയിടത്തുതന്നെ വീണ്ടും വീണ്ടും നിലനില്പിനായുള്ള സമരത്തിന് വഴിമരുന്നിട്ടു കൊണ്ട് ജനതയെ സ്വാസ്ഥ്യപൂർവം ജീവിക്കാനനുവദിക്കാത്തത്?

പെരിങ്ങോം ആഘാത സാധ്യതാ പ്രദേശം  സമരകാലത്ത് ഇ. ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ മാപ്പ്
പെരിങ്ങോം ആഘാത സാധ്യതാ പ്രദേശം സമരകാലത്ത് ഇ. ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ മാപ്പ്

നിലനില്പിനായി പൊരുതാൻ നിർബന്ധിതരാകുന്നവരെ പ്രതിരോധത്തിന്റെ ജനിതക ഘടകങ്ങളെ പൂർണമായും നിർവീര്യമാക്കും വരെ പോരാളികളാക്കിത്തന്നെ നിർത്തുകയെന്നത് ഭരണകൂടത്തിന്റെ ആവശ്യമാണ്. ഇതിനിടയിൽ ഉണ്ടാകുന്ന സമ്മതിനിർമ്മിതികളുടെ ഇടയകലങ്ങളിലൂടെ യഥാർത്ഥ വികസനമെന്നുതോന്നും വിധം പങ്കാളിത്തമുതലാളിത്തം ചില ഗൂഢ പ്രൊജക്ടുകൾ നടപ്പിലാക്കുന്നു. കണ്ണൂർ - കാസർകോട് ജില്ലകളിലെ ഇടനാടൻ പാറത്തടങ്ങളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനകം മുളച്ചുപൊങ്ങിയ സോളാർ പാടങ്ങളുടെ കാര്യം മാത്രം നോക്കുക. പരിസ്ഥിതി പ്രവർത്തകർക്കും സൂര്യോർജത്തെക്കരുതി എതിർപ്പില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ വൈദ്യുതിവിഴുങ്ങുന്ന സ്ഥാപനങ്ങൾ നടത്തുന്ന ചില സ്വകാര്യസംരംഭകർ വില കൊടുത്തുവാങ്ങിയ സ്ഥലത്താണ് ഈ പാടങ്ങൾ പ്രവർത്തിക്കുന്നത്. പണ്ട് ചീമേനിയിൽ സ്ഥലം വാങ്ങിയ കൊട്ടുകാപ്പള്ളിക്കാർ നാട്ടുകാരോട് ചെയ്തതുതന്നെയാണ് ഇപ്പോൾ സോളാർ കമ്പനിക്കാർ ചെയ്യുന്നത്. സർക്കാർ സബ്സിഡികൾക്കൊപ്പം ഓൺഗ്രിഡ് രീതിയിലൂടെ എവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ഉപഭോഗം മാറ്റൊരിടത്ത് സാധ്യമാകുമെന്ന ആനുകൂല്യം ഉപയോഗിക്കുകയാണ് സിയാലും ടാറ്റയും ആംസ്റ്റർ മിംസ് പോലുള്ള വൻകിട ആശുപത്രികളുമൊക്കെ. സവിശേഷതകളുള്ള ഒരു ഇക്കോ കൾച്ചറൽ ലാൻ്റ് സ്കേപ്പാണ് ഈ പാറത്തരിശുകൾ.
ഇടനാടൻ ജനതയുടെ ജീവിതായോധന മാർഗങ്ങൾ കൂടിയായിരുന്ന ജൈവവൈവിധ്യസമ്പുഷ്ടമായ ഈ ഇടനാടൻ കുന്നുകൾ ഹെക്ടറുകളോളം കയ്യടക്കിവെച്ച് കണ്ണാടി പ്രതിഫലനം കൊണ്ട് പാഴ്നിലമാക്കുന്നതിന് പകരം വിശാലമായ കെട്ടിടങ്ങളുടെ മേൽപ്പുരകൾ പോലുള്ള മനുഷ്യനിർമിതസ്ഥലങ്ങൾ മാത്രം ഉപയോഗിക്കുമ്പോഴേ സോളാർ എനർജി ഒരു പരിധി വരെയെങ്കിലും യഥാർത്ഥ ഹരിത ഊർജമാവൂ. കേന്ദ്രീകൃത സോളാർ പദ്ധതികൾ സാമൂഹികവും പാരിസ്ഥിതികവും ആയ ബാധ്യതകളായി മാറുന്നുവെന്നാണ് കാസർഗോടൻ അനുഭവങ്ങൾ കാണിക്കുന്നത്.

ആണവനിലയവും അതിരപ്പിള്ളിയിലെ ജലകേളികളും ഒന്നിച്ചു നടക്കില്ലെന്നതുകൊണ്ടാണ് സഞ്ചാരികളുടെയും സിനിമാക്കാരുടെയും പറുദീസയായ അതിരപ്പിള്ളിയെ ആണവ ബാധയിൽ നിന്നൊഴിവാക്കാൻ ഭരണകൂടത്തിൽ നിന്ന് ദയവുണ്ടായിരിക്കുന്നത്.

കുമ്മാട്ടി മുതൽ അജയന്റെ രണ്ടാം മോഷണം വരെയുള്ള സിനിമകളിൽ ചീമേനിയുടെ ആർദ്രമായ പ്രകൃതി പകർത്തപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ നിന്നും കുമ്മാട്ടിയുടെ ഭൂമിക കാണാനെത്തിയ മിസിഹോ ടെറാസാക്കി മുതൽ അരിയിട്ടപാറയിലെ ARM സിനിമാ ലൊക്കേഷൻ കാണാനെത്തുന്ന പ്രാദേശിക സഞ്ചാരികളും പാറച്ചിത്രങ്ങൾ തേടിയെത്തുന്ന ചരിത്രാന്വേഷികളും പോത്താംകണ്ടത്തിലെ സംന്യാസാശ്രമത്തിലെ നവരാത്രി സംഗീതോത്സവങ്ങൾ സാധ്യമാക്കുന്ന സാംസ്കാരിക വിനിമയവും ഒക്കെ ചേർത്ത് വിനോദ സഞ്ചാരമേഖലയ്ക്കായി ചീമേനിയ്ക്ക് പുറംകാഴ്ചകളുടെ മറ്റൊരു സമാന്തരലോകം സാധ്യമാകുമായിരുന്നു.

കുമ്മാട്ടിയുടെ ചീമേനി ചിത്രീകരിക്കാൻ വന്ന ജപ്പാൻ സംഘം സംവിധായകൻ സലിം അഹമ്മദിനൊപ്പം
കുമ്മാട്ടിയുടെ ചീമേനി ചിത്രീകരിക്കാൻ വന്ന ജപ്പാൻ സംഘം സംവിധായകൻ സലിം അഹമ്മദിനൊപ്പം
കുമ്മാട്ടിയിലെ ആൽത്തറ
കുമ്മാട്ടിയിലെ ആൽത്തറ

ബദൽ ഊർജ്ജം: പ്രശ്നങ്ങൾ,സാധ്യതകൾ

1991- ൽ പാരമ്പര്യേതര ഊർജ ഗവേഷണ സ്ഥാപനമായ അനർട്ടിന്റെ ഡയറക്ടർ സ്ഥാനത്തു നിന്ന് ആർ.വി.ജി.മേനോൻ നീക്കം ചെയ്യപ്പെട്ടു. ആണവ നിലയത്തിനെതിരെ തന്റെ ഉത്തമ ബോധ്യം വ്യക്തമാക്കിയതിനായിരുന്നു അത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലം വരെ ചെറുകിട - പാരമ്പര്യേതര ഊർജ സ്രോതസുകളോട് സർക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. ജലവൈദ്യുത പദ്ധതിയില്ലെങ്കിൽ ആണവ പദ്ധതി എന്നതായിരുന്നു അവരുടെ താത്പര്യം.

ജനകീയാസൂത്രണകാലത്ത് പാലക്കാട് മീൻവല്ലത്ത് ഒരു ലഘു വൈദ്യുത പദ്ധതി പണിതതിലൊടുങ്ങുന്നു പോയ നൂറ്റാണ്ടിൽ ചെറുകിട ഊർജ്ജോത്പാദന രംഗത്തുണ്ടായ മുന്നേറ്റം. എന്നാൽ കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര ധാരണകളുടെ സമ്മർദ്ദവും അശ്മക സമ്പദ് വ്യവസ്ഥയുടെ കാലം അനിവാര്യമായും അവസാനിക്കുമെന്ന തിരിച്ചറിവും ബദൽ മാർഗങ്ങളിലേക്ക് കൂടി ശ്രദ്ധ കൊടുക്കും വിധം തങ്ങളുടെ ഊർജോത്പാദനപരിപാടികളിൽ നയപരമായ മാറ്റം വരുത്തുവാൻ ലോക രാഷ്ട്രങ്ങളെ നിർബന്ധിതരാക്കി. പോയ പതിറ്റാണ്ടുകളിൽ സൗര്യോർജ്ജം പോലുള്ള സുസ്ഥിര സ്രോതസുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി.

കേരളത്തിൽ അടുത്തിടെ ഉയർന്നുവന്ന സോളാർ പ്ലാൻ്റുകൾ ഇതിന്റെ ഭാഗമാണ്. വടക്കൻ കേരളത്തിലെ ആദ്യത്തെ സോളാർപദ്ധതിയായ മടിക്കൈ പഞ്ചായത്തിലെ വെള്ളൂട- നെല്ലിയടുക്കം ആസ്റ്റർ മിംസ് ഗ്രൂപ്പിന്റെ സൗര്യോർജപദ്ധതിയിൽ പാനലുകളെ വൃത്തിയാക്കി നിർത്തുന്നതിനായി നിരവധി കുഴൽക്കിണറുകൾ കുഴിച്ചതിനാൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന അമ്പലത്തറ ഗ്രാമത്തിൽ ആളുകൾ ഇപ്പോൾ തന്നെ സമരത്തിലാണ്. ഏറ്റവും പരിസ്ഥിതി സൗഹൃദമെന്നു കരുതുന്ന ഊർജനിർമാണത്തിനു പോലും ഒരു നാടുകൊടുക്കേണ്ടുന്ന വിലയാണിത്. ഇക്കണക്കിന് ആണവനിലയം ഒരു നാടിനെ എത്ര മാത്രം വരൾച്ചയിലേക്കും ജലക്ഷാമത്തിലേക്കും തള്ളിയിടുമെന്നതിൽ വേറെ ദൃഷ്ടാന്തമൊന്നും തേടേണ്ടതില്ല. ചെറുപദ്ധതികൾക്കല്ലാതെ ഒരു വൻകിട ജലവൈദ്യുത പദ്ധതിയ്ക്ക് കേരളത്തിൽ ഇനി സാധ്യതയൊന്നുമില്ല. നിർവഹണത്തിലെയും വിതരണത്തിലെയും പിടിപ്പുകേടുകൾ വരുത്തുന്ന ഊർജപ്രസരണ നഷ്ടമൊഴിവാക്കൽ പോലുള്ള സമഗ്രമായ ഊർജമാനേജ്മെന്റ് നയം ഊർജ സംരക്ഷണത്തിന് ഒരു കൈ സഹായമാകും.

പുരപ്പുറ പദ്ധതി പോലുള്ള വികേന്ദ്രീകൃത സോളാർപദ്ധതികൾ പരമാവധി സ്ഥാപിക്കുക മാത്രമല്ല ‘ബെസ്’ എന്നറിയപ്പെടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിച്ച് ഈ ‘പകൽവൈദ്യുതി’ ശേഖരിച്ച് രാത്രി ഉപയോഗത്തിനെടുക്കുകയും വേണം. മൈലാട്ടിയിൽ മണിക്കൂറിൽ 500 മെഗാവാട്ട് സംഭരണശേഷിയുള്ള ബെസ് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി അനുവദിച്ചിട്ടുണ്ട്. 2026- ഓടെ ഇത് കമീഷൻ ചെയ്യാനാകുമത്രേ. ഊർജസംഭരണരംഗത്ത് വലിയ അനുഗ്രഹമാകുന്ന ഇത് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന ഊർജവിഹിതം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പ്രയോജനപ്പെടും. അയത്നലഭ്യവും സുസ്ഥിരവുമായ ഒരു ഊർജ്ജമാർഗം തുറന്നു കിട്ടും വരെ ലഭ്യമായ സാധ്യതകൾ എല്ലാം ഉപയോഗിച്ചു കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും ബഹുമാനിച്ചു കൊണ്ടും യമപൂർവവും വിനയപൂർവവും മുന്നോട്ടു പോവുകമാത്രമാണ് നമുക്ക് മുമ്പിലുള്ള പോംവഴി.


READ

Comments