അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

‘‘ഗർഭകാലത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രധാന ഘടകമാണ്, ഗർഭിണികളുടെ വദന ശുചിത്വവും ആരോഗ്യവും. അമ്മയുടെ വദന ആരോഗ്യം കുഞ്ഞിന്റെ ഭാവിയിലെ പല്ലുകളുടെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മാളവിക അഭിജാത് എഴുതിയ ലേഖനം.

ർഭകാലത്ത് സ്ത്രീകൾ സാധാരണയായി പോഷണം, സ്കാനുകൾ, പൊതു ആരോഗ്യം തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു പ്രധാന ഘടകമാണ് വദന ശുചിത്വവും ആരോഗ്യവും. അമ്മയുടെ വദന ആരോഗ്യം കുഞ്ഞിന്റെ ഭാവിയിലെ പല്ലുകളുടെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കുന്നു.

അമ്മയുടെ വദനാരോഗ്യവും
കുഞ്ഞിന്റെ പല്ലുകളും തമ്മിലുള്ള ബന്ധം

കുഞ്ഞ് ജനിക്കുമ്പോൾ പല്ല് നശിപ്പിക്കുന്ന ബാക്ടീരിയകൾ സാധാരണയായി കുഞ്ഞിന്റെ വായയിൽ ഉണ്ടാകില്ല. ഈ ബാക്ടീരിയകൾ കൂടുതലായും അമ്മയിൽനിന്നാണ് കുഞ്ഞിലേക്ക് പകരുന്നത്.

കുഞ്ഞിനെ ചുംബിക്കുക, സ്പൂൺ പങ്കിടുക, അല്ലെങ്കിൽ പാസിഫയർ (Pacifier) സ്വന്തം വായിൽ വെച്ച് വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ ഈ ബാക്ടീരിയകൾ (Maternally derived S.mutans) കുഞ്ഞിന്റെ വായിലേക്ക് പ്രവേശിക്കാം.

അമ്മയ്ക്ക് ദന്തക്ഷയം (കാവിറ്റി) അല്ലെങ്കിൽ മോണരോഗം ഉണ്ടെങ്കിൽ, ഇത്തരം ബാക്ടീരിയകളുടെ അളവ് കൂടുതലായിരിക്കും. ഇതുവഴി കുഞ്ഞിന് ചെറുപ്പത്തിൽ തന്നെ പല്ല് കേട് (Early Childhood Caries) ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.

ഗർഭകാലവും
മോണരോഗങ്ങളും

ഗർഭകാലത്ത് ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ മോണകളെ ബാധിക്കുന്നു. അതിനാൽ പല ഗർഭിണികളിലും താഴെ പറയുന്ന പ്രശ്നങ്ങൾ കണ്ടുവരുന്നു:

  • മോണയിൽ നിന്നുള്ള രക്തസ്രാവം (Bleeding gums).

  • മോണകൾ വീർത്ത് ചുവപ്പാകുക.

  • ഗർഭകാല മോണവീക്കം (Pregnancy Gingivitis).

ഇവയെ “സാധാരണ ഗർഭകാല പ്രശ്നങ്ങൾ” ആയി അവഗണിക്കരുത്. ചില പഠനങ്ങൾ പ്രകാരം, ഗുരുതരമായ മോണരോഗങ്ങൾ മാസം തികയാത്ത പ്രസവത്തിനും (Preterm birth) കുഞ്ഞിന്റെ കുറഞ്ഞ ജനനഭാരത്തിനും(Low birth weight) കാരണമാകാൻ സാധ്യതയുണ്ട്.

ഗർഭകാലത്ത് ദന്തചികിത്സ സുരക്ഷിതമാണോ?

അതെ. ഗർഭകാലത്ത് ദന്തപരിശോധന, ക്ലീനിങ്, ആവശ്യമായ സാധാരണ ചികിത്സകൾ എന്നിവ സുരക്ഷിതമാണ്, പ്രത്യേകിച്ച് രണ്ടാം ത്രൈമാസ കാലയളവിൽ( 2nd trimester).

ചികിത്സ അനാവശ്യമായി നീട്ടിവെക്കുന്നത് വേദനയും അണുബാധയും വർധിപ്പിക്കുകയും, അതുവഴി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാം.

ഗർഭകാലത്ത് വദനാരോഗ്യം പാലിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  • ദോഷകരമായ ബാക്ടീരിയകളുടെ അളവ് കുറയ്ക്കുന്നു.

  • കുഞ്ഞിൽ ദന്തക്ഷയം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

  • അമ്മയുടെ പൊതുആരോഗ്യം മെച്ചപ്പെടുത്തുന്നു.

അവശ്യമായ ചില ശീലങ്ങൾ

  • ദിവസത്തിൽ രണ്ട് പ്രാവശ്യം ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക.

  • ദിവസേന ഫ്ലോസ്(Floss) ചെയ്യുക. ഫ്ലോസിംഗ് ബുദ്ധിമുട്ടുള്ളവർക്ക് വാട്ടർ ഫ്ലോസർ (Water flosser)ഉപയോഗിക്കാവുന്നതാണ്.

  • മധുരപദാർത്ഥങ്ങളും മധുരപാനീയങ്ങളും പരിമിതപ്പെടുത്തുക.

  • പതിവായി ദന്തപരിശോധന നടത്തുക.

കുഞ്ഞ് ജനിച്ചതിനുശേഷം
അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുഞ്ഞുമായി സ്പൂൺ പങ്കിടാതിരിക്കുക.

  • പാസിഫയർ സ്വന്തം വായിൽ വെച്ച് വൃത്തിയാക്കാതിരിക്കുക.

  • കുഞ്ഞിന്റെ മോണകൾ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കുക.

  • ആദ്യ പല്ല് വന്നതുമുതൽ ബ്രഷിംഗ് ആരംഭിക്കുക.

  • ഒരു വയസിനുള്ളിൽ കുഞ്ഞിന്റെ ആദ്യ ദന്തപരിശോധന നടത്തുക.

പ്രധാന കാര്യങ്ങൾ

  • അമ്മയുടെ ദന്താരോഗ്യം കുഞ്ഞിന്റെ പല്ലുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു.

  • ഗർഭകാലത്ത് ദന്തശുചിത്വം അനിവാര്യമാണ്.

  • കുഞ്ഞിന്റെ പല്ലുകളുടെ സംരക്ഷണം ജനനത്തിന് മുൻപേ ആരംഭിക്കുന്നു.

ഗർഭകാലത്ത് നല്ല വദനശുചിത്വം പാലിക്കുന്നതിലൂടെ, അമ്മമാർക്ക് കുഞ്ഞിന് ആരോഗ്യമുള്ള പല്ലുകളും ആത്മവിശ്വാസമുള്ള പുഞ്ചിരിയും സമ്മാനിക്കാനാകും. അറിവും മുൻകരുതലും ആണ് വദനാരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാനം.

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments