ആരോഗ്യമന്ത്രിയുടെയും വനിതാ കമ്മീഷന്റെയും പൊടിപോലുമില്ല; ഹർഷിന വീണ്ടും തെരുവിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ച ഗുരുതര ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷത്തോളം കഴിയേണ്ടി വന്ന ഹർഷിന വീണ്ടും സമരവുമായി തെരുവിലിറങ്ങുകയാണ്. നീതി നിഷേധത്തിന്റെ 2630 ദിനങ്ങൾ പിന്നിടുമ്പോഴും ആരോഗ്യമന്ത്രിയോ വനിതാ കമ്മീഷനോ വാഗ്ദാനം ചെയ്ത ഉറപ്പുകൾ പാലിക്കാൻ തയ്യാറായിട്ടില്ലെന്ന് ഹർഷിന പറയുന്നു.

“ഇത്രയും വലിയൊരു നീതിനിഷേധം നടന്നിട്ട് സംസാരത്തിൽ മാത്രം നീതി ഉറപ്പ് പറയുകയും പ്രവൃത്തിയിൽ നമ്മളെ ശത്രുവായിട്ടും കാണുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് ഇറങ്ങേണ്ടി വരുന്നത്. നീതി ലഭിക്കണം, ഇനി ഒരാൾക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാവാൻ പാടില്ല. അർഹമായ നഷ്ടപരിഹാരവും ഇത് ചെയ്തവർക്കെതിരെയുള്ള നിയമനടപടിയും മാത്രമാണ് ആവശ്യപ്പെടുന്നത്. അത് പോലും ചെയ്യാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. അത്രയേറെ പ്രതീക്ഷയിലാണ് നീതി തേടി ഇറങ്ങിയത്. ഒരു കത്രിക വയറിൽ നിന്ന് എടുത്തതിനേക്കാൾ വലിയ എന്ത് തെളിവാണ് ഇനി വേണ്ടത്. അത്രയും വലിയൊരു ചികിത്സാ പിഴവ് അവിടെ നടന്നുവെന്ന് ഉറപ്പാണ്. എല്ലാ തെളിവുകളോടും കൂടി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നിട്ട് അതിൽ വിചാരണ നടത്താനോ ഒന്നും സാധിച്ചിട്ടില്ല. ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വിചാരണ നീങ്ങി നീങ്ങി പോവുകയാണ്. ഇനി എന്തായാലും മരണം വരെ പോരാടുമെന്ന് ഉറപ്പിച്ചതാണ്. എവിടെ നിന്നാണോ നീതി ലഭിക്കുന്നത് അവിടെ വരെ പോകും. ഇനി ഒരാൾക്കും ഇങ്ങനെയൊരു ഗതികേട് ഉണ്ടാവരുത്.വയറിൽ നിന്ന് കത്രിക കണ്ടെത്തിയിട്ട് മൂന്ന് വർഷമാവാറായി. അതിന് മുമ്പ് അഞ്ചു വർഷം കാരണമറിയാതെ എല്ലാ വേദനയും പ്രയാസവും സഹിച്ചു. ഇത്രയും വലിയൊരു അനീതി സംഭിച്ചിട്ട് നീതി നടപ്പിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സർക്കാർ സംവിധാനങ്ങൾ? മരിക്കാറാവുമ്പോൾ നീതി കിട്ടിയിട്ട് കാര്യമില്ലല്ലോ. വൈകുന്ന നീതിയും അനീതിയല്ലേ?”

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷക്കാലം വേദന സഹിച്ച്, അതിന് ശേഷം സർക്കാർ സംവിധാനം മുഴുവൻ എതിരാവുകയും നീതി തേടി തെരുവിൽ സമരം ചെയ്യേണ്ടി വരികയും ചെയ്ത ഹർഷിനയുടെ വാക്കുകളാണിത്. 104 ദിവസമാണ് അവർ നീതിക്കായി തെരുവിൽ സമരം ചെയ്തത്. തുടർന്ന് പോലീസ് കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് 104 ദിവസത്തെ സമരം അവസാനിച്ചത്. കുറ്റപത്രം സമർപ്പിച്ചിട്ടും നീതി അകലെയായതോടെ ഹർഷിന വീണ്ടും തെരുവിലേക്കിറങ്ങുകയാണ്. ബ്യൂറോക്രസിയും ആരോഗ്യ സുരക്ഷാ സംവിധാനമൊന്നാകെയും എതിരെ നിന്നപ്പോഴും ഭരണകൂടം അവഗണിച്ചപ്പോഴും ഹർഷിന നീതി തേടി പോരാട്ടത്തിൽ തന്നെയാണ്. മരണം വരെ നീതി തേടിയുള്ള ഈ പോരാട്ടം തുടരുമെന്നാണ് ഹർഷിനയുടെ പ്രഖ്യാപനം.

2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടർമാർ ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ചത്. പ്രസവത്തിനു ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയറിൽ നിന്നും അസഹ്യമായ വേദന അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തു. എന്നാൽ എത്ര ചികിത്സിച്ചിട്ടും വേദനയുടെ കാരണം കണ്ടെത്താൻ പറ്റാതാവുകയും കാരണമറിയാത്ത വേദനയ്ക്ക് പല ഡോക്ടർമാരെ കണ്ട് പല ആശുപത്രികൾ കയറിയിറങ്ങി പല മരുന്നുകൾ കഴിച്ച് ഹർഷിന 1736 ദിവസം ഡോക്ടർമാർ വയറ്റിൽ മറന്നുവെച്ച കത്രികയുമായി മരണതുല്യമായ ജീവിതം നയിച്ചു. 2017 നവംബർ 30ന് വയറ്റിൽ അകപ്പെട്ട കത്രിക പുറത്തെടുക്കുന്നത് 2022 സെപ്തംബർ 15-നാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നടന്ന ശസ്ത്രക്രിയയിലാണ് കത്രിക നീക്കം ചെയ്തത്. 2021-ൽ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ദ പരിശോധനയിലാണ് വയറ്റിൽ അഞ്ച് നീളത്തിൽ ഒരു കത്രിക (ആർട്ടറി ഫോർസെപ്സ്) ഉണ്ടെന്ന് കണ്ടെത്തുന്നത്. 2017 മുതൽ 2022 വരെ അഞ്ച് വർഷം ചികിത്സക്കായി ആശുപത്രികൾ കയറിയിറങ്ങി ലക്ഷങ്ങളാണ് ചെലവായത്. കുടുംബത്തിന്റെ വരുമാന മാർഗമായിരുന്ന ബിസിനസ് തകരുകയും ലക്ഷങ്ങൾ ചെലവാക്കുകയും ചെയ്തു.

മെഡിക്കൽ കോളേജിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്ന ഹർഷിന
മെഡിക്കൽ കോളേജിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്ന ഹർഷിന

ആശുപത്രിയിൽ നിന്ന് സംഭവിച്ച ചികിത്സാപിഴവിനെതിരെ സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും കത്തയച്ചു. എന്നാൽ തുടക്കം മുതൽ കത്രിക മറ്റെവിടെ നിന്നെങ്കിലും മറന്നുവെച്ചതാകാമെന്ന നിലപാടാണ് മെഡിക്കൽ കോളജ് അധികൃതർ സ്വീകരിച്ചത്. തുടർന്ന് ഹർഷീന, മക്കളുമായി തനിക്കെതിരെ നിൽക്കുന്ന ആരോഗ്യമേഖലക്കെതിരെയും ആരോഗ്യവകുപ്പ് നിയന്ത്രിക്കുന്ന സർക്കാർ സംവിധാനത്തിനെതിരെയും തെരുവിൽ സമരം ചെയ്യുകയായിരുന്നു. സർക്കാർ സംവിധാനം മുഴുവൻ എതിരെ നിന്നപ്പോഴും തകർക്കാൻ ശ്രമിച്ചപ്പോഴും പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഒരു സ്ത്രീ നടത്തിയ മനുഷ്യാവകാശ പോരാട്ടം തന്നെയായിരുന്നു അത്.

Read: ഹർഷിന എന്ന സ്ത്രീയെ
‘ആരോഗ്യ മോഡൽ’ കൈകാര്യം ചെയ്ത വിധം

104 ദിവസം മെഡിക്കൽ കോളജിലും രണ്ടു ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും സമരം ചെയ്തു. തന്റെ വയറ്റിൽ കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുക തുടങ്ങിയ ഹർഷിനയുടെ ആവശ്യങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. സമരത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് നേരിട്ടെത്തി ഹർഷിനയ്ക്ക് നീതി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

104 ദിവസം മെഡിക്കൽ കോളജിലും രണ്ടു ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും സമരം ചെയ്തു. തന്റെ വയറ്റിൽ കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുക തുടങ്ങിയ ഹർഷിനയുടെ ആവശ്യങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.

കത്രിക കുടുങ്ങിയത് മറ്റേതെങ്കിലും ആശുപത്രിയിൽ നിന്നാകാമെന്ന കോഴിക്കോട് മെഡിക്കൽ കോളജിന്റെ വാദം തള്ളുന്നതായിരുന്നു 2017-ലെ പ്രസവശസ്ത്രക്രിയക്ക് മുമ്പ് 2017 ജനുവരി 27ന് കൊല്ലത്ത് വെച്ച് അവർ നടത്തിയ എം.ആർ.ഐ സ്കാനിങ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയിരുന്നില്ല എന്നത് പോലീസ് അന്വേഷണത്തിൽ നിർണായകമായി. ഒടുവിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണെന്ന് കണ്ടെത്തി. ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുന്ദമംഗലം കോടതിയിൽ കുറ്റപത്രവും നൽകി. ഡോ. സി.കെ. രമേശൻ, ഡോ. എം. ഷഹന, മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാരായ എം.രഹ്ന, കെ.ജി. മഞ്ജു എന്നിവരായിരുന്നു പ്രതികൾ. എന്നാൽ കുറ്റപത്രത്തിൻ മേൽ 2024 ജൂലൈ 20 ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നെങ്കിലും പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. സമരം ചെയ്ത് നേടിയെടുത്ത വിജയപ്രതീക്ഷ നഷ്ടമായതോടെ ഹർഷിന വീണ്ടും സമരത്തിനിറങ്ങാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. തങ്ങളുടെ വാദം കേൾക്കാതെയാണ് വിചാരണ സ്റ്റേ ചെയ്തതെന്ന് ഹർഷിന ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

“ആരോഗ്യമന്ത്രി അടക്കം ഇടപെട്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടും അതിലൊന്നും ഒരു പുരോഗതിയും കാണാത്തപ്പോഴാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൊടുത്ത് അന്വേഷണം ആരംഭിച്ചത്. നീതി നിഷേധിക്കുന്നു എന്ന് മനസിലായപ്പോഴാണ് ആദ്യ ഘട്ടത്തിൽ സമരവുമായി മുന്നോട്ട് വന്നത്. അങ്ങനെ 104 ദിവസത്തോളം അന്ന് സമരം ചെയ്തു. അതിന്റെ ഫലമായിട്ടാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയതും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതും. റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. റിപ്പോർട്ട് സമർപ്പിച്ചാൽ ഉടനെ ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പൊടി പോലും പിന്നെ കണ്ടിട്ടില്ല. പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വാക്കാലെ പറയുന്നതല്ലാതെ നീതി കിട്ടിയിട്ടില്ല. കുറ്റപത്രം സമർപ്പിച്ചതോടെ കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം വരും എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് പ്രതികളായ ഡോക്ടർമാർ ഹൈക്കോടതിയിൽ പോയി വിചാരണയ്ക്ക് സ്റ്റേ വാങ്ങിയത്. കുന്ദമംഗലം കോടതിയിൽ 2024 ജൂലൈ 20-ന് വിചാരണ തുടങ്ങേണ്ടതായിരുന്നു. അതിന്റെ തൊട്ട് മുമ്പായിട്ടാണ് ഞങ്ങളുടെ വാദം പോലും കേൾക്കാൻ തയ്യാറാകാതെ വിചാരണക്ക് സ്റ്റേ നേടിയത്. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ പോലും എന്റെ ഭാഗത്ത് നിൽക്കുകയോ എനിക്ക് വേണ്ടി വാദിക്കുകയോ ചെയ്തിട്ടില്ല. വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ല. നമ്മുടെ വാദം കേട്ടാൽ മാത്രമേ സ്റ്റേ ഒഴിവായി കിട്ടുകയുള്ളൂ. അതിന്റെ ലിസറ്റ് വന്നിട്ടുപോലുമില്ല. സർക്കാർ പ്രോസിക്യൂഷന്റെ പവറാണിത്. അവര് നമ്മളുമായി ഇത് വരെ സംസാരിച്ചിട്ട് പോലുമില്ല. ഹൈക്കോടതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകുന്നില്ല. കോടതി കയറിയെങ്ങാനും വക്കീലിനെ വെച്ച് കേസ് നടത്താനൊന്നുമുള്ള അവസ്ഥയിലല്ല ഇപ്പോഴുള്ളത്. സർക്കാർ എല്ലാ വിധത്തിലും ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ എല്ലാം കൊണ്ടും നമുക്ക് എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. എന്തു കൊണ്ടാണ് ഇത്രയും വലിയൊരു അവഗണന കാണിക്കുന്നതെന്ന് മനസിലാകുന്നില്ല.” - ഹർഷിന പറഞ്ഞു.

നീതി തേടി തെരുവിൽ സമരം ചെയ്യുന്ന ഹർഷിന
നീതി തേടി തെരുവിൽ സമരം ചെയ്യുന്ന ഹർഷിന

കുറ്റപത്രം സമർപ്പിച്ചിട്ടും കുറ്റവാളികളെ കണ്ടെത്തിയിട്ടും ഹർഷിനയ്ക്ക് ഇപ്പോഴും നീതി അകലെയാണ്. ആരോഗ്യവകുപ്പും ഭരണകൂടസംവിധാനങ്ങളും ഡോക്ടർമാരുടെ സംഘടനയുമെല്ലാം എതിരെ നിന്നപ്പോഴും ഒരു സ്ത്രീ പോരാടി നേടിയ വിജയമായിരുന്നു ഈ കുറ്റപത്രം. എന്നാൽ ഹർഷിനയുടെ പ്രതിസന്ധികൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല. സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് അടിച്ചമർത്താൻ ശ്രമിച്ചവർക്ക് മുന്നിൽ പതറാതെ മുന്നോട്ട് പോകാനാണ് ഹർഷിനയുടെ തീരുമാനം. ഏറ്റവുമൊടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പോലും ഹർഷിനക്കെതിരെയും സമരത്തിനെതിരെയും തിരിഞ്ഞു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞത്. വീട്ടിൽ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്തുവെങ്കിലും ഹർഷിന അത് നിരസിച്ചുവെന്ന് സതിദേവി പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ വനിതാ കമ്മീഷൻ സൗജന്യ നിയമസഹായവും പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ കൂടെയുണ്ടെന്ന് പറയുന്ന സർക്കാരും സഹായം പ്രഖ്യാപിച്ച വനിതാ കമ്മീഷനുമെല്ലാം തന്നെ ശത്രുവായാണ് കാണുന്നതെന്ന് ഹർഷിന ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

Read: ‘നീതി കിട്ടാതെ വീട്ടിലേക്കില്ല എന്ന്
ഒരു സ്ത്രീ തീരുമാനിച്ചതിന്റെ റിസൽട്ടാണ്
ആ പൊലീസ് കുറ്റപത്രം’

“കൂടെയുണ്ടെന്ന് പറയുമ്പോഴും ഞങ്ങളെ സർക്കാർ ശത്രുവായിട്ടാണ് കാണുന്നത്. നീതിക്ക് വേണ്ടിയുള്ള സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ് അവരിപ്പോൾ. വനിതാ കമ്മീഷൻ അധ്യക്ഷ പോലും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഹർഷിനയ്ക്ക് തെരുവിലിരുന്ന് സമരം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് പറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടിട്ടും ഇത്രയും ഗുരുതരമായ വീഴ്ചയായിട്ടും നീതിക്ക് വേണ്ടി കൂടെ നിൽക്കാൻ ഒരു വനിതാ കമ്മീഷനെയും കണ്ടിട്ടില്ല. അവരെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയല്ലാതെ ഞങ്ങൾക്ക് സഹായം ചെയ്യാൻ പ്രത്യക്ഷത്തിൽ ആരെയും കണ്ടിട്ടില്ല.” - ഹർഷിന പറഞ്ഞു.

മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്ന മനുഷ്യർക്ക് ഒപ്പം നിൽക്കേണ്ട സർക്കാർ സംവിധാനം ഇരകളെ ശത്രുപക്ഷത്ത് നിർത്തി വേട്ടയാടുകയാണ് ചെയ്യുന്നത്. സർക്കാർ സംവിധാനത്തിലെ അനാസ്ഥ പ്രകടമാകുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ ഇരകൾക്കൊപ്പമുണ്ടെന്ന് വരുത്തിതീർത്ത് മറുഭാഗത്ത് ആ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് അവഗണിക്കുന്ന രീതിയാണ് നാളിത് വരെ ഹർഷിന നേരിട്ടത്. സമരത്തിനിടെ രണ്ട് ലക്ഷം രൂപയാണ് സർക്കാർ ഹർഷിനയ്ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നത്. 2017 മുതൽ ആശുപത്രി കയറിയിറങ്ങി ഉള്ള വരുമാനം നിലച്ച, ചികിത്സക്കായി ലക്ഷങ്ങൾ ചെലവാക്കിയ ഹർഷിനയെ സംബന്ധിച്ച് തുച്ഛമായ ഈ തുക സ്വീകാര്യമായിരുന്നില്ല. അത് കൊണ്ട് തന്നെ അവർ അത് നിരസിക്കുകയും ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ നാളിതുവരെ ഹർഷിനക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനായിട്ടില്ല. നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും സമരത്തിന് പോയെന്ന തരത്തിൽ അവരെ അപമാനിക്കുന്ന വനിതാ കമ്മീഷൻ അധ്യക്ഷയടക്കം കേവലം രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് കൈകഴുകാൻ ശ്രമിച്ച സർക്കാരിനെ തിരുത്താനോ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ല. ഹർഷിനയ്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചുവല്ലോ, അതിനാൽ എന്തിനാണ് ഇനിയും സമരമെന്ന് ചോദിച്ച് സമരത്തെയും ഹർഷിനയെന്ന സ്ത്രീയെയും അവഗണിക്കുകയും അപമാനിക്കുകയുമാണ് വനിതാകമ്മീഷനടക്കം ചെയ്തത്.

“നഷ്ടപരിഹാരമായി അവർ നൽകാമെന്ന് പറഞ്ഞത് രണ്ട് ലക്ഷം രൂപയാണ്. ലക്ഷങ്ങൾ ചികിത്സയ്ക്ക് മാത്രം ചെലവാക്കിയിട്ടുണ്ട്. ഇത്രയും പ്രയാസം സഹിക്കുകയും ചെയ്തു. ഇപ്പോഴും എന്റെ ശാരീരികാവസ്ഥ വളരെ മോശമായി തന്നെ തുടരുകയാണ്. സാമ്പത്തികമായും വല്ലാതെ തളർന്നു. എല്ലാം കൊണ്ടും തകർന്ന ഒരവസ്ഥയിൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഒരിക്കലും പര്യാപ്തമല്ല. കൂടുതൽ നഷ്ടപരിഹാരം ചോദിച്ചിട്ടും അതിന് മറുപടി തരാനോ സംസാരിക്കാനോ ഒന്നും തയ്യാറാകാതെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് ഞങ്ങളെ ശത്രുക്കളാക്കി നിർത്തുന്നതാണ് സർക്കാരിന്റെ നിലപാട്. അതിനെതിരെ പ്രതിഷേധവുമായാണ് നാളെ വീണ്ടും തെരുവിലേക്കിറങ്ങുന്നത്. മാധ്യമങ്ങളുടെ മുന്നിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം ഹർഷിനയോടൊപ്പമാണ്. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്നാണ് അവർ എപ്പോഴും പറയുന്നത്. അവർക്ക് ചെയ്യാൻ കഴിയുന്ന കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ നമ്മളെ വീണ്ടും വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നത്. ഒരു സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇത് സംഭവിച്ചത്. അത് കൊണ്ട് പ്രതികളെ രക്ഷിക്കുക എന്ന് മാത്രമാണ് സർക്കാർ ചെയ്യുന്നത്. അല്ലാതെ നമ്മുടെ ദുരിതം കാണുകയെന്നതല്ല അവരുടെ ഉദ്ദേശമെന്ന് ഇപ്പോൾ മനസിലായി.” അവർ പറഞ്ഞു.

തന്റെ 26ാം വയസിൽ തുടങ്ങിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടം 33ാം വയസിലും ഹർഷിന തുടരുകയാണ്. ശരീരവും മനസും തളർന്നെങ്കിലും തനിക്കും തന്നെ പോലെ നീതി നിഷേധിക്കപ്പെടുന്നവർക്കുമായി മരണം വരെ തെരുവിൽ യുദ്ധം ചെയ്യാനാണ് ഹർഷിനയുടെ തീരുമാനം.

2017 നവംബർ 30ന് ശേഷം ഇപ്പോൾ 2630 ദിവസമായി. ഹർഷിന ഇപ്പോഴും വേദന കടിച്ചമർത്തി തന്നെയാണ് ജീവിക്കുന്നത്. തുടരുന്ന നീതിനിഷേധവും മാറാത്ത വേദനയും അവരെ മാനസികമായും തളർത്തിയിട്ടുണ്ട്. അവർ നേരിട്ട അല്ലെങ്കിൽ ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്ന ദുരിതം കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ സാധാരണ പൗരനോട് കാണിക്കുന്ന അനീതിയും ആരോഗ്യരംഗത്ത് മാറ്റമില്ലാതെ തുടരുന്ന അനാസ്ഥകളുമാണ് തുറന്നുകാട്ടുന്നത്. തന്റെ 26ാം വയസിൽ തുടങ്ങിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടം 33ാം വയസിലും ഹർഷിന തുടരുകയാണ്. ശരീരവും മനസും തളർന്നെങ്കിലും തനിക്കും തന്നെ പോലെ നീതി നിഷേധിക്കപ്പെടുന്നവർക്കുമായി മരണം വരെ തെരുവിൽ യുദ്ധം ചെയ്യാനാണ് ഹർഷിനയുടെ തീരുമാനം.

Watch: അഞ്ചുവര്‍ഷം കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷീന ഇനിയുമെത്ര അനീതിക്കിരയാകണം

“വീട്ടിലെ ചെറിയ എന്തെങ്കിലും ജോലി ചെയ്താൽ പോലും ശരീരം മുഴുവൻ തളർന്നു പോകും. പനി പിടിച്ചത് പോലെ ഞാൻ കിടന്ന് പോകും. എനിക്ക് 33 വയസ്സായതേയുള്ളൂ. 26 -ാം വയസിലാണ് ഇത് സംഭവിക്കുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല ഒരു കാലഘട്ടമാണ് നഷ്ടമായത്. ജീവിതം തന്നെ താറുമാറായി. ഇനി മരണം വരെ വേദനയും അതോടൊപ്പം തുടർചികിത്സകളും കൂടെയുണ്ടാവും. തുടർ ചികിത്സക്കുള്ള സഹായം ചെയ്യാൻ പോലും ഇത് വരെ സർക്കാർ തയ്യാറായിട്ടില്ല. മാനസികമായി വല്ലാതെ തകർന്ന അവസ്ഥയിലാണ് ഞാനിപ്പോഴും കടന്നു പോകുന്നത്. മൂന്ന് ചെറിയ മക്കളാണ്. മൂത്ത മകൾ ആറാം ക്ലാസിലെത്തിയതേയുള്ളൂ. എന്റെ സ്വന്തം കാര്യം പോലും മര്യാദക്ക് നോക്കാൻ പറ്റാത്ത ഞാനെങ്ങനെയാണ് മക്കളെ നോക്കുക? ” ഹർഷിന ചോദിക്കുന്നു.

കത്രിക വയറ്റിൽ പേറി 1736 ദിവസങ്ങൾ

1992 ജനുവരി 20-ന് തോട്ടം തൊഴിലാളി കുടുംബത്തിൽ ജനിച്ച ഹർഷിന വിവാഹശേഷം പങ്കാളിയായ അഷ്റഫിനൊപ്പം പന്തീരങ്കാവ് മണക്കാട്ടെ വീട്ടിലേക്ക് താമസം മാറ്റി. 2012 നവംബർ23 ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഹർഷിന പെൺകുഞ്ഞിന് ജന്മം നൽകി. 2016 മാർച്ച് 16 ന് രണ്ടാമത്തെ പെൺകുഞ്ഞും ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മൂന്നാമത്തെ സിസേറിയൻ. രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങൾ തമ്മിൽ 20 മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയറിൽ അസഹ്യമായ വേദന തുടങ്ങി. പരസഹായമില്ലാതെ അനങ്ങാൻ പറ്റാതായി. വയറിലാണോ കാലിലാണോ നടുവിനാണോ കൂടുതൽ വേദന എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. കുഞ്ഞിന് പാലു കൊടുക്കാൻ ഒന്നനങ്ങിയാൽ പുളഞ്ഞു പോകുന്ന വേദന. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് അന്ന് തുടങ്ങിയ ഓട്ടമാണ്. പലവട്ടം ഡോക്ടർമാരെ കണ്ടു, മരുന്നുകൾ കഴിച്ചു, വേദന കുറഞ്ഞില്ല. സിസേറിയനെ തുടർന്ന് വയറ്റിലെ തുന്നൽ ഉണങ്ങാത്തതുകൊണ്ടാകാം വേദന എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് മൂത്രത്തിലെ കല്ലാണെന്നു കരുതി ചികിത്സിക്കുന്നതിനിടെ സ്‌കാനിങ് നിർദേശിക്കപ്പെട്ടു. 2021-ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വയറ്റിൽ അഞ്ച് ഇഞ്ച് നീളത്തിൽ ഒരു ആർട്ടറി ഫോർസെപ്സ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 2022 സപ്തംബർ 15ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്തു. 1736 ദിവസങ്ങളാണ് കത്രികയും വയറ്റിൽപേറി ഹർഷിന ജീവിക്കാതെ ജീവിച്ചുതീർത്തത്.

11 ദിവസത്തെ ഐ സി യു ജീവിതം കഴിഞ്ഞിറങ്ങിയ ഹർഷിനക്ക് അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ വീണ്ടും രൂക്ഷമായി. കത്രിക താഴോട്ടിറങ്ങി മൂത്രസഞ്ചിക്ക് കേടു പറ്റിയിരുന്നു. അരയ്ക്കുതാഴെ മരവിപ്പും ബാധിച്ചു. കുറച്ചു സമയം നിൽക്കുമ്പോഴേക്കും അസ്വസ്ഥത തുടങ്ങും. ജീവിതം പൂർണമായും കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് താൻ നേരിട്ട അനീതിക്കെതിരെ തെരുവിലിറങ്ങാൻ അവർ തീരുമാനിച്ചത്. സ്വന്തം കൈപ്പടയിൽ പരാതി എഴുതി ആശുപത്രി സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും അയച്ചു. കൊടും വേദനയുമായി അഞ്ചു വർഷം താനും കുടുംബവും അനുഭവിച്ച സമാനതകളില്ലാത്ത ദുരിതത്തിന് സമാധാനം പറയണം, കുറ്റക്കാരെ ശിക്ഷിക്കണം, നഷ്ടപരിഹാരം വേണം എന്നിവയായിരുന്നു ആവശ്യങ്ങൾ.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു ഹർഷിനയുടെ പരാതി. എന്നാൽ, ഇത് മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചുകൊണ്ടിരുന്നു. മറ്റേതെങ്കിലും ആശുപത്രിയിൽനിന്നാകാം കത്രിക കുടുങ്ങിയത് എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. അന്വേഷണത്തിന് മൂന്ന് കമ്മിറ്റികൾ വന്നു. കത്രികയുടെ കാലപ്പഴക്കം നിർണയിക്കാൻ പരിശോധന നടത്തി.

ഒടുവിൽ, ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്രിക വയറ്റിൽ കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്നുതന്നെയാണെന്ന് കണ്ടെത്തി. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുന്ദമംഗലം കോടതിയിൽകുറ്റപത്രം നൽകി. ഡോ. സി.കെ. രമേശൻ, ഡോ. എം. ഷഹന, മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരായിരുന്നു പ്രതികൾ. ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരായിരുന്നു ഇവർ. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം പ്രതി ചേർക്കപ്പെട്ട കേസിൽ ഐ പി സി 338 പ്രകാരം രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഹർഷീനയ്ക്ക് സർക്കാർ വാഗ്ദാനം ചെയ്ത സഹായം ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ഹർഷീന നേരിട്ട പീഡനത്തിന് മനുഷ്യാവകാശത്തിലൂന്നിയുള്ള പരിഹാരമായിട്ടില്ല.

Comments