മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

കുറേ വർഷങ്ങളായി കേരളത്തിലെ ഏറ്റവും പ്രധാന മരണകാരിയായ പനി എലിപ്പനിയാണ്. 2023-ൽ മാത്രം 282 പേരാണ് പനിബാധിതരായി മരിച്ചത്. ഫലപ്രദമായ മരുന്നും പ്രതിരോധമാർഗ്ഗങ്ങളുമുള്ള ഒരു പനിയാണ് ഇങ്ങനെ മരണം വിതയ്ക്കുന്നതെന്ന് ഓർക്കണം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബി. പത്മകുമാർ എഴുതിയ ലേഖനം.

കാലവർഷം കനത്തതോടെ പലതരത്തിലുള്ള മഴക്കാല രോഗങ്ങളും സംസ്​ഥാനത്ത് പിടിമുറുക്കിത്തുടങ്ങി. ‘മഴ മഴ, കുട കുട’ എന്നതിനുപകരം ‘മഴ മഴ, പനി പനി’ എന്നതാണല്ലോ കുറേനാളായി നമ്മുടെ അവസ്​ഥ. മഴക്കാല പകർച്ചവ്യാധികളുടെ വ്യാപനവും പ്രളയക്കെടുതികളെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം ചേർന്ന് മഴക്കാലം നമുക്ക് പഴയതുപോലെ ആസ്വദി ക്കാൻ കഴിയാതെയായി. പഴമക്കാർ പറഞ്ഞുകേട്ട 1099–ലെ പ്രളയദുരിതത്തെത്തുടർന്ന് 2020–ൽ നാം മഴയുടെ സംഹാരതാണ്ഡവവും പ്രളയവും നേരിട്ടറിഞ്ഞു. കേരളത്തെ മുഴുവൻ പനിക്കിടക്കയിലാക്കിയ മഴക്കാല ജനജന്യരോഗ ങ്ങളുടെ ഭീകരരൂപവും അറിഞ്ഞു.

പ്രധാനമായും ഛർദ്ദി– അതിസാരരോഗങ്ങൾ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ ജലജന്യ രോഗങ്ങൾ, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ പോലെയുള്ള കൊതുകുജന്യ രോഗങ്ങൾ എന്നിവയാണ് മഴക്കാലത്ത് വ്യാപകമാകാറുള്ളത്. കൂടാതെ നിരുപദ്രവകാരിയായ ജലദോഷവും പനി യും പടർന്നുപിടിക്കാറുണ്ട്.

പകർച്ചവ്യാധികളുടെ വ്യാപനത്തിന് അനുകൂലമായ ഒരു എപ്പിഡോമിയോളജിക്കൽ ട്രയാഡ് രൂപപ്പെടുന്നതാണ് മഴക്കാലത്തെ പനിക്കാലമാക്കു ന്നത്. രോഗാണുക്കൾ എവിടെയും സുലഭം, രോഗാതുരതയേറിയ ഒരു സമൂഹത്തിന്റെ പ്രതി രോധശേഷിയും കുറവ്. ഒപ്പം മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന കനാലുകളിലെയും തോടുകളിലെയും മലിനജലം കുടിവെള്ള സ്രോതസ്സുകളുമായി കലരുന്നതും ജലജന്യ രോഗങ്ങൾ വ്യാപിക്കുവാൻ കാരണമാകുന്നു.

പനികളിൽ ഭീകരൻ എലിപ്പനി

കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ഏറ്റവും പ്രധാന മരണകാരിയായ പനി എലിപ്പനിയാണ്. 2023-ൽ മാത്രം 282 പേരാണ് (എലിപ്പനി സ്​ഥിരീകരിച്ചത് 133, സംശയിച്ചത് 149) പനിബാധിതരായി മരിച്ചത്. ഫലപ്രദമായ മരുന്നും പ്രതിരോധമാർഗ്ഗങ്ങളുമുള്ള ഒരു പനിയാണ് ഇങ്ങനെ മരണം വിതയ്ക്കുന്നതെന്ന് ഓർക്കണം. അരോഗദൃഢഗാത്രരായ ചെറുപ്പക്കാർ പെട്ടെന്നൊരു പനി വന്ന് മരണത്തിന് കീഴടങ്ങുന്നത് എത്ര സങ്കടകരമാണ്?.

പെനിസിലിൻ ഉൾപ്പടെ പ്രചാരത്തിലുള്ള മിക്കവാറും എല്ലാ ആൻ്റിബയോട്ടിക്കുകളും എലിപ്പനിക്കെതിരെ ഫലവത്താണെങ്കിലും ഒരിക്കൽ രോഗാണുക്കൾ അവയവവ്യവസ്​ഥകളെ ബാധിച്ച് അവയവ സ്​തംഭനമുണ്ടാക്കുകയാണെങ്കിൽ ആൻ്റി ബയോട്ടിക്കുകൾ പരാജയപ്പെട്ടെന്നുവരും. ഇവിടെയാണ് സ്വയം ചികിത്സയ്ക്ക് മുതിരാതെ പനിബാധിച്ചാലുടൻ ആവശ്യമായ വൈദ്യപരിശോ ധന നടത്തുന്നതിന്റെയും ചികിത്സിക്കുന്നതിന്റെയും പ്രാധാന്യം. അടുത്തിടെയായി എലിപ്പനിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. പനി ബാധിച്ച് അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ വൃക്ക സ്​തംഭനവും കരളിന്റെ പ്രവർത്തന തകരാറുകളുമുണ്ടായി രോഗി ‘വീൽസ്​ സിൻഡ്രോം’ എന്ന അതിഗുരുതരാവസ്​ഥയിലെത്തുന്നു. ലെപ്റ്റോസ്​പൈറ എന്ന അണുവിന്റെ ജനിതക ഘടനയിലെ മാറ്റങ്ങളായിരിക്കാം കാരണം.

ഡെങ്കിപ്പനി വീണ്ടും വന്നാൽ?

മഴക്കാലത്ത് വ്യാപകമാകുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. പറമ്പിലും വഴിവ ക്കിലുമൊക്കെ രൂപപ്പെടുന്ന വെള്ളക്കെട്ടുകളിൽ കൊതുകുകൾ പ്രജനനം നടത്തി പെരുകുന്നു. സാധാരണയായി ചിക്കൻ പോക്സ്​ പോലെയുള്ള വൈറസ്​ രോഗങ്ങൾ പിടിപെട്ടാൽ ആജീവനാന്ത പ്രതിരോധമാണ് ലഭിക്കുന്നത്. വൈറസിനെതിരെ ശരീരം ഉല്പാദിപ്പിക്കുന്ന ആൻ്റിബോഡികളാണ് പ്രതിരോധത്തിനു കാരണം.

എന്നാൽ ഡെങ്കിപ്പനി വീണ്ടും വന്നാൽ കൂടുതൽ സങ്കീർണമാകാനും രക്തസ്രാവം ഉൾപ്പടെയുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ‘ആൻ്റിബോഡി ഡിപ്പൻഡൻ്റ് എൻഹാൻസ്​മെൻ്റ്’ എന്ന ശാസ്​ത്രസംജ്ഞയാൽ അറിയപ്പെടുന്ന പ്രതിപ്രവർത്തനങ്ങളാണ് ഇതിനു കാരണം. ഡെങ്കി വൈറസ്​ 1, 2, 3, 4 എന്നിങ്ങനെ നാലുവിധ ജനി തക വിഭാഗങ്ങളിലുള്ള വൈറസുകളുണ്ട്. നേരത്തെ ഡെങ്കിപ്പനി വന്ന വ്യക്തിക്ക് വ്യത്യസ്​ത ജനിതക ഘടനയുള്ള വൈറസ്​ മൂലം വീണ്ടും പനി വന്നാൽ നേരത്തെ രൂപപ്പെട്ട ആൻ്റിബോഡികളും വൈറസു മായി ചേർന്നുണ്ടാകുന്ന സംയുക്തങ്ങളാണ് ഗുരുതരമായ പ്രതിപ്രവർത്തനങ്ങളുണ്ടാക്കുന്നത്. ഇതിനെത്തുടർന്ന് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാനും ആന്തരിക രക്തസ്രാവമുണ്ടാകാനുമിടയുണ്ട്.

പ്ലേറ്റ്ലെറ്റ് കൗണ്ട് അല്പം കുറഞ്ഞാൽ ഉടൻ തന്നെ പരിഭ്രാന്തരായി ആശുപത്രിയിലേക്ക് പായുന്നവരുണ്ട്. എന്നാൽ രക്തസ്രാവമില്ലെങ്കിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് 50,000 ആകുന്നതുവരെ രക്തം സ്വീകരിക്കേണ്ട കാര്യമില്ല. തന്നെയുമല്ല തുടർച്ചയായി പ്ലേറ്റ്ലെറ്റുകൾ കുത്തിവച്ചാൽ അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും പ്ലേറ്റ്ലെറ്റുകൾ ഫലപ്രദമാകാതെയിരിക്കാനുമിടയുണ്ട്.

മഞ്ഞപ്പിത്തം മാരകമാകാം

ഹെപ്പറ്റൈറ്റിസ്​ എ ഒരു മഴക്കാലരോഗമായി വ്യാപകമാകാറുണ്ട്. 2025- ൽ ഇതുവരെ 4000- ലേറെ കേസുകൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. 30 മരണ ങ്ങളുമുണ്ടായി. 2024- ൽ മാത്രം 81 പേരാണ് ഹെപ്പറ്റൈറ്റിസ്​ മൂലം മരണമടഞ്ഞത്. കൊല്ലത്ത് അടുത്തയിടെ ഒരു വീട്ടിലെ തന്നെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഹെപ്പറ്റൈറ്റിസ്​ ബാധമൂലം മരണമടഞ്ഞത് പരക്കെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഫൾമിനൻ്റ് ഹെപ്പറ്റൈറ്റിസ്​ എന്ന ഗുരുതരാവസ്​ഥയാണ് ഹെപ്പറ്റൈറ്റിസ്​ മരണത്തിനു കാരണമാകുന്നത്. പ്രായമേറിയ വരിലും മറ്റ് ദീർഘകാല കരൾ രോഗമുള്ളവരിലുമാണ് ഈ യൊരു സങ്കീർണത ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ്​ ബി, സി, ഇ, അപൂർവ്വമായി, ഹെപ്പറ്റൈറ്റിസ്​ എ എന്നിവയാണ് ഫൾമിനൻ്റ് ഹെപ്പറ്റൈറ്റിസിനു കാരണമാകുന്നത്. മഞ്ഞപ്പിത്തം ബാധിച്ച വ്യക്തി അസാധാരണമായി പെരുമാറുക, പരിസരബോധം നഷ്ടപ്പെടുക, അമിത മയക്കം, വയറ്റിൽ നീർകെട്ടുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുമ്പോൾ കരൾ സ്​തംഭനം തലച്ചോറിനെ ബാധിച്ചതായി കണക്കാക്കണം. ഫൾമിനൻ്റ് ഹെപ്പറ്റൈറ്റിസ്​ ബാധിച്ച വ്യക്തിയുടെ മരണസാധ്യത 80 ശതമാനത്തിലേറെയാണ്. കരൾ പൂർണ്ണമായും പണിമുടക്കിയ ഇത്തരം ഗുരുതരാവസ്​ഥയിൽ കരൾ മാറ്റിവെക്കൽ ശസ്​ത്രക്രിയ മാത്രമാണ് പരിഹാരം.

മഴക്കാല രോഗങ്ങൾ: ഇവ ശ്രദ്ധിക്കുക

  • നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ വെള്ളം അഞ്ചുമിനിറ്റെങ്കിലും വെട്ടിത്തിളക്കണം.

  • ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കുക. ചൂടോടെ മാത്രം ഉപയോഗിക്കുക. പഴകിയതും ഐസിട്ടു വെച്ചതുമായ ഭക്ഷണ വിഭവങ്ങൾ ഉപയോഗിക്കരുത്.

  • പഴങ്ങൾ, പച്ചക്കറികൾ ഇവ നന്നായി കഴുകിമാത്രം ഉപയോഗിക്കുക. പാത്രം കഴുകാനും ശുദ്ധജലം മാത്രം ഉപയോഗിക്കണം.

  • ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ വൃത്തിയായി കഴുകണം. മലവിസർജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.

  • രോഗീപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മാസ്​ക്, കൈയുറകൾ എന്നിവ ഉപയോ ഗിക്കുക. വ്യക്തിശുചിത്വം പാലിക്കുക.

  • കൈകാലുകളിൽ മുറിവുകൾ ഉള്ളപ്പോൾ അഴുക്കുവെള്ളത്തിൽ നിന്ന് പണിയെടുക്കരുത്.

  • തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവർ, കർഷകത്തൊഴിലാളികൾ തുടങ്ങി മലിനജലവുമായി സമ്പർക്കമുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണം.

  • ഛർദ്ദി– അതിസാരമുണ്ടായാൽ ഉപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കിയ ഗൃഹപാനീയം ആവശ്യത്തിന് കുടിക്കണം.

  • പനിയുണ്ടായാൽ എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ തേടുവാനും മറക്കരുത്.


READ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments