പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

മനുഷ്യജീവിതത്തിന്റെയും സാമൂഹ്യ വികാസത്തിന്റെയും എല്ലാ മേഖലകളെയും സ്പർശിക്കുന്ന തരത്തിൽ പൊതുജനാരോഗ്യ വിദ്യാഭ്യാസം പടർന്നുപന്തലിച്ചിരിക്കുന്നു. ആരോഗ്യ സേവനങ്ങളുടെയും സംവിധാനങ്ങളുടേയുമെല്ലാം ഭാഗമായി വർത്തിക്കുകയും അവയുടെ ഒക്കെ അമരത്തിരുന്നു നയിക്കുകയും ചെയ്യുന്ന ഒന്നായി പബ്ലിക് ഹെൽത്ത് ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വി. മോഹനൻ നായർ എഴുതിയ ലേഖനം.

രോഗ്യത്തിന്റെ നിർവ്വചനങ്ങൾ ഉണ്ടായിരിക്കുന്നത്, അത് കേവലം വ്യക്തിയെ സംബന്ധിക്കുന്നതാണെന്ന സങ്കല്പത്തിലാണ്. ഇതേ സങ്കല്പം ഒരു സമൂഹത്തിന്റെ കാര്യത്തിൽ ബാധക മാണോ? ഇവിടെയാണ് "പൊതുജനാരോഗ്യം" അഥവാ Public Health എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വരുന്നത്. ‘അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായി വരേണം’ എന്ന ഗുരുസൂക്തം വ്യക്തിയുടെ ആരോഗ്യം പോലെ അപരരുടെയും അതുവഴി സമൂഹത്തിന്റെയും ആരോഗ്യത്തിൽ വ്യക്തിക്കുള്ള പങ്ക് നിർദേശിക്കുന്ന ഒന്നായി കാണാം.

വ്യക്തിക്ക് സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ആരോഗ്യം കൂടി കാത്തുസൂക്ഷിക്കുവാനുള്ള പൊതുജനാരോഗ്യചുമതല ( Public Health Responsibility ) ഈ സൂക്തത്തിൽ വ്യക്തമാണ്. പൊതുജനാരോഗ്യം എന്നത് നിയതമായ ആരോഗ്യസേവനമേഖലയിലും സേവനങ്ങളിലും മാത്രമായി ഒതുങ്ങുന്ന ഒന്നല്ല എന്നത് സുവിദിതമാണല്ലോ. അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിന്റെ പൊതുജനാരോഗ്യചരിത്രവും വികാസവും പരിശോധിക്കുമ്പോൾ ആ പ്രദേശത്തെ വിവിധ മേഖലകളും പ്രസ്ഥാനങ്ങളു മൊക്കെ ഈ ഒരു പരിശോധനയുടെ ഭാഗമാകുന്നത് വെറും ന്യായമായ യുക്തി മാത്രമാണ്.

പൊതുജനാരോഗ്യ സങ്കൽപം കാലദേശാന്തരങ്ങളിൽ

പൊതുജനാരോഗ്യസങ്കല്പം കാലാന്തരങ്ങളിലൂടെയും ദേശാന്തരങ്ങളിലൂടെയും ഉരുത്തിരിഞ്ഞുവന്ന ഒന്നാണ്. പുരാതന സംസ്കാരങ്ങളിൽ എല്ലാം തന്നെ ഈ സങ്കല്പത്തിന്റെ അനുരണനങ്ങൾ വ്യക്തമാണ്. ഇന്ത്യ, ചൈന, ഈജിപ്ത് തുടങ്ങിയ പുരാതന നാഗരിക സംസ്കാരങ്ങളിൽ എല്ലാം തന്നെ പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന വസ്തുതകളായ ശുചിത്വം, കുടിവെള്ളം, മലിനജല നിർമ്മാർജനം തുടങ്ങിയവ പ്രാമുഖ്യം നേടിയിരുന്നു എന്നതും, പുരാതന പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങൾ, പ്രത്യേകിച്ച് ഭാരതത്തിൽ ആയുർവ്വേദം പോലെ പ്രാചീന ആരോഗ്യ സംരക്ഷണ സമ്പ്രദായങ്ങൾ, വ്യക്തികൾക്കുപരി സമൂഹനന്മയിലൂന്നിയ ഇടപെടലുകൾ നടത്തിയിരുന്നതായുള്ള ചരിത്രം നമ്മുടെ പൊതുജനാരോഗ്യപാരമ്പര്യത്തിന്റെ നേർസാക്ഷ്യങ്ങൾ കൂടിയാണ്. എല്ലാ സംസ്കാരങ്ങളിലും പരമ്പരാഗത ചികിത്സകൾ കേവലം വ്യക്ത്യാധിഷ്ഠിതം മാത്രമായിരുന്നില്ല എന്ന വസ്തുത ഓർക്കേണ്ടതുണ്ട്.

ഇതിനുശേഷം മധ്യ കാലഘട്ടം എത്തുമ്പോഴേയ്ക്കും രോഗങ്ങളെ കുറിച്ചുള്ള പരിമിതമായ അറിവുകൾ മാത്രമുള്ള സമൂഹങ്ങളിലേയ്ക്ക് പ്ലേഗ്, വിഷൂചിക പോലെയുള്ള മഹാമാരികൾ മരണം വിതച്ചപ്പോൾ അമ്പരന്നുനിന്ന മനുഷ്യരാശിയുടെ നിസ്സഹായതയും പിന്നീടുള്ള പൊതുജനാരോഗ്യ പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും കാരണമായി എന്നതും ഓർക്കേണ്ടതുണ്ട്.

വ്യാവസായിക വിപ്ലവത്തിന് ശേഷമുള്ള നഗരങ്ങളുടെ ആവിർഭാവവും, ജനങ്ങൾ തിങ്ങി പാർക്കുന്ന രീതിയുമൊക്കെ പുതിയ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങൾ കാണാനുള്ള അഭിനിവേശവും ഒരു പുതിയ തലത്തിൽ എത്തിച്ചു. കുടിവെള്ളം, മാലിന്യനിർമാർജനം എന്നിവയൊക്കെ പൊതു ചുമതലകളിൽ വരുന്നവയാണെന്ന അവബോധം കൂടി ഈ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞുവന്നു. ഇതോടൊപ്പം രോഗാണു ജന്യമായ രോഗങ്ങളെ കുറിച്ചുള്ള അറിവും, അവ പരിമിതമാണെങ്കിൽ കൂടി, ഇവ നേരിടുന്നതിനും തടയുന്നതിനുമുള്ള മാർഗങ്ങളെ കറിച്ചുള്ള ആഴത്തിലുള്ള ചിന്തയുമൊക്കെ ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്. നഗരങ്ങളിലെ തിരക്ക് നിയന്ത്രിക്കൽ, ശുചീകരണ സംവിധാനങ്ങളുടെ വിന്യാസം, ശുദ്ധജല വിതരണ, മലിനജലനിർമാർജന സംവിധാനങ്ങൾ, എന്നിവയൊക്കെ വ്യക്തിയിൽനിന്ന് മാറി ഒരു പൊതു സംവിധാനത്തിന്റെ ഭാഗമാകേണ്ടതുണ്ട് എന്ന തിരിച്ചറിവ് കൂടി ഈ കാലഘട്ടത്തിന്റെ പ്രത്യേക സവിശേഷതയായി കാണാം.

ഒരു പരിധി വരെ ആധുനിക പൊതുജനാരോഗ്യത്തിന്റെ തുടക്കം ഈ കാലഘട്ടത്തിലാണ് സംഭവിച്ചത് എന്ന് കാണാം. പിന്നീടുണ്ടായ ശാസ്ത്രീയ മുന്നേറ്റങ്ങളിൽ രോഗാണു സിദ്ധാന്തവും ആന്റി മൈക്കോട്ടിക് മരുന്നുകളുടെയും വാക്സിനേഷൻ തിയറിയുടെയും ആവിർഭാവവും ഒക്കെ ഇങ്ങനെ ഉരുത്തിരിഞ്ഞു വന്ന പൊതുജനാരോഗ്യ മുന്നേറ്റങ്ങളാണ്. ഇരുപതാം നൂറ്റാണ്ട് ആകുന്നതോടെ പൊതുജനാരോഗ്യരംഗത്ത് വൻ കുതിച്ചു ചാട്ടം തന്നെയുണ്ടായി.

ലോകാരോഗ്യസംഘടന എന്ന പ്രസ്‌ഥാനത്തിന്റെ തുടക്കം- വളർച്ച, അത് ലോകരാഷ്ട്രങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങളിൽ ചെലുത്തുന്ന സ്വാധീനം, മാതൃ ശിശു സംരക്ഷണ പ്രവർത്തനങ്ങളിലുണ്ടായ ഗുണപരമായ മാറ്റങ്ങൾ, പകർച്ചവ്യാധികളെ കുറിച്ചുള്ള അറിവുകൾ, അവ തടയുന്നതിന് അവലംബിക്കുന്ന മാർഗങ്ങൾ, പകർച്ചേതരവ്യാധികളായ ജീവിതശൈലീ രോഗങ്ങളും അവയുടെ നിയന്ത്രണവും ചികിത്സയും, പാർശ്വവത്കരിക്കപ്പെട്ടുപോയ ജനവിഭാഗങ്ങളെ കുറിച്ചുള്ള കരുതൽ, അവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ, മാനസികാരോഗ്യ രംഗത്തുണ്ടായ വിസ്ഫോടകങ്ങളായ അറിവുകൾ, ഈ മേഖലയിലുണ്ടായ കുതിച്ചുചാട്ടം, പുതുതായി അവതരിക്കുന്ന രോഗങ്ങൾ, പഴയതും നിർമാർജനം ചെയ്യപ്പെട്ടു എന്ന് കരുതിയവയുമായ രോഗങ്ങളുടെ തിരിച്ചുവരവ്, യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലമുള്ള പുത്തൻ പ്രശ്നങ്ങൾ എന്നിങ്ങനെ ഈ കഴിഞ്ഞ നൂറ്റാണ്ടുകണ്ട ഒരായിരം പുതിയ സംഭവ വികാസങ്ങൾ അവയുടേതായ പ്രത്യേകതകളോടെ കേരളം എന്ന ചെറിയ പ്രദേശത്തെയും അതിന്റെ ആരോഗ്യ സൂചികകളെയും ആരോഗ്യ പ്രവർത്തനങ്ങളെയുമൊക്കെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന കാഴ്ചയും നാം കണ്ടതാണ്.

സാമൂഹികാരോഗ്യത്തിലൂന്നിയ പൊതുജനാരോഗ്യ ചിന്താഗതിയിൽ നിന്നുയർന്ന്, ഗ്ലോബൽ ഹെൽത്ത് അഥവാ ലോകാരോഗ്യം എന്ന കാഴ്ചപ്പാടിലേക്കും അതിനുശേഷം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും, നമുക്കു​ചുറ്റുമുള്ള പക്ഷിമൃഗാദികളും സസ്യലതാദികളും ഒക്കെ അടങ്ങുന്ന പരിസ്ഥിതി ഉൾപ്പെടെയുള്ള ഘടകങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുന്നു എന്ന അവബോധവും അതിലുപരി പരസ്പരപൂരകമായ നിലനിൽപ്പിന്റെ തത്വം വിളിച്ചു പറയുന്ന "വൺ ഹെൽത്ത്" അഥവാ "ഏകാരോഗ്യം" എന്ന അടിസ്ഥാനതത്വത്തിലേക്കും നാം എത്തിനിൽക്കുന്നു. ഈ ഭൂഗോളത്തിൽ തന്നെ ജീവന്റെയും ജീവികളുടെയും നിലനിൽപ്പിന് പരസ്പര പൂരകങ്ങളായി ജീവിക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുന്ന അവസ്ഥയിലേയ്ക്ക് പൊതുജനാരോഗ്യ ചിന്താഗതികൾ ഉയർന്നുവന്നിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ഒരു മൂലയിലുള്ള വളരെ ചെറിയ ഭൂപ്രദേശമായ കേരളം എന്ന സംസ്ഥാനത്ത് പൊതുജനാരോഗ്യ ചിന്താഗതികളും പ്രവർത്തനങ്ങളും ഈ പോയ കാലഘട്ടത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് പ്രസക്തമാകുന്നത്.

കേരളമെന്ന ‘തുരുത്ത്’

ഭാരത ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭൂപ്രദേശമായ കേരളം ആരോഗ്യസേവന രംഗത്തെ ഒരു അനുപമമാതൃകയായാണ് ലോകമെങ്ങും ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിലെ
ആരോഗ്യ നേട്ടങ്ങൾ,
രാജഭരണത്തിനുകീഴിലെ
ഉദാത്ത മാതൃകകൾ

സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ തന്നെ ഈ ചെറിയ ഭൂപ്രദേശം അതിന്റെ നേട്ടങ്ങൾ ലോകത്തിന്റെ ആരോഗ്യ ഭൂപടത്തിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു. രാജഭരണകാലത്തുതന്നെ തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഒരു വശത്തും അന്നത്തെ മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായ മലബാർ പ്രദേശം മറ്റൊരു ഭാഗത്തുമായി ഭാവിയിൽ കേരളമെന്ന ഒറ്റ പ്രദേശമാകാൻ പോകുന്ന ഈ പ്രദേശങ്ങൾ സവിശേഷങ്ങളായ ആരോഗ്യ വികാസങ്ങൾക്കു സഖ്യം വഹിച്ചിരുന്നു.

മറ്റു പലയിടങ്ങളിലും നിരവധി ദശകങ്ങൾക്കു ശേഷം മാത്രം സംഭവിക്കാൻ പോകുന്ന ആരോഗ്യ സംവിധാനങ്ങളുടെ അടിസ്ഥാന രൂപങ്ങൾ ഈ ചെറിയ പ്രദേശത്തു അന്നേ നിലവിൽ വന്നു കഴിഞ്ഞിരുന്നു. സർക്കാർ ആശുപത്രികൾ ആയാലും, രോഗ പ്രതിരോധ പരിപാടികൾ ആയാലും അവയൊക്കെ മാതൃകാപരമായി ഈ പ്രദേശത്ത് അന്ന് തന്നെ നിലവിൽ വന്നിരുന്നു. രാജ്യത്തിലെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രവും, ഭരിക്കുന്ന രാജാവ് തന്നെ മാതൃകയായി രാജകുടുംബത്തിലെ അംഗങ്ങൾക്ക് രോഗ പ്രതിരോധ വാക്സിനുകൾ നൽകിയ സംരംഭം ലോകത്തെ മറ്റേതെങ്കിലും പ്രദേശത്തു സംഭവിച്ചിട്ടുണ്ടോ എന്നത് സംശയകരമാണ്.

സ്വാതന്ത്ര്യലബ്ധിക്ക് വളരെ മുൻപ് അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപതിയും റോയൽ കോളേജിന്റെ പരിശീലനകേന്ദ്രമായി അംഗീകരിക്കപ്പെട്ട ജനറൽ ആശുപ്രത്രിയുമൊക്കെ നിലവിൽ വരാനുണ്ടായ സാഹചര്യം അന്നത്തെ രാജാക്കന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും അത് വഴി ഇംഗ്ലീഷ് ചികിത്സയെയും ഇരുകയ്യും നീട്ടി സ്വീകരിച്ചത് കാരണമായിരുന്നു. ഭാവിയിൽ ഉരുത്തിരിഞ്ഞുവരാൻ പോകുന്ന ത്രിതല ആരോഗ്യ സംവിധാനങ്ങളുടെ കരട് രൂപം ഈ കാലഘട്ടത്തിൽ തന്നെ നിലവിൽ വന്നു എന്നും കാണാം.

മിഷൻ ആശുപത്രികളും
പകർച്ചവ്യാധി പ്രതിരോധവും

ഇതേ കാലയളവിൽ രൂപം കൊള്ളുകയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഒരു വലിയ കാലയളവുവരെ ആരോഗ്യത്തെ മേഖലയിലെ അനിവാര്യസാന്നിധ്യമായി മാറുകയും ചെയ്ത മിഷൻ ആശുപത്രികളുടെ സംഭാവനകൾ പിൽക്കാലത്തു വാഴ്ത്തപ്പെട്ട "കേരളാ ആരോഗ്യ മാതൃക" വാർത്തെടുക്കുന്നതിൽ നിസ്സീമമായ പങ്ക് വഹിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ആശുപത്രികൾ കളം നിറഞ്ഞാടുന്ന ആധുനിക കാലഘട്ടം വരെ ഇവ പിടിച്ചുനിൽക്കുകയും ‘കുറഞ്ഞ ചെലവിൽ മുന്തിയ ആരോഗ്യം’ എന്ന നേട്ടം കൈവരിക്കുന്നതിന് മികച്ച സഹായം നൽകുകയും ചെയ്തു.

രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യമെന്ന ‘ആൽമ അറ്റ’ പ്രഖ്യാപനത്തിനു ശേഷം അത് നടപ്പാക്കി കിട്ടാനുള്ള ഏറ്റവും യുക്തമായ മാർഗമായി ‘പ്രാഥമികാരോഗ്യ സങ്കൽപം’ മാറിയപ്പോൾ, ഭാരതത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളുപരി വളരെ നന്നായി വിന്യസിക്കപ്പെട്ട പ്രാഥമികാരോഗ്യസ്ഥാപനങ്ങൾ ഉയർന്നുവന്നത് കേരളത്തിലായിരുന്നു. ഉപ കേന്ദ്രങ്ങൾ മുതൽ അന്നത്തെ ബ്ലോക്ക് പ്രാഥമിരോഗ്യ കേന്ദ്രങ്ങൾ വരെ വിന്യസിക്കപ്പെട്ട ഒരു "പ്രാഥമികാരോഗ്യ സംവിധാനവും" അതിനു മുകളിലായി ദ്വിതീയ, തൃതീയ തലങ്ങളിൽ വിന്യസിക്കപ്പെട്ട ചികിത്സാസംവിധാനങ്ങളൂം, മെഡിക്കൽ വിദ്യാഭ്യാസത്തിനും ഉന്നത ചികിത്സക്കുമായി ഉരുത്തിരിഞ്ഞുവന്ന മെഡിക്കൽ കോളേജുകളുമൊക്കെ ഈ ചെറിയ പ്രദേശത്തിന്റെ ആരോഗ്യ ചരിത്രം വേറിട്ടതാക്കി.

ആരോഗ്യത്തിലെ കേരള മാതൃക

കുറഞ്ഞ ചെലവിൽ മുന്തിയ ആരോഗ്യമെന്ന് ലോകമാകെ പ്രകീർത്തിക്കുന്ന കേരള ആരോഗ്യ മാതൃക ഉരുത്തിരിഞ്ഞുവരുന്നതിൽ "നിയതമായ ആരോഗ്യമേഖല"യ്ക്ക് പുറത്തുള്ള അസംഖ്യം ഘടകങ്ങൾ സംഭാവന ചെയ്യുന്നത് നാം കണ്ടതാണ്. ഉയർന്ന സാക്ഷരത, പ്രത്യേകിച്ച് ഉയർന്ന സ്ത്രീ സാക്ഷരത, കാർഷിക മേഖലയിലും സംഘടിത തൊഴിൽ മേഖലകളിലുമുണ്ടായ മുന്നേറ്റങ്ങൾ, മികച്ച പൊതുവിതരണ സമ്പ്രദായം വഴി ഉറപ്പു വരുത്തപ്പെടുന്ന ഭക്ഷ്യസുരക്ഷ, തൊഴിലാളി പ്രസ്ഥാനങ്ങൾ വഴി നേടിയെടുത്ത തൊഴിൽ സുരക്ഷ, സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ നവോഥാന നായകന്മാർ, എല്ലാത്തിനുമുപരി മാറിമാറി വരുന്ന സർക്കാരുകൾ- എല്ലാം കൊടിയുടെ നിറത്തിനും വിശ്വാസ പ്രമംഗങ്ങൾക്കും അതീതമായി ആരോഗ്യമേഖലയ്ക്കു നൽകിയിട്ടുള്ള പ്രാമുഖ്യം ഈ അപൂർവനേട്ടങ്ങൾക്കു നിദാനമായിട്ടുണ്ട്.

ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, ശരാശരി ആയുർ ദൈർഘ്യം തുടങ്ങി വിവിധ ആരോഗ്യ സൂചികകളിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്കു സമമായ നേട്ടങ്ങൾ അവർ ചികിത്സക്കായി ചെലവിടുന്നതിന്റെ വളരെ ചെറിയ ഒരംശം കൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞതിന്റെ രഹസ്യം, ഇന്നും പടിഞ്ഞാറൻ നാടുകൾക്ക് അന്യമായി തന്നെ തുടരുന്നു. കുടുംബക്ഷേമമെന്ന ആശയവും അതിനായി എടുത്ത നടപടികളും, സാർവത്രിക രോഗപ്രതിരോധപ്രവർത്തനങ്ങളുമെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യമുന്നേറ്റത്തിന് നൽകിയ സംഭാവന ചെറുതല്ല.

നിയതമായ ആരോഗ്യ സംവിധാനങ്ങൾക്കുതാഴെ വിന്യസിക്കപ്പെട്ട അംഗൻവാടി പ്രവർത്തകരും, ആശാ പ്രവർത്തകരുമൊക്കെ ഈ സംരംഭങ്ങളിൽ അണിചേർന്നതോടൊപ്പം പൊതുരംഗത്ത് ഉരുത്തിരിഞ്ഞുവന്ന സ്വയം സംരംഭകരും സഹകാരികളുമായ കുടുംബശ്രീ പ്രവർത്തകരും സഹകരണമേഖലയുമെല്ലാം ഈ നേട്ടങ്ങൾക്ക് പ്രധാന കാരണങ്ങളായി എന്നു കാണാം. കേരളത്തിൽ വളരെ മുന്നേ നിലനിന്നിരുന്ന ‘സാമൂഹ്യനീതി’യും പുരോഗമന ചിന്താഗതിയും കൂടി സമ്മാനിച്ച സാമൂഹ്യ പ്രവർത്തനനിരത ( social activism) ഇത്തരം മുന്നേറ്റങ്ങൾക്ക് നിദാനമായി എന്നതിൽ സംശയമില്ല.

മാറിമറിയുന്ന പൊതുജനാരോഗ്യ വിദ്യാഭ്യാസം

ഇങ്ങനെ മാറിമറിയുന്ന പൊതുജനാരോഗ്യ മുന്നേറ്റങ്ങൾക്കിടയിൽ ലോകത്തെയും, ഭാരതത്തിലെയും, വിശിഷ്യാ, കേരളത്തിലെയും പൊതുജനാരോഗ്യ വിദ്യാഭ്യാസമേഖലകളിലുണ്ടായ മുന്നേറ്റങ്ങൾ കൂടി ഓർമിക്കേണ്ടതുണ്ട്. ഒരു കാലത്ത് ശുദ്ധജലം, പരിസര ശുചിത്വം, രോഗപ്രതിരോധം എന്നിവയെ കുറിച്ചു മാത്രം സംസാരിച്ചിരുന്ന പൊതുജനാരോഗ്യം പുതിയ ചിന്താസരണികളിലേക്കും പ്രവർത്തന ദിശകളിലേയ്ക്കും വഴി മാറി. ചികിത്സകരും പൊതുജനാരോഗ്യ പ്രവർത്തകരുമെന്ന ദ്വന്ദ്വസങ്കല്പം പൊളിച്ചെഴുതപ്പെടുകയും ചികിത്സകരായവർ തന്നെ പൊതുജനാരോഗ്യം പഠിച്ച് സൂപ്പർ സ്പെഷ്യാലിറ്റിയുടെ മാനം നൽകി. MD, DM തുടങ്ങിയ ഉയർന്ന ക്ലിനിക്കൽ യോഗ്യതയുള്ള ഡോക്ടർമാർ ആധുനിക പൊതുജനാരോഗ്യം പഠിക്കുകയും MPH എന്ന സാർവദേശീയ ബിരുദം തങ്ങളുടെ പേരിനോടൊപ്പം ചേർക്കുന്നതിൽ അഭിമാനിക്കുകയും ചെയ്തു. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും ജോൺസ് ഹോപ്കിൻസ് സര്‍വ്വ കലാശാലയിലൊക്കെ MPH പഠനപരിപാടികൾ നടത്തുന്നതിൽ മത്സരിച്ചു മുന്നോട്ട് വന്നു.

ആരോഗ്യ ധനതത്വശാസ്ത്രം (Health Economics), ആരോഗ്യ നയപഠനം (ഹെൽത്ത് പോളിസി), അന്താരാഷ്ട്ര നയരൂപീകരണവും ആരോഗ്യ പ്രവർത്തനങ്ങളും, ബയോ എത്തിക്സ്, ജൻഡർ സ്റ്റഡീസ് എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെയും സാമൂഹ്യ വികാസത്തിന്റെയും എല്ലാ മേഖലകളെയും സ്പർശിക്കുന്ന തരത്തിൽ പൊതുജനാരോഗ്യ വിദ്യാഭ്യാസം പടർന്നുപന്തലിക്കുകയും, അതിന്റെ ഭാഗമായ മാറ്റങ്ങൾ ഭാരതത്തിലും കേരളത്തിലും ഉണ്ടാവുകയും ചെയ്തിരിക്കുന്നു. കേവലം ഏതെങ്കിലും ഒരു മേഖലയിൽ ഒതുങ്ങാതെ ആരോഗ്യ സേവനങ്ങളുടെയും സംവിധാനങ്ങളുടേയുമെല്ലാം ഭാഗമായി വർത്തിക്കുകയും അവയുടെ ഒക്കെ അമരത്തിരുന്നു നയിക്കുകയും ചെയ്യുന്ന ഒന്നായി പബ്ലിക് ഹെൽത്ത് ദ്രുതഗതിയിൽ അവസ്ഥാന്തരം നേടുന്ന ഒരു ലോക വ്യവസ്ഥിതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്.

READ : രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments