ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

തലയിലും കഴുത്തിലുമുണ്ടാകുന്ന അർബുദങ്ങളിൽ ആറു ശതമാനത്തോളം മാത്രമാണ് ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്നത്. വിറ്റാമിൻ എ യുടെ അഭാവം, നിക്കൽ, കാഡ്മിയം, മുടിക്ക് ഉപയോഗിക്കുന്ന കളറിംഗ് ഏജന്റ്, സിലിക്ക, ചില preservation agents മുതലായവ ക്യാൻസറിന് കാരണമായേക്കാം. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ.സി. സോമൻ എഴുതിയ ലേഖനം.

മൂന്നു തരത്തിലുള്ള ഉമിനീർ ഗ്രന്ഥികളാണ് മനുഷ്യശരീരത്തിൽ പ്രധാനമായും കാണപ്പെടുന്നത്. ഇതിനുപുറമെ 400 മുതൽ 800 വരെ ചെറിയ ഗ്രന്ഥികൾ (minor glands) വായ മുതൽ അന്നനാളം വരെ ചിതറിക്കിടക്കുന്നുണ്ട്. ജോഡികളായി കാണപ്പെടുന്ന പരോട്ടിഡ് ഗ്ലാൻഡ് (Parotid gland ) സബ്മാൻ ഡിബുലാർ ഗ്ലാൻ്റ് (Submandibular gland) സബ്- ലിംഗ്വൽ ഗ്ലാൻഡ് (Sublingual gland) എന്നീ ഗ്രന്ഥികളാണ് പ്രധാനപ്പെട്ടവ. ഈ ഗ്രന്ഥികളും ലഘുഗ്രന്ഥികളും ചേർന്ന് ഏകദേശം ഒന്നര ലിറ്ററോളം (1500 ml) ഉമിനീർ ദിവസേന ഉല്പാദിപ്പിക്കപ്പെടുന്നു. ക്ഷാരഗുണമുള്ള ഈ നീരിൽ ലിപേസ്, അമൈലേസ്, മ്യൂസിൻ, ഗ്ലൈക്കോ പ്രോട്ടീൻസ്, ലൈസോസൈംസ്, ലാക്ടോഫെറിൻ മുതലായവ അടങ്ങിയിരിക്കുന്നു. പരോട്ടിഡ് ഗ്രന്ഥിയിലെ ഉമിനീരിൽ മറ്റു ഗ്രന്ഥികളേക്കാൾ ജലാംശം അടങ്ങിയിരിക്കുന്നു. സബ്മാൻ ഡിബുലാർ ഗ്രന്ഥിയുടെ സ്രവങ്ങൾ മ്യൂക്കസ് കൂടുതലായതിനാൽ കട്ടി കൂടുതലാണ്. സബ് ലിംഗ്വൽ ഗ്രന്ഥിയും മൈനർ ഗ്രന്ഥികളും 5% വീതം ഉമിനീർ ഉല്പാദിപ്പിക്കുന്നു.

ഉമിനീരിന്റെ പ്രവർത്തനങ്ങൾ

1. ഉമിനീരിൽ അടങ്ങിയ ദഹനരസങ്ങൾ (lipase, amylase) കൊഴുപ്പ് അന്നജം എന്നിവകളുടെ ദഹനപ്രക്രിയ തുടങ്ങിവയ്ക്കുന്നു.

2. ഉമിനീർഗ്രന്ഥിയിലെ ഇമ്മ്യൂണോഗ്ലോബിൻ, ഗ്ലൈക്കോ പ്രോട്ടീനുകൾ എന്നിവ അണുനാശകമാണ്.

3. ലാക്ടോഫെറിൻ, ലൈസോസൈമുകൾ എന്നിവ വിഷമയമായ അപകടകാരികളായ പ്രോട്ടീനുകളെ ഒഴിവാക്കി ദന്ത ഇനാമലുകളെ സംരക്ഷിക്കുന്നു.

4. ഭക്ഷണപദാർത്ഥങ്ങളെ നനച്ച്, വിഴുങ്ങുവാൻ പാകത്തിന് തയ്യാറാക്കുകയും സ്വാദു മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

5. വായും തൊണ്ടയും എപ്പോഴും നനവുള്ളതാക്കുകയും സംസാരശേഷിയെ സഹായിക്കുകയും ചെയ്യുന്നു.

6. അമ്ലഗുണമുള്ള ആഹാരങ്ങളേയും ആമാശയത്തിൽനിന്നും തികട്ടിവരുന്ന ആസിഡിനെയും മയപ്പെടുത്തുന്നു (buffering actions).

പ്രമുഖ ഉമിനീർ ഗ്രന്ഥികൾ

പരോട്ടിഡ് ഉമിനീർ ഗ്രന്ഥികൾ

നമ്മുടെ ചെവികളുടെ തൊട്ടുമുന്നിലായും താഴ്ഭാഗത്തായിട്ടും തൊലിയുടെയും മസിലുകളുടെയും (massetor) ഇടയിൽ സ്ഥിതിചെയ്യുന്നു. കട്ടിയുള്ള ഒരു ആവരണം (parotid fascia) പൊതിഞ്ഞ് സംരക്ഷിക്കുന്നു. ഇതിലെ സ്രവങ്ങൾ ഒരു നാളി വഴി (stensons duct) രണ്ടാമത്തെ അണപ്പല്ലിന് എതിർവശത്തായി ഒരു സുഷിരത്തിലൂടെ വായിൽ എത്തിക്കുന്നു. ഏഴാമത്തെ കേന്ദ്രനാഡിയായ ഫേഷ്യൽ നാഡി(facial nerve) ഈ ഗ്രന്ഥിയിലൂടെ സഞ്ചരിച്ച് മുഖത്തെ പേശികളെ ഉത്തേജിപ്പിക്കുന്നു. ഈ നാഡിയുടെ കൂടെയുള്ള രക്തക്കുഴലുകൾ ചേർന്ന് (superficial) ഗ്രന്ഥിയെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു. ആയതിനാൽ ഈ നാഡിയുടെ പ്രവർത്തനങ്ങളെ ഈ ഉമിനീർ ഗ്രന്ഥിക്കുണ്ടാകുന്ന ക്യാൻസർ പോലുള്ള രോഗങ്ങൾ തടസ്സപ്പെടുത്തുന്നു. കണ്ണുകൾ അടയ്ക്കുന്നതിനും തുറക്കുന്നതിനും സാധ്യമാകാതെ വരികയും മുഖത്തിന്റെ ആകൃതിക്ക് മാറ്റം വരികയും ചെയ്യുന്നു.

നമ്മുടെ ചെവികളുടെ തൊട്ടുമുന്നിലായും താഴ്ഭാഗത്തായിട്ടും തൊലിയുടെയും മസിലുകളുടെയും (massetor) ഇടയിൽ സ്ഥിതിചെയ്യുന്നു. കട്ടിയുള്ള ഒരു ആവരണം (parotid fascia) പൊതിഞ്ഞ് സംരക്ഷിക്കുന്നു.
നമ്മുടെ ചെവികളുടെ തൊട്ടുമുന്നിലായും താഴ്ഭാഗത്തായിട്ടും തൊലിയുടെയും മസിലുകളുടെയും (massetor) ഇടയിൽ സ്ഥിതിചെയ്യുന്നു. കട്ടിയുള്ള ഒരു ആവരണം (parotid fascia) പൊതിഞ്ഞ് സംരക്ഷിക്കുന്നു.

സബ്മാൻഡിബുലാർ ഗ്ലാൻ്റ്
(Submandibular gland-SMG)

കീഴ്ത്താടി എല്ലിന്റെ (mandible) കോണിന് സമീപമായി വായുടെ അടിത്തട്ടിലുള്ള മസിലിന് (myelohyoid) താഴെയായി കാണുന്ന ഗ്രന്ഥികളാണ് ഇവ. ഇതിന്റെ ഉമിനീർ വഹിക്കുന്ന നാളി (whartons duct) മുകളിലേക്ക് നീങ്ങി വായുടെ കീഴ്ത്തട്ടിന്റെ നടുഭാഗത്ത് ഇരുവശങ്ങളിൽ പ്രത്യേക സുഷിരങ്ങളിലൂടെ വായിൽ പ്രവേശിക്കുന്നു. കട്ടികൂടിയ ഈ ഉമിനീർ, ഭക്ഷണം കഴിക്കാത്തപ്പോൾ തുടർച്ചയായി ഒഴുകി വായയുടെ ഈർപ്പം നിലനിർത്തുന്നു. കട്ടിയ ഉമിനീരായതിനാലും മുകളിലേക്ക് സഞ്ചരിക്കുന്ന നാളി ആയതിനാലും ഈ ഗ്രന്ഥിയിൽ കല്ലുകൾ രൂപപ്പെടുന്നത് മറ്റുഗ്രന്ഥികളെ അപേക്ഷിച്ച് കൂടുതലാണ്. നാവിന്റെ മുൻഭാഗത്ത് രുചി തിരിച്ചറിയുന്ന ലിംഗ്വൽ നാഡിയും (lingual nerves), നാവിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 12-ാം കേന്ദ്രനാഡിയായ ഹൈപ്പോ ഗ്ലോസൽ നാഡിയും (hypoglossal nerve) ഈ ഗ്രന്ഥികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആയതിനാൽ ക്യാൻസർ മുതലായ രോഗങ്ങൾ ഈ ഞരമ്പുകളുടെ പ്രവർത്ത നത്തെ ബാധിക്കാം.

സബ് ലിംഗ്വൽ ഗ്ലാൻ്റ്
(Sublingual gland)

നാവിന്റെ താഴെ വായുടെ അടിത്തട്ടിൽ എല്ലിനോടുചേർന്ന ഭാഗത്താണ് ഇവ കാണപ്പെടുന്നത്. ഇതിന്റെ നാളികൾ (Bartholins duct), സബ്മാൻഡിബുലാർ നാളിയുമായി (Submandibuct ducts) ചേർന്ന് പ്രവർത്തിക്കുന്നു. ഉറങ്ങുമ്പോഴും വായിലെ ഈർപ്പം നിലനിർത്തുന്നു. ഈ ഗ്രന്ഥികളും മറ്റ് ലഘു ഉമിനീർ ഗ്രന്ഥികളെ (minor salivary glands) പോലെ മുഴകൾ (tumour) ഉണ്ടാകുന്ന ഗ്രന്ഥികളാണ്. ഇതിൽ ഭൂരിഭാഗവും ക്യാൻസർ വിഭാഗത്തിൽ പെടുന്നവയായിരിക്കും.

ഉമിനീർ ഗ്രന്ഥികളിൽ മൂന്നുവിധത്തിലുള്ള അസുഖങ്ങളാണ് കാണപ്പെടുന്നത്.
അണുബാധ (infection), ഗ്രന്ഥികളുടെ വീക്കം (enlargement), ട്യൂമറുകൾ (tumors).

അണുബാധ

ഉമിനീർ ഗ്രന്ഥികളുടെ അണുബാധയെ സിയാലഡിനൈറ്റിസ് (sialadenitis) എന്നുവിളിക്കുന്നു. ബാക്ടീരിയയും വൈറസും അപൂർവ്വമായി ഫംഗസും രോഗങ്ങൾക്ക് കാരണമായേക്കാം. മുണ്ടിവീക്കം (Mumps) എന്ന സാംക്രമികരോഗം കുട്ടികളെയും മുതിർന്നവരെയും ബാധിക്കാറുണ്ട്. പെട്ടെന്ന് ഗ്രന്ഥികൾ വേദനയോടുകൂടി വീർത്തുവരിക (ചിലപ്പോൾ രണ്ടുവശത്തും), പനിയും തലവേദനയും ഉണ്ടാവുക എന്നിവയാണ് ലക്ഷണങ്ങൾ. അടുത്തിടപഴകുന്നവർക്ക് ഉമിനീർ വഴിയും ഈ രോഗം പകരാം. രോഗലക്ഷണങ്ങളെ ചികിത്സിക്കുകവഴി, രോഗം ശമിച്ചുവരുന്നതാണ്. MMR വാക്‌സിൻ കുട്ടികൾക്ക് നൽകി രോഗം വരാതെ നോക്കേണ്ടതാണ്.

ഗ്രന്ഥികളിലെ പഴുപ്പ്

അണുബാധയുടെ ഫലമായി ഉമിനീർ ഗ്രന്ഥികളിൽ പഴുപ്പുണ്ടാകുന്നതിന് കാരണമാകുന്നു. ശക്തിയായ വേദന, ഗ്രന്ഥിയുടെ വീക്കം, തൊലിപ്പുറമെയുള്ള നീര് മുതലായവകളാണ് ലക്ഷണങ്ങൾ. Ultrasound scanning നടത്തി പഴുപ്പിന്റെ സ്ഥാനം, വ്യാപ്തി മുതലായവ നിർണയിക്കാം. പരോട്ടിഡ് (Parotid) ഗ്രന്ഥികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ശക്തിയുള്ള ആവരണം (Parotid Fascia) ഗ്രന്ഥിയിലെ മർദ്ദം കൂടുവാനും വേദന അധികരിക്കുവാനും ഇടയാക്കുന്നു. ആൻ്റിബയോട്ടിക്കുകൾ കൊണ്ടു മാറാത്ത പഴുപ്പുകൾ ശസ്ത്രക്രിയ ചെയ്ത് ചികിത്സിക്കേണ്ടതാണ്.

ഉമിനീർഗ്രന്ഥികളിലെ കല്ലുകൾ

80 ശതമാനത്തോളം കല്ലുകൾ SM ഗ്ലാന്റിലാണ് കാണുന്നത്. സാന്ദ്രതകൂടിയ ഉമിനീരും ഗ്രന്ഥിയുടെ മുകളിലേക്ക് പോകുന്ന നാളിയും കല്ലിന്റെ സാധ്യത വർദ്ധിപ്പിക്കുമെന്ന് മുൻപ് സൂചിപ്പിച്ചുവല്ലോ. ജലത്തിന്റെ സാന്നിധ്യം കൂടുതലുള്ളതുകൊണ്ട് കല്ലുകൾ പരോട്ടിഡ് ഗ്രന്ഥിയിൽ അപൂർവ്വമാണ്. ഈ കല്ലുകളിൽ കാത്സ്യം ഫോസ്ഫേററും കാൽത്സ്യം കാർബണേറ്റും അടങ്ങിയി രിക്കുന്നു. അതുകൊണ്ട് x-ray യിൽ 80 ശതമാനം കല്ലുകളും കണ്ടുപിടിക്കുവാൻ സാധ്യമാണ്. ചിലപ്പോൾ സ്റ്റെൻസൺ നാളിയിൽ (stensons duct) പ്രത്യേക ഡൈ (dye) കുത്തിവെച്ച് sialogram എന്ന ടെസ്റ്റ് നടത്തി കല്ലുകൾ കണ്ടുപിടിക്കാവുന്നതാണ്. സി.ടി സ്കാൻ ചെയ്തും കല്ലുകൾ എളുപ്പം കണ്ടെത്താം.

ശക്തിയായ വേദന, ഗ്രന്ഥിയിലെ വീക്കം, വായ തുറക്കുമ്പോൾ വേദന മുതലായവയാണ് പ്രധാന ലക്ഷണങ്ങൾ. വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും നൽകി രോഗശമനം ലഭിച്ചില്ലെങ്കിൽ ശസ്ത്രക്രിയ വഴി പഴുപ്പ് പുറത്തെടുത്ത് ചികിത്സിക്കേണ്ടതാണ്. എന്നാൽ SM ഗ്ലാൻ്റിലെ (submandibular) കല്ലുകൾ ഉറച്ചിരിക്കുന്നതിനാൽ കല്ലുമാത്രമായി നീക്കം ചെയ്യുവാൻ സാധ്യമല്ല. അതിനാൽ ഗ്രന്ഥി പൂർണമായും ഓപ്പറേഷൻ വഴി നീക്കം ചെയ്യേണ്ടതാണ്.

പരോട്ടിഡ് ഗ്രന്ഥിയിലെ കല്ലുകൾ മരുന്നുകൊണ്ട് മാറ്റുവാൻ സാധിക്കാത്തതിനാൽ (Open) ശസ്ത്രക്രിയവഴി നാളിയിലുണ്ടാകുന്ന കല്ലുകൾ നീക്കംചെയ്യുക സാധ്യമാണ്. എന്നാൽ എൻഡോസ്കോപ്പി (endoscopy) സൗകര്യങ്ങൾ ഉണ്ടെങ്കിൽ, ശസ്ത്രക്രിയ ചെയ്യാതെ എൻഡോസ്കോപ്പി വഴി കല്ലുകൾ നേരിൽകണ്ട് പൊടിക്കുകയോ ബാസ്ക്കറ്റിംഗ് ടെക്നിക് (basketing technique) വഴി പൂർണമായും നിർമാർജ്ജനം ചെയ്യുവാനോ സാധിക്കും. മുഖത്ത് കലകളോ പാടുകളോ ഉണ്ടാവുകയില്ല.

ട്യൂമറുകൾ

പരോട്ടിഡ് ഗ്രന്ഥികളിൽ ക്യാൻസർബാധ മറ്റു ഗ്രന്ഥികളെ അപേക്ഷിച്ച് കുറവാണ്. ഏകദേശം 20% മാത്രം. SM ഗ്രന്ഥികളിൽ 50% ഉം മൈനർ ഗ്രന്ഥികളിൽ 80 ശതമാനവുമാണ് സാധ്യതകൾ. തലയിലും കഴുത്തിലുമുണ്ടാകുന്ന അർബുദങ്ങളിൽ ആറു ശതമാനത്തോളം മാത്രമാണ് ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്നത്.

കാരണങ്ങൾ

1. ജന്മനാ ഉണ്ടാകുന്ന ജനിതകമാറ്റങ്ങൾ കൊണ്ട് എസ്‌കിമോകളുടെ ഇടയിൽ ഉമിനീർഗ്രന്ഥിയിലെ ക്യാൻസർ കൂടുതലായി കാണപ്പെടുന്നു.

2. ഇടവിട്ടുണ്ടാകുന്ന അണുബാധ മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു.

3. മുൻപ് റേഡിയേഷൻ (radiation) ചികിത്സ എടുത്തിട്ടുള്ളവർക്ക് ഈ ക്യാൻസർ കാണപ്പെടാറുണ്ട്.

4. പുകവലിക്കുന്നവർക്ക് 40% സാധ്യതയുള്ളതായി കണക്കാക്കുന്നു. മുതിർന്ന ആളുകളിൽ Warthins tumor എന്ന ക്യാൻസർ അല്ലാത്ത മുഴ കാണുന്നത് പുകവലിയുമായി ബന്ധപ്പെട്ടിട്ടാണ്.

5. ലിംഗവ്യത്യാസം

സ്ത്രീകളിൽ രണ്ടുതരത്തിലുള്ള ട്യൂമറുകൾ കാണപ്പെടുന്നുണ്ട്. Warthins tumor ആണുങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.

6. വിറ്റാമിൻ എ യുടെ അഭാവം, നിക്കൽ, കാഡ്മിയം, മുടിക്ക് ഉപയോഗിക്കുന്ന കളറിംഗ് ഏജന്റ്, സിലിക്ക, ചില preservation agents മുതലായവ ക്യാൻസറിന് കാരണമായേക്കാം.

ക്യാൻസർ വിഭാഗത്തിൽ പെടാത്ത ട്യൂമറുകൾ

1. Adenomas:

പ്ലിയോമോർ ഫിക് അഡിനോമ: (Pleomerphic adenoma) യാണ് സാധാരണയായി കാണപ്പെടുന്ന ട്യൂമർ. അഡിനോ ലിംഫോമ (Adeno lymphomal, ബേസൽ സെൽ അഡിനോമ (basal cell adenoma) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ട്യൂമറകൾ.

2. ക്യാൻസറുകൾ

മ്യൂക്കോ എപ്പിഡെർമോയ്ഡ് ക്യാൻസർ (Mucoepidermoid cancer )ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

അഡിനോയ്ഡ് സിസ്റ്റിക് കാർസിനോമ (Adenoid cystic carcinoma) ഞരമ്പുകളിലൂടെ പടർന്ന് വേഗം വ്യാപിക്കുന്നതിനാൽ മാരകമായ ക്യാൻസർ ആണ്. സ്ക്വാമസ് സെൽ കാർസിനോമ ( squamon cell carcinoma), അഡിനോ കാർസിനോമ (adeno carcinama) മുതലായവയും കാണപ്പെടുന്നു.

വളരെ അപൂർവമായി മറ്റു അവയവങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറുകൾ, ഉദാ: വായിലെ ക്യാൻസർ, അസ്ഥി കാൻസർ (bone cancer), ചെവിയിലെ ക്യാൻസറുകൾ എന്നിവ പടർന്ന് ഉമിനീർ ഗ്രന്ഥികളിലേക്ക് ബാധിക്കാം.

പ്ലിയോമോർഫിക് അഡിനോമ
(Pleomorphic adenoma)

ക്യാൻസർ ഇതര (benign) ട്യൂമറുകളിൽ, 80% ഓളം പരോട്ടിഡ് ഗ്രന്ഥിയിലും, 10% SM ഗ്രന്ഥിയിലും, 0.5% മറ്റു ഉമിനീർ ഗ്രന്ഥികളിലും കാണപ്പെടുന്നു. പരോട്ടിഡ്ഗ്രന്ഥിയുടെ രണ്ടുഭാഗങ്ങളിലുമാണ് (Superficial and deep - ഫേഷ്യൽ നാഡിക്ക് താഴെയും മുകളിലും) കാണപ്പെടുന്നത്. സ്ത്രീകൾക്കും പുരുഷനും (50:50) ഒരുപോലെ കാണപ്പെടുന്നു. 40-50 വയസ്സിൽ ആണ് കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ഒരുവശത്തും ചിലപ്പോൾ രണ്ടു വശങ്ങളിലും അപൂർവമായി കണ്ടുവരാറുണ്ട്. ഈ മുഴ ചെവിയുടെ കീഴ്ഭാഗം ഉയർത്തി വികസിക്കുന്നു. വലിപ്പം കൂടിയാലും ഫേഷ്യൽ നാഡിയെ ബാധിക്കുന്നില്ല. നീരെടുത്ത് പരിശോധിച്ചാണ് രോഗം ഉറപ്പാക്കുന്നത് (FNAC).

സി.ടി / എം ആർ ഐ സ്കാനുകൾ വഴി രോഗത്തിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ സാധിക്കും.

ക്യാൻസർ ഇതര (benign) ട്യൂമറുകളിൽ, 80% ഓളം പരോട്ടിഡ് ഗ്രന്ഥിയിലും, 10% SM ഗ്രന്ഥിയിലും, 0.5% മറ്റു ഉമിനീർ ഗ്രന്ഥികളിലും കാണപ്പെടുന്നു. പരോട്ടിഡ്ഗ്രന്ഥിയുടെ രണ്ടുഭാഗങ്ങളിലുമാണ് (Superficial and deep -  ഫേഷ്യൽ നാഡിക്ക് താഴെയും മുകളിലും) കാണപ്പെടുന്നത്.
ക്യാൻസർ ഇതര (benign) ട്യൂമറുകളിൽ, 80% ഓളം പരോട്ടിഡ് ഗ്രന്ഥിയിലും, 10% SM ഗ്രന്ഥിയിലും, 0.5% മറ്റു ഉമിനീർ ഗ്രന്ഥികളിലും കാണപ്പെടുന്നു. പരോട്ടിഡ്ഗ്രന്ഥിയുടെ രണ്ടുഭാഗങ്ങളിലുമാണ് (Superficial and deep - ഫേഷ്യൽ നാഡിക്ക് താഴെയും മുകളിലും) കാണപ്പെടുന്നത്.

ചികിത്സ

മരുന്നുകൾകൊണ്ട് ഈ അസുഖം മാറുകയില്ല. സർജറിയാണ് ഏകമാർഗം. മുഴ (Tumor) യുടെ സാന്നിധ്യത്തിന്റെ പ്രത്യേകത അനുസരിച്ച് ഗ്രന്ഥി ഭാഗികമായോ മുഴുവനായോ നീക്കം ചെയ്യാം.

ഓപ്പറേഷൻ കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ SM ഗ്രന്ഥിയിലെ ട്യൂമറുകൾ ഗ്രന്ഥി പൂർണമായി നീക്കംചെയ്യുമ്പോൾ സൂഖപ്പെടുന്നതാണ്.

മ്യൂക്കോഎപ്പിഡർ മോയ്ഡ് കാർസിനോമ
(Muco epidermoid Carcinoma)

പരോട്ടിഡ് ഗ്രന്ഥിയിലുണ്ടാവുന്ന പ്രധാന ക്യാൻസർ ആണിത്. ഇത് വീര്യം കുറഞ്ഞതും പക്ഷേവളരെ വേഗത്തിൽ പടരുന്നതുമായ രണ്ടിനങ്ങളായാണ് ഉമിനീർഗ്രന്ഥിയിൽ ഉണ്ടാകുന്നത്. വേഗം പടരുന്ന തരത്തിലുണ്ടാകുന്നത് രോഗി മരിക്കുന്നതിന് കാരണമാകുന്നു.

ക്യാൻസറുകൾ പൊതുവെ വളരെവേഗം വലുതാവുന്നു. ട്യൂമറുകൾ കല്ലുപോലെ കട്ടിയായിട്ടാണ് സ്പർശിക്കുമ്പോൾ മനസിലാകുക. മസിലിലും താടിയെല്ലിലും മുഖത്തെ ചർമത്തിലും ട്യൂമർ അതിവേഗം ഒട്ടിപ്പിടിക്കുന്നു. മുഖത്തിന്റെ ചർമ്മവും അഴുകി വ്രണമായി തീരുന്നു. ഫേഷ്യൽ നാഡിയുടെ (Facial nerve ) പ്രവർത്തനം നിലയ്ക്കുകയും കണ്ണുകൾ അടയ്ക്കുവാൻ സാധിക്കാതെ വരികയും, വായുടെ കോണുകൾ കോടിപ്പോകുവാൻ ഇടയാകുകയും ചെയ്യുന്നു. കഴുത്തിലുള്ള കഴലകൾ വീർക്കുകയും മറ്റ് ആന്തരാവയവങ്ങൾ ക്യാൻസർ സംക്രമണംവഴി വ്യാപിക്കുകയും രോഗി മരണത്തോടടുക്കുകയും ചെയ്യുന്നു.

അഡിനോയ്ഡ് സിസ്റ്റിക് കാർസിനോമ (Adenoid cystic carcinoma). സ്ക്വാമസ് സെൽ കാർസിനോമ /, (squamon cell carcinoma) എന്നിവകളാണ് മറ്റ് മാരകമായ ക്യാൻസറുകൾ.

മുൻപ് വിവരിച്ച അൾട്രാസൗണ്ട് സ്‌കാൻ, സി.ടി /എം ആർ ഐ സ്കാൻ, FNAC, ലിംഫ് നോഡ് ബയോപ്സി മുതലായ ടെസ്റ്റുകളിലൂടെ രോഗത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് പഠിക്കുവാൻ സാധിക്കുന്നു.
ഗ്രേഡ് I, II, II, IV മുതലായ അവസ്ഥകളിൽ ഗ്രേഡ് IV ൽ എത്തിയാൽ രോഗം പൂർണമായും ചികിത്സിച്ച് മാറ്റുവാൻ സാധിക്കുകയില്ല. ഗ്രേഡ് I, II എന്നീ അവസ്ഥകളിൽ സർജറിയാണ് ഏക ചികിത്സാമാർഗ്ഗം. കീമോ/ റേഡിയോ തെറാപ്പി (Chemotherapy, radio therapy) മുതലായ അനുബന്ധ ചികിത്സകളും ഒരു പരിധിവരെ രോഗമുക്തി നൽകുവാൻ സഹായിക്കുന്നു.

ഗ്രന്ഥി പൂർണമായും നീക്കംചെയ്യുക (Total parotidectomy) എന്നതാണ് പ്രധാന ചികിത്സ. ഈ ഉമിനീർ ഗ്രന്ഥിയുമായി ബന്ധപ്പെട്ട കഴലുകൾ (Lymph node) ഒന്നിച്ചു (block dissection) നീക്കംചെയ്യുന്നത് രോഗം വീണ്ടും വരാതിരിക്കാൻ സഹായിക്കുന്നു. രോഗം തുടങ്ങുമ്പോൾതന്നെ ഫേഷ്യൽ നാഡിക്ക് (Facial nerve ) രോഗം ബാധിച്ചിട്ടില്ലെങ്കിൽ ശസ്ത്രക്രിയയുടെ സമയത്ത് നീക്കം ചെയ്യുകയില്ല.

അഡിനോയ്ഡ് സിസ്റ്റിക് കാർസിനോമ (Adenoid cystic carcinoma) യിലും, ഓപ്പറേഷന് മുൻപുതന്നെ നാഡികൾ നശിക്കപ്പെട്ടതാണെങ്കിൽ മാത്രമേ ഗ്രന്ഥിയുടെ കൂടെ ഫേഷ്യൽ നാഡിയും (facial nerve) ഉം നീക്കംചെയ്യപ്പെടുകയുള്ളൂ

പരോട്ടിഡ് ഗ്രന്ഥികൾ
മുറിച്ചുമാറ്റിയാലുണ്ടാകുന്ന പാർശ്വഫലങ്ങൾ

അമിതരക്തസ്രാവം, മുഖത്തെ കോട്ടം കണ്ണുകൾക്കുണ്ടാകുന്ന പരിക്കുകൾ. ഭക്ഷണം കഴിക്കുമ്പോൾ ഓപ്പറേഷൻ ചെയ്ത ഭാഗത്ത് മാത്രം വിയർക്കുന്ന (Frey's Syndrome) ഒരു അവസ്ഥയുമുണ്ടാകാറുണ്ട്. ചില ശസ്ത്രക്രിയകൾ വഴി അത് പരിഹരിക്കേണ്ടി വരാം.

SM (Submandibular ) ഗ്രന്ഥിയിലുണ്ടാകുന്ന ക്യാൻസറുകൾ പ്രാരംഭദശയിൽ തന്നെ ഗ്രന്ഥി പൂർണമായി നീക്കംചെയ്തു മാറ്റേണ്ടതാണ്. മാൻഡിബിൾ എല്ലിനു (Mandible ) ബാധിച്ചാൽ എല്ലു പകുതി നീക്കം ചെയ്ത്, പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖത്തുണ്ടാകുന്ന കോട്ടങ്ങൾ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

സ്വാദ് അറിയുന്നതിനുള്ള നാവിന്റെ ശേഷി, നാവിന്റെ ചലനങ്ങൾ മുതലായവ നിയന്ത്രിക്കുന്ന ലിംഗ്വൽ നാഡി ( Lingual nerve,) ഹൈപ്പോ ഗ്ലോസൽ നാഡി (Hypoglossal nerve) മുതലായവയ്ക്ക് കേടുപാടുകൾ സംഭവിക്കാവുന്നതാണ്.

കീമോതെറാപ്പി (Chemo therapy), റേഡിയോതെറാപ്പി (radio therapy) മുതലായവ ശസ്ത്രക്രിയയ്ക്കുശേഷം പരീക്ഷിക്കാവുന്നതാണ്. ശസ്ത്രക്രിയയുടെ വിജയം ക്യാൻസറുകളുടെ വീര്യം അനുസരിച്ചിരിക്കുന്നു.

READ: ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments