കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ടൈപ്പ് വൺ പ്രമേഹം മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും 15 വയസിനു താഴെയുള്ള കുട്ടികളിലാണ് കുടുതലും കാണുന്നത്. ഒരു കുട്ടിക്ക് ടൈപ്പ് വൺ പ്രമേഹം വരുന്നതോടുകൂടി ആ വീട്ടിലെ സാഹചര്യം തന്നെ മാറുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ.സി. മുഹമ്മദ് അഫ്രോസ് എഴുതിയ ലേഖനം.

മുതിർന്നവർക്കു വരുന്ന ടൈപ്പ് 2 പ്രമേഹചികിത്സ ഭക്ഷണം, വ്യായാമം, ഗുളിക, ഇൻസുലിൻ എന്നിവയിൽ അധിഷ്ഠിതമായിട്ടുള്ളതാണെങ്കിലും കുട്ടികളിൽ വരുന്ന ടൈപ്പ് വൺ പ്രമേഹം അതിൽ നിന്ന് വളരെ വ്യത്യസ്തമായതാണ്. അതിൽ ഏറ്റവും പ്രധാനം കുട്ടികൾ ഒന്നോ രണ്ടോ വയസിൽ തന്നെ പ്രമേഹരോഗിയായി മാറുന്നു എന്നതാണ്. ടൈപ്പ് വൺ പ്രമേഹം മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും 15 വയസിനു താഴെയുള്ള കുട്ടികളിലാണ് കുടുതലും കാണുന്നത്.

ഒരു കുട്ടിക്ക് ടൈപ്പ് വൺ പ്രമേഹം വരുന്നതോടുകൂടി ആ വീട്ടിലെ സാഹചര്യം തന്നെ മാറുന്നു. ഊർജസ്വലനായിരുന്ന, പഠനത്തിൽ മുൻപന്തിയിലായിരുന്ന കുട്ടിക്ക് കുറച്ചു ദിവസമായി വല്ലാതെ ദാഹം അനുഭവപ്പെടുന്നു. അമിത വിശപ്പ്, ക്ഷീണം, ശരീരം മെലിച്ചിൽ എന്നിവയാൽ ബുദ്ധിമുട്ടുന്നു. ഛർദി, വയറുവേദന എന്നിവ കലശലായി ഡോക്ടറെ കണ്ടപ്പോഴാണ് പ്രമേഹമാണെന്നും ഷുഗർ 500- ൽ കൂടുതലാണെന്നും അറിയുന്നത്. കുട്ടിയെ അഡ്മിറ്റ് ചെയ്യുന്നു. ഡോക്ടർ ഐ.വി ഫ്ലൂയിഡും ഇൻസുലിനും നൽകുന്നു. കുട്ടിക്ക് ഇൻസുലിൻ വേഗം നിർത്താമെന്ന് കരുതിയ മാതാപിതാക്കൾ അപ്പോഴാണ് അറിയുന്നത്, കുട്ടിക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ ആവശ്യമാണെന്ന കാര്യം. ഇതാണ് ഒരു ശരാശരി ടൈപ്പ് വൺ കുട്ടിയുടെ രോഗ ലക്ഷണങ്ങളും രോഗം നിർണയിക്കപ്പെടുന്ന രീതിയും.

ടൈപ്പ് വൺ പ്രമേഹബാധിതരുടെ മാതാപിതാക്കൾക്കോ മറ്റു കുടുംബാംഗങ്ങൾക്കോ പ്രമേഹം ഉണ്ടാവണമെന്നില്ല.

യഥാർത്ഥ കാരണങ്ങൾ ഇന്നും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലെങ്കിലും, ഓട്ടോ ഇമ്മ്യൂണിറ്റി എന്ന അവസ്ഥയാണ് അടിസ്ഥാന വസ്തുത. ശരീരത്തിലെ WBC കോശങ്ങൾ പാൻക്രിയാസിലെ ബീറ്റാ സെൽ കോശങ്ങളെ ശരീരത്തിന് ദ്രോഹം ചെയ്യുന്ന വസ്തു ആണെന്ന് (തെറ്റി) ധരിക്കുകയും ബീറ്റാസെൽ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് രോഗകാരണമെന്നാണ് ഇപ്പോൾ ശാസ്ത്രലോകം കരുതുന്നത്.

പാൻക്രിയാസിലെ ബീറ്റാ സെൽ കോശങ്ങൾ നശിക്കുന്ന തോടുകൂടി ഇൻസുലിൻ ഉത്പാദനം പൂർണമായി ഇല്ലാതെയാകുന്നു. ഈ സന്ദർഭത്തിലാണ് കുട്ടിക്ക് അമിതക്ഷീണം, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ് എന്നിവ കാണുന്നത്. ദിവസങ്ങൾക്കു ള്ളിൽ തന്നെ ഡയബറ്റിസ് കീറ്റൊ അസിഡോസിസ് എന്ന അവസ്ഥയിൽ എത്തി ച്ചേരുകയും ഇൻസുലിൻ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. ഒരു ടൈപ്പ് വൺ കുട്ടിയെ സംബന്ധിച്ച് ഇൻസുലിൻ ഇല്ലാതെ ജീവൻ നിലനിർത്താൻ സാധിക്കില്ല.

GAD ആൻ്റിബോഡി, സിങ്ക് ട്രാൻസ്പോർട്ടർ (Zinc Transporter) ആൻ്റിബോഡി, IAA ആൻറിബോഡി, സി പെപ്റ്റൈഡ് (C -PEPTIDE,) ഇൻസുലിൻ അളവ് എന്നിവയാണ് ടൈപ്പ് വൺ പ്രമേഹരോഗിയിൽ നടത്തേണ്ട ലാബറട്ടറി പരിശോധനകൾ. കുട്ടിയുടെ മാതാപിതാക്കൾക്കോ മുത്തശ്ശീമുത്തശ്ശന്മാർക്കോ പ്രമേഹം ഉണ്ടെങ്കിൽ കുട്ടിയുടെ ജനിതക പരിശോധന നടത്തുക വഴി മോണോ ജനിക് ഡയബറ്റിസ് (Monogenic Diabetes) ആണോ അല്ലയോ എന്ന് ഉറപ്പുവരുത്താൻ സാധിക്കും.

ടൈപ്പ് വൺ കുട്ടികളുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമേറിയ വർഷമാണ് 1921. ഇൻസുലിൻ കണ്ടുപിടിച്ച വർഷം. ഇൻസുലിൻ കണ്ടുപിടിക്കുന്നതിനു മുൻപ് ഒരു ടൈപ്പ് വൺ കുട്ടിയുടെ ശരാശരി ആയുസ്സ് 3-6 മാസം ആയിരുന്നു. ഷുഗർ കൂടുന്നത് ഭയന്ന് കുട്ടിയെ പട്ടിണി കിടത്തുക എന്ന ചികിത്സാരീതി മാത്രമാണ് അന്നുണ്ടായിരുന്നത്. ഇൻസുലിൻ കണ്ടുപിടിച്ചതോടു കൂടി 60 മുതൽ 90 വയസ്സ് വരെ ആയുർദൈർഘ്യം ടൈപ്പ് വൺ കുട്ടികൾക്കു സാദ്ധ്യമാവുന്നുണ്ട്. ഇൻസുലിൻ പല രൂപത്തിലായി കൊടുക്കുന്ന സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്.

പക്ഷേ മുതിർന്നവർക്കുപയോഗിക്കുന്ന ഒന്നോ രണ്ടോ നേരം ചെയ്യുന്ന ഇൻസുലിൻ, ടൈപ്പ് വൺ ചികിത്സക്ക് അനുയോജ്യമല്ല. മിക്ക കുട്ടികൾക്കും നാലോ അഞ്ചോ തവണ ഇൻസുലിൻ എടുക്കേണ്ടി വരും. എല്ലാ പ്രമേഹത്തിലേയും പോലെ ടൈപ്പ് വൺ കുട്ടികളിലും പ്രമേഹത്തിന്റെ സങ്കീർണതകൾ കണ്ടുവരുന്നുണ്ട്. പ്രമേഹം പ്രധാനമായും കണ്ണ്, ഞരമ്പ്, വൃക്ക എന്നിവയെ ആണ് ബാധിക്കുന്നത്. കുട്ടികളിൽ പ്രമേഹം ചെറിയ പ്രായത്തിൽ തുടങ്ങുന്നതിനാൽ, സങ്കീർണതകൾ 30-40 വയസുകളിൽ തന്നെ കണ്ടുവരുന്ന അവസ്ഥയാണ്. ഇതു തടയാനുമുള്ള മികച്ച സംവിധാനമാണ് CGMS അഥവാ Continuous Glucose Monitoring System. ഗ്ലുക്കോമീറ്ററിൽ ഇടയ്ക്കിടെ നോക്കുന്നതിനുപകരം ചെറിയ ഒരു ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച് 24 മണിക്കൂറും വേദനയില്ലാതെ ഷുഗർ നോക്കുന്ന സംവിധാനമാണ് CGMS.

ഇന്ന് ടൈപ്പ് വൺ കുട്ടികളുടെ ചികിത്സയിൽ ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ട്. ശരിയായ രൂപത്തിലുള്ള ഇൻസുലിൻ ഉപയോഗം, ദിവസവും ഉള്ള ഗ്ലൂക്കോമീറ്റർ / CGMS പരിശോധന, വർഷത്തിൽ ഒരിക്കലുള്ള പ്രമേഹസങ്കീർണതകളുടെ പരിശോധന, ചിട്ടയായ ജീവിതരീതി എന്നിവ ചെയ്യുക വഴി ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ടുപോവാൻ സാധിക്കും. ഇതിന് കുട്ടികൾക്ക് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സമൂഹത്തിൽ നിന്നും സർക്കാരിൽ നിന്നും ആരോഗ്യ മേഖലയിൽ നിന്നും സാമ്പത്തികമായും മാനസികവുമായുള്ള പിന്തുണ അത്യാവശ്യമാണ്.

READ: ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments