ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

ഇന്ത്യയിൽ പ്രതിവർഷം 2500 പേരെങ്കിലും മിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്. കേരളത്തിലെ ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഓരോ വർഷവും ശരാശരി ഇരുപതു തവണ മിന്നലേൽക്കുന്നുണ്ട്. ഒട്ടും ചെലവില്ലാത്ത പോംവഴികളിലൂടെ മിന്നലേറ്റുള്ള മരണങ്ങൾ ഒഴിവാക്കാം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രാജീവ് ജയദേവൻ എഴുതിയ ലേഖനം.

ടുത്തിടെ മലപ്പുറത്തെ കുന്നിൻമുകളിൽവെച്ച് നാല് യുവാക്കൾ ഒരേദിവസം ഇടിമിന്നലേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണ് എല്ലാവരും വായിച്ചത്. ഇടിമിന്നൽ ശാസ്ത്രലോകത്തെ എന്നും അമ്പരപ്പിച്ചിട്ടുള്ള അത്ഭുതകരവും ഭയാനകവുമായ പ്രതിഭാസമാണ്. അതുമൂലമുള്ള മരണങ്ങൾ തടയണമെങ്കിൽ ശാസ്ത്രീയ സമീപനം ആവശ്യമാണ്.

ഇന്ത്യയിൽ പ്രതിവർഷം 2500 പേരെങ്കിലും മിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്. മിന്നൽ ആകാശത്തുണ്ടെങ്കിലും നിലത്തുതൊടുന്നത് അപൂർവമാണ് എന്നു കരുതുന്ന പലരും നമുക്കു ചുറ്റുമുണ്ട്. വാസ്തവത്തിൽ കേരളത്തിലെ ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഓരോ വർഷവും ശരാശരി ഇരുപതു തവണ മിന്നലേൽക്കുന്നു എന്ന് കണക്കുകൾ. മഴക്കാലത്ത് ഈ സാധ്യത കൂടുന്നു. കുന്നിൻമുകൾ, കെട്ടിടങ്ങളുടെ ടെറസ്, ഉയരമുള്ള മരങ്ങൾ മുതലായവ ഈ സാദ്ധ്യത പതിന്മടങ്ങാകുന്നു.

മഴ കൂടാതെയും മിന്നൽ ഉണ്ടാകാറുണ്ട്. കാരണം, ആകാശത്ത് വളരെ ഉയരത്തിൽ നിൽക്കുന്ന മേഘങ്ങളിൽ വൈദ്യുത ചാർജ് കൂടുമ്പോഴാണ് മിന്നൽപ്പിണറുണ്ടാകുന്നത്. അത് അനേകം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഭൂമിയിൽ പതിക്കുന്നത്- ചിലപ്പോൾ അത് ആകാശത്തുതന്നെ മേഘങ്ങൾക്കിടയിൽ ആകാനും മതി. എല്ലാ മേഘവും മഴ പെയ്യിക്കുന്നില്ല. അതിനാൽ മിന്നൽ ഉണ്ടാകണമെങ്കിൽ മഴ നിർബന്ധമില്ല.

ഇന്നുവരെ മനുഷ്യന് പിടിച്ചുകെട്ടാൻ സാധ്യമാകാത്ത ഊർജ്ജസ്രോതസ്സാണ് ഇടിമിന്നൽ. അതിൽനിന്നുള്ള ഭീമമായ വൈദ്യുതിപ്രവാഹം എവിടെയെങ്കിലും സംഭരിച്ചുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നൂറ്റാണ്ടുകളായി പല ശാസ്ത്രജ്ഞരും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സാങ്കേതികവിദ്യ ഇന്നും കണ്ടെത്താനായിട്ടില്ല.

മിന്നലേറ്റുള്ള മരണങ്ങൾ നമ്മുടെ രാജ്യത്ത് സംഭവിക്കുന്നതുപോലെ ഒരു കാലത്ത് അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിലും സാധാരണമായിരുന്നു. എന്നാൽ എളുപ്പവും പ്രവർത്തികവുമായ ചില ബോധവൽക്കരണ പരിപാടികൾകൊണ്ട് മിന്നലേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. ഇനിയെങ്കിലും നമ്മുടെ രാജ്യത്തും ഒട്ടും ചെലവില്ലാത്തതായ ഇത്തരം പോംവഴികൾ വ്യാപകമായി നടപ്പാക്കേണ്ടതുണ്ട്. ക്രമമായി ആവർത്തിച്ചുള്ള പരിപാടികൾ കൊണ്ടു മാത്രമേ ഇതു സാദ്ധ്യമാവൂ. ഇതിന് മാധ്യമ ങ്ങൾ പ്രധാന പങ്കു വഹിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഇതാണ്:
“When thunder roars, go indoors”

“ഇടിമുഴക്കം കേട്ടുതുടങ്ങിയാൽ ഉടൻ അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ അഭയം തേടുക. ഇടിയുടെ ശബ്ദം നിലച്ച് അര മണിക്കൂർ കഴിഞ്ഞു മാത്രം പുറത്തിറങ്ങുക.”

ആദ്യമായി കേൾക്കുന്നവർക്ക് വിചിത്രമായി തോന്നാമെങ്കിലും ഇത് അന്തരാഷ്ട്ര തലത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ള സുരക്ഷാനിർദേശമാണ്. ആദ്യമായി "സീറ്റ് ബെൽറ്റ് ഇടണം" എന്നു പറഞ്ഞപ്പോഴും "ഹെൽമെറ്റ് ധരിക്കണം" എന്നു കേട്ടപ്പോഴും, ‘എന്തിനാണ് ഇതൊക്കെ, ഇതൊന്നും പ്രവർത്തികമല്ല’ മുതലായ പ്രതികരണങ്ങൾ പതിവായിരുന്നു എന്നും ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്. പുതിയ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിശ്വാസക്കുറവും എതിർപ്പും ശാസ്ത്രലോകത്തിന് പുതുമയല്ല.

ഇടിമുഴക്കം (thunder)
എങ്ങനെ ഉണ്ടാകുന്നു?

മിന്നൽപ്പിണർ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ചൂട് മൂലം വായു അതിവേഗം വികസിച്ച് ചുറ്റുമുള്ള വായുവിൽ ഇടിച്ച് ശക്തമായ ഷോക്ക് വേവ് സൃഷ്ടിക്കുന്നു. അപ്പോഴുണ്ടാകുന്ന ഉഗ്രശബ്ദമാണ് ഇടിമുഴക്കം. ശബ്ദത്തിന്റെ വേഗത വെളിച്ചത്തേക്കാൾ കുറവായതിനാൽ വളരെ ദൂരെ ഉണ്ടാകുന്ന മിന്നലിന്റെ ശബ്ദം ഏറെക്കഴിഞ്ഞാണ് നമുക്കു കേൾക്കാനാകുന്നത്. തൊട്ടടുത്താണ് മിന്നലുണ്ടായതെങ്കിൽ മിന്നിയാൽ ഉടൻ ശബ്ദവും കേൾക്കാം. അത്തരം സാഹചര്യങ്ങളിൽ അപകടസാധ്യത കൂടുതലാണ് എന്നു പറയേണ്ടതില്ലല്ലോ.

​ഹൃദയം നിലച്ചുപോയുള്ള മരണം:
കാർഡിയാക് അറസ്റ്റ്

മിന്നലിലെ വൈദ്യുതി ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സർക്യൂട്ടിൽ പ്രവേശിച്ച് ഹൃദയസ്‌തംഭനം ഉണ്ടാകുന്നതാണ് മിന്നലേറ്റുള്ള മരണങ്ങളുടെ പ്രധാന കാരണം. മിന്നലേറ്റ ഉടൻ ഡിഫിബ്രിലേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ സി.പി.ആർ (CPR) നൽകുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ​നാഡീതകരാറുകൾക്കും, ചർമ്മത്തിൽ പൊള്ളലേൽക്കാനും, പെട്ടെന്ന് തെറിച്ചുവീണ് പരിക്കു പറ്റാനും ഒടിവുകൾ (bone fracture) ഉണ്ടാകാനും സാധ്യതയുണ്ട്.

മിന്നലേറ്റ ഉടൻ ഡിഫിബ്രിലേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ സി.പി.ആർ (CPR) നൽകുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
മിന്നലേറ്റ ഉടൻ ഡിഫിബ്രിലേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ സി.പി.ആർ (CPR) നൽകുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.

​മിന്നലിൽനിന്ന് രക്ഷപ്പെടാൻ
ചില നിർദ്ദേശങ്ങൾ

1. ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. മിന്നൽപ്പിണർ എന്നാൽ ഒരു കൂറ്റൻ ഇലക്ട്രിക് സ്പാർക് ഭൂമിയിലേക്ക് ആകർഷിക്കപ്പെടുകയാണ്. സ്വാഭാവികമായും ഏറ്റവും ഉയരമുള്ള പോയിന്റിലേക്കാണ് ഇതാദ്യം എത്തുക. അങ്ങനെയാവുമ്പോൾ തുറസ്സായ സ്ഥലത്ത് നിൽക്കുന്ന ഒരാൾക്ക് മിന്നലേൽക്കാനിടയുണ്ട്.

​2. ഇടിമിന്നലുള്ളപ്പോൾ യാതൊരു കാരണവശാലും മരച്ചുവട്ടിൽപോയി നിൽക്കരുത്. ഉയരമുള്ള മരങ്ങൾ മിന്നലിനെ ആകർഷിക്കും. നിരവധി മരണങ്ങൾ ഇതുമൂലം നടന്നിട്ടുണ്ട്.

3.ഇടിമുഴക്കമുള്ള സമയത്ത് കുന്നിൻമുകളിലോ വീടിന്റെ ടെറസ്സിലോ നിൽക്കുന്നത് അപകടകരമാണ്. കഴുകി ഉണക്കാനിട്ട തുണി മഴയ്ക്കു മുൻപ് പെട്ടെന്ന് ഓടിച്ചെന്ന് എടുക്കാം എന്നു കരുതി ടെറസിലോ മുറ്റത്തോ പോയവർക്ക് മിന്നലേറ്റ് അപകടമുണ്ടായ കഥകൾ ധാരാളം.

​4. പ്രത്യേകിച്ച് മഴക്കാലത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രം ട്രെക്കിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ നടത്തുന്ന ജനത്തിരക്കുള്ള പരിപാടികൾ, ബോട്ടിംഗ് മുതലായവ പ്ലാൻ ചെയ്യുക. മനുഷ്യന്റെ താൽക്കാലിക സൗകര്യം മാത്രം മുൻനിർത്തി പ്രകൃതിയെ വെല്ലുവിളിക്കാതിരിക്കുക.

​5. ലോഹവേലികൾ, ഇരുമ്പു പൈപ്പുകൾ, ലാൻഡ് ഫോൺ ലൈനുകൾ എന്നിവയിലൂടെ മിന്നലിലെ വൈദ്യുതി കടന്നു വരാം. ഇത്തരം വസ്തുക്കളിൽ തൊടുന്നത് ഒഴിവാക്കുക.

​​6. മിന്നൽ ഏൽക്കാൻ സാധ്യതയുള്ള തുറസ്സായ ഇടത്ത് അപ്രതീക്ഷിതമായി ഒരു കൂട്ടം ആളുകൾ പെട്ടുപോയാൽ ഒരുമിച്ചു നിൽക്കാതെ ഓരോരുത്തരും പരമാവധി (100 അടി എങ്കിലും) അകലത്തിൽ നിൽക്കുക. ഇപ്രകാരം അകലം പാലിച്ചാൽ അഥവാ ഒരാൾക്ക് മിന്നലേറ്റാൽ പോലും വൈദ്യുതി നിലത്തുകൂടി മറ്റുള്ളവരിലേക്കു പടരുന്നതു തടയും. മാത്രമല്ല, മറ്റുള്ളവർക്ക് മിന്നലേറ്റയാളെ രക്ഷിക്കാനുള്ള അവസരവും ലഭിക്കും. കൂട്ടംകൂടിനിന്നാൽ എല്ലാവർക്കും ഒരേസമയം അപകടം സംഭവിക്കാം. ഇടിമിന്നലുള്ളപ്പോൾ കന്നുകാലികളും വന്യമൃഗങ്ങളും മറ്റും ചിലപ്പോൾ കൂട്ടത്തോടെ മരണപ്പെടുന്നത് ഇതുമൂലമാണ്.

​7. മിന്നലേറ്റ ആൾ അബോധാവസ്ഥയിലായാൽ ഒട്ടും വൈകാതെ സി പി ആർ (CPR) നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്യുക.

​8. പൊതുവെ കരുതപ്പെടുന്നതുപോലെ ലോഹം കൊണ്ട് നിർമ്മിച്ച വാച്ച്, വള, മാല ഇതൊന്നും മിന്നലിനെ ആകർഷിക്കുകയില്ല. അതിനാൽ മിന്നലുള്ളപ്പോൾ ശരീരത്തിലുള്ള ലോഹ ആഭരണങ്ങളോ വാച്ചുകളോ ഊരിവയ്‌ക്കേണ്ട കാര്യവുമില്ല. വളരെ ഉയരത്തിൽനിന്നുവരുന്ന ഒന്നായ മിന്നലിന് ഇതൊന്നും പ്രശ്‌നമല്ല. മിന്നലേൽക്കുമ്പോഴുള്ള പൊള്ളലുകൾ കുറയ്ക്കാൻ ആഭരണങ്ങൾ ഒഴിവാക്കുന്നതു സഹായിച്ചേക്കാം എന്നുമാത്രം.

9. ഫാരഡെ കേജ് എഫക്ട്:
​ഇടിയും മിന്നലുമുള്ളപ്പോൾ കാറിലിരിക്കുന്നത് സുരക്ഷിതമാണ്. ഇതിനുകാരണം ഫാരഡേ കേജ് എഫക്ട് (Faraday Cage Effect) എന്ന പ്രതിഭാസമാണ്. വാഹനത്തിനു പുറമെയുള്ള മികച്ച വൈദ്യുതി കണ്ടക്ടറായ ലോഹഭാഗങ്ങൾ മിന്നലേറ്റുവാങ്ങി ഉള്ളിലിരിക്കുന്നവരെ സംരക്ഷിക്കുന്നു. പക്ഷേ മിന്നലുള്ളപ്പോൾ കാറിന്റെ ഉള്ളിലിരുന്നുകൊണ്ട് ഡോർ പോലെയുള്ള ലോഹ ഭാഗങ്ങളിൽ സ്പർശിക്കരുത്. കൈ മടിയിൽ വച്ചോ കൈ കെട്ടിയോ (arms crossed) ഇരിക്കാം. ലോഹം കൊണ്ടുള്ള ആവരണം നമുക്കു ചുറ്റുമുള്ളതിനാൽ ബസ്, വാൻ ഇവയും സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവ സുരക്ഷിതമല്ല. വിമാനത്തിൽ മിന്നലേറ്റാൽ മേൽപ്പറഞ്ഞ ഫാരഡേ കേജ് എഫക്റ്റ് ഉള്ളിലുള്ളവരെ സംരക്ഷിക്കുന്നു.

ഇടിയും മിന്നലുമുള്ളപ്പോൾ കാറിലിരിക്കുന്നത് സുരക്ഷിതമാണ്. ഇതിനുകാരണം ഫാരഡേ കേജ് എഫക്ട് എന്ന പ്രതിഭാസമാണ്.
ഇടിയും മിന്നലുമുള്ളപ്പോൾ കാറിലിരിക്കുന്നത് സുരക്ഷിതമാണ്. ഇതിനുകാരണം ഫാരഡേ കേജ് എഫക്ട് എന്ന പ്രതിഭാസമാണ്.

10. കോൺക്രീറ്റ് കൊണ്ടു നിർമിച്ച വീട്, കെട്ടിടം ഇവയാണ് ഏറ്റവും സുരക്ഷിതം. മിന്നലുള്ളപ്പോൾ ജനലുകളിൽ നിന്നും ഭിത്തിയിൽ നിന്നും അകന്നു വീടിന്റെ മധ്യഭാഗത്ത് ഇരിക്കുക. എന്നാൽ ബസ് വെയ്റ്റിങ് ഷെഡ്ഡുകൾ, കടവരാന്തകൾ, തുറസ്സായ സ്ഥലത്ത് ക്യാമ്പിങ്ങിനായി പിച്ച് ചെയ്‌ത ടെന്റുകൾ, പന്തലുകൾ എന്നിവ സുരക്ഷിതമല്ല. ചുരുക്കിപ്പറഞ്ഞാൽ, മഴയിൽനിന്ന് നമുക്കു സംരക്ഷണം നൽകുന്ന എല്ലാ കാര്യങ്ങളും ഇടിമിന്നലിൽനിന്ന് സംരക്ഷിക്കുന്നില്ല. ഏകദേശം ഒരുമിച്ചാണ് ഉണ്ടാകുന്നതെങ്കിലും ഇടിമിന്നലും മഴയും തീർത്തും വ്യത്യസ്തമായ രണ്ടു പ്രതിഭാസങ്ങളായി കാണുക.

​11. ​മഴ തോർന്ന ശേഷവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇടിമുഴക്കം അവസാനിച്ചാലും 30 മിനിറ്റ് കഴിഞ്ഞ് മാത്രം പുറത്തിറങ്ങുക.

​12. മിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കരുത്. അതുപോലെ, മൊബൈൽ ഫോണുകൾ കേബിൾ ഘടിപ്പിച്ച് ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കരുത്. എന്നാൽ ചാർജിങ് പോയിന്റിൽ നിന്നു മാറ്റിയുള്ള മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാണ്.

​13. മിന്നലുള്ളപ്പോൾ ടി.വി, കമ്പ്യൂട്ടർ തുടങ്ങിയ വിലപിടിപ്പുള്ള വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ് ഊരിവയ്ക്കുക. സ്വിച്ച് ഓഫ് ചെയ്താൽ മാത്രം പോരാ. കാരണം, സ്വിച്ച് ഓഫാണെങ്കിൽ പോലും പുറത്തുള്ള ഇലക്ട്രിക് പോസ്റ്റിലേറ്റ മിന്നൽ, ലോഹനിർമ്മിതമായ വയറുകളിലൂടെ സ്വിച്ചിനെ അനായാസം മറികടന്ന് ഉപകരണങ്ങൾ കേടുവരുത്താനിടയുണ്ട്.

​14. മിന്നലുള്ളപ്പോൾ ഇസ്തിരിയിടരുത്. കാരണം, പ്ലഗ് ചെയ്തുവച്ചിരിക്കുന്ന തേപ്പുപെട്ടിയുടെ വയർ വഴി വൈദ്യുതതരംഗം ഉപയോഗിക്കുന്നവരിലേക്കെത്താം.

​15. ഇടിമിന്നലുള്ള സമയത്ത് പൈപ്പിൽനിന്ന് തുടർച്ചയായി വീഴുന്ന വെള്ളത്തിൽ (flowing water) കുളിക്കുന്നതും പാത്രം കഴുകുന്നതും കൈ കഴുകുന്നതും ഒഴിവാക്കുക. ഒഴുക്കുവെള്ളം നല്ല വൈദ്യുതചാലകമായതിനാൽ സമീപത്തു മിന്നലുണ്ടായാൽ മണ്ണിനടിയിൽ സ്ഥിതി ചെയ്യുന്ന പൈപ്പ് വഴി വൈദ്യുതി വീട്ടിലേയ്ക്ക് പ്രവേശിച്ചു നമുക്കു ഷോക്കടിക്കാൻ സാധ്യതയുണ്ട്.​

​15. കുളത്തിലോ പുഴയിലോ നീന്തുകയാണെങ്കിൽ മിന്നൽ കണ്ടാൽ ഉടൻ കരയ്ക്ക് കയറണം. സ്വിമ്മിങ് പൂളുകളിൽ നീന്തുന്നതും സുരക്ഷിതമല്ല. ഇടിമുഴക്കം നിന്നാലും 30 മിനിറ്റു കൂടി കഴിയാതെ പൂളിലേക്കോ വെള്ളത്തിലേക്കോ ഇറങ്ങരുത്.

ചുരുക്കം:

മിന്നലേറ്റുള്ള അപകടങ്ങൾ മിക്കവാറും സംഭവിക്കുന്നത് നമ്മൾ പുറത്തായിരിക്കുമ്പോ ഴാണ്. അതിനാൽ ഇടിമിന്നൽ സൂചനയുള്ളപ്പോൾ വീടിനുള്ളിൽ അല്ലെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ ഇരിക്കുന്നതാണ് ഏറ്റവും ഉചിതം. ലളിതമായ ഈ മുൻകരുതൽ വ്യാപകമായി നടപ്പാക്കിയതോടെ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ മിന്നലേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

READ: കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

ആർത്തവം,
ആർത്തവ അവധി; ലിംഗനീതിയെക്കുറിച്ച്
ചില രാഷ്ട്രീയ ചോദ്യങ്ങൾ

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments