അദ്ഭുത മാന്ത്രികരുടെ
സംഗീതം

‘‘എന്റെ മക്കൾ പഠിക്കാൻ മിടുക്കരായിട്ടും ഞാനവരെ ഡോക്ടറാകാൻ പ്രേരിപ്പിച്ചില്ല. ഡോക്ടർമാരെ ഉണ്ടാക്കുകയല്ല, അവർ സ്വയം ഉണ്ടാകുകയാണു വേണ്ടതെന്ന ബോധ്യം എനിക്കുണ്ട്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ​രേഖ കെ., ജീവിതത്തിലെ പ്രിയപ്പെട്ട ഡോക്ടർമാരെക്കുറിച്ച് എഴുതിയ അനുഭവക്കുറിപ്പ്.

‘മൃഗവൈദ്യന് വരഹൃദയജ്ഞാനം പോരാ, പരഹൃദയജ്ഞാനം വേണം’ എന്ന് ‘പരിണാമം’ എന്ന നോവലിൽ എം.പി. നാരായണപിള്ള പറഞ്ഞിട്ടുണ്ട്. ശരിയാണത്. ഹൃദയം കൊത്തിനുറുക്കി ശരിപ്പെടുത്തിയാൽ തീരുന്നതല്ല, ഡോക്ടറുടെ ഉത്തരവാദിത്തം. ആ ഹൃദയത്തിനുള്ളിലെ മനുഷ്യമിടിപ്പുകൾ തൊട്ടറിയുമ്പോഴാണ് ഒരു നല്ല ഡോക്ടർ ജനിക്കുന്നത്. വാസ്തവത്തിൽ അങ്ങനെ എത്രയോ പേരുടെ കൈകളിലൂടെ കടന്നുപോന്നിട്ടാണ് നമ്മുടെയൊക്കെ ജീവിതം ഇതുവരെ എത്തിനിൽക്കുന്നത്.

നല്ല ഡോക്ടറെ നോക്കി ‘നിങ്ങളെന്റെ ദൈവമാണെന്ന്’ മനസ്സുകൊണ്ടെങ്കിലും പറയാത്ത മനുഷ്യരുണ്ടാകില്ല. ഞാനുമങ്ങനെ പറഞ്ഞിട്ടുണ്ട്, പല തവണ.

എന്റെ ജന്മം തന്നെ ഒരു ഡോക്ടറുടെ ദയവാണ്, കാരുണ്യമാണ്. വാർധക്യത്തോടടുക്കുന്ന സമയത്ത് എന്റെ മാതാപിതാക്കൾക്ക് സ്നേഹാന്ധതയിൽ സംഭവിച്ച ഒരു ചെറിയ അബദ്ധമായിരുന്നു. ആ പ്രായത്തിൽ കുഞ്ഞുങ്ങളുണ്ടാകില്ലെന്ന മുൻവിധി തകർന്നു. ശാസ്ത്രം തോറ്റു, മനുഷ്യൻ ജയിച്ചു.

മൂത്ത മകൻ കോളജ് വിദ്യാർത്ഥി. നാലു മക്കളുള്ളപ്പോൾ അഞ്ചാമതൊരു കുട്ടിയുടെ ആവശ്യമില്ല. പോരാത്തതിന് ഭൂസ്വത്തും ജോലിയുമൊക്കെ ഉണ്ടെങ്കിലും കുടുംബം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന കാലം. ക്ഷണിക്കാതെ വന്ന കുഞ്ഞതിഥിയെ ഇല്ലാതാക്കാനാണ് വൃദ്ധദമ്പതികൾ കാട്ടൂർ സർക്കാരാശുപത്രിയിലെ ഡോക്ടറെ കണ്ടത്.

അതിനുമുമ്പ് ചില ‘ലാടൻമാരെ’ കണ്ടു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. കുഞ്ഞുവാവ പറയുന്നത് - ഞാൻ പോവില്ലെന്നാണ്. വൃദ്ധദമ്പതികൾ ഡോക്ടർക്കു മുമ്പിലിരുന്നു കിതച്ചു.

ഡോക്ടർ വിജയശങ്കർ ചിരിച്ചു.
"നമുക്കിത് തുടരാ മെന്നേ...", ഡോക്ടർ നിർബന്ധിച്ചു. മറ്റു മക്കൾക്കു വലിയ നാണക്കേടാകും ഈ ഗർഭം എന്ന അവരുടെ ആശങ്കയും കണ്ണീരുമൊക്കെ പ്രിസ്ക്രിപ്ഷൻ കടലാസുകൊണ്ട് ഡോക്ടർ തൂത്തു. (ലാടൻമാരുടെ ഉപദ്രവം അങ്കുരിക്കാൻ തുടങ്ങിയ കാലം മുതൽ അനുഭവിച്ചു പരിചയസമ്പന്നത നേടിയതല്ലേ എന്ന് പിൽക്കാലത്ത് ജീവിതപരുഷതയോട് പറഞ്ഞ് ഞാൻ സ്വയം ആശ്വസിക്കാറുണ്ട്). ഞാൻ ഭൂമിയിൽ ഉണ്ടാകണം എന്നു തീരുമാനിച്ചത്, മാതാപിതാക്കളല്ല, ഡോ. വിജയശങ്കറായതുകൊണ്ട് - എന്റെ ഓർമയുടെ ഡോക്ടർ വിജയശങ്കറായതുകൊണ്ട് -സ്മരണയുടെ സ്റ്റെതസ്കോപ്പ് വളഞ്ഞുപുളഞ്ഞു ചെല്ലുന്നതും അങ്ങോട്ടു തന്നെ.

വൃദ്ധദമ്പതികളുടെ പ്രായമറിഞ്ഞിട്ടും അവർ നടത്തിയ അലസൽ ശ്രമങ്ങളറിഞ്ഞിട്ടും ഡോക്ടർ എന്താകും, റിസ്കെടുത്ത് ഈ കുഞ്ഞ് ഈ ഭൂമിയിൽ വേണമെന്നു ശഠിച്ചത്? അതും മുൻപത്തെ നാലു പ്രസവങ്ങളും വീട്ടിലെ ‘വയറ്റാട്ടി സെറ്റപ്പിൽ’ നടത്തിയ അധ്യാപികയാണ് മുൻപിലിരിക്കുന്നത്. തമാശ അതല്ല, ഡോ. വിജയശങ്കർ ഗൈനക്കോളജിസ്റ്റ് ഒന്നുമല്ലായിരുന്നു. അന്ന് ആ സർക്കാരാശുപത്രി ഒരു ‘ഏകാധ്യാപക വിദ്യാലയ’മായിരുന്നു. ഹൃദ്രോഗം മുതൽ പ്രസവം വരെ ഒറ്റ മരുന്ന് മാത്രം - ഡോ. വിജയശങ്കർ.

കുഞ്ഞു ജനിച്ചയുടൻ, ഒരു സുന്ദരിമോളാണ് എന്ന് പ്രത്യേകിച്ച് വലിയ സൗന്ദര്യമൊന്നുമില്ലാത്ത എന്റെ ഇരുണ്ട അശുരൂപത്തെ നോക്കി പറയാനും വേണം, നല്ല മനുഷ്യപ്പറ്റ്.

വയറിൽ ഗ്യാസു വന്നു വീർത്തതാണെന്ന് വിദ്യാർത്ഥികളോടും മക്കളോടും പറഞ്ഞതോർത്ത് വേവലാതിപ്പെട്ടുകൊണ്ടിരുന്ന അമ്മയ്ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള കരുത്തും ഡോക്ടർ കൊടുത്തു. പിന്നീട് ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഞാൻ തളർന്നിരിക്കുമ്പോൾ അമ്മ ആശ്വസിപ്പിക്കാൻ പറയുന്ന ക്ലീഷേ ഡയലോഗുണ്ട് - വിജയശങ്കർ ഡോക്ടർ പറഞ്ഞിട്ടുണ്ട്, ഈ സുന്ദരി മോൾ നല്ല മിടുക്കിക്കുട്ടിയാകും, നോക്കിക്കോ എന്ന്. കാര്യം ഡയലോഗ് ക്ലീഷേ ആണെങ്കിലും അതൊരു മോട്ടിവേഷണൽ പിടിവള്ളിയായിരുന്നു.

പിന്നീട് എന്റെ ബാലപീഡകളും രോഗങ്ങളും കൗമാരയാതനകളും തളർച്ചയും സംഘർഷങ്ങളും വരെ ഡോ. വിജയശങ്കർ തന്നെയാണ് ചികിൽസിച്ചത്. ഇരുപതുകളിൽ പഠനത്തിനും ജോലിക്കുമായി കൊച്ചിയിലേക്കും കോട്ടയത്തേക്കും കോഴിക്കോട്ടേയ്ക്കും പറിച്ചുനടും വരെ ഡോക്ടർ തന്നെയായിരുന്നു എന്റെ ഔഷധം.

ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത് ആദ്യ മകൻ ജനിച്ചപ്പോഴാണെന്ന് ഇന്ദിരാഗാന്ധി പറഞ്ഞതായി വായിച്ചിട്ടുണ്ട്. പക്ഷേ കുറെയേറെ വേദനകൾക്കുശേഷം കോഴിക്കോട്ടെ ഡോ. ശേഖരൻ മകനെ കാട്ടിത്തന്നപ്പോൾ സർജറിയുടെ വേദനയിലും മരുന്നുകളുടെ തളർച്ചയിലും എനിക്കതൊരു വേദനയുടെ ഓർമയായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഓർമയല്ല!

‘ആരോഗ്യനികേതന’ത്തിലെ ജീവൻ മശായിയും ഡോ. ഷിവാഗോയുമൊക്കെ വായനയിലൂടെ പ്രിയപ്പെട്ടവരായി മാറിയ ചികിൽസകരാണ്.

മകന് ദീർഘകാലം വിട്ടുമാറാത്ത ചുമ അലട്ടിയ കാലത്ത് കോട്ടയത്തെ ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറുടെ മരുന്നു കഴിച്ച് രോഗം ഭേദപ്പെട്ടു. ആ മരുന്നിന്റെ രുചി മകനും അവനൊപ്പം അതിന്റെ പങ്കുപറ്റുന്ന എനിക്കും പ്രിയപ്പെട്ടതായി. ഒരിക്കൽ ഡോക്ടറോട് ആ മരുന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ പറഞ്ഞു, ആ മരുന്ന് ഇപ്പോൾ ഉണ്ടാക്കാൻ കഴിയുന്നില്ലത്രേ. കാരണം അതിനുവേണ്ട വസ്തുക്കൾ ഇപ്പോൾ കിട്ടുന്നില്ല.

‘എന്താണ് അസംസ്കൃത വസ്തുക്കൾ?", ഞാൻ ചോദിച്ചു.

‘തീരപ്രദേശത്തെ അമ്മമാരുടെ മുലപ്പാലിലാണ് ആ മരുന്ന് ഉണ്ടാക്കുന്നത്, അതിപ്പോൾ വേണ്ടത്ര കിട്ടാനില്ലത്രെ’’, ഡോക്ടർ കൈമലർത്തി.

ഒരു നിമിഷം ഞാനൊന്ന് ഞെട്ടി. എത്ര അമ്മമാരുടെ പാലിന്റെ രുചിയാകും, എന്റെ നാവിൻ തുമ്പിലൂടെ കടന്നുപോയത് (ആ അനുഭവം അടിസ്ഥാനമാക്കി ഞാൻ ഒരു കഥ എഴുതിയിട്ടുണ്ട്: ‘പാലാഴിമഥനം’).

ലോകത്തെ മറ്റൊരു തൊഴിലിനും ഇത്ര കൈപ്പുണ്യം വേണ്ട! മറ്റൊരു തൊഴിലിനും ഇത്ര കാരുണ്യം, നന്മ വേണ്ട! അതൊന്നുമില്ലാത്തവർ ഈ തൊഴിലിനു വരരുത് എന്ന് തോന്നിയിട്ടുണ്ട്. പണം വലിയൊരു ആകർഷണമാകാം. പക്ഷേ തന്റെ മുന്നിൽ വന്നിരിക്കുന്ന ശരീരത്തെ ഒരു ജീവിതമായി കാണാനും അവരുടെ തന്ത്രികളിൽ മീട്ടി സംഗീതാമൃതം ഉണ്ടാക്കാനും കഴിയുന്നവർ മാത്രം അഭ്യസിക്കേണ്ട തൊഴിൽ.

എന്റെ മക്കൾ പഠിക്കാൻ മിടുക്കരായിട്ടും ഞാനവരെ ഡോക്ടറാകാൻ പ്രേരിപ്പിച്ചില്ല. ഡോക്ടർമാരെ ഉണ്ടാക്കുകയല്ല, അവർ സ്വയം ഉണ്ടാകുകയാണു വേണ്ടതെന്ന ബോധ്യം എനിക്കുണ്ട്.

ഡോക്ടർമാർ മജീഷ്യന്മാരാണ്. മനുഷ്യരെ സൃഷ്ടിക്കാനും വാനിഷ് ചെയ്യിക്കാനും കഴിയുന്ന അത്ഭുതമാന്ത്രികർ.

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Rekha K. reflects on the doctors who left a lasting mark on her life in Indian Medical Association Nammude Arogyam.


​രേഖ കെ.

കഥാകാരി. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ. ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി), കന്യകയും പുല്ലിംഗവും, രേഖയുടെ കഥകൾ, വില്ലുവണ്ടി, മനുഷ്യാലയ ചന്ദ്രിക എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments